Showing posts with label അനില്‍കുമാര്‍ സി. പി.. Show all posts
Showing posts with label അനില്‍കുമാര്‍ സി. പി.. Show all posts

Sunday, April 17, 2011

നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്



ഇല കൊഴിഞ്ഞ റബ്ബര്‍ മരങ്ങളില്‍ ഇരുട്ട് കടവാതിലുകളെപ്പോലെ തലകീഴായി കിടന്നു. ആകാശത്തേക്ക്‌  ഉയര്‍ത്തിയ ഉണങ്ങിച്ചുളുങ്ങിയ കൈവിരലുകളെ തഴുകാന്‍ മടിച്ച്  വഴിതെറ്റിയെത്തിയ കാറ്റ്‌. കശാപ്പ്  കാത്ത് കിടക്കുന്ന വയസ്സന്‍ മരങ്ങളുടെ മടുപ്പിക്കുന്ന ഉഛ്വാസഗന്ധം!

എത്ര നേരമായി ഞാനീ സിറ്റൌട്ടില്‍ ഇരിക്കുന്നു!

എവിടൊക്കെയോ പാതിരാക്കിളികള്‍ ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. റബ്ബര്‍ മരങ്ങളുടെ ചില്ലകളിലെവിടെയോ പതുങ്ങിയിരുന്ന്‍ ചിലക്കുന്ന ചീവീടുകള്‍ കൂട്ടായി  കളിയാക്കുന്നത് പോലെ!

വെറുതെയോര്‍ത്തു, കിടപ്പുമുറിയില്‍ തണുപ്പരിച്ചെത്താന്‍ തുടങ്ങിയ ഈ ദിവസങ്ങളിലാണല്ലോ രാവുകള്‍ക്ക് നീളം കൂടാനും തുടങ്ങിയത്‌! തൊട്ടരികില്‍ കേള്‍ക്കുന്ന അമര്‍ത്തിയ വിതുമ്പലുകള്‍ കേട്ടില്ല എന്ന്‍ നടിക്കാന്‍ ശ്രമിച്ചു. ഉറക്കം വരാത്ത രാവുകളില്‍ തൊട്ടരികില്‍ വീണുടയുന്ന
നിശ്വാസങ്ങള്‍ കാണാതിരുന്നതും മനപ്പൂര്‍വ്വം തന്നെയായിരുന്നു.

ഉള്ളിലെരിയുന്ന കനലുകള്‍ ഊതിത്തെളിച്ച് തലക്ക് മുകളില്‍ ഫാനിന്‍റെ മൂളൽ‍. ഫാനിന്‍റെ  കറക്കം ചിന്തകളിലും ചുഴികളും മലരികളുമായി.

ഒരു നിശ്വാസത്തിന്‍റെ  അകലത്ത് നിന്നും എപ്പോഴെങ്കിലും തെറിച്ച് വീണേക്കാവുന്ന  ഒരു ചോദ്യം വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയപ്പോഴാണ് സിറ്റൌട്ടില്‍ വന്നിരുന്നത്.

 പകലെപ്പോഴോ കാലംതെറ്റി പെയ്ത മഴ അന്തരീക്ഷത്തില്‍ ആവിയായി നിറഞ്ഞുനിന്നു.

എന്താണ് തനിക്കു പറ്റിയത് ... എവിടെയാണ്  തനിക്കു തന്നെ നഷ്ടമായത് ..?

കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ടില്ലെന്ന് നടിക്കുന്ന ആ കണ്ണുകളിലെ ചോദ്യവും ഇതുതന്നെയല്ലേ?

കഴിഞ്ഞ കുറേ മാസങ്ങൾ ... നാലു ചുവരുകളുടെ സ്വകാര്യതയിൽ, ഒറ്റമുറിയുടെ നിശ്ശബ്ദതയിൽ, സ്വയം തീർത്ത ചിപ്പിക്കുള്ളിൽ മുത്താവാനാവാതെ ഒരു മണൽത്തരി ഹൃദയത്തിന്‍റെ  തീരാത്ത വേദനയായി  മാറി നോവിച്ചുകൊണ്ടിരുന്ന ദിവസങ്ങൾ ...

സൌഹൃദങ്ങൾ സൌകര്യപൂർവ്വം നിർവ്വചിക്കാനാവുന്ന പാഴ് വാക്കുകളെന്നറിഞ്ഞത് ആ
ദിവസങ്ങളിലായിരുന്നു. പുഞ്ചിരി അർത്ഥശൂന്യമായ മുഖപേശികളുടെ വക്രീകരണം മാത്രമാണെന്ന തിരിച്ചറിവും പുതിയതു തന്നെയായിരുന്നു.

അലസ നിമിഷങ്ങളിലെപ്പോഴോ കണ്ണാടിയിൽ ചെന്നുവീണ നോട്ടം ചെന്നു നിന്നത് തനിക്ക്
അപരിചിതമായ ഒരു രൂപത്തിലായിരുന്നു. കുഴിഞ്ഞുതാണ കണ്ണുകളിൽ തകർന്നുപോയ സ്വപ്നങ്ങൾ ചത്തുകിടന്നു.

മേശപ്പുറത്ത്  മുഴങ്ങാൻ മറന്നുപോയ ഫോൺ ... കൂട്ടുകാരുടെ, പ്രിയപ്പെട്ടവരുടെ സ്നേഹാന്വേഷണങ്ങളിൽ വിറ കോണ്ടിരുന്ന മൊബൈൽ ഫോൺ എത്ര പെട്ടെന്നാണ് വിസ്മൃതിയിലായത്! ക്ഷേമാന്വേഷണങ്ങൾക്ക് എന്നും സമയം കണ്ടെത്തിയിരുന്നവർക്ക്, ഫോൺ ചെയ്യാൻ ഒരല്പം വൈകിയാൽ പരിഭവം പറഞ്ഞിരുന്നവർക്ക്  എത്ര പെട്ടെന്നാണ് ഫോൺ അറ്റെൻഡ് ചെയ്യാൻ പോലും സമയമില്ലാത്തത്ര തിരക്കായത്!

ഒറ്റമുറിയിലെ ഇരുട്ട് എപ്പൊഴാണ് മനസ്സിലേക്ക് പടർന്ന്  കയറിയത്?

അപ്രതീക്ഷിതമായി ജോലി നഷ്ടമായപ്പോഴും മനസ്സിൽ പ്രത്യാശയുടെ തെളിച്ചമായിരുന്നു. വർഷങ്ങളുടെ തൊഴിൽ പരിചയവും, ആവിശ്യത്തിലധികമുള്ള യോഗ്യതകളും ആഡംബരങ്ങൾ  മാത്രമായപ്പോഴും തുരങ്കത്തിനപ്പുറം തനിക്കായി ഒരിറ്റു വെളിച്ചം ഇനിയും ബാക്കിയുണ്ടാകുമെല്ലോ എന്നാശ്വസിച്ചു.

നിരാസങ്ങളേക്കാളേറെ അവഗണനകളുടെ നോവ് ...

പിന്നെ, തെളിച്ചം കുറഞ്ഞു തുടങ്ങിയ പകലുകൾ അമാവാസി രാവുകൾ മാത്രമായി മാറിയത് എത്ര പെട്ടെന്നായിരുന്നു!

ഒടുവിൽ പാഴായി പോയ വർഷങ്ങളുടെ ഭാരവും, മറക്കാൻ മാത്രം ഇഷ്ടപ്പെടുന്ന സ്വപ്നങ്ങളുടെ മാറാപ്പുമായി മടങ്ങിയെത്തുമ്പോൾ മനസ്സു ശൂന്യമായിരുന്നു.

അടർന്നുവീഴുന്ന കണ്ണുനീർത്തുള്ളികളിൽ ഒരുപാട്‌ ചൊദ്യങ്ങൾ നീ ഒളിച്ചുവെക്കുമെന്ന് അറിയാമായിരുന്നു; അവക്കൊന്നും എനിക്ക്  ഉത്തരമുണ്ടാകില്ലെന്നും!

കിടപ്പുമറിയിൽ ശൈത്യം കൂടു കൂട്ടിയപ്പോൾ, വാക്കുകൾ ആവിശ്യത്തിനു മാത്രമായി മാറിയപ്പോൾ അടക്കിയ തേങ്ങലുകളിൽ, നീ അനുഭവിച്ച അവഗണനയുടെ നോവ് ഞാൻ അറിയുന്നുണ്ടായിരുന്നു.

നിന്‍റെ  സ്നേഹത്തിന്‍റെ  വെളിച്ചത്തിൽ നിഴലായൊതുങ്ങാനാണ് ഞാൻ കൊതിച്ചതെങ്കിലും, നിന്നെ നോവിക്കാതിരിക്കാനാണ്, നിന്‍റെ  സ്വപ്നങ്ങളിൽ ഇനിയും നിഴൽ വീഴ്ത്താതിരിക്കാനാണ് എന്‍റെ  വാക്കുകളിൽ പിശുക്ക് കാട്ടിയതെന്ന്... മരവിച്ചു തുടങ്ങിയ ഒരു മനസ്സിന്‍റെ  വിങ്ങലുകളാണ്
എനിക്ക് എന്നെ  നഷ്ടമാക്കുന്നതെന്ന് എങ്ങനെയാണ് നിന്നെ ഞാൻ പറഞ്ഞ് മനസ്സിലാക്കുക?

എവിടയാണ് ഞാൻ എന്‍റെ മനസ്സിനു ഒരു ചുമടുതാങ്ങി കണ്ടെത്തുക? ഇത്തിരിനേരമെങ്കിലും   എനിക്കൊന്നു കണ്ണടച്ചുറങ്ങാൻ ഒരു ആൽത്തറ വേണം... ഒരു ഉറക്കുപാട്ടായി ആലിലകൾ താളം പിടിക്കുമ്പോൾ നിഴൽ വീഴാത്ത സ്വപ്നങ്ങൾ കാണാനെങ്കിലും എനിക്കൊന്നു ശ്രമിക്കണം.

പാതിയിലേറെ പിന്നിട്ട ജീവിതത്തിന്‍റെ വഴിത്തിരിവില്‍ ഒറ്റയ്ക്കു നിന്ന് ഇനിയും നഷ്ടങ്ങളുടെ കണക്ക് നോക്കി കരയാന്‍  വയ്യ. നഷ്ടബോധങ്ങളുടെ പുതപ്പ് തലയ്ക്കു മീതെ വലിച്ചിട്ട് ഉറങ്ങി തീര്‍ക്കാനുള്ളതല്ലല്ലോ എന്‍റെ പകലുകൾ‍ .സ്വപ്നങ്ങള്‍ ചവിട്ടിക്കുഴച്ച മണ്ണില്‍ ഇനിയും പ്രത്യാശയുടെ
നാമ്പുകള്‍ വളര്‍ത്തിയെടുക്കാനുള്ള ഊര്‍ജ്ജം എന്നിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ട്.

റബ്ബർ മരങ്ങളെ ഉലച്ചെത്തിയ വരണ്ട കാറ്റ്. കുറ്റാക്കുറ്റിരുട്ടിൽ ഒരു മിന്നാമിനുങ്ങ് എന്‍റെ നേർക്ക് പറന്നുവന്നു. ആകാശത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞൊരു നഷത്രം പോലെ അത് കണ്ണ് ചിമ്മാൻ തുടങ്ങി. അതിന്‍റെ ഇത്തിരി വെട്ടം മനസ്സിനുള്ളിലേക്ക് സ്നേഹത്തിന്‍റെ  ഒരു പ്രകാശധാരയായി
ഒഴുകിയിറങ്ങി.

പിന്നെ  ഒരു സാന്ത്വന നിലാവായി അതെന്നെ പൊതിഞ്ഞു ... എന്‍റെ  ജീവിതത്തിൽ വൈകി ഉദിച്ചൊരു പിൻ‌നിലാവ്...

Monday, September 13, 2010

‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’


നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും. അല്ലെങ്കില്‍ ഹോംവര്‍ക്കിന്റെ തിരക്കില്‍. ഒരാഴ്ച്ച കാത്തിരുന്നതിന് ശേഷമാണ് മോന്‍ വീട്ടിലുണ്ടാകാനിടയുള്ള സമയം നോക്കിത്തന്നെ ഫോണ്‍ ചെയ്തത്.

‘ഹല്ലൊ’ ഫോണിന്റെ അങ്ങേത്തലക്കല്‍ നന്ദു തന്നെ. കുട്ടിത്തം വിട്ടകലാന്‍ തുടങ്ങുന്ന അവന്റെ ശബ്ദം ആദ്യം ഒരു അമ്പരപ്പാണ് ഉണ്ടാക്കിയത്.

‘നന്ദുവിന് സുഖമല്ലേ മോനെ?’

‘ഉം’ ഒരു മൂളലില്‍‍ ഒതുങ്ങുന്ന ഉത്തരം!

‘നന്നായി പഠിക്കുന്നില്ലെ മോന്‍?’

‘ഉം’ ..വീണ്ടും!

‘സ്‌കൂളില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’

‘ഒന്നൂല്ലാ’

‘അഛാ ഞാന്‍ അമ്മക്ക് ഫോണ്‍ കൊടുക്കട്ടെ?’ ... നന്ദുവിന് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു! അമ്മയേ വിളിച്ച് ഫോണ്‍ ഏല്‍പ്പിച്ചിട്ട് അവന്‍ എങ്ങോട്ടോ ഓടിപ്പോയി!

പൊന്നുമോന്റെ കുസൃതികള്‍ കേള്‍ക്കാന്‍, കളിയും ചിരിയും തമാശകളും കേള്‍ക്കാന്‍, സ്കൂളിലെ വിശേഷങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തയ്യാറായി നിന്ന എന്റെ മനസ്സില്‍ എന്തൊക്കെയോ വീണുടയുന്നത് പോലെ!

നന്ദു വളര്‍ന്നിരിക്കുന്നു!

എന്റെ വിരല്‍തുമ്പില്‍ തൂങ്ങി നിര്‍ത്താതെ സംശയങ്ങള്‍ ചോദിക്കുകയും, അവന്റെ ലോകത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ഓഫീസ്സില്‍ നിന്നും വരുന്നതും കാത്തിരിക്കുകയും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞ് കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്തിരുന്ന എന്റെ പൊന്നുമോന്‍ പെട്ടെന്ന് വളര്‍ന്നത് പോലെ ... അവന്‍ എനിക്ക് അന്യനായത് പോലെ!

എപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു അകലം ഉണ്ടായത്? എപ്പോഴാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയില്‍ ഒരല്പം നഷ്ടം ഉണ്ടാകാന്‍ തുടങ്ങിയത്?!

ഒരു കുട്ടിക്ക് അവന്റെ അച്ഛനമ്മമാരോട് ഏറ്റവും ഊഷ്മളമായ അടുപ്പമുണ്ടാകുന്നതും, ബന്ധത്തിന്റെ ഇഴയടുപ്പം എറ്റവും കൂടുന്നതും അച്ഛനമ്മമാരും മക്കളും ഒന്നിച്ച് കഴിയുന്ന ബാല്യത്തിലാണ്. പിന്നെ കൌമാരത്തിലെ വളര്‍ച്ചയുടെ പടവുകളില്‍ അവര്‍ക്ക് അഛനമ്മമാരുമായി നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നു.

പക്ഷെ വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയായി വീട്ടിലെത്തുന്ന പ്രവാസിയായ അച്ഛന്മാര്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളാണ്. മനസ്സു തുറക്കാത്ത മക്കള്‍, ചേര്‍ത്ത് നിര്‍ത്തി ഒന്ന് തലോടാനും, ലാളിക്കാനും ഒക്കെ കഴിയാതെ പോകുന്ന നിസ്സഹായത ... ഒരു മാസത്തെ അടുപ്പം അപരിചതത്വത്തിന്റെ മഞ്ഞ് ഉരുക്കുമ്പോഴേക്കും അടുത്ത തിരിച്ച് പോക്ക്! പിന്നേയും കൂടുതല്‍ അകന്നു പോകുന്ന മക്കള്‍!

അല്ലെങ്കില്‍ തന്നെ നാമൊക്കെ മന‍സ്സില്‍‍ സൂക്ഷിക്കുന്ന ഒരു മധുരമുള്ള ബാല്ല്യം നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടോ? അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി തൊടിയിലും പറമ്പിലും നടന്നതും, അച്ഛന്‍ ഓലപ്പമ്പരവും, കാറ്റാടിയും ഉണ്ടാക്കിത്തന്നതും, തൂക്കണാംകുരുവിയുടെ കൂട് കാട്ടിത്തന്നതും, കഥകള്‍ പറഞ്ഞ് തന്നതും, പുഴയിലെ മുട്ടോളം വെള്ളത്തില്‍ നഗ്നനാക്കി നിര്‍ത്തി മേല് തേച്ച് കുളിപ്പിച്ചതും ... ഇത്തരം ഒരു ബാല്യം നമ്മുടെ കുഞ്ഞൂങ്ങള്‍ക്ക് നല്‍കാന്‍ നമുക്കും കഴിയാറില്ല്ലല്ലൊ!

മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം, പക്ഷെ ....!

ഇനി, പ്രവാസജീവിതത്തിന്റെ അവസാനം ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ഒതുങ്ങുമ്പോള്‍ യുവാവായ മകന്റെ തിരക്കുകള്‍ക്കിടയില്‍ ഇടക്ക് അവന്‍ ചോദിച്ചേക്കാം, ‘അച്ഛന് സുഖമാണല്ലോ അല്ലേ?’.

പിന്നെ, ജീവിച്ചു തീര്‍ക്കാന്‍ പലതും ബാക്കിവച്ച് ഒരുനാള്‍ ഈ ഭൂമിയില്‍ നിന്ന് യാത്രയാകുമ്പൊള്‍, നിറം മങ്ങിയ ചുവരിലെ ചിത്രത്തില്‍ ചൂണ്ടി ഒരുനാള്‍ അവന്‍ തന്റെ മകനോട് പറയുമായിരിക്കും ‘ഇതാണ് മോന്റെ മുത്തച്ഛന്‍, എന്റെ അച്ഛന്‍!’.

Saturday, July 17, 2010

അമ്മ (ചെറുകഥ)



അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്ത് തിരിച്ചു വീട്ടിലേക്ക് പോരുമ്പോള്‍ മനസ്സാകെ അസ്വസ്ഥമായിരുന്നു.

എന്റെ ഓര്‍മയില്‍ ആദ്യമായാണ് അമ്മയെ ഒരു ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിക്കേണ്ടി വരുന്നത്. അല്പം ഗുരുതരമായ അവസ്ഥയായിരുന്നതിനാല്‍, പരിശോധനാമുറിയില്‍ സ്കാനിങ്ങ് റിപ്പോര്‍ട്ടും ഫിലിമുകളും ഡോക്ടര്‍ തിരിച്ചും മറിച്ചും നോക്കുന്നതും, അദ്ദേഹത്തിന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മാറിമാറി വരുന്നതും വല്ലാത്തൊരു ആകാംക്ഷ ഉണ്ടാക്കി. അവസാനം പിരിമുറുക്കത്തിനു അയവു വരുത്തി അദ്ദേഹം പറഞ്ഞു,

‘വിഷമിക്കാനൊന്നുമില്ല, എങ്കിലും കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ’

വീല്‍ചെയറിലിരുത്തി അമ്മയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആ മുഖം വല്ലാതെ വാടിയിരുന്നു. പ്രായത്തിനു തളര്‍ത്താന്‍ കഴിയാത്ത സജീവതയുമായി ഓടിച്ചാടി നടന്നിരുന്ന അമ്മക്ക് പെട്ടെന്ന് പത്തു വയസ്സ് കൂടിയത് പോലെ! എന്റെ കയ്യില്‍ പിടിച്ചിരുന്ന അമ്മയുടെ വിരലുകളുടെ വിറയല്‍ ഒരു നോവായി എന്നിലും അരിച്ചു കയറാന്‍ തുടങ്ങി.

പെട്ടെന്ന് ബ്രേക്കിട്ടതിന്റെ കുലുക്കവും, റോഡില്‍ ഉച്ചത്തില്‍ ടയറുരഞ്ഞതിന്റെ ശബ്ദവും പിന്നെ ഡ്രൈവറുടെ ആരോടോ ഉള്ള ഉച്ചത്തിലുള്ള ശകാരവും കേട്ടാണ് ചിന്തകളില്‍ നിന്നുണര്‍ന്നത്.

‘ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!’

‘എന്തു പറ്റി?’

‘ഏതോ ഒരു തള്ള കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുന്നു. ഇപ്പോള്‍ നമ്മുടെ വണ്ടിയുടെ മുന്നില്‍ ചാടിയേനേ, എന്തായാലും രക്ഷപ്പെട്ടു’

അപ്പോഴാണ് ഞാന്‍ കാറിനടുത്ത് നില്‍ക്കുന്ന പ്രായമായ സ്ത്രീയെ ശ്രദ്ധിച്ചത്. ഒരല്പം മുഷിഞ്ഞ വസ്ത്രങ്ങള്‍, വെള്ളി കെട്ടിയ തലമുടി, കുഴിഞ്ഞു താണ ക്ഷീണിച്ച കണ്ണുകളില്‍ വല്ലാത്തൊരു ദയനീയത. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ പുറംകൈ കൊണ്ടു തുടച്ച്, ചുണ്ടുകടിച്ചുപിടിച്ച് വിതുമ്പലൊതുക്കാന്‍ പാടുപാടുന്ന ഒരു സ്ത്രീ. ആ ക്ഷീണിച്ച മുഖത്ത് അപ്പോഴും എന്തോ ഒരൈശ്വര്യം ബാക്കി നില്‍ക്കുന്നത് പോലെ.

കാറിന്റെ വിന്‍ഡോ ഗ്ലാസ്‌ താഴ്ത്തി,

‘എന്തു പറ്റി, എവിടേക്കാണ് പോകേണ്ടത്?’

നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയര്‍ത്തി അവര്‍ എന്നെ നോക്കി, പിന്നെ യാചനയുടെ സ്വരത്തില്‍ ചോദിച്ചു,

‘മോനേ, എന്നേയും കൂടി കൊണ്ടുപോകാമോ?’

‘അതിപ്പോള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാതെ ...?’

അതിനിടയില്‍ അപ്പോഴും കലിയടങ്ങിയിട്ടില്ലാത്ത ഡ്രൈവര്‍ ഇടപെട്ടു,

‘സാര്‍, ഏതാ എന്താ എന്നൊന്നുമറിയാതെ ആവശ്യമില്ലാത്ത കുരിശൊന്നും എടുത്തു തലയില്‍ വെക്കണ്ട’.


ആ സ്ത്രീയുടെ ദൈന്യത നിഴലിക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. കാറിന്റെ വാതില്‍ തുറന്നു കൊടുത്തു. ഡ്രൈവറുടെ നീരസത്തോടെയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ചു.

ഉടുത്തിരുന്ന സെറ്റ്മുണ്ടിന്റെ കോന്തല കടിച്ചു പിടിച്ച് കരച്ചിലടക്കാന്‍ പാടുപെട്ട് സീറ്റിന്റെ ഓരം ചേര്‍ന്ന് അവര്‍ ഇരുന്നു.

‘അമ്മക്ക് എവിടേക്കാണ് പോകേണ്ടത്?’

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി! പിന്നെ മുറിഞ്ഞു വീണ വാക്കുകളിലൂടെ അവര്‍ പറഞ്ഞു,

‘എനിക്ക്... എനിക്ക് അറിയില്ല മോനേ’.

പകച്ചിരിക്കുന്നതിനിടയില്‍ ‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ’ എന്ന അര്‍ത്ഥത്തില്‍ ഡ്രൈവര്‍ എന്നെയൊന്നു നോക്കി!

‘അപ്പോള്‍ പിന്നെ ഇവിടെ എങ്ങനെയെത്തി, എവിടെയാണ് വീട്?'

‘ഉം..വീട്!'

അവര്‍ പുറത്തേക്ക് നോക്കി ഏറെനേരം നിശ്ശബ്ദയായി ഇരുന്നു.

പിന്നെ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുതുടച്ച് അവര്‍ പറഞ്ഞു തുടങ്ങി.


"എനിക്കുമുണ്ടായിരുന്നു മോനേ ഒരു വീടും, വീട്ടുകാരുമൊക്കെ..... ഭര്‍ത്താവു സ്നേഹമുള്ള ആളായിരുന്നു, ആകെയുള്ളൊരു മോന്‍ പഠിക്കാന്‍ നല്ല മിടുക്കനും. നാട്ടിന്‍പുറത്തെ ഒരു പെണ്ണിന് സന്തോഷിക്കാന്‍ ഇതൊക്കെ പോരെ? ഞാനും വളരെ സന്തോഷത്തിലാ കഴിഞ്ഞിരുന്നെ. പക്ഷെ, ആ സന്തോഷം അധികനാളുണ്ടായില്ല. ഭര്‍ത്താവിന്റെ പെട്ടന്നുള്ള മരണം... അതോടെ എന്റെ സന്തോഷമൊക്കെ തീര്‍ന്നു. എന്നാലും മകന് വേണ്ടി ജീവിച്ചു. ജീവിതത്തിന്റെ നല്ല പ്രായത്തില്‍ വിധവയാകേണ്ടി വന്നപ്പോള്‍ വീട്ടുകാരും, നാട്ടുകാരുമൊക്കെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചതായിരുന്നു...... പക്ഷെ, എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മകനെ ഒരു കരയെത്തിച്ചപ്പോള്‍, വിജയിച്ചു എന്ന തോന്നലായിരുന്നു. സ്നേഹവും ബഹുമാനവുമൊക്കെ ആവശ്യത്തിലേറെ അവനും തിരിച്ചു തന്നിരുന്നു."


നിറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും തുടച്ച് അവര്‍ തുടര്‍ന്നു.

‘മകന്റെ കല്യാണം കഴിഞ്ഞതോടെയാണ് അവന്‍ എന്നില്‍ നിന്നും കുറേശ്ശേയായി അകലാന്‍ തുടങ്ങിയത്.  ഓരോരോ  കാരണങ്ങള്‍ പറഞ്ഞു സ്വത്തുക്കള്‍ ഓരോന്നായി അവന്‍ എഴുതി വാങ്ങിയപ്പോഴെല്ലാം അവയെല്ലാം അവനു തന്നെയുള്ളതാണല്ലോ എന്ന ആശ്വാസമായിരുന്നു. അവസാനം ഏതോ ലോണിന്റെ ആവശ്യത്തിനെന്നു പറഞ്ഞ് വീട് കൂടി അവന്റെ പേരില്‍ എഴുതി വാങ്ങി. അതോടെ  വീട്ടിലെ എന്റെ സ്ഥാനം ഒരു ജോലിക്കാരിയുടേത്‌  മാത്രമായി. എന്നിട്ടും എല്ലാം സഹിച്ചത്,അവന്‍ എന്റെ മകനല്ലേ എന്നോര്‍ത്താണ്. പിന്നെ,  മനസ്സിന്റെ വേവലാതിയും പ്രായവും കൊണ്ടാകാം  ഓരോ രോഗങ്ങള്‍ എന്നെ പിടികൂടിയതോടെ ഞാന്‍ അവര്‍ക്ക് ഒരു ബാധ്യതയായി. കണ്ണിലെണ്ണയൊഴിച്ചു വളര്‍ത്തിയ എന്റെ മകന് എന്നേ കാണുന്നത് പോലും ചതുര്‍ത്ഥിയായി!'

ഏങ്ങലടികള്‍ ഒന്നൊതുങ്ങിയപ്പോള്‍ അവര്‍ തുടര്‍ന്നു.

‘ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഒന്നും എനിക്കില്ലാതെ പോയി!’

‘പിന്നെ ഇപ്പോള്‍, ഇവിടെ എങ്ങിനെയെത്തി?'

‘ഒരുപാടു നാളു കൂടിയാ, ഇന്നലെ മകന്‍ എന്നോട് സ്നേഹത്തോടെ സംസാരിച്ചത്, ‘നാളെ ഞാന്‍ ഗുരുവായൂരിനടുത്ത് ഒരാവശ്യത്തിന് പോകുന്നുണ്ട്, വേണമെങ്കില്‍ അമ്മയും പോന്നോളൂ, അവിടെ തൊഴാം’ എന്നു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മരുമോള്  കൂടി നിര്‍ബന്ധിച്ചപ്പോള്‍, അവസാനം എന്റെ പ്രാര്‍ത്ഥനകളൊക്കെ ദൈവം കേട്ടല്ലോ എന്ന ആശ്വാസമായിരുന്നു. പിന്നെ, വെളുപ്പിനേ എപ്പോഴോ ആണ് ഇവിടെ എത്തിയത്.

തട്ടുകടയില്‍ നിന്നും കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ മകന്‍ പറഞ്ഞു, ‘അമ്മ ഇവിടിരിക്ക്, ഞാന്‍ മൊബൈല്‍ എടുക്കാന്‍ മറന്നു, കാപ്പി കുടിച്ചു കഴിയുമ്പോഴേക്കും അടുത്ത ബൂത്തില്‍ നിന്നും അത്യാവശ്യമായി ഒന്നു ഫോണ്‍ ചെയ്തിട്ട് വരാം’. എന്നും പറഞ്ഞു അവന്‍ അന്നേരം പോയതാണ്, പിന്നെ ഇപ്പോള്‍ ഈ സമയം വരെ ഞാന്‍ ഇവിടെ കാത്തിരുന്നു. ഇപ്പോഴാണ് മോനേ എനിക്ക് മനസ്സിലായത്, അവനെന്നെ ഇവിടെ ഉപേക്ഷിച്ചിട്ട് പോയതാണെന്ന്!’

ഇരു കൈകളിലും മുഖം പൊത്തി അവര്‍ പൊട്ടിപ്പൊട്ടി കരയാന്‍ തുടങ്ങി.

‘എങ്കില്‍ ഞാന്‍ അമ്മയെ വീട്ടില്‍ കൊണ്ട് വിടട്ടേ?’

‘ഇനി ആ വീട്ടിലേക്ക് ചെന്നാല്‍ എന്നെ അവര്‍ കൊന്നുകളയില്ല എന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും മോനേ?'

അവരുടെ മെലിഞ്ഞ കൈവിരലുകള്‍ കയ്യിലെടുത്ത് ഞാന്‍ ചോദിച്ചു,

‘എങ്കില്‍ അമ്മയെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ട്പോകട്ടേ, ജോലിക്കാരിയായല്ല, എന്റെ കുട്ടികളുടെ മുത്തശ്ശിയായി?’

അവരുടെ മുഖത്ത് ഒരു നിമിഷം കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി വിടര്‍ന്നു.

‘വേണ്ട മോനേ, നാളെ ഒരു പക്ഷേ നിങ്ങള്‍ക്കും ഞാനൊരു ബാധ്യതയാകും. ഇനി മറ്റൊന്ന് കൂടി സഹിക്കാനുള്ള ത്രാണി എനിക്കില്ല! കഴിയുമെങ്കില്‍, ബുദ്ധിമുട്ടാവില്ലെങ്കില്‍... ഏതെങ്കിലുമൊരു അനാഥാലയത്തില്‍ എന്നെ ഒന്നെത്തിച്ചു തരുമോ കുട്ടി?’

ഒരു നിമിഷം എന്തു പറയണം എന്നറിയാതെ അമ്പരന്നു; എവിടെയാണിപ്പോള്‍ അനാഥാലയം അന്വേഷിച്ചു പോവുക! പൊടുന്നനെയാണ് ഒരു സുഹൃത്ത്, തനിക്ക് ഓഹരിയായി കിട്ടിയ തറവാട് ‘സ്നേഹാശ്രമം’ എന്ന പേരില്‍ അനാഥരായ വൃദ്ധര്‍ക്ക് താമസിക്കാനുള്ള ഒരു ഷെല്‍റ്റര്‍ പോലെ നടത്തുന്ന കാര്യം ഓര്‍മ്മ വന്നത്. പലപ്പോഴും അതിന്റെ നടത്തിപ്പിനായി ഞാനും സംഭാവന നല്‍കിയിട്ടുണ്ടായിരുന്നു. അപ്പോള്‍ തന്നെ അവനെ മൊബൈലില്‍ വിളിച്ചു, കാര്യങ്ങളൊക്കെ കേട്ടതോടെ ‘വന്നോളൂ, ഉള്ള സ്ഥലത്ത് ശരിയാക്കാം’ എന്നു പറഞ്ഞതോടെ ആശ്വാസമായി.

പിന്നെ ‘സ്നേഹാശ്രമത്തില്‍’ ആ അമ്മയെ ഏല്‍പ്പിച്ച്  മടങ്ങാനൊരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു,

‘അമ്മ വിഷമിക്കരുത്, ഇടയ്ക്കു ഞാന്‍ വരാം‘

യാത്ര പറയാന്‍ തുടങ്ങുമ്പോള്‍ എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ആ അമ്മ പറഞ്ഞു,

‘അടുത്ത ജന്മത്തിലെങ്കിലും ഇങ്ങനെയൊരു മകന്റെ അമ്മയാകാനുള്ള ഭാഗ്യം ഈശ്വരന്‍ എനിക്ക് തരട്ടെ’

കാറില്‍ കയറിയിരുന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്നെത്തന്നെ നോക്കി നിറകണ്ണുകളോടെ ആ അമ്മ സ്നേഹാശ്രമത്തിന്റെ പൂമുഖത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ ഡ്രൈവറോട് പറഞ്ഞു,


'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'

ചിത്രത്തിന് കടപ്പാട്:വീണ വിജയ്‌ 

Saturday, July 10, 2010

സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ തീമഴ (ചെറുകഥ)

ഒരല്പം ഈര്‍ഷ്യയോടെയാണ് തലയുയര്‍ത്തിയത്, സാധാരണ ക്യാബിനിലേക്ക് കടന്ന് വരുന്നവര്‍ കതകില്‍ മുട്ടിയിട്ടേ ഉള്ളിലേക്ക് വരാറുള്ളു, പ്രത്യേകിച്ചും നന്ദേട്ടന്‍.

നന്ദേട്ടന്‍ കമ്പനിയിലെ ഡ്രൈവര്‍ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ പ്രായവും, സ്നേഹപൂര്‍വ്വമായ പെരുമാറ്റവും കാരണം എല്ലാവര്‍ക്കും പ്രിയങ്കരനാണ്. അതുകൊണ്ട് തന്നെ എല്ലാവരും നന്ദേട്ടന്‍ എന്ന് വിളിക്കുകയും ചെയ്യുന്നു.

ഓഡിറ്റിങ്ങിന്റെ തിരക്കില്‍ തല പുകഞ്ഞിരിക്കുമ്പോഴാണ് നന്ദേട്ടന്‍ വന്നത്.

‘എന്ത് പറ്റി നന്ദേട്ടാ?’

മറുപടി കിട്ടാതെ വന്നപ്പോള്‍ ജോലി നിര്‍ത്തി വച്ച് വീണ്ടും മുഖമുയര്‍ത്തി. നന്ദേട്ടന്റെ വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന മുഖം കണ്ടപ്പോള്‍ അമ്പരപ്പ് തോന്നി.


‘സാര്‍, എനിക്ക് ഇന്ന് തന്നെ നാട്ടിലേക്ക് പോകണം’


നന്ദേട്ടന്‍ ചുറ്റിലും നോക്കി. എന്തോ പറയാന്‍ വിഷമിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഞാന്‍ കാബിന്റെ കതക് അടച്ചിട്ടു. പിന്നെ ഒരു ഗ്ലാസ്സില്‍ തണുത്ത വെള്ളം പകര്‍ന്ന് കൊടുത്തത് ആര്‍ത്തിയോടെ അദ്ദേഹം വലിച്ചു  കുടിച്ചു.

‘എന്താണ് പറ്റിയത് നന്ദേട്ടാ, ആര്‍ക്കെങ്കിലും...എന്തെങ്കിലും പ്രശ്നങ്ങള്‍...?’

‘എന്റെ, എന്റെ മോള്‍ ഒരു കടുംകൈ ചെയ്തു സാര്‍’




പൊടുന്നനെ മേശപ്പുറത്ത് വച്ചിരുന്ന കയ്യിലേക്ക് നെറ്റി ചേര്‍ത്ത് നന്ദേട്ടന്‍ വിങ്ങിപ്പൊട്ടാന്‍ തുടങ്ങി.തോളില്‍ മെല്ലെ തടവിയ എന്റെ കൈ, രണ്ട് കൈകളും കൊണ്ട് കൂട്ടിപ്പിടിച്ച് നന്ദേട്ടന്‍ പറഞ്ഞു,

‘എന്റെ മക്കള്‍ക്ക് വേണ്ടി മാത്രമാണ് സാര്‍ ഈ വയസ്സുകാലത്തും ഞാന്‍ ഇവിടെക്കിടന്ന് കഷ്ടപ്പെടുന്നത്. കുട്ടികളെ പഠിപ്പിച്ച് ഒരു നല്ല നിലയിലാക്കാന്‍, മോള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കാന്‍.’

‘അതിനിപ്പോള്‍ എന്താ ഉണ്ടായത്?’


ഗ്ലാസ്സിലിരുന്ന വെള്ളം ഒറ്റവലിക്ക് നന്ദേട്ടന്‍ കുടിച്ചു തീര്‍ത്തു.

‘സാറിനോട് ഞാനിപ്പോ എന്താ പറയുക. മോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പത്താം ക്ലാസ്സ് പാസ്സായപ്പോഴാണ് പ്രശസ്തമായ ഒരു സ്കൂളില്‍ സയന്‍സ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണില്‍ ചേര്‍ത്തത്. ഞങ്ങളുടെ പ്രതീക്ഷ പോലെ അവള്‍ പഠിക്കുകയും ആദ്യ വര്‍ഷം നല്ല മാര്‍ക്ക് വാങ്ങുകയും ചെയ്തതോടെ സ്വപ്നങ്ങള്‍ ഒക്കെ പൂവിടുന്ന സന്തോഷത്തിലായിരുന്നു സാര്‍ ഞങ്ങള്‍’.

‘പിന്നെ എന്ത് സംഭവിച്ചു?’

‘സയന്‍സിന് ട്യൂഷന്‍ വേണമെന്ന് പറഞ്ഞപ്പോഴാണ് അടുത്തുള്ള പോസ്റ്റ്ഗ്രാഡുവേഷനൊക്കെ കഴിഞ്ഞ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തിയത്. അവള്‍ വീട്ടില്‍ വന്ന് ക്ലാസ്സെടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഏറെ സന്തോഷമായി.’

‘ആദ്യമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു ട്യൂഷന്‍. പിന്നെ പിന്നെ ട്യൂഷന്‍ സമയത്ത് അവര്‍ കതകൊക്കെ അടച്ചിടാന്‍ തുടങ്ങി. അതെന്തിനാണെന്ന ഭാര്യയുടെ ചോദ്യത്തിന് പഠിത്തത്തിന് ശല്യമുണ്ടാകാതിരിക്കാനാണെന്ന മറുപടിയാണ് മോള്‍ കൊടുത്തത്’‘.

നന്ദേട്ടന്റെ മനോവ്യഥ മുഴുവന്‍ ആ മുഖത്ത് പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ ഒന്നും ചോദിക്കന്‍ തോന്നിയില്ല. അദ്ദേഹം തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു.

‘പിന്നെ, അടച്ചിട്ട കതകിന് പിന്നിലെ കളിചിരികള്‍ കൂടി വന്നപ്പോഴാണ് ഒരു ദിവസം ഭാര്യ അതിനേക്കുറിച്ച് ചോദിച്ചത്. ഒരല്പം ദേഷ്യത്തിലായിരുന്നു മോള്‍ പ്രതികരിച്ചത് - “പിന്നെ എപ്പോഴും മിണ്ടാതിരുന്നു പഠിക്കാന്‍ പറ്റുമോ അമ്മെ“ എന്ന്.’

‘പിന്നെയാണ് സാറേ, ഒരു ദിവസം ആ മുറിയിലെ അടക്കിപ്പിടിച്ച സംസാരമൊക്കെ കേട്ട് അവള്‍ ചെന്ന് നോക്കുമ്പോള്‍ ലോകത്ത് ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടത്. രണ്ട് പെണ്‍‌കുട്ടികളും കൂടി മോളുടെ ബെഡ്ഡില്‍ ... പരിസരബോധം മറന്ന് ഒന്നായി ...!‘

‘സഹിക്കാന്‍ കഴിയാതെ അവള്‍ മോളേ വഴക്ക് പറയുകയോ, അടിക്കുകയോ ഒക്കെ ചെയ്തു. ട്യൂഷനും നിര്‍ത്തി. ഞാനറിഞ്ഞാല്‍ ദേഷ്യപ്പെടുമോ, വിഷമിക്കുമോ എന്നൊക്കെ കരുതിയാവണം അവള്‍ ഇതൊന്നും എന്നെ അറിയിച്ചില്ല സാറേ’.

‘ഇപ്പോള്‍ രണ്ട് ദിവസം മുമ്പ് സ്ക്കൂളില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞത് മോള്‍ പല ദിവസവും സ്കൂളില്‍ ചെല്ലാറില്ലെന്ന്. പിന്നെ അന്വേഷിച്ചപ്പോഴറിഞ്ഞു അവള്‍ മിക്ക ദിവസവും നേരേ പോകുന്നത് ട്യൂഷന്‍ ടീച്ചറുടെ വീട്ടിലേക്കാണെന്ന്.‘

‘ഇന്നലെ ഭാര്യ ഇത് വിളിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി സാറേ. ആറ്റ് നോറ്റ് വളര്‍ത്തിയ മോള്‍... എങ്ങനെ സഹിക്കും ഞാന്‍. ആ ദേഷ്യത്തിന് മോളേ ഫോണ്‍ വിളിച്ച് വായില്‍ വന്നതൊക്കെ പറഞ്ഞു. ഇങ്ങനെയായാല്‍ പഠിപ്പ് നിര്‍ത്തും എന്നൊക്കെ ഞാന്‍ പറഞ്ഞു സാറേ. ഇനി ആ ടീച്ചറേ കാണാന്‍ പോയാല്‍ വീട്ടില്‍ നിന്ന് പുറത്ത് വിടില്ല എന്നും ആ ദേഷ്യത്തില്‍ പറഞ്ഞ് പോയി...

നന്ദേട്ടന്‍ ഒരു നിമിഷം നിശ്ശബ്ദനായി.

‘എല്ലാം എന്റെ മോള്‍ കേട്ട് നിന്നതേയുള്ളു. എല്ലാം നേരെയാകും എന്ന് ആശ്വസിച്ചതായിരുന്നു. പക്ഷെ എന്റെ കുഞ്ഞ്, രാത്രി എല്ലാവരും കിടന്നപ്പോള്‍ ബ്ലേഡ് കൊണ്ട് കൈ മുറിച്ചു സാര്‍, സമയത്തിന് കണ്ടത് കൊണ്ട് എന്റെ മോള്‍ ...’

നന്ദേട്ടന്‍ വീണ്ടും പൊട്ടിക്കരയാന്‍ തുടങ്ങി. അടുത്ത് ചെന്ന് മെല്ലെ തോളില്‍ തട്ടി,

‘നന്ദേട്ടാ, ഇന്ന് തന്നെ നാട്ടില്‍ പൊക്കോളൂ. ടിക്കറ്റിനും മറ്റും വേണ്ട ഏര്‍പ്പാടുകള്‍ ഞാന്‍ ചെയ്തോളാം. പിന്നെ, നാട്ടില്‍ ചെന്നാല്‍ മോളോട് ദേഷ്യവും, പരിഭവവും ഒന്നും കാണിക്കരുത്. എല്ലാവരും പഴയ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറണം. മുറിവ് ഒക്കെ കരിഞ്ഞ് കഴിയുമ്പോള്‍ ഒരു നല്ല കൌണ്‍സിലറെ കാണിക്കണം. എല്ലാം ശരിയാവും നന്ദേട്ടാ.’

ഒന്നും മിണ്ടാതെ തലയാട്ടിയതേയുള്ളു നന്ദേട്ടന്‍. പിന്നെ കാബിന്‍ ഡോര്‍ തുറന്ന്, തല താഴ്ത്തി എല്ലാം തകര്‍ന്നവനേപ്പോലെ ആ പാവം മനുഷ്യന്‍ നടന്ന് പോകുന്നത് വല്ലാത്തൊരു അസ്വസ്ഥതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.