Friday, August 28, 2009

ഓണത്തിന്റെ നഷ്ടം! ഓണത്തിന്റെ കഷ്ടം!!

“ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍”

അതെ. ഇത്തവണ ഈ ആല്‍ത്തറയിലിരുന്ന് ഓണമാഘോഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതൊരു ഭാഗ്യമായും ഞാന്‍ കരുതുന്നു. സൌഹൃദത്തിന്റെ തണലില്‍ സ്നേഹത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഇവിടെയിരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നന്മയുടെ പൂക്കള്‍ ധാരാളമായി വിരിയുന്നത് ഞാന്‍ കാണുന്നു. ആ പൂക്കള്‍കൊണ്ട് ഈ ആല്‍ത്തറയില്‍ നമുക്കൊരു കളമൊരുക്കാം. അവയില്‍ നിന്ന് സ്നേഹത്തിന്റെ സൌരഭ്യമുയരട്ടെ. ചങ്ങാത്തത്തിന്റെ നനുത്ത മഞ്ഞുകണങ്ങള്‍ വീഴ്ത്തി നമുക്കാപൂക്കളത്തിന് അമരത്വം നല്‍കാം.

ഓണം നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് തോന്നുന്നില്ലേ?. എതിര്‍പ്പുള്ളവരുണ്ടാവാം, എങ്കിലും എനിക്കു തോന്നുന്നു ഇപ്പോള്‍ ഓണത്തെ ഏറ്റവും നന്നായി അറിയുന്നതും അനുഭവിക്കുന്നതും പ്രവാസി മലയാളികളാണെന്നാണ്. എന്റെ സ്കൂള്‍ കാലങ്ങളില്‍ ഞാന്‍ ഹിന്ദിക്ലാസ്സില്‍ ‘ ഓണം കേരളീയോ കാ എക് ദേശീയ് ത്യോഹാര്‍ ഹേ..’ എന്ന് തുടങ്ങുന്ന ഓണത്തെക്കുറിച്ചുള്ള ഉപന്യാസം പഠിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ പുതുതലമുറ ‘ഓണം, പ്രവാസി മലയാളിയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ ‘ എന്ന രീതിയില്‍ ഉപന്യാസം പഠിക്കേണ്ടി വരുമെന്ന് തോന്നുന്നു. സിലബസ് അനുവദിച്ചാല്‍.

ഞാനിത് പറയാന്‍ കാരണമുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയിലിരുന്ന് ഇതെഴുതുമ്പോള്‍ തിരുവോണത്തിന് ഇനി വെറും മൂന്ന് നാളുകള്‍ മാത്രം. ഇവിടെ ഓണമെത്തിയിട്ടില്ല. പ്രകൃതി പോലും ഓണത്തെ സ്വീകരിച്ചുതുടങ്ങിയിട്ടില്ല. നേര്‍ത്ത വെയിലും ശക്തമായ കാറ്റും തുമ്പികളും ശലഭങ്ങളും പൂക്കളുമൊക്കെ ഓണത്തിനു മുന്നോടിയായി വരുമായിരുന്നു. ഇന്നതില്ല.

ആകെ ഓണത്തിന്റെ സാന്നിദ്ധ്യം അറിയുന്നത് അച്ചടി,ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെ മാത്രം. ഞാനടക്കം പരസ്യരംഗത്ത് ജോലി ചെയ്യുന്നവരാണ് ഉപജീവനത്തിനായി ഇപ്പോള്‍ ഓണത്തെ കൃത്രിമമായി സൃഷ്ടിക്കുന്നത്. പ്രകൃതിപോലും കൈയ്യൊഴിഞ്ഞ ഓണം. പരസ്യക്കാര്‍ കൃത്രിമശ്വാസോച്ഛ്വാസം നല്‍കി ‘ഉപഭോക്താക്കളെ’ വഞ്ചിക്കാനായി പുനര്‍‌സൃഷ്ടിക്കുന്ന ഓണം.

പരസ്യക്കാരനെന്ന നിലയില്‍ എനിക്കു തോന്നുന്നു ‘കാണം വിറ്റും ഓണം ഉണ്ണണമെന്ന് ’ പ്രസ്താവിച്ച ആ മഹത് വ്യക്തിയാവാം ഏറ്റവും വലിയ കോപ്പി റൈറ്റര്‍ എന്ന്. മലയാളക്കരയിലെ ദരിദ്രനാരായണന്മാര്‍ അതനുസരിച്ച് ഉള്ളതു വിറ്റും ഓണമാഘോഷിച്ചു. ആര്‍ക്ക് നഷ്ടം? ഇനി ആരും അങ്ങിനെ ചെയ്യാന്‍ മുതിരരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ ഓണം ഉള്ളവന്റേതാണ്. ഉള്ളവര്‍ ഇല്ല്ലാത്തവന്റെ കൈയ്യിലുള്ളത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആഘോഷമാണ് ഓണം.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെ നിങ്ങളൊന്ന് നടന്നാല്‍ കാണാം - ‘ഓണ സദ്യ വെറും 151 രൂപയ്ക്ക്. ടാക്സ് എക്സ്ട്രാ ‘ എന്ന പരസ്യം . ടാക്സ് കൊടുത്ത് ഓണസദ്യ കഴിക്കാനൊരു അവസരം മുന്തിയ ഹോട്ടലുകള്‍ നമുക്ക് തരുന്നു. ഡിസ്കൌണ്ട്, ഓഫര്‍ എന്നീ വാക്കുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ഈ കാലത്തുതന്നെ. എല്‍.സി.ഡി, പ്ലാസ്മ ടിവി-യടക്കം കെയര്‍ഫ്രീ ഐറ്റങ്ങള്‍ക്ക് വരെ ഡിസ്കൌണ്ട്. ഓണമെന്നാല്‍ ഷോപ്പിങ്ങ്. പൂക്കളമെന്നാല്‍ വിമന്‍സ് ക്ലബ്ബിന്റെ കീഴില്‍ നടത്തുന്ന മത്സരം. പൂക്കള്‍ തമിഴന്മാര്‍ നമുക്കു നല്‍കും. അതിന് എക്സ്ട്രാ ടാക്സ് ഈടാക്കുന്നോയെന്ന് അറിയില്ല. മഹാ‍ബലി അന്താരാഷ്ട്ര കമ്പനികളുടെ അടക്കമുള്ള ‘ബ്രാന്‍ഡ് അമ്പാസിഡര്‍ ‘ മാത്രം. മലയാളികള്‍ക്ക് ഇനി മഹാബലിയില്‍ അവകാശമില്ല.

ഒക്കെ പോട്ടെ, എന്തായിരിക്കും ഈ ഓണത്തിന്റെ ഏറ്റവും വലിയ നഷ്ടം എന്ന് ചിന്തിച്ചിച്ചിട്ടുണ്ടോ?. എന്റെ തോന്നല്‍ മാധവിക്കുട്ടിയുടെ അഭാവമാവും ഈ ഓണം നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്ന്. ഞാന്‍ ജനിച്ച് ഇന്നേവരെ ഈ ലോകത്തില്‍ മാധവിക്കുട്ടിയില്ലാത്ത ഒരോണവും ഉണ്ടായിരുന്നില്ല. അവരുടെ കഥകളോ ഓര്‍മ്മക്കുറിപ്പുകളോ ഇല്ലാത്ത ഒരോണപ്പതിപ്പും ഉണ്ടായിരുന്നുമില്ല. സ്വര്‍ണ്ണവര്‍ണ്ണം വിതറുന്ന വെയിലും കാറ്റും പൂക്കളും ശലഭങ്ങളും തുമ്പികളുമൊന്നും ഇല്ലാതിരിക്കുന്നതിന്റെ കാരണവും ആ മഹതിയുടെ അഭാവംകൊണ്ടാവാ‍മെന്ന് വെറുതെ നമുക്ക് ചിന്തിക്കാം. എത്രയോ പ്രതിഭാധനന്മാരായ ആള്‍ക്കാരാണ് ഈ ഓണം കൂടാന്‍ നില്‍ക്കാതെ കടന്നുകളഞ്ഞത്. അവരുടെയൊക്കെ ഓര്‍മ്മകളില്‍ മനോഹരമായ ഓണക്കാലങ്ങളുണ്ടായിരുന്നു. അവരോടുകൂടി നഷ്ടപ്പെടുന്നത് ഓണത്തിന്റെ ഓജസ്സാണ്. അവശേഷിക്കുന്നത് കച്ചവട താല്പര്യങ്ങള്‍ നിറഞ്ഞ, കുത്തകകമ്പനികളുടെ കീശ വീര്‍പ്പിക്കാന്‍ പരസ്യക്കാര്‍ പടിച്ചുവിടുന്ന നിര്‍ജ്ജീവമായ ഓണം മാത്രം. വരും വര്‍ഷങ്ങളില്‍ നമുക്കത് തീര്‍ത്തും ബോധ്യമാവും. അതുതന്നെയാണ് ഓണത്തിന്റെ കഷ്ടവും.

എനിക്ക് സംശയം. മഹാബലി ഇനി വരിക കേരളത്തിലേയ്ക്കാവില്ലേ?. പ്രവാസിമലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താവും ഇനി അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്ന് ഞാന്‍ വിചാരിക്കുന്നു. സ്വര്‍ണ്ണവെയിലും കുളിര്‍കാറ്റും തുമ്പിയും ശലഭങ്ങളുമൊക്കെ ഓരോ പ്രവാസിമലയാളികളെയും തേടിപോയിട്ടുണ്ടാവും. ഓണം ഇനി പ്രവാസ മനസ്സുകളില്‍ മാത്രമാവും. കേരളീയര്‍ ‘കാരി സതീഷിന്റെയും ഗുണ്ടുകാട് സാബുവിന്റെയും ഓം പ്രകാശിന്റെയും കേരളത്തിന്റെ സ്വന്തം ‘ഗുണ്ടി’യായ ശോഭാ ജോണിന്റെയുമൊക്കെ‘ വികൃതികള്‍ വായിച്ചു രസിച്ചു കഴിയട്ടെ. മഹാബലിയ്ക്ക് ‘പാതാളം മാവേലി’യെന്ന വിളിപ്പേര്‍ വീഴും മുന്‍പേ അദ്ദേഹം ഈ നാടും വിടട്ടെ.

എല്ലാവര്‍ക്കും നന്മവരണമേയെന്ന ആഗ്രഹത്തോടെ ആര്‍ക്കും ഓണാശംസകള്‍ നേരാതെ ഞാന്‍ മടങ്ങുന്നു. നാളെ ഒരു ചുരിദാര്‍ കമ്പനിയ്ക്കുള്ള ഓണപ്പരസ്യം തീര്‍ക്കേണ്ടതുണ്ട്. ഡിസ്കൌണ്ടുകളുടെ പൊടിപൂരത്തോടെ....


മനസ്സിലൊരു ഓര്‍മ്മത്തുമ്പി :

കുഞ്ഞുന്നാളില്‍ കൂട്ടുകാരുമൊത്ത് പൂപറിക്കാന്‍ പോവുന്ന സുന്ദരകാലം എന്റെ ഓര്‍മ്മയിലുണ്ട്. അതൊരു വാശിയേറിയ മത്സരം കൂടിയാണ്. കൂടുതല്‍ പൂ പറിക്കുന്നവര്‍ വിജയി. പെണ്‍കുട്ടികള്‍ക്ക് എത്തിവലിഞ്ഞാല്‍ കിട്ടാത്ത ഉയരങ്ങളില്‍ നില്‍ക്കുന്ന പൂക്കള്‍, നിക്കറിട്ട ഞങ്ങള്‍ ‘ പുരുഷന്മാര്‍’ പറിച്ചുകൊടുക്കും. ആരാധനയുടെ പുഷ്പങ്ങള്‍ അവരുടെ കണ്ണുകളില്‍ വിരിയുന്നത് കൌതുകത്തോടെ ഞങ്ങള്‍ അനുഭവിക്കും. പൂപറിക്കുന്നതിനിടെ രേവതിക്കുട്ടിയെന്ന സുന്ദരിക്കുട്ടിയുടെ വിരലില്‍ ഒരു മുള്ളുകൊണ്ടു. അവളുടെ നീണ്ടു മെലിഞ്ഞ ചന്ദനനിറമുള്ള വിരലിന്റെ അറ്റത്ത് കടുകുമണിയോളം വലിപ്പത്തില്‍ രക്തത്തിന്റെ ഒരു കുമിള. ഞാനാ‍ കുമിള എന്റെ ചുണ്ടുകള്‍കൊണ്ട് പൊട്ടിച്ചെടുത്തു. അവളുടെ കണ്ണുനീരൊപ്പി. ധാരാളം പൂക്കള്‍ പറിച്ച് അവളുടെ കൂട നിറച്ചു. അന്ന് ഏറ്റവും പൂക്കള്‍ കിട്ടിയത് രേവതിക്കുട്ടിയ്ക്കാണ്. സ്വാഭാവികമായും ഏറ്റവും കുറവ് എനിക്കും. പക്ഷേ, പിരിയുമ്പോള്‍ അവള്‍ എന്റെ കവിളില്‍ സ്നേഹത്തോടെ ഒരുമ്മ തന്നു. ഇന്നും അതെന്റെ കവിളില്‍ പൂത്തുനില്‍ക്കുന്നു.

രേവതീ, നീ ഇത് വായിക്കുന്നുണ്ടാവുമോ‍? നീ നല്‍കിയ ആ ഉമ്മ ഇന്നും ഞാന്‍ എന്റെ കവിളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് നീ അറിയുക. പ്രണയത്തിന്റെയും കാമത്തിന്റെയും കറപുരളാത്തൊരു ഉമ്മ. എന്റെ മകന് അങ്ങനെയൊരു ഓണക്കാലം കിട്ടില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്. നിന്റെ മകള്‍ക്ക് സുഖമല്ലേ? നീ അവള്‍ക്ക് പറഞ്ഞുകൊടുക്കുക നമ്മൂടെ ഓണക്കാലത്തേക്കുറിച്ച്.

19 comments:

Pongummoodan said...

ഓണത്തെക്കുറിച്ച് ചിതറിയ ചില ചിന്തകള്‍ ഞാന്‍ പങ്കുവയ്ക്കട്ടെ...

സ്നേഹപൂര്‍വ്വം
പോങ്ങു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഓണം കേരളീയോ കാ എക് ദേശീയ് ത്യോഹാര്‍ ഹേ..’ എന്ന് തുടങ്ങുന്ന ഓണത്തെക്കുറിച്ചുള്ള ഉപന്യാസം പഠിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ പുതുതലമുറ ‘ഓണം, പ്രവാസി മലയാളിയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ ‘ എന്ന രീതിയില്‍ ഉപന്യാസം പഠിക്കേണ്ടി വരുമെന്ന് തോന്നുന്നു

പോങ്ങൂ...ഇതു സംഭവിക്കാതിരിക്കട്ടെ..ടി,വി ചാനലുകാരും, തുണിക്കടക്കാരും,സ്വർണ്ണക്കടക്കാരും പങ്കിട്ടെടുത്ത ഓണത്തിനെ വരും തലമുറക്കായി അല്പമെങ്കിലും അവശേഷിപ്പിക്കാൻ നമുക്ക് സാധിക്കുമോ?

ആ ഉമ്മ ഇന്നും ഞാന്‍ എന്റെ കവിളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് നീ അറിയുക. പ്രണയത്തിന്റെയും കാമത്തിന്റെയും കറപുരളാത്തൊരു ഉമ്മ. എന്റെ മകന് അങ്ങനെയൊരു ഓണക്കാലം കിട്ടില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്. നിന്റെ മകള്‍ക്ക് സുഖമല്ലേ? നീ അവള്‍ക്ക് പറഞ്ഞുകൊടുക്കുക നമ്മൂടെ ഓണക്കാലത്തേക്കുറിച്ച്.

പോങ്ങൂ..ഇതു ശരിക്കും ഹൃദയത്തിൽ കൊണ്ടു...നീയെങ്ങനെ ഇത്ര കൃത്യമായി അതെഴുതി ?

അരവിന്ദ് :: aravind said...

ഇപ്രാവശ്യത്തെ ഓണത്തിനെ സമ്പുഷ്ടമാക്കാന്‍.......
ഇതാ വന്നെത്തി..........
ഓണത്തപ്പനെ വരവേല്‍‌ക്കാന്‍........
പൂത്തുമ്പികളുടെ കൂടെ പാറി നടക്കാന്‍.........
ജനങ്ങളുടെ മാറീല്‍ പൂക്കള*മിടാന്‍...............

പന്നിപ്പനി!
100% ഗ്യാരന്റി! വന്നാല്‍ കൊണ്ടേ പോകൂ!

ഈ ഓഫര്‍ നിശ്ചിതകാലത്തേക്ക് മാത്രം.
* - റീത്ത്

ബിന്ദു കെ പി said...

പൊങ്ങുമ്മൂടനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ....

ഓണാഘോഷങ്ങളുടെ നന്മ, വിശുദ്ധി, മനോഹാരിത എന്നിവയ്ക്കൊക്കെ മങ്ങലേറ്റിട്ടുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ ‘ഇന്ന് പ്രകൃതി പോലും കയ്യൊഴിഞ്ഞു’ എന്ന് പറയാൻ പറ്റുമോ? നമ്മളല്ലേ പ്രകൃതിയ്ക്ക് പുറം തിരിഞ്ഞുനിൽക്കുന്നത്?

എനിയ്ക്കു തോന്നുന്നത് ഓണാഘോഷത്തിന്റെ പഴമ (ഒരു പരിധിവരെയങ്കിലും) ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ്.
പരീക്ഷാത്തിരക്കിനിടയിലും തുമ്പപ്പൂവും മുക്കൂറ്റിയുമൊക്കെ സംഘടിപ്പിയ്ക്കാൻ ഓടിനടക്കുന്ന കുട്ടികളെ അമ്പലമൈതാനത്ത് എന്നും കാണാറുണ്ട്. ചാണകം മെഴുകിയ തറയിൽ നാട്ടുപൂക്കൾ കൊണ്ട് പൂക്കളമൊരുക്കിയ മുറ്റങ്ങൾ ഇപ്പോഴും ഉണ്ട്.

പൊൻ‌വെയിലിനോടും ചാറ്റൽമഴയോടും കാറ്റിനോടും പൂക്കളോടും ശലഭങ്ങളോടും തുമ്പികളോടുമൊക്കെ ദാ, ഇന്നും‌കൂടി ഞാൻ കുശലം പറഞ്ഞിരുന്നു. :)

മാണിക്യം said...

മലയാളിയുടെ ഓണം ..
ഓണത്തോളം മലയാളിയെ നാടിനോടടൂപ്പിക്കുന്ന
മറ്റൊരു ആഘോഷമില്ല..
ചൊവ്വാ ബുധന്‍ വ്യാഴം വെള്ളി
പ്രവര്‍‌ത്തി ദിവസങ്ങള്‍ ..
എന്നാലും ഇവിടെ നാടിന്റെ മധുരസ്മരണ
നെഞ്ചിലേറ്റുന്ന മലയാളി കൂട്ടം കൂടുകയാണ്
മലയാള സമാജത്തിന്റെ കൂടാരത്തില്‍
350 പേര്‍ ഒത്തു ഒരു സദ്യ.
എല്ലാം അംഗങ്ങള്‍ ചേര്‍ന്ന് ആണു പാചകം ചെയ്യുന്നത്

ഈ നേരമൊക്കെ അങ്ങ് നാട്ടില്‍
പണ്ട് പൂപറിക്കാന്‍ പോയതും
പൂക്കളമിട്ടതും
മരകമ്പില്‍ ഊഞ്ഞാല്‍ കെട്ടിയാടിയതും
പുലികളിയും വള്ളം കളിയും .....

ഓര്‍മ്മ ഈ ചുറ്റു വട്ടം മുഴുവന്‍
കൊതി പിടിപ്പിക്കുന്ന് ഓര്‍മ്മകളുടെ സുഗന്ധം പരത്തും.

ശരിക്കും മാവേലി വന്നിറങ്ങും
സ്വപ്ന തുല്യമാണു ഇവിടെ ഓണം
മുണ്ടൂം പട്ടു പാവടയും കസവ് സരിയും തൂശനിലയും നിറപറയും നിലവിളക്കും
കൈ കൊട്ടിക്കളിയും എല്ലാമായി ഒരു വാരാന്ത്യം .. ഓണം ...
ഒരു ദിവസത്തെക്ക് എങ്കിലും
മാവേലിയുടെ പ്രജയായി ജീവിക്കുന്നത്
ഒറ്റക്കല്ലാ എന്ന തോന്നല്‍ ...
ഇന്നി ആല്‍ത്തറയിലും
ഓണം ഈ പ്രതീതി തന്നെ തരുന്നു..
ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍
ആക്കിയതിനു നന്ദി പോങ്ങുമ്മുടാ

പാവപ്പെട്ടവൻ said...

നാളെ ഒരു ചുരിദാര്‍ കമ്പനിയ്ക്കുള്ള ഓണപ്പരസ്യം തീര്‍ക്കേണ്ടതുണ്ട്. ഡിസ്കൌണ്ടുകളുടെ പൊടിപൂരത്തോടെ....
അങ്ങനെ അവിടെയും ഓണതല്ലു തുടങ്ങിയല്ലേ

jayanEvoor said...

നന്ദി പോങ്ങുമ്മൂടാ...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു!

ബാല്യത്തിന്റെ കുസ്രിതിയും വിശുദ്ധിയും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൈമോശം വന്നു കഴിഞ്ഞു....

അതിനുത്തരവാദികള്‍ അവര്‍ അല്ലെ അല്ല...
പിന്നെ ?
ഉത്തരം എല്ലാവര്ക്കും അറിയാം!

കുടവാളികള്‍ നാം തന്നെ!

Unknown said...

pongs u said it..



പ്രണയത്തിന്റെയും കാമത്തിന്റെയും കറപുരളാത്തൊരു ഉമ്മ...........

viswasichu..............:)

Pongummoodan said...

“നീയെങ്ങനെ ഇത്ര കൃത്യമായി അതെഴുതി ?“
സുനിലേട്ടാ, എഴുതുകയായിരുന്നില്ല. സത്യത്തിൽ മനസ്സിലുണ്ടായിരുന്നതിനെ പകർത്തീഴുതുകയായിരുന്നു.


അരവിയേട്ടാ,
ഇതാണ് പരസ്യം. കലക്കി :)

ബിന്ദു,
അങ്ങനെയെങ്കിൽ സന്തൊഷം. ഞൻ തോറ്റിരിക്കുന്നു. :)
തിരോന്തോരത്തുനിന്നുള്ള കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് ഞാനിതുകുറിച്ചത്. തെറ്റാവാം. നാറ്റ്ടിലേയ്ക്ക് പോവുന്നുണ്ട്. നോക്ക്കട്ടെ അവിടമെങ്ങനെയെന്ന് ..

മാണിക്യം ചേച്ചി,
ആസ്വദിച്ചുവെങ്കിൽ സന്തോഷം.

ജയേട്ടാ,
കുറ്റം നമ്മുടേതുതന്നെയാണ്.

മാലോത്തേ,
നിന്റെ വിശ്വാസത്തിന് അവിശ്വാസത്തിന്റെ നിറമാണ്:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെ നിങ്ങളൊന്ന് നടന്നാല്‍ കാണാം - ‘ഓണ സദ്യ വെറും 151 രൂപയ്ക്ക്. ടാക്സ് എക്സ്ട്രാ ‘ എന്ന പരസ്യം . ടാക്സ് കൊടുത്ത് ഓണസദ്യ കഴിക്കാനൊരു അവസരം മുന്തിയ ഹോട്ടലുകള്‍ നമുക്ക് തരുന്നു.


ഇത്തരം ഒരു ഹോട്ടലിൽ ഓണ സദ്യ ഉണ്ട കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...!

ഏറനാടന്‍ said...

പോങ്ങൂ.. നല്ല ഓണോര്‍മ്മകള്‍.. മനസ്സിലെന്നും തങ്ങും പോങ്ങൂസ് കുറിപ്പ്.. ആല്‍ത്തറ നിവാസികള്‍ക്ക് ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

മുള്ളൂക്കാരന്‍ said...

പോങ്ങേട്ടാ... നഷ്ട്ടപ്പെട്ടു പോയ ഓണത്തിന്റെ വിശുദ്ധിയും ഓര്‍മ്മകളും ഓരോ മലയാളിയുടെയും മനസ്സിലുണ്ടാകും. നന്മനിറഞ്ഞ, മനസ്സില്‍ കറപുരളാത്ത ബാല്യകാലതിനൊപ്പം നഷ്ട്ടപ്പെട്ടത്‌...ഓണം മാത്രമല്ല , മറ്റുപലതുമാണ്. ഞാനടക്കമുള്ള മലയാളിയുടെ മനസ്സിന്റെ വിശുദ്ധി...സ്നേഹം...എല്ലാം ...എല്ലാം കച്ചവടവല്ക്കരിക്കപ്പെട്ടുകഴിഞ്ഞു...
എങ്കിലും...അവശേഷിക്കുന്ന നന്മയില്‍ പാതി ഞാന്‍ പകുത്തു നല്‍കുന്നു...പോങ്ങേട്ടന്...
സ്നേഹപൂര്‍വ്വം ഓണാശംസകള്‍...

പൊറാടത്ത് said...

ഉള്ളവര്‍ ഇല്ല്ലാത്തവന്റെ കൈയ്യിലുള്ളത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആഘോഷമാണ് ഓണം..

thakarththu pOngse....

ezhuthyathil chila kaaryangngaLil ethirppuntenkilum avasaanam gambheeramaayi....

nandi....

onathumpikal aviteyum eththatte ennaasamsikkunnu

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞങ്ങളുടെ ചെറുപ്പത്തിലെ ഓണം മറ്റൊരു രീതിയിലായിരുന്നു. ഇന്നും മനസ്സിനു വിങ്ങല്‍ തന്നു കൊണ്ട്‌ ആകാലം എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നു.
എന്നാല്‍ അതൊന്നും അനുഭവിഛിട്ടില്ലാത്ത എന്റെ മക്കള്‍ക്കോ? ചുണ്ടന്‍ വള്ളത്തിനടുത്തു ചെന്നാല്‍ അതിലൊന്നു കയറാന്‍ പോലും താല്‍പര്യമില്ല.

അതു സാഹചര്യങ്ങളുടെ വ്യത്യാസം.
പോട്ടെ സെന്റി അടിച്ചിട്ടു കാര്യമൊന്നുമില്ല.
ദാ ഞങ്ങള്‍ ചെറുപ്പത്തില്‍ വള്ളപ്പാട്ടു പാടിയിരുന്നതിന്റെ രണ്ടു വരികള്‍ അതേ ഈണത്തില്‍ പാടിയതും കൂട്ടി ഒരു സെന്റി പോസ്റ്റ്‌

saju john said...

Dear Hari,

Your inscription charisma in various subjects and your meaningful expressions from its grassroots’ level make "Pongumoodan" is the one and only best blog in Malayalam.
Happy Onam…….

Saju, Simy, Isabella & Gabriela

വികടശിരോമണി said...

അയ്യോ! അതുപോലൊരു ഉമ്മ പണ്ടെനിയ്ക്കും....!
പോങ്ങൂ,നാം സഹോദരന്മാരാണെടോ,ഒരു ഓണം ചിയേഴ്സ്:)

നീര്‍വിളാകന്‍ said...

ഗുഹാതുരത്വം ഉണര്‍ത്തുന്ന നല്ല ചിന്തകള്‍! നമ്മുടെ തലമുറയില്‍ ഓണം അവസാനിച്ചതായാണ് എനികു തോന്നുന്നത്... ഇന്നത്തെ ഓണം വെറും യാന്ത്രികം മാത്രം.... ഹരിക്കും കുടുഃബത്തിനും ഒപ്പം ആല്‍ത്തറയില്‍ എല്ലാ പ്രിയപ്പെട്ട അംഗങ്ങള്‍ക്കും അവരുടെ കുടുഃബാങ്ങള്‍ക്കും എന്റെയും കുടുഃബത്തിന്റെയും ഓണാശംസകള്‍

ആഗ്നേയ said...

പോങ്ങൂസ് ചുമ്മാ വിഷമിക്കാതെ...അങ്ങനെ പാക്കറ്റിലും കൂടെ ഓണം കിട്ടിയില്ലേല്‍ ഓണമെ അങ്ങുപോയ്പ്പോകും.ഇന്നത്തെ അമ്മമാര്‍
കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജോലിക്കുപോകുന്നവരാണപ്പോ പിന്നെ ഓണദിവസമെങ്കിലും അവരും വിശ്രമിക്കട്ടെ.ആകെ കിട്ടുന്ന ഒഴിവുദിനം അടുക്കളയില്‍ കളയാതെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ചിലവിടട്ടെ.ബന്ധുജന സന്ദര്‍ശനത്തിനിറങ്ങട്ടെ..നമ്മുടെ ഓണത്തിന്റെ നിറവില്‍ പാവം കേറ്ററിംഗ്കമ്പനിക്കാരും,പൂക്കച്ചവടക്കാരും കൂടെ ഓണം ഉണ്ണട്ടെ.
പരസ്പരം കണ്ടാല്‍ മിണ്ടാത്ത അയല്‍ക്കാര്‍ അസ്സോസിയേഷന്‍ ഓണാഘോഷങ്ങളുടെ പേരിലെങ്കിലും തമ്മില്‍ കൈപിടിച്ച് മതിമറന്നാഘോഷിക്കട്ടെ.സ്നേഹം പങ്കുവയ്ക്കട്ടെ.
നമുക്കും ആണ്ടിലൊരിക്കലെങ്കിലും മക്കള്‍ക്കായി ഓണക്കഥയെപ്പറ്റി പറഞ്ഞൊകൊടുക്കാന്‍ തിരക്കേറിയ ജീവിതത്തിന്റെ ഒരു ചെറിയഭാഗമെങ്കിലും മാറ്റിവക്കാന്‍ ശ്രമിക്കാം.
പിന്നെ പണ്ടത്തെ പൂക്കാലത്തെ അയവിറക്കാന്‍ എനിക്കോ പോങ്ങുവിനോ അവകാശമുണ്ടോ?ആകെയുള്ള പത്തുസെന്റില്‍ പശുപോലും തിന്നാത്ത ചെടികള്‍ക്കിടയില്‍ തുമ്പയോ മുക്കുറ്റിയോ നമ്മള്‍ നട്ടുപിടിപ്പിക്കാന്‍ നോക്കോ?പുറകുവശത്ത് ഒട്ടുമാവിന്റെ ചുവട്ടില്‍ ഒരു വെള്ളരിയോ,ചീരയോ ഉണ്ടോ?ഫ്ലാറ്റുകളുടെ ബാല്‍ക്കണിയില്‍ വിലകൂടിയ ഓര്‍ഗാനിക് മിശ്രിതത്തില്‍ വളരുന്ന വി.ഐ.പി.കള്‍ക്കൊപ്പം വളരാന്‍ ശ്രമിക്കുന്ന കീഴാര്‍നെല്ലിയെപ്പോലും “കള”യെന്നു പറഞ്ഞ് നാം പിഴുതെറിയും.ഇനിയിപ്പോ തൊടിയില്‍ നിറയെ തുമ്പയോ മുക്കുറ്റിയോ ഉണ്ടെങ്കിലും “ഉണ്ണികളെ ഈ ടേം എക്സാം ടേം എക്സാം എന്നു പറഞ്ഞു കുത്തിയിരുന്നു പഠിക്കാതെ പോയി മൂന്നാലുമണിക്കൂര്‍ കഷ്ടപ്പെട്ടു ചേമ്പില നിറയെ തുമ്പ നുള്ളു”എന്നു പറയുന്ന മാതാപിതാക്കള്‍ നമ്മിലെത്ര പേര്‍?
നമ്മുടെ ബാല്യം മനോഹരം നമ്മുടെ മക്കളുടേത് മഹാ കഷ്ടം ഒന്നുമല്ല.അവരുടെ ജീവിതം അവര്‍ നന്നായി ആസ്വദിക്കുന്നുണ്ട്.ഓണം ഒരാഘോഷത്തിലുപരി നനമയാര്‍ന്ന ഒരു സന്ദേശമാണ്.അതവരിലെക്ക് പകരുക.മുത്തശ്ശന്റെ ഓണം അവരാഘോഷിച്ചു,അച്ഛന്റേത് അവരും,ഇന്നിന്റെ മാറില്‍ നിന്ന് നമ്മുടേതു നമുക്കാഘോഷിക്കാം,നാളെ മക്കള്‍ അവരുടേത് അവരുടെ രീതിയില്‍ ആഘോഷിക്കട്ടെ.പോങ്ങൂന്റെ പ്രിയ മാധവിക്കുട്ടി ഡയറിക്കുറിപ്പുകളില്‍ പറഞ്ഞപോലെ
“പണ്ടൊക്കെ താഴ്ന്നജാതിക്കാര്‍ക്ക് വീടിന്റെ പുറകുവശത്തായിരുന്നു സ്ഥാനം.ഓണം വന്നാലും അവര്‍ക്കു പട്ടിണിയായിരുന്നു.ഇന്ന് അവര്‍ക്ക് ഏതുവീട്ടിലെയും ഏതു ജാതിക്കരുടെയും സ്വീകരണമുറിയിലെ സോഫയില്‍ ഇരിക്കാം,ഒപ്പം തീന്മേശയിലിരുന്ന് ഭക്ഷണം കഴിക്കാം,വിദേശത്തുനിന്നുള്ള വരുമാനം ഒരു വിധം ആളുകളുടെ കഷ്ടപ്പാട് മാറ്റിയിരിക്കുന്നു.ഒരു ഹൈന്ദവാചാരം എന്നതുവിട്ട് എല്ലാജാതിമത്സ്ഥരും ഇന്ന് ഓണം ഒന്നിച്ചാഘോഷിക്കുന്ന്.ഇതല്ലേ മാവേലി സ്വപ്നം കണ്ട മാനുഷരെല്ലാം ഒന്നുപോലെ വാഴുന്നകാലം?”മലയാളികള്‍ ഉള്ളിടത്തോളം ഓണം എന്നും ഉണ്ടാവും .ഇവിടെയും മറുനാട്ടിലും എല്ലാം..ഓണാശംസകള്‍!
ഇതൊക്കെ വായിച്ച് ആര്‍ക്കെങ്കിലും ദേഷ്യം വരുന്നുണ്ടേല്‍ പോങ്ങൂനെ ചീത്ത വിളിച്ചാല്‍ മതി.ഇതങ്ങേരുടെ പോസ്റ്റാ..ഞാന്‍ ഈ നാട്ടുകാരിയല്ല.

മീര അനിരുദ്ധൻ said...

ഈ പോസ്റ്റ് രേവതിക്കുട്ടി വായിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കട്ടെ.ഓണത്തെ പറ്റി എല്ലാവർക്കും കുറെ നല്ല ഓർമ്മകൾ മാത്രമേ ഉണ്ടാകൂ.നമ്മൾ അനുഭവിച്ച അത്തരം രസങ്ങൾ നമ്മുടെ മക്കൾക്ക് കിട്ടുന്നില്ലല്ലോ എന്ന സങ്കടം മാത്രം.കാടും മേടും കയറിയിറങ്ങി പൂ പറിക്കാൻ ഇന്നെവിടെ അവസരം. 50 രൂപയ്ക്ക് മാർക്കറ്റിൽ നിന്നും കിട്ടുന്ന പൂ വാങ്ങി ഓണമിടും.ഓണസദ്യയും വാങ്ങാൻ കിട്ടും.നമ്മൾ അങ്ങനെയൊക്കെ മാറിപ്പോയി.

ഓണാശംസകൾ