Thursday, August 13, 2009

ദേവുട്ടന്‍റെ പൊന്നോണം

നാട്ടിലേക്ക് പോകാനുള്ള ഉത്സാഹത്തിലാണ് ദേവുട്ടനും ഏട്ടന്‍ അപ്പുട്ടനും. ഈ തവണത്തെ ഓണം മുത്തശ്ശിയുമൊത്ത് നാട്ടിലാണ്. അമ്മയുടെ കൂടെ ദേവുട്ടനും അപ്പൂട്ടനും ഞായറാഴ്ച എയര്‍ ഇന്ത്യയില്‍ ഷിക്കാഗോയില്‍ നിന്ന് പുറപ്പെടുകയാണ്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദേവുട്ടന് മനസ്സ് നിറയെ പൊന്നോണ നിറങ്ങളാണ്. കഴിഞ്ഞകൊല്ലം ഓണത്തിന് മുത്തശ്ശിയുമൊത്ത് തൃക്കാക്കര അപ്പനെ പൂജിച്ചതും കൂട്ടുകാരുമൊത്ത് ഓടി കളിച്ചതും എല്ലാം ഒരു കൊല്ലം കഴിഞ്ഞും ദേവന്‍ മറന്നിട്ടില്ല.

കുന്തിപ്പുഴയുടെ തീരത്തുള്ള തറവാട്ടില്‍ ഈ തവണയും ഓണത്തിന് എല്ലാവരും വരുന്നുണ്ട്. കാനഡയില്‍ നിന്ന് കുഞ്ഞഫനും ദോഹയില്‍ നിന്നും വല്ല്യമ്മയും മനുവേട്ടനും,ദേവന്‍ ആകെ സന്തോഷതിമിര്‍പ്പിലാണ്.

കഴിഞ്ഞ ഓണത്തിന് തറവാട്ടിലെ അടുക്കള ഭാഗത്തുള്ള പുളിമരത്തില്‍ ഊഞ്ഞാലാടിയതും അടുത്ത വീട്ടിലെ കൂട്ടുകാരായ കണ്ണനും മാളുവുമൊത്തു കുട്ടിയും കോലും കളിച്ചതും ദേവന് ഇന്നലെ കഴിഞ്ഞപോലെ.

കളിക്കിടയില്‍ കോല്കൊണ്ട് മാളുവിന്റെ കൈ മുറിഞ്ഞതിനു അമ്മ ചീത്ത പറഞ്ഞു. പിന്നെ അത് മതിയാക്കി കുഞ്ഞമ്മാമന്‍ പഠിപ്പിച്ച പതിനഞ്ചാം പുലി കളിക്കാന്‍ പോയി.

മാളു നാലാം ക്ലാസ്സിലും കണ്ണന്‍ ഏഴാം ക്ലാസ്സിലും. കണ്ണന്റെ ചേച്ചി കീര്‍ത്തി ഒമ്പതാം ക്ലാസ്സുകാരിയാണ്‌. കീര്‍ത്തിയും അപ്പു ഏട്ടനും കിഴക്കേലെ രാജുവും സീനിയര്‍ സെറ്റാണ്. അപ്പു ഏട്ടന്‍ തൂതപ്പുഴയില്‍ കുളിക്കാന്‍ പോയി വരാന്‍ വൈകിയതില്‍ പേടിച്ച അമ്മ കുറെ വഴക്ക് പറഞ്ഞു. സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന പരിചയം അല്ലെ എട്ടനുള്ളൂ.

അത്തം തുടങ്ങി പൂവിടുന്ന ജോലി ഞങ്ങളുടെതാണ്. അച്ഛനും അപ്ഫനും മാതേവര വയ്ക്കും. മുത്തശ്ശി നേദിക്കും. തൊടിയില്‍ എല്ലാ തരം പൂക്കളുമുണ്ട്. ചെമ്പരത്തി പൂവാണ് അധികം. മുക്കുറ്റി, റോസ്, കരവീരകം പൂക്കള്‍ വേറെയും.
മണ്ണ് കൊണ്ടുള്ള മാതേവര ഒരുട്ടിയത് കുഞ്ഞനാണ്. അത് കുഞ്ഞന്റെ അവകാശം പോലെയാണ്. മാതേവര മഹാതേവരായ മഹാവിഷ്ണു തന്നെയാണ്. വാമന രൂപത്തിലുള്ള മഹാവിഷ്ണുവിനു നിവേദ്യം സമര്‍പ്പിച്ചേ മുത്തശ്ശി ചായ കുടിക്കുകയുള്ളൂ.

മൂലം നാള്‍ മുതല്‍ മൂട്ടില്‍ അണിയണം എന്നാണു. മുത്തശ്ശന്‍ അണിയാന്‍ കേമനാണ്. അരിഅരച്ച് അതില്‍ ചെമ്പരത്തി ഇലയുടെ ചാറുപിഴിഞ്ഞ് കൊഴുപ്പിച്ചെടുത്തു അതാണ്‌ അണിയുന്നത്.

ഓണത്തിന് ഓരോദിവസം അടുക്കുമ്പോഴും അണിയലിനും പൂക്കളത്തിനും മാറ്റ് കൂടും. തിരുവോണ ദിവസം ഗംഭീര സദ്യയും.കാളന്‍, ഓലന്‍, എലിശ്ശേരി, പുളിയിഞ്ചി, കടുമാങ്ങ, പപ്പടം, പഴം നുറുക്ക്,ഉപ്പേരി, ശര്‍ക്കര ഉപ്പേരി പിന്നെ പായസം രണ്ടുതരം. അടപ്പായസം പഴം പ്രഥമന്‍. ഇതെല്ലം കഴിഞ്ഞാല്‍ ക്ഷീണിച്ചു ഉറങ്ങിപ്പോകും.

ഓണസദ്യ കഴിഞ്ഞതും മനസ്സിന് ആകെ ഒരു വിഷമം ഓണം കഴിയുകയല്ലേ...

11 comments:

ബ്ലോത്രം said...

ആശംസകള്‍...

Typist | എഴുത്തുകാരി said...

ഇപ്പഴേ വിഷമിക്കല്ലേ, കുറച്ചുനാള്‍ കൂടി സന്തോഷത്തോടെ കാത്തിരിക്കാം.. ഓണമിങ്ങെത്തട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓണം ടി.വി ചാനലുകളിലും, പായ്ക്കറ്റ് സദ്യകളിലുമൊക്കെ ഒതുങ്ങുന്ന ഇക്കാലത്ത് ഗൃഹാതുരതയുടേതായ ഒരു നവലോകം അവതരിപ്പിക്കുന്നതിൽ കറുത്തേടം വിജയിച്ചിരിക്കുന്നു.സ്നേഹിക്കുന്നവരുടെ കൂട്ടായമ, ആ കൂടിച്ചേരൽ..അതിന്റെ സ്നേഹം നൽ‌കുന്ന ഊഷ്മളത ഒരു കാലത്തും മറക്കാനാവില്ല...!

അവസാനം ശേഷിക്കുന്നതും അതുമാത്രം.!

Malayali Peringode said...

ഈ ഓണം ആല്‍ത്തറയില്‍....


ഓണാശംസകള്‍!!

മാണിക്യം said...

എല്ലാവരും വന്നു ചേര്‍ന്ന ഓണത്തിന്റെ ഓര്‍മകള്‍
ഇനി വരാനുള്ള ഓണത്തിന്റെ ഓര്‍മ്മക്ക് മാറ്റുകൂട്ടുന്നു
നന്നായി എഴുതി....
വായിച്ചപ്പോല്‍ പെട്ടന്നു നിര്‍ത്തിയ പോലെ വായനയുടെ ഒപ്പം കുട്ടികള്‍ക്ക് നടുവിലെത്തി..

ഓണാശംസകള്‍

മനോഹര്‍ കെവി said...

ബാല്യ കൌമാര കാലത്തെ ഓര്‍മ്മകള്‍
മനസ്സില്‍ എന്നെന്നും വര്‍ണ്ണ പകിട്ടോടെ നിലനില്‍ക്കും എന്നതിന്റെ ഒരുദാഹരണമാണ്‍ കറുത്തേടത്തിന്റെ ഈ പോസ്റ്റ്..ബാല്യത്തില്‍
കാണുന്നതും കേള്‍ക്കുന്നതും എത്രകാലമയാലും മറക്കുന്നില്ലാ പിന്നെ വരുന്നതെല്ലാം അതില്‍ കോര്‍ത്തിണക്കുകയും ചെയ്യുന്നു. മനസ്സ് ഓണക്കാലത്ത്
എപ്പോഴും കുട്ടിക്കാലത്തെ ഓണത്തിലേക്ക് ഓടിപ്പോകുന്നതും അതുകൊണ്ടാവും

K C G said...

ഓണമിങ്ങെത്തും മുന്‍പേ ഓണം കൊണ്ടു.

തിരുവോണദിവസം പുലര്‍ച്ചേ ഇന്ന് ഓണമാണെന്ന സന്തോഷം.
തിരുവോണ സദ്യ കഴിഞ്ഞ് നിലവിളക്കിലെ തിരി താഴ്ത്തുമ്പോള്‍ ഓണം കഴിഞ്ഞല്ലോ എന്ന സങ്കടം.

അരുണ്‍ കായംകുളം said...

പഴയ കുറേ ഓര്‍മ്മകള്‍ വരുന്നു..
ഓണാശംസകള്‍

Unknown said...

ഈ കളികള്‍ കൂടിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം

കറുത്തേടം said...

ഓണം മലയാളിക്കു ഓര്‍മ്മപ്പെടുത്തലുകളുടെ ആഘോഷമാണ്. പ്രതികരങ്ങള്‍ക്ക് നന്ദി. മാണിക്യം ചേച്ചിയുടെ ഒരു വാക്കാണ് ഇതിനൊരു പ്രചോദനമായത്. നന്ദി.

റസാകൃഷ്ണ said...

"കുന്തിപ്പുഴയുടെ തീരത്തുള്ള തറവാട്ടില്‍ ഈ തവണയും ഓണത്തിന് എല്ലാവരും വരുന്നുണ്ട്......"

"ഓണത്തിന് ഓരോദിവസം അടുക്കുമ്പോഴും അണിയലിനും പൂക്കളത്തിനും മാറ്റ് കൂടും..."

മനോഹരമായി ഓണത്തിന്റെ അയവിറക്കല്‍
വളരെ നല്ല പോസ്റ്റ്

ഓണാശംസകള്‍