Monday, August 10, 2009

കോര്‍പ്പറേറ്റ് ഓണമുണ്ട്...

കഴിഞ്ഞ നാലുവര്‍ഷമായി ഞാന്‍ കോര്‍പ്പറേറ്റ് ഓണമുണ്ണുന്നു. വര്‍ഷം അതെങ്ങിനെ എന്നറിയില്ല, ഇതു ഒരു എന്‍.ആര്‍.(കെ.) ഓണമാകും എന്ന കാര്യത്തില്‍ തെല്ലും തര്‍ക്കമില്ലെങ്കില്‍ കൂടി. നമ്മള്‍ ശെരിക്കും മല്ലിടുകയാണു, ഒരു പാരമ്പര്യമോ, സംസ്കാരചിന്തയോ ഐതീഹ്യമോ തകര്‍ന്നു പോകാതിരിക്കാന്‍. പഴയ ഓര്‍മ്മകളിലേക്ക് ഒരു ഊളിയിടല്‍ ഇവിടെ നടത്തുവാന്‍ ഞാന്‍ ഉദ്യേശിക്കുന്നില്ല. അതു പലരാല്‍ പലതവണ നടന്നു കഴിഞ്ഞതാണ്. എങ്കിലും ഒരു രണ്ടു വരിയെഴുതാതെ മുന്നോട്ട് പോകുന്നതെങ്ങിനെ. പൂവിളിയില്ലായിരുന്നു എന്റെ ഉണ്ണിയോണത്തില്. പക്ഷെ, പൂക്കള്‍ പറിച്ചും ഇലകള്‍ മുറിച്ചും തന്നെ പൂക്കളമിട്ടു, മരങ്ങളില്‍ നിന്നു മരങ്ങളിലേക്കും, പറമ്പുകളില്‍ നിന്നു പറമ്പുകളിലേക്കും അതിരാവിലെ മുതല്‍ വലിഞ്ഞു നടന്നു, കളിമണ്ണുരുട്ടി ഓണത്തപ്പനെയുണ്ടാക്കി, വാഴയുള്ള വീട്ടില്‍ പോയി ഇല വാങ്ങി, എല്ലാവരും ഓണമുണ്ടു, ദൂരദര്‍ശനില്‍ വരുന്ന സ്പെഷ്യല്‍ ചലച്ചിത്രം കണ്ടു, (ഇന്ന് എല്ലാ ചാനലിലും ഏത് മണിക്കൂറിലും സ്പെഷ്യല്‍ മൂവി ആണു.) ഏതെങ്കിലും ക്ലബ്ബുകാരു പിരിവെടുത്തു നടത്തുന്ന ഓണപരിപാടികളില്‍ കലമുടച്ചു, ഓണക്കളി കണ്ടു, പുലികളിച്ചു, സോപ്പ്പെട്ടിയോ പെന്‍സിലോ പുസ്തകമോ ഒക്കെ സമ്മാനമായി വാങ്ങി, വൈകുന്നേരം പ്രസംഗങ്ങള്‍ കഴിഞ്ഞു വരുന്ന കലാപരിപാടികള്‍ക്കായി കാത്തിരുന്ന് ഓണവും തീര്‍ന്ന്, വീണ്ടും പുസ്തകവുമായി സ്കൂളിലേക്കിറങ്ങി.

ഇപ്പോള്‍ ഇതൊക്കെ നഷ്ടപ്പെട്ടു പോകരുത് എന്നു കരുതി, കോളേജിന്റെ മുന്നിലും, അവരവരുടെ ഓഫീസിലും, പൂക്കളമിട്ടും, കാണാതെ പഠിച്ച ഓണപ്പാട്ടും, തിരുവാതിരച്ചുവടുകളുമൊക്കെയായി നമ്മള്‍ മല്ലിടുകയാണു. ഒരു മഹാബലിയും, ഓണവും വീണ്ടും വരുമ്പോള്‍ അതു തുടങ്ങിക്കഴിഞ്ഞു. അത് വലിയകാര്യമാണു. എന്റെ മകനോട് എനിക്ക് പറയാന്‍ കഴിയില്ല, അടുത്ത പറമ്പിലൊക്കെ പോയി പൂപറിച്ചു വരാന്‍. അവനറിയാം അവന്റെ അച്ഛന്‍ പ്ലാസ്റ്റിക് കൂടില്‍ റെഡിക്കാശ് കൊടുത്ത് പൂവുവാങ്ങി വരുമെന്നു. അതും ഒരു നല്ല കാര്യം തന്നെ. സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞു. നമ്മള്‍ പൊരുത്തപ്പെടുകയാണു ഇതിനോടൊക്കെ. പൊരുത്തപ്പെടല്‍ ഒരു ഡീല്‍ ആണു. ചിലത് നഷ്ടപ്പെടുത്തി ചിലതു നേടുക. നമ്മള്‍ പഴയചിലതിനെ നഷ്ടപ്പെടുത്തുകയേ തരമുള്ളൂ, ചിലത് നിലനിര്‍ത്താന്‍. കച്ചവടസംസ്കാരം എന്നും പറയാം. പക്ഷെ ഒരു ചോദ്യം അപ്പൊഴും ബാക്കിയാണു കോര്‍പൊറേറ്റ് ഓണങ്ങളേക്കാള്‍ മികച്ചതായി ആരാണു ഇവിടെ ഓണം ആഘോഷിക്കുന്നത്.

എന്റെ കാഴ്ച ചെറുതായത് കൊണ്ടാണോ എന്നറിയില്ല. ഇതിനേക്കാള്‍ മികച്ചഓണത്തെ കാലയളവില്‍ ഞാന്‍ കണ്ടിട്ടില്ല. എല്ലാവരും അന്നു മലയാളമങ്കയോ കേരളശ്രീമാന്മാരോ ആയി അണിഞ്ഞൊരുങ്ങുന്നു. ഒന്നിച്ചിരുന്ന് പൂക്കളമിടുന്നു (ചിലയിടത്ത് മത്സരിച്ചും). ഓണമുണ്ണുന്നു. ഉറിയടിക്കുന്നു. ഇതൊക്കെ കാണാന്‍ ഒരു മാവേലിയും വാമനനും വരുന്നു. പുലികളും വേട്ടക്കാരും ചെണ്ടയും എല്ലാം അകമ്പടിയായി വരുന്നൂ. ഓണക്കാലത്ത് ആര്‍പ്പൊ ഇയ്റോ കേള്‍ക്കണമെങ്കില്‍ ഇവിടങ്ങളിലൊക്കെ പോണം. അല്ലെങ്കില്‍ പിന്നെ വള്ളം കളി നടക്കുന്നിടത്തോ, വെള്ളമടിക്കുന്നിടത്തോ. വാടകയ്ക് പുലിചമയവും ചെണ്ടയും വാങ്ങിയോ, തമിഴന്റെ പൂ വാങ്ങിയോ ആകട്ടെ, പഴയ ഓണത്തെ പരമാവധി തിരിച്ച് കൊണ്ടുവരാന്‍ നോക്കുകയാണു. കോര്‍പ്പറേറ്റ് ഓണങ്ങള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാള സമാജ ഓണങ്ങളും ഇതിനു വേണ്ടിത്തന്നെയുള്ള ശ്രമമാണ് നടത്തുന്നത്. അത് ഏറ്റം ശ്ലാഘനീയമാണു. അതുകഴിഞ്ഞൊരു പക്ഷെ നമ്മള്‍ വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നിലേക്കോ, ക്യാബിനുകളിലേക്കൊ നീങ്ങിയേക്കാം. മനസ്സില്‍ ഒരു നല്ല പാരമ്പര്യത്തിന്റെ സംസ്കാരത്തിന്റെ നന്മ കഴിയുന്ന വിധം ഉള്‍ക്കൊണ്ടു കൊണ്ട്. പക്ഷെ അത്രയുമെ നമ്മുക്ക് കഴിയൂ. അത്രയും തന്നെ നമുക്ക് ചെയ്യാം.


വേദനയുള്ള ചിലകാര്യം കൂടി.

1. ഒരുനാട് ഭരിച്ചിരുന്ന നല്ലവനായ മനുഷ്യന്റെ കോലം കെട്ടി പടിയില്‍ കെട്ടിയിട്ടിരിക്കുന്ന നായയ്ക്ക് സമമായി ഏതെങ്കിലും തുണിക്കടയുടേയോ സ്വര്‍ണ്ണക്കടയുടെയോ മുന്നില്‍ നിര്‍ത്തരുത്. ഒന്നുമല്ലേലും അദ്ദേഹം ഒരു രാജാവായിരുന്നില്ലെ, അദ്ദേഹത്തെ യാചകനാക്കേണ്ടതുണ്ടോ?

2. ഓണത്തോടനുബന്ധിച്ചുള്ള ചില മത്സരങ്ങളില്‍ മലയാളത്തില്‍ മാത്രം സംസാരിക്കുന്ന ചിലയിനങ്ങളുണ്ട്. ആംഗലേയപദം ഉപയോഗിച്ചാല്‍ നിങ്ങളുടെ പോയിന്റു കുറയും എന്നു കരുതി, ചില പാശ്ചാത്യപ്രയോഗങ്ങളെ കഷ്ടപ്പെടു മലയാളത്തിലാക്കി നമ്മുടെ ഭാഷയെ വൃത്തികേടാക്കരുത്. എല്ലവര്‍ക്കും സ്നേഹപൂര്‍വ്വം ഓണാശംസകള്‍
സ്നേഹപൂര്‍വ്വം,

അരുണ്‍ ചുള്ളിക്കല്‍

www.yathra.co.nr
www.oruyathra.blogspot.com

10 comments:

Malayali Peringode said...

:)

ശ്രീ said...

മലയാളികള്‍ക്ക് ആഘോഷത്തിനെന്ന പേരിലെങ്കിലും ഇന്ന് ഓണം ആഘോഷിയ്ക്കാനാകുന്നുണ്ട്... വരും കാലങ്ങളില്‍ എന്താകുമോ...

Unknown said...

പ്രവാസിയുടെ ഒണം വാക്കുകലുടെ ഒരു സമ്മെളനം മാത്രമാണു, വികാരപരമായ വാക്കുകളുടെ പിന്നില്‍ വിങ്ങുന്ന ഒരു മനസ്സുണ്ടെന്നു തിരിച്ചറിയാന്‍ എത്രപേര്‍ക്കു കഴിയും? ആ വികാരം അറിയാന്‍ ഒരു പ്രവാസി തന്നെ വേണം എന്നു വിശ്വസിക്കുന്നു ഈ പ്രവാസി.

നഷ്ടമകുന്ന ആഘൊഷങ്ങള്‍ക്കും, വലിഞ്ഞുമുറുകുന്ന രക്ത ധമനികള്‍ക്കുമപ്പുറം പച്ചയായ മനുഷ്യന്റെ മനസ്സു കാണാതെ പൊകുന്ന സമൂഹ മന:സാക്ഷി.

ആ വിരല്‍തുംബില്‍ വിരിയട്ടെ ഒരായിരം അക്ഷര പൂക്കള്‍, പടരട്ടെ സുഗന്ധം ആല്‍ത്തറയിലെങ്ങും

സസ്നെഹം
Suhas
http://ormakalkkorublog.blogspot.com

വീകെ said...

“തൃക്കാക്കരപ്പോ...
മാതേവാ....
പൂ.........യ്”

ormakalkkorublog said...

Nice Work

ormakalkkorublog said...

പ്രവാസിയുടെ ഒണം വാക്കുകലുടെ ഒരു സമ്മെളനം മാത്രമാണു, വികാരപരമായ വാക്കുകളുടെ പിന്നില്‍ വിങ്ങുന്ന ഒരു മനസ്സുണ്ടെന്നു തിരിച്ചറിയാന്‍ എത്രപേര്‍ക്കു കഴിയും? ആ വികാരം അറിയാന്‍ ഒരു പ്രവാസി തന്നെ വേണം എന്നു വിശ്വസിക്കുന്നു ഈ പ്രവാസി.

നഷ്ടമകുന്ന ആഘൊഷങ്ങള്‍ക്കും, വലിഞ്ഞുമുറുകുന്ന രക്ത ധമനികള്‍ക്കുമപ്പുറം പച്ചയായ മനുഷ്യന്റെ മനസ്സു കാണാതെ പൊകുന്ന സമൂഹ മന:സാക്ഷി.

ആ വിരല്‍തുംബില്‍ വിരിയട്ടെ ഒരായിരം അക്ഷര പൂക്കള്‍, പടരട്ടെ സുഗന്ധം ആല്‍ത്തറയിലെങ്ങും

സസ്നെഹം
Suhas
http://ormakalkkorublog.blogspot.com

smitha adharsh said...

ഓണാശംസകള്‍...
പല ഓണവും മിന്നിമറഞ്ഞു...ഈ പോസ്റ്റിലൂടെ..

അരുണ്‍ കായംകുളം said...

ഒരുനാട് ഭരിച്ചിരുന്ന നല്ലവനായ ആ മനുഷ്യന്റെ കോലം കെട്ടി പടിയില്‍ കെട്ടിയിട്ടിരിക്കുന്ന നായയ്ക്ക് സമമായി ഏതെങ്കിലും തുണിക്കടയുടേയോ സ്വര്‍ണ്ണക്കടയുടെയോ മുന്നില്‍ നിര്‍ത്തരുത്

നൂറ്‌ ശതമാനം യോജിക്കുന്നു അരുണ്‍

ഓണാശംസകള്‍

അനില്‍@ബ്ലോഗ് // anil said...

ഓണത്തിനിടക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ ഇടപാടുകള്‍ ഇപ്പോഴുമുണ്ടോ ആവോ.

മാണിക്യം said...

ഓണത്തിന്റെ മട്ടും മാതിരിയും മാറി
നല്ലൊരു കൂട്ടം മറുനാട്ടിലും
എന്നാലും ഓണം മലയാളി എന്നും
മനസ്സില്‍ സൂക്ഷിക്കുന്നു ,
നിലം തൊടാതെ ഓടുമ്പോഴും
ഓണം ഒരു വാരാന്ത്യത്തിലേക്ക്
ഒതുക്കാന്‍ നിര്‍ബധിതരാകുമ്പോഴും
ആഘോഷം ഒഴിവാക്കുന്നില്ലന്നു ആശ്വസിക്കാം

സദ്യയും കൈകൊട്ടിക്കളിയും
വള്ളം കളിയും മാവേലിയും
ഓണപ്പാട്ടും പു‌വിളിയും പൂക്കളവും
മലയാള നാട്ടില്‍ പിറക്കാത്ത മലയാളമക്കളും
ഓണം എന്തെന്നറിയാതെ അറിയുന്നു ..

നിര്‍മലയുടെ സ്ട്രോബറികള്‍ പൂക്കുമ്പോള്‍
എന്നാ ബുക്കില്‍ പറയും പോലെ
പൂക്കളത്തെ നോക്കി" ഫ്രെഷ് ഫ്ലൊവെഴ്‌സ്‌ കൊണ്ടു നിങ്ങള്‍ എന്താ ചെയ്യുന്നെ എന്നു
അയല്‍വാസി കുട്ടി ചോദിക്കുമ്പോള്‍
കേരളത്തില്‍ നിന്ന് ഒരു ഡെഡ് കിങ്ങ് വരുന്നു പൂക്കളം അയാളെ വെല്‍ക്കം ചെയ്യാനാ...... എന്നു വരെ പറയാനും :: amma is this big enough for that felow [mahabali] to sit" എന്നു നിഷ്‌കളങ്കമായി പൂക്കളത്തെ നോക്കി ചോദിക്കുകയും ചെയ്യുന്ന ഒരു തലമുറയുടെ മുന്നില്‍ "കോര്‍പ്പറേറ്റ് ഓണമുണ്ട്..." എങ്കിലും നമുക്ക് ആഘോഷിക്കാം