Friday, August 21, 2009

ഓണാഘോഷം ചോദ്യം 6

6) ഓണസദ്യയുടെ വിഭവങ്ങള്‍ ഏവ? അതു വിളമ്പേണ്ടത് ഏത് രീതിയിലാണ്?
************************************************************
നിബന്ധനകള്‍:

1) ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ അടുത്ത ദിവസത്തെ മഹാബലി
2) ശരി ഉത്തരം എന്നതിനെക്കാള്‍ ഉത്തരങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ്‌ മാനദണ്ഡം
3) ഈ പരിപാടിയിലെ ഏറ്റവും നല്ല ഉത്തരം പറയുന്ന ആള്‍ ഈ വര്‍ഷത്തെ വാമനന്‍
4) ഉത്തരം എഴുതുമ്പോള്‍ സരസമായി, വിശദീകരിച്ച് എഴുതുക കൂടെ അതുമായി യോജിച്ച കഥയും എഴുതാം.
5) ഉത്തരം അപ്പപ്പോള്‍ ഉള്ള പോസ്റ്റില്‍ കമന്റിനൊപ്പം ഇടാം.
6) വിജയിയായ ബ്ലോഗറുടെ പേരും ഉത്തരവും,
വിജയിയുടെ ബ്ലോഗ് ഡീറ്റയില്‍സും അടുത്ത ദിവസത്തെ ചോദ്യത്തോടൊപ്പം പ്രസിദ്ധിപ്പെടുത്തും.
7) വിവാദപരമായ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല
8) അനോണികള്‍ പങ്കെടുക്കുകയാണെങ്കില്‍ പേര്‌ പരാമര്‍ശിക്കണം.
9) അനോണിയോ ബ്ലോഗില്ലാത്ത വ്യക്തിയോ ശരി ഉത്തരം പറഞ്ഞാല്‍, 'ഇന്നത്തെ മഹാബലി'
എന്നതിനു പകരം 'ഇന്നത്തെ ഓണത്തപ്പന്‍' എന്ന പേരില്‍ വിജയിയെ ചിത്രീകരിക്കും.
10) ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്..
-----------------------------------------------------
ഓണാഘോഷം ചോദ്യം 5
വാമന അവതാരത്തിനു ശേഷമാണ്‌ പരശുരാമ അവതാരം.പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടായി എന്ന് ഐതിഹം.അപ്പോള്‍ മഹാബലി ഏതു രാജ്യത്തിലെ രാജാവായിരുന്നു?
----------------------------------------------------------
കരീം മാഷ്‌,ഇടിവാള്‍,അരുണ്‍ കായംകുളം,കുടിയന്‍,അരുണ്‍ ചുള്ളിക്കല്‍,
വാമദേവന്‍, വീ കെ,തുടങ്ങി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു
-------------------------------------------------------
ഈ പ്രാവശ്യം എല്ലാവരും ചോദ്യത്തില്‍ നിന്നും വഴുതു പോയിരിക്കുന്നു.
രാജ്യം ഏതെന്നായിരുന്നു ചോദ്യം.അരുണ്‍ എഴുതിയത് ശരിയെന്ന് തോന്നാമെങ്കിലും
ഉത്തരം എഴുതിയ രീതി വച്ച് ഇടിവാള്‍ പിന്നെയും മാവേലിയായി


ഇന്നത്തെ മാവേലി
ഇടിവാള്‍
http://itival.blogspot.com/
ITIVAL said...
I THINK MAAVELI WAS THE KING OF KIRGISTHAN..HE ATTACKED NIGER AND CHAD IN BC 1266 AND WAS DEFEATED WHEN HE TRIED TO CONQUER ANTARTICA.HE WAS POISONED TO DEATH DURING THE WAR AGAINST UGANDA, AND LATER BURRIED IN A NORTHERN STATE OF JAMAICA (BRIAN LARA FAME)HE WAS A FAN OF KINGFISHER BEER, AND EVERY YEAR VISIT SOME BEVERAGES CORP OUTLETS IN TEH SOUTHERN STATE OF KERALA. PEOPLE OF KERALA MISTAKE HIM THAT HE VISIT TO SEE THEM, AND THEY MAKE A MESS CALLED KONAM!SORRY FOR ENG.. NO KEYMAN :)WHERE IS MY MAAVELI TAG?



തയ്യാറാക്കിയത്: ആല്‍ത്തറ

6 comments:

റസാകൃഷ്ണ said...

വിഭവ സമൃദ്ധമായ ഊണിനെയാണ്‌ സദ്യ എന്ന് വിളിക്കുന്നത്. അതായത് രുചികളിലെ എല്ലാം [എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ]അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് സദ്യ. സദ്യ സാധാരണയായി സസ്യാഹാ‍രങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും.
വിളമ്പേണ്ടത്‌ വാഴയുടെ, കഴുകിയെടുത്ത നാക്കിലയില്‍ തന്നെയാകണമെന്നു നിര്‍ബന്ധം
നാ‍ക്കിലയുടെ തലഭാഗം ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം.

കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക.
ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക.
പിന്നെ തൊട്ടുകൂട്ടല്‍ കറികളായ അച്ചാര്‍, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയില്‍ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടല്‍ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികള്‍ (അവിയല്‍, തോരന്‍, കാളന്‍, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു. ചാറുകറികള്‍ ചോറില്‍ (നെയ് ചേര്‍ത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാര്‍) ഒഴിക്കുന്നു .
പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവുംചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ.
സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക...
സാമ്പാര്‍‍,അവിയല്‍,തോരന്‍,കാളന്‍,ഓലന്‍,കൂട്ടുകറി,ഇഷ്ടു,പച്ചടി,കിച്ചടി,ഇഞ്ചിപ്പുളി / ഇഞ്ചിക്കറി, അച്ചാര്‍,മാങ്ങാക്കറി,ഉപ്പേരി,ചക്കരവരട്ടി,രസം,പഴം
നെയ്യ്,പരിപ്പ്,പപ്പടം,മോര്..പാലട പ്രഥമന്‍ (അട പ്രഥമന്‍) പഴ പ്രഥമന്‍
‍ചക്ക പ്രഥമന്‍ പരിപ്പ് പ്രഥമന്‍ അരിപ്പായസം
സദ്യയിൽ പായസം കഴിച്ചു കഴിഞ്ഞാണു പല സ്ഥലത്തും തൈർ(അല്ലെങ്കിൽ മോർ)കൂട്ടി കഴിക്കുന്നത്..

ബീരാന്‍ കുട്ടി said...

നല്ല ഒരോണ സദ്യയും പ്രതീക്ഷിച്ച്, അയല്‍ക്കാരന്റെ ഫ്ലാറ്റിലെ ബെല്ലടിച്ചു. ഡൈനിങ്ങ് ടെബിളില്‍ നിരത്തിയ സദ്യയുടെ വിഭവങ്ങള്‍കണ്ട് ഞാന്‍ അതിശയിച്ചൂ.

ഫ്രൈഡ് റൈസ്, മട്ടന്‍ ഗുലാബ്, തന്തൂരി റോട്ടി, സൂപ്പ്. ഡെസെര്‍ട്ട് വെറെയും, പക്ഷെ കുറ്റം പറയരുതല്ലോ, ഓണസദ്യയുടെ പ്രധാന ഐറ്റം, തൂശിയില എന്ന് പണ്ട് പറഞ്ഞിരുന്നത്, ഇപ്പോള്‍, ഇത് പ്ലാസ്റ്റികല്ല, ഇത് പേപ്പറല്ല എന്ന് പറയുന്ന റെഡിമെയ്ഡ് ഇല, അതുണ്ടായിരുന്നു.

വിളമ്പിയ രീതി, മിഡിയും ടോപ്പും ധരിച്ച ചേച്ചി, കാലുറക്കാത്ത ഞങ്ങള്‍ക്ക്, കറങ്ങുന്ന മേശയില്‍, വിത്ത് സ്പൂണ്‍ അന്‍ഡ് ഫോര്‍ക്ക് വിളമ്പിയത് “ഹപ്പി ഓണം”

ഘടോല്‍കചന്‍ said...

പച്ചടി,കിച്ചടി,അവിയല്,തോരന്‍,മാങ്ങാ,ഇഞ്ചി,ഉപ്പേരി,
പപ്പടം,പഴം,പായസം,നാരങ്ങ ഉപ്പിലിട്ടത്,പരിപ്പ്,സമ്പാര്‍,പുളീശ്ശേരി,പച്ചമോര്.......
ഇത്രേയെങ്കിലും വേണം മിനിമം ഒരു ഹോം എഡിഷന്‍ ഓണസദ്യക്ക്.
ബിസിനസ് എഡിഷനോ,എന്റര്‍പ്രൈസ് എഡിഷനോ ആണേങ്കില്‍ വിഭവങ്ങള്‍ കൂട്ടാം.
വെറും ട്രയല്‍ വെര്‍ഷനാണെങ്കി അല്പം ചോറും ചമ്മന്തിയരച്ചതായാലും മതി.

ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടത്തുവശത്തേക്കാരിക്കണം തൂശനിലയുടെ തുമ്പ് വരണ്ടത്.

ഉണ്ണാനിരിക്കുന്ന ആളിന്റെ വലത്തു ഭാഗത്തുനിന്ന് ഇടത്തേക്ക് പച്ചടി,കിച്ചടി,അവിയല്,തോരന്‍,മാങ്ങാ,ഇഞ്ചി എന്ന ക്രമത്തില്‍ ഇലയുടെ മേല്പകുതിയില്‍ വിളമ്പണം.ഇലയുടെ തുഞ്ചത്ത് താഴെപ്പകുതിയിലായി ഇടതു കൈകൊണ്ട് വേണമെങ്കിലും എടുത്തു കഴിക്കാവുന്ന പപ്പടം,ഉപ്പേരി,പഴം എന്നിവ വിളമ്പണം.

ആദ്യം വിളമ്പുന്ന ചോറിന്റെ പകുതി പരിപ്പും പപ്പടവും കൂട്ടിക്കഴിക്കണം,അടുത്ത പകുതി സമ്പാറു കൂട്ടിയും.

അടുത്തത് പായസമാണ. ഇതുവരെ കഴിച്ചതൊക്കെ ഒന്നോതുങ്ങാനും അടുത്ത ട്രിപ്പിന് ചോറുകൂടുതല്‍ തട്ടാനുമുള്ള ഒരിടപാടാണിത്.പായസത്തിന്റെ പിന്നാലെ നാരങ്ങയും വിളമ്പണം.
പായസം ചെടിക്കാതിരിക്കാന്‍ ഇടക്കിടെ നാരങ്ങ ഉപ്പിലിട്ടത് നാക്കിന്റെ മര്‍മ്മത്ത് ആവശ്യാനുസരണം തേച്ചുകൊടുക്കാവുന്നതാണ്.

പായസം കഴിഞ്ഞാല്‍പ്പിന്നെ അല്പം ചോറ്, അത് പുളിശ്ശേരിയും പച്ചമോരും ചേര്‍ത്ത് പിടിപ്പിക്കാം. ഇതോടുകൂടി സംഗതി ശുഭം.


മധ്യതിരുവിതാംകൂര്‍ ഭാഗത്ത് നിലവിലുള്ള ഒരു രീതിയാണിത്. പക്ഷെ സദ്യയുടെ കാര്യത്തില്‍ കൃത്യമായി ഒരു ശൈലി പറയുക ബുധിമുട്ടാണ്. പലയിടങ്ങളിലും പലരീതിയാണ് നിലവിലുള്ളത്.

കണ്ണൂരൊക്കെ ചിക്കനാണ് ഓണം സ്പെഷ്യല്‍ എന്നാണ് കേട്ടിട്ടുള്ളത്.

“ഓണം വന്നാലും ഉണ്ണിപിറന്നാലും കോഴിക്ക് കെടക്കപ്പൊറുതിയില്ലെന്നു” പറഞ്ഞാമതിയല്ലൊ.

Unknown said...

ഇതിത്തിരി ഈസിയായിപ്പോയി കേട്ടാ...ദാണ്ടേ കിടക്കുന്ന് ഉത്തരം



ഓണത്തപ്പാ കുടവയറാ

നാളേപ്പിറ്റേ പൊന്നോണം

ഓണത്തപ്പാ കുടവയറാ

തിരുവോണക്കറി എന്തെല്ലാം?

ചേനത്തണ്ടും ചെറുപയറും

ചെരട്ടപൊട്ടിച്ചുപ്പേരീം



ഇതില്‍ കൊള്ളാവുന്ന ചേനത്തണ്ടന്മാരെ ഷാപ്പു പടിക്കലോ ചക്കരപ്പറമ്പിലോ, വെട്ടുകുഴിയിലോ നിന്നു കണ്ടെത്താവുന്നതാണു. രാജവെമ്പാലകളും, അണലി, ചേര, വളവളപ്പന്‍, കരിമൂര്‍ഖന്‍ ഇങ്ങനെ വളഞ്ഞൊടിഞ്ഞു വഴിയരികില്‍ കിടക്കുന്ന ഏതൊരൈറ്റത്തേയും ചേനത്തണ്ടിനു പകരം ഉപയോഗിക്കാം. ചെറുപയര്‍ വലിയ പ്രശ്നമില്ലാതെ സംഘടിപ്പിക്കാം. ഒരഡ്ജസ്റ്റ്മെന്റെന്ന നിലയില്‍ വന്‍പയര്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. കഴിച്ചതിനു ശേഷം വരുന്ന ചില അസൌകര്യങ്ങള്‍ ഒഴിവാക്കാനാണിത്.



ചെരട്ടപൊട്ടിക്കുമ്പോ സുക്ഷിക്കണം. നല്ലമുട്ടുകാലു ചിരട്ട തന്നെ വേണം. ഒരോണത്തല്ലു നടത്തി ആ​വശ്യത്തിനു ചിരട്ട സംഘടിപ്പിക്കാവുന്നതാണു. അടികിട്ടുന്നവരുടെ കൂട്ടത്തില്‍, “എന്റെ ചെരട്ടക്കണ്ണിലപ്പാ“ എന്നു വിളിച്ചു കരയുന്നവരുണ്ടെങ്കില്‍ അവരെ പ്രത്യേകം സ്കെച് ചെയ്യാവുന്നതാണു.



വിളമ്പുന്ന വിധം

ചേനത്തണ്ടനെ മകുടിയൂതി വേണം ഇലയുടെ ഒരു മൂലക്കിരുന്നത്താന്‍. അല്പം ആട്ടം കൂടുതലുള്ള ഇനമാണേല്‍ ഒരു ഗ്ലാസോ അച്ചാറു കുപ്പിയോ സപ്പോര്‍ട്ടായി വെക്കാവുന്നതാണു. പയറ് ആവശ്യമുള്ളമാതിരി കോരിയെടുക്കാന്‍ വിടുക. ഇനി അതിന്റെ പേരില്‍ ഒരു തര്‍ക്കം വേണ്ട. വലതുമാറി ഇടം മറിഞ്ഞു ഓതിരത്തിലമര്‍ന്നു കടകമൊഴിഞ്ഞു ഒന്നോ രണ്ടെല്ലുളുക്കി പണ്ടാരമടങ്ങി ബാക്കിയുണ്ടേല്‍ ചെരട്ടപൊട്ടിച്ചുപ്പേരി വിളമ്പാം.

എപ്പടി...

ബൈ ദ ബൈ റസായുടെ ഉത്തരം നന്നായി. നല്ല അറിവ്. പറഞ്ഞുതന്ന രീതിയും നന്നായി.

ബിന്ദു കെ പി said...

ഓണസദ്യയുടെ വിഭവങ്ങൾക്ക് പ്രാദേശികമായ വ്യത്യാസങ്ങൾ ധാരാളമുണ്ട്. എന്റെ അമ്മയുടെ ഒരു കൂട്ടുകാരി ഓണസദ്യയ്ക്ക് ചിക്കൻ‌കറി വയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് സദ്യയിലെ വിഭവങ്ങൾ എന്തായിരിയ്ക്കണം എന്ന് ആധികാരികമായി പറയാൻ കഴിയില്ല.

എങ്കിലും പൊതുവായ ചില കാര്യങ്ങൾ പറയാം...

സദ്യയിലെ വിഭവങ്ങളുടെ എണ്ണം അവരവരുടെ ഇഷ്ടവും സാമ്പത്തികസ്ഥിതിയുമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എന്നാൽ അടിസ്ഥാനപരമായി ഒരു സദ്യയ്ക്ക് ‘നാലും വച്ചത്’ നിർബന്ധമാണ്. അതായത് കാളൻ, ഓലൻ, എരിശ്ശേരി, ഇഞ്ചിത്തൈര് (ഇഞ്ചിത്തൈര് നൂറ്റൊന്നു കറികൾക്കു സമാനമാണ്. വരരുചിയുടെ കഥ ഓർക്കുക) എന്നീ നാലു വിഭവങ്ങളാണ് ഒരു സദ്യയിൽ ഒഴിച്ചുകൂടാനാവാത്തത്. ഇവയും, ഉപ്പിലിട്ടതും(അച്ചാർ), പപ്പടവുമുണ്ടെങ്കിൽ ഒരു സദ്യയുടെ അടിസ്ഥാനമായി.

പിന്നെയുള്ളതെല്ലാം വിഭവസമൃദ്ധിയ്ക്കുവേണ്ടിയുള്ള കൂട്ടിച്ചേർക്കലുകളാണ്. അത് എത്രവേണമെങ്കിലും ആകാം.

സദ്യ ചെറുതായാലും വലുതായാലും തൂശനില നിർബന്ധം. തൂശനിലയുടെ തുമ്പ് ഉണ്ണുന്ന ആളിന്റെ ഇടതുവശത്തായിരിയ്ക്കണം.

വിളമ്പുന്ന വിധം ഇലയുടെ ഇടത്തുനിന്ന് വലത്തോട്ട്:

ഇടത്തേഅറ്റത്ത് മുകൾഭാഗത്തെ മൂലയിൽ ഉപ്പിലിട്ടതും(നാരങ്ങാ അച്ചാർ, മാങ്ങാ‌അച്ചാർ, പുളിയിഞ്ചി), ഇഞ്ചിത്തൈരും.

ഇടത്തേയറ്റത്ത് താഴെയായി കായ വറുത്തത്, ശർക്കരപുരട്ടി, പഴംനുറുക്ക് എന്നിവ വച്ചശേഷം അവയുടെ മീതെ പപ്പടം.

മുകൾഭാഗത്ത് ഇടത്തുനിന്ന് വലത്തോട്ട് യഥാക്രമം തോരൻ,പച്ചടിയുണ്ടെങ്കിലത്, അവിയൽ, ഓലൻ, എരിശ്ശേരി.

വലതുവശത്ത് എരിശ്ശേരിയുടെ താഴെയായി കാളൻ.

നെയ്യും പരിപ്പുമുണ്ടെങ്കിൽ കാളനും താഴെ.

ഇത്രയും വിഭവങ്ങൾ ചോറ് വിളമ്പുന്നതിനു മുമ്പായി വിളമ്പിയിരിയ്ക്കണം
ശേഷം ഇലയുടെ നടുക്കായി ചോറ്. സാമ്പാർ ചോറിനു മീതെ ഒഴിയ്ക്കണം.

ഊണ് പകുതിയായാൽ പായസം, അതിനുശേഷം തൈരോ രസമോ കൂട്ടി ഊണു പൂർത്തിയാക്കുക എന്നതാണ് പൊതുസ്ഥലങ്ങളിൽ സദ്യയുടെ രീതിയെങ്കിലും വീടുകളിൽ അങ്ങിനെ പതിവുണ്ടോ എന്ന് സംശയമാണ്. ഏതായാലും ഞങ്ങളുടെ വീട്ടിൽ ഊണു മുഴുവൻ പൂർത്തിയായശേഷം പായസം വിളമ്പുകയാണ് പതിവ്.

കൂട്ടത്തിൽ ഒരു കാര്യം കൂടി: പണ്ടുകാലത്ത് ഞങ്ങളുടെ വീട്ടിൽ ഓണത്തിന് പായസം വയ്ക്കുന്ന പതിവില്ലായിരുന്നു. മധുരത്തിന് പഴംനുറുക്ക് കഴിയ്ക്കുകയാണ് ചെയ്തിരുന്നത്.

Manoj മനോജ് said...

തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറികളും ആന്ദ്രയില്‍ നിന്ന് അരിയും പഞ്ചാബില്‍ നിന്ന് സോറി ഇപ്പോള്‍ തായ്ലണ്ടില്‍ നിന്നാണെന്ന് തോന്നുന്നു പഞ്ചസാരയും, പരിപ്പും, ശ്രീലങ്കയില്‍ നിന്ന് തേങ്ങയും, വെളിച്ചെണ്ണയും, പിന്നെ എവിടെ നിന്നെങ്കിലും വാഴയിലയും ലഭിച്ചാല്‍ കേരളിയര്‍ക്ക് ഓണം ആഘോഷിക്കാന്‍ തുടങ്ങാം എന്നതാണല്ലോ ഇന്നത്തെ അവസ്ഥ.

എങ്കിലും വിഷമിക്കാനില്ല. റെഡി ടു ഈറ്റ് ഓണകിറ്റ് ഉണ്ടാല്ലോ... അത് ഒരെണ്ണം വാങ്ങുക. എല്ലാ സാധനങ്ങളും അതില്‍ ഉണ്ടാകും. ചൂടാക്കിയതിന് ശേഷം അതെല്ലാം കൂടി ഒരു പേപ്പര്‍ വാഴയിലയില്‍ കുടഞ്ഞിടുക. കിറ്റില്‍ നിന്ന് ഏതാണ് ആദ്യം ഇലയില്‍ വീഴുന്നത് എന്നത് അനുസരിച്ചിരിക്കും ആദ്യം ഏത് വിളമ്പുകയെന്നത്. ഇനി പേപ്പര്‍ ഇലയില്‍ വീണ സാധനങ്ങള്‍ എല്ലാം നല്ല വണ്ണം കുഴച്ച് ശാപ്പിടുക...

ബിവറേജസിന്റെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ എവിടെന്നാണ് ഫ്രെഷ് സാധനങ്ങള്‍ വാങ്ങി പാചകം ചെയ്യുവാന്‍ നേരം?