"ഇതിപ്പം ഒരു പുതിയ ഏര്‍പ്പാടാണല്ലോ ഉറക്കത്തില്‍ ഒരമ്മവിളി!!"
ഞെട്ടിയുണര്ന്നപ്പോഴേ വിളിച്ചത് ഉറക്കെയായിരുന്നുവോ എന്നു കൃഷ്ണന് സംശയിച്ചതാണ്, പക്ഷേ അന്നേരം സുമതി കേട്ടഭാവം നടിക്കാതെ കിടക്കുകയായിരുന്നുവല്ലോ. ഉറക്കെയാണെങ്കില്തന്നെ സുമതികേട്ടുകാണില്ലെന്ന് കൃഷ്ണന് ആശ്വസിക്കുകയും ചെയ്തു. തലേന്നു രാത്രിയിലെ സ്വപ്നത്തേപറ്റി തീര്‍ത്തും മറന്ന്, ഉറക്കമെഴുനേറ്റമുതല് തന്നെ പിടികൂടിയിരിക്കുന്ന അസ്വസ്ഥതക്ക് കാരണമന്വേഷിക്കുകയായിരുന്നു അയാള്‍. കയ്യില്‍ പത്രം തുറന്ന് പിടിച്ചിരുന്നുവെങ്കിലും തിരിച്ചും മറിച്ചും സ്വന്തം മനസ്സ് വായിച്ചുകൊണ്ടിരുന്നപ്പോഴാണ് ചൂടുള്ള ചായയില്‍ അല്പം നീരസവും ചാലിച്ച് സുമതി അയാളെ തലേന്നത്തെ സ്വപ്നത്തിലേക്ക് മടക്കിക്കൊണ്ടുപോയത്.
കുറച്ചുനാളായി അമ്മയെ വല്ലാതെ ഓര്‍മ്മവരുന്നു. ഏറെയും ദുഖിപ്പിക്കുന്ന, കുത്തിനോവിക്കുന്ന ഓര്‍മ്മകള്‍.
മനസ്സമാധാനം തരാത്ത ഭാര്യയേക്കാള്‍ നല്ലത് വേദനിക്കുന്ന അമ്മയാണെന്ന് പറഞ്ഞത് അമ്മാവനാണ്. അമ്മാവന് പറഞ്ഞത് പുതുമയായിട്ടൊന്നുമല്ല, തന്നെ മനസ്സിലാക്കുന്ന ഒരാളുണ്ടല്ലോ എന്നായിരുന്നു കൃഷ്ണന് സമാധാനിച്ചത്.
അമ്മക്കെന്തോ എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. ഒരു പക്ഷേ സുമതിയെ പെണ്ണുകാണാന്‍ പോയിവന്ന ദിവസം മുതലേ തന്നെ.
"നിങ്ങള്‍ മുന്നേ ഇഷടത്തിലായതുകൊണ്ട് പറയുന്നതല്ല കൃഷ്ണാ, നല്ല ഐശ്വര്യമുള്ള കുട്ടി, നല്ല കുടുംബം."
വൈകുന്നേരത്തെ കുളികഴിഞ്ഞ് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാതെ അന്ന് കോലായില്‍ പിടിച്ചിരുത്തി.
"ഇന്നിനി എങ്ങും പോകണ്ട, ഇവിടെ ഇരിക്ക് നിന്നോടു കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്."
ഒന്നും പറഞ്ഞില്ല. കോലായിലെ നിലവിളക്കിന്റെ വെളിച്ചത്തിലെ അമ്മയുടെ മുഖം ഓര്‍ത്തെടുക്കാന്‍ കൃഷ്ണന് ശ്രമിച്ചുനോക്കി. അമ്മ കരയുകയായിരുന്നോ.
"ഈ ചായ ഇതുവരെ കുടിച്ചില്ലേ, ഇതു കിട്ടിയില്ലെങ്കില്‍ എന്തൊരു ബഹളമാണിവിടെ. ഇങ്ങനെ ഇരുന്നാല്‍ മതിയോ? ഇന്നു ഡോക്ടറുടെ അപ്പോയിറ്റ്മെന്റുള്ളതാണ്."
ചായ നന്നേ തണുത്തുപോയിരിക്കുന്നു. ചൂടാക്കിത്തരാനെങ്ങാനും പറഞ്ഞാല്‍ പിന്നെ സുമതിക്കതുമതി. ഒറ്റവലിക്കു ചായ മുഴുവന്‍ വലിച്ചു കുടിച്ചിട്ട് കൃഷ്ണന് വീണ്ടും കസേരയിലേക്കു ചാഞ്ഞു.
പറമ്പ് നോക്കാന്‍ ആളുവന്നപ്പോഴാണ് വില്ക്കാനിട്ടിരിക്കുന്ന വിഷയം കൃഷ്ണന് അറിയുന്നതു തന്നെ. കല്യാണത്തിന് പറമ്പു വില്‍ക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല.
"എന്തിനാടാ നമുക്കിത്ര പറമ്പ്, കല്യാണം കഴിഞ്ഞ് ഒരാവശ്യത്തിന് വില്‍ക്കേണ്ടി വന്നാല്‍ ഒരു വിലയും കിട്ടില്ല, മാത്രമല്ല ആളോള് അതുമിതും പറയേം ചെയ്യും."
എന്താവശ്യമെന്നയാള് ചോദിച്ചതിന് അമ്മ ചിരിക്കുകമാത്രം ചെയ്തു. ഡെല്‍ഹിക്കു ട്രാന്‍സ്ഫര്‍ വാങ്ങിപ്പോകുമ്പോള്‍ അമ്മ കൈയ്യില്‍ വച്ചുതന്നത് ആ കാശാണ്.
"സര്‍ക്കാരുതരുന്ന കാര്ട്ടേഴ്സിലൊന്നും കിടന്ന് ബുദ്ധിമുട്ടണ്ട നിങ്ങള്‍ കുട്യോള്."
പുതിയ ഫ്ലാറ്റില്‍ കയറിതാമസത്തിന് അമ്മയുണ്ടാകണമെന്ന് വലിയ അഗ്രഹമായിരുന്നു അയാള്‍ക്ക്. സമ്മതിച്ചില്ല. നാലു ദിവസമാണ് സുമതി പട്ടിണി കിടന്നത്.
പിന്നീടൊരുപാടുകാലം അമ്മ ഏറെക്കുറേ ഒറ്റക്കുതന്നെയായിരുന്നു. ഇടക്കുള്ള നാട്ടില്‍പോക്കു പോലും ഒഴിവാക്കുവാനായിരുന്നല്ലോ ഡെല്ഹിക്കുതന്നെ പോകണമെന്ന് സുമതി ശഠിച്ചത്. കുട്ടികളുടെ സ്കൂള്‍, അവധിക്കാല ക്ളാസുകള്‍ അങ്ങനെ പലകാരണങ്ങള്‍. അമ്മയാകട്ടെ ഒരിക്കലും പരാതിപ്പെട്ടതുമില്ല.
"പിള്ളാരുടെ ക്ലാസൊന്നും കളഞ്ഞ് ഇപ്പം വരണ്ടാ കൃഷ്ണാ, നിന്നെ കാണണമെന്നു തോന്നുകയാണെങ്കില്‍ എനിക്കെപ്പവേണമെങ്കിലും അങ്ങോട്ടു വന്നുകൂടേ."
അമ്മ ഒരിക്കലും വന്നില്ല. അയാള്‍ ഒരിക്കലും വിളിച്ചുമില്ല
ഒരുനാള്‍ പതിവില്ലാതെ അമ്മ ഡെല്‍ഹിക്കു വിളിച്ചു.
"എടാ, നിന്നെയൊന്ന് കാണണം. പിള്ളാര്‍ക്ക് ക്ലാസാണെങ്കില്‍ അവരെ കൊണ്ടുവരണ്ടാ. നീയ്യീ ഓണത്തിന് രണ്ടു ദിവസത്തേക്കെങ്കിലും ഒന്നു വന്നിട്ടു പോ.
നമുക്ക് ഈ ഓണത്തിനിവിടെ പൂവൊക്കെ ഇടണം."
മുറ്റത്തിപ്പോഴും ഒരുപാടു പൂക്കളുണ്ടോ എന്നയാള്‍ ചോദിച്ചില്ല. വീട്ടില്‍ പോയിട്ട് ഒരു പാടു നാളായിരിക്കുന്നു. ഓണമെന്നാല്‍ അമ്മക്ക് പൂക്കളമായിരുന്നു. കുഞ്ഞുനാളിലൊക്കെ കുന്നും പറമ്പും കയറി അമ്മക്ക് പൂക്കള്‍ കൊണ്ടുക്കൊടുത്തിരുന്നത് അയാളായിരുന്നു. അയാള്‍ക്ക് കുറച്ചുകൂടി പ്രായമായപ്പോഴാണ് അമ്മ മുറ്റത്തു പൂക്കള്‍ വളര്‍ത്തിത്തുടങ്ങിയത്.
സുമതിയോട് പറയാതെയാണ് ടിക്കറ്റ് ബുക്കുചെയ്തത്. എന്നിട്ടും ഒരു ദിവസം അവളത് കണ്ടുപിടിക്കുക തന്നെ ചെയ്തു. കള്ളനെപ്പോലെ ടിക്കറ്റെടുത്തെന്ന് സുമതി വല്ലാതെ പൊട്ടിത്തെറിച്ചു. പല കാരണങ്ങള്‍, നിരാഹാരം. ഒടുക്കം അമ്മാവനെക്കൊണ്ടു വരെ വിളിപ്പിച്ചു. പക്ഷെ അക്കുറി കൃഷ്ണന് അനങ്ങിയില്ല. എന്നാല്‍ താനും വരുന്നെന്നായി സുമതി. വേണ്ടെന്നു കൃഷ്ണനും. എന്നും വഴക്ക്. അയല്‍ക്കാരില്‍ പലരും മുഷിഞ്ഞു തുടങ്ങി.
അമ്മ മരിച്ചുവെന്ന് ഫോണ്‍ വന്നത് യാത്രയുടെ രണ്ടു നാള് മുന്‍പാണ്. വിളിച്ചത് അമ്മാവനായിരുന്നു. വിവരം പറഞ്ഞതിനു ശേഷം കുറേനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഒടുക്കം അല്പം സങ്കോചത്തോടെ അമ്മാവന് തന്നെ ചോദിച്ചു.
"നീ വരുമല്ലോ അല്ലേ... ?"
"വരും, നാളെ കഴിഞ്ഞ് ഓണമല്ലേ.."
"നിങ്ങള്‍ക്കിതെന്തുപറ്റി? നാളെ കഴിഞ്ഞോണമോ? സമയമെത്രയായി? കുളിക്കാന്‍ കയറുന്നുണ്ടോ, ഒന്‍പതുമണിക്ക് അപ്പോയിന്റ്മെന്റുള്ളതാണ്."
പത്രം മടക്കിവച്ച് കൃഷ്ണന് കുളിക്കുവാന്‍ കയറി.
സുമതിയും അയല്‍ക്കാരും കുളിമുറിയുടെ വാതില്‍ പൊളിച്ചകത്തുകയറിയപ്പോള് കുളിമുറിയില്‍ നിറയെ ചോരയായിരുന്നു. അതിനു നടുക്കായിരുന്നു കൃഷ്ണന്. ഒരു പൂക്കളത്തിലെന്നപോലെ.
29 comments:
ഓണം മാത്രമല്ലല്ലോ... പല ബന്ധങ്ങളും അടുപ്പവുമെല്ലാം നാം ഇന്ന് മന:പൂര്‍വ്വം മറക്കുകയല്ലേ?
നന്നായിട്ടുണ്ട്...
മനോഹരമായ കഥ അതിമനോഹരമായും സമർത്ഥമായും എഴുതിയിരിക്കുന്നു. ഒരു പാട് ഇഷ്ടപ്പെട്ടു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ചങ്കരോ.... ഓണക്കാലത്തെ, നോവുന്ന ഒരോര്‍മ്മ കൂടി...
പെൺകുട്ടികൾക്ക് സ്വന്തം മാതാപിതാക്കളോടുള്ള സ്നേഹം ജീവിതം മുഴുവനാണ്.അതിന്റെ തീവ്രതയിലോ, അനുഭൂതിയിലോ മാറ്റം ഉണ്ടാകുന്നില്ല.എന്നാൽ ആൺകുട്ടികളുടെ കാര്യത്തിൽ വിവാഹത്തോടെ അതിനു മാറ്റം വരുന്നു.ഒരേ സമയം ഭാര്യയോടും , തന്റെ മാതാപിതാക്കളോടുമുള്ള ബന്ധം നില നിർത്താൻ പലരും വിഷമിയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.അതു പലപ്പോളും അവർ വിവാഹം കഴിയ്ക്കുന്ന പെൺകുട്ടിയുടെ സ്വഭാവവും നിലപാടുകളും അനുസരിച്ചിരിയ്ക്കുന്നു.
ഇക്കഥയിലെ നായകനും അത്തരമൊരു പ്രതിസന്ധി ജീവിതത്തിൽ നേരിടുന്നു.അതിനെക്കുറിച്ചുള്ള അതി മനോഹരമായ ഒരു അവതരണമാണ് ഈ കഥ.ഇങ്ങോട്ടു കിട്ടിയ സ്നേഹം സ്വന്തം അമ്മയ്ക്ക് തിരിച്ചു കൊടുക്കാൻ ആവാതെ ഉഴലുന്ന ഒരു മനുഷ്യന്റെ ദയനീയമായ ചിത്രം ഇതിൽ കാണാം.
നല്ല കഥ..വായിക്കേണ്ട കഥ..നന്ദി ആശംസകൾ ചങ്കരൻ!
മനോഹരമായി പറഞ്ഞിരിക്കുന്നു ഒരമ്മയും മകനുമായുള്ള ബന്ധത്തെപ്പറ്റി.
ചങ്കരന് എഴുതാനറിയാം. അഭിനന്ദനങ്ങള്‍!
(‘പരിണാമ ഗുസ്തി‘യെന്നൊന്ന് വേണോ കഥയില്‍??)
എന്താ പറയണ്ടത് എന്നറിയില്ല.. ഇത് വായിക്കുമ്പോള്‍ നമ്മുടെ ഒക്കെ ഗതി ഇത് തന്നെ ആവുമോ എന്നാ ഒരു ഉള്‍ഭയം .. ഇങ്ങനെ ഒന്നും ആര്‍ക്കും സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .....
എന്തായാലും നല്ല ഒരു കഥഗതി.. മനസ്സിനെ ഉണര്‍ത്തുന്ന ഒരു കഥന രീതി.. നന്നായിട്ടുണ്ട് ...
ഓരോ വ്യക്തിയിലും ഉള്ള അലിഞ്ഞുകിടക്കുന്ന നീറ്റല്‍...
നന്നായി നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു...
അഭിനന്ദനങ്ങള്‍...!!
വിഷയവും വിഷയാവതരണവും ഏറെ ഇഷ്ടമായി...
അടുത്തകാലത്തായി ബൂലോകം ചീഞ്ഞു നാറുകയായിരുന്നു...
അത്തരം എല്ലാ ദുര്‍ഗന്ധങ്ങളെയും തുടച്ചുനീക്കാന്‍ പ്രാപ്തമായ പോസ്റ്റ്.
അഭിനന്ദനങ്ങള്‍...
ആല്‍ത്തറക്കും, ചങ്കരനും...
:)
അയ്യോ !!
അങ്ങിനെയാണോ അവസാനം?
കഷ്ടമായിപ്പോയി.
എല്ലാരുടേയും ജീവിതം ഇങ്ങെനൊക്കെ തന്നെ.
ചങ്കരന്റെ കഥകള്‍ എന്നും പിടിച്ചിരുത്തി വായിപ്പിച്ചിട്ടുണ്ട്. ഇതും വളരെ ഇഷ്ടായി.
ആറ്റിക്കുറുക്കിയ വരിക്കൽ..! എത്ര മനോഹരമായ എഴുത്ത്..!
വീണ്ടും ഒരോണവും അമ്മയോര്‍മ്മകളും.
തനിക്കു തന്റെ അച്ഛനമ്മമാര്‍ എത്ര പ്രിയങ്കരരാണോ അതുപോലെ തന്നെയാണ് പങ്കാളിക്കും എന്ന് ഓര്‍ത്തെങ്കില്‍.
ഉള്ളുലയ്ക്കുന്ന കഥ....മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു...
ഓണവും ഓര്‍മ്മകളും. എന്നാലും ഇത്തിരി വേദനിപ്പിച്ചു.
നന്നായിട്ടുണ്ട്...
ശ്രീ, മുണ്ഡിത ശിരസ്കൻ , പൊറാടത്ത്
സുനിൽ കൃഷ്ണൻ, കൈതമുള്ള്, രഞ്ജിത്ത്
എഡിറ്റര്‍, മലയാളി,അനില്‍, നിരക്ഷരന്
കുമാരന്, ഗീത്, ബിന്ദു, എഴുത്തുകാരി
മുരളിക.
ഈ എളിയവന്റെ കഥ വായിച്ചതിനും, പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി.
ചങ്കരന്
സ്ഥിരം പ്രമേയമാണെങ്കിലും പതിവുപോലെ ചങ്കരന്റെ എഴുത്ത് വേറിട്ടു നില്ക്കുന്നു.
- ദുര്‍ഗ്ഗ
Great story...
ചങ്കില് കൊണ്ടു ചങ്കരാ...
നല്ല കഥ...
മനപ്പൂര്‍വ്വം മറന്നവയില്‍ ചിലത് എഴുതിയത് ചങ്കരന് http://aaltharablogs.blogspot.com/2009/08/blog-post_05.html
നല്ല കഥ വായിക്കണേ ..
എന്നു സ്റ്റാറ്റസ് മെസേജിട്ടത്
ഒരു അഭിപ്രായം എഴുതാന്‍ ത്രാണിയില്ലത്തതു കൊണ്ടായിരുന്നു...
പലവട്ടം മനസ്സില്‍ പറഞ്ഞു
:ഇതു കഥയാണേ:
എവിടെ? മനസ്സൊന്നു സമ്മതിക്കണ്ടേ?
ചില കഥയിലെ കഥാപാത്രങ്ങള്‍ ഇറങ്ങി ഇങ്ങു കൂടെ പോരും അതു പോരാഞ്ഞ് തലയ്ക്കകത്തിരുന്നു
എലി കാരുന്നപോലെ കാരാന് തുടങ്ങും
രാവും പകലും
അതു പോലെ ഒന്നായി ഈ കഥയും ..
അതി മനോഹരമായ ഒരു അവതരണം!
ചങ്കരാ നന്ദി .... ...
നന്നായി എഴുതിയിരിക്കുന്നു..ശരിക്കും മനസ്സില്‍ തൊട്ടു..
ചങ്കരാ ചങ്കില് ചെന്ന് കൊള്ളുന്ന കൊള്ളിയായല്ലോ ഈ കഥ!
ചങ്കരാ,
പലതും വെട്ടിപിടിക്കാനുള്ള വ്യാഗ്രതയില്‍, അമുല്യമായത് പലതും നഷ്ടപ്പെടുന്നു. തിരിഞ്ഞ്നോക്കുമ്പോള്‍, വെട്ടിപിടിച്ചത് പലതും വെറും ചാരമായിരുന്നു എന്ന തിരിച്ചറിവ്.
സ്നേഹത്തിന്റെ മൂര്‍ത്തിഭാവമായ ആമ്മയെ തിരിച്ചറിയുമ്പോഴെക്കും, വൈകിയിരിക്കും, പലര്‍ക്കും.
നന്ദി, ഒരു തിരിച്ച് നടത്തം സാധ്യമാക്കിയ പോസ്റ്റിന്.
ഓണനൊമ്പരങ്ങൾ!!
നേരത്തേ ഒരിക്കല്‍ വായിച്ചു. ഒരു വിങ്ങല്‍ കാരണം കമന്റിടാന്‍ വാക്കുകള്‍ കിട്ടിയില്ല. ഇതു കഥ എന്നു ഞാന്‍ വിശ്വസിക്കുന്നില്ല .സത്യം സത്യം മാത്രം.
നല്ല അവതരണം.
ഓണാശംസകള്‍ നേരത്തെ തന്നെതരുന്നു
വേദനിപ്പിച്ചു....
സത്യം പറഞാല്‍ വായിക്കുമ്പോള്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടിരുന്നു. കഥ മുഴുവനാക്കണൊ എന്നു പോലും ചിന്തിച്ചു. ഒരാഴ്ച്ചക്കു ശേഷം വീണ്ടും വന്നു വായിച്ചതാണു.
You know how to touch the most softest strings in the heart and make us to sob .
നന്നായിട്ടുണ്ട് മാഷെ
Post a Comment