Friday, August 14, 2009

അങ്ങനെ ഒരു ഓണക്കാലത്തു …..

ആല്‍ത്തറയില്‍ നിന്നു മാണിക്യത്തിന്റെ അഭ്യര്‍ത്ഥന, ആല്‍ത്തറയില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് ഒരു ഓര്‍മ്മകുറിപ്പെഴുതാന്‍ അങ്ങനെ ഓണത്തെക്കുറിച്ചു ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങി. നാട്ടിലെ അവധിക്കാലം ആസ്വദിച്ചു, ദോഹയില്‍ മടങ്ങി എത്തിയതു ഒറ്റക്കായതു കൊണ്ടും , എഴുതാന്‍ “സ്പിരിറ്റ്” ഉണ്ടായിരുന്നതു കൊണ്ടും, ഒരു കൈ നോക്കാമെന്നു കരുതി

കേരളത്തിലേയൊ, ഗള്‍ഫ് രാജ്യങ്ങളിലെയൊ, അമേരിക്കയിലേയോ ഇന്‍ഡ്യയിലെ മഹാനഗരങ്ങളിലേയൊ മലയാളികള്‍ക്കു ഇതു അല്‍ഭുതമായി തോന്നിയേക്കാം. “പ്രവാസി” എന്ന വാക്കിനു"ഇവരെയൊക്കെ മാത്രമാണല്ലൊ അര്‍ത്ഥമാക്കുന്നതു"( രാജസ്ഥാനിലും, ഗുജറാത്തിലും, ഹരിയനയിലും -- മഹാനഗരങ്ങലില്‍ നിന്നു അകന്നു -- ഗ്രാമ പ്രദേശങ്ങളില്‍ ഒരു ദ്വീപു നിവാസികളെ പൊലെ താമസിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു വേണ്ടി ഈ കുറിപ്പു )

രാജസ്ഥാന്‍ -മദ്ധ്യപ്രദേശ്-ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ tri-junctionനില്‍ ആയിരുന്നു ബാസ്വാഡ എന്ന ജില്ല. ( സ്പെല്ലിങ് Banswara എന്നാണെങ്കിലും, സ്കേല്‍ വച്ചു അളന്നെടുത്തു പക്കാ മലയാളികളെ പ്പോലെ ബാന്സ്വാര എന്നൊന്നും വായിക്കല്ലെ – ബാസ്വാഡ എന്നു തന്നെ വായിക്കണം). സ്ഥലം രാജസ്ഥാനില്‍. ഏറ്റവും അടുത്ത റേയില്‍വേ സ്റ്റേഷന്‍ 90 കി മി അകലെ. ബോംബേ-ഡെല്‍ഹി റൂട്ടിലുള്ള റത്‌ലാം സ്റ്റേഷന്‍ മദ്ധ്യപ്രദേശില്‍. അതിനു മുമ്പുള്ള സ്റ്റേഷന്‍ ദഹോദ് ഗുജറാത്തിലാണു. tri-junctionന്റെ എകദേശ രൂപം കിട്ടിയല്ലൊ.


പപ്പടം, കുമ്പളങ്ങ, മുരിങ്ങക്കായ……..മലയാളി കഴിക്കുന്ന ഒന്നും തന്നെ കിട്ടാനില്ല. രണ്ടു മാസത്തില്‍ ഒരിക്കല്‍ വല്ലപ്പൊഴും ബോംബെയില്‍ പോകാന്‍ കിട്ടുന്ന ഒഫിഷ്യല്‍ ട്രിപ്പുകളില്‍, കൈ നിറയെ പച്ചക്കറിയും പപ്പടവും വാങ്ങികൊണ്ട് വന്നു. നാട്ടില്‍ പോകുന്നവര്‍ കൊണ്ടു വരുന്ന ഒന്നൊ രണ്ടൊ കാസ്സെറ്റുകളായിരുന്നു ആകെ കണ്ട സിനിമകള്‍. പോസ്റ്റല്‍ ആയിട്ടായിരുന്നു കലാകൌമുദിയും മാതൃഭുമിയും വന്നിരുന്നതു. ടൈംസ് ഒഫ് ഇന്ഡ്യയുടെ ബോംബെ എഡിഷന്‍ കിട്ടിയതും രസകരമായ അനുഭവമാണു.

സ്വകാര്യ കമ്പനികളും, ട്രെയിന്‍ ഡ്രൈവര്‍മാരും കൂടി ഗവണ്മെന്‍റ്റിന്റെ ഖജനാവിലേക്കുള്ള എത്രയൊ വരുമാനം അടിച്ചു മാറ്റുന്നു എന്നറിഞ്ഞതു അപ്പൊഴാണു അമൃത്‌സാറിലെക്കുള്ള ഫ്രൊണ്ടിയര്‍ മെയില്‍ ബോംബെ സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതു 8 മണിക്കാണു. ബോംബെ ഓഫീസിലെ കോറിയര്‍ പോകേണ്ട എല്ലാ കടലാസുകളും ഫയലുകളും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി, ഒരാള്‍ ഈ ട്രെയിന്‍ ഡ്രൈവറെ ഏല്പ്പിക്കുന്നു. പിറ്റെ ദിവസം രാവിലെ 7 മണിക്കു രത്ലാം സ്റ്റേഷനില്‍ എത്തുന്ന ഈ വണ്ടി കാത്തു, കമ്പനിയിലെ ഡ്രൈവര്‍ എത്തിയിരിക്കും. 50 രൂപ ഡ്രൈവര്‍ക്കു കൊടുത്തു ഈ ബാഗ് വാങ്ങി കൊണ്ടുപോകുന്നു.

ബാസ്വാഡയില്‍ കിട്ടിയിരുന്നതു ടൈംസിന്റെ ഡെല്‍ഹി എഡിഷന്‍ ആയിരുന്നു. രാവിലെ 11 മണി ആയാലെ കിട്ടൂ. വര്‍ഷങ്ങളോളം ബോംബെ എഡിഷന്‍ വായിച്ചു രസിച്ചവര്‍ക്കു ഡെല്‍ഹി എഡിഷന്‍ തീരെ പിടിക്കില്ല. ബോംബെ ഓഫിസിലെ സെക്രട്ടറിയെ മണിയടിച്ചു, ദിവസേന വരുന്ന പ്ലാസ്റ്റിക് ബാഗില്‍ ഒരു ടൈംസും കൂടി, ഒരു ദിവസം വൈകീട്ടാണെങ്കിലും, ആര്‍ത്തിയോടെ വായിച്ചു രസിച്ചു.

അങ്ങനെ ഇരിക്കെയാണ്, ഓണാഘോഷം സംഘടിപ്പിക്കാന്‍ കുറച്ചു മലയാളികള്‍ തീരുമാനിച്ചത്. 15-20 കിലോമീറ്റര്‍ അകലെ ഒരു അയ്യപ്പന്‍ കോവിലുണ്ടെന്നും, ഒരു ചെറിയ ക്ലബ് ഹാള്‍ ഉണ്ടെന്നും, അവിടെ വച്ചു നടത്താമെന്നും, കുടുംബ സമേതം വരണമെന്നും ചില സംഘാടകര്‍ പറഞ്ഞു. തോമസ്, ജോയ് , ഉണ്ണികൃഷ്ണന്‍ --- തികച്ചും മതനിരപേക്ഷമായ ആഘോഷം.
കഴുത്തിലൂടെ തോര്‍ത്തുമുണ്ടു ചുറ്റി ഓടി നടക്കുന്ന കുറെ "മരുന്നു വീരന്‍മാര്‍" സജീവമായി പങ്കെടുത്തു. ഇതുപോലുള്ള ആള്‍ക്കാരെ കേരളത്തിലേക്കുള്ള തീവണ്ടികളിലും, ബാച്ചലര്‍ ക്വാര്‍ട്ടേര്‍സിലും കാണാം.എന്താണു കാരണം എന്നു ചോദിക്കരുതു. അതൊരു ഭംഗിയാണു. മഹാവിഷ്ണുവിനു സുദര്‍ശന ചക്രം പോലെ, പരമശിവനു സര്പ്പം പോലെ, മലയാളിക്കു തോര്‍ത്തുമുണ്ടു.

ക്ലബ് ഹാളിനുള്ളില്‍ ആദ്യം നടന്നതു ഭക്തിഗാനങ്ങളാണ്. പ്രധാനമായും അയ്യപ്പ ഭക്തി ഗാനങ്ങള്‍. പമ്പയില്‍ കുളിച്ചു തോര്‍ത്തി എതാണ്ടു ശരംകുത്തിയാറ്റില്‍ എത്താറയപ്പോഴാണു അതു സംഭവിച്ചത്. ഏരിയുന്ന കണ്ണുകളൊടെ ചില വിമതന്മാര്‍ അവിടെ എത്തി ഗായകരെ നോക്കി. 'ശ്രീശാന്തു പോലും ഡെസ്മൊണ്ട് ഹയ്ന്സിനെ' ഇങ്ങനെ നോക്കിയിട്ടുണ്ടവില്ല. ബലമായി മൈക്ക് പിടിച്ചു വാങ്ങി ഉത്തരാധുനീക ഗായകര്‍ പുതിയ ഗാനം പാടി. ഗുരുദേവ കീര്‍ത്തനം.

പിന്നീടു മല്‍സരമായിരുന്നു. ഒരു അയ്യപ്പ ഗാനം, അടുത്തതു ഗുരുദേവന്‍. വീണ്ടും അയ്യപ്പന്‍, പിന്നെ ഗുരുദേവന്‍. പതിനെട്ടാമ്പടി കയറുന്നതിനു മുമ്പു അടി പൊട്ടി. ശിവഗിരിയിലെ മഞ്ഞ ബനിയന്‍ പെരുന്നയിലെ നടുറോട്ടില്‍ കീറി എറിഞ്ഞു. തെക്കന്‍കേരളത്തിലെ ജാതി സ്പിരിറ്റ് ആദ്യമായി അറിഞ്ഞതു അന്നാണ്. പിന്നീടു ക്ലബ് നടത്തിപ്പിന്റെ കാര്യം പറഞ്ഞുള്ള തര്‍ക്കങ്ങള്‍, കൂക്കി വിളി, ഉന്തും തള്ളൂം, “ക്ലബ് ഹാളിനുള്ളില്‍ നിങ്ങള്‍ ശീട്ടു കളിച്ചാല്,ഞങ്ങള്‍ കള്ളു കുടിക്കും ” എന്നുള്ള "സാംസ്കാരിക നയം" വ്യക്തമാക്കല്‍…. എങ്ങനെയാനു രക്ഷപ്പെട്ടു ക്വാര്‍ട്ടെര്‍സില്‍ എത്തിയതെന്നു അറിയില്ല. വര്‍ഷങ്ങളോളം ഈ കാര്യം ആലോചിച്ചു ചിരിച്ചിട്ടുണ്ട്.

ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..
പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?…

നന്മയുടെ ശാന്തിയുടെ സമാധാനത്തിന്റെ പ്രതികമായ മാവേലിയുടെ
വരവിനെ അനുസ്മരിച്ച് ഓണാഘോഷം നടത്തുമ്പോള്‍ വേണമായിരുന്നോ ഒരു അടികൂടല്‍ ..?

ഓണാശംസകളോടെ മനോവിഭ്രാന്തികള്‍

12 comments:

കറുത്തേടം said...

വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പൌത്രനായ മഹാബലിക്കു മോക്ഷംകൊടുത്ത തിരുവോണത്തിന് എന്തിനീ ജാതിസ്പര്‍ധ..

“പ്രവാസി” എന്ന വാക്കിനു"ഇവരെയൊക്കെ മാത്രമാണല്ലൊ അര്‍ത്ഥമാക്കുന്നതു" - മറുനാടന്‍ മലയാളികള്‍ ഇന്ത്യക്കത്തും ഉണ്ട് പക്ഷെ ഒരു വ്യത്യാസം അവര്‍ സമ്പാതിക്കുന്നത് രൂപയാണ്. ഈ ഞാനും കുറേക്കാലം മറുനാടന്‍( ഇന്ത്യക്കകത്ത്‌) മലയാളിയായിരുന്നു.

"ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..
പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?… " -
അയ്യപ്പനെ മറ്റുമതക്കാര്‍ ഏറ്റെടുക്കാഞ്ഞാല്‍ ...
സ്വാമി ശരണം...

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശിവപേരൂരില്‍ നിന്ന് ആശംസകള്‍ നേരുന്നു.

സ്നേഹത്തോടേ

ജെ പി വെട്ടിയാട്ടില്‍

please visit
trichurblogclub.blogspot.com

t.a.sasi said...

പടച്ചോനേ..

Thus Testing said...

ശശി കര്‍ത്താവിനെ കൂടി വിളിക്കു...ഈ ഓണത്തിനു മലയാറ്റൂര്‍ മല കയറുന്ന പാട്ടു പാടിയിട്ടു ബാക്കിയുള്ള കാര്യം.

കളിയിലൂടെ കാര്യം പറഞ്ഞ പോസ്റ്റ്

അരുണ്‍ കരിമുട്ടം said...

ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായണ ഗുരു ഈഴവരുടെ ആളാണ് ..
പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?…

ഹ..ഹ..ഹ
സഹോദരന്‍ അയ്യപ്പനോ അതോ സാക്ഷാല്‍ അയ്യപ്പനേ??
എന്തായാലും അടി വീണു, ഇനി അത് മറക്കാം..
ഈ പുതിയ ഓണം ആഘോഷിക്കാം:)

Malayali Peringode said...

:)

വാമദേവന്‍ said...

ഭഗവാന് മതമില്ല കുഞ്ഞേ
മനോവിഭ്രാന്തിയല്ലേ
പ്രാര്‍ത്ഥന തന്നെ പുണ്യം.
കുഞ്ഞിനെ അയ്യപ്പന്‍ കാക്കട്ടെ.
ആശംസകള്‍.

റസാകൃഷ്ണ said...

ഓണം ഓര്‍മ്മകള്‍ ആണു ..
ഇതിവിടെ വിത്യസ്തമായി..
മഹാബലി നന്മകള്‍ നിറഞ്ഞവനയിരുന്നു
അതും ഇന്നു മറക്കുന്നു എന്നു തോന്നിപ്പോയി
ഈ പോസ്റ്റ് വായിച്ചപോള്‍..
അയ്യപ്പനും ഗുരുദേവനും ഓണവുമായി ഇങ്ങനെ ഒരു ബന്ധമോ? ആവോ അറിഞ്ഞില്ല. :)

Sureshkumar Punjhayil said...

Snehapoorvam Onashamsakal...!!!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വ്യത്യസ്തമാ‍യ നിരീക്ഷണങ്ങളടങ്ങിയ മനോഹരമായ ഒരു പോസ്റ്റ് ആയിരുന്നു.എന്നാൽ അവസാന ഭാഗത്ത് വന്ന ചില നിരീക്ഷണങ്ങൾ ഈ പോസ്റ്റിന്റെ സൌന്ദര്യമാകെ ചോർത്തിക്കളഞ്ഞു!

ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..
പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?…


എത്ര അടിസ്ഥാന രഹിതമായ നിരീക്ഷണം! ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ആളാണെന്ന് താങ്കളോട് ആരു പറഞ്ഞു? വെള്ളാപ്പള്ളി നടേശനും മറ്റും അങ്ങനെ ആക്കിത്തീർക്കാൻ ശ്രമിക്കുന്നുണ്ടാവാം.തന്റെ അവസാന കാലത്ത് എസ്.എൻ.ഡി.പിയുമായുള്ള ബന്ധം പോലും ഗുരു ഉപേക്ഷിച്ചിരുന്നു.അതു 1916 മെയ് 22 നു ഡോ.പൽ‌പ്പുവിനു എഴുതിയ കത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്( അതിവിടെ പകർത്തിയെഴുതുന്നില്ല)

അതുപോലെ അതേ വർഷം അദ്ദേഹം ചെയ്ത മറ്റൊരു പ്രസ്താവന വായിച്ചു നോക്കൂ..

“നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിലെ പെട്ടവരായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിട വരുത്തിയിട്ടുണ്ടെന്നും അറിയുന്നു.

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല.വിശേഷിച്ച് നമ്മുടെ ശിഷ്യ വർഗത്തിൽ നിന്നും മേൽ‌പ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിൻ‌ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു”

അതു പോലെ തന്നെ അയ്യപ്പനും ഈ പറയുന്ന ആരുടേയും ദൈവമല്ല.ഈ വിഷയത്തിൽ പഠനം നടത്തിയിരിക്കുന്ന പലരും അഭിപ്രായപ്പെട്ടിട്ടുള്ളത് അയ്യപ്പൻ എന്നത് പല ഗിരിജന- വനവാസി വിഭാഗങ്ങൾ ആരാധിച്ചു പോന്ന ഒരു മൂർത്തി ആണെന്നാണ്.അതിനെ പിന്നീട് ബാക്കിയെല്ലാവരും കൂടി “ഹൈജാക്” ചെയ്തു.അയ്യപ്പ ചരിതം കഥ ഒന്നും നമ്മുടെ പുരാണങ്ങളിൽ ഇല്ല.അതിലെവിടെയാണു പന്തളം രാജവംശം വരുന്നത്?

അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എഴുതുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുമെന്ന് കരുതുന്നു.

സ്നേഹത്തോടെ,സുനിൽ

Rani Ajay said...

ചിരിപ്പികുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യിപ്പിച്ച നല്ലൊരു പോസ്റ്റ്‌.. ഓണാശംസകള്‍

Unknown said...

പണ്ടു പണ്ടു ഓണാഘോഷങ്ങള്‍ സ്പോണ്‍‌സേഡ് പ്രോഗ്രാമുകള്‍ ആയിരുന്നില്ല……….പരിമിതമായ കഴിവുകളിലൂടെ

നാടന്‍ കലകളുടേയും ഗ്രാമ നൈര്‍മല്യത്തിന്റേയും ഒരു സമ്മേളനം ആയിരുന്നു……….എന്നാല്‍ അക്കാലത്തെ ആ അഘോഷങ്ങള്ക്കെ ‘കാവി’ നിറം കൂടുതല്‍ ആയിരുന്നു. ഇന്നു ‘കാവി’ നിറം പുറമെ മങ്ങി എന്നു മാത്രം…….എന്നാല്‍ അതു ചിലരുടെ എല്ലാം മനസ്സുകളിലേക്ക് പൂര്‍‌വ്വാധികംശക്‌തിയൂടെ ചേക്കേറി………!!

ആഘോഷങ്ങള്‍ നഗരങ്ങള്‍ ഏറ്റെടുത്തു………! വിളവെടുപ്പും , സമ്രിധിയും നിറഞ്ഞു നിന്ന നാളുകള്‍………..ഇന്നു പകര്‍ച്ച വ്യാധികളുടെ നടുക്കുന്ന ചിന്തകള്‍ ആണ് എല്ലാ ഓണ നാളുകളിലും………..വിഷ്വല്‍ മീഡിയകള്‍ അവരുടെ ഒരു ചാനലില്‍ ആഘോഷത്തിമിര്‍പ്പുകളും………..അടുത്ത ചാനലില്‍ ക്രിക്കെറ്റ് സ്കൊര്‍ എന്ന വണ്ണം മരണ സംഖ്യയും വിളംബരം ചെയ്യുന്നു……..!!!

‘ഓണം വിശേഷാല്‍ പ്രതികള്‍’ ഇറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു……………ഇന്നു ‘മണിക്കൂറുകള്‍’ കൂടിയില്ല എന്നാല്‍ അതിനിടയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അധികം ആയി………. “മഹാവിഷ്ണുവിനു സുദര്‍ശന ചക്രം പോലെ, പരമശിവനു സര്പ്പം പോലെ, മലയാളിക്കു തോര്‍ത്തുമുണ്ടു” അവസാനം ആ തോര്‍‌ത്തു മുണ്ടു സ്വയം കഴുത്തില്‍ കുരുക്കി ഒടുങ്ങേണ്ടി വരുമോ…………, തെറ്റിധരിക്കല്ലേ, ‘ബ്ലൊഗ് ‘ സാഹിത്യത്തിന്റെ’ കൂടി ആക്രമണം സഹിക്കാതെ ആണെന്നു ധരിക്കല്ലേ………….സാഹിത്യ അസ്വാദന രംഗത്തെ സ്വാഗതാര്‍ഹം ആയ ഒരു ഡിജിറ്റല്‍ എക്സ്റ്റെന്ഷന്‍ എന്നു തന്നെ പറയാം…….

മതപരവും , സാമ്പത്തികവും സാമൂഹികവുമ്മായ വിവേചനം…………ജീവിതത്തിന്റെ പൊതു ധാരയില്‍ നിന്നു പൂര്‍ണ്ണമായി ഒരിക്കലും തുടച്ചു മാറ്റപ്പെട്ടില്ല………..

മനോഹറിന്റെ നല്ല ഒഴുക്കുള്ള മടുപ്പുളവാകാത്ത രചന ശൈലി ആണ്…………ഈ ഓണക്കാലം ഓര്‍മകളെ പുനര്‍ജീവിപ്പിക്കാനും അതു രസകരം ആയി മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞതിനും അഭിനന്ദനങ്ങള്‍………..അല്‍ത്തറയുടെ

അമരക്കാരിക്കും ആത്മാര്‍‌ത്ഥമായ അഭിനന്ദങ്ങള്‍