Saturday, November 29, 2008

യുദ്ധത്തിന്റെ ബാക്കി പത്രം
നാടകീയമായ അറുപതു മണിക്കൂറുകള്‍ .
പത്തു തീവ്രവാദികള്‍ .
നൂറ്റി തൊണ്ണൂറ്റി അഞ്ചു മരണം .
ഒടുവില്‍ പുക പടലങ്ങള്‍ അടങ്ങിയ ഒരു ദിവസം
കൈ വന്ന വിജയവും പുഞ്ചിരിയും.
ഇനി വീതംവെപ്പിന്റെ,കണക്കു കൂട്ടലുകളുടെ ,
ജയപരാജയങ്ങളുടെ അളവ് തിട്ടപ്പെടുത്തലിന്റെ നാളുകള്‍ .
നഷ്ട്ടപ്പെട്ടവരെ ഓര്‍ത്തു ദുഖിക്കുന്ന കുടുംബങ്ങളുടെ
തോരാത്ത കണ്ണുനീരിന്റെ നാളുകള്‍ .
കത്തിയുയര്‍ന്ന പുകമറകള്‍ക്കുള്ളില്‍ കളിച്ച കൈകള്‍ ആരുടെയൊക്കെ ?
ഇനിയും വീണ്ടും ഇതാവര്‍ത്തിക്കാതിരിക്കട്ടെ .
ഭാരത്‌ മാതാ കി ജയ്
ഭാരത്‌ മാതാ കി ജയ്
ഭാരത്‌ മാതാ കി ജയ്‘ലാല്‍‌സലാംബിജു’ന്റെഓര്‍ക്കുട്ടില്‍ നിന്നും അടിച്ചു മാറ്റിയ ചില ഫോട്ടോകള്‍


Wednesday, November 26, 2008

ബോംബെയില്‍ ഭീകരാക്രമണം .

മാതൃഭൂമി വാര്‍ത്ത‍ .ബോംബയില്‍ ഭീകരാക്രമണം . എന്പത്തില്‍ പരം ആളുകള്‍ മരണപ്പെട്ടു .താജ് ഹോട്ടല്‍ ,ഒബെറോയി ഹോട്ടല്‍ എന്നിവ കത്തുന്നത് അമേരിക്കയില്‍ ട്രേഡ് സെന്റര് കത്തിയതിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു .തെരുവ് നീളെ തളം കെട്ടിക്കിടക്കുന്ന രക്തതുള്ളികള്‍ .പ്രാണ ഭീതിയാല്‍ ജനങ്ങള്‍ ഓടി മറയുന്നു .എങ്ങും അരക്ഷിതാവസ്ഥ .എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം ? ഇന്ത്യയിലെ രാഷ്ട്രിയ നേത്രത്വം പോലും പ്രതിക്കൂട്ടില്‍ .പ്രിയയുടെ പോസ്റ്റില്‍ പറയുന്നതു പോലെ നമുക്ക് ഇന്ത്യക്കായി പ്രാര്‍ത്ഥിക്കാം .ഒരു തിരിച്ചറിവിന്റെ സമയം അടുത്തിരിക്കുന്നു .
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പങ്കു വെയ്ക്കാന്‍ മടിക്കരുതേ . താഴെ കൊടുത്തിരിക്കുന്ന കവിതയില്‍ പറയുന്നത് പോലെ ഇനിയും ഒരു തലമുറ ഉണ്ടാകണം .രാജ്യസ്നേഹമുള്ള മക്കള്‍ .അതിനായി നമുക്ക് കാത്തിരിക്കാം .


ചെകുത്താന്‍

കഥകളിലും കവിതകളിലും
അമ്മൂമ്മ കഥകളിലും
ചെകുത്താന്‍ വിരൂപിയാണ്

ഞാന്‍ കണ്ട ചെകുത്താന്‍ സുന്ദരന്‍
ആണല്ല ,പെണ്ണല്ല വെറും നപുംസകം
എന്നില്‍ ,നിന്നില്‍ മനസിന്റെ
ഇരുണ്ട പ്രതലങ്ങളില്‍ അവന്‍
പറ്റികിടപ്പുണ്ടാകും
ചോരയിറ്റുന്ന നാവോ
കൂര്‍ത്ത കൊമ്പോ
മൂര്‍ച്ചയുള്ള പല്ലുകള്‍
ചുരുട്ടിയ വാല്‍
ഇവയൊന്നുമില്ല

മൂര്‍പ്പിച്ച ചിന്തകള്‍
ഇരുളില്‍ തിളങ്ങുന്ന കണ്ണുകള്‍
അവന്റെ സ്വരങ്ങള്‍ ,വാക്കുകള്‍
വീണ കമ്പിയുടെ മൃദു നാദം പോലെയും
ഇടിമുഴക്കങ്ങള്‍ പോലെയും തോന്നാം
വിപ്ലവ വീര്യംഉണര്‍ത്താം

കൊടുത്തതിനും , തിന്നതിനും
കിട്ടിയതിനും കിട്ടാന്‍ ഇരിക്കുന്നതിനും
കണക്ക് ചോദിക്കാം
വിശുദ്ധ സ്വര്‍ഗ്ഗം
സ്വപ്നം കണ്ടവന്‍
തെരുവില്‍ ഇറങ്ങും
തെരുവില്‍ ചോര പുഴകള്‍ ഒഴുക്കും

വിധവയുടെ ,കുഞ്ഞുങ്ങളുടെ
ആര്‍ത്ത നാദങ്ങള്‍ അവനില്‍
പുഞ്ചിരി വിടര്‍ത്തും

ഇനിയും ഒരു തലമുറ ജനിക്കണം
ഒരു പുത്തന്‍ തലമുറ
മകനേ ,
നിന്നെ ഞാന്‍ ജനിപ്പിക്കും
തുരുമ്പ് കെടുത്താത്ത മനസും
ഉയര്‍ന്ന ശിരസും
ഉറച്ച കാലടിയുമായ്
ഈ തെരുവില്‍ ഇറങ്ങുവാന്‍
ചെകുത്താനെ എതിര്‍ക്കുവാന്‍
നിന്നെ ഞാന്‍ ജനിപ്പിക്കും*


**

***
ഈ ചിത്രങ്ങള്‍ മുംബേ നിന്ന് എന്റെ സുഹൃത്ത് അമോല്‍ യാദവ് അയച്ചു തന്നത്..മാണിക്യം.

ബുധനാഴ്ച രാത്രി മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഡക്കാണ്‍ മുജാഹിദ്ദീന്‍ എന്ന അപ്രശസ്തമായ സംഘടന ഏറ്റെടുത്തു. എന്നാല്‍, സ്ഫോടനം നടന്നരീതിയും ആസൂത്രണവും സുരക്ഷാ ഏജന്‍സികള്‍ക്കിടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു.

സാധാരണക്കാരനെ പോലെ നടന്നു വന്ന ഒരു യുവാവ് എ കെ-47 തോക്ക് ഉപയോഗിച്ച് നാലുപാടും തുരുതുരാ വെടിവയ്ക്കുന്നത് ക്യാമറ ഷോട്ടുകളില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.

കറുത്ത മുറിക്കൈയ്യന്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ യുവാവിന്‍റെ ഇടത് തോളില്‍ നീല നിറത്തിലുള്ള തോള്‍ സഞ്ചിയുമുണ്ട്. ഇയാളുടെ കൈയ്യില്‍ ചുവന്ന ചരടും കെട്ടിയിട്ടുണ്ട്. സാധാരണ നിലയില്‍, കോളജില്‍ നിന്ന് വരുന്ന ഒരു യുവാവ് ആണെന്നു മാത്രമേ ഇയാളെ കണ്ടാല്‍ തോന്നുകയുള്ളൂ.

കൈയ്യില്‍ ചരട് കെട്ടിയിരിക്കുന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം ഉണ്ടാക്കുന്നത്. ആക്രമണം നടത്തിയത് തീവ്രവാദ ഹിന്ദു സംഘടനകളാണോ എന്നും ഏജന്‍സികള്‍ സംശയിക്കുന്നു.

മുംബൈ നഗരത്തെ നടുക്കിയ സ്ഫോടനങ്ങളിലും വെടിവയ്പിലും മൊത്തം 90 പേര്‍ മരിച്ചു എന്നും 900 പേര്‍ക്ക് പരുക്ക് പറ്റി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. താജ്, ഒബറോയ് ഹോട്ടലുകളില്‍ തമ്പടിച്ച ഭീകരരെ നേരിടാന്‍ സൈനിക കമാന്‍ഡോകള്‍ ശ്രമം തുടരുകയാണ്

മുംബൈയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ തടയാനും, അവര്‍ ബന്ദികളാക്കിയ ആളുകളെ മോചിപ്പിക്കാനും നടത്തിയ ശ്രമത്തിനിടെ ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍കറെ അടക്കം മഹാരാഷ്ട്ര പോലീസിലെ 5 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായി.

ഇവരടക്കം 11 പോലീസുകാര്‍ വെടിയേറ്റു മരിച്ചു ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. മുംബൈ ഡി.ഐ ജി അശോക് മാരുതി റാവ് ആണ് മരിച്ച മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥന്‍

ഭീകരര്‍ തമ്പടിച്ചിരിക്കുന്ന ടാജ്, ഒബ്‌റോയ് ഹോട്ടലുകള്‍ സൈനിക കമാന്‍ഡോകള്‍ വളഞ്ഞു. തെക്കന്‍ മുംബൈയില്‍ 90 പേരുടെ മരണത്തിനും 900 പേര്‍ക്ക് പരുക്ക് ഏല്‍ക്കുവാനും കാരണമായ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഭീകരര്‍ ഹോട്ടലുകളില്‍ സ്ഥാനമുറപ്പിച്ചത്.

ഹോട്ടലുകളില്‍ കയറിപ്പറ്റിയ സായുധ ഭീകരര്‍ ഇവിടെ താമസിച്ചിരുന്ന വിദേശികളെ ബന്ദികളാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വെളുപ്പിനാണ് കമാന്‍ഡോകള്‍ ഭീകരര്‍ക്കെതിരെയുള്ള നടപടി തുടങ്ങിയത്.

നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് പറയുന്നു. ഇതില്‍ രണ്ട് പേരെ താജില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇപ്പോഴും രണ്ട് ഹോട്ടലുകളും നിയന്ത്രണത്തിലായിട്ടില്ല.

ഭീകരര്‍ എന്ന് സംശയിക്കുന്ന ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ല

Saturday, November 22, 2008

ജാലകക്കാഴ്ച...


മറ്റൊരു ജാലകക്കാഴ്ച...

അടച്ചിട്ട എന്റെയീ
ജാലകത്തിനപ്പുറവും
ഒരു ശൂന്യത മാ‍ത്രം..
ഈ മരച്ചീല്ലകളില്‍
കലപില കൂട്ടിയകിളികളും
ഈ വീടിനുള്ളില്‍ ഓടിക്കളിച്ച
കുട്ടികളും ഇവിടം വിട്ട് പോയി..
ഈ മണ്ണില്‍ ചൂട്
തന്ന സൂര്യനിന്ന് വെറും
വെളിച്ചമായി നില്‍ക്കുന്നു.
ചിന്തകള്‍ക്ക് പോലും
നിര്‍വികാരതയുടെ തണുപ്പ്.
ഒറ്റപ്പെടലിന്റെ
മഞ്ഞു കൂമ്പാരത്തില്‍
ഒളിക്കുന്നു ഞാനും
ഇനിയൊരു വസന്തം
സ്വപ്നം പോലും
കാണാന്‍ കരുത്തില്ലാതെ............

ചിത്രം : മാ‍ണിക്യം

Thursday, November 20, 2008

കോഴി മോഷണം -കഥ

അയ്യോ ...അയ്യയ്യോ ...

അതൊരു നിലവിളി ആയിരുന്നു .വടക്കേ പറമ്പിലെ മീനാക്ഷി ആകാശത്തേക്ക് നോക്കി പ്രാകി
ആ കാലമാടന്റെ തലയില്‍ ഇടിത്തീ വീഴും . മീനാക്ഷി പൊട്ടിക്കരഞ്ഞു
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി ..
ഇന്നലെയും കൂടി മുട്ട തന്നതാണേ , ഞാനിനി എന്തോ ചെയ്യുമോ ?
മീനാക്ഷിയുടെ കൂട്ടിലെ രണ്ടു കോഴികളെ തലേന്ന് രാത്രി മോഷണം പോയിരിക്കുന്നു .

കേട്ടവര്‍ കേട്ടവര്‍ അവരവരുടെ കോഴിക്കൂട്ടില്‍ കയറി നോക്കി ,ശരിയാണ് .പലരുടെയും കോഴികളേയും ,താറാ വുകളെയും കാണാന്‍ ഇല്ല .ചിലര്‍ പറഞ്ഞു അതൊരു കള്ളന്‍ ആയിരിക്കും .
കള്ളന്മാര്‍ ഒരേ ദിവസം പല കൂട്ടില്‍ നിന്നും മോഷണം നടത്തുമോ ?ചിലര്‍ പറഞ്ഞു അല്ല ,അല്ല ,ഇതു മിക്കവാറും ഒരു കുറുക്കന്‍ അല്ലങ്കില്‍ പുലി അടുത്തുള്ള കാട്ടില്‍ നിന്നും ഇറങ്ങിയതായിരിക്കും .

പിന്നെ അതിനെ കുറിച്ചുള്ള അന്വഷണങ്ങള്‍ ആയി .അങ്ങനെയാണ് അടുത്തുള്ള കാട്ടിലെ ഒരു കുറുക്കന്‍ ആണ് ഈ പണി ഒപ്പിച്ചതെന്നു മനസിലാകുന്നത് .
തോടിനിക്കരെ നിന്നും കാര്‍ത്തൂ വിളിച്ചു പറഞ്ഞു
" എടി , മീനാക്ഷിയെ നീ ഒരു നോട്ടീസ് ആ കോഴിക്കൂടിന്റെ മുന്നില്‍ എഴുതി ഒട്ടിക്ക് " കുറുക്കന്റെ ശ്രദ്ധയ്ക്ക്‌ " എന്ന പേരില്‍ .അതിന്‍ പ്രകാരം മീനാക്ഷി വളരെ വിശദമായി ഒരു നോട്ടീസ് എഴുതി കോഴി കൂടിന്റെ മുന്നില്‍ ഒട്ടിച്ചു .

ഈ -വാര്‍ത്ത നാട് മുഴുവന്‍ അറിഞ്ഞു .

ആ ഗ്രാമം ഇളകി .കുറുക്കന് നേരെ പ്രതിഷേധ യോഗങ്ങള്‍ ചേര്ന്നു .കടലാസ് പുലികള്‍ മുഷ്ടികള്‍ ഉയര്ത്തി ആക്രോശിച്ചു .പല കോഴിക്കൂടിന്റെ മുന്നിലും നോട്ടീസ് ബോര്‍ഡുകള്‍ ഒട്ടിച്ചു .ഓരോ വീടുകളില്‍ നിന്നും നഷ്ടപ്പെട്ട കോഴികളുടെ എണ്ണം കണക്കിന്‍ കൊള്ളിച്ചു .
കുറുക്കന് നേരെയുള്ള നിയമ വശങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ നടന്നു .

പട്ടാളക്കാരന്‍ ലോനപ്പന്‍ ചേട്ടന്റെ കാര്യം മാത്രം ആരും പറഞ്ഞില്ല .അല്ലെങ്കില്‍ തന്നെ അവന്റെ കോഴികള്‍ അനുസരണ ഇല്ലാത്ത കോഴികള്‍ , രാത്രിയായാലും കൂട്ടില്‍ കയറാതെ കറങ്ങി നടക്കും .നമ്മുടെ എത്ര പാവം കുട്ടികളെയ ആ പൂവന്‍ കോഴികള്‍ കൊത്തി ഓടിച്ചിട്ടുള്ളത് .

വേണ്ട ,അവന്റെ കാര്യം പറയണ്ടാ ..തീരുമാനങ്ങള്‍ എടുത്തു .

ലോനപ്പന്‍ ഒന്നും പറഞ്ഞില്ല .
ലോനപ്പന്റെ അതിര്‍ത്തിയിലേക്ക് പോകാനുള്ള ദിവസം അടുത്തു .ലോനപ്പന്‍ പറഞ്ഞു " ഞാന്‍ കുറുക്കനെ വെടി വെയ്ക്കാന്‍ പോകുന്നു " കേട്ടവര്‍ വീണ്ടും വീണ്ടും ഞെട്ടി .എന്തേ , ലോനപ്പന്‍ മാത്രം വെടി വെച്ചാല്‍ മതിയോ .ഞങ്ങള്‍ക്കും അറിയാം വെടി വെയ്ക്കാന്‍ . അല്ല ഈ നാട്ടില്‍ വേറെ ആരും ഇല്ലേ വെടി വെയ്ക്കാന്‍ അറിയാവുന്നവര്‍ ?

ചോദ്യങ്ങള്‍ ആരംഭിച്ചു .

ലോനപ്പന്‍ വെടി വെയ്ക്കുമോ ? ഉണ്ട ഇല്ലാത്ത തോക്ക്‌ കൊണ്ടു വെടി വെയ്ക്കാന്‍ പറ്റുമോ ? കുറുക്കന്റെ അവകാശമല്ലേ കോഴിക്കൂട്ടിലെ കോഴിയെ പിടിക്കുക എന്നത് ?

ലോനപ്പന്‍ ഒന്നും മിണ്ടിയില്ല ,അവന്‍ അതിര്‍ത്തിയിലേക്ക് പോയി ..കടലാസ് പുലികള്‍ വീണ്ടും വീണ്ടും ഞെട്ടുകയും കോഴികള്‍ പോയ ദുഃഖത്തില്‍ കോഴിക്കൂടിന്റെ മുന്നില്‍ സത്യാഗ്രഹങ്ങളും നടത്തി .

Wednesday, November 12, 2008

ക്രിസ്മസ് കാലം വരവായി
നമ്മള്‍ കാത്തു കാത്തിരുന്ന ഒരു ക്രിസ്മസ് കാലം കൂടി വരവായി .ഇനി ഏറിയാല്‍ ഒരുമാസം കൂടി കഴിഞ്ഞാല്‍ ക്രിസ്മസ് വന്നെത്തും .അമേരിക്കയില്‍ ഇപ്പോഴേ ആളുകള്‍ ക്രിസ്മസ് സീസണ്‍ വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള തിരക്ക് കൂട്ടുന്നു .

ഇനി ആല്‍ത്തറയും ക്രിസ്തുരാജ പിറവിക്കായി അടുത്ത ഒരു മാസം ഒരുങ്ങുകയാണ് .ബൂലോകരെയെല്ലാം ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യട്ടെ .ഓണപരിപാടികള്‍ തോന്ന്യാശ്രമത്തില്‍ നടത്തിയതുപോലെ ഇവിടെയും നടത്തണം എന്നാണ് ആഗ്രഹം .

രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ഉള്ളൊരു മഞ്ഞു മൂടിയ രാത്രിയില്‍ ലോക രക്ഷകനായി യേശുദേവന്‍ ബെത്ലഹേം പുല്‍കൂട്ടില്‍ ജാതനായി എന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു .


കോടി കണക്കിന് ജനങ്ങള്‍ ക്രിസ്തുവിന്റെ ജനനം ഇപ്പോഴും കൊണ്ടാടുന്നു .പക്ഷെ പലര്‍ക്കും അറിയില്ല എന്തിനാണ് അവര്‍ ഇങ്ങനെ ആഘോഷിക്കുന്നത് എന്നത് .
മാനുകളെ പൂട്ടിയ തേരില്‍ ചുവന്ന വസ്ത്രം ധരിച്ച ക്രിസ്ത്മസ് അപ്പൂപ്പന്‍ വരുമെന്നും കുട്ടികള്‍ക്കെല്ലാം സമ്മാനം തരുമെന്നും ഉള്ള വിശ്വാസം .

എങ്ങനെയാണ് ഡിസംബര്‍ ഇരുപതന്ച്ച് ക്രിസ്മസ് ദിനമായി മാറുന്നത് ?
ഈ ഒരു ദിവസം ബൈബിള്‍ പ്രകാരം ഉള്ള ദിവസം അല്ല .പിന്നെങ്ങനെ വന്നു ?
(ബൈബിളില്‍ എങ്ങും കൃത്യമായ ഒരു ദിവസം പറയുന്നില്ല ).
കടുത്ത ശൈത്യത്തില്‍ അല്ല യേശു ജനിച്ചത്‌ .പിന്നെ എങ്ങനെ ഈ കഥകള്‍ ഉണ്ടായി ?
റീത്തുകള്‍ കൊണ്ടും ,ക്രിസ്മസ് മരങ്ങള്‍ കൊണ്ടും ,നക്ഷത്രം കൊണ്ടുമുള്ള അലങ്കാരങ്ങള്‍ എങ്ങനെയാണ് ജനപ്രചാരം നേടുന്നത് ?
ക്രിസ്തുവിന്റെ ജനനം വാണിജ്യവല്‍ക്കരിക്കുകയാണോ ?
ഈ ആഘോഷങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ ആരാധിക്കുന്നുണ്ടോ ?
ചിന്തിക്കാം .
ഇതിനായി ബൂലോകരെ മുഴുവന്‍ ഈ ആലിന്‍ ചുവട്ടിലേക്ക്‌ സന്തോഷത്തോടെ ഞങ്ങള്‍ ഷണിക്കുന്നു .

ക്രിസ്തുമസ്സ് ട്രീ ...
നല്ലക്രിസ്സമസ്സ് വൈന്‍ ഇട്ടു വച്ചു ഒന്ന് പരുവമാകട്ടെ ആല്‍ത്തറയിലെക്ക് എടുക്കാം ...

"ക്രിസ്‌മസ്സ് സന്തോഷത്തിന്റെ സമാധാനത്തിന്റെ സ്നേഹം പങ്കുവയ്‌ക്കുന്നതിന്റെ നാളുകള്‍ ആണത്.
അത് പല വിധത്തിലും ആവാം വാക്ക് സമ്മാനം ഭക്ഷണം പാനീയം ഏത് രൂപത്തിലും ആവാം ..".. കാപ്പിലാന്‍


പ്രയാസിക്ക് ആദ്യസമ്മാനം..


Saturday, November 8, 2008

ന്‌ലാവെളിച്ചത്തിലെ യാത്രാപഥംഅനുഭവകാണ്ഡം പ്രഥമ സര്‍‌ഗ്ഗം


എന്റെ ആദ്യ കാല്‍നട യാത്ര കാഷ്മീരില്‍ നിന്നായിരുന്നു നടന്നു പോകാന്‍ ആഗ്രഹിച്ചു പോയതല്ല ഒരു പതിനെട്ടുകാരന്റെ എല്ലാ എടുത്തു ചാട്ടവുമായ് ആണ് അമര്‍നാഥ് ഗുഹ കാണാന്‍ പോയത്. അന്നാണ് പില്‍ക്കാലത്ത് ഒത്തിരി അടുത്ത് കഴിയേണ്ടി വന്ന ദല്‍ഹി റയില്‍വേയ് സ്റ്റേഷനില്‍ ഒരു രാത്രി തങ്ങേണ്ടി വന്നത് പില്ക്കാലത്ത് പല രാത്രികളും വീടാക്കി മാറ്റിയ ഓള്‍ഡ് ദല്‍ഹി സ്റ്റേഷനില്‍ വെച്ചാണ് ആദ്യമായ് പൊലിസിന്റെ കൈയില്‍ നിന്നും കാരണം ഒന്നും കൂടാതെ അടിവാങ്ങിയത് .ഒരിക്കലല്ല മൂന്ന് പ്രാവിശ്യം .(കാരണം ഉണ്ടായിരുന്നു എന്റെ സുഹ്രുത്തുക്കള്‍ അഭിമാനമായ് കളിയാക്കുന്ന കാഷ്മീരി ഭീകരന്റെ രൂപം എനിക്ക് ജന്മനലഭിച്ചതാണ്). അതിലേക്ക് സന്ദര്‍ഭം വന്നാല്‍ വരാം. യാത്ര ആരംഭിച്ചത് റിഷികേശില്‍ നിന്നുമായിരുന്നു. ബോംബു പൊട്ടിയതു പ്രമാണിച്ചു പൂജ എക്സ്പ്രസ്സ് അതിന്റെ സകല ഗൗരവങ്ങളോടെയും അന്നു യാത്ര റദ്ദാക്കി അങ്ങനെ ഡല്‍‌ഹി റെയില്‍‌വെ സ്റ്റേഷനില്‍‌ ഒരു ദിവസം കഴിച്ചു കൂട്ടി അങ്ങനെ ആദ്യമായ് പ്ലാറ്റ്ഫോമുകള്‍‍ക്കു നടുവിലുള്ള പൈപ്പില് നിന്നും കുളിജപാദികള്‍ കഴിച്ചത് .കൂടെ മലയാളിയായ ഒരു പട്ടാളക്കരനും ഉണ്ടായിരുന്നു എന്റെ സാധനങ്ങള്‍ (തോള് സഞ്ചി )അദ്ദേഹവും അദ്ദേഹതിന്റെ പെട്ടികള്‍ ഞാനും മാറി മാറി കാവലിരുന്നു. രണ്ട് ദിവസതെ യാത്രക്കാര്‍ ഒരു ട്രെയിനില്‍ കയറിയാല്‍ എന്തു സംഭവിക്കും എന്നു പറയേണ്ടല്ലൊ ടിക്കറ്റില്ലാത്ത ഞാന്‍ ടോയ് ലറ്റിനകത്ത് ആകാശത്തും ഭൂമിയിലുമല്ലാതെ കഴിച്ചുകൂട്ടി, പിറ്റെ ദിവസം പട്ടാള വണ്ടികളുടെ പറുദീസയും അമ്പലങ്ങളുടെ നഗരവുമായ ജമ്മുവിലെത്തി. അവിടെ നിന്നും അമര്‍‌നാഥിലേക്കു പോകുവാന്‍ മിലിട്ടറി ക്യാമ്പില് പേരു രജിസ്റ്റര്‍ ചെയ്യണം. വണ്ടിക്കാശൊന്നുമില്ലാത്ത എന്നെപ്പോലുള്ള അഭയാര്‍‌ത്ഥികളെ ഏതെങ്കിലും ആളുകുറവുള്ള വണ്ടിയില്‍‌ പട്ടാളക്കാര്‍‌ തന്നെ കയറ്റിവിടും എന്നുള്ള അറിവുണ്ടായിരുന്നു പക്ഷേ ആദ്യ ഒന്നു രണ്ട് വണ്ടിക്കാരൊന്നും കയറ്റിയില്ല ചിലര്‍ക്ക് 'ബാബാജി'യെ കയറ്റിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷേ സ്ഥലമില്ല. ജമ്മുവിലിറങ്ങിയതു മുതല്‍‌ പലരും എന്നെ നോക്കുന്നുണ്ട് കാരണം എന്തെന്ന് ആദ്യം എനിക്കൊന്നും മനസിലായില്ല പക്ഷെ എനിക്കു വളരെയധികം തണുപ്പ് അനുഭവപ്പെടുന്നുണ്ട് കിടുകിടെ വിറക്കുന്നുമുണ്ട് പിന്നെ പലരും എന്നോട് സ്വറ്റര്‍‌ ഇല്ലാത്തതിനെ പറ്റി ചോദിച്ചു അപ്പോഴാണ് ആദ്യം നോക്കിയ നോട്ടത്തിന്റെ കാര്യം മനസ്സിലായത് കാരണം ഈ യാത്രയില്‍‌ ഒരു ഷാളു മത്രമെ എന്റെ കൈവശം ഉണ്ടായിരുന്നുള്ളു അതും വച്ചു തന്നെയാണ് ഞാന്‍‌ എന്റെ യാത്ര അമര്‍‌നാ‍ഥ് ഗുഹവരെ പൂര്‍‌ത്തിയാക്കിയത് (തിരികെ വരുന്നവഴി ചന്ദന് വാടിയില്‍ വെച്ചു കര്‍ണ്ണാടക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥന്‍ എനിക്കൊരു സ്വറ്ററും നല്ലൊരു ചെരുപ്പും തന്നു. അതു വരെയ്ക്കും ഞാന്‍‌ തണുത്തു വിറച്ചു തന്നെ കഴിഞ്ഞു )ജമ്മുവില് നിന്നും പഹല്‍ഗാവിലേക്കുള്ള ഒരു ടൂറിസ്റ്റ് ബസ്സില്‍ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട് അതിലെ പലരോടും അഭ്യര്‍‌ത്ഥിച്ചിട്ടും കാര്യം നടപ്പില്ലഒടുവില് ഒരു പട്ടാളക്കരന്‍ നിര്‍‌ബന്ധമായ് എന്നെയാ വണ്ടിയില്‍ ഇടിച്ചു കയറ്റി വിട്ടു അതിന്റെ അനിഷ്ടം സഹയാത്രികരില്‍ ചിലരുടെ മുഖത്തുണ്ടായിരുന്നു .അങ്ങനെ കോണ്‍വ്വെയ്യ് ആയി പോകുന്ന വാഹനങ്ങളിലൊന്നില്‍ ഞാനും യാത്രക്കാരനായ്. മുന്നിലും പിന്നിലും പട്ടാളക്കാരുടെ അകമ്പടിയും ഉണ്ട്. സര്‍‌വ്വത്ര പട്ടാളം കാരണം അതിനടുത്ത വര്‍‌ഷങ്ങളിലൊന്നില്‍ അമര്‍‌നാഥ് യാത്രികളെ തീവ്രവാദികള്‍ ആക്രമിച്ചു അനവധിയാള്‍ക്കാരെ കൊലപെടുത്തിയിരുന്നു അങ്ങനെ വണ്ടി എപ്പൊഴൊ ഉധംപൂരിലെത്തി അവിടെനിന്നും യാത്ര പുനരാരംഭിച്ചു. കുറച്ചു ചെന്നപ്പോള് മുന്നില്‍‌ മലയിടിഞ്ഞു മനുഷ്യരെ പോലെ അവിശ്വസനീയമായ് തന്നെ യാണ് ഈ നാട്ടില് മണ്ണും പെരുമാറുന്നത് എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീണു കളയും.അങ്ങനെ ഉദംപുരില്‍ തന്നെ അന്നു സ്റ്റേ ചെയ്യാന്‍‌ വണ്ടികളെയെല്ലാം തിരിച്ചു വിട്ടു. അവിടെ വെറുതെ കിട്ടിയ സമയത്തില്‍‌ ഒരു ആശ്രമം കണ്ടുപിടിച്ചു ഹിമാലയത്തിലെ ഒട്ടുമിക്ക ഭാഗത്തും ദക്ഷിണേന്ത്യക്കാരുടെ ആശ്രമങ്ങള്‍‌ ഉണ്ട് അത്തരം ഒന്നു ഉധംപൂരിലും കണ്ടെത്തി. അവിടെ നിന്നും അത്യാവശ്യം പ്രാദേശിക വിവരങ്ങളും ലഭിച്ചു പിറ്റെ ദിവസം അവിടെ നിന്നും യാത്ര പുനരാരംഭിച്ചു. ആ യാത്രയിലെ നല്ലൊരു അനുഭവം എന്തെന്നാല്‍‌ എല്ലാവരും യാത്രികള്‍ക്കായുള്ള റ്റെന്റുകളില്‍ കിടന്നപ്പൊള്‍ ഞാന്‍ പട്ടാളക്കാരുടെ കൂടാരത്തില്‍ അവരുടെ സ്ലീപ്പിങ്ങ് ബാഗിനകത്തുറങ്ങി അതിനു കാരണം എന്റെ വേഷവും മലയാളി എന്ന പരിഗണന ഒക്കെയായിരുന്നു. വഴിയില്‍ കണ്ട മലയാളീ പട്ടാളക്കാര്‍‌ മറക്കനാവാത്ത സഹായം ചെയ്തു തന്നു അവര് എന്നെ ഒരു ക്യാമ്പില് നിന്ന് അടുത്തതിലേക്ക് പരിചയക്കാരുടെ പേരും തന്നു പറഞ്ഞു വിട്ടു . പലരും എന്നെ ജ്യോതിഷിയായോ മറ്റോ തെറ്റിദ്ധരിച്ചു അതിന്റെ ഗുണ വശം എല്ലായിടത്തും നല്ല സ്വീകരണം എന്നതാണ്. പക്ഷേ അതിനൊപ്പം അവരില് പലരുടെയും ഭാവിയെ കുറിച്ചുള്ള ചോദ്യം എന്നെ ഒട്ടൊന്നുമല്ല വലച്ചത്. അതില്‍ മനസില്‍ തങ്ങി നിന്ന ഒരു പട്ടാളക്കാരനുണ്ട് തോമസ്സ് എന്നു വിളിക്കാം ഞനന്ന് മൂന്നാം ദിവസം മുകളില് അമര്നാഥില്‍ ചെന്ന ദിവസമായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഗുജറാളിന്റെ ഫാമിലി ദര്ശനനത്തിനെത്തിയത് അവരുടെ രണ്ട് ഹെലികോപ്റ്ററുകള്‍ എത്തിയതു കൊണ്ട് മറ്റ് സന്ദര്ശനകരെ കടത്തിവിട്ടില്ല ആ ഒഴിവില്‍ മെഡിക്കല് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന തോമസ് എന്നെ വി ഐ പികള്‍ക്ക് പിന്നാലെ ഗ്യാപ്പില് കുത്തിതിരുകി ദര്‍ശ്ശനത്തിനായ് കയറ്റി വിട്ടു. വി ഐപി കളുടെ കുറച്ചു പിന്നിലായ് ഒത്തിരി തിരക്കൊന്നുമില്ലാതെ ശാന്തവും സ്വസ്ഥവുമായ് അവിടെ കുറച്ചേറെ നേരം നിന്നു തിരികെ തോമസിന്റെ പക്കല് എത്തിയപ്പോള് തോമസ്സ് എന്നോട് ചോദിച്ചു “സ്വാമി എനിക്കു വേണ്ടി പ്രാര്ത്ഥിച്ചില്ലെ?” ഒരു നിമിഷത്തേക്കു ഞാന്‍ ഞെട്ടി കാരണം ആ ഗുഹാക്ഷേത്രത്തില്‍‌ അത്രയും സമയം ചിലവഴിച്ചിട്ടും പ്രാര്‍‌ത്ഥനയൊന്നും എന്നില്‍‌ നിന്നുയര്‍‌ന്നില്ല . പക്ഷേ തോമസിനായ് കൊണ്ടു പ്രാര്‍‌ത്ഥിക്കേണ്ടതായിരുന്നു കാരണം ആ യാത്രയില്‍ പരിചയപെട്ട ദുഖിതനായ ഒരു മനുഷ്യന് .അതെന്തെന്നാല്‍ ആറ്റു നോറ്റ് കാത്തിരുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു മധുവിധു കഴിഞ്ഞ് തിരിച്ചെത്തി നാലുമാസം കഴിഞ്ഞപ്പോള്‍ ഭാര്യ പ്രസവിച്ചു .രണ്ട് വര്‍‌ഷമായി തോമസ്സ് നാട്ടില്‍ പോയിട്ട് ഒന്ന് വിശ്വസിച്ച പൊണ്‍കുട്ടിയില്‍ നിന്നേറ്റ ചതി മറ്റൊന്ന് സമൂഹത്തിനു മുന്നിലുള്ള നാണക്കേട് ... സത്യത്തില് തോമസിന്റെ നല്ല ജീവിതത്തിനായി പ്രാര്‍‌ത്ഥിക്കേണ്ടതായിരുന്നു പ്രകൃതിയാണ് ദൈവം എന്നു വിശ്വസിക്കുന്ന എനിക്ക് തോമസിനു വേണ്ടി പ്രാര്‍‌ത്ഥന ചെയ്യാന്‍‌ അല്പം പോലും സങ്കോചവും ഉണ്ടായില്ല പ്രാര്‍‌ത്ഥിച്ചു പിന്നീടും എന്റെ പ്രാര്‍ത്ഥനാ വേളകളില്‍ തോമസ്സ് ഒരു സാന്നിദ്ധ്യമായിരുന്നു. കാശ്മീര്‍‌ യാത്രയില്‍ രാംബന് എന്ന സ്ഥലത്ത് തീവ്രവാദം ഭീകരവാദം എന്നിവയെക്കുറിച്ചു ഉള്ള അറിവു വെച്ചു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍‌ ഭയാനകം ആയ ഒരു സ്പോടനം സമീപത്തു നടക്കുകയും മുന്ന്പേര്‍‌ മരിക്കുകയും ചെയ്തിരുന്നു സാധാരണ മനുഷ്യര്‍‌ക്ക് ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഭയം ഇരട്ടിക്കും എന്തോ എനിക്കൊന്നും തോന്നിയില്ല.
മറക്കാനവാത്ത രണ്ട് സ്ത്രീ മുഖങ്ങള്‍ ആ കശ്മീര്‍‌ യാത്ര സമ്മാനിച്ചിരുന്നു അതിലൊന്ന് സാധരണ കാശ്മീരി വീട്ടമ്മ മറ്റൊന്ന് ജമ്മുവിലെ പരേഡ് ഗ്രൗണ്ടിനടുത്തുള്ള അഭയാര്‍യാര്‍ത്ഥി ക്യാമ്പില്‍ കണ്ട് മുട്ടിയ അത്യധികം സുന്ദരിയായ ഒരു പെണ്‍കുട്ടിയും. ആദ്യ കാഴ്ചയില്‍ തന്നെ ആ കുട്ടിയോട് എന്തോ ഒരു ആകര്‍‌ഷണീയത തോന്നിരുന്നു എം ടിയുടെ കഥകളില് വര്‍‌‍‌ണ്ണിച്ചിട്ടുള്ള കാഷ്മീരിന്റെ സൗന്ദര്യം മുഴുവന്‍‌ അവളിലേക്ക് ആവഹിച്ച പോലെ തോന്നിയിരുന്നു പക്ഷേ ആദ്യം മുതല്‍ തന്നെ ആ കുട്ടിയുടെ കണ്ണുകളിലെ തീഷ്ണത ഒരു ചോദ്യ ചിഹ്നം മനസ്സില്‍‌ കൊരുത്തിരുന്നു ഒരു പതിനാറുവയസ്സുകാരിയുടെ കണ്ണുകളില്‍ തെളിയുന്ന ഒരു കൗതുകങ്ങളും അവളുടെ കണ്ണുകളില് തെളിഞ്ഞിരുന്നില്ല . പിന്നീട് അവളുടെ കഥയിലൂടെ കടന്നു പോയപ്പൊഴാണ് ജീവിതവും സ്വപ്നവും ചതഞ്ഞരഞ്ഞു പോയ ഒരു കാഷ്മീരി പനിനീര്‍പ്പൂവിന്റെ കഥ പരിചയപ്പെടേണ്ടിയിരുന്നില്ലെന്നു മനസ്സില്‍‌ തോന്നി.
അവളുടെ അച്ചന്‍‌ ഒരു കാഷ്‌മീരി പണ്ഡിറ്റായിരുന്നു ഗ്രാമത്താലവന്‍‌ ആപ്പിള്‍ തോട്ടങ്ങളുടെ നടുവിലെ അവളുടെ വീട്ടിലേക്ക് ഒരു രാത്രി കടന്നു വന്ന ഭീകരര്‍ അച്ചനെയും സഹോദരനെയും വെടിവെച്ചു കൊന്നു ആ ഗ്രാമത്തിലെ സംഹാരതാണ്ഡവം കഴിഞ്ഞു ഭീകരര് മടങ്ങുമ്പോള് സമനില തെറ്റിയ ആ കുട്ടി തന്റെ അച്ചന്റെ മൃതദേഹത്തിനരുകില് കരയാന്‍ പോലും മറന്നിരുപ്പുണ്ടായിരുന്നു സ്വന്തം അച്ചന്റെ മുന്നില്‍ വെച്ച് കേവലം പന്ത്രണ്ട് വയസ്സുമാത്രം പ്രായമായ അവളെയെയും അതിനൊപ്പം അവളുടെ അമ്മയെയും അമ്മുമ്മയെയ്യും കൂട്ട മാനഭംഗത്തിനിരയാക്കിയിരുന്നു അതിന്റെ നടുക്കത്തില്‍‌ സമനില തെറ്റിയ ആ കുട്ടി വര്‍ഷങ്ങളോളം മാനസ്സിക രോഗ ചികിത്സയിലായിരുന്നു സര്‍‌വ്വവും നഷ്ടപ്പെട്ട ഒരു കുടുംബം അഭയാര്‍ത്ഥിയായ് മാറി ജമ്മുവിലെത്തിയിട്ട് നാലു വര്‍ഷം കഴിഞ്ഞിരുന്നു ഇനി ഒരു ജീവിതം സ്വപ്നം കാണാനുള്ള ശക്തി അവളിലുണ്ടാകുമോ ? ആ കണ്ണുകളില് തെളിയുന്ന ലോകത്തിനോട് മുഴുവനുള്ള അവജ്ഞയും പുച്ഛവും ഇനി എതു ജന്മത്തില് മാറും സ്വപ്നം കാണേണ്ട പ്രായത്തില് ഒരു ദിവസം കൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഒരു പെണ്‍‌കുട്ടിയുടെ മുഖം കുറെ നാള് മനസ്സിന്റെ താളുകളിലല്‍ മായാതെ നിന്നു അവിടെ നിന്നും അമൃത്‌സര്‍ വഴി തിരികെ നടന്നു പോന്ന എനിക്ക് ഹരിദ്വാറിലെത്തുവാന്‍ മൂന്ന് മാസം വേണ്ടിവന്നു ശ്രീനഗറില്‍ വെച്ച് വെള്ളം ചോദിച്ചപ്പോള്‍ ഒരമ്മ എന്നോട് ചോദിച്ച ഒരു ചോദ്യം പില്ക്കാലത്ത് ഞാന്‍ സ്വയം ചോദിക്കാറുണ്ട് ആപ് അപ്നാ ആത്മിയെ ക്യാ ഹിന്ദുസ്ഥാനി?(നിങ്ങള്‍ നമ്മുടെയാളാണൊ അതൊ ഹിന്ദുസ്ഥാനി(ഇന്ത്യക്കാരന്)യൊ

http://ponjaar.blogspot.com/.

ഇല കൊഴിയും ശിശിരത്തില്‍

അമേരിക്കയില്‍ ശൈത്യം ആരംഭിച്ചിരിക്കുന്നു .രാവിലെ തന്നെ ശക്തമായ കാറ്റും തണുപ്പും .മരങ്ങളില്‍ നിന്നും ഇലകള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങി .ഞാന്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ .മനുഷ്യന് തണുത്തിട്ട് ഇരിക്കാന്‍ വയ്യ .നിങ്ങളും അനുഭവിക്കുക ഈ ശൈത്യകാലം .

Friday, November 7, 2008

ലൌവ് ഇൻ ദുബായ്
എനിക്ക് ഉറക്കം വരണില്ല.രാത്രി അവളുടെ കരങ്ങൾ എന്റെ നെഞ്ചിൽ വന്നു വീഴുമ്പോൾ ഞാൻ ഒരു കൊച്ചുകുട്ടിയുടേതെന്ന പോലെ അവളുടെ കൈ എന്നിൽ നിന്നും അടർത്തി മാറ്റും.അവൾക്കായി ഒരു ചുംബനം പോലും ഞാൻ നല്കിയിട്ടില്ല.രാത്രി ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ ഞാൻ നിന്നെ കുറിച്ച് ഓർത്തു കിടക്കുകയാകും.എന്റെ കണ്ണൂകളിൽ ,എന്റെ നെഞ്ചിൽ നിറയുന്ന ഓർമ്മകളിൽ ഒക്കെ നീ മാത്രമാണ് അശ്വതി.”


ഒരു പക്ഷെ ജയൻ അശ്വതിക്ക് അയ്ച്ച മെയിൽ അങ്ങനെയായിരിക്കും.


ജയന് അശ്വതിയെ നഷ്ടപെട്ടത് ജാതകവും അശ്വതിയുടെ പിടിവാശിയും കൊണ്ടായിരുന്നു.


“എനിക്ക് ഒരു ജോലി കിട്ടിട്ട് മതി ഞാനും ഇത്രേം പഠിച്ചതല്ലെ ജയേട്ടാ?.” എനിക്കും ഒരു ജോലി വേണം. അശ്വതി ജയൻ കല്ല്യാണകാര്യം പറയുമ്പോഴൊക്കെ പറഞ്ഞത് അതായിരുന്നു.


എന്നിട്ട് എന്തു സംഭവിച്ചു.


ജയന്റെ വീട്ടുകാരും അശ്വതിയുടെ വീട്ടുകാരും തമ്മിൽ നല്ല ബന്ധാ.പോരാത്തതിന് നാട്ടുകാരും.ജയന്റെ അഛൻ രാഘവ പിള്ളയും അശ്വതിയുടെ അഛൻ നാരായണ കൈമളും ഒരേ സുകൂളിലെ രണ്ട് വാദ്ധ്യാന്മാർ.


ഇരുവരുടെ വീടും തമ്മിൽ നല്ലൊരു ബന്ധം വേണമെന്ന് ഇരുവർക്കും തോന്നിയതിൽ കുറ്റം പറയരുതല്ലോ?


ജയന്റെ അഛനാണ് നാരായണ കൈമളുടെ അടുത്ത് ഈ കാര്യം ആദ്യം പറഞ്ഞത്।


“നമ്മൂടെ പീള്ളേരു തമ്മില് ഒരു ബന്ധം ഉണ്ടാകുന്നത് നല്ലതാ.”


അശ്വതിയെയായിരുന്നു ജയന്റെ മരുമോളായി രാഘവപിള്ള കണ്ടത്.


എന്നാൽ ജാതകം നോക്കിയപ്പോൾ അശ്വതിയുടെ നാളും ജയന്റെ നാളും തമ്മിൽ ഒരു പൊരുത്തവുമില്ല.


പിന്നെ നാരായണ പിള്ള പറഞ്ഞൂ.


“രാഘവൻ എന്റെ മോളെ മരുമോളായി ആഗ്രഹിച്ചതല്ലെ?. എന്റെ രണ്ടാമത്തെ മോൾ ബിന്ദുവിന്റെ ജാതകം ജയനു നന്നായി ചേരും.അവർ തമ്മിൽ നല്ല പൊരുത്തമാ,.പക്ഷെ മൂത്തമോൾ നിലക്കുമ്പോൾ ഇളേ കുട്ടിടെ കല്ല്യാണം നടത്തണ ശരിയല്ലാല്ലോ?.ആദ്യം മൂത്ത കുട്ടിടെ കല്ല്യാണം.അതു കഴിഞ്ഞീട്ട് നമ്മൂക്ക് ആലോചിക്കാം?.“


ജയന്റെ കല്ല്യാണം ഇപ്പോ നടന്നില്ലേൽ ആറുവർഷം കഴിഞ്ഞെ അവന് കല്ല്യാണം ഉണ്ടാകു.അവനും ജാതകത്തിൽ ചില ദോഷങ്ങളുണ്ട്.”


രാഘവപിള്ള പറഞ്ഞൂ.


എങ്കിൽ നമ്മൂക്ക് രണ്ട് കല്ല്യാണം കൂടി ഒരുമ്മിച്ച് നടത്താം.


നാരായണപിള്ള പറഞ്ഞൂ.


ഈ സംഭവം അറിഞ്ഞപ്പോൾ ദുബായിൽ ജോലി ആയിരുന്ന ജയനെ അശ്വതി വിളിച്ചു.


ഇങ്ങനെയാം സംഭവം.


ജയൻ പറഞ്ഞൂ.

“ഞാൻ ലീവ് എടുത്ത് പെട്ടേന്ന് വരാം।”

ജയൻ ദുബായിൽ നിന്നും ലീവിൽ പെട്ടേന്ന് നാട്ടിൽ എത്തി।അശ്വതിയെ കണ്ട് പറഞ്ഞൂ

നിനക്ക് സമ്മതമാണെങ്കിൽ നമ്മൂക്ക് രജിസ്റ്റർ വിവാഹം നടത്താം.

അശ്വതി അന്നേരം പറഞ്ഞൂ.

“അതുവേണ്ട ജയേട്ടാം.നമ്മുടെ മാതാപിതാക്കളെ വേദനിപ്പിച്ചിട്ട് നമ്മൂക്ക് ഒരു ജീവിതം എന്തിന?.”


‘അശ്വതി ഞാൻ നിന്നെയാ സേനഹിച്ചത.നിന്റെ അനിയത്തിയെ അല്ല. ഒരു കല്ല്യാണം കഴിഞ്ഞാലും ഒരിക്കലും അവളെ എനിക്ക് സേനഹിക്കാൻ കഴിയില്ല.”


‘ജയേട്ടന്റെ അഛനും എന്റെ അഛനും ചേർന്ന് അലോചിച്ചതല്ലെ അവരെ വേദനിപ്പിക്കണ്ട,“


‘നീയെന്നെ ഭ്രാന്ത് പിടിപ്പിക്കല്ലെ അശ്വതി.”


“ഞാൻ ജയേട്ടന്റെ നന്മയോർത്താണ് പറയുന്നത്. ഇങ്ങനെ ഒരു കല്ല്യാണം നടന്നാൽ ജയേട്ടനു വല്ലോ സംഭവിക്കും.അതിനു ഞാൻ കാരണകാരിയാവില്ല.


‘വേണ്ട നിനക്ക് വേണ്ടങ്കിൽ എനിക്കും കല്ല്യാണം വേണ്ട.ഞാൻ ഇനി ഈ നാട്ടിലേക്ക് പോലും വരില്ല.


“ജയേട്ടാ പ്ലീസ് എന്നെ ജയേട്ടൻ സേനഹിക്കുന്നുണ്ടെങ്കിൽ ഈ കല്ല്യാണത്തിനു ജയേട്ടൻ സമ്മതിക്കണം.”


“അശ്വതി നിനക്ക് എങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നു.”


‘ജയേട്ടന്റെ നന്മയെ കരുതിയാ‘.


ജയൻ അവളെ കുറെ ഉപദേശിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ല.


അവസാനം ജയൻ ഇരുവീട്ടുകാരുടെയും താല്പര്യത്തിനു വഴങ്ങി അശ്വതിയുടെ കഴുത്തിൽ താലിക്കെട്ടി.


കല്ല്യാണം ഇപ്പോ വേണ്ട ഒരു ജോലി കിട്ടിട്ട് മതീന്നുള്ള വാശിയിൽ അശ്വതിയുടെ കല്ല്യാണം നടന്നതൂമില്ല.


വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ ജയൻ ബിന്ദുവിനോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു.


അന്നേരം ബിന്ദു ജയനോട് പറഞ്ഞു.


ചേച്ചി പറഞ്ഞപ്പോലെ കുറെ കഴിയുമ്പോൾ ജയേട്ടന് ഒക്കെ മറക്കാൻ കഴിയും.ഒക്കെ ജയേട്ടൻ മറക്കും.


അതിനുശേഷം രണ്ടീസം കഴിഞ്ഞപ്പോൾ ജയൻ നാട്ടിൽ നിന്നും ബിന്ദുവിനെം കൂട്ടി പെട്ടേന്ന് തന്നെ ദുബായിക്ക് പോന്നു.


ദുബായിൽ എത്തിയിട്ടും ജയന്റെ മനസ്സിനെ അശ്വതിയെ കുറിച്ചുള്ള ഓർമ്മകൾ വേട്ടയാടി.ബിന്ദുവുമായിട്ട് ജയൻ എപ്പോഴും വഴക്കടിച്ചു.


ജയന്റെ ദുബായിലെ ഏറ്റവും അടുത്ത സുഹൃത്താണ് ഉണ്ണീ. അമ്പലപ്പുഴകാരൻ.


ജയൻ ബാച്ചിലറായിരുന്നപ്പോൾ ഉണ്ണീക്കൊപ്പമാണ് താമസിച്ചിരുന്നത്.


ജയൻ കല്ല്യാണം കഴിച്ച് താമസം തുടങ്ങിയപ്പോഴും പഴയ കൂട്ടുകാരന്റെ പ്രശ്നങ്ങളിൽ ഉണ്ണി പലപ്പോഴും ഇടപ്പെടുമായിരുന്നു.


ജയനാകട്ടേ പലപ്പോഴും ഉണ്ണീയുടെ സാമീപ്യം വലിയൊരു ആശ്വാസവുമായിരുന്നു.


അങ്ങനെ ജയന്റെ വീട്ടിലെ നിത്യ സന്ദർശകനായ ഉണ്ണീ ബിന്ദുവുമായിട്ട് അടുത്തൂ.


ജയനും ബിന്ദുവും ഇതുവരെ ഭാര്യ-ഭർത്തക്കന്മാരായിട്ടില്ലാ എന്ന് ഉണ്ണിക്ക് അറിയാമായിരുന്നു.


തന്റെ കൂട്ടുകാരന്റെ വിഷമത്തിൽ പങ്കാളിയായ ഉണ്ണി തന്നെയാണ്.


ഒരിക്കൽ ഒരു യാത്രയിൽ ജയനോട് കാര്യങ്ങൾ തുറന്നു പറഞ്ഞത്.


നീ ഇപ്പോഴും അശ്വതിയെ സേനഹിക്കുന്നുണ്ടെന്ന് എനിക്കറിയാ.അശ്വതിയെ മനസ്സിൽ വച്ചു കൊണ്ട് നിനക്ക് ഒരിക്കലും ബിന്ദുവിനെ സേനഹിക്കാൻ കഴിയില്ല.നീ കാരണം ആ പെൺകുട്ടിടെ കൂടി ജീവിതം ഇല്ലാതാക്കരുത്.നീ ഈ വിധത്തിൽ പോയാൽ അവൾ വല്ലോ ചെയ്യും.”


ജയൻ ഉണ്ണിയേ അന്നേരമൊന്ന് നോക്കി.


“നീ കാര്യങ്ങൾ അശ്വതിയോട് പറയ്.“


പറഞ്ഞിട്ട് എന്തു പ്രയോജനം?.

“നീ വഴക്ക് ഉണ്ടാക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാ.”നീ പ്രശനമൊന്നും ഉണ്ടാക്കരുത് നീ പ്രൊമിസ് ചെയ്താലെ ഞാൻ പറയാ.”


“പറയടാ ഞാൻ എന്തു പ്രശനം ഉണ്ടാക്കാൻ?.”


“ബിന്ദുവിനെ എനിക്ക് ഇഷ്ടമാണ്.ഞാൻ ആ കുട്ടിയുമായിട്ട് സംസാരിച്ചു.നീ അശ്വതിയെ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കണം.നിനക്ക് സമ്മതമാണെങ്കിൽ ഞാനവളെ കല്ല്യാണം കഴിക്കാം.”


“എടാ നീയെന്തൊക്കെയാ ഈ പറയണെ?


“ഞാനും ബിന്ദുവും നന്നായി ആലോചിച്ചു. നീയവളെ കല്ല്യാണം കഴിച്ചിട്ട് നാലുമാസമായില്ലെ?।ഇന്നുവരെ നിങ്ങൾ.....................?


“ഇതൊന്നും ഞാൻ പറയണ്ടതല്ല.”


ഉണ്ണീ പറഞ്ഞൂ.


“ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറയുന്നെ?“


“ഞാൻ ബിന്ദുവുമായിട്ട് സംസാരിച്ചു.ആ കുട്ടിക്ക് ഒരു ജീവിതം വേണം.നീയിങ്ങനെ നശിക്കണ കാണാൻ ആ കുട്ടി ആഗ്രഹിക്കുന്നില്ല. നീ അശ്വതിയെ തന്നെ കല്ല്യാണം കഴിക്കണം.”


“അതെങ്ങനെ നടക്കും.ഞാനും ബിന്ദുവും തമ്മിൽ ഡൈവോഴ്സ് ആകണോ? അങ്ങനെ സംഭവം ഉണ്ടായാൽ ഞങ്ങളുടെ വീട്ടുകാർ .സമൂഹത്തിൽ നല്ല വിലയുള്ള ഒരു ഫാമിലിയാണ് ഞങ്ങളുടേത്.”


ഒക്കെ എനിക്കറിയാം.”


“നിനക്ക് സമ്മതമാണെങ്കിൽ ഞാൻ ഒരു കാര്യം പറയാം.”


എന്താ.?”


“ഞാൻ നിനക്ക് വേണ്ടി അശ്വതിയെ കല്ല്യാണം കഴിക്കാം.” പക്ഷെ എല്ലാം നമ്മൾ നാലാളും സംസാരിച്ച് തീരുമാനിക്കണം.”


“അതു നടക്കുമോ?“


നിനക്ക് വേണ്ടിട്ടാ.നിനക്ക് അശ്വതിയെ കിട്ടാൻ ഇതെ മാർഗ്ഗമുള്ളൂ ഞാൻ നോക്കിട്ട്.അശ്വതിയുമായിട്ട്


നീ സംസാരിക്ക്


ഞാൻ സംസാരിക്കാം.


അവൻ പറഞ്ഞൂ.


അവൻ അശ്വതിയുമായിട്ട് സംസാരിച്ചു.


പക്ഷെ അശ്വതി എതിർത്തൂ.


“അതു വേണ്ട ജയേട്ടാ.അതു വലിയ തെറ്റാണ്.


“പക്ഷെ അശ്വതി നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.നിന്റെ അനിയത്തി അവൾക്കൊരു ജീവിതം വേണ്ടെ?. ഞാൻ കാരണം അവളുടെ ജീവിതം കൂടി തകരും.”


ബിന്ദുവും അശ്വതിയെ വിളിച്ച് കാര്യം പറഞ്ഞു.


“ചേച്ചി ഇതിനു സമ്മതിണം.ഇല്ല്യേൽ ഞാൻ ജീവിച്ചിരിക്കില്ല.”


അവസാനം അശ്വതി സമ്മതിച്ചു.


ബിന്ദുവിനും ജയനും ഒപ്പം നാട്ടിൽ ഉണ്ണിയും വന്നു.


ഉണ്ണീയുമായിട്ട് അശ്വതിയുടെ കല്ല്യാണം നടന്നു.


ഏറെ വൈകാതെ അവർ ദുബായിക്ക് പോന്നു.ദുബായി എയർപോട്ടിൽ വന്നിറങ്ങിയപ്പോൾ ഉണ്ണീ ബിന്ദുവിനൊപ്പവും അശ്വതി ജയനൊപ്പവും അവരുടെ വീടുകളിലേക്ക് പോയി.


ജയൻ അഗ്രഹിച്ചതു പോലെ അവന്റെ അശ്വതിയെ അവനു കിട്ടി.


നാട്ടിൽ ജയന്റെ ഭാര്യ ബിന്ദുവാണ്.ഉണ്ണീയുടെ ഭാര്യ അശ്വതിയും.ദുബായിൽ നേരെ തിരിച്ചും.


ഏറെ താമസിയാതെ അവർക്ക് കുട്ടികൾ ഉണ്ടായി.


ഇപ്പോ നാട്ടിൽ പോകുമ്പോൾ ഉണ്ണീയുടെ കുട്ടിയുമായി ബിന്ദു ജയന്റെ ഭാര്യയാകും.അശ്വതിയാകട്ടേ ജയന്റെ കുട്ടിയുമായി ഉണ്ണീയുടെ ഭാര്യയും.


നാട്ടിൽ എത്തിയാ‍ൽ ഇവർ അധികം നിൽക്കാറില്ല.


കുട്ടികൾ വലുതായാൽ ആരേ അഛാ എന്ന് വിളിക്കും എന്നുള്ള ചിന്തയിലാണിന്നിവർ


കുറിപ്പ്: അബുദാബിയിൽ നിന്നും ദുബായിലേക്ക് ഉള്ള യാത്രയിൽ ഷഹാമയിൽ അലപം കുന്നിൽ മുകളിൽ ചായകുടിക്കാൻ കയറിയപ്പോൾ പരിചയപ്പെട്ട ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ കഥ।ഈ കഥയിലെ കഥാപാത്രങ്ങൾ ദുബായിൽ ജീവിക്കുന്നു.

Tuesday, November 4, 2008

ബറാക്ക് ഹുസൈന്‍ ഒബാമബറാക്ക് ഹുസൈന്‍ ഒബാമ

ഈ പെന്‍സില്‍ സ്കെച്ച് വരച്ചിരിക്കുന്നത് എന്റെ മകള്‍

അജ്‌നു ക്ലെയര്‍ ജെയ്ക്കബ്

അമേരിക്കന്‍ തിരഞ്ഞെടുപ്പും ഞാനും


ലോക രാഷ്ട്രങ്ങള്‍ ഇന്ന് അമേരിക്കയിലേക്ക്‌ ഉറ്റു നോക്കുന്ന സമയം .ഇന്നാണ് അമേരിക്കന്‍ ജനത തങ്ങളുടെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ പോളിംഗ് സെന്റെരിലേക്ക് പോകുന്നത് .ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഒബാമ എന്ന കറുത്ത മുത്തും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജോണ്‍ മകൈനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം .അവസാന നിമിക്ഷം വരെ എന്ത് സംഭവിക്കും എന്ന് പറയാന്‍ പറ്റാത്ത സ്ഥിതി .പല ഭാഗങ്ങളിലും ബാരക്ക് ഒബാമ മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും ചിലപ്പോള്‍ അവസാന നിമിക്ഷം കണക്കുകൂട്ടലുകള്‍ തെറ്റാം .സ്കൂള്‍ കുട്ടികളുടെ ഇടയില്‍ നടത്തിയ ഇലക്ഷനില്‍ ഒബാമക്കാണ് മുന്‍തൂക്കം .

എനിക്ക് ഗ്രീന്‍ കാര്‍ഡ് ഉണ്ടെങ്കിലും അമേരിക്കന്‍ പൌരന്‍ ഇതുവരെ ആയിട്ടില്ല .ആദ്യകാലത്ത് ദുബായില്‍ നിന്നും വളരെ വേഗം ഇങ്ങോട്ട് പറിച്ചു നട്ടപ്പോള്‍ എനിക്ക് ആകെ വിഷമം ആയിരുന്നു .എന്തിനാണ് ഇങ്ങോട്ട് വന്നത് ? നല്ല രീതിയില്‍ മനുഷ്യരെ പോലും കാണാന്‍ കഴിയാത്ത ഒരു പരിസ്ഥിതി .ദുബായ് എന്ന മനോഹര പട്ടണത്തില്‍ വേണമെങ്കില്‍ കുറെ നാളുകള്‍ കൂടി കഴിയാമായിരുന്നു .ഇങ്ങനെയൊക്കെ പോയി എന്റെ ചിന്തകള്‍ .

ഇവിടെ ഇപ്പോള്‍ വേരുകള്‍ പിടിച്ചു തുടങ്ങിയിരിക്കുന്നു .അങ്ങനെ ഞാന്‍ ഈ നാടിനെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു .ഒരു പക്ഷേ ഈ അമേരിക്കന്‍ വെള്ളം നിത്യം കുടിക്കുന്നത് കൊണ്ടാകാം എനിക്കങ്ങനെ തോന്നുന്നത് .എങ്ങനെ ആയാലും ഞാന്‍ അമേരിക്കയെ സ്നേഹിക്കുന്നു .ഒരു പോറ്റമ്മ എന്ന നിലയില്‍ .

അങ്ങനെ നോക്കുമ്പോള്‍ വോട്ട് ഇല്ലെങ്കിലും ഞാനും ഈ ഇലക്ഷനില്‍ കാര്യമായ പ്രാധാന്യം കൊടുക്കുന്നു എന്നതാണ് സത്യം .മനസ് കൊണ്ടെങ്കിലും അമേരിക്കയില്‍ ഇനി ഒരു യുവ രക്തം സിരകളില്‍ ഓടുന്ന ഒരാള്‍ വേണമെന്നാണ് ആഗ്രഹം .ഇനിയും ഒരു പടുകിളവനെ താങ്ങാന്‍ ഉള്ള കെല്‍പ് അമേരിക്കക്കില്ല .

ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രൈമറി ഇലക്ഷന്‍ നടക്കുന്ന സമയത്ത് ഞാന്‍ ഒരു ഗവിത എഴുതി " ബുഷും ഒബാമയും പിന്നെ ഞാനും ".വൈകുന്നേരം എഴുമണി ആയപ്പോള്‍ ഞാന്‍ അത് പോസ്റ്റി. അമേരിക്കയില്‍ ഉള്ള ചിലര്‍ അത് വായിച്ചു .അതില്‍ ഞാന്‍ ബുഷിനെ കുറ്റം പറഞ്ഞു .ഹിലാരി ക്ലിന്റണ്‍ ആയിരുന്നു ആ സമയം ഒബാമയുടെ എതിര്‍ സ്ഥാനാര്‍ഥി .ഞാന്‍ അതില്‍ ഇങ്ങനെ എഴുതി ."അമേരിക്കയുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഒരു പെണ്ണ് പ്രസിഡന്റ് ആയി ഇരുന്നിട്ടില്ല ".അത് പോസ്റ്റ് ചെയ്തു കഴിഞ്ഞു ഞാനും കുടുംബവും അടുത്തുള്ള ഒരു വീട്ടില്‍ ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കു പോയി രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി .അപ്പോള്‍ ഒരു ഫോണ്‍ കാള്‍ .ഫോണ്‍ ഞാനാണ് എടുത്തത്‌ .അല്പം മദ്യം ഉപയോഗിച്ചത് കൊണ്ടു തലക്കു നല്ല കിക്കും ഉണ്ട് .ഫോണില്‍ ഒരു സായിപ്പായിരുന്നു .ബുഷിനെ കുറിച്ച് എന്തോ പറഞ്ഞു നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ആയി .എനിക്കാകെ പേടി തോന്നി .ബ്ലോഗിന്റെ ബാല പാഠങ്ങള്‍ പഠിച്ചു കൊണ്ടു സിംഹങ്ങളും പുലികളും കുറുക്കന്മാരും വിലസുന്ന ബ്ലോഗിന്‍ വനാന്തരങ്ങളില്‍ ഒരു കുഞ്ഞാടിനെ പോലെ ഞാന്‍ നടക്കുന്ന സമയം .ബ്ലോഗില്‍ എന്തെഴുതണം ,എന്തെഴുതരുത് എന്നൊന്നും അറിയാന്‍ കഴിയാത്ത സമയം . പെട്ടന്ന് തന്നെ അന്ന് പോസ്റ്റ് ചെയ്ത ഗവിത ഓടിപ്പോയി നോക്കി .ഫീഡ് ജെറ്റില്‍ നോക്കിയപ്പോള്‍ ആരോ ന്യൂ ഡല്‍ഹിയില്‍ നിന്നും ഈ കവിത വായിച്ചിരിക്കുന്നു .എന്റെ പേടി ഇരട്ടിച്ചു .ഗവിത അതിര്‍ത്തി കഴിഞ്ഞു പോയിരിക്കുന്നു .ഇതായിരിക്കണം സംഭവം .ഞാന്‍ ഉടനെ തന്നെ ആ ഗവിത ഡ്രാഫ്റ്റ് ആക്കി ഇട്ടു .ആ രാത്രി ഞാന്‍ ഉറങ്ങിയില്ല .ഓരോ നിമിക്ഷവും പുറത്തൊരു പോലീസ് കാര്‍ വന്നു നില്‍ക്കുന്നതും എന്നെ അറസ്റ്റ് ചെയ്യ്തു കൊണ്ടു പോകുന്നതും അങ്ങനെ ഓരോ സംഭവങ്ങള്‍ മനസ്സില്‍ കൂടി ഇങ്ങനെ പോയിക്കൊണ്ടിരുന്നു .വീട്ടില്‍ ആരോടും പറയാന്‍ പോയില്ല .എന്തിനാണ് അവരെ കൂടി വിഷമിപ്പിക്കുന്നത് ?പിറ്റേന്ന് വൈകുന്നേരം ആയപ്പോള്‍ വീണ്ടും ഈ ഫോണ്‍ വന്നു .അപ്പോഴാണ്‌ സംഭവം മനസിലാകുന്നത് .ആ ഫോണ്‍ കാള്‍ എന്റെ ഗവിതക്ക് വേണ്ടിയല്ല പകരം ബുഷിന്റെ ഭരണത്തെകുറിച്ചും ,ബുഷിനെ കുറിച്ചും ഫോണില്‍ കൂടി സര്‍വ്വേ ചെയ്യുന്നതിന് വേണ്ടിയാണ് വിളിച്ചതെന്ന് .നേരെ തിരിച്ചായിരുന്നു സംഭവിച്ചതെങ്കില്‍ മലയാളം ബ്ലോഗ്ഗില്‍ ബുഷിനെ കുറിച്ച് എഴുതിയതില്‍ ആദ്യമായി ജയിലില്‍ പോകുന്ന ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ഞാന്‍ പ്രശസ്തന്‍ ആയേനെ .അവിടെയും വിധി എന്നെ തോല്‍‌പിച്ച് കളഞ്ഞു .പിന്നീട് ഞാന്‍ ആ കവിത ബുഷ് എന്നത് മാറ്റി
" മല്ലനും ,ഒബാമയും പിന്നെ ഞാനും" എന്നാക്കി .വീണ്ടും കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അത് ഞാന്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു .( രാവിലെ തപ്പിയിട്ട്അത് കാണുന്നില്ല ).ഇത്രയും എഴുതിയതില്‍ നിന്നും ഞാന്‍ ഒരു ഒബാമ സപ്പോര്ട്ടര്‍ ആണെന്ന് മനസിലായല്ലോ .ഹനുമാന്‍ ഭക്തനായ ഒബാമ ജയിക്കുന്നതിനും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിനും വേണ്ടി അടുത്തുള്ള കോവിലില്‍ രണ്ടു തേങ്ങാ അടിക്കണം .അതുപോലെ കന്യാ മാതാവിന് മുന്നില്‍ രണ്ടു കൂട് മെഴുകുതിരിയും കത്തിച്ചതിനു ശേഷം ഞാന്‍ വീണ്ടും വരാം .

ജയ് ഹനുമാന്‍ ,ജയ് ഒബാമ ,ജയ് അമേരിക്ക .

Sunday, November 2, 2008

ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?

എന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കളോട് വളരെ ലളിതമായ് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഈ ലോകത്ത് നീ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് “? എന്നയാണ് എന്ന ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാണ് ചോദിക്കുന്നതന്ന് മനസ്സിലാക്കുന്നതുകൊണ്ടും, സ്പെസിഫിക്കായ ഒരു ഉത്തരം കിട്ടാത്തതുകൊണ്ടും അവര്‍ വിഷയം മാറ്റുകയാണ് പതിവ്. കേള്‍ക്കുമ്പോള്‍ ലളിതം എന്നു തോന്നാമങ്കിലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്.

ഞാന്‍ പലപ്പോഴും എന്റെ മനസ്സിനോടും ചോദിക്കും "ആരയാണ് നീ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?". ഒരു ഞൊടിയിടക്കുള്ളില്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ കുറെ മുഖങ്ങള്‍ പോലെ എന്റെ മനസ്സിലൂടെയും കടന്നുപോകും കുറെ മുഖങ്ങള്‍. പക്ഷേ ഒരിക്കലും ഒരുത്തരത്തില്‍ എത്താന്‍ കഴിയുന്നില്ല. അപ്പോള്‍ എന്റെ മനസ്സ് എന്നോട് തിരിച്ചുചോദിക്കും സ്നേഹത്തിന് അങ്ങനെ ഒന്നും രണ്ടും ഉണ്ടോ എന്ന്?

നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?