Friday, February 27, 2009

ശിവക്കും സരിജക്കും

ആല്‍ത്തറയില്‍ നിന്ന് ശിവക്കും സരിജക്കും,

Posted by Picasa


♫ ♥ .. വെള്ള മേഘങ്ങള്‍ക്കിടയില്‍ നിന്ന് ദൈവം പുഞ്ചിരിക്കുന്നുണ്ട്.. ♥ ♫

Posted by Picasa
മഞ്ഞുകാലം കടന്ന് ചിന്നഹള്ളി ഡയറി
..മഞ്ഞിന്റെ നേരിയ ഗന്ധമുള്ള ഒരു കാറ്റ് മലയിറങ്ങി താഴ്വരയിലൂടെ കാപ്പിത്തോട്ടങ്ങളില്‍ മഞ്ഞുമഴ പെയ്യിച്ച് മുന്തിരിപ്പാടത്തിലേയ്ക്ക് ഒഴുകിതുടങ്ങുന്നു..
♥ ..ശിവയ്ക്കും സരിജയ്ക്കും
എല്ലാ നന്മകളും നേരുന്നു.. ♥

പൊസ്റ്റില്‍ ഇട്ടിരിക്കുന്ന പടങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്

പരിപ്പുകറി

Posted by Picasaപരിപ്പ്‌കറി ഇങ്ങനാണൊ എന്ന് ഒന്നും ചോദിക്കരുത്
തേങ്ങയും തേങ്ങാപാലും ഇല്ലാതിരുന്ന ഒരു ദിവസത്തെ ശ്രമം. സ്വാദ് നന്നായിരുന്നു

1.
അരകപ്പ് പരിപ്പ്
ഒരു ചെറിയ സവോള പൊടിയായി അരിഞ്ഞത്
രണ്ട് ചുള വെളുത്തുല്ലി
കാല്‍ റ്റീസ്പൂണ്‍ ജീരകപ്പൊടി
കാല്‍ റ്റീസ്‌പൂണ്‍ മഞ്ഞള്‍പൊടി
3 പച്ചമുളക് കീറിയിടുക
ഒരു തക്കാളി പൊടിയായി അരിഞ്ഞത്
ഉപ്പ് ആവശ്യത്തിനു
വെള്ളം ഒന്നര കപ്പ്
ഇവ ഒന്നിച്ചാക്കി അടുപ്പില്‍ വച്ച് ചെറു തീയില്‍ നന്നായി വേവിക്കുക

2. കടുക്
വറ്റല്‍ മുളക്
കറിവേപ്പില
2 സവോള - പൊടിയായി അരിഞ്ഞത്.
എണ്ണ വറുക്കാന്‍ മാത്രം

എണ്ണ ചൂടാവുമ്പോള്‍ കടുക്, വറ്റല്‍ മുളക്,
സവോള പൊടിയായി അരിഞ്ഞത്, കറിവേപ്പില
ഇവ യഥാക്രമം എണ്ണയില്‍ വറുക്കുക,
സ്വര്‍ണ നിറമാവുമ്പോള്‍ വെന്ത പരിപ്പില്‍ കൊട്ടുക.
മല്ലിയിലയുടെ സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് അതും ഇടാം

ചപ്പാത്തിക്കും ചോറിനും നല്ല കറി
വറുത്ത ഉള്ളിയുടെ സ്വാദ് തേങ്ങയില്ലത്ത കുറവ് അറിയിക്കില്ല.
പിന്നെ അല്പം നെയ്യ് ചേര്‍ത്താല്‍ വയ്ക്ക് രുചി
തടിക്ക് ...ഹിഹിഹി [ചാണക്യന് കടപ്പാട്]

Thursday, February 26, 2009

ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ..!


മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന്‍ തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ...!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, പകരം അതൊരു റോക്കറ്റില്‍ കയറിയിരുന്നു പായുകയായിരുന്നു!
കാശുമായി മുനിസ്വാമി കൊച്ചി മത്തായിയുടെ ചായക്കടയിലേക്ക് നടന്നു.
എന്തിന്..?
അതൊരു കഥയാണ്!

കഴിഞ്ഞ നീണ്ട പത്തു വര്‍ഷക്കാലമായി മുനിസ്വാമി ആഹാരം കഴിച്ചിരുന്നതും ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഈ കൊച്ചി മത്തായിയുടെ കടയില്‍ നിന്നുമാണെന്നു നാം മനസ്സിലാക്കണം.
“എട മുനിച്ചാമീ..നീ നിനക്കു കിട്ടുന്ന കാശെല്ലാം എന്തു ചെയ്യുവാ..?”
മത്തായി ഒരിക്കല്‍ ചോദിച്ചു.
“അത് വന്ത് നാന്‍ മണ്ണുക്ക് അടിയില്‍ താന്‍ കാപ്പാത്തിറുക്ക്.. എങ്കെയെന്ന് യാര്‍ക്കും മട്ടും തെരിയാത്...!”
“എട മണ്ടാ..നീ കാശ് എന്റെ കയ്യില്‍ താ..ഞാനതു സൂക്ഷിച്ചു വച്ചോളാം. നിനക്കെപ്പോഴാ വേണ്ടുന്നതെന്നു വച്ചാല്‍ ഞാന്‍ പലിശ സഹിതം തിരികെ തന്നോളാം”
“എനക്കു പലിശ വേണ്ട മൊതലാളീ..നീങ്കെ എന്‍ കാശ് കാപ്പാത്തുങ്കോ..”
“എന്നാ നീ പലിശക്കു പകരം ഫ്രീയായി എന്റെ കടയില്‍ നിന്നും ആഹാരം കഴിച്ചോ..”
മുനിസ്വാനിക്കതു സ്വീകാര്യമായിത്തോന്നി.
“പിന്നെ നീ ഈ വിവരം ആരോടും പറയണ്ട”
“ഇല്ലൈ”
“അപ്പോള്‍ നമ്മള്‍ രണ്ടുപേരും മാത്രമേ ഇതറിയുന്നുള്ളൂ..നിനക്കതു സമ്മതമാണോ..?”
“അതേ..”

അങ്ങിനെ ഏതാണ്ട് പത്തു വര്‍ഷക്കാലമായി കിട്ടുന്ന കാശെല്ലാം മുനിസ്വാമി മത്തായിയെ ഏല്‍പ്പിച്ചു പോന്നു.
അന്ന് മുനിസ്വാമി മത്തായിയുടെ കടയിലേക്കു പോയപ്പോള്‍ ഇടി വെട്ടി മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു.
കടയുടെ അടുത്തെത്തിയപ്പോള്‍ അവിടെയാകമാനം ഒരാള്‍ക്കൂട്ടം.
കടയുടെ ഉള്ളില്‍ നിന്നും ആരുടെയൊക്കെയോ കരച്ചില്‍ മുനിച്ചാമി കേട്ടു.
“എന്നാച്ച്...?”
“നീ അറിഞ്ഞില്ലേ മുനിച്ചാമീ..മത്തായി മരിച്ചു പോയി..ഒരു നെഞ്ചരപ്പു വന്നെന്നു പറഞ്ഞു. ദാ അതിനകം ആളു മരിച്ചു..ഇത്രയെക്കെയേയുള്ളു മനുഷ്യന്മാരുടെ ജീവിതം..!”
അവിടെ നിന്ന ചുമട്ടുകാരന്‍ നാണു പറഞ്ഞു.
മുനിച്ചാമിയവിടെ സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സില്‍ ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ തിമിര്‍ത്തു പെയ്യുവാന്‍ തുടങ്ങി.

Sunday, February 22, 2009

റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും അഭിനന്ദനങ്ങള്‍

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍
1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌
അവാര്‍‌ഡ് ജേതാക്കളായ റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും അഭിനന്ദനങ്ങള്‍
ആല്‍ത്തറ ഈ രണ്ട് പ്രതിഭകളെയും ആദരിക്കുന്നു


ഇന്ത്യ കാത്തിരുന്ന നിമിഷം. അത് സംഭവിച്ചു. റസുല്‍ പൂക്കുട്ടിക്കും എ ആര്‍ റഹ്‌മാനും ഓസ്കര്‍! സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രമാണ് പൂക്കുട്ടിക്കും റഹ്‌മാനും ഓസ്കര്‍ നേടിക്കൊടുത്തത്.


കൊല്ലം അഞ്ചല്‍ സ്വദേശിയായ റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണത്തിനാണ് ഓസ്കര്‍ നേടിയിരിക്കുന്നത്. റഹ്‌മാന് ഇരട്ടമധുരമാണുള്ളത്. സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനാണ് റഹ്‌മാന്‍ ഓസ്കാര്‍ നേടിയിരിക്കുന്നത്.

സംഗീത സംവിധായകനായിരുന്ന ആര്‍.കെ.ശേഖറിന്റെ മകന്‍ എ.ആര്‍.റഹ്മാന്‍ ഓസ്‌കറില്‍ ആദരിക്കപ്പെടുമ്പോള്‍ മലയാളത്തിന് ആഹ്ലാദിക്കാന്‍ ഏറെ വകയുണ്ട്. ഓസ്‌കറിലെ മലയാളിത്തിളക്കം റഹ്മാനില്‍ അവസാനിക്കുന്നില്ല. സ്‌ലംഡോഗിന്റെ ശബ്ദമിശ്രണത്തിന് നാമനിര്‍ദേശം നേടിയ റസൂല്‍പൂക്കുട്ടിയാണ് കേരളത്തിന്റെ രണ്ടാം സാന്നിധ്യമായത്

ഇന്ത്യയിലെ ദാരിദ്ര്യമാണ് ബോയ്ല്‍ വില്‍പ്പനച്ചരക്കാക്കിയതെന്ന് ഇവിടുത്തെ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴും ലോകമെങ്ങും ഈ കൊച്ചുസിനിമയ്ക്ക് കിട്ടിയ സ്വീകാര്യത അതിനെയെല്ലാം കാറ്റില്‍പ്പറത്തി. മികച്ച ചിത്രത്തിനും സംവിധായകനുമുള്‍പ്പെടെ പത്ത് ഓസ്‌കര്‍ നാമനിര്‍ദേശങ്ങള്‍ ചിത്രം കരസ്ഥമാക്കി.
ബ്രിട്ടീഷ് അക്കാദമി അവാര്‍ഡായ ബാഫ്തയില്‍ ഏഴു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍, അതില്‍ എ.ആര്‍. റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഇന്ത്യയുടെ അഭിമാനങ്ങളായി. ഓസ്‌കറിന്റെ മുന്നൊരുക്കമായറിയപ്പെടുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍, നാലെണ്ണം സിനിമയെ തേടിയെത്തി. അതിലുമൊന്ന് എ.ആര്‍.റഹ്മാനുള്ളതായിരുന്നു. ബാഫ്തയിലും ഗോള്‍ഡന്‍ ഗ്ലാബിലും മികച്ച
ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ സ്‌ലംഡോഗിനാണ് ലഭിച്ചത്റസൂല്‍ പൂക്കുട്ടി സിനിമ കാണുകയല്ല, കേള്‍ക്കുകയാണ് എന്നേ പറയാനാകൂ. ലോകത്തെ നിരീക്ഷിക്കുമ്പോഴും അദ്ദേഹം ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുന്നു. സിനിമയില്‍ ഒരു അപശബ്ദം ഉയര്‍ന്നാല്‍ ശബ്ദസംവിധായകനെ കാണികള്‍ പഴിച്ചേക്കും. അല്ലെങ്കില്‍ അയാളുടെ സാന്നിധ്യം ആരും അറിയില്ല. തനിക്ക് ഓസ്‌കര്‍ നോമിനേഷന്‍ നേടിത്തന്ന 'സ്ലംഡോഗ് മില്യനയറി'ലെ ശബ്ദരഹസ്യങ്ങള്‍ ബോളിവുഡിലെ വിലപിടിപ്പുള്ള ഈ മലയാളി വെളിപ്പെടുത്തുന്നു.

അഞ്ചല്‍ വിളക്കുപാറയില്‍ താമസിക്കുമ്പോള്‍ 12 കിലോമീറ്റര്‍ അകലെയായിരുന്നു 'ജയമോഹന്‍' തീയേറ്റര്‍. ഒരുമരച്ചീനി മാന്തിക്കൊടുത്താല്‍ ഉമ്മ 50 പൈസ കൊടുക്കും. ഇങ്ങനെ സ്വരൂപിച്ച പണംകൊണ്ട് സിനിമ കണ്ട ബാല്യമാണ് ഈ 37 കാരന്‍േറത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലൊക്കെ പഠിച്ചശേഷം സിനിമയിലാണ് എന്നല്ലാതെ റസൂല്‍ എന്താണ് ചെയ്യുന്നതെന്ന് ഗ്രാമീണര്‍ക്കും അറിയുമായിരുന്നില്ല. മുമ്പ് തൃശ്ശൂരില്‍ മധുര്‍ഭണ്ഡാര്‍ക്കറിനൊപ്പം റസൂല്‍ ചലച്ചിത്രോത്സവത്തിനു വന്നപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. ഇന്ന് അണിയറയില്‍നിന്ന് ഇയാള്‍ പ്രശസ്തിയുടെ ആകാശത്തേക്ക് കുതിച്ചിരിക്കുന്നു. ഓസ്‌കര്‍ കിട്ടിയാലും ഇല്ലെങ്കിലും ഇന്ത്യന്‍ സിനിമയുടെ സാങ്കേതിക രംഗത്തെ 'മില്യനയര്‍ ബോയ്' ആയി റസൂല്‍ മാറിയിരിക്കുന്നു

കടപ്പാട് മാതൃഭൂമി

Friday, February 20, 2009

ഒരു മദ്യപാന സുവിശേഷം.

“അങ്ങിനെ പോകുന്നു മദ്യപാനത്തിന്റെ വിപത്തുകള്‍..!
ഈ സാമൂഹ്യ തിന്മയില്‍ നിന്നും നമ്മുടെ സമൂഹം മോചനം നേടിയെങ്കില്‍ മാത്രമേ നല്ലൊരു നാളെയെ നമുക്കു വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളു. അതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തുകൊള്ളുന്നു.”
അഖില കേരള മദ്യനിരോധന സമിതി താലൂക്ക് ട്രെഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു തന്റെ സുദീര്‍ഘമായ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇടിവെട്ടാം കോട് എല്‍. പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ച് കൂടിയിരുന്ന ബഹുപൂരിപക്ഷം ജനങ്ങളില്‍ നിന്നും ആശ്വാസ സൂചകമായ ഒരു നെടുവീര്‍പ്പുയര്‍ന്നു!
മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന് ചിത്രീകരിക്കുന്നതില്‍ നാണു ഏതാണ്ട് വിജയിച്ചു എന്നുതന്നെ കരുതാം.
“യുവാക്കള്‍ക്ക് അകാലത്തില്‍ മരണം വരുത്തിവക്കുന്ന ഒരു സാത്താനാണ് മദ്യം.“
അതായിരുന്നു ആ പ്രസംഗത്തിന്റെ സാരം.
“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം”
നാണു അനൌണ്‍സ് ചെയ്തു.
സ്തീകളായിരുന്നു അവിടെകൂടിയിരുന്നതില്‍ കൂടുതലും.

ആദ്യം മുന്നോട്ടുവന്നത് ഓട്ടോ തങ്കച്ചന്റെ കെട്ടിയവളായിരുന്നു.
തങ്കച്ചന്‍ ആക്സിഡന്റില്‍ പെട്ടതും ഒടുവില്‍ ഓട്ടോയുടെ ബുക്കും പേപ്പറും പണയം വെക്കേണ്ടി വന്നതുമെല്ലാം കുടി മൂലമാണെന്ന് അവര്‍ സമര്‍ത്ഥിച്ചു.

അതിനു ശേഷം രണ്ടു മൂന്നു സ്ത്രീകളും കൂടി മുന്നോട്ടു വന്ന് ഭര്‍ത്താക്കന്മാരുടെ കുടി മൂലം തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ സദസ്സിനെ അറിയിച്ചു.

ഇതെല്ലാം കേട്ടിരുന്ന പെണ്ണുങ്ങള്‍ കരഞ്ഞും മൂക്കുചീറ്റിയും തങ്ങളുടെ സഹതാപവും സങ്കടവും അന്യോന്യം പങ്കുവച്ചു.
അതുവരെ ഓഡിറ്റോറിയത്തിന്റെ മൂലയില്‍ ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലും പിടിച്ചുകൊണ്ടു നിന്നിരുന്ന കുഞ്ഞപ്പനാണ് അടുത്തതായി പ്രസംഗ വേദിയിലേക്ക് കടന്നു വന്നത്.

“മാന്യ നാട്ടുകാരെ.“
കുഞ്ഞപ്പന്‍ ആരംഭിച്ചു.

“കഴിഞ്ഞ ചിങ്ങത്തില്‍ എന്റെ ഭാര്യ മാത്തന്റെ മകള്‍ കൊച്ചുമറിയ വയറ്റോപ്പറേഷനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന വിവരം ഇവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെല്ലോ.
ഓപ്പറേഷന്റന്നു രാവിലെ സകലദൈവങ്ങളേയും വിളിച്ചുംകൊണ്ട് ഞാന്‍ മെഡിക്കല്‍ കോളേജില്‍ പോകാനായി കൊല്ലം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു.
അവിടെ തിരുവനന്തപുരത്തേക്കു പോകാനായി പാര്‍ക്കുചെയ്തിരുന്ന ബസ്സില്‍ ഞാന്‍ കയറിയിരുന്നു. ബസ്സിന്റെ ഏറ്റവും പുറകിലെ മൂലയിലായിരുന്നു എനിക്ക് സീറ്റ് കിട്ടിയത്.
അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വന്ന് , ടയര്‍ പഞ്ചറായതിനാല്‍ അതുമാറ്റുവാന്‍ വേണ്ടി് ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞുമാത്രമേ പുറപ്പെടുകയുള്ളുവെന്ന് അറിയിച്ചു.
എന്റെ കയ്യിലിരുന്ന ന്യൂസ്സ് പേപ്പര്‍ സീറ്റില്‍ വച്ച് അതു ബുക്കു ചെയ്തതിനു ശേഷം ഞാന്‍ പുറത്തിറങ്ങി.
ഭാര്യയുടെ കാര്യമാലോചിച്ചുള്ള ടെന്‍ഷനില്‍ അടുത്തുള്ള ബാറില്‍ക്കയറി രണ്ടു മൂന്നു സ്മാളും വിട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ ആ ബസ്സ് പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ക്കയറി ഞാന്‍ തിരുവനന്തപുരത്തേക്കു യാത്രയായി.
ഏതാണ്ട് ആറ്റിങ്ങലിനടുത്തെത്തിയപ്പോല്‍ ഞങ്ങളുടെ വണ്ടി ഒന്നു സ്ലോ ചെയ്തു.
പ്രിയമുള്ളവരേ അവിടെക്കണ്ട കാഴ്ച്ച കണ്ട് ഞാന്‍ മരവിച്ചിരുന്നു പോയി.
ഞാന്‍ ആദ്യം കയറിയ ബസ്സ് ഒരപകടത്തില്‍പ്പെട്ട് റോഡിന്റെ സൈഡില്‍ കിടപ്പുണ്ടായിരുന്നു.
ഞാനിരുന്നിരുന്ന സീറ്റിന്റെ ഭാഗം, അതായത് ബസ്സിന്റെ പുറകുവശം മൊത്തം തകര്‍ന്നു പോയി. അവിടെയിരുന്ന പത്തു പേര്‍ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു പോയി!
അന്നു മദ്യം എന്നെ രക്ഷിച്ചു.
മദ്യപിക്കാതെ ബസ്സില്‍ത്തന്നെ ഇരുന്നിരുന്നുവെങ്കില്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ ഇതു പറയുവാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല.
അതിനാല്‍ പ്രിയമുള്ളവരേ ഞാനിനിയും കുടിക്കും!”

കുഞ്ഞപ്പന്‍ കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നു വീണ്ടും കുടിച്ചു.

“ഇത് മിനറല്‍ വാട്ടറല്ല. വോഡ്ക്കയും സ്പ്രിന്റുമാണ്”

മദ്യനിരോധന സമിതി താലൂക്ക് ട്രഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു മൈക്ക് ഓഫു ചെയ്യുവാന്‍ ഓപ്പറേറ്ററോട് ആവശ്യപ്പെടും മുമ്പ് കുഞ്ഞപ്പന്‍ തന്റെ പ്രസംഗവും അവസാനിപ്പിച്ച് പുറത്തിറങ്ങി.

മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും വീണ്ടും വീണ്ടും കുടിച്ചും കൊണ്ട് നടന്നുപോയ കുഞ്ഞപ്പനേയും നോക്കി ജനം ഉത്തരം മുട്ടി നിന്നു!

Monday, February 16, 2009

വിയറ്റ്നാമില്‍ നിന്നും നമ്മുടെ സുഹൃത്തിനെ രക്ഷിക്കൂ


പ്രിയപ്പെട്ട ആല്‍ത്തറ വാസികളെ, സുഹൃത്തുക്കളെ,

ഈയടുത്ത കാലത്ത് നമ്മുടെ ഇടയിലെ ഒരു അന്തേവാസി സൈനിക സേവനത്തിനായി വിയറ്റ്നാമില്‍ പോവുകയുണ്ടായി. ഒരു അന്യരാജ്യത്ത് വലിഞ്ഞു കയറി സൈനിക സേവനത്തിനു പോയാലുള്ള ദൂഷ്യങ്ങളൊന്നും പുള്ളിക്കാരന് അറിയില്ലായിരുന്നു. ഒരു കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമില്‍ സൈനിക സേവനത്തിനു പോകാനുള്ള പുള്ളിയുടെ അദമ്യമായ ആഗ്രഹത്തെ നാം കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. അത് അതിയാന്റെ വെറും ആഗ്രഹമാണെന്ന് നമുക്ക് മനസിലാവും , എന്നാല്‍ വിയറ്റ്നാം പോലിസിനു അത് മനസിലാകണമെന്നില്ല. രാജ്യത്ത് നുഴഞ്ഞു കയറിയതിനു പുള്ളി അവിടെ അറസ്റ്റിലായി......കഷ്ടം പിന്നെ പോലിസുകാരുടെ ചോദ്യം ചെയ്യലായി....വിയറ്റ്നാമികളുടെ ഭാഷയറിയാതെ അതിയാന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നന്നെ വിഷമിച്ചു....

വിയറ്റ്നാം പോലിസ്: ബാന്‍ റ്റെന്‍ ലാ ഗി (താങ്കളുടെ പേരെന്ത്)

അതിയാന്‍: ബാനോ ഇതിവിടെ ബാന്‍ ചെയ്തിട്ടുണ്ട് എന്ന് അറിയില്ലായിരുന്നു

പോലിസ്: ബാന്‍ റ്റു ഡുവാ ഡെന്‍ ( താങ്കളുടെ നാടേത്)

അതിയാന്‍: (ഈശ്വരാ ദേ വീണ്ടും ബാനെന്ന്) ഇല്ലാ..ഇല്ലാ...ഞാന്‍ ബാന്‍ഡ് മേളക്കാരനല്ല...ഞാന്‍ ബ്ലോഗറാ..ബ്ലോഗര്‍

പോലിസ്: ബാന്‍ (എന്ത്....)(അടി ഇടി....@#$%^&)

അതിയാന്‍: അയ്യോ...

പോലിസ്: ബാന്‍ ലാം ങ്ഹി ഗി (എന്താണ് താങ്കളുടെ പണി)

അതിയാന്‍: ങ്ഹി...ഗീയാ.....അതൊന്നും വേണ്ട..ബട്ടര്‍ മതി

പോലിസ്: റ്റാഇ സൊഅ ബാന്‍ ഒ ഡായ് (താങ്കെളെന്തിനു ഇവിടെ വന്നു)

അതിയാന്‍: റ്റാറ്റാ ഒന്നും വേണ്ട ഞാന്‍ ഓടിക്കൊള്ളാം....ആളെ വിട്...
(ഈശ്വരാ ഈ മറുതായെ ഞാനെന്തു പറഞ്ഞ് കാര്യങ്ങള്‍ മനസിലാക്കും)

പോലിസ്: ബാന്‍ റ്റോഇ നോഇ ഡായ് ങ്ഹു തി നാഒ (താങ്കള്‍ എങ്ങനെ ഇവിടെ എത്തി)

അതിയാന്‍: തിന്നാനോ...ഒന്നും വേണ്ട...(കൈകൂപ്പി) എന്നെ വിടൂ പ്ലീസ്....ഞാനിനി ഈ ഏര്യയില്‍ വരില്ല പ്ലീസ്... ലേലു അല്ലീ ലേലു അല്ലീ

ഒന്നും മനസിലാകാതെ പോലിസുകാരന്‍ പാസ്പോര്‍ട്ടൊ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ പിടിയിലായ നമ്മുടെ അന്തേവാസിയെ വിയറ്റ്നാം കോടതിയില്‍ എത്തിക്കുകയും തുടര്‍ന്ന് തടങ്കലിലാക്കുകയും ചെയ്തു. ഇയാളെ എങ്ങനെയെങ്കിലും ഇവിടെ തിരിച്ച് എത്തിക്കാന്‍ വേണ്ടത് അടിയന്തിരമായി ചെയ്തേ പറ്റൂ....വിയറ്റ്നാമികള്‍ കൊടുക്കുന്ന പാമ്പ് ഫ്രൈയും പാമ്പ് വൈനുമാണ് ആഹാരം. ഈ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇയാളുടെ ഫോട്ടോയും മറ്റ് വിവരങ്ങങ്ങളും ഇവിടെ കാണാം....

ദയവായി സഹായിക്കൂ...... പ്ലീസ്....

Tuesday, February 10, 2009

വീടിന്റെ ചോര്‍ച്ച -ഹൈകു

Posted by Picasaരണ്ടാഴ്ചയായി നീണ്ടു നിന്ന
വീടിന്റെ ചോര്‍ച്ച
പൊട്ടിയ രണ്ടോട്‌ നീക്കി ഞാന്‍ മാറ്റി .

Saturday, February 7, 2009

ശാന്തി

അത്താഴം കഴിഞ്ഞ് കിടക്കുന്നതിനുമുന്‍പ് വലിക്കാനൊരു ബീഡിക്കുറ്റിതേടികൊണ്ടിരിക്കുന്ന നേരത്താണ്‌ പൊടുന്നനെ അവള്‍ മുറിയിലേക്കു കടന്നുവന്നത്. അല്പം അമ്പരക്കാതിരുന്നില്ല, അവളങ്ങനെ മുറിയിലേക്കു വരാറില്ലല്ലോ ? അതും ഈനേരത്ത്. എന്തുപറ്റിയെന്ന എന്റെ മുഖഭാവത്തെയും , ഒരു ചെറുപ്പക്കാരന്റെ മുറിയില്‍ അസമയത്ത് കടന്നിരിക്കുന്നതിന്റെ അനൌചിത്യത്തെയും തെല്ലും വിലമതിക്കാതെ അവള്‍ മുറിയില്‍ കടന്ന് തുണികള്‍ തൂക്കിയിട്ട അയക്കു പിറകിലായി നിന്നു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞാനും.

ശാന്തിയെ കുട്ടിയെന്നു പറഞ്ഞുകൂടാ, സാമാന്യം വളര്‍ച്ചയൊക്കെയുള്ള ഒരു കൌമാരക്കാരി, ചെറുപ്പത്തിന്റെ പ്രസരിപ്പ്. റൈസ്മില്ലിന്റെ വാച്ച്മാന്‍ ശെല്‍വത്തിന്റെ 'സംസാരം' അമ്മിണിയുടെ ഏതോ അകന്ന ബന്ധുവാണവള്‍. അമ്മണിയുടെ കൂടെയാണു താമസം , അമ്മണിക്കു വലിയകാര്യമാണവളെ. അമ്മണിക്കു മാത്രമല്ല, അവളുടെ മാറിടത്തിനിത്തിനിത്തിരി കനം വച്ചതില്‍പിന്നെ പലര്‍ക്കും അവളെ വലിയ കാര്യമാണ്‌. അമ്മിണി അറിയെ അതു കാണിക്കാന്‍ ആരും അത്ര ധൈര്യപ്പെടാറില്ലെന്നു മാത്രം. ആത്തിന്‍ കരയില്‍ പതുങ്ങിയിരുന്നു ശാന്തിയുടെ കുളി കണ്ട മില്‍ജോലിക്കാരന്‍ കുമാറിനെ ചെരുപ്പുകൊണ്ടാണ്‌ അമ്മിണി അടിച്ചു തുരത്തിയത്. ഞാന്‍ കെട്ടിക്കോളാമെന്ന അയാളുടെ ആണത്തം പറച്ചിലിന്റെ മുഖത്ത് അമ്മിണി കാര്‍ക്കിച്ചു തുപ്പി.

ഞാന്‍ അമ്മിണിയെ മനസ്സിലോര്‍ത്തു, അമ്മിണി എങ്ങാനും ഇതു കണ്ടാല്‍! പക്ഷെ അമ്മിണി 'വ്യാപാരത്തിനു' പോയിരിക്കുകയാണ്. കുട്ട വില്‍പനയാണ്‌ അമ്മിണിയുടെ 'വ്യാപാരം'. സാധാരണയായി ശാന്തിയേയും കൂടെക്കൂട്ടാറുള്ളതാണ്, കുട്ടകളുമായി ഒരു പറ്റം പെണ്ണുങ്ങളാണ്‌ യാത്ര തിരിക്കുക, ഓരോ വട്ടവും ഓരോ പുതിയ ഊരുകളിലേക്ക്. മുഴുവന്‍ കുട്ടകളും വിറ്റഴിച്ച് മടങ്ങുമ്പോഴേക്കും മിക്കപ്പോഴും രണ്ടോ മൂന്നോ ദിവസങ്ങളെടുക്കും. ആലോചനകളില്‍ നിന്ന് ഞാന്‍ പുറത്തു വരുമ്പോഴേക്കും വിറക്കുന്ന ശബ്ദത്തില്‍ ശാന്തി ചോദിച്ചു.

"ഇന്നെക്കു നാ ഉങ്ക കൂടെ ഇങ്ക പടുക്കലാമാ അണ്ണെ?"

അറ്റാച്ച്ഡ് ആയ ഒറ്റമുറിയാണത്, അവിടെ എന്റെ കൂടെ ഈ രാത്രി ഉറങ്ങാനോ, എന്താണവള്‍ ശരിക്കും അര്‍ഥമാക്കുന്നത്? വാച്ച്മാന്‍ ശെല്‍വം സാധാരണയായി മില്ലില്‍ തന്നെയാണ്‌ ഉറങ്ങാറ്. അതുകൊണ്ട് തനിയെ ഉറങ്ങാന്‍ ഭയമാണോ, അങ്ങനെ അവളെ ഇവിടെ ഉറങ്ങാന്‍ അനുവദിച്ചാല്‍ തന്നെ എന്നെ നിയന്ത്രിക്കാന്‍ എനിക്കാകുമോ? ആയെങ്കില്‍ തന്നെ ഇതു മറ്റാരെങ്കിലും കണ്ടാല്‍? രഹസ്യക്കാരെ പഞ്ചായത്തുകൂടി കെട്ടിക്കുന്ന ഒരു ഏര്‍പ്പാടുണ്ടവിടെ, എന്റെ ആലോചനകല്‍ നിമിഷനേരത്തില്‍ പിന്നേയും കാടുകയറവേ പുറത്തൊരു കാല്‍പ്പെരുമാറ്റം.

ഞാനും ശാന്തിയും ഒരുപോലെ ഞെട്ടി. തണുപ്പിലും എന്റെ നെറ്റി വിയര്‍ക്കാന്‍ തുടങ്ങി. ശാന്തിയാകട്ടെ ദയനീയമായി എന്നെ നോക്കുന്നു. എന്തൊക്കെയോ പ്രതീക്ഷകളോടെ ഉള്ള ഒരു നോട്ടം. കാട്ടികൊടുക്കരുതേയെന്ന് അവളുടെ കണ്ണുകള്‍ എന്നോടു പറഞ്ഞു. കുളിമുറിയില്‍ കയറിയിരിക്കാനവളോട് ആഗ്യം കാട്ടിയിട്ട് ധൈര്യം സംഭരിച്ചു ഞാന്‍ വാതില്‍ തുറന്നു.

സേട്ടാണ്, മില്ലിലെ ജോലിക്കാരന്‍, അടുത്തുതന്നെ താമസം. ജോലികഴിഞ്ഞാല്‍ വൈകുന്നേരങ്ങളില്‍ സേട്ട് വരാറുണ്ട്. നാട്ടു വര്‍ത്തമാനങ്ങള്‍ പറയാന്‍, ബീഡിവലിച്ചിരിക്കാന്‍, മദ്യപിക്കാന്‍ അങ്ങനെ പലതിനും.

"തൂങ്കലയെ..?"

സേട്ട് നന്നായി മദ്യപിച്ചിട്ടുണ്ട്. നന്നായി മദ്യപിച്ചാല്‍ സേട്ട് പലപ്പോഴും വരാറുണ്ട്, എന്നിട്ട് പിടിച്ചിരുത്തി കുറേനേരം മുതലാളിയെപറ്റി പുലഭ്യം പറയും. എങ്ങനെയെങ്കിലും പറഞ്ഞയക്കാന്‍ പക്ഷെ വലിയ പാടാണ്‌. ഒരു കണക്കിനു സേട്ട് വന്നതു നന്നായെന്നു ഞാനോര്‍ത്തു, ഒന്നോ രണ്ടോ ബീഡി വാങ്ങാമല്ലോ. ബീഡി കത്തിച്ചു ഞാനും സേട്ടും പുകയെടുത്തു. അവസാനപുകയും വലിച്ചെടുത്ത് കുറ്റി ആഞ്ഞെറിഞ്ഞുകൊണ്ട് സേട്ട് മുഖവുരയില്ലാതെ ചോദിച്ചു.

"ശാന്തി ഇങ്കെ വന്താളാ..?"

"ഇങ്കെ ഏന്‍ വരുവാ? എന്ന വിഷയം ?" ഞാന്‍ അജ്ഞത നടിച്ചു.

"ശെല്‍വം ശാന്തിയെ കുമാര്‍ പയ്യനുക്കു കട്ടി കൊടുക്കപ്പോണാ, ആനാ അവ ഓടിപ്പോയിട്ടാ. എല്ലാരും ശേര്‍ന്ത് അവളെ തേടിക്കിട്ടിരിക്കാങ്കെ"

ഈ രാത്രി പതിനൊന്നു മണിക്കെന്തു കല്യാണമെന്നു ഞാന്‍ വാച്ചിലേക്ക് നോക്കി. സേട്ട് ഒരു വഷളന്‍ ചിരി ചിരിച്ചു.

"എന്നമോ പണ്ണറാങ്കെ, നമുക്കെതുക്ക് വമ്പ്, ശാന്തി വന്താ ഉള്ള വിടാതിങ്കെ, അപ്പടിയെ വിരട്ടി വിടുങ്കെ."

സേട്ട് അടുത്ത ബീഡി കത്തിച്ചു, സുഖമായി നിലത്തിരിന്നു മുതലാളിയുടെ കുറ്റങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഉറങ്ങാനോ, പോകാനോ ഉള്ള ഒരു ലക്ഷണവും കാണുന്നില്ല. ഞാനും ബീഡികള്‍ വലിച്ചു തള്ളി. ഇടക്കിടെ പരദൂഷണം നിര്‍ത്തി സേട്ട് ചോദിക്കും.

"ശാന്തി ഇങ്ക വരലയേ?"

ഇല്ലെന്നുള്ള എന്റെ മറുപടികളെ ഞെട്ടിച്ച് പിന്നെയൊരു ബീഡിക്കു തീ പിടിപ്പിച്ചുകൊണ്ട് സേട്ട് എന്നോടു ചോദിച്ചു.

"ബാത്ത് റൂമുക്കുള്ളെ യാരും ഇരുക്കാങ്കളാ.. ?"


സേട്ടിന്റെ ചോദ്യത്തെ ഞാന്‍ ചിരിച്ചു തള്ളുമ്പോഴേക്കും ഉറക്കം വരുന്നെന്ന് അയാള്‍ മുറിക്കു പുറത്തെത്തിയിരുന്നു. സേട്ടിന്റെ കയ്യില്‍ ബാക്കിയുള്ള ബീഡികള്‍ കൈക്കലാക്കി ഞാന്‍ വാതിലടച്ചു കുറ്റിയിട്ടു. എന്നിട്ടു പുതിയ ഒരു ബീഡി കത്തിക്കുമ്പോഴേക്കും ശാന്തി പുറത്തിറങ്ങി.

"സേട്ട് പോയിട്ടാണാ..?"

പോയെന്നു ഞാന്‍ തലയാട്ടി. ശാന്തിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അകത്ത് കരയുകയായിരുന്നുവെന്ന് വ്യക്തം. സേട്ട് കുമാറും ശെല്‍വവുമായി തിരിച്ചെത്തുമെന്ന് അവള്‍ ഭയപ്പെട്ടു. അല്‍പനേരം ആലോചിച്ചശേഷം ശാന്തി വാതിലിനടുത്തേക്കു നടന്നു.

"എങ്ക പോറേന്‍? ഇങ്ക ഉന്നൈത്തേടി യാരും വരമാട്ടങ്കെ.."

എന്നു ഞാന്‍ പറഞ്ഞെങ്കിലും എന്നെപ്പോലെ അവള്‍ക്കും അതിലത്ര ഉറപ്പില്ലെന്നു തോന്നി.

"എന്നാലെ ഉങ്കളുക്ക് എന്ത പ്രച്നയും വരക്കൂടാത്"

അവള്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു. വാതില്‍ തുറന്ന് ഇരുളില്‍ മറയും മുന്‍പ് ശാന്തി തിരിഞ്ഞു നിന്ന് ചിരിക്കാന്‍ ശ്രമിച്ചു, ഇനിയെങ്ങോട്ട് എന്ന ചോദ്യം എനിക്കവളുടെ കണ്ണുകളില്‍ കാണാമായിരുന്നു.എന്നത്തേയും പോലെ പിന്നേയും ഞാന്‍ ശാന്തിയെ പലവട്ടം കണ്ടുകൊണ്ടിരുന്നു. പക്ഷെ അന്നേ ദിവസം പിന്നീട് എന്തു സംഭവിച്ചു എന്ന് അവള്‍ എന്നോടു പറഞ്ഞതേയില്ല. ഒന്നും സംഭവിച്ചില്ല എന്നുപോലും.

Tuesday, February 3, 2009

കൌമാരം.....!

രണ്ട് വര്‍ഷം ഒരുമിച്ചു പഠിച്ചിട്ടും ഞാനവളെ ശ്രദ്ധിച്ചിരുന്നേ ഇല്ല...ജാനുവരിയുടെ തുടക്കത്തിലാണു പിന്‍ ബഞ്ചിലിരിക്കുന്ന യമുന എന്റെ മനസ്സിലേയ്ക്കു കടന്നു വരുന്നത്..എന്നെ നോക്കി തന്നെ ആണോ അവള്‍ പുഞ്ചിരിച്ചതെന്ന് അറിയാന്‍ ഞാന്‍ പുറകിലേയ്ക്കു തിരിഞ്ഞ് നോക്കി.അല്ല വേറേ ആരും ഇല്ലാ...അവിടെ തുടങ്ങി...ക്ലാസ്സിലിരിയ്ക്കുമ്പോളും ഞങ്ങളുടെ കണ്ണുകള്‍ കഥകള്‍ കൈമാറി...പേടി കൊണ്ടു അധികം ഒന്നും സംസാരിയ്ക്കാന്‍ പറ്റിയില്ല.


എന്നാലും അവളെ കാണാന്‍ എന്റെ മനസ്സു എപ്പോളും തുടിച്ചു..അവളോടൊപ്പം പോകാന്‍ ഞാന്‍ വീട്ടിലേയ്ക്കു പോകുന്ന വഴി തന്നെ മാറ്റി..ജാനുവരി, ഫെബ്രുവരിയ്ക്കും, പിന്നെ മാര്‍ച്ചിനും വഴി മാറിയപ്പോള്‍ മനസ്സു വേദനയാല്‍ നൊന്തു....ഇല പൊഴിയുന്ന ശിശിരത്തില്‍ അവള്‍ പോയാല്‍...???


അവള്‍ പോയി..കണ്ണില്‍ നിന്നു മറയുന്നത് വരെ തിരിഞ്ഞു നോക്കിക്കോണ്ട് മറഞ്ഞു മറഞ്ഞു പോയി..


“നീരറ്റ കുളത്തിലെ താമര വള്ളിപോൽ-

‍വേരറ്റു പോകല്ലേ നാം തമ്മിലുള്ള ബന്ധം...”


ഓട്ടോഗ്രാഫിലെ ഈ വരികള്‍ കാണുമ്പോള്‍ ഇന്നും ഒരു തുള്ളി കണ്ണുനീര്‍ ഹൃദയ കോണിലെവിടെയോ അടര്‍ന്നു വീഴുന്നു..പ്രണയത്തോടെ മാത്രം എന്നെ നോക്കിയിരുന്ന ആ തിളങ്ങുന്ന കണ്ണുകളും, പൊട്ടി ചിരിക്കുന്ന ആ മുഖവും എന്നെങ്കിലും ഇനി കാണുവാന്‍ സാധിയ്ക്കുമോ.................?

Sunday, February 1, 2009

വെള്ളം വെള്ളം സര്‍വ്വത്ര

ഈ രാത്രിയില്‍ ആല്‍ത്തറയില്‍ ഇരുന്നു കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുവാന്‍ എന്ത് രസം അല്ലേ ? ചെറുതായി പെയ്യുന്ന ചാറ്റ മഴ . പുതുമഴയില്‍ മനംകുളിര്‍ന്നു സന്തോഷത്തോടെ പുറത്തേക്ക് വരുന്ന ഭൂമിയുടെ മണം.മണ്ണിന്റെ മണം .

ശൂന്യതയില്‍ തൂക്കി ഇട്ടിരിക്കുന്ന ഒരു പളുങ്ക് മാലയിലെ നീല മുത്ത്‌ . അതാണ്‌ നമ്മുടെ ഭൂമി .എന്താണ് ഭൂമിക്കു നീല നിറം ? കാരണം നമുക്കെല്ലാം അറിയാം . ഭൂമിയുടെ മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നു . ബാക്കി ഒരു ഭാഗത്ത് മാത്രമാണ് ഈ ഭൂമിയിലെ മനുഷ്യരും മറ്റുള്ള കരജീവികളും , വൃക്ഷലതാതികളും , ഈ ആലും തറയും എല്ലാം നിലകൊള്ളുന്നത് .

വെള്ളമാണ് ഒരു ജീവന്റെ അടിസ്ഥാനം . വെള്ളമില്ലെങ്കില്‍ ഒരു ജീവനും ഭൂമിയില്‍ നിലനില്‍ക്കില്ല എന്നും അറിയാം . എന്നാല്‍ നമ്മള്‍ അതിനെക്കുറിച്ച് എത്രത്തോളം ബോധവാന്മാരാണ് എന്നതാണ് ഇവിടെ ചോദ്യം .ജല മലിനീകരണം ,വരണ്ട നദികള്‍ ,തടാകങ്ങള്‍ ഇവ നമ്മെ പ്രതിസന്ധിയില്‍ ആക്കി തീര്‍ത്തിരിക്കുന്നു .ജല ദൌര്‍ലഭ്യം നേരിടുന്ന ജനങ്ങള്‍ .കണക്കുകള്‍ സൂചിപ്പിക്കുന്നത് 2030 ദു കൂടി ലോകത്തിന്റെ പകുതിയില്‍ അധികം ജനങ്ങള്‍ ശുദ്ധ ജലത്തിനുവേണ്ടി പ്രയാസപ്പെടും എന്നാണ് .ഇനി ഒരു പക്ഷെ ശുദ്ധ ജലത്തിന് വേണ്ടി ഒരു യുദ്ധവും നടക്കാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല .തിരുവനന്തപുരത്ത് എന്റെ കഴിഞ്ഞ നാട്ടില്‍ പോക്കില്‍ ഒരു ദിവസം നേരില്‍ കാണാന്‍ കഴിഞ്ഞു വെള്ളം ഇല്ലാത്തതിന്റെ വിഷമങ്ങള്‍ . വലിയ വലിയ പട്ടണങ്ങളില്‍ ഒരാഴ്ച വെള്ളം നിന്നുപോയാല്‍ ഉള്ള അവസ്ഥ വലിയ കഷ്ടം തന്നെയാണ് . ഇന്ത്യയില്‍ ചില ഗ്രാമങ്ങളില്‍ വെള്ളത്തിനായുള്ള വലിയ നിര തന്നെ കാണാം . ചിലപ്പോള്‍ ഒരു കുടം വെള്ളത്തിനായി കിലോ മീറ്റര്‍ നടക്കുന്ന ജനങ്ങള്‍ .


ഡിട്രോയിറ്റ് നദിയില്‍ ഈ സമയം വെള്ളമെല്ലാം തണുത്തുറഞ്ഞു ഐസ് ആയിക്കിടക്കുന്നു .എല്ലാ വര്ഷവും വേനല്‍ക്കാലത്ത് അവിടെ ചൂണ്ട ഇടാന്‍ പോകുന്നതായിരുന്നു .ഇക്കുറി പോയില്ല .കാരണം ആ വെള്ളത്തിലും മെര്‍ക്കുറിയുടെ അളവ് കൂടിയിരിക്കുന്നു പോലും .അതുകൊണ്ട് ആ പുഴയിലെ മല്‍സ്യങ്ങളെയും അത് ബാധിച്ചിരിക്കുന്നു . ഫാക്ടറിയിലെ മാലിന്യങ്ങള്‍ പുഴകളില്‍ തള്ളുന്നത് മൂലമായിരുന്നു അങ്ങനെ സംഭവിച്ചത് .കീട നാശിനിയുടെ അമിതമായ ഉപയോഗം കാരണം കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടിലെ പുഴ മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി .അങ്ങനെ ജല നശീകരണം മനുഷ്യരെ മാത്രമല്ല മറ്റുള്ള ജീവ ജാലങ്ങളെയും ബാധിക്കുന്നു .


നമ്മുടെ ജലസമ്പത്തുകളെ നമുക്കു സംരക്ഷിക്കാം .അമിതമായ ഉപയോഗം കുറച്ച്ആവശ്യത്തിന് മാത്രം ജലം ഉപയോഗിക്കാം . ചില വീടുകളില്‍ അമിതമായാണ് വെള്ളം ഉപയോഗിക്കുന്നത് .വെള്ളം സൂക്ഷിച്ചുപയോഗിക്കാം .നാളെ വെള്ളത്തിനുവേണ്ടി കഷ്ടപ്പെടുന്നതിലും നല്ലതല്ലേ , നമ്മള്‍ ജലം ഇന്നു സൂക്ഷിച്ചു വെയ്ക്കുന്നത് .ജപ്പാന്‍ ശാത്രജ്ജന്‍ മസോരോ എമോട്ടോ പറഞ്ഞിരിക്കുന്നത് " വെള്ളത്തുള്ളികളില്‍ ബോധോര്‍ജ്ജം അടങ്ങിയിട്ടുണ്ടെന്നും , ഇതു മനുഷ്യരുടെ നല്ല ചിന്തകളെ ഉത്തേജിപ്പിക്കും " എന്നാണ് .


ആല്‍ത്തറയില്‍ വെടി വട്ടത്തില്‍ പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല . തൊണ്ട വരളുന്നു .ഞാന്‍ അല്പം വെള്ളം കുടിച്ചിട്ട് ഉടനെ വരാം ." വെള്ളം വെള്ളം സര്‍വ്വത്ര
തുള്ളി കുടിക്കാന്‍ ഇല്ലത്ര "