Monday, August 31, 2009

വീണ്ടും ഒരോണം

ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍ ‍സാന്ത്വനഗീതവുമായ്‌
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
‍പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
‍കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
‍കൂട്ടരോടൊത്തുതുള്ളാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
‍കോരനെ നീറ്റീടുമ്പോള്‍ ‍കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
പായ്ക്കറ്റിലാക്കീടുമ്പോള്‍
‍ഓണക്കളികള്‍ക്കായി
ജാക്സനെ കാത്തീടുമ്പോള്‍
‍ഓര്‍മ്മ്കള്‍ മങ്ങിയൊ-
രോണനിലാവിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്
‍എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
‍പൊന്‍ വയലേലകളില്‍
‍ചെന്നിണം വാര്‍ന്നീടുമ്പോള്‍
‍കോമരം തുള്ളും തെരുക്കൂത്ത്‌,
നര്‍ത്തനംകണ്ടു രസിച്ചീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...???

2 comments:

മാണിക്യം said...

‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?

ലീലറ്റീച്ചര്‍‌ക്ക് ആല്‍‌‍ത്തറയിലേക്ക് സ്വാഗതം !

മീര അനിരുദ്ധൻ said...

ഓണക്കവിത നന്നായിരിക്കുന്നു.ഓണാശംസകൾ