Saturday, August 22, 2009

അച്ചുവിന്‍റെ ഓണസമ്മാനം

കര്‍ക്കിടകം പെയ്തൊഴിഞ്ഞു. നിറവിന്‍റെയും സമൃദ്ധിയുടെയും പൊന്നോണക്കാലമായി, നാടെങ്ങും ആഘോഷങ്ങള്‍. ഉപ്പേരിമണം നിറഞ്ഞ അടുക്കളകള്‍... എല്ലാവരും തിരക്കിലാണ്.

അച്ചുവും അവന്‍റെ അമ്മയും തിരക്കില്‍ തന്നെ. അച്ഛനോടൊപ്പമുള്ള അച്ചുവിന്‍റെ ആദ്യത്തെ ഓണമാണിത്. നീണ്ട പന്ത്രണ്ടു വര്‍ഷത്തെ കാത്തിരുപ്പിന്‍റെയും, പ്രാര്‍ത്ഥനയുടെയും, കണ്ണീരിന്‍റെയും ഫലമായി കിട്ടിയ ഓണം. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അച്ചുവിന് അച്ഛന്‍റെ കൂടെ ജീവിക്കാന്‍ കൊതിയായിരുന്നു. ആ കൈപിടിച്ച് നടക്കാന്‍, ആ മടിയില്‍ ഉറങ്ങാന്‍, ആ കയ്യില്‍ തൂങ്ങി കളിക്കാന്‍, ഒത്തിരിയൊത്തിരി കൊച്ചു വര്‍ത്തമാനങ്ങള്‍ പറയാന്‍. അച്ഛാ എന്നൊന്നു വിളിക്കാന്‍.

അച്ചുവിന്‍റെ അച്ഛനും അമ്മയും തമ്മില്‍ അകന്നു താമസിക്കാന്‍ തുടങ്ങിയിട്ട് അവന്‍റെ പ്രായമായിരിക്കുന്നു. അച്ചുവിനെ ഏഴുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ താങ്ങാനാവാത്ത പീഡനം സഹിക്കാതെ നിറവയറുമായി ആ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് അവന്‍റെ അമ്മ. അന്ന്‌ തന്‍റെ മകളുടെ ദയനീയാവസ്ഥ കണ്ട്‌ അയാളെ തല്ലാന്‍ പിടിച്ച തന്‍റെ അച്ഛന്‍റെ കാലു പിടിച്ചവള്‍ കരഞ്ഞു. എന്‍റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് ശാപം വരുത്തല്ലേ, അദ്ദേഹത്തെ തല്ലരുതേ എന്നു പറഞ്ഞ്. സ്ത്രീയെ ഭൂമിയോടുപമിച്ച കവിഭാവനക്കും അതീതമായ ക്ഷമയും, സഹനവുമാണ് സ്ത്രീ എന്നതിന്‍റെ നിശ്ശബ്ദസാക്ഷങ്ങള്‍ എത്രയോ തവണ തനിയാവര്‍ത്തനം നടത്തിയ മലയാളത്തില്‍ ആ അമ്മയുടെ, ഭാര്യയുടെ സഹനവും, സ്നേഹവും തങ്കലിപികളാലല്ല, സംശുദ്ധമായ കണ്ണുനീരിലാണ് കുറിക്കപ്പെട്ടിരിക്കുന്നത്.

അച്ചു വളര്‍ന്നതോടൊപ്പം അച്ഛന്‍ എന്ന അവന്‍റെ വികാരവും വളര്‍ന്നു. മറ്റു കുട്ടികള്‍ അച്ചനോടൊപ്പം ജീവിക്കുന്ന കാഴ്ച്ച അവനില്‍ അഗാധമായ വേദന നിറച്ചു. അവന്‍റെ ഓരോ ഹൃദ്സ്പന്ദനങ്ങളും തിരിച്ചറിഞ്ഞിരുന്ന ലക്ഷ്മി, അച്ചുവിന്‍റെ ഈ ആഗ്രഹവും വേദനയോടെ തിരിച്ചറിഞ്ഞു. ഒടുവില്‍ ഈ പ്രപഞ്ചത്തില്‍ ഒരു അമ്മക്കു മാത്രം ചെയ്യാന്‍ കഴിയുന്ന ത്യാഗത്തിന് അവള്‍ തയ്യാറായി. തന്‍റെ കുഞ്ഞിന്‍റെ സന്തോഷത്തിനു വേണ്ടി മാത്രമായി അവള്‍ അവന്‍റെ കയ്യും പിടിച്ച് അയാളുടെ വീട്ടിലേക്ക് കയറിച്ചെന്നു. അവരെ സ്വീകരിക്കാനെത്തിയത് അച്ചുവിനേക്കാള്‍ ഏഴോ എട്ടോ വയസ്സു മാത്രം പ്രായക്കൂടുതലുള്ള അയാളുടെ രണ്ടാം ഭാര്യ. അവള്‍ ഗര്‍ഭിണീയാണത്രേ. അന്‍പതു വയസ്സുള്ള കാമദേവന്‍റെ പതിനെട്ടു വയസ്സുള്ള വെപ്പാട്ടിയിലെ വൈകിവരാന്‍ പോകുന്ന സൌഭാഗ്യം!.

അയാള്‍ക്കും അവരുടെ വരവ്‌ സന്തോഷമായി. എത്രയും വേഗം അവന്‍റെ സ്കൂളില്‍ നിന്നും ടി.സി വാങ്ങി അയാളുടെ വീടിനടുത്തുള്ള സ്കൂളില്‍ ചേര്‍ത്തു. അതോടെ അയാളുടെ ഭാവം പതിയെ പതിയെ മാറാന്‍ തുടങ്ങി. ഗര്‍ഭിണിയായ തന്‍റെ പുതുഭാര്യയെ പരിചരിക്കാനാണത്രേ ലക്ഷ്മിയെ അവിടെ താമസിപ്പിച്ചിരിക്കുന്നത്. അവള്‍ അത് സന്തോഷപൂര്‍വ്വം ചെയ്തു.

വൈകിയ രാത്രികളില്‍ തന്‍റെ അമ്മയുടെ കവിളില്‍ അയാളുടെ ദൃഢകരങ്ങള്‍ ആഞ്ഞു പതിക്കുന്ന ശബ്ധം കേട്ട് ഞെട്ടിയുണരാന്‍ തുടങ്ങിയ അച്ചുവിന്‍റെ കുഞ്ഞു മനസ്സില്‍ വിഭ്രാന്തിയുടെ കറുത്ത പക്ഷികള്‍ ചിറകടിച്ചുയരുന്നത് ആരും അറിയുന്നില്ലായിരുന്നു. തന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന അച്ഛന്‍, തന്‍റെ പ്രതീക്ഷകളുടെ സായന്തനങ്ങളില്‍ സമ്മാനപ്പൊതിയുമായി കടന്നു വരാറുള്ള അച്ഛന്‍, കുഞ്ഞു മനസ്സിന്‍റെ പടിവാതിലിലെത്തി എത്രയോ തവണ പൊന്നുമോനേയെന്ന് നീട്ടി വിളിക്കാറുണ്ടായിരുന്ന അച്ഛന്‍... ആ അച്ഛനാണോ ക്രൂരമായ താഡനവും, കാട്ടാളന്‍റെ നോട്ടവും, കഴുവേറീടെ മോനേ എന്നു മാത്രമുള്ള വിളിയുമായി തന്നെയും തന്‍റെ അമ്മയെയും കൊല്ലാക്കൊല ചെയ്യുന്ന ഈ മനുഷ്യന്‍ എന്ന് ഭയത്തോടെ അവന്‍ ഓര്‍ക്കാറുണ്ടായിരുന്നു. പോഷകാഹാരങ്ങളും, പാലും കൊടുത്ത് പുന്നാരിച്ചു വളര്‍ത്തുന്ന അയാളുടെ പട്ടിയെ കുളിപ്പിക്കല്‍, അയാളുടെ പുതിയ വ്യാപാര സമുച്ചയത്തിന് കല്ലും മണ്ണും ചുമക്കല്‍ തുടങ്ങിയ ജോലികളില്‍ അവനും അവന്‍റെ അമ്മയും വേതനമില്ലാ ജോലിക്കാരായി. രാവിലെ അടുക്കള ജോലിയെല്ലാം ധൃതിയില്‍ അവസാനിപ്പിച്ച് ലക്ഷ്മി പണിസ്ഥലത്തെത്തും. വൈകിയാല്‍ എല്ലാവരും കാണ്‍കെ അടിയും, അധിക്ഷേപവും. ജോലിയുള്ള ദിവസങ്ങളില്‍ അച്ചുവിനെ സ്കൂളില്‍ അയക്കില്ല. ഒരാളുടെ വേതനമായ അറുപത്തിയഞ്ചു രൂപയേക്കാള്‍ മൂല്യം ഒരു ദിവസത്തെ അവന്‍റെ ക്ലാസ്സിന് ഇല്ലത്രേ.

പഠിക്കാന്‍ മിടുക്കനായിരുന്ന, അച്ഛനോടൊപ്പം താമസിക്കാനെത്തിയ സന്തോഷവും പ്രസരിപ്പുമുണ്ടായിരുന്ന അവന്‍റെ ഭാവം ദിനം പ്രതി മാറുന്നത് അവന്‍റെ ക്ലാസ്‌ടീച്ചര്‍ അറിയുന്നുണ്ടായിരുന്നു. പഠനത്തില്‍ അവന്‍ ദിനം പ്രതി പിന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ട് തിരികെയെത്തുമ്പോള്‍ തന്‍റെ അമ്മ ജീവനോടെയുണ്ടാകുമോ എന്ന ഭയം അച്ചുവിന്‍റെ മനസ്സിനെ ഓരോ നിമിഷവും വല്ലാതെ ഉലച്ചുകൊണ്ടിരുന്നു. താന്‍ കാരണം. താന്‍ മാത്രം കാരണമാണ് തന്‍റെ അമ്മക്ക് ഇന്നീ ഗതി വന്നത് എന്നോര്‍ത്ത് അവന്‍റെ മനസ്സു തളര്‍ന്നു. എങ്കിലും ഒന്നും പറയാനോ, ഒന്നു കരയാന്‍ പോലുമോ അവനു കഴിഞ്ഞില്ല. അതിനുള്ള സ്വാതന്ത്ര്യം അവനില്ലായിരുന്നു താനും. പഠിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങി നല്‍കാത്തതിന്‍റെ പേരില്‍ പലതവണ ഉത്തരമില്ലാതെ നിന്ന അവന്‍റെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച ഒരുക്കല്‍ അവന്‍റെ വീടിനു മുന്‍പിലൂടെ ആ സ്കൂളിന്‍റെ മാനേജര്‍ തന്‍റെ ഭാര്യയും അച്ചുവിന്‍റെ സഹപാഠിനിയായ മകളുമൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കണ്ടറിഞ്ഞു.അവനും അവന്‍റെ അമ്മയും സിമന്‍റ് ചട്ടിയില്‍ മണ്ണു ചുമക്കുന്ന കാഴ്ച. അതിനു ശേഷം പലതവണ അവന് ഇളവുകള്‍ അനുവദിക്കപ്പെട്ടു. സ്വര്‍ഗ്ഗതുല്യമായ ആ കലാലയത്തിലെ ദൈവതുല്യരായ അദ്ധ്യാപകര്‍ അവന് നിഷേധിക്കപ്പെട്ട സ്നേഹം പതിന്മടങ്ങായി നല്‍കിയിട്ടും അതിനൊന്നും അച്ചുവിനെ സാന്ത്വനിപ്പിക്കാന്‍ കഴിഞ്ഞില്ല. അവനു വേണ്ടത് അച്ഛന്‍റെ സ്നേഹം മാത്രമായിരുന്നു.

ഒരു ദിവസം സ്കൂള്‍ വിട്ടു വന്ന അവന്‍ കണ്ടത് അവന്‍റെ അമ്മയുടെ ഒരു കണ്ണും മൂക്കും കവിളും ചതഞ്ഞ് നീരുവച്ച് ചുവന്നിരിക്കുന്നതാണ്. മനുഷ്യത്വമില്ലാത്ത ആ മനുഷ്യന്‍ ആ സാധു സ്ത്രീയെ ഇടിച്ചതാണത്രേ!. ആ കാഴ്ച അവനെ വിദ്യാലയത്തില്‍ നിന്നും എന്നെന്നേക്കുമായി അകറ്റി. ആ മനുഷ്യന്‍റെയും തികച്ചും നിയമവിരുദ്ധമായി അയാള്‍ കൂടെ പാര്‍പ്പിച്ചിരിക്കുന്ന വെപ്പാട്ടിയുടെയും മുഴുവന്‍ സമയ വേലക്കാരനായി അവനും അവന്‍റെ അമ്മയോടൊപ്പം കൂടി. അയാള്‍ക്കും അത് സന്തോഷമായി.

അച്ഛനോഒപ്പമുള്ള അവന്‍റെ ആദ്യത്തെ ഓണം വന്നെത്തി. ഉപ്പേരി വറുത്തതും, പായസം വച്ചതും, വീടു മുഴുവന്‍ കഴുകി വെടിപ്പാക്കിയതുമെല്ലാം ലക്ഷ്മി തനിച്ചാണ്. ഇടക്കിടെ ആക്രോശിക്കാന്‍ മാത്രം ഇറങ്ങി വരാറുള്ള അയാളുടെ രണ്ടാം ഭാര്യയോട്‌ പ്രതികരിക്കാന്‍ ലക്ഷ്മിക്ക് ഭയമായിരുന്നു. ജോലിത്തിരക്കു കാരണം അവള്‍ക്ക് കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റില്‍ മണ്ണു ചുമന്നിടാന്‍ സമയം കിട്ടിയില്ല. അതറിഞ്ഞ അവന്‍റെ അച്ഛന്‍ അവര്‍ക്ക് അന്നത്തെ ആഹാരം വിലക്കി. അയാളുടെ രണ്ടാം ഭാര്യ അടുക്കള പൂട്ടിയിട്ടു. ഉച്ചവെയിലില്‍ മണ്ണു ചുമക്കാന്‍ വിശക്കുന്ന വയറുമായി പാടുപെടുന്ന അമ്മയോടൊപ്പം അവനും കൂടി.പണി കഴിഞ്ഞിട്ടും ജോലി ചെയ്തു തീര്‍ക്കാന്‍ താമസിച്ചതിന്‍റെ ശിക്ഷയായി അവര്‍ക്ക് അന്നത്തെ ആഹാരം നിഷേധിക്കപ്പെട്ടു. ഭക്ഷണശേഷം എല്ലാ വിഭവങ്ങളും ചേര്‍ത്ത് വീട്ടിലെ പട്ടികള്‍ക്കും ചോറു നല്‍കപ്പെട്ടു. വിശപ്പിന്‍റെ വേദനയോ, അതോ അച്ഛന്‍റെ വീട്ടിലെ ഒരു പിടി ഓണസദ്യയുടെ പുണ്യം നേടാനുള്ള മനസ്സിന്‍റെ വെമ്പലോ... അറിയില്ല, ഏതു ചേതോവികാരമാണ് ആ പട്ടിയുടെ ചോറുപാത്രത്തില്‍ നിന്ന് ഒരുപിടി ചോറു വാരിക്കഴിക്കാന്‍ അച്ചുവിനെ പ്രേരിപ്പിച്ചതെന്ന്. പൊട്ടിക്കരഞ്ഞു കൊണ്ട്‌ ലക്ഷ്മി അവനെ പിടിച്ചു മാറ്റി മാറോടു ചേര്‍ത്തു. അവളുടെ ചുടുകണ്ണുനീര്‍ അവന്‍റെ കവിളുകളെ ആഴത്തില്‍ പൊള്ളലേല്‍‍പ്പിച്ചു. ആ പൊള്ളല്‍ മനസ്സില്‍ പടര്‍ന്ന് ഒരിക്കലുമുണങ്ങാത്ത വൃണമായി. അവന്‍ കരയുന്നുണ്ടായിരുന്നില്ല. നിര്‍വ്വികാരമായ അവന്‍റെ കണ്ണുകള്‍ സ്നേഹത്തിന്‍റെ അര്‍ത്ഥങ്ങള്‍ തേടിയെന്നപോലെ വിദൂരതയെ നോക്കി ചലിച്ചുകൊണ്ടിരുന്നു.

അവള്‍ പറഞ്ഞു, മോനു വിശക്കുന്നില്ലേ, നീ അപ്പുറത്ത് പിള്ളമാമന്‍റെ കടയില്‍ പോയി എന്തെങ്കിലും വാങ്ങി കഴിച്ചോ. പൈസ പിന്നീടെന്നെങ്കിലും തരാമെന്നു പറയൂ. മാമന്‍ തരാതിരിക്കില്ല. അച്ഛനറിയണ്ട. അമ്മയുടെ സമാധാനമോര്‍ത്ത് മാത്രം അവന്‍ അവിടെ പോയി. വിശപ്പും, ഉച്ചവെയില്‍ തളര്‍ത്തിക്കളഞ്ഞ ശരീരവും, ഇടിഞ്ഞ മനസ്സിന്‍റെ പാരവശ്യവും അവനില്‍ അതിയായ ദാഹമുണ്ടാക്കി. അവന്‍ പിള്ളയോട്‌ ചോദിച്ചു, മാമാ ഞാന്‍ ഒരു സോഡ കുടിച്ചോട്ടേ, എന്‍റെ കയ്യില്‍ പൈസയില്ല.

അവന്‍റെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ പിള്ള പറഞ്ഞു, എന്‍റെ മക്കള് എന്തു വേണമെങ്കിലും എടുത്തു കഴിച്ചോ. മാമന് പൈസയൊന്നും വേണ്ട. അവന്‍ ഒരു സോഡ മാത്രമെടുത്തു കുടിച്ചു. വരണ്ടുണങ്ങിയ അവന്‍റെ തൊണ്ടയിലൂടെ നുരയുന്ന വെള്ളമിറങ്ങുന്നത്, തൊട്ടടുത്ത വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളുടെയും ദൃക്‌സാക്ഷിയായ പിള്ള ഹൃദയവേദനയോടെ നോക്കി നിന്നു. അവന്‍ പോയതും അയാള്‍ കടയും പൂട്ടി നേരേ വീട്ടില്‍ ചെന്നു. അയാളുഎ അമ്മയുടെ അടുത്തു ചെന്ന്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ പറഞ്ഞു.തിരുവോണമായിട്ട് കട തുറക്കേണ്ടെന്നു വച്ചതാണ് എന്നിട്ടും വെറുഹേയിരുന്നു മുഷിഞ്ഞപ്പോള്‍ കുറച്ചു സമയം അവിടെ പോയിരുന്നതാണ്. ആകുഞ്ഞിന്‍റെ പരവേശം കണ്ടിട്ട് സഹിക്കുന്നില്ലമ്മേ. എനിക്കുമില്ലേ രണ്ടുമക്കള്‍. അച്ചുവിന്‍റെയും ലക്ഷ്മിയുടെയും വേദന പിള്ളയുടെയും കുടുംബത്തിന്‍റെയും വേസനയായി. എങ്കിലും ഒരു പിടി ചോറ്‌ അവര്‍ക്കു കൊടുക്കുവാനുള്ള ധൈര്യവും അനുവാദവും അവര്‍ക്കില്ലായിരുന്നു. അണമുറിയാത്ത അസഭ്യവര്‍ഷവും, അപവാദവും കേള്‍ക്കാന്‍ മാന്യതയും, സമാധാനം കാംക്ഷിക്കുന്നവരുമായ ആര്‍ക്കാണ് സാധിക്കുക.

ദിവസങ്ങള്‍ കടന്നു പോയി. നിരന്തരമായ പീഡനം അവനില്‍ വിഭ്രാന്തിയുടെ രാസമാറ്റങ്ങള്‍ തീര്‍ത്തു. അവന്‍റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത മൂകതയിലേക്ക് അവന്‍ മെല്ലെ മെല്ലെ ആഴ്ന്നു പൊയ്ക്കൊണ്ടിരുന്നു. തന്‍റെ ഒരേയൊരു ആഗ്രഹം കാരണം തങ്ങളുടെ ജീവിതം താറുമാറായതോര്‍ത്ത് അവന്‍ ദുഃഖിച്ചു. അവന്‍റെ ഈ ചെറു പ്രായത്തില്‍ അവന് എങ്ങനെ ഒരു പരിഹാരം കണ്ടെത്താനാവും? ഇങ്ങനെ പോയാല്‍ അവന് ഈ ലോകത്തില്‍ ആകെയുള്ള അവന്‍റെ അമ്മയും കൂടി അവനു നഷ്ടമാകുമെന്ന് അവന്‍ ഭയന്നു. ചിന്തകളും ആശങ്കകളും അവനെ വേട്ടയാടിക്കൊണ്ടിരുന്നു.

ഒരു ദിവസം വരാന്തയില്‍ നിന്നും എന്തോ ഒച്ച കേട്ടവന്‍ ഓടിയെത്തിയപ്പോള്‍ അവന്‍ കണ്ട കാഴ്ച്ച, അയാള്‍ ലക്ഷ്മിയെ ചെരുപ്പു കൊണ്ട്‌ ഒരു കാരണവുമില്ലാതെ അടിക്കുന്നതാണ്. ആവേശം പകരാനും രസമുള്ള കാഴ്ച കാണാനുമായി അയാളുടെ വെപ്പാട്ടിയും ഒപ്പമുണ്ട്‌. അവന്‍റെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. കുഞ്ഞു മനസ്സില്‍ ഉറഞ്ഞു കൂടിയിരുന്ന വേദനയുടെ നിണച്ചാര്‍ത്തുള്ള പക അവന്‍റെ കണ്ണുകളില്‍ അഗ്നി പകര്‍ന്നു. പ്രപഞ്ചനീതി ജന്മം കൊണ്ടു തന്നെ അവനില്‍ നിയോഗിക്കപ്പെട്ട പുത്രധര്‍മ്മം പന്ത്രണ്ടുവയസ്സുള്ള ആ ബാലനില്‍ യുവത്വത്തിന്‍റെ കരുത്തു പകര്‍ന്നു. തന്‍റെ അമ്മയെ, അവള്‍ക്ക് രക്ഷയും, സ്നേഹവും നല്‍കേണ്ട പുരുഷന്‍ ക്രൂരമായി ഉപദ്രവിക്കുന്നത് തടയാന്‍ പ്രകൃതി അവന് അനുമതി നല്‍കിയ നിമിഷമായിരുന്നു അത്. രക്ഷിക്കാത്തവന് ശിക്ഷിക്കാന്‍ അനുവാദമില്ല എന്ന സത്യത്തിന്‍റെ സം‍രക്ഷണം ആ ബാലനില്‍ നിയുക്തമായി. തൊട്ടടുത്ത് കിടന്നിരുന്ന വെട്ടുകത്തിയുമായി അവന്‍ അയാളുടെ നേര്‍ക്ക് അലറിയടുത്തു. പന്ത്രണ്ടു വര്‍ഷക്കാലം സ്നേഹിച്ചു സ്നേഹിച്ച് പൂജിച്ച തന്‍റെ അച്ഛന് രക്തം കൊണ്ട്‌ ഓണസമ്മാനം കൊടുക്കാന്‍. താന്‍ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ കൊതിച്ചിരുന്ന, തന്നോട്‌ അസഭ്യം പറയാനും, ആജ്ഞാപിക്കുവാനും മാത്രം ഉണര്‍ന്നിരുന്ന അയാളുടെ കണ്ഠച്ഛേദം ചെയ്ത് ഒരു പുത്രന്‍ ആകുവാന്‍...

അവന്‍റെ കോപത്തിനു മുന്‍പില്‍ അയാള്‍ വിറക്കാതിരുന്നില്ല, ഭയത്തോടെ അയാളും ആ സ്ത്രീയും ഓടി അകത്തു കയറി കതകടച്ചു. കലികയറിയ അവനെ തടഞ്ഞു നിര്‍ത്തി ലക്ഷ്മി അവന്‍റെ മുഖത്തടിച്ചു. കോപത്തോടെ അവളവനെ ശാസിച്ചു. അച്ഛനോടാണോടാ നീ ഇങ്ങനെ പെരുമാറുന്നത്? അതിനു മുന്‍പ് നീ എന്നെ കൊല്ല്‌.

കലിയടങ്ങാതെ ആ മണീമാളീകയുടെ ചില്ലുജാലകങ്ങള്‍ എല്ലാം ഒന്നൊന്നായി കല്ലുകൊണ്ട്‌ എറിഞ്ഞുടക്കുമ്പൊഴും തന്‍റെ അമ്മ എന്ന മഹാലക്ഷ്മിയുടെ പതിഭക്തിയും, ക്ഷമയും സഹനവും അവനെ അത്ഭുതപരതന്ത്രനാക്കി. പ്രപഞ്ചത്തിലെ ഏറ്റവും മഹനീയമായ സ്ത്രീത്വം പൂര്‍ണ്ണപ്രഭാവത്തോടെ ജ്വലിച്ചു നിന്ന ആ സാധുസ്ത്രീയെ നോക്കി ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കൈ കൂപ്പി. പ്രപഞ്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദേവി പരാശക്തിയെ ഒരു പക്ഷേ അവര്‍ ആ നിമിഷം അവളില്‍ കണ്ടിരിക്കാം. സംഹാരവ്യഗ്രതയോടെ നിലകൊണ്ട്‌ അച്ചുവിനെ പിടിച്ചു മാറ്റാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അടച്ചിട്ട മുറിയില്‍ നിന്നും ഏറു കൊണ്ടു തകര്‍ന്ന ചില്ലുജാലകത്തിലൂടെ ഭയചകിതനായ ആ മനുഷ്യന്‍ അലറി. അവനു ഭ്രാന്താണ്... അവനു ഭ്രാന്താണ്

ലക്ഷ്മി അവളുടെ ജീവിതത്തിലാദ്യമായി സ്വരമുയര്‍ത്തി അയാളോട്‌ പറഞ്ഞു. അതെ, അവനു ഭ്രാന്താണ്. ഭ്രാന്തനായ അവനെയും കൊണ്ട്‌ ഞാനിതാ പോകുന്നു. അയല്‍ക്കാര്‍ പങ്കിട്ടു കൊടുത്ത പണവുമായി അവള്‍ അവന്‍റെ കൈപിടിച്ഛ് അവിടെനിന്നിറങ്ങി. നേരേ തന്‍റെ പ്രാര്‍ത്ഥനാമൂര്‍ത്തിയായ വൈക്കത്തപ്പന്‍റെ തിരുനടയിലേക്കായിരുന്നു അവള്‍ പോയത്.

ചന്ദ്രകലാധരന്‍റെ ജ്യോതിര്‍മയലിംഗം നെയ്‌വിളക്കിന്‍റെ പ്രഭയില്‍ കുളിച്ച് ദേവദേവന്‍റെ സര്‍വ്വ പ്രതാപത്തോടെയും ജ്വലിക്കുന്നു. ഭക്തലക്ഷങ്ങള്‍ക്ക് മോക്ഷം പകരുന്ന സാക്ഷാല്‍ കാലകാലനായ ശ്രീമഹാദേവന്‍റെ ശ്രീകോവില്‍‍പ്പടിയില്‍ അവള്‍ അവളുടെ താലിമാല അഴിച്ചു വച്ചു. തന്‍റെ പൊന്നുമോനെ ചേര്‍ത്തു നിര്‍ത്തി അവള്‍ പറഞ്ഞു. മോനേ അമ്മ പറയുന്നതാണ് മക്കള്‍ക്ക് അച്ഛന്‍. അച്ഛനില്ല എന്നു നീ ഇനി മേലില്‍ വിഷമിക്കരുത്. നിന്‍റെ അച്ഛന്‍ ഇന്ന് ഈ നിമിഷം മുതല്‍ ഇതാ വൈക്കത്തപ്പനാണ്. ഭഗവാന്‍ നിന്നെ ഒരിക്കലും നോവിക്കില്ല. അപമാനിക്കില്ല, ഭ്രാന്തനെന്നു വിളിക്കില്ല. മോന്‍റെ മുന്‍പില്‍ വച്ച് അമ്മയെ തല്ലുകയുമില്ല. അന്നദാനപ്രിയനായ ഭഗവാന്‍ ഒരിക്കലും നമ്മളെ പട്ടിണിക്കിടുകയുമില്ല. അച്ഛനെ കാണണമെന്നു തോന്നുമ്പൊഴെല്ലാം മോന് വൈക്കത്തപ്പന്‍റെ അടുത്തുവരാമല്ലോ. ഭഗവാന്‍റെ നടവാതില്‍ ഒരിക്കലും എന്‍റെ പൊന്നുമോന്‍റെ മുന്‍പില്‍ അടയില്ല.

അച്ചുവിന് അന്നുമുതല്‍ ശ്രീമഹാദേവന്‍ അച്ഛനായി. ഭൂമിയേക്കാള്‍ ക്ഷമയും, കടലോളം സ്നേഹവുമുള്ള ആ പുണ്യവതിയുടെ വയറ്റില്‍ ജനിച്ച്, ദേവദേവനായ വിശ്വംഭരന്‍റെ പുത്രനായി അവന്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത കുഞ്ഞായി. ആ പൊന്നോണം അവന്‍റെ ജീവിതത്തിലെ വൈകി വന്ന സൌഭാഗ്യമായി. അതിനു ശേഷ ഒരിക്കലും അവര്‍ക്ക് കരയേണ്ടതായി വന്നിട്ടില്ല. അവളുടെ പതി, അവന്‍റെ അച്ഛന്‍ ശ്രീപരമേശ്വരന്‍ അതിനിടവരുത്തിയില്ല.

ശുഭം

© ജയകൃഷ്ണന്‍ കാവാലം

3 comments:

Sabu Kottotty said...

കൂടുതല്‍ എഴുതുന്നില്ല...
ഹൃദയഹാരിയായ എഴുത്ത്...

ramanika said...

ഭഗവാന്‍ നിന്നെ ഒരിക്കലും നോവിക്കില്ല. അപമാനിക്കില്ല, ഭ്രാന്തനെന്നു വിളിക്കില്ല. മോന്‍റെ മുന്‍പില്‍ വച്ച് അമ്മയെ തല്ലുകയുമില്ല. അന്നദാനപ്രിയനായ ഭഗവാന്‍ ഒരിക്കലും നമ്മളെ പട്ടിണിക്കിടുകയുമില്ല........

ഹൃദയഹാരിയായ എഴുത്ത്...

റസാകൃഷ്ണ said...

വിത്യസ്തനായാ ഒരു പിതാവിനെയും മാതാവിനേയും
നേരെ പുത്രന്റെ കണ്ണിലൂടെ ഒരു നോട്ടം
ക്ഷമയുടെയും സ്നേഹത്തിന്റെയും പ്രതീകമായി അമ്മയെ വരച്ചിട്ടു ..
ഒരു ഭാര്യാ എന്ന നിലയില്‍ ലക്ഷ്മി അമ്പേപരാജയ്പ്പെടുന്നു....