പൊന്നിന്‍ ചിങ്ങത്തിന്‍റെ പകലുകളില്‍, നവയൌവ്വനയുക്തയായ സന്ധ്യയുടെ കവിളുകള്‍; വിടവാങ്ങുന്ന സൂര്യനെ നോക്കി പരിഭവത്താല്‍ ചുവക്കുന്ന നേരങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും നമുക്ക് പൂക്കൈതയാറിന്‍റെ തീരത്ത് ഒത്തു ചേരാം... ഒന്നിനുമല്ലാതെ വെറുതേ... വെറും വെറുതേ നമുക്ക് ചേര്‍ന്നു പാടാം...
കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു
കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ
കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്
കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതെന്താണ്-നിന്‍റെ
കരളു പാടിയതെന്താണ്
കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ
കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ
നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ
വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ..
© ജയകൃഷ്ണന്‍ കാവാലം
4 comments:
കാവാലം കവിതകളുടെ ഓര്‍മ തരുന്ന മറ്റൊരു കാവാലം കവിത....
ആശംസകള്‍ ജയകൃഷ്ണ...
കാവാലം കവിതയ്ക്ക് ആശംസകള്‍, കവിയ്ക്കും...
''കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ..''
തന്ന നാ താനന്നാ താന നാ തന, തന്ന നാ താനന്നാ താന നാ തന..............
നല്ല വരികള്‍, കവിതയോ പാട്ടോ ? ..
പതിവുപോലെ ഈണാത്മകം ജയെട്ടാ.. (ഇനിയിപോ അങ്ങന ഒരു വാകുണ്ടോ ആവോ??)
കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതെന്താണ്-നിന്‍റെ
കരളു പാടിയതെന്താണ്?
കുട്ടനാടന്‍ കായലിലൂടെ മന്ദം മന്ദം ഒഴുകുന്ന കളിയോട്ത്തില്‍ ഞാന്‍ ഒഴുകിപ്പൊയി ...
സുന്ദരിയാം കാവാലം എന്റെയും കാവാലം നന്ദി ....ജയകൃഷ്ണ...
Post a Comment