Monday, August 24, 2009

ഓണപ്പാചകം: ശർക്കര‌ഉപ്പേരി ( ശർക്കരവരട്ടി)



നേന്ത്രക്കായ വറുത്തെടുത്ത് ശർക്കരപ്പാവിലിട്ടു തയ്യാറാക്കിയെടുക്കുന്ന ശർക്കരവരട്ടി ഏവർക്കും സുപരിചിതമാണല്ലൊ. ഓണക്കാലമല്ലേ..ഇതൊന്നുണ്ടാക്കി നോക്കിയാലോ..?

ആവശ്യമുള്ള സാധനങ്ങൾ:

നേന്ത്രക്കായ - അരക്കിലോ.
ശർക്കര - 150 ഗ്രാം.
ചുക്കുപൊടി - അര ടീസ്പൂൺ.
ജീരകപ്പൊടി - അര ടീസ്പൂൺ.
നെയ്യ് - ഒരു സ്പൂൺ.
പഞ്ചസാര(നിർബന്ധമില്ല) - ഒരു സ്പൂൺ
വെളിച്ചെണ്ണ - വറുക്കാനാവശ്യമുള്ളത്.

ഉണ്ടാക്കുന്ന വിധം:

നേന്ത്രക്കായ തൊലികളഞ്ഞ് രണ്ടാക്കി വട്ടത്തിൽ നുറുക്കിയെടുക്കുക. സാധാരണ കായവറുത്തതിന് നുറുക്കുന്നതിനേക്കാൾ കുറച്ചുകൂടി കനത്തിലായിരിയ്ക്കണം കഷ്ണങ്ങൾ.


കഷ്ണങ്ങൾ വെളിച്ചെണ്ണയിൽ കരുകരുപ്പായി വറുത്തുകോരുക. കനത്തിലുള്ള കഷ്ണങ്ങളായതിനാൽ നന്നായി മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നല്ല പാകമായാൽ ഒരു ഇളം ബ്രൗൺ നിറമായിരിയ്ക്കും.



വറുത്ത കഷ്ണങ്ങൾ ഒരു ന്യൂസ്പേപ്പറിലോ മറ്റോ പരത്തിയിട്ട് ചൂടാറാൻ വയ്ക്കുക. ഈ സമയം ശർക്കര കുറച്ചു വെള്ളത്തിൽ അലിയിച്ച് അരിച്ചെടുത്തശേഷം കട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തുവച്ച് തുടരെ ഇളക്കുക. കുറച്ചുകഴിയുമ്പോൾ വെള്ളം വറ്റി കുറുകാൻ തുടങ്ങും. അപ്പോൾ തീ കുറയ്ക്കണം. ഇളക്കുന്ന ചട്ടുകം ഇടയ്ക്കിടെ ഉയർത്തിപ്പിടിച്ച് അതിൽ നിന്നു ഇറ്റുവീഴുന്ന തുള്ളികൾ നിരീക്ഷിയ്ക്കുക. ഇറ്റുവീഴൽ ക്രമേണ സാവധാനത്തിലായി വന്ന് അവസാനം ഒരു നൂൽപോലെ ആവുന്നതാണ് പാകം. ഈ പരുവത്തിൽ വാങ്ങിവച്ച് ചുക്കുപൊടിയും ജീരകപ്പൊടിയും ചേർത്തിളക്കിയശേഷം കായവറുത്തതും നെയ്യും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര എല്ലാ കഷ്ണങ്ങളിലും ഒരുപോലെ പിടിച്ചിരിയ്ക്കുന്ന വിധത്തിൽ നന്നായി ഇളക്കണം.



ഇളക്കിയോജിപ്പിച്ച സമയത്ത് എല്ലാം കൂടി ഒരുമാതിരി കുഴഞ്ഞപരുവത്തിലായിരിയ്ക്കുമെങ്കിലും തണുക്കുന്തോറും കട്ടിയാവാൻ തുടങ്ങും. അപ്പോൾ ഒന്നുകൂടി ഇളക്കി കട്ടപിടിച്ചിരിയ്ക്കുന്ന കഷ്ണങ്ങൾ വേർപെടുത്തിവയ്ക്കണം. നന്നായി ചൂടാറിയാൽ ശർക്കര‌ഉപ്പേരി റെഡി!

എല്ലാവർക്കും ഓണാശംസകൾ...


ആൽത്തറയിൽ ഓണം, പാചകം, ബിന്ദു കെ പി

15 comments:

മീര അനിരുദ്ധൻ said...

നല്ല ശർക്കരവരട്ടി. ഓണമായിട്ട് ഓണവിഭവങ്ങൾ കൂടുതൽ പോരട്ടെ

പൊറാടത്ത് said...

"പഞ്ചസാര(നിർബന്ധമില്ല)"

അതെങ്ങന്യാ ബിന്ദൂ.. അതല്ലെ അതിന്റെ ഒരു ഇത്...:)

നല്ല ഭംഗീള്ള ശര്‍ക്കരവരട്ടി...

jayanEvoor said...

കൊതി പിടിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാ അല്ലെ!?

നാവില്‍ പഞ്ചാരി മേളം!

വികടശിരോമണി said...

പഞ്ചസാര ഇട്ടേ പറ്റൂ.അല്ലെങ്കിൽ ഇവിടെ അടി നടക്കും:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബിന്ദു ചേച്ചീ ( ചേച്ചി എന്നുള്ളത് നല്ല പാചകക്കാർക്കുള്ള ഒരു സ്ഥാനപ്പേരാണു കേട്ടോ..)

ചെറുപ്പകാലത്തെ ഒടുക്കത്തെ ‘പഞ്ചാരയടി’ കാരണം ഇപ്പോൾ ‘പഞ്ചാര’ രോഗമുള്ളവർക്കായുള്ള ശർക്കര വരട്ടി യുടെ പാചകക്കുറിപ്പ് വല്ലതും കൈയിൽ ഉണ്ടോ?

ഓണാശംസകൾ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബിന്ദൂ, ഇതു കളിയല്ല സത്യമായിട്ടും ഞാന്‍ പിണങ്ങും.
ഞങ്ങള്‍ക്കിവിടെ നേന്ത്രപ്പഴം പോലും കിട്ടാനില്ല. അപ്പൊഴാ കൊതിപ്പിക്കുന്നത്‌

Kaithamullu said...

ബിന്ദു നാട്ടിലാണോ?
എത്ര നല്ല ചിത്രങ്ങള്‍!!
(ഇവിടെ ശര്‍ക്കരവരട്ടി സൂപ്പര്‍മാര്‍കറ്റീന്ന് തന്നെ!)

മാണിക്യം said...

കണ്ടിട്ട് കൊതിയാവുന്നു
അപ്പോള്‍ വീട്ടില് ഉപ്പേരി റെഡി ആയി അല്ലേ ?
ശർക്കരവരട്ടിക്കു നന്ദി

നിരക്ഷരൻ said...

ഒരു പാക്കറ്റ് ഇങ്ങ് അബുദാബീലേക്ക് കൊടുത്തുവിട് ബിന്ദൂ.. എന്നെപ്പോലെ വഴിയില്‍ ഓണം ആഘോഷിക്കുന്ന ജിപ്സികളെ കൊതിപ്പിക്കുന്നതിനും ഒരു അതിരുണ്ട് കേട്ടോ ? :)

Typist | എഴുത്തുകാരി said...

ഓണമിങ്ങെത്തി അല്ലേ? നാട്ടിലുണ്ടോ ഇപ്പോള്‍ അതോ തിരിച്ചുപോയോ?

" എന്റെ കേരളം” said...

അയ്യോ..........ഈ പോസ്റ്റ്‌ ഇട്ടത്‌ ബിന്ദു ആയിരുന്നു അല്ലേ? ഞാൻ വിചാരിച്ചു മാണിക്ക ചേച്ചി വക ആയിരിക്കും എന്നായിരുന്നു............
ഞാൻ കുറെ നാൾ ആയി നോക്കി നടന്ന ശർക്കരവരട്ടി ഇനി ഉണ്ടാക്കിയിട്ട്‌ തന്നെ പിന്നത്തെ കാര്യ്യ്ം

Faizal Kondotty said...

sweet ശര്‍ക്കരവരട്ടി...!

മനോഹര്‍ കെവി said...

ബിന്ദൂ.... ഇത്രക്കാങ്കടു നിരീച്ചില്ല... ശിവ ശിവ...നോം അന്തര്‍ജനത്തെ വെക്കേഷനില്‍ നാട്ടിലാക്കി , ഇവിടെ ദോഹയിലെ ഇല്ലത്തു വന്നു ഒറ്റക്കു ചൊറിയും കുത്തി ഇരിക്ക്യാണേയ്.....ആ നേരത്താണു ഓരോ കമ്പം തോന്നിപ്പിക്കാന്‍ ഇങ്ങനെ ഓരോന്നു എഴുതിവിടണതു.....പിന്നേയ്, "എന്റെ കേരളം", എന്താ ഉണ്‍ടാക്കണെയ്ന്നു വച്ചാ, കുറച്ചു ഒരു തോര്‍ത്തുമുണ്ടില്‍ പൊതിഞ്ഞു കെട്ടി, അജി നമ്പൂരിയുടെ കയ്യില്‍ ഇങ്ങടു കൊടുത്തുവിടാ.......ചതുരംഗം കളിയും വൈകീട്ടു കഥകളിയുമായി ഇരിക്കുമ്പൊ, കൊറിച്ചിരിക്കാന്‍ അസാരം ശര്‍ക്കരവരട്ടി കിട്ടിയാല്‍ ഒട്ടും മുഷീല്യ.

Jayasree Lakshmy Kumar said...

ഇതു വരെ ഉണ്ടാക്കി നോക്ക്കിയിട്ടില്ലാത്ത ഒന്ന്
ഇത്തവണ സമയം ഒത്താൽ ഒന്നു പരീക്ഷിക്കുന്നുണ്ട് :)
പോസ്റ്റിനു നന്ദി ബിന്ദു

നീര്‍വിളാകന്‍ said...

കൊതിപ്പിച്ചു കൊല്ലും!!!!! എന്റെ ഇഷ്ട വിഭവമായ ശര്‍ക്കരവരട്ടിയുടെ പറ്റം കണ്ട് ഒരു ലിറ്റര്‍ തുപ്പല്‍ അറിയാതെ ഇറക്കി!1