Wednesday, August 26, 2009

ഓണ രുചി

ഓണത്തെ നമ്മുക്ക് പലരീതിയില്‍ തരം തിരിക്കാം.... കണ്ണുകള്‍ക്ക് വര്‍ണപ്പെരുമഴ തീര്‍ക്കുന്ന പുലികളി, കോല്‍ക്കളി, വള്ളം കളി, കൈകൊട്ടിക്കളി എന്നിവ.... കാതുകള്‍ക്ക് ഇമ്പമേകുന്ന വിവിധതരം താളങ്ങള്‍, മനസ്സിനെ ഉണര്‍ത്തുന്ന പ്രകൃതിയുടെ പ്രത്യേകത, നിലാവ് പൊഴിച്ചു നില്‍ക്കുന്ന ചന്ദ്രന്‍..... ഇതിന്റെ എല്ലാം മേലെ വിരചിക്കുന്ന ഒന്നാണ് ഓണ രുചി.... ഓണ സദ്യയില്‍ മുപ്പത്തിയാറു തരം വിഭവങ്ങള്‍ ഉണ്ടാവാം എന്നു പഴമക്കാര്‍ വിധിക്കുന്നു.... രുചിയുടെ പെരുമഴ തീര്‍ക്കാന്‍ കഴിയുന്ന ഓണ സദ്യ ലോക പ്രശസ്തമാണ്.... മുപ്പത്തിയാറു വിഭവങ്ങളും രുചി പെരുമ തീര്‍ക്കുന്നു.ആചാരാനുഷ്ടാനങ്ങളോടെ ഓണം ആചരിച്ച് വിഭവ സമൃദ്ധമായ സദ്യ ഉണ്ണുമ്പോള്‍ ഓണത്തപ്പന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം.

ഓണനാളില്‍ അതിരാവിലെ ഉണര്‍ന്നെഴുനേല്‍റ്റ് ക്ഷേത്ര ദര്‍ശനം നടാത്തി, പ്രാണികള്‍ക്കും, മൃഗങ്ങള്‍ക്കും ഓണം ഊട്ടി ഉച്ചക്ക് കത്തിച്ചു വച്ച വിളക്കിനു മുന്നില്‍ തൂശനിലയില്‍ സദ്യ വിളമ്പി ദൈവ സങ്കല്‍പ്പത്തില്‍ സമര്‍പ്പിക്കുന്നതോടെയാണ് ഓണ സദ്യ ആരംഭിക്കുക. തുടരന്ന് വീട്ടിലെ അംഗങ്ങള്‍ എല്ലാം ഒന്നിച്ചിരുന്ന് സദ്യ ആസ്വദിക്കും.




ചോറ്‌,പരിപ്പ്‌,പപ്പടം, നെയ്യ്‌, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, നാരങ്ങ, ഇഞ്ചി, കടുമാങ്ങ, എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറത്തൈര്‌, മോര്‌, പ്രഥമന്‍ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, ഇഞ്ചിത്തൈര്‌, പഴം നുറുക്കിയത്‌. ചുക്കുവെള്ളം, എന്നു തുടങ്ങി മുപ്പത്താറോളം വിവിധ വിഭവങ്ങള്‍ സദ്യയില്‍ വിളമ്പും. ഇതില്‍ തന്നെ പര്‍പ്പിടകം വലുതും ചെറുതും വേണം.ഉപ്പേരി നാലു കൂട്ടം വേണം.പായസവും നാല് കൂട്ടം ആണ് പതിവ്. അടപ്രഥമന്‍ , ശര്‍ക്കര പായസം, പാല്‍ പായസം , പയര്‍ പായസം. സദ്യ വിളമ്പുമ്പോള്‍ ഓണത്തപ്പന്‍ എഴുന്നള്ളി വരുമെന്നും ചോദിക്കുന്നതെന്തും നല്‍കുമെന്നുമാണ് വിശ്വാസം.

വിഭവ സമൃദ്ധമായ ഊണ് ആണ് ഓണസദ്യയുടെപ്രത്യേകത. രുചികളിലെ നാനാ തരങ്ങള്‍ അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് ഓണസദ്യ. ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി ഓണസദ്യയുണ്ണുന്ന രീതി. വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

ഉള്ളിയും വെളുത്തുള്ളിയും മാംസാഹര ഗണത്തില്‍ പെറ്റുത്തിയിരുന്നതിനാല്‍ പരമ്പരാഗതമായി കറികളായി സദ്യയില്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ സദ്യക്ക് അവയില്ലാതെ രുചികള്‍ പൂര്‍ണമാവില്ല എന്നതു വസ്തുത മാത്രം. എന്നാല്‍ പണ്ട് പതിവില്ലായിരുന്ന കാരറ്റ്, പയര്‍ ഇവകൊണ്ടുള്ള വിഭവങ്ങള്‍ ഇന്ന് വിളമ്പുന്നുണ്ട്.

സദ്യക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയില്‍ ഓരോ കറിക്കും ഇലയില്‍ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്നകറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്. കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക. പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. കുട്ടു കറികള്‍ എല്ലാം വിളമ്പിയാതിനു ശേഷമാണു ഇരിക്കുന്നതു. ഇരുന്നു കഴിഞ്ഞാല്‍ ചോറു വിളമ്പുകയായി.വിളമ്പുന്ന ചൊറ് ഇലയില്‍ നേര്‍ പകുതിയാക്കണം. വലത്തെ പകുതിയില്‍ പരിപ്പ് വിളമ്പും. പരിപ്പ് പപ്പിടവുമായി കൂട്ടിയുള്ള ഊണിനു ശേഷം അടുത്ത പകുതിയില്‍ സാമ്പാറ് വിളമ്പുകയായി. സാമ്പാറിനു ശേഷം പതുവു സദ്യകളുടേ ചിട്ടകള്‍ തെറ്റിച്ചു പായസം ആണു വിളാമ്പുന്നതു. പായസം കഴിയുമ്പൊള്‍ വീണ്ടും ചൊറു വിളമ്പും. ചൊറില്‍ ആദ്യം മൊരും , പിന്നീടു കാളനും ഒഴിച്ചു ചൊറൂണു കഴിയുമ്പൊള്‍ പഴം അകത്താകാം. ഇതാണു സദ്യ വിളമ്പുന്ന രീതി.

സദ്യ ഉണ്ണുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. നിരത്തിയിട്ട ഇലകളുടെ വരിയിലേക്ക് കടന്നിരുന്നാല്‍ ആദ്യം ഇടത്തെ മൂലയില്‍ വച്ചിരിക്കുന്ന വെള്ളം അല്‍പ്പം കൈകുമ്പിളില്‍ എടുത്ത് ദൈവത്തെ മനസില്‍ ധ്യാനിച്ച് ഇലയും പരിസരവും ശുദ്ധമാക്കുന്നു. പിന്നീട് ചോറു വിളമ്പുകയായി. വിളമ്പുന്ന ചോറിനെ കൈകൊണ്ട് രണ്ട് സമപകുതികള്‍ ആക്കണം. വലത്തെ പകുതിയിലേക്ക് ആവശ്യമുള്ള പരിപ്പ് വിളമ്പും. പപ്പിടവും പരിപ്പും ചേര്‍ത്ത് ഇളക്കിയ ചോറിലേക്ക് ഒരു തുള്ളി പശുവിന്‍ നെയ് കൂടി ചേര്‍ക്കുമ്പോഴേക്കും രുചി അതിന്റെ പാരമ്യതയില്‍ എത്തുന്നു. ആദ്യ പകുതി പരിപ്പും പപ്പിടവും, നെയ്യും ചേര്‍ത്ത് ഉണ്ടു തീരുമ്പോഴേക്കും സാമ്പാര്‍ വരികയായി. നീക്കി വച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാര്‍ പകരുന്നു. സാമ്പാറിനു ശേഷം പായസങ്ങള്‍ വിളമ്പും. അടപ്രഥമന്‍ പഴവും (ചിലര്‍ പപ്പടവും)ചേര്‍ത്ത് ആണ് കഴിക്കുക. പായസം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും അല്‍പ്പം ചോറ് വിളമ്പും. അതിലേക്ക് ആദ്യം മോരും, പിന്നീട് പിന്നീട് കാളനും ചേര്‍ത്ത് ഒരു വട്ടം കൂടി ഉണ്ണുന്നു.

സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാല്‍ ഇല മുകളില്‍ നിന്ന് താഴോട്ടാണു മടക്കുക. (ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും).

7 comments:

മാണിക്യം said...

ഓണസദ്യ
രുചിയറിഞ്ഞ് കഴിക്കാനും വിളമ്പുന്നരീതിയും മനോഹരമായി വിവരിച്ച ഈ പൊസ്റ്റിനു നന്ദി

Pongummoodan said...

നീര്‍വിളാകന്‍,

നല്ല ഒന്നാന്തരമൊരു സദ്യയുണ്ട പ്രതീതി. നന്ദി.
തൃപ്തിയുടെ ഏമ്പക്കവും വിട്ട് ഞാന്‍ ഇലമടക്കി. മുകളില്‍ നിന്നും താഴോട്ടുതന്നെ. :)

പോങ്ങു

പൊറാടത്ത് said...

നല്ലൊരു ഓണസദ്യ നേരത്തെ തന്നെ ഒരുക്കിയതിന് നന്ദി..

രഘുനാഥന്‍ said...

ഓണത്തിനു ഇലയില്‍ കിട്ടുന്നത് മുഴുവന്‍ വാരി വലിച്ചു അകത്താക്കുന്നതല്ലാതെ ഇങ്ങനെയൊക്കെ ഓരോ നിയമങ്ങള്‍ ഉള്ള വിവരം ഇപ്പോഴാ അറിയുന്നത്...നല്ല പോസ്റ്റ്‌ ..ആശംസകള്‍

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നീർവിളാകൻ,

കൊതിപ്പിക്കുന്ന ഈ വിവരണത്തിനു നന്ദി.സദ്യ ഉണ്ണുന്ന ഈ രീതി ഓണത്തിനു വേണ്ടി മാത്രമുള്ളതല്ല.അതിനാൽ തന്നെ ഈ പോസ്റ്റിനു എല്ലാ കാലത്തേക്കും പ്രാധാന്യം ഉണ്ട്.ഇന്ന് പലർക്കും സദ്യ വിളമ്പുന്നതിന്റേയും ഉണ്ണുന്നതിന്റേയും ചിട്ടവട്ടങ്ങൾ അറിയില്ല.പല കല്യാണങ്ങൾക്കു സദ്യ വിളമ്പാൻ കൂടി കൂടിയാണു ഞാൻ അതു പഠിച്ചത്.പ്രായമുള്ളവർ ഉള്ളപ്പോൾ നമ്മൾ തെറ്റായി വിളമ്പിയാൽ അവർ ഉടൻ ചീത്ത പറയും..

എന്തായാലും വളരെ പ്രസക്തമായ പോസ്റ്റ്.

ഓണാശംസകൾ!

N.J Joju said...

"സദ്യക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം."

ഈ രീതി സൌകര്യത്തില്‍ നിന്നുണ്ടായതാണ്‌ എന്നാണ്‌ എന്റെ വിശ്വാസം.

പന്തിയില്‍ എല്ലാവരും ഇരിയ്ക്കുന്നു. ഇലയിട്ടിട്ടില്ല. എങ്ങനെ ഇലയിടും. ഇലയുടെ തലയില്‍ പിടിച്ച് വാഴയിലക്കെട്ടില്‍ നിന്ന് വലിച്ച് ഇടുന്നതാണ്‌ രീതി. മൂട്ടില്‍ പിടിച്ച്(വാഴക്കൈയ്യോടു ചേര്‍ന്ന ഭാഗം ) ഇടുന്നത് അസൌകര്യമാണ്‌.

മുന്‍പോട്ടു നടന്ന് ഇടുന്നതാണ്‌ സൌകര്യം.

അങ്ങനെ വരുമ്പോള്‍ നാ‍ക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കില്ലേ?

പാവപ്പെട്ടവൻ said...

ഓണാശംസകള്‍