Monday, July 21, 2008

ദൈവത്തിന്റെ നാട്ടിലെ അസുരഗണങ്ങള്‍

പണ്ടേയ്ക്ക് പണ്ട് മുതല്‍‌
പറഞ്ഞു പഠിപ്പിച്ചിരുന്നു
ഗുരുത്വകേട് ചെയ്യല്ലെ
ഗുരു ശാപം വാങ്ങല്ലേ !

ഹരിശ്രീ കുറിച്ചാലോ
ഗുരുവിനെ വന്ദിച്ചു തുടങ്ങൂ ,
സല്‍കര്‍‌മങ്ങള്‍ക്ക്
ഗുരുവിനു ദക്ഷിണവച്ചു
അനുഗ്രഹം വാങ്ങൂ...

ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുര്‍
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരു സാക്ഷാല്‍ പരംബ്രഹ്മ
തസ്മൈ ശ്രി ഗുരുവേ നമഃ

നല്ലൊരു പൈതൃകം ഭാരതീയനുണ്ടെന്നും
അതില്‍ കേരളത്തില്‍ സമ്പൂര്‍‌ണ
സക്ഷരതയാണെന്നും ചുമ്മാ ഊറ്റം കൊണ്ടു
എന്താണിന്നെന്റെ നാടിനു പറ്റിയതു?

അല്ലാ മനസ്സിലെ നീറ്റല്‍
അതു പറഞ്ഞാല്‍ തീരില്ലാ
തെരുവിലാ ഗുരുവന്ദ്യനെ
തച്ചു കൊന്നത് മാപ്പാക്കാനാവുമോ?

26 comments:

മാണിക്യം said...

"ദൈവത്തിന്റെ നാട്ടിലെ അസുരഗണങ്ങള്‍"

Gopan | ഗോപന്‍ said...

നീറുന്ന ഒരു കൈത്തിരി നാളവും അല്‍പ്പം പൂക്കളും ഇവിടെ വയ്ക്കട്ടെ.ജെയിംസ് മാഷിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

കേരളത്തിലെ മതസഹിഷ്ണുതയെ പറ്റി അഭിമാനം കൊണ്ട ഒരുകാലം ഉണ്ടായിരുന്നു.ഇന്നു മനസാക്ഷിയില്ലാത്ത രാഷ്ട്രീയ നേതാക്കാന്‍മാരും മത മേലാളന്‍മാരും കേരളം ഭരിക്കുന്നു. ദൈവം ഉപേക്ഷിച്ച ദൈവത്തിന്‍റെ സ്വന്തം നാടിനു ഈ ദുര്‍ഗതിയില്‍ നിന്നും മോചനമില്ലേ. ?

കാപ്പിലാന്‍ said...

മോചനം ഒരിക്കലും ഇല്ല ചേച്ചി
പോയ് പോയ കാലങ്ങള്‍ കഴിഞ്ഞുപോയി
ഇന്ന് കേരള നാട് ശ്വാസം മുട്ടുന്നു
കരാളഹസ്തങ്ങളില്‍ കിടന്ന്‌ പിടഞ്ഞ് ഒടുങ്ങുന്നു
ഇവിടെ മോചനം ഇല്ല
ഇനിയും ഒരു തലമുറ പിറക്കണം
സ്വന്തം മണ്ണിനെ തിരിച്ചറിയുന്ന തലമുറ
അമ്മക്ക് വിലപറയുന്ന ജന്മങ്ങളെ തച്ചുടയ്ക്കാന്‍
കെല്‍പ്പുള്ള തലമുറ
അതിനുവേണ്ടി നമുക്ക് കാത്തിരിക്കാം

നിരക്ഷരൻ said...

എം.ടി.യുടെ തിരക്കഥയിലുള്ള പഴയൊരു സിനിമാ ഡയലോഗ് ഓര്‍മ്മ വന്നു.

“ കരുണന്‍ ജയിലീന്ന് ഇറങ്ങിയപ്പോള്‍ ദൈവം വെന്തുരുത്തി പാലം കടന്ന് രക്ഷപ്പെട്ടെടീ. ഇനി കിടന്ന് അലറി വിളിച്ചിട്ട് കാര്യമില്ല”

അതെ ദൈവം വെന്തുരുത്തി പാലം വഴി രക്ഷപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടീന്ന്. അങ്ങോര്‍ക്ക് തിരിച്ച് ഇങ്ങോട്ട് വരാന്‍ നാം ഇനി മറ്റൊരു പാലം (സ്നേഹത്തിന്റെ പാലം) പണിയണം എന്നിട്ട് കളമൊഴിഞ്ഞ് കൊടുക്കുകയും വേണം. അതിന് മുന്‍പ് ഈ രാഷ്ടീയ-അസുരഗണങ്ങളെയൊക്കെ തച്ച് കൊല്ലണം. അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടണം. എങ്ങനായാലും വേണ്ടില്ല ഒരു ശുദ്ധികലശത്തിന് സമയമായിരിക്കുന്നു.....

പാമരന്‍ said...

അക്ഷരമറിയാത്തവരാണ്‌.. അല്ലെങ്കില്‍ അക്ഷരത്തിലെ അഗ്നിയെ സ്വാര്‍ത്ഥതയൊഴിച്ചു കെടുത്തിയവരാണ്‌ ഇതു ചെയ്തത്‌.. ചെയ്യിപ്പിച്ചത്‌.

ആ കുഞ്ഞുങ്ങളുടെയും അമ്മയുടേയും കണ്ണുനീരു വീണ്‌ നനഞ്ഞ്‌ ഈ നാടൊരു മരുഭൂമിയാവും. ഗുരുത്വവും സ്നേഹവും അലിവും അന്യം നിന്നുപോയ ഊഷരഭൂമി.

തീപകര്‍ന്നുകൊടുക്കുന്നവര്‍ അറിയുന്നില്ല അവര്‍ ഇരിക്കുന്നിടം കൂടിയാണതില്‍ വേവാന്‍ പോകുന്നതെന്ന്‌.

പാമരന്‍ said...
This comment has been removed by the author.
പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ അധ്യാപകന്റെ മരണത്തില്‍ കരയാനുള്ള അര്‍ഹത പോലുമില്ല കേരളജനതയ്ക്ക്. എന്തിനാണാവോ എല്ലാവരും ഊറ്റം കൊള്ളുന്നത്. വ്യഭിചരിയ്ക്കുന്ന രാഷ്ട്രീയത്തിനു വേണ്ടിയോ.

മനസ്സില്‍ ഇനിയും വറ്റാത്ത സ്നേഹനിര്‍ഭരമായ കണ്ണുനീര്‍ അദ്ദേഹത്തിന് അര്‍പ്പിയ്ക്കുന്നു

നന്ദു said...

ചേച്ചീ,
ഇവിടെ അദ്ധ്യാപകനാണോ വിദ്യാർത്ഥിയാണൊ എന്നതിനെക്കാൾ എന്റെ മനസ്സിൽ തോന്നിയത് ഒരു സഹജീവിയെ നിർദ്ദയം ചവിട്ടിക്കൊന്ന മനസ്സാക്ഷിയില്ലാത്ത (ചേച്ചി പറഞ്ഞപോലെ സമ്പൂർണ്ണ സാക്ഷരർ എന്നവകാശപ്പെടുന്ന ഒരു സമൂഹം)സമൂഹത്തിനോടുള്ള പുശ്ചമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ പുത്തരിയല്ല. പാഠപുസ്തക വിവാദത്തിൽ രക്തസാക്ഷി മണ്ഡപം ഉയർത്താൻ രാഷ്ട്രീയക്കാർക്ക് ഒരു ഇരയെ കൂടെ കിട്ടി!. കഴിഞ്ഞ ദിവസം ശ്രീ ശ്രീരാമൻ (ഡി. വൈ. എഫ്. ഐ യുടെ) ന്റെ ഒരു സ്റ്റേറ്റ്മെന്റ് കാണാനിടയായി വാർത്തയ്ക്കിടയിൽ, ഒരദ്ധ്യാപകനെ ഇത്രയും ക്രൂരമായി എല്ലാരുടേം മുന്നിൽ വഛ് മർദ്ദിച്ച് കൊന്നത് മനസ്സക്ഷിക്ക് നിരക്കാത്തതാണേന്ന്.. ചേച്ചീ ഇതിൽ രാഷ്ട്രീയം കാണരുതെ, എങ്കിലും താരതമ്യം ചെയ്യുമ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ, നിഷ്കളങ്കരായ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച് ജയകൃഷ്ണൻ എന്ന ഒരു അദ്ധ്യാപകനെ നിർദ്ദയം വെട്ടിക്കൊന്നവർക്ക് ഇതു പറയാൻ എന്ത് ധാർമ്മികതയാണൂള്ളത്. അന്നി ഈ പറഞ്ഞ മനസ്സാക്ഷിയൊക്കെ എങ്ങോട്ടൂ പോയി? എന്താ അതും അദ്ധ്യാപകൻ അല്ലെന്നുണ്ടോ?.
ഓരൊ രാഷ്ട്രീയക്കാരനും അതാതു കാലത്ത് വിജയിക്കാൻ ഓരൊ രക്തസാക്ഷികൾ വേണം. ഇനി മറ്റൊരു കാര്യം ഈ കൊലപാതകം ആസൂത്രിതമല്ലെന്നു പറയാൻ കഴിയുമോ?. ലീഗുകാരെ കരുവാക്കി??? മനപ്പൂർവ്വം ഒരു രക്തസാക്ഷിയെ സൃഷ്ടീക്കാൻ വേണ്ടി. അങ്ങനെം ചിന്തിക്കാമല്ലോ ?.

പക്ഷെ സമൂഹ മനസ്സക്ഷി ഇപ്പോൾ മരവിച്ചു പോയിരിക്കുന്നു ചേച്ചി, കൊലപാതകങ്ങളും ബലാത്സങ്ങളൂം കണ്ടു കണ്ടു വളരുന്ന ഒരു പുത്തൻ തലമുറയാണ് നമ്മുടെ മുന്നിൽ വളർന്നു വരുന്നത്. ഇത് എവിടെ പോയി അവസാനിക്കും എന്നൊരു പിടീയുമില്ല......”കേഴുക പ്രിയ നാടേ.......”

ശ്രീ said...

ആ മാഷിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിയ്ക്കാം.

ബിന്ദു കെ പി said...

നന്ദുവിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. നാടിന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു

Unknown said...

ഇത് ദൈവത്തിന്റെ സ്വന്തം നാടല്ലെ ചേച്ചി.ഇവിടെ ഇങ്ങനെ പലതും നടക്കം.
മുമ്പ് ക്ലാസ്സില്‍ കയറി കുട്ടികളൂടെ മുന്നിലീട്ട്
ഒരു മാഷെ വെട്ടീ കൊന്നു.
ഇന്ന് മറ്റൊരു മാഷ്
മതം രാഷ്ടീയം എന്തിനെല്ലാം വേണ്ടി മനുഷ്യര്‍ ഇങ്ങനെ ?
ആലോചിച്ചിട്ട് വേദന തോന്നുന്നു
കഷ്ടം.

ശെഫി said...

മാപ്പാകാനാവില്ല

Lathika subhash said...

ജയിംസ് മാഷിന് ആദരാഞ്ജലികള്‍.........

ഗീത said...

ഗുരുത്വവും ഗുരുവന്ദനവുമൊക്കെ പണ്ടായിരുന്നു ചേച്ചീ. അതൊക്കെ എന്നേ കൈമോശം വന്നു പോയിരിക്കുന്നു.
ഗുരു എന്ന വിശേഷണം വേണ്ട. ഒരു മനുഷ്യന്‍, തന്നെപ്പോലെയുള്ള ഒരു മനുഷ്യജീവി..
എങ്ങനെ തോന്നി ആ കാപാലികര്‍ക്ക് ഇത്രയും ക്രൂരമായി തന്നെപ്പോലൊരു സഹജീവിയെ ചവിട്ടിക്കൊല്ലാന്‍? ചവിട്ടാന്‍ കാലുപൊക്കിയപ്പോഴും അടിക്കാന്‍ കൈ ഉയര്‍ത്തിയപ്പോഴും, അതേല്‍ക്കുന്നവന്റെ സ്ഥാനത്ത് സ്വന്തം സഹോദരനായിരുന്നെങ്കിലോ എന്നൊന്ന് ചിന്തിച്ചിരുന്നെങ്കില്‍..

ഇന്നലെ രാഷ്ട്രീയ ചായ്‌വുള്ള ഒരു അദ്ധ്യാപകസംഘടന ഘോരഘോരം വാക് ‍ധോരണി മുഴക്കി ഈ ഗുരുഹത്യയെ കുറിച്ച് ..
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ മറ്റൊരു ഗുരുഹത്യ നടന്നപ്പോള്‍ ഇതേ സംഘടന മൌനവ്രതത്തിലായിരുന്നു ....

ഈ കേരളം ഇനി നന്നാവാനൊന്നും പോണില്ല ചേച്ചീ. അതു തിന്മയുടെ പാതാളത്തിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.

യദുമേയ്ക്കാട് said...

ആല്‍ത്തറ: ദൈവത്തിന്റെ നാട്ടിലെ അസുര ഗണങ്ങള്‍
സമ്പൂര്‍ണ സാക്ഷരത യുടെയും പൈതൃക സമ്പത്തിന്റെയും തുടിപ്പുകള്‍ കണ്ടു .....മാതാ ,പിതാ ..ഗുരു ,ദൈവം ...എന്നത് ലോകബാന്കില്‍ നിന്നും ഇരന്നെടുത്ത ഡീ പീ ee പീ യ്ക്കോ സര്‍വ ശിക്ഷ അഭിയാനിലോ ഇല്ല .......മാനുഷരല്ലാരും ഒന്നു പോലെ എന്ന് പാടിയത് ഇതിനായിരുന്നുവോ ? തലയെടുക്കലിന്റെ എണ്ണം എല്ലാ കൂട്ടര്‍ക്കും ഒരുപോലെ ആക്കാന്‍....? ഭാരതത്തെയും ,കേരളത്തെയും പാടിപുകഴ്ത്തിയ കവികള്‍ ഇന്നില്ലത്തത് ഭാഗ്യം ....... ഈ നാട്ടില്‍ ജന്മം കൊണ്ടതില്‍ നാം അഭിമാനിക്കണോ ? അതോ ഈ ചെയ്തികളില്‍ ഊറ്റം കൊള്ളണോ ?....
സ്നേഹിക്കാനും ...തിരിച്ചറിയാനും പഠിപ്പിച്ച ....ഗുരുനാഥാ .........പ്രണാമം !

ഹരീഷ് തൊടുപുഴ said...

തെരുവിലാ ഗുരുവന്ദ്യനെ
തച്ചു കൊന്നത് മാപ്പാക്കാനാവുമോ


ചേച്ചീ, കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയാവസ്ഥ വളരെയേരെ ദയനീയവും, ലജ്ജാവഹവും ആണ്. കൂട്ടികൊടുപ്പുകാര്‍ ഇതിനേക്കാള്‍ ഭേദമാണെന്നാണെനിക്കു തോന്നുന്നത്...

കനല്‍ said...

ജയിംസ് മാഷായാലും ജയക്യഷ്ണന്‍ മാഷായാലും നടന്നത് മാപ്പര്‍ഹിക്കാത്തതാണ്. ചെയ്തത് കമ്മ്യൂണിസ്റ്റ് കാരാനായാലും കോണ്‍ഗ്രസുകാരനായാലും ലീഗ് കാരനായാലും അവരവരുടെ പ്രബുദ്ധകേരളത്തിന് അപമാനമുണ്ടാക്കുന്ന സംഭവമാണ്.

രാഷ്ട്രീയത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പകരം പറഞ്ഞ് നാം ഈ കുറ്റങ്ങളെ ന്യായീകരിക്കുന്ന അര്‍ത്ഥമുണ്ടാക്കുകയല്ലേ നന്ദേട്ടാ ചെയ്യുന്നത്.

raj said...

മറ്റുള്ളവരുടെ വിയർപ്പിന്റെ അപ്പം ഭക്ഷിക്കുന്ന ഈ നാറിയ രാഷ്ട്രീയക്കോമരങ്ങൾ സ്വന്ത നേട്ടത്തിനു വേണ്ടി എന്തു ചെയ്യാനും മടിക്കില്ലന്നുള്ളതിനു ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.. അത് ജയകൃഷ്ണൻ മാഷായാലും ജയിംസ് മാഷായാലും ഇനി ഇതൊന്നുമല്ല ഇവന്റെയൊക്കെ പെറ്റമ്മയായാലും കൊല്ലാനൊന്നും ഇവനൊന്നും ഒരു ഉളിപ്പുമില്ല..എന്നിട്ടോ ഇവന്റെയൊക്കെ തലതൊട്ടപ്പന്മാർ അങ്ങ് ഇന്ദിരാ ഭവനിലൊ, എ.കെ.ജി സെന്ററിലൊ, ലീഗു ഹൌസിലോ ഇരുന്നു വീമ്പിളക്കും ഒന്നു തെളിയിക്കാൻ.. മരിച്ച മാഷിന്റെ വീട്ടുകാരുടെ ദുഖം ആരു കാണാൻ.. അതിന്റെ പേരിൽ അടുത്തൊരു ദിവസം ഹർത്താലു നടത്തി രാഷ്ടീയ പാർട്ടികളും,രണ്ട് നാലു ദിവ്സം സെൻസേഷൻ ന്യൂസു കൊടുത്ത് മാധ്യമങ്ങളും, ഒന്നോ രണ്ടോ ബ്ലോഗും അനുബന്ധവും എഴുതി നിങ്ങളെ പോലെയുള്ളവരും മറക്കും..പക്ഷെ നഷട്ടപ്പെട്ടത് മരിച്ച ആളിന്റെ വീട്ടുകാർക്ക്...അവരുടെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന ദുഖം, ഒരു ഇടിത്തീയായി ഈ രാഷ്ട്രീയ പിമ്പുകളെ എന്നും പിന്തുടരും.. ഇതൊക്കെ ചെയ്യുന്നവന്റെയും ചെയ്യിക്കുന്നവന്റെയും തലയിൽ ഇടിത്തീ വീഴട്ടെ..

ഹന്‍ല്ലലത്ത് Hanllalath said...

അദ്ധ്യാപകന്‍ കുട്ടികളുടെ മുമ്പില്‍ വച്ചു നുറുക്കപ്പെടുന്ന നാടാണിത്..
സാക്ഷരത,,സംസ്കാരം..എന്നെല്ലാം ഊറ്റം കൊള്ളുന്ന നാം ചെയ്യുന്നത് സത്യത്തില്‍ സദാചാരത്തിന്‍റെ മുഖം മൂടി ധരിക്കുകയാണ്...!
ഇന്ന് ആദര്‍ശം പറയുന്നവരും അത് പ്രവര്‍ത്തനത്തില്‍ ഇല്ലാതിരിക്കുവാനാണ് ശ്രമിക്കുന്നത്.. എല്ലാം ആമാശയമയം..!!!
ബുദ്ധി പണയം വച്ച ,
ചിന്താ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന,
സ്വന്തമായി ഏതു അടി വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുവാനുള്ള കമ്പോള സ്വാതന്ത്ര്യം പോലും കൈമോശം വന്ന സമൂഹത്തില്‍ എന്ത് പരിവര്‍ത്തന മന്ത്രമാണ് നാം ഓതേണ്ടത് ...?!!!
ഇവിടെ എന്ത് നടന്നാലും ഏതു കാട്ടാളന്മാര്‍ അഴിഞാടിയാലും ആരും തിരിഞ്ഞു നോക്കാതായിരിക്കുന്നു...പ്രതികരണത്തിന്‍റെ അവസാന സ്പര്‍ശവും നിശ്ചലമാവാന്‍ അധികം സമയം ബാക്കിയില്ല...അതിന് മുമ്പ് നമുക്ക് ഒരു നവ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍...!!

smitha adharsh said...

ഗുരുനിന്ദ ഏറ്റവും കനത്ത ദോഷം..... ഏത് ഉമിതീയില്‍ ദഹിച്ചാലും,പാപ പരിഹാരം കിട്ടില്ല.

raj said...

ഇന്നു റ്റിവി യിൽ കാണുവാൻ ഇടയായ ഒരു സംഭവം വീണ്ടും രണ്ടു വരി കുറിക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നു..കേരളത്തിലെ ഒരു സമുദായ നേതാവ് ഇന്നു ഒരു മാധ്യമ സമ്മേളനം നടത്തി ഒരു പുതിയ കണ്ടു പിടിത്തം വെളിപ്പെടുത്തിയിരിക്കുന്നു. ജയിംസ് മാഷിനു നേരത്തെ പരിക്കു പറ്റിയിട്ടുണ്ട്.. മാത്രമല്ല സംഭവം നടക്കുമ്പോൾ അവിടെ അഞ്ച് ലീഗു പ്രവർത്തകരെ ഉണ്ടായിരുന്നുള്ളു.... ബലെ ഭേഷ്.. ഒരാളെ തച്ഛ്കൊല്ലാൻ അഞ്ചാളെ കൊണ്ടു പറ്റില്ല പോലും..അക്ഷര വൈരിയായ ഈ നേതാവ് ഇങ്ങനെ പറഞ്ഞില്ലങ്കിലെ അത്ഭുതമുള്ളൂ.. ഇനി കുറെ കഴിയുമ്പോൾ ജയിംസ് മാഷ് എന്നൊരാൾ ജീവിച്ചിരുന്നില്ല എന്നു പോലും പറയാൻ ഈ സാമൂഹ്യ ദ്രോഹി മടിക്കില്ല..അല്ലെങ്കിൽ തന്നെ ഇവന്റെ ജനനം പോലും അസത്യത്തിലും അധാർമികതയിലും കൂടി ഉണ്ടായിട്ടുള്ളതാണു.. മറ്റൊന്നും കിട്ടിയില്ലങ്കിൽ വിഷയ സാഫല്യത്തിനായി തെരുവു നായയെ പോലും പ്രാപിക്കാൻ മടിക്കാത്ത ഇവനെയും ഇവനെപ്പോലെ യുള്ള മറ്റ് രാഷ്ട്രീയ വ്യഭിചാരികളെയും പൊതു ജനം കൈകാര്യം ചെയ്യേണ്ട കാലം അതിക്രമിച്ഛിരിക്കുന്നു..

ജെയിംസ് ബ്രൈറ്റ് said...

ഇത്രയും നിന്ദയര്‍ഹിക്കുന ഒരു സംഭവം ഭൂമി മലയാളത്തില്‍ അടുത്തിടെ ഉണ്ടായിട്ടില്ല.
മതങ്ങളും ജാതികളും മനുഷ്യരാശിക്ക് ഗുണമല്ല, മറിച്ച് ദോഷമാണുണ്ടാക്കുന്നത്.
അതിനു തെളിവുകൂടിയാണീ ഗുരു വധം!

Sherlock said...

"ദൈവത്തിന്റെ നാട്ടിലെ അസുരഗണങ്ങള്‍"

ദൈവത്തിന്റെ നാടോ? അതൊക്കെ ടൂറിസ്റ്റുകളെ പിടിക്കാനുള്ള നമ്പറല്ലേ

കുറ്റ്യാടിക്കാരന്‍|Suhair said...

എന്നുമുതലാണ് സത്യത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായത്?

ജിഹേഷ് പറഞ്ഞപോലെ, ടൂറിസ്റ്റുകള്‍ വരണമെന്ന് സര്‍ക്കാറിന് തോന്നിത്തുടങ്ങിയപ്പോള്‍...
അല്ലാതെ ദൈവം സൃഷ്ടിച്ച വേറെ നാടുകള്‍ക്കൊന്നുമില്ലാത്ത നന്മയൊന്നും കേരളത്തിനില്ല. നമ്മള്‍ കേരളീയര്‍ ദുരഭിമാനത്തോടുകൂടി ദൈവത്തിന്റെ സ്വന്തം നാടാണ് ഞങ്ങളുടേത് എന്ന് പറയുന്നു എന്ന് മാത്രം.

കേരളത്തിന് സ്യൂട്ടാവുന്ന കുറച്ചുകൂടി നല്ല സ്ലോഗന്‍ പണ്ട് സ്വാമി വിവേകാനന്ദന്‍ തന്നത് തന്നെയാണ്. “ഭ്രാന്താലയം”

പറയാന്‍ വിഷമമുണ്ടെങ്കിലും പറയാതെ വയ്യ.

മാണിക്യം said...

ഗോപന്,‍കാപ്പിലാന്‍,നിരക്ഷരന്‍,പാമരന്‍, പ്രീയ ഉണ്ണികൃഷ്ണന്‍,നന്ദു,ശ്രീ,ബിന്ദു കെപി,അനൂപ്, ശെഫി,ലതി, ഗീതാ ഗീതികള്‍, astroyadu ,ഹരീഷ് തൊടുപ്പുഴ, കനല്‍, രാജ്,ഹന്‍‌ല്ലല്‍ത്ത്,സ്മിത ആദര്‍ശ്, ജെയിംസ്,ജിഹേഷ്,കു‌റ്റ്‌യാടിക്കാരന്‍,
പറയാന്‍ വിഷമമുണ്ടെങ്കിലും പറയാതെ വയ്യ.
എല്ലാവരും കൂടി പറഞ്ഞത് ഇങ്ങനെ ഉപസംഹരിക്കുന്നു...

"ദൈവത്തിന്റെ നാട്ടിലെ അസുരഗണങ്ങള്‍"...
ദൈവത്തിന്റെ നാടോ?
എന്നുമുതലാണ് സത്യത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായത്?
കേരളത്തിന് സ്യൂട്ടാവുന്ന കുറച്ചുകൂടി നല്ല സ്ലോഗന്‍ പണ്ട് സ്വാമി വിവേകാനന്ദന്‍ തന്നത് തന്നെയാണ്. “ഭ്രാന്താലയം”
ദൈവം സൃഷ്ടിച്ച വേറെ നാടുകള്‍ക്കൊന്നുമില്ലാത്ത നന്മയൊന്നും കേരളത്തിനില്ല.
ദൈവം ഉപേക്ഷിച്ച ദൈവത്തിന്‍റെ സ്വന്തം നാടിനു പോയ് പോയ കാലങ്ങള്‍ കഴിഞ്ഞുപോയി
അതെ ദൈവത്തിന്റെ സ്വന്തം നാട്ടീന്ന് ദൈവം വെന്തുരുത്തി പാലം വഴി രക്ഷപ്പെട്ടിരിക്കുന്നു .ഗുരുത്വവും സ്നേഹവും അലിവും അന്യം നിന്നു പോയ ഊഷര ഭൂമിയിലേയ്ക്ക് ദൈവം തിരിച്ച് വരാന്‍ നാം ഇനി മറ്റൊരു പാലം (സ്നേഹത്തിന്റെ പാലം) പണിയണം
തീപകര്‍ന്നുകൊടുക്കുന്നവര്‍ അറിയുന്നില്ല അവര്‍ ഇരിക്കുന്നിടം കൂടിയാണതില്‍ വേവാന്‍ പോകുന്നതെന്ന്‌ ...
ഈ നാട്ടില്‍ ജന്മം കൊണ്ടതില്‍ നാം അഭിമാനിക്കണോ ?
അതോ ഈ ചെയ്തികളില്‍ ഊറ്റം കൊള്ളണോ ?..
പ്രബുദ്ധകേരളത്തിന് അപമാനമുണ്ടാക്കുന്ന സംഭവമാണ്.അതിന്റെ പേരിൽ അടുത്തൊരു ദിവസം ഹർത്താലു നടത്തി രാഷ്ടീയ പാർട്ടികളും,രണ്ട് നാലു ദിവ്സം സെൻസേഷൻ ന്യൂസു കൊടുത്ത് മാധ്യമങ്ങളും, ഒന്നോ രണ്ടോ ബ്ലോഗും അനുബന്ധവും എഴുതി എല്ലാവരും മറക്കും..

പ്രതികരണത്തിന്‍റെ അവസാന സ്പര്‍ശവും നിശ്ചലമാവാന്‍ അധികം സമയം ബാക്കിയില്ല
ഗുരുത്വവും ഗുരുവന്ദനവുമൊക്കെ പണ്ടായിരുന്നു . അതൊക്കെ എന്നേ കൈമോശം വന്നു പോയിരിക്കുന്നു.
സമൂഹ മനസ്സക്ഷി ഇപ്പോൾ മരവിച്ചു പോയിരിക്കുന്നു
മതങ്ങളും ജാതികളും മനുഷ്യരാശിക്ക് ഗുണമല്ല, മറിച്ച് ദോഷമാണുണ്ടാക്കുന്നത്.
അതിനു തെളിവുകൂടിയാണീ ഗുരു വധം!
ഗുരുനിന്ദ ഏറ്റവും കനത്ത ദോഷം.....
ഏത് ഉമിതീയില്‍ ദഹിച്ചാലും,
പാപ പരിഹാരം കിട്ടില്ല..
എന്തിനാണാവോ എല്ലാവരും ഊറ്റം കൊള്ളുന്നത്?
വ്യഭിചരിയ്ക്കുന്ന രാഷ്ട്രീയത്തിനു വേണ്ടിയോ.

, ...”കേഴുക പ്രിയ നാടേ....”, ഗുരുനാഥാ ..പ്രണാമം !
അഭിപ്രായം രേഖപ്പെടുത്തിയവര്‍‌ക്കെല്ലാം നന്ദി!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഗുരുവേ മാപ്പ്........
പുതു തലമുറ ഗുരുവിന്റെ വിലയറിയുന്നില്ല. കാരണം അവനിന്നറിവ് കിട്ടാ‍നുള്ള വഴികള്‍ വിരല്‍ തുമ്പത്തുണ്ടെന്ന അഹങ്കാരം.പിന്നെ ദൈവത്തിന്റെ(?)സ്വന്തം നാട്ടില്‍ ചെകുത്താന്‍മാര്‍ (ഭൂമി)കയ്യേറ്റം തുടങ്ങിയിട്ടൊരുപാടൊരുപാട് കാലമായില്ലേ? കൂടുതല്‍ ക്രൂരമായ വാര്‍ത്തകള്‍ക്ക് കാത്തിരിക്കുക. (കാത്തിരിപ്പൊന്നും വേണ്ട, മലയാളത്തിലെ കാക്കത്തൊള്ളായിരം പത്രങ്ങളിലും ദിനം പ്രതിവരുന്ന അക്രമ, പീഡന വാര്‍ത്തകളെടുത്താല്‍ ഗിന്നസ്സ് ബുക്കില്‍ ചേര്‍ക്കാം)