മഴമുകിലേ തോരാതെ പെയ്യൂ..'
ഇത് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ മനോഹരമായി ആലപിച്ച ഒരു ഓണപ്പാട്ട്. അത് എവിടെക്കിട്ടുമെന്ന് അന്വേഷിച്ച് അലഞ്ഞ് കിട്ടാഞ്ഞിട്ട് ഞാന്‍ ഉദ്യമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. (ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ഒരു ബ്ലോഗര്‍ ആണെന്ന് തോന്നുന്നു. അദ്ധേഹത്തെ പരിചയമുള്ള ആരെങ്കിലും ഒന്ന് അന്വേഷിച്ച് നോക്കിയാല്‍ നന്നായിരുന്നു). ഈ ഓണപ്പാട്ടുമായി ഒരു മൂളിപ്പാട്ട് പോലും പാടാന്‍ തുനിയാത്ത എനിക്കെന്ത് ബന്ധമെന്നാണോ ചോദിക്കാന്‍ വന്നത്? അതാണ് പറയാന്‍ പോകുന്നതും..
'ഇത്തണവത്തെ ഓണം ആല്‍ത്തറയില്‍' ആഘോഷപൂര്‍വം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഓണസ്മരണ മനസ്സില്‍ ഓടിയെത്തിയത് 'തോരാതെ തോരാതെ പെയ്യൂ.. മഴമുകിലേ തോരാതെ പെയ്യൂ...' ഗാനവീചികളോടെയാണ്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ ഒരു ഇന്റെര്‍നെറ്റ് കഫേയിലെ ജോലിക്കാരനായിട്ട് സിനിമാസ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി കഴിയുന്ന കാലം.. അന്നൊരു ദിനപ്പത്രപ്പരസ്യം കണ്ണിലുടക്കി. 'ഓണപ്പാട്ട് ആല്‍ബത്തിലേക്ക് അഭിനേതാക്കളെ വേണം'. മനസ്സില്‍ ഒരു വലിയ പൂക്കളം തീര്‍ത്തു. കണ്ണുകളില്‍ പൂത്തിരി കത്തി. ആരോരുമറിയാതെ അപേക്ഷ വിട്ടു കാത്തിരുന്നു. പതിവുപോലെ കഫേയില്‍ പോയി പണിയോടൊപ്പം ചാറ്റും ടൈപ്പിംഗ് വര്‍ക്കുമായി ദിനങ്ങള്‍ കഴിഞ്ഞുകൂടി. ഒരുനാള്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഉമ്മ എന്റെ നേരെ ഒരു കത്ത് നീട്ടി. ഞാനത് മേടിച്ചുനോക്കി. അത് എന്റെ പേരില്‍ കൊച്ചിയില്‍ നിന്നയച്ച ഒരു കവര്‍ ആയിരുന്നു. ഞാന്‍ ആഹ്ലാദത്തോടെ മുറിയിലേക്കോടി, പൊട്ടിച്ചു വായിച്ചു.
ആല്‍ബത്തിലെ ഒരു ഗാനത്തിനു വേണ്ടി എന്നെ തിരഞ്ഞെടുത്തുവെന്ന് വായിച്ച് വാപൊളിച്ച് വായു കിട്ടാതെ ഒരുനിമിഷം ഇരുന്നു. കൊച്ചിയില്‍ അടുത്തയാഴ്ചയാണ് സെലക്ഷന്‍ റൗണ്ട്. ഓഫീസിലേക്കുള്ള റൂട്ട് വിവരിച്ച് തന്നിട്ടുണ്ട്. ഒരുപാട് തവണ ഞാനത് ആ കത്ത് വായിച്ച് ഞാനിരുന്നു. ഉറക്കമേ വന്നില്ല. ഉടനെ ആ സുദിനം വന്നണയാന്‍ ഞാന്‍ കാത്തിരുന്നു. കൊച്ചിയില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞ് ലീവെടുത്ത് വീട്ടിലും അറിയിച്ച് ഞാന്‍ അങ്ങോട്ട് പുറപ്പെട്ടു. അവിടെയെത്തി ലിസ്സി ജംഗ്ഷനിലെ ഒരു കൂതറ ലോഡ്ജില്‍ മുറിയെടുത്ത് റിഫ്രഷായി. ഫിലിം മീഡിയാ ഓഫീസ് തപ്പി തപ്പി കണ്ടെത്തി അങ്ങോട്ട് കയറിച്ചെന്നു.
ഓണക്കോടി അണിഞ്ഞ ഒരു തടിച്ചിപ്പെണ്ണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഇരിക്കുന്ന ഓഫീസില്‍ ഞാന്‍ ഒരു ചെറിയ വിമ്മിഷ്‌ടത്തോടെ ഷൂ കൊണ്ട് തറയില്‍ കളം വരച്ച് നിന്നു. ചിരിച്ചും മന്ത്രിച്ചുമുള്ള ഫോണ്‍ ടോക്ക് ഏറെനേരമായിട്ടും നിറുത്തുന്ന മട്ട് ആ ലേഡിക്കില്ല. ഞാന്‍ കൈയ്യിലെ എഴുത്ത് എടുത്ത് അവള്‍ കാണട്ടെ എന്ന മട്ടില്‍ പൊക്കിപ്പിടിച്ച് അക്ഷമനായി വാച്ചില്‍ നോക്കിയപ്പോള്‍ അവള്‍ അത് മേടിച്ച് ഫോണ്‍ ടാക്കിനിടയില്‍ ഓടിച്ച് വായിച്ച് നോക്കിയിട്ട് വലത്തേയറ്റത്തുള്ള കാബിന്‍ ചൂണ്ടിക്കാണിച്ച് ആംഗ്യത്തില്‍ അങ്ങോട്ട് പോകുവാന്‍ പറഞ്ഞു. ഞാന്‍ ഭവ്യതയോടെ ഒന്ന് ചിരിവരുത്തിയിട്ട് അങ്ങോട്ട് പോയി. അവിടെ എന്നെ സ്വീകരിച്ചത് നാന വാരിക മറിച്ചുനോക്കി കസേരയില്‍ ചാഞ്ഞിരിക്കുന്ന ഇന്ദ്രന്‍സ് ലുക്കുള്ള ഒരുത്തനായിരുന്നു. ഞാന്‍ ഒന്ന് മുരടനക്കിയപ്പോള്‍ നാന പാരായണം മതിയാക്കി നോക്കിയ അയാള്‍ മേശയ്ക്ക് മുന്നിലെ സീറ്റില്‍ ഇരിക്കാന്‍ ക്ഷണിച്ചു. ഞാനിരുന്ന് അയാളയച്ച എഴുത്ത് നീട്ടി.
ഷൂട്ട് ചെയ്യാന്‍ പോകുന്ന ഓണഗാന ആല്‍ബത്തിനെക്കുറിച്ച് പള്ളീലച്ചന്‍ പ്രസംഗിക്കുന്ന ശൈലിയില്‍ ആ കക്ഷി (ഒരു മാത്യൂസ്) വിവരിച്ചുതന്നു. ഞാന്‍ കോരിത്തരിച്ചു മൂളിയിരുന്നു. അയാള്‍ ഇന്റര്‍കോമിലൂടെ 'സൂസനോട്' (നേരത്തെ കണ്ട ഫോണ്‍ ലേഡി) ഒരു ക്യാമറ കൊണ്ടുവരാന്‍ പറഞ്ഞു. എന്നെ പുറത്ത് പോവാന്‍ അനുവദിക്കില്ല എന്ന ഭാവത്തോടെ തടിച്ച സൂസന്‍ വാതിലില്‍ ഒരു വിടവ് പോലും വിടാതെ മുഴുവനായും നിന്ന് ക്യാമറ മാത്യൂസിന് കൊടുത്തു. അയാള്‍ ചാഞ്ഞും ചെരിഞ്ഞും ഇരുന്ന് എന്നെ ക്ലിക്കി ക്യാമറയിലാക്കി. ഞാന്‍ മസില്‍ പിടിച്ച് ശ്വാസമടക്കി നിന്നു, പിന്നെ ഇരുന്നു. സൂസനും അയാളും തമ്മില്‍ ഓഫീസ്‌പരമായ ചര്‍ച്ചയിലായി. സൂസന്‍ വാതില്‍ പ്രവേശനം മറച്ചുതന്നെ നിന്നതും കിട്ടിക്കൊണ്ടിരുന്ന വായുസഞ്ചാരം ബ്ലോക്കായപ്പോള്‍ എനിക്ക് ചുമവന്നു.
'സൂസന്‍, ഏഷ്യാനെറ്റ് ടിവിക്കാര്‍ വിളിച്ചിരുന്നോ? അവരോട് നമ്മുറ്റെ ആല്‍ബം തിരുവോണനാള്‍ തന്നെ ടെലികാസ്റ്റ് ചെയ്യാന്‍ പറയണം. അല്ലെങ്കില്‍ നമ്മള്‍ വേറെ ചാനല്‍ ഉറപ്പിക്കും എന്നറിയിച്ചേക്ക്!'
'ശരി സാര്‍. അവര്‍ പലവട്ടം സാറിനെ അന്വേഷിച്ചിരുന്നു. വേറെ ആര്‍ക്കോ വെച്ച ടൈം നമുക്ക് തരാമെന്ന് പറയാന്‍..'
'ഉം. നമ്മുടെ മെയിന്‍ സ്പോണ്‍സര്‍ കോമാട്ടി ഫാഷന്‍സിനോട് നാളെ തന്നെ ഫിഫ്റ്റി പേഴ്സന്റ് അഡ്വാന്‍സുമായി വന്നേക്കാന്‍ അറിയിക്കുക. അല്ലെങ്കില്‍ നമ്മള്‍ വെയിറ്റ് ലിസ്റ്റിലുള്ള മറ്റ് ടീമിനെ സ്പോണ്‍സറാക്കും എന്നറിയിച്ചേക്ക്.!'
ഞാന്‍ ഇതെല്ലാം കേട്ട് ശ്വാസം കിട്ടാതെ വന്ന ചുമ അമുക്കി ഇരുന്ന് പടച്ചോനേ ഞാന്‍ എന്തായീ കേള്‍ക്കുന്നത് എന്നറിയാതെ നാളെ ഞാന്‍ ഒരു താരമാവുന്ന സുദിനം ഓര്‍ത്ത് ഇരിക്കുമ്പോള്‍ ...
'ശരി സാര്‍.. പിന്നേയ്..' - സൂസന്‍ ഫോണ്‍ ബെല്ലടികേട്ട് ഓടിപ്പോയി. വാതില്‍ ഭാഗത്തൂന്നും ബ്ലോക്കായി കിടന്ന കാറ്റ് മൊത്തം മുറിയിലേക്ക് അടിച്ചുകയറി. മേശമേലുള്ള നാന വാരികയുടെ താളുകള്‍ വേഗതയോടെ മറിഞ്ഞു. നടുപ്പേജിലെ അല്‍പ വസ്ത്രധാരിണിയായ മാദകനടിയുടെ ഫോട്ടോ കണ്ടിട്ടെന്ന പോലെ കാറ്റ് നിന്നു.
'അപ്പോള്‍ നിങ്ങളെ ഞാന്‍ ഒരു ഗാനചിത്രീകരണത്തില്‍ സെലക്റ്റ് ചെയ്തിരിക്കുന്നു.'
'സ..സാ..ര്‍!!' - ഞാന്‍ വെള്ളം കിട്ടാതെ കിടക്കുന്ന ആസ്തമാരോഗി കണക്കെ കിതച്ചു ഞെട്ടിത്തരിച്ചു.
'ബട്ട്, ആസ് യൂ നോ, നിങ്ങള്‍ നാളെ നാലാള്‍ അറിയപ്പെടുന്ന ഒരു താരമാകാന്‍ പോകുന്നു. അതിലെക്കായിട്ട് അതിന്റെ മൊത്തം ചിലവിന്റെ ഒരു വിഹിതം മുടക്കേണ്ടിവരും. ആര്‍ യൂ റെഡി?'
അതുവരെ ഉണ്ടായിരുന്ന സന്തോഷാഹ്ലാദം ടപ്പേം താഴോട്ട്.. ഇതികര്‍ത്തവ്യതാ മൂഢനായി ഞാനിരുന്നു.
'എത്ര മുടക്കണം?'
'ത്രീ തൗസന്റ് ഓണ്‍ലി. അതൊരു ലോസ്സ് അല്ല മിസ്റ്റര്‍..... നിങ്ങളെ തേടി അവസരങ്ങളൂടെ കൂമ്പാരം നാളെ കാത്തിരിക്കുന്നത് മറക്കരുത്.'
ഞാന്‍ സമ്മതം മൂളി. കാശ് അയച്ചാലുടന്‍ ബാക്കി കാര്യങ്ങള്‍ക്കായി അറിയിക്കാമെന്ന് പറഞ്ഞ് മാത്യൂസ് കൈപിടിച്ച് കുലുക്കി മേശമേല്‍ കിടന്ന നാന ഒന്ന് തട്ടിക്കുടഞ്ഞ് നാളെ പരീക്ഷ ഉള്ളവനെപ്പോലെ മുഖം പൂഴ്ത്തി ഇരുന്നപ്പോള്‍ ഞാന്‍ വെളിയില്‍ കടന്നു, ഫോണില്‍ ആരോടോ സൊള്ളി ഇരിക്കുന്ന സൂസനെ ഒന്ന് കടാക്ഷിച്ച് മന്ദഹസിച്ച് റ്റാറ്റാ പറഞ്ഞ് ഇറങ്ങി, കോഴിക്കോട്ടേക്ക് തിരിച്ചുപോന്നു. ഒരുവിധം പണമൊപ്പിച്ച് നാളത്തെ താരമാവുമ്പോള്‍ ലക്ഷങ്ങള്‍ ചോദിച്ച് മേടിക്കുമ്പോള്‍ കോമ്പന്‍സേറ്റ് ചെയ്യാമല്ലോ എന്നോര്‍ത്ത് ഡ്രാഫ്റ്റാക്കി മാതൂസിന് അയച്ചുകൊടുത്ത് കണ്ണും നട്ട് കാത്തിരിപ്പ് തുടങ്ങി.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഒരു പാഴ്സല്‍ എന്നെ തേടിയെത്തി. പോസ്റ്റ് ഓഫീസില്‍ പോയി ഒപ്പിട്ട് കൈപ്പറ്റി ഭക്ഷണപ്പൊതി കിട്ടിയ സോമാലിയെന്ന പോലെ കീറിപ്പറിച്ച് വലിച്ച് കുടഞ്ഞ് അതിനകത്ത് എന്താണെന്ന് നോക്കുന്നത് പോസ്റ്റ്‌മാനും സ്റ്റാഫും അന്തം വിട്ട് നോക്കുന്നുണ്ട്. അതിനകത്തൂന്നും ഒരു കാസറ്റ് ടേപ്പ് വെളിയിലെടുത്തു. ഒരു കുറിപ്പും.
'അഡ്വാന്‍സായിട്ട് ഓണാശംസകള്‍ ഫ്രം ......ഫിലിം മീഡിയാസ്. ഇതോടൊപ്പം നിങ്ങള്‍ അഭിനയിക്കേണ്ടുന്ന ഓണപ്പാട്ട് കാസറ്റ് അയക്കുന്നു. ഇത് കേട്ട് പഠിക്കുക. ലിപ് മൂവ്‌മെന്റ് പാട്ടീരടികള്‍ക്കൊപ്പം നേരെയാവണം. ഇല്ലെങ്കില്‍ റീഷൂട്ട് ചെയ്ത് പണനഷ്‌ടം വരും. അതിനാല്‍ നന്നായി അഭിനയിച്ച് പഠിക്കുക, ഞങ്ങള്‍ വിളിക്കുമ്പോള്‍ ഷൂട്ടിന് വരിക.'
ഞാന്‍ ആ കാസറ്റുമായി വീട്ടിലേക്കോടി. അതിനകത്ത് ഒളിഞ്ഞിരിക്കുന്ന ഓണപ്പാട്ട് കേള്‍ക്കാന്‍ ആധിയായി. നേരെ ചെന്ന് ടേപ്പ് റിക്കാര്‍ഡര്‍ എടുത്ത് മുറിയിലേക്ക് കയറി കതകടച്ചു. ഉമ്മയും ഉപ്പയും ഇരട്ടസോദരികളും ഇതെന്ത് കൂത്ത് എന്നറിയാതെ എനിക്ക് വട്ടായോ എന്ന ഭാവേന മാറിനില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു. കാസറ്റ് ടേപ്പ് സെറ്റിലിട്ടു. പ്ലേ ബട്ടണമര്‍ത്തി അക്ഷമനായി കാതും കൂര്‍പ്പിച്ച് ഇരിക്കവെ, ആദ്യം കര്‍ കര്‍ കര്‍ സ്വരം.. പിന്നെ സംഗീതം കേള്‍ക്കായി..
'തോരാതെ തോരാതെ പെയ്യൂ
മഴമുകിലേ തോരാതെ പെയ്യൂ..'
ഞാന്‍ കണ്ണടച്ച് ആസ്വദിച്ചു. പിന്നെ ഒന്നൂടെ ഗാനം ആദ്യം തൊട്ട് വെച്ച് ചുണ്ടുകള്‍ വരികള്‍ക്കൊപ്പം ചലിപ്പിച്ചു. വാതിലില്‍ മുട്ട് കേട്ട് ഞെട്ടി പാട്ട് ഓഫാക്കി ചെന്ന് തുറന്നപ്പോള്‍ വേവലാതിയോടെ നില്‍ക്കുന്ന ഉമ്മ, ഉപ്പ, ഇരട്ട സിസ്‌റ്റേഴ്സ്. അവര്‍ എന്നേയും മുറിയിലാകെയും നോക്കി.
'എന്താണ്ടാ അനക്ക് പറ്റ്യേ?' - ഉപ്പ ചോദിച്ചു.
'അത് ഉപ്പാ ഓണപ്പാട്ട്, കാസറ്റ്, ആല്‍ബം, ഞാന്‍ പരിശീലിക്കുകയാ'
പിന്നെ ഒരുവിധം കാര്യം അവരെ അറിയിച്ചു. അവര്‍ ആശ്വസിച്ച് തിരിച്ചുപോയി. ഞാന്‍ വീണ്ടും 'തോരാതെ തോരാതെ പെയ്യൂ' പഠിച്ചുകൊണ്ടിരുന്നു. ഭക്ഷണം കഴിക്കുമ്പോഴൊക്കെ കാസറ്റ് വെച്ച് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ആലപിച്ച ഈ ഗാനം ഞാന്‍ ഒന്ന് വീതം മൂന്ന് നേരം എന്ന പോലെ പാടിച്ചു. എനിക്കല്ലാതെ ബാക്കിയെല്ലാര്‍ക്കും അത് കേട്ട് മന:പ്പാഠം ആയി. നിത്യവും വേറെ ഒന്നും വെച്ചില്ല. തോരാതെ തോരാതെ ഒടുക്കം അയല്‍പക്കത്തെ സിസിലിയാന്റീം പിള്ളേരും വരെ കാണാപ്പാഠമാക്കി. പിന്നെ പിന്നെ എല്ലാവരും അതുതന്നെ പാടാന്‍ തുടങ്ങി. ഞാന്‍ ഉറക്കത്തില്‍ പോലും തോരാതെ ആയി ചൊല്ലല്‍..!
അങ്ങനെ ഒരു രാത്രി മാത്യൂസ് വിളിച്ച് ഷൂട്ടിംഗ് ഷെഡ്യൂള്‍ അറിയിച്ചു. പോരുമ്പോള്‍ ആ കാസറ്റ് കൂടി കൊണ്ടുവരാന്‍ അറിയിച്ചു. ഞാന്‍ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ മൂഡിലായി. അടുത്ത ദിവസം മാതാപിതാ അനിയത്തീസ് അനുഗ്രഹം മേടിച്ച് ഒരു ബാഗില്‍ വസ്ത്രങ്ങളും സോപ്പ് ചീപ്പുമായി കൊച്ചീല്‍ക്ക് പുറപ്പെട്ടു. അവര്‍ പറഞ്ഞ ലോഡ്ജില്‍ എത്തി കാത്തിരുന്നു. പിന്നെ എന്നെപ്പോലെ അഭിനയിക്കാനെത്തിയ വേറെ ആളുകളും വന്നെത്തി. അവരേയും പരിചയപ്പെട്ട് ഇരിക്കുമ്പോള്‍ മാത്യൂസ് എത്തി കൂടെ വേറെ രണ്ടാളും. വെളിയിലെ കാറില്‍ സൂസന്‍ ഇരിപ്പുണ്ട്. അവള്‍ പരിചയഭാവത്തില്‍ പുഞ്ചിരിച്ചു. മനം കുളിര്‍ത്തെന്നത് 'തോരാതെ തോരാതെ പെയ്യൂ..' മൂളിയിട്ട് ഇല്ലാതാക്കി.
അഭിനേതാക്കള്‍ക്കായിട്ട് ഒരുക്കിയ മുറികളിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. ഒരു മുറിയില്‍ രണ്ടാളുകള്‍ വീതം. നടിക്കാനെത്തിയ ഒരു പാലക്കാട്ടുകാരി അമ്മ, അച്ഛനൊത്ത് ഒരു മുറിയിലേക്ക് പോകുന്നത് കണ്ടു. സൂസന്‍ നോക്കി പുഞ്ചിരിച്ച നേരത്താവാം ആ അഭിനേത്രി മാതാപിതാക്കരൊത്ത് വന്നത്, അല്ലെങ്കില്‍ ഉറപ്പായും ശ്രദ്ധിച്ചേനെ. എനിക്ക് കൂട്ട് കിട്ടിയത് തൃശൂരുകാരനാണ്. പരിചയപ്പെട്ടു. ഞങ്ങള്‍ അതുമിതും പറഞ്ഞ് ഏറെനേരമിരുന്നു. പിന്നെ മയങ്ങി. നേരം വെളുത്തപ്പോള്‍ റെഡിയായി താഴേക്ക് വന്നപ്പോള്‍ പാലക്കാട്ടുകാരി ചെത്തിപ്പൊളിച്ച് ലങ്ക്മറിയുന്ന ചുരിദാറിട്ട് മാതാപിതാക്കരുടെ കാവലില്‍ ഇരിക്കുന്നത് കണ്ടു. മാത്യൂസും സൂസനും ശിങ്കിടിയും ഒരു മിനിവാനുമായെത്തി ഞങ്ങള്‍ അഭിനേതാക്കളെ കൊണ്ട് ലൊക്കേഷനിലേക്ക് പുറപ്പെട്ടു. പോകും വഴി ക്യാമറാമാനും സഹായീസും ക്യാമറയും ലൈറ്റുമായി വാനില്‍ കയറി. പിന്നെ കൊച്ചി വിട്ട് ആലുവയെത്തി ഒരു ഹോട്ടലിനു മുന്നില്‍ വണ്ടി നിന്നു. പ്രാത്രലും കഴിഞ്ഞ് യാത്ര തുടര്‍ന്നു. അപ്പോഴും എന്റെ ചുണ്ടില്‍ 'തോരാതെ തോരാതെ പെയ്യൂ' ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
പെരിയാര്‍ നദിയുടെ ഓരത്തുള്ള ഒരു നാട്ടിന്‍പുറത്താണ് ഏറെനേരം ഓടിയിട്ട് വണ്ടി ചെന്ന് നിന്നത്. കഥാപ്രാസംഗികരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'പച്ചപ്പട്ടുടുത്ത സ്വച്ഛസുന്ധരമായ ഒരു ഗ്രാമം. വാഴത്തോപ്പുകളും ഓടിട്ട വീടുകളും മണ്‍പാതയും ഒക്കെയായി ഒരു മനോഹര ദേശം. പെരിയാര്‍ നദി കളകളാരവമോടെ ഒഴുകുന്നു. പക്ഷെ, ഉഗ്ര-ഘോരശബ്‌ദം പെട്ടെന്ന് വന്നപ്പോള്‍ ഞങ്ങളെല്ലാം ഭയചകിതരായി. നോക്കുമ്പോള്‍ അതാ വലിയൊരു യന്ത്രപ്പക്ഷി പറന്നുയരുന്നു. തൊട്ടപ്പുറമെന്ന രീതിയില്‍ ഒരു വിമാനം പറന്നുയര്‍ന്ന് വാഴത്തലപ്പുകളെ ഉലച്ചുകൊണ്ട് പൊങ്ങി ഉയര്‍ന്ന് പൊട്ടുപോലെ പറന്നുമറഞ്ഞു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഏതാനും ഫര്‍ലോങ്ങ് അകലത്താണ്. അതിനു പിന്നാമ്പുറത്താണീ ഇടം.
ആദ്യം എന്റെ 'തോരാതെ..' ഗാനം ചിത്രീകരിക്കാന്‍ പ്ലാനായി. ചമയക്കാരനും വസ്ത്രാലങ്കക്കാരനും എന്നെ വിളിച്ചു. അടുത്തുള്ള ഒരു പുരയുടെ കോലായ ഞങ്ങള്‍ക്ക് ഒരുങ്ങാനും വിശ്രമിക്കാനും പുരക്കാര്‍ ഒഴിച്ചിട്ടിരുന്നു. ഒരു കസവുമുണ്ടും അതിനിണങ്ങിയ ഷര്‍ട്ടും ഞാന്‍ ധരിച്ചു. പിന്നെ ഒരു കസേരയില്‍ എന്നെ ഇരുത്തി ചമയക്കാരന്‍ മുഖത്ത് ചിത്രപ്പണി തുടങ്ങി. (ഇതെല്ലാം എന്റെ ക്യാമറയില്‍ എടുപ്പിച്ചിരുന്നു. അതെല്ലാം ഇന്നും വീട്ടിലെ ആല്‍ബത്തിലുണ്ട് ഒരോര്‍മ്മയ്ക്കായ്..). ഏറെനേരം പണിപ്പെട്ട് അയാള്‍ ലിപ്‌സ്റ്റിക്കും ചുണ്ടില്‍ തേയ്പ്പിച്ച് ഒരു കണ്ണാടി പിടിച്ചു മുന്നില്‍ നിന്നു. ഞാന്‍ ഒന്നേ നോക്കിയുള്ളൂ. ഇത് ഞാനോ, അതോ വല്ല ബാലെ ടീമിലെ രാക്ഷസവേഷമിട്ട കളിക്കാരനോ എന്ന് തോന്നി. മുഖത്തെല്ലാം വല്ലാതെ പൗഡറും റൂഷും വാരിത്തേച്ചിരിക്കുന്നു. (മേയ്ക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ എന്ന് അന്ന് മോഹന്‍ലാല്‍ ശ്രീനിവാസനോട് ചോദിച്ചിരുന്നില്ല, ഏറെക്കാലം കഴിഞ്ഞല്ലേ 'ഉദയനാണ് താരം' വന്നത്.) ഞാന്‍ നിര്‍ബന്ധിച്ച് അത് തുടയ്ക്കാന്‍ തുനിഞ്ഞതും വേണേല്‍ തുടച്ചോ എന്ന ഭാവത്തില്‍ ആ നാടക ചമയക്കാരന്‍ കണ്ടില്ലെന്ന ഭാവേന പാലക്കാട്ടുകാരിയെ ഒരുക്കാനുള്ള ധൃതിയില്‍ അവളെ കസേരയിലേക്ക് ക്ഷണിച്ചു. ഞാന്‍ സ്കൂട്ടായി. മാത്യൂസ് എന്നെ വിളിച്ച്. എന്റെ അരങ്ങേറ്റം ഇതാ ഇവിടെ..!
ഞാന്‍ അയാള്‍ടെ കാലില്‍ വീണു. പിന്നെ സൂസനെ നോക്കി വണങ്ങി. പിന്നെ ക്യാമറാമാന്‍ രാധാരമണന്‍, അയാള്‍ടെ ക്യാമറ എന്നിവയെ തൊട്ട് വണങ്ങി. ഒരുത്തന്‍ ടേപ്പ് റിക്കാര്‍ഡറില്‍ കാസറ്റ് ഇട്ട് 'തോരാതെ തോരാതെ..' പാട്ടിട്ടു. ആദ്യ ഷോട്ടില്‍ എന്നോട് മണ്ടപോയ ഒരു തെങ്ങിന്‍ ചോട്ടില്‍ ചാരിനില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ ചാരിനിന്ന് മേലോട്ട് നോക്കി, ഒരു മച്ചിങ്ങ പോയിട്ട് മണ്ട പോലുമില്ലാത്ത തെങ്ങ്. നല്ല ഷോട്ട് എന്ന് മാത്യുസ്.
പിന്നെ ചളിനിറഞ്ഞ ഒരു നെല്‍പാടത്തൂടെ കുറെ അങ്ങാട്ടും ഇങ്ങാട്ടും ചെരുപ്പിടാതെ എന്നെ നടത്തിച്ചു. ഓടാന്‍ പറഞ്ഞു. നെല്‍കതിര്‍ പിടിച്ച് വിദൂരതയില്‍ നോക്കി നില്‍ക്കാന്‍ പറഞ്ഞു. അപ്പോഴതാ പാട്ട് അന്വര്‍ത്ഥമാക്കിക്കൊണ്ട് തോരാതെ മഴ പൊട്ടിയുതിര്‍ന്നു! മഴ ചന്നം പിന്നം തുടങ്ങിയതും എല്ലാവരും ഓടി ആ പുരയുടെ കോലായില്‍ കയറി. പാടത്ത് ഒത്ത നടുക്ക് നില്‍ക്കുന്ന എന്നെ ആരും ഗൗനിച്ചില്ല. ഞാന്‍ ചളിയില്‍ പൂണ്ട് ചാടിയോടി ഒരുവിധം റോഡിലെത്തി ഓടി അവരോടൊപ്പം കോലായില്‍ നിന്നു.
'തോരാതെ പാട്ട് കേട്ട് മഴയും തുടങ്ങിയല്ലോ' - സൂസന്‍ കമന്റടിച്ചു, ഏവരും ചിരിച്ചു. പാലക്കാട്ടുകാരി മാതാപിതാക്കളെ നോക്കി കൂട്ടിലകപ്പെട്ട കിളിയെപ്പോലെ ഇരുപ്പുതന്നെ. പിന്നീട് മഴ തോര്‍ന്ന് വീണ്ടും ഷൂട്ട് തുടങ്ങി. പക്ഷെ എന്റെ വസ്ത്രങ്ങള്‍ നനഞ്ഞതിനാല്‍ പാലക്കാട്ടുകാരിയുടെ പാട്ട് സീന്‍ ആണെടുത്തത്. അവള്‍ പെരിയാര്‍ തീരത്ത് ഇരുന്ന് കല്ലെടുത്ത് വെള്ളത്തില്‍ ഇടുന്നതും മറ്റും ഷൂട്ട് ചെയ്തു.
പിന്നേയും ചാറ്റല്‍ മഴ ആരംഭിച്ചു. അത് നിന്നപ്പോള്‍ എന്റെ ഗാനരംഗങ്ങള്‍ തുടങ്ങി. വിചാരിച്ചതുപോലെ ഗാനത്തില്‍ എനിക്ക് ജോഡിയെ കിട്ടിയില്ല. ഞാന്‍ ഏകനായി ആ പാട്ട് മൊത്തം വരുന്നത്. പാലക്കാട്ടുകാരി പെണ്ണ് ഏകയായി വേറൊരു പാട്ട് രംഗത്തും. ഈ സംവിധായകന് ഇതൊന്ന് ക്ലബ് ചെയ്ത് ഒരു യുഗ്മഗാനം ആയി ചിത്രീകരിച്ചാലെന്താ എന്ന് എന്നിലെ ഭാവന ചോദിക്കാതിരുന്നില്ല. അന്തരംഗത്ത് വെച്ച് തന്നെ ആ ചോദ്യമുന ഞാന്‍ കുത്തിയൊടിച്ചിട്ട് തോരാതെ പാടി പെരിയാര്‍ തീരത്തും വാഴത്തോപ്പിലുമായി അഭിനയിച്ചു തീര്‍ത്തു.
അന്ന് വൈകിട്ട് ഷൂട്ടിംഗ് തീര്‍ന്ന് എല്ലാവരോടും യാത്രപറഞ്ഞ് ഞാന്‍ കൊച്ചി വിട്ടു. പിന്നെ ഓണം വന്നു. ടീവിയില്‍ പല പരിപാടികളും വന്നുപോയി, ഓണവും പോയിമറഞ്ഞു. ഈ ഗാനം വന്നില്ല, കണ്ടില്ല, ഒരു വിവരോം കേട്ടില്ല! ഞാന്‍ ഖിന്നനായിട്ട് മാത്യൂസിനെ വിളിച്ചു. അവര്‍ പറഞ്ഞു പ്രായോജകരെ പരിപാടിക്ക് കിട്ടീല, പരിപാടിക്ക് ചാനല്‍ കിട്ടീല എന്നോക്കെ..
'അപ്പോള്‍ എന്റെ മൂവായിരം ഉറു..?'
അങ്ങേതലയ്ക്കല്‍ ഫോണ്‍ കട്ടായി 'ടൂ റ്റ്യൂ.. ടൂ' സൗണ്ട് മാത്രം കേള്‍ക്കായി..
ആ മൂവായിരം ഓണം കൊണ്ടുപോയെന്ന സങ്കടത്തില്‍ ഞാന്‍ വീണ്ടും ആ ഗാനം പാടി ഇരുന്നു ആശ്വസിച്ചു:
'തോരാതെ തോരാതെ പെയ്യൂ
മഴമുകിലേ തോരാതെ പെയ്യൂ..'
10 comments:
'ഇത്തണവത്തെ ഓണം ആല്‍ത്തറയില്‍' ആഘോഷപൂര്‍വം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഓണസ്മരണ മനസ്സില്‍ ഓടിയെത്തിയത് 'തോരാതെ തോരാതെ പെയ്യൂ.. മഴമുകിലേ തോരാതെ പെയ്യൂ...' ഗാനവീചികളോടെയാണ്.
സംഗതി മൂവായിരത്തിലൊതുങ്ങിയതിൽ പടച്ചോനോടു നന്ദി പറയൂ:)
"'ബട്ട്, ആസ് യൂ നോ, നിങ്ങള്‍ നാളെ നാലാള്‍ അറിയപ്പെടുന്ന ഒരു താരമാകാന്‍ പോകുന്നു. അതിലെക്കായിട്ട് അതിന്റെ മൊത്തം ചിലവിന്റെ ഒരു വിഹിതം മുടക്കേണ്ടിവരും. ആര്‍ യൂ റെഡി?'
"
അപ്പൊ ആ ബോള്‍ഡായ വാക്കാക്കി എന്നര്‍ത്ഥം അല്ലേ? കഷ്ടമായിപ്പോയി
ഹ..ഹ..ഈ രസികൻ പോസ്റ്റോടുകൂടി ആൽത്തറയിലെ ഓണാഘോഷം കെങ്കേമമായി..
ബൈ ദ ബൈ, ഇത്രയും പറഞ്ഞസ്ഥിതിയ്ക്ക് "തോരാതെ തോരാതെ പെയ്യൂ..” എന്ന ആ ഗാനം ഒന്നു കേൾക്കാൻ വല്ലാത്തൊരാശ..:) :)
വികടശിരോമണീ പന്ത്രണ്ട് വര്‍ഷം മുന്‍പ് മൂവായിരം ഉറുപ്പികയ്ക്ക് ഇന്നത്തെ എത്ര ഉറുപ്യ വെല വരും എന്നു കൂട്ടിനോക്കീക്കേ?
എന്തായാലും ഒരു അഞ്ചാറ് അബദ്ധം ഒക്കെ ഏത് ആസ്-നും വരും എന്നല്ലേ? അതാണ്ടായത്.
നന്ദി കേട്ടോ..ആദ്യകമന്റിന്..
ഇന്ത്യാ ഹെറിറ്റേജ്, ഹ ഹ ഹ അതെന്നെ ആസ് യൂ നോ എന്നത് ശരിക്കും അര്‍ത്ഥവത്തായിട്ട് തന്നെയാവാം മാത്യൂസ് ചോദിച്ചത്.
വളരെ നന്ദി..
ബിന്ദു കെ.പി: വളരെ നന്ദി. അതെ ആ ഗാനം ഒന്ന് കേള്‍ക്കാന്‍ ഞാനും കൊതിച്ച് പരതിനടക്കുന്നു.
ഇവിടെ ആല്‍ത്തറയിലെ ഗായികാ ഗായകരൊക്കെ എവിടേ? നിങ്ങള്‍ക്കറിയാമോ ഈ ഓണപ്പാട്ട്?
ആര്‍ക്കെങ്കിലും 'തോരാതെ തോരാതെ പെയ്യൂ മഴമുകിലേ തോരാതെ പെയ്യൂ' ഗാനത്തെ കുറിച്ച് വല്ല വിവരവും കിട്ടിയാല്‍ ദയവായി അറിയിക്കുമല്ലോ..
വളരെ നന്ദി..
ഏറനാടാ നര്‍മ്മത്തില്‍ കൂടിയാണെങ്കിലും ആ പോയ മൂവായിരം എന്നാലും..."അതൊരു ലോസ്സ് അല്ല മിസ്റ്റര്‍..... നിങ്ങളെ തേടി അവസരങ്ങളൂടെ കൂമ്പാരം നാളെ കാത്തിരിക്കുന്നത് മറക്കരുത്."
ആ വാക്കുകള്‍ ശരിയായല്ലൊ.. ... അഞ്ചുമിനിട്ടു
കാണുന്ന ഓരോ പരിപാടിക്കു പിന്നീ അദ്ധ്വാനവും ആഗ്രഹങ്ങളൂം പണം മുടക്കും ഒക്കെ ഒരു നിമിഷമൊന്ന് ചിന്തിച്ചു..ഓണഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി ഏറനാടാ
കണ്ണുനീരിന്റെ നനവുള്ള ഒരു അനുഭവ വിവരണം.ഇതു വായിച്ചു വന്നപ്പോൾ അവസാനം കാശു പോകും എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു.എങ്കിലും ഷൂട്ടിംഗിനു മുൻപെ അതുണ്ടാവും എന്നാണു തോന്നിയത്.കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാവും അവർ ഷൂട്ടിംഗ് വരെ കൊണ്ടു ചെന്നെത്തിച്ചത്..!
നല്ല ഒരു ജീവിത കഥ...ഓണാശംസകൾ!
മൂവായിരം ചെലവായാലും നല്ലൊരു പാട്ട് ഏറനാടനും വീട്ടുകാർക്കും പിന്നെ നാട്ടുകാർക്കും പഠിക്കാൻ പറ്റിയില്ലേ .അപ്പോൾ അതിനു ഈശ്വരനോട് നന്ദി പറയണം.ഓണാശംസകൾ
അഭിനയിക്കാനും പിന്നെ കുറേ നാള്‍ സ്വപ്നം കാണാനുമൊക്കെ കഴിഞ്ഞില്ലേ, മൂവായിരം രൂപ പോയാലെന്താ! ആ പാട്ടൊന്നു കേക്കാനെന്താ വഴി?
വായിച്ചു തുടങ്ങുമ്പോള്‍ തന്നെ പൈസ പോകുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷെ , ഞാന്‍ ഉദ്ദേശിച്ചതു പാട്ടു പഠിക്കാന്‍ പറഞ്ഞതു, ഏതെങ്കിലും സംഘഗാനത്തിനു വേണ്ടി , മുപ്പതു പേരില്‍ ഒരാളായി അഭിനയിക്കാനണെന്നും കരുതി. സാധാരണയായി ഇങ്ങനെയാണു അവര്‍ ആള്‍ക്കാരെ വിഡ്ഡികളാക്കരുള്ളതു.
Post a Comment