Monday, July 28, 2008

യാത്ര തുടര്‍ന്നു പോയി

തോന്ന്യാശ്രമത്തിലെ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.

രണ്ടാം ദിവസം.

പിള്ളാരെയും പെണ്ണുമ്പിള്ളയെയും കൊണ്ട് എവിടെ പോകും എന്ന് ഞാന്‍ വിചാരിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു ചെങ്ങാതി ഹ്ലാണ്ടിട്നോ എന്ന സ്ഥലത്തേക്കുറിച്ചു സൂചിപ്പിച്ചത്. അവിടെ ഞാന്‍ ആറുമാസം ജോലിചെയ്തിരുന്നുവെങ്കിലും, ആ സ്ഥലത്തെക്കുറിച്ച് ഒന്നും എനിക്കറിയില്ലായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുവാന്‍ പോകുന്നതേയുള്ളായിരുന്നു.
അങ്ങോട്ടേക്ക് ഞങ്ങള്‍ പോയി.

അന്നു നല്ല വെയിലുള്ള ദിവസമായിരുന്നു.

wales 018

ഈ ഫൊട്ടോ കണ്ടാല്‍ ചിലപ്പോള്‍ സ്പെയിനാണോ എന്നുപോലും തോന്നിപ്പോകും..!


wales 023

അല്ലെങ്കില്‍ ഈ ഫോട്ടോ നോക്കൂ..!

wales 029
ഞാനെന്റെ മൊട്ടത്തല വാടുന്നതിനും മുമ്പ് വീഡിയോ എടുക്കാന്‍ നോക്കുന്നതിന്റെ പടം..!പുത്ര സംഭാവന..!

wales 027
അന്നേരം കടലില്‍ കണ്ട കാഴ്ച്ച.
wales 019
ഒരു ഹോട്ടല്‍. ഇവിടെ ആര്‍ക്കു വേണമെങ്കിലും പോയി അത്യാവശ്യത്തിന് മൂത്രമൊഴിക്കാമെന്നത് വളരെ ജനകീയമായ കാര്യമാണ്..!
wales 021
wales 032
wales 034

വീണ്ടും ചില കാഴ്ച്കള്‍.

ഇനിയും ബാക്കി തൊന്ന്യാശ്രമത്തില്‍ പോസ്റ്റാം.

Monday, July 21, 2008

ദൈവത്തിന്റെ നാട്ടിലെ അസുരഗണങ്ങള്‍

പണ്ടേയ്ക്ക് പണ്ട് മുതല്‍‌
പറഞ്ഞു പഠിപ്പിച്ചിരുന്നു
ഗുരുത്വകേട് ചെയ്യല്ലെ
ഗുരു ശാപം വാങ്ങല്ലേ !

ഹരിശ്രീ കുറിച്ചാലോ
ഗുരുവിനെ വന്ദിച്ചു തുടങ്ങൂ ,
സല്‍കര്‍‌മങ്ങള്‍ക്ക്
ഗുരുവിനു ദക്ഷിണവച്ചു
അനുഗ്രഹം വാങ്ങൂ...

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുര്‍
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാല്‍ പരംബ്രഹ്മ
തസ്മൈ ശ്രി ഗുരുവേ നമഃ

നല്ലൊരു പൈതൃകം ഭാരതീയനുണ്ടെന്നും
അതില്‍ കേരളത്തില്‍ സമ്പൂര്‍‌ണ
സക്ഷരതയാണെന്നും ചുമ്മാ ഊറ്റം കൊണ്ടു
എന്താണിന്നെന്റെ നാടിനു പറ്റിയതു?

അല്ലാ മനസ്സിലെ നീറ്റല്‍
അതു പറഞ്ഞാല്‍ തീരില്ലാ
തെരുവിലാ ഗുരുവന്ദ്യനെ
തച്ചു കൊന്നത് മാപ്പാക്കാനാവുമോ?

Sunday, July 20, 2008

ഒരു വേനലവധിക്കാലത്തിന്‍റെ ഓര്‍മ്മയ്ക്ക്‌കൂട്ടുകാരോടൊത്ത് മനക്കലെ മാവിന്‍ തോപ്പില്‍ ചുറ്റി കറങ്ങാനും അമ്പലത്തിന്‍റെ അരികിലുള്ള കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ സൂര്യന്‍ മറയും വരെ തുണിപന്തു കളിക്കുവാനും അഞ്ചാം ക്ലാസ്സിലെ വര്‍ഷാവസാന പരൂഷ കഴിയുവാന്‍ കാത്തിരിക്കുകായിരുന്നു ആ വര്‍ഷം. പരൂഷയെന്ന വിഷമം മാറിയതോടെ സ്കൂള്‍ ബാഗും പുസ്തകങ്ങളും ദാനം നല്‍കി തുണി പന്തുണ്ടാക്കുന്ന ആശാന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു മനക്കലെ മാവിന്‍ ചുവട്ടില്‍ തന്നെയായി ഇരുപ്പ്.

അച്ഛനും അമ്മയും നല്കിയ മനോഹരമായ പേരുകളേക്കാള്‍ സുഹൃത്തുക്കള്‍ നല്കിയ ഇരട്ട പേരുകളില്‍ അറിയപ്പെടാനാണ് തുണിപന്തു താരങ്ങള്‍ക്ക് ഇഷ്ടം. അന്ന് മോഹന്‍ ബഗാനും മൊഹമ്മദന്‍ സ്പോര്‍ട്ടിംഗും ഈസ്റ്റ് ബംഗാളുമാണ് താരങ്ങളുടെ പേരുകളില്‍ കുറച്ചെങ്കിലും സ്വാധീനം ചെലുത്തിയത്.

അങ്ങിനെ വാത്തി വിജയന്‍റെ മകന്‍ സുബ്രതോയും അനന്തിരവന്‍ താപ്പയും തേപ്പുകാരന്‍ വറീതിന്‍റെ മകന്‍ ദെബാശീശും കമ്പോ‌ണ്ടര്‍ പരമന്‍റെ മകന്‍ തരുണ്‍ ഡേയും ചായക്കടക്കാരന്‍ പ്രഭാകരന്‍റെ മകന്‍ കേരളത്തിന്‍റെ അന്നുകാലത്തെ മിന്നല്‍ പിണര്‍ അപ്പുകുട്ടനുമായി കളത്തില്‍ ഇറങ്ങുമായിരുന്നു..

ബാക്കിയുള്ള പേരുകളെല്ലാം ഫുട്ബോളുമായി ബന്ധമില്ലാത്തവയായിരുന്നു..പ്രസിദ്ധമായ ചില പേരുകള്‍ ഇവയാണ്. ചീങ്കണ്ണി, കല്ലന്‍ തുമ്പി, ഭടന്‍, നത്ത്, പഴ നുറുക്ക്, പള്ള സൈഡ്, അരിപ്പൊടി, കണ്ണിലുണ്ണി, അമ്മിക്കല്ല്, മുള്ളന്‍, അജിമണി, മൂത്താന്‍, മോനുണ്ണി...

ഈ പേരുകള്‍ ചൊല്ലി വിളിക്കുന്നവന് ഒരു തെറി ഉറപ്പായും കിട്ടുമെന്നത് കൊണ്ടും ആ വിളിക്ക് മനക്കലെ ചക്കര മാവിന്‍റെ പത്തു മാമ്പഴമെങ്കിലും രുചിച്ച രസമുണ്ടെന്നതിനാലും വെറുതെയാണെങ്കിലും എല്ലാരും വിളിക്കുമായിരുന്നു.

ഇവയൊന്നും മറക്കാതിരിക്കുവാന്‍ മനക്കലെ കുളപ്പുരയുടെ ഭിത്തികള്‍ നിറയെ ഈ പേരുകള്‍ തുണിപന്തു മത്സരത്തിലെ തര്‍ക്കങ്ങളുടെ ചിത്ര സഹിതം ഇടം പിടിക്കുമായിരുന്നു. അതിനു താഴെ വരച്ചവന്‍റെ കുടുമ്പത്തെ ഒന്നടങ്കം പ്രശംസിച്ചെഴുതുന്ന വരികളും ഉണ്ടാകും.

ആദ്യമാദ്യം പാടത്തു കളിക്കുവാന്‍ വളരെ പ്രയാസമാണ്, കട്ടയും കറ്റയും നിറഞ്ഞു കിടക്കുന്ന പാടത്ത് ഓടി പലതവണ വീണു മുഖത്തും ഉടുപ്പിലും അഴുക്കുമായി വീടെത്തുമ്പോള്‍ കിട്ടുന്ന ശകാരത്തിനും വേദനിക്കുന്ന കാലിനും പന്തു കളിയെന്ന ഭ്രാന്തിനെ പിടിച്ചു നിര്‍ത്തുവാന്‍ കഴിയുമായിരുന്നില്ല. ഒരാഴ്ചത്തെ നിറുത്താതെയുള്ള കഠിനാദ്വാനത്തോടെ പാടം നിരത്തി നല്ലൊരു കളിക്കളമാകുന്നത്തോടെ പന്തുകളിക്ക്‌ ചൂടു പിടിക്കും.

അവധിക്കാലം പകുതിയാവുമ്പോള്‍ വരാറുള്ള തൃശൂര്‍ പൂരം ആഘോഷിക്കുവാന്‍ "കുട്ടി ഗാങ്ങ്സ്" ഒന്നിച്ചാണ് പോകാറുള്ളത്. മാറ്റിലും ഗാംഭീര്യത്തിലും മത്സരിക്കുന്ന തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും വിഭാഗങ്ങളായി കൂട്ടുകാര്‍ ചേരി തിരിയുന്നതോടെ മത്സരം ഉത്സവ പറമ്പില്‍ നിന്നും കളിക്കളത്തിലേക്കും എത്തും.

എതിര്‍ പോസ്റ്റില്‍ ഗോള്‍ അടിക്കുന്നത്തോടെ പാറമേക്കാവ് ടീം ഇലഞ്ഞിതറയങ്ങ് കാച്ചും. തിരുവമ്പാടി വിഭാഗക്കാര്‍ക്ക് ഉടുക്ക് കൊട്ടിലാണ് പ്രിയം, അവര്‍ ഗോള്‍ അടിക്കുന്നത്തോടെ അടുത്ത് നില്‍ക്കുന്ന എല്ലാരിലും വായിലെ ഉമിനീര്‍ തെറിക്കുന്ന രീതിയില്‍ ഉടുക്ക് പാട്ടും പാടി കളിക്കളത്തിന്‍റെ മധ്യത്തില്‍ പന്തു തിരിച്ചു താലപ്പൊലിയോടെ കൊണ്ടു വെയ്ക്കും.

പന്തു കളി പോലെ പ്രിയങ്കരമായ ഈ ആഘോഷം കാണുവാന്‍ പലപ്പോഴും മുതിര്‍ന്നവരും കൂടും, ഉടുക്കുപാട്ടിനു തുള്ളുവാന്‍ അഞ്ചോ ആറോ അയ്യപ്പന്‍മാരും മൂന്നോ നാലോ വാവരുമാരും ഒരു മാളികപ്പുറവും കാണും.

പന്തുകളിക്കുവാന്‍ ഓരോ ടീമിലും പതിനഞ്ചില്‍ കുറഞ്ഞ ആളുകളുണ്ടാകും, ആദ്യമായി കാണുന്നവര്‍ക്ക് ചെറിയ ഒരു യുദ്ധം പോലെയേ തോന്നൂ. കാരണം പന്താണെങ്കില്‍ തീരെ ചെറുത്‌, മിക്കവാറും ഓങ്ങിയടിക്കുന്നത് ‌ എതിരെ നില്‍ക്കുന്നവന്‍റെ കാലിലോ മുതുകിനോ ആകും, വേദന തല്‍ക്കാലം ഒന്നോ രണ്ടോ തെറിയോടെ അടി കൊണ്ടവന്‍ അടിച്ചവനുമായി പറഞ്ഞു തീര്‍ക്കും. അടി ഗുരുതരമല്ലെങ്കില്‍ കളി തുടരും. ഗുരുതരമായെങ്കില്‍ പിന്നെ വീട്ടുകാര്‍ തമ്മിലായിരിക്കും ബാക്കി.

ആ വര്‍ഷം സമദ് എന്ന പേരുള്ള ചങ്ങാതി അവധിക്കാലം ചിലവാക്കുവാന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നു. സമദ് പന്തുകളിയിലാണെങ്കില്‍ മിടുക്കന്‍, ഉടുക്കുകൊട്ടും തായമ്പകയും രണ്ടുനാളില്‍ പഠിച്ചതോടെ സ്ഥിരം കുറ്റികളുടെ സ്ഥാനം അടിച്ച് മാറ്റി, പുള്ളിയായി തിരുവമ്പാടി ടീം ക്യാപ്ടന്‍.

ഇതുകണ്ട് തലേക്കല്ലന്‍ തുമ്പിക്ക് ദേഷ്യം വന്നെങ്കിലും മനക്കലെ മാവില്‍ നിന്നും അടിച്ച് മാറ്റിയ ഒരു ചാക്കു മാമ്പഴത്തില്‍ ദേഷ്യം അലിഞ്ഞില്ലാതെയായി. തൃശൂര്‍ പൂരത്തിന്‍റെ കൊടി കയറിയതോടെ പന്തുകളി മത്സരത്തിനും ഉഷാറു വന്നു. വൈകീട്ടത്തെ മത്സരങ്ങള്‍ തേങ്ങക്കും മാങ്ങക്കുമായി. അടിച്ച് മാറ്റിയ തേങ്ങയും മാങ്ങയും വിറ്റു കാശാക്കി പൂരം ആഘോഷിക്കുവാനുമായുള്ള പദ്ധതിയുമായി താപ്പയും ഭടനും സില്‍വറും പൂച്ചകടിയും കാഷിയര്‍മാരായി മുന്നില്‍ തന്നെയുണ്ടായിരുന്നു.

അങ്ങിനെ സാമ്പിള്‍ വെടിക്കെട്ടും കുട പ്രദര്‍ശനവും കഴിഞ്ഞു ആരാണ് മുന്നില്‍ എന്നുള്ള ചൂടുള്ള അഭിപ്രായങ്ങളുമായി അമ്പലത്തിനു മുന്നില്‍ എല്ലാരും കൂടി. പിറ്റേന്നത്തെ പകല്‍പ്പൂരവും ഇലഞ്ഞിത്തറ മേളവും മഠത്തിലെ വരവും കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും എങ്ങിനെ കാണാമെന്നും ചര്‍ച്ച ചെയ്തു.

തിരുവമ്പാടിയെ തള്ളി പറഞ്ഞവരുടെ കൂടെ പൂരം കാണാനില്ലയെന്നു ശഠിച്ചു കൊണ്ടു സമദും കല്ലന്‍ തുമ്പിയും പാക്കരനും സകയും പിരിഞ്ഞു പോയി.

ആദ്യമായി കൂട്ടുകാര്‍ തമ്മിലുണ്ടായ വിഘടിപ്പില്‍ പലരും അതിശയം പ്രകടിപ്പിച്ചെങ്കിലും പൂരം അടുത്തവര്‍ഷമേ ഇനിയുണ്ടാകൂ എന്ന ചിന്ത മറ്റുള്ളവരുടെ പൂരാസ്വദനത്തിനു മാറ്റൊട്ടും കുറച്ചില്ല. കുടമാറ്റവും പകല്‍പ്പൂരവും കഴിഞ്ഞു അമ്പലത്തിനു മുന്നില്‍ കൂടിയെങ്കിലും പിണക്കത്തില്‍ പിരിഞ്ഞുപോയവരെ കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ല.

രാത്രിയിലെ പൂരവും വെടിക്കെട്ടും കാണുവാന്‍ പോകുന്ന സമദിനെയും ഉപ്പയെയും വഴിയില്‍ കണ്ടു. തിരുവമ്പാടിയുടെ വെടിക്കെട്ടിന്‍റെ കാതലായ കൂട്ടപൊരിച്ചല്‍ വച്ചിരിക്കുന്നതിന്‍റെ അരികിലുള്ള സി എം എസ് സ്കൂളിന്‍റെ മുന്നിലാണ്‌ വെടിക്കെട്ട് കാണുവാന്‍ നില്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ടു സമദ് പോയി.

പരസ്പരം പാരവെപ്പും തമ്മില്‍ തല്ലുമായി ഞങ്ങള്‍ തൃശൂര്‍ ടൌണിലേക്ക് നടന്നു നീങ്ങി. മണികണ്ടനാലിനു അരികിലായി എല്ലാവരും നിലയുറപ്പിച്ചു. പാറമേക്കാവിന്‍റെ വെടിക്കെട്ട് തീര്‍ന്ന കരഘോഷത്തിനിടയില്‍ തിരുവമ്പാടിയുടെ വെടിക്കെട്ടിന് തിരികൊളുത്തി..

ഇടയ്ക്ക് എന്തോ പന്തികേട്‌ തോന്നി..തലങ്ങും വിലങ്ങും പറക്കുന്ന ഗുണ്ടുകള്‍ വെടിക്കെട്ട് കാണുവാന്‍ നിന്നിരുന്ന ജനങ്ങളുടെ നേരെ വന്നപ്പോള്‍ കണ്ട കാഴ്ച അനിര്‍വചനീയമായിരുന്നു. ഒരു യുദ്ധകളത്തെ അനുസ്മരിപ്പിക്കുന്ന ഭയപ്പെടുത്തുന്ന ഓര്‍മ്മകളുമായി കൂട്ടരുമൊത്തു തിരിച്ചു വീട്ടിലേക്കുള്ള കുറുക്കുവഴികളിലൂടെ നൂറേ നൂറില്‍ ഓടുമ്പോള്‍ ആര്‍ക്കും ഒന്നും സംഭവിക്കരുതേയെന്നായിരുന്നു പ്രാര്‍ത്ഥന.

വീട്ടിലെത്തുമ്പോള്‍ വെടിക്കെട്ടിലുണ്ടായ അപകട വിവരം എത്തിയിരുന്നില്ല. ആറു മണിക്കുള്ള റേഡിയോ വാര്‍ത്തക്ക് ഇനിയും സമയമുണ്ട്. തലയിലൂടെ പുതപ്പു വലിച്ചു കയറ്റി ചോര പുരണ്ട മുഖങ്ങളും ദൃശ്യങ്ങളും സ്വയം മറക്കുവാന്‍ ശ്രമിച്ചു..

പിറ്റേന്ന് ചങ്ങാതിമാരുടെ വിളി കേട്ടാണുരുന്നത്. കല്ലന്‍ തുമ്പിയാണ് മുന്നില്‍, അവന്‍റെ മുഖത്ത് ഭയവും ചെറിയ വിറയും ഇല്ലാതില്ല. ബുദ്ധിമുട്ടി അവന്‍ പറഞ്ഞൊപ്പിച്ചു

" ഗട്യെ നമ്മുടെ സമദ് പോയി.."

" അവന്‍ പിന്നേം പിണങ്ങി വീട്ടില്‍ പോയോ ?"

" അല്ലെന്‍റെ ഗട്യെ, മേലേക്ക് പോയി..!"

" അയ്യോ..ഇതെങ്ങിനെ പറ്റീ ഗട്യെ ?"

" അവനും ഉപ്പേം പോയി നിന്നില്ലേ സി എം സില്, അവിടേക്കാണ്‌ കൂടുതല് ഗുണ്ടുകള്‍ ചെരിഞ്ഞത്, അവിടെ വച്ചു തന്നെ അവന്‍റെ ഉപ്പേം മരിച്ചു. എനിക്ക് അവന്‍റെ മയ്യത്തിലേക്ക് നോക്കാന്‍ പറ്റീല്ല ഗട്യെ, അവന്‍റെ തല മുഴുവനായി കിട്ടിയിട്ടില്ല. ഇപ്പോഴും."

" എന്‍റെ ദൈവമേ.."

" നീ വേഗം വാ, മറ്റുള്ളവരെല്ലാം നിന്നെ കാത്തു അവന്‍റെ വീട്ടില്‍ പോവാന്‍ നില്‍ക്കുണൂ"..

വെളുത്ത തുണിയില്‍ പൊതിഞ്ഞു വീടിന്‍റെ മുന്നില്‍ വെച്ചിരിക്കുന്ന ജീവനറ്റ ശരീരം സമദല്ല എന്നാരോ എന്നോട് പറയുന്നതുപോലെ തോന്നി, മാറത്തടിച്ചു കരയുന്ന സമദിന്‍റെ ഉമ്മയെയും ഇതൊന്നും അറിയാതെ അരികില്‍ കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചനുജത്തി നിസയെയും കണ്ടു.

തിരിച്ചു കൂട്ടരോടൊത്തു മനക്കലെ മാവിന്‍ ചുവട്ടിലേക്ക്‌ നടക്കുമ്പോള്‍ മാങ്ങ പറിച്ചതിനു സമദിനെ വഴക്ക് പറഞ്ഞ തിരുമേനിയെ കണ്ടു. കണ്ണീര് പൊടിഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ടു തിരുമേനി പറഞ്ഞു.

" ആ കുട്ടിക്ക് ഇങ്ങനെ വരുംന്ന് ആരെങ്കിലും നിരീക്ക്യോ, മാമ്പഴം എടുത്തത്‌ എന്തിനായിരുന്നൂന്നു ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞതെന്താന്നു അറിയോ?, അയാള്‍ടെ ചങ്ങായിക്ക് വേണ്ടീട്ടാത്രേ ഇത്രേം മാങ്ങേം പറിച്ചത്, ഞാനിത്തിരി കൂടുതല്‍ ശകാരിച്ചു..വേണ്ടെര്‍ന്നില്യാന്നു ഇപ്പൊ തോന്നുണു. !"

തിരുമേനി പറഞ്ഞു തീര്‍ന്നതും അതുവരെ അടക്കി നിര്‍ത്തിയിരുന്ന കല്ലന്‍ തുമ്പിയുടെ സങ്കടം അണ പൊട്ടിയൊഴുകി. . വളരെ ശ്രമപ്പെട്ടു അവനെ സമാധാനിപ്പിക്കുമ്പോഴും ആ വിതുമ്പലുകള്‍ മനസ്സില്‍ തുളഞ്ഞിറങ്ങുകയായിരുന്നു..

Saturday, July 19, 2008

ആദരാജ്ഞലികള്‍.....


ഗുരുവിന് ആദരാജ്ഞലികള്‍.....

അരീക്കോട്‌ ഉപജില്ലയില്‍പ്പെട്ട വാലില്ലാപ്പുഴ എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ തോട്ടുമുക്കം സ്വദേശി ജയിംസ്‌ അഗസ്റ്റിന്‍‌(46) ക്ലസ്റ്റര്‍ ഉപരോധിക്കാനെത്തിയ മുസ്‌ലിം യൂത്ത്‌ ലീഗുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ്‌ മരിച്ചു. ശനിയാഴ്‌ച രാവിലെ 11 മണിയോടെ കിഴിശ്ശേരി ടൗണില്‍വെച്ചാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌. കിഴിശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ നടക്കുന്ന ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു. വിവാദ പാഠപുസ്തകം പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജയിംസിന്‌ മര്‍ദനമേറ്റത്‌. 10 മണിക്കായിരുന്നു യോഗം തുടങ്ങേണ്ടിയിരുന്നത്‌. എന്നാല്‍ രാവിലെ എട്ടര മണിമുതല്‍ സ്ഥലത്ത്‌ യൂത്ത്‌ ലീഗുകാര്‍ തമ്പടിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത്‌ ഒപ്പിട്ട്‌ പിരിയാന്‍ അധ്യാപകര്‍ ഒന്നായി തീരുമാനിച്ചു. അതനുസരിച്ച്‌ ഒപ്പമുണ്ടായിരുന്ന മറ്റൊരു അധ്യാപകന്റെ കൈയ്യിലുണ്ടായിരുന്ന ഡയറി വാങ്ങി എഴുതാന്‍ ശ്രമിക്കുമ്പോഴാണ്‌ ജയിംസിന്‌ മര്‍ദനമേറ്റത്‌.

ഡയറിയെടുക്കവേ സമരക്കാര്‍ ഇത്‌ വന്ന്‌ പിടിച്ചുവാങ്ങുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ്‌ ജയിംസ്‌ അഗസ്റ്റിന്‌ മര്‍ദനമേറ്റത്‌.മര്‍ദനമേറ്റ ജയിംസ്‌ കുഴഞ്ഞുവീണു, അടിയേറ്റുവീണ ജയിംസ്‌ അഗസ്റ്റിനെ സഹപ്രവര്‍ത്തകരാണ്‌ ഇദ്ദേഹത്തിന്റെ തന്നെ ബൈക്കില്‍ ഉടന്‍ തന്നെ മലപ്പുറത്തെ,കിഴിശ്ശേരിയിലെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിലും കഴുത്തിലും മര്‍ദ്ദനമേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന്‌, ജയിംസിനെ ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണം അവിടെനിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് തന്നെ അദ്ദേഹം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം

തോട്ടുമുക്കം സ്വദേശിയാണ്‌ മരിച്ച ജയിംസ്‌ അഗസ്‌റ്റിന്‍. തോട്ടുമുക്കം സെന്റ്‌തോമസ്‌ ഹൈസ്‌കൂളിലെ അധ്യാപിക മേരിക്കുട്ടിയാണ്‌ ഭാര്യ.
ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ പ്രവേശനം നേടിയ നീത, വാഴക്കാട്‌ ഐ.എച്ച്‌.ആര്‍.ഡി. വിദ്യാര്‍ഥി നിഖില്‍ എന്നിവരാണ്‌ മക്കള്‍

ഒരധ്യാപകനെ കൊലപ്പെടുത്തിയ സംഭവം സാക്ഷര കേരളത്തിന്‌ അപമാനമാണ്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ കൊലപാതകത്തിലേക്കും അക്രമങ്ങളിലേക്കും നീങ്ങുക എന്ന് പറയുന്ന ഈ സംഭവം അങ്ങേയറ്റം നിന്ദ്യവും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ക്ലസ്റ്റര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപകനെ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയുള്ള ഏതൊരാളെയും ഞെട്ടിക്കുന്നതാണെന്ന്‌ .
ഒരു അധ്യാപകനെ തല്ലിക്കൊന്ന സംഭവം നീതീകരിക്കാനാവില്ല.

വിവാദ പാഠപുസ്‌തകത്തിനെതിരെ ജനാധിപത്യസമരം നടത്താന്‍ സംഘടനകള്‍ക്ക്‌ അധികാരമുണ്ടെങ്കിലും അത്‌ അക്രമത്തിലേക്ക്‌ വഴിമാറിയത്‌ ശരിയായ രീതിയല്ല.കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ദാരുണമായ ഇത്തരം സംഭവം മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികളും ജനങ്ങളും ഉറച്ച തീരുമാനം കൈകൊള്ളണം.

ജയിംസ്‌ അഗസ്‌റ്റിന്റെ നിര്യാണത്തില്‍

അനുശോചനം രേഖപ്പെടൂത്തുന്നതിനോടൊപ്പം

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുകയും
ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Thursday, July 10, 2008

കഥാകാരിക്ക് ആദ്യ പുരസ്കാരം

മാന്‍പേടയുടെ കണ്ണുള്ള പെണ്‍കുട്ടി

“ആദ്യമായി ഞാന്‍ അവളെ കാണുന്നത് ബസ് സ്റ്റോപ്പില്‍ വച്ചാണ്
അവള്‍ ഓടിയെത്തിയപ്പോള്‍ ബസ് വിട്ടുപോയി,
പിന്നെ ചുറ്റും ഒന്നു നോക്കി അവള്‍‌ നില്പായി പതിനഞ്ചോ പതിനാറൊ വയസ്സ് പ്രായം
പച്ച പാവാടയും ക്രീം ബ്ലൌസും മുടി രണ്ടായി മെടഞ്ഞിട്ട് ഒരു വലിയ സ്കൂള്‍ ബാഗും തൂക്കി .
ഞാന്‍ അപ്പോഴാ ആ മുഖത്ത് നോക്കിയത് കരഞ്ഞു ചുവന്നു വീര്‍ത്ത മുഖം,
കണ്ണില്‍ നിന്ന് അപ്പോഴും കണ്ണിര്‍, പുറം കൈ കൊണ്ട് തുടച്ച് അവള്‍ നിന്നു ...
അടുത്ത ബസില് ‍അവള്‍‌ കയറി ഞാനും സ്കൂള്‍ പടിയ്ക്കല്‍ ഇറങ്ങീ അവള്‍ ഓടുന്നു
അസംബ്ലിക്ക് കുട്ടികള്‍ ഗ്രൌണ്ടില്‍ നിരന്നിരിക്കുന്നത് ബസില്‍ ഇരുന്നാല്‍ കാണാം,
ബസ് നീങ്ങി എന്റെ മനസ്സില്‍ നിന്ന് അവളും
പിന്നെ ബസു കാത്തു നിന്നപ്പൊഴൊക്കെ ഞാന്‍ അവളെ തിരഞ്ഞു ,
ഒരിക്കലും കണ്ടില്ല. ആയിടക്ക് പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റുന്നത്
കാലത്ത് ഒരു കട്ടന്‍ കാപ്പിയുമായി അലസമായി ചുറ്റും കണ്ണൊടിചു നിന്നപ്പോല്‍
തൊട്ടയല്‍ വീട്ടില്‍ അവള്‍......
ഒരു മിന്നല്‍ അവളുടെ കണ്ണിലും , ഒരു പരിചയഭാവം ?
അതോ എനിക്ക് തൊന്നിയതോ ..
എന്തായലും ആ വശത്തേ ജനലരിക് എന്റെ ഇഷ്ടപെട്ട സ്പോട്ടായി,
മിക്കപ്പോഴും അവളെ കാണാം ..
മുഖത്ത് എപ്പോഴും പേടിച്ച മാന്‍ പേടയുടെ ഭാവം . ............ ”

********************************
ഓര്മ്മകള് ഒക്കെ പൊടിതട്ടി ഇറക്കുന്നെ!

അന്ന് എഴുതാന്‍ തുടങ്ങിയ കാലം.മനസ്സില്‍ വരുന്നത് എന്ന് പറയാനാവില്ല,
കൂട്ടുകാരൊക്കെ ചുരുക്കം ആ കാലത്ത് ഒരു ശീലമുണ്ടായിരുന്നു
കയ്യില്‍ എപ്പൊഴും ഒരു നോട്ട് ബുക്ക് കാണും,
എന്നിട്ട് കേള്‍ക്കുന്നതൊക്കെ കുറിച്ചിടുക,
ചിലപ്പോള്‍ ഒരു വാ‍ചകം ചിലപ്പോള്‍ വാക്കുകള്‍ മാത്രം.
പിന്നെ ഒറ്റയ്കാവുമ്പോള്‍ പൊടിപ്പും തൊങ്ങലും വച്ച് ആ വാക്കുകളെ കൂട്ടി ചേര്‍ക്കുക
അങ്ങനെ എഴുതിയ ഒരു ബുക്കുണ്ടായിരുന്നു, ആരേയും കാണിച്ചിട്ടില്ലാ.
എവിടെ പോയാലും എന്റെ ബാഗില്‍ അതുണ്ടാവും ഒരിക്കല്‍ ആ ബുക്ക് നിറഞ്ഞു .
ആ പ്രാവശ്യം അച്ഛന്‍ വീട്ടില്‍ കൊണ്ടുവന്നതില്‍ നിന്ന് ഒരു ഡയറി ഞാന്‍ എടുത്തു. പിന്നെ അതിലായി കുറിപ്പുകള്‍ , അന്ന് പി ഡി സി യ്ക്ക് പഠിക്കുന്നകാലം ,
ഒരു ദിവസം ഞാനാ ഡയറി മേശപ്പുറത്തിട്ടിട്ട് കോളജില്‍ പോയി.
ഡയറി അമ്മ കണ്ടു കുറെ വായിച്ചു...
ഞാന്‍ വൈകിട്ട് തിരികെ എത്തുമ്പോള്‍ നല്ല പുകില്‍! ..
ഞാന്‍ എത്തും മുന്‍പേ തന്നെ അച്ഛന്റെ ചെവിയില്‍ ആവശ്യത്തിലേറെ ഇന്ധനം പകര്‍ന്നിരുന്നു.....
സാക്ഷാല്‍ ഛാവി!!
അച്ഛനും അമ്മയും എന്നെ വിളിച്ചു നിര്‍ത്തി സി ബി ഐ മോഡലില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു
ആരാ? ഏതാ? എന്താ ?
ഞാന്‍ "അയ്യോ ആരുമില്ലാ ഞാന്‍ തോന്നിയത് എഴുതിയതാണ്" എന്ന് പറഞ്ഞപ്പോള്‍
അങ്ങനെ ഒന്നും ചുമ്മാ എഴുതാന്‍ ഒക്കില്ലാ എന്നായി അച്ഛന്‍ ...
എന്നിട്ട് എന്നെ നോക്കിയിരിക്കുകയാണ് അച്ഛന്‍ അങ്ങനാ വളരെ കുറച്ചേ സംസാരിക്കുള്ളു ഓരോ വാക്കിനും ഇടയ്ക്കുള്ള ആ മൌനം അത് അനുഭവിച്ചാലേ അറിയൂ .....
"അതേ അവളുടെ കരണം നൊക്കി രണ്ട് അങ്ങ് പൊട്ടിക്ക്, അപ്പൊഴേ അവള്‍ നേരു പറയൂ,"
അമ്മക്ക് അപ്പൊള്‍ അച്ഛന്‍ എന്നെ അടിക്കണം .......
പിന്നെ ചോദിച്ചതൊന്നും ഞാന്‍ കേട്ടില്ലാ,
മനസ്സിനെ ബ്ലോക്ക് ചെയ്യാന്‍ അന്നേ ശീലമാക്കിയിരുന്നു....
രണ്ടാളും മാറിമാറി ചൊദ്യം ചെയ്തു മിണ്ടാതെ മിഴിച്ചു നിന്നു
അച്ഛന്‍ ഡയറിയില്‍ കൂടി അരിച്ചു പെറുക്കുന്നു
അപ്പൊ മനസ്സില്‍ പറഞ്ഞു ഈശ്വരാ എനിക്ക് ഒന്ന് മനസ്സു തുറക്കാന്‍ ഈ ലോകത്തില്‍ ആരും ഇല്ല ല്ലൊ എന്ന്...
"അപ്പോള്‍ പിന്നെ ഡെറ്റും പടി എഴുതിയതൊ?ഞാനെന്താ മണ്ടനാ‍ണൊ?
ഇതോന്നും നോക്കിയാല്‍ മനസ്സിലാവില്ലെ?"
അമ്മയുടെ ചാവിയോ അതോ ഹണീബീ‍ പ്രവര്‍‌ത്തിച്ചു തുടങ്ങീട്ടൊ ചെവിട്ടത്ത് അടിവീണു,
ഞാന്‍ അപ്പൊഴും പറഞ്ഞു ഇല്ല ഞാന്‍ കഥ എഴുതിയതാ..
ബാക്കി കണ്ണൂകള്‍ എന്നെ ഉഴിയുന്നു...
അമ്മ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റ് വന്ന് ആ ബുക്ക് വലിച്ചുകീറി ഒറ്റഏറ് ...
മധുരപതിനേഴിലേ ഏറ്റവും മധുരമുള്ള ഒരോര്‍മ്മ!! ......
കഥാകാരിക്ക് ആദ്യ പുരസ്കാരം
'എന്തിനാ എന്നെ അടിച്ചേ? എന്തിനാ എന്റെ ബുക്ക് വലിച്ച് കീറിയെറിഞ്ഞേ?'
വേദന തിരിച്ചറിയുന്നില്ലാ കണ്ണില്‍ മൂടല്‍ ഇരച്ചു വരുന്ന കണ്ണൂനീര്‍
പൊഴിയാതിരിക്കാന്‍ കണ്ണൂ മിഴിച്ചു പിടിച്ചു ...
ചെവിക്കുള്ളില്‍ ഒരു മൂളല്‍ മാത്രം ....
അന്ന്, ബുക്കില്‍ എഴുതി സൂക്ഷിക്കുക എന്ന പണിനിര്‍ത്തി..
എഴുത്ത് പേപ്പറിലെക്ക് മാറ്റി എന്നിട്ട് അത് തട്ടിന്‍പുറത്ത് പാത്തു വച്ചു.
അമ്മ തട്ടിന്‍പുറത്ത് വരില്ലാ.....

പിന്നെ സിനിമാ പാട്ട് എഴുതി സൂക്ഷിക്കുന്നതു ഒരു പതിവാക്കി
അന്ന് എല്ലാവര്‍ക്കും ഉണ്ട് സ്വന്തമായി ഒരു പാട്ട് ബുക്ക്,
ഒരിക്കല്‍ ഞാന്‍ എന്റെ ബുക്കില്‍ ഒരു പാട്ട് എഴുതി ചേര്‍ത്തു .ഇന്നും ആ പാട്ട് ഓര്‍ക്കുന്നു..
♪♪"ചിന്നും വെണ്‍ താരത്തിന്‍ ആനന്ദവേള
എങ്ങും മലര്‍‌ശരന്‍‌ ആടുന്ന് വേള
ആശാസുന്ദര കല്പനാ സ്വപനം ജീവിതയാത്രാ......"♪♪


ജീവിതസമരം എന്ന പടത്തില്‍ സലില്‍ ചൌധരി സംഗീതം നല്‍കി
യേശുദാസും ജാനകിയും ചേര്‍ന്ന് പാടിയ ആ പാട്ട്,
ആ പാട്ട് അന്ന് ഹിറ്റാണ്. പാട്ട് എനിക്ക് കിട്ടിയത് ഒന്ന് പകര്‍ത്തി എഴുതാന്‍ എന്റെ ഒരു ക്ലാസ് മേറ്റ് ബുക്ക് കടം വാങ്ങുന്നു ..
ബുക്ക് കടം വാങ്ങുമ്പോള്‍ വാങ്ങുന്ന ആള്‍ നമുക്ക് ഇല്ലാത്ത ഒരു പാട്ട് എഴുതി വേണം
തിരികെ തരാന്‍ എനിക്ക് ബുക്ക് കിട്ടുമ്പോള്‍ അതില്‍ പുതിയപാട്ടും
ചുവട്ടില്‍ മനോഹരമായ ഒരു ചുവന്ന പൂവും..
പിന്നെ ഞാന്‍ എന്റെ പാട്ടു ബുക്കില്‍ ആക്കി വരയും
എല്ലാ പാട്ടിന്റെയും ചുവട്ടിലും കോണിലും
പൂവും ചിത്രശലഭങ്ങളും വള്ളികളും ഒക്കെ വരച്ചു ചേര്‍‌ത്തു.........
അമ്മയ്ക്ക് ഒരു മിന്നല്‍ പരിശോധനയുണ്ട്.
ഒരു ദിവസം എന്തിനോ വഴക്കു തുടങ്ങി അതിന്റെ ബാക്കി
മുറിയില്‍ വന്ന് ബുക്ക് ഷെല്‍ഫ് ഇളക്കിമറിച്ചു എന്റെ പാട്ട് ബുക്ക് കണ്ടുകെട്ടി....

ഞാന്‍ മടുത്തു അവിടെ നിന്ന് രക്ഷപെടണം ...
ആ ചിന്ത തലയ്ക്കുള്ളില്‍ കുറ്റിഅടിച്ചു .....
പക്ഷേ എങ്ങനെ എങ്ങോട്ട്?

Tuesday, July 8, 2008

ആല്‍ത്തറ കാവ്-3

മേമന ഇല്ലം
(പശ്ചാത്തലത്തില്‍)
ഉമ്മറം
നീണ്ട വരാന്ത
സിമെന്റ് ഇരിപ്പിടം. (അരപ്ലേസ്) രണ്ട് വലിയ തൂണുകള്‍ വാതിലിന്റെ ഇരുപ്പുറവും ഉത്തരത്തെ ബന്ധിച്ച് നിറുത്തിയിരിക്കുന്നു.
ഉത്തരത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന തൂക്കുവിളക്കുകളില്‍ തിരി കത്തുന്നു.
മുറ്റത്തു നിന്നും പുറത്തേക്ക് നീളുന്ന ചെറിയ മണ്‍പാത വഴിക്കിരുവശവും ചെടികള്‍
നിറഞ്ഞു നിലക്കുന്നു.
പടിപ്പുരവാതില്‍ തുറന്ന് ഹാന്‍ഡ് ബാഗുമായി വഴിയിലൂടെ മുന്നോട്ട് നടക്കുന്ന പ്രിയ
പുറകെ ചെറിയ ടോര്‍ച്ച് മിന്നിച്ച് കാവാലാന്‍
കാവാലാന്‍:“സൂക്ഷിച്ച് നടന്നോളു.നിറയെ ഇഴജന്തുകളാ“
ഉമ്മറത്ത് ഇരുന്ന് ചൈമ്പെയുടെ നല്ലൊരു കീര്‍ത്തനം ആസ്വാദിച്ച് മുറുക്കികൊണ്ട്
കുഴിഞ്ഞ തുണികസേരയില്‍ കാലുകള്‍ ഉയര്‍ത്തി (കാലുകള്‍ തലകാണാത്തവിധം കുഴയന്‍ തുണി കസേരയില്‍ മേല്‍പ്പോട്ട് ഉയര്‍ന്ന് നിലക്കുന്നു.) ഇടതുകാലിന്റെ തുടയില്‍ കൈകൊണ്ട് താളം പിടിച്ച് തല ഇരുവശത്തേക്കും ആട്ടി സംഗീതം
ആസ്വദിക്കുന്ന ശിവന്‍ നമ്പൂതിരിപ്പാട്.(ഒരു വെള്ളമല്‍മല്‍ മുണ്ട് കുടവയറ് നെറ്റിയിലും നെഞ്ചത്തും വലിയ ചന്ദനകുറികള്‍ കഴുത്തില്‍ ഒന്നുരണ്ട് രുദ്രാക്ഷമാലകള്‍ അതില്‍ ഒന്നില്‍ സ്വര്‍ണ്ണ് മുത്തുകള്‍ (ക്ലോസപ്പ്)
ക്യാമറ(ദൂരെ നിന്നും നടന്നു വരുന്ന പ്രിയുടെ ദൃഷ്ടിയില്‍) ശിവന്‍ നമ്പൂതിരിപ്പാടിന്റെ
കാലുകള്‍ (കാലുകള്‍ സംഗീതത്തിന്റെ ലഹരിയില്‍ താളം പിടിക്കുന്നു.)
മുറ്റത്തേക്ക് പ്രിയക്ക് പിന്നാലെ കടന്നു വരുന്ന കാവാലാന്‍:“തിരുമേനി കൃഷണന്‍ തിരുമേനിയില്ലെ ഇവിടെ?”
ശബ്ദം കേട്ടിട്ട് തലവെട്ടിച്ച് നോക്കുന്ന ശിവന്‍ നമ്പൂതിരിപ്പാട്.സുന്ദരിയാ‍യ പ്രിയയെ
കാ‍ണുന്നു.
പശ്ചാത്തലത്തില്‍ ശിവന്‍ നമ്പൂതിരിപ്പാടിനെ നോക്കി പുഞ്ചിരിക്കുന്നു പ്രിയ
നമ്പൂതിരി പെട്ടെന്ന് പുറത്തേക്ക് തുപ്പുന്നു.
ശിവന്‍മ്പൂതിരിപ്പാട്:(മുറുക്കാന്‍ കറ തുടച്ചു കൊണ്ട് പ്രിയയെ നോക്കുന്നു.): “ശിവ ശിവ നാം വിചാരിച്ചു വല്ലോ യക്ഷിം ആവൂന്ന്“
പുഞ്ചിരി തൂകി നില്‍ക്കുന്ന പ്രിയയുടെ മുഖം ക്ലോസപ്പ്.
പശ്ചാത്തലത്തില്‍ അകത്തെ മുറിയില്‍ നിന്നും കൃഷണന്‍ നമ്പൂതിരിപ്പാടിന്റെ ശബദം
“ആരാ അഫ്പാ അവിടേ?”
(പുറത്തേക്ക് ഇറങ്ങി വന്നിട്ട് അപരിചിതരെ നോക്കുന്നു.ചെമപ്പ് കലര്‍ന്ന് കാവിമുണ്ട്,
കഴുത്തില്‍ വലിയ രുദ്രാക്ഷം,നെഞ്ചത്തും തോളിനിരുവശവും നെറ്റിയിലും ഭസ്മം,നെറ്റിയില് മഞ്ഞള്‍ പ്രസാദവും അതിനു മുകളിലായി വട്ടത്തില്‍ ചെറുതായി സിന്ദൂരതിലകവും ഇരുകാതുകളിലും ചെറിയ കടുക്കന്‍)
കൃഷണന്‍ നമ്പൂതിരിപ്പാട്-“ആരാണവോ?”

പ്രിയ-“തിരുമേനിക്ക് മനസ്സിലായില്ലെ,?. വാല്‍മീകി മാഷ് പറഞ്ഞിരുന്നു തിരുമേനിയെക്കുറിച്ച്
കൃഷണന്‍ നമ്പൂതിരി(എന്തോ ഓര്‍ത്തിട്ടെന്നോണം) വാല്‍മീകി ! ങാ ഏഷ്യാവിഷന്റെ എംഡി.
(തിരുമേനി കസേരയില്‍ ഇരുന്നിട്ട് തലയുര്‍ത്തി കൊണ്ട്)
"കുട്ടി ഇരിക്കു.”(തലതിരിച്ച് പുറത്തേക്ക് നോക്കി കൊണ്ട്) “എന്താ ഇത്ര വൈകിയെ.വേറെ ഒരു വിദ്വാന്‍ കൂടി ഉണ്ടാകുമെന്ന് പറഞ്ഞല്ലോ?.”(കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് കുലുക്കുഴിയുന്നു.).“ഓടനാവട്ടം അയ്യാളിവിടെ വന്നിട്ടുണ്ട് ഒന്നുരണ്ട് തവണ എന്തേ ആ വിദ്വാന്‍?.”
പ്രിയാ:(കാവാലാനെ നോക്കുന്നു) “വഴിയറിയാ നടന്നെയുള്ളൂ എന്ന് പറഞ്ഞ് വഴിക്ക് ഇറങ്ങി.”(കാവാലാനും പ്രിയയും മുഖം കുനിക്കുന്നു)


തിരുമേനി കണ്ണൂകള്‍ അടച്ചിട്ട് രണ്ട് കൈകൊണ്ടും മുഖം അമര്‍ത്തി തുടക്കുന്നു
പശ്ചാത്തലത്തില്‍ ശാരദാ ദേവിയുടെ നടക്കലെ കല്‍ വിളക്കിനു ചുറ്റും വലം വയ്ക്കുന്ന ഗോപന്‍
കൈകള്‍ കൊട്ടി രാമാ രാമാ ജപിക്കുന്നു.
കാവിനു വെളിയില്‍ ആര്‍ത്തട്ടഹസിക്കുന്ന ചുടലയക്ഷിയുടെ രൂപം (രക്തകറ നിറഞ്ഞ അവരുടെ ചുണ്ടുകളും കണ്ണൂകളും ഒരു പ്രത്യേക ശബ്ദത്തില്‍ അവര്‍ അമറുന്നു.)
(തിരുമേനി മുഖത്ത് നിന്നും കൈകള്‍ എടുത്ത ശേഷം പ്രിയയെ നോക്കുന്നു):“കുട്ടി അകത്തേക്ക് ചെന്നോളു.“(അകത്തേക്ക് നോക്കിട്ട്):“കാന്താരിക്കുട്ടീ‍ീ‍ “
കാന്താരിക്കുട്ടീ‍ീ(അലപം ഉച്ചത്തിലായി വിളിക്കുന്നു.)
കൃഷണന്‍ തിരുമേനി:“ഈ കുട്ടി എവിടെ പോയി കിടക്കുവാ“
ശിവന്‍ നമ്പൂതിരിപ്പാട്:“ഉറങ്ങിട്ടുണ്ടാവും“
കൃഷണന്‍ നമ്പൂതിരിപ്പാട്:“ഉറങ്ങുന്ന കക്ഷിയെ ടിവി സീരിയല്‍ മുഴുവന്‍ തീരണം.(തിരുമേനി പ്രിയയെ നോക്കി ചിരിക്കുന്നു.)
പ്രിയും ചിരിക്കുന്നു.
അന്നേരം വാതിക്കല്‍ കോട്ടു വായ് ഇട്ടു കൊണ്ട് പ്രത്യക്ഷപെടുന്ന കാന്താരിക്കുട്ടി
തിരുമേനി:“ങാ വന്നോ.ഇത് പ്രിയാ രാമകൃഷണന്‍ ഏഷ്യാവിഷന്റെ റിപ്പോര്‍ട്ടറാണ്.
(കാന്താരിക്കുട്ടിയുടെ മുഖത്ത് അഹ്ലാദം).“ചേച്ചിയെ മിക്കവാറും ടിവിയില്‍ കാണാറുണ്ടല്ലോ?”
(പ്രിയ ചിരിച്ചുകൊണ്ട് തലകുലുക്കുന്നു.)
കൃഷണന്‍ തിരുമേനി: (കാന്താരിക്കുട്ടിയെ നോക്കി) “നീയ് ഈ കുട്ടിയെം വിളിച്ച് അകത്തേക്ക് പൊയ്ക്കോളു“ (ശിവനെ നോക്കി അയ്യാളോടായി):“നീയാ ശാരമ്മടെ അടുത്ത് വരെ ഒന്ന് പോണം“
ശിവന്‍ നമ്പൂതിരിപ്പാട്(ഭയവും വെപ്രാളവും നിറഞ്ഞ മുഖഭാവത്തോടെ);“ഈ രാത്രിലോ?”
കൃഷണനമ്പൂതിരിപ്പാട്-(കനത്ത ഒച്ചയോടെ) “പോണം.“ഞാന്‍ ഗ്രന്ഥപുരയില്‍ കാണും.ദാ ഈ ഭസമം കൈയ്യില്‍ വച്ചോളു.“
കാന്താരിക്കുട്ടി(പ്രിയയുടെ കൈയ്യില്‍ പിടിച്ചു കൊണ്ട്) “വാ ചേച്ചി നമ്മുക്ക് പോകാ“.
(ഉള്ളിലേക്ക് നടക്കുന്നതിനിടയില്‍ പ്രിയ):“ഈ ചേച്ചി വിളി ഒഴിവാക്കികൊളു എനിക്ക് അത്ര വലിയ പ്രായമൊന്നുമില്ലാ.“

പശ്ചാത്തലത്തില്‍ വീണ്ടും ഉമ്മറം
)അകത്തേക്ക് നോക്കി എന്തോ മന്ത്രം ഉരുവിട്ട് പോകാന്‍ ഒരുങ്ങുന്ന കൃഷണന്‍ നമ്പൂതിരിപ്പാട് തിരിഞ്ഞു കാവാലാനെ നോക്കുന്നു.):“രാത്രി യാത്ര വേണ്ടാ ആ തളത്തില്‍ കിടന്നോളു.“
കാവാലന്‍:“ഉവ്വാ“
അകത്തേക്ക് കയറി പോകുന്ന തിരുമേനി
എന്തോ പിറുപിറുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങുന്ന ശിവന്‍ നമ്പൂതിരിപ്പാട്
സീന്‍-
പശ്ചാത്തലത്തില്‍ ഷാരയില്‍ ദേവിക്ഷേത്രം.
ദേവി ക്ഷേത്രത്തിന്റെ മുന്നില്‍ വലിയ ആല്‍ത്തറ.
കാറ്റില്‍ ആടിയുലയുന്ന ആല്‍മരത്തിന്റെ ഇലകള്‍.
ഇരുട്ടില്‍ അല്പം അകലെ നിന്നും അവ്യക്തമായി കത്തിനില്‍ക്കുന്ന കല്‍വിളക്ക്.
ഇരുട്ടിലൂടെ വലിയപ്രകാശമുള്ള ടോര്‍ച്ച് മിന്നിച്ച് നടന്നു.(നടത്തം എന്നല്ല ഭയവും ഭീതിയും നിറഞ്ഞ ഒരോട്ടം എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തിലുള്ള നടത്തം) വരുന്നു.
അന്തീരക്ഷത്തില്‍ കൂമന്റെയും മരണപക്ഷിയുടെയും ഭയാനകമായ ശബ്ദം.
പട്ടി കാലന്‍ കൂവുന്നു.
ഇടക്കിടെ തിരിഞ്ഞു നോക്കുന്ന ശിവന്‍ നമ്പൂതിരിപ്പാട്-അര്‍ജുനപത്ത് ചൊല്ലുന്നു.
ആല്‍ത്തറയിലേക്ക് നടന്നടുക്കുമ്പോള്‍ ആല്‍ത്തറയില്‍ കിടന്നുറങ്ങുന്ന ആള്‍ രൂപം കണ്ട് അങ്ങോട് നടക്കുന്നു.
ശിവന്‍ നമ്പൂതിരിപ്പാട്‌-(വിറവലോടെ)“യാരാദ്?” ആരാന്നാ ചോദിച്ചെ ?”.
പെട്ടെന്ന് ആ രൂപത്തെ മൂടിയിരിക്കുന്ന തുണി അകാശത്തേക്ക് പറന്നു പോകുന്നു .
ഒപ്പം അതൊരു കടവാവലായി മാറുന്നു,
തിരുമേനി അലര്‍ച്ചയോടെ പിന്നോട്ടം മാറുമ്പോള്‍ ആ രൂപം അയ്യാള്‍ക്ക് മുന്നില്‍ ഉയരുന്നു.
തലയില്ലാത്ത ഒരു മനുഷ്യരൂപം .
ക്യാമറ(തിരുമേനിയുടെ ദൃഷടിയില്‍ )താഴോട്ട് നീങ്ങുമ്പോള്‍ ഒരു കൈയ്യില്‍ അയ്യാളുടെ തല അതിന്റെ വായില്‍ നിന്നും, രക്തം താഴേക്ക് വീഴുന്നു.
ശിവന്‍ നമ്പൂതിരിപ്പാട്-(വല്ലാത്തൊരലര്‍ച്ചയോടെ കാവിലേക്ക് ഓടുന്നു)“അമ്മെ എഏഏഏഏഏഏഏ “
അയ്യാള്‍ക്ക് പിന്നാലെ ഒരു പുകപ്പോലെ ആ ആള്‍ രൂപം പാഞ്ഞു വരുന്നു.
അകലേ നിന്നും ഓടി വന്നിട്ട് ശാരമ്മയുടെ നടക്കല്‍ തലയടിച്ചു വീഴുന്ന ശിവന്‍ നമ്പൂതിരിപ്പാട്.
ഒരു നിമിഷം ശാരദാ ക്ഷേത്രത്തിന്റെ ശ്രികോവിലിനുമുന്നിലെ തൂക്കുവിളക്കുകള്‍
ആടിയുലയുന്നു.
മണികള്‍ കൂട്ടത്തോടെ മുഴുങ്ങുന്നു,
ഭീകരമായി പാഞ്ഞടുക്കുന്ന സത്വത്തിനു മുന്നില്‍ മലര്‍ക്കെ തൂറക്കപ്പെടുന്ന വാതില്‍
അതിനുള്ളീല്‍ തിളങ്ങി നിലക്കുന്ന അമ്മയുടെ രൂപം .
കണ്ണൂകളില്‍ നിന്നും ഒരഗ്നിഗോളം പുറത്തേക്ക് .

ശിവന്‍ നമ്പൂതിരിപ്പാടിനെ തിന്നാന്‍ പാഞ്ഞടുക്കുന്ന സത്വത്തിനു നേരെ പാഞ്ഞടുക്കുന്ന പ്രകാശം
ആ സത്വത്തിന്‍ മേല്‍ വന്ന് വീണത് ഒരു വലിയ പ്രകാശമായി എരിഞ്ഞടങ്ങുന്നു.
പശ്ചാത്തലത്തില്‍ ശിവന്‍ നമ്പൂതിരിപ്പാടിന്റെ കണ്ണൂകള്‍ക്ക് മുന്നിലായി ക്ഷേത്രത്തിന്റെ നടകള്‍ കയറി പോകുന്ന ശാരമ്മയുടെ രൂപം.
അയ്യാള്‍ക്ക് മുന്നിലായി അടയുന്ന നട
ശിവന്‍ നമ്പൂതിരിപ്പാട്‌-(ഭയഭക്തിയോടെ ) “അമ്മെ?”
മറ്റൊരു സീനില്‍
അടിച്ചു റോഡിലൂടെ പാട്ടുപാടി വരുന്ന മിന്നാമിനുങ്ങ് വേലായുധന്‍
“കണ്ടു കണ്ടു കണ്ടില്ലാ കേട്ടുകേട്ടു കേട്ടില്ലാ “
വഴിയിലൂടെ ആടിയാടി വരുന്ന മിന്നാമിനുങ്ങ് വേലായുധന്‍ ഒരു പോസ്റ്റില്‍ ചാരിനിന്ന്
ഒരു ബീഡി കത്തിക്കുന്നു .
ബീഡിപുക ആകാശത്തേക്ക് നോക്കി ഊതിവിടുന്നാ മിന്നാമിനുങ്ങ് .
പശ്ചാത്തലത്തില്‍
ങ്യാവു ,എന്ന് കരഞ്ഞു കൊണ്ട് ഒരു കുറ്റിക്കാട്ടില്‍ നിന്നും. ഇറങ്ങി വരുന്ന നീരുപൂച്ച
വേലായുധന്‍ ഒരു പോസ്റ്റില്‍ പിടിച്ച് വാളുവയ്ക്കുന്നു.
നീരു പൂച്ചാ:“എന്തിനാ മിന്നാമിനുങ്ങെ, ഇങ്ങനെ മൂക്കോളം വലിച്ച് കയറ്റുന്നത്.“
വേലായുധന്‍‌- (ഞെട്ടലോടെ ):“ങേ മനുഷ്യ ശബ്ദത്തില്‍ സംസാരിക്കുന്ന പൂച്ചയോ? നീ പുറത്തൊന്നും ഇറങ്ങി നടക്കണ്ട വല്ലോ ശാസ്ത്രജ്ഞന്മാരും പിടിച്ചോണ്ട് പോയി വറുത്തു കളയും.“
നീരു:“ഞാന്‍ പൂച്ചയല്ല നീരുവാ, “എന്നെ ആ ചേറനാടന്‍ ഇങ്ങനെ ആക്കിതാ. “
വേലായുധന്‍:“ഏടാ നീരുപൂച്ചെ, ഞാന്‍ നിനക്ക് മോചനം തരാം ഇങ്ങ് അടുത്തുവാ “.
വേലായുധന്റെ മനസ്സില്‍ കള്ളൂം പൂച്ചഫ്രൈയ്യും അടിക്കുന്ന ദൃശ്യം.ആര്‍ത്തിയോടെ കരിമ്പൂച്ച ഫ്രൈയടിക്കുന്ന വേലായുധന്‍ .
വേലായുധന്‍ പോസ്റ്റില്‍ ചാരി നിന്ന് അമര്‍ത്തി ചിരിക്കുന്നു.
വേലായുധന്‍:“നീരുവെ നീയെന്തിനാ പേടിക്കുന്നെ ?.”“നിന്റെ മിന്നാമിനുങ്ങല്ലെ വിളിക്കുന്നെ “.
“ങു വാ.ആ ചേറനാടാനെ മ്മക്ക് രണ്ടാള്‍ക്കും കൂടി തുരുത്താടാ“.ഞാന്‍ ഒന്നുമല്ലെലും ഓന്റെ ആനെടെ പപ്പാനല്ലേടാ ?”
നീരു:(പേടിയോടെ):“എന്റെ വേലായുധാ, ഞാന്‍ ഈ അവസ്ഥയിലായി പോയകൊണ്ടാണ് ഏല്ലാവരെം പേടിക്കുന്നെ.നീയെന്റെ റോസമ്മെ രക്ഷിക്കുമോ?.”
(അടുത്തേക്ക് നടന്ന് അടുത്തുകൊണ്ട് ചോദിക്കുന്നു)
(വേലായുധന്‍ പോസ്റ്റില്‍ നിന്നും കൈവിട്ടിട്ട് നീരുവിന്റെ ദേഹത്തേക്ക് ചാടി വീഴുന്നു.
വേലായുധന്‍ കൈയ്യ്ക്കുള്ളില്‍ പാവം നീരു പൂച്ച)വേലായുധന്‍:“ആദ്യം ഒരു നല്ല കരിമ്പൂച്ച രസായനം.“(നീരു പൂച്ച ങ്യാവു എന്ന് കരഞ്ഞു കൊണ്ട് വേലായുധന്റെ മുഖത്ത് ഒരു മാന്തുമാന്തിട്ട് ആയ്യാളുടെ കൈക്കുള്ളീല്‍ നിന്നും പുറത്തേക്ക് ചാടുന്നു.
(കുറച്ച് ദൂരം മുന്നോട്ട് ഓടിട്ട് തിരിഞ്ഞു നിന്നിട്ട് നീരു):“മിന്നാമിനുങ്ങെ എന്റെ ശരിയായ രൂ‍പമൊന്ന് കിട്ടിക്കോട്ടേ അനക്ക് ഞാന്‍ വച്ചിട്ടുണ്ട്.”

മിന്നാമിനുങ്ങ് നീരു മുഖത്ത് മാന്തിയ മുറിവില്‍ കൈതടവി കൊണ്ട് കുനിഞ്ഞ് ഒരു കല്ലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മറഞ്ഞു വീഴുന്നു.
(നിലത്ത് മറഞ്ഞു വീണിട്ട് നിലത്ത് പരതി ഒരു കല്ലെടുത്തിട്ട്):“അത്രക്ക് അഹങ്കാരമോ പൂച്ചെ നിനക്ക് ! (കല്ലെടുത്ത് എറിയുന്നു.കല്ല് നീരുവിന്റെ ദേഹത്ത് വന്ന് കൊള്ളുന്നു.)
നീരുപൂച്ച(ക്ലോസ്പ്പ്)“ങ്യാവു ങ്യാവൂ‍ൂ‍ൂ‍ൂ‍ൂ നിന്നെ ഞാന്‍ എടുത്തോളാം .”
ഏന്തി വലിഞ്ഞ് നടന്ന് പോകുന്ന നീരു പൂച്ച (പശ്ചാത്തലത്തില്‍)
മറ്റൊരു സീനില്‍
ഒരു നരകദൃശ്യം .
വലിയ അടുപ്പക്കളില്‍ പാത്രങ്ങളില്‍ തിളക്കുന്ന എണ്ണ.
വലിയ കുന്തങ്ങള്‍ കൊണ്ട് കറുത്ത വലിയ മനുഷ്യര്‍ (തീക്കട്ട കണ്ണൂകള്‍,രക്തകറപുരണ്ട ചുണ്ടുകള്‍, മൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ പോലുള്ള വസ്ത്രങ്ങള്‍ )
അവര്‍ കുന്തമുനകള്‍ കൊണ്ട് മനുഷ്യരെ എണ്ണയില്‍ നിന്നും, കുത്തി കോരുന്നു.
ഒരു കറുത്ത രൂപം ഒരു കുന്തമുനയില്‍ എണ്ണയില്‍ നിന്നും
ഒരു ആള്‍രൂപത്തെ കുത്തിയെടുക്കുന്നു.
നരകത്തിലെ വേദനകള്‍ കൊണ്ട് നിറഞ്ഞ അലര്‍ച്ചകള്‍(പശ്ചാത്തലം)
മറ്റൊരു അടുപ്പില്‍ വെന്തെരുയുന്ന പ്രായമ്മയുടെ ദീനമായ സ്വരം
“ആയ്യോ മോനെ ചേറു “
“ചേറുമോനെ“(പ്രായമ്മയുടെ രൂപം ചുക്കി ചുളിഞ്ഞ മുഖം. തൂങ്ങിയാടുന്ന ചെവി)
ചേറനാട്ടുമഠത്തിന്റെ ഒരു മുറി .
പശ്ചാത്തലത്തില്‍
ചെറിയ വെളീച്ചം നിറഞ്ഞ മുറിയില്‍ കിടന്നു വിയര്‍ത്തു കൊണ്ട്
പിച്ചും പേയും പറയുന്ന ചേറനാടന്‍
ചേറനാടന്റെ കഴുത്തിലേക്ക് നീണ്ടു നീണ്ടു വരുന്ന കൂര്‍ത്ത നഖമുള്ള കൈകള്‍
പ്രായമ്മയുടെ രൂ‍പം .രക്തകറപുരണ്ട മുഖം.
പ്രായമ്മ:“എന്നെ രക്ഷിക്കടാ “
ചേറനാടന്‍‌-“അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ “
വിയര്‍ത്തൂ വിറച്ചു കൊണ്ട് ഞെട്ടിയുണരുന്ന ചേറനാടന്‍
ഭയത്തോടെ തന്റെ ഇരുതോളിലും കെട്ടിയിരിക്കുന്ന ഏലസുകളില്‍ പരതുന്നു.
ഇടതു തോളത്തെ ഏലസ്സ് നഷ്ടപ്പെട്ടതറിഞ്ഞ് പരിഭ്രമിക്കുന്ന ചേറനാടന്‍ .
ബെഡിലും പായിലുമൊക്കെ പരതുന്നു.
അന്നേരം പുറത്തു നിന്നും ഒരു കൈയ്യ് ജനലഴികള്‍ തുളച്ച് അകത്തേക്ക് നീണ്ടു വന്ന് ചേറനാടന്റെ കഴുത്തിനു പിടിച്ച് തള്ളികൊണ്ട് ചുവരില്‍ കൊണ്ട് വച്ച് അമര്‍ത്തുന്നു.
(ചേറനാടന്റെ ഭയാനകമായ അവസ്ഥകളും പിറുപിറുക്കലുകളും നിറഞ്ഞ പശ്ചാത്തലം)
കണ്ണൂകള്‍ പുറത്തേക്ക് തള്ളി തന്റെ മാന്ത്രികവടി കൈക്കിലാക്കാന്‍ ശ്രമിക്കുമ്പോള്‍
ആ കൈകള്‍ ചുരുങ്ങി പ്രായമ്മയായി മുന്നില്‍ നിറയുന്നു.
പ്രായമ്മയുടെ മുഖം.
(തൂങ്ങിയാടുന്ന ചെവി
മുഖം നിറയെ ചുരുണ്ട് വികൃതമായ ഒരു രൂപം .
ചെവിയില്‍ നിന്നും പുകചുരുളുകള്‍ പുറത്തേക്ക്)
പ്രായമ്മ-“ചേറു മോന്‍ പേഠിച്ചോ ?”
ചേറു-ആത്മഗതം(തലകുലുക്കുന്നു)
പ്രായമ്മ-“എനിക്ക് ഭൂമിയില്‍ ജീവിക്കണം.മരിച്ചവരെ തിരിച്ചിവിളിക്കാന്‍ കഴിയുന്ന ഒരു മന്ത്രകെട്ട് മേന്മന ഇല്ലത്ത് ഉണ്ട്.അത് മോന്‍ കൈക്കിലാക്കണം. “
ചേറു:“ഞാന്‍ എന്തു ചെയ്യണം .”
പ്രായമ്മ-“ആ ഇല്ലവുമായി ബന്ധപ്പെട്ട ആരേലുമായി നീ ചങ്ങാത്തം കൂടണം.അവരെ സൂത്രത്തില്‍ വശികരിച്ച് നീ ഗ്രന്ഥക്കെട്ട് കൈക്കിലാക്കിയാല്‍ ഒരാള്‍ക്കും നിന്നെ തോല്പിക്കാന്‍ കഴിയില്ല.മരിച്ചു പോയവര്‍ നിന്റെ അജ്ഞ അനുസരിക്കും.അവരെല്ലാം
ഭൂമിയില്‍ മടങ്ങി വരും നീ പറഞ്ഞത് അനുസരിക്കും.
ചേറു:(അട്ടഹസിക്കുന്നു)“മൂത്തമ്മ എന്റെ മൂത്തമ്മ “
പ്രായമ്മയെ ആലിംഗനം ചെയ്യുന്ന ചേറനാടന്‍
പ്രായമ്മ (പെട്ടെന്ന് ഒരു പുകയായി അന്തീരക്ഷത്തില്‍ മറയുന്നു.)
(അന്തീരക്ഷത്തില്‍ പ്രായമ്മയുടെ അശീരി):“ഈ കര്‍ക്കിടകവാവ് മരിച്ചവരെ തിരിച്ചു വിളിക്കാന്‍ പറ്റിയ ദിവസമാണ് .അത് എത്രയും പെട്ടെന്ന് നീ കൈക്കിലാക്കുക.ആ ദിവസം ഭൂമിയില്‍ മടങ്ങി എത്തുന്ന ആത്മക്കള്‍ ഏതു രൂപവും സ്വകരിക്കാന്‍ കഴിവുള്ളവരായിരിക്കും।”
പ്രായമ്മയുടെ അശീരിക്കു മുന്നില്‍ കൂപ്പു കൈയ്യോടെ നിലക്കുന്ന ചേറനാടന്‍
തുടരും.

Monday, July 7, 2008

സൈക്കിള്‍യജ്ഞം

പണ്ടാറമടങ്ങാനായിട്ട്‌ പെട്രോളിന്‍റെ വില പൂരത്തിനു വിട്ട വാണം പോലെയല്ലേ കുതിച്ചുയരുന്നത്‌. മോളിലേക്കേ പോകുന്നുള്ളൂ.. താഴേക്കൊന്നുമില്ല തിരിച്ചുവരാന്‍.

രാവിലെ ഇറങ്ങുമ്പോ വണ്ടിയുടെ മുഖത്തേക്കു നോക്കുന്നില്ല. സ്റ്റാര്‍ട്ടു ചെയ്യുമ്പോള്‍ അവന്‌ മുരളുന്ന കേള്‍ക്കാം.. 'ഇന്നും ഇല്ലല്ലേ..'.

അവന്‍റെ തൊണ്ട വരളുന്നതറിയാഞ്ഞല്ല. ലിറ്ററൊന്നിനു $1.54 ആണു വില. വഴിയില്‍ കിടന്നു പോയാല്‍ ബീ.സീ.ഏ.ഏ. ക്കാരന്‍ വന്നു ഒരു ലിറ്റര്‍ പെട്രോളുതരും. ചുമ്മാതല്ലല്ലോ മെമ്പര്‍ഷിപ്പിനു തുട്ടെണ്ണികൊടുക്കുന്നത്‌.

പാന്‍റ്സുകളുടെ അരവണ്ണം കുറഞ്ഞു ചുരുങ്ങുന്നതുകാരണം എല്ലാം ഒരു മാതിരി പാകമാകാതായി. പെണ്ണുമ്പിള്ള പറയുന്നത്‌ വയറു കൂടുന്നതാണെന്നാ. ഈ പെണ്ണുങ്ങളുടെ ഒരു വിവരക്കേട്‌!

അവസാനം അവളു ചോറു റേഷനാക്കിത്തുടങ്ങിയപ്പോള്‍ ബാക്കി പട്ടിണികിടന്നു പ്രതിഷേധിച്ചു നോക്കി. കിം ഫലം.

അങ്ങനെ പെട്രോളു വിലയും പാന്‍റ്സിന്‍റെ വിലയുമോര്‍ത്ത്‌ ചില കടുത്ത തീരുമാനങ്ങളെടുത്തു.
അടുത്തയാഴ്ചമുതല്‍ സൈക്കിളിലാണ്‌ ആപ്പീസില്‍ പോകുന്നത്‌!

ശപഥം എടുത്തു കഴിഞ്ഞാണോര്‍ത്തത്‌. സൈക്കിളില്ല. ഏതായാലും എടുത്ത ശപഥം തിരിച്ചു വയ്ക്കാന്‍ ആണായിപ്പിറന്ന ഒരുത്തനും പറ്റില്ലല്ലോ. പ്രത്യേകിച്ചും (ചിരവത്തടിയുമായി) ഒരു സ്ത്രീ പുറകിലുള്ളപ്പോള്‍.

ഉടനേ പോയി 130 ഡോളര്‍ കടിച്ചു കെട്ടഴിച്ചിട്ടു കൊടുത്ത്‌ ഒരു സൈക്കിളങ്ങു വാങ്ങി. സൈക്കിളു മേടിച്ചു അതും ചവിട്ടി വീട്ടിപ്പോകാമെന്നു കരുതി, പെണ്ണുമ്പിള്ളയോട്‌ കടയുടെ മുന്നില്‍ ഡ്രോപ്പു ചെയ്തിട്ടു പൊക്കോളാന്‍ പറഞ്ഞിരുന്നു. സൈക്കിളിനു പകരം കിട്ടിയതൊരു പെട്ടി. സൈക്കിളകത്തുണ്ടത്രെ. വീട്ടിക്കൊണ്ടോയി ഫിറ്റു ചെയ്തോളാന്‍.

രണ്ടു നല്ല മലയാളം തെറി ഫിറ്റു ചെയ്ത്‌ ഒരു താങ്ക്യൂവും പറഞ്ഞ്‌ അവിടെന്നിറങ്ങി. ടാക്സി പിടിച്ചു. ഡോളര്‍ 20. ങ്ഹാ പോട്ടെ. ആരോഗ്യത്തിനു വേണ്ടിയല്ലേ.

ഒരു ദിവസത്തെ പരിശ്രമത്തിനു ശേഷം സൈക്കിളിനു ഏതാണ്ടു അതിന്‍റെ മുത്തശ്ശന്‍റെ രൂപമായിക്കിട്ടി. ബെല്ല്‌, മഡ്‌ ഗാര്‍ഡുകള്‍, കാരിയര്‍, ലൈറ്റ്‌, റിഫ്ളക്റ്റര്‍ സീറ്റു കവര്‍ ഇത്യാദി സാധനങ്ങളൊക്കെ ലക്ഷുറി ആണത്രെ. വേറെ വാങ്ങണം.

ബെല്ല്‌ : വേണ്ട. ചില സായിപ്പു ചെക്കന്മാര്‍ 'എച്യൂസ്‌ മീ' ന്നു കൂവിക്കൊണ്ടു ഓടിക്കുന്നതു കണ്ടിട്ടുണ്ട്‌. അതു പയറ്റലാം.

മഡ്‌ ഗാര്‍ഡുകള്‍: നമ്മള്‌ മഴയത്ത്‌ ചവിട്ടണില്ലല്ലോ. പിന്നെന്തിനാ? വേസ്റ്റുതന്നെ.

കാരിയര്‍: അരിച്ചാക്കൊന്നും കൊണ്ടു പോകാനില്ലല്ലോ. ആപ്പീസില്‍ പോകുമ്പോള്‍ ലഞ്ചും ലാപ്ടോപ്പും ബാക്‌പാക്കില്‍ കേറിക്കോളും.

ലൈറ്റ്‌, റിഫ്ളക്റ്റര്‍: വേണ്ടേ വേണ്ട. പട്ടാപ്പകലല്ലേ ജ്വാലി.

സീറ്റു കവര്‍: ആവശ്യമില്ല, വെറും ജാടയല്ലേ.

രാവിലെ ഷര്‍ട്ടും പാന്‍റും അയേണ്‍ ചെയ്തു മടക്കി ബാഗില്‍ കുത്തിത്തിരുകി. ഫോര്‍മല്‍ ഷൂവെടുത്തു ഒരു പ്ലാസ്റ്റിക്‌ കവറിലാക്കി ഹാന്ഡിലില്‍ തൂക്കി. ഒരു കുട്ടി നിക്കറും ബനിയനുമെടുത്തിട്ടു. പിന്നെ ആ കിരീടം, ഹെല്‍മെറ്റ്‌! (നാട്ടില്‍ നൂറേ നൂറില്‍ ബൈക്കോടിച്ചപ്പ വെച്ചിട്ടില്ല ഹെല്‍മറ്റ്‌! എന്നിട്ടാ ഈ പരട്ട സൈക്കിളോടിക്കാന്‍! പിന്നെ പോലീസുകാരു പിടിച്ചു നിര്‍ത്തും എന്നു പറഞ്ഞപ്പോള്‍.. വെറുതേ എന്തിനാ രാവിലെ ഒരു ഒടക്ക്‌.. പോട്ടേന്നു വെച്ചു.)

കിന്‍റര്‍ഗാര്‍ട്ടനില്‍ പഠിക്കണ മോന്‍റെ ചോദ്യം: "അച്ചാ ഇന്നു ഓഫീസില്‍ പോണില്ലേ? സ്കൂളില്‍ പോകുവാ?"

അകമ്പടിയായി 'കെക്കെക്കേ' ന്നൊരു ചിരിയും. അവന്‍റെ തള്ളയുടെ വഹ! നിക്കറിട്ടതു അവനു പിടിച്ചില്ല. ചെവിക്കൊരു ഞെരടു കൊടുത്തു. ഹല്ല പിന്നെ. ഈ കൊച്ചു പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാല്‍.. മുതിര്‍ന്നവരോടൊരു ബഹുമാനവുമില്ല! ഇവനെ ഉടനേ നാട്ടിലയച്ചു മര്യാദ പഠിപ്പിക്കണം.

അങ്ങനെ പതുക്കെ ചവിട്ടിത്തുടങ്ങി. വീടിനു മുന്നില്‍തന്നെ ഒരു കയറ്റമാണ്‌. ഇറങ്ങി തള്ളിക്കയറ്റി.

ങ്ഹും! ഇത്രേം വല്യ കയറ്റമായിരുന്നോ ഇത്‌? പെണ്ണുമ്പിള്ളയോട്‌ അന്നേ പറഞ്ഞതാ ഈ ഇറക്കത്തിലൊന്നും വീടു മേടിക്കണ്ടാന്ന്‌. വല്ല വണ്ടിയും ബ്രെയ്ക്കുപൊട്ടി വന്നാല്‍! പറഞ്ഞാല്‍ കേള്‍ക്കണ്ടേ.

ഒരു വിധത്തില്‍ ഉരുട്ടി മുകളിലെത്തിച്ചു. (അപ്പഴാണു നാറാണത്തു ഭ്രാന്തനെ ഓര്‍ത്തത്‌. ചുള്ളന്‍റെ ഒരു കാര്യം! വയറു ചാടാന്‍ തുടങ്ങിയിരുന്നോ ആവോ.)

ചവിട്ടു തുടങ്ങി. വെറും ഏഴു കിലോമീറ്ററേ ഉള്ളെന്നാ പെണ്ണുമ്പിള്ള പറഞ്ഞത്‌. ഇതിപ്പം കിലോമീറ്ററെത്രയായെന്നാ?

http://www.getoutdoors.com/goblog/index.php?/archives/2007/07/C15.html

വയറ്റിലെ ഫാറ്റൊക്കെ ബേണ്‍ ചെയ്ത്‌ വിയര്‍പ്പായി നെറ്റിയിലൂടെയും പൊറത്തൂടെയും ഒഴുകുന്നുണ്ട്‌. കൊള്ളാം. ആവേശം കയറുണു. ഒന്നാഞ്ഞങ്ങ്‌ട്‌ ചവിട്ടിക്കൊടുത്തു.

അത്രേം ആവേശം വേണ്ടിയില്ലായിരുന്നു. പത്തമ്പതു മീറ്റര്‍ കഴിഞ്ഞപ്പോഴേയ്ക്കും തലക്കുള്ളിലൊരു മൂളക്കം. കാലിനോടു നിര്‍ത്താന്‍ പറഞ്ഞിട്ടും അതു വീണ്ടും ചവിട്ടിക്കൊണ്ടേ ഇരിക്കുന്നു. ഭാഗ്യത്തിന്‌ കൈകള്‍ അനുസരണ വിട്ടില്ല. ഒരു വിധത്തില്‍ ആപ്പീസിലെത്തി ലോക്കും കൊണാപ്പുമൊക്കെ ഇട്ട്‌ സൈക്കിളിനെ ബന്ധനസ്ഥനാക്കി. നടന്നു.

(ഒന്നു തിരിച്ചു വന്ന്‌ ലോക്ക്‌ അഴിച്ചിട്ടു. പണ്ടാരം, അത്യാവശ്യക്കാരാരെങ്കിലുമുണ്ടേല്‍ കൊണ്ടു പോട്ടെ.)

ജിമ്മിനകത്താണ്‌ ഷവര്‍റൂം. തപ്പിക്കണ്ടു പിടിച്ചു. ഒരു വല്യ ഹാള്‍. എല്ലാര്‍ക്കും സാധനങ്ങളു വയ്ക്കാനുള്ള ലോക്കറുകളുണ്ട്‌. എവിടെയാണോ ഷവര്‍..

ഒടുവില്‍ കണ്ടു പിടിച്ചപ്പോഴൊന്നു ഞെട്ടി!

ഓപ്പണ്‍ ഷവര്‍! പലവലിപ്പത്തിലും നീളത്തിലുമുള്ള സായിപ്പന്‍മാര്‍ പിറന്ന പടി നിന്നു കുളിക്കുന്നു! അയ്യേ.. ഛേ ലജ്ജാവഹം!

ആകെ വിയര്‍ത്തു കുളിച്ചു പണ്ടാറമടങ്ങിയിരിക്കുന്നു. കുളിക്കാതെങ്ങനെ ആപ്പീസിലിരിക്കും? ഒമ്പതു മണിക്കുതന്നെ കാലമാടന്‍ മാനേജറു മീറ്റിങ്ങു വച്ചിട്ടുണ്ട്‌. ഹെന്‍റെ കളരിപരമ്പര ദൈവങ്ങളേ.. ഇതുവരെ ഞാന്‍ കാത്തു സൂക്ഷിച്ച മൊതലൊക്കെ ഈ കാലമ്മാരു കാണുമല്ലോ..

തുണിയൊക്കെ അഴിച്ച്‌ താഴെ നിലത്തോട്ടു മാത്രം നോക്കി ഒരു ഒഴിവുള്ള ഷവറിനടിയിലേക്കു നടന്നു. കണ്ണറിയാതെ സൈഡിലേക്കൊക്കെ പോകുന്നു. പണ്ടാരമടങ്ങാന്‍!

'ഹേയ്‌, എനിക്കു നാണമൊന്നുമില്ല' എന്ന്‌ അഭിനയിച്ച്‌, കയ്യില്‍ ആകെ ഉണ്ടായിരുന്ന സോപ്പുംപെട്ടികൊണ്ട്‌ അത്യാവശ്യം മറക്കേണ്ടതു മറച്ച്‌ ചുവരിനോടു പുറം തിരിഞ്ഞുനിന്നു കുളിച്ചു.

'ഹേയ്‌ മാന്‍, യൂ സ്റ്റാര്‍ട്ടെഡ്‌ ബൈക്കിംഗ്‌?' എന്‍റെ ടീമിലെത്തന്നെ ഒരു ബ്രസീലുകാരന്‍ കഴുവേറിയാണ്‌. ലവനു കേറി വരാന്‍ കണ്ട നേരം!

വൃത്തികെട്ടവന്‍ തുണിയൊക്കെ അഴിച്ചിട്ട്‌ ഒരുമാതിരി.. ഫാഷന്‍ ടീവീയിലെപ്പോലെ ഒരു പ്രദര്‍ശനം! ഛായ്‌! ഇന്നത്തെ ദെവസം പോക്കായല്ലോ പടച്ചോനെ!

ചുവരിനോടു കുറച്ചൂകൂടെ ചേര്‍ന്നു നിന്നു കുളിമഹാമഹം തീര്‍ത്തു. ഓടിയിറങ്ങി വീണ്ടും തുണിക്കുള്ളില്‍ കയറിക്കഴിഞ്ഞപ്പോഴാ ശ്വാസം നേരെ വീണത്‌. എന്തൊരു നാടെന്‍റെ അമ്മച്ചി! എന്‍റേ നാണവും പരവേശവും കണ്ട്‌ ഇനി ഞാനെങ്ങാന്‍ 'മറ്റേ' ടൈപ്പാണെന്നു കരുതിയാണോ ഫഹവാനേ ലാ പൊട്ടന്‍ ക്യൂയേക്കാരന്‍ ചിരിക്കുന്നത്‌?

മീറ്റിങ്ങിനു ലേറ്റ്‌. സ്വാറിയൊക്കെ പറഞ്ഞ്‌ കേറിക്കൂടി.

മീറ്റിംഗുകഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ അടുത്തിരുന്ന തമിഴന്‍: 'യു സ്മെല്‍ ഹൊറിബിള്‍..' (എടാ പരട്ടേ.. നിന്‍റെ നാറ്റം എത്ര നാളായെടാ ഒരു പരാതിയും പറയാതെ ഞാന്‍ സഹിക്കുന്നു!)

ആരുടെയും അടുത്തു പോകാതെ, സംസാരിക്കാന്‍ വരുന്നോരോടൊക്കെ ഇത്തിരി അകലം പാലിച്ച്‌.. അങ്ങനെ അങ്ങനെ ഒരു വിധത്തില്‍ 5 മണിയാക്കി.

'പടച്ചോനേ.. വല്ല കള്ളന്മാരും ദുര്‍ബുദ്ധിതോന്നി ആ പണ്ടാറം സൈക്കിള്‌ എടുത്തോണ്ടു പോയിട്ടുണ്ടാകണേ...'

എവിടെ! ലോ ഇരിക്കുന്നു.. ഇച്ചിരെ അഹങ്കാരത്തെളക്കം കൂടിയിട്ടൊണ്ടതിന്‌. ഒരു ചവിട്ടങ്ങു വെച്ചു കൊടുത്തു. സ്റ്റാന്‍ഡു മാറ്റാന്‍!.

സൈക്കിളു കണ്ടുപിടിച്ച മാക്‌മില്ലന്‍റെ അച്ഛന്‍ തെണ്ടിയെ മനസ്സില്‍ പ്‌രാകി ചവിട്ടി ചവിട്ടി ചവിട്ടി ചവിട്ടി ഒടുവില്‍ വീടെത്തി!

സ്നേഹമയിയായ ഫാര്യ! ലവള്‍ നല്ല ഐസിട്ട നാരങ്ങാവെള്ളവും ഉണ്ടാക്കി വെച്ച്‌ കണവനെ കാത്തിരിക്കുന്നു. 'പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന...'

നാരങ്ങാ വെള്ളം ശര്‍ന്നു കുടിച്ചു വറ്റിച്ച്‌ സോഫയിലേക്കു പോത്തോന്നു സ്ഥാപിച്ചു. 'കുപ്പായം മാറ്റോ..' 'നാറുന്നേയ്..' എന്നിങ്ങനെ ചില ഇന്‍ക്വിലാബുകളൊക്കെ സന്തതി അസുരവിത്ത്‌ മുഴക്കുന്നതൊന്നും ചെവിയില്‍ പോലും കേറിയില്ല.

'എണീറ്റേ.. ദേ അനിലേട്ടന്‍ വന്നിരിക്കുന്നു..' പെണ്ണുമ്പിള്ള കുലുക്കി വിളിച്ചുണര്‍ത്തിയപ്പോള്‍ മണി ഒമ്പത്‌!

അനിലേട്ടനോ? ഏത്‌ അനിലേട്ടന്‍? ഓ, നമ്മുടെ അയല്‍ക്കാരന്‍ അനിലേട്ടന്‍.

'ഇരിക്ക്‌ അനിലേട്ടാ..'

'ഓ നേരമില്ലെന്നേ.. എനിക്കു നിന്‍റെ സൈക്കിളു നാളെയൊന്നു വേണം. അതു പറയാനാ വന്നത്‌. വണ്ടി സര്‍വീസിനു കൊടുത്തിരിക്കുവാ.. കാലത്തേ പോസ്റ്റാപ്പീസിലൊന്നു പോണം..'

'അതുപിന്നെ.. ' നശിച്ച പെണ്ണുമ്പിള്ള ഒടക്കിടാന്‍ വരുന്നു!

'പിന്നെന്താ അനിലേട്ടാ.. അതിവിടെ ചുമ്മാതിരിക്കുവല്ലേ..'

അനിലേട്ടനും സന്തോഷം.

'ഈ അനിലേട്ടനാകെ മെലിഞ്ഞെന്നു തോന്നുന്നല്ലോ.. ഭയങ്കര വര്‍ക്കൌട്ടാണോ ഇപ്പോള്‍?.. കേറൂ.. നമുക്കോരോ ബിയറു വിടാം..'

അനിലേട്ടന്‍ ഭയങ്കര ഹെല്‍ത്ത്‌ കോണ്‍ഷ്യസ്‌. വീക്കെന്‍ഡീല്‍ വരാമെന്ന്‌. അങ്ങേരു സലാം പറഞ്ഞു പോയി.

എന്താ ഈ പെണ്ണുമ്പിള്ള നോക്കി പേടിപ്പിക്കണേ?

'എഡീ.. ആപ്പീസിലെ ഓപ്പണ്‍ ഷവറില്‍ നിന്നു കുളിക്കുമ്പോ ഈ സായിപ്പന്‍മാരു.....'

ഈ പെണ്ണുങ്ങള്‍ക്കു പിന്നെ കാര്യം പറഞ്ഞാ വേഗം മനസ്സിലാവും കേട്ടോ.

ആശൂത്രി വിശേഷങ്ങള്‍(4)

ആല്‍ത്തറയിലെ ആശൂത്രി.
രംഗത്ത്- കീതമ്മ, തോന്ന്യാസി,പിള്ളേച്ചന്‍,പ്രസിഡന്റ്,കുഞ്ചു,റോസമ്മ, കുട്ടി ഡാക്കിട്ടര്‍.

ആശൂത്രി.
തലക്കു കയ്യും കൊടുത്തു വിഷണ്ണനായിരിക്കുന്ന ഡോ:കുട്ടി.
ഓടിക്കൊണ്ടേയിരിക്കുന്ന തോന്ന്യാസി. തോന്ന്യാസിയുടെ ഓട്ടം അതിരു കടക്കുന്നതിനാല്‍ കുട്ടിയുടെ ക്ഷമ കെടുന്നു.
കു.ഡോ:‘പണ്ടാരമടങ്ങാന്‍ നീയിതൊന്നു നിറുത്തുന്നുണ്ടോ..?”
തോ:“എന്തു നിറുത്താനാ..?”
കു.ഡോ:“നിന്റെ ഒടുക്കത്തെയീ ഓട്ടം..!”
തോ:“ഓ..ഹോ..അപ്പോ അതാണു കാര്യം..എന്റെയീ ഓട്ടം ഇല്ലായിരുന്നേല്‍ നമ്മുടെ സ്ഥിതി എന്താകുമെന്നൊന്നാലോചിച്ചേ..?ഓടിയാലേ ഈ രാജ്യത്തിപ്പൊ രക്ഷയുള്ളു..! നമ്മള്‍ക്ക് ഓട്ടം അറിയാതിരുന്നെങ്കില്‍ തലയും മൊട്ടയടിച്ച് വല്ല ജെയിലിലോ മറ്റോ കെടക്കേണ്ടി വന്നേനേ ഇപ്പോള്‍..!”
(അതു ശരിയാണല്ലോ എന്നാലോചിക്കുന്ന കുട്ടി.)
കു.ഡോ:“നീ പറഞ്ഞതെല്ലാം ഞാന്‍ ഇതാ സമ്മതിച്ചിരിക്കുന്നു. എന്നാലും നീ ഒന്നാലോചിച്ചു നോക്ക്..ഇങ്ങിനെപോയാല്‍ നമ്മള്‍
രക്ഷപെടുമോ..?”
തോ:“രക്ഷപെടുവാനായി ഈ ആല്‍ത്തറയില്‍ ഒരു കാര്യം മാത്രമേ ഞാന്‍ കാണുന്നുള്ളു.”
കു.ഡോ:“(ആകാംഷയോടെ):“എന്താ അത്..?”
തോ:(രഹസ്യം പറയുന്ന മട്ടില്‍)“നമ്മുടെയാ കീതമ്മയുടെ കടയുടെ ഉത്ഘാടനം നടക്കുമ്പോള്‍ നിങ്ങളവിടെ അദ്ധ്യക്ഷനായിരിക്കാമെന്നു ഞാനങ്ങോട്ടു സമ്മതിച്ചു..!”
കു.ഡോ:“എന്റമ്മോ..നീയെന്നെ ചതിച്ചോ..? അതുകൊണ്ടെന്താ നമുക്കു പ്രയോജനം..?”
തോ:“അല്ലാതെങ്ങിനെയാ നമ്മളെ പത്തുപേരറിയുന്നെ..?”
കു.ഡോ:“ഓ..അതും ശരിയാണല്ലോ..!”

റോസമ്മ പ്രവേശിക്കുന്നു.

റോസമ്മ:“ഡോക്ടറെക്കാണാന്‍ കുറെ ആള്‍ക്കാര്‍ വന്നിരിക്കുന്നു. അവരോടു വരാന്‍ പറയട്ടെ..?”
കു.ഡോ:“അയ്യോ..ആരാ..? വല്ല പോലീസുകാരോ മറ്റോ ആണോ..”
തോ:“അവരു സര്‍ട്ടിഫിക്കറ്റു പരിശോധിക്കാന്‍ വരുന്നവരൊന്നുമല്ല. ആ പൌരസമതിക്കാരാ..നമ്മുടെ പിള്ളേച്ചനും പ്രസിഡന്റും മറ്റും. കീതമ്മയുടെ കടയുടെ കാര്യം പറയാനവരു വരുന്നെന്ന് കുഞ്ചു എന്നെ ഇപ്പോ ഫോണ്‍ ചെയ്തിരുന്നു.”
കു.ഡോ:“എന്നാ അവരോടു വരാന്‍ പറ റോസീ..അങ്ങിനെയെങ്കിലും നമ്മളുടെ തലവര നേരെയാകട്ടേ..!”

റോസമ്മ അവരെ വിളിക്കുവാനായി പുറത്തു പോകുന്നു.

കു.ഡോ:“എനിക്കു പേടിയാകുന്നെടാ തോന്ന്യാസീ..നീയീ വെനയെല്ലാം പിടിച്ചു തലേക്കേറ്റി എന്നെ ഇവിടൂന്നും ഓടിക്കുമോ..?”
തോ:“നിങ്ങടെ കയ്യീലിരിപ്പു ശരിയാണെങ്കി എവിടുന്നും ഓടെണ്ടി വരൂല്ല..അല്ല പിന്നെ..എന്നെക്കൊണ്ടു കൂടുതലൊന്നും പറയിപ്പിക്കണ്ട..!”

റോസമ്മയോടൊപ്പം കീതമ്മ, പ്രസിഡന്റ്, പിള്ളേച്ചന്‍,കുഞ്ചു തുടങ്ങിയവര്‍ കടന്നു വരുന്നു. വരെയെല്ലാം കണ്ടപ്പോള്‍ കുട്ടി ഡോക്ടര്‍ അറിയാതെ എഴുന്നേറ്റു പോകുന്നു. തോന്ന്യാസി എഴുന്നേക്കണ്ടെന്ന് ആംഗ്യഭാഷയില്‍ ഡോക്ടറെ അറിയിക്കുന്നു.

പ്രസിഡന്റ്:“നമസ്കാരം ഡോക്ടറേ..!”
കു.ഡോ:“നമ..അല്ല..ഗുഡാ..അല്ല..ഗൂഡ് മോര്‍..അല്ല..ഗുഡ്..ഈവനിംഗ്..!”
തോ:“ഡോക്ടര്‍ക്ക് ഇംഗ്ലീഷേ അറിയാവൂ..അതാ ഇങ്ങിനെ..!”
കു.ഡോ:“അതെ..അതേ..!”

പ്രസിഡന്റും പിള്ളേച്ചനും അന്യോന്യം നോക്കുന്നു.

പിള്ളേച്ചന്‍:(ധൈര്യം സംഭരിച്ച്):“ഇന്‍ ഇന്‍ഡ്യ..വീ ആര്‍ ബ്രതേര്‍സ് അന്‍ഡ് സിസ്റ്റേര്‍സ്..’
കു.ഡോ:“ഇന്‍ഡ്യ ഈസ് മൈ കണ്ട്രി..ആള്‍ കണ്ട്രീസ് ആര്‍ മൈ ബ്രതേര്‍സ് ആന്‍ഡ് സിസ്റ്റേര്‍സ്..!”
ഇംഗ്ലീഷ് മതിയാക്കാന്‍ തോന്ന്യാസി കുട്ടി ഡോക്ടറോട് ആംഗ്യ ഭാഷയില്‍ ആവശ്യപ്പെടുന്നു. ഡോക്ടര്‍ അനുസരിക്കുന്നു.

കു.ഡോ:“അപ്പോള്‍ എന്താണാവോ എല്ലാവരും കൂടെ..?”
കീതമ്മ:“ഞാന്‍ പറയാം ഡാക്കിട്ടറേ..ന്റെ കട തൊറക്കാന്‍ പോണ വെവരം ങ്ങളോട് പറയാനാ ഈ പുകിലെല്ലാം..ഈ കുഞ്ചു പറേണതു കേട്ടാ ഈ വരവിന്റെയൊരു കാരണം..”

റോസമ്മയേയും നോക്കി നിന്നിരുന്ന കുഞ്ചു ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ എല്ലാവരേയും നോക്കുന്നു.
കുഞ്ചു:‘ഡോക്ടര്‍ മാത്രം കടയുടെ ഉദ്ഘാടനത്തിനു വന്നാല്‍ പോര..റോസമ്മ സിസ്റ്ററിന്റെ ഈശ്വരനാമജപവും വേണം..”
പ്രസി:“നമ്മടെ ആല്‍ത്തറയുടെ കാര്യമായതുകോണ്ട് എല്ലാവരും സഹകരിക്കണം..!”
തോ:“നിങ്ങളാരും വെഷമിക്കണ്ട..എല്ലാം റെഡി..നിങ്ങള്‍ കാര്യങ്ങളെല്ലാം നടത്തിക്കോളൂ..ഞങ്ങളവിടെ ഹാജര്‍..“
പിള്ളേ:“ഓക്കെ ഡോക്ടര്‍..സീ യൂ..’
കു.ഡോ;‘ഓക്കേ..പിള്ളേ..സീ യൂ യെസ്റ്റെര്‍ ഡേ..”

എല്ലാവരും പോകുന്നു.

കു.ഡോ:(തോന്ന്യാസിയോട്):എന്റെ ബുദ്ധി അപാരം..അല്ലേ..എന്നാ ഇംഗ്ലീഷ്..!”
തോ:“എന്റെ നാക്കു ചൊറിഞ്ഞു വരുന്നു.യെസ്റ്റ്ര്ഡേ എന്നു പറഞ്ഞാ ഇന്നലെയെന്നാ..!”
കു.ഡോ:“അപ്പോ ടുമാറോ എന്നു പറഞ്ഞാല്‍ മെനഞ്ഞാന്നെന്നല്ലേ ഞാന്‍ കരുതിയത്..!”
തോ;“നിങ്ങടെ വായടച്ചു വക്കുന്നതായിരിക്കും ബുദ്ധി..ഞാന്‍ പറയുന്നതു കേട്ടു ജീവിച്ചാല്‍ ഇനിയുള്ളകാലം നിങ്ങള്‍ക്കു കഞ്ഞി കുടിച്ചു പോകാം.”

തോന്ന്യാസി പറഞ്ഞതെല്ലാം കേട്ട് മിണ്ടാതെ നില്‍ക്കുന്ന കുട്ടി ഡോക്ടര്‍.

(തുടരും)

Saturday, July 5, 2008

നെരിപ്പോട് .......മനസ്സിന്റെ അടിത്തട്ടില്‍

വീര്‍പ്പുമുട്ടുന്ന ഗദ്‌ഗദങ്ങള്‍

നെഞ്ചിലെ നെരിപോടില്

‍വെന്തുരുകുന്ന സ്വപനങ്ങള്‍

ഒരു ചുടു നിശ്വാസത്തില്‍ കൂടി

പോലും ആശ്വസിക്കാന്‍ ഒന്നു

വിതുമ്പാ‍ന്‍ കഴിയാതെ തേങ്ങുന്നാ

മനസ്സിനോ ഈ മൂക്കുകയര്‍‌?

ചുവക്കാതിരിക്കാം ചുവന്നാലും

ചുടാതിരിക്കാം..ചുട്ട് പൊള്ളീയാലും

അതു പുറമെ കാട്ടാതിരിക്കാം.

സഹനം അതു സ്ത്രീയ്ക്ക് മാത്രം സ്വന്തം

മൂര്‍ച്ചയുള്ള ചുരികയേയും

മാറോടണക്കാം മറക്കാം പൊറുക്കാം ...


(ഡോ. ധനലക്ഷ്മിയുടെ കനകമുന്തിരികള്‍ക്ക്

ഞാന്‍ ഒരു കമന്റ് എഴുതി അത് ഈ വിധമായി)

Wednesday, July 2, 2008

വില്‍പത്രം


ആശയവും പ്രജോദനവും : കാപ്പിലാന്‍
രംഗ രചന : മാണിക്യം, ഗോപന്‍

നാടകവേദിയുടെ മുന്നില്‍ ചാരു കസേരയില്‍ കിടന്നു ബീഡി വലിക്കുന്ന കാപ്പിലാന്‍.മുഖത്ത് ചിന്തിക്കുന്ന മനസ്സിന്‍റെ പ്രതിഫലനങ്ങള്‍ കാണാം..നരച്ച താടി, മുഷിഞ്ഞ ജുബ്ബയും മുണ്ടും.. പാശ്ചാത്തലത്തില്‍ പഴയ നാടക ഗാനത്തിന്‍റെ ഈരടികള്‍ കേള്‍ക്കാം. .ചായയും പരിപ്പുവടയും ആയി കാമക്ഷിയമ്മ രംഗത്തേക്ക് കടന്നു വരുന്നു. നര കയറി തുടങ്ങിയ തല, മുണ്ടും നേരീതും ഉടുത്തിരിക്കുന്നു. മുഖത്ത് പഴയ പ്രസന്നതയില്ല.

കാമാക്ഷിയമ്മ: "ഏട്ടാ, ഇതാ ചായയും കുറച്ചു പരിപ്പുവടയും "

കാപ്പിലാന് വലിയ അനക്കമൊന്നും ഇല്ല, കാമാക്ഷി വന്നത് അറിഞ്ഞിട്ടേയില്ല, ചിന്തകളില്‍ മുഴുകി തന്നെയിരിക്കുന്നു. കാമക്ഷിയമ്മക്ക് അനുതാപം. അടുത്ത് ചെന്നു കുലുക്കി വിളിക്കുന്നു. കാപ്പിലാന്‍ ഞെട്ടിയെഴുന്നെല്‍ക്കുന്നു.

കാപ്പിലാന്‍ : " എന്തെ കാമാക്ഷി, എന്താ ഉണ്ടായേ ?"

കാമാക്ഷി : "ഞാന്‍ ചായയും പരിപ്പുവടയും കൊണ്ടു വന്നതാ, അപ്പൊ ഏട്ടന്‍ ചിന്താവിഷ്ടനായി ഇരിക്കുന്നത് കണ്ടു വല്ലായ്മ തോന്നി. എന്താ ഏട്ടാ പ്രശ്നം, എന്നോട് പറയുവാന്‍ കൊള്ളുന്നതാണെങ്കില്‍ പറയൂ ?"

കാപ്പിലാന്‍ : "ങാ, നീ അറിഞ്ഞിരിക്കുന്നതൊക്കെ നല്ലതാ, ആ ചായയിങ്ങു താ."

കാപ്പിലാന്‍ ചായ മൊത്തികുടിക്കുന്നു, പിന്നീട് ആകാംക്ഷയോടെ അടുത്ത് നില്ക്കുന്ന കാമാക്ഷിയെ നോക്കി പറയുന്നു.

കാപ്പിലാന്‍ : " കാമാക്ഷീ, നീയെന്‍റെ കൂടെ പൊറുക്കാന്‍ വരുമ്പോള്‍ നിനക്കു എത്ര പ്രായമായിക്കാണും, ഒരു ഇരുപത്തി രണ്ടു വയസ്സെന്കിലും അല്ലേ. അന്ന് നിനക്കീ പണവും പ്രതാപവും പണ്ടങ്ങളും സാരിയും ഉണ്ടായിരുന്നോ ടീ ?"

കാമാക്ഷി : (ഒന്നും മനസ്സിലാകാതെ ) "ഓ ഈ ഏട്ടനിത് ഇതെന്തു പറ്റ്യി, അതെ എന്‍റെ കയ്യില്‍ പണമോ ഇത്രേം പണ്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പൊ അതാണോ പ്രശ്നം ?"

കാപ്പിലാന്‍ : " അന്ന് നിനക്കു ഒരു നേരം കഴിയുവാന്‍ കള്ളും കുപ്പിയിലെ മട്ടും മത്തി വറുത്തതും ധാരാളം മതിയായിരുന്നു. ശരിയല്ലേ. ?"

കാമാക്ഷി : " അതെ, ഇതൊക്കെ പറയുവാന്‍ ഇവിടെയെന്തുണ്ടായി ?"

കാപ്പിലാന്‍ : " നിന്റെം മക്കളുടെയും ഏതെങ്കിലും ആഗ്രഹം ഈ ഞാന്‍ നടത്താതെ ബാക്കി വച്ചിട്ടോണ്ടോ ടീ ?"

കാമാക്ഷി : (ഭയത്തോടെ) " നിങ്ങളിത് എന്ത് ഭാവിച്ചാ, ഞാനെന്തകിലും അരുതാത്തത് ചെയ്തോ ?"

കാപ്പിലാന്‍ : " ചോദിച്ചതിനു ഉത്തരം പറയ് "

കാമാക്ഷി : " എന്‍റെ അറിവില്‍ ഇല്ല "

കാപ്പിലാന്‍ : " നിന്റെം മക്കളുടെയും വിചാരം എന്താ, ഈ ഞാന്‍ മോളിലോട്ട് പോവുമ്പം ഈ കാണുന്നതെല്ലാം എന്‍റെ കൂടെ എടുത്തോണ്ട് പോവുംന്നാണോ ?"

കാമാക്ഷി : " ഏട്ടാ, പറയുന്നെങ്കില്‍ ഒന്നു തെളിച്ചു പറയൂ, അല്ലെങ്കില്‍ പിന്നെ പറയരുത്."

കാപ്പിലാന്‍ : " കാമാക്ഷീ ഈ കാണുന്ന തൊടിയും നാടകവേദിയും തറവാടും കള്ളും ഷാപ്പും എനിക്ക് വളരെ പ്രിയപ്പെട്ടവയാണ്, ഇതിനായി പൊടിഞ്ഞിരിക്കുന്ന വിയര്‍പ്പു തുള്ളികള്‍ രക്ത ബിന്ദുക്കള്‍ക്ക്‌ സമമാണ് ..ഇന്നു നിന്നെയും എന്നെയും ഒഴിച്ച് ബാക്കിയെല്ലാം പകുത്തു നല്‍കാനാണ് നമ്മള്‍ വളര്‍ത്തിയുണ്ടാക്കിയ ഈ മക്കള്‍ പറയുന്നത്. മൂത്തവന് വടക്കേ വശത്തുള്ള ആല്‍ത്തറയും താഴെയുള്ളവന് തറവാടും വേണമെന്നു. ബാക്കിയുള്ള രണ്ടു പുത്രന്മാര്‍ക്കും മൂന്നു പെണ്‍മക്കള്‍ക്കും ആവശ്യമായത് എന്നോട് ചോദിച്ചിട്ടില്ല ഇതുവരെ. എങ്കിലും ആ ഷാപ്പിന്‍റെ മേലെ രണ്ടാമതവനൊരു കണ്ണുണ്ട് എന്നാണു കേട്ടത്.

കാമാക്ഷി : " എന്നോടും അവര്‍ സൂചിപ്പിച്ചിരുന്നു ഈ വിഷയങ്ങള്‍, പക്ഷെ നേരിട്ടു അച്ഛനോടങ്ങ്‌ ചോദിച്ചു കൊള്ളുവാന്‍ തന്നെയാണ് ഞാന്‍ പറഞ്ഞതു, ആട്ടെ ഇങ്ങനെ തറവാടും ആല്‍ത്തറയും കള്ളും ഷാപ്പും എഴുതി കൊടുത്താല്‍ ഈ വയസ്സ് കാലത്തു നമ്മളെവിടെ പോയി കിടക്കും ?, എനിക്കീ തറവാടും പരിസരവും വിട്ടു പോവാനായി ആലോചിക്കുമ്പോള്‍ തന്നെ ചങ്കു തകരുന്നു, പിന്നെ വിട്ടു പോകേണ്ടിവന്നാല്‍ പറയണോ..എന്നാലും ശിവന്‍ മോനിത്‌ എന്നോട് ചെയ്തല്ലോ..അവന്‍ നല്ലവനാ, അവന്‍റെ ഭാര്യയാ മൂതേവി.. !, എനിക്ക് പറ്റില്ല അവരുടെ കൂടെ താമസിക്കുവാന്‍. നിങ്ങള്‍ക്കെന്താ പരിപാടി.. ഇതെല്ലാം പകുത്തു കൊടുത്തിട്ട് നിങ്ങള്‍ താമസം റോഡിലാക്കുമോ .?"


കാപ്പിലാന്‍ : " എനിക്കീ ജീവതത്തോട് തന്നെ വെറുപ്പ്‌ തോന്നിത്തുടങ്ങിയിരിക്കുന്നു. ശാശ്വതം എന്നുദ്ധേശിച്ചതെല്ലാം പൂഴിമണ്ണിനെ പോലെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നു വീണു കൊണ്ടിരിക്കുന്നു. മനസ്സുറക്കുന്നില്ല ഒന്നിലും, നിനക്കും ഭാഗം വാങ്ങി എന്തെങ്കിലും ബിസിനസ്സ് ചെയ്തു ജീവിക്കാം."

കാമാക്ഷി : " കഷ്ടം, അപ്പൊ ചെട്ടനെന്തു ചെയ്യുവാന്‍ പോകുന്നു, സന്യസിക്കാന്‍ പോകുന്നോ.? എവിടെയാണെങ്കിലും എനിക്ക് ചേട്ടന്‍റെ കൂടെ തന്നെയുണ്ടാകണം, അത് മാത്രം എനിക്കുമതി സ്വത്തോ പണ്ടമോ പണമോ വേണ്ട.."

കാപ്പിലാന്‍ : " കാമാക്ഷീ കള്ളുഷാപ്പില്‍ വന്നു ജോലിയെടുക്കും പോലെയല്ല സന്ന്യസിക്കുക എന്ന് പറഞ്ഞാല്‍, മനസ്സും ശരീരവും ശുദ്ധിയായി തന്നെ വേണം എല്ലായ്പ്പോഴും. കാവിയുടുക്കുന്നത് സര്‍വ്വ സുഖങ്ങളെയും ത്യജിക്കുവാനാണ്, എന്‍റെ സാമീപ്യമാണ് നിനക്കു വേണ്ടതെങ്കില്‍, അത് ശരിയാകുമെന്ന് തോന്നുന്നില്ല. "

കാമാക്ഷി : "ഏട്ടാ, അങ്ങേവിടെയാണോ അവിടെ ഞാന്‍ ഉണ്ടാകും, തല വടിക്കണമോ, കാവിയെടുക്കണമോ, മാംസ ഭക്ഷണം ഉപേക്ഷിക്കണമോ ഇതിനെല്ലാം ഞാന്‍ തയ്യാറാണ്..ഇത്രയും കാലം കൂടെ താമസിച്ചിട്ട് എന്നെ തനിച്ചാക്കി പോകരുതേ, ഇതൊരു അപേക്ഷയാണ് .."

കാപ്പിലാന്‍ : " ശെരി, നിനക്കു എന്‍റെ കൂടെ വരാം സ്വാമിനിയായി മാത്രം. വില്‍പ്പത്രം എഴുതുവാനായി രാമന്‍ വക്കീലിനെ ഇവിടം വരെ വിളിപ്പിക്കണം. "

കാമാക്ഷി : " ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത്‌, പെണ്‍കുട്ടികള്‍ക്ക് ഒന്നും കൊടുക്കുന്നില്ലേ അങ്ങ്.. അവരുടെ ഭാവിയും നമ്മള്‍ നോക്കേണ്ടേ..?"

കാപ്പിലാന്‍ : " ഓ അതും ശരിയാണല്ലോ, ഇനി കൊടുക്കുവാനായി ഞാനിരിക്കുന്ന ഈ കസേര മാത്രമേയുള്ളൂ. അതോ തറവാട് ഭാഗിക്കണോ ?"

കാമാക്ഷി : " അത് ഏതായാലും ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ വേണ്ട, എന്‍റെ കയ്യിലെ സ്വര്‍ണാഭരണങ്ങളും ഏട്ടനറിയാതെ കരുതിയിരുന്ന കുറച്ചു രൂപയും ഞാന്‍ തരാം. അത് കൊടുത്തോളൂ. നമുക്കായി ഒന്നും കരുതേണ്ടല്ലോ. നമുക്കു ഭക്തിമാര്‍ഗവും ഭിക്ഷയായി ലഭിക്കുന്ന അന്നവും കഴിക്കാം അല്ലേ..?" (കണ്ണീരൊപ്പുന്നു)

കാപ്പിലാന്‍ : " ഭാഗം വെക്കുന്നതാലോചിക്കുമ്പോള്‍ എന്‍റെ ചങ്കു തകരുകയാണ് നമ്മള്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ക്ക്‌ നമ്മളെക്കാള്‍ വലിയത് ഈ സ്വത്തും പണവും മാത്രം...എന്തായാലും ആല്‍ത്തറയിലെ ഒരു സെന്റില്‍ നമുക്കൊരു ആശ്രമം പണിതു ഇനിയുള്ള കാലം അവിടെയാകാം, കാമാക്ഷീ.."

കാമാക്ഷി : " നമ്മളുടെ കുഞ്ഞുങ്ങള്‍, അവരുടേതായ ലോകം കീഴടക്കാന്‍ തയ്യാറായി നില്‍ക്കുന്നു. അവരുടെ ഒപ്പമെത്താനോ അവരോടൊപ്പമൊഴുകാനോ പറ്റില്ല. അനുഗ്രഹിച്ചയക്കൂ ഏട്ടാ.... അന്ന് കൂടെയിറങ്ങിതിരിക്കുമ്പോള്‍ മരിക്കുംവരെയെങ്കിലും ഏട്ടന്‍റെ കൂടെ പോറുക്കണമെന്നേ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ.. ഞാനിപ്പോഴും ആ പഴയ കാമാക്ഷി തന്നെ.. ഏട്ടനില്ലാതെ എനിക്കൊരു ജീവിതമില്ല. അങ്ങ് സ്വാമിയാണെങ്കില്‍, ഞാന്‍ ദാസിയായി എന്നും കൂടെയുണ്ടാകും..വരൂ ആല്‍ത്തറയില്‍ പോയി അല്‍പ്പം കാറ്റു കൊള്ളാം..മനസ്സിന് ഒരു വിശ്രമാവുമാകും.. "
കാപ്പിലാന്‍ : " ങാ, എന്നാല്‍ അങ്ങിനെ..വരൂ..നമുക്കു ആല്‍ത്തറയിലേക്ക് പോകാം."