Wednesday, September 10, 2008

മിണ്ടാപ്രാണികളുടെ ഓണം

ബൂലോകം മുഴുവന്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഒരു ഓണപ്പട്ടിണി കിടന്ന കാര്യമാണ് ഓണാഘോഷത്തെപ്പറ്റി പറയുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത്. പിന്നെ എല്ലാവര്‍ക്കുമുള്ളതുപോലുള്ള ഓണത്തെപ്പറ്റിയുള്ള ബാല്യകാലത്തേയും കഴിഞ്ഞുപോയ നല്ല കാലത്തേയും സ്മരണകള്‍. പ്രവാസജീവിതം തുടങ്ങിയതിന് ശേഷം ഇതൊക്കെത്തന്നെ ഓണവും ഓണാഘോഷവും.

ചെറുപ്പകാലത്ത്‍, വീട്ടില്‍ ഓണത്തിന് സ്ഥിരമായി കണ്ടിരുന്ന ഒരു കാഴ്‌ച്ചയുണ്ടായിരുന്നു. ഈ കാഴ്ച്ച, ഓണം വിഷു തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ കാണാറുമുണ്ടായിരുന്നു.

ഞങ്ങള്‍ കുട്ടികളൊക്കെ ഉണരുന്നതിന് മുന്നേ അച്ഛന്‍ എഴുന്നേറ്റ് കുളിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും. ഞങ്ങള്‍ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ഓണക്കോടിയെല്ലാമുടുത്ത് ഉമ്മറത്ത് പ്രത്യക്ഷപ്പെടുമ്പോളായിരിക്കും ആ കാഴ്ച്ച.

രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് നിന്നിരുന്ന അച്ഛനതാ തൊടിയിലെ തെങ്ങിന്റെ ചുവട്ടില്‍, വീട്ടിലെ പശൂനേം ആടിനേം അതിന്റെ കുട്ടികളേമെല്ലാം വെള്ളമൊഴിച്ച് തേച്ചുരച്ച് ചാണകമൊക്കെ കഴുകിക്കളഞ്ഞ് വെളുപ്പിച്ചെടുക്കുന്നു.

പശൂന്റെ ചാണകവാല് വെച്ചുള്ള അടിയൊക്കെ കിട്ടി അഴുക്ക് പിടിച്ച് അച്ഛനങ്ങനെ നില്‍ക്കുന്നത് കാണുമ്പോള്‍.........

" ഈ അച്ഛന് വേറേ പണിയൊന്നുമില്ലേ? നല്ലൊരു ദിവസമായിട്ട് ഇന്നേ അച്ഛന് ഇവറ്റകളെ കുളിപ്പിച്ചെടുക്കാന്‍ കണ്ടുള്ളൂ " ...........എന്നാണ് എനിക്ക് തോന്നാറുള്ളത്. പലപ്പോഴും ഞാനത് നേരിട്ട് അച്ഛനോട് ചോദിച്ചിട്ടുമുണ്ട്.

"അതൊന്നും പറഞ്ഞാല്‍ നിനക്കിപ്പോള്‍ മനസ്സിലാകില്ലെടാ, ഒരുകാലത്ത് നിനക്കത് താനേ മനസ്സിലായിക്കോളും" .................. എന്ന മട്ടിലൊരു ചിരി മാത്രം സമ്മാനിച്ചിട്ട് അച്ഛന്‍ മിണ്ടാപ്രാണികളെ കുളിപ്പിക്കുന്ന പണി തുടരും.

കാലം ഒരുപാട് കഴിഞ്ഞിട്ടും എനിക്കതിന്റെ പൊരുള്‍ പിടികിട്ടിയില്ലെന്നുള്ളത് എന്റെ വിവരമില്ലായ്മ. മനുഷ്യരെല്ലാം ഓണം തകര്‍ത്താഘോഷിക്കുമ്പോള്‍ തൊടിയില്‍ ജീവിക്കുന്ന ആ മിണ്ടാപ്രാണികളെക്കൂടെ ആ അഘോഷങ്ങളില്‍ പങ്കുചേര്‍ക്കുകയായിരുന്നു അച്ഛന്‍ എന്ന് മനസ്സിലാക്കാന്‍ പിന്നെയും കാലമൊരുപാടെടുത്തു. (അതോ ഇനിയതിന് അതില്‍ക്കൂടുതല്‍ അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നോ ?)

ഇന്നെന്തോ പ്രത്യേക ദിവസമാണെന്ന് പൈക്കള്‍ക്കും മനസ്സിലായിട്ടുണ്ടാകുമോ ആവോ ? മനസ്സിലായിക്കാണും അല്ലേ ?

നമ്മളെല്ലാം വാഴയിലയിട്ട് മൂക്കറ്റം അടിച്ച് കയറ്റുന്ന സദ്യയുടെ അവശിഷ്ടവും, ഇലയുമൊക്കെ കാടിവെള്ളത്തിന്റെ കൂടെ, എല്ലാദിവസവും കിട്ടാത്ത പലതരം പച്ചക്കറികളുടേയും മറ്റും രുചിയോടെ പള്ളനിറയെ കുടിച്ച് മുറ്റത്തെ കടപ്ലാവിന്റെ ചോട്ടില്‍ അയവിറക്കിക്കിടക്കുമ്പോള്‍ അവറ്റകള്‍ക്ക് മനസ്സിലായിക്കാണും, ഇന്നൊരു പ്രത്യേകദിവസം തന്നെ ആയിരുന്നു എന്ന്. ആ ദിവസത്തിന്റെ പ്രത്യേകതയും പേരുമൊന്നും അറിയില്ലെങ്കിലും അവരും അതൊരു ഓണമായിട്ടെടുത്ത് സന്തോഷിച്ചിട്ടുണ്ടാകും, ആഘോഷിച്ചിട്ടുണ്ടാകും. ആ സന്തോഷത്തില്‍ തന്റെ യജമാനന് വേണ്ടി പൈക്കള്‍ അടുത്ത ദിവസം കൂടുതല്‍ പാല്‍ ചുരത്തിയിട്ടുണ്ടാകും, തീര്‍ച്ച.

ഇന്നിപ്പോള്‍ തിരക്കേറിയ പ്രവാസജീവിതവും, പട്ടണജീവിതവും കന്നുകാലികളില്‍ നിന്നെല്ലാം എന്നെ (നമ്മളെ) ഒരുപാട് ദൂരെക്കൊണ്ടാക്കിയിരിക്കുന്നു. എത്ര പൊലിമ നഷ്ടപ്പെട്ടെന്ന് പറഞ്ഞാലും, ടീവീ ചാനലിലൂടെയാണ് മലയാളി ഓണം ആഘോഷിക്കുന്നതെന്ന് പറഞ്ഞാലും നാട്ടില്‍ വെച്ചുള്ള ഒരു ഓണം ഒന്നൊന്നര ഓണം തന്നെയാണ് നമുക്കെല്ലാവര്‍ക്കും. സ്ഥിരമായി നാട്ടിലെത്തി, വീട്ടില്‍ത്തന്നെ ഓണമാഘോഷിക്കാന്‍ പറ്റുന്ന ഒരുകാലത്തിന് വേണ്ടി എല്ലാ പ്രവാസിയേയും പോലെ ഞാനും കാത്തിരിക്കുന്നു. എന്റെ കാര്യത്തില്‍, അക്കാലം അധികം ദൂരെയെല്ലെന്ന് എനിക്കറിയാം.

പക്ഷെ................

അച്ഛന് പ്രായാധിക്യമായതുകൊണ്ടും, വീട്ടിലിപ്പോള്‍ പൈക്കളൊന്നും ഇല്ലാത്തതുകൊണ്ടും, അര്‍ത്ഥമറിയാതെ കണ്ടുനിന്നിരുന്ന പഴയ ആ ഒരു കാഴ്ച്ച അതിന്റെ എല്ലാ വികാരങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് കാണാന്‍ ഇനി പറ്റിയെന്നുവരില്ലെന്നൊരു ദുഃഖം മാത്രം ബാക്കി നില്‍ക്കുന്നു.

എല്ലാ ബൂലോകര്‍ക്കും, ആല്‍ത്തറ കൂട്ടുകാര്‍ക്കും, മലയാളികള്‍ക്കും, മിണ്ടാപ്രാണികള്‍ക്കും, ജീവജാലങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

20 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

നിരക്ഷരന്റെ പ്രൊഫൈലില്‍ ലൊക്കേഷന്‍ - ലോകമേ തറവാട്.

പക്ഷേ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ലോകമേ തറവാട് എന്നത് അച്ഛനാണ് ചേരുന്നത് എന്ന് മനസിലായി.
നിരനും, അച്ഛനും വീട്ടുകാര്‍ക്കും, സകല ചരാചരങ്ങള്‍ക്കും എന്റെയും വക ഓണാശംസകള്‍.

ഈ പോസ്റ്റിന് വളരെയേറെ നന്ദി.

മാണിക്യം said...

നിരൂ നന്ദീ !!

ശരിയാ!
ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു.
പൈക്കളെ കുളിപ്പിച്ച് അതിനെ കുറിയിടുവിച്ച്
അന്ന് അരിഞ്ഞ പച്ചക്കറികളൂടെ വീതവും പരുത്തികുരുവും ഉഴുന്നും പിണ്ണാക്കും കഞ്ഞിയും മൃഷ്ടാന്നം ഇളം പുല്ല്ലും ഒക്കെ ആയി അവയെ സന്തോഷിപ്പിച്ചിട്ടാ ഇലയിടാറു പതിവ് ....
അതു കണ്ടുനിന്നാ ബാല്യത്തില്‍ ഞാനും ഓര്‍ത്തതാണ് എന്തിനാ ഇങ്ങനെ എന്ന്....

ഇന്നലെ ഒരു സുഹൃത്ത് ചോദിച്ചു “എന്താ ഏറ്റവും കൂടുതല്‍ ഈ ഓണത്തിനു മിസ്സ് ചെയ്യുന്നത് ?” എന്ന് ...
എനിക്ക് നാടാണ് ഏറ്റവും കൂടുതല്‍ ഓര്‍മ്മ വരുന്നത്........

തൊടികളും, തോടും, വയല്‍ വരമ്പും ഇടവഴികളും,വീട്ടുമുറ്റത്ത് നിന്ന് കണ്ണില്‍ സ്നേഹം നിറച്ചു നിന്ന് നോക്കുന്ന വളര്‍ത്തു മൃഗങ്ങളും...

കുശലം ചോദിക്കുകയും അപ്പൊയിന്റ്മെന്റില്ലാതെ വന്നു കയറുകയും ചെയ്യ്യുന്ന നാട്ടുകാരും കൂ‍ട്ടുകാരും ജാഡയും പൊങ്ങച്ചവും കണിയ്ക്കാത്ത പച്ച മനുഷ്യരും !എല്ലാം എന്റെ മനസ്സിലെ ഓണത്തിന്റെ ഭാഗമാണ്...

ഇന്ന് പുലര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞറിയിയ്ക്കാനാവാത്ത സന്തോഷത്തിലാ
എന്റെ മനസ്സില്‍ എനിക്ക് നഷ്ടമായതൊക്കെ ഇതാ ഈ ആല്‍ത്തറയില്‍ ......

ഈ സന്തോഷത്തില്‍ എല്ലാവരേയും
ഓര്‍മ്മിക്കുന്നു നന്മകള്‍ നേരുന്നു....

"പൊന്നോണാശംസകള്‍"


എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാവാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കാം.....

അനില്‍@ബ്ലോഗ് // anil said...

എല്ലാവിധ ആശംസകളും.

ജിജ സുബ്രഹ്മണ്യൻ said...

എന്റെ ചെറുപ്പത്തില്‍ പൈക്കള്‍ക്കും ഓണം ഊട്ടുമായിരുന്നു.പൈക്കള്‍ക്ക് മാത്രമല്ല ഉറുമ്പുകളെ വരെ ഓണമൂട്ടാന്‍ അരിമാവില്‍ കൈ മുക്കി ചുമരില്‍ വിരല്‍ പതിപ്പിക്കുന്ന രീതി ആഹ്ലാദത്തോടെ ഞങ്ങള്‍ ചെയ്യാറുണ്ട്..
മിണ്ടാപ്രാണികള്‍ക്കും ഓണമുണ്ട്..അന്നും ഇന്നും !

smitha adharsh said...

എനിക്കിതൊരു പുതിയ അനുഭവം..വിഷുവിനു പശുക്കളെ കണി കാണിക്കാറുണ്ട് എന്ന് അമ്മ പറഞ്ഞു തന്നതോര്‍മ്മയുണ്ട്.എന്നാലും,ഇതൊക്കെ കേട്ടപ്പോള്‍ അതാണ്‌ ഓര്മ വന്നത്..വേറിട്ടൊരു ഓണ അനുഭവം പങ്കു വച്ചതിനു നന്ദി നിരക്ഷരന്‍ ചേട്ടാ..

വേണു venu said...

അര്‍ത്ഥമറിയാതെ കണ്ടുനിന്നിരുന്ന പഴയ ആ ഒരു കാഴ്ച്ചയില്‍ എന്തെല്ലാം അര്ത്ഥങ്ങളടങ്ങിയിരിക്കുന്നു. സ്നേഹവും സമത്വവും ഒക്കെ.നിരന്റ്റെ അച്ഛനും, നിരനും കുടുംബത്തിനും ഓണാശംസകള്‍.!

പാമരന്‍ said...

നിരാ.. നിങ്ങള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

K C G said...

ഇതു വായിച്ചു ഒരുപാട് നഷ്ടബോധം തോന്നുന്നു നീരൂ. പശുക്കളെ കുളിപ്പിക്കുകയും വിശേഷദിവസങ്ങളില്‍ പ്രത്യേകം ഊട്ടുകയും ഒക്കെ നാട്ടിന്‍പുറത്തെ വീട്ടിലെ കാഴ്ചകളായിരുന്നു. മാണിക്യം ചേച്ചി പറഞ്ഞപോലെ എത്ര വളര്‍ത്തുമൃഗങ്ങളാണ് വീട്ടില്‍ - കണ്ണുകളില്‍ സ്നേഹം നിറച്ച് നമ്മെ നോക്കുന്നവര്‍....
പശു, പട്ടി, പൂച്ച, ആട്, കോഴി, പിന്നെ കൊയ്ത്തുകാലമായാല്‍ പോത്തുകളും....
കണ്ടാല്‍ പേടിതോന്നുമെങ്കിലും പശുക്കളെക്കാള്‍ സാധുക്കളാണ് പോത്തുകള്‍ എന്നതാണ് അനുഭവം.

കാലം കടന്നുപോയപ്പോള്‍ തൊഴുത്തൊക്കെ ഒഴിഞ്ഞു...

ഇന്നിപ്പോള്‍ നഗരത്തിലെ ‘ഠ’ വട്ടത്തിലുള്ള സ്ഥലത്തിരിക്കുന്ന വീട്ടില്‍ എങ്ങനെ അവയെ പോറ്റാന്‍? പൂച്ചകള്‍ മാത്രമുണ്ട് ഇപ്പോള്‍...

നീരു, പഴയകാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയ ഈ പോസ്റ്റിനു നന്ദി.

ഹരീഷ് തൊടുപുഴ said...

താങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

ഗോപക്‌ യു ആര്‍ said...

a happier oanam niran...

കാപ്പിലാന്‍ said...

താങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

ചാണക്യന്‍ said...

ഓണാശംസകള്‍....

അനില്‍ശ്രീ... said...

എല്ലാവര്‍ക്കും ഓണാശംസകള്‍...

കുറുമാന്‍ said...

നിരക്ഷരാ, ഈ അവസരത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിട്ടത് തീര്‍ച്ചയായും ഉചിതമായി.

താങ്കള്‍ക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍.

ശ്രീവല്ലഭന്‍. said...

എല്ലാവര്‍ക്കും ഓണാശംസകള്‍!

രസികന്‍ said...

താങ്കൾക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ

Gopan | ഗോപന്‍ said...

മനോജ്,
നൊസ്ട യുണര്‍ത്തുന്ന പോസ്റ്റ്..
വളരെ ഇഷ്ടമായി.
ഓണാശംസകള്‍ !

siva // ശിവ said...

അപ്പോള്‍ ഓണാഘോഷത്തിന്റെ പേരില്‍ കൊന്നൊടുക്കുന്ന മിണ്ടാപ്രാണികളുടെ കാര്യമോ...അവര്‍ക്ക് ഇതിനൊന്നും അവകാശമില്ലേ....

മനോജിനും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

സസ്നേഹം,

ശിവ

ആഗ്നേയ said...

നിരക്ഷൂ,
നല്ലോരു പോസ്റ്റ്...ആ അച്ഛന്റെ മനസ്സോര്‍ത്തുപോകുന്നു.ആരൂട്ടിയാലും എന്നും തന്റെ പ്ലേറ്റിലെ ഭക്ഷണത്തിലൊരു പങ്ക് പൂച്ചകള്‍ക്ക്ആയി മാറ്റി വച്ചിരുന്ന എന്റെ ഉപ്പുപ്പയേയും
എനിക്കും നാട് മിസ്സ് ചെയ്യുന്നുണ്ട് വല്ലാതെ..ഇപ്പോഴുള്ള നാടല്ല..ചെറുപ്പത്തില്‍ അടുത്തവീട്ടിലെ ലക്ഷ്മിയമ്മൂമ്മ ഉണ്ണിയപ്പം ഉണ്ടാക്കിത്തന്നിരുന്ന,ഞാന്‍ ഓടിച്ചാടി നടന്നിരുന്ന എന്റെ കുട്ടിക്കാലം.
അയല്വക്കത്തെ കുട്ടികളില്ലാതിരുന്ന ,എല്ലാ ദിവസവും ഉമ്മയുടെ പാചകത്തില്‍ മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന എനിക്കുള്ള ബ്രേക്ഫാസ്റ്റും,ഉച്ചക്കുള്ള കറിയും പാക്ക് ചെയ്തുതന്നിരുന്ന ടീച്ചര്‍ക്കും മാഷ്ക്കുമൊപ്പം ഓണസദ്യയുണ്ടിരുന്ന ആ കാലം.അവര്‍ ട്രാന്‍സ്ഫെര്‍ ആയിപ്പോയതോടെ എന്റെ ഓണവും മങ്ങിപ്പോയി.
(ഈ ഓണത്തിനു അവരെപ്പറ്റി പോസ്റ്റ് ഇടണമെന്നുണ്ടായിരുന്നു..ചിലരെ അക്ഷരങ്ങളിലൊതുക്കാനാവില്ലെന്ന് മനസ്സിലായി..)

keralafarmer said...

നിരക്ഷരാ,
നിരാശപ്പെടേണ്ട. തിരുവനന്തപുരം വരം വന്നാല്‍ മതി. കോമാളി പുരണ്ട വാല്‍കൊണ്ടുള്ള അടി ഞാന്‍ കൊള്ളും പോലെ നിങ്ങള്‍ക്കെല്ലാം ലഭ്യമാക്കിത്തരാം. റബ്ബറിന് വിലയുള്ളതുകൊണ്ട് പശുക്കളെ ഞാനും വളര്‍ത്തുന്നു. മനുഷ്യനേക്കാള്‍ സ്നേഹമുള്ള അവറ്റകളുടെ വയറ് വിശന്നാല്‍ അല്ലെങ്കില്‍ അതിനൊരു മുറിവ് പറ്റി വേദനിച്ചാല്‍ നമുക്കും വേദനിയ്ക്കും. തെങ്ങില്‍ കോര്‍ത്തിളകാറായ കൊമ്പുമായി വേദനിച്ച എന്റെ പശുവിനെ നേരിട്ട് കാണുകയും അതിന്റെ വേദന എനിക്ക് മനസിലാകുകയും ചെയ്തിട്ടുണ്ട്. കറക്കുവാന്‍ ചെന്ന എന്റെ നെറ്റിയ്ക്ക ചവിട്ടിയ അനുഭവവും ഉണ്ടായിട്ടുണ്ട്. പഴയതുപോലെ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറിയുടെ പങ്ക് അവയ്ക്ക് കൊടുക്കാതിരിയ്ക്കുകയാവും നല്ലത്. തമിഴര്‍ മലയാളിക്ക് തിന്നാന്‍ പ്രത്യേകം കൃഷിചെയ്ത് സര്‍വ്വ കീടങ്ങളെയും നശിപ്പിച്ച് വലിയ കീടമായ മനുഷ്യന് തരുന്നത് നമ്മശ്‍ തിന്നാല്‍ പോരെ. ആ മിണ്ടാപ്രാണികള്‍ക്കും കൊടുക്കണമോ? അവയ്ക്ക് നല്ലത് ചക്ക മടലും പൂഞ്ചും കുരുവുമൊക്കെത്തന്നെ.