അശാന്തിയുടെ ദുരന്തകാലത്ത് ക്ഷോഭിക്കുന്ന പ്രകൃതിക്കും മനുഷ്യര്‍ക്കുമിടയില്‍ ആശ്വാസത്തിന്റെ പ്രസാദമുഖവുമായി കാലചക്രം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ തന്നിലേക്കു തന്നെ സ്വയം സമര്‍പ്പണം ചെയ്ത് പരാശക്തിയെ ഉപാസിച്ച് വിശുദ്ധിതേടുന്ന വ്രതാനുഷ്ഠാന ദിനങ്ങളായി....
ചിലപ്പോള്‍ വര്‍ണശബളമായ പ്രകൃതിയുടെ പശ്ചാതലത്തില്‍ നിറപറയും നിലവിളക്കുമൊരുക്കി ആഹ്ലാദജീവിതത്തെ വരവേല്‍ക്കുന്ന തിരുവോണ ദിനങ്ങളായി....
മാനവനൊന്നെന്ന് സങ്കല്പിക്കാനും കള്ളവും ചതിയുമില്ലാത്ത നാട് എന്ന് പാടിപ്പുകഴ്ത്താനും കഴിയുക കാല്പനികതയാവാം. എങ്കിലും ദാരുണമായ കാലത്തിന്റെ ചേതനയില്‍ കോരിനിറയ്ക്കുന്ന വിഷത്തിന്റെ കാഠിന്യം കുറയ്ക്കാന്‍, ഒരുമയുടെ പൂക്കാലം മനസ്സില്‍ നിറഞ്ഞേ പറ്റൂ.
സ്ഫോടനത്തിന്റെയും നിലവിളികളുടെയും പുലരികള്‍ മറന്ന് പൂക്കുടകളുമായി നമ്മുടെ കുട്ടികള്‍ പൂ തേടി നടക്കുന്നത് സ്വപ്നം കാണുക! മനുഷ്യ ജീവിതത്തിനുമേല്‍ കലാപച്ചോര പടര്‍ത്തുന്ന ദുരാഗ്രഹത്തിന്റെ കടന്നുകയറ്റങ്ങള്‍ക്കിടയില്‍, നിറനിലാവുകണ്ട്, ഊഞ്ഞാലാടാനാവുമെന്ന എന്റെ വ്യാമോഹത്തിന് മാപ്പുനല്‍കുക. എങ്കിലും എനിക്ക് ഓണം ഒളിമങ്ങാത്ത നൂറായിരം പൂക്കളാണ്. സ്നേഹമാണ്, വാത്സല്യമാണ്, സദ്യയാണ്, വിനോദമാണ്, ബന്ധമാണ്, ആനന്ദമാണ്, പ്രാര്‍ഥനയാണ്.... ഒത്തൊരുമയാണ്... ആവേശമാണ്.... ആത്മധൈര്യമാണ്...
എവിടെ മലയാളിയുണ്ടോ അവിടങ്ങളിലെല്ലാം പൂവിളിയും പൊലിവിളിയുമുണ്ട്. നമ്മുടെ സൌന്ദര്യ സങ്കല്പം മുതല്‍ രാഷ്ട്രീയദര്‍ശനം വരെ, സമന്വയിച്ചുരുത്തിരിയുന്ന കാര്‍ഷികസമൃദ്ധിയുടെ പ്രതീക്ഷകളാണ് ചിങ്ങത്തിരുവോണം കാഴ്ചവെയ്ക്കുന്നത്. കാലത്തിന്റെ പരിഷ്കാരഭേദമനുസരിച്ച് ആഘോഷരീതികള്‍ മാറാമെങ്കിലും ഓണത്തിന്റെ ആത്മവികാരങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
കമ്പോളത്തില്‍ നിന്നെങ്കിലും ഒരു പിടി പൂക്കള്‍ വാങ്ങി മുറ്റത്തോ, ഫ്ലാറ്റിന്റെ സിറ്റൌട്ടിലോ ഇതൊന്നുമില്ലെങ്കില്‍ മനസ്സിലോ കളമൊരുക്കുന്നു. കുളിച്ചു കുറിയിട്ടു പുത്തനണിയുന്നു. ഒരുമയോടെ സദ്യയുണ്ണുന്നു. അച്ഛനമ്മമാരുടെ ആഹ്ലാദവാത്സല്യങ്ങള്‍ കുഞ്ഞുമനസ്സുകള്‍ക്കു പകര്‍ന്നു കൊടുക്കുന്നു.
നാനാവര്‍ണങ്ങളില്‍ പൂക്കളൊരുക്കി അത്തക്കളമിട്ടു നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു നിമിഷം കവിയാവുക. വൈവിധ്യങ്ങളുടെ ചേതോഹരമായ പുഷ്പസംഗമം മര്‍തൃസംഗമമായി ഭാവന ചെയ്യുക. മണ്ണിന്റെ മാറില്‍ ചേര്‍ത്തുവെച്ച പ്രകൃതിയുടെ വരദലങ്ങളില്‍ നമ്മുടെ സാഹോദര്യവും സമത്വവുമുണ്ട്. ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്നത് ഓണപ്പാട്ടിന്റെ ശീലമല്ല. മനുഷ്യ ചിന്തയിലെ ഏറ്റവും മഹത്തായ ബോധോദയമാണ്. അതു പഠിപ്പിക്കാന്‍ ഒരു കഥ, കഥയില്‍ ഒരു ബലി. അന്തര്‍ധാനം ചെയ്തിട്ടും പുനരുത്ഥാനം ചെയ്യുന്ന സത്യത്തിന്റെ ധീരമായ മഹാബലി സ്മരണയില്‍ മുഴുകിയിരിക്കുമ്പോള്‍ ഇങ്ങനെ കുറിച്ചിടാന്‍ തോന്നുന്നു,
ശിരസ്സു കുനിച്ചതു
വാഗ്ദത്ത സത്യത്തിന്റെ
ബലിപീഠത്തില്‍ സ്വയം
നിര്‍ഭയം സമര്‍പ്പിക്കാന്‍.
മറഞ്ഞതു പോകില്ലേതു
പാതാളപ്രവേശവു-
മനന്ത സ്നേഹത്തിന്റെ
ഹൃദയം തുടിക്കുമ്പോള്‍.
എല്ലാ മലയാളികള്‍ക്കും
ഹൃദയം നിറഞ്ഞ
പൊന്നോണാശംസകള്‍..!!
2 comments:
ശിരസ്സു കുനിച്ചതു
വാഗ്ദത്ത സത്യത്തിന്റെ
ബലിപീഠത്തില്‍ സ്വയം
നിര്‍ഭയം സമര്‍പ്പിക്കാന്‍.
മറഞ്ഞതു പോകില്ലേതു
പാതാളപ്രവേശവു-
മനന്ത സ്നേഹത്തിന്റെ
ഹൃദയം തുടിക്കുമ്പോള്‍....
ഇത്ര നല്ല ഒരു ഓണസന്ദേശം
ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തതിനു
നന്ദി ...
ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍..!!
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .
ശിരസ്സുകുനിച്ചുപോകുന്ന ആ കവിതാശകലത്തിനു നന്ദി ബലബാറീ :)
Post a Comment