Saturday, February 7, 2009

ശാന്തി

അത്താഴം കഴിഞ്ഞ് കിടക്കുന്നതിനുമുന്‍പ് വലിക്കാനൊരു ബീഡിക്കുറ്റിതേടികൊണ്ടിരിക്കുന്ന നേരത്താണ്‌ പൊടുന്നനെ അവള്‍ മുറിയിലേക്കു കടന്നുവന്നത്. അല്പം അമ്പരക്കാതിരുന്നില്ല, അവളങ്ങനെ മുറിയിലേക്കു വരാറില്ലല്ലോ ? അതും ഈനേരത്ത്. എന്തുപറ്റിയെന്ന എന്റെ മുഖഭാവത്തെയും , ഒരു ചെറുപ്പക്കാരന്റെ മുറിയില്‍ അസമയത്ത് കടന്നിരിക്കുന്നതിന്റെ അനൌചിത്യത്തെയും തെല്ലും വിലമതിക്കാതെ അവള്‍ മുറിയില്‍ കടന്ന് തുണികള്‍ തൂക്കിയിട്ട അയക്കു പിറകിലായി നിന്നു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞാനും.

ശാന്തിയെ കുട്ടിയെന്നു പറഞ്ഞുകൂടാ, സാമാന്യം വളര്‍ച്ചയൊക്കെയുള്ള ഒരു കൌമാരക്കാരി, ചെറുപ്പത്തിന്റെ പ്രസരിപ്പ്. റൈസ്മില്ലിന്റെ വാച്ച്മാന്‍ ശെല്‍വത്തിന്റെ 'സംസാരം' അമ്മിണിയുടെ ഏതോ അകന്ന ബന്ധുവാണവള്‍. അമ്മണിയുടെ കൂടെയാണു താമസം , അമ്മണിക്കു വലിയകാര്യമാണവളെ. അമ്മണിക്കു മാത്രമല്ല, അവളുടെ മാറിടത്തിനിത്തിനിത്തിരി കനം വച്ചതില്‍പിന്നെ പലര്‍ക്കും അവളെ വലിയ കാര്യമാണ്‌. അമ്മിണി അറിയെ അതു കാണിക്കാന്‍ ആരും അത്ര ധൈര്യപ്പെടാറില്ലെന്നു മാത്രം. ആത്തിന്‍ കരയില്‍ പതുങ്ങിയിരുന്നു ശാന്തിയുടെ കുളി കണ്ട മില്‍ജോലിക്കാരന്‍ കുമാറിനെ ചെരുപ്പുകൊണ്ടാണ്‌ അമ്മിണി അടിച്ചു തുരത്തിയത്. ഞാന്‍ കെട്ടിക്കോളാമെന്ന അയാളുടെ ആണത്തം പറച്ചിലിന്റെ മുഖത്ത് അമ്മിണി കാര്‍ക്കിച്ചു തുപ്പി.

ഞാന്‍ അമ്മിണിയെ മനസ്സിലോര്‍ത്തു, അമ്മിണി എങ്ങാനും ഇതു കണ്ടാല്‍! പക്ഷെ അമ്മിണി 'വ്യാപാരത്തിനു' പോയിരിക്കുകയാണ്. കുട്ട വില്‍പനയാണ്‌ അമ്മിണിയുടെ 'വ്യാപാരം'. സാധാരണയായി ശാന്തിയേയും കൂടെക്കൂട്ടാറുള്ളതാണ്, കുട്ടകളുമായി ഒരു പറ്റം പെണ്ണുങ്ങളാണ്‌ യാത്ര തിരിക്കുക, ഓരോ വട്ടവും ഓരോ പുതിയ ഊരുകളിലേക്ക്. മുഴുവന്‍ കുട്ടകളും വിറ്റഴിച്ച് മടങ്ങുമ്പോഴേക്കും മിക്കപ്പോഴും രണ്ടോ മൂന്നോ ദിവസങ്ങളെടുക്കും. ആലോചനകളില്‍ നിന്ന് ഞാന്‍ പുറത്തു വരുമ്പോഴേക്കും വിറക്കുന്ന ശബ്ദത്തില്‍ ശാന്തി ചോദിച്ചു.

"ഇന്നെക്കു നാ ഉങ്ക കൂടെ ഇങ്ക പടുക്കലാമാ അണ്ണെ?"

അറ്റാച്ച്ഡ് ആയ ഒറ്റമുറിയാണത്, അവിടെ എന്റെ കൂടെ ഈ രാത്രി ഉറങ്ങാനോ, എന്താണവള്‍ ശരിക്കും അര്‍ഥമാക്കുന്നത്? വാച്ച്മാന്‍ ശെല്‍വം സാധാരണയായി മില്ലില്‍ തന്നെയാണ്‌ ഉറങ്ങാറ്. അതുകൊണ്ട് തനിയെ ഉറങ്ങാന്‍ ഭയമാണോ, അങ്ങനെ അവളെ ഇവിടെ ഉറങ്ങാന്‍ അനുവദിച്ചാല്‍ തന്നെ എന്നെ നിയന്ത്രിക്കാന്‍ എനിക്കാകുമോ? ആയെങ്കില്‍ തന്നെ ഇതു മറ്റാരെങ്കിലും കണ്ടാല്‍? രഹസ്യക്കാരെ പഞ്ചായത്തുകൂടി കെട്ടിക്കുന്ന ഒരു ഏര്‍പ്പാടുണ്ടവിടെ, എന്റെ ആലോചനകല്‍ നിമിഷനേരത്തില്‍ പിന്നേയും കാടുകയറവേ പുറത്തൊരു കാല്‍പ്പെരുമാറ്റം.

ഞാനും ശാന്തിയും ഒരുപോലെ ഞെട്ടി. തണുപ്പിലും എന്റെ നെറ്റി വിയര്‍ക്കാന്‍ തുടങ്ങി. ശാന്തിയാകട്ടെ ദയനീയമായി എന്നെ നോക്കുന്നു. എന്തൊക്കെയോ പ്രതീക്ഷകളോടെ ഉള്ള ഒരു നോട്ടം. കാട്ടികൊടുക്കരുതേയെന്ന് അവളുടെ കണ്ണുകള്‍ എന്നോടു പറഞ്ഞു. കുളിമുറിയില്‍ കയറിയിരിക്കാനവളോട് ആഗ്യം കാട്ടിയിട്ട് ധൈര്യം സംഭരിച്ചു ഞാന്‍ വാതില്‍ തുറന്നു.

സേട്ടാണ്, മില്ലിലെ ജോലിക്കാരന്‍, അടുത്തുതന്നെ താമസം. ജോലികഴിഞ്ഞാല്‍ വൈകുന്നേരങ്ങളില്‍ സേട്ട് വരാറുണ്ട്. നാട്ടു വര്‍ത്തമാനങ്ങള്‍ പറയാന്‍, ബീഡിവലിച്ചിരിക്കാന്‍, മദ്യപിക്കാന്‍ അങ്ങനെ പലതിനും.

"തൂങ്കലയെ..?"

സേട്ട് നന്നായി മദ്യപിച്ചിട്ടുണ്ട്. നന്നായി മദ്യപിച്ചാല്‍ സേട്ട് പലപ്പോഴും വരാറുണ്ട്, എന്നിട്ട് പിടിച്ചിരുത്തി കുറേനേരം മുതലാളിയെപറ്റി പുലഭ്യം പറയും. എങ്ങനെയെങ്കിലും പറഞ്ഞയക്കാന്‍ പക്ഷെ വലിയ പാടാണ്‌. ഒരു കണക്കിനു സേട്ട് വന്നതു നന്നായെന്നു ഞാനോര്‍ത്തു, ഒന്നോ രണ്ടോ ബീഡി വാങ്ങാമല്ലോ. ബീഡി കത്തിച്ചു ഞാനും സേട്ടും പുകയെടുത്തു. അവസാനപുകയും വലിച്ചെടുത്ത് കുറ്റി ആഞ്ഞെറിഞ്ഞുകൊണ്ട് സേട്ട് മുഖവുരയില്ലാതെ ചോദിച്ചു.

"ശാന്തി ഇങ്കെ വന്താളാ..?"

"ഇങ്കെ ഏന്‍ വരുവാ? എന്ന വിഷയം ?" ഞാന്‍ അജ്ഞത നടിച്ചു.

"ശെല്‍വം ശാന്തിയെ കുമാര്‍ പയ്യനുക്കു കട്ടി കൊടുക്കപ്പോണാ, ആനാ അവ ഓടിപ്പോയിട്ടാ. എല്ലാരും ശേര്‍ന്ത് അവളെ തേടിക്കിട്ടിരിക്കാങ്കെ"

ഈ രാത്രി പതിനൊന്നു മണിക്കെന്തു കല്യാണമെന്നു ഞാന്‍ വാച്ചിലേക്ക് നോക്കി. സേട്ട് ഒരു വഷളന്‍ ചിരി ചിരിച്ചു.

"എന്നമോ പണ്ണറാങ്കെ, നമുക്കെതുക്ക് വമ്പ്, ശാന്തി വന്താ ഉള്ള വിടാതിങ്കെ, അപ്പടിയെ വിരട്ടി വിടുങ്കെ."

സേട്ട് അടുത്ത ബീഡി കത്തിച്ചു, സുഖമായി നിലത്തിരിന്നു മുതലാളിയുടെ കുറ്റങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഉറങ്ങാനോ, പോകാനോ ഉള്ള ഒരു ലക്ഷണവും കാണുന്നില്ല. ഞാനും ബീഡികള്‍ വലിച്ചു തള്ളി. ഇടക്കിടെ പരദൂഷണം നിര്‍ത്തി സേട്ട് ചോദിക്കും.

"ശാന്തി ഇങ്ക വരലയേ?"

ഇല്ലെന്നുള്ള എന്റെ മറുപടികളെ ഞെട്ടിച്ച് പിന്നെയൊരു ബീഡിക്കു തീ പിടിപ്പിച്ചുകൊണ്ട് സേട്ട് എന്നോടു ചോദിച്ചു.

"ബാത്ത് റൂമുക്കുള്ളെ യാരും ഇരുക്കാങ്കളാ.. ?"


സേട്ടിന്റെ ചോദ്യത്തെ ഞാന്‍ ചിരിച്ചു തള്ളുമ്പോഴേക്കും ഉറക്കം വരുന്നെന്ന് അയാള്‍ മുറിക്കു പുറത്തെത്തിയിരുന്നു. സേട്ടിന്റെ കയ്യില്‍ ബാക്കിയുള്ള ബീഡികള്‍ കൈക്കലാക്കി ഞാന്‍ വാതിലടച്ചു കുറ്റിയിട്ടു. എന്നിട്ടു പുതിയ ഒരു ബീഡി കത്തിക്കുമ്പോഴേക്കും ശാന്തി പുറത്തിറങ്ങി.

"സേട്ട് പോയിട്ടാണാ..?"

പോയെന്നു ഞാന്‍ തലയാട്ടി. ശാന്തിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അകത്ത് കരയുകയായിരുന്നുവെന്ന് വ്യക്തം. സേട്ട് കുമാറും ശെല്‍വവുമായി തിരിച്ചെത്തുമെന്ന് അവള്‍ ഭയപ്പെട്ടു. അല്‍പനേരം ആലോചിച്ചശേഷം ശാന്തി വാതിലിനടുത്തേക്കു നടന്നു.

"എങ്ക പോറേന്‍? ഇങ്ക ഉന്നൈത്തേടി യാരും വരമാട്ടങ്കെ.."

എന്നു ഞാന്‍ പറഞ്ഞെങ്കിലും എന്നെപ്പോലെ അവള്‍ക്കും അതിലത്ര ഉറപ്പില്ലെന്നു തോന്നി.

"എന്നാലെ ഉങ്കളുക്ക് എന്ത പ്രച്നയും വരക്കൂടാത്"

അവള്‍ കരയുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു. വാതില്‍ തുറന്ന് ഇരുളില്‍ മറയും മുന്‍പ് ശാന്തി തിരിഞ്ഞു നിന്ന് ചിരിക്കാന്‍ ശ്രമിച്ചു, ഇനിയെങ്ങോട്ട് എന്ന ചോദ്യം എനിക്കവളുടെ കണ്ണുകളില്‍ കാണാമായിരുന്നു.



എന്നത്തേയും പോലെ പിന്നേയും ഞാന്‍ ശാന്തിയെ പലവട്ടം കണ്ടുകൊണ്ടിരുന്നു. പക്ഷെ അന്നേ ദിവസം പിന്നീട് എന്തു സംഭവിച്ചു എന്ന് അവള്‍ എന്നോടു പറഞ്ഞതേയില്ല. ഒന്നും സംഭവിച്ചില്ല എന്നുപോലും.

27 comments:

ചങ്കരന്‍ said...

ആല്‍ത്തറയില്‍ ആദ്യ പോസ്റ്റാണ്, ആല്‍ത്തറ മുത്തശ്ശീ കാത്തോളണേ.

മാണിക്യം said...

.... “പക്ഷെ അന്നേ ദിവസം പിന്നീട് എന്തു സംഭവിച്ചു എന്ന് അവള്‍ എന്നോടു പറഞ്ഞതേയില്ല”

പറയില്ലാ .. എന്തു പറയാന്‍ ?
എന്തിനു വേണ്ടി?

ശാന്തിയുടെ നിസ്സാഹായത
മനസ്സിനെ കൊളുത്തി വലിക്കുന്നു...

ചങ്കരാ കാതലുള്ള കഥ .
ശക്തമായ എഴുത്ത് ഭാവുകങ്ങള്‍ ..

Anonymous said...

orupaatu saanthimaar untu...innum....vishayam nannayi...ezhuthum...

പൊറാടത്ത് said...

ആൽത്തറയിലെ ആദ്യ പോസ്റ്റിന് ആശംസകൾ..

ആൽത്തരറമുത്തശ്ശിയുടെ അനുഗ്രഹവുമുണ്ടല്ലോ..!:)

അനുഭവമാണല്ലേ.. തമ്പീ., ഇന്ത തമിഴ് വാർത്തയെല്ലാം എപ്പടി ഒപ്പിച്ചാച്ച്..!! :) :)

നിരക്ഷരൻ said...

ഒരുപാട് കാര്യങ്ങൾ വായനക്കാരന് ചിന്തിക്കാൻ വിട്ടുകൊടുത്ത് കഥാകാരൻ പൊടീം തട്ടി പോകുന്ന ഇത്തരം കഥകൾ കുറച്ചുനാളൊന്നുമല്ല മനസ്സിൽ നീറ്റലായി കിടക്കുന്നത്.

ആശംസകൾ ചങ്കരാ...

ചാണക്യന്‍ said...

ഇന്ത ആല്‍ത്തറയിലെ മുതല്‍ തടവാ ധൂലാന പോസ്റ്റ് പോസ്റ്റിയ നമ്മ ചങ്കരന്‍ അണ്ണാച്ചിക്ക് എനത് നല്‍ വാഴ്ത്തുക്കള്‍...

അണ്ണാച്ചീ, അന്ത ശാന്തിപ്പെണ്ണ് ഉങ്കുളുക്ക് തേവയില്ലാത്ത വിഷയം...വിട്ടിടുപ്പാ...നെജമാവേ ചൊല്ലുറ്തപ്പാ..

ഹരീഷ് തൊടുപുഴ said...

ചങ്കരന്‍ജി: നല്ല കാമ്പുള്ള കഥ...
നന്നായിരിക്കുന്നൂ...

പ്രയാസി said...

ചങ്കേ..
യെല്ലാരും കാമ്പ് കാമ്പുന്ന് സൊല്ലുത്!!
എന്നാപ്പാ ഇന്ത കാമ്പ്!?
കൂമ്പു താനെ സെറി..
അപ്പടിയാനാ നല്ല കൂമ്പുള്ള കതൈ!

ഉങ്കള്‍ തമിള്‍ പ്രമാദം..:)

അനില്‍@ബ്ലോഗ് // anil said...

ചങ്കരാ,
നല്ല കഥ.
അച്ചരങ്ങളെ ഒന്നൂടെ ശ്രദ്ധിച്ചോണം.
:)

ആശംസകള്‍.

കറുത്തേടം said...

சங்கரா வணக்கம். ரொம்ப நல்ல கதை. எனக்கு ரொம்ப புடிச்சாச்சு.
எப்போ என் ஆத்துக்கு வருகிறேன்?

ചങ്കരാ വണക്കം. റൊമ്പ നല്ല കതയ്. എനക്ക് റൊമ്പ പിടിചാച്ചു.
പാവം ശാന്തി. അവള്ക്ക് എതുവും ആകലിയെ ഇല്ലിയാ?

കാപ്പിലാന്‍ said...

ചങ്കര ,നന്നായിരിക്കുന്നു .

ജിജ സുബ്രഹ്മണ്യൻ said...

അന്നു എന്തു സംഭവിച്ചെന്ന് ശാന്തി ആരോടും പരഞ്ഞില്ല.പറയാതെ തന്നെ എന്തു സംഭവിച്ചു എന്ന് ഊഹിക്കാൻ വായനക്കാരനു അവസരം കൊടുത്തു.വളരെ നല്ല കഥ.ശാന്തിയുടെ നൊമ്പരം നീറ്റലായി മനസ്സിൽ അവശേഷിക്കുന്നു

G Joyish Kumar said...

അനുഭവം?

"എന്നാലെ ഉങ്കളുക്ക് എന്ത പ്രച്നയും വരക്കൂടാത്"

അപ്രം എത്ക്ക് വന്തീങ്കെ. എതാവത് നിനച്ചിരിപ്പീങ്കളോ?

കഷ്ടമായി.

ഓടോ:
മാണി അക്കാ, കാതല്‍ (പ്രേമം) എങ്കെ?

മുസാഫിര്‍ said...

ആല്‍ത്തറയിലെ കന്നി പ്രകടനം മോശമാ‍യില്ല..

ഏ.ആര്‍. നജീം said...

നല്ലൊരു കഥ ഭൂലോകത്ത് അതും ആള്‍ത്തറയില്‍ കാണാനായതില്‍ സന്തോഷം...!

തുടരട്ടെ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

chankara,
vythysthamaaya ezhutthu sraddichchu. nannaayittundu.

വിജയലക്ഷ്മി said...

katha nannaayirikunnu..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബ്ലോഗിൽ വളരെ അപൂർവമായി മാത്രം കാണുന്ന നല്ല കഥ.ആലത്തറയിലെ തുടക്കം ഗംഭീരമായി.

ചങ്കരന്‍ said...

മാണിക്യം ചേച്ചീ നന്ദി, ശരിയാണ്‌ എന്തിനു പറയണം?
സബിത നന്ദി.
പൊറാടത്ത് നന്ദി. അനുഭവമാണ്‌, നുമ്മ കുറേക്കാലം തമിഴ്‌നാട്ടിലായിരുന്നു അങ്ങനെ കിട്ടിയ തമിഴാണ്‌.
നീരക്ഷരന്‍ നന്ദി.
ചാണക്യന്‍ നന്ദി.
ഹരീഷ് നന്ദി.
പ്രയാസി, കൂമ്പെങ്കി കൂമ്പ് നട്രി.
അനില്‍ നന്ദി, അച്ചരങ്ങള്‍ ശ്രദ്ധിക്കാം.
കറുത്തേടം നന്ദി, ഒരേ തമിഴാണല്ലോ.
കാപ്പില്‍സ് നന്ദി.
കാന്താരിക്കുട്ടി നന്ദി.
നമസ്കാര്‍ നന്ദി, അനുഭവം തന്നെ :).
മുസാഫിര്‍ നന്ദി.
നജീം നന്ദി.
ജിതേന്ദ്രകുമാര്‍ നന്ദി.
വിജയ ലക്ഷ്മി നന്ദി.
സുനില്‍ നന്ദി

കുറുമാന്‍ said...

ചങ്കരാ, കഥ റൊമ്പ പ്രമാദമായിരിക്കേ. രൊമ്പ പുടിച്ചാച്ച്. കഥകള്‍ മാ‍ലപടക്കം പോലെ ഇങ്ങ് പോന്നോട്ടെ.

Bindhu Unny said...

പാവം ശാന്തിമാര്‍. നിസ്സഹായര്‍! :-(

സുശീല്‍ കുമാര്‍ said...

ചങ്കരാ, ശാന്തി മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. നന്നായിട്ടുണ്ട്.

പാവത്താൻ said...

മനസ്സിനെ സ്പർശിച്ച കഥ. ആദ്യമായാണിവിടെ. ഇനിയും വരാം ആൽത്തറയിലുമിവിടെയും.

ജിപ്പൂസ് said...

ചങ്കരാ ശാന്തിയെ തനിയെ പറഞ്ഞയക്കരുതായിരുന്നു ആ രാത്രിയില്‍...!
പാവം ശാന്തി.ദാ ഇവിടെ എന്റെ ഉള്ളില്‍ കിടന്നു നീറുന്നുണ്ട് അവള്‍ ഇപ്പോള്‍.
ഇത്തിരി തമിഴ് കൂടെ കലക്കണമെന്നുണ്ട്.എന്ന സെയ് വ.എനക്ക് തമിഴ് പുരിയില്ലെയ്.

വരവൂരാൻ said...

മനോഹരം ഈ എഴുത്ത്‌, ആശംസകൾ

Ranjith chemmad / ചെമ്മാടൻ said...

ചങ്കൂ, ലിങ്കണ് നന്ദി,
ഞാനിതിപ്പോഴാ കണ്ടത്!!!!
ഒരു കുഞ്ഞോളം പോലെ വായിച്ചു, പിന്നെ തിരയായി ഉള്ളിലലയടിക്കുന്നു..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഉങ്കളുക്ക്‌ എവ്വളവ് ദൈര്യമിരുന്താ ഇപ്പടി ഒരു കഥ എഴുതരുതുക്ക് ... എനക്ക് നല്ലാ പുടിച്ചാച്ച് ...