Sunday, July 20, 2008

ഒരു വേനലവധിക്കാലത്തിന്‍റെ ഓര്‍മ്മയ്ക്ക്‌കൂട്ടുകാരോടൊത്ത് മനക്കലെ മാവിന്‍ തോപ്പില്‍ ചുറ്റി കറങ്ങാനും അമ്പലത്തിന്‍റെ അരികിലുള്ള കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ സൂര്യന്‍ മറയും വരെ തുണിപന്തു കളിക്കുവാനും അഞ്ചാം ക്ലാസ്സിലെ വര്‍ഷാവസാന പരൂഷ കഴിയുവാന്‍ കാത്തിരിക്കുകായിരുന്നു ആ വര്‍ഷം. പരൂഷയെന്ന വിഷമം മാറിയതോടെ സ്കൂള്‍ ബാഗും പുസ്തകങ്ങളും ദാനം നല്‍കി തുണി പന്തുണ്ടാക്കുന്ന ആശാന്മാരുടെ ശിഷ്യത്വം സ്വീകരിച്ചു മനക്കലെ മാവിന്‍ ചുവട്ടില്‍ തന്നെയായി ഇരുപ്പ്.

അച്ഛനും അമ്മയും നല്കിയ മനോഹരമായ പേരുകളേക്കാള്‍ സുഹൃത്തുക്കള്‍ നല്കിയ ഇരട്ട പേരുകളില്‍ അറിയപ്പെടാനാണ് തുണിപന്തു താരങ്ങള്‍ക്ക് ഇഷ്ടം. അന്ന് മോഹന്‍ ബഗാനും മൊഹമ്മദന്‍ സ്പോര്‍ട്ടിംഗും ഈസ്റ്റ് ബംഗാളുമാണ് താരങ്ങളുടെ പേരുകളില്‍ കുറച്ചെങ്കിലും സ്വാധീനം ചെലുത്തിയത്.

അങ്ങിനെ വാത്തി വിജയന്‍റെ മകന്‍ സുബ്രതോയും അനന്തിരവന്‍ താപ്പയും തേപ്പുകാരന്‍ വറീതിന്‍റെ മകന്‍ ദെബാശീശും കമ്പോ‌ണ്ടര്‍ പരമന്‍റെ മകന്‍ തരുണ്‍ ഡേയും ചായക്കടക്കാരന്‍ പ്രഭാകരന്‍റെ മകന്‍ കേരളത്തിന്‍റെ അന്നുകാലത്തെ മിന്നല്‍ പിണര്‍ അപ്പുകുട്ടനുമായി കളത്തില്‍ ഇറങ്ങുമായിരുന്നു..

ബാക്കിയുള്ള പേരുകളെല്ലാം ഫുട്ബോളുമായി ബന്ധമില്ലാത്തവയായിരുന്നു..പ്രസിദ്ധമായ ചില പേരുകള്‍ ഇവയാണ്. ചീങ്കണ്ണി, കല്ലന്‍ തുമ്പി, ഭടന്‍, നത്ത്, പഴ നുറുക്ക്, പള്ള സൈഡ്, അരിപ്പൊടി, കണ്ണിലുണ്ണി, അമ്മിക്കല്ല്, മുള്ളന്‍, അജിമണി, മൂത്താന്‍, മോനുണ്ണി...

ഈ പേരുകള്‍ ചൊല്ലി വിളിക്കുന്നവന് ഒരു തെറി ഉറപ്പായും കിട്ടുമെന്നത് കൊണ്ടും ആ വിളിക്ക് മനക്കലെ ചക്കര മാവിന്‍റെ പത്തു മാമ്പഴമെങ്കിലും രുചിച്ച രസമുണ്ടെന്നതിനാലും വെറുതെയാണെങ്കിലും എല്ലാരും വിളിക്കുമായിരുന്നു.

ഇവയൊന്നും മറക്കാതിരിക്കുവാന്‍ മനക്കലെ കുളപ്പുരയുടെ ഭിത്തികള്‍ നിറയെ ഈ പേരുകള്‍ തുണിപന്തു മത്സരത്തിലെ തര്‍ക്കങ്ങളുടെ ചിത്ര സഹിതം ഇടം പിടിക്കുമായിരുന്നു. അതിനു താഴെ വരച്ചവന്‍റെ കുടുമ്പത്തെ ഒന്നടങ്കം പ്രശംസിച്ചെഴുതുന്ന വരികളും ഉണ്ടാകും.

ആദ്യമാദ്യം പാടത്തു കളിക്കുവാന്‍ വളരെ പ്രയാസമാണ്, കട്ടയും കറ്റയും നിറഞ്ഞു കിടക്കുന്ന പാടത്ത് ഓടി പലതവണ വീണു മുഖത്തും ഉടുപ്പിലും അഴുക്കുമായി വീടെത്തുമ്പോള്‍ കിട്ടുന്ന ശകാരത്തിനും വേദനിക്കുന്ന കാലിനും പന്തു കളിയെന്ന ഭ്രാന്തിനെ പിടിച്ചു നിര്‍ത്തുവാന്‍ കഴിയുമായിരുന്നില്ല. ഒരാഴ്ചത്തെ നിറുത്താതെയുള്ള കഠിനാദ്വാനത്തോടെ പാടം നിരത്തി നല്ലൊരു കളിക്കളമാകുന്നത്തോടെ പന്തുകളിക്ക്‌ ചൂടു പിടിക്കും.

അവധിക്കാലം പകുതിയാവുമ്പോള്‍ വരാറുള്ള തൃശൂര്‍ പൂരം ആഘോഷിക്കുവാന്‍ "കുട്ടി ഗാങ്ങ്സ്" ഒന്നിച്ചാണ് പോകാറുള്ളത്. മാറ്റിലും ഗാംഭീര്യത്തിലും മത്സരിക്കുന്ന തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും വിഭാഗങ്ങളായി കൂട്ടുകാര്‍ ചേരി തിരിയുന്നതോടെ മത്സരം ഉത്സവ പറമ്പില്‍ നിന്നും കളിക്കളത്തിലേക്കും എത്തും.

എതിര്‍ പോസ്റ്റില്‍ ഗോള്‍ അടിക്കുന്നത്തോടെ പാറമേക്കാവ് ടീം ഇലഞ്ഞിതറയങ്ങ് കാച്ചും. തിരുവമ്പാടി വിഭാഗക്കാര്‍ക്ക് ഉടുക്ക് കൊട്ടിലാണ് പ്രിയം, അവര്‍ ഗോള്‍ അടിക്കുന്നത്തോടെ അടുത്ത് നില്‍ക്കുന്ന എല്ലാരിലും വായിലെ ഉമിനീര്‍ തെറിക്കുന്ന രീതിയില്‍ ഉടുക്ക് പാട്ടും പാടി കളിക്കളത്തിന്‍റെ മധ്യത്തില്‍ പന്തു തിരിച്ചു താലപ്പൊലിയോടെ കൊണ്ടു വെയ്ക്കും.

പന്തു കളി പോലെ പ്രിയങ്കരമായ ഈ ആഘോഷം കാണുവാന്‍ പലപ്പോഴും മുതിര്‍ന്നവരും കൂടും, ഉടുക്കുപാട്ടിനു തുള്ളുവാന്‍ അഞ്ചോ ആറോ അയ്യപ്പന്‍മാരും മൂന്നോ നാലോ വാവരുമാരും ഒരു മാളികപ്പുറവും കാണും.

പന്തുകളിക്കുവാന്‍ ഓരോ ടീമിലും പതിനഞ്ചില്‍ കുറഞ്ഞ ആളുകളുണ്ടാകും, ആദ്യമായി കാണുന്നവര്‍ക്ക് ചെറിയ ഒരു യുദ്ധം പോലെയേ തോന്നൂ. കാരണം പന്താണെങ്കില്‍ തീരെ ചെറുത്‌, മിക്കവാറും ഓങ്ങിയടിക്കുന്നത് ‌ എതിരെ നില്‍ക്കുന്നവന്‍റെ കാലിലോ മുതുകിനോ ആകും, വേദന തല്‍ക്കാലം ഒന്നോ രണ്ടോ തെറിയോടെ അടി കൊണ്ടവന്‍ അടിച്ചവനുമായി പറഞ്ഞു തീര്‍ക്കും. അടി ഗുരുതരമല്ലെങ്കില്‍ കളി തുടരും. ഗുരുതരമായെങ്കില്‍ പിന്നെ വീട്ടുകാര്‍ തമ്മിലായിരിക്കും ബാക്കി.

ആ വര്‍ഷം സമദ് എന്ന പേരുള്ള ചങ്ങാതി അവധിക്കാലം ചിലവാക്കുവാന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നു. സമദ് പന്തുകളിയിലാണെങ്കില്‍ മിടുക്കന്‍, ഉടുക്കുകൊട്ടും തായമ്പകയും രണ്ടുനാളില്‍ പഠിച്ചതോടെ സ്ഥിരം കുറ്റികളുടെ സ്ഥാനം അടിച്ച് മാറ്റി, പുള്ളിയായി തിരുവമ്പാടി ടീം ക്യാപ്ടന്‍.

ഇതുകണ്ട് തലേക്കല്ലന്‍ തുമ്പിക്ക് ദേഷ്യം വന്നെങ്കിലും മനക്കലെ മാവില്‍ നിന്നും അടിച്ച് മാറ്റിയ ഒരു ചാക്കു മാമ്പഴത്തില്‍ ദേഷ്യം അലിഞ്ഞില്ലാതെയായി. തൃശൂര്‍ പൂരത്തിന്‍റെ കൊടി കയറിയതോടെ പന്തുകളി മത്സരത്തിനും ഉഷാറു വന്നു. വൈകീട്ടത്തെ മത്സരങ്ങള്‍ തേങ്ങക്കും മാങ്ങക്കുമായി. അടിച്ച് മാറ്റിയ തേങ്ങയും മാങ്ങയും വിറ്റു കാശാക്കി പൂരം ആഘോഷിക്കുവാനുമായുള്ള പദ്ധതിയുമായി താപ്പയും ഭടനും സില്‍വറും പൂച്ചകടിയും കാഷിയര്‍മാരായി മുന്നില്‍ തന്നെയുണ്ടായിരുന്നു.

അങ്ങിനെ സാമ്പിള്‍ വെടിക്കെട്ടും കുട പ്രദര്‍ശനവും കഴിഞ്ഞു ആരാണ് മുന്നില്‍ എന്നുള്ള ചൂടുള്ള അഭിപ്രായങ്ങളുമായി അമ്പലത്തിനു മുന്നില്‍ എല്ലാരും കൂടി. പിറ്റേന്നത്തെ പകല്‍പ്പൂരവും ഇലഞ്ഞിത്തറ മേളവും മഠത്തിലെ വരവും കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും എങ്ങിനെ കാണാമെന്നും ചര്‍ച്ച ചെയ്തു.

തിരുവമ്പാടിയെ തള്ളി പറഞ്ഞവരുടെ കൂടെ പൂരം കാണാനില്ലയെന്നു ശഠിച്ചു കൊണ്ടു സമദും കല്ലന്‍ തുമ്പിയും പാക്കരനും സകയും പിരിഞ്ഞു പോയി.

ആദ്യമായി കൂട്ടുകാര്‍ തമ്മിലുണ്ടായ വിഘടിപ്പില്‍ പലരും അതിശയം പ്രകടിപ്പിച്ചെങ്കിലും പൂരം അടുത്തവര്‍ഷമേ ഇനിയുണ്ടാകൂ എന്ന ചിന്ത മറ്റുള്ളവരുടെ പൂരാസ്വദനത്തിനു മാറ്റൊട്ടും കുറച്ചില്ല. കുടമാറ്റവും പകല്‍പ്പൂരവും കഴിഞ്ഞു അമ്പലത്തിനു മുന്നില്‍ കൂടിയെങ്കിലും പിണക്കത്തില്‍ പിരിഞ്ഞുപോയവരെ കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ല.

രാത്രിയിലെ പൂരവും വെടിക്കെട്ടും കാണുവാന്‍ പോകുന്ന സമദിനെയും ഉപ്പയെയും വഴിയില്‍ കണ്ടു. തിരുവമ്പാടിയുടെ വെടിക്കെട്ടിന്‍റെ കാതലായ കൂട്ടപൊരിച്ചല്‍ വച്ചിരിക്കുന്നതിന്‍റെ അരികിലുള്ള സി എം എസ് സ്കൂളിന്‍റെ മുന്നിലാണ്‌ വെടിക്കെട്ട് കാണുവാന്‍ നില്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ടു സമദ് പോയി.

പരസ്പരം പാരവെപ്പും തമ്മില്‍ തല്ലുമായി ഞങ്ങള്‍ തൃശൂര്‍ ടൌണിലേക്ക് നടന്നു നീങ്ങി. മണികണ്ടനാലിനു അരികിലായി എല്ലാവരും നിലയുറപ്പിച്ചു. പാറമേക്കാവിന്‍റെ വെടിക്കെട്ട് തീര്‍ന്ന കരഘോഷത്തിനിടയില്‍ തിരുവമ്പാടിയുടെ വെടിക്കെട്ടിന് തിരികൊളുത്തി..

ഇടയ്ക്ക് എന്തോ പന്തികേട്‌ തോന്നി..തലങ്ങും വിലങ്ങും പറക്കുന്ന ഗുണ്ടുകള്‍ വെടിക്കെട്ട് കാണുവാന്‍ നിന്നിരുന്ന ജനങ്ങളുടെ നേരെ വന്നപ്പോള്‍ കണ്ട കാഴ്ച അനിര്‍വചനീയമായിരുന്നു. ഒരു യുദ്ധകളത്തെ അനുസ്മരിപ്പിക്കുന്ന ഭയപ്പെടുത്തുന്ന ഓര്‍മ്മകളുമായി കൂട്ടരുമൊത്തു തിരിച്ചു വീട്ടിലേക്കുള്ള കുറുക്കുവഴികളിലൂടെ നൂറേ നൂറില്‍ ഓടുമ്പോള്‍ ആര്‍ക്കും ഒന്നും സംഭവിക്കരുതേയെന്നായിരുന്നു പ്രാര്‍ത്ഥന.

വീട്ടിലെത്തുമ്പോള്‍ വെടിക്കെട്ടിലുണ്ടായ അപകട വിവരം എത്തിയിരുന്നില്ല. ആറു മണിക്കുള്ള റേഡിയോ വാര്‍ത്തക്ക് ഇനിയും സമയമുണ്ട്. തലയിലൂടെ പുതപ്പു വലിച്ചു കയറ്റി ചോര പുരണ്ട മുഖങ്ങളും ദൃശ്യങ്ങളും സ്വയം മറക്കുവാന്‍ ശ്രമിച്ചു..

പിറ്റേന്ന് ചങ്ങാതിമാരുടെ വിളി കേട്ടാണുരുന്നത്. കല്ലന്‍ തുമ്പിയാണ് മുന്നില്‍, അവന്‍റെ മുഖത്ത് ഭയവും ചെറിയ വിറയും ഇല്ലാതില്ല. ബുദ്ധിമുട്ടി അവന്‍ പറഞ്ഞൊപ്പിച്ചു

" ഗട്യെ നമ്മുടെ സമദ് പോയി.."

" അവന്‍ പിന്നേം പിണങ്ങി വീട്ടില്‍ പോയോ ?"

" അല്ലെന്‍റെ ഗട്യെ, മേലേക്ക് പോയി..!"

" അയ്യോ..ഇതെങ്ങിനെ പറ്റീ ഗട്യെ ?"

" അവനും ഉപ്പേം പോയി നിന്നില്ലേ സി എം സില്, അവിടേക്കാണ്‌ കൂടുതല് ഗുണ്ടുകള്‍ ചെരിഞ്ഞത്, അവിടെ വച്ചു തന്നെ അവന്‍റെ ഉപ്പേം മരിച്ചു. എനിക്ക് അവന്‍റെ മയ്യത്തിലേക്ക് നോക്കാന്‍ പറ്റീല്ല ഗട്യെ, അവന്‍റെ തല മുഴുവനായി കിട്ടിയിട്ടില്ല. ഇപ്പോഴും."

" എന്‍റെ ദൈവമേ.."

" നീ വേഗം വാ, മറ്റുള്ളവരെല്ലാം നിന്നെ കാത്തു അവന്‍റെ വീട്ടില്‍ പോവാന്‍ നില്‍ക്കുണൂ"..

വെളുത്ത തുണിയില്‍ പൊതിഞ്ഞു വീടിന്‍റെ മുന്നില്‍ വെച്ചിരിക്കുന്ന ജീവനറ്റ ശരീരം സമദല്ല എന്നാരോ എന്നോട് പറയുന്നതുപോലെ തോന്നി, മാറത്തടിച്ചു കരയുന്ന സമദിന്‍റെ ഉമ്മയെയും ഇതൊന്നും അറിയാതെ അരികില്‍ കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചനുജത്തി നിസയെയും കണ്ടു.

തിരിച്ചു കൂട്ടരോടൊത്തു മനക്കലെ മാവിന്‍ ചുവട്ടിലേക്ക്‌ നടക്കുമ്പോള്‍ മാങ്ങ പറിച്ചതിനു സമദിനെ വഴക്ക് പറഞ്ഞ തിരുമേനിയെ കണ്ടു. കണ്ണീര് പൊടിഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ടു തിരുമേനി പറഞ്ഞു.

" ആ കുട്ടിക്ക് ഇങ്ങനെ വരുംന്ന് ആരെങ്കിലും നിരീക്ക്യോ, മാമ്പഴം എടുത്തത്‌ എന്തിനായിരുന്നൂന്നു ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞതെന്താന്നു അറിയോ?, അയാള്‍ടെ ചങ്ങായിക്ക് വേണ്ടീട്ടാത്രേ ഇത്രേം മാങ്ങേം പറിച്ചത്, ഞാനിത്തിരി കൂടുതല്‍ ശകാരിച്ചു..വേണ്ടെര്‍ന്നില്യാന്നു ഇപ്പൊ തോന്നുണു. !"

തിരുമേനി പറഞ്ഞു തീര്‍ന്നതും അതുവരെ അടക്കി നിര്‍ത്തിയിരുന്ന കല്ലന്‍ തുമ്പിയുടെ സങ്കടം അണ പൊട്ടിയൊഴുകി. . വളരെ ശ്രമപ്പെട്ടു അവനെ സമാധാനിപ്പിക്കുമ്പോഴും ആ വിതുമ്പലുകള്‍ മനസ്സില്‍ തുളഞ്ഞിറങ്ങുകയായിരുന്നു..

18 comments:

പാമരന്‍ said...

ഹൊ ഗോപന്‍ജീ. മനസ്സിലെ മായാത്ത വടുക്കള്‍. നന്നായി എഴുതി..

കാപ്പിലാന്‍ said...

നന്നായി ഗോപാ ,ഓര്‍മ്മകളെ ഇടയ്ക്കിടെ "അയവെട്ടുന്നത്" നല്ലതാണ്.ദഹനക്കേട് ഉണ്ടാകില്ല ...

:)

ജെയിംസ് ബ്രൈറ്റ് said...

ഗോപാ,
മനസ്സിനെ നടുക്കുന്ന ഈ ഓര്‍മ്മകളില്‍ ഞാനും
വിതുമ്പുന്നു.
നമ്മളിലെല്ലാവര്‍ക്കും ഇങ്ങിനെ എല്ലാക്കാലത്തും മനസ്സിന്റെ ചെപ്പുകളില്‍ സൂക്ഷിക്കുവാനായി ചിലതെങ്കിലും എന്നുമെന്നും ഉണ്ടാകുമെന്ന സത്യവും ഞാന്‍ ഉള്‍ക്കൊള്ളുന്നു.
ഞാനും തീര്‍ച്ചയായും അവ ഇവിടെ പങ്കുവയ്ക്കും..!
സ്നേഹപൂര്‍വം,
ജെയിംസ്.

നിരക്ഷരൻ said...

“ ഗട്യെ നമ്മുടെ സമദ് പോയി.."
അവിടന്നങ്ങോട്ട് വിങ്ങിപ്പോയി. ഗോപനും കൂടെ ഇങ്ങനെ തുടങ്ങിയാല്‍ കണ്ണീര് വറ്റിപ്പോകും കേട്ടോ. ആ പാമരന്‍ ദുഷ്ടന്റെ മിനിച്ചേച്ചിയുടെ കഥ ഇപ്പോള്‍ കിടന്ന് നീറുകയാണ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനസ്സിലോര്‍മ്മിക്കാന്‍ സ്നേഹത്തിന്റെ നിറമുള്ള ബന്ധങ്ങള്‍... അതിലിത്തിരി നൊമ്പരം കൂടി കലരുമ്പോള്‍ അത് മറക്കാന്‍ പറ്റാത്ത നീറ്റലാകുന്നു

മാണിക്യം said...

ആ കുരുത്തകേടിന്റെ നടുക്കു നിന്ന്
പന്തു തട്ടിപറീച്ചു ഒരു കാലില്‍ നിന്ന്
മറ്റേ കാലിലേക്ക് ത്തട്ടി കൂട്ടത്തില്‍ കുറേ ഓര്‍മ്മകളുമായി ഞാനും തൊടിയിലെ ചക്കരമാഞ്ചുവട് വരെ വന്നതാ ,.....

വേണ്ടീരുന്നില്ലാ സമദിനെയും ഉപ്പയെയും വഴിയില്‍ കണ്ടു മൂട്ടേണ്ടിയിരുന്നില്ല!
വിതുമ്പലുകള്‍ മനസ്സില്‍ ഏറ്റു വാങ്ങികൊണ്ട്...
ഗോപാ, കണ്ണൂകള്‍ ഈറനണിയിച്ചു

തോന്ന്യാസി said...

ക്രൂരമായ ഓര്‍മ്മകള്‍........

Rare Rose said...

മാമ്പഴത്തിന്റെ മധുരത്തിനും കളിചിരികള്‍ക്കുമൊപ്പം ഓര്‍മ്മചെപ്പിലെ നൊമ്പരങ്ങളും ഈ വേനലവധിക്കാലത്തിനു പറയാനുണ്ടാവുമെന്നു കരുതിയില്ല.....എന്നേക്കുമായി പിരിഞ്ഞു പോയ ആ കളിക്കൂട്ടുകാരനു സമര്‍പ്പിച്ച ഈ ഓര്‍മ്മപ്പൂക്കള്‍ മനസ്സിലെവിടെയൊ നോവുണര്‍ത്തുന്നു...:(

കുറ്റ്യാടിക്കാരന്‍|Suhair said...

ഗോപന്‍ജീ...

മനസില്‍ വിങ്ങലുണ്ടാക്കിയ പോസ്റ്റായിപ്പോയി മാഷേ... ശരിക്കും ഒരു ഗദ്ഗദം വന്നു.

ആ കുട്ടുകാരന്റെ കുടുംബത്തിനെ ഇപ്പോഴും കോണ്ടാക്റ്റ് ചെയ്യാറുണ്ടോ? അവര്‍ക്ക് സുഖമാണോ?

-സുഹൈര്‍

തണല്‍ said...

...ഇതൊന്നും അറിയാതെ അരികില്‍ കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചനുജത്തി നിസയെയും...
-ഗുണ്ടുകള്‍ പിന്നെയും പൊട്ടിക്കൊണ്ടേയിരിക്കുന്നു ഗോപാ..:(

siva // ശിവ said...

ചീങ്കണ്ണി, കല്ലന്‍ തുമ്പി, ഭടന്‍, നത്ത്, പഴ നുറുക്ക്, പള്ള സൈഡ്, അരിപ്പൊടി, കണ്ണിലുണ്ണി, അമ്മിക്കല്ല്, മുള്ളന്‍, അജിമണി, മൂത്താന്‍, മോനുണ്ണി...ഇതൊക്കെ വായിച്ച് രസിച്ചാ താഴേയ്ക്ക് വന്നത്....എന്നാലും പാവം സമദ്....അത് വായിച്ച് വിഷമം തോന്നി...

ഇപ്പോഴും അവരെയൊക്കെ ഓര്‍ക്കുന്നല്ലോ...ആ മനസ്സിന് നന്ദി...

സസ്നേഹം,

ശിവ.

krish | കൃഷ് said...

ഓര്‍മ്മകളുടെ പഴയ ഭണ്ടാരപ്പെട്ടി തുറന്നുനോക്കുകയാണല്ലേ.
നന്നായി.
:)

Unknown said...

ഗോപന്‍ മാഷെ വരാന്‍ കുറച്ചു വൈകി.
ഈ പന്തുകളി ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.
ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്ന് ശ്രിവേദി ആര്‍ട്സ് ആന്റ് സ്പൊര്‍ട്സ് ക്ലബ് എന്ന പേരില്‍
ഒരു ക്ലബ് രൂപികരിക്കുകയും ആ കാലത്ത് (1993-1998 )നാട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് (അയല്‍ ഗ്രാമങ്ങള്‍) പല ടീ‍ീമുകളും ഫുട്ബൊള്‍
ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
അതിന്റെ ഭാഗമായി നാടു തോറും പിരിവാണ്.നോട്ടീസൊക്കെ അടിച്ച് ഇറക്കി.
രസകരമായ പിരിവ്.അങ്ങനെ പിരിച്ചു കിട്ടുന്ന തുക
ടൂര്‍ണ്ണമെന്റ് ഫണ്ടാണ്..പിന്നെ അതിന്റെ ഭാഗമായി
വൈകുന്നേരം ഒരു സിനിമപ്രദര്‍ശനം
കുതുക ലേലം
ഒരു പൈന്റ് റം
ചില ദിവസങ്ങാളില്‍ വാഴക്കുല
കുട്ടികളുടെ വിവിധ കലാപരിപ്പാടികള്‍
മദ്ധ്യവേനല്‍ അവധികാലത്തെ രസമുള്ള ആഓര്‍മ്മകള്‍ മറക്കാന്‍ കഴിയില്ല
അത്ര രസകരമായിരുന്നു ആ ദിവസങ്ങള്‍
എതെല്ലാം ടീ‍മുകളായിരുന്നു അന്ന് മത്സര രംഗത്ത്
ഷൂട്ടിങ്ങ് സ്റ്റാര്‍,സെവന്‍ സ്റ്റാര്‍,ലൂയിസ് കിംങ്ങ്.
ഉപ്പുകണ്ടം
അങ്ങനെ കുറെ ടീമുകള്‍
മനസ്സില്‍ നിന്നും
മായത്ത ഒരു കുട്ടികാലത്തെ ഓര്‍മ്മയാണിതൊക്കെ

Unknown said...

അവസാനം കഥ മനസ്സിനെ വല്ലാ‍ാതെ നൊമ്പരപെടുത്തി

മയൂര said...

നൊമ്പരപ്പെടുത്തിയയോര്‍മ്മകള്‍...

Gopan | ഗോപന്‍ said...

ഈ പോസ്റ്റ് വായിച്ചു അഭിപ്രായമെഴുതിയ എല്ലാ നല്ലമനസ്സുകള്‍ക്കും ആത്മാര്‍ഥമായ നന്ദി. നാട്ടുവിശേഷങ്ങളും കുസൃതികളും പങ്കുവെക്കുന്നതിനോടൊപ്പം ചില നീറുന്ന സംഭവങ്ങളും ഇവിടെ എഴുതിയേക്കാമെന്നു കരുതി. നിങ്ങളെ ഓരോരുത്തരെയും ദുഖിപ്പിക്കാനൊ വിഷമിപ്പിക്കുവാനോ വേണ്ടി എഴുതിയതല്ല. എഴുതിവന്നപ്പോള്‍ അങ്ങിനെയായിപ്പോയതാണ്..

പാമരന്‍സ് : വളരെ നന്ദി. അതെ ആ കറുത്ത ദിനമിന്നും എന്‍റെ മുന്നിലുണ്ട്..സമദിന്‍റെ ചിരിയും.

കാപ്പില്‍സെ : വളരെ നന്ദി.

ജെയിംസ് : വളരെ നന്ദി, ഈ തറയില്‍ പങ്കുവെക്കുവാന്‍ ഇനിയും വിഷയങ്ങളേറെ.

മനോജ് : വളരെ നന്ദി, ഒരേ ട്രെന്‍ഡ് ആക്കാതിരിക്കുവാന്‍ നോക്കാം. ചില ഓര്‍മ്മകള്‍ ഇങ്ങിനെയാണ്‌. വിഷമിപ്പിച്ചേ പോകൂ.

പ്രിയാജി : അതെ, പിരിഞ്ഞു പോയ ആ സുഹൃത്തിനെ ആലോചിക്കുമ്പോള്‍ ഇന്നും വേദനയാണ്. വളരെ നന്ദി.

മാണിക്യേച്ചി : നാടിനെ കുറിച്ചും പന്ത് കളിയെ കുറിച്ചും ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നതു സമദിനെയാണ്, അവന്‍റെ കുസൃതികളെയാണ്.

തോന്ന്യാസി : ഓര്‍മ്മകള്‍ക്കല്ല, വിധിക്കാണ്‌ ക്രൂരത. നന്ദി.

റോസ് : പിന്നീട് വന്ന അവധിക്കാലങ്ങളില്‍ ആഘോഷിക്കുവാന്‍ പാടങ്ങളും മാവിന്‍ തോപ്പും ഉണ്ടായില്ല..വളരെ നന്ദി.

സുഹൈര്‍ : സമദിന്‍റെ ഉപ്പയുടെ ബിസിനസ്സ് നടത്തിക്കൊണ്ടു ഉമ്മയും നിസയും കുറേക്കാലം അവിടെതന്നെയുണ്ടായിരുന്നു. ഇപ്പോള്‍ എവിടെയാണെന്നറിയില്ല.

തണല്‍ജി : ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. മറക്കുവാന്‍ കഴിയാത്ത ജീവിതത്തിലെ ചില നിമിഷങ്ങളില്‍ ഒന്നാണിത്..

ശിവ : പഴയ കൂട്ടുകാര്‍ ഇന്നും എന്‍റെ പ്രിയപ്പെട്ടവര്‍ തന്നെ. പലരും നാട്ടില്‍ തന്നെയുണ്ട്‌. :)
വളരെ നന്ദി.

കൃഷ്‌ : അതെ. ഓര്‍മ്മകളും അനുഭവങ്ങളുമായി ഉടനെ ആല്‍ത്തറയിലേക്ക് വരൂ..വളരെ നന്ദി.

അനൂപ് : പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചതിന് വളരെ നന്ദി. പുതിയ പോസ്റ്റുമായി വരൂ.

Gopan | ഗോപന്‍ said...

മയൂരാജി : ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ശ്രീവല്ലഭന്‍. said...

കുട്ടിക്കാലത്തിലെ വിഷമം പിടിച്ച ഓര്‍മ്മകള്‍.:-(