Tuesday, August 4, 2009

വീണ്ടുമൊരോണക്കാലം.

നന്മയുടെ സ്നേഹത്തിന്റെ സമൃദ്ധിയുടെ ഓണക്കാലം വീണ്ടുമെത്തി.
നാമെല്ലാം പുത്തന്‍ നാളയെ വരവേല്‍ക്കാന്‍ ഓണക്കാലമെത്തി.

"നഷ്ടപ്പെട്ടോരെന്‍ ബാല്യവും യൌവ്വനവും
വാര്‍ദ്ധക്യം കൈയേറുമ്പോള്‍
എന്നിലെ ശൈശവം തിരികെ തരാന്‍ എന്‍ ഓണമെത്തി.
എന്‍ പൊന്നോണമെത്തി..
തുമ്പികള്‍ പാറുന്ന മുറ്റമിന്നെനിക്കന്യം..
ഇന്ദീവരത്തിന്‍ കുളവുമപ്രാപ്യം..
എങ്കിലുമെന്‍ ഹൃത്തില്‍ മാവേലിയെത്തുന്നു..
എന്റെ നഷ്ടസ്വപ്നവും കുട്ടിത്തവും തിരികെ തരാന്‍...."

നഷ്ടപ്പെട്ടത്‌ തിരികെ ലഭിക്കുന്നത്‌ അവര്‍ണ്ണനീയം തന്നെ. എന്നെന്നേക്കുമായി എന്നപ്പോലെ നശിപ്പിക്കപ്പെട്ട ജീവിതം ഇന്ന് ഇവിടെ എത്തിയപ്പോള്‍ കൈമോശം വന്നിരുന്ന എന്നിലെ എന്നെ അക്ഷരങ്ങളായി തിരികെ തന്ന ബ്ലോഗും അതിലെ പച്ചപ്പുള്ള ആലിന്‍തറയും വീണ്ടുമൊരു ഗൃഹാതുരത്വം എന്നില്‍ നിറയ്ക്കുന്നു... ആല്‍ത്തറയിലെ വെടിവട്ടവും ആല്‍മരത്തിലെ കിളികളുടെ കൂജനവും ഇന്നെനിക്കു ലഭ്യം... എന്റെ ജീവനില്‍ പുതിയൊരു ഉണര്‍വ്‌ വന്നിരിക്കുന്നു..

"ആല്‍ത്തറയില്‍ ഞാന്‍ നേടിയ
ചങ്ങാത്തമീ ജീവിത പുണ്യം..
ഞാന്‍ നേടിയ ആര്‍ദ്രത ഈ ജീവിതത്തിന്‍ അമൃത്‌.
എന്തിനീ ജീവിതം എന്നചോദ്യം ഇന്നിവിടെ തീരുന്നു..
നമ്മളൊന്നായി ഈ ഭൂവില്‍ വീണ്ടും മന്നനെ
വരവേല്‍ക്കുന്നു..."

മന്നന്റെ വരവ്‌ നമ്മില്‍ നിറയ്ക്കുന്ന സ്നേഹം, സാഹോദര്യം ഈ ആല്‍ത്തറയിലും നിറയട്ടെ വിളങ്ങട്ടെ, നമ്മളില്‍ വീണ്ടും ആ മന്നന്റെ ഗതകാല പ്രതാപങ്ങള്‍ ഓര്‍മ്മകളായി നിറയട്ടെ, വീണ്ടുമൊരു ഓണത്തെയും നന്മയെയും വരവേല്‍ക്കാം.. അങ്ങനെ ആല്‍ത്തറയില്‍ ഓണമെത്തി... തുമ്പികള്‍ നൃത്തം ചെയ്യുന്ന പൂക്കളം സൌന്ദര്യം ചൊരിയുന്ന ആല്‍ത്തറയില്‍ വീണ്ടും ഓണമെത്തി...

"വരവേല്‍ക്കൂ മന്നനെ,
മാവേലി മന്നനെ...
ഈ ആല്‍ത്തറയില്‍ ..
പോന്നോണനാളില്‍
നമുക്കീ ആല്‍ത്തറയില്‍
തിരുവോണ സദ്യ നല്‍കാം..
ആമോദത്തിന്‍ തിരിനാളം
ഇവിടെ തെളിയിക്കാം.
മന്നനെ വരവേല്‍ക്കാം.."

17 comments:

മാണിക്യം said...

മലയാളി ലോകത്തിന്റെ
ഏതു മൂലയില്‍ ആയിരുന്നാലും മനസ്സില്‍ നുര പൊന്തുന്ന ഗൃഹാതുരത്വം അത് പതിന്മടങ്ങാകുന്ന സമയമാണു ചിങ്ങത്തിലെ തിരുവോണം.

മനസ്സില്‍ പൂക്കളമിട്ട്
കാത്തിരിക്കുന്നു ഓണത്തിനായി...
പ്രവാസിക്ക് ഓണം വാരാന്ത്യത്തിലാണ്.
ഏതു നാട്ടിലിരുന്നലും ഓണം അടുത്താല്‍
മനസ്സ് തുടി കൊട്ടുകയായി.
പൂക്കള്‍ കിട്ടാഞ്ഞപ്പോള്‍ തേങ്ങാപീരയും കല്ലുപ്പും
നിറം കയറ്റി പൂക്കളം ഒരുക്കിയിട്ടുണ്ട്...

ഇന്നി തൊടിയിലാകെ പൂക്കള്‍,
തെറ്റിയും മുല്ലയും മുക്കുറ്റിയും ഇല്ലങ്കിലും
ഓണപ്പൂകളമൊന്ന് ഒരുക്കാന്‍ മോഹം............

സദ്യ അതൊഴിവാക്കാനും പറ്റില്ലാ ...
അതേ ബൂലോകത്തും ഓണം വന്നെ മതിയാവൂ
പോയ വര്ഷങ്ങളിലെ പോലെ ഒരു ഓണം,
അതിലും കേമം ആയി തന്നെ ആഘോഷിക്കാം..

എല്ലവരുടെയും സഹായ സഹകരണങ്ങള്‍ സാദരം ക്ഷണിക്കുന്നു..

ആല്‍ത്തറയില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കാം.

Anil cheleri kumaran said...

ആല്‍ത്തറയില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കാം...
me also ready to celebrate..

good language..

ഹരീഷ് തൊടുപുഴ said...

"നഷ്ടപ്പെട്ടോരെന്‍ ബാല്യവും യൌവ്വനവും
വാര്‍ദ്ധക്യം കൈയേറുമ്പോള്‍
എന്നിലെ ശൈശവം തിരികെ തരാന്‍ എന്‍ ഓണമെത്തി.
എന്‍ പൊന്നോണമെത്തി..
തുമ്പികള്‍ പാറുന്ന മുറ്റമിന്നെനിക്കന്യം..
ഇന്ദീവരത്തിന്‍ കുളവുമപ്രാപ്യം..
എങ്കിലുമെന്‍ ഹൃത്തില്‍ മാവേലിയെത്തുന്നു..
എന്റെ നഷ്ടസ്വപ്നവും കുട്ടിത്തവും തിരികെ തരാന്‍...."


ഓണം എന്ന വാക്കു കേൾക്കുമ്പോൾ തന്നെ മനസ്സിൽ നിറയുന്നത് അവാച്യമായ ഒരു അനുഭൂതിയാണു. മനസ്സ് നിറഞ്ഞുതുളുമ്പും. ഓണകാലമെത്തുമ്പോഴേക്കും ഒന്നിനും സമയം തികയാത്തൊരവസ്ഥയാകും. മൊത്തത്തിൽ ഒരോളംതന്നെ!!!
കാത്തിരിക്കുന്നു, വരവേൽക്കാൻ ആ ഓണനാളുകളെ..

മയൂര said...

മലയാളികള്‍ ഉള്ളയിടങ്ങളിലെല്ലാം ഓണമുണ്ട്. ഇവിടെയും തുടങ്ങി കണ്ടതില്‍ സന്തോഷം. :)

ചങ്കരന്‍ said...

അതെയതെ ഓണം ഉഷാറാകട്ടെ. ആശംസകള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പാട്ടു കേട്ടിട്ടില്ലേ..

“ഈ മറുനാട്ടിൽ പൂവുകളില്ല
ഈ മരുഭൂവിൽ തുമ്പികളില്ലാ
ഏറെയകന്ന നിലാവല പോലെ
ഓടിയെത്തും ഓർമ്മകളിൽ..
എൻ മനതാരിലെ പൊന്നോണം...”

ലോകത്തിന്റെ ഏതു കോണിലായാലും പൊയ്പ്പോയ ഒരു നല്ല ഓണക്കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം സൂക്ഷിയ്ക്കുന്നു ഓരോ മലയാളിയും..

വീണ്ടും ഒരിക്കൽ കൂടി നമുക്കു ആഘോഷിയ്ക്കാം

സദ്യയുടെ സമയമാകുമ്പോൾ വിളിച്ചേക്കൂ..ഞാനെത്തിയിരിയ്ക്കും !!!

അനില്‍@ബ്ലോഗ് // anil said...

ഓണം വരാറായോ?
ദിവസങ്ങള്‍ പോണതറിയുന്നില്ല.
:)
ആഘോഷങ്ങള്‍ നടക്കട്ടെ.

കണ്ണനുണ്ണി said...

ഓണം വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ സന്തോഷം.....
നഷ്ടപ്പെട്ട് പോയ എന്തോ ഒക്കെ തിരിച്ചു കിട്ടുന്ന സന്തോഷം...

ശ്രീ said...

വീണ്ടും ഒരു ഓണക്കാലം ക്കൂടി വരുന്നു അല്ലേ? എല്ലാവരിലും ഓണത്തിന്റെ നന്മയുള്ള ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കട്ടെ!

സുനില്‍ മാഷേ...
ആ പാട്ട് ഇങ്ങനെ അല്ലേ?

♫ ഈ മരുഭൂവില്‍ പൂവുകളില്ല
ഈ മറുനാട്ടില്‍ തുമ്പികളില്ല
മേലെയുള്ള നിലാവൊലി കിണ്ണം
പോലെയല്ലോ എന്നോണം
എന്മനതാരിലെ പൊന്നോണം (ഈ മരുഭൂവില്)

എത്ര വിളിച്ചാലും നിദ്ര വന്നീടാത്ത
ഉത്രാടയാമിനീ യാമങ്ങളില്…
പോയ പൊന്നോണങ്ങള്‍ തന്ന സമ്മാനങ്ങള്‍
ഓരോന്നുമോര്‍ത്തു ഞാന്‍ മൂകം…

ഈ ഹൃദയത്തില്‍ പൂവുകളില്ല
എന്നധരത്തില്‍ പൂവിളിയില്ല…
വേനലാളും കിനാവനം പോലെ
ശൂന്യമാണെന്‍ പൂത്താലം
അങ്ങകലത്തിലെന്‍ പൂത്താലം…

ഏറെയകന്നാലും വേറിടാതോര്‍മ്മകള്‍
നിറങ്ങളേകുന്ന ഓണനാളില്
കാവിലെ പൂവള്ളി പൊന്നൂയലില്‍ മെല്ലെ
ചേര്‍ന്നിരുന്നൊന്നാടാന്‍ മോഹം… (ഈ മരുഭൂവില്) ♫

പൊറാടത്ത് said...

ആല്‍ത്തറയിലെ ഓണാഘോഷം നമുക്കെല്ലാം ചേര്‍ന്ന് കൊഴുപ്പിയ്ക്കാമെന്നേ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@ ശ്രീ....

അതു തന്നെ...പത്തു പന്ത്രണ്ടു വർഷം മുൻപ് ഇറങ്ങിയ ആ പാട്ടിന്റെ ചിലവരികൾ ഓർമ്മയിൽ നിന്ന് എഴുതിയപ്പൊൾ അല്പം മാറിപ്പോയി.എങ്കിലും ആ പാട്ടിന്റെ സംഗീതം മനസ്സിൽ എപ്പോളും വിങ്ങലുണ്ടാക്കുന്നതാണ്.കാസറ്റിൽ ആ പാട്ട് ഉണ്ടായിരുന്നു.യാത്രകൾക്കിടയിൽ നഷ്ടമായി

അതിന്റെ mp3 കിട്ടുമോ ശ്രീ? കിട്ടിയാൽ ഒന്നയക്കുമോ?

സൂത്രന്‍..!! said...

ഈ ആല്‍ത്തറയില്‍ ഓണ ആഘോഷത്തിനായ്‌ നമുക്കല്ലവര്‍ക്കും കൈകോര്‍ക്കാം

പ്രയാണ്‍ said...

ആശംസകള്‍.......

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആല്‍ത്തറ ഇത്രക്കും വല്ലുതക്കി പുതുക്കി പണിത മാണിക്യം മേസ്തിരിക്ക് ഓണത്തപ്പന്റെ കൂടെ ഒരു സീറ്റ് ആല്‍ത്തറപ്പൂക്കളാത്തിന്റ്റ്റെ ഒത്ത നടുക്ക്...... ”തിരുവോണ സദ്യ നല്‍കാം..
ആമോദത്തിന്‍ തിരിനാളം
ഇവിടെ തെളിയിക്കാം.
മന്നനെ വരവേല്‍ക്കാം“

ആര്‍പ്പോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ഹോ‍ാ‍ാ‍ായ്യ്...........

Unknown said...

ഇഷ്ടമല്ലടാ എനിക്കിഷ്ടമല്ലടാ...
ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ...

Malayali Peringode said...

ഉം....
ഓണം വീണ്ടും വരുന്നു...
വരട്ടെ...
കാണമുണ്ടെങ്കില്‍ അത് വിറ്റിട്ടെങ്കിലും
ഒരു ഓണാഘോഷം സംഘടിപ്പിക്കാം!

അതിനി വല്ല ഐ എം എഫുകാര്‍ക്കും പണയം വെച്ചിരിക്കുമോ നമ്മടെ സര്‍ക്കാറന്മാര്‍??!!

നിരക്ഷരൻ said...

എനിക്കിക്കൊല്ലവും ഓണസദ്യ ഏതെങ്കിലും എണ്ണപ്പാടത്തെ കരിപുരണ്ട പ്ലാറ്റ്ഫോമിലായിരിക്കും.അതുകൊണ്ടുതന്നെ മനസ്സുകൊണ്ട് ഞാന്‍ ഈ ഓണം ആഘോഷിക്കാന്‍ ഈ ആല്‍ത്തറയില്‍ വന്നേക്കാം.