Monday, August 24, 2009

“ ശിവരാമ മാമന്റെ “വള്ളികളസം”


എല്ലാരും ഒന്ന് ഞെട്ടി.........ഞെട്ടണം....


അല്ല, അല്ലെങ്കിൽ “എന്തര് ഓണം, എന്തോന്ന് ഓണം ”.( ജഗതി ശ്രീകുമാർ സ്റ്റൈലിൽ ഒന്ന് നീട്ടി വായിക്കാൻ അപേക്ഷ).


പത്ത്- പതിമൂന്ന് വയസ്സിനുള്ളിൽ ആഘോഷിച്ചതല്ലേ ഓണം...? പിന്നിട് ഉണ്ടായ ഓണം ഒക്കെ ഒരു ഓണം ആണോ?
ഒരു പുസ്തകം ആക്കത്തക്കവിധം അല്ലേ നമ്മന്റെ “അനുഭവങ്ങൽ -പാളിച്ചകൾ” പരന്ന് കിടക്കുന്നത്...!!
ഞങ്ങൾ “കുട്ടി പട്ടാളങ്ങൾ” രാവിലത്തെ മ്യഷ്ടാന്നഭോജനത്തിന് ശേഷം, ബാബു ചേട്ടന്റെ വിജനമായ പറമ്പിൽ ഒന്ന് കൂടും. അവിടെ വിശാലമായ പറമ്പിൽ ഒരറ്റത്ത് ആൺ കൂട്ടം, ഗോ‍ലി കളി, പന്ത് കളി ഇത്യാതികളിൽ മുഴുകുമ്പോൾ..,

പെൺകൂട്ടം......വള മുറി കളി, ചക്ക് കളി, ഊഞ്ഞാൽ ആട്ടം ഇവയിൽ ആണ് വ്യാപൃതർ. ഈ പറമ്പിലെ ഊഞ്ഞാൽ, എത് വമ്പനും ഒന്ന് ഇരുന്ന് ആടാൻ പാകത്തിന്നുള്ള “തട്ട് ഊഞ്ഞാൽ“ എന്ന് അറിയപ്പടുന്ന ഒരു ഭീമൻ ആയിരുന്നു.

പെൺകൂട്ടം രണ്ട് കൂട്ടമായി തിരിഞ്ഞ് ഉഗ്രമായ “ കമ്പ് ” എടുക്കൽ മത്സരത്തിൽ ആയിരുന്നു (ഇത് എന്ത് എന്ന് അറിയാത്തവർക്കായി ഒരു ചെറുവിവരണം - ഊഞ്ഞാലിന്റെ രണ്ട് അറ്റത്തായി 2 ടീമിന്റെയും 2 പേർ ഊഞ്ഞാൽ തടിയുടെ അറ്റത്തായി ഇരിക്കുന്നു.4 പേർ ചേർന്ന് ഊഞ്ഞാലിനെ അതിശക്തമായി ആട്ടി വായുവിൽ നിർത്തി (മുട്ട, തലയിൽ പൊക്കം,ഉണ്ട,ആന പൊക്കം) ഇത്യാതിയ്ക്ക് തൊട്ട് മുമ്പ്, വായിൽ കടിച്ച് പിടിച്ച് ഇരിക്കുന്ന ചെറിയ കമ്പിൻ കഷ്ണം തറയിലേക്ക് നിക്ഷേപിക്കേണ്ടതും, അതു 100 എണ്ണിതീരുന്നതിനുമുൻപ്, ഏത് വക അഭ്യാസങ്ങൾ വഴിയും തിരിച്ച് എടുക്കേണ്ടതും ആയിരുന്നു.)

ശിവരാമന്റെ “വള്ളികളസം”. -ഇതിനെപറ്റി ഒരക്ഷരം മിണ്ടാത്തതിന്റെ നീരസം ഇത് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് എനിക്ക് കാണാം.ആക്രാന്തം, അത് വായനയിലാണെങ്കിലും, പാടില്ല തന്നെ.

ഈ കമ്പ് എടുക്കൽ അഭ്യാസപ്രകടനം അതിന്റെ പാരമ്യത്തിൽ നിൽക്കവേ,

വല്ലാതെ വലിഞ്ഞിഴഞ്ഞ ഒരു ഗർജ്ജനം.. ”ഒന്ന്മാറിനിൽക്ക് മക്കളെ............മാമൻ ഒന്ന് ആടട്ടെ......”
പിന്നെ ഊഞ്ഞാലിന്റെ നിയന്ത്രണം ഈ “മാമൻ” ഏറ്റെടുക്കുന്നു. ശിവരാമന്റെ പെങ്ങൾ “രാധ“ ഇതിനിടയിൽ “അണ്ണാ വേണ്ടാണ്ണാ, അണ്ണാ വേണ്ടാണ്ണാ“ എന്നിങ്ങനെ നിലവിളിക്കുന്നുണ്ടായിരുന്നു.

തിരുവോണത്തിന് രാവിലെ ഭേഷായി മിനുങ്ങി വന്ന് നിൽക്കുന്ന അണ്ണനുണ്ടൊ ഇത് വല്ലതും കേൾക്കുന്നു...

“പട്ടി കടിക്കല്ലെ വീട്ട്കാരെ...ഞങ്ങൾ പട്ടാണിമാരായ പിള്ളാരാണെ...താന്നിനെ തന്നാന തനി.....” ശിവരാമമാമൻ പാട്ടും ആട്ടവും ഊഞ്ഞാലിൽ ഇരുന്ന് തുടരുന്നു.

ഇതിനിടയിൽ, മുട്ട, തലയിൽ പൊക്കം,ഉണ്ട, ആനപൊക്കം ഈ പേരിൽ അറിയപ്പടുന്ന ഈ അഭ്യാസത്തിന്, അടുത്ത് ഗോലികളിയിൽ മുഴുകിയിരുന്ന “സ്വപുത്രനെ” ക്ഷണിക്കുകയും, മൂന്നാവട്ട മുട്ടയിടീലിലിൽ, ശിവരാമമാമന്റെ മുണ്ട് സ്വപുത്രന്റെ കയ്യിലും....

വള്ളികളസത്തിൽ നിൽക്കുന്ന ശിവരാമമാമനെ കണ്ട് കുട്ടിപട്ടാളം ആർത്ത് ചിരിക്കുന്നു.കാര്യം കുറച്ച് വൈകിമാത്രം മനസിലാക്കിയ ശിവരാമമാമൻ, “തിരുവോണത്തിന് തന്തയുടെ ഉടുമുണ്ട് അഴിച്ചവനേ“ എന്നുള്ള ആക്രോശവും,“ടപ്പോ....എന്റെ അമ്മേ....“ എന്ന നിലവിളിശബ്ദവും ഒന്നിച്ചായിരുന്നു..
വാൽകഷ്ണം- 2 കാലും ഒടിഞ്ഞ്, മൂന്ന് മാസകാലവും മാമൻ വെറും വള്ളികളസത്തിൽ മാത്രം ആയിരുന്നു എന്നാണ് കുട്ടിപട്ടാളത്തിന്റെ പിന്നീട് ഉണ്ടായ പിന്നാമ്പുറ സംസാരം.

ശിവരാമ മാ‍മന്റെ “വള്ളികളസം” എന്ന ഈ പോസ്റ്റിന് മനോഹരമായ “സ്കെച്ച് ” വരച്ച് തന്ന സനീഷ് എന്ന എന്റെ സഹപ്രവത്തകനും,മോഡിഫിക്കേഷൻസ് നടത്തിതന്ന ജീന മാത്യൂ എന്ന എന്റെ സഹപ്രവർത്തകക്കും ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു.

10 comments:

മാണിക്യം said...

ഷേര്‍ളി
ആല്‍തറയിലേക്ക് സ്വാഗതം ..
,
(((((((ഠേ)))))
ഇതു നടയടി

പട്ടി കടിക്കല്ലെ വീട്ടുകാരെ...
ഞങ്ങൾ പട്ടാണിമാരായ പിള്ളാരാണെ...
താന്നിനെ തന്നാന തനി.....”

ഓണക്കലമായാല്‍ ഞങ്ങളുടെ നാട്ടില്‍ ഏതു നേരവും കേള്‍ക്കാമീ പാട്ട് പകല്‍ പാടി നടക്കുന്ന കുട്ടികളും വൈകുന്നേരമായാല്‍ ഇറങ്ങുന്നാ പുലികൂട്ടവും
ഈ പാട്ടിന്റെ അകമ്പടിയോടെ......
വെള്ളമടിച്ചവര്‍ പ്രത്യേകിച്ചും ..:)


ചിത്രം അത് വളരെ നന്നായി കഥയുടെ ക്രെഡിറ്റ് പാതി ആ സ്കെച്ചിനു :)

Anoop Thomas said...

നന്നായിരിക്കുന്നു... ഓണാശംസകള്‍ !!!!!

" എന്റെ കേരളം” said...

മാണിക്ക ചേച്ചിക്ക്‌.....

ആൽത്തറയിലേക്ക്‌ എന്നെ കൈപിടിച്ച്‌ ആനയിച്ചതിനു ആയിരം നന്ദി..........

ചേച്ചിക്ക്‌.....എന്റെ എല്ലാവിധ ആശംസകളും.

jayanEvoor said...

കൊള്ളാം ! തനി നാടന്‍ ചുവയുള്ള വിവരണം!

കളസം എന്ന വാക്ക് എന്ഇക്കു നല്ല പരിചയമാ!
ഞങ്ങള്‍ നാല്‌ ആണ്‍ പിള്ളേരോട് അമ്മ സ്ഥിരം ഉപയോഗിക്കുന്ന വാക്കായിരുന്നു അത്!

Kaniyapuram Noushad said...

ഈ കളസമെന്നാല്‍ എന്താണ്.തിരോന്തരംകാര്‍ക്ക് കൂടി മനസ്സിലാകാന.

Unknown said...

പാവം അജിത്....

പൊറാടത്ത് said...

ഊഞ്ഞാലിന്റെ പടം കണ്ടപ്പോള്‍, കുട്ടിക്കാലത്ത്, അടുത്തുള്ള രണ്ട് മരങ്ങള്‍ക്കിടയില്‍ ആരോ വലിച്ച് കെട്ടിയിരുന്ന കയറിന്മേല്‍ കയറിയിരുന്ന് ആടാന്‍ ശ്രമിച്ച് താഴെവീണ് കയ്യൊടിഞ്ഞിരിക്കേണ്ടിവന്നത് ഓര്‍മ്മ വന്നു...

“പത്ത്- പതിമൂന്ന് വയസ്സിനുള്ളിൽ ആഘോഷിച്ചതല്ലേ ഓണം...? പിന്നിട് ഉണ്ടായ ഓണം ഒക്കെ ഒരു ഓണം ആണോ?“

എത്ര സത്യം....

നന്ദി ഷേര്‍ളി... ആല്‍തറയിലേക്ക് സ്വാഗതം..

നിരക്ഷരൻ said...

അത് ശരി അപ്പോ ഓഫീസില്‍ ഇരുന്ന് സഹപ്രവര്‍ത്തകര്‍ എല്ലാരും കൂടെ ചേര്‍ന്ന് വള്ളിക്കളസം ബ്ലോഗ് പോസ്റ്റ് ഉണ്ടാക്കുവായിരുന്നല്ലേ ? താങ്കളുടെ ബോസ്സിന്റെ ഇ-മെയില്‍ ഐഡി ഒന്നയച്ചുതരുമോ ? :)

നീര്‍വിളാകന്‍ said...

അണ്ണന്‍ വള്ളിക്കളസം ഇട്ടിരുന്നത് നാട്ടുകാരുടെ ഭാഗ്യം.... എന്റമ്മോ ഇല്ലയിരുന്നെല്‍.... ഹോ ആ അവസ്ഥ ആലോചിക്കാന്‍ കഴിയുന്നില്ല.... പണ്ട് ഞങ്ങള്‍ പുലികളിക്ക് പൊകുമ്പോള്‍ മേല്‍ പറഞ്ഞ പാട്ടില്‍ ഒരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നു...

പട്ടി കടിക്കല്ലെ വീട്ടുകാരെ... ഞങ്ങള്‍ ഓണം കളിക്കുവാന്‍ വന്നതാണെ!

Thus Testing said...

അന്നങ്ങിനെ ഒരാട്ടമാടിയെങ്കിലെന്താ...ശിവരാമന്റെ വള്ളിക്കളസം ബൂലോകപ്രശസ്തമായില്ലെ. ആശംസകള്‍