ഭാഗവതം - ഭാരത സംസ്കാരത്തില്‍ ഇത്രമാത്രം സ്വാധീനമുണ്ടാക്കിയ മറ്റൊരു ഗ്രന്ധം ഇല്ല എന്നു തന്നെ പറയാം. മനുഷ്യകുലത്തെ നേര്‍വഴിക്കു നയിക്കാനുതകുന്ന ഒരായിരം മഹത് വചനങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചുട്ടുണ്ടെങ്കിലും ഭാഗവതത്തെ അടുത്തറിയാനോ അതിനെ മനസ്സിലാക്കനോ ശ്രമിച്ച വിശ്വാസികള്‍ തന്നെ തുലോം കുറവാണെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടെന്നു തോന്നുന്നില്ല. ഹിന്ദു ധര്‍മ്മത്തില്‍ ഭാഗവത പാരായണം എല്ലാ പാപകര്‍മ്മങ്ങള്‍ക്കും പരിഹാരമായും, മോക്ഷപ്രാപ്തിക്ക് ഉതകുന്ന ഭഗവത് ദര്‍ശനമായും വിലയിരുത്തപ്പെടുന്നു. ഇന്നിന്റെ കലുഷമായ ലോകത്തിന്റെ നന്മക്കുതകുന്ന ഏതാനും ഭാഗവത ചിന്തകള്‍ ഞാനിവിടെ പ്രതിപാദിക്കട്ടെ. ഓണം സാഹോദര്യത്തിന്റെയും, സംഭാവനയുടെയും, ശാന്തിയുടേയും പ്രതീകമായതിനാല്‍ ഭാഗവതത്തിലെ ഈ ഏടുകള്‍ എന്തുകൊണ്ടും പ്രസക്തിയുള്ളതാവുന്നു.
1. വ്യക്താവ്യക്തങ്ങളെ വേര്‍തിരിച്ചറിയാനുള്ള ബുദ്ധി കൂടാതെ നാം സമയത്തെ വൃഥാ പാഴാക്കരുത്. എപ്പോഴും മരണം നമ്മെ പിന്തുടരുന്നു എന്ന ബോധത്തില്‍ ധര്‍മ്മം മാത്രം ചെയ്യാനും, സത്യം മാത്രം പറയാനും, സമൂഹത്തോട് നന്മ മാത്രം ചെയ്യാനും തീരുമാനിച്ച് ദൈവ ഭക്തിയോടെ ജിവിതം നയിക്കണം.
2. പലരും പലതിനും, പലതരത്തിലുള്ള പ്രതിവിധികള്‍ ജീവിതത്തില്‍ തേടാറുണ്ട്. ദുഃഖമകറ്റാന്‍, സന്തോഷം പ്രകടിപ്പിക്കാന്‍ മദ്യ സേവ. ഭാര്യാ സുഖം കുറഞ്ഞു പോയതുകൊണ്ട് വേശ്യാ സംസര്‍ഗം. പണം ഇല്ലാത്തതിനു പ്രതിവിധി മോഷണം. പക്ഷെ താനും മരിക്കുമെന്നും, ഭൂമിയില്‍ നിന്ന് വിട പറയുമെന്നും വിചാരിക്കാന്‍ മാത്രം ആര്‍ക്കും സാധിക്കുന്നില്ല. താന്‍ മരിക്കുമെങ്കിലും അത് വളരെ കാലം കഴിഞ്ഞെ ഉള്ളൂ എന്നും ഓരോരുത്തരും വ്യാമോഹിക്കുകയും ചെയ്യുന്നു. നിരര്‍ത്ഥകമായ ഈ വ്യാമോഹമാണ് തെറ്റുകള്‍ ചെയ്യാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത്.
3. വിഷയ സുഖം ക്രിമികള്‍ക്കും അനുഭവിക്കാം. മനുഷ്യന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ഥപൂര്‍ണമാകുന്നത് വിഷയ സുഖങ്ങള്‍ക്ക് പിന്നാലെ പായാതെ ഈശ്വരനില്‍ മനസ്സ് അര്‍പ്പിക്കുമ്പോളാണ്.
4. സമ്പത്തോ, സ്വര്‍ഗ്ഗീയ സുഖങ്ങളോ മരണത്തില്‍ നിന്നു രക്ഷപെടാനുള്ള എളുപ്പമാര്‍ഗ്ഗമല്ല. മരണം ഒരുവന്റെ അതുവരെയുള്ള എല്ലാ പ്രതാപങ്ങളേയും നിര്‍ജ്ജീവമാക്കുന്നു.
5. പ്രാപഞ്ചിക ജീവിതം കൂപമണ്ഡൂക സമമാണ്. അത്തരം ജീവിതം നയിക്കുന്നവര്‍ക്ക് ഒരു ഗതിയും ഒരിക്കലും ഉണ്ടാവില്ല.
6. മുക്തിക്കു വെറും ലഘുവായ ഒരു മാര്‍ഗമേയുള്ളൂ അത് ദൈവ ഭയവും, പുണ്യകര്‍മ്മങ്ങളും മാത്രം.
7. കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുക. ഒരു കര്‍മ്മത്തിന്റെയും ഫലം ആഗ്രഹിക്കരുത്. ഇന്ദ്രന്റെ സിംഹാസനം പോലും ശ്വാശ്വതമല്ല.
8. ഭൂമിയില്‍ കാണുന്ന എന്തിനെയും ഈശ്വരാംശത്തില്‍ കാണുക. അപ്പോള്‍ കോപിക്കാന്‍ തോന്നുകയില്ല. ആര്‍ക്കും ആരോടും കോപിക്കാന്‍ അവകാശമില്ല.
9. അനുഭവിക്കുമ്പോള്‍ സുഖം സുഖമായും, ദുഃഖം ദുഃഖമായും തോന്നും. എന്നാല്‍ ആ സമയം കഴിഞ്ഞാന്‍ സുഖത്തിനും ദുഃഖത്തിനും ഒരു വ്യത്യാസവും ഇല്ല.
10. അനാവിശ്യമായി മറ്റൊന്നിലും താല്‍പ്പര്യമില്ലാത്ത ഒരു മനസ്സ് ഉണ്ടാക്കിയെടുത്താല്‍ മനസ്സിനും, ശരീരത്തിനും സുഖവും അതു വഴി സമൂഹ നന്മക്കും അത് കാരണമായിത്തീരും.
അഞ്ഞൂറിലേറെ പേജുകളില്‍ പരന്നു കിടക്കുന്ന ഒരു മഹത് ഗ്രന്ധത്തിന്റെ സംക്ഷിപ്ത രൂപം എന്നൊന്നും ഞാന്‍ ഇതിനെ അവകാശപ്പെടുന്നില്ല. എങ്കിലും മഹത് ഗ്രന്ധങ്ങള്‍ മനസ്സിരുത്തി വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അതില്‍ പകര്‍ന്നു കിട്ടിയ ചിന്തകള്‍ ഞാന്‍ ഇവിടെ കുറിച്ചു എന്നു മാത്രം.
എല്ലാവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
3 comments:
ഭാഗവതം വായിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അതിലെ ചില കഥകള്‍ കേട്ടിട്ടുണ്ട് എന്ന് മാത്രം.
മഹത് ഗ്രന്ഥങ്ങള്‍ വായിച്ച് അതിന്റെ സാരാംശങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതും മഹത്തരമായ കര്‍മ്മമാണ്.
സംഷിപ്തമായ രീതിയില്‍ ആ ഗ്രന്ഥത്തെ വിശദീകരിക്കാന്‍ ശ്രമിച്ചതില്‍ നന്ദി അറിയിക്കുന്നു...
ഒപ്പം ഓണാശംസകളും.
ഭാഗവത ദര്‍ശനത്തിലേയ്ക്കുള്ള ഒരു എത്തി നോട്ടം, സംക്ഷിപ്തമായി വിശദീകരിച്ചിരിക്കുന്നത് നന്നായിരിക്കുന്നു.
അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.
ഗ്രന്ധം, ക്രിമി ഇവ ഗ്രന്ഥം എന്നും കൃമി എന്നും
ആണെന്നു തോന്നുന്നു.
ആശംസകള്‍.
ഇഷ്ടപ്പെട്ടു ഈ എഴുത്ത് .
"9. അനുഭവിക്കുമ്പോള്‍ സുഖം സുഖമായും, ദുഃഖം ദുഃഖമായും തോന്നും. എന്നാല്‍ ആ സമയം കഴിഞ്ഞാന്‍ സുഖത്തിനും ദുഃഖത്തിനും ഒരു വ്യത്യാസവും ഇല്ല."
അതില്‍ ഈ വരികള്‍ ആസ്വദിക്കുകയും ചെയ്തു
Post a Comment