Sunday, August 16, 2009

സീതയെ രാമന്‍ ഉപേക്ഷിച്ചതെന്തിന്‌...?

ഒരു പക്ഷേ ഇതു വായിക്കുന്ന മിക്കവരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്. ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ്‌ ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍....... മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം.

അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ്‌ കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്.... ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ വരും; അറിയാവുന്നതെഴുതും. കിട്ടുന്ന മാര്‍ക്ക് എത്രയായാലും എല്ലാവരും അതില്‍ തൃപ്തര്‍!

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം എന്നിവയുടെ തിരക്കിലാവും.

ആണ്‍കുട്ടികള്‍ തലപ്പന്ത്, കുറ്റിയും കോലും, ഞൊണ്ടിക്കളി, എന്നിവയിലും ചെറുപ്പക്കാ​ര്‍ കിളിത്തട്ട്, കബഡി എന്നിവയിലും മധ്യവയസ്കന്മാര്‍ ഗുലാന്‍ പെരിശു കളിയിലും വ്യാപൃതരാവും.

വീട്ടുജോലി എല്ലാം ഒതുക്കിത്തീര്‍ത്ത് ഉച്ചയൂണും കഴിഞ്ഞാണ്‌ സ്ത്രീജനങ്ങള്‍ കൈകൊട്ടിക്കളിയ്ക്കെത്തുക. നളദമയന്തി, പാഞ്ചാലീശപഥം, സീതാപരിത്യാഗം എന്നു തുടങ്ങി നാടന്‍ പ്രണയകഥകള്‍ വരെ കൈകൊട്ടിക്കളിയ്ക്കു വിഷയമായിരുന്നു. ഇതൊക്കെ ആരാണെഴുതിയതെന്ന് ആര്‍ക്കും പിടിയില്ല.!

കുട്ടിക്കാലത്തു കേട്ടു തഴമ്പിച്ച ആ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരെണ്ണം എന്റെ ഓണസ്മൃതിയായി ഇവിടെ കുറിക്കട്ടെ....

സ്ത്രീകള്‍ വട്ടത്തില്‍, താളത്തില്‍ കൈകൊട്ടി പാടിക്കളിച്ചിരുന്ന പാട്ടുകളിലൊന്നാണ്‌ ഈ പറയുന്ന കഥയുടെ ആധാരം.

രാ‍വണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ വീണ്ടെടുത്ത ശേഷം അയോധ്യയില്‍ വാഴുന്ന കാലം. ശ്രീരാമന്‍ സഹോദരന്മാരോടൊത്ത് പള്ളിവേട്ടയ്ക്കു പോയിരിക്കുകയായിരുന്ന ഒരു ദിനം. അവരുടെ മാതാക്കള്‍ മൂന്നുപേരും കൂടി സീതയെ സമീപിച്ചു പറഞ്ഞു.

" ദേവീ.... ലങ്കയിലെ രാക്ഷസന്‍ രാവണന്‍ അതിദുഷ്ടനും അസാ‍മാന്യ ശക്തിയുമുള്ളവനാണെന്ന് കേട്ടിട്ടുണ്ട്. അവനെ കൊല്ലാന്‍ മൂലോകത്തില്‍ രാമനൊരാള്‍ ഉണ്ടായല്ലോ! ഞങ്ങളാരും അവനെ കണ്ടിട്ടില്ല. ദേവി ചിത്രകലാ നിപുണയാണല്ലോ. അവന്റെ രൂപം ഞങ്ങള്‍ക്ക് ഒന്നു വരച്ചു കാണിക്കുമോ?"

അതുകേട്ടയുടന്‍ സീത പുഞ്ചിരിതൂകി അങ്ങനെയാവട്ടെ എന്നു പറഞ്ഞു. പരിചാരകയോട് ഒരു പലകയും കുറച്ചു ചെങ്കല്ലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സീതയുടെ ചാരുതയാര്‍ന്ന വിരലുകള്‍ പലകമേല്‍ ചലിച്ചു. പത്തു തലകള്‍, ഇരുപതു കൈകള്‍..... എല്ലാം ഞൊടിയിടയില്‍ പലകമേല്‍ തെളിഞ്ഞു.

അമ്മമാര്‍ അമ്പരന്നു നിന്നു! സീതയുടെ ചിത്രനൈപുണിയെ കീര്‍ത്തിച്ചു. അപ്പോള്‍ ആ പലകയതാ ചലിക്കുന്നു! അത് തുള്ളിത്തുള്ളി നീങ്ങാന്‍ തുടങ്ങി!!

പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമന്റെ മുന്നിലേക്കാണ്‌ ആ പലക തുള്ളിയെത്തിയത്. എല്ലാവരും അമ്പരന്നു നില്‍ക്കേ രാമന്‍ കുനിഞ്ഞ് ആ പലക കയ്യിലെടുത്തു. കൗതുകത്തോടെ തിരിച്ചു നോക്കി.

രാവണന്‍ !

രാമന്റെ പുരികക്കൊടികള്‍ ചുളിഞ്ഞു. മുഖമുയര്‍ത്തി ചോദിച്ചു " അമ്മമാരേ...ആരാണ്‌ പലകയില്‍ ഈ ദുഷ്ടന്റെ ചിത്രം വരച്ചത്?"

അപ്പോള്‍ കൗസല്യാകൈകേയിസുമിത്രമാര്‍ പറഞ്ഞുപോലും " ഞങ്ങള്‍ക്കറിയില്ല രാമദേവാ...! ഇവിടെയുള്ള ആരും രാവണനെ കണ്ടിട്ടുകൂടിയില്ല..."

"അപ്പോള്‍ പിന്നെ...?"

രാമന്റെ വജ്രസൂചിപോലെയുള്ള ചോദ്യം കേട്ട് അവര്‍ പറഞ്ഞു

" സീതാദേവി അല്ലാതെ മറ്റാരും ഇങ്ങനൊരു ചിത്രം വരയ്ക്കാനിടയില്ല. അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ ഇവിടെ ഈ പത്തുതലയന്‍ രാക്ഷസനില്‍ താല്‍പ്പര്യം?"

ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം രാമന്‍ ശിരസ്സുയര്‍ത്തി കല്‍പ്പിച്ചു

"ലക്ഷ്മണാ...! എത്രയും പെട്ടെന്ന് കാട്ടില്‍ കൊണ്ടുപോയി ഇവളുടെ ശിരസ്സറുക്കൂ..!

കല്ലേപ്പിളര്‍ക്കുന്ന രാമശാസനം കേട്ട് തരിച്ചു നിന്ന ലക്ഷ്മണന്‍ സീതയെ കാട്ടിലേക്കു കൊണ്‍ടുപോയി.

ഖഡ്ഗധാരിയായ ലക്ഷ്മണന്, പക്ഷേ മാതൃതുല്യയായി കണ്ടാരാധിച്ചിരുന്ന സീതയെ കൊല്ലാന്‍ മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷണ്ണനായി നിന്ന ലക്ഷ്മണനേയും അപവാദാഘാതത്തില്‍ ശിരസ്സുകുനിഞ്ഞുപോയ സീതയേയും നോക്കി അപ്പോള്‍ അവിടെയിരുന്ന ഒരു ഓന്ത് കളിയാക്കി ചിരിച്ചത്രേ!

"ദാ നില്‍ക്കുന്നു ഒരു പതിവ്രത! കണ്‍ട രാക്ഷനൊപ്പം പാര്‍ത്ത് ഭര്‍ത്താവിനെ വഞ്ചിച്ചവള്‍!"

അതുകേട്ട നിമിഷം ലക്ഷമ്നന്റെ വാള്‍ ഉയര്‍ന്നുതാണു. ഓന്ത് ശിരസ്സറ്റു നിലത്തു പിടഞ്ഞു!

സീതയുടെ വസ്ത്രാഞ്ചലം കീറിക്കൊടുക്കാന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. ആ ഓന്തിന്റെ ചോര അതില്‍ പുരട്ടി. അമ്മമാരെ കാണിക്കാന്‍ ചോരപുരണ്‍ട ആ ചെലത്തുമ്പ് ലക്ഷ്മണന്‍ തേരില്‍ വച്ചു.

അടുത്തു കണ്ട വാല്‍മീകി മുനിയുടെ ആശ്രമത്തില്‍ സീതയെ കൊണ്ടാക്കി ലക്ഷ്മണന്‍ തിരികെപ്പോയി....!

എന്തൊരു കഥ! അല്ലേ!? മനുഷ്യബന്ധങ്ങളില്‍ പലപല അര്‍ത്ഥതലങ്ങള്‍ കണ്‍ടെത്താവുന്ന ഒരു നാടന്‍ കഥ...

എന്റെ നാട്ടില്‍ ഇന്നും പാടിക്കേള്‍ക്കുന്ന കഥയാണിത്. പാട്ട് താഴെക്കൊടുത്തിട്ടുണ്ട്. നേരിട്ടു കേള്‍ക്കണം എന്നാഗ്രഹമുള്ളവര്‍ ഈ തിരുവോണത്തിന്‌ വരൂ ഏവൂര്‍ക്ക്.....! നമുക്ക് ഒരു മിച്ച് ഓണം ആഘോഷിക്കാം!!

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോള്‍
രാമദേവന്‍ പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്

അന്നനേരം മാതാക്കന്മാര്‍ മൂന്നുപേരുമൊരുമിച്ച്
സീതയോടു പറയുന്നു രഹസ്യമായി

രാവണന്റെ രൂപഗുണം ഞങ്ങളാരും കണ്ടിട്ടില്ല
ഞങ്ങള്‍ക്കതു മനസ്സാലെ കാണേണമിപ്പോള്‍

അന്നനേരം സീതാദേവി ചെങ്കല്ലും പലകയുമായ്
രാവണന്റെ രൂപഗുണം വരച്ചു ചിത്രം

പത്തുതല,യിരുപതു കരങ്ങളും വരച്ചിട്ട്
കരങ്ങളില്‍ പലപല ആയുധങ്ങളും

പലകയും തുള്ളിത്തുള്ളി മന്ത്രമഞ്ചും ജപിച്ചിട്ട്
അപ്പലക തൃക്കയ്യാലേ മറിച്ചുനോക്കി

ആരാണെന്റെയമ്മമാരേ ഈപ്പലകേ വരച്ചത്?
ഞങ്ങളാരുമറിഞ്ഞില്ലേ ശ്രീരാമദേവാ

സീതാദേവിയറിയാതെ മറ്റാരും വരയ്ക്കയില്ല
അവള്‍ക്കതിലിഷ്ടമൊട്ടും കുറഞ്ഞിട്ടില്ല

അന്നനേരം ശ്രീരാമനും ലക്ഷ്മണനെ വിളിച്ചിട്ട്
ഇവളെക്കൊണ്ടറുക്കുക വനമതിങ്കല്‍

അന്നനേരം ലക്ഷ്മണനും സീതയേയും കൂട്ടിക്കൊണ്ട്
മുനിയുടെ വനമതില്‍ കൊണ്ടുചെന്നാക്കി

കളിയാക്കിച്ചിരിച്ചൊരു ഓന്തിന്‍ തലയറുത്തുടന്‍
സീതയുടെ ചേലത്തുമ്പില്‍ പുരട്ടിവച്ചു

അമ്മമാര്‍ക്കു കാണ്മതിന്നായ് ഓന്തിന്‍ ചോരപുരട്ടിയ
ചേലത്തുമ്പുമെടുത്തുടന്‍ ലക്ഷ്മണന്‍ പോയി.


Labels: ഏവൂര്‍, കഥ, ജയന്‍, രാമന്‍, സീത

18 comments:

khader patteppadam said...

പുതിയൊരു കഥ കേട്ട സംത്രുപ്തി.

Joker said...

എന്നാലും രാമന്‍ അത് ചെയ്യരുതായിരുന്നു. സംശയരോഗി തന്നെ.

അനില്‍@ബ്ലോഗ് // anil said...

നമ്മുടെ ഫെമിനിസ്റ്റുകള്‍ കേള്‍ക്കണ്ട.
:)

ഈ കഥ കേട്ടിട്ടുണ്ട്.

അരുണ്‍ കരിമുട്ടം said...

@ജയന്‍:

ഓണാട്ടുകരക്കാരനായ എനിക്കും പരിചിതമായ കഥ.പക്ഷേ ആ പാട്ട് ഞാന്‍ മറന്ന് പോയിരുന്നു.ഓര്‍മ്മപ്പെടുത്തിയതിനു നന്ദി:)
ഓണാശംസകള്‍

അരുണ്‍ കരിമുട്ടം said...

@ആല്‍ത്തറ:

ഒരു മത്സരം ആവുമ്പോള്‍ ഒരു പോസ്റ്റായി ഇടുന്നതല്ലേ നല്ലത്?അപ്പോള്‍ കമന്‍റിലൂടെ മറുപടി നല്‍കാന്‍ എളുപ്പമായിരുന്നു.:)
ജയാ, ക്ഷമിക്കണം പിള്ളാരോണത്തെ കുറിച്ച് അറിയാവുന്നത് പറയാന്‍ ഈ സ്ഥലം ഞാന്‍ എടുക്കുയയാ..

ചിങ്ങത്തിലെ തിരുവോണത്തിന്‌ മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണമാണ്‌ പിള്ളാരോണം. അത്തപ്പൂ ഇല്ല, ഓണപ്പൂടവ ഇല്ല, ആകെ സദ്യ മാത്രം.ക്കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നും, അന്നാണ്‌ ഈ ഓണം എന്നും ഐതിഹം.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ഓണവും, പിള്ളാരോണവും ഉണ്ടായിരുന്നു.അണു കുടുംബം ആയപ്പോള്‍ ഓണം മാത്രം ബാക്കി ആയി.കുറേ നാള്‍ കഴിയുമ്പോള്‍ ഫ്ലാറ്റിലെ മുറികളില്‍ കുട്ടികള്‍ തനിയെ പൊട്ടി മുളക്കാന്‍ തുടങ്ങും, അന്ന് ഓണവും ഇല്ലാതാകും.
കലികാലം!!

രഘുനാഥന്‍ said...

സത്യം പറഞ്ഞാല്‍ ഈ കഥ ഞാന്‍ ആദ്യം കേള്‍ക്കുകയാ ...നല്ല കഥ

ramanika said...

കഥ ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഈ കഥ കേട്ടത് !

chithrakaran:ചിത്രകാരന്‍ said...

ഇങ്ങനെ എന്തൊക്കെ കഥകള്‍ ഈ ബ്രാഹ്മണദാസനായ കോന്തന്‍ ഭര്‍ത്താവിനെക്കുറിച്ചും, വാത്മീകിക്ക് നടതള്ളിക്കൊടുത്ത
സീതേച്ചിയെക്കുറിച്ചും ജനം അവര്‍ക്കിഷ്ടമുള്ളപോലെ പാടിയിരിക്കുന്നു.
എന്തായാലും ആ കഥയും പാട്ടും പങ്കുവച്ചതില്‍ സന്തോഷം. ചിത്രകാരന്‍ കണ്ട കഥ പ്രകാരം സീതക്ക് ദിവ്യമായ കുട്ടികളുണ്ടാകാന്‍ (ലവന്‍ ,കുശന്‍)വേണ്ടി വാത്മീകിയുടെ ബ്രാഹ്മണ ബീജദാന കേന്ദ്രത്തിലേക്ക് സീതയെ പൊലിയാട്ടം നടത്തി സമര്‍പ്പിക്കുകയായിരുന്നു എന്നാണ്.

കണ്ണനുണ്ണി said...

നാട്ടില്‍ എത്തിയാല്‍ ആദ്യത്തെ എന്റെ ജോലി എന്താണെന്ന് അറിയുമോ...
ദിലീപിനെയും കൂട്ടി ഏവൂര്‍ അമ്പലത്തില്‍ പോവും..പിന്നെ റെയില്‍വേ ക്രോസ്സിന്റെ ഇപ്പുറത്തുള്ള വയലരികില്‍ തണലത്തു നിന്ന് നാട്ടു കഥകള്‍ പറയും....അത് കഴിഞ്ഞു നേരെ രാമപുരം അമ്പലത്തിലേക്ക്...
എവൂരിനെ ഓര്‍ക്കുമ്പോ നൊസ്റ്റാള്‍ജിയ

നിരക്ഷരൻ said...

രാമന്‍ സീതയെ ഉപേക്ഷിക്കാനുള്ള കാരണം ഞാന്‍ കേട്ടിട്ടുള്ളത് . അയോദ്ധ്യയിലെ ഒരു സാധാരണ കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവുമായുള്ള വഴക്കാണ്. ഒന്നോ രണ്ടോ ദിവസം മറ്റെവിടെയോ പോയി താമസിച്ച ശേഷം ( അങ്ങനാണെന്ന് തോന്നുന്നു) ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ കയറ്റുന്നില്ല. അപ്പോള്‍ ഭാര്യ പറയുന്നു വര്‍ഷങ്ങളോളം രാവണന്റെ രാജ്യത്ത് കഴിഞ്ഞ സീതാദേവിയെ ശ്രീരാമഭഗവാനു്‌ സ്വീകരിക്കാമെങ്കില്‍പ്പിന്നെ എന്നെ സ്വീകരിക്കുന്നതിനെന്താ കുഴപ്പം ? (ഏതാണ്ട് ഇതുപോലെയാണ്‍ എനിക്കറിയുന്നത്.) ഇതുകേട്ടറിഞ്ഞിട്ടാണു്‌ രാമന്‍ സീതയെ ഉപേക്ഷിക്കുന്നത് . എന്തായാലും ജയന്‍ ഏവൂരിന്റെ ഈ കഥയ്ക്ക് നന്ദി. ആദ്യായിട്ടാണു്‌ ഇത് കേള്‍ക്കുന്നത് .

അരുണ്‍ - പിള്ളേരോണത്തിന്റെ കഥയ്ക്കും നന്ദി . അതും അദ്യായിട്ടാ കേള്‍ക്കുന്നത് .

ഓണപ്പരിപാടികള്‍ കൊഴുക്കട്ടെ :)

jayanEvoor said...

ആദ്യ കമെന്റിനു നന്ദി ഖാദര്‍.....!

ജോക്കര്‍...

ഈ കഥ ശരിയാനെങ്കിലും അല്ലെങ്കിലും രാമന്‍ സീതയെ ഉപേക്ഷിച്ചു എന്നത് പരമസത്യം. പതിവ്രതാരത്നമായ ഭാര്യയെ വെറുമൊരു അലക്കുകാരന്റെ വാ​‍ാക്കുകേട്ട് ഉപേക്ഷിച്ചു എന്ന ഒറിജിനല്‍ കഥയായാലും എനിക്ക് കുട്ടിക്കാലത്തേ ദഹിച്ചിട്ടില്ല. എന്തു ചെയ്യാം രാമന്റെ തീരുമാനം അദ്ദേഹത്തിന്റേതു മാത്രം!

അനില്‍​‍ ബ്ലോഗ്

ഇവിടെ ഫെമിനിസ്റ്റുകളും ഉണ്ടോ! ഒരത്യാവശ്യം വന്നാല്‍ സഹായിക്കണേ!

അരുണ്‍

അനിയാ.... ചേട്ടാന്നു വിളിച്ചു കമെന്റെഴുതു മോനേ! വയസ്സു നാല്‍പ്പതാവന്‍ ഇനി മാസങ്ങളേ ഉള്ളൂ! (ചുമ്മാ!!)

പിള്ളേരോണം വിശദീകരിച്ചതിനു പ്രത്യേക നന്ദി!

രഘുനാഥന്‍
രമണിക,

രണ്ടാളും എനിക്കു ചെലവു ചെയ്യണം!

ചിത്രകാരന്‍
ചരിത്രപണ്ഡിതനല്ലാത്തതുകൊണ്ട് എനിക്ക് അത്ര ഗഹനമായ അറിവ് ഈ വിഷയങ്ങളിലില്ല. ഒരു നാട്ടുകഥ അറിയാവ്ന്നത് ഇവിടെ പറഞ്ഞു. അത്രമാത്രം!

കണ്ണനുണ്ണി...

ആ വയലുകള്‍ ഒക്കെ നികന്നു കഴിഞ്ഞു..... എങ്കിലും ഏവൂര്‍ ഇപ്പോഴും ഒരു സുന്ദര ഗ്രാമം തന്നെ! ലവല്‍ ക്രോസില്‍ നിന്ന് നടക്കാനുള്ള ദൂരമേ ഉള്ളൂ എന്റെ വീട്ടിലേക്ക്!
നമൂക്ക് എന്നെങ്കിലും കാണാം!

നിരക്ഷരന്‍...

ആ കഥ പൊതുവേ അറിയപ്പെടുന്നതു തന്നെ. എന്റെ നാട്ടിലെ കഥയും പാട്ടും നാലാള്‍ അറിയട്ടെ എന്നു കരുതി! സന്തോഷം നിങ്ങളെല്ലാം ഇതു വായിച്ചതില്‍!

പാവത്താൻ said...

ഓഹോ ഇങ്ങിനെയും ഒരു കഥയോ? ഇപ്പൊ കേല്‍ക്കുകയാ..

മനോഹര്‍ കെവി said...

ഏന്റെ ഗ്രാമവും ( ത്രിശൂര്‍ ജില്ലയിലെ അരിമ്പൂര്‍ ) ഇത്തരം പാട്ടുകള്‍ കൊണ്ടു സമ്പന്നമാണ്. പാടത്തു പണിയെടുത്തും, കൂലി വേല ചെയ്തും ജീവിക്കുന്ന ഈ സ്ത്രീകള്‍ പാടുന്ന പാട്ടുകളിലെ അക്ഷരതെറ്റുകള്‍ കേട്ടു, ഞാനും ചേട്ടന്മാരും പണ്ടു ചിരിച്ചിരുന്നു. പിന്നീട്, വര്‍ഗപരവും സാംസ്കാരികവുമായ ഉച്ചനീചത്വങ്ങല്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലക്കുകയും, വിശകലനം നടത്തുകയും ചെയ്യാന്‍ പഠിച്ചപ്പോള്‍ , ഓണക്കാലത്തു മാത്രം സന്തോഷത്തോടെ പാടുന്ന അവരൊടു സഹതാപം തോന്നി.

“കാട്ടാന, കടുവ, കരുടി, ചെന്നായ്”- എന്നാനവര്‍ പാടിയതു, കരടിയല്ല, “കരുടി”

ജയന്റെ പോസ്റ്റിലെ ആ ഓണപ്പാട്ടിലെ ആദ്യത്തെ രണ്ടു വരികള്‍, ഒട്ടു വ്യത്യാസമില്ലാതെ എന്റെ നാട്ടിലും ഉണ്ടു – “അഭിഷേകം കഴിഞ്ഞങ്ങു സുഖമായിരികുമ്പോള്‍ ---"

മറ്റൊരു പാട്ടു, ചോദ്യോത്തര രൂപത്തിലാണ്… സീതയെ കാണന്‍ പോയ ഹനുമനൊടുള്ള ചോദ്യങ്ങളും, സീത്യുടെ ഭംഗി വര്‍ണിക്കലും

"വാലുള്ള വാനരാ, കരിങ്കുരങ്ങാ......നീയങ്ങു സീതയെ കണ്ടിട്ടുണ്ടൊ"
ഹനുമന്റെ മറുപടി:-
"കണ്ണൊരു കന്ന്യാങ്ങ കീറിയ പൊലെ , മൂക്കൊരു മുല്ലപ്പൂ മൊട്ടു പൊലെ "

ജയന്റെ പോസ്റ്റ്, ആ കാലത്തെയും പാട്ടിനെയും എന്റെ മനസ്സിലെക്കു കൊണ്ടുവന്നു. നന്ദി
അഭിപ്രായം വൈകിയതിനു ക്ഷമാപണം

വേണു venu said...

ജയന്‍ ഏവൂര്‍, ഇങ്ങനെ എന്തൊക്കെ കഥകള്‍ ആ എപ്പിക്സില്‍ നിന്നും ഉണ്ടായിരിക്കുന്നു. ഇനിയും ഉണ്ടാകാനിരിക്കുന്നു. ആ കഥകളുടെ നിലനില്പു തന്നെ അതിന്‍റെ ആധികാരികതയും.
എത്ര എത്ര മഹാന്മാരേയും മഹതികളേയും മഹാന്മാരാക്കിയിരിക്കുന്നു ആ കഥകള്‍.
ഒരു ശ്രീരാമനും ഒരു സീതയും ഒരു കഥ, ഓണത്തിനു കൈ കൊട്ടാനൊരു കഥ.
ഇവിടെ ഹോളിക്ക് തീ കൊളുത്തി ആടി ഉല്ലസിക്കുമ്പോള്‍ പാടുന്നു മറ്റൊരു കഥ.
രാജസ്ഥാനില്‍, ബംഗാളില്‍, ഒറിസ്സയില്‍...പിന്നെ അവിടെ ഒക്കെ വെവ്വേറേ ഗ്രാമങ്ങളില്‍ എന്തൊക്കെ വിവിധതരം കഥകള്‍.
എപ്പിക്സ് മാത്രം ഒന്നുമറിയാതെ ചിരിക്കുന്നു. ചെളിവാരിയെറിയുന്നവരുടെ മുഖത്തു തന്നെ അതു വീഴുന്നതു നോക്കി നൂറ്റാണ്ടുകളായി മൌനമായി ജനമാനസ്സങ്ങളില്‍ ജീവിക്കുന്നു.
പണ്ട് മലയാളം സാറ് ഒരു രാമായണ കഥ ഇങ്ങനേയും പഠിപ്പിച്ചിരുന്നു.
അതിവിടെഴുതുന്നത്. അക്ഷര വിവരം കുറഞ്ഞവരും അവരുടേതായ രീതിയില്‍ രാമായണ കഥ വിവക്ഷിച്ചിരുന്നു എന്നു കാണിക്കാനാണു്.
അതിങ്ങനെ ആയിരുന്നു.
“ കാച്ചിലു കഴുകിയ വെള്ളം പോലെ
ലങ്കയിലുണ്ടൊരു വല്യംബ്രാന്‍.”

കൊഴുത്തു തടിച്ച രാവണനെ വിവരിക്കുന്ന ആ കവിത സാറന്നു പാടിതന്നിരുന്നു.

ഏവൂരിലെ പ്രത്യേകത അറിയിച്ച പോസ്റ്റിനു നന്ദി.
ഓണാശംസകള്‍.:)

jayanEvoor said...

പാവത്താന്‍...

ഈ കഥ ആദ്യമായി കേള്‍ക്കുകയാനല്ലേ...?
ചെലവു ചെയ്യണം!

മനോവിഭ്രാന്തികള്‍...
വിശദമായ കമന്റിനു വളരെ നന്ദി!

വേണു...
ശരിയാണ്.... എത്രയെത്ര കഥകള്‍...
കമന്റിനു നന്ദി!

കുറുമാന്‍ said...

ആഹ, നല്ലൊരു പുരാണ പാട്ട് കിട്ടി.

രാമാ - അത് വേണ്ടിയിരുന്നില്ല

ലക്ഷ്മണാ - അന്ന് ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റില്ലായിരുന്നത് നന്നായി, ഇല്ലെങ്കില്‍ മറ്റൊരു തലയുരുട്ടാനുള്ള ഉത്തരവ് വന്നേനെ.

ജയന്‍ഭായ്.പോരട്ടേ മുടങ്ങാതെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതും

ഇതും

ഇതും

ഇതും

ഇതും


കൂടി ഇടയ്ക്കൊക്കെ വായിക്കുന്നത്‌ നന്നായിരിക്കും എന്നു തോന്നുന്നു

jayanEvoor said...

കുറുമാന്‍....

തിരക്കിനിടയില്‍ ഇത്രടം വന്നു‌ലോ.....
സന്തോഷം ഗഡീ...

ഇന്ത്യ ഹെരിടേജ്....

തീര്‍ച്ചയായും വായിക്കാം മാഷേ !