ചെറായിയിലെ അന്നത്തെ തെളിവാർന്ന പകൽ എന്താണു നമുക്ക് സമ്മാനിച്ചത്?അനന്തമായ സാഗരത്തിന്റെ അഗാധ നീലിമയെ സാക്ഷി നിർത്തി കൈമാറിയ സൌഹൃദങ്ങൾ ജന്മ ജന്മാന്തരങ്ങളോളം അനന്തമാണു എന്ന സന്ദേശമല്ലേ?ലോകത്തിന്റെ ഏതെല്ലാമോ കോണിൽ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും ഒരു പിൻ വിളി ഇപ്പോളും ഉയരുന്നില്ലേ?
ഇത്തരം ഒരു കൂട്ടായ്മയെക്കുറിച്ച് ആശയം ഉയർന്നു വന്ന ഘട്ടത്തിൽ പലരും ഉയർത്തിയ സന്ദേഹങ്ങൾ ഞാൻ ഓർക്കുകയായിരുന്നു.എന്നാൽ 26 ആം തീയതിയിലെ ആ പകൽ അത്തരം എല്ലാ സംശയങ്ങളേയും കടലിലിലെറിഞ്ഞു കളഞ്ഞു എന്നു തന്നെ പറയാം.ഏതാണ്ട് നൂറ്റിപ്പത്തോളം പേർ പങ്കെടുത്ത മീറ്റിൽ ഓരോരുത്തരും കാണിച്ച ആവേശം ഇനി വരാനുള്ള എല്ലാ സംഗമങ്ങൾക്കും വഴികാട്ടിയായി നിൽക്കും.എത്ര വിധത്തിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ചാണു ഓരോരുത്തരും അവിടെ എത്തിച്ചേർന്നത്!അഞ്ചും ആറും ബസുകൾ മാറിക്കയറി വന്ന ഇന്ദിരച്ചേച്ചിയെപ്പോലുള്ളവർ, കിലോമീറ്ററുകളോളം ബൈക്കോടിച്ച് തലേന്നു തന്നെ എത്തിയ മുള്ളൂക്കാരനേപ്പോലുള്ളവർ..
എങ്കിലും ഈ ഒരു മനുഷ്യൻ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി നില്ക്കുന്നു.നമ്മളിൽ പലരും ഇത്തരം കൂട്ടായ്മകളോടു പുറം തിരിഞ്ഞു നിൽക്കുമ്പോൾ. ഇല്ലാത്ത “മുട്ടേപ്പനി”യുടെ കാരണം പറഞ്ഞ് വരാതിരിയ്ക്കുമ്പോൾ ഈ മനുഷ്യൻ വന്നത് കുടുംബ സമേതമാണു.അങ്ങനെ പലരും അവിടെ ഉണ്ടായിരുന്നല്ലോ എന്നു ചോദിച്ചേക്കാം.പക്ഷേ ഇദ്ദേഹം വന്നത് , സെറിബ്രൽ പാൾസി ബാധിച്ച് ,കാഴ്ചയും നടക്കാനുള്ള ശേഷിയും നഷ്ട്രപ്പെട്ട് , പതിനെട്ടു വയസായിട്ടും പത്തു വയസ്സിന്റെ പോലും ബുദ്ധി വളർച്ചയില്ലാത്ത സ്വന്തം മകളെ വീൽ ചെയറിൽ ഇരുത്തിയാണ്.

രണ്ടു കണ്ണുമുള്ള നമ്മൾ അവ രണ്ടും സാകൂതം തുറന്നു വച്ച് കുറ്റങ്ങൾ മാത്രം കണ്ടെത്തുമ്പോൾ , ഇരുളിന്റെ മായാപ്രപഞ്ചത്തിൽ മുങ്ങിയ ‘ഗ്രീഷ്മ’ ഈ ഒത്തു ചേരലിന്റെ ഓരോ രംഗവും തന്റെ അകക്കണ്ണിൽ കണ്ട് ആനന്ദിയ്ക്കുന്നത് ഞാൻ കണ്ടു.നമ്മളെല്ലാം കണ്ടു.ഒരു പക്ഷേ മറ്റാരേക്കാളേറെ അന്നത്തെ ദിവസം സന്തോഷിച്ചിട്ടുണ്ടാവുക ആ കുട്ടി ആയിരിയ്ക്കുമെന്ന് എനിയ്ക് തോന്നുന്നു.

ഓരോ പോസ്റ്റിലും ഓരോ വാക്കിലും പൊള്ളുന്ന കൂരമ്പുകളെറിഞ്ഞു ഈ സംഗമത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർ,ഈ സംഗമത്തിൽ പങ്കെടുക്കാമായിരുന്നിട്ടും നിസാരമെന്ന് നമുക്ക് തന്നെ അറിയാവുന്ന കാരണങ്ങൾ കണ്ടെത്തി മാറി നിന്നവർ ഈ മനുഷ്യനെ കണ്ടു പഠിയ്ക്കട്ടെ.ഈ
സ്നേഹവും സന്തോഷവും എത്രയോ വിലമതിയ്ക്കാനാവാത്തതാണ് എന്ന് തിരിച്ചറിഞ്ഞതാണു ആ വിജയം.”സ്നേഹബന്ധങ്ങളേയും അളക്കുന്നത് കേവലം നാണയത്തുട്ടുപോൽ”എന്ന കവി വാക്ക് ഇത്തരുണത്തിൽ നാം സ്മരിയ്ക്കുക. തന്റെ സന്തോഷവും ആഹ്ലാദവും ,മറ്റുള്ളവർക്കില്ലാത്ത ഒരു ലോകത്തു മാത്രം ജീവിയ്ക്കുന്ന , സ്വന്തം കുട്ടിയ്ക്കും പകർന്നു നൽകാൻ ആ പിതാവ് കാണിച്ച സന്മനസ്, സ്വന്തം വിഷമതകളെ മറ്റുള്ളവരുടെ മനസ്സിലെ സന്തോഷമാക്കി മാറ്റാൻ കാണിച്ച ആർദ്രത, മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസ്സുകൾക്ക് ഒരിയ്ക്കലും മറക്കാനാവില്ല.
നൂറു പേർ തിന്മയുടെ ഭാഗത്തു നിന്നു പൊരുതിയിട്ടും അഞ്ചു പേർ മാത്രമുണ്ടായിരുന്ന നന്മയുടെ വിജയം, അതു എത്ര വിലകൊടുത്തിട്ടാണെങ്കിലും, ആത്യന്തികമായി ഉണ്ടായത് നമ്മൾ മഹാഭാരതത്തിൽ കാണുന്നു.നന്മയുടെ ഉറവ ഇനിയും വറ്റിയിട്ടില്ലാത്ത മണിസാറിനെപ്പോലെയുള്ള ചില മനസ്സുകളുടെ സാന്നിദ്ധ്യമാണു നമ്മുടെ സമൂഹത്തിലെ എല്ലാ എതിർപ്പുകളേയും തകർത്ത് ഏതു നല്ല സംരഭവും വിജയിയ്ക്കുവാൻ ഇടയാക്കുന്നത്.ഒരു പക്ഷേ ഹിറ്റുകളും ‘കമന്റുകളും അന്വേഷിച്ചു നടക്കുന്ന നമ്മുടെ ഇടയിൽ ഇദ്ദേഹം ആരുമല്ലായിരിയ്ക്കാം.എന്നാൽ അത്തരം ചില സാന്നിദ്ധ്യങ്ങളാണു എന്നും ചരിത്രം മാറ്റിയെഴുതിയിട്ടുള്ളത്!തുറന്നു വച്ച കണ്ണുകൾ കാണേണ്ട കാഴ്ചകൾ കണ്ടിരുന്നെങ്കിൽ....!
ഹരീഷിന്റെ കൈയിൽ നിന്ന് നമ്പർ വാങ്ങി ഇന്ന് ആദ്യമായി അദ്ദേഹവുമായി സംസാരിച്ചു.സാറിനെക്കുറിച്ച് ഞാൻ ബ്ലോഗിൽ എഴുതാൻ പോകുന്നു എന്ന് അറിയിച്ചപ്പോൾ സൌമ്മ്യമായും അതിലേറെ വിനയമാർന്നും അതിനു അനുമതി തന്ന ആ നല്ല മനസ്സിനു മുന്നിൽ ഇത് ഞാൻ സമർപ്പിയ്ക്കുന്നു.
(നന്ദി--തിരക്കിനിടയിലും സമയത്തു തന്നെ ഫോട്ടോസ് തന്ന് സഹായിച്ച ഹരീഷിന്)
113 comments:
സുനില്‍ താങ്കളൂടെ വീക്ഷണം വളരെ ശരി.
ചെറായി മീറ്റിലേ തിളങ്ങുന്ന ബ്ലോഗര്‍ മണിസാര്‍ തന്നെയാണെന്നു നിസംശയം പറയാം.
സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ട്യൂട്ടര്‍ ആയ ഞാന്‍
ഈ ലേഖനത്തെ നെഞ്ചോടു ചേര്‍ക്കുന്നു.
thanks
വായിച്ചപ്പോൾ ...എന്താ... പറയുക.....എനിക്കു കണ്ണീർ വരുന്നു..... സന്തോഷവും സങ്കടവും ചേർന്നു ഒരു കണ്ണീൽ......
സുനിൽ... മണിസാർ.....നന്ദി....
ലിങ്ക് ഇട്ടു തന്നിട്ട് ഇതൊന്നു വായിക്കണെ എന്നു ഒരു അടുത്ത സുഹൃത്ത് പറഞ്ഞപ്പോൾ ഇത്രയും മൻസ്സിൽ തട്ടുന്ന ഒന്നാകും എന്നു തീരെ കരുതിയില്ല.വായിച്ഛപ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു നൊമ്പരം. പ്രീ പ്രൈമറിയിൽ പഠിക്കുന്ന തന്റെ കുട്ടിയുടെ റാങ്കും മെഡലും ചെണ്ടക്കോലിടുന്നിടത്തൊക്കെ വീമ്പിളക്കി നടക്കുന്ന മാതാപിതാക്കളൊക്കെ മണിസാറെന്ന ആ പിതാവിനെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു..ആശംസകൾ...
കണ്ണുകള്‍ ഈറനണിഞ്ഞല്ലോ സുനില്ഭായ്....
ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം....
ചെറായി മീറ്റും എനിക്ക് നഷ്ടമായിരിക്കും എന്ന് പങ്കെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും തോന്നാതിരുന്ന എനിക്ക് ഇതുവരെ ഇല്ലാത്തൊരു നഷ്ടബോധം............. :(
ഇത് വരെ ബ്ലോഗ് മീറ്റുകളെക്കുറിച്ച് വന്ന മറ്റെല്ലാ പോസ്റ്റുകളേക്കാള്‍ ഇതായിരിക്കും ഏറ്റവും നല്ലെതെന്ന് ഞാന്‍ കരുതുന്നു. മണി സാറിനെ പരിചയപ്പെടുത്തിയതിന് നന്ദി സുനില്‍..
അദ്ദേഹത്തിന് പ്രത്യേകം ആശംസകള്‍..
ബൂലോകത്ത് നല്ല കാര്യങ്ങള്‍ നടക്കുന്നതു കാണുവാന്‍ കഴിയുന്നത് വളരെ നല്ല ഒരനുഭൂതിയാണ്. ഇനിയും ഇങ്ങിനെയുള്ള സംഗമങ്ങള്‍ നടക്കട്ടെ.
വത്യസ്തമായ പോസ്റ്റ്..
ആശംസകള്‍..
Ramachandran vettikadinte comment nu thazhe oru oppu..
manassil thattiya vivaranam..
സുനിൽ കൃഷ്ണൻ(Sunil Krishnan),
നല്ല പോസ്റ്റ്.....സൌഹൃദ കൂട്ടായ്മയില്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഈ കാര്യം അവതരിപ്പിച്ചതിനു ഏറെ നന്ദി....
സുനിലെ,
ഇതങ്ങിനെ അവതരിപ്പിക്കണം എന്ന കണ്ഫ്യൂഷനിലായിര്ന്നു ഞാന്‍. നന്നായി പറഞ്ഞിരിക്കുന്നു.
മോളെ കൊണ്ടുവന്നാല്‍ നമുക്ക് ബുദ്ധിമുട്ടാവുമോ എന്ന് പലവട്ടം മണിസാര്‍ ഞങ്ങളോട് ചോദിച്ചിരുന്നു, പ്രശ്നവും പറഞ്ഞിരുന്നു. ഒട്ടും മടിക്കാതെ കൊണ്ടുവരൂ എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഈ മീറ്റ് ആ കുട്ടിക്ക് എന്തെങ്കിലും സന്തൊഷം നല്കിയെങ്കില് അതില്‍പ്പരം നമുക്കെന്ത് വേണം.
മണിസാറിനു സഹധര്‍മ്മിണിക്കും മകള്‍ക്കും ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സന്തോഷത്തോടെ അനുഭവപ്പെടട്ടെ എന്ന് ആശിക്കുന്നു.
ചെറായി മീറിനെ കുറിച്ചുള്ള പോസ്റ്റുകളില്‍ ഏറ്റവും വിലപ്പെട്ട പോസ്റ്റ്. ഒരു വാക്ക് പറയാതെ പോവാന്‍ കഴിയാത്തത്ര വിലയുള്ളത്.
മാണിസാറിന്റെ സ്നേഹത്തിനു, കരുതലിനു മുന്നില്‍ പ്രണാമം. മകള്‍ ഗ്രീഷ്മക്കായി ഹൃദയപൂര്‍വമുള്ള സ്നേഹന്യോഷണവും പ്രാര്‍ഥനകളും
മണി സാറിനെ പരിചയപ്പെടുത്തിയതിനു നന്ദി സുനില്‍.
മറ്റേതൊരു ബ്ലോഗ് വാർത്തകളേക്കാൾ ഹൃദയസ്പർശിയായ ഒരു രംഗം..
നന്നായി ഈ അവതരണം.
ആശംസകൾ.
ഒന്നും പറ്യൻ തോന്നുന്നില്ല. നന്മകൾ മാത്രം ഉന്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരേയും എന്നെങ്കിലുമൊക്കെ കാണാം എന്ന് ആശിക്കുകയും ചെയ്യുന്നു
ദൂരെ ഇരുന്ന് ആ കുട്ടിയുടെ ഞാന്‍ കയ്യടിക്കട്ടെ എന്ന ശബ്ദം ഞാന്‍ കേട്ടിരുന്നു. അവതാരകര്‍ ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. മണിസാറിന്റെ മനസ്സിന് ഒരായിരം നന്ദി.
ചെറായി മീറ്റിലെ വ്യത്യസ്തനാം ബ്ലോഗ്ഗരെ പരിചയപ്പെടുത്തിയ സുനില്‍ കൃഷ്ണന് ഹൃദയത്തില്‍ നിന്നെടുത്ത നമസ്കാരം. ജീവിക്കാന്‍ വേണ്ടി സായിപ്പിന്റെ നാട്ടില്‍ വന്നുപെട്ട ഒരു മലയാളം ബ്ലോഗ്ഗരായ ഞാന്‍ ചെറായി മീറ്റ് ശരിക്കും മിസ്സ് ചെയ്യുന്നു. ബ്ലോഗ്ഗിങ്ങിലൂടെ പരിചയപ്പെട്ട എന്നാല്‍ അടുത്ത ഒരു കൂട്ടം കൂട്ടുകാരെ കാണാനുള്ള ഭാഗ്യം ഇല്ലാതായല്ലോ എന്ന് വിചാരിച്ചിരിക്കുന്ന എനിക്ക് കിട്ടിയ ഒരു സമ്മാനമായിട്ടാണ് ഈ ബ്ലോഗ്ഗിനെ ഞാന്‍ കാണുന്നത്. ഇത് ശ്രദ്ധയില്‍പ്പെടുത്തിയ മാണിക്യം ചേച്ചിക്ക് ഒരായിരം നന്ദി.
ഈ വിഷയം അവതരിപ്പിച്ചതിന് സുനിലിന് പ്രത്യേകം നന്ദി.ഞാനും തുടക്കം മുതല്‍ മണിസാറിനെയും,കുടുംബത്തേയും,ഒന്നുമറിയാതെ പരിപാടികളെല്ലാം കൈയടിച്ച് കൊണ്ട് ആസ്വദിച്ചിരുന്ന ആ കുട്ടിയേയും ശ്രദ്ധിക്കുകയായിരുന്നു.ഭക്ഷണം കഴിക്കുന്ന വേളയില്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കി.ആ നിമിഷം മുതല്‍ എന്റെ ഉള്ളം കിടുങ്ങിത്തുടങ്ങി.സര്‍വ്വശക്തനായ ജഗന്നിയന്താവ് ആ കുടുംബത്തിന് താങ്ങാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.ഞാന്‍ എന്റെ പോസ്റ്റില്‍ ഈ വിഷയം പരാമര്‍ശിക്കണം എന്ന് കരുതിയതാണ്.മണിസാറിന്റെ പ്രതികരണം എന്തായിരിക്കും എന്ന് കരുതി ഒഴിവാക്കിയതാണ്.എന്തായാലും സുനില്‍ അത് നിര്‍വഹിച്ചുവല്ലോ. നന്ദി....നന്ദി....
നന്ദി സുനില്‍ വളരെ നന്ദി ഇവരെ പരിചയപ്പെടുത്തിയതിനു !
എനിക്കിവരെ വളരെ അടുത്ത പരിചയം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ ഈ ഉദ്യമത്തിന് മുതിരാത്തത്.
ഇങ്ങനെ വിത്യസ്തമായ പോസ്സ്ട്ടുകളിലൂടെയാണ് ചെറായി മീറ്റിന്റെ വൈവിധ്യം നമുക്ക് മനസിലാവുന്നത്!
നാമവിടെ കൂടിയത് വെറുതെ ഒരു ആഘോഷം മാത്രമല്ലായിരുന്നു എന്ന് ഇങ്ങനെയൊക്കെയല്ലേ അറിയുന്നത്.
അറിഞ്ഞും അറിയാതെയും ഇതിലൊക്കെ പങ്കാളികളാവുന്നത് ഓരോരുത്തര്‍ക്കും സന്തോഷം പകരുന്ന കാര്യമല്ലേ ......
ഗ്രീഷ്മ മോളുടെ നിഷ്കളങ്കമായ കൈയടികളുടെ ശബ്ദം ഇപ്പോളും എന്റെ ചെവികളില്‍ കേള്‍ക്കുന്നു.
അതിനു മുന്പില് നമ്മുടെ ജാടകളൊക്കെ എത്രയോ നിസ്സാരം!
മണിസാറിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും.
വളരെ നന്നായി സുനില്‍. വലരെ ആര്‍ദ്രമായ പോസ്റ്റ്.
കുട്ടായ്മ ഏറെ ആസ്വദിച്ച ഗ്രീഷ്മയ്ക്കു സ്നേഹപുര്‍വ്വം
ഈ കൂട്ടായ്മയിലേക്ക് കുടുംബസമേതം വന്നെത്താന്‍ സന്മനസ്സു കാട്ടിയ മന്ണി സാറിനും ഭാര്യയ്ക്കും ആദരപുര്വ്വം
സുനിലിന് നന്ദിപൂര്‍വ്വം .....
എന്റെ ഈ ആദ്യ ഗുരുനാഥനെക്കുറിച്ച് ഇനിയും നിങ്ങൾക്കു് എത്ര കുറച്ചേ അറിയൂ!
എന്നെങ്കിലും അദ്ദേഹത്തെപ്പോലെ ആയിത്തീരണം എന്ന പ്രാർത്ഥനയുണ്ടായിട്ടും പാതിവഴിപോലും എത്തിച്ചേർന്നിട്ടില്ല ഞാനിതുവരെ.
എന്റെ കൂട്ടുകാരനും സഹപാഠിയും അതിലുമേറെ ഗുരുനാഥനുമായിരുന്ന ഈ മനുഷ്യൻ മൂന്നുവർഷം മുൻപു് ബ്ലോഗുകളിലേക്കു് നടന്നുകയറുമ്പോൾ കാൽ നൂറ്റാണ്ടുമുൻപു് നട്ടുവളർത്തിയ ഒരു അമേച്വർ റേഡിയോ സൌഹൃദം പൂത്തുവിരിയുകയായിരുന്നു. അന്നു് ഹാമിങ്ങിലൂടെ അദ്ദേഹം വിതറിയിരുന്ന പ്രകാശം ഇനിയിപ്പോൾ കൂടുതൽ ഉജ്ജ്വലമായി നിറഞ്ഞുതൂവേണ്ടതു് ഇവിടെത്തന്നെ!
ക്ലേശവും കഠിനാദ്ധ്വാനവും ജീവിതസമരവും എന്തെന്നറിയാത്ത പുതുതലമുറയ്ക്കൊരു മുതൽക്കൂട്ടാവാൻ വേണ്ടിയെങ്കിലും, എന്നെങ്കിലും മണി ഒരു ആത്മകഥയെഴുതണേ എന്നൊരാശയുണ്ട്. പക്ഷേ വളരുംതോറും സ്വയം തന്നിലേക്കു് ഒതുങ്ങിക്കൂടുന്ന ഈ ഇലക്ട്രോണിക്സ് ബുദ്ധിരാക്ഷസൻ അതു സാക്ഷാൽക്കരിക്കുമെന്നു തോന്നുന്നില്ല.
ഗ്രീഷ്മ........
കയ്യെത്തിപ്പിടിക്കാവുന്ന എല്ലാ ഉയർച്ചകളേയും നിഷ്കരുണം തട്ടിമാറ്റി, അവളെ ലാളിക്കാൻ വേണ്ടി മാത്രം കളമശ്ശേരിയിൽ സ്വയം തളച്ചിട്ടിരിക്കുന്ന അവളുടെ അച്ഛനെക്കുറിച്ചല്ലാതെ, ആ ഒരൊറ്റ സൌഭാഗ്യത്തെക്കുറിച്ചല്ലാതെ, അവളെക്കുറിച്ചു ഞാനെന്താണു പറയുക!
സുനില്‍, വളരെ നന്നായി ഈ കുറിപ്പ്. ശരിയാണ് അവിടെ നമ്മുടെ മീറ്റിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ എപ്പോഴും ചിരിച്ചും കൈകൊട്ടിയും സന്തോഷിച്ചത് ഗ്രീഷ്മയായിരുന്നു എന്നു ഞാന്‍ ഓര്‍ക്കുന്നു. മണിസാറിനെ പരിചയപ്പെടുകയും ചെയ്തു.
വളരെ നന്ദി.
നന്നായി മാഷേ. മീറ്റിനു വരാതിരുന്ന ഞങ്ങള്‍ക്കായി ഈ വിവരം പങ്കു വച്ചതിന് നന്ദി
ചെറായി മീറ്റിനെ സംബന്ധിച്ച പോസ്റ്റുകളിൽ വളരെ വ്യത്യസ്തമായ ഒരു പോസ്റ്റ്.മറ്റു പല പോസ്റ്റുകളിലും ഒന്നും എഴുതാൻ സാധിക്കാഞ്ഞ എനിക്ക് ഇവിടെ അതു സാധിക്കുന്നില്ല.സെറിബ്രൽ പാൾസി ബാധിച്ച ഗ്രീഷ്മ മോളെയും കൂട്ടി ഈ പകൽ ചെലവിടാൻ വന്ന മണി സാറിനു ആയിരമായിരം ആശംസകൾ.ഒപ്പം മണിസാറിനെയും കുടുംബത്തെയും ഇവിടെ പരിചയപ്പെടുത്തിയ സുനിലിനു അഭിനന്ദനങ്ങൾ.തീർച്ചയായും ചെറായി മീറ്റിനെ സംബന്ധിച്ച പോസ്റ്റുകളിൽ ഏറ്റവും മികച്ചത് ഇതു തന്നെ.
മണി സാറ്,
താങ്കളാണ് അധ്യാപകന്! അന്യം നിന്നും പോകുന്ന ഒരു മഹാ കുലത്തിന്റെ അവസാന വേരുകള്‍..
ഞങ്ങളോടു ഒത്തു ചേരുവാന്‍ കാണിച്ച സന്മനസ്സിന് നമോവാാകം!
സുനില്‍, എഴുതിയാല്‍ ഇങ്ങനെയെഴുതണം!
അച്ചായന്
മീറ്റിന്റെ റിപ്പോര്‍ട്ടുകളില്‍ തികച്ചും വേറിട്ട് നില്ക്കുന്ന ഒന്ന്... വളരെ നന്ദി സുനില്‍..
മണിസാറിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു...
ഈ വിഷയം അവതരിപ്പിച്ചതിന് സുനിലിന് പ്രത്യേകം നന്ദി.
ആ മോള്‍ക്കും സാറിനും കുടുംമ്പത്തിനും നല്ലതുവരട്ടേ എന്നാശംസിക്കുന്നു.കൂടെ ഈ നല്ല മനസ്സിന്ന് സുനിലിന്നും.
സുനിലേട്ടാ വളരെ നല്ല അവതരണം. സമ്മേളനസ്ഥലത്തുവെച്ച് മണിസാറിനെ പരിചയപ്പെടാൻ സാധിച്ചു. അപ്പോളാണറിഞ്ഞത് അദ്ദേഹവും വൈപ്പിൻ സ്വദേശിയാണെന്ന്. അദ്ദേഹത്തിന്റെ ബ്ലോഗുകൾ വായിച്ചിട്ടുണ്ട്. മകളോടുള്ള ആ പിതാവിന്റെ സ്നേഹത്തിനു പകരംവെയ്ക്കാൻ വേറെന്താണുള്ളത്. ഈ മാതാപിതാക്കളെ ഞാൻ നമിക്കുന്നു
പ്രിയ കൂട്ടുകാരാ,
നിറകണ്ണുകളോടെ മാത്രം വായിച്ചു തീര്‍ക്കുവാന്‍ കഴിയുന്ന കുറിപ്പ്. ലോകത്തിന്റെ കുറവുകളിലേക്ക് മാത്രം കണ്ണുകള്‍ തുറന്നു വച്ചിരിക്കുന്ന നാമോരോരുത്തര്‍ക്കും പാഠമാകേണ്ടതുണ്ട് ആ കുടുംബം. കുഞ്ഞു ഗ്രീഷ്മയുടെ നിഷ്കളങ്കമായ കയ്യടിയൊച്ചകള്‍ പ്രണവധ്വനിയായ് നമ്മെ അജ്ഞതയില്‍നിന്നും ഞെട്ടിയുണരാന്‍ പ്രാപ്തരാക്കട്ടെ. മനുഷ്യസ്നേഹത്തിന്റെ നീരുറവകള്‍ വറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍, നന്മയുടെ പ്രതീകമായി മണിസാറിനെപ്പോലെ വളരെക്കുറച്ചു പേര് മാത്രമേയുള്ളൂ. ആ സ്നേഹവും, ജീവിതവും കണ്ടു പഠിക്കാം... അവരെ കാണുവാനുള്ള അര്‍ഹതപോലും നഷ്ടമായ നമ്മുടെ കണ്ണുകള്‍ കൊണ്ട്
.
ഈ പരിചയപ്പെടുത്തലിന് നന്ദി.
മാണിക്യം ചേച്ചിയാണ് എനിക്ക് ഈ ലിങ്ക് തന്നത്. ചേച്ചിക്കും ഒരായിരം നന്ദി. എന്റെ ഈ പ്രഭാതത്തെ ഒരു സ്നേഹഗാഥകൊണ്ട് ധന്യമാക്കിയതിന്...
ഗ്രീഷ്മക്കുട്ടിക്കും മണിസാറിനും ഒരായിരം സ്നേഹാശംസകള്‍
സ്നേഹപൂര്‍വ്വം
ചേറായി മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഞങ്ങള്‍ക്ക്
ചേറായി മീറ്റിനൊപ്പം ഓര്‍ത്തിരിക്കാന്‍ ഒരു മണിസാറിനെ കൂടി സമ്മാനിച്ച സുനിലിന് നന്ദി!
ചെറായി മീറ്റിനു ശേഷം വന്ന മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. കിട്ടാത്ത സൌഭാഗ്യം കണ്ടു കൊണ്ടിരിക്കുന്നത് തന്നെ പെയിന്‍ഫുള്‍ ആണു. മാണിക്യാ ഈ ലിങ്ക് തന്നത്തിനു നന്ദി...മീറ്റിന്റെ ഏറ്റകും മികച്ച നിമിഷങ്ങള്‍ എന്നു മീറ്റുകാണാന് ഭാഗ്യമില്ലാതെ തന്നെ പറയുന്നു.
സുനില്‍ കൃഷ്ണന്
ഒരു പാട് നന്ദി, ഇങ്ങിനെയൊരു കുറിപ്പിന്. ഞാനും അന്ന് അത് ആലോചിച്ചിരുന്നു. എങ്ങിനെ പോസ്റ്റില്‍ പറയണമെന്നും ആരും പറഞ്ഞില്ലല്ലോ എന്നും ആലോചിച്ചിരിക്കുകയായിരുന്നു.
ഒരുപാടകലങ്ങളില് നിന്ന് മണിക്കൂറുകളോളം സഞ്ചരിച്ച് കേവലം ഒരു ഒത്തുചേരലിന് വന്നെത്തിയവര്ക്കുള്ള പ്രചോദനമെന്തായിരിക്കാം?!
സുനില്‍ പറഞ്ഞപോലെ “രണ്ടു കണ്ണുമുള്ള നമ്മൾ അവ രണ്ടും സാകൂതം തുറന്നു വച്ച് കുറ്റങ്ങൾ മാത്രം കണ്ടെത്തുമ്പോൾ...” അതേ, സ്നേഹങ്ങള്കൊണ്ടും സൌഹൃദങ്ങള്‍ കൊണ്ടും ചിലര്‍ വീര്‍പ്പുമുട്ടിക്കുകയാണ്, കണ്ണു നിറക്കുകയാണ്..
നന്ദി സുനില്‍
നല്ലൊരു കാര്യം
എടുത്തെഴുതിയത്
ഉപകാരമായി.
Dear Sunil,
I don;t have words to say about it, its really beyond my language.
Best wishes to Prof. Mani and his family.
I will check Prof. Mani's blog today and thanks for that link.
With love........
സന്തോഷം സുനിലേട്ടാ,
ചെറായി മീറ്റിന് ഞാന്‍ നര്‍മ്മത്തിന്റെ തിളക്കം നല്കിയപ്പോള് ചേട്ടന് നന്മയുടെ തിളക്കം നല്കി. ഇതാണ് ശരി. മണിസാറിനെയും ആ കുട്ടിയെയും ഞാന്‍ ഓര്‍ക്കുന്നു. അവര്‍തന്നെയായിരുന്നു ആ മീറ്റിന്റെ പുണ്യവും.
ഇതു വായിച്ചപ്പോള്‍ എന്നില്‍ ഒരു കുറ്റബോധം. എന്തിന് ഞാന്‍ അങ്ങനൊരു പോസ്റ്റ് എഴുതി!
നന്ദി ചേട്ടാ. കാണാം.
Touching note.
ഒരു പക്ഷേ ഹിറ്റുകളും ‘കമന്റുകളും അന്വേഷിച്ചു നടക്കുന്ന നമ്മുടെ ഇടയിൽ ഇദ്ദേഹം ആരുമല്ലായിരിയ്ക്കാം.എന്നാൽ അത്തരം ചില സാന്നിദ്ധ്യങ്ങളാണു എന്നും ചരിത്രം മാറ്റിയെഴുതിയിട്ടുള്ളത്!തുറന്നു വച്ച കണ്ണുകൾ കാണേണ്ട കാഴ്ചകൾ കണ്ടിരുന്നെങ്കിൽ...
സുനിലേട്ടാ ഈ വരികള്‍ എല്ലാവരും വായിക്കട്ടെ,
ഒരു പാട് നദി, മണി സാറിന്റെ നന്മ ഞങ്ങള്‍ക്ക് മനസിലാക്കി തന്നതിന്, അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ നന്മകളും ഈശ്വരന് നല്കട്ടെ, ഒപ്പം നമ്മളുടെ ഈ സ്നേഹബന്ധം എന്നും നിലനില്ക്കട്ടെ, അതിനായി ഈയുള്ളവനും പ്രാര്‍ത്ഥിക്കുന്നു.
NIce article..
സന്തോഷം നിറഞ്ഞ ഓര്‍മ്മകള്‍ വീണ്ടും എന്നെ വേട്ടയാടുന്നു.
നന്ദി
ഈ വിഷയം അവതരിപ്പിച്ചതിന് സുനിലിന് ചേട്ടന് നന്ദി
ശരിക്കും ആ കുട്ടി തന്നെ താരം .... ആശംസകള്‍ നേരുന്നു .... മറ്റുള്ളവരുടെ പോസ്റ്റ് വച്ച് നോക്കുമ്പോള്‍
വേറിട്ട പോസ്റ്റ്
ബ്ലോഗര്‍മാരെക്കുറിച്ച് ആരുമെന്തും പറഞ്ഞോട്ടെ, എഴുതിക്കോട്ടെ...അടി കൂടാന്‍ ഞാനില്ല.പക്ഷെ ബ്ലോഗ് സൌഹൃദങ്ങളെ തൊട്ട് കളിക്കാന്‍ ആരേയും അനുവദിക്കുന്ന പ്രശ്നവുമില്ല.
ബംഗളുരില്‍ കലാപം നടക്കുന്ന വിവരം ടീവിയില്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിച്ചു:“ ചേട്ടാ, മോന് ഇപ്പൊ എവിടാ? ഓഫീസിലാണോ?ഫോണ്‍ എടുക്കുന്നില്ലല്ലൊ?”
-ഇത് വരെ ഞാന്‍ കാണാത്ത ഒരു ബംഗളൂര് ബ്ലോഗര്‍ എന്റെ മോനെപ്പറ്റി വ്യാകുലപ്പെട്ടതാണ്.
പ്രോജെക്റ്റ് വര്‍ക്കുമായി മോള് ആദ്യമായി ഡെല്‍ഹിയിലെത്തുമ്പോള്‍ അധികം സംസാരിക്കാത്ത മറ്റൊരു ബ്ലോഗര്‍ എനിക്കുറപ്പ് തന്നു:“ഒന്നുകൊണ്ടും വിഷമിക്കണ്ടാ ചേട്ടാ, ഞങ്ങളില്ലേ ഇവിടെ?”
പിന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എന്നുമുള്ള സ്നേഹാന്വേഷണങ്ങള്‍, ഫോണുകള്‍, ചാറ്റുകള്‍, സന്ദര്‍ശനങ്ങള്‍....
നാട്ടില്‍ വരുമ്പോള്‍ മണിസ്സാറിനെ കാണണം, ഗ്രീഷ്മ മോള്‍ക്കൊരുമ്മ കൊടുക്കണം!
(മാണിക്യമെ...നന്ദി!)
മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത എന്നേപ്പോലുള്ളവര്ക്കൊരു പ്രചോദനമാകുന്നുണ്ട് ഈ പോസ്റ്റ്. മണിസാറിനേപ്പോലുള്ളവര് ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ചും, ആ സ്നേഹ കൂട്ടായ്മയില്‍ പങ്കെടുത്തപ്പോള്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്ന മറ്റു ബ്ലോഗേഴ്സ് ( പുശ്ചത്തോടെ ഈ സംഗമത്തെ കണ്ടിരുന്നവര്‍ ) അവര്‍ വായിക്കട്ടെ..അവര്‍ തലകുനിക്കട്ടെ..
സുനില്‍ മാഷെ, ഈ പരിചയപ്പെടുത്തലിന് നന്ദീ..
മണി സാറിനെ പരിചയപെടുത്തിയ സുനിലിന് നന്ദി. ഇത് പോലെ ഉള്ള നല്ല മനുഷ്യരുടെ നടുക്കാണ് നമ്മള് ഇപ്പോഴും ജീവിക്കുന്നത് എന്നത് ഒരു വലിയ സംതൃപ്തി തരുന്നു.
മീറിനെ കുറിച്ച് ഓരോ പോസ്റ്റ് വരുമ്പോഴും അത് ഒരു വലിയ നഷ്ടബോധം മനസ്സില്‍ ഉണ്ടാക്കുന്നു. അവിടെ നഷ്ടമായത് എന്നെങ്കിലും എന്നെ പോലെയുള്ളവര്‍ക്ക് തിരികെ ലഭിക്കും എന്നാശിക്കുന്നു...ഒരിക്കല്‍ക്കൂടി ഈ മീറ്റ് ഇത്ര ഭംഗിയായി നടത്തുവാന്‍ പരിശ്രമിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങളും അതിലേറെ നന്ദിയും.....
ഈ ജീവിതം എങ്ങനെ ജീവികണം എന്ന് നമുക്ക് കാണിച്ചു തരികയായിരുന്നു മണി സാര്‍.... പലപ്പോഴും ഇത് പോലുള്ള കുട്ടികളെ പുറം ലോകം പോലും കാണിക്കാറില്ല... ഗ്രീഷ്മ ശരിക്കും ആസ്വദിച്ചു കാണും ആ സദസ്സ്...
സുനിലേട്ടാ അവരെ ബൂലോകത്തിനു പരിചയപ്പെടുത്തിയതിനു നന്ദി....
സുനില്‍
ബ്ലോഗ് എഴുത്ത് സാര്‍ത്ഥകമാകുന്നത് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ എഴുതുമ്പോള്‍ കൂടിയാണ്. ഈ വിവരണത്തിനും , ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനും, അദ്ദേഹത്തിന്റെ ബ്ലോഗ് സന്ദര്‍ശിക്കാനവസരം തന്നതുമായ ഈ പോസ്റ്റിനു നന്ദി. കൂടുതല്‍ എന്തെഴുതാന്‍? ഈ മീറ്റിന്റെ ഉദ്ദേശം സാര്‍ഥകമായി എന്നിനി പറയേണ്ടല്ലോ..
sunil
good post.
എനിക്ക് വരാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം ഇനിയും മാറിയിട്ടില്ല. തലേ ദിവസം പോയി അവിടെ താമസിക്കാമായിരുന്നു.
ഇനിയൊരു സംഗമം സ്വപ്നം കണ്ടും കൊണ്ട്.
ജെ പി
ആശംസകള്‍, മീറ്റ് വിശേഷങ്ങള്‍ പങ്ക് വച്ചതിന്
തലക്കെട്ട് കണ്ട് അല്പം തമാശ പ്രതീക്ഷിച്ചാണ് എത്തിയത്..പക്ഷെ .. എഴുതാൻ വാക്കുകളില്ല വായിച്ച് കഴിഞ്ഞപ്പോൾ.. നന്ദി.. നന്ദി.. നന്ദി..
ആ പിതാവിന്റെ വലിയ മനസ്സിനു മുന്നിൽ ആദരവോടെ
പോങ്ങുമ്മൂടന് പറഞ്ഞതിനു താഴെ എന്റെയും ഒപ്പ്.
സുനില്‍ വാസ്തവം...മനസ്സില്‍ തട്ടുന്നു ഈ എഴുത്ത്..
മണി സാറിനും ഗ്രീഷ്മക്കും ഭാവുകങ്ങള്‍..
സുനിലേട്ടാ, ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. ആ കുഞ്ഞുമോളുടെ മനം നിറയുന്ന സന്തോഷം ചെറായി മീറ്റിന്റെ വലിയ നേട്ടം തന്നെ.
പ്രിയപ്പെട്ട സുനില്‍,
ചെറായി മീറ്റിനെ ദൂരെ നിന്നും നോക്കി കാണുകയും ഈ സുഹൃത്ത് സംഗമം ഒന്നാന്തരമായി തീരട്ടെ എന്ന് മനസ്സാല്‍ ആഗ്രഹിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍.
ബ്ലോഗ് എഴുത്തൊന്നും ഇല്ലാത്തതിനാല്‍ അഭ്പ്രായ പ്രകടനം നടത്താനോ ചെറായി മീറ്റില്‍ പങ്ങേടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും ശ്രമിക്കാതിരിക്കുകയും ചെയ്ത ഒരാള്‍.
എന്നാല്‍ വായനയിലൂടെ ഒരു വിധ എല്ലാ ബ്ലോഗര്‍മാരുടെയും മുഖ പരിചയമുണ്ട് താനും.
(ശ്രമിചിരുന്നെങ്ങില്‍ ഉറപ്പായും വരാന്‍ പറ്റുമായിരുന്നു-വല്ലാതെ മിസ്സായി എന്ന് ഇപ്പോള്‍ തോന്നുന്നു)
ചെറായി കൂട്ടായ്മ എന്ടായി എന്നറിയാനും ആ സന്തോഷത്തില്‍ പന്ഗു ചേരാനും ചെരായിയെ പറ്റി എഴുതിയ ഓരോ ബ്ലോഗുകള്‍ തോറും കയറി ഇറങ്ങുക ആയിരുന്നു.
+
സുനിലിന്റെ ഈ എഴുത്ത് വല്ലാതെ മനസ്സില്‍ തട്ടി.
മണിച്ചേട്ടന് എന്ന ഈ വ്യത്യസ്തനെ ഓര്‍ത്ത് അത്ഭുതം കൂറുക മാത്രമല്ല,മനുഷ്യന് എന്ന ലേബലില്‍ ജനിച്ചു എന്നുള്ളതല്ലാതെ എന്ടെയൊക്കെ ജീവിത ശൈലി എത്ര വ്യര്‍ഥമാണ് എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയി ഇത്.
ജീവിതത്തിണ്ടേ സുഖ സൌകര്യങ്ങളില്‍ മാത്രം മുഴുകി ചെറിയ കാര്യങ്ങളില്‍ പോലും കോപിക്കുകയും അപ്സെറ്റ് ആവുകയും ഒക്കെ ചെയ്യുന്ന
എല്ലാവരും ഇങ്ങനെയും ചില മനുഷ്യര്‍ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കട്ടെ.
ഇങ്ങനെ ഒരു "വേറിട്ട മുഖത്തെ" കാണിച്ചു തന്ന സുനിലിന് നന്ദി
എന്താ പറയാ........
ഈ പോസ്റ്റ് വായിച്ചപ്പോള്‍ എങ്ങിനെയെങ്കിലും ഒരാഴ്ചകൂടി നാട്ടില്‍ നിന്നിട്ട് ഈ മീറ്റില്‍ പങ്കെടുത്തിട്ട് തിരികെ വന്നാമതിയായിരുന്നു എന്ന് തോന്നുന്നു.
പോട്ടെ ഇനിയും അവസരങ്ങള്‍ വരുമല്ലോ എന്നോര്‍ത്ത് സമാധാനിക്കാം.
ആൽത്തറയിലെ പോസ്റ്റിലേക്ക് ലിങ്ക് തന്നപ്പോൾ പതിവുപോലെ വല്ല സാധാ പോസ്റ്റായിരുക്കുമെന്നാണ് കരുതിയത്. പക്ഷേ വായിച്ചപ്പോൾ, ആ കുട്ടിക്ക് അൽപമെങ്കിലുൽ സ്നേഹം പകരാൻ ആ സംഗമത്തിനു കഴിഞ്ഞുവെന്നറിഞ്ഞപ്പോൾ സന്തോഷം.
സുനിലേ ...
മീറ്റ് പരിസരത്ത് പറവൂര്‍ നിന്നും ചെറായിയില്‍ നിന്നുമൊക്കെ ബ്ലോഗേഴ്സിനെ വാഹനത്തില്‍ കൊണ്ടുവരാന്‍ വേണ്ടി നമ്മളെയൊക്കെ സഹായിച്ച് അവിടെ ഉണ്ടായിരുന്ന എന്റെ അനന്തരവര് തേജസ് കൃഷ്ണ(കൊഞ്ചുവട ഉണ്ടാക്കി മീറ്റിനെത്തിച്ചുതന്ന എന്റെ സഹോദരിയുടെ മകന്) മണിസാറിനെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവന്റെ അദ്ധ്യാപകനാണ് മണി സാര്‍ ! എന്ത് സഹായം വേണമെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്നൊക്കെ അവനോട് സാറ് പറയുന്നത് ഞാന്‍ കേട്ടുനിന്നു. എനിക്കിപ്പോള്‍ അവനോട് അസൂയയാണ്.
ഈ പോസ്റ്റിന് ഒരുപാടൊരുപാട് നന്ദി.
സുനില്‍, വളരെ നന്നായി ഈ പോസ്റ്റ്. ഞാനും ആലോചിച്ചതാണ് അദ്ദേഹത്തെപ്പറ്റി, അദ്ദേഹത്തിന്റെ മകളെപ്പറ്റി ഒരു പോസ്റ്റ് ഇടണമെന്നു്. പിന്നെ എനിക്കു തോന്നി അതു ശരിയാണോ എന്നൊക്കെ. അദ്ദേഹത്തോടു ചോദിച്ചിട്ടു ചെയ്യാം എന്ന ചിന്ത വന്നുമില്ല.
എന്തായാലും എനിക്കിത്ര നന്നായി പറയാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം തിരിച്ചുപോകാന്‍ നേരത്ത് ഓടി ചെന്നാണു് അദ്ദേഹത്തോട് സംസാരിച്ചതു്.കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. വീണ്ടും പറയുന്നു, നന്നായി സുനില്‍.
: ഞാന്‍ ആദ്യമായിട്ടാണ്, അടുത്തറിയാത്ത ഒരാളിന്റെ രചനക്കു അഭിപ്രായം എഴുതുന്നത്………(ഗഹനനമായി വിശകലനം ചെയ്യനുള്ള കഴിവും ഇല്ല,ട്ടൊ)
എന്നെ വല്ലതെ സ്പര്ശിച്ഛു , ആ ‘കൂട്ടുകുടുംബത്തിലെ’ സാറും മോളും………അവര്‍ അവിടെ വന്നു മറ്റുള്ളവരോടു അവരുടെ ഹൃദയം പങ്കു വച്ചതും എല്ലാം അവിടെ ഇല്ലാതിരുന്നവര്‍ക്കു വരെ കാണാന്‍ കഴിയുന്നു…….
അഭിനന്ദനങ്ങള്‍………..
സുനിലേട്ടാ,
തികച്ചും വ്യത്യസ്തമായ മീറ്റ് പോസ്റ്റിന് അഭിനന്ദനങ്ങള്‍ ..
മണിസാറിനെ ശരിക്ക് പരിചയപ്പെടാന്‍ സാധിച്ചില്ല..
നഷ്ടബോധം... :(
അടുത്ത മീറ്റിനാവാം...
താങ്കളുടെ നല്ല മനസ്സിന് നന്ദി സുനിൽ.. ഒപ്പം മനോഹരമായ ഈ പോസ്റ്റിനും...
നീണ്ട ഇടവേളയ്ക്കു ശേഷം ആല്‍ത്തറയില്‍ ആദ്യ കമന്റ്. പൂക്കള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവും എന്നതറിയാതെ കൈമുറിഞ്ഞ ആല്‍ത്തറയില്‍ വീണ്ടും വരേണ്ടതില്ലെന്ന് കരുതിയിരുന്നു. ഇന്ന് മുള്ളുകള്‍ ഇല്ലാത്ത, നീക്കം ചെയ്ത പൂക്കള്‍ മാത്രമുള്ള ആല്‍ത്തറയില്‍ കമന്റ് ഇടുന്നതില്‍ സന്തോഷമുണ്ട്.
സുനില്‍ എന്നും ആത്മാര്‍ഥമായി പോസ്റ്റ് ഇടുന്ന ആളാണെന്ന് അറിയാം. ഇത്തവണയും അത്തരം ഒരു പോസ്റ്റ് ഇട്ടതില്‍ അതിയായ സന്തോഷം. ആല്‍ത്തറയുടെ ചരിത്രത്തിലെ ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്നു ഇത്.
മീറ്റ് കേവലം ആള്‍ക്കൂട്ടം എന്ന് കരുതുന്നവര്‍ മറന്നുപോകുന്ന ചില കാര്യങ്ങളില്‍ ഒന്നാണിത്. ഇന്ന് പല കൂട്ടായ്മകളും വെറും പൊങ്ങച്ചം മാത്രമാവുമ്പോള്‍ ഇത്തരം ഹൃദയത്തില്‍ തട്ടുന്ന സംഭവങ്ങള്‍ ബൂലോഗ കൂട്ടായ്മകളെ വേറിട്ട് നിര്‍ത്തുന്നു. "സെറിബ്രല്‍ പാള്‍സി" എന്നാ രോഗത്തിനടിമപ്പെട്ടവരെ നിരവധി പേരെ അറിയാം. കുട്ടികളുടെ ഹോസ്പിറ്റലില്‍ ഭാര്യ ജോലിചെയ്യുന്നത് കൊണ്ടുതന്നെ ഇതിനെപറ്റി ചോദിച്ചും അറിഞ്ഞിട്ടുണ്ട്. ആകുട്ടിയ്ക്ക് അല്പം സന്തോഷം കൊടുക്കാനായെങ്കില്‍ അതില്‍പ്പരം ഒരു പുണ്യം എന്തുകിട്ടും. ആ കുട്ടിയെയും കൊണ്ടും യാത്രചെയ്തു മീറ്റിനെത്തിയ മണിസാറിന്റെ ആത്മാര്‍ത്ഥത. ഇതൊക്കെയാണ് മീറ്റിനെ മറ്റു കൂട്ടായ്മകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. ബൂലോഗത്ത് കമ്പ്യൂട്ടറില്‍ കണ്ട കേവലം അക്ഷരങ്ങളും ചിത്രങ്ങളും മുഖങ്ങളും ബന്ധങ്ങളുമായി മാറുന്ന ഈ അവിസ്മരണീയമായ സൌഹൃദസങ്കമത്തില് പങ്കെടുത്തവര്‍ക്ക് ഇനിയെന്നുള്ള ചോദ്യം മാത്രമാവും മനസ്സില്‍. പങ്കെടുക്കാത്ത ഭാഗ്യദോഷികള്‍ക്ക് അടുത്തതില്‍ ഞങ്ങളുണ്ടാവും എന്നുള്ള ആശ്വാസവും.
ഒരുപക്ഷെ ഈ മീറ്റിനെ കുറിച്ച് ഞാന്‍ വായിച്ച ഏറ്റവും നല്ല പോസ്റ്റ്. ഇതിന്റെ ഉദ്ദേശശുദ്ധികൊണ്ട് പത്തര മാറ്റുള്ള ഈ പോസ്റ്റിന്റെ കര്‍ത്താവിനു ഹൃദയത്തില്‍ നിന്നുള്ള ആശംസകള്‍.
സ്നേഹത്തോടെ
(ദീപക് രാജ്)
സുനിൽ,
വളരെ നല്ല പോസ്റ്റ്..
ചെറായി മീറ്റ് കഴിഞ്ഞു മടങ്ങുമ്പോൾ മനസ്സിൽ കുടെ പോന്നത് മണിസാറും കുടുംബവും തന്നെയായിരുന്നു. അവരെ കണ്ട നിമിഷം മുതൽ പരിചയപ്പെടണമെന്നും സംസാരിയ്ക്കണമെന്നുമൊക്കെ ആഗ്രഹം തോന്നിയെങ്കിലും ഞാനതടക്കി. അവർക്കത് വിഷമമായേക്കുമോ എന്ന് വിചാരിച്ച് !
പക്ഷേ മീറ്റ് തുടങ്ങി കുറച്ചു സമയത്തിനുശേഷം മണിസാറിന്റെ ഭാര്യ എന്റെ അടുത്തുവന്നു ‘ബിന്ദു കെ.പി അല്ലേ’ എന്നു ചോദിയ്ക്കുകയാണുണ്ടായത്. വല്ലാത്ത അൽഭുതത്തോടെ
‘എന്നെ എങ്ങിനെ അറിയാം? ’ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് അറിയുന്നത്, അവർ എന്റെ നാട്ടുകാരിയാണെന്നും, ഈ പുത്തൻവേലിക്കരക്കാരിയുടെ പോസ്റ്റുകൾ അവർ വായിക്കാറുണ്ടെന്നുമൊക്കെ. താമസിയാതെ മണിസാറും വന്ന് ഞങ്ങളുടെ സംസാരത്തിൽ പങ്കുചേർന്നു.
അങ്ങോട്ട് ചെന്ന് പരിചയപ്പെടാൻ മടി കാണിച്ച എന്റെ വിവരക്കേട് ഓർത്ത് എനിയ്ക്കപ്പോൾ വല്ലാത്ത ലജ്ജ തോന്നുകയും ചെയ്തു...
ആ മാതാപിതാക്കളെ നമിയ്ക്കുന്നു....
നിശ്ചയദാർഢ്യത്തിന്റെ ആൾരൂപങ്ങളെ പരിചയപ്പെടാൻ കഴിയുന്നത് വലിയ കാര്യം തന്നെ.കൃത്യവും വിശാലവുമായ കാഴ്ച്ചപ്പാടുള്ളവർക്കേ അത് മറ്റുള്ളവരിലേക്ക് പകരുവാനും കഴിയൂ.അതു കൊണ്ട് തന്നെ ചെറായിപ്പോസ്റ്റുകളിൽ വ്യത്യസ്ഥനായി നിൽക്കുന്നു താങ്കളും ഈ പോസ്റ്റും.!
എനിക്കു കഴിയുന്നില്ല ഇതിനൊരു കമന്റിടാന്‍.......
ഈ ലിങ്ക് തന്ന മാണിക്ക്യമേ നന്ദി നന്ദി................
മനസ്സിന്റെ വിങ്ങല്‍ മാറിയിട്ട് ഞാന്‍ വരാം
എനിക്ക് മിസ്സായി ചെറായ് മീറ്റ്..
ഇനി അടുത്ത മീറ്റില്‍ കൂടാന്‍ നോക്കാം.
നന്ദി സുനില്‍. മണി സാര്‍ എന്റെ അദ്ധ്യാപകനായിരുന്നു, എറണാകുളം മോഡല്‍ എന്‍ജിനിയറിംഗ് കോളേജില്‍. ബ്ളോഗുകളുണ്ടാകുന്നതിനു മുന്‍പ്, ഇന്റര്‍നെറ്റ് പ്രചാരത്തിലാവുന്നതിനു മുന്‍പേ, ഹാം റേഡിയോ ക്ളബ്ബുകളിലൂടെ ലോകവുമായി മണിസാര്‍ സംവദിച്ചിരുന്നു.
നാലാളു കൂടുന്നിടത്തുവച്ച് വയ്യാത്തൊരു കുട്ടി തനിക്കുണ്ടെന്ന് പറയുവാന്‍ കൂടി മടിക്കുന്ന അച്ഛനമ്മമാരേയും കണ്ടിട്ടുണ്ട്. മണി സാര്‍ നേരത്തേ കൂട്ടി സൌകര്യങ്ങളൊക്കെ ചോദിച്ചറിയുകയും അതിനു സംഘാടകര്‍ക്ക് ബുദ്ധിമുട്ടാകുമോ എന്നു തിരക്കുകയും കൂടി ചെയ്തിട്ടാണല്ലോ ആ കുഞ്ഞിനെ കൂടെ കൂട്ടിയത്. ആ നല്ല മനസ്സ് അന്നേ അറിഞ്ഞിരുന്നു. സാറിനും കുടുംബത്തിനും ഈശ്വരന് നന്മ വരുത്തട്ടേ.
ഈ നന്മ....! ഇത് കണ്ണുകളിലും കരളിലും ഒരു നൊമ്പരമാകുന്നു..!
(ഒരു ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടും... ഇതാണു ബ്ലോഗ് മീറ്റെങ്കില്‍, ആരും അറിയാതെ അതിന്നൊരു കോണില്‍ വന്നുനിന്ന് അതൊക്കെ കാണാന്‍ ഒരു ആഗ്രഹം.)
only meaningful post about cherai meet... thanks
പൊങുമൂഡന്
ഡോക്ടര്‍
ഗീത്
വളരെ ശരി
എനിക്കിപ്പോള്‍ കുറ്റബോധം...
ഈ കുട്ടിയെ ആവേശത്തിനിടയില്‍
ഞാന്‍ മറന്നുവല്ലോ...
നന്ദി സുനില്‍...
ഏറ്റവും നല്ല പോസ്റ്റ്...വന്നതിലും
വരാനിരിക്കുന്നതിലും..........
നിസാരകാര്യങ്ങള്‍ക്ക് വേണ്ടി
മത്സരബുദ്ധിയോടെ കുറ്റങ്ങള്‍ നിരത്തുകയും
അവനവനെക്കുറിച്ചുള്ള പരസ്യങ്ങളായി
പല ബ്ലോഗുകളും(ബ്ലോഗര്‍മാരും) സ്വയം ഒതുങ്ങുകയും ചെയ്യുന്നകാലത്ത്,
ഈ പോസ്റ്റ് ഓരോരുത്തരും മനസ്സിരുത്തി വായിക്കേണ്ടതുതന്നെ!
ജീവിതത്തിന്റെ പലേഘട്ടങ്ങളിലായി ബ്ലോഗെഴുതാനെത്തിയവരുണ്ട്.പലേ കാരണങ്ങളുമായി വഴിതെറ്റിപ്പിരിയുന്നവരുണ്ട്.
ഒടുവില്‍ ഓര്മ്മയിലൊതുങ്ങാന് വലുപ്പത്തില്‍ കുറേ സൌഹൃദങ്ങള്‍ ബാക്കിയാവും.
ചില അനുഭവങ്ങള്‍ പുതുപാഠങ്ങളാകും.
മണിസാര്‍ ഒരു പാഠമാണ്!
ഇനിയും പലതും പഠിക്കാനുണ്ടെന്ന് ഓരോ മനുഷ്യനേയും ഓര്‍മ്മിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ്!
ചെറായി മീറ്റിന് അഭിനന്ദനങ്ങള്‍!
വെറും കൂട്ടുചേരല് മാത്രമായി ഒടുങ്ങാതിരുന്നതിന്!!
ഈ നന്മ നിലനില്ക്കുക തന്നെ ചെയ്യും.അദ്ദേഹം സ്വജീവിതം കൊണ്ടു പകര്‍ന്നു തന്ന ഈ വെളിച്ചം പിന് തലമുറകള്‍ക്കും പ്രചോദനമാകട്ടെ.
വ്യത്യസ്തമായ ഈ നിരീക്ഷണത്തിനു നന്ദി.
കണ്ണ് നിറഞ്ഞു പോയി ഇത് വായിച്ചപ്പോള്‍ ..ഡോക്ടര്‍ പറഞ്ഞത് വളരെ ശെരിയാണ് "പലപ്പോഴും ഇത് പോലുള്ള കുട്ടികളെ പുറം ലോകം പോലും കാണിക്കാറില്ല".സുനില്‍ വളരെ നന്ദി എങ്ങനെ ഒരു അച്ഛനെ പരിചയപെടുത്തി തന്നതിന് .ഗ്രീഷ്മ മോള്‍ക്ക് നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...
സുനില്‍,
ഇത് വളരെ നന്നായി.
ചെറായി അതീവ രസകരമായിരുന്നു.
പക്ഷെ,
മാഷ്ടെ കുടുംബത്തെ വരച്ചതായിരുന്നു
അന്ന് എനിക്ക് ഏറ്റവും സന്തോഷം തന്ന അനുഭവം.
മാഷ്ടെ മുഖം ഒന്നോര്‍ത്തുനോക്കൂ.
നിറയെ തേജസ്സായിരുന്നു, അല്ലെ.
വിശ്വപ്രഭ വരുമ്പോള്‍ കൂടുതല്‍ ചോദിക്കാനിരിക്യാ. :)
ആശംസകള്‍ !
മീറ്റിംഗിലെ ഒരു വേറിട്ട കാഴ്ച....!
എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല..എന്ത് ചെയ്യാം..വരാന്‍ പറ്റിയിരുന്നെങ്കില്‍ എല്ലാവരെയും കാണാമായിരുന്നു ......
സുനിലതു ചെയ്തു.നന്ദി.
എല്ലാവരും പറഞ്ഞു കഴിഞ്ഞതിനാൽ നന്നായി എന്നു വീണ്ടും പറയുന്നില്ല. മനസ്സിൽ തട്ടി എന്നു പറയാം. ജീവിതം പുറം മോടികളുടേതാണു എന്നു കരുതുന്നവർ മണി സാറിന്റെ കുടൂംബത്തെ കണ്ടു പഠിക്കട്ടെ.
എന്റെ ഒരു സുഹൃത്ത് ഫോണിലൂടെ പരഞ്ഞതു പ്രകാരം ബ്ലോത്രം വഴിയാണു ഞാന്‍ ഈ ലേഖനം വായിച്ചത്.സുഹൃത്ത് പറഞ്ഞപ്പോള്‍ ഇത്രയും വലിയ ഒന്നാകും എന്നു തീരെ കരുതിയില്ല.വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയൊ പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം.
Sunil,
Njan ee post kandathippolanu. Ella divasavum yathrayilayirunnu. Ente manassilum Greeshma molum nallavaraya a mathapithakkalum ennum undakum. Thanks for this touching post.
enikku aa kuttiyeyum familyeyum parijayappedanam ennundaarunnu..
ennal avarkkathu vishamam aakumo ennu karuthy...
ella saadharana kkareyum pole avaryum kauthy...
enaalum mindiyillenkilum...
avar ennu manassilundu..
touching post
ഇതൊന്നു സന്ദര്‍ശിക്കണമെന്ന് പ്രിയ കൂട്ടുകാരി പറഞ്ഞപ്പോള്‍
തിരസ്കരിച്ചു എന്നു ചങ്ങാതിക്ക് തോന്നരുതല്ലോ എന്നു കരുതി അലസമായി വായിക്കാന്‍ ശ്രമിച്ചു..
തുടങ്ങിയപ്പോള്‍ തന്നെ മനസ്സിലായി... മനസ്സില്‍ തട്ടുന്ന വാക്കുകള്‍...
വീണ്ടും ആര്‍ത്തിയോടെ വായിച്ചു.. സന്തോഷമായി..
തീര്‍ച്ചയായും ഇതു കണ്ടില്ലെങ്കില്‍ വലിയ നഷ്ടം തന്നെ ആകുമായിരുന്നു..
നന്ദി സോദരാ..
എല്ലാ ആശംസകളും.. ഒപ്പം സ്നേഹത്തിന്റെ നിറ ദീപമായ മണി സാറിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും..
കൂട്ടത്തില്‍ ഈ ബ്ലോഗ് എനിക്ക് പരിചയപ്പെടുത്തിയ പ്രിയ കൂട്ടുകാരി മാണിക്യത്തിനു നന്ദി..നന്ദി..
സുനിലേട്ടാ;
അവസരോചിതമായീ ഈ പോസ്റ്റ്..
നന്ദി..
മീറ്റിന്റെ എല്ലാ വിശേഷങ്ങളും വായിച്ചെങ്കിലും മണി സാറിന്റെ വിശേഷങ്ങള്‍ ഇപ്പോളാണ് കണ്ടത്...ഫോട്ടൊകളിലും അവരെ അധികം ശ്രദ്ധിക്കാന്‍ പറ്റിയില്ല....ആ നല്ല മനുഷ്യനെ പരിചയപ്പെടുത്തിയതിനു വളരെയധികം നന്ദി....
"മാണിക്യ" തിളക്കത്തിനൊപ്പം, സൗഹ്യദങ്ങളേയും കൂട്ടായ്മയേയും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന "അപ്പകാളകളും" ആല്തറയില് ഉണ്ടന്ന് മനസ്സിലാക്കിയ നിമിഷം ഇവിടം വിട്ടുപോകാന്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ "സ്നേഹത്തിന് ഫലം സ്നേഹം" എന്ന് നമുക്കൊക്കെ കാട്ടിതരുന്ന മാണിക്യത്തിന്റെ സ്നേഹത്തില്‍ കുതിര്‍ന്ന നിര്‍ബന്ധത്തിന് മുന്നില്‍ ഇവിടം വിട്ടുപോകാന്‍ കഴിഞ്ഞില്ല. പക്ഷേ ദുര മൂത്ത മൂത്താശാരി രണ്ട് ഓട് ഇളക്കി മാറ്റി എഴുത്താണിയുടെ മുനയോടിച്ചപ്പോള്, ഇത്തരം ശകുനികള്‍ ഇല്ലാത്ത ആല്തറയിലേക്കേ ഇനി വരികയുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. ഏതിലും എന്തിലും തിന്മയെ മാത്രം കാണാന്‍ പഠിച്ചിട്ടുള്ള ദു:ശകുനങ്ങളെ പിഴുതെറിഞ്ഞ് ശുദ്ധികലശം നടത്തിയ ആല്തറയില് ഒരു കമന്റിടുന്നതില് സന്തോഷമുണ്ട്.
സുനില്‍ ക്യഷ്ണന്റെ ഈ പോസ്റ്റ് നേരത്തെ വായിച്ചുവങ്കിലും ഇപ്പോഴാണ് അഭിപ്രായം പറയാന്‍ സാവകാശം കിട്ടിയത്. സ്വതസിദ്ധമായ ശൈലിയില്‍ എന്നും നല്ല പോസ്റ്റുകള്‍ ഇടുന്ന സുനില്‍ ക്യഷ്ണന്റെ ഈ പോസ്റ്റ് ഹൃദ്യമായ ഒരു അനുഭവമായി. ബുദ്ധിമാദ്യമുള്ള കുട്ടികളെ ഒറ്റക്ക് വീട്ടിലടച്ചിട്ട് പാര്‍ട്ടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവരാണ് നമ്മളില്‍ അധികവും. അതില്‍നിന്നു വ്യത്യസ്തമായ് ആദ്യമായ് കണ്ടത് IIT Delhi -യിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംങ് ഡിപ്പാര്‍ട്ട്മെന്റില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റായ പ്രഫ. അനൂപ് ഘോഷ്-നെയാണ്. 1997 മുതല്‍ അദ്ദേഹത്തെ അറിയുമങ്കിലും IIT-യില്‍ ജോയിന്‍ ചെയ്ത ശേഷമാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു മകനുണ്ടന്ന് അറിയുന്നത്. എന്നും വൈകുംനേരങ്ങളില്‍ ഓഫീസില്‍ നിന്നും തിരികെയെത്തിയാല്‍ കാമ്പസിലൂടെ മകനെയും കൂട്ടി സായാഹ്ന സവാരിക്കിറങ്ങുന്ന അദ്ദേഹം തികച്ചും ഒഫീഷ്യലല്ലാത്ത എല്ലാ പാര്‍ട്ടികള്‍ക്കും മകനെയും കൂട്ടിയാണ് പോകുന്നത്. ബുദ്ധിമാദ്യ ഉള്ള ആ കുട്ടി തന്റെ മകനാണ് എന്ന് പരിചയപ്പെടുത്താന്‍ ഒട്ടും മടിയില്ലാത്ത അദ്ദേഹം പറയാറുണ്ട് "സോഷ്യലൈസ് ചെയ്യുന്നതുവഴി ഇവരില്‍ ബുദ്ധിവികാസം ഉണ്ടാകും, നോക്ക് എന്റെ മകന് പഴയതില്‍ നിന്നും എത്ര മാറിയിരിക്കുന്നു". പാര്‍ട്ടികളില്‍ മറ്റ് കുട്ടികളെ പോലെ സ്വതന്ത്രനായ് വിട്ടിരുന്ന കുട്ടിക്ക് ഇപ്പോള്‍ പാര്‍ട്ടികളില്‍ എങ്ങനെ പെരുമാറണമന്ന് നന്നായ് അറിയാം. ഞാന്‍ ആദ്യമായ് കണ്ട കുട്ടിയായിരുന്നില്ല മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം IIT വിടുമ്പോള്‍.
അതിനു ശേഷം അത്തരത്തിലുള്ള ഒരു വ്യക്തിത്വത്തെ അറിയാന്‍ കഴിയുന്നത് സുനില്‍ ക്യഷ്ണന്റെ ഈ പോസ്റ്റിലൂടയാണ്. തന്നെ തന്നെ അറിയുന്ന, വിശാലമായ ഒരു മനസ്സിന്റെ ഉടമക്ക് മാത്രമേ സ്വന്തം ചോരയാണങ്കില് പോലും ഇങ്ങനെ കാണാന്‍ കഴിയൂ. അത്തരം ഒരു മഹത് വ്യക്തിത്വത്തെ തന്റെ പോസ്റ്റിലൂടെ പരിചയപ്പെടുത്തിയ സുനില്‍ ക്യഷ്ണന് ഒരായിരം നന്ദി.
പലപ്പോഴും തുറന്ന് വെച്ച കണ്ണിനെ മറച്ച് പോകുന്ന കാഴ്ചകൾ.... സുനിൽ, ഈ പോസ്റ്റിനെ ഞാൻ ചേറായി മീറ്റിന്റെ ഏറ്റവും വിലപ്പെട്ട പോസ്റ്റായി കരുതുന്നു. മണിസാർ മീറ്റിന്റെ താരമാകുമ്പോൾ ഇത് മീറ്റ് പോസ്റ്റിന്റെ താരമായി മാറുന്നു.
സുനില്‍ നമോവാകം, ഇതിവിടെ പങ്കുവയ്ച്ചതിന്.
എന്തെങ്കിലും പോരായ്മകളുള്ള കുട്ടികള്‍ മാതാപിതാക്കളുടെ പാപമാണ്‍് എന്നൊക്കെയുള്ള അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും പരത്തുന്ന ഒരു സമൂഹമാണ്് നമ്മുടേത്. എന്നാല്‍ ഇത്തരം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സാമൂഹ്യ സംവേദമാണ്് ആവശ്യമെന്നു മാന്സിലാക്കിയ മണിസാര്‍ വ്യത്യസ്ഥനായ ഒരു വ്യക്തിയാണ്്.അതിനെ പ്രത്യേകം തിരിച്ചറിഞ്ഞ സുനിലിന് അഭിനന്ദനങ്ങള്‍.
ഇത്ര ഹൃദ്യമായ വിവരണങ്ങളും ചിത്രങ്ങളും നിരത്തിയ സുനിലിനു അഭിനന്ദനങ്ങള്‍
Sunil,
Thanks a lot for writing about our dear own Mani Sir! We love him a lot!
Thejus Krishna
Touching....
ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന ഇത്തരം സൗഹൃദങ്ങളാണ് ഈ കൂട്ടയ്മകളുടെ സുകൃതം.
നന്ദി സുനില്‍.
പ്രിയപ്പെട്ട സുനില്‍ കൃഷ്ണന്,
ഞാന്‍ ഗ്രീഷ്മയുടെ അഛന്. ഈ പോസ്റ്റ് ഇട്ടതിനു ഒരു പാടൊരുപാട് നന്ദി. ഞങ്ങളെ പ്പോലെ വളരെ അധികം മാതാപിതാക്കള്‍ ദുരിതവും പേറി അവരുടെ മക്കളെ സംരക്ഷിക്കുന്നുണ്ട്. ലോകത്തിലാകമാനം ആയിരത്തില്‍ ഒന്ന് എന്ന കണക്കില്‍ ഇത്തരം കുഞ്ഞുങ്ങള്‍ പിറക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സമൂഹം ഇപ്പോഴും ഇത്തരം കുട്ടികള്‍ക്കാവശ്യമായ പരിഗണന കൊടുക്കുന്നില്ല.
ചെറായി മീറ്റിനെ പറ്റി ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ.
വായനക്കാര്‍ എല്ലാവരും പ്രകടിപ്പിച്ച സ്നേഹത്തിനും പരിഗണനക്കും നന്ദി
ഇത് പോലുള്ള കുഞ്ഞുങ്ങളെ സ്പെഷ്യല്‍ സ്കൂളുകളില്‍ കൊണ്ട് പോയി പാര്‍പ്പിച്ച് ,ചെത്തി നടക്കുന്ന ചില മാതാപിതാക്കളെങ്കിലും ഉണ്ട്.മണി സാര്‍ അത്തരക്കാര്‍ക്ക് ഒരു പാഠമാകട്ടെ.
ഈ വിഷയം അവതരിപ്പിച്ച സുനിലേട്ടനും , എനിക്ക് ഇങ്ങോട്ടേക്കുള്ള വഴി പറഞ്ഞു തന്ന മാണിക്യം ചേച്ചിക്കും നന്ദി ...
ഈ പോസ്റ്റ് ഞാൻ നേരത്തെ തന്നെ നോക്കിയിരുന്നു മാണിക്യ ചേച്ചി പറഞ്ഞപ്പോൾ വീണ്ടും ഒന്നു കൂടി വായിച്ചു .സാധാരണ മീറ്റുപോസ്റ്റുകളിൽ നിന്നും എന്തു കൊണ്ടും ഇത് വേറിട്ട് നില്ക്കുന്നു.
മനസ്സിലെ ഒരു വെദന പകരുന്ന ഒരു അനുഭവം കൂടി
സസ്നെഹം
അനൂപ് കോതനല്ലൂർ
ഞാന്‍ ഇവിടെ എത്തിയത് വളരെ ലേറ്റ് ആയാ.കോളേജില്‍ അപ്രതീക്ഷിതമായി വന്ന ഔദ്യോഗിക തിരക്കുകള്‍ കാരണം പല പോസ്റ്റുകളും വായിക്കാന്‍ പറ്റിയില്ല.അതിലൊന്ന് ഇതായിരുന്നു,അത് തിരഞ്ഞ് പിടിച്ച് വായിച്ചപ്പോഴാണ് പോങ്ങു പറഞ്ഞ പോലെ നര്‍മ്മവും നന്മയും തമ്മില്‍ പോങ്ങുവും മുള്ളൂര്‍ക്കാരനും പോലെ അന്തരമുണ്ട് എന്ന് മനസ്സിലായത്.
ഞാന്‍ മുമ്പ് ജോലി ചെയ്ത വെറ്റിനറി ഡിപ്പാര്‍ട്ട്മെന്റിന്റെ ജോയന്റ്ഡയരക്ടര് കുരുവിള സാറെ ഓര്‍മ്മ വരുന്നു.സാറിന്റെ ഒരു മോള്‍ക്ക് കാര്യമായ ഒരു വൈകല്യം ഉണ്ട്.എന്നിട്ടും അവളെ സാറിന്റെ കൂടെ എല്ലായിടത്തും കാണാം.ദൈവത്തിന്റെ പരീക്ഷണങ്ങള്‍ സധൈര്യം നേരിടുന്ന ഇവരെ നാം മാതൃകയാക്കേണ്ടിയിരിക്കുന്നു.
ഒരു പക്ഷെ ബ്ലോഗില്‍ എന്നെ ഏറ്റവും വേദനിപ്പിച്ച അടി നടന്നത് ശ്രീ മണിയുമായിട്ടായിരിക്കും. തികച്ചും പരസ്പരം മനസ്സിലാക്കാതെയുള്ള ഒരു 'സാങ്കേതിക' യുദ്ധം.
ചേറായില് വെച്ച് നേരില്‍ കണ്ടപ്പോള്‍ ഏറ്റവും അദിശയിപ്പിച്ച വ്യക്തി, ചേറായിമീറ്റില് പങ്കെടുത്തതിനാല്‍ എനിക്ക് ലഭിച്ച വലിയ നേട്ടങ്ങളില്‍ ഒന്നാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.
ഒരൊട്ടി:
സുനില്‍, പറഞ്ഞവരൊന്നുമല്ലാത്ത ചില 'എന്‍ജിനീയേഴ്സും' ഉണ്ടായിരുന്നു മീറ്റില്‍ ;)
പറയാതെ വയ്യ.മീറ്റിനു ശേഷം ഇറങ്ങിയ പോസ്റ്റുകള്‍ പലതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്ന്.ഡോക്ടര്‍ പറഞ്ഞ പോലെ പലരും ഇത്തരം കുട്ടികളെ പുറംലോകം കാണിക്കാറില്ല.ഗ്രീഷ്മയേയും കൂട്ടി മീറ്റിനെത്തിയ മണിസാറിലെ മഹാനായ മനുഷ്യനെ ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയതിനു നന്ദി.
സുനിലേട്ടാ തിരക്കിലായതിനാല്‍ എത്താന്‍ ഇത്തിരി വൈകിയെങ്കിലും ജിപ്പൂസിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
ഇത് വരെ ഉടച്ച തേങ്ങകളില്‍ ഇത്രയധികം സന്തോഷം നല്കിയ ഒന്ന് ഇല്ലാട്ടോ സുനിലേട്ടാ...!
ഗ്രീഷ്മയുടെ നല്ല ഭാവിക്ക് വേണ്ടി ഇരിക്കട്ടെ ജിപ്പൂസിന്റെ വക നൂറാമത്തെ ഈ തേങ്ങ.
((((((((0)))))))
"ചെറായ് മീറ്റിനെ പറ്റി എഴുതണം"
എന്നു ഞാന്‍ സുനിലിനെ ഫോണ്‍ ചെയ്തു പറയുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു സുനിലിന്റെ വീക്ഷണം മറ്റുള്ളവരുടെതില്‍ നിന്ന് വിത്യസ്ഥമാവും എന്നു പ്രതീക്ഷിച്ചപോലെ സുനില്‍ പറഞ്ഞു എനിക്ക് ഗ്രീഷ്മയെ പറ്റിയാണെഴുതാന് തോന്നുന്നത് എന്തു പ്രതികരണമാവും എന്നു ചിന്തിക്കതിരുന്നില്ലാ ഏതായാലും മണിസാറിന്റെ അനുവദത്തോടെ എഴുതാം എന്നു പറഞ്ഞു..
ഞാന്‍ 1996 മുതല്‍ സ്പെഷ്യല്‍ എഡുക്കെഷനിലേക്ക് തിരിഞ്ഞു ഞാന്‍ തന്നെ അതെ പറ്റി രണ്ടു പോസ്റ്റുകള്‍ എഴുതി മൂന്നം ഭാഗം എഴുതി പൂര്‍ത്തിയാക്കന്‍ ഇതുവരെ സാധിച്ചില്ല, സൌദി അറേബ്യയില്‍ സ്പെഷ്യല്‍ സ്കൂളുകള്‍ ആണുണ്ടായിരുന്നത് എന്നാല്‍ ഇവിടെ മെയിന്‍സ്ട്രീമില്‍ തന്നെ ആണു കുട്ടികള്‍ എത്തുന്നത് അവര്‍ക്ക് കൂടെ ഒരു റ്റീച്ചര്‍ ഉണ്ടാവും ക്ലാസ്സില്‍ പഠിപ്പിക്കുന്നത് കൂടുതല്‍ ലഘുവായി വിശദീകരിച്ചു കൊടുക്കാനും മറ്റു എല്ലാ അക്റ്റിവിറ്റിയിലും പങ്കെടുക്കാനും അവരെ റ്റീച്ചര്‍ സഹായിക്കുന്നു ..
ഇപ്പോള്‍ സമ്മര്‍ ആണു ഈ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം സമ്മര്‍ ക്യാമ്പ് ഉണ്ട്.ബെയ്സ്ബോള്‍ കളിക്കാന്‍ പഠിപ്പിക്കുന്നു. വീല്‍ചെയറില്‍ ഇരുന്നും അവര്‍ അതിലെല്ലാം പങ്കെടുക്കുന്നു സ്ഥിരമായി നീന്തല്‍ പഠിക്കാന്‍ പോകുന്നു. നടക്കുവാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ എത്ര അനായാസമായിട്ടാണവര്‍ നീന്തുന്നത്.
ഞാന്‍ വോളണ്ടിയര്‍ ആയിട്ട് ഈ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നു. ആ കുട്ടികളുടെ അച്ചീവ്മെന്റ്സ് കാണുന്നത് ഒരു വലിയ ആനന്ദം ആണു.
അതുപോലെ സമ്മരില്‍ ട്രിപ്പുകള്‍ക്കും കൊണ്ടു പോകുന്നു.അതവരുടെ ആത്മധൈര്യം വര്‍ദ്ധിപ്പിക്കുന്നു. മാതാപിതാക്കള്‍ മാത്രമല്ല സന്നധമായി മുന്നോട്ട് വരുന്ന പലരും ക്യാമ്പുകളില്‍ വന്നു വേദനം വാങ്ങാതെ കുട്ടികളുടെ ഒപ്പം ദിവസം ചിലവിടുന്നു.
വീട്ടില്‍ നിന്നു പുറത്തു പോയി സമുഹവും ആയി ഇടപെടുന്നത് കുട്ടികളുടെ വളര്‍ച്ചയും വ്യക്തിത്വവും വളര്‍ത്തുന്നു. ചിലദിവസങ്ങളില്‍ ബസ്സിലും ഇവരെയും കൊണ്ട് യാത്ര ചെയ്യും......
ചെറായിലെ ഒരു ദിവസം ഗ്രീഷ്മക്കും ഷീലക്കും മണിസാറിനും സന്തോഷം നല്കാന് സാധിച്ചുവെങ്കില്‍ അതു കൊണ്ടു മാത്രം ചെറായ് മീറ്റ് ഒരു വന്‍ വിജയം തന്നെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു..
ചെറായി ബ്ലോഗേഴ്സ് മീറ്റ് എന്ന ആശയം സാക്ഷാല്‍കരിച്ച് അതു യാഥാര്‍ത്യമാക്കിയ എല്ലപേര്‍ക്കും മനസ്സു നിറഞ്ഞ നന്ദി..
ഈ ലേഖനം എഴുതി
ആലത്തറയില്‍ പോസ്റ്റ് ചെയ്ത സുനിലിനും
എഴുതാന്‍ അനുവാദം തന്ന
മണിസാറിനും കുടുബത്തിനും നന്ദി
പ്രാര്‍ത്ഥനയോടെ
ആല്‍ത്തറക്കു വേണ്ടി മാണിക്യം
ധന്യതയുടെ നിമിഷങ്ങള്‍ ഞാന്‍ അനുഭവിക്കുന്നു.
ഈ പോസ്റ്റിനു് എന്റെ പ്രണാമം.
മോനെ ,ചെറായി മീറ്റിന്റെ പോസ്റ്റ് വായിച്ചു .. avatharana shyli വളരെ nannaayittundu ...സ്വന്ത vishama സാഹചര്യങ്ങളെ marikadannu അവിടെ എത്തിച്ചേര്‍ന്ന ബ്ലോഗര്‍ മണിസാറിനും കുടുംബത്തിനും ,ethhaan pattaathirunna mattoru blogerude നന്ദി ariyikkuka ...
സുനില്‍ ,
ഒരല്പം താമസിച്ചെങ്കിലും ഇവിടെ ഒരു കുറിപ്പെഴുതാതെ പോകാന്‍ വയ്യ.
ബ്ലോഗും മീറ്റുമൊക്കെ പലപ്പോഴും നടക്കുന്നുവെങ്കിലും സഹജീവികളോടുള്ള സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവ കുറവാണെന്നു തോന്നുന്നു. അങ്ങനെ നോക്കുമ്പോള്‍ ചെറായ് മീറ്റ് വേറിട്ടു നില്ക്കുന്നു, കൂടെ സുനിലിന്റെ ഈ പൊസ്റ്റും.
വര്‍ണ്ണ ശബളവും സന്തോഷപ്രദവുമായ സംഭവങ്ങള്‍ക്കിടയില്‍ , അനുകമ്പയോടെ ആ കുടൂംബത്തെപ്പറ്റിയെഴുതിയത് ഹൃദയസ്പര്‍ശിയായി. കാരുണ്യത്തിനും അനുകമ്പക്കും ഉപരിയായി സമൂഹത്തില്‍ സാധാരണക്കാരോട് ഇടപെടാനും, സധാരണക്കാരെപ്പോലെ പെരുമാറാനുമുള്ള സാഹചര്യങ്ങള്‍ അവരിലേറെ മാറ്റം വരുത്തും. മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുന്ന മണിസാറിന് എന്റെ കൂപ്പുകൈ. അദ്ദേഹത്തെയും ഗ്രീഷ്മയെയും പരിചയപ്പെടുത്തിയ സുനിലിനു പ്രത്യേക നന്ദി !
ചെറായി സുഹൃദ് സംഗമത്തെക്കുറിച്ച് എഴുതുന്നതിനെക്കുറിച്ച് വിചാരിച്ചപ്പോൾ തന്നെ മനസ്സിൽ ഉയർന്നു വന്നത് മണിസാറിന്റെയും കുടുംബത്തിന്റേയും കാര്യമാണ്.എന്ത് എഴുതിയാലും അത് ‘ആൽത്തറ’യിൽ ആവണമെന്ന മാണിക്യത്തിന്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി ഇവിടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റ് ചെയ്ത് 22 മണിക്കൂറിനുള്ളിൽ തന്നെ 75 വ്യത്യസ്തരായ ആൾക്കാരുടെ കമന്റുകൾ വന്നിരുന്നു.തീർച്ചയായും അതിലേറേ ആൾക്കാർ ഇതു വായിച്ചിരിയ്ക്കണം.വായനക്കാരുടെ ആവേശപൂർണ്ണമായ പ്രതികരണത്തിനു ഒന്നേ കാരണമുള്ളൂ.അടിസ്ഥാനപരമായി എല്ലാ മനുഷ്യരും നല്ലവരും നന്മ കാണാൻ ഇഷ്ടപ്പെടുന്നവരുമാണ്.അതുകൊണ്ട് തന്നെയാണു ഇത്രയേറേ ആൾക്കാർ ഇതിനോട് പ്രതികരിച്ചത്.ഞാൻ അതിനൊരു കാരണമായി എന്നു മാത്രം.
ഇവിടെ പ്രതികരിച്ച ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ് നന്ദി പറയുക അസാദ്ധ്യമാണെന്ന് അറിയാമല്ലോ.അതുകൊണ്ടു തന്നെ ആ സാഹസത്തിനു ഞാൻ മുതിരുന്നില്ല.
ഈ പോസ്റ്റ് വായിക്കുകയും, പ്രതികരണം കമന്റായും , മെയിലിലും, ഫോണിലും അറിയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..ആശംസകൾ !
എല്ലാ തിരക്കുകളും മാറ്റിവച്ച് ചെറായിയില്‍ സംഗമിച്ചത് കുറച്ചു സൌഹൃദം മാത്രം മോഹിച്ചാണ്. പിന്നെ എല്ലാവരെയും കാണാമല്ലോയെന്ന സന്തോഷവും. കുറച്ചുപേരെ മാത്രമേ പരിചയപ്പെടാന്‍ പറ്റിയുള്ളൂ. മണിസാറിനെ പരിചയപ്പെടാന്‍ രണ്ടു മൂന്നുതവണ അടുത്തുകൂടിയതാണ്. വല്ലാത്ത ഒരു വിങ്ങല്‍, പിന്നെയാകട്ടെ- പിന്നെയാകട്ടെ എന്നു വിചാരിച്ചു. പിന്നെ പരിചയപ്പെടാനും പറ്റിയില്ല. ഗ്രീഷ്മമോളുടെ കയ്യടിയൊച്ച ഇപ്പോഴും കേള്‍ക്കുന്നുണ്ട്. അദ്ദേഹത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിയ്ക്കട്ടെ.
നന്ദി സുനില്‍, വളരെ നന്ദി.
അർത്ഥവത്തായ ഒരു ബ്ലോഗ് റിപ്പോർട്ട്.
very very good post...
മണിസാറിനെപ്പോലെയുള്ള ചില മനസ്സുകളുടെ സാന്നിദ്ധ്യമാണു നമ്മുടെ സമൂഹത്തിലെ എല്ലാ എതിർപ്പുകളേയും തകർത്ത് ഏതു നല്ല സംരഭവും വിജയിയ്ക്കുവാൻ ഇടയാക്കുന്നത്.ഒരു പക്ഷേ ഹിറ്റുകളും ‘കമന്റുകളും അന്വേഷിച്ചു നടക്കുന്ന നമ്മുടെ ഇടയിൽ ഇദ്ദേഹം ആരുമല്ലായിരിയ്ക്കാം.എന്നാൽ അത്തരം ചില സാന്നിദ്ധ്യങ്ങളാണു എന്നും ചരിത്രം മാറ്റിയെഴുതിയിട്ടുള്ളത്!തുറന്നു വച്ച കണ്ണുകൾ കാണേണ്ട കാഴ്ചകൾ കണ്ടിരുന്നെങ്കിൽ.
Differently Abled!!
Panchaarayil pothinjnja oru vari.
paxE palappOzhum paRayunnavar thanne kazhuththe njerikkum, chavitti puRaththaakkum.
:-(
Upasana
Off: aarEyum uddEzichchalla paRayunne)
ഉപാസന,
താങ്കള്‍ എഴുതിയത് വളരെ ശരിയാണ്. പഞ്ചസാരയില്‍ പൊതിഞ്ഞ ഒരു വരി തന്നെയാണത്;
എന്നാല്‍ ആ കാര്യം ഒരു യാഥാര്‍ഥ്യവുമാണ്. ഇത്തരം കുട്ടികളില്‍ ചില പ്രത്യേക കഴിവുകള്‍ ഉള്ളതായി പലര്‍ക്കും അറിയുന്ന കാര്യമാണ്. 40000 വ്യത്യസ്ഥ കാസറ്റുകള്‍ ഉള്ള സ്വ പിതാവിന്റെ കടയില്‍ ഈ കാസറ്റുകള്‍ ഇടപാടുകാര്‍ക്ക് ആവശയം അനുസരിച്ച് എടുത്ത് കൊടുക്കാന്‍ അദ്ദേഹത്തിന്റെ ബുദ്ധിമാന്ദ്യമുള്ള മകന് നിഷ്പ്രയാസം കഴിയും എന്ന് ആ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്.
(ഈകുട്ടി യുടെ ഈ കഴിവ് ടി വി യിലും പ്രതിപാദ്യമായിരുന്നു. മലയാളിയല്ല)
എന്റെ മകള്‍ക്ക് ഇത്തരത്തില്‍ ഒരു കഴിവ് (വളരെ ശക്തമായ ഓര്മ) ഉണ്ട്. ഒരിക്കല്‍ കേട്ട ശബ്ദവും വാക്കുകളും അവള് എന്നും ഓര്‍ത്തിരിക്കും. റേഡിയോവിലൂടെ കേള്‍ക്കുന്ന എല്ലാ സിനിമാ
ഗാനങ്ങളുമേതേത്ചിത്രത്തിലേതാണന്നവള് പറയും. ചില രാഗങ്ങള്‍ കേട്ടാലും ഓറ്മ്മയില് നിന്നും താരതമ്യം ചെയ്ത് ഏത് രാഗമാണെന്നവള് പറയും.
വളരെ മനോഹരമായി ഗാനങ്ങള്‍ ആലപിക്കുന്നവരെയും, നൃത്തം ചെയ്യുന്നവരെയും ഇത്തരം കുട്ടികളുടെ ഇടയില്‍ കാണാന്‍ കഴിയും.
കെന്റക്കി പോലുള്ള സ്ഥാപനങ്ങളില്‍ ഒരു പാട് ജോലികള്‍ ഇത്തരം ആളുകള്‍ ഭംഗി ആയി ചെയ്യുന്നുമുണ്ട്.
കഴുത്ത് ഞെരിക്കുകയും ചവിട്ടി പുറത്താക്കുകയും ചെയുന്നവര്‍ ഇത്തരം വ്യക്തികളെ അറിയാത്തവരാണ്. അവരില്‍ നമ്മളും നമ്മുടെ സര്‍ക്കാരും പെടും.
ക്യനഡയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും മെയിന്‍ സ്ട്രീമില്‍ മറ്റു കുട്ടികളുമായി ഇടപഴകി സിലബസ് ലഘൂകരിച്ച് ആണു സ്പെഷ്യല്‍ ഏഡ്യുക്കേഷന് അവിടെ നിന്ന് എട്ടാം ക്ലസ്സ് കഴിയുമ്പോള്‍ അവരെ കൂടുതല്‍ അവരുടെ അഭിരുചി അഥവ കഴിവ് എന്താണൊ അതിലേക്ക് വിടുന്നു. കമ്യൂണിറ്റി സെന്ററുകള്‍ മറ്റുള്ളവരുടെ സന്നധ സേവനം മുതലാക്കുന്നു..
ഇവിടെ ബസ്സ് സ്റ്റാന്‍ഡുകള്‍ ഗ്ലാസ് ഇട്ടതാണു അതു ക്ലീന്‍ ചെയ്യാന്‍ വരുന്നത് ഒരു downsyndrome ആണു മറ്റൊരാള്‍ ഡ്രൈവ് ചെയ്യും നന്നായി ക്ലീനാക്കും
പിന്നെ ഷോപ്പിങ് സെന്ററില്‍ ഷെല്‍ഫില്‍ പായ്ക്കറ്റുകള്‍ അടുക്കി വയ്ക്കുന്നു, വലിയ കമ്പനികളില്‍ വരെ അവര്‍ക്ക് ആകും പോലെ പണിചെയ്യുന്നു, പള്ളിയില്‍ എന്നും മുന്‍വശത്ത് തന്നെയുണ്ടാവും
സമൂഹം ഇവരെ ഉള്‍കൊള്ളുന്നു മാതാപിതക്കള്‍ പുറത്ത് പോകുമ്പോള്‍ ഇവരെ കൂടെ കൂട്ടാന്‍ മടിക്കുന്നില്ല.
എല്ലാറ്റിനും ഉപരി ഗവണ്മെന്റ് വെണ്ട പ്രൊല്‍സാഹനം നല്കുന്നു..നമ്മുടെ നാട്ടിലും മാറ്റങ്ങള്‍ ഉണ്ട്
എന്നാലും..........
വിത്യസ്തമായാ കഴിവിനെ അംഗീകരിക്കാന്‍ സമൂഹം വളരണം.
കുറെ കൂടി ബോധവല്‍ക്കരണം ആവശ്യമാണു..
നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !
വായിച്ചു, നൊമ്പരത്തോടെ.....
Post a Comment