Saturday, November 14, 2009

കാപ്പിലാന്‍, നിങ്ങളെന്നെ(യും) നിരൂപകനാക്കി..:)

ഗൂഗിൾ അമ്മാവൻ കനിഞ്ഞരുളിയ സൌജന്യമായ ബ്ലോഗ് വന്നതിനു ശേഷം, ബൂലോകത്ത് എത്തിപ്പെട്ടതിനു ശേഷം മാത്രം എന്തൊക്കെയോ എഴുതിത്തുടങ്ങിയ ഒരു വ്യക്തിയാണ് ഞാൻ. എല്ലാ പോസ്റ്റുകൾക്കും സുഹൃത്തുക്കളായ നിങ്ങൾ വാഹ്..വാഹ്. അടിപൊളി, കലക്കൻ!! എന്നൊക്കെ കമന്റിട്ട് എന്നെ അങ്ങ് സന്തോഷിപ്പിക്കുകയും ചെയ്തു.


ഇപ്പോ ഈ ബ്ലോഗ് എനിക്കൊരു ഭാരമായി മാറിയൊ എന്നു തന്നെ ഞാൻ ചിന്തിച്ചുപൊകുന്നു. ദിനേന ഞാൻ ഒരു പൊസ്റ്റ് ചെയ്തില്ലെങ്കിൽ എന്റെ വായനക്കാരായ നിങ്ങൾ എന്നിലെ സർഗപ്രതിഭയെ സംശയിക്കില്ലെ? അത് കൊണ്ട് എന്തെങ്കിലും എഴുതിയല്ലേ പറ്റൂ.സാഹിത്യ ഭാഷയിൽ പറഞ്ഞാൽ എന്റെ അന്തരാത്മാവിന്റെ അഗാധതയിൽ നിന്നും നിർഗമിക്കേണ്ട സർഗ്ഗപ്രതിഭയുടെ (ഹൊ..!) ഉറവ വറ്റിയെന്നൊക്കെ പറയാമെങ്കിലും, ഇങ്ങനെ ദിവസവും പോസ്റ്റ് ചെയ്ത് ചെയ്ത് ഇപ്പോ ഒന്നും എഴുതാൻ ബാക്കിയില്ലെന്നായിരിക്കുന്നു എന്നതാ സത്യം!. അപ്പൊ പിന്നെ തുടരെ പോസ്റ്റിങ്ങ് നടക്കണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ ബൂലോകത്തെ വലിയ വലിയ എഴുത്തുകാരുടെ പോസ്റ്റിനെ എടുത്ത് അതേകുറിച്ച് ഒരാസ്വാദനം അല്ലെങ്കിൽ നിരൂപണം അങ്ങെഴുതുക (ഇവ തമ്മിലുള്ള വിത്യാസമൊന്നും മാന്യ വായനക്കാർ ചോദിച്ചേക്കരുത്).


അങ്ങിനെ നിരൂപിക്കാൻ ആ പോസ്റ്റ് ഇട്ടയാളുടെ അനുവാദമൊന്നും ചോദിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ബ്ലോഗ് ഉടമയ്ക്ക് ഇഷ്ടപെട്ടാലെന്താ ഇല്ലെങ്കിലെന്താ..? നമ്മൾ നിരൂപിക്കും പോസ്റ്റെല്ലാം നമ്മുടെതാവും പൈങ്കിളിയേ എന്നല്ലേ പ്രമാണം?


എന്നാപ്പിന്നെ ആദ്യം ബുലോകത്തെ പ്രശസ്ത ബ്ലൊഗറായ മമതയുടെ ഒരു കൊച്ചു "വലിയ" കവിത തന്നെ ഞാൻ അങ്ങ് നിരൂപിച്ച് തുടങ്ങാം (ദൈവമേ അനുഗ്രഹിക്കണേ..!)


മമതയെക്കുറിച്ച് പറയുകയാണെങ്കിൽ ഭർത്താവിന്റെയും രണ്ട് കുട്ടികളുടേയും കാര്യങ്ങൾ നൊക്കണം വീട്ടുകാര്യങ്ങൾ നൊക്കണം എല്ലാം കഴിഞ്ഞ് കിട്ടുന്ന അല്പ സമയത്തേയ്ക്ക് ഓടിവന്ന് പെട്ടെന്ന് ഒരു പോസ്റ്റ് ചെയ്തു നമ്മളെ സന്തോഷിപ്പിക്കുന്ന ഒരു വലിയ വ്യക്തിത്വത്തിനുടമയാണവർ. പലപ്പോഴും പവർകട്ട് സമയത്തും തുലാമാസത്തിലെ കാറ്റിലും മഴയിലും കറണ്ട് പോകുന്ന സമയത്തുമൊക്കെ മെഴുകുതിരിയുടെ അരണ്ട വെട്ടത്തിൽ പോലും കവിതകൾ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യാറുണ്ടെന്നാ കേട്ട് കേൾവി. ഇത്ര ത്യാഗമനോഭാവമുള്ള ഒരാളുടെ കവിത നിരൂപിക്കാതിരിക്കുന്നത് ശരിയല്ലല്ലൊ.

മമതയുടെ ഏറ്റവും പുതിയ കവിത. അവർ അറിഞ്ഞൊ അറിയാതെയോ അവരുടെ ഈ കവിതയ്ക്ക് ജപ്പാനിലെ ഹൈക്കുവുമായി സാമ്യമുണ്ടെന്ന് പറയാതെ വയ്യ.


അവരുടെ കവിത ദേ, ഇങ്ങനെ

തേങ്ങാക്കുല..
മാങ്ങാക്കുല…
പഴത്തൊലി…!


ഹോ..! എന്താ ഒരു കവിത..!
മൂന്നു വ്യത്യസ്ഥ തലങ്ങളിലേയ്ക്ക് വായനക്കാരെ കവിയത്രി കൂട്ടികൊണ്ട് പോകുകയാണ് ഈ കവിതയിലൂടെ.


തേങ്ങക്കുല


കേരനിരകളാടുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ ഐശ്വര്യത്തിന്റേയും സമ്പത്‌സമൃദ്ധിയുടേയും പ്രതീകം. റോഡുവക്കിൽ ഇളനീർ കച്ചവടക്കാര്‍ കെട്ടിത്തൂക്കുന്ന തേങ്ങക്കുലയെ ഇവിടെ നമ്മൾ ഓർമ്മിപ്പിക്കപ്പെടുകയാണു.


മാങ്ങാക്കുല


തേങ്ങാക്കുല പോലെതന്നെ നമ്മുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഈ മാങ്ങാക്കുലയും. ചെറുപ്പത്തിൽ സ്കൂളിലേയ്ക്കുള്ള വഴിയിൽ ഒരു മാങ്ങാക്കുല കണ്ടാൽ കല്ലെറിയാത്തവർ ഇക്കൂട്ടത്തിൽ വിരളമായിരിക്കും സംശയമില്ല. മാത്രമോ, മാങ്ങാ ഇല്ലാത്ത ഒരു മീൻകറിയെക്കുറിച്ചു നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയുമോ. വിലകുറഞ്ഞ "ബ്രാൻഡ്" വാങ്ങി വീക്കെന്റ് ആഘോഷിക്കുന്ന പാവം ചെറുപ്പക്കാർക്ക് അതിന്റെ അരുചിക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത് ഈ മാങ്ങാ കൊണ്ടുള്ള അച്ചാറാണല്ലോ

അവസാന വരി

പഴത്തൊലി

സത്യത്തിൽ എനിക്കത്ഭുതം തോന്നുകയാ. എത്ര സാമൂഹിക പ്രദിബദ്ധതയുള്ള കവിത. പഴത്തൊലി വളരെ അപകടകാരിയാണ്, അത് വഴിയിൽ അലക്ഷ്യമായി വലിച്ചെറിയരുത്. അഥവാ വഴിയിൽ പഴത്തൊലി കണ്ടാലും ചവിട്ടരുത് വീഴും എന്ന് കവിയത്രി നമ്മുക്ക് പരോക്ഷമായി പറഞ്ഞു തരികയാണ് ഇവിടെ.

ഈ കവിയത്രിക്കും ഇത്പൊലെ നല്ല നല്ല കവിതകൾ എഴുതുന്ന എനിക്കും എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.

എന്റെ ആദ്യ നിരൂപണം നിങ്ങൾക്ക് ഇഷ്ടമായോ എന്ന് ഞാൻ ചോദിക്കുന്നില്ല, അതിന്റെ കാര്യവുമില്ല. എനിക്കിഷ്ടമുള്ളത് പോലെ ഞാൻ നിരൂപിക്കും. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വായിക്കുക.


ഇനി വള്ളത്തോൾ , കുമാരനാശാൻ, മധുസൂദനൻ നായർ തുടങ്ങി പാബ്ലോ നെരൂദയുടെ കവിതകൾ വരെ ഞാൻ ചിലപ്പോ എടുത്ത് നിരൂപിച്ചെന്നിരിക്കും. ജാഗ്രതൈ..!കുമ്പസാരം :

എന്റെ പ്രിയ സുഹൃത്തായ കാപ്പിലാന്റെ നിരൂപണമാണ് എന്നെ ഇത്തര ഒരു നിരൂപണത്തിന് പ്രേരിപ്പിച്ചത്...

Thursday, November 12, 2009

കര്‍ക്കിടകം

ആ കര്‍ക്കിടകം ഇന്നുമെന്നെ ഭയപ്പെടുത്തുന്നു
വറുതിയുടെ നാളുകളെ ഭയക്കുന്നില്ല.
കടുത്തമഴയും ഒഴിഞ്ഞ വയറുമെന്നെ
ഭയപ്പെടുത്തുന്നില്ല

മഴയുടെ തോഴന്‍ ഇടിയും മിന്നലും ഇന്നുഞാന്‍ മറന്നു..
കര്‍ക്കിടക മഴയിലെ ഇരുട്ടില്‍ പതുങ്ങുയെത്തുന്ന
ഘാതകര്‍ ഇന്നെന്നെ ഭയപ്പെടുത്തുന്നു..
മാറിയ ദൈവത്തിന്‍ നാട്ടിലെ മരണം വിതയ്ക്കും
ചെകുത്താന്‍മാരെന്നെ ഭയപ്പെടുത്തുന്നു..
വീണ്ടും കര്‍ക്കിടകം എന്നെ ഭയപ്പെടുത്തുന്നു.