Saturday, August 15, 2009

മാനുഷരെല്ലാരും ഒന്നുപോലെ....

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടിയ വയറുമായി വന്ന കൂട്ടുകാരന് മുന്നില്‍ തൊലി കറുത്തെന്ന പേരില്‍ വാതിലടയുന്ന ശബ്ദം കേട്ട ഉത്രാടത്തിന്റന്ന് നിര്‍ത്തിയതാണ് ഓണാഘോഷങ്ങള്‍. മാനുഷരെല്ലാവരും ഒന്നു പോലെയല്ലെന്ന തിരിച്ചറിവ് കുട്ടിക്കാലത്ത് തന്നെ പലതവണ ലഭിച്ചിരുന്നു. ജാതിയും മതവും മാത്രമായിരുന്നില്ല സമ്പത്തും ലിംഗവും തീര്‍ത്ത വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ച് നിരവധി തവണ പരാജയപ്പെട്ടിരിക്കേണ്ടി വന്നിട്ടുണ്ട് . ഒരു ദിവസത്തേക്ക് മാത്രമായി ഒരോണപ്പാട്ട് വേണ്ടെന്ന് വളര്‍ച്ചയെത്താത്ത ഒരു കൂട്ടം കൂട്ടുകാര്‍ തീരുമാനിച്ചത് ഒരു വ്യാഴവട്ടം മുമ്പാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കൊടിയിലയില്‍ അമ്മ വിളമ്പുന്ന ചോറിലൊതുങ്ങിയിരുന്നു ഓണം.

ഓണം വന്നാലും അടുപ്പില്‍ ആളനക്കമില്ലാത്ത കോരന്റെ കണ്ണീരോണങ്ങള്‍ക്ക് കൂട്ടിരുന്നിട്ടുണ്ട്. ഓണമായിട്ടുപോലും ഉണ്ണാന്‍ വന്നില്ലല്ലോ കുട്ടാ എന്ന് അമ്മ കരഞ്ഞിട്ടുണ്ട്. തറവാട്ടിലെ ഇലച്ചോറിനു മുന്നില്‍ മാത്രമായിരുന്നില്ല അധകൃതന് ഭ്രഷ്ട്. അത്തം മാത്രമല്ല അവന്റെ ഓണങ്ങളും കറുത്തുതന്നെ തീര്‍ന്നു. കണ്ണീരിലും കള്ളിലും മുങ്ങി അവ കടന്നുപോയി. കാലങ്ങള്‍ കടക്കവേ, വരത്തന്മാരെ സുല്‍ത്താന്മാരാക്കി ശീലിച്ച കോഴിക്കോടിന്റെ മണ്ണില്‍ വേരുറപ്പിക്കുന്നതിനിടയില്‍ ചെയ്ത ആദ്യത്തെ ഓണം. ആഘോഷമില്ലെങ്കിലെന്തിന് വീട്ടിലേക്ക് ചെല്ലണം? കൂട്ടുകാരന്റെ ചോദ്യമാണ് ആ തിരുവോണം മുഴുപ്പട്ടിണിക്കിട്ടത്. കോഴിക്കോടന്‍ സമൃദ്ധിയുടെ മഹാറാണി ഹോട്ടലിന്റെ മൂന്ന് കെട്ടിടമപ്പുറത്ത് മൂന്ന് ഗ്ലാസ് പച്ചവെള്ളത്തില്‍ രണ്ടു രാവും ഒരു പകലും മുങ്ങിത്തീര്‍ന്നപ്പോള്‍ അമ്മ വിളമ്പിയ ഇലച്ചോര്‍ തട്ടിമാറ്റിയ ഓണങ്ങളോര്‍ത്തു. വിപ്ലവത്തിനിറങ്ങിയ ബാലചന്ദ്രന്‍ ചുളളിക്കാടിനോട് സച്ചിദാനന്ദന്‍ പറഞ്ഞതോര്‍ത്തു, 'ലോകം ഇളകിമറിയുമ്പോള്‍ നിനക്കുമതാകാം. ഇവിടെ നീമാത്രം ഇളകിമറിയുകയാണ്. ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതാണ് നിന്റെ പ്രശ്‌നം.' അതേ ഉപേക്ഷിക്കാന്‍ ഒരു വീടുണ്ട് എന്നതുതന്നെയാണ് അടിസ്ഥാന പ്രശ്‌നം. ബാലനെപ്പോലെ ഓണം തെണ്ടിയുണ്ണാന്‍ മനസ്സുവന്നതുമില്ല.

ഇത്തവണയും എവിടെയെങ്കിലും പൂവിളിയുയരും, പൂക്കൂടകള്‍ നിറയും, നിലകെട്ടിയുയര്‍ത്തിയ ആര്‍ഭാടത്തിന്റെ പൂക്കളങ്ങള്‍ കൊട്ടാരക്കെട്ടുകള്‍ക്ക് മോടിയേറ്റും. വിലക്കുറവിന്റെയും ആകര്‍ഷകമായ സമ്മാനക്കൂപ്പണുകളുടെയും പൊന്നോണം എന്റെ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്ക് ആശംസിക്കുന്നു. നിറച്ചുണ്ടവര്‍ കളഞ്ഞുപോകുന്ന ഇലച്ചിന്തുകള്‍ കാക്കുന്നവരുണ്ട് മുന്നില്‍, എല്ലെണ്ണിയെടുക്കാന്‍ പരുവത്തില്‍ നില്‍ക്കുന്ന അവരെക്കണ്ട് ഓണത്തപ്പന്റെ തിരുവയര്‍ ഒട്ടണം. അടുത്ത തവണ അവരിലൊരാളായി വരട്ടെ മാവേലിത്തമ്പുരാന്‍, അന്നേ വിശ്വക്കാനാവൂ ഈ ആഘോഷത്തില്‍.


ഓണമായിട്ടുണ്ണീ വരുന്നില്ലേ നീ? -അമ്മ വിളിക്കുന്നു.
അമ്മമ്മയ്ക്ക് വയ്യ, ഇതൊടുക്കത്തെയാവും.
പറ്റുമെങ്കില്‍ ലീവ് ചേര്‍ത്തോ ശ്രാദ്ധത്തിനുളളതും.
മനസ്സില്‍ ഒരു ചുട്ട ചട്ടുകം നിലത്തുവീണു. (2009 August )

24 comments:

Dr. Prasanth Krishna said...

നന്നയിരിക്കുന്നു. ഇതൊക്കയാണ് ഓണം....

ജെയിംസ് ബ്രൈറ്റ് said...

നല്ല പോസ്റ്റ്.ഓണം മനുഷ്യര്‍ക്കെല്ലാം എക്കാലത്തും വിഭിന്നം! ഇന്ന് അതിനെ നാം ആധുനീകരിച്ചിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് ഓണവും മാറുന്നു.

ആശംസകള്‍.

Unknown said...

Good post

ചങ്കരന്‍ said...

ആഘോഷിക്കാനൊരു ഓണമുള്ളതുതന്നെയാണ്‌ പ്രശ്നവും ഭാഗ്യവും.
നല്ല എഴുത്ത്.

മാണിക്യം said...

മുരളീരവം
നൊമ്പരപ്പെടുത്തുന്നാ ഒരു ശ്രുതിയായി...
ശരിയാണ് 100 % ശരി മാത്രം!
..പണ്ട് സ്കൂള്‍ വിട്ട് ഉറ്റസ്നേഹിതരുമായി നടന്നു വീടെത്തുമ്പോള്‍ എന്നും അടികിട്ടിയിരുന്നു അവരുടെ കൂടെ വന്നതിനു ഈ പറഞ്ഞപോലെ നിറവും ജാതിയും ധനവും വച്ച് മനുഷ്യരെ അളന്നിരുന്ന മുതിര്‍ന്നവര്‍- അടികിട്ടിയാലും പിന്നെയും ആ കൂട്ടതില്‍ തന്നെ പോകനും വരാനും ഞാന്‍ മടിച്ചില്ലാ ...

ഇന്നും നാട്ടില്‍ ചെന്നിറങ്ങുമ്പോള്‍ ഞാനെത്തിയെന്നറിഞ്ഞ് ഓടിവരുന്ന അവരുടെ ഒക്കെ നിറഞ്ഞ ചിരിയുടെ മുന്നില്‍ ഞാനാരോക്കെയോ ആവും-

മാനുഷ്യരെല്ലാരുമൊന്നുപോലെ ആവണമെന്നു കരുതിയ ആ നല്ല അസുരനേയും ഇല്ലാതാക്കാന്‍ വന്നതു ദേവഗണം തന്നെ അപ്പോള്‍ നന്മ എവിടെ ആരുടെ ഒപ്പം ?

ആണ്ടില്‍ ഒരിക്കല്‍ ഒരു മായകാഴ്ചയൊരുക്കാന്‍ ബന്ധപ്പെടുന്നൂ ജനം, പക്ഷേ തൊട്ടടുത്ത് എരിയുന്ന വയറും പുകയുന്ന മനസ്സും കാണാതെ എന്താഘോഷം?

എല്ലെണ്ണിയെടുക്കാന്‍ പരുവത്തില്‍ നില്‍ക്കുന്നവരെക്കണ്ട് അവരിലൊരാളായിട്ടല്ല മാവേലിത്തമ്പുരാന്‍,വരുന്നത് എന്നു
തീര്‍ത്തു പറയാന്‍ പറ്റുമോ?

നന്മയുടെ സ്നേഹത്തിന്റ്റെ പ്രതീകമായ മാവേലി തീര്‍ച്ചയായും ആ കോരന്റെ കുമ്പിളില്‍ നിന്നാവും വയറും മനസ്സും നിറച്ചൊന്നുണ്ണുക

Mala Menon said...

മുരളീരവം
വിഭിന്നമായ ഒരു ഓണത്തിന്റെ ഓര്‍മ്മ പങ്കു വച്ചതിനു നന്ദി.
വാക്കുകളില്‍ അഗ്നിയായ് പടരുന്ന ആ ഭാവം തീവ്രത നിറഞ്ഞതു തന്നെ.
മനോഹരമായ അവതരണം .
ഒരോ ഓണവും കടന്നുപോകുമ്പോള്‍ നഷ്ടങ്ങള്‍ ആണു
കൂടുതലാവുന്നത് എന്നു തോന്നി തുടങ്ങിയോ?
മനസ്സില്‍ ആ ചട്ടുകം കൊണ്ടുള്ള പൊള്ളല്‍ ബാക്കിയാക്കി ...

keralafarmer said...

ഇന്ന് ചിങ്ങം ഒന്ന്. മലയാളമാസത്തിലെ പുതുവര്‍ഷം. നാം മനസിലാക്കിയ തെറ്റുകള്‍ സ്വയം തിരുത്തി തെറ്റുകള്‍ സ്വയം തിരിച്ചറിയുവാന്‍ കഴിയാത്തവര്‍ക്ക് ഒരു വഴികാട്ടിയായി മുന്നോട്ടുപോകാം. അതിന് ഈ പുതുവര്‍ഷം ഒരു നിമിത്തമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
പുതുവത്സരാശംസകള്‍.

Anil cheleri kumaran said...

ishTappettu..

കറുത്തേടം said...

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ പൊട്ടിച്ചു കൂട്ടുകാരന് വേണ്ടി ഓണം ത്യജിച്ച മഹാത്മന് പ്രണാമം.

മാണിക്യം ചേച്ചിയുടെ ഈ അഭിപ്രായത്തില്‍
"മാനുഷ്യരെല്ലാരുമൊന്നുപോലെ ആവണമെന്നു കരുതിയ ആ നല്ല അസുരനേയും ഇല്ലാതാക്കാന്‍ വന്നതു ദേവഗണം തന്നെ അപ്പോള്‍ നന്മ എവിടെ ആരുടെ ഒപ്പം ?"
ചെറിയൊരു വിയോചിപ്പ്.

അസുരന്മാരിലും നല്ലവരുണ്ടായിരുന്നു അതിന്റെ ഉദാഹരണങള്‍ ആണ് പ്രഹ്ലാദനും വിഭീഷണനും മഹാബലിയും ഒക്കെ. വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ പൌത്രനാണ് മഹാബലി. യഥാര്‍ത്ഥത്തില്‍ മഹാബലിയും വിഷ്ണു ഭക്തനായിരുന്നു. തന്റെ ഭക്തന് ദര്‍ശനവും മോക്ഷവുമാണ് വാമന രൂപത്തില്‍ വന്ന മഹാവിഷ്ണു സാധ്യമാക്കിയത്.

ഒരു സംശയവും വേണ്ട നന്മ നല്ല പ്രവൃത്തി ചെയ്യുന്നവരുടെ കൂടെ തന്നെയാണ്.

നിരക്ഷരൻ said...

ഇത് കഥയല്ലേ മുരളീ...
അതെ കഥ തന്നെ.
കഥ തന്നെ ആയിരുന്നാല്‍ മതി...

khader patteppadam said...

'വരത്തന്മാരെ സുല്‍ത്താന്മാരാക്കിയ കോഴിക്കോട്..'അതിലെ ധ്വനി വൈദേശാധിപത്യത്തെക്കുറിച്ചാണെന്ന്‍ മനസ്സിനോട് പറഞ്ഞു പറഞ്ഞു സമാധാനിപ്പിക്കുന്നു. ഓണത്തിന്റെ കറുത്ത മുഖം പൊള്ളുന്ന വരികളിലൂടെ വരച്ചുവെച്ചിരിക്കുന്നു. എഴുത്തിന്റെ തീക്ഷ്ണത വല്ലാതെ ആകര്‍ഷിച്ചു - ചുള്ളിക്കാടിന്റെ കവിത പോലെ.

Rakesh R (വേദവ്യാസൻ) said...

അതെ കഥ മാത്രമാകട്ടെ :)

Unknown said...

കഥയല്ല നീരു സത്യമാണ്, ക്ഷെമിക്കുക.


ഖാദര്‍ മാഷേ, ബേപ്പൂര്‍ സുല്‍ത്താന്‍ ബഷീറും, എം ടിയും മറ്റും ആയിരുന്നു എന്റെ മനസ്സില്‍, തെറ്റിദ്ധരിക്കല്ലേ, വിദേശികളെ ക്കുറിച്ച് ഇവിടെ ചിന്തിച്ചില്ല, ക്ഷെമി.

smitha adharsh said...

ഇത് കഥയല്ലെന്ന് ഞാനെന്റെ മനസ്സിനോട് പറഞ്ഞിട്ടുണ്ട്..ചെരുതാനെന്കിലും,എന്റെ മനസ്സിനും വിങ്ങല്‍ അറിയാം...
നല്ല പോസ്റ്റ്‌
ഓണാശംസകള്‍..

sree said...

manoharamaaya ezhuth.. hridyamaya shaili, onnashamsakal...

ramanika said...

പുതു വര്ഷത്തിന്റെ എല്ലാ നന്മകളും ആശംസിക്കുന്നു!
പോസ്റ്റ്‌ നന്നായി

അരുണ്‍ കരിമുട്ടം said...

ഇല്ല മുരളി, നീ എത്ര സത്യമിട്ടാലും എന്‍റെ മനസ്സില്‍ ഇതൊരു കഥയാണ്, കഥ മാത്രം

മീരാ അനിരുദ്ധൻ said...

ഇതു തന്നെയാണു ഓണം.നന്നായി എഴുതിയിരിക്കുന്നു മുരളീ

Senu Eapen Thomas, Poovathoor said...

ദാ കിടക്കുന്നു. എന്താ ഇപ്പോള്‍ അറിയേണ്ടത്‌? കഷ്ടം തന്നെ. ഇങ്ങനെ ഒരു സംശയം തോന്നിയപ്പോള്‍ തന്നെ എന്നെ ഒന്ന് ഫോണ്‍ വിളിച്ചാല്‍ പോരായിരുന്നോ... അറിയാമായിരുന്നല്ലോ എന്റെ നമ്പര്‍. പണ്ട്‌ മോഹന്‍ലാല്‍, ആ രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ പറയുമ്പോലെ അലച്ചു കൂവി എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്‌...മൈ ഫോണ്‍ നമ്പര്‍ ഈസ്‌.....

ആ ചോദ്യം വന്നപ്പോള്‍ ഇനിയും ഉത്തരവും വേണ്ടെ? ചോദ്യം എന്താ?? പിള്ളേരോണം എന്താണു? അതിന്റെ ഐതിഹ്യം അറിയാമോ?

വാമനന്‍ പണ്ട്‌ നമ്മുടെ മാവേലിയെ കാണാന്‍ വന്നത്‌ ഒരു കൊച്ചു പയ്യനായിട്ടാണു. പിന്നെ ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ ഇനി പറയേണ്ടാലോ? രാജ്യം ഭരിച്ചിരുന്ന മാവേലി [മാവ്‌ + എലി] ആയി പാതാളത്തിലേക്ക്‌ പോയി. കലി സഹിക്കാഞ്ഞത്‌ കൊണ്ട്‌ വാമനന്‍ ഒരു ഓഫര്‍ കൂടി കൊടുത്തു. എല്ലാ കൊല്ലവും നാട്ടില്‍ വന്ന് പ്രജകളെ കണ്ടിട്ട്‌ പോടെ എന്ന്.

അങ്ങനെ വര്‍ഷാവര്‍ഷം കേരളത്തില്‍ വരുന്ന മാവേലിയെ സ്വീകരിക്കാന്‍ പിള്ളേരോണം എന്ന ഒരു സംഭവം വെച്ചില്ലായെങ്കില്‍ പിന്നെ മുറ്റത്ത്‌ ഇടുന്ന പൂക്കളം ആരു ഇടും? പൂക്കളത്തിനു ഉള്ള പൂവു ആരു ശേഖരിക്കും? അതിനു ഈ പിള്ളേര്‍ക്ക്‌ ഊഞ്ഞാല്‍ എന്ന ഒരു സാധനം കിട്ടും. ക്രെഡിറ്റ്‌ മൊത്തം വീട്ടുകാര്‍ക്കും.

ഇതൊക്കെ ഇനി വലിയവരുടെ ജോലി അണെങ്കില്‍ ഉം, ഉം പൂവും പൂക്കളവും ഒക്കെ വല്ല ഷാപ്പിന്റെയും മുന്‍പില്‍ കണ്ടെനെ. പിന്നെ "പൂ വിളി പൂ വിളി" കേട്ട്‌ നാട്ടുകാര്‍ കേസ്‌ കൊടുത്തേനെ. അങ്ങനെ ഓണം താറുമാറായേനെ. ഇതൊക്കെ ഒഴിവാക്കാന്‍ ഏതോ ബുദ്ധി ഉള്ളവര്‍ കണ്ട്‌ പിടിച്ചതാണീ പിള്ളേരോണം.

പ്ലീസ്‌ ഇനി ഇത്തരം കഴമ്പില്ലാത്ത ചോദ്യങ്ങളുമായി വരരുത്‌. അല്ല പിന്നെ..

ഓണത്തിനിടയിലല്ലേ പൂട്ട്‌ കച്ചവടം.

സെനു, പഴമ്പുരാണംസ്‌

Typist | എഴുത്തുകാരി said...

കര്‍ക്കിടകമാസത്തിലെ തിരുവോണമാണ് പിള്ളേരോണം. ഐതിഹ്യം അറിയില്ല.

ഓണം ആഘോഷിക്കുകയോ അഘോഷിക്കാതിരിക്കുകയോ ചെയ്യൂ. അതൊന്നും അത്ര വലിയ കാര്യമല്ല. പക്ഷേ ‍അമ്മയേയും അമ്മമ്മയേയും കാണാന്‍ പോയിക്കൂടേ?

മീര അനിരുദ്ധൻ said...

കൊള്ളാംസ് .

Kaithamullu said...

അടുത്ത് തന്നെ മാനുഷരെല്ലാരും ഒന്ന് പോലാകുന്ന ലക്ഷണമാ...(അറ്റ് ലീസ്റ്റ് കേരളീയര്‍)
അസിയാന്‍, ഡ്ബ്ലിയുടീയൊ, മാന്ദ്യങ്ങള്‍, ഉദാരവല്‍ക്കരണങ്ങള്‍...

പിന്നെ പാടാം:
സര്‍ദാര്‍ജി നാട് വാണീടും കാലം....

സോറി, മുരളീ...പുതുവര്‍ഷത്തെ കഴമ്പുള്ള പോസ്റ്റ്!
താങ്ക്സ്!

K C G said...

മുരളിക, നോവിപ്പിച്ചു.
കഴിഞ്ഞവര്‍ഷം ഒരു ഓണപ്പാട്ട് (സന്തോഷങ്ങളും ആഘോഷങ്ങളും മാത്രം ചിത്രീകരിക്കുന്ന) പോസ്റ്റ് ചെയ്തപ്പോള്‍ മുരളിക ‘ഓണം ഇങ്ങനെയൊക്കെയാണോ ചേച്ചീ അവിടേ’ എന്ന് ഒരു സംശയം ചോദിച്ചിരുന്നത് ഇന്നും ഓര്‍മ്മയുണ്ട്. മുരളികയുടെ ആ സംശയം ശരിതന്നെയാണ്. എല്ലാവര്‍ക്കും എല്ലാ ഓണവും ആഘോഷമല്ല. കറുത്തഓണങ്ങള്‍ ആഘോഷിക്കുന്നവരും ഉണ്ട്. എങ്കിലും ഓണക്കാലം എങ്ങനെയൊക്കെ ആയിരിക്കണമെന്ന് ഒരു സ്വപ്നം ഒരാഗ്രഹം നമുക്കെല്ലാവര്‍ക്കും ഉണ്ടല്ലോ.

മുരളികയുടെ ആ നല്ല മനസ്സിനെ പ്രണമിക്കുന്നു. ഒരിക്കലും കൈമോശം വരാതിരിക്കട്ടേ ആ മനസ്സ്.

sangeetha said...

great writing muralika,

exellent style of narration... keep theton..........