Thursday, August 20, 2009

ഗീതേച്ചി

നാടിനെ മനസ്സില്‍ താലോലിക്കുന്ന, അതിന്റെ സുഗന്ദവും, രുചിയും ആസ്വദിക്കാന്‍ മനസ്സ് വെമ്പി നില്‍ക്കുന്ന ഒരു സാധാരണ പ്രവസിയോട് ഓണത്തെ കുറിച്ച് ചോദിച്ചാല്‍ അത് തീര്‍ച്ചയായും അവനില്‍ സ്വന്തം നാടിനെ കുറിച്ച് മധുരവും കയ്പ്പേറിയതുമായ ഒരുപാ‍ട് ഓര്‍മകളെ ചികഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഒന്നായി മാറും എന്നതിനു സംശയം ഇല്ല.

അത്തരത്തില്‍പെട്ട ശുദ്ധ ഗ്രാമീണനായ ഒരു വ്യക്തി എന്ന നിലയില്‍ സമ്പന്നമായ ഓണം സ്മരണകള്‍ താലോലിക്കുന്ന ഒരുവനാണ് ഞാന്‍. എന്റെ ഓര്‍മ്മകളില്‍ ആദ്യമായി കടന്നുവരുന്നത് കയ്പ്പേറിയ ഒരു അനുഭവം തന്നെയാണ്.

എന്റെ പ്രായത്തിലുള്ള ഒരുപാട് കളിക്കൂട്ടുകാരാല്‍ സമ്പന്നമായിരുന്നു എന്റെ കുട്ടിക്കാലം.

പക്ഷേ എനിക്ക് അടുത്ത ചങ്ങാത്തം അവരോടൊന്നുമായിരുന്നില്ല. മറിച്ച് എന്റെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന കുട്ടിപ്പണിക്കത്തിയുടെ മകള്‍ ഗീതേച്ചിയായിരുന്നു എനിക്കെല്ലാം.

കുട്ടിപ്പണിക്കത്തിയാണ് പേരിന് വീട്ടു വേലക്കാരി എങ്കിലും ഗീതേച്ചിയായിരുന്നു എല്ലാ‍ ജോലികളും ചെയ്തിരുന്നത്. എന്റെ അമ്മയെ ഞാന്‍ വിളിക്കുന്നതിലും സ്നേഹത്തോടെ ‘അമ്മേ’ എന്നു വിളിക്കുന്ന, എന്നേ വാത്സല്യത്തോടെ ‘കൊച്ചുമോനേ’ എന്നു വിളിക്കുന്ന എന്റെ സ്വന്തം ഗീതേച്ചി.

എന്നേക്കാള്‍ പത്തു വയസിനെങ്കിലും മുതിര്‍ന്ന ഗീതേച്ചിക്ക് പക്ഷെ അത്രയും പ്രായം തോന്നുമായിരുന്നില്ല. വീട്ടിലെ പ്രാരാബ്ദം അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തുവാനും കാരണമായി.

എന്നെ കുളിപ്പിക്കുന്നത്, ചാന്തും കണ്മഷിയും തേച്ച് ഒരുക്കുന്നത്, ഭക്ഷണം ഊട്ടിക്കുന്നത്, എന്തിന് മണ്ണപ്പം ചുട്ടുകളിക്കാനും, താരാട്ട് പാടി ഉറക്കാനും ഗീതേച്ചി തന്നെ വേണമെന്ന നിര്‍ബന്ധം എനിക്കും ഉണ്ടായിരുന്നു.

ഒരു ഓണക്കാലം.അത്തത്തിന്റെ തൊട്ടു തലേ ദിവസം. ഞാനും ഗീതേച്ചിയും തൊടികളായ തൊടികള്‍ എല്ലാം പൂവുകള്‍ അന്വേഷിക്കലാണ്. പിറ്റേന്ന് പൂക്കളം ഒരുക്കാനുള്ള ഉത്സാഹത്തില്‍ ഒരു അവസാന പരക്കം പാച്ചില്‍!

ഇടക്ക് എപ്പോഴോ എന്റെ അമ്മയുടെ ഉച്ചത്തിലുള്ള വിളി....

എടീ...... ഗീതേതേതേതേ..... ഇങ്ങോട്ടൊന്നു വന്നേടീ..... കടേലൊന്നു പൊയ്യേച്ചു വാടി കൊച്ചേ....

ഗീതേച്ചി നിന്നിടത്തു നിന്നു മറുപടി കൊടുത്തു....

അമ്മേമ്മേമ്മേ..... കുറച്ചുകൂടി തുമ്പപ്പൂ പറിക്കട്ടെ.... ഇപ്പോള്‍ വരാം.....

പക്ഷെ അമ്മ വിടുന്ന മട്ടില്ല.... എടീ അന്തിക്കു മുന്നെ കടെ പോയേച്ചു വാടീ പെണ്ണെ.....

ചേച്ചി പിറുപിറുത്തു കൊണ്ട് ഒരു എന്നെ എടുത്ത് എളിയില്‍ ഇരുത്തി.... പിന്നെ പൂക്കൂട എന്റെ കയ്യില്‍ തന്നു.

എടാ ചെറുക്കാ മുറുക്കെ പിടിച്ചോണം.... താഴെ എങ്ങാനും കളഞ്ഞാല്‍ എന്റെ നല്ല കൊണം നീ കാണും!

പിന്നെ സ്നേഹത്തോടെ തുടയില്‍ നുള്ളി.... കൂടെ എല്ലാ വാത്സല്യവും ചുണ്ടില്‍ നിറച്ച് കവിളില്‍ ഒരുമ്മയും!

വേഗത്തില്‍ വീട്ടിലെത്തിയ ഗീതേച്ചിയുടെ നേരെ അമ്മയുടെ സ്നേഹ ശാ‍കാരം വീണ്ടും.

എടീ.... തന്നെ നടക്കാന്‍ വയ്യാത്ത നീ എന്തിനാടീ കൊച്ചേ ഈ മുതുക്കന്‍ ചെക്കനെയും ഏണത്ത് കേറ്റി നടക്കുന്നെ..... ദേ ചെക്കന്റെ കാല്‍ നിലത്തു കിടന്നിഴയുന്നു.

പിന്നെ എന്നെ നോക്കി പറഞ്ഞു.

നാണമില്ലല്ലോടാ ചെക്കാ നിന്നെക്കാള്‍ ചെറിയ ഈ പെണ്ണിന്റെ ഏണത്തു കേറിയിരിക്കാന്‍.....

ഞാന്‍ പ്രതികരിച്ചു....

എന്റെ ഗീതേച്ചിയാ.... ഞാനാര്‍ക്കും തരില്ല..... പിന്നെ തോളില്‍ കൂടി കൈയ്യിട്ട് ഗീതേച്ചിയുടെ കവിളില്‍ ഒരു മുത്തവും കൊടുത്തു.

നീയും നിന്റെ ഒരു കീതേച്ചിയും.... അമ്മ പിറുപിറുത്തു.

പിന്നെ ഗിതേച്ചിയുടെ കൈയ്യിലേക്ക് എന്തൊക്കെയോ കുറിച്ച ഒരു കടലാസു തുണ്ടു കൈമാറിയിട്ട് അമ്മ പറഞ്ഞു.

എടീ... വേഗം കുഞ്ഞുരാമന്‍ കൊച്ചാട്ടന്റെ കടയില്‍ പോയി ഈ ലിസ്റ്റില്‍ എഴുതിയിരിക്കുന്ന സാധനങ്ങള്‍ വാങ്ങിക്കോണ്ടു വാ..... സമയം സന്ധ്യയായി..... നിരങ്ങാന്‍ പോയില്ലാരുന്നെകില്‍ നേരത്തെ പോയിട്ട് വരല്ലായിരുന്നോ?

അതു കുഴപ്പമില്ലമ്മെ..... ഞാന്‍ പോയിട്ട് വരാം.

ഗീതേച്ചി സഞ്ചിയുമായി ഇറങ്ങിയപ്പോള്‍ ഞാനും കൂടിറങ്ങി...

അമ്മ ദേഷ്യത്തോടെ കയ്യില്‍ പിടിച്ച് പുറകിലേക്ക് വലിച്ചു.

ത്രിസന്ധ്യായി ചെറുക്കാ..... അവളു പോയിട്ടിങ്ങു വരും, പിന്നെ നീ മടീന്നിറന്നെണ്ട.

എന്നിട്ടും ഞാന്‍ പ്രതിഷെധിച്ചു കരഞ്ഞു.

എടീ നല്ല റോഡിലൂടെ പോകാവൂ.... കേട്ടോ.... തിരിച്ചു വരുമ്പോള്‍ ആ കാവിന്റെ അതിലെയെങ്ങും വന്നേക്കല്ലെ...

അമ്മ പുറകില്‍ നിന്നു വിളിച്ചു ....

കൊച്ചുമോനെ മുട്ടായി വാങ്ങിച്ചോണ്ടു വരാമെടാ..... എന്റെ പൊന്നു മോന്‍ കരയല്ലെ...

പോകുന്നതിനിടയില്‍ ഗീതേച്ചി വിളിച്ചു പറഞ്ഞു.

കടയില്‍ പോയ ഗീതേച്ചിയെ കുറെ നേരമായിട്ടും കാണാതായപ്പോള്‍ ഞാന്‍ കരച്ചില്‍ തുടങ്ങി....

അമ്മയും എന്തൊക്കെയോ പിറുപിറുകുന്നു....ഒപ്പം ഇടക്കിടെ വെളിയിലേക്ക് നോക്കുന്നു.

ഇടക്ക് കരഞ്ഞു കൊണ്ടിരുന്ന എന്റെ തുടയില്‍ അമര്‍ത്തി ഒന്നു നുള്ളിയിട്ട് ദേഷ്യത്തോടെ പറഞ്ഞു..

മിണ്ടാതിരിക്കടാ ചെറുക്കാ.... മനുഷ്യന്‍ ആദി എടുത്തിരിക്കുമ്പളാ അവന്റെ ഒരു കീറ്റല്‍!

കുറെ കൂടി കഴിഞ്ഞപ്പോള്‍ അമ്മ അയല്‍‌വക്കത്തുള്ള ഗിതേച്ചിയുടെ വീട്ടിലേക്ക് പതിവു ശൈലിയില്‍ നീട്ടി വിളിച്ചു.

കുട്ടി പണിക്കത്തിയെയെ....കുട്ടിപ്പണിക്കത്ത്യേ.... ഒന്നു വേഗം ഇങ്ങോട്ട് വന്നെ....

കുട്ടിപ്പണിക്കത്തിയും, പപ്പു പണിക്കനും കൂടി ഒരു ചീട്ടും കത്തിച്ച് വീട്ടുമുറ്റത്തു വന്നു.....

ഗീത ത്രിസന്ധ്യക്ക് കടയില്‍ പോയതാ ഇതുവരെ ഇങ്ങു വന്നില്ലല്ലോ പണിക്കത്തീ..... ഒന്നു പോയി നോക്കിയാലോ?

അവളെവിടെ പോകാനാ..... നാളെ അത്തം അല്ലെ.... കടയില്‍ ഒരുപാട് ആളുകാണും... അവളിങ്ങു വരും.... കൊച്ചമ്പ്രാട്ടി ചുമ്മതവിടെങ്ങാനുമിരി!

കുട്ടിപ്പണിക്കത്തി ലാഘവത്തോടെ പ്രതികരിച്ചതു കൊണ്ടാവണം.... അമ്മ കുറച്ച് അധികാര ഭാവേന പപ്പു പണിക്കനോട് പറഞ്ഞു.

പണിക്കന്‍ എന്തായാലും പോയിങ്ങു കൂട്ടിക്കൊണ്ടു വരണം... രത്രി ആയില്ലെ ഇനി അവള്‍ക്ക് തന്നെ വരാന്‍ പേടിയുമായിരിക്കും.

ചൂട്ടും വീശി പപ്പുപണിക്കന്‍ നടന്നു മറയുമ്പോഴും ഞാന്‍ ഗീതേച്ചിയെ കാണണം എന്ന് ഏങ്ങലടിക്കുകയായിരുന്നു.

പിന്നെ എപ്പോഴോ ഞാന്‍ ഉറങ്ങി പോയി.

ഗാഡ നിദ്രയിലും അവ്യക്തമായി പല വിധ ബഹളങ്ങളും, നിലവിളികളും കേള്‍ക്കുന്നുണ്ടായിരുന്നു... പക്ഷെ ഉണര്‍ന്നില്ല.

രാവിലെ അമ്മ വിളിച്ചുണര്‍ത്തി.... അമ്മയുടെ കരഞ്ഞു ചുവന്ന കണ്ണുകള്‍!

ഉണര്‍ന്നപ്പോള്‍ ആദ്യം നോക്കിയത് ഗീതേച്ചി കിടക്കുന്ന പായയിലേക്കായിരുന്നു. അവിടം ശൂന്യം.

അടുത്തു തന്നെ ഇന്നലെ ശേഖരിച്ച പൂക്കളുടെ കൂട....!

അയ്യെ ....... അത്തപ്പൂവിടെണ്ടെ...... ഈ ഗീതേച്ചി എവിടെ അമ്മെ.

നിശബ്ദമായ തേങ്ങലായിരുന്നു മറുപടി.

വെളിയിലെക്ക് ഇറങ്ങി നോക്കി..... ഗീതേച്ചിയുടെ കുടിലിനു മുന്നില്‍ പുരുഷാരം...

കുട്ടിപ്പണിക്കത്തിയുടെ ഉച്ചത്തിലുള്ള നിലവിളി.....

അവിടെക്ക് ഓടുകയായിരുന്നു.

നിലത്ത് വെട്ടിയിട്ട വാഴയിലയില്‍ ഗീതേച്ചി കിടക്കുന്നു....

നല്ല ഉറക്കം.... അതും എല്ലാവരുടെയും നടുക്കു കിടന്ന്.... നാണമില്ലെ ഈ ഗീതേച്ചിക്ക്.....

ചുറ്റും കൂടി നിന്നിരുന്നവര്‍ എല്ലാം കരയുന്നു.... നല്ല വെളുത്ത നിറമുണ്ടായിരുന്ന ഗീതേച്ചി നീല നിറമായിരിക്കുന്നു....

എന്തോ സംഭവിച്ചിട്ടുണ്ട്.... മറ്റുള്ളവര്‍ കരയുന്നതു കണ്ടപ്പോള്‍ എനിക്കും സങ്കടം അണപൊട്ടി.

എന്നെ കണ്ട കുട്ടിപ്പണിക്കത്തി വാരി പുണര്‍ന്നു....

പിന്നെ കരഞ്ഞു..... കരച്ചിലിനിടയില്‍ അവര്‍ പറഞ്ഞു.....

‘ഗീതേച്ചീ ഒന്നു വിളിയെന്റെ കൊച്ചു മോനെ അവള്‍ ഉണരട്ടെ...’

നിഷ്കളങ്കമായി ഞാന്‍ പലവട്ടം വിളിച്ചു...... ഗീതേച്ചി ഉണര്‍ന്നില്ല......

നിശബ്ദനായി തലകുമ്പിട്ട് ഒരു കോണിലായി പപ്പു പണിക്കന്‍...

അമ്മ ആരോടോ പറയുന്നതു കേട്ടു... “ഞാന്‍ അവളോട് പറഞ്ഞതാ കാവിന്റെ അതിലെ വരല്ലെന്നു...കേട്ടില്ല”

“ഉഗ്ര വിഷമുള്ള എന്തോ ആണ്... അതാ തീണ്ടിയ നിമിഷത്തില്‍ മരിച്ചത്” കേട്ടയാള്‍ പ്രതികരിച്ചു.

കൊച്ചുമോനെ ഗീതേച്ചിയെ പൂവിട്ട് വന്ദിക്കൂ...

ആരോ തന്ന തെച്ചിപ്പൂവുകള്‍ പാദത്തിലിട്ട് ഞാന്‍ കെട്ടിപ്പിടിച്ചു കരഞ്ഞു...എന്തിനെന്നറിയാതെ.

പിന്നെ വീടിന്റെ തെക്കു പുറത്തുള്ള കുഴിയില്‍ വച്ച് മണ്ണു തൂവാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു.

എന്റെ ഗീതേച്ചിയെ മൂടല്ലെ.... ഗീതേച്ചി ചത്തു പോകും... മൂടല്ലെ!

പക്ഷെ ആരും നിലവിളി കേട്ടില്ല....

അമ്മ എന്നെ എടുത്ത് എളിയില്‍ ഇരുത്തി ആശ്വസിപ്പിച്ചു... “നിന്റെ ഗീതേച്ചി മരിച്ചു കുട്ടാ... കരയല്ലെ”

അമ്മ എന്നെയും എടുത്തു കൊണ്ട് പിന്നെ വീട്ടിലേക്ക് നടന്നു.

അവിടെ പൂമുഖത്ത് ഇന്നലെ തലേന്ന് ഗീതേച്ചിയുടെ കയ്യില്‍ കൊടുത്തു വിട്ട സഞ്ചിയും, അതില്‍ കടയില്‍ നിന്നു വാങ്ങിയ സാധങ്ങളും.

അമ്മ അതെടുത്ത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.....

“എന്റെ കുഞ്ഞിനെ മരണത്തിലേക്ക് ഞാന്‍ അല്ലെ അയച്ചത് എനികിനി എന്തിനാ ഇത്” അതു വരെ അടക്കി നിര്‍ത്തിയ വിഷമം ഒരു നിലവിളിയായി അമ്മയില്‍ നിന്നു പുറത്തു വന്നു...

എറിഞ്ഞ സാധങ്ങള്‍ക്കിടയില്‍ ഒന്നുമാത്രം എന്റെ ഓര്‍മ്മയില്‍ വിഷാദം നിറച്ച് ഇന്നും നിലനില്‍ക്കുന്നു.

കീറിയ ഒരു തുണ്ടു കടലാസില്‍ പൊതിഞ്ഞ കുറെ നാരങ്ങാ മിഠായികള്‍....

എന്റെ ഗീതേച്ചി എനിക്ക് തന്ന അവസാനത്തെ സമ്മാനം.

4 comments:

" എന്റെ കേരളം” said...

ദാ ഉടക്കുന്നു ഒരു തേങ്ങ ( “”“”“” ഠോ “”“”“”)
കുറെ നാളായി ഞാനും ഒരു തേങ്ങ ഉടക്കണം എന്ന് കരുതീട്ട്.


ഇപ്പൊ ഇവിടെ സമയം രാത്രി 3 മണി , നാട്ടിൽ 4.30 …………..തേങ്ങ ഉടയ്ക്കാൻ പറ്റിയ സമയം………….

നിർമ്മാല്യ പൂജ ആയി കരുതുമല്ലോ. എല്ലാ ആശംസകളും

മാണിക്യം said...

നീര്‍വിളാകന്‍
ഓണത്തിന്റെ ഓര്‍മ്മകളില്‍ ഊളിയിട്ടു പോകുന്നു
എന്ന തോന്നലോടെ ആണു വായിച്ചു തുടങ്ങുന്നത്..
ഓണത്തിന്റെ പൂക്കളത്തില്‍ വിടരും മുന്നെ കൊഴിഞ്ഞ പൂമൊട്ടിന്റെ ഓര്‍മ്മക്കു മുന്നില്‍ ഒരു പിടി നീര്‍മിഴിപ്പൂക്കള്‍
മനോഹരമായ ആഖ്യായനരീതികൊണ്ട്
ശ്രദ്ധേയമായാ മറ്റൊരു നീര്‍വിളാകന്‍ കഥ.

ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ ആഘോഷിക്കാന്‍ എത്തിയതിനു നന്ദി

പൊന്നോണാശംസകള്‍

രാജീവ്‌ .എ . കുറുപ്പ് said...

മനോഹരം അതി മനോഹരം,

ഒരു നോവ്‌ സമ്മാനിച്ചു, പ്രിയ സുഹൃത്തേ, നിറഞ്ഞ മിഴികള്‍ പുറം കൈ കൊണ്ട് അമര്‍ത്തി തുടച്ചു, നിന്റെ കൈയ്യില്‍ അമര്‍ത്തി പറയട്ടെ "ഗീതേച്ചിക്ക് മരണമില്ല"

അരുണ്‍ കായംകുളം said...

ഒരു കഥയായി കണ്ട് പറയട്ടെ..
നന്നായിരിക്കുന്നു
(ഒരു നൊമ്പരം ബാക്കി)