Wednesday, September 10, 2008

ഒരു പൊടിയാടി ഓണം

ഓണത്തെക്കുറിച്ച് നല്ലതും ചീത്തയുമായ പല ഓര്‍മ്മകളും ഉണ്ടെങ്കിലും ഏറ്റവും രസകരമായ ഓര്‍മ്മ ഇരുപതിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊടിയാടിയില്‍ ആഘോഷിച്ച ഓണം ആണ്. 1983- 88 കാലഘട്ടത്തില്‍ പൊടിയാടി ദേശീയ വായനശാലയിലെ സജീവ 'മെമ്പര്‍' ആയിരുന്നതിനാല്‍ അവിടുത്തെ ഓണാഘോഷങ്ങളിലെല്ലാം പങ്കു കൊള്ളാന്‍ സാധിച്ചിട്ടുണ്ട്. അവിടുത്തെ ചെറുപ്പക്കാരായ അംഗങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നത് 'മെമ്പര്‍' എന്നാണ്.

പലപ്പോഴും ഓണം പൂക്കള മത്സരം, ഒരു ഫിലിം ഷോ എന്നിവയില്‍ ഒതുങ്ങിയിരുന്നു. 1987-ല്‍ ഓണാഘോഷം എന്ത് കൊണ്ടോ വളരെ ഗംഭീരം ആക്കാന്‍ മെമ്പര്‍മാര്‍ എല്ലാരും ഒറ്റക്കെട്ടായ്‌ തീരുമാനിച്ചു. അന്നാട്ടിലെ ചെറുപ്പക്കാരെ എല്ലാം ഉള്‍പ്പെടുത്തി വളരെ അധികം മല്‍സരങ്ങള്‍ നടത്താനും, ട്രോഫികള്‍ നല്‍കാനും ഒക്കെയായ് സ്പോണ്‍സര്‍ഷിപ്പുകള്‍ സംഘടിപ്പിക്കുവാനും കമ്മറ്റിക്കാരും മറ്റു മെമ്പര്‍മാരും ഉത്സാഹിച്ചു. പിരിവു കെങ്കേമമായ് നടന്നു. മത്സരങ്ങളും ആവേശോജ്വലമായ് നടത്തി. മെമ്പര്‍ മനോജ് സെക്രട്ടറിയും മെമ്പര്‍ സോമന്‍പിള്ള പ്രസിഡന്റും ആയ കമ്മറ്റി ആണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചത്.

മാരത്തോണ്‍, സൈക്കിള്‍ റെയ്സ്, കബഡി, ഷട്ടില്‍ ബാറ്റ്മിന്ടണ്‍, വോളിബോള്‍ തുടങ്ങി ചെസ്സ് കളി, കാരംസ് കളി എന്നുവേണ്ട പുരുഷന്മാര്‍ക്കായി ശരീര സൌന്ദര്യ മത്സരം വരെ മത്സര ഇനങ്ങള്‍ ആയിരുന്നു. കൂട്ടത്തില്‍ ഒന്നു കൂടെ പറയട്ടെ, സ്ത്രീകള്‍ക്കായ് യാതൊരു മത്സരവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ആ പ്രദേശത്തെങ്ങും ഒരു സ്ത്രീയും എത്തി നോക്കുക പോലും ഉണ്ടായില്ല. സ്ത്രീകളുടെ അസാന്നിധ്യം കൊണ്ടാകണം പൊടിയാടിയിലെ സ്ത്രീകളുടെ പ്രധാന ദേശീയ മത്സര ഇനങ്ങളായ സൂചിയില്‍ നൂല്‍ കോര്‍ത്ത്‌ കൊണ്ടുള്ള ഓട്ടം, നാരങ്ങ സ്പൂണില്‍ വച്ചുള്ള ഓട്ടം എന്നിവ ഒന്നും തന്നെ മത്സര ഇനങ്ങളില്‍ പെടുത്തിയില്ല.

ഇന്‍ഡോര്‍ മത്സരങ്ങളായ പൂക്കളം (പുരുഷന്‍മാര്‍ മാത്രം പങ്കെടുത്തു) കാരംസ്, തായം കളി, ചെസ്സ് എന്നിവ പൊടിയാടി എല്‍ പി സ്കൂളിനകത്തും, ഔട്ട് ഡോര്‍ മത്സര ഇനങ്ങളായ വോളിബോള്‍, കബടി എന്നിവ മംഗളോദയം യു പി സ്കൂളിനു മുന്‍വശത്തും, ഷട്ടില്‍ ബാറ്റ്മിന്ടണ്‍ പഴയ പഞ്ചായത്ത് ഓഫീസിനു മുന്‍പിലും, സൈക്കിള്‍ റെയ്സ്, മിനി മാരത്തണ്‍ എന്നിവ വിശാലമായ പൊടിയാടി-മാന്നാര്‍ മാവേലിക്കര റോഡിലും നടത്തി.

വര്‍ഷാ വര്‍ഷം രണ്ടു തവണയെങ്കിലും എത്തിനോക്കുന്ന വെള്ളപ്പൊക്കം മൂലം പൊടിയാടിയിലെ കുട്ടികള്‍ മുതല്‍ ചെറുപ്പക്കാര്‍ വരെ എല്ലാവരുടെയും ഇഷ്ടവിനോദങ്ങളയിരുന്നു സ്വിമ്മിംഗ് & ഡൈവിങ്. മണിമലയാറിന്‍റെ കൈവഴിയായ പൊടിയാടി തോട് വെള്ളം വറ്റി വരണ്ടതിനാല്‍ സ്വിമ്മിങ്ങും, പൊടിയാടി പാലത്തില്‍ നിന്നും താഴേയ്ക്ക് ഡൈവ് ചെയ്‌താല്‍ ചെറുപ്പക്കാര്‍ മൂക്കില്‍ ചെളി കയറി അകാല ചരമം പ്രാപിച്ചാലോ എന്നുള്ള ഭയത്തിനാല്‍ ഡൈവിങ്ങും അവസാന നിമിഷം വേണ്ടെന്നു വച്ചു. ഡൈവിങ് വിദഗ്ദ്ധരില്‍ ചിലര്‍ ലോങ്ങ് ജമ്പ്, ഹൈ ജമ്പ് ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ താത്പര്യം കാണിച്ചു. ശാസ്താംകാവ് അമ്പലത്തിനു തൊട്ടു മുന്‍വശത്തുള്ള കുഴിയില്‍ കളികളെല്ലാം വിലക്കിയതിനാല്‍ ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങളും ഉണ്ടായില്ല.

അങ്ങിനെ ആദ്യ ദിവസങ്ങളില്‍ എല്ലാത്തിന്‍റെയും ആദ്യപാദ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പൊടിയാടി ദേശീയ വായനശാല & യൂത്ത് ക്ലബ്ബ്, മണിപ്പുഴ യൂത്ത് ക്ലബ്ബ് എന്നിവ തമ്മിലാണ് പ്രധാന മത്സരം. അന്‍പതോളം ഇനങ്ങളില്‍ വാശിയേറിയ മത്സരം നടക്കുകയാണ്. പൊടിയാടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മാത്രം ഉള്ള മണിപ്പുഴയില്‍ ആരോഗ്യവാന്‍മാരും ഉത്സാഹചിത്തരുമായ അനേകം ചെറുപ്പക്കാര്‍ ഉള്ളത് ദേശീയ വായനശാലയിലെ മെമ്പര്‍മാര്‍ കുറച്ചെങ്കിലും പേടിയോടെ കണ്ടു.സ്വര്‍ണം, വെള്ളി വെങ്കലം എന്നിവ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5, 3, 1 പോയിന്റുകള്‍. ഇങ്ങനെ സംഘടനയ്ക്ക് കിട്ടുന്ന പോയിന്റുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കിട്ടുന്ന സംഘടന എവര്‍ റോളിങ് ട്രോഫി കൈക്കലാക്കും. മത്സരങ്ങള്‍ നിറഞ്ഞ ഓരോ ദിവസം കഴിയുമ്പോഴും ആര് എവര്‍ റോളിങ് ട്രോഫി കൊണ്ടുപോകും എന്നതില്‍ എല്ലാ പൊടിയാടി മെമ്പര്‍മാര്‍ക്കും ആകാംഷ!

ശക്തന്‍മാരായ മണി, രാമചന്ദ്രന്‍ എന്നീ ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് മണിപ്പുഴ പിടിച്ചു കയറുന്നത്. അവരില്ലാത്ത ഒരു ഐറ്റവും ഇല്ല. പൊടിയാടി ആകട്ടെ 'ബുദ്ധി' ഉപയോഗിച്ചുള്ള കളികളില്‍ വിദഗ്ദ്ധര്‍. അതിന് മുന്‍പില്‍ മെമ്പര്‍ മനോജും മെമ്പര്‍ സോമന്‍ പിള്ളയും തന്നെ. ഷാജി, ബേബിച്ചന്‍, അജി........അങ്ങനെ അങ്ങനെ പലരും പൊടിയാടിക്ക്‌ വേണ്ടി അക്ഷീണം പരിശ്രമിക്കുന്നു. മിനി മാരത്തണും മാവേലിക്കര മുതല്‍ പൊടിയാടി വരെയുള്ള പത്തുകിലോമീറ്റര്‍ സൈക്കിള്‍ റെയ്സും എല്ലാം മണി പുഷ്പം പോലെ ഒന്നാമനായ് ജയിച്ചു കയറി!

അങ്ങിനെയിരിക്കെ പൊടിയാടിക്കാര്‍ പോയിന്റുകള്‍ അടിച്ചു മാറ്റാന്‍ കൂലംകഷമായ് ചിന്തിച്ചു പ്രതിവിധി കണ്ടെത്തി. അയല്‍ഗ്രാമങ്ങളില്‍ നിന്നും മറ്റും സംഘടനാബലം ഇല്ലാതെ വരുന്ന നല്ല കളിക്കാരെ കണ്ടെത്തി പൊടിയാടിക്കാര്‍ ആയി പേരു ചേര്‍ക്കുക. അവര്‍ക്ക് രജിസ്ട്രേഷന്‍ ഫ്രീ!

അങ്ങിനെ ശരീരസൌന്ദര്യ മത്സരങ്ങള്‍ക്ക് പൊടിയാടിക്ക്‌ വേണ്ടി ആള് കൂട്ടാന്‍ ഈയുള്ളവനെ നിയോഗിച്ചു. അതിന് കാരണം മറ്റൊന്നുമല്ല. ആയിടെ മിസ്റ്റര്‍ കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച മാന്നാറിലുള്ള ആശാന്‍റെ അടുത്ത് (അന്നൊക്കെ ജിമ്മിലെ മാഷിനെ ആശാന്‍ എന്നാണ് വിളിച്ചിരുന്നത്) ഈയുള്ളവനും 'ജിമ്മാന്‍' പോയിരുന്നു. ഒരു തോര്‍ത്തുമായ് മൂന്ന് മണിക്ക് ക്ലാസ് കഴിഞ്ഞാല്‍ കോളേജില്‍ നിന്നും നേരെ ജിമ്മിലേയ്ക്ക്. അവിടെ ഇരുന്നും നിന്നും കമ്പിയില്‍ തൂങ്ങിയും കുറെ അഭ്യാസങ്ങള്‍ കാണിച്ചിരുന്നതിനാലും ആശാന്‍ തന്‍റെ ശരീര സൌന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയയിരുന്നു എന്നതിനാലും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അഞ്ഞൂറ്, ഇരുനൂറ്റന്‍പത്, നൂറു രൂപ എന്ന നിരക്കില്‍ സമ്മാനം ലഭിക്കും എന്നതിനാലും ആശാനും രണ്ട് കട്ട മസിലുള്ള ശിഷ്യന്‍മാരും പൊടിയാടി ദേശീയ വായനശാലയുടെ പേരില്‍ മത്സരത്തില്‍ പങ്കെടുത്തു. സ്വാഭാവികമായും മൂന്ന് സ്ഥാനങ്ങളും അവര്‍ക്ക് തന്നെ ലഭിച്ചു. സത്യം പറഞ്ഞാല്‍ ഇതൊക്കെ ജഡ്ജ് ചെയ്യാന്‍ ആരായിരുന്നു അക്കാലത്ത് പൊടിയാടിയില്‍ ഉണ്ടായിരുന്നത് എന്ന് പിന്നീട് പലപ്പോഴും ചിന്തിച്ചു ചിരിക്കാറുണ്ട്.

അതിനൊക്കെ മുന്‍പ്തന്നെ ഷാപ്പില്‍ നിന്നും അല്ലാതെയും വെള്ളമടിച്ച് ('പൊടി' അടിച്ച്) കോണ്‍തെറ്റി പൊടിയാടിയില്‍ പലരും വിവസ്ത്രരായ് നടന്ന് ശരീര സൌന്ദര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അന്നാദ്യമായ്‌ പൊടിയാടിയില്‍ ഒരു ശരീര സൌന്ദര്യ മത്സരം മത്സരമായ് നടത്തി! കാഫ് മസിലും തൈ മസിലും ഷോള്‍ഡര്‍ മസിലും വിങ്സും എല്ലാം കണ്ട് പൊടിയാടിക്കാര്‍ അന്തം വിട്ടു നിന്നപ്പോള്‍ ഇതിലെന്തോ ചതിയുണ്ടെന്ന് മണിപ്പുഴക്കാര്‍ക്കും മനസ്സിലായ്. ഇന്നു വരെ ഇത്ര മസിലുള്ള പൊടിയാടിക്കാരെ ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള മണിപ്പുഴക്കാര്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നെ ബഹളമായ്, ഉന്തും തള്ളുമായ്, അടിയായി എന്തൊക്കെയോ, എന്തിരൊക്കെയോ നടന്നു. ഇതിനിടെ സമ്മാനം നേടിയവര്‍ പൈസയും ട്രോഫിയും കൈക്കലാക്കി സ്ഥലം കാലിയാക്കി.

പിന്നീട് കുറച്ചു നാള്‍ ജിമ്മില്‍ പോകാതെ തിരിച്ചു ജിമ്മില്‍ ചെന്നപ്പോള്‍ ആശാന്‍റെ വക നിഷ്കളങ്കമായ ചോദ്യം- നിങ്ങളെന്തിനാ എന്നെ പൊടിയാടി ടീമില്‍ ചേര്‍ത്തത്? അടി കിട്ടാതെ രക്ഷപെട്ടു പോരുന്നത് തന്നെ ഭാഗ്യം!

അവസാന വാക്ക് ജൂറിയുടേത് ആണ് എന്നതിനാല്‍ പോയിന്റ് എല്ലാം പൊടിയാടിക്ക്‌ കിട്ടിയെങ്കിലും പിന്നീടുള്ള മിക്കവാറും എല്ലാ മല്‍സരങ്ങളും ജയിച്ച്‌ മണിപ്പുഴ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. മണിപ്പുഴയുടെ വിജിലന്‍സ് വിഭാഗം ആഞ്ഞു പരിശ്രമിച്ചതിനാല്‍ വെളിയില്‍ നിന്നു വേറെ ആരേം പൊടിയാടിക്ക്‌ വേണ്ടി മത്സരിപ്പിക്കാന്‍ പറ്റിയില്ല. അങ്ങിനെ രണ്ടോ മൂന്നോ പോയന്റുകള്‍ക്ക് പിറകിലായ്‌ പൊടിയാടി രണ്ടാം സ്ഥാനത്തായി.

പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓണമത്സരങ്ങള്‍ നടക്കാഞ്ഞതിനാല്‍ എവര്‍റോളിംഗ് ട്രോഫി ഒരിക്കലും റോള്‍ ചെയ്തില്ല! അന്ന് കാരംസ് മത്സരങ്ങള്‍ക്ക് ലഭിച്ച വെള്ളി മെഡല്‍ വര്‍ഷങ്ങളോളം എന്‍റെ കുടിലില്‍ ഒരു ആണിയില്‍ തൂക്കിയിട്ടിരുന്നു. അതായിരുന്നു ജീവിതത്തില്‍ ഇതുവരെ ഒരു സ്പോര്‍ട്സ്/ഗെയ്മില്‍ ലഭിച്ച ആകെ സമ്മാനം!
*******

അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നാട്ടിലെ ചില അക്ഷര സ്നേഹികളുടെ പ്രയത്നവും ചില സന്‍മനസ്കരുടെ സഹായവും മൂലം പടുത്തുയര്‍ത്തിയ വായനശാലയില്‍ മലയാള സാഹിത്യത്തിലെ വളരെ നല്ല ഒട്ടു മിക്ക കൃതികളും ഉണ്ടായിരുന്നു. അക്കാലത്ത് തുച്ഛമായ വാര്‍ഷിക വരിസംഖ്യ അടച്ച് അതൊക്കെ വായിക്കാന്‍ വായനശാല ഉള്ളതിനാല്‍ കഴിഞ്ഞിരുന്നു. പല മലയാള പത്രങ്ങളും പലരും വായിച്ചിരുന്നത് വായനശാലയില്‍ നിന്നായിരുന്നു. ബ്ലാക്ക് & വൈറ്റ് ടിവിയില്‍ ദൂരദര്‍ശനില്‍ നിന്നുള്ള വാര്‍ത്ത കേട്ടതും, പിന്നീടു കളര്‍ ടിവിയില്‍ ലോക കപ്പ് ഫുട്ബാള്‍ കണ്ടതും ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടതും എല്ലാം വായനശാലയില്‍ നിന്നായിരുന്നു.

കുറച്ചു നാള്‍ ലൈബ്രേറിയന്‍ ആയി സന്നദ്ധ സേവനവും ചെയ്തപ്പോള്‍ വായനശാലയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുറച്ച് അവബോധവും ഉണ്ടായി. തടി അലമാരയില്‍ അടുക്കി വച്ച മലയാള കൃതികള്‍ പലപ്പോഴും ചിതലരിച്ചിരുന്നത് ഡി ഡി റ്റി അടിച്ചു വൃത്തിയാക്കുക, പുതിയ കൃതികള്‍ സെലെക്റ്റ് ചെയ്യുക, രെജിസ്ടര്‍ കണക്കുകള്‍ സൂക്ഷിക്കുകയും വര്‍ഷാവര്‍ഷം സര്‍ക്കാര്‍ ഗ്രാന്റിന് അപേക്ഷിക്കുക എന്നിവയെല്ലാം ലൈബ്രേറിയന്‍ ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ വായനശാലയില്‍ പഴയ പരിചയക്കാര്‍ ആരും ഇല്ല. വല്ലപ്പോഴും എത്തുന്ന ചില കുട്ടികള്‍. കാരംസ് കളി, ചെസ്സ് കളി എന്നൊക്കെ മാറി ചീട്ടു കളിയാണത്രേ പ്രധാനം. 'മെമ്പര്‍' എന്നുള്ള വിളിക്ക് പകരം വയ്ക്കാന്‍ പച്ച മലയാളത്തിലെ തെറികള്‍......... കുറ്റം പറയരുതല്ലോ, സംഭാവന പിരിച്ച് ഒരു ചെറിയ ചായക്കട വായനശാലയുടെ അടുത്ത് ഉണ്ടാക്കി. അതിന്‍റെ വാടക വായനശാലയ്ക്ക് നടത്തിപ്പിന് ഉപകരിക്കും.

14 comments:

ശ്രീ said...

പൊടിയാടിയിലെ ഓണക്കാല ഓര്‍മ്മകള്‍ നന്നായിരുന്നു, മാഷേ

ഓണാശംസകള്‍!

തണല്‍ said...

ഓണക്കളി..
ഓണത്തല്ല്....
ഓണാശംസകള്‍!!

ശ്രീവല്ലഭന്‍. said...

ഓണാശംസകള്‍!

നിരക്ഷരൻ said...

വല്ലഭന്‍ ജീ പൊടിയാടിയില്‍ ഓണം പൊടിപൊടിക്കുകയാണല്ലേ ?

എല്ലാവര്‍ക്കും ഓണാശംസകള്‍..

നിലാവ് said...

നാട്ടിന്‍പുറത്തെ ഓണകാഴ്ചകള്‍ നേരില്‍ കണ്ടപോലെ ...

ഓണാശംസകള്‍

സാജന്‍| SAJAN said...

നന്നായിരിക്കുന്നു വല്ലഭന്‍‌ജി, പൊടിയാടിയിലെ ഓണാഘോഷങ്ങള്‍!
വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ചെറിയ വിശദാംശങ്ങള്‍ പോലും ഭംഗിയായി എഴുതിയിരിക്കുന്നു, കാരംസാണ് ഇഷ്ട വിനോദം ഇല്ലേ?
മനോഹരമായ ഓണാശംസകള്‍!

ഗീത said...

പൊടിയാടി ഓണസ്മരണകള്‍ പൊടിപൊടിച്ചിട്ടുണ്ട്. എനിക്കുമാ നാട്ടിന്‍പുറത്തെ ഓണം ഓര്‍മ്മവരുന്നു. അവിടെ പന്തുകളിയും ഉറിയടിയുമാണ് പ്രധാന കളികള്‍...
ആണുങ്ങള്‍ക്കു മാത്രമാണ് കളികളെല്ലാം. കണ്ടു രസിക്കാന്‍ ഞങ്ങള്‍ കുട്ടികളും സ്ത്രീകളും...
ഹോ എന്തു രസമായിരുന്നു. അതൊക്കെ കാണുന്നതും ഒരു ഹരം തന്നെ ആയിരുന്നു.

മാണിക്യം said...

ശ്രീ വല്ലഭാ
താങ്കള്‍ ഒരു പൊടി‘ആടി’
ആണന്ന് ഞാനറിഞ്ഞില്ലാ ..
അടിച്ചു പൊടി പാറിച്ച പോസ്റ്റിനു നന്ദി ...

“പൊന്നോണാശംസകള്‍"


എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.....

ജിജ സുബ്രഹ്മണ്യൻ said...

പൊടിയാടിയിലെ ഓണസ്മരണകള്‍ കലക്കി..എന്നാലും സ്ത്രീകള്‍ക്കു വേണ്ടി സൂചിയില്‍ നൂലു കോര്‍ക്കല്‍,നാരങ്ങാ ഓട്ടം.ചാക്കില്‍ ചാട്ടം,തവള ചാട്ടം തുടങ്ങിയ മത്സരങ്ങള്‍ ഇല്ലാതിരുന്നതില്‍ പ്രതിഷേധിക്കുന്നു !

ഓണാശംസകള്‍

ഭൂമിപുത്രി said...

പൊടിയാടിയിലേയ്ക്ക് മനസ്സുകൊണ്ടൊരു യാത്ര നടത്തി ജനീവയിൽ ഓണംക്കാലം വരുത്തുന്ന
ശ്രീവല്ലഭാ,അവിടെ അടുത്തെങ്ങൊ അല്ലേ ‘ബിഗ് ബാങ്ങ്’പുനസൃഷ്ടിച്ച് പൊടിയടിയ്ക്കുന്നത്?
അതിന്റെ ബഹളം വല്ലതും കേട്ടോ?

Gopan | ഗോപന്‍ said...

ആനന്ദ്.
ഓര്‍മ്മകള്‍ നല്ല രസമായി തന്നെ എഴുതി ചേര്‍ത്തിരിക്കുന്നു.ഈ പോസ്റ്റില്‍ മസിലുകളുടെ ഒരു പ്രളയം തന്നെ.. :)പൊടിയാടിക്കാര്‍ അപ്പോ ചില്ലറക്കാരല്ല ല്ലേ ... :) ഓണാശംസകള്‍..!

Unknown said...

വല്ലഭന്ജി നമസ്കാരം ,

പൊടിയാടിയിലെ ഓണം ഒത്തിരി ഇഷ്ട്ടമായി ..... താങ്കള്‍ അതില്‍ പറയുന്ന മെമ്പര്‍ മനോജ്‌ ആണ് ഞാന്‍.....ഇതു വായിച്ചപ്പോള്‍ 25 വര്ഷം പുറകിലേക്ക് മനസ് പോയി .... ഇന്ന്‍ പൊടിയാടി ആകെ മാറിയിരിക്കുന്നു .... അറിയുന്ന muhangal വളരെ കുറവാണു.... പഴയപോലെ റിംഗ്ലിരുന്നു ലോകകാരിയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന അവസരവുമില്ല ... എന്തായാലും എന്നെ ഒര്മിച്ചതിനും ഒര്മിപ്പിച്ചതിനും നന്ദി ... സ്നേഹപൂര്‍വ്വം മെമ്പര്‍ മനോജ്‌

ശ്രീവല്ലഭന്‍. said...

മനോജ്‌, ഈ കമന്റ് ഇന്ന് നമ്മള്‍ സംസാരിച്ചതിന് ശേഷം ആണ് കണ്ടത്. കുറെ നാള്‍ ആയി എന്തെങ്കിലും ഒക്കെ എഴുതിയിട്ട്. ഇതിലെ കഥാപാത്രം നിങ്ങള്‍ തന്നെയാണ് :-). വര്‍ഷങ്ങള്‍ക്കു ശേഷം സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.........

എന്റെ ചില ബ്ലോഗുകള്‍ ഇവയാണ്:
http://kuruppintepusthakam.blogspot.ch/
http://kaazchappaatu.blogspot.ch/

ശ്രീവല്ലഭന്‍. said...
This comment has been removed by the author.