Sunday, September 28, 2008

പരദൂഷണം

ഞായറാഴ്ച ആരാധനക്ക് ശേഷമുള്ള പ്രസംഗത്തില്‍ മാത്യു അച്ചായാന്‍ ആല്‍ഫയും ഒമേഗയും കഴിഞ്ഞ് ആധുനിക ശാസ്ത്രത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞാന്‍ പതിയെ പള്ളി വിട്ടിറങ്ങി . പ്രസംഗവേദിയില്‍ അച്ചായന്‍ കസറുകയാണ്. ഭക്തര്‍ ചെവി വട്ടം പിടിച്ചു ശ്രദ്ധിക്കുന്നു .ചിലര്‍ രാത്രിയില്‍ കിട്ടാതെ പോയ ഉറക്കത്തിന്റെ ബാക്കി കടങ്ങള്‍ തല കുമ്പിട്ടു വീട്ടി തീര്‍ക്കുന്നു .അച്ചായന്‍ വിടാന്‍ ഉള്ള ഭാവമില്ല .കഴിയുമെങ്കില്‍ ഒരു മൂന്നു പേര്‍ക്കെങ്കിലുംഇന്നു തന്നെ പുള്ളിക്കാരന്‍ സ്വര്‍ഗത്തിലേക്കുള്ള വിസ ശരിയാക്കി കൊടുക്കും .

പുറത്തെ ഹാളില്‍ ചില കുട്ടികള്‍ ഓടിക്കളിക്കുന്നു .ചിലര്‍ പോക്കിമോന്റെയും , ബൂഗിമാന്റെയുംവീര സാഹസിക കഥകള്‍ പങ്കു വെയ്ക്കുകയാണ് .മറ്റു ചില കുട്ടികള്‍ നെന്ടോദീഎസില്‍ കളിക്കുന്നു . തണുപ്പില്‍ നിന്നും രക്ഷ തേടാന്‍ ഒരുക്കിയിരിക്കുന്ന കാപ്പിക്ക് ചുറ്റും വെടി വട്ടങ്ങളും കൊച്ചു വര്‍തമാനങ്ങളുമായി ഒതുങ്ങി കൂടിയിരിക്കുന്ന ചില ഐ .ടി .തലകള്‍ .അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും ചൈനയുടെ കടന്നാക്രമണങ്ങളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും മറ്റും വിശദമായി ചുറ്റി ചര്‍ച്ചകള്‍ ചൂടി പിടിച്ചു കടന്നു പോകുകയാണ് .ഞാനും പതുക്കെ അവര്‍ക്കൊപ്പം കൂടി .

ആരോ കൂട്ടത്തില്‍ പറയുന്നതു കേട്ടു .

" ഇന്നും അച്ചായന്‍ ആല്‍ഫയും ഒമേഗയും എടുത്താണ് കളിക്കുന്നത് .

ഇങ്ങേര്‍ക്ക് ഇതു മാത്രമെ ഉള്ളോ എപ്പോഴും വിഷയമായി ? "

"അച്ചായന് അറിയാവുന്ന ചില വിഷയങ്ങള്‍ ഇതൊക്കെയാകാം ."

വിമര്‍ശനബുദ്ധിയുള്ള യുവാക്കള്‍ പുറത്തു നിന്ന് അച്ചായന്റെ വീര സാഹസിക കഥകള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി .നമ്മുടെ മാത്യു അച്ചായന്‍ നല്ലൊരു കോഴിയാണ് എന്നതാണ് അവരുടെ ഇപ്പോഴത്തെ വിഷയം . ഒരു പക്ഷെ ശരിയായിരിക്കും .

ഞാനും ആലോചിച്ചു .

കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്.

" എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങള്‍ "? .

എന്ന് ചോദിച്ച് ചേര്‍ത്ത് പിടിച്ചു നന്നായി പുറത്തൊക്കെ ഒന്നു തടവി .പക്ഷേ അതൊക്കെ ഒന്നും മനസ്സില്‍ വെച്ചായിരിക്കില്ല.ഒരപ്പന് മകളോട് തോന്നുന്ന സ്നേഹത്തെ എങ്ങനെ മറ്റൊരു കണ്ണില്‍ കൂടി കാണാന്‍ പറ്റും ?

എന്റെ നാട്ടിലും ഇങ്ങനെ ഒരപ്പച്ചന്‍ ഉണ്ടായിരുന്നു .എണ്‍പതു വയസായി എങ്കിലും കൊച്ചു പെമ്പിള്ളാരെ കണ്ടാല്‍ ഒരു പ്രത്യേക സ്നേഹമാണ് .

കവിളില്‍ ഒന്നു തൊട്ട്,പുറത്തൊന്നു തലോടി ..അങ്ങനെ അങ്ങനെ അതൊക്കെ മക്കളോട് തോന്നുന്ന സ്നേഹമായല്ലേ കാണാന്‍ കഴിയു .അതിന് അപ്പുറം ഒന്നും മനസ്സില്‍ കാണുകയില്ലായിരിക്കും.

അല്ലെങ്കില്‍ തന്നെ ഈ ആളുകള്‍ നോക്കി ഇരിക്കുകയാണ് മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും ഒക്കെ ദൂഷ്യങ്ങള്‍ കണ്ടു പിടിക്കാന്‍ .

ഞാന്‍ മാത്യു അച്ചായനെ ഉപമകളാല്‍ അനുകൂലിക്കാന്‍ ശ്രമിച്ചു .

"എന്റെ അച്ചായ ..അങ്ങനെ അല്ല കാര്യങ്ങള്‍ ..."

മറ്റുള്ളവര്‍ മറു വാദങ്ങളുമായി എന്നെ എതിര്‍ക്കാന്‍ ശ്രമിച്ചു.

" ആളുകള്‍ അവിടെയും ഇവിടയും ഒക്കെ നിന്ന് നമ്മളെ ശ്രദ്ധിക്കുന്നു .ആരെങ്കിലും ഒക്കെ കേട്ടാല്‍ മോശമാണ് നമുക്കു അല്പം മാറി നിന്ന് സംസാരിക്കാം " ഞാന്‍ പറഞ്ഞു .

ഞങ്ങള്‍ ഒരു മൂലയ്ക്ക് മാറി നിന്ന് അച്ചായന്റെ വീര സാഹസിക കഥകള്‍ പറയാന്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി .

ആനിക്കാട് മുക്കിന് മാത്യു അച്ചായന്‍ അമേരിക്കയില്‍ നിന്നു പോയിട്ട് ബര്‍മുടയില്‍ നിന്ന കഥ മുതല്‍ അച്ചായന്‍ ആദ്യമായി അമേരിക്കയില്‍ സുവിശേഷം പഠിക്കാന്‍ വന്നതും , സരസു ആന്റിയെ കണ്ടുമുട്ടിയതും ,അനുരാഗ ബീജം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു മുട്ടിട്ടതും ,പരാഗ രേണുക്കള്‍ വളര്‍ന്നു അമേരിക്കയിലെ മണ്ണില്‍ ഓടികളിച്ചതും ,ഗ്രീന്‍ കാര്‍ഡ് കിട്ടിയതും ,അമേരിക്കന്‍ പൌരന്‍ ആയതും ,അച്ചായന്റെ ഈച്ച സ്വഭാവം മൂലം അമ്മാമ്മ ഇട്ടിട്ടു പോയതും ,വീണ്ടും ആനിക്കാട്ടു നിന്നും ഏലിയാമ്മ ചേട്ടത്തിയെ കെട്ടി അമേരിക്കയില്‍ വരുന്നതും ..അങ്ങനെ ഒരു മുഴുനീളന്‍ ഹാസ്യ കഥക്ക് പരിസമാപ്തി എത്തി നില്‍ക്കുമ്പോള്‍ പള്ളി പിരിഞ്ഞു ആളുകള്‍ പുറത്തേക്ക് വരാന്‍ തുടങ്ങി .

എന്റെ ശ്രീമതിയുടെ മുഖം നന്നായി ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു .ഇന്നത്തെ ദിവസം കോളായി.

ഞാന്‍ മനസ്സില്‍ പറഞ്ഞു .

"പള്ളി പിരിയാന്‍ കണ്ട ഒരു നേരം ".

എന്റെ അടുത്ത് വന്നു ശ്രീമതി പറഞ്ഞു .

എന്തിനാ ഈ പള്ളിയില്‍ വരുന്നത് ? ഇതിനേക്കാള്‍ നല്ലത് വീട്ടില്‍ ഇരിക്കുന്നതല്ലേ ?

ഹോ ..നിന്റെ ഒരു കാര്യം . ഇങ്ങനെയൊക്കെയല്ലേ നമ്മള്‍ കാര്യങ്ങള്‍ അറിയുന്നത് ? അതിന് നീ ഒന്നും കേട്ടില്ലല്ലോ . ഞങ്ങള്‍ അമേരിക്കയിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നില്ലേ ?

കാറിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു

" പിള്ളാരോട് പറയും പള്ളിയില്‍ നിന്നും പുറത്തിറങ്ങരുത് .എന്നിട്ട് തന്തമാര്‍ പുറത്തു നിന്നും കൊതിയും നുണയും പറയുകയും " .

ഞാന്‍ ഒന്നും പറയാന്‍ പോയില്ല .

അല്ലെങ്കില്‍ തന്നെ മൌനം വിദ്വാനു ഭൂഷണം എന്നല്ലേ പറയുന്നത്

കാര്‍ ഓടിക്കുമ്പോഴും എന്റെ ചിന്തയില്‍ ഇതായിരുന്നു

"എന്നാലും അച്ചായന്‍ ഒരു പുലി തന്നെ "

Saturday, September 27, 2008

കാക്കാത്തി

ഭാരതി ,

നിന്‍റെ മുഖം എന്‍റെ മനസ്സില്‍ നന്നായ് തെളിയുന്നുവെങ്കിലും
നിന്നെ കുറിച്ചെഴുതുവാന്‍ ഒരു വരി പോലും
എന്നില്‍ ബാക്കി നില്‍ക്കുന്നില്ലല്ലോ

ഉണങ്ങി വരണ്ടൊരു പാടം പോലെ
ഇന്നെന്റെ മനസ്
ഒരു പുതുമഴക്കായ് കാത്ത് നില്ക്കുന്നു

എന്താണ് നിന്നെ കുറിച്ച് ഞാന്‍ എഴുതേണ്ടത് ?

കൈ നോക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു
നീ എന്‍റെ പടി കയറി വരുന്നതോ ?
മുഖം നോക്കി എന്റെ ഭാവി പറയാം എന്ന് പറഞ്ഞതോ ?
തത്തമ്മ കള്ളം പറയില്ല എന്ന് ചൊല്ലി നീ
കൂട്ടിലെ തത്തയെ പുറത്തെടുക്കുന്നതോ ?
കിളിയുടെ ചുണ്ടില്‍ കൊത്തിയ ചീട്ടു നോക്കി
നീയെന്‍ ഭാവി പറയുന്നതോ ?
എല്ലാവര്‍ക്കും നല്ലത് വരും എന്ന് പ്രവചിച്ച നിന്‍റെ
ദുര്‍വിധി തന്‍ ഭാണ്ടക്കെട്ട്
എന്റെ മുന്നില്‍ തുറന്നു വെയ്ക്കുന്നതോ ?
ഉച്ചക്ക് നടന്നു ഷീണിച്ച നിന്‍റെ
ഉച്ചിയില്‍ നിന്നും വിയര്‍പ്പിന്‍ തുള്ളികള്‍
പാതി മറച്ച നിന്‍റെ മാറത്ത് ചാലുകള്‍ തീര്‍ക്കുന്നതോ ?

എന്താണ് ഞാന്‍ നിന്നെ കുറിച്ചെഴുതുക ഭാരതി ?

നാളുകള്‍ മുന്‍പേ നിന്നെ കണ്ടതല്ലേ
തിരക്കേറിയ പാതയോരത്തൊരു തത്തയുമായ് നീ
കൈ നോക്കാന്‍ ഇരിക്കുന്നതും
കൈ നോക്കാന്‍ എന്ന ഭാവേന
കൊഴുത്ത നിന്‍ മേനിയില്‍ കാമത്തിന്‍
കണ്ണുകള്‍ പായുന്നതും
കൈയില്‍ കിട്ടിയ മുഷിഞ്ഞ നോട്ടുകള്‍
നരച്ച നിന്റെ മാറാപ്പില്‍ ഒളിപ്പിക്കുന്നതും
നല്ല കാലത്ത് എല്ലാവര്‍ക്കും
ഗുണം വരുമെന്ന് പറയുന്നതും

അത്താഴപട്ടിണി മാറ്റുവാന്‍ നീ ഇങ്ങനെ
എത്രയോ നല്ല വാക്കുകള്‍ പറഞ്ഞു ഭാരതി ?

എങ്കിലും നിന്‍റെ പട്ടിണി ,വിഷമങ്ങള്‍
ഇന്നും മാറാകടമായി നില്‍ക്കുന്നതെന്തേ ?

ഇല്ല , ഇനി എനിക്കൊന്നും എഴുതുവാന്‍ വയ്യ .
നിര്‍ത്തട്ടെ നിന്നെ കുറിച്ചുള്ളോ രീ വരികള്‍ .

Friday, September 26, 2008

ആൽത്തറകാവ്-5

സീൻ.
ആൽത്തറഷാപ്പ്.
രാത്രി,
ലൈസൻസി ഹരിയണ്ണൻ എന്നെഴുതിയിരിക്കുന്ന ബോർഡിൽ ദീപാലങ്കാരങ്ങൾ.
ഷാപ്പിലേക്ക് തലയിൽ ഒരു തുവർത്ത് കെട്ട്.ഹാഫ് ബനിയൻ നീലയും വെള്ളയും കലർന്ന കൈലിമുണ്ട്.സൈക്കിൾ ഉന്തി ഷാപ്പിലേക്ക് വരുന്ന പാമരകുറുപ്പിന്റെ മുഖം.
ക്യാമറ അലപം അകലെ നിന്നായിട്ട്.
മീശ തടവി മടിയിൽ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടത്ത് വച്ച് തീ കൊളുത്തി ഷാപ്പിലേക്ക് കടക്കുമ്പോൾ പാമരകുറുപ്പിന്റെ കാഴ്ച്ചയിൽ ഷാപ്പിനുള്ളിലെ ദൃശ്യം.
‘തന്തിന്നോ തനാതിനന്തോ താന്നാരോ“
തകിധിമി തന്തിന്നോ തനാതിനന്തോ താനാരോ”
മണൽ നിറഞ്ഞ ഷാപ്പിനുള്ളീലെ പലകകൾ മറച്ച മുറിക്കുള്ളീലെ കലപിലകൾ.
ക്യാമറ മുകളിൽ നിന്നും.
പിള്ളേച്ചോ ഇന്ന് രണ്ടടിച്ചപ്പോഴെക്കും ഫ്ലാറ്റായോ?”അല്ല ഇന്ന് മിന്നാമിനുങ്ങെന്തെ?”
ഷാപ്പിനുള്ളിൽ പ്രവേശിക്കുന്ന പാമരകുറുപ്പ് തലേകെട്ട് അഴിച്ച് തോളത്ത് ഇട്ട് കൊണ്ട് ചുറ്റുപ്പാടും നീരിക്ഷിച്ചു കൊണ്ട് തിരക്കുന്നു.
കള്ളുകുടിച്ച് കലങ്ങി മറഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന പിള്ളേച്ചന്റെ മുഖം ക്ലോസപ്പ്.
മുന്നിലെ ഡെസ്ക്കിലായി രണ്ടുകുപ്പി.ഒരു ഗ്ലാസ്സിൽ നിറച്ചു വച്ചിരിക്കുന്ന കള്ള്.
വാഴയില കഷണത്തിലിൽ അച്ചാർ.ഡസ്ക്കിൽ വീണുകിടക്കുന്ന അച്ചാറിലും കള്ളിലുമായി മുത്തമിടുന്ന ഈച്ച പറന്ന് പിള്ളേച്ചന്റെ മുഖത്തും മൂക്കേലും വട്ടമിട്ട് പറന്നു പോകുന്നു।ഈച്ചയെ ഓടിക്കാനുള്ള പിള്ളേച്ചന്റെ പരാക്രമങ്ങൾ.
പിള്ളേച്ചനെ നോക്കി കൊണ്ട് പാമരകുറുപ്പ്:“അനിലെ നല്ല മധുരകള്ള് രണ്ട് കുപ്പി ഇങ്ങ് എടുത്തേടോ?.
പാമരകുറുപ്പ്:ഇന്നെന്തു പറ്റി പിള്ളേച്ചന്.
കള്ളും ഗ്ലാസുമായി പാമരകുറുപ്പിനരുകിലേക്ക് നടന്നടക്കുന്നതിനിടയിൽ അനിൽ:ആ തോന്ന്യാസിയായിട്ട് ഉടക്കി.അയ്യാള് എടുത്ത് ഒരലക്ക്.
പശ്ചാത്തലത്തിൽ പിള്ളേച്ചന്റെ നിസ്സാഹയമായ ചിരി.
സീൻ:
ചേറനാട്ട് മഠം.
പശ്ചാത്തലത്തിൽ വീടിന്റെ മുറ്റം.
വീടിന്റെ ഒരു കോണിലായി തളച്ചിട്ടിരിക്കുന്ന ആന.ശരീരം മുഴുവൻ മണ്ണൂവാരി എറിഞ്ഞ് നിലക്കുന്ന ആന.
ആന നിലക്കുന്ന അരുകിലേക്ക് പാട്ടുപ്പാടി വരുന്ന മിന്നാമിനുങ്ങ് വേലായുധൻ.
(പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമഗാനം)
മിന്നാമിനുങ്ങ്:എടാ ചാണക്യാ നിനക്ക് സേനഹമുണ്ടോടാ.ആനയായാൽ അല്പം മനുഷ്യത്വം വേണം.
നിന്നെ ഞാൻ എവിടെല്ലെം കൊണ്ട് പോയിട്ടുണ്ട്.കള്ളുവാങ്ങി തന്നിട്ടില്ലേടാ ഇപ്പോ പുതിയ പപ്പാൻ വന്നപ്പോ നിനക്ക് ഞാൻ അന്യനായി അല്ലേടാ.(ആടിആടി മുന്നോട്ട് നടന്നു കൊണ്ട്):മനുഷ്യത്വം വേണടാ മനുഷ്യത്വം.
പശ്ചാത്തലത്തിൽ ആന അലറികൊണ്ട് മിന്നാമിനുങ്ങിനെ കോരിയെടുക്കുന്നു.മിന്നാമിനുങ്ങ് ആനയുടെ തുമ്പികൈയ്ക്കുള്ളീൽ കിടന്ന് അലറി കരയുന്നു.ആനയെന്നെ കൊല്ലുന്നെ അയ്യോ രക്ഷിക്കണെ?.
തുമ്പി കൈയ്യിൽ കോരി ചുഴറ്റി ആകാശത്തേക്ക് എറിയുന്ന ആന ഉറക്കെ ചിന്നം വിളിക്കുന്നു.
ബോളുപോലെ ചുരുണ്ട് ഉയരത്തിൽ നിന്നും താഴെക്ക് വരുന്ന മിന്നാമിനുങ്ങ്.
ആകാശത്തിലൂടെ പറന്നു വരുന്ന ഗീതാഗിനിയുടെ വലിയകരങ്ങളിൽ വന്നു വീഴുന്നു.
പശ്ചാത്തലത്തിൽ ഗീതാഗിനിയുടെ ബീഭത്സമായ മുഖം.പേടിയോടെ കൈക്കുള്ളീൽ ചുരുണ്ട് കൂടുന്ന മിന്നാമിനുങ്ങിന്റെ ഭയവും ആശങ്കയും കലർന്ന ഭാവപകർച്ചകൾ.
ഗിതാഗിനി പുഞ്ചിരിച്ചു കൊണ്ട് മിന്നാമിനുങ്ങിന്റെ പുറത്ത് മെല്ലെ താലോടുന്നു.പെട്ടെന്ന് മിന്നാമിനുങ്ങ് ഒരു ഈച്ചയായി മാറുന്നു.
മിന്നാമിനുങ്ങ്:(നിസ്സാഹായതയോടെ)എന്നെ രക്ഷിക്കു.എന്നെ ഒന്നും ചെയ്യല്ലെ
തന്റെ കൈകളിൽ നിന്നും മിന്നാമിനുങ്ങിനെ താഴെക്ക് പറത്തി അപ്രത്യക്ഷയാകുന്ന ഗീതാഗിനി.
നിലത്ത് ഒരു കമ്പിൽ ഇരുന്ന് കരയുന്ന മിന്നാമിനുങ്ങിന്റെ മുഖം.ഇരുണ്ട് വെളുക്കുന്നത് ഈച്ചയുടെ രൂപത്തിൽ.

Thursday, September 25, 2008

ഭാരതം എന്ന പേരെങ്ങിനെ വന്നു ?


ണമൊക്കെ കഴിഞ്ഞ് എല്ലാവരും ആല്‍ത്തറയില്‍ വെടിവട്ടം പറഞ്ഞിരിക്കുകയല്ലേ ? അക്കൂട്ടത്തില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കണമെന്ന് തോന്നുന്നില്ലേ ? ഇന്നത്തെ വിഷയം ഇതാണ്.

ഇന്ത്യാമഹാരാജ്യത്തിന് ഭാരതം എന്ന പേര് വീഴാനുള്ള കാരണമെന്ത് ?

ഈ വിഷയത്തില്‍ എല്ലാ ഭാരതീയരുടേയും അഭിപ്രായം പ്രതീക്ഷിക്കുന്നു. ആരോഗ്യപരമായ നല്ലൊരു തര്‍‍ക്കത്തിനുള്ള എല്ലാ ചേരുവകളും ഈ വിഷയത്തിലുണ്ട്. എല്ലാവരും അവരവര്‍ക്ക് അറിയുന്ന ചരിത്രവും, പുരാണവുമൊക്കെ ആര്‍ത്തറയില്‍ നിരത്തൂ.

Monday, September 22, 2008

ആൽത്തറകാവ്-4

അധികം വലിപ്പമില്ലാത്ത ഒരു ബെഡ് റൂം.
മങ്ങിയ പ്രകാശം.
റൂമിൽ ജാലകത്തിനോട് ചേർന്നുള്ള ടേബിളിൽ ലാപ്പ് ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്ന പ്രിയരാമകൃഷണൻ.
പ്രിയക്ക് മുന്നിലായി കാലുകൾ മുന്നിലേക്ക് നീട്ടി ടിവിയിൽ ഏതോ തമിഴ് സിനിമാഗാനം അസ്വദിക്കുന്ന
കാന്താരിക്കുട്ടിയുടെ മുഖം(പശ്ചാത്തലത്തിൽ) കാലുകൾ താളം പിടിക്കുന്നു.
ക്യാമറ ടിവി സ്ക്രിനിലേക്ക്
ടിവിയിൽ അസ്വാദിച്ചിരുന്ന് കോട്ട് വായിടുന്ന കാന്താരിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പ്രിയ .
“കാന്താരിക്ക് ഉറക്കം വരണില്ലെ?”
“ഇല്ല നല്ല പാട്ടല്ലെ ചേച്ചി ഇവിടെ ഇതൊക്കെയുള്ളൂ ഒരു നേരം പോക്ക്.“
പ്രിയ കസേരയിൽ നിന്നും തിരിഞ്ഞൂ കാന്താരിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
എഴുന്നേറ്റ് ലൈറ്റിടുന്നു.
പ്രിയ:“കാന്താരിക്കുട്ടി അറിയുമോ ഈ ചേറനാട്ട് മഠം?“
കാന്താരിക്കുട്ടി:ആരും അവിടെ പോകില്ല ചേച്ചി ?.ദുഷ്ട ശക്തികളെ കുടിയിരുത്തിയിരിക്കുന്ന ഒരില്ലമാ അത്.
അവിടെ ഒരു തമ്പൂരാനുണ്ട് ചേറനാട്ട് നമ്പൂതിരിപ്പാട് .
പെട്ടെന്ന് താഴെ കോണിപ്പടിയിൽ നിന്നും താഴേക്ക് എന്തോ ഉരുണ്ടു വീഴുന്ന ശബ്ദം.
പ്രിയ കാന്താരിക്കുട്ടിയെ നോക്കുന്നു.
കാന്താരിക്കുട്ടി:കിടന്നോളു ചേച്ചി രാത്രി ഏറെയായി.പേടിയുണ്ടേൽഅർജ്ജുനപത്ത് ചൊല്ലിയാ മതി
സ്വപനം കാണില്ലാട്ടോ?.
പ്രിയ:ഏയ്യ് എന്താ അത് ആരാ അവിടെ ?ചേച്ചി കിടന്നോളു ഇന്ന് രണ്ടാമത്തെ വെള്ളീയാഴ്ച്ചയാ.
ഞാനത് ഓർത്തില്ല.
പെട്ടേന്ന് കാന്താരിക്കുട്ടി മുറിയിലെ ലൈറ്റ് കെടുത്തൂന്നു.
കാന്താരിക്കുട്ടി:രാവിലെ നേരത്തെ ഏഴുന്നേറ്റാൽ ആൽത്തറകാവിൽ പോകാം.
പ്രിയ:(നിശ്ബ്ദത)
സീൻ‌
കാന്താരിക്കുട്ടിയുടെ കൂർക്കം വലി കേട്ട് പ്രിയ ഉറങ്ങാതെ മുകളിലേക്ക് നോക്കി കിടക്കുന്നു.
റൂമിനു വെളിയിൽ ആരോ സംസാരിക്കുന്ന ശബദം.
പ്രിയക്ക് ഉറക്കം വരണില്ല പ്രിയ എഴുന്നെറ്റിരുന്നു.
സ്വ്വ്വാ സ്സ്സ് ആ‍ാ‍ാ‍ാ
ആ‍ാസ്സ്സ്സ്ദ്ദ്ദ്ജ്ദ്ജ്ഫ്ഫ്ജ്
പ്രിയ വാതിലിനരുകിലേക്ക് നടക്കൂന്നു।വാതിലിൽ ചെവി ചേറ്ത്തൂ വച്ചു പുറത്ത് ശബ്ദം ശ്രദ്ധിക്കുന്നു।
നേർത്ത വെട്ടത്തിൽ പ്രിയയുടെ ഭാവപകർച്ചകൾ.
പ്രിയ വാതിൽ തുറക്കുന്നു.
ഇടനാഴിയിലൂടെ മുന്നോട്ട് നടക്കുന്നു.
നടന്ന് അടഞ്ഞൂ കിടക്കുന്ന ഒരു മുറിക്ക് മുന്നിൽ പ്രിയ നിലക്കുന്നു.
മരപ്പാളികൾ കൊണ്ട് നിറഞ്ഞ ഒരറമ്മുറി.
പലകകൾക്ക് വിടവിലൂടെ പ്രിയ അകത്തെക്ക് നോക്കൂന്നു.
അന്തീരക്ഷത്തിൽ പറന്നു നടക്കുന്ന താളിയോലകെട്ടുകൾ
അവ സംസാരിക്കുകയാണ്.
പ്രിയ പെട്ടേന്ന് അകത്തേ മുറിയിലേക്ക് ഓടി।ബാഗിൽ നിന്നും ക്യാമറ തപ്പിയെടുത്ത് അങ്ങോട് ഓടി വരുന്നു.
അതിനിടയിൽ എവിടെയോ തട്ടി പ്രിയ വീഴുന്നു.
നിലത്തിരുന്ന് കാലുകൾ തടവി എഴുന്നേല്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും പ്രിയ വീഴുന്നു.
പ്രിയയുടെ കണ്ണൂകളിൽ അലപം ദൂരേക്ക് വേഗത്തിൽ ഓടി പോകുന്ന ക്യാമറ.
ക്യമറ അലപം അകലെ ഒരു കരിമ്പൂച്ചയായി മാറുന്നു.
ങ്യാവു।
പൂച്ചയുടെ ശബദം.
പ്രിയ പരവേശത്തോടെ ഓടുന്നു.
അകലെ നിന്നും തീകണ്ണൂകളുമായി പറന്നു വരുന്ന കരീമ്പൂച്ചയുടെ രൂപം.
പ്രിയ ഇടനാഴിയിലൂടെ ഓടുന്നു.
പ്രിയക്ക് പിന്നാലെ അതിവേഗത്തിൽ പാഞ്ഞു വരുന്ന കരിമ്പൂച്ചക്ക് നേരെ ചെരിപ്പു വലിച്ചെറിയാൻ പ്രിയ പരതുമ്പോൾ അതൊരു പാമ്പായി മാറുന്നു.
പാമ്പു പ്രിയയുടെ കൈകളിൽ ഇരുന്ന് തലയുർത്തി കൊത്താൻ ഒരുങ്ങുമ്പോൾ പ്രിയ ബോധമറഞ്ഞൂ പിന്നിലേക്ക് മറയുന്നു.
സീൻ:
പശ്ചാത്തലത്തിൽ തെക്കിനിയിലെ മുറ്റത്ത് വീണുകിടക്കുന്ന പ്രിയ.
പ്രിയയ്ക്ക് ചുറ്റും നിരന്നു നിലക്കുന്ന കുറെ പേറ് കൃഷണൻ നമ്പൂതിരി,കാന്താരിക്കുട്ടി,ശിവനമ്പൂതിരിപ്പാട്, ശ്രി,തുടങ്ങിയവർ.
ഇത്തിരി തണൂത്തവെള്ളം തളിക്കു കുട്ടി മുഖത്ത് കൃഷണൻ നമ്പൂതിപ്പാടിന്റെ ശബ്ദം.
കാന്താരികുട്ടി മുഖത്ത് വെള്ളതുള്ളീകൾ തളിക്കുന്നു(ക്യാമറ വെള്ളതുള്ളീകൾ വന്നു വീഴുന്ന പ്രിയയുടെ മുഖത്ത്)
കണ്ണൂകൾ ആയാസപ്പെട്ട് തുറക്കുന്ന പ്രിയയുടെ മുഖത്ത് ക്യാമറ.
ചേച്ചി എന്താ പറ്റിയെ ചേച്ചി।അടുത്തിരുന്ന് തോളത്ത് പിടിച്ചു കുലുക്കി കൊണ്ട് കാന്താരികുട്ടി
ക്യാമറ ഒരോരുത്തരുടേയും മുഖഭാവങ്ങളിലൂടെ।
പ്രിയ:ഏല്ലാവരെയും നോക്കി ഒന്നും മനസ്സിലാകാത്ത പോലെ ചിരിക്കുന്നു.
കൃഷണൻ നമ്പൂതിരിപ്പാട്:ഇന്നലെ തെക്കിനി പോയിട്ടുണ്ടാകും।കുട്ടിക്ക് അറിയാവുന്നതല്ലെ അതൊക്കെ
കാന്താരിക്കുട്ടിയെ നോക്കീ നമ്പൂതിരിപ്പാട് തിരക്കുന്നു.
ഞാൻ പറഞ്ഞതാ ചേച്ചീയോട്.
കൃഷണൻ നമ്പൂതിരിപ്പാട്.ഒരു ചരടു ജപിച്ചു തരാ.
പ്രിയ എഴുന്നേറ്റിരിക്കുന്നു.
ആ കുട്ടിയെ കൂട്ടി മുറിയിലേക്ക് പോയ്ക്കോളു.
കൃഷണൻ നമ്പൂതിരിപ്പാട് ദൂരേക്ക് നടന്നു പോകുന്നു.
പശ്ചാത്തലത്തിൽ പ്രിയക്ക് അരുകിൽ നമ്പൂതിരിപ്പാട് പോകുന്നത് നോക്കി നിലക്കുന്ന കാന്താരിക്കുട്ടി.


ആല്‍ത്തറകാവ്-1

ആല്‍ത്തറകാവ്-2

ആല്‍ത്തറകാവ്-3

Sunday, September 21, 2008

"നീ എങ്ങോട്ടാ പോയേ?"“നീ എങ്ങോട്ടാ പോയേ?”
ഞാന്‍ ഒരിക്കലേ പേടിച്ചുള്ളു. അന്നു ശരിക്കും പേടിച്ചു. ചുമ്മാ ഞഞ്ഞാ പിഞ്ഞാ പേടിയല്ല. ശരിക്ക് പേടിച്ചത് ഇന്നും നല്ല ഓര്‍മ്മയുണ്ട് ..സിസ്റ്റര്‍ ഓളഗായുടെ ക്യാറ്റികിസം ക്ലാസ്സ്. സിസ്റ്റര്‍ വരാന്‍ താമസിച്ചു. കുട്ടികളല്ലേ, കലപിലയാണു അവിടെ... ഞങ്ങളുടെ ക്ലാസ്സ് റോഡരുകിലാണ് . അവിടെ ജനലില്‍ കൂടി നോക്കിയാല്‍ പള്ളി കാണാം.നോക്കുമ്പോള്‍ ഒരു ശവമടക്കാണ് അതിന്റെ ആളുകള്‍ പള്ളിയി ലേക്ക് പോയി കൊണ്ടിരിക്കുകയാണ്. നല്ലപോലെ കാണാന്‍ വേണ്ടി ഞാന്‍ ഡസ്കിന്റെ പുറത്ത് കയറി നിന്നു. ക്ലാസ്സിലുള്ള മിക്കവരും ജനലരുകില്‍ തടിച്ചു കൂടി പുറത്തേക്ക് നൊക്കി നില്ക്കുമ്പോളാണു സിസ്റ്റര്‍ വരുന്നത് . താഴെ നിന്നവര്‍ക്ക് വേഗം സ്വന്തം സ്ഥലത്തു എത്താന്‍ പറ്റി.എന്റെ ശ്രദ്ധ മുഴുവന് പുറത്തേക്കാണു ഞാന്‍ ശവമടക്കിന്റെ വിശദാംശം കിട്ടാന് വേണ്ടി.... , സിസ്റ്റര്‍ വന്നതു ഞാനറിയുന്നില്ലാ. എന്റെ തൊട്ടടുത്ത് ബഞ്ചിന്റെ മുകളില്‍ ആണു ജൊയിസ് ..സിസ്റ്റര്‍ അടുത്ത് എത്തി "നോക്കണം നോക്കണം പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടുണ്ടോ ഇങ്ങനെ? "....
സിസ്റ്റര് ദേഷ്യത്തിലാണേല്‍ ഡബിള്‍ ബെല്ലു കൊടുക്കുമ്പോലേ നോക്കണം നോക്കണം വരും ....ഒരു വല്ല്യ പെരുന്നാളിനുള്ള വകയായി....ഞാനും ജോയിസ്സും താഴെ എത്തി സിസ്റ്റര്‍ ഞങ്ങളെ നോക്കിയ നേരത്തു ബാക്കി മാലാഖാ കുഞ്ഞുങ്ങളെല്ലാം സീറ്റു പിടിച്ചു ..സിസ്റ്റര്‍ വലതു കൈയുടെ ചുണ്ടുവിരല്‍ വാതിലിനു നേരെ ചൂണ്ടി. "ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്....ഹും ബോത് ഓഫ് യൂ " ...

ഇതപ്പീലില്ലാ അച്ചാപോറ്റി ഒന്നും എല്ക്കില്ലാ ..ക്ലാസ്സ് റ്റീച്ചറും . സയന്‍സ് റ്റീച്ചറും എല്ലാം പുള്ളിക്കാരി തന്നെ. പയ്യെ പുറത്തു വന്നു, കൂടുതല്‍ ദ്വേഷ്യം പിടിപ്പിക്കണ്ടാ. വെളിയില്‍ വന്നു. അപ്പൊ സിസ്റ്റര്‍ പിറകെ വന്നു ക്ലാസ്സിന്റെ വാതിക്കല്‍പോലും കണ്ടു പോകരുതെന്നാ സുഗ്രീവാജ്ഞാ....ഞങ്ങള്‍ നടന്ന് കോറിഡോറിന്റെ അറ്റത്ത് പോയി നില്പായി...

ആപ്പൊ പുറത്തു ശവമടക്കിന്റെ പ്രാര്‍ത്ഥന കേള്ക്കാം .. ഞാന്‍ നോക്കുമ്പോള്‍ ജോയിസ്സ് ഭയങ്കര കരച്ചില്‍ .അവള്‍ അങ്ങനാ. ആരേലും ഒന്നു കണ്ണുരുട്ടിയാല്‍ അവളുടനേ കരഞ്ഞിരിക്കും...ഞാനാണേല്‍ ചുറ്റും നോക്കുവാ. എന്റെ അനിയത്തി (സ്കൂളിലെ ഗുഡ് ബുക്കില്‍ ഫ്രണ്ട് പേജില്‍ പേരുള്ളവള്‍) ഞാനീ ക്ലാസ്സിനു കാവലു നിക്കുന്ന കണ്ടാല് ..പിന്നത്തെ കഥയാ കഥ . ഞാനങ്ങനെ ഉയിരു കൈയില് പിടിച്ചു നിക്കുമ്പൊഴാ ഈ കരച്ചില് ...

"ആ ചത്തത് ആരാന്നു പോലും നിനക്കറിയില്ലാ പിന്നെ കരേന്നതു എന്തിനാ?" ഞാനിങ്ങനെ ചോദിച്ചപ്പോള്‍ ജൊയിസ്സ് ചിരിച്ചു ......പെട്ടെന്നാ അവളുടെ ചോദ്യം

"ഡെയ്.... മരിച്ചവരു എങ്ങോട്ടാപോണേ?"..

ഒരു മാതിരി സൂര്യനു താഴെയുള്ള എല്ലാ കാര്യത്തിനും ഉത്തരം അറിയുന്ന പ്രായമാണേ ....പക്ഷേ ഈ ചോദ്യത്തില്‍ ഇത്തിരി ഒന്നു പകച്ചു. തൊട്ടപ്പുറത്തുനിന്നു ശവമടക്കിന്റെ പ്രാര്‍ത്ഥന....ഇന്നു ഇനി സിസ്റ്റര്‍ പറയാന്‍ പോണ ശിക്ഷാവിധി ..ഗാര്‍ഡിയനെ കൊണ്ടുവന്നിട്ട് ക്ലാസ്സില്‍ കയറിയാ മതി അല്ലേല്‍ ഇമ്പൊസിഷ്യന്‍. ഏതായാലും വല്യാ പെരുന്നാളു തന്നെ.പക്ഷേ മറുപടി പറയണമല്ലോ അതിങ്ങനെയായി ...

"എനിക്കറിയില്ലാ ഒരു കാര്യം ചെയ്യാം... നീയാ ആദ്യം മരിക്കുന്നതെങ്കില്‍ നീ എന്നോട് വന്നു പറാ. അല്ലാ ഞാനാ ആദ്യം മരിക്കുന്നതെങ്കില്‍ ഞാന് നിന്നോട് വന്നു പറയാം.... "അന്നു രാതി തന്നെ മരിച്ചു കിട്ടണ്ടതു എന്റെ ആവശ്യമാണു.. അന്ന് ഇന്നു പറയുന്ന പോലെ ടെന്‍ഷന്‍ എന്നൊന്നും പറയാന്‍ അറിയില്ലാ ..പക്ഷേ ആരോ തൊണ്ടക്കു കുത്തി പിടിച്ചപോലെ അല്ലെങ്കില്‍ വയറിനുള്ളില്‍ എലി ഓടുന്നപോലെ, കൈയും കാലും തണുക്കും. വായില്‍ വെള്ളമില്ലാ. ഒക്കെ കൂടെ ഒരു വല്ലായ്ക തോന്നും. ശിക്ഷകിട്ടും ഒറപ്പു . ഇന്നി സ്കൂളില്‍ പോകണ്ടാ എന്നാവും ചിലപ്പൊ,അപ്പൊ പിന്നെ മരിക്കുന്നതാ ഭേതം, ബാക്കി കാര്യങ്ങള് .......

"അതു ശരിയാ അതോടെ അറിയാമല്ലൊ " ജൊയസിന്റെ അഭിപ്രായം പറച്ചിലാ. അപ്പോഴേക്ക് ബെല്ലടിച്ചു. അവസാനത്തെ പീരിഡാണു ..ഓടി ക്ലാസ്സില്‍ പോയി ബാഗും കുടയും ആയി പയ്യെ പുറത്തിറങ്ങി.സിസ്റ്റര്‍ അവിടെ എങ്ങും ഇല്ലാ, ഭാഗ്യം, ഇന്ന് അപ്പൊ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാ ..നാളെ ക്ലാസ്സില്‍ കയറ്റത്തില്ല ഒറപ്പ് ... പയ്യെ നീങ്ങി ഇന്ന് ഏതായാലും മമ്മിടെ മുന്നില് പ്രശ്നം അവതരിപ്പിക്കണ്ടാ, നാളത്തിടം നാളെ , വീട്ടിലേക്കു പോകും വഴിക്കു തന്നെ ഒരു വല്ലാത്ത വയറുവേദന, അതിപ്പൊ കുടെകൂടെ വരുന്നു ..ഞാന്‍ റിക്ഷയിലിരുന്നു കരയാന്‍ തുടങ്ങി ...അതു വയറു വേദന കൊണ്ടാണോ സിസ്റ്റര്‍ ക്ലാസ്സിന്ന് ഇറക്കി വിട്ടതിന്റെ ഭവിഷ്യത്ത് ഓര്‍ത്തിട്ടാണോ???

അറിയില്ലാ... വീടെത്തി ..ചേച്ചി കരയുവാ വയറു നോവുന്നുന്ന് മമ്മി എത്തീട്ടില്ല . അന്നചേടത്തി വന്നു ആകെ ഒരവലോകനം നടത്തി ഉച്ചക്കു ഉണ്ടൊ? ഘനഗംഭിരമായിട്ടുള്ള ചോദ്യം അന്നചേടത്തിയുടെ തിയറി പ്രകാരം വയറു നിറച്ചു ചോറുണ്ടില്ലാങ്കിലാ എല്ലാ രോഗവും വരുന്നേ. അന്നചേടത്തി ഇതിനോടകം ഇഞ്ചിയും നാരങ്ങായും ജീരകവെള്ളവും ഒക്കെയായി ചികത്സാ തുടങ്ങി .ആ നേരത്താണ് മമ്മിയുടെ വരവ് എന്റെയുള്ളില്‍ പേടിയുണ്ട് , ഒരു വശത്ത് വയറുവേദനയും. ഇത്രയുമായപ്പോള്‍ എന്റെ കരച്ചില്‍ പൂര്‍വ്വാധികം ഉച്ചത്തില്‍ ആയി. പിന്നെ ബോധം കെട്ടു വീണു ...അപ്പോഴേക്ക് ഡോക്ടറുടെ അടുത്തെത്തിച്ചു , അപ്പന്റിക്സ എന്നു വിധി പിറ്റേന്ന് ഓപ്പറേഷന്‍ ..ഭഗവാനേ ഓരോരോ മായാവിലാസങ്ങളേ!

പിന്നെ വിട്ടിലിരിപ്പായി ഏകദേശം 3 ആഴ്ചക്കു ശേഷം സ്കൂളില്‍ എത്തിയപ്പോള്‍ ആദ്യം തിരക്കിയതു ജോയിസ്സിയെ ആണു അവള്‍ മഞ്ഞപ്പിത്തമായിക്കിടപ്പിലാണു,അന്നത്തെ ഗറ്റൌട്ട് അടിക്കുശേഷം അവള്‍ സകൂളില്‍ വന്നിട്ടില്ല്ലാന്നറിഞ്ഞു. ഞാന്‍ അന്നു വീട്ടിലേക്ക് പോയപ്പോള്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാന്‍ ഒക്കാഞ്ഞതിന്റെ വ്യസനം ഉണ്ടായിരുന്നു..

പിറ്റേന്ന് സ്കൂളില്‍ എത്തിയപ്പോള്‍ ആണു ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞതു .ജോയിസി മരിച്ചു..... കറുത്ത ബാഡ്ജ് കുത്തി എല്ലാവരും അവളുടെ വീട്ടില്‍ പോയി. അന്നു ക്ലാസില്ലായിരുന്നു. ഞങ്ങള്‍ അവളുടെ വീട്ടിലെത്തി ...കത്തിച്ചു വച്ച സാമ്പ്രാണിയുടെയും പിച്ചിപ്പൂവിന്റെയും ഒക്കെ കൂടിയ ഒരു ഗന്ധം, വെള്ള ഉടുപ്പിട്ട് ആ പെട്ടിയില് കിടന്ന ജോയിസിയുടെ കാല്ക്കല്‍ ഞാന്‍ നിന്നു. അവളുടെ മുഖത്തു നിന്ന് ആ പുഞ്ചിരി മാഞ്ഞിട്ടില്ലാ, ഉറങ്ങുന്നപോലെ....അവളുടെ വാക്കുകള്‍ അപ്പോഴും എന്റെ കാതില്‍ മുഴങ്ങുകയായിരുന്നു,
"മരിച്ചാ നമ്മള്‍ എങ്ങോട്ടാ പോവുകാ".....
ഞാന്‍ അപ്പൊ ചോദിച്ചു "നീ എങ്ങോട്ടാ പോയേ?"
അവളുടെ കാല്‍ചുവട്ടില്‍ ഞാന് എത്രനേരം നിന്നു എന്നെനിക്കറിയില്ലാ...
ടീച്ചര്‍ വിളിച്ചു തിരിച്ചു നടക്കുമ്പോള്‍ ഇനി അവളില്ലാന്നു വിശ്വസിക്കാന്‍ എനിക്കായില്ലാ..
പിറ്റേന്നായിരുന്നു അടക്കം അന്നു ഞാന്‍ സ്കുളില്‍ പോയില്ലാ...
എനിക്ക് നല്ല പനിയും ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ നേരം. ഞാന്‍ മുറിയില്‍ കിടക്കുവാണ് . വീട്ടില്‍ മറ്റാരുമില്ലാ. അന്നചേടത്തി വന്നു പറഞ്ഞു
"കുഞ്ഞേ മഴക്കോളൊണ്ട്, ഞാന്‍ പശുവിനെ അഴിച്ചോണ്ട് വരട്ടെ",ഓ ഇനി പശുവിനെ കൂട്ടില്‍ കെട്ടി അതുമായി കൊച്ചുവര്‍ത്താനവും പറഞ്ഞു അന്നചേടത്തി തിരിച്ചു വരാന്‍ ഏറ്റം കുറഞ്ഞതൊരു മണിക്കൂര്‍. ഞാന്‍ ഓര്‍ത്തു. പെട്ടന്നു ആകെ ഇരുട്ടായി. ഒരു വല്ലാത്ത കാറ്റും, എന്റെ മുറിയുടെ ജനല്‍ വല്ലാതെ ആഞ്ഞടിച്ചു. കാറ്റ് ഉള്ളിലേക്ക് വരാന്‍ തുടങ്ങി. ഞാന്‍ ജനല്‍ അടക്കാന്‍ എണീറ്റു. എന്റെ ജനലില്‍ കൂടി നോക്കിയാല്‍ നേരേ കാണുന്നത് ഒരു പ്ലാവ് ആണു, ഞാന്‍ നോക്കുമ്പോള്‍ പ്ലാവിന്റെ ചുവട്ടില്‍ ആള്‍രൂപത്തിലല്‍ ഒരു വെട്ടം! ഞാന്‍ ജനലഴിയില്‍ പിടിച്ചു കൊണ്ടങ്ങനെ നിന്നു, അതൊരു പ്രത്യെകതരം കാറ്റ്, ഞാന്‍ അന്നു വരെയൊ, അതിനു ശേഷമൊ അത്തരം ഒരു കാറ്റ് കണ്ടിട്ടില്ലാ, ജനലിലേക്ക് ആഞ്ഞടിക്കുന്ന കാറ്റില്‍ ഒരിലപോലും പറന്നു വരുന്നില്ലാ, ആ വെളിച്ചം എന്റെ തൊട്ടടുത്ത് ജനലഴിക്കപ്പുറം. അതാ മുഖം മാത്രം തെളിയുന്നു, ബാക്കി മുഴുവന്‍ ഒരു പുകപോലെ, അതെ വെള്ള കട്ട പുക,
( ഇതെഴുതുമ്പോള്‍ അന്നു കണ്ടത് അതേ പോലെ ഞാന്‍ ഓര്‍ക്കുന്നു)....
ജോയിസി, അവള്‍ നിന്നു ചിരിക്കുകയാണ്. ഒരു വല്ലാത്ത തണുപ്പ് അവളില്‍ നിന്ന് വരുന്നു ..
അവള്‍ എന്നെ തന്നെ നോക്കി എന്റെ അടുത്ത്.
" ജോയിസി ...നീ..."
ഞാന്‍ വാക്കുകള്‍ കിട്ടാതെ .. അവള്‍ ഏതോ ദൂരെ നിന്ന് സംസാരിക്കും പോലെ ഒരു തരം എക്കൊ.......
"ഞാ ന്‍ വ രാ മെ ന്ന് പ റ ഞ്ഞ ത ല്ലേ അ താ വ ന്നെ"........
ഇപ്പോള്‍ കാറ്റില്ലാ പക്ഷേ അവള് കാറ്റില്‍ ആടുന്ന തീനാളം പോലെ തലക്കു കീഴ്പ്പോട്ടുള്ള ഭാഗം ആടി ഉലയുകയാണ്. എനിക്ക് അപ്പോള്‍ പേടിയല്ലാ..... പക്ഷേ എന്തോ ഒരു അരുതാഴികാ അനുഭവപ്പെട്ടു,ആരേലും വന്നാലോ? എന്നതു തന്നാരുന്നു ആദ്യത്തെ ചിന്താ. ഞാന്‍ പറഞ്ഞു.
"നീ പോ പോ.... ആരേലും വരും പിന്നെ വാ "
അതു കേട്ടപ്പോ വല്ലാത്ത ഒരു ഭാവഭേദത്തോടെ അവള്‍ എന്നെ നോക്കി. ഒന്നും പറഞ്ഞില്ലാ...
പയ്യെ അവള്‍ ഞാന്‍ നോക്കി നില്ക്കെ ആ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു, പിന്നെ കാറ്റടിച്ചില്ലാ , മഴയും പെയ്തില്ലാ.

അപ്പോഴേക്ക് അന്നചേടത്തി ഓടികിതച്ചെത്തി.
"ഹൊ എന്റെ കുഞ്ഞേ എന്നാ കൊടും കാറ്റാ, ആണ്ട് ജനലരുവിപ്പോയി നിക്കുവാരുന്നോ പനീം വച്ചോണ്ട്.... ഹോ ഈ മുറീല് എന്നാ തണുപ്പാ ജനല് തൊറന്നിട്ടിട്ടാ .ഇങ്ങോട്ട് മാറിക്കേ ഞാനതടക്കട്ടെ..."
ഞാന്‍‌ ആ പ്ലാവിന്‍ ചുവട്ടിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു.
"ഈ കുഞ്ഞിനെന്നാ പറ്റി?" അന്നചേടത്തി എന്നെ പിടിച്ചു കൊണ്ട് കിടത്തി ജനല്‍ അടക്കാന്‍‌ തുടങ്ങി .
"വേണ്ടാ അന്നചേടത്തി ജനല്‍ അടക്കണ്ടാ ഇപ്പോ കാറ്റില്ലല്ലൊ." ഞാന്‍ പറഞ്ഞു ..
അന്നചേടത്തി പുറത്തേക്ക് നോക്കിട്ട് പറഞ്ഞു.
"നേരാ ഇപ്പൊ കാറ്റില്ലാ ...ന്നാലും എന്നാ ഒരു കാറ്റാരുന്നു..."

പിറുപിറുത്തു കൊണ്ടവര്‍ മുറി വിട്ടു പൊയി.....അന്ന് അവള്‍ വന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍. പക്ഷേ ഞാന്‍ അവള്‍ പറയാന്‍ വന്നതു കേട്ടില്ലാ ....പിന്നെ ഒരിക്കലും അവള്‍ എന്നെ കാണാന്‍‌ വന്നുമില്ലാ. പക്ഷെ ഇത്ര വര്‍ഷത്തിനു ശേഷവും എനിക്ക് അവളുടെ വരവ് മറക്കാന്‍ പറ്റുന്നില്ലാ..
ഞാന്‍ എന്നോടും അവളൊടും ഇന്നും ചോദിക്കുകയാണ്.............
"നീ എങ്ങോട്ടാ പോയേ?" ……
ചിത്രത്തിന് കടപ്പാട് ഗൂഗിള്‍

Thursday, September 18, 2008

ആല്‍ത്തറ: ആല്‍ത്തറ - വിശേഷങ്ങള്‍ - 2

ഇതാ ഇതു വഴി .


ആല്‍ത്തറ - വിശേഷങ്ങള്‍ - 2

ഒരു വില്ലന്‍

കട -തണല്‍

കുറെ നാളുകള്‍ കൊണ്ടു ഞാന്‍ വിചാരിക്കുന്നു ,ഇങ്ങേര്‍ക്കൊരു പണി കൊടുക്കണം പണി കൊടുക്കണം എന്ന് .ഇന്നു രാവിലെ എന്നെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഒരു ഇ -മെയില്.കൂട്ടരേ നിങ്ങള്‍ അത് വായിച്ചാല്‍ ഞെട്ടും അതുകൊണ്ട് അവസാനം പറയാം .

കവിയാണ്‌ ,ചിന്തകനാണ് ,ഭയങ്കര ചുവപ്പനാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഈ മനുഷ്യനെ പറ്റി നിങ്ങള്‍ക്ക് ഏറെ ഒന്നും അറിയില്ല .
പാവം പിടിച്ച ഒരു പെണ്ണിന്റെ ശരീരത്തില്‍ പ്രണയം എന്ന പേരും പറഞ്ഞ് ആസിഡ് ഒഴിച്ച മഹാ ക്രുരനും ദുഷ്ടനും കശ്മലനുമായ ഈ മനുഷ്യനെ എന്ത് വേണമെന്ന് നിങ്ങള്‍ പറയുക .നിങ്ങള്‍ വേണ്ട രീതിയില്‍ ഈ മനുഷ്യനെ കൈകാര്യം ചെയ്യും എന്ന വിശ്വാസത്തോട് കൂടി ഈ മനുഷ്യനെ നിങ്ങളുടെ മുന്നിലേക്ക് തരുന്നു .
നിങ്ങളുടെ സ്വന്തം

സ്വാമി
ഇനി ഈ മെയില്‍

സഖാക്കളെ,

ഞമ്മള്‌ അപ്പോ നാട്ടിലേയ്ക്ക്‌ നാളെ രാവിലെ പുറപ്പെടും. ഫൂമീടെ ഇങ്ങേ അറ്റത്തൂന്നയതുകൊണ്ട്‌ ശനിയാഴ്ച ഉച്ചയ്ക്ക്‌ ആണ്‌ കോയിക്കോട്‌ ലാന്‍ഡുന്നത്‌.ഒരു മാസം കഴിഞ്ഞ്‌ ഒക്റ്റോബര്‍ 19 നു തിരിച്ചെത്തും. അതുവരെ ബ്ളോഗിംഗ്‌ കുറവായിരിക്കുമെന്നു കരുതുന്നു.. ആര്‍ക്കറിയാം, അത്ര പെട്ടെന്നു കുറയ്ക്കാന്‍ പറ്റില്ലല്ലോ :)
അപ്പോ ഒക്കെ പറഞ്ഞതുപോലെ.

സസ്നേഹം
ഡബിള്‍ ശ്രീ പാമു അവര്‍ഹള്‍.

Tuesday, September 16, 2008

ഓണം കൊണ്ട്‌ ആര്‍ക്കാ നേട്ടം?

ഓണം കൊണ്ട്‌ ആര്‍ക്കാ നേട്ടം?

ഈ വര്‍ഷവും ഓണമൊക്കെ വളരെ ഗംഭീരമായി ആഘോഷിച്ചുവല്ലോ.   ആഘോഷത്തിനു കൊഴുപ്പു കൂട്ടാന്‍ എന്തൊക്കെയായിരുന്നു.    ഒന്നിനുമൊരു കുറവുമില്ല.  നഗരങ്ങളില്‍ സര്‍ക്കാര്‍ വക ഓണാഘോഷപരിപാടികള്‍. ഹൈ-ഫൈ ക്ലബ്ബുകളും വന്‍കിട ഹോട്ടലുകള്‍ വക ആഘോഷങ്ങള്‍. ടി.വി. ചാനലുകളില്‍ പ്രത്യേക ഓണാഘോഷപരിപാടികള്‍, 'സൂപ്പര്‍ ഹിറ്റ്‌'/'ബ്ലോക്ക്‌ ബസ്റ്റര്‍' ചലച്ചിത്രങ്ങള്‍, നടീനടന്മാരുടെ അഭിമുഖങ്ങള്‍, അങ്ങനെ, അങ്ങനെ.   തുണിക്കടക്കാരും, ഇലക്ട്രോണിക്‌/ഗൃഹോപകരണ കടക്കാരും സ്വര്‍ണ്ണാഭരണ കടക്കാരും പ്രത്യേക കിഴിവുകളും സമ്മാനങ്ങളും നല്‍കി സാദാ ജനങ്ങളെ 'സഹായിച്ചു'. സാധാരണ ജനങ്ങളോ, കൈയ്യിലുള്ള കാശിനും കടം വാങ്ങിയ കാശിനുമെല്ലാം മാര്‍ക്കറ്റില്‍ കിട്ടുന്നതെല്ലാം വാങ്ങികൂട്ടി ഓണം 'പൊടിപൊടിച്ചു'. ഓണക്കാലത്ത്‌ ഇതൊന്നും വാങ്ങിയില്ലെങ്കില്‍ പിന്നെ ഈ 'സുവര്‍ണ്ണാവസരം' പിന്നെ കിട്ടിയില്ലെങ്കിലോ?.  അതും പോരാഞ്ഞ്‌ ബിവറേജസ്‌ കടകളില്‍ സമാധാനപരമായി ക്യൂ നിന്ന് 'വിദേശി' വാങ്ങി സേവിച്ച്‌ ആഘോഷം ഒന്നുകൂടി കൊഴുപ്പിച്ചു.     ആനന്ദലബ്ധിക്ക്‌ ഇനിയെന്തു വേണം?

യഥാര്‍ത്തത്തില്‍ ആരൊക്കെയാണ്‌ ഓണം ശരിക്കും ആഘോഷിച്ചത്‌? ഇതുകൊണ്ട്‌ നേട്ടം ആര്‍ക്ക്‌? നമ്മള്‍ക്കോ?

പണ്ടൊക്കെ ഓണമെന്നാല്‍ കാര്‍ഷികവിളവെടുപ്പുമായി ബന്ധപ്പെട്ട ഉത്സവമായിരുന്നു. വ്യക്തികള്‍ക്കും, കുടുംബത്തിനും സമൂഹത്തിനും ഐശ്യര്യവും സമൃദ്ധിയും സന്തോഷവും നല്‍കുന്നവ. ഓണം ഓണമായി കൊണ്ടാടാന്‍ വേണ്ടുന്നവയെല്ലാം മിക്കതും അതാതു പ്രദേശത്തുനിന്നും വിളവെടുപ്പിലൂടെയും അദ്ധ്വാനത്തിലൂടെയും ലഭിക്കുന്നവ. കാലം മാറുന്നതിനനുസരിച്ച്‌ ഓണാഘോഷത്തിന്റെ ശൈലിയും മാറിവരുന്നു. ഇന്ന് ഇത്‌ തീര്‍ത്തും ഒരു കമ്പോള ഓണമായി മാറിയിരിക്കുന്നു. എല്ലാം ഇന്‍സ്റ്റന്റ്‌, അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവ.

നല്ലൊരു കൊയ്ത്തു കഴിഞ്ഞാല്‍ നാടിനും നാട്ടാര്‍ക്കും സുലഭമായി അന്നം ലഭിച്ചിരുന്നെങ്കില്‍, ഇന്ന് അരിക്ക്‌ ആന്ധ്രയേയും പഞ്ചാബിനേയും മറ്റും ആശ്രയിക്കേണ്ട സ്ഥിതിയാണ്‌. അവര്‍ കനിഞ്ഞാല്‍ സംഗതി ഓകെ. അല്ലെങ്കില്‍ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞതുപോലെ അരിക്കു പകരം മുട്ടയും പാലും കഴിച്ചു കഴിയാമല്ലോ. ഓ, മറന്നു, ആവശ്യത്തിനുവേണ്ട മുട്ടക്കും പാലിനും വരെ തമിഴ്‌നാടിനെ തന്നെ ആശ്രയിക്കണമല്ലോ. ഇവിടെ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന പാല്‍, അതായത്‌ റബ്ബര്‍ പാല്‍, കുടിച്ചാല്‍ പറ്റില്ലല്ലോ.

നമ്മളുടെ ആവശ്യത്തിനുവേണ്ട പച്ചക്കറികള്‍ കൃഷിയിടങ്ങളിലും വീട്ടുവളപ്പിലും നേരത്തെ കൃഷി ചെയ്തിരുന്നെങ്കില്‍, ഇന്ന് പച്ചക്കറികള്‍ പാണ്ടി ലോറികളില്‍ നിറച്ച്‌ തമിഴ്‌നാട്ടില്‍ നിന്നും എത്തിയാലെ പറ്റുകയുള്ളൂ. എന്തിന്‌, കീടനാശിനികള്‍ തളിച്ച, രാസവസ്തുക്കള്‍ കലര്‍ത്തിയ തമിഴന്റെ പച്ചക്കറിയും അറാവില കൊടുത്ത്‌ വാങ്ങി നാം 'കേരളസദ്യ' ഉണ്ണുന്നു.
ഓണത്തിനു പൂവിടാനും അത്തപ്പൂക്കളമൊരുക്കാനും പൂവുകള്‍ വീട്ടുമുറ്റത്തുനിന്നും പറമ്പില്‍ നിന്നും ശേഖരിച്ചിരുന്ന കാലം പോയി. ഇപ്പോള്‍ തമിഴനും കന്നഡിഗനും പൂകൃഷി ചെയ്താലേ, മലയാളിക്ക്‌ അവരുടെ സ്വന്തം "ഓണപ്പൂക്കളം" ഉണ്ടാക്കാന്‍ പറ്റൂ. മലയാളി മങ്കമാര്‍ക്ക്‌ മുടിയില്‍ മുല്ലപ്പൂ ചൂടാനും തമിഴ്‌നാട്ടിലെ മുല്ലകൃഷി തന്നെ ശരണം. (ഓണത്തിനും, വിഷുവിനും, കേരളപ്പിറവി ദിനത്തിലും നമ്മുടെ സ്ത്രീകള്‍ 'മലയാളി മങ്ക'മാരായി അണിഞ്ഞൊരുങ്ങാന്‍ വേണ്ട കേരളസാരിക്കും കസവ്‌ ഗുജറാത്തില്‍ നിന്നുവേണം.)

എന്തിന്‌, ഓണത്തിന്‌ മണ്ണ്‍ കുഴച്ച്‌ ഉണ്ടാക്കിയിരുന്ന മാവേലി/തൃക്കാക്കരയപ്പന്‍ പോലും ഇന്ന് റെഡിമെയ്ഡായി തമിഴ്‌നാട്ടില്‍ നിന്നും വരുന്നു. മരത്തില്‍ ഉണ്ടാക്കി ചായം തേച്ചതും കിട്ടുമത്രേ. നാളെയത്‌, പ്ലാസ്റ്റിക്കിലോ, അലുമിനിയത്തിലോ, സ്റ്റീലിലോ ആവാനും സാധ്യതയുണ്ട്‌.

നാലുതരം പായസം വെക്കാനാവശ്യമായ ശര്‍ക്കരയടക്കം, ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നാലെ നമുക്ക്‌ ഓണം കേമമാക്കാന്‍ പറ്റൂ. തമിഴ്‌നാട്ടില്‍നിന്നുള്ള നേന്ത്രക്കുലയുടെ വരവ്‌ കുറഞ്ഞാല്‍ നാം 'കേരളാചിപ്സ്‌' എന്നു വിളിക്കുന്ന കായവറുത്തത്‌ ഇല്ലാതെയും ഓണം ഉണ്ണേണ്ടിവരും.  ഇനിയിപ്പോ സദ്യയുണ്ണാന്‍ വാഴയില കിട്ടാണ്ടായാല്‍ വിഷമിക്കേണ്ട, പേപ്പര്‍ വാഴയില വന്നുകഴിഞ്ഞു,   'കണ്ടില്ലേ, പെണ്ണിന്റെ വീട്ടുകാരുടെ ഒരു ബുദ്ധി!!!'


ഓണക്കോടി ഇല്ലാതെന്ത്‌ ഓണം. തമിഴ്‌നാട്ടിലെ "ആടിമാസ തള്ളുപടി" തുണിത്തരങ്ങള്‍ മൊത്തത്തില്‍ കേരളത്തിലെ ഓണച്ചന്തയിലേക്ക്‌ ഒഴുകുകയും ഇരട്ടിയിലധികം ലാഭം കൊയ്യുകയും ചെയ്യുന്നു. തുണിത്തരങ്ങളും സ്വര്‍ണ്ണാഭരണങ്ങളും പണ്ടേ മലയാളീസിന്റെ ഒരു വീക്‌ക്‍നെസ്സാണല്ലോ. ഇതിനുപുറമെ, ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ എക്സിബിഷന്‍, മേള, വഴിവാണിഭം തുടങ്ങിയവ വഴിയും ഇവിടുത്തെ വിപണിയില്‍ ഒരു പങ്ക്‌ നേടാന്‍ ശ്രമിക്കുന്നു.

ഈ വര്‍ഷം ഓണസമയത്ത്‌ അരി, പലവ്യജ്ഞനം എന്നിവ വിറ്റതിനേക്കാള്‍ എത്രയോ കോടി രൂപ കൂടുതലാണത്രേ 'വിദേശ മദ്യം' വിറ്റഴിച്ച വകയില്‍ സര്‍ക്കാരിന്‌ കിട്ടിയത്‌. ഒരു സംശയം, ഇന്നത്തെക്കാലത്ത്‌ കേരള ജനത കഴിക്കുകയാണോ അതോ കുടിക്കുകയാണോ. നമ്മുടെ സര്‍ക്കാര്‍ ഇത്ര കോടി നേടി എന്നു പറയുമ്പോള്‍ തന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നും മദ്യം നിര്‍മ്മിക്കാനാവശ്യമായ സ്പിരിറ്റ്‌ വാങ്ങിക്കുക വഴി എത്ര കോടികള്‍ ഒഴുക്കി എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍!! 
(പിന്നെ, നാടന്‍ കള്ളിന്റെ കാര്യത്തിലാണെങ്കില്‍ ഒരു അപവാദമുണ്ട്‌. കേരളത്തില്‍ യഥാര്‍ത്തത്തില്‍ ചെത്തിയെടുക്കുന്ന പന/തെങ്ങിന്‍ കള്ളിനേക്കാള്‍ എത്രയോ ഇരട്ടിയാണത്രേ വില്‍പ്പന നടക്കുന്നത്‌. ഇതെങ്ങിനെ സാധിക്കുന്നു എന്നു ചോദിച്ചാല്‍ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌ പോലും അതിശയിച്ചുപോകും. മരുന്നിന്റെ ശക്തി അത്രയാ!!)

വാരികകളും പത്രങ്ങളും പരസ്യങ്ങള്‍ കുത്തിനിറച്ച്‌ പ്രത്യേക ഓണപ്പതിപ്പ്‌ ഇറക്കുമ്പോള്‍, ടി.വി.ചാനലുകാര്‍ നിരന്തരമായ പരസ്യങ്ങള്‍ക്കിടക്ക്‌ ഒരു സൗജന്യമെന്നപോലെ രണ്ട്‌-മൂന്ന് മിനിട്ട്‌ വീതം സിനിമ കാണിച്ച്‌ കാണികളെ 'സ്നേഹിച്ച്‌ കൊല്ലുന്നു'.


ശമ്പളവും ബോണസ്സും, പ്രവാസികള്‍ അയച്ചുകൊടുക്കുന്ന കാശും, പിന്നെ കാണം വിറ്റതുമൊക്കെയായി നാം ഓണം ആഘോഷിക്കുന്നു. എന്നാല്‍ ശരിക്കും ആഘോഷിക്കുന്നത്‌ ആരാണ്‌?

അല്ലാ, ഈ "ഓണം" ആഘോഷങ്ങള്‍ കൊണ്ട്‌ ആര്‍ക്കാണ്‌ യഥാര്‍ത്ത നേട്ടം? ഓഫറുകളുടെ പെരുമഴ പെയ്യിക്കുന്ന കച്ചവടക്കാര്‍ക്കോ? പരസ്യങ്ങള്‍ കൊണ്ട്‌ കാണികളെ വീര്‍പ്പു മുട്ടിക്കുന്ന ചാനലുകാര്‍ക്കോ? ഇന്‍സ്റ്റന്റ്‌ ഓണസദ്യ നല്‍കുന്ന ഹോട്ടലുകാര്‍ക്കോ? അതോ തുണിക്കച്ചവടക്കാര്‍ക്കോ? വാറ്റുകാര്‍ക്കോ? സ്പിരിറ്റ്‌ ലോബിക്കോ? മലയാളിയെ ഓണം ഉണ്ണിക്കാന്‍ കഷ്ടപ്പെട്ട്‌,ഉപ്പ്‌ തൊട്ട്‌ കര്‍പ്പൂരം വരെ ഇവിടേക്ക്‌ കയറ്റി അയക്കുന്ന അയല്‍സംസ്ഥാനങ്ങളിലുള്ളവര്‍ക്കോ? ആര്‍ക്കാണ്‌ ഐശ്വര്യവും സമൃദ്ധിയും നിറയുന്ന ഓണാഘോഷം?Wednesday, September 10, 2008

മലയാളിക്കെന്നും മധുരം പകരുന്ന ഓണം

മലയാളിക്കെന്നും മധുരം പകരുന്ന ഓണം

ഓണം! മലയാളിയുടെ മനസ്സില്‍ എന്നും ഒരാഹ്ലാദമായി, പ്രതീക്ഷകളുടെ പൂത്തിരികള്‍ കത്തിച്ചു കൊണ്ട്‌ കടന്നു വരുന്ന കാലം! ഏതവസ്ഥയിലായാലും ഓണത്തിന്റെ വരവ്‌ ഒരു മലയാളിയെ സന്തോഷിപ്പിക്ക തന്നെ ചെയ്യും.

കര്‍ക്കിടകത്തിലെ കാറണിഞ്ഞ ദിനങ്ങള്‍ പോയി പ്രകൃതി പ്രസന്നവതിയാകുന്ന കാലമാണല്ലോ പൊന്നിന്‍ ചിങ്ങ മാസം. പകലുകള്‍ പൊന്‍വെയിലില്‍ കുളിച്ചു നില്‍ക്കും. വെയിലിന്റെ ചൂടകറ്റി സ്വഛന്ദമായി ചുറ്റിയടിക്കുന്ന മന്ദമാരുതന്‍ - ഓണപ്പൂങ്കാറ്റ്‌. ഓണനാളടുക്കുംതോറും യാമിനി ഓണനിലാക്കോടിയുടുത്ത്‌ അണിഞ്ഞൊരുങ്ങുന്നു. തിരുവോണത്തിന്‍ നാള്‍ പാല്‍ചന്ദ്രിക പരന്നൊഴുകുന്നു. പ്രകൃതിയുടെ ഈ സൗന്ദര്യവര്‍ധന മനുഷ്യ മനസ്സുകളേയും സ്വാധീനിക്കുന്നുണ്ട്‌ തീര്‍ച്ച. നമ്മളറിയാതെ തന്നെ ഒരു സന്തോഷം മനസ്സില്‍ വന്നുകൂടുന്നു ചിങ്ങം പിറക്കുന്നതോടു കൂടി.

പണ്ട്‌ നാട്ടിന്‍പുറങ്ങളില്‍ കൊണ്ടാടിയിരുന്ന പോലെ, അതേ തനിമയോടൊന്നുമല്ല ഇപ്പോള്‍ ഓണം കൊണ്ടാടുന്നത്‌, എല്ലാം യാന്ത്രികമായാണ്‌ എന്നൊക്കെ പരാതികള്‍ ഉയരുന്നുണ്ട്‌. ഒട്ടും അദ്ധ്വാനിക്കാതെ തന്നെ ഇപ്പോള്‍ ഓണം കൊണ്ടാടാന്‍ പറ്റും എന്നതിന്റെ ഒരു മുഷിവാണ്‌ ആ പറച്ചിലില്‍. ഓണാഘോഷത്തിന്റെ മുഖഛായ മാറുന്നുണ്ട്‌. എന്നാലും, മലയാളിയുടെ മനസ്സില്‍ ആത്യന്തികമായി ഉടലെടുക്കുന്ന ആ ഒരു സന്തോഷമുണ്ടല്ലോ ഓണം ആഗതമാവുന്ന വേളയില്‍, അതിനൊരു മാറ്റവുമില്ലെന്നു വേണം കരുതാന്‍.

ചിങ്ങം പിറക്കുമ്പോള്‍ കതിരണിഞ്ഞു പൊന്നു ചൂടുന്ന വയലേലകളിവിടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുണ്ടാകാം, മലരണിയാന്‍ കാടുകളും മേടുകളും ഇല്ലാതാകുന്നുണ്ടാകാം. എല്ലാം മനുഷ്യരുടെ തന്നെ ചെയ്തികളുടെ ഫലം. പ്രകൃതിയിലേക്കു തിരിച്ചു ചെന്നാല്‍ വീണ്ടെടുക്കാവുന്നതേയുള്ളു ഈ നഷ്ടങ്ങളെല്ലാം. മനുഷ്യന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കണമെന്നു മാത്രം. ഇതൊക്കെയാണെങ്കിലും പ്രകൃതീദേവി ആകപ്പാടെ മനോഹാരിണിയായി കാണപ്പെടുന്ന ഒരു കാലമാണ്‌ ഓണക്കാലം എന്നതിനു തര്‍ക്കമില്ല.

കാണം വിറ്റും ഓണമുണ്ണണം എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കുന്നവരാണ്‌ നമ്മള്‍ മലയാളികള്‍, അവര്‍ ലോകത്തിന്റെ ഏതു ദിക്കിലായാലും. ജാതി മത ഭേദങ്ങളോ വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളോ, കുബേര കുചേല വേര്‍തിരിവുകളോ ഒന്നും തന്നെ ഓണം എന്ന മഹോല്‍സവം കൊണ്ടാടുന്നതില്‍ നിന്ന് മലയാളിയെ പിന്തിരിപ്പിക്കുന്നില്ല. ഉള്ളതു കൊണ്ട്‌ ഓണം ആഘോഷിക്കും. അത്ര തന്നെ.

നഗരങ്ങളില്‍ ഓണക്കാലം വര്‍ണ്ണക്കാഴ്ചകളുടേയും പലവിധ ആഘോഷങ്ങളുടേയും ദിനങ്ങളായി മാറുന്നു. ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനായി, സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത്‌ ഓണാഘോഷം സംഘടിപ്പിക്കുന്നു. വലിയൊരു ജനവിഭാഗം അതൊക്കെ ആസ്വദിക്കുകയും ചെയ്യുന്നു. നഗരത്തിലുള്ളവര്‍ ഇങ്ങനെ ഓണം ഘോഷിക്കുമ്പോള്‍, ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ അവരവരുടേതായ പരമ്പരാഗതരീതികളില്‍, ഉറിയടി, പന്തുകളി, പുലികളി, കുമ്മാട്ടിക്കളി, തുടങ്ങിയ കളികളിലൂടേയും, ബന്ധുജനസന്ദര്‍ശങ്ങളിലൂടെയും മറ്റും ഓണം കൊണ്ടാടുന്നു. എങ്ങനെയായാലും മലയാളികള്‍ക്ക്‌ ഓണം ഉത്സവകാലം തന്നെയാണ്‌. ആഘോഷ തിമിര്‍പ്പിന്റേയും ആനന്ദത്തിന്റേയും കാലം തന്നെയാണ്‌.

എല്ലാ മലയാളികള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയംഗമമായ ഓണാശംസകള്‍ നേരുന്നു.

മിണ്ടാപ്രാണികളുടെ ഓണം

ബൂലോകം മുഴുവന്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഒരു ഓണപ്പട്ടിണി കിടന്ന കാര്യമാണ് ഓണാഘോഷത്തെപ്പറ്റി പറയുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത്. പിന്നെ എല്ലാവര്‍ക്കുമുള്ളതുപോലുള്ള ഓണത്തെപ്പറ്റിയുള്ള ബാല്യകാലത്തേയും കഴിഞ്ഞുപോയ നല്ല കാലത്തേയും സ്മരണകള്‍. പ്രവാസജീവിതം തുടങ്ങിയതിന് ശേഷം ഇതൊക്കെത്തന്നെ ഓണവും ഓണാഘോഷവും.

ചെറുപ്പകാലത്ത്‍, വീട്ടില്‍ ഓണത്തിന് സ്ഥിരമായി കണ്ടിരുന്ന ഒരു കാഴ്‌ച്ചയുണ്ടായിരുന്നു. ഈ കാഴ്ച്ച, ഓണം വിഷു തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ കാണാറുമുണ്ടായിരുന്നു.

ഞങ്ങള്‍ കുട്ടികളൊക്കെ ഉണരുന്നതിന് മുന്നേ അച്ഛന്‍ എഴുന്നേറ്റ് കുളിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ഞങ്ങള്‍ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ഓണക്കോടിയെല്ലാമുടുത്ത് ഉമ്മറത്ത് പ്രത്യക്ഷപ്പെടുമ്പോളായിരിക്കും ആ കാഴ്ച്ച.

രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് നിന്നിരുന്ന അച്ഛനതാ തൊടിയിലെ തെങ്ങിന്റെ ചുവട്ടില്‍, വീട്ടിലെ പശൂനേം ആടിനേം അതിന്റെ കുട്ടികളേമെല്ലാം വെള്ളമൊഴിച്ച് തേച്ചുരച്ച് ചാണകമൊക്കെ കഴുകിക്കളഞ്ഞ് വെളുപ്പിച്ചെടുക്കുന്നു.

പശൂന്റെ ചാണകവാല് വെച്ചുള്ള അടിയൊക്കെ കിട്ടി അഴുക്ക് പിടിച്ച് അച്ഛനങ്ങനെ നില്‍ക്കുന്നത് കാണുമ്പോള്‍.........

" ഈ അച്ഛന് വേറേ പണിയൊന്നുമില്ലേ? നല്ലൊരു ദിവസമായിട്ട് ഇന്നേ അച്ഛന് ഇവറ്റകളെ കുളിപ്പിച്ചെടുക്കാന്‍ കണ്ടുള്ളൂ " ...........എന്നാണ് എനിക്ക് തോന്നാറുള്ളത്. പലപ്പോഴും ഞാനത് നേരിട്ട് അച്ഛനോട് ചോദിച്ചിട്ടുമുണ്ട്.

"അതൊന്നും പറഞ്ഞാല്‍ നിനക്കിപ്പോള്‍ മനസ്സിലാകില്ലെടാ, ഒരുകാലത്ത് നിനക്കത് താനേ മനസ്സിലായിക്കോളും" .................. എന്ന മട്ടിലൊരു ചിരി മാത്രം സമ്മാനിച്ചിട്ട് അച്ഛന്‍ മിണ്ടാപ്രാണികളെ കുളിപ്പിക്കുന്ന പണി തുടരും.

കാലം ഒരുപാട് കഴിഞ്ഞിട്ടും എനിക്കതിന്റെ പൊരുള്‍ പിടികിട്ടിയില്ലെന്നുള്ളത് എന്റെ വിവരമില്ലായ്മ. മനുഷ്യരെല്ലാം ഓണം തകര്‍ത്താഘോഷിക്കുമ്പോള്‍ തൊടിയില്‍ ജീവിക്കുന്ന ആ മിണ്ടാപ്രാണികളെക്കൂടെ ആ അഘോഷങ്ങളില്‍ പങ്കുചേര്‍ക്കുകയായിരുന്നു അച്ഛന്‍ എന്ന് മനസ്സിലാക്കാന്‍ പിന്നെയും കാലമൊരുപാടെടുത്തു. (അതോ ഇനിയതിന് അതില്‍ക്കൂടുതല്‍ അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നോ ?)

ഇന്നെന്തോ പ്രത്യേക ദിവസമാണെന്ന് പൈക്കള്‍ക്കും മനസ്സിലായിട്ടുണ്ടാകുമോ ആവോ ? മനസ്സിലായിക്കാണും അല്ലേ ?

നമ്മളെല്ലാം വാഴയിലയിട്ട് മൂക്കറ്റം അടിച്ച് കയറ്റുന്ന സദ്യയുടെ അവശിഷ്ടവും, ഇലയുമൊക്കെ കാടിവെള്ളത്തിന്റെ കൂടെ, എല്ലാദിവസവും കിട്ടാത്ത പലതരം പച്ചക്കറികളുടേയും മറ്റും രുചിയോടെ പള്ളനിറയെ കുടിച്ച് മുറ്റത്തെ കടപ്ലാവിന്റെ ചോട്ടില്‍ അയവിറക്കിക്കിടക്കുമ്പോള്‍ അവറ്റകള്‍ക്ക് മനസ്സിലായിക്കാണും, ഇന്നൊരു പ്രത്യേകദിവസം തന്നെ ആയിരുന്നു എന്ന്. ആ ദിവസത്തിന്റെ പ്രത്യേകതയും പേരുമൊന്നും അറിയില്ലെങ്കിലും അവരും അതൊരു ഓണമായിട്ടെടുത്ത് സന്തോഷിച്ചിട്ടുണ്ടാകും, ആഘോഷിച്ചിട്ടുണ്ടാകും. ആ സന്തോഷത്തില്‍ തന്റെ യജമാനന് വേണ്ടി പൈക്കള്‍ അടുത്ത ദിവസം കൂടുതല്‍ പാല്‍ ചുരത്തിയിട്ടുണ്ടാകും, തീര്‍ച്ച.

ഇന്നിപ്പോള്‍ തിരക്കേറിയ പ്രവാസജീവിതവും, പട്ടണജീവിതവും കന്നുകാലികളില്‍ നിന്നെല്ലാം എന്നെ (നമ്മളെ) ഒരുപാട് ദൂരെക്കൊണ്ടാക്കിയിരിക്കുന്നു. എത്ര പൊലിമ നഷ്ടപ്പെട്ടെന്ന് പറഞ്ഞാലും, ടീവീ ചാനലിലൂടെയാണ് മലയാളി ഓണം ആഘോഷിക്കുന്നതെന്ന് പറഞ്ഞാലും നാട്ടില്‍ വെച്ചുള്ള ഒരു ഓണം ഒന്നൊന്നര ഓണം തന്നെയാണ് നമുക്കെല്ലാവര്‍ക്കും. സ്ഥിരമായി നാട്ടിലെത്തി, വീട്ടില്‍ത്തന്നെ ഓണമാഘോഷിക്കാന്‍ പറ്റുന്ന ഒരുകാലത്തിന് വേണ്ടി എല്ലാ പ്രവാസിയേയും പോലെ ഞാനും കാത്തിരിക്കുന്നു. എന്റെ കാര്യത്തില്‍, അക്കാലം അധികം ദൂരെയെല്ലെന്ന് എനിക്കറിയാം.

പക്ഷെ................

അച്ഛന് പ്രായാധിക്യമായതുകൊണ്ടും, വീട്ടിലിപ്പോള്‍ പൈക്കളൊന്നും ഇല്ലാത്തതുകൊണ്ടും, അര്‍ത്ഥമറിയാതെ കണ്ടുനിന്നിരുന്ന പഴയ ആ ഒരു കാഴ്ച്ച അതിന്റെ എല്ലാ വികാരങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് കാണാന്‍ ഇനി പറ്റിയെന്നുവരില്ലെന്നൊരു ദുഃഖം മാത്രം ബാക്കി നില്‍ക്കുന്നു.

എല്ലാ ബൂലോകര്‍ക്കും, ആല്‍ത്തറ കൂട്ടുകാര്‍ക്കും, മലയാളികള്‍ക്കും, മിണ്ടാപ്രാണികള്‍ക്കും, ജീവജാലങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

ഒരു പൊടിയാടി ഓണം

ഓണത്തെക്കുറിച്ച് നല്ലതും ചീത്തയുമായ പല ഓര്‍മ്മകളും ഉണ്ടെങ്കിലും ഏറ്റവും രസകരമായ ഓര്‍മ്മ ഇരുപതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊടിയാടിയില്‍ ആഘോഷിച്ച ഓണം ആണ്. 1983- 88 കാലഘട്ടത്തില്‍ പൊടിയാടി ദേശീയ വായനശാലയിലെ സജീവ 'മെമ്പര്‍' ആയിരുന്നതിനാല്‍ അവിടുത്തെ ഓണാഘോഷങ്ങളിലെല്ലാം പങ്കു കൊള്ളാന്‍ സാധിച്ചിട്ടുണ്ട്. അവിടുത്തെ ചെറുപ്പക്കാരായ അംഗങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നത് 'മെമ്പര്‍' എന്നാണ്.

പലപ്പോഴും ഓണം പൂക്കള മത്സരം, ഒരു ഫിലിം ഷോ എന്നിവയില്‍ ഒതുങ്ങിയിരുന്നു. 1987-ല്‍ ഓണാഘോഷം എന്ത് കൊണ്ടോ വളരെ ഗംഭീരം ആക്കാന്‍ മെമ്പര്‍മാര്‍ എല്ലാരും ഒറ്റക്കെട്ടായ്‌ തീരുമാനിച്ചു. അന്നാട്ടിലെ ചെറുപ്പക്കാരെ എല്ലാം ഉള്‍പ്പെടുത്തി വളരെ അധികം മല്‍സരങ്ങള്‍ നടത്താനും, ട്രോഫികള്‍ നല്‍കാനും ഒക്കെയായ് സ്പോണ്‍സര്‍ഷിപ്പുകള്‍ സംഘടിപ്പിക്കുവാനും കമ്മറ്റിക്കാരും മറ്റു മെമ്പര്‍മാരും ഉത്സാഹിച്ചു. പിരിവു കെങ്കേമമായ് നടന്നു. മത്സരങ്ങളും ആവേശോജ്വലമായ് നടത്തി. മെമ്പര്‍ മനോജ് സെക്രട്ടറിയും മെമ്പര്‍ സോമന്‍പിള്ള പ്രസിഡന്റും ആയ കമ്മറ്റി ആണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്.

മാരത്തോണ്‍, സൈക്കിള്‍ റെയ്സ്, കബഡി, ഷട്ടില്‍ ബാറ്റ്മിന്ടണ്‍, വോളിബോള്‍ തുടങ്ങി ചെസ്സ് കളി, കാരംസ് കളി എന്നുവേണ്ട പുരുഷന്മാര്‍ക്കായി ശരീര സൌന്ദര്യ മത്സരം വരെ മത്സര ഇനങ്ങള്‍ ആയിരുന്നു. കൂട്ടത്തില്‍ ഒന്നു കൂടെ പറയട്ടെ, സ്ത്രീകള്‍ക്കായ് യാതൊരു മത്സരവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ആ പ്രദേശത്തെങ്ങും ഒരു സ്ത്രീയും എത്തി നോക്കുക പോലും ഉണ്ടായില്ല. സ്ത്രീകളുടെ അസാന്നിധ്യം കൊണ്ടാകണം പൊടിയാടിയിലെ സ്ത്രീകളുടെ പ്രധാന ദേശീയ മത്സര ഇനങ്ങളായ സൂചിയില്‍ നൂല്‍ കോര്‍ത്ത്‌ കൊണ്ടുള്ള ഓട്ടം, നാരങ്ങ സ്പൂണില്‍ വച്ചുള്ള ഓട്ടം എന്നിവ ഒന്നും തന്നെ മത്സര ഇനങ്ങളില്‍ പെടുത്തിയില്ല.

ഇന്‍ഡോര്‍ മത്സരങ്ങളായ പൂക്കളം (പുരുഷന്‍മാര്‍ മാത്രം പങ്കെടുത്തു) കാരംസ്, തായം കളി, ചെസ്സ് എന്നിവ പൊടിയാടി എല്‍ പി സ്കൂളിനകത്തും, ഔട്ട് ഡോര്‍ മത്സര ഇനങ്ങളായ വോളിബോള്‍, കബടി എന്നിവ മംഗളോദയം യു പി സ്കൂളിനു മുന്‍വശത്തും, ഷട്ടില്‍ ബാറ്റ്മിന്ടണ്‍ പഴയ പഞ്ചായത്ത് ഓഫീസിനു മുന്‍പിലും, സൈക്കിള്‍ റെയ്സ്, മിനി മാരത്തണ്‍ എന്നിവ വിശാലമായ പൊടിയാടി-മാന്നാര്‍ മാവേലിക്കര റോഡിലും നടത്തി.

വര്‍ഷാ വര്‍ഷം രണ്ടു തവണയെങ്കിലും എത്തിനോക്കുന്ന വെള്ളപ്പൊക്കം മൂലം പൊടിയാടിയിലെ കുട്ടികള്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ എല്ലാവരുടെയും ഇഷ്ടവിനോദങ്ങളയിരുന്നു സ്വിമ്മിംഗ് & ഡൈവിങ്. മണിമലയാറിന്‍റെ കൈവഴിയായ പൊടിയാടി തോട് വെള്ളം വറ്റി വരണ്ടതിനാല്‍ സ്വിമ്മിങ്ങും, പൊടിയാടി പാലത്തില്‍ നിന്നും താഴേയ്ക്ക് ഡൈവ് ചെയ്‌താല്‍ ചെറുപ്പക്കാര്‍ മൂക്കില്‍ ചെളി കയറി അകാല ചരമം പ്രാപിച്ചാലോ എന്നുള്ള ഭയത്തിനാല്‍ ഡൈവിങ്ങും അവസാന നിമിഷം വേണ്ടെന്നു വച്ചു. ഡൈവിങ് വിദഗ്ദ്ധരില്‍ ചിലര്‍ ലോങ്ങ് ജമ്പ്, ഹൈ ജമ്പ് ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ താത്പര്യം കാണിച്ചു. ശാസ്താംകാവ് അമ്പലത്തിനു തൊട്ടു മുന്‍വശത്തുള്ള കുഴിയില്‍ കളികളെല്ലാം വിലക്കിയതിനാല്‍ ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങളും ഉണ്ടായില്ല.

അങ്ങിനെ ആദ്യ ദിവസങ്ങളില്‍ എല്ലാത്തിന്‍റെയും ആദ്യപാദ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പൊടിയാടി ദേശീയ വായനശാല & യൂത്ത് ക്ലബ്ബ്, മണിപ്പുഴ യൂത്ത് ക്ലബ്ബ് എന്നിവ തമ്മിലാണ് പ്രധാന മത്സരം. അന്‍പതോളം ഇനങ്ങളില്‍ വാശിയേറിയ മത്സരം നടക്കുകയാണ്. പൊടിയാടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മാത്രം ഉള്ള മണിപ്പുഴയില്‍ ആരോഗ്യവാന്‍മാരും ഉത്സാഹചിത്തരുമായ അനേകം ചെറുപ്പക്കാര്‍ ഉള്ളത് ദേശീയ വായനശാലയിലെ മെമ്പര്‍മാര്‍ കുറച്ചെങ്കിലും പേടിയോടെ കണ്ടു.സ്വര്‍ണം, വെള്ളി വെങ്കലം എന്നിവ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5, 3, 1 പോയിന്റുകള്‍. ഇങ്ങനെ സംഘടനയ്ക്ക് കിട്ടുന്ന പോയിന്റുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കിട്ടുന്ന സംഘടന എവര്‍ റോളിങ് ട്രോഫി കൈക്കലാക്കും. മത്സരങ്ങള്‍ നിറഞ്ഞ ഓരോ ദിവസം കഴിയുമ്പോഴും ആര് എവര്‍ റോളിങ് ട്രോഫി കൊണ്ടുപോകും എന്നതില്‍ എല്ലാ പൊടിയാടി മെമ്പര്‍മാര്‍ക്കും ആകാംഷ!

ശക്തന്‍മാരായ മണി, രാമചന്ദ്രന്‍ എന്നീ ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് മണിപ്പുഴ പിടിച്ചു കയറുന്നത്. അവരില്ലാത്ത ഒരു ഐറ്റവും ഇല്ല. പൊടിയാടി ആകട്ടെ 'ബുദ്ധി' ഉപയോഗിച്ചുള്ള കളികളില്‍ വിദഗ്ദ്ധര്‍. അതിന് മുന്‍പില്‍ മെമ്പര്‍ മനോജും മെമ്പര്‍ സോമന്‍ പിള്ളയും തന്നെ. ഷാജി, ബേബിച്ചന്‍, അജി........അങ്ങനെ അങ്ങനെ പലരും പൊടിയാടിക്ക്‌ വേണ്ടി അക്ഷീണം പരിശ്രമിക്കുന്നു. മിനി മാരത്തണും മാവേലിക്കര മുതല്‍ പൊടിയാടി വരെയുള്ള പത്തുകിലോമീറ്റര്‍ സൈക്കിള്‍ റെയ്സും എല്ലാം മണി പുഷ്പം പോലെ ഒന്നാമനായ് ജയിച്ചു കയറി!

അങ്ങിനെയിരിക്കെ പൊടിയാടിക്കാര്‍ പോയിന്റുകള്‍ അടിച്ചു മാറ്റാന്‍ കൂലംകഷമായ് ചിന്തിച്ചു പ്രതിവിധി കണ്ടെത്തി. അയല്‍ഗ്രാമങ്ങളില്‍ നിന്നും മറ്റും സംഘടനാബലം ഇല്ലാതെ വരുന്ന നല്ല കളിക്കാരെ കണ്ടെത്തി പൊടിയാടിക്കാര്‍ ആയി പേരു ചേര്‍ക്കുക. അവര്‍ക്ക് രജിസ്ട്രേഷന്‍ ഫ്രീ!

അങ്ങിനെ ശരീരസൌന്ദര്യ മത്സരങ്ങള്‍ക്ക് പൊടിയാടിക്ക്‌ വേണ്ടി ആള് കൂട്ടാന്‍ ഈയുള്ളവനെ നിയോഗിച്ചു. അതിന് കാരണം മറ്റൊന്നുമല്ല. ആയിടെ മിസ്റ്റര്‍ കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച മാന്നാറിലുള്ള ആശാന്‍റെ അടുത്ത് (അന്നൊക്കെ ജിമ്മിലെ മാഷിനെ ആശാന്‍ എന്നാണ് വിളിച്ചിരുന്നത്) ഈയുള്ളവനും 'ജിമ്മാന്‍' പോയിരുന്നു. ഒരു തോര്‍ത്തുമായ് മൂന്ന് മണിക്ക് ക്ലാസ് കഴിഞ്ഞാല്‍ കോളേജില്‍ നിന്നും നേരെ ജിമ്മിലേയ്ക്ക്. അവിടെ ഇരുന്നും നിന്നും കമ്പിയില്‍ തൂങ്ങിയും കുറെ അഭ്യാസങ്ങള്‍ കാണിച്ചിരുന്നതിനാലും ആശാന്‍ തന്‍റെ ശരീര സൌന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയയിരുന്നു എന്നതിനാലും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അഞ്ഞൂറ്, ഇരുനൂറ്റന്‍പത്, നൂറു രൂപ എന്ന നിരക്കില്‍ സമ്മാനം ലഭിക്കും എന്നതിനാലും ആശാനും രണ്ട് കട്ട മസിലുള്ള ശിഷ്യന്‍മാരും പൊടിയാടി ദേശീയ വായനശാലയുടെ പേരില്‍ മത്സരത്തില്‍ പങ്കെടുത്തു. സ്വാഭാവികമായും മൂന്ന് സ്ഥാനങ്ങളും അവര്‍ക്ക് തന്നെ ലഭിച്ചു. സത്യം പറഞ്ഞാല്‍ ഇതൊക്കെ ജഡ്ജ് ചെയ്യാന്‍ ആരായിരുന്നു അക്കാലത്ത് പൊടിയാടിയില്‍ ഉണ്ടായിരുന്നത് എന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചു ചിരിക്കാറുണ്ട്.

അതിനൊക്കെ മുന്‍പ്തന്നെ ഷാപ്പില്‍ നിന്നും അല്ലാതെയും വെള്ളമടിച്ച് ('പൊടി' അടിച്ച്) കോണ്‍തെറ്റി പൊടിയാടിയില്‍ പലരും വിവസ്ത്രരായ് നടന്ന് ശരീര സൌന്ദര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അന്നാദ്യമായ്‌ പൊടിയാടിയില്‍ ഒരു ശരീര സൌന്ദര്യ മത്സരം മത്സരമായ് നടത്തി! കാഫ് മസിലും തൈ മസിലും ഷോള്‍ഡര്‍ മസിലും വിങ്സും എല്ലാം കണ്ട് പൊടിയാടിക്കാര്‍ അന്തം വിട്ടു നിന്നപ്പോള്‍ ഇതിലെന്തോ ചതിയുണ്ടെന്ന് മണിപ്പുഴക്കാര്‍ക്കും മനസ്സിലായ്. ഇന്നു വരെ ഇത്ര മസിലുള്ള പൊടിയാടിക്കാരെ ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള മണിപ്പുഴക്കാര്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നെ ബഹളമായ്, ഉന്തും തള്ളുമായ്, അടിയായി എന്തൊക്കെയോ, എന്തിരൊക്കെയോ നടന്നു. ഇതിനിടെ സമ്മാനം നേടിയവര്‍ പൈസയും ട്രോഫിയും കൈക്കലാക്കി സ്ഥലം കാലിയാക്കി.

പിന്നീട് കുറച്ചു നാള്‍ ജിമ്മില്‍ പോകാതെ തിരിച്ചു ജിമ്മില്‍ ചെന്നപ്പോള്‍ ആശാന്‍റെ വക നിഷ്കളങ്കമായ ചോദ്യം- നിങ്ങളെന്തിനാ എന്നെ പൊടിയാടി ടീമില്‍ ചേര്‍ത്തത്? അടി കിട്ടാതെ രക്ഷപെട്ടു പോരുന്നത് തന്നെ ഭാഗ്യം!

അവസാന വാക്ക് ജൂറിയുടേത് ആണ് എന്നതിനാല്‍ പോയിന്റ് എല്ലാം പൊടിയാടിക്ക്‌ കിട്ടിയെങ്കിലും പിന്നീടുള്ള മിക്കവാറും എല്ലാ മല്‍സരങ്ങളും ജയിച്ച്‌ മണിപ്പുഴ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. മണിപ്പുഴയുടെ വിജിലന്‍സ് വിഭാഗം ആഞ്ഞു പരിശ്രമിച്ചതിനാല്‍ വെളിയില്‍ നിന്നു വേറെ ആരേം പൊടിയാടിക്ക്‌ വേണ്ടി മത്സരിപ്പിക്കാന്‍ പറ്റിയില്ല. അങ്ങിനെ രണ്ടോ മൂന്നോ പോയന്റുകള്‍ക്ക് പിറകിലായ്‌ പൊടിയാടി രണ്ടാം സ്ഥാനത്തായി.

പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓണമത്സരങ്ങള്‍ നടക്കാഞ്ഞതിനാല്‍ എവര്‍റോളിംഗ് ട്രോഫി ഒരിക്കലും റോള്‍ ചെയ്തില്ല! അന്ന് കാരംസ് മത്സരങ്ങള്‍ക്ക് ലഭിച്ച വെള്ളി മെഡല്‍ വര്‍ഷങ്ങളോളം എന്‍റെ കുടിലില്‍ ഒരു ആണിയില്‍ തൂക്കിയിട്ടിരുന്നു. അതായിരുന്നു ജീവിതത്തില്‍ ഇതുവരെ ഒരു സ്പോര്‍ട്സ്/ഗെയ്മില്‍ ലഭിച്ച ആകെ സമ്മാനം!
*******

അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നാട്ടിലെ ചില അക്ഷര സ്നേഹികളുടെ പ്രയത്നവും ചില സന്‍മനസ്കരുടെ സഹായവും മൂലം പടുത്തുയര്‍ത്തിയ വായനശാലയില്‍ മലയാള സാഹിത്യത്തിലെ വളരെ നല്ല ഒട്ടു മിക്ക കൃതികളും ഉണ്ടായിരുന്നു. അക്കാലത്ത് തുച്ഛമായ വാര്‍ഷിക വരിസംഖ്യ അടച്ച് അതൊക്കെ വായിക്കാന്‍ വായനശാല ഉള്ളതിനാല്‍ കഴിഞ്ഞിരുന്നു. പല മലയാള പത്രങ്ങളും പലരും വായിച്ചിരുന്നത് വായനശാലയില്‍ നിന്നായിരുന്നു. ബ്ലാക്ക് & വൈറ്റ് ടിവിയില്‍ ദൂരദര്‍ശനില്‍ നിന്നുള്ള വാര്‍ത്ത കേട്ടതും, പിന്നീടു കളര്‍ ടിവിയില്‍ ലോക കപ്പ് ഫുട്ബാള്‍ കണ്ടതും ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടതും എല്ലാം വായനശാലയില്‍ നിന്നായിരുന്നു.

കുറച്ചു നാള്‍ ലൈബ്രേറിയന്‍ ആയി സന്നദ്ധ സേവനവും ചെയ്തപ്പോള്‍ വായനശാലയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുറച്ച് അവബോധവും ഉണ്ടായി. തടി അലമാരയില്‍ അടുക്കി വച്ച മലയാള കൃതികള്‍ പലപ്പോഴും ചിതലരിച്ചിരുന്നത് ഡി ഡി റ്റി അടിച്ചു വൃത്തിയാക്കുക, പുതിയ കൃതികള്‍ സെലെക്റ്റ് ചെയ്യുക, രെജിസ്ടര്‍ കണക്കുകള്‍ സൂക്ഷിക്കുകയും വര്‍ഷാവര്‍ഷം സര്‍ക്കാര്‍ ഗ്രാന്റിന് അപേക്ഷിക്കുക എന്നിവയെല്ലാം ലൈബ്രേറിയന്‍ ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ വായനശാലയില്‍ പഴയ പരിചയക്കാര്‍ ആരും ഇല്ല. വല്ലപ്പോഴും എത്തുന്ന ചില കുട്ടികള്‍. കാരംസ് കളി, ചെസ്സ് കളി എന്നൊക്കെ മാറി ചീട്ടു കളിയാണത്രേ പ്രധാനം. 'മെമ്പര്‍' എന്നുള്ള വിളിക്ക് പകരം വയ്ക്കാന്‍ പച്ച മലയാളത്തിലെ തെറികള്‍......... കുറ്റം പറയരുതല്ലോ, സംഭാവന പിരിച്ച് ഒരു ചെറിയ ചായക്കട വായനശാലയുടെ അടുത്ത് ഉണ്ടാക്കി. അതിന്‍റെ വാടക വായനശാലയ്ക്ക് നടത്തിപ്പിന് ഉപകരിക്കും.

Tuesday, September 9, 2008

ആല്‍ത്തറ : ഓണാശംസകള്‍..!

പ്രിയ ആല്‍ത്തറക്കാരേ..

ഒന്നാം ഓണം കുത്തീം പാറ്റീം
രണ്ടാം ഓണം വെച്ചും തിന്നും
മൂന്നാം ഓണം മുക്കീം മൂളീം
നാലാം ഓണം നക്കീം തോര്‍ത്തീം
അഞ്ചാം ഓണം പഞ്ചാമൃതം!

അഞ്ചാം ഓണത്തോടെ കരുതിയിരുന്നതും കടം കൊണ്ടതുമൊക്കെ തീര്‍ന്ന്‌ പഴയ പഷ്ണിക്കഞ്ഞി പഞ്ചാമൃതം തന്നെ. ഇത്‌ ശ്രീമതി ഭവാനിയമ്മ അവര്‍ഹളുടെ വാക്കുകളായിരുന്നു. ങ്ഹേ കേട്ടിട്ടില്ലെന്നോ? യെന്‍റെ അമ്മാമ്മ ആയിരുന്നു ആ മഹതി. പാവം അമ്മാമ്മ ഇക്കൊല്ലം കര്‍ത്താവിങ്കല്‍ നിദ്രപ്രാപിച്ചകാരണം എനിക്കു ഓണം ഇല്ല :(

എല്ലാവര്‍ക്കും ഒരു ഒന്നൊന്നര ഓണം ആശംസിക്കുന്നു..

നിങ്ങള്‍ക്കായി എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഓണപ്പാട്ട്‌ :


കേള്‍ക്കുന്നില്ലേ? ഡൌണ്‍ലോഡൂ...

ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍‌പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരു‌വാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.

തിരുവോണപുലരി പൊന്നിന്‍പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോള്‍, കുളിച്ച് കുറിതൊട്ട്, ഓണപുടവയുടുത്ത്, മുറ്റത്തെ ചാണകം മെഴുകിയ കളത്തില്‍ ആവണിപലകയിട്ട് കത്തിച്ച നിലവിളക്കിന്റെ ഭദ്രദീപത്തിനുമുന്നില്‍ മുക്കുറ്റിയും, തുമ്പയും, ചെമ്പരത്തിയും വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയായി. പപ്പടത്തിന്റെയും, ഉപ്പേരിയുടേയും പരിമളം ഒഴുകിയെത്തുന്ന മാവിന്‍ ചുവട്ടില്‍, സ്വര്‍ണ്ണനൂലുകള്‍ ഇഴപിരിച്ച ഊഞ്ഞാലില്‍ ആടി കാണാകൊമ്പിലെ ഇലകടിച്ചെടുക്കാന്‍.പിന്നെ തൂശനിലതുമ്പില്‍ വിളമ്പിയ പച്ചടി, കിച്ചടി, അച്ചാറ്, അവിയല്‍ തോരന്‍, ഓലന്‍, തിയ്യല്. തുമ്പപ്പൂചോറില്‍ പരിപ്പൊഴിച്ച്, പപ്പടം പൊടിച്ച് നെയ്യും ചേര്‍ത്ത് വിഭവസമ്യദ്ധമായ സദ്യ. സാമ്പാറ്, പുളിശ്ശേരി, പച്ചമോര്, അവസാനം മധുരം കിനിയുന്ന പാല്‍പ്പായസം. ഊണുകഴിഞ്ഞ് വീണ്ടും ഊഞ്ഞാല്‍ ചുവട്ടിലേക്ക്. ആട്ടവും, പാട്ടും, കളികളുമായി വീണ്ടും ഒരു ഓണം. ഗ്രഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്നേഹത്തോടെ ഒരായിരം സ്നേഹാദരങ്ങളോടെ എല്ലവര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

ഞാന്‍ പൊടിയാടി സിറ്റിസണ്‍

ഞാന്‍ പൊടിയാടി സിറ്റിസണ്‍
നിങ്ങള്‍ പൊടിയാടിയെ പറ്റി കേട്ടിട്ടുണ്ടോ? എന്റെ ഗ്രാമം അത്ര പ്രസിദ്ധയല്ലായെന്നാണു ഞാന്‍ കരുതിയതു. അതു എങ്ങനാ, ആനയ്ക്ക്‌ അതിന്റെ വലുപ്പം അറിയത്തില്ലാ എന്നു പറയുമ്പോലെ ആണു ഇതും.

പൊടിയാടി എന്ന പേരു എങ്ങനെ വന്നു എന്നു എനിക്കറിയില്ല. എന്നാലും ഒരു പൊടിയാടിക്കാരനായി അറിയപ്പെടാന്‍ തന്നെയാണു ഈ മണ്ണും, പൊടിയും ആയ എന്റെ ആഗ്രഹവും.

പത്തനംതിട്ട ജില്ലയില്‍, തിരുവല്ലാ താലൂക്കില്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തില്‍ പെട്ടതാണു പൊടിയാടി എന്ന ഈ കൊച്ചു ഗ്രാമം. പൊടിയാടിയെ 4 പേരു അറിയുന്നതു പരുമല പള്ളി, എടത്വാ പള്ളി, ഇപ്പോള്‍ ചക്കുളത്ത്‌ കാവു മുതലായ ഭക്തി സങ്കേതങ്ങള്‍ ആയിരുന്നുവെന്നാണു ഞാന്‍ കരുതിയിരുന്നതു. കാരണം ഈ സ്ഥലത്തേക്ക്‌ പോകേണ്ടിയവര്‍ പൊടിയാടിയില്‍ കൂടി മാത്രമാണു പോകുന്നതു. ആ ചെറിയ അഹങ്കാരം പൊടിയാടിക്കാരില്‍ ഉണ്ടായിരുന്നു താനും. എന്നാല്‍ പൊടിയാടിയെ പൊടിയാടിയാക്കിയത്‌ മറ്റ്‌ പലതും ആയിരുന്നുവെന്നു ഓര്‍കുത്ത്‌ കമ്മ്യുണിറ്റികള്‍ കണ്ടപ്പോള്‍ മാത്രമാണു മനസ്സിലായതു. പൊടിയാടിക്കാരെ കണ്ടുപിടിക്കാന്‍ വേണ്ടി പൊടിയാടി സേര്‍ച്ചു ചെയ്തപ്പോള്‍ ഞെട്ടി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ? 'പൊടിയാടി ഷാപ്പ്‌' ആണു ഓര്‍കുത്തില്‍ മുഖ്യ ആകര്‍ഷണം. പൊടിയാടി ഷാപ്പിലെ കറികളുടെ രുചിയെ പറ്റി ഞാനും കേട്ടിട്ടുണ്ട്‌, പക്ഷേ ഒരു കമ്മ്യുണിറ്റി…. അതില്‍ 34 അംഗങ്ങള്‍….ഇതാണു എന്നെ ഞെട്ടിച്ചതു.
കേരള സംസ്ഥാനത്ത്‌ VAT തുടങ്ങുന്നതിനു എത്രയോ മുന്‍പു ഞങ്ങളുടെ അയല്‍ക്കാരനായ കുന്നച്ചേരില്‍ സരസ്സന്‍ VAT തുടങ്ങിയതാണു. പക്ഷെ സരസ്സന്‍ വാറ്റും, എക്സൈസ്കാര്‍ ഓടിക്കും, പിടിക്കും, ജയിലില്‍ ഇടും. പിന്നെയും വാറ്റും. ഈ അടുത്ത്‌ കാലത്തു സരസ്സനെ പോലീസുകാര്‍ പിടിച്ചപ്പോള്‍ സരസ്സന്‍ കൂള്‍ ആയി പറഞ്ഞത്രെ,'എന്നെ വിട്‌ സാറേ, ഇന്നലെയും ഞാന്‍ റ്റിവിയില്‍ കണ്ടതാ, വാറ്റ്‌, നമ്മള്‍ക്കും, നാടിനും എന്നു ധനകാര്യ മന്ത്രി പറയുന്നതു. ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാരാ, തൊപ്പി പോണ വഴി അറിയില്ല സാറേ' യെന്നു പറഞ്ഞിട്ടും പോലിസുകാര്‍ കൊണ്ടു പൊയി എന്നതു മറ്റൊരു സത്യം.

പണ്ടു ഒരിക്കല്‍ സരസ്സനെ ഓടിച്ചു പിടിച്ച ഒരു പോലീസുകാരന്‍ പറഞ്ഞു,എടാ_____________മോനെ, നീ ഈ ഒടുക്കത്തെ ഓട്ടം ആ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍, ഇന്‍ഡ്യക്ക്‌ ഒരു 10 സ്വര്‍ണ്ണം ഉറപ്പു എന്നു പറഞ്ഞതും, ഒളിമ്പിക്സിനു ഓടുമ്പോള്‍ നിങ്ങളും പുറകെ കാണുമെങ്കില്‍ ഞാന്‍ സ്വര്‍ണ്ണം വാങ്ങി തരാം എന്നു പറഞ്ഞപ്പോള്‍ ഒരു കൂട്ട ചിരി ഉയര്‍ന്നതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

സരസ്സനെ കാണാന്‍ എവിടുന്നെല്ലാം ആണു ആളു വരുന്നതു എന്നു ആര്‍ക്കും അറിയില്ല. പക്ഷെ സരസ്സനെ കണ്ട്‌ മടങ്ങുമ്പോള്‍, വന്നവര്‍ പഴുതാരയായും, പാമ്പായും, പുഷ്‌-പുള്ളായും ഒക്കെയായിരിക്കും യാത്ര എന്നു മാത്രം. ആയതിനാല്‍ രാത്രി സമയത്തു അവിടെയും ഇവിടെയും ഈ 'ഇഴജന്തുക്കള്‍' കാണുമെന്ന കാരണത്താല്‍ രാത്രി കാലങ്ങളില്‍ റ്റോര്‍ച്ചു അത്യാവശ്യ ഘടകം ആയിരുന്നു എന്നു മാത്രം.

ഇന്നു സരസ്സനു എതിരാളികള്‍ ഉണ്ടു. വാറ്റ്‌, നമ്മള്‍ക്കും, നാടിനും എന്ന ആപ്ത വാക്യം മുറുകെ പിടിച്ചിരിക്കുന്നവര്‍.. എല്ലാവരും നമ്മുടെ നാടിനു വേണ്ടി വാറ്റുന്നു.

എന്നാണാവോ, ഈ സരസ്സന്റെ പേരിലും ഒരു ഓര്‍കുത്ത്‌ കമ്മ്യുണിറ്റി ഉണ്ടാവുക.

പൊടിയാടിയെ പ്രസിദ്ധമാക്കിയ പൊടിയാടി ഷാപ്പേ…………, പണ്ടേ വാറ്റ്‌ നടപ്പാക്കിയ സരസ്സാ……….., നിങ്ങള്‍ക്കു ഈ ഉള്ളവന്റെ നമോവാഹം.

Saturday, September 6, 2008

ഒരു ഓണം കൂടി ....

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.--
ആ കാലം അഥവ അങ്ങനെയോരു കാലമുണ്ടായിരുന്നോ?
മഹാബലി എന്ന അസുര രാജാവിന്റെ ഐശ്വര്യപൂര്‍‌വ്വമായ ഭരണം കണ്ട്
അസുയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം മഹാവിഷ്ണു വാമനായി അവതരിച്ചു
മഹാബലിയേ ഭൂമിയില്‍ നിന്ന് തുരത്തി എന്ന് ഐതീഹം

ഓണത്തെപ്പറ്റി അനേകം കഥകള്‍ പറഞ്ഞു കേള്‍ക്കാം ,
ആണ്ടുപിറപ്പ്, വിളവെടുപ്പ് ,ജന്മിമാരും അടിയാന്മാരും
ഒത്തു ചേര്‍ന്ന് നടത്തിയ കാര്‍ഷികോല്‍സവം ഇവയെല്ലാം
ഇതൊക്കെ ഏതു കൊച്ചു കുട്ടിയ്ക്കും അറിയുന്നതല്ലെ?

അതെ ,

പിന്നെ എന്തിനാ ഇതൊക്കെ പറയുന്നെ?

ആവ്വോ..

പണ്ട് ഓണത്തിനു മുന്നെ വീട്ടില്‍ കച്ചവടക്കാരു വരും
ചട്ടി കലം മുറം വട്ടി കൂട അങ്ങനെ എല്ലാം,

അപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കും കിട്ടും കൊച്ചു കലം, കുടുക്കാ, പൂക്കൂട ഒക്കെ.
ആ കിട്ടുന്നാ പൂക്കൂടയും എടുത്താണ് പൂ നുള്ളാന്‍ പോകാറുള്ളത്‌
ആയിക്കോട്ടേ അതെന്താ ഇപ്പോ പറയാന്?

അതൊ ..അതു പിന്നെ കഴിഞ്ഞ ദിവസം പൂക്കളമിട്ടു അപ്പോള്‍
പണ്ടു പൂവ് നുള്ളാന്‍ പോയതും പൂക്കളമിട്ടതും ഒര്‍മ്മിച്ചു..

ഓഹൊ പൂക്കളമിട്ടോ? പൂനുള്ളാന് ?

എവിടെ? പൂക്കളം വേണം ..പൂവേണം

ഒറ്റയോട്ടം ​പൂവ് കടയില്‍ നിന്ന് പൂക്കളം മേശയില്‍ റെഡ്ഡി......
-- ആ പൂക്കളത്തില്‍ നൊക്കി നിന്നപ്പോള്‍ കാലം ഒത്തിരി പിറകോട്ടോടി
പണ്ട് കുട്ടിക്കാലത്ത് പുലര്‍‌ച്ചെ നേരം പര പരാ വെളുത്തിട്ടേയുണ്ടാവൂ ..
കിളികളുടെ ശബ്ദം മാങ്ങ വീണിട്ടുണ്ടാകുമോ എന്ന ആകാംഷ
കണ്ണു ചിമ്മി എഴുന്നേറ്റ് ഓടും ...

തണുത്ത സ്നേഹക്കാറ്റ് മുഖത്തേയ്ക്കടിക്കും..
കുതിച്ചോടുമ്പോള്‍ മണ്ണിന്‍റെ മണം അതൊരു പ്രത്യേക വാസനയണ്,
ഇലകള്‍ ഇളകുന്ന ശബ്ദം, തോടിന്റെ അരുകിലാ മാവ് അവിടെ എത്തിയാല്‍
മാഞ്ചോട്ടില്‍ വീണുകിടക്കുന്ന മാങ്ങയും ആയി തോട്ടില്‍ ഇറങ്ങും
മുട്ടറ്റം വെള്ളത്തില്‍ ഇറങ്ങി നില്‍ക്കും ചെറുമീനുകള്‍ വന്നു കാലില്‍ കൊത്തും
അനങ്ങാതെ നില്‍ക്കണം മീന്‍ വന്നു കാലില്‍ മുട്ടി വട്ടമിട്ട് നില്‍ക്കും ..

ചെറു ഓളങ്ങള്‍, തോട്ടിലെ വെള്ളത്തിനു ചെറുചൂടുണ്ട് ,
മാഞ്ചോട്ടില്‍ വീണത്രയും മാങ്ങാ വെള്ളത്തിലും കാണും അവയും എടുത്ത്
പെറ്റികോട്ടില്‍‌ ശേഖരിച്ച് പതിയെ നീങ്ങും ...


തിന്നുന്നതിനേക്കാള്‍ അദ്യം പോയി മാങ്ങ കൈവശപ്പെടുത്തുന്നതിലാണു ഊറ്റം കൊണ്ടിരുന്നത്....
മാമ്പഴക്കലം കഴിയും പിന്നെ മഴ ..


പലപ്പൊഴും രാവിലെ എണിയ്ക്കാന്‍ മടിയണ് മിക്കപ്പോഴും വെളുപ്പാന്‍‌കാലത്ത് മഴകാണും അപ്പോള്‍ പുതച്ചു മൂടി ചുരുണ്ടു കിടക്കാന്‍ ബഹുരസമാണ്, പക്ഷേ കിടക്കാന്‍ പറ്റില്ലല്ലൊ മഴക്കാലമായാല്‍ സ്ക്കൂള്‍ തുറക്കുകയായി ..


വിളിച്ചൂണര്‍ത്തുമ്പോള്‍ ഉറക്കച്ചടവോടെ വന്ന് വാതില്‍ക്കല്‍ നില്‍ക്കും ....
അപ്പോള്‍ കാണാം പുരയോട് ചേര്‍ന്ന് കോഴിയും കുഞ്ഞുങ്ങളും മഴയിലേക്ക് നോക്കി ഇരിക്കുന്നതു,
കോഴികുഞ്ഞുങ്ങള്‍ തള്ളകോഴിയുടെ പുറത്തും ചിറകിനടിയിലും ആയിരുന്ന് മഴയെ ഉറ്റൂനോക്കുന്നത്


ഓടില്‍ നിന്ന് വന്ന് വീഴുന്ന മഴതുള്ളികളെ നോക്കി അവയെ കൈനീട്ടി തൊട്ടുനില്‍ക്കുമ്പോഴാവും
അമ്മയുടെ വിളി പിന്നെ നില്‍ക്കാന്‍ പറ്റില്ലാ ആ മഴയത്ത് ..... മഴയില്ലാ‍ത്തപ്പോള്‍ സ്കൂള്‍ വച്ചാല്‍ പോരെ?
മഴക്കാലം തീരുന്നത് പെട്ടന്നാഎന്ന് തോന്നിയിരുന്നു....പിന്നെ കൊയ്ത്തും മെതിയും ആയി ..
ഓണത്തിന്റെ വരവ്

അപ്പോഴും വെളുപ്പാന്‍ കാലത്തെ ഉണര്‍ന്ന് എണിറ്റ് ഓടാന്‍ കാരണമായി ഇക്കുറി പൂനുള്ളാനാ ഓട്ടം.
അയലത്തുകാരെയും കൂട്ടി തുമ്പപ്പൂ, അരളി, മുക്കുറ്റി, പിച്ചി, തെച്ചി ,ചെമ്പരുത്തി, തുടങ്ങി കിട്ടുന്ന അത്രയും പൂവും ആയി വരും കൂട്ടുകാരും കാണും പൂ ഇറുക്കാനും പൂക്കളം തീര്‍ക്കാനും....പിന്നെ കളിയായി അതു സ്വാമിയപ്പൂപ്പന്റെ പറമ്പിലാണു..
സ്വാമിയപ്പൂപ്പനെ കാണുന്നകാലത്തു അപ്പുപ്പനു നല്ല പ്രായമുണ്ട്, പഞ്ഞി പോലത്ത മുടിയും,
മെലിഞ്ഞു വളഞ്ഞ ശരീരവും, ഒരു വലിയ വടിയും, എന്നും കാലത്ത ആ കോവിലിനു മുന്നില്‍ വന്ന് തൊഴുതു പോകും. കോവിലിന് എതിര്‍ വശത്തുള്ള വലിയപറമ്പ് സ്വാമിയപ്പൂപ്പന്റെയാണ്.
നിറയെ മാവുകള്‍ ഉള്ളിലേയ്ക്ക് കയറിയിട്ടാണു വീട്, വേലുമൂപ്പനാ പറമ്പ് നോക്കുന്നത്, ആദ്യകാലത്ത് വേലിയുണ്ടായിരുന്നു ...

ഓണം അടുക്കുമ്പോ‍ള്‍ സന്നദ്ധഭടന്മാരിറങ്ങുകയായി കാടും പടലും എല്ലാം ചെത്തി വെടിപ്പാക്കും ..
സ്വാമിയപ്പൂപ്പനു വലിയ ഉത്സാഹമാ ഓണക്കാലം. കുട്ടികളൊട് വന്നു ഒത്തിരി കുശലം ഒക്കെ പറയും
പകലും നല്ലാ രാവാവുന്നവരെയും പിന്നെ കളിയാണ് അവിടെ ഒരു വലിയ മരമുണ്ട് അതില്‍ ഊഞ്ഞാല്‍, ഉലക്കകെട്ടിയ ഊഞ്ഞാല്‍...


മൂന്ന്പേര്‍ വരെ ഒന്നിച്ചിരിക്കും ഇരുന്നിട്ട് ഏണീറ്റ് ഉലക്കയില്‍ നിന്ന് ആടും ഓണം അവധിയാകും മുന്നെ സജ്ജികരണം എല്ലാം റെഡി. ഉച്ചഊണു കഴിയുമ്പോള്‍ മുതല്‍ പുലികളിക്ക് വട്ടം കൂട്ടായി ആദ്യ ദിവസങ്ങളില്‍ മാഞ്ചോട്ടില്‍ തന്നാണ്‌ പുലികളി ഉണങ്ങിയ വാഴയിലയും കച്ചിയും ഒക്കെ വച്ചുകെട്ടി..പാട്ടകൊണ്ടുള്ള ചെണ്ടയും പാട്ടും ..

ഓണക്കോടിയും ഊണും ഒന്നും അത്രാ ഗൌരവം ഇല്ലായിരുന്നു
എന്നാലും ഓണത്തിന്റെ ഓര്‍മ്മയില്‍ അതും ഉണ്ട്.
പൂക്കളം തീര്‍ക്കുന്നത് എന്നും ഓര്‍‌മയില്‍ തങ്ങി നിന്നു..

ഒടുവില്‍ ആ പൂക്കളത്തിന്റെ ഓര്‍മ്മയില്‍, കളറിട്ട തേങ്ങാ പീരയും ഉപ്പും വരെ വച്ചു പൂക്കളവും തീര്‍ത്തു...

പൂവായപൂവെല്ലാം പിള്ളാരറുത്തു
പൂവാംകുരുന്നില ഞാനുമറുത്തു
പിള്ളാരുടെപൂവെല്ലാം കത്തിക്കരിഞ്ഞേ
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞേ!
പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ


ഇന്ന് നാട്ടിലെങ്ങനെയാണോ എന്തോ ഓണം ?
നാട്ടില്‍ പോയ സുഹൃത്ത് ഓണത്തിന് മുന്നെത്തിരികെ വന്നു
നാട്ടിലെ ഓണം റ്റീവിയില്‍ ഒതുങ്ങുന്നു എന്ന് പറഞ്ഞവന്റെ കണ്ഠമിടറിയിരുന്നു..


ഏതായാലും 350 നുമേല്‍ പേര്‍ക്കുള്ള സദ്യാ ചേര്‍‌ന്നൊരുക്കി സദ്യയുണ്ട്

മാവേലിയും
കൈകൊട്ടിക്കളിയും
വള്ളംകളിയും
പുലികളിയൂംഒക്കെയായി മറുനാട്ടില്‍ ഒരു ഓണം കൂടി ആഘോഷിച്ചു ഗൃഹാതുരത്വത്തോടെ!!

പൂവായപൂവെല്ലാം പിള്ളാരറുത്തു
പൂവാംകുരുന്നില ഞാനുമറുത്തു
പിള്ളാരുടെപൂവെല്ലാം കത്തിക്കരിഞ്ഞേ
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞേ!
പൂവേ പൊലി, പൂവേ പൊലി
പൂവേ പൊലി പൂവേ