Thursday, January 29, 2009

അജ്ഞാതവാസം

കാലത്ത് ടാപ്പിങ്ങിനു പോയ ചാണ്ടിയാണത് ആദ്യം കണ്ടത്.തോട്ടത്തില്‍ ഒരു കറുത്ത രൂപം.ചാണ്ടി ഒന്നുകൂടി നോക്കി.. അതെ സത്യം.. തീര്‍ച്ചയായും അവിടെ രൂപമുണ്ട്.. ചാണ്ടി അലറികൊണ്ടോടി..സാധാരണ ഗതിയില്‍ ടാപ്പിംഗ് കഴിഞ്ഞു പത്തുമണിയ്ക്ക് വരുന്ന ഭര്‍ത്താവ് അതിരാവിലെ അഞ്ചുമണിക്ക് തിരികെയെത്തിയത് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് പോതികെട്ടികൊണ്ടിരിക്കുകയായിരുന്ന അന്നമ്മ ഒന്നു ഞെട്ടി.പൊതിയും അടുക്കളയില്‍ കളഞ്ഞു ഓടിയെത്തിയ അന്നമ്മകണ്ടത് നിന്നു വിറയ്ക്കുന്ന കെട്ടിയവനെയായിരുന്നു..

"എന്‍റെ കര്‍ത്താവേ.. നിങ്ങള്‍ക്കെന്നാ പറ്റിയത്.....എന്നതാ കാലത്തെ അലറിക്കൊണ്ട്‌ ഓടിവന്നത്...."

കൈയിലെ നനവ് മുണ്ടില്‍ തുടച്ചു കൊണ്ടു അന്നമ്മ കെട്ടിയവനെ പിടിച്ചു...

"എടീ.. ഞാന്‍ കണ്ടു.. നമ്മുടെ തോട്ടത്തില്‍ ഒരാളെ.. മനുഷ്യനല്ല... തീര്‍ച്ചയായും പിശാച് തന്നെ.."

കാര്യം കേട്ടപ്പോള്‍ അന്നമ്മ പൊട്ടിച്ചിരിച്ചു.. കര്‍ത്താവില്‍ പോലും വിശ്വാസമില്ലാത്ത അന്നമ്മയ്ക്ക് സത്യത്തില്‍ പിശാചിനെയും പേടിയില്ലായിരുന്നു.. ഒരു പക്ഷെ തന്നേക്കാള്‍ വലിയ എന്തുപിശാചിനെ കര്‍ത്താവിനു സൃഷ്ടിക്കാന്‍ കഴിയുമെന്ന സംശയമാവം ഇങ്ങനെ ഒരു അവിശ്വാസത്തിനു പിന്നില്‍.പക്ഷെ പിറ്റേന്ന് നേരം പുലര്‍ന്നത് നാടെങ്ങും ഭൂത പ്രേത പിശാചുക്കളുടെ വാര്‍ത്തയുമായിരുന്നു.തൊഴിലില്ലാത്ത മിക്കവരും കവലയില്‍ ഒത്തുകൂടി..

"ഞാന്‍ കണ്ടതാ..കാലത്തെ ഒരു വെളിക്കിറങ്ങാന്‍ പോയപ്പഴാ.. മുടിയഴിച്ച് ഒരു അറുകൊലമാതിരി ഒരെണ്ണം പാഞ്ഞുപോയത്.."

കുട്ടപ്പന്‍ പറഞ്ഞപ്പോള്‍ മുഖം ഭീതികൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു.

"ഞാനും കണ്ടു.. പക്ഷെ ഭയാനകമായ ആ വരവ് കണ്ടു മറ്റൊന്നും എനിക്കോര്‍മ്മയില്ല.."

മനീഷിന്‍റെ വാക്കുകള്‍ ജനങ്ങള്‍ പേടിയോടെയാണ് ജനങ്ങള്‍ ശ്രവിച്ചത്. പക്ഷെ മൊതല ജാനകിയുടെ വീട്ടില്‍നിന്നും അതിരാവിലെ വന്നപ്പോഴാണ് കണ്ടതെന്ന് പറഞ്ഞാല്‍ സംഭവം വേറെ വഴിതിരിയുമെന്നു തിരിച്ചറിഞ്ഞ മനീഷ് പകുതി വിഴുങ്ങുകയായിരുന്നു.വീണ്ടും പ്രേതങ്ങളുടെയും പ്രേതത്തെ കണ്ടവരുടെയും വിവരങ്ങള്‍ കേട്ടപ്പോള്‍ കീഴാംതൂക്കെന്ന ഗ്രാമം ഒരു ഭീതിയിലമര്‍ന്നു..ഇനി പ്രേതമിറങ്ങിയത് ആരെയെങ്കിലും കൊണ്ടുപോകാനാണോ.. അതോ വല്ല വൈരാഗ്യം തീര്‍ക്കാനോ..പക്ഷെ കീഴാംതൂക്കില്‍ പിറ്റേന്നുമുതല്‍ രാത്രിയില്‍ ആരും വെളിയില്‍ ഇറങ്ങാതായി..മൂത്രമൊഴിക്കാന്‍ പോലും മുറ്റത്ത്‌ ഇറങ്ങുവാന്‍ ആളുകള്‍ മടിച്ചു..

പക്ഷെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു ദുഃഖവാര്‍ത്തയ്ക്കും ഗ്രാമം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഗ്രാമത്തിലെ അത്യാവശ്യം പേരുകേട്ടതറവാട്ടിലെ ഒരു യുവാവിനെ കാണാനില്ല.. അദ്ദേഹത്തിന്‌ ഭാര്യയും കുട്ടിയുമുണ്ട്..പക്ഷെ പിന്നീട് പോലീസില്‍ പരാതിപ്പെട്ടിട്ടും ബന്ധുക്കള്‍ ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തിയിട്ടും സുധീഷ്‌ എന്ന ആ ചെരുപ്പകാരനെപ്പറ്റി യാതൊരു വിവരവും ലഭിച്ചില്ല..സുധീഷിന്‍റെ തിരോധാനത്തോടെ ഒരു വിധത്തില്‍ പ്രേതശല്യം കെട്ടടങ്ങിയെന്ന് പറയാം.. ഒരു യുവാവിന്‍റെ രക്തം കുടിച്ച പ്രേതം തന്‍റെ ദാഹം തീര്‍ത്തെന്നും തന്ത്രികള്‍ വിധിയെഴുതി.. പക്ഷെ ശാന്തിനിലയമെന്ന വീട്ടിലെ സുധീഷിന്‍റെ തിരോധാനത്തിനു അങ്ങനെയൊരു ആശ്വാസം നാട്ടുകാര്‍ കണ്ടെങ്കിലും സുധീഷിന്‍റെ ഭാര്യ ജലജയ്ക്ക് പിന്നീടുള്ള ദിനങ്ങള്‍ കണ്ണീരില്‍ മയങ്ങാന്‍ മാത്രമായിരുന്നു.

++++++++++++++++++++++++++++

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു . പതിമൂന്നു വര്‍ഷം കഴിഞ്ഞു ..മകനെ സ്കൂളില്‍ വിട്ടിട്ടു ജലജ മുറ്റമടിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു തമിഴ് പയ്യന്‍ ഭിക്ഷയാചിച്ചുകൊണ്ട് കയറിവന്നത്.. അവന്‍റെ അമ്മയും അപ്പനുമാണ് തോന്നുന്നു വേറെ രണ്ടു പട്ടിണി കോലങ്ങള്‍ ഗേറ്റിനു വെളിയില്‍ നില്‍പ്പുണ്ടായിരുന്നു.ഭിക്ഷക്കാരനാണെങ്കിലും അവന്‍റെ കണ്ണുകള്‍ പരിചിതമാണെന്ന് തോന്നുന്നല്ലോയെന്ന ചിന്തയായിരുന്നു ജലജയ്ക്ക്..

കൈയില്‍ അഞ്ചുരൂപ കൊടുത്തയക്കുമ്പോള്‍ ആ പയ്യനോട് എന്താണ് ഇത്രയും പരിചയം തോന്നാനുള്ളതെന്ന ചോദ്യത്തിനുത്തരം തേടുകയായിരുന്നു ജലജ..പക്ഷെ മകന്‍ ഭിക്ഷ വാങ്ങിവരുന്നതു നോക്കികൊണ്ടിരുന്ന മുറിക്കാലന്‍ അച്ഛന്‍റെ കണ്ണില്‍ നിന്നും വീണ കണ്ണ് നീരിന്‍റെ അര്‍ത്ഥം എന്താണെന്ന് മകന് മനസ്സിലായില്ല..

പക്ഷെ പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യയെ കാണേണ്ടിവരുന്ന ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ ആ കുരുന്നിന് കഴിയുമായിരുന്നില്ലല്ലോ..

Sunday, January 25, 2009

രാഷ്ട്രം ഇന്ന്‌ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.


ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനം സവിശേഷമാണ്.
1950 ജനുവരി 26നു ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറി. ഭരണഘടന അംഗീകരിക്കപ്പെട്ടത് ഈ ദിവസമാണ്. ഈ ദിനത്തിന്‍റെ പ്രാധാന്യ ത്തെ അനുസ്മരിച്ച് എല്ലാവര്‍ഷവും ഈ ദിവസം തലസ്ഥാനമായ ഡല്‍‌ഹിയില്‍ ആഘോഷിക്കുന്നു .
രാഷ്ട്രപതി ഭവന് സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്‍റാകും പരേഡില്‍ സല്യുട്ട് സ്വീകരിക്കുക.

1930 ജനുവരി മുപ്പതിനാണ് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ പൂര്‍ണ്ണമായും സ്വതന്ത്രമാകണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്, എന്നൊരു പ്രത്യേകത ജനുവരി 26ന് ഉണ്ട്.

മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരരോട് ഏറ്റുമുട്ടി മരിച്ച എന്‍ എസ് ജി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും എടി‌എസ് തലവന്‍ ഹേമന്ത് കര്‍കറെയ്ക്കും അശോക ചക്ര അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്.

റിപ്പബ്ലിക് ദിന പരേഡില്‍ പ്രതിരോധ മന്ത്രി എ കെ ആന്‍റണി ആണ് ജവാന്‍‌മാരുടെ അഭിവാദ്യം സ്വീകരിക്കുന്നത്.


റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഭാരതത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനും ബഹിരാകാശ ഗവേഷണ വകുപ്പ് സെക്രട്ടറിയുമായ ജി മാധവന്‍ നായര്‍ അര്‍ഹനായി.




ചലച്ചിത്ര നടന്‍ തിലകന്‍, ഐശ്വര്യാ റായ്, അക്ഷയ് കുമാര്‍, കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, കെ വിശ്വനാഥന്‍, ലീല ഓംചേരി, ഡോ. വിജയരാഘവന്‍, സി കെ മേനോന്‍ കെ പി ഉദയഭാനു എനിവര്‍ പത്മശ്രീ ബഹുമതിക്ക് അര്‍ഹരായി. 93 പേര്‍ക്കാണ് പത്മശ്രീ ബഹുമതി

Saturday, January 24, 2009

മൗനം


ഓര്‍മ്മകള്‍ മാത്രമെനിക്കു നല്‍കി,എന്റെ
ഓമനേ നീയെന്നകന്നുപോയി?
ഒന്നുരിയാടാതെ, ഒന്നും പറയാതെ
എങ്ങനെയിത്രയടുത്തു നമ്മൾ...
എന്നാണ് നമ്മളില്‍ ആദ്യാനുരാഗത്തിന്
മൊട്ടുവിടർന്നതെന്നോർമ്മയുണ്ടോ?

പാദസരത്തിന്‍ കൊളുത്തന്നടര്‍ന്നപ്പോള്‍
മൃദുവായി നിന്നെ വിളിച്ചനാളോ..?
നാട്ടുവഴിയിലെ വേലിപ്പടര്‍പ്പില്‍ നിന്‍-
ദാവണി തുമ്പൊന്നുടക്കിയപ്പോള്‍
ചാരേയടുത്തൊരെന്മുന്നിലക്കൈകളാൽ
മാറിന്റെ നാണം മറച്ച നാളോ ?

പുതുമഴക്കാലത്തിലെല്ലാം നനഞ്ഞു നീ
പുസ്‌തകം മാറോടു ചേര്‍ത്തു പോകേ..
ആമഴയാകെ നനഞ്ഞു ഞാനെൻ കുട
നൽകിയൊരാപ്പോയ നല്ല നാളോ ?
താലപ്പൊലിയേന്തിനിന്ന നിന്‍ നാണമാ
ദീപത്തിലൂടെ ഞാൻ കണ്ടനാളോ?

അര്‍‌ദ്ധനാരീശ്വര ക്ഷേത്രത്തില്‍ വെച്ചെനി-
യ്‌ക്കര്‍‌ച്ചനപ്പൂക്കള്‍ നീ തന്നനാളോ?
ആല്‍മര ചോട്ടിന്‍ തണലത്തിരുന്നെന്റെ
നെറ്റിയില്‍ ചന്ദനം തൊട്ടനാളോ?
ഏതെന്നറിയാതെ ഓര്‍ത്തുവയ്‌ക്കുന്നതിന്‍-
മുമ്പെന്നെ വിട്ടു നീയെങ്ങു പോയീ?

എങ്കിലും ആദ്യാനുരാഗത്തിന്‍ ദിവ്യാനു-
ഭൂതിയെനിക്കു പകർന്ന നീയെൻ
പിറക്കാനിരിക്കുന്ന ജന്മത്തിലൊക്കെയും
സൗന്ദര്യ ദേവതയായിരിക്കും..!

Friday, January 23, 2009

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കരുത്

ഇന്ത്യയെ മൊത്തമായും ചില്ലറയായും അമേരിക്കക്ക് അടിയറവച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാഷ്ടീയകോമരങ്ങള്‍. ആയിരങ്ങള്‍ ജീവന്‍ ബലിയര്‍പ്പിച്ചും, ഇന്നും ജീവഛവങ്ങളായ് ജീവിക്കുന്ന സ്വാതന്ത്യസമരസേനാനികള്‍ വിയര്‍പ്പൊഴുക്കിയും നേടിതന്നതാണ് അതന്ന് നമ്മളും പലപ്പോഴും മറക്കുന്നു. ഒരു I.P.S ഓഫീസറിന്റെ ഭാര്യ ദേശീയ പതാക അവരുടെ കാല്‍കീഴിലിട്ട് ചവിട്ടുന്ന ഒരു ചിത്രം കുറെനാള്‍ മുന്‍പ് നമ്മള്‍ കണ്ടു. ആരോ വിദേശവനിത ഇന്ത്യയുടെ ദേശീയ പതാകയാണന്നറിയാതെ, എന്തോ ഒരു തുണികഷണം എന്ന് കരുതി തറയില്‍ വിരിച്ചതിനും, അത് അവിടനിന്നും എടുത്തുമാറ്റുന്നതിനുമിടയില്‍ വീണുകിട്ടിയ സെക്കന്‍ഡുകളുടെ ഇടവേളയില്‍ മിടുക്കനായ ഫോട്ടോഗ്രാഫര്‍ തന്റെ ക്യാമറയില്‍ ക്യത്യമായ് പകര്‍ത്തി നെറ്റിലേക്ക് ഇട്ടതാണന്നുമാണ് അന്വഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ നമ്മുടെ ദേശീയ ഗാനാലാപന രീതിയെ അമേരിക്കന്‍ സമ്പ്രദായത്തിന് അടിയറ വച്ച ഡോക്ട്. ശശി തരൂറിന് അബദ്ധം പറ്റിയതാണന്നു പറയാന്‍ നിര്‍‌വാഹമില്ലല്ലോ? ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലാണ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ സദസ്യരെകൊണ്ട് അമേരിക്കക്കാര്‍ ചെയ്യും പോലെ വലതു കൈ നെഞ്ചോടു ചേര്‍ത്തു വയ്‌ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്.
'ഭാരതകഥ'യും [Great Indian Novel (1989)], ഇന്ത്യ. അര്‍ത്ഥരാത്രി മുതല്‍ ഈ നൂറ്റാണ്ടു‌വരയും ശേഷവും [India : From Midnight to the Millennium and Beyond (1997)] രചിച്ച ഡോക്ട്. ശശി തരൂറിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും അതില്‍ ദേശീയ ഗാനത്തിന്റെ പങ്കും അറിയില്ല എന്നു ധരിക്കാന്‍ കഴിയുകയില്ല. ബ്രിട്ടനില്‍ ജനിച്ച് ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ ഐക്യനാടുകളില്‍ ചിലവിട്ട അദ്ദേഹത്തിന് അതിന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലന്നുവേണം അനുമാനിക്കാന്‍. അമേരിക്കയാണ് അവസാനവാക്ക് എന്ന് കരുതുന്നവര്‍ക്കും, സായിപ്പിന് അഭിമാനം അടിയറവച്ച് പാദസേവ ചെയ്യുന്നവര്‍ക്കും ഇന്ത്യയുടെ ദേശീയ പതാകയെയും, ദേശീയ ഗാനത്തേയും അതിന്റെ നടപടിക്രമങ്ങളേയും ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്നു വരില്ല എന്നു മാത്രമല്ല ഡോ. ശശി താരൂറിന് ഓശാന പാടി എന്നും വരാം.

ആയിരകണക്കിന് ധീരദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ അടിമത്വത്തില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്യം നേടിതന്നത് അമേരിക്കയുടെ ആധിപത്യം സ്വീകരിക്കാനായിരുന്നില്ല. ദേശീയപതാകയും ദേശീയ ഗാനവും ഏതുരാജ്യത്തിനും പ്രീയപ്പെട്ടതാണ്. അത് രാജ്യത്തിന്റെ അഭിമാനമാണ്. ദേശീയ പതാക ഉയര്‍ത്തുന്നതിനും, ദേശീയ ഗാനം ആലപിക്കുന്നതിനും ലിഖിതമായ നടപടിക്രമങ്ങള്‍ നമ്മുടെ ഭരണഘടനയിലുണ്ട്. അത് യു. എന്‍ പ്രതിനിധിയായപ്പോള്‍, ഭാര്യാ സ്ഥാനത്ത് ഇന്ത്യന്‍ വംശജയായ തിലോത്തമ താരൂറിനെ മാറ്റി കനേഡിയന്‍ വംശജയായ ക്രിസ്റ്റ ഗില്‍സയെ പ്രതിഷ്‌ഠിക്കുന്നതുപോലെ മാറ്റാനുള്ള ഒന്നല്ല. ഇന്ത്യയിലെ നിരക്ഷരരായ ജനങ്ങള്‍പോലും ആ ചട്ടവട്ടങ്ങള്‍ പാലിക്കുമ്പോള്‍ അറുപത് വര്‍ഷത്തിലേറയായി ഭാരത ജനത അനുവര്‍ത്തിച്ചുവരുന്ന ആ നടപടിക്രം മാറ്റിമറിക്കാന്‍ ഡോക്ട്. ശശി താരൂറിന് എന്താണ് അധികാരം?

ഡോക്ട്. ശശി താരൂറിന് അമേരിക്കയോടുള്ള വിധേയത്വം പ്രകടിപ്പിക്കാനുള്ളതല്ല ഒരു ജനതയുടെ അത്മാവിഷ്‌കാരത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും പ്രതിബിംബമായ ദേശീയഗാനം. നമ്മുടെ ദേശീയ ഗാനം ആലപിക്കാന്‍ അമേരിക്കന്‍ രീതി അവലംബിക്കാന്‍ നിര്‍ബന്ധിച്ച വികാരം ബോംബയിലെ തെരുവുകളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരവല്ല മറിച്ച് സായിപ്പിനെ പ്രീതിപ്പെടുത്തി സായൂജ്യമടയാനുള്ള അധമമായ വികാരം മാത്രമാണതന്ന് മനസ്സിലാക്കാന്‍ മാത്രം ഉള്ള സാമാന്യ ബുദ്ധിയങ്കിലും ഇന്ത്യന്‍ ജനതക്കുണ്ട്. ഡോക്ട്. ശശി താരൂറിനെ ഡോക്ട്. ശശി താരൂറാക്കിയ ഇന്ത്യ, അമേരിക്കക്കാരന്‍ ഉണ്ടാക്കിയതോ സായിപ്പിന്റെ ഔദാര്യമോ അല്ല.

ഒരിക്കല്‍ കേരളത്തിന്റെ അഭിമാനമാണ് ഡോക്ട്. ശശി താരൂര്‍ എന്ന് കരുതുകയും അതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. ആ വികാരമായിരുന്നു Dr. Sasi Tharoor-a Handsome Personality എന്ന ഒരു ബ്ലോഗ് പോസ്റ്റിടാന്‍ പ്രേരണയായതും . എന്നാല്‍ സായിപ്പിന്റെ പാദസേവചെയ്ത് അവനു താറുതാങ്ങി സായൂജ്യമടയുന്ന, മലയാളമണ്ണിന്റെ നാണക്കേടുമാത്രമായി അധ:പതിച്ചുപോയി എന്നറിയുമ്പോള്‍ 'ഭാരതകഥ' രചിച്ച ആ വ്യക്തിത്വം മനസ്സില്‍ നിന്നും മായുകയാണ്.

അമേരിക്കയിലേക്ക് കുടിയേറുകയും എല്ലാ കാര്യത്തിലും സായിപ്പിനെ അനുകരിക്കുകയും അവന്റെ ആട്ടും തുപ്പും ഏല്‍ക്കുന്നതും അവന്റെ വിഴുപ്പു ചുമക്കുന്നതും പുണ്യമായികരുതുകയും, മരിച്ചാലും എന്റെ ശരീരം സായിപ്പിന്റെ മണ്ണില്‍ തന്നെ അടക്കം ചെയ്യണമന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്ന അന്തസും ആത്മാഭിമാനവുമില്ലാത്ത നപുംസകങ്ങള്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ.

N.B: ബുക്കിന്റെ പേരിനു മുകളില്‍ ക്ലിക്ക് ചെയ്‌താല്‍ ഗൂഗിള്‍ ബു‌ക്‌സില്‍ Great Indian Novel-ലും, India : From Midnight to the Millennium and Beyond-ഉം വായിക്കാവുന്നതാണ്.

നമഃനാമി

ഒരു ഞായറാഴ്ചയാണ് അയാളെത്തിയത്. അവധിദിവസമായിരുന്നിട്ടും മിക്കവാറും എല്ലാവരും കവലയിലുണ്ടായിരുന്നു. പതിവ് വെടിവട്ടകാരുടെ സങ്കേതമായ ആല്‍ത്തറയിലെ ആളുകള്‍ പക്ഷെ അപരിചിതനെ കണ്ടപ്പോള്‍ അല്പം ഭയത്തോടെ എഴുന്നേറ്റു.
ചൈതന്യം ഉണ്ടെങ്കിലും ക്രൌര്യതയുടെ മിന്നലാട്ടമുള്ള മുഖം.

"ആരാ."

നീരു പതിയെ ചോദിച്ചു..
അപരിചിതന്‍ ഒരു ചോദ്യചിഹ്നത്തോടെ നീരുവിനെ നോക്കി.

"അല്ല ഞാന്‍ ചുമ്മാതെ ചോദിച്ചതാ..വെറുതെ..."

ആഗതന്‍ ഏവരേയും മാറി മാറിനോക്കി..

"ഞാന്‍ നമഃനാമി ... നാമമില്ലതവനെന്നോ നാമത്തെ നമിക്കുന്നവനെന്നോ വിളിക്കാം.. അല്ലെങ്കില്‍ അവനെ നാമം എന്ന് വിളിക്കുന്നു.. അവനെ നമിക്കുന്നു.."

എല്ലാവരും പരസ്പരം നോക്കി.. മദ്യപുരിയില്‍ അല്ലെങ്കിലും സാഹിത്യപണ്ഡിതരോ സംസ്കൃതമുന്‍ഷികളോ ഇല്ലല്ലോ..
അയാളുടെ മറുപടിയില്‍ എല്ലാവരും ഗുരുവിനെ കണ്ടെത്തി..
ദിവസങ്ങള്‍ കഴിയുന്നോറും അയാളുടെ പ്രാധാന്യം ആല്‍ത്തറയിലും ഏറിയേറി വന്നു.

കല്യാണത്തിനും മരണത്തിനും ജനനത്തിനും അയാളില്ലാതെ അയാളുടെ പ്രാര്‍ത്ഥനയില്ലാതെ പൂര്‍ണതയാവില്ലെന്ന ഗതിവന്നു.
പക്ഷെ മാണിമുത്തശ്ശിയുടെ മന്ത്രവാദത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ക്രമേണ മന്ത്രവാദത്തിന്‍റെ സാത്വികമായതല്ല ആഭിചാരമായതാണ് മാണിമുത്തശ്ശിയുടെതെന്നു ജനക്കൂട്ടത്തെ വിശ്വസിപ്പിച്ച വരത്തന്‍ സ്വാമിപതിയെ ഗ്രാമത്തിലെ നിയന്ത്രണം കൈയടക്കി എന്നുവേണം പറയാന്‍.

പക്ഷെ ഒരു ദിവസം ഒരാളെത്തി..വീണ്ടും ഒരപരിചിതന്‍ ഗ്രാമത്തില്‍ എത്തിയതുകണ്ട ഗ്രാമവാസികള്‍ ഒത്തുകൂടി.. പുറംലോകവുമായി അധികം ബന്ധമില്ലാത്ത മദ്യപുരിയില്‍ വീണ്ടും അപരിചിതനായ ഒരുവന്‍ വീണ്ടും..
ഗ്രാമത്തിലെ ആസ്ഥാനഗുണ്ടകളായ പാമു,തോന്ന്യാസി തുടങ്ങിയവര്‍ ആഗതനെ കൈയ്യേറ്റം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.

"ഞാന്‍ ദീപാങ്കുരന്‍. പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.. നിങ്ങള്‍ ഇതുവരെ പാദസേവ ചെയ്ത വരത്തന്‍ ഒരു ക്രിമിനല്‍ ആണ്.
ഇന്‍റര്‍പോള്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ച ഒരു വന്‍ ക്രിമിനല്‍.
നമഃനാമി ഹൂം.. അവന് പേരെ ഇല്ല. എതുപേരും സ്വീകരിക്കും.
ഇപ്പോള്‍ ഒരു പക്ഷെ ബിനാമിയായി ഏതെങ്കിലും ആല്‍ത്തറയിലോ പള്ളിമുറ്റത്തോ കാണും..


ആരും വരാത്ത ഈ ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാനായി വന്നതാണ്. സാറ്റലെറ്റ് ഫോണ്‍ വഴി ഇവിടെയിരുന്നു എല്ലാവരുമായി ബന്ധപ്പെടും.. അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇവന്‍റെ കൈക്കൂലി പട്ടികള്‍ ഉണ്ട്. അവരുടെ സഹായത്താല്‍ എന്നെ സസ്പെന്‍ഷനില്‍ ആക്കി.. അവനെ കൊന്നുവേണം എനിക്ക് ജോലിയില്‍ തിരികെ കയറാന്‍.."

പെട്ടെന്ന് ഒരു ആരവം കേട്ടു.. സ്ത്രീകള്‍ അലറിവിളിച്ചുകൊണ്ട് ഓടിയെത്തി..

"സാറേ ചതിച്ചു.. ആ സ്വാമി പോയപ്പോള്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൊണ്ടാ പോയത്.."

സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു..
ദീപാങ്കുരന്‍ ചിരിച്ചു..

"നിങ്ങളുടെ മാനം പോയില്ലല്ലോ.. ഭാഗ്യം.."

"സാറേ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.. അവനെ പിടിക്കാന്‍.."

ജനക്കൂട്ടം ഒറ്റകെട്ടായി പറഞ്ഞു..
പക്ഷെ ആ സമയം തായ് ലന്‍ഡിലെ ഫൂക്കേതില്‍ കുങ്ങ്ഫൂ പഠിപ്പിച്ചുകൊണ്ടിരുന്ന നമഃനാമി അല്ല നീമിയന്‍ചാണൂ അട്ടഹസിച്ചു..

ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..

Thursday, January 22, 2009

ഒരു നിസാര ചോദ്യം

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അടുത്ത വീട്ടിലെ ആറാം ക്ലാസുകാരി ഒരു സംശയവുമായ് എന്റെ അടുത്തു വന്നു. കൊച്ചുകുട്ടിയുടെ സംശയമല്ലേ എന്ന് ആദ്യം വിചാരിച്ചു.
പക്ഷേ കുട്ടിയുടെ ചോദ്യം എന്നെ തെല്ലൊന്നു കുഴക്കി. ചോദ്യം നിസാരമായിരുന്നുവങ്കിലും ഉത്തരം അത്ര നിസാരമായി തോന്നിയില്ല.
എല്ലാവര്‍ക്കും സുപരിചിതമായ ഒരു മലയാളം വാക്കിന്റെ പര്യായം.
ഉത്തരം അറിയില്ല എന്ന് എങ്ങനെ ആണ് പറയുക.
അതും വളരെ ചറിയ ഒരു കുട്ടിയുടെ നിസാരമായ ചോദ്യത്തിന്.
അടുത്തുള്ള ഗവണ്‍‌മന്റ് സ്കൂളില്‍ പഠിക്കുന്ന കുട്ടിയെ മലയാളം പഠിപ്പിക്കുന്നതും അയല്‍‌വാസിയായ ടീച്ചര്‍ തന്നെ. ഒരു കാര്യം ചെയ്യൂ 'മോള് പോയിട്ട് കുറച്ച് കഴിഞ്ഞു വരൂ' എന്ന് പറഞ്ഞ് കുട്ടിയെ ഒഴിവാക്കി. നേരെ ഫോണ്‍ എടുത്ത് മലയാളം പഠിപ്പിക്കുന്ന ടീച്ചറിനെ വിളിച്ചു. ടീച്ചറിനും ഉത്തരം അറിയില്ല. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും ഉള്ള കൂട്ടുകാരിയെ വിളിച്ചുചോദിച്ചു. ഉത്തരം കിട്ടിയില്ല.
പിന്നെ മലയാളവുമായ് ബന്ധമുള്ള പലരെയും വിളിച്ച് ഇതു തന്നെ ചോദിച്ചു. നിരാശ തന്നെ ഫലം. ഒടുവില്‍ അമ്മയോടു ചോദിച്ചു. അമ്മക്കും അറിയില്ല. എന്നും എന്ത് പ്രശ്നത്തിനും ഒരു സൊലൂഷന്‍ കണ്ടത്തിതരുന്ന അമ്മ ഇതിനും ഒരു സൊലൂഷന്‍ തന്നു. സംസ്‌ക്യതവും, ഉപനിഷതും കുറച്ചൊക്കെ പഠിച്ചിട്ടുള്ള വലിയമ്മാവനെ വിളിച്ചു ചോദിച്ചാല്‍ പറയും. അപ്പോഴും പ്രശ്‌നം.
ആര് അമ്മാവനെ വിളിക്കും. ഒടുവില്‍ അമ്മതന്നെ വിളിച്ചു ചോദിച്ചു.
രണ്ടു പര്യായം ചോദിച്ചപ്പോള്‍ കിട്ടിയത് നാല്.

എന്തായിരുന്നു ആ നിസാര ചോദ്യം എന്നാവും?.
കോഴി എന്ന പദത്തിന്റെ പര്യായം. എന്തായിരിക്കും കോഴിയുടെ പര്യായം?


Wednesday, January 21, 2009

“ബൂലോകത്ത് നിന്ന് ഒരു പ്രതിഭക്ക് കൂടി അംഗീകാരം."

'CInergy 2008'ടെലിഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്'
[WMC Toast Masters- Cinergy 2008]

ബൂലോകത്ത് നിന്ന് ഒരു പ്രതിഭക്ക് കൂടി അംഗീകാരം സ്മരണിക എന്ന ബ്ലോഗുടമയായ അജിത് നായര്‍ , ബഹറനിനില്‍ നടന്ന " സിനര്‍ജി 2008" ഹ്രസ്വ ചിത്ര മേളയിലെ പ്രധാനപ്പെട്ട 5 അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്. വയനാട്ടുകാരനായ അജിത് , ബഹ്റൈനിലാണ് താമസിക്കുന്നത്. ' മഴനൂലുകള്‍, വഴിയറിയാതെ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

WMC Toast Masters നടത്തിയ 'CInergy 2008' എന്ന ടെലിഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ ഔട്ട്ഫിറ്റ്സ് [വേഷങ്ങള്‍] എന്ന ചിത്രത്തിനു മികച്ചകഥയ്ക്കും തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച ചിത്രത്തിനും ഡ്രീംസ് എന്ന നിശബ്ദചിത്രത്തിന് മികച്ച തിരക്കഥയ്ക്കും മികച്ച രണ്ടാമത്തെ സംവിധായകനും ഫ്രജൈല്‍ എന്ന ചിത്രത്തിനു മികച്ച എഡിറ്റിങ്ങിനും ഉള്ള അവാര്‍‌ഡുകള്‍ അദ്ദേഹം തന്നെ കരസ്ഥമാക്കി. കൂടാതെ വേഷങ്ങൾ മികച്ച നടനും മികച്ച രണ്ടാമത്തെ സഹനടിയ്ക്കുമുള്ള അവാർഡുകളും കൂടി നേടിയത് മധുരത്തിനൊപ്പം ഒരിരട്ടിമധുരമായി.. അജിതിന്റെ മൂന്നു ചിത്രങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്


"ഗള്‍ഫിലെ സാധാരണകാരനായ തൊഴിലാളിയുടെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് Outfits [വേഷങ്ങള്‍]" എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍"

സിനര്‍ജി 2008 എന്ന ബഹറിനിലെ ആദ്യ ഹ്രസ്വ ചിത്രമെളയുടെ ഫലപ്രഖ്യാപനം നടന്നപ്പോള്‍ തന്‍റെ ഒരേ ചിത്രത്തിനു തന്നെ നാല് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സന്തോഷത്തിലാണ് സംവിധായകന്‍ അജിത് നായര്‍. തനിക്ക് ചുറ്റും കണ്ട മനുഷ്യമുഖങ്ങളെ വഴിയില്‍ ഉപേക്ഷിക്കാതെ മനസ്സിലേറ്റിയ ഈ കലകാരന്‍ അവയ്ക്ക് ജീവന്‍ നല്‍കുകയായിരുന്നു വേഷങ്ങള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ.

"വേഷങ്ങള്‍ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടുകളായിരുന്നു. കണ്ടു കഴിയുമ്പോള്‍ പ്രേഷകനായി മാറി നില്‍ക്കാനാവാതെ, അന്നുവരെ അനുഭവിച്ചത് വെളിയില്‍ പറയാന്‍ വാക്കുകളില്ലാതെ ഇരുന്നവര്‍
'ഇതെന്റെയും അനുഭവം ആണല്ലൊ' എന്ന് പറയുന്ന ഒരു എഫക്റ്റ് മനസ്സില്‍ ഉണര്‍ത്താൻ ആ ചിത്രത്തിനു കഴിഞ്ഞു. നാടുവിട്ടാൽ ഏതു ജോലിയും ചെയ്യുന്ന കഠിനാദ്ധ്വാനിയായ മലയാളിയുടെ സ്വപ്നങ്ങളും നൊമ്പരങ്ങളും കഷ്ടപ്പാടുകളും ചുമലിലേറ്റിയ കടപ്പാടുകളും എല്ലാം തന്നെ വളരെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു. ജീവിക്കാന്‍ മറ്റുമാര്‍ഗമില്ല്ലാതെ നാടുവിട്ട പച്ചമനുഷ്യരുടെ ജീവിതത്തിന്റെ വൈഷമ്യങ്ങളും മുറവിളികളും മിഴിവോടെ, മികവോടെ പറഞ്ഞ ചിത്രം ! ! "‌

ഓരോ പ്രവാസിയുടേയും അന്തമില്ലാത്ത ഏകാന്തതയെപ്പറ്റി, അഴിയ്ക്കുന്തോറും കൂടുതൽ മുറുകുന്ന ചിന്തകളേപ്പറ്റി, കഴുത്തില് വരിഞ്ഞു മുറുകുന്ന കടക്കെണിയെ പറ്റി, ഉറ്റവരെ പിരിഞ്ഞ ദുഃഖത്തെപ്പറ്റി, നിറക്കൂട്ടുകള്‍ ഇല്ലാതെ അജിത്ത് ആവിഷ്കരിച്ചിരിക്കുന്നു, ചിത്രം കണ്ടു കഴിയുമ്പോൾ ഗൾഫുകാരനെ പറ്റിയുള്ള പല മിഥ്യാധാരണകളും പ്രേക്ഷകരുടെ മനസ്സുകളിൽ നിന്നും മാറുന്നത് അവരറിയുന്നു. വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്രയും കലാമൂല്യമുള്ള ഒരു ചിത്രം അദ്ദേഹം നിർമ്മിച്ചെടുത്തതെന്നറിയുമ്പോൾ ആ പ്രതിഭയുടെ കഴിവുകൾ ഇനിയും കൂടുതൽ മികവോടെ കാണുവാൻ നാം ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ കടമെടുത്താൽ "ഈ ചിത്രം പ്രവാസികളല്ല കാണേണ്ടത് മറിച്ച് അവരുടെ ബന്ധുക്കളാണ്.." എന്നു നാം സമ്മതിച്ചു പോകുന്നു.

ഒരു നേരത്തെ ഭക്ഷണത്തിനു മുട്ടുമ്പോഴും പലിശയ്ക്ക് കടം വാങ്ങിയ ദര്ഹം നാട്ടില് എത്തിച്ച് സംതൃപ്തിയുടെ സ്വപ്ന ലോകത്തെ സുല്ത്താനായി വാഴുന്നൊരെ കുറ്റം പറയില്ലാ ഞാന്. ആ സ്വപ്നം ഇല്ലാതായാല് ഞെട്ടറ്റ് വീണു പോകും പ്രവാസികളില് പലരും .. ഞാനങ്ങ് 'ദുബായീന്നാ വിളിക്കുന്നെ' എന്ന് പറയുമ്പോള്‍‌ കേട്ടിരിക്കുന്ന ബന്ധുവിന് എന്തറിയാം ആ പാവം പ്രവാസിയുടെ നൊമ്പരത്തെ പറ്റി!

"ഗള്‍ഫിലെ സാധാരണകാരനായ തൊഴിലാളിയുടെ ജീവിതത്തൈന്റെ സത്യസന്ധമായ
ആവിഷ്ക്കാരമാണ് Outfits [വേഷങ്ങള്‍] എന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍"

പ്രവാസ വേഷങ്ങളൂടെ കെട്ടഴിച്ച "വേഷങ്ങള്‍"

ആത്മ ബലികള്‍

തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

സ്നേഹക്കുറിപ്പുകൾ പലപ്പോഴും

ദുരന്താക്ഷരങ്ങളാകുന്നു.

ആര്‍ക്കൊക്കെയൊ

വെളിച്ചമാകാന്‍

കത്തിയെരിഞ്ഞു

എണ്ണ വറ്റിപ്പോയ പടുതിരികള്‍..

കുറ്റപ്പെടുത്തലുകള്‍ക്ക്

ഏതു ഹേതുവിലാണുമൊഴികള്‍

തേടേണ്ടതു?

ബാങ്ക് ഡ്രാഫ്റ്റുകളില്‍

സ്നേഹത്തിന്റെ കണക്കുകള്‍

സൂക്ഷിക്കുന്ന ബന്ധുക്കളിലോ?

വരവറിയാതെ വാരിച്ചൊരിയുന്ന

ഹ്യദയവിശാലതകളിലോ?

അവനെ ജീവിക്കാന്‍

അനുവദിക്കുക

അവനു വേണ്ടി

ജീവിക്കാന്‍ അനുവദിക്കുക..

[അജിത് ]


ഡ്രീംസ്.





Dreams


Dreams is a satirical composition set against the backdrop of a tailoring shop and its two employees. While other employees are busy with their chores our protagonist and his mentor are busy putting into practice 'tailor made-how to make money' solutions on unsuspecting prey.
Ajith Nair adopts a simple narrative style with brilliant editing and sleek camera work, to tell the story in a lighthearted yet touching manner. Dreams is what everyday dreams are made off and they do come true –in a fashion that holds the audience in mirthful anticipation.


A low life turns to the art of pick pocketing to pursue his dreams of living a life of luxury. Now its time to practice what he has learnt believing that there is just a thin fine line between dreams and reality. He count on his tactics and luck but there is one thing he did not count on- the act of karma

സ്മരണിക

Tuesday, January 20, 2009

ഒബാമ ,ഒബാമ




കൂടുതല്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം .അതുകൊണ്ട് വിശദീകരിക്കുന്നില്ല . നാല്പത്തി നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയി അമേരിക്കയുടെ കറുത്ത മുത്ത്‌ ഒബാമ ഇന്ന് ദൈവ നാമത്തില്‍ എബ്രഹാം ലിങ്കന്‍ ഉപയോഗിച്ച ബൈബിളില്‍ കൈ വെച്ചു പ്രതിജ്ഞ വാചകങ്ങള്‍ ഏറ്റു ചൊല്ലി അധികാരമേറ്റു .
ഇനി കാത്തിരുന്നു കാണാം .കാണാന്‍ പോകുന്ന പൂരങ്ങള്‍ .സമധാനപരമായ ഒരു ലോകം സ്വപനം കാണുന്നു യുവത്വത്തിന്റെ പ്രതീകമായ ഈ യുഗപുരുഷന്‍ .

ആശംസകള്‍


ഒബാമക്ക് അഭിനന്ദങ്ങള്‍ .

Sunday, January 18, 2009

കോന്നിയിലെ ഹിന്ദിക്കാര്‍

പ്രീയപ്പെട്ട ആല്‍ത്തറയിലെ ആസ്ഥാനവെടിവട്ടക്കാരെ,


അങ്ങനെ ഞാനും കൂടുന്നു ആല്‍ത്തറയില്‍.. അല്‍പം ഇരിപ്പിടം എനിക്കും കൂടി തന്നതില്‍ അതീവസന്തോഷം. അപ്പോള്‍ പരിചയപ്പെടുത്തലും ആവാം.. അധികം ആരും അറിയുന്ന ബ്ലോഗറല്ല ഞാന്‍. തുടക്കക്കാരന്‍..പേര് ദീപക് രാജ്. കുളത്തുമണ്‍,പരേതന്‍ ബ്ലോഗുകളുടെ തച്ചന്‍.


(പെരുന്തച്ചന്‍ എന്നൊക്കെ പറഞ്ഞാല്‍ ദുര്‍വാസ്സാവായ കാപ്പിലാന്‍ സ്വാമി പിണങ്ങിയാലോ..മഹര്‍ഷി കോപം ശാപം.. അപ്പോള്‍ ശാപംവാങ്ങി വയ്ക്കാന്‍ മനസ്സില്ല.)


സാധാരണ എനിക്കുണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടായിട്ടുള്ള അക്കിടികള്‍ പറഞ്ഞാണ് ഞാന്‍ എഴുതാറുള്ളത്.. ഇവന്‍ എന്താ ചെണ്ടയാണോ കൊട്ടുകൊള്ളാന്‍ എന്നൊന്നും ചോദിക്കല്ലേ..


ഞാനും അത്രപാവം അല്ലെന്നും ഒരുവെടിയ്ക്കുള്ള മരുന്നൊക്കെ നമുക്കും കൈവശം ഉണ്ടെന്നു കാണിക്കാന്‍ ഒരനുഭവം കുറിയ്ക്കട്ടെ. എന്താടാ ഇതു നിന്‍റെ ബ്ലോഗില്‍ ഇട്ടലക്കിയാല്‍ പോരായിരുന്നോ എന്ന് ചോദിച്ചാല്‍ അവിടെയും ലിങ്ക് കൊടുത്തിട്ടുണ്ട്.. തെറിവിളിക്കാന്‍ ആഗ്രഹം ഉള്ളവര്‍ അവിടെ തെറിവിളിച്ചാല്‍ മതി.. ആല്‍ത്തറയുടെ പരിശുദ്ധി മനസ്സിലാക്കികൊണ്ട്‌ ഈ പാവത്തിന് മേല്‍ പുഷ്പവൃഷ്ടി നടത്തുമെന്ന പ്രതീക്ഷയില്‍ തുടങ്ങട്ടെ..


ജീവിതത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും പോകേണ്ടിയും താമസിക്കെണ്ടിയും വന്നിട്ടുള്ളതുകൊണ്ട് (നിന്‍റെ അപ്പന്‍ സര്‍ക്കസിലായിരുന്നോ ഇങ്ങനെ ഊരു തെണ്ടാന്‍ എന്ന് ചോദിക്കാന്‍ മനസ്സുവേമ്പുന്ന സുഹൃത്തുകളെ. അല്ല.. ഭാരതാംബയുടെ മാനം കാക്കുന്ന സൈനികന്‍ ആയിരുന്നു പിതാശ്രീ..) ഹിന്ദി നല്ലവണ്ണം കൈവശമായിരുന്നു. ചെറിയ ഇടവേള ദല്‍ഹിയിലും ഉണ്ടായിരുന്നു (ഒരു ദശാബ്ദം).


ഇടയ്ക്ക് ജോലിയ്ക്കായി ഞാന്‍ ദാമനില്‍ എത്തി. (അതെ നമ്മുടെ ദാമന്‍,ദിയുവിന്‍റെ ഭാഗം) അച്ചരം കൊണ്ടു തീകത്തികാന്‍ കഴിയില്ലയെന്ന തിരിച്ചറിവാണീ യാത്രയ്ക്ക് പിന്നില്‍. എങ്ങും മദ്യമണം. രണ്ടരലിറ്റര്‍കള്ള് അഞ്ചു രൂപയ്ക്ക് കിട്ടുന്ന ദാമന്‍ നമ്മുടെ മാഹിയുടെ മുമ്പില്‍ ചക്രവര്‍ത്തിയാണ്.


രണ്ടു കൂട്ടുകാരുടെ കൂടെ ഒരു വീട്ടിലാണ് താമസം.ചെന്നു ആദ്യദിവസം ഞാന്‍ ചെന്ന സന്തോഷത്തില്‍ ഒരു സെമിയപായാസം വെയ്ക്കാം എന്ന് എന്‍റെ കൂട്ടുകാരന്‍ തീരുമാനിച്ചു.. (അതില്‍ അത്താഴം ഒതുക്കാം എന്നതാണ് കാര്യം)


പക്ഷെ പാല്‍ വാങ്ങണം. അവന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വന്നവഴിക്കു തന്നെ കട കണ്ടിരുന്നതിനാല്‍ സ്വയം ആ ചടങ്ങ് ഏറ്റെടുത്തു. ഒന്നും അല്ലെങ്കില്‍ ആദ്യത്തെ ഷോപ്പിങ്ങ് അല്ലെ..എന്തിന് വിട്ടുകളയണം.
നേരെ പറ്റുബുക്കും (മാസാവസാനം പണം കൊടുക്കും.. ബില്ല് ഇതില്‍ കുറിച്ചുവയ്ക്കും.) എടുത്ത്‌ ഞാന്‍ ചെന്നു. ഞാന്‍ വരുന്ന വിവരം കടക്കാരന്‍ നേരത്തെ അറിഞ്ഞിരുന്നു.. രക്തം കുടിയ്ക്കാന്‍ ഒരു ഇരയും കൂടി കിട്ടിയ മൂട്ടയുടെ സന്തോഷത്തോടെ എന്നെ വരവേറ്റ കടക്കാരന്‍ പതിയെ അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിച്ചു..


"വാട്ട്. ടെല്‍ മി.. വാട്ട് വാണ്ട്.."


കടക്കാരന്‍ കേട്ടിടത്തോളം നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരും ഹിന്ദി അറിയാത്തവരും ആണ്.അതുകൊണ്ട് പത്താംതരം വരെ പഠിച്ചപ്പോള്‍ കിട്ടിയ ഇംഗ്ലീഷ് വച്ചലക്കിയതാണ്.


പക്ഷെ മറുപടിയായി നല്ല ശുദ്ധഹിന്ദിയില്‍ (എന്‍റെ ഹിന്ദി ഡല്‍ഹി ഹിന്ദിയാണ്.. അതുകൊണ്ട് മുംബയ്യ ഹിന്ദിയേക്കാള്‍ ശുദ്ധം എന്നാണു വിചാരം.. അങ്ങനെ അല്ല എന്നുള്ളവര്‍ തെറിയഭിഷേകം നടത്തല്ലേ..) പാല്‍ വേണമെന്നും പറഞ്ഞു.


പക്ഷെ വന്നതിന്‍റെ അന്ന് ഞാന്‍ ഇങ്ങനെ ഹിന്ദി പറയുന്നതില്‍ അത്ഭുദപ്പെട്ട കടക്കാരന് ഇതെങ്ങനെ സാധിച്ചു എന്നറിയണം. ഞാന്‍ മുമ്പെ ഇന്ത്യ പര്യടനം നടത്തിയ കഥ ഞാന്‍ പറഞ്ഞില്ല അതോടൊപ്പം കൂട്ടുകാരനും പറഞ്ഞിരുന്നില്ല.. പക്ഷെ വന്നു മൂന്ന് മണിക്കൂര്‍ കൊണ്ടു പഠിച്ചതാണെന്ന് പറഞ്ഞാല്‍ കടയിലിരിക്കുന്ന അഞ്ചു കിലോ കട്ടി എന്‍റെ തലയില്‍ അടിക്കും എന്നറിയാം എന്നതിനാല്‍ ഒരു ചെറിയ കള്ളം പറഞ്ഞു.


കേരളത്തെ പറ്റി വല്ല്യ ഗ്രാഹ്യം ഇല്ലാത്തതിനാല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഏവര്‍ക്കും ഹിന്ദി അറിയാമെന്നും മാഹിയില്‍ ഫ്രഞ്ച് അറിയാവുന്നവര്‍ ഉണ്ടെന്നതുപോലെ കോന്നിയില്‍ പണ്ടു ആര്യന്മാര്‍ വന്നവഴിയില്‍ ഹിന്ദി പറയുന്നവര്‍ (മാതൃഭാഷ) ഉണ്ടെന്നും പത്താം ക്ലാസ് വരെ മാത്രം പഠിച്ച നമ്മുടെ ഇരയെ പറഞ്ഞു വിശ്വസിപ്പിച്ചു.. അവന്‍ എങ്ങനെ വിശ്വസിച്ചു എന്നത് ഇന്നും എന്‍റെ സംശയം.പക്ഷെ എന്‍റെ ഹിന്ദിയിലുള്ള ഒഴുക്ക് അവനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും സത്യം..


പക്ഷെ പിന്നീട് പലരോടും അവന്‍ കോന്നിയിലെ ഹിന്ദികാര്യം ചോദിച്ചെങ്കിലും " ആനക്കൂടുള്ള കോന്നിയില്‍ മലയാളം പോലും നേരെ ചൊവ്വേ സംസാരിക്കുമോ എന്ന് സംശയം ഉള്ളവര്‍ കടക്കാരന് വട്ടുപിടിച്ചോ എന്ന് ചോദിച്ചിട്ടാണത്രെ" പോയത്.


പക്ഷെ കോന്നിയില്‍ ഉള്ളവര്‍ നന്നായി മലയാളവും ഹിന്ദിയും സംസാരിക്കും.. ഞാന്‍ ഉണ്ടല്ലോ. പിന്നെ നമ്മുടെ ബൂലോഗ സൂപ്പര്‍സ്റ്റാര്‍ (മനുചേട്ടന്‍ - ബ്രിജ് വിഹാരം)


അങ്ങനെ എതിരാളിക്കൊരു പോരാളിയാണ് ഞാന്‍.(കടപ്പാട്:ഡിങ്കന്‍)

Thursday, January 15, 2009

പ്രഭാതം

പുലര്‍ച്ച തന്നെ ഒരു മിസ്കോള്‍. ഏത് മിസ്കീനാണാവോ നേരം പുലരുന്നതിനു മുന്‍പ് തന്നെ മിസ്സടിക്കുന്നത് എന്ന് അറിയാന്‍ വേണ്ടി മൊബൈല്‍ നോക്കി. സലീമാണ്. മിസ്കോളടിച്ചതില്‍ യാതൊരു അത്ഭുതവുമില്ല. കഴിഞ്ഞ ജനുവരി ഒന്നിന് 12 മണിക്ക് "ന്യൂ ഇയര്‍ മിസ്കോളടിച്ച" ആളാണവന്‍. തിരിച്ചങ്ങോട്ടു വിളിച്ചു രണ്ട് ചീത്തപറഞ്ഞേക്കാമെന്ന് കരുതിയപ്പോള്‍ മൂപ്പര്‍ പറയുകയാണ് ഫ്ലാറ്റിന്റെ താഴോട്ട് ചെല്ലാന്‍, ആശാന്‍ വയര്‍കുറക്കാനുള്ള ഓട്ടം തുടങ്ങിയിരിക്കുന്നു, കമ്പനി കൊടുക്കാന്‍. ഇവിടെ വന്ന് അകെക്കൂടി സമ്പാദിച്ചത് ഒരു കുഞ്ഞ് വയറാണ്. അതും കളയാനുള്ള ഒരുക്കത്തിലാണവന്‍...

ട്രാക്ക്സ്യൂട്ടിനെ മുകളില്‍ ഒരു ഒരു സ്വെറ്ററുമിട്ട്, വാക്ക്മാന്റെ വയറും ചെവിയില്‍ തിരുകി അവന്റെ കൂടെ ക്രീക്ക് സൈഡിലേക്ക് നടന്നു. നടന്നു നടന്ന് ഒരു ബെഞ്ചിനടുത്തെത്തിയപ്പോഴെക്കും ജന്മനാ ഉള്ള മടി തലപൊക്കിയിരുന്നു. വര്‍ത്തമാനം പറഞ്ഞുകൊണ്ട് മുന്നില്‍ നടന്നുകൊണ്ടിരുന്ന സലീമിനെ ഞാനങ്ങ് വിട്ടു. എന്നിട്ട് ആളൊഴിഞ്ഞ ബെഞ്ചില്‍ ആസനസ്ത്ഥനായി.

തണുപ്പ് മൂലം ക്രീക്ക് സൈഡ് ശൂന്യമാണ്.

വാക്ക്മാനില്‍ ഭൂപിന്ദര്‍ പാടുന്നു: "ഏക് അകേല ഇസ് ശഹര്‍ മേ.."

Get this widget | Track details | eSnips Social DNA


ഞാനും ഏകനാണ്, ഈ നഗരത്തില്‍.. ഭൂപിന്ദര്‍ പാടിയതുപോലത്തെ സങ്കടങ്ങള്‍ ഇല്ലെങ്കിലും...

തണുത്ത കാറ്റില്‍ കണ്ണുകള്‍ തനിയെ അടഞ്ഞുപോകുന്നു.

നെഞ്ചിന്‍ കൂടില്‍ വല്ലാത്തൊരു മര്‍മരം ഉണ്ടായപ്പൊഴാണ് എഴുന്നേറ്റത്. വൈബ്രേറ്റ് മോഡില്‍ ഫോണ്‍ അടിച്ചതാണ്. കണ്ണിനുനേരെ സൂര്യന്‍. ബെഞ്ചിനരികില്‍ നിന്ന് ഒരു വൃദ്ധന്‍ അഭ്യാസങ്ങള്‍ ചെയ്യുന്നുണ്ട്.

"അല്ല മോനെ ഡ്യൂട്ടിക്ക് പോന്നില്ലേ? നേരം എട്ടരയായി? എവിടേ?"

സഹമുറിയന്റെ കോള്‍. മൂപ്പര്‍ എണീറ്റ് വന്നപ്പൊഴേക്കും എന്റെ ബെഡ് ശൂന്യമായിരുന്നല്ലോ. ആ ടെന്‍ഷനില്‍ വിളിച്ചതാണ്...

ഇപ്പൊഴെങ്കിലും വിളിച്ചത് നന്നായി, അല്ലെങ്കില്‍ ആ ബെഞ്ചില്‍ തന്നെ ഉച്ചവരെ കിടന്നുറങ്ങിയേനേ...

മനോഹരമായ ഒരു പ്രഭാതം കൂടി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി...

Sunday, January 4, 2009

"മമ്മൂട്ടിയുടെ ബ്ലോഗ്‌"

മായമ്മ പോയെ, മായമ്മ പോയെ എന്ന് പറഞ്ഞ്‌ ഒരു പയ്യന്‍ ഓടി നടന്ന് ആള്‍ക്കാരോട്‌ പറയുന്ന ഒരു പരസ്യം മലയാളികള്‍ മറക്കാനിടയില്ല. അതു പോലെയായിരുന്നു നമ്മുടെ മമ്മൂട്ടിയുടെ ബ്ലോഗിലേക്കുള്ള വരവും.

മമ്മൂട്ടി ബ്ലോഗ്‌ തുടങ്ങിയേ, മമ്മൂക്കാ ബ്ലോഗ്‌ തുടങ്ങിയേ...ദാ യു.ആര്‍.എല്‍ എന്ന് പറഞ്ഞു ജനുവരി ഒന്നിനു എത്ര മെസ്സേജാണു വന്നത്‌. മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബ്ലോഗിന്റെ ലോകത്തിലേക്ക്‌ കടന്നു വന്നതില്‍ സന്തോഷം.

എന്താണാവോ ഈ മെഗാ സ്റ്റാറിന്റെ മെഗാ ബ്ലോഗിന്റെ ഉള്ളടക്കമെന്ന് അറിയാനുള്ള ആഗ്രഹത്തില്‍ മമ്മൂക്കായുടെ ബ്ലോഗില്‍ ഞാനും ഒന്ന് കയറി. മമ്മൂക്കാ 'സമ്പത്ത്‌ വ്യവസ്ഥയുടെ രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ ഒരു സംഭവമാണു കാച്ചിയിരിക്കുന്നത്‌. ഒരു സാദാ മല്ലുവിന്റെ ഗദ്ഗദങ്ങള്‍. അതിലും അപ്പുറം ആ ബ്ലോഗില്‍ വിശേഷാല്‍ കണ്ടത്‌ മമ്മൂക്കായുടെ സുന്ദരമായ മുഖത്തിന്റെ ഒരു വശ്വും

എന്തായാലും മമ്മൂക്കാ സമ്പത്ത്‌ വ്യവസ്ഥയുടെ രാഷ്ട്രീയത്തെ പറ്റി എഴുതിയപ്പോള്‍ കേരളത്തിലെ ജനതയുടെ കണ്ണു തുറന്നു. അവര്‍ മടി മൊത്തത്തില്‍ ഉപേക്ഷിച്ച്‌ മമ്മൂക്കായ്ക്ക്‌ കമന്റുകള്‍ എഴുതി. വണ്ടര്‍ ഫുള്‍, ഇത്തരം ചിന്ത ആദ്യം, മഹത്തായ ചിന്ത...എന്നിങ്ങനെ പോയി സുഖിപ്പിക്കലുകള്‍. അങ്ങനെ മമ്മൂക്കായുടെ ബ്ലോഗിനു നാളിതു വരെ 670 ഫോളോവേഴ്സ്‌, 642 കമന്റുകള്‍. ഇത്‌ ആര്‍ക്കും കിട്ടാത്ത അപൂര്‍വ്വ സൗഭാഗ്യം.. പിന്നെ പണ്ടുള്ളവര്‍ പറയും പോലെ പൃഷ്ടം കനത്തതെങ്കില്‍ താങ്ങാന്‍ ആളു കൂടും. പക്ഷെ മമ്മൂക്കായുടെ സ്വന്തം പാര്‍ട്ടിക്കാര്‍ എന്തെ ഈ ബ്ലോഗ്‌ കണ്ടില്ലേയെന്നാണു എന്റെ സംശയം. സമ്പത്ത്‌ വ്യവസ്ഥയുടെ രാഷ്ട്രീയത്തെ പറ്റി കൈരളി ചെയര്‍മാന്‍ കം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ പറഞ്ഞ്‌ ബ്ലോഗ്‌ തുടങ്ങിയ അന്ന് ആ ജനുവരി ഒന്ന്, 2009 മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി തുടങ്ങിയതെ ഹര്‍ത്താലും കൊണ്ടാണു....

ഇനി പാര്‍ട്ടിക്കാരെ ഉപദേശിച്ച്‌ ബ്ലോഗ്‌ എഴുതൂ...ആവശ്യം പോലെ വിഷയം ചുറ്റും ഉണ്ടല്ലോ.... കണ്ണു തുറക്കൂ മമ്മൂക്കാ... കണ്ണൂ തുറക്കൂ...

http://i-am-mammootty.blogspot.com/2009/01/blog-post.ഹ്ത്മ്ല്‍
675 Followers 746 അഭിപ്രായങ്ങള്‍:
January 4, 2009 9:35 AM