Wednesday, August 26, 2009

നായര്‍ പുലിയുടെ ഇന്‍സ്റ്റന്റ് പുലിവാല്‍"ഹവില്‍ദാര്‍... ഉസ്മാന്‍, യു‌ ടെല്‍ മി..... വാട്ട് ഈസ്‌ ദിസ്‌ പുളി കളി"


ഓണാഘോഷ കമ്മറ്റിയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത സി ഓ സാബ്ബിന്റെ ചോദ്യം കേട്ട ഹവില്‍ദാര്‍ ഉസ്മാന്‍ സാര്‍ ഒന്ന് പരുങ്ങി. പിന്നെ അറ്റെന്‍ഷനായി മസ്സില് പിടിച്ചു നിന്ന് രണ്ടും കല്പിച്ചു ഉത്തരം കൊടുത്തു.


"സാര്‍ .....പുളി കളി മീന്‍സ്‌ വാളം പുളി ആന്‍ഡ്‌ കൊടംപുളി... കൊടം പുളി ഈസ്‌ യൂസ്സിംഗ് ഫോര്‍ മീന്‍ കറി...ആന്‍ഡ്‌ വാളം പുളി ഈസ്‌ ".......?


"നോ നോ ....ഉസ്മാന്‍ ...ഐ വിഷ് ടൂ സീ യുവര്‍ പുളികളി ഇന്‍ ദിസ്‌ ഓണം" ..


ഉസ്മാന്‍ സാറിന്റെ ഇംഗ്ലീഷ് മനസ്സിലാകാതെ വന്ന സി ഓ സാബ് വീണ്ടും പറഞ്ഞു.


ഓ.. പുലി കളി!! ഉസ്മാന്‍ സാറിന് ഇപ്പോഴാണ് കാര്യം മനസ്സിലായത്‌. അദ്ദേഹം ഇംഗ്ലീഷ് പറയാനായി പിടിച്ചു വച്ചിരുന്ന ശ്വാസം പതുക്കെ അഴിച്ചു വിട്ടു. എന്നിട്ട് പുറകിലിരുന്ന ഞങളെ നോക്കി.ഇത്തവണത്തെ ഓണാഘോഷത്തിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള യോഗമാണ് നടന്നു കൊണ്ടിരിക്കുന്നത്. യൂണിറ്റിലെ മലയാളികളെല്ലാം യോഗത്തിലുണ്ട്. സി ഓ സാബാണ് അധ്യക്ഷന്‍. ഗംഭീരമായ ഓണ സദ്യ വേണമെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു. അതിനുള്ള പച്ചക്കറികളും മറ്റു സാധനങളും വാങ്ങാനായി രണ്ടു പേര്‍, തോമസ്സും രവീന്ദ്രനും നാട്ടിലേയ്ക്ക് പോയിക്കഴിഞ്ഞു. എന്തൊക്കെ കലാപരിപാടികള്‍ വേണമെന്നുള്ളതാണ് അടുത്തതായി തീരുമാനിക്കേണ്ടത്.പുലി കളി എന്ന സംഭവം സി ഓ സാബ് കാണാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇത്തവണത്തെ ഓണത്തിനു മലയാളികളുടെ വകയായി പുലികളിയും വിഭവസമൃദ്ധമായ ഓണസദ്യയും നടത്താമെന്ന് തീരുമാനമായി. സി ഓ സാബ് പോയതിനു ശേഷം ആരൊക്കെ എന്തൊക്കെ ജോലികള്‍ ചെയ്യണമെന്നുള്ള ചര്‍ച്ച നടന്നു. മാവേലിയായി കൊമ്പന്‍ മീശയും കുട വയറുമുള്ള ഹവില്‍ദാര്‍ വേലപ്പന്‍ സാറും പുലിയായി ഹവില്‍ദാര്‍ നായര്‍ സാറും പുലിയെ വെടി വയ്ക്കുന്ന വേട്ടക്കാരനായി ഡ്രൈവര്‍ രാജേന്ദ്രനും തീരുമാനിക്കപ്പെട്ടു. പുലിയുടെ തലയും മാവേലിയുടെ കിരീടവും വേട്ടക്കാരനുള്ള ഡ്രെസ്സും വാടകയ്ക്ക് വാങ്ങിക്കൊണ്ടുവരാന്‍ ലാന്‍സ് നായിക്‌ ചാക്കോ നിയമിതനായി. തോക്ക് പട്ടാളത്തിന്റെ തന്നെ ഉപയോഗിക്കാന്‍ സി ഓ സാബ് സമ്മതിച്ചു. പക്ഷെ മാഗസ്സീന്‍ (ബുള്ളറ്റു നിറയ്ക്കുന്ന അറ) തോക്കില്‍ ഘടിപ്പിക്കാന്‍ പാടില്ല എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.തിരുവോണ ദിവസമാണ്‌ ഓണസദ്യ നടത്തുന്നത്. പക്ഷെ കലാ പരിപാടികള്‍ എല്ലാവരുടെയും സൗകര്യം നോക്കി ഓണത്തിന്റെ തുടക്കമായ അത്തം നാളില്‍ രാവിലെ പത്തു മണി മുതല്‍ നടത്താനും തീരുമാനിച്ചു ഞങ്ങള്‍ പിരിഞ്ഞു.യൂണിറ്റിലെ അറിയപ്പെടുന്ന പുലികളില്‍ ഒരാളാണ് ഓണപ്പുലിയാകാന്‍ പോകുന്ന ഹവില്‍ദാര്‍ നായര്‍ സാര്‍. വൈകിട്ട് ആറു മണി വരെ രണ്ടു കാലിലും അതിനു ശേഷം നാല് കാലിലുമാണ് നായര്‍ പുലിയെ കാണുക. പുലിയാകാന്‍ വേണ്ടി മാത്രം അദ്ദേഹം രണ്ടു കുപ്പികള്‍ കാന്റീനില്‍ നിന്നും വാങ്ങിയിട്ടുണ്ട് . മേക്കപ്പ് മാന്‍ ഉസ്മാന്‍ സാര്‍ മദ്യവിരോധി ആയതിനാല്‍ മേക്കപ്പ് തുടങ്ങുന്നതിനു മുന്‍പ് ഉസ്മാന്‍ സാര്‍ കാണാതെ തന്റെ ക്വോട്ടാ നായര്‍ പുലി അകത്താക്കിയിരുന്നു. പക്ഷെ പുലി കളി തീരുന്നതിനു മുന്‍പ് അകത്താക്കിയതിന്റെ എഫെക്ട് തീര്‍ന്നു പോയാല്‍ അത് പുലിയുടെ ശൌര്യം കുറച്ചു കളയുമോ എന്നൊരു ശങ്ക നായര്‍ പുലിയെ പിടി കൂടിയിരുന്നു.പുലി വരകളുള്ള ബര്‍മുഡയും ടീ ഷര്‍ട്ടും ധരിച്ചു, കയ്യില്‍ പുലിയുടെ വാലും പിടിച്ചു നില്ക്കുന്ന നായര്‍ സാറിന്റെ കൈകളിലും കാലുകളിലും പട്ടാളത്തിലെ വണ്ടികള്‍ക്ക് അടിക്കാനായി വരുന്ന പല കളറിലുള്ള പെയിന്റ് തേച്ചു പിടിപ്പിക്കുകയാണ്‌ മേക്കപ്പ് മാന്‍ ഉസ്മാന്‍ സാര്‍. വാടകയ്ക്ക് എടുത്ത പുലിയുടെ തലയുമായി ചാക്കോ അരികില്‍ നില്പുണ്ട്. കുറച്ചകലെ വേട്ടക്കാരന്‍ രാജേന്ദ്രന്‍ കോട്ടും സ്യൂട്ടും ധരിച്ച് അവനെക്കാള്‍ വലിപ്പത്തിലുള്ള ഒരു വീരപ്പന്‍ മീശയും ഫിറ്റ് ചെയ്തു കയ്യില്‍ തോക്കുമായി നില്‍ക്കുന്നു...സി ഓ സാബിന്റെ മുന്നില്‍ ഒറ്റ വെടിക്കുതന്നെ പുലിയെ വീഴിക്കാനുള്ള ധൈര്യത്തിനായി രാജേന്ദ്രനും അല്പം അകത്താക്കിയിട്ടുണ്ട്‌ എന്ന് അവന്റെ നില്‍പ്പ് കണ്ടാല്‍ അറിയാം.


ഓഫീസ് ക്ലെര്‍ക്ക്‌ ബാബുവിന്റെ ഭാര്യയുടെ സെറ്റ് സാരി തറ്റുടുത്ത്‌ അതിനു മുകളില്‍ ഉത്തരീയവും കഴുത്തില്‍ മുത്തുമാലകളും അണിഞ്ഞു തലയില്‍ കിരീടവും വച്ച് തോമസ്‌ ഉണ്ടാക്കിയ ഡ്യൂപ്ലിക്കേറ്റ്‌ ഓലക്കുടയും ചൂടി കുടവയറും തള്ളി അണിഞ്ഞൊരുങ്ങി വന്ന വേലപ്പന്‍ മാവേലി, നായര്‍ പുലി അറിയാതെ അദ്ദേഹത്തിന്റെ കുപ്പിയില്‍ നിന്നും രണ്ടു പെഗ്ഗ് ധൈര്യം അകത്താക്കി തന്റെ പ്രകടനത്തിന് തയാറായി നിന്നു.അതിഥികള്‍ എത്തിച്ചേര്‍ന്നു. സി ഓ സാബിനെ കൂടാതെ അടുത്ത യൂണിറ്റുകളിലെ ഓഫീസര്‍മാരും അവരുടെ കുടുംബവും പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളുമൊക്കെ ആ കൂട്ടത്തിലുണ്ട്. പി ടി ഗ്രൗണ്ടില്‍ ഉണ്ടാക്കിയ പന്തലില്‍ അതിഥികള്‍ ആസനസ്ഥരായി. കുട്ടികള്‍ ഗ്രൌണ്ടിലും മറ്റും സന്തോഷത്തോടെ ഓടിക്കളിച്ചു.പരിപാടി തുടങ്ങുകയാണ്. പന്തലിന്റെ ഒരറ്റത്ത് നിന്നു മലയാളിയായ മേജര്‍ ചന്ദ്രന്‍ സാര്‍ കേരളത്തെക്കുറിച്ചും ഓണത്തെക്കുറിച്ചും മൈക്കിലൂടെ ഒരു ചെറിയ വിവരണം സദസ്യര്‍ക്ക് നല്‍കി. അത് കഴിഞ്ഞ ഉടന്‍ വേലപ്പന്‍ മാവേലിയുടെ വരവായി. ഓലക്കുട ചൂടി വന്ന മാവേലിയെ കണ്ടു സദസ്യര്‍ കയ്യടിച്ചു. നടക്കുമ്പോള്‍ മാവേലിയ്ക്ക് ഒരു ചെറിയ ആട്ടമുണ്ടോ എന്ന് ഞങള്‍ സംശയിച്ചു. കുട്ടികള്‍ മാവേലിയുടെ ചുറ്റും കൂടി. മാവേലി സി ഓ യും മറ്റും ഇരിക്കുന്ന വേദിയിലേയ്ക് കയറി..അടുത്തത് പുലി കളിയാണ്. പുലിയും പരിവാരങ്ങളും വരികയാണ്. സ്വത സിദ്ധമായ നടന വൈഭവത്തോടെ നായര്‍ പുലി താളത്തിനൊത്ത് കളിക്കുകയാണ്. വേദിയുടെ മുന്‍പിലെത്തിയ പുലി സംഘം പത്തു മിനിട്ടോളം ചുവടു വച്ചു. പുലിയുടെ ചുവടുകളും അതിനൊപ്പമുള്ള വേട്ടക്കാരന്റെ ആക്ഷനുകളും കണ്ടു സി ഓ സാബും മറ്റു ഹിന്ദിക്കാരും രസിച്ചിരുന്നു. പുലിയുടെ വാലില്‍ പിടുത്തമിട്ട ഒരു കുട്ടിയെ ഉസ്മാന്‍ സാര്‍ അനുനയിപ്പിച്ചു മാറ്റി നിര്‍ത്തി. പുലിയെ വെടി വയ്കാനുള്ള സമയമായി. വേട്ടക്കാരന്‍ രാജേന്ദ്രന്‍ ഒരു മൂലയില്‍ നിന്നും ഉന്നം പിടിച്ചു. പിന്നെ കാഞ്ചി വലിച്ചു...


ഒരു നിമിഷം....വെടി പൊട്ടി..


പുലി എടുത്തടിച്ചത്‌ പോലെ വീഴുന്നു..


വീണ പുലി പെട്ടെന്ന് ഒറ്റക്കരച്ചില്‍..."എന്റയ്യോ....ഞാന്‍ ചത്തേ.."


വെടിയേറ്റു വീണ പുലിയുടെ മലയാളത്തിലുള്ള കരച്ചില്‍ കേട്ട സി ഓ സാബും മറ്റുള്ളവരും ചിരിച്ചു...
പക്ഷെ തിരക്കഥയില്‍ ഇല്ലാത്ത ഈ കരച്ചില്‍ കേട്ട ഉസ്മാന്‍ സാറിന് എന്തോ പന്തി കേടു തോന്നി...അദ്ദേഹം ഓടിച്ചെന്നു വീണു കിടന്ന നായര്‍ പുലിയെ പിടിച്ചു പൊക്കി...നോക്കുമ്പോള്‍ പുലിയുടെ വയറില്‍ ചോര...ചോരക്കു റമ്മിന്റെ മണം...!!!


ഉണ്ടയില്ലാത്ത വെടിയേറ്റു പുലിയുടെ വയറ‌ില്‍ നിന്നും ചോര കിനിയുന്നത് കണ്ട വേട്ടക്കാരന്‍ രാജേന്ദ്രന്‍ ഞെട്ടി...അവന്‍ മാഗസിന്‍ ഊരി മാറ്റിയ തന്റെ തോക്കില്‍ എങ്ങനെ ഉണ്ട വന്നു എന്നറിയാതെ വായ്‌ പൊളിച്ചു വിറച്ചു നിന്നു.വെടിയേറ്റു വീണ പുലി വടിപോലെ കിടക്കുന്നതും മറ്റുള്ളവര്‍ പുലിയെ എടുത്തുകൊണ്ടു പോകുന്നതും കണ്ട സി ഓ സാബ് എഴുനേറ്റു വന്നു. രക്തം കിനിയുന്ന നായര്‍ പുലിയുടെ ടീ ഷര്‍ട്ട്‌ ഊരി മാറ്റാന്‍ അദ്ദേഹം നിര്‍ദ്ദേശം കൊടുത്തു...ടീ ഷര്‍ട്ട്‌ ഊരിയ നായര്‍ പുലിയുടെ വയറു ഭാഗത്ത് ബര്‍മുഡക്കടിയില്‍ ഒരു കുപ്പി!! കുപ്പിയില്‍ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക്‌ കുഴല്‍ പുലിത്തലയുടെ ഉള്ളിലൂടെ നായര്‍ പുലിയുടെ വായിലേയ്ക്ക് പോകുന്നു.... കുപ്പിയില്‍ പകുതിയോളം വെള്ളം ചേര്‍ക്കാത്ത റം....!!!പുലിയുടെ ശൌര്യം ചോര്‍ന്നു പോകുമ്പോള്‍ ഇന്‍സ്റ്റന്റായി റീ ഫില്‍ ചെയ്യാന്‍ വേണ്ടി നായര്‍ പുലി കണ്ടുപിടിച്ച സൂത്രം കണ്ട സി ഓ സാബ് ഞെട്ടി.. ഞെട്ടല്‍ പിന്നെ കോപമാകുകയും പണീഷ് മെന്റ് ഡ്യൂട്ടിയായി പരിണമിക്കുകയും ചെയ്തു...നായര്‍ പുലി ഇപ്പോള്‍ ഡ്യൂട്ടിയിലാണ്...ഒരു പുലിവാല്‍ ഡ്യൂട്ടിയില്‍.


നര്‍മ്മം

14 comments:

രഘുനാഥന്‍ said...

പക്ഷെ പുലികളി തീരുന്നതിനു മുന്‍പ് അകത്താക്കിയതിന്റെ എഫെക്ട് തീര്‍ന്നു പോയാല്‍ അത് പുലിയുടെ ശൌര്യം കുറച്ചു കളയുമോ എന്നൊരു ശങ്ക നായര്‍ പുലിയെ പിടി കൂടിയിരുന്നു.

ramanika said...

as usual very interesting

happy onam!

പാവപ്പെട്ടവൻ said...

ഉണ്ടയില്ലാത്ത വെടിയേറ്റു പുലിയുടെ വയറ‌ില്‍ നിന്നും ചോര കിനിയുന്നത് കണ്ട വേട്ടക്കാരന്‍ രാജേന്ദ്രന്‍ ഞെട്ടി..
പുലി കളി പുളിച്ച കളിയായോ ?
ഓണാശംസകള്‍

മനോഹര്‍ കെവി said...

പേരു നായര്‍ സാര്‍ എന്നു കേട്ടപ്പോള്‍ തന്നെ മനസ്സിലായി - ആളു വെറും പുലിയല്ല , പുപ്പുലി തന്നെ ആയിരിക്കുമെന്നു. ( അതിശയമായിരിക്കുന്നു, എന്തുകൊണ്ടാണു നായര്‍ സാര്‍ എന്നു പേരുള്ള എല്ലാവരും ഇങ്ങനെ "മരുന്നു വീരന്‍മാര്" ആകുന്നതു -- ഇവിടെ ദോഹയിലും ഒരു നായര്‍ സാറുണ്ടു )
പാറപ്പുറത്തിന്റെയും, കോവിലന്റെയും, നന്തനാറിന്റെയും പിന്‍ഗാമിയായി ഒരു രഘുനാഥന്‍ കൂടി..... വെരി ഗുഡ്.
ഏതു റെജിമെന്‍റ്റാണു, അറ്റ് ലീസ്റ്റ് ഏതു സംസ്ഥാനമാണു വിവരിച്ചതു എന്നെങ്കിലും കാണിക്കാമായിരുന്നു.

Jayasree Lakshmy Kumar said...

നായർ പുലി പിടിച്ച പുലിവാൽ കലാക്കീട്ടോ :))

ഓണാശംസകൾ

കണ്ണനുണ്ണി said...

hi ഹി എനിക്ക് വയ്യ.. .നായര് അസ്സല്‍ പുലി തന്നെ... മിലിട്ടറി പുലി

കൂട്ടുകാരൻ said...

പുലിയുടെ വയറ്റില്‍ കുപ്പി കുത്തി കയറഞ്ഞത്‌ ഭാഗ്യം...പുലി തന്നെ കേട്ടാ.

Typist | എഴുത്തുകാരി said...

അങ്ങനെ പുലിക്കളി കഴിഞ്ഞു. ഇനി ഓണസദ്യ എന്താകുമോ എന്തോ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊള്ളാം..നല്ല വിവരണം..ഓണാശംസകൾ

ആര്‍ദ്ര ആസാദ് / Ardra Azad said...

കലക്കി സാര്‍...
:)

നീര്‍വിളാകന്‍ said...

ഇതൊരു കിടുക്കന്‍ വിവരണം തന്നെ ഒര്‍ത്ത് ഊറിച്ചിരിക്കാന്‍ വക നല്‍കി!

Unknown said...

രഘുസാബ്,

കലക്കി, ഞങ്ങളുടെ ജീവനും അഭിമാനവും കാത്തുസുക്ഷിക്കുന്ന ധീരയോദ്ധാക്കളായ നിങ്ങള്‍ക്കേവര്‍ക്കും, സ്നേഹം നിറഞ്ഞ ഓണാശംസകള്‍

പൊറാടത്ത് said...

:)
അങ്ങനെ ആല്‍തറയില്‍ പട്ടാളപുലിയും ഇറങ്ങി...

Areekkodan | അരീക്കോടന്‍ said...

അയ്യോ....ഞാന്‍ കരുതി...ഒറിജിനല്‍ വെടി തന്നെ പൊട്ടി എന്ന്.... ഒരുബ്‌ അനുശോചന യോഗം കേള്‍ക്കാതെ രക്ഷപ്പെട്ടു