Saturday, August 22, 2009

"കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍...."

ജയകൃഷ്ണന്‍ കാവാലം എഴുതിയ ഈ ഗാനത്തിനു സംഗീതം നല്‍കി
ആലപിച്ചത് പണിക്കര്‍സാര്‍ ആണ്
ഇന്‍ഡ്യാഹെറിറ്റേജ്‌ http://sweeetsongs.blogspot.com/
ആല്‍ത്തറയില്‍ ഇത്ര നല്ല ഒരു പാട്ട് കോണ്ടുവന്ന
പണിക്കര്‍സറിനും കാവാലത്തിനും ആല്‍ത്തറകൂട്ടത്തിന്റെ പേരില്‍ നന്ദി


Get this widget Track details eSnips Social DNA


കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു

കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ

കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്

കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതെന്താണ്-നിന്‍റെ
കരളു പാടിയതെന്താണ്

കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ

കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ

നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ

വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ..

എഴുതിയത് ജയകൃഷ്ണന്‍ കാവാലം

10 comments:

Malayali Peringode said...
This comment has been removed by the author.
Malayali Peringode said...

ഈ സുന്ദര ഗാനം എഴുതിയ ജയകൃഷ്‌ണന്‍ കാവാലം,
ആലപിച്ച് ഭാവസാന്ദ്രമാക്കിയ പണിക്കര്‍ സാര്‍‌,
ആല്‍ത്തറയില്‍ വന്നിരുന്ന് കേട്ട് ആസ്വാദിക്കാനായി ഈ പാട്ട് ഇവിടെ കൊണ്ടു വന്നു വെച്ച മാണിക്യം...


നന്ദി... :)

കണ്ണനുണ്ണി said...

മനോഹരം..... ജയകൃഷ്ണന്റെ വരികള്‍, പണിക്കര്‍ മാഷിന്റെ സംഗീതം....
വരികളും സംഗീതവും ഇഷ്ടമായി...
ഒപ്പം സൌഹൃദത്തിന്റെ ഈ സുഗന്ധവും....
ആശംസകള്‍ രണ്ടാള്‍ക്കും

ഉഷശ്രീ (കിലുക്കാംപെട്ടി) said...

മനോഹരമായ വരികള്‍,അതിമനോഹരമായ ശബ്ദം.........ആസ്വാദിക്കാനായി ഈ പാട്ട് ആ‍ല്‍ത്തറ ഉച്ചഭാഷിണിയില്‍ ഇട്ടു തന്ന മാണിക്യം... ആരോട് നന്ദി പറയണം?

ഈ പാട്ട് കേട്ടുകൊണ്ടിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകികൊണ്ടിരുന്നു. മനസ്സിന് സുഖമുള്ള ഒരു തലോടല്‍ തന്നു ഈ വരികളും ശബ്ദവും...

നന്ദി എന്റെ ജോജിമ്മക്കു തന്നെ ഞാന്‍ തരുന്നു ട്ടോ....കേള്‍ക്കാന്‍ അവസരം തന്നില്ലേ.....

ശ്രീ said...

മനോഹരമായ ഗാനം.

Faizal Kondotty said...

nice..

ചങ്കരന്‍ said...

തകര്‍ത്തു..
എഴുത്തും, പാട്ടും..

പാമരന്‍ said...

നല്ല വരികളും സംഗീതവും ആലാപനവും.. കാവാലത്തിനും പണിക്കര്‍ സാറിനും നന്ദി..

jayanEvoor said...

മനോഹരം !

പണിക്കര്‍ സാറിനും, ജയകൃഷ്ണനും, മാണിക്യം ചേച്ചിക്കും അഭിനന്ദനങ്ങള്‍!

ബൂലോഗം തുറന്നിട്ട സൗഹൃദക്കിളിവാതിലുകള്‍ തുറക്കുന്ന പുതിയ വാതായനങ്ങള്‍ എന്നെ വിസ്മയഭരിതനാക്കുന്നു.... എവിടൊക്കെയോ ജീവിക്കുന്ന മനുഷ്യജീവികള്‍ മലയാളം എന്ന താമരനൂലില്‍ ബന്ധിക്കപ്പെട്ട്, ഒരു പക്ഷേ ഈ ലോകത്തെ ഏറ്റവും മിഴിവുറ്റ ഭാഷയുടെ മാധുര്യം നുണയുന്ന ഈ കാഴ്ച എന്നെ അഭിമാനപുളകിതനാക്കുന്നു!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മലയാളി, കണ്ണനുണ്ണി, കിലുക്കാമ്പെട്ടി, ശ്രീ, ഫൈസല്‍, ചങ്കരന്‍, പാമരന്‍ ഡൊ ജയന്‍ എല്ലാവര്‍ക്കും നന്ദി.

ശനിയാഴ്ച ഉച്ചയ്ക്ക്‌ മെയിലില്‍ മാണിക്യാമ്മയുടെ കത്തു കണ്ടു. വൈകുന്നേരം കവിത കുറിച്ചെടുത്തു. രാത്രി പത്തു മണിയോടുകൂടി അത്‌ തിരികെ മാണിക്യാമ്മയ്ക്കയച്ചു കൊടുത്തു. ആ ധൃതിയുടെ എല്ലാ കുറവുകളും ഉള്ളതിനാല്‍ പ്രതികരണം എങ്ങനെ ആയിരികും എന്നു ഭയവും ഉണ്ടായിരുന്നു. തന്നെയുമല്ല ഒരേ ഈണത്തില്‍ ഇത്രയും വരികള്‍ പാടൂമ്പോല്‍ അതിന്റെതായ ഒരു അരോചകത്വവും വരില്ലേ എന്നും ഭയന്നു.

ഇത്രയൊക്കെ കുറവുകളുണ്ടായിട്ടും നല്ല അഭിപ്രായം മാത്രം കേര്‍ള്‍ക്കുവാന്‍ കിട്ടിയതില്‍ എത്ര സന്തോഷമാണുള്‍ലതെന്നു പറയുവാന്‍ വയ്യ.

ഇതു ദാ ഇവിടെയും ഇപ്പോള്‍ ഇട്ടു കണ്ടതും അറിയിക്കട്ടെ