നേരം പുലര്‍ന്നു വരുന്നു....
അമ്മിണിയമ്മ പതിവു പോലെ ഉണര്‍ന്നു.....
കിടക്കയില്‍ ചമ്രം പിടഞ്ഞിരുന്നു.
പിന്നെ കൈകൾ മലർത്തി അതിലേക്ക് ദൃഷ്ടിയൂന്നി ഒരു നിമിഷം മനസ്സില്‍ മന്ത്രിച്ചു....
കരാഗ്രേ വസതേ ലക്ഷ്മിഃ
കരമധ്യേ സരസ്വതീഃ
കരമൂലേ തു ഗോവിന്ദഃ
പ്രഭാതേ കരവന്ദനം.
ബാല്യത്തിലെ അച്ഛന്റെ ശിക്ഷണ ഗുണം... അര്‍ത്ഥമറിയാതെ ചൊല്ലി ഇന്നതു ദിനചര്യയായി മാറി.
സമയം 5 മണി... പകലോന്റെ വരവറിയിച്ച് കാക്കളുടെ കലപില!
പതിവു നിര്‍മ്മാല്യ ദര്‍ശനം,അതുകഴിഞ്ഞേ എന്തുമുള്ളു.
തിരുവോണ നാളാണ്, നിര്‍മ്മാല്യ ദര്‍ശനം കൂടുതല്‍ പുണ്യമാണ്.
ദൈവാനുഗ്രഹത്താല്‍ എഴുപത്തിരണ്ടിന്റെ നിറവിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല.
ഒരുവേള ശയ്യാവശ ആയാല്‍ ആരു നോക്കും എന്റെ നീര്‍വിളാകേശാ! അമ്മിണിയമ്മ ആശങ്കയൊടെ പിറുപിറുത്തുകൊണ്ട് എഴുനേല്‍റ്റു.
കിടക്കക്ക് അഭിമുഖമായി ചുവരില്‍ തൂക്കിയിരിക്കുന്ന പ്രിയതമന്റെ ചില്ലിട്ട ചിത്രത്തിനു മുന്നില്‍ ഒരുനിമിഷം.
കഴിഞ്ഞ ഏഴര വര്‍ഷമായി അതും ദിനചര്യ!
ഹൃദയം ചുട്ടുപൊള്ളി ..... കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.......
നീര്‍വിളാകേശാ ഇത്രയും ക്രൂരത എന്തിനായിരുന്നു.......
ഒരു ഹാര്‍ട്ടട്ടാക്കിന്റെ രൂപത്തില്‍. എന്നില്‍ നിന്നു അദ്ധേഹത്തെ അകറ്റാന്‍ അങ്ങേക്ക് എന്തു കാരണമാണ് പറയാനുള്ളത്?
എന്നെ എന്റെ ഭാര്‍ഗ്ഗവേട്ടന്റെ അടുത്തെത്തിക്കാന്‍ സമയം ആയില്ലെ??... അതുടനെ ഉണ്ടാവണെ...!
സമയത്തിനു പകരം വയ്കാന്‍ സമയമല്ലാതെ മറ്റൊന്നുമില്ല എന്ന് അച്ഛന് പറയാറുള്ളത് എത്ര ശരി.
ആരോടും അനുവാദം ചോദിക്കാതെ കടന്നുവരും...യാത്ര പറയാതെ കടന്നു പോകും!
ഹാ....വേഗം ക്ഷേത്രത്തില്‍ എത്തണം....
ഇപ്പോള്‍ ഒരു ചെറുപ്പക്കാരന് തിരുമേനിയാണ് ക്ഷേത്ര മേല്‍ശാന്തി. കുളിയും തേവാരവും എല്ലാം വീട്ടില്‍ നടത്തിയാണ് വരവ്!
നീര്വിളാകേശന്റെ മാത്രം പ്രത്യേകതയായ അഗ്നികൊണിലുള്ള ക്ഷേത്രക്കുളം ബ്രാമണഗന്ധം അറിഞ്ഞിട്ട് ഒരു വ്യാഴവട്ടമായി!
നടതുറക്കുന്നതും, അടക്കുന്നതിനും ഒന്നും ഒരു നിഷ്ടയുമില്ല! വേഗം ചെന്നില്ലെങ്കില്‍ നിര്‍മ്മാല്യം കാണാന്‍ സാധിച്ചേക്കില്ല! ഇന്നു തിരുവോണമായിട്ട് നിര്‍മ്മാല്യം ദര്‍ശിച്ചില്ലെങ്കില്‍ അതൊരു കുറവായി മനസ്സില്‍ കിടക്കും.
കിടപ്പുമുറിയുടെ വാതില്‍ തുറന്ന അമ്മിണിയമ്മയെ വരവേല്‍റ്റത് പതിവില്ലാത്ത കാഴ്ച!
തന്റെ ചെറുമകള്‍ അതിരാവിലെ തന്നെ ഉണര്‍ന്നിരിക്കുന്നു....
പൂമുഖത്ത് ....കാലുകള്‍ രണ്ടും സോഫായുടെ രണ്ടറ്റങ്ങളില്‍!!!
പ്രായമായ കുട്ടിയാണ്. അടിവസ്ത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഇത്തരം ഇരുപ്പ് പാടില്ല എന്ന് പലപ്പോഴും പറയാറുള്ളതാണ്.
ഗൌനിക്കാറില്ല.... അതുകൊണ്ട് ഇപ്പോള്‍ പറയാറുമില്ല.....
തന്റെ കുട്ടിക്കാലത്ത് പൂമുഖത്തേക്ക് വരാന്‍ പോലും ഭയമായിരുന്നു..... കാരണവര്‍ ആരെങ്കിലും പൂമുഖത്ത് ഉണ്ടെങ്കില്‍ പ്രത്യേകിച്ചും!......
അന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു സ്ത്രീകളുടെ ഈ ദുരവസ്ഥക്ക് ഒരവസാനം ഉണ്ടായെങ്കില്‍ എന്ന്....
പക്ഷെ ഇന്ന് എല്ലാ അതിരുകളേയും കവര്‍ന്ന് പ്രദര്‍ശനത്വരയിലാണ് ചെറുപ്പം! സ്ത്രീ സ്വാതന്ത്ര്യം അതിന്റെ ലക്ഷ്യങ്ങള്‍ കടന്ന്, സ്ത്രീ മേധാവിത്വത്തിലേക്കും, പുരുഷ പീഠനങ്ങളിലേക്കും കടന്നിരിക്കുന്നു....
കലികാലത്തില്‍ പിടക്കോഴി കൂവുമെന്നു പറഞ്ഞത് എത്ര ശരി!!!
ഹാ എന്തെങ്കിലും ആവട്ടെ....എങ്കിലും ഓണമായിട്ട് രാവിലെ എഴുനേല്‍ക്കാനെങ്കിലും തോന്നിയില്ലെ.... അതു തന്നെ മഹാഭാഗ്യം....
“ചിഞ്ചൂ.... നീ രാവിലെ ഉണര്‍ന്നുവോ?.... കുളിച്ചിട്ടു വരൂ ......അച്ചാമ്മക്കൊപ്പം നിര്‍മ്മാല്യം തൊഴാം. ഇന്നു തിരുവാഭരണം ചാര്‍ത്തിയാണ് നിര്‍മ്മാല്യം....“ അമ്മിണിയമ്മ പ്രസന്നവദനയായി പറഞ്ഞു.....
ഹും.... പിന്നെ നിര്‍മ്മാല്യത്തിനും കിര്‍മ്മാല്യത്തിനും അല്ലെ എനിക്കു സമയം... ഒന്നു പോ കിളവീ!
ചിഞ്ചു ഈര്‍ഷ്യയോടെ ചാടി എഴുനേല്‍റ്റു......
“ഇന്നു തിരുവോണം പ്രമാണിച്ച് ടിവിയില്‍ എന്തെല്ലാം പ്രോഗ്രാമുകള്‍ ആണെന്നോ!! അതെല്ലാം കണ്ടു തീര്‍ക്കണം... ഇന്നു രാവിലെ പ്രത്വിരാജിന്റെ അഭിമുഖമുണ്ട്.... അതു കാണാന്‍ എഴുനേല്‍റ്റതാ.... അല്ലാതെ തിരുവാഭരണം ചാര്‍ത്തിയതു കണ്ടിട്ട് എനിക്കെന്തു സാധിക്കാന്‍.......ശല്യപ്പെടുത്താതെ ഒന്നു പോയി തരുമോ??“
പതിവു ശൈലിയാണ് പ്രത്യേകിച്ചു തന്നോട്.... പ്രായമായവരാണല്ലോ പുതിയ തലമുറയുടെ ശത്രുക്കള്‍!!!
അതിനാല്‍ അമ്മിണിയമ്മയില്‍ അത് ഒരു ഭാവ വ്യത്യാസവും ഉണ്ടാക്കിയില്ല.
ബഹുമാനം പുസ്തകത്തില്‍ നിന്നു പഠിക്കുന്ന കാലമല്ലെ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി!
അവടെ പേരിനു ചേരുന്ന സ്വഭാവം... പൂച്ചക്കും, പട്ടിക്കും ഇടുന്ന പേരല്ലെ?? മനുഷ്യനു എങ്ങനെ യോജിക്കും??
കുളിക്കാനായി കുളിമുറി ലക്ഷ്യമാക്കി നടക്കുമ്പോള്‍ അമ്മിണിയമ്മയുടെ മനസ്സ് ചിഞ്ചുവിന്റെ ഇരുപത്തെട്ടു കെട്ടു ചടങ്ങില്‍ ഉടക്കി....
ഭാര്ഗ്ഗവേട്ടന് ഒരു ചെവിയില്‍ താബൂലം അമര്‍ത്തി മറു ചെവിയില്‍ ഓതിയ പേര്... എത്ര അര്‍ത്ഥവത്തായിരുന്നു അത്!
“ഉത്തമ”.....
തന്റെ ചെറുമകള്‍ സമൂഹത്തിന് ഒരുത്തമ മാതൃക ആയി മാറണമെന്ന് ആഗ്രഹിച്ചിരിക്കാം!...
സ്കൂളില്‍ ചേര്‍ക്കാനായി പേരു ചിഞ്ചു എന്നാക്കിയപ്പോള്‍ ഭാര്ഗ്ഗവേട്ടന് എതിര്‍ത്തു... പതിവുപോലെ വയസ്സരുടെ വാക്കിന് കാല്ക്കാശിന്റെ വിലയിട്ടില്ല!
ഇനി അതോര്‍ത്തിട്ട് എന്തു കാര്യം.....
കുളിക്കിടയില്‍ പോലും കാരണമൊന്നുമില്ലാതെ അമ്മിണിയമ്മ അസ്വസ്ഥയായിരുന്നു.
കുളികഴിഞ്ഞ് പതിവു വേഷമായ നേര്യതും മുണ്ടും ഉടുത്തു.......
ഭാര്‍ഗ്ഗവേട്ടന്റെ ഇഷ്ടവേഷം. അദ്ധേഹം തന്നെ എന്നും ഈ വേഷത്തില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നു!.
നഗ്നപാദയായി മുറ്റത്തേക്ക് ഇറങ്ങി..
പ്രാകൃതമായി മുറ്റവും, തൊടികളും!
അടിച്ചു വാരിയിട്ട് ദിവസങ്ങളായിരിക്കുന്നു!
തിരുവോണമായിട്ട് ഇന്നും അടിച്ചുവാരാനുള്ള തീരുമാനമില്ലെന്നു തോന്നുന്നു!!!??
തന്റെ ചറുപ്പകാലത്ത് തങ്ങള്‍ ആഘോഷിച്ചിരുന്ന തിരുവോണം!!!!
കര്‍ക്കിടകത്തിലെ കുട്ടിയോണം മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷം.....
വീടും പരിസരവും വൃത്തിയാക്കാന്‍ തുടക്കമിടുന്നതും അന്നു തന്നെയാണ്.
വെടുപ്പാക്കിയ തൊടികളിലും, മുറ്റത്തും തിരുവോണവും കഴിഞ്ഞ് ഉത്രട്ടാതി നാള് വരെ പുല്ലിന്റെ വളരെ ചെറിയ ഒരു കിളിര്‍പ്പോ, ഒരു ഇലയോ കാണാതിരിക്കാന്‍ ഏറ്റവും അധികം ശ്രദ്ധിക്കുന്നത് വീട്ടിലെ മുതിര്‍ന്ന സ്ത്രീകളായിരുന്നു.....
അത്തത്തിനു തലേ ദിവസം ചുവരുകളില്‍ കുമ്മായം പൂശലും, ചാണകവും കരിയും സമം ചേര്‍ത്തുള്ള തറ മെഴുകലും തകൃതിയായി നടക്കും.
അത്തം പുലരുന്ന ദിനം വീട് ഒരു ക്ഷേത്രത്തിനു തുല്യമായിരിക്കും... അന്നുമുതല്‍ അടുത്ത പത്തു ദിവസങ്ങളില്‍ നിഷ്ടകള്‍ പൂജകള്‍ക്ക് തുല്യവും......
നീലനിലാവ് പാലാഴി വിരിച്ചു നില്ക്കുന്ന രാവുകള്‍ ചെറുപ്പക്കാര്‍ പകലാക്കി മാറ്റും.
ആര്‍പ്പൂവിളികളാല്‍ മുഖരിതമായ അന്തരീക്ഷം......
തിരുവാതിരപാട്ടിന്റെ അലയൊലികള്‍......
തുമ്പിതുള്ളലിന്റെ രൌദ്രത!
മേളവും, തോക്കും കമ്പുമായി ആര്‍ത്തലച്ചു വരുന്ന പുലികളി കണ്ട് പേടിയോടെ നിലവറക്കുള്ളില്‍ ഒളിക്കുമായിരുന്നു താന്‍... അമ്മിണിയമ്മ ചെറുപുഞ്ചിരിയോടെ ഓര്‍ത്തു.
പൂക്കളമിടാന്‍ പൂക്കള്‍ തേടി തൊടികളും, കുറ്റിക്കാടുകളിലും മത്സരിച്ചു പായുന്ന അത്തരം ഒരു ഓണനാളിലാണ് തന്റെ ഭാര്‍ഗ്ഗവേട്ടനെ ആദ്യമായി കണ്ടുമുട്ടിയതും, പ്രണയം മൊട്ടിട്ടതും.......
പ്രണയം നിഷിദ്ധമായ ആ നാളുകളില്‍ വീടുവിട്ട് ഭാര്‍ഗ്ഗവേട്ടനൊപ്പം ഇറങ്ങി തിരിച്ച താന്‍ പിന്നീട് ഒരിക്കലും തന്റെ വീടിന്റെ ഉമ്മറത്ത് കാല്കുത്തിയിട്ടില്ല.
തന്റെ ഗ്രഹപ്രവേശനവും മറ്റൊരു ഓണ നാളിലായിരുന്നല്ലോ!!!.... അമ്മിണിയമ്മ വീണ്ടും നെടുവീര്‍പ്പിട്ടു.
കണ്ണുകള്‍ നനഞ്ഞുവോ?? മുണ്ടിന്റെ തോമ്പലകൊണ്ട് കണ്ണുകള്‍ അമര്‍ത്തി തുടച്ചുകൊണ്ട് അമ്മിണിയമ്മ മരുമകളെ വിളിച്ചു......
“ലീലേ...മോളേ ലീലേ”??
മരുമകള്‍ എന്തോ ചടങ്ങു തീര്‍ക്കും പോലെ പൂമുഖപ്പടിയില്‍ വന്നു നിന്നു......
ആഴിച്ചിട്ട മുടി!!ഉറക്കച്ചടവുള്ള കണ്ണുകള്‍.... ഓണനാളിലെ മലയാളി മങ്ക!!!!...
അതിരാവിലെ കുളിച്ചൊരുങ്ങി ഓണപ്പുടവയുമുടുത്ത് സുസ്മേരവദനകളായി ക്ഷേത്രദര്‍ശനത്തിനു പോകാറുള്ള പഴയ മലയാളിമങ്കമാരുടെ സ്ഥാനത്ത് തന്റെ മരുമകളെ സങ്കല്‍പ്പിച്ചോള്‍ അമ്മിണിയമ്മയുടെ ഉള്ളില്‍ പുശ്ചവും അമര്‍ഷവും മുളപൊട്ടി.
ദേഷ്യം മുഖത്തു പ്രതിഭലിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ട് അമ്മിണിയമ്മ ചോദിച്ചു.....
‘ലീലേ തിരുവോണമല്ലെ മോളെ.....ഇന്നെങ്കിലും മുറ്റവും തൊടിയും ഒന്നു അടിച്ചുവൃത്തിയാക്കി കൂടെ?’
മറുപടി ഒരു അട്ടഹാസമായിരുന്നു......
‘എനിക്ക് നടുവിനു വേദനയാണെന്ന് അറിയില്ലെ തള്ളെ?... അത്രക്ക് അത്യാവശ്യമാണെങ്കില്‍ നിങ്ങള്‍ തന്നെ അടിച്ചു വാരിയാല്‍ മതി’
ഉറഞ്ഞു തുള്ളി ലീല അകത്തേക്ക് നടന്നു....
‘ഓണമല്ലെ മുറ്റം ഒന്നു അടിച്ചു വാരിയേക്കാം എന്നു കരുതി ആ നങ്ങേലി കുറത്തിയോട് പറഞ്ഞിരുന്നു, അവളു വന്നാല്‍ അടിച്ചു വാരും, ഇല്ലെങ്കില്‍ ഇങ്ങനെ കിടക്കുകയെ നിവൃത്തിയുള്ളു’ ലീല പിറുപിറുത്തു...
പൂവിളിയുടെ ഗതകാല സ്മരണകളുമായി അമ്മിണിയമ്മ ക്ഷേത്രത്തിലേക്ക് നടന്നു......
വഴിയില്‍ ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്......
കുറേ ചെറുപ്പക്കാര്‍ അതിനുള്ളില്‍ സമ്മേളിച്ച് സൊറ പറയുന്നുണ്ട്......
ആ ഷെഡിനു മുകളിലായി വലിച്ചു കെട്ടിയ ഒരു ബാനര്‍.
സ്മ്രിതി ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പൂക്കളം.....
ഇപ്പോള്‍ പൂക്കളങ്ങള്‍ വീട്ടുമുറ്റത്തു നിന്ന് പൊതു നിരത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.
അതെങ്കിലും ഉണ്ടല്ലോ ആശ്വാസം! കൌതുകം അടക്കാന്‍ കഴിയാതെ അമ്മിണിയമ്മ എത്തി നോക്കി.
പൂക്കള്‍ക്ക് പകരം കല്ലുപ്പില്‍ വിവിധ ചായങ്ങള്‍ ചാലിച്ച് ഒരു “ഉപ്പളം”
ചിരിക്കാതിരിക്കുന്നതെങ്ങനെ? അതും കാലത്തിന്റെ ചില മാറ്റങ്ങള്‍......
ക്ഷേത്രത്തിനടുത്തത്തിയ അമ്മിണിയമ്മ അങ്ങകലെ മുഴങ്ങുന്ന ആരവങ്ങള്‍ കേട്ട് സന്തോഷത്തോടെ ആര്‍പ്പു വിളികള്‍ക്കായി കാതു വട്ടം പിടിച്ചു.
നല്ല തെറിപ്പാട്ട്!!
ഓണാഘോഷം ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക് മദ്യോത്സവം ആണല്ലോ! പഴയ വഞ്ചിപ്പാട്ടുകള്‍ക്ക് തെറിയുടെ മേമ്പൊടി!!
ക്ഷേത്രത്തില്‍ മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിച്ച അമ്മിണിയമ്മയെ ചന്ദനം അരക്കുന്ന വലിയ യന്ത്രത്തിന്റെ നിലക്കാത്ത ശബ്ദം അസ്വസ്ഥയാക്കി......
നടതുറന്നു. പഴയ പഞ്ചലോഹ വിഗ്രഹത്തിനു മങ്ങലൊട്ടുമില്ല. സര്‍വ്വാഭരണ വിഭൂഷനായ നീര്‍വിളാകേശനെ കണ്ടപ്പോള്‍ മനസ്സ് കുളിര്‍ത്തു.......
പക്ഷെ ദീപാരാധനക്കൊപ്പം മുഴങ്ങിയ ശഖും, ചേങ്ങിലയും, മണിനാദവും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രത്തിന്റെ അപസ്വരം ആ കുളിര്‍മ്മയെ അലിയിച്ചു.......
ഇനി എന്നാണാവോ യന്ത്രങ്ങള്‍ക്ക് ശാന്തിക്കാരന് വഴിമാറുക. വലം വയ്ക്കുമ്പോള്‍ അമ്മിണിയമ്മയുടെ മനസ്സ് ഭഗവത് ചിന്തകള്‍ക്കും അപ്പുറം മറ്റേതോ ലോകത്തായിരുന്നു.....
തിരികെ വന്ന മാത്രയില്‍ മുറ്റവും, തൊടികളും അടിച്ചുവാരി......
നാല്പത്തിയഞ്ചുകാരി മരുമകള്‍ക്ക് നടുവേദന. തനിക്ക് അത്തരം വേദനകള്‍ ഇല്ല അല്ലെങ്കില്‍ നിഷിദ്ധമാണ്... ഭാര്‍ഗ്ഗവേട്ടന്റെ വിയോഗത്തെക്കാള്‍ ഒരു വേദന തനിക്കെന്തിനി വരാന്‍!
ഇടക്ക് മരുമകള്‍ എത്തി നോക്കി ഊറിയ ചിരിയോടെ അതിലേറെ നിര്‍വൃതിയോടെ കടന്നു പോകുന്നത് കണ്ടില്ലെന്നു നടിച്ചു.....
മുറ്റം വെടിപ്പാക്കി, ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തി.....
ഇനി ജീവജാലങ്ങളെ ഓണം ഊട്ടിപ്പിക്കണം.....
ആദ്യ കര്‍മ്മം ഗോമാതാവിനെ ഓണം ഊട്ടലാണ്......
പണ്ട് പശുക്കള്‍ എത്രയായിരുന്നു... ഇന്നിപ്പോള്‍ പശു നിന്നിടത്ത് തൊഴുത്തു പോലും ഇന്നില്ല.... ഇപ്പോള്‍ ‘മില്‍മ’ യാണ് നാട്ടിലെ പശു.....
പല്ലിക്കും, ഉറുമ്പിനും ഓണം ഊട്ടാം... അവയെ ആര്‍ക്കും വില്ക്കാന് അധികാരമില്ലല്ലോ!
അടുക്കളയില്‍ കയറി ശര്‍ക്കരയും, അരിപ്പൊടിയും, സമം ചേര്‍ത്ത് വെള്ളം ചേര്‍ത്ത് കുഴച്ച് നിലവറയിലേക്ക് നടക്കുമ്പോള്‍ ലീല പിന്തുടരുന്നത് തിരിച്ചറിഞ്ഞു......
കൈവെള്ള അരിപ്പൊടിയില്‍ മുക്കി ഭിത്തിയില്‍ പതിക്കാന്‍ തുടങ്ങുമ്പോള്‍ മരുമകള്‍ കയ്യില്‍ കടന്നു പിടിച്ചു.
പിന്നെ ബലമായി പാത്രം പിടിച്ചു വാങ്ങി മുറ്റത്തേക്ക് എറിഞ്ഞു.
‘തള്ളക്കു വേറെ തൊഴിലൊന്നുമില്ലെ? വീട്ടിലെ ക്ഷുദ്രജീവികളെ എങ്ങനെ നശിപ്പിക്കാം എന്നു ആലോചിച്ചു മനസ്സു പുകക്കുമ്പോളാണ് തള്ളയുടെ ഒരു ഓണമൂട്ട്.... വെറുതെ വീട് വൃത്തികേടാക്കാന്‍!.വെറെ പണിയൊന്നുമില്ലെങ്കില്‍ അവിടെയെങ്ങാനും പോയി അടങ്ങിയിരിക്ക് തള്ളെ’
ആറ്റു നോറ്റുണ്ടായ ഒരേയൊരു മകനെ മനസ്സാ ശപിച്ചു.
വര്‍ഷങ്ങളായി മക്കളുണ്ടാകാതിരുന്ന താനും ഭാര്‍ഗ്ഗവേട്ടനും വഴിപാടുകളും ഉരുളി കമഴ്ത്തലും, ചികിത്സയുമായി നീണ്ട പത്തുവര്‍ഷം തപസ്സിരുന്നുണ്ടായ മകന്.
അവന് ഇന്നു ദുബായില്‍ മണലാരിണ്യത്തില് കഴിയുന്നു... ഭാര്യയും, മകളും അതേങ്ങനെ ധൂര്‍ത്തടിക്കാം എന്ന ചിന്തയിലും!!!!.....
എല്ലാം തന്റെ വിധി.... പുത്ര ദുഃഖമാവാം തന്റെ ജാതകം.......അങ്ങനെ ആശ്വസിക്കാം.
വിഷമം ഉള്ളിലൊതുക്കി പൂമുഖത്ത് ചെന്നിരുന്നു.
ടിവിയില്‍ ആഭാസ നൃത്ത പരമ്പര... പ്രത്യേക ഓണ പരിപാടികള്‍....
ആസ്വദിക്കാന്‍ ചിഞ്ചു.... ഇതേവരെ പല്ലു പോലും തേച്ചിട്ടില്ല എന്നു മുഖഭാവത്തില്‍ വ്യക്തം.
തന്റെ ബാല്യകാലത്ത് ഓണനാളില്‍ ചങ്ങാതിമാരുമൊത്ത് കളികളുമായി തൊടിയിലും പറമ്പിലുമായിരിക്കും... ഇന്നത്തെ തലമുറ ടിവിക്കു മുന്പില് തളക്കപ്പെട്ടിരിക്കുന്നു.......
ടിവിയില്‍ ശ്രദ്ധിച്ചുകൊണ്ട് ചെവിയോട് ചേര്‍ത്ത് വച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുകയാണ് ചിഞ്ചു.
കാതോര്‍ത്തപ്പോള്‍ അതില്‍ ആഭാസത്തിന്റെ അംശങ്ങള്‍!
‘എന്താടീ ചിഞ്ചൂ... നീ ആരോടാണീ സംസാരിക്കുന്നത്”.....
പ്രത്യേകിച്ച് പ്രയോജനമില്ലെങ്കിലും ഉള്ളിലെ സ്നേഹത്തിന് ചോദ്യത്തെ തടയാന്‍ കഴിഞ്ഞില്ല.
അവള് രൂക്ഷമായി അമ്മിണിയമ്മയെ നോക്കി.......
എന്റെ ഒരു ഫ്രണ്ടിന് ഓണം ആശംസിക്കുകയാണ് കിളവീ...
ഒപ്പം അടുക്കളയിലേക്ക് നോക്കി ചിഞ്ചു ഒച്ച വച്ചു.
‘അമ്മേ ഈ അച്ചമ്മ എന്നെ ശല്യപ്പെടുത്തുന്നു’
അടുക്കളയില്‍ നിന്നും മറുപടിയായി ശകാരവര്‍ഷം.
‘എന്തിന്റെ കേടാണ്.... ആ കൊച്ച് അവിടെ ഇരുന്നോട്ടെ.... നിങ്ങള്‍ അവിടെയെങ്ങാനും പോയിരിക്കു തള്ളെ’
കേട്ടില്ലെന്നു നടിച്ചു.... അഥവാ എന്തെങ്കിലും പറഞ്ഞാലും പ്രയോജനമില്ല.
കാപ്പി കുടിച്ചിട്ട് അങ്ങേലെ സരസ്വതിയമ്മയുടെ അടുത്തു വരെ പോകാം... അവളോട് മനസ്സു തുറന്നാല്‍ സ്വല്പം ആശ്വാസം ലഭിക്കും. ജീവിച്ചിരിക്കുന്ന തന്റെ ഏക ചങ്ങാതി!
അടുക്കള ശൂന്യം... ഒരു വിഭവങ്ങളും ഇല്ല.... ഉണ്ടാക്കാനുള്ള ശ്രമവും ഇല്ല!
ലീല പ്രത്യക്ഷപ്പെട്ടു.... അതുവരെയില്ലാത്ത സൌമ്യമായ ഭാഷ!!
‘അമ്മേ ഇന്നു രാവിലെ എനിക്കും, ചിഞ്ചുവിനും, ന്യൂഡിത്സ്.... അമ്മക്കു ഇന്നലത്തെ പഴംകഞ്ഞി ഇരുപ്പുണ്ടല്ലോ ... അതുകൊണ്ട് ഞാന്‍ ഒന്നും ഉണ്ടാക്കിയില്ല, ഓണം പ്രമാണിച്ച് ഉച്ചക്ക് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്”
പൊട്ടിക്കരയണമെന്നു തോന്നി.... ഓണത്തിനു രാവിലെ പഴങ്കഞ്ഞി?
കഴിഞ്ഞ വര്‍ഷം “ഓണക്കിറ്റ്” എന്ന അപര നാമധേയത്തില്‍ അറിയപ്പെടുന്ന റെഡിമേയ്ഡ് സദ്യയെങ്കിലും ഉണ്ടായിരുന്നു.... ഈ ഓണത്തിന് കോഴി ബിരിയാണി!!!!
‘ലീലെ... കോഴി ബിരിയാണൊയ്യോ?? അതും ഓണത്തിന്?’
‘സൌകര്യം ഉണ്ടെങ്കില്‍ കഴിച്ചാല്‍ മതി.... അല്ലെങ്കില്‍ കുഴിയിലായ കിളവനെ വിളിച്ചുകൊണ്ടു വാ...ഓണ സദ്യ ഉണ്ടാക്കി തരാന്‍’
വെള്ളിടി പോലെയാണ് ആ വാക്കുകള്‍ അമ്മിണിയമ്മയില്‍ പതിഞ്ഞത്....... തന്റെ ഭാര്‍ഗ്ഗവേട്ടനെ അധിക്ഷേപിക്കുക... അതും ഈ ഓണനാളില്‍?!
നോട്ടം കൊണ്ടുപോലും പ്രതികരിച്ചില്ല......
മുറിയില്‍ കയറി പതിയെ വാതില്‍ ചാരി......
കട്ടിലില്‍ നിവര്‍ന്നു കിടന്നു. എതിര്‍വശത്തുള്ള ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന പ്രിയതമന്റെ ജീവസുറ്റ ചിത്രത്തിലേക്കു നോക്കി നിശബ്ദം കണ്ണീരൊഴുക്കി.
പിന്നെ ചോദിച്ചു... ഭാര്‍ഗ്ഗവേട്ടാ ഒരു ഓണ സദ്യകൂടി ഉണ്ണാന്‍ എന്റെ കൂടെ വരുമോ.... ഒരിക്കല്‍ കൂടി?
ചിത്രം മറുപടി പറഞ്ഞു... ഇല്ല പ്രിയേ ഈ അഞ്ജാത ലോകത്തില്‍ നിന്നും ഒരിക്കലും മടക്കയാത്രയില്ല... നീ എന്നിലേക്കു വരൂ.... ഇവിടെ നമ്മുക്കു ഒന്നിച്ച് ഓണം ആഘോഷിക്കാം!
ശരി ഭാര്‍ഗ്ഗവേട്ടാ....എങ്കില്‍ ഞാനെന്റെ ഭാര്‍ഗ്ഗവേട്ടന്റെ അരികിലേക്കു വരാം.... എനിക്ക് ആ കൈകൊണ്ട് ഓണസദ്യയുണാന്‍ കൊതിയായി.
പിന്നെ ഉറക്കം വരാത്ത രാത്രികളില്‍ ക്രിത്രിമ താരാട്ടുകാരനാകാന്‍ വിധിക്കപെട്ട ഉറക്കഗുളികളുടെ കുപ്പിയിലെക്ക് അമ്മിണിയമ്മയുടെ കൈകള്‍ നീണ്ടു.
കുപ്പി ഒന്നായി വായിലേക്ക് കമഴ്ത്തി......
കിടക്കയില്‍ അമര്‍ന്നു കിടന്നു.....
ഇപ്പോള്‍ അമ്മിണിയമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത ആശ്വാസം ഉണ്ടായിരുന്നു..... ഒരു പുഞ്ചിരി ആ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.
5 comments:
അമ്മിണി അമ്മയുടെ ഓണം ഗംഭീരം. ഇന്നത്തെ ഓണവും അമ്മിണി അമ്മയുടെ ഓണവും രണ്ടും രണ്ടാണ്.
"പക്ഷെ ഇന്ന് എല്ലാ അതിരുകളേയും കവര്‍ന്ന് പ്രദര്‍ശനത്വരയിലാണ് ചെറുപ്പം! സ്ത്രീ സ്വാതന്ത്ര്യം അതിന്റെ ലക്ഷ്യങ്ങള്‍ കടന്ന്, സ്ത്രീ മേധാവിത്വത്തിലേക്കും, പുരുഷ പീഠനങ്ങളിലേക്കും കടന്നിരിക്കുന്നു...."
വളരെ ചുരുങ്ങിയ വരികളില്‍ സ്ത്രീകളുടെ അടിവസ്ത്രം വരെ തുറന്നു കാണിക്കുന്ന പുതിയ സംസ്കാരത്തെ വിമര്‍ശിക്കുന്നു.
ഇങ്ങിനേയും ചിലര്‍.....
ഹമ്മച്ചിയേ....
ഒറ്റയിരുപ്പിനാ വായിച്ചു തീര്‍ത്തത്...
അല്‍പ്പം വെള്ളം കുടിച്ചിട്ടു വരാം...
കഥയില്‍
മൂന്നു തലമുറയില്‍ നിന്ന് ഉള്ള
മൂന്നു സ്ത്രീകളെ വരച്ചിട്ടിരിക്കുന്നു
അമ്മിണിയമ്മയുടെ സ്മരണയില്‍ കൂടി
പഴ്യ കാലം ഒരു ഫ്ലഷ് ബാക്ക് ആവുന്നു..
ലീല "ആഴിച്ചിട്ട മുടി!!ഉറക്കച്ചടവുള്ള കണ്ണുകള്‍.... ഓണനാളിലെ മലയാളി മങ്ക!!!!.."
ഭര്‍ത്താവ് കൂടെയില്ല ധനപരമായി ഒട്ട് പിന്നിലുമല്ലാ
ഈ തലമുറ ലേശം മടിയും അഹങ്കാരവും സ്നേഹക്കുറവും ചുമതലയില്ലായ്മ്മയും ഒക്കെയുള്ള
ഒരു കൂട്ടരെ ലീലയിലൂടെ തുറന്നു കാട്ടുന്നു.
മൂന്നം തലമുറ ഈലോകത്തു നിന്നുയര്‍ന്ന് തികച്ചും സ്വപ്നലോകത്ത് കുടിയേറിയവര്‍ പെട്ടന്ന് അസഹിഷ്ണുക്കളാവും വേരോട്ടമില്ലത്ത
അപ്പൂപ്പന് താടി പോലെ പാറി നടക്കുന്ന സൗഹൃതമിഷ്ടപ്പെടുന്നര് ....
സ്വന്തം ശുചിത്വവും പരിസരശുചിത്വവും
ഒന്നും അവരുടെ ചുമതലയല്ല.
നീര്‍വിളാകന്റെ നിരീക്ഷണം ഏറെകുറെ ശരി തന്നെ ഇതിന് അപവാദങ്ങളില്ലാതില്ല
എങ്കിലും അമ്മിണിയമ്മയുടെ അന്ത്യം
മനസില്‍ പോറല്‍ ഏള്‍പ്പിക്കുന്നു
ഓണത്തിലേക്ക് ഒരു മടക്കം പലതും ഓര്‍മ്മിപ്പിച്ചു
തലമുറകള്‍ക്കിടയിലെ അന്തരം നീര്‍വിളാകന്റെ ഭാവനയില്‍ .....
Post a Comment