Friday, February 20, 2009

ഒരു മദ്യപാന സുവിശേഷം.

“അങ്ങിനെ പോകുന്നു മദ്യപാനത്തിന്റെ വിപത്തുകള്‍..!
ഈ സാമൂഹ്യ തിന്മയില്‍ നിന്നും നമ്മുടെ സമൂഹം മോചനം നേടിയെങ്കില്‍ മാത്രമേ നല്ലൊരു നാളെയെ നമുക്കു വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളു. അതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തുകൊള്ളുന്നു.”
അഖില കേരള മദ്യനിരോധന സമിതി താലൂക്ക് ട്രെഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു തന്റെ സുദീര്‍ഘമായ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇടിവെട്ടാം കോട് എല്‍. പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ച് കൂടിയിരുന്ന ബഹുപൂരിപക്ഷം ജനങ്ങളില്‍ നിന്നും ആശ്വാസ സൂചകമായ ഒരു നെടുവീര്‍പ്പുയര്‍ന്നു!
മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന് ചിത്രീകരിക്കുന്നതില്‍ നാണു ഏതാണ്ട് വിജയിച്ചു എന്നുതന്നെ കരുതാം.
“യുവാക്കള്‍ക്ക് അകാലത്തില്‍ മരണം വരുത്തിവക്കുന്ന ഒരു സാത്താനാണ് മദ്യം.“
അതായിരുന്നു ആ പ്രസംഗത്തിന്റെ സാരം.
“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം”
നാണു അനൌണ്‍സ് ചെയ്തു.
സ്തീകളായിരുന്നു അവിടെകൂടിയിരുന്നതില്‍ കൂടുതലും.

ആദ്യം മുന്നോട്ടുവന്നത് ഓട്ടോ തങ്കച്ചന്റെ കെട്ടിയവളായിരുന്നു.
തങ്കച്ചന്‍ ആക്സിഡന്റില്‍ പെട്ടതും ഒടുവില്‍ ഓട്ടോയുടെ ബുക്കും പേപ്പറും പണയം വെക്കേണ്ടി വന്നതുമെല്ലാം കുടി മൂലമാണെന്ന് അവര്‍ സമര്‍ത്ഥിച്ചു.

അതിനു ശേഷം രണ്ടു മൂന്നു സ്ത്രീകളും കൂടി മുന്നോട്ടു വന്ന് ഭര്‍ത്താക്കന്മാരുടെ കുടി മൂലം തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ സദസ്സിനെ അറിയിച്ചു.

ഇതെല്ലാം കേട്ടിരുന്ന പെണ്ണുങ്ങള്‍ കരഞ്ഞും മൂക്കുചീറ്റിയും തങ്ങളുടെ സഹതാപവും സങ്കടവും അന്യോന്യം പങ്കുവച്ചു.
അതുവരെ ഓഡിറ്റോറിയത്തിന്റെ മൂലയില്‍ ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലും പിടിച്ചുകൊണ്ടു നിന്നിരുന്ന കുഞ്ഞപ്പനാണ് അടുത്തതായി പ്രസംഗ വേദിയിലേക്ക് കടന്നു വന്നത്.

“മാന്യ നാട്ടുകാരെ.“
കുഞ്ഞപ്പന്‍ ആരംഭിച്ചു.

“കഴിഞ്ഞ ചിങ്ങത്തില്‍ എന്റെ ഭാര്യ മാത്തന്റെ മകള്‍ കൊച്ചുമറിയ വയറ്റോപ്പറേഷനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന വിവരം ഇവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെല്ലോ.
ഓപ്പറേഷന്റന്നു രാവിലെ സകലദൈവങ്ങളേയും വിളിച്ചുംകൊണ്ട് ഞാന്‍ മെഡിക്കല്‍ കോളേജില്‍ പോകാനായി കൊല്ലം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു.
അവിടെ തിരുവനന്തപുരത്തേക്കു പോകാനായി പാര്‍ക്കുചെയ്തിരുന്ന ബസ്സില്‍ ഞാന്‍ കയറിയിരുന്നു. ബസ്സിന്റെ ഏറ്റവും പുറകിലെ മൂലയിലായിരുന്നു എനിക്ക് സീറ്റ് കിട്ടിയത്.
അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വന്ന് , ടയര്‍ പഞ്ചറായതിനാല്‍ അതുമാറ്റുവാന്‍ വേണ്ടി് ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞുമാത്രമേ പുറപ്പെടുകയുള്ളുവെന്ന് അറിയിച്ചു.
എന്റെ കയ്യിലിരുന്ന ന്യൂസ്സ് പേപ്പര്‍ സീറ്റില്‍ വച്ച് അതു ബുക്കു ചെയ്തതിനു ശേഷം ഞാന്‍ പുറത്തിറങ്ങി.
ഭാര്യയുടെ കാര്യമാലോചിച്ചുള്ള ടെന്‍ഷനില്‍ അടുത്തുള്ള ബാറില്‍ക്കയറി രണ്ടു മൂന്നു സ്മാളും വിട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ ആ ബസ്സ് പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ക്കയറി ഞാന്‍ തിരുവനന്തപുരത്തേക്കു യാത്രയായി.
ഏതാണ്ട് ആറ്റിങ്ങലിനടുത്തെത്തിയപ്പോല്‍ ഞങ്ങളുടെ വണ്ടി ഒന്നു സ്ലോ ചെയ്തു.
പ്രിയമുള്ളവരേ അവിടെക്കണ്ട കാഴ്ച്ച കണ്ട് ഞാന്‍ മരവിച്ചിരുന്നു പോയി.
ഞാന്‍ ആദ്യം കയറിയ ബസ്സ് ഒരപകടത്തില്‍പ്പെട്ട് റോഡിന്റെ സൈഡില്‍ കിടപ്പുണ്ടായിരുന്നു.
ഞാനിരുന്നിരുന്ന സീറ്റിന്റെ ഭാഗം, അതായത് ബസ്സിന്റെ പുറകുവശം മൊത്തം തകര്‍ന്നു പോയി. അവിടെയിരുന്ന പത്തു പേര്‍ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു പോയി!
അന്നു മദ്യം എന്നെ രക്ഷിച്ചു.
മദ്യപിക്കാതെ ബസ്സില്‍ത്തന്നെ ഇരുന്നിരുന്നുവെങ്കില്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ ഇതു പറയുവാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല.
അതിനാല്‍ പ്രിയമുള്ളവരേ ഞാനിനിയും കുടിക്കും!”

കുഞ്ഞപ്പന്‍ കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നു വീണ്ടും കുടിച്ചു.

“ഇത് മിനറല്‍ വാട്ടറല്ല. വോഡ്ക്കയും സ്പ്രിന്റുമാണ്”

മദ്യനിരോധന സമിതി താലൂക്ക് ട്രഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു മൈക്ക് ഓഫു ചെയ്യുവാന്‍ ഓപ്പറേറ്ററോട് ആവശ്യപ്പെടും മുമ്പ് കുഞ്ഞപ്പന്‍ തന്റെ പ്രസംഗവും അവസാനിപ്പിച്ച് പുറത്തിറങ്ങി.

മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും വീണ്ടും വീണ്ടും കുടിച്ചും കൊണ്ട് നടന്നുപോയ കുഞ്ഞപ്പനേയും നോക്കി ജനം ഉത്തരം മുട്ടി നിന്നു!

17 comments:

പാമരന്‍ said...

ഹ ഹ! കുഞ്ഞപ്പന്‍ കീ...!

the man to walk with said...

athu nannayi...eppozhum mosham vasham maathram kandalo..:)

മാണിക്യം said...

മദ്യം ..
മനുഷ്യന്റെ ഓരോ കാര്യം !
കുഞ്ഞപ്പന്റെ പോസിറ്റീവ്
ചിന്തകള്‍ക്ക് സിന്താബാദ്

ശ്രീഹരി::Sreehari said...

ജീവിതത്തിന്റെ ഒരു വലിയ ഫിലോസഫി ആണല്ലോ തമാശരൂപേണ പറഞ്ഞു വെച്ചിരിക്കുന്നത്!

നിരക്ഷരന്‍ said...

ധീരാ വീരാ കുഞ്ഞപ്പാ ലച്ചം ലച്ചം പിന്നാലേ :)

ശ്രീഹരി::Sreehari said...

എം കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ എഴുതിയ ഒരു സംഭവകഥ കൂടെ..

പ്രാസംഗികന്‍ നമ്പര്‍ വണ്‍ :- നിങ്ങള്‍ കള്ളുകുടിക്കരുത് പുകവലിക്കരുത്. നിങ്ങള്‍ക്ക് എഴുപത് വയസു വരെ ജീവിച്ചിരിക്കാം...( ജനം ബോറടിച്ചിരിക്കുന്നു).

പ്രാസംഗികന്‍ നമ്പര്‍ ടൂ : നിങ്ങള്‍ കള്ളു കുടിക്കാതെയും പുകവലിക്കാതെയും ഇരുന്നാല്‍ എഴുപതു വയസ് വരെ ജീവിക്കാം. പക്ഷേ അങ്ങിനെ ജീവിച്ചിട്ട് എന്തു പ്രയോജനം!( നിര്‍ത്താത്ത കരഘോഷം)..

ഞാന്‍ ഈ ഏരിയയിലേ ഇല്ല.... ഓടി... :)

ചാണക്യന്‍ said...

കുഞ്ഞപ്പന്റെ അഭിപ്രായം വായിച്ചു...ഗൊള്ളാം..

അതേ....പേഴ്സണലായിട്ട് ചോദിക്കുവാ...ഈ കുടിയെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്:):):):)

കുഞ്ഞന്‍ said...

ഹഹ..അപ്പോള്‍ ഒന്നും കാണാതെയല്ല പടച്ചവന്‍ എല്ലാം പടച്ചത്..! കുഞ്ഞപ്പാ നീയാണ് താരം.

എം.എസ്. രാജ്‌ said...

ചില മദ്യ.. സോറി..വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്നലെ ഈ പോസ്റ്റില്‍ കമന്റിടാന്‍ പറ്റാതെ പോയതില്‍ ഖേദിക്കുന്നു. ശ്രീ. കുഞ്ഞപ്പനോടുള്ള ഐസിട്ട അഭിവാദ്യങ്ങളും ഇത്തരുണത്തില്‍ പ്രകടിപ്പിച്ചുകൊള്ളുന്നു.

ചങ്കരന്‍ said...

അതു തന്നെ കാര്യം പറയണമെങ്കില്‌ ഇത്തിരി മിനറല്‍സ് അകത്ത് ചെല്ലണം.

JamesBright said...

@പാമു:കുഞ്ഞപ്പന്‍ കീ..ജയ്..!

@ദ മാന്‍ ടു വാക്ക് വിത്ത്: വളരെ നന്ദി..നമസ്കാരം.

@മാണിക്യം:ചേച്ചീ..ഇതു ചില കുഞ്ഞപ്പന്‍ ചിന്തകളാണു കേട്ടോ..ചേച്ചി എന്നെ തെറ്റിദ്ധരിക്കല്ലേ..!

@ശ്രീഹരി:അതെയോ...ഇതൊരു നടന്ന സംഭവമാണു ഹരീ..ജീവിതം നമ്മളെ എവിടെ ,എങ്ങിനെ ,എപ്പോള്‍ കയ്യിലൊതുക്കും എന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല!

@നീരൂ:ന്റെ നീരൂ...മ്മക്കൊന്നു കൂടണ്ടെ ഇഷ്ടാ..?”


@ചാണക്യന്‍:“ന്റെ ചാണൂ..നന്ദി..മ്മക്ക് ആ ഡെയ്സീടെ കാര്യത്തില്‍ ഒരു തീര്‍പ്പൊണ്ടാക്കണം..!
ഒന്നുരണ്ടെപ്പിസോഡെഴുതെന്റിഷ്ടാ..!
പിന്നെ ഈ മദ്യപാനത്തെപ്പറ്റീ ഞാനെന്തു പറയാനാ ചാണൂ..ഞാനിപ്പൊം സ്മാളീന്നു ലാര്‍ജിലേക്കു പോവുന്നെന്നാ ഭാര്യയുടെ ഭാഷ്യം..!”

@കുഞ്ഞന്‍:“ദൈവമാണ് നമ്മളെ പടച്ചെതെങ്കില്‍ ഒരു പ്ലേനും അദ്ദേഹത്തിനുണ്ടാകാം..അല്ലേ..? കുഞ്ഞന്റെ അഭിപ്രായം എന്താണ് അതേപ്പറ്റി..?”

രാജ്:‘ നന്ദി..എന്തായാലും അഭിപ്രായം അറിയിച്ചല്ലോ..!

@ചങ്കു:“ന്റെ ചങ്കൂ..ഈ മിനറത്സില്ലാതെ ന്നെങ്കിലും മ്മള് ന്തെങ്കിലും പറയുമോ ന്റെ ചെങ്ങായീ..?”

കാപ്പിലാന്‍ said...

നല്ല സുവിശേഷം സാറേ :) .മിനറല്‍ വാട്ടര്‍ അപകടകാരിയാണോ :)

വിന്‍സ് said...

hahaha,..kalakkan

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇപ്പോ എനിക്കും ഒരു സംശയം!മദ്യം അന്തകനോ? അതോ രക്ഷകനോ?

JamesBright said...

@കാപ്പിത്സ്:മിനറല്‍ വാട്ടര്‍ അപകടകാരിയാകാം..അതിലെന്തെങ്കിലും മിക്സ്സായാല്‍ പിന്നെ കൈവിട്ടു പോകില്ലേ ന്റെ മൊയലാളീ..!

@വിന്‍സ്..ഒരു ടേങ്ക്സ്..!

@മുഹമ്മദു സഗീര്‍ പണ്ടാരത്തില്‍:ന്റെ സഗീറേ അതന്നെ ന്റെ സംശവും...രക്ഷകനാണോ വഞ്ചകനാണോ..ന്നു കരുതി ങ്ങളു സ്മാളടിക്കണ്ട..അതു മ്മക്കു ചേര്‍ന്നതല്ല..!

pattepadamramji said...

അപ്പോള്‍ അതാണ്‌ മദ്യത്തിണ്റ്റെ ഗുട്ടന്‍സ്‌. തന്തയെ കൊന്നാലും രണ്ടുണ്ട്‌ പക്ഷം

സഖാവ് BK said...

Yes.... Kunjappan anne Tharam....