Monday, September 13, 2010

‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’


നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും. അല്ലെങ്കില്‍ ഹോംവര്‍ക്കിന്റെ തിരക്കില്‍. ഒരാഴ്ച്ച കാത്തിരുന്നതിന് ശേഷമാണ് മോന്‍ വീട്ടിലുണ്ടാകാനിടയുള്ള സമയം നോക്കിത്തന്നെ ഫോണ്‍ ചെയ്തത്.

‘ഹല്ലൊ’ ഫോണിന്റെ അങ്ങേത്തലക്കല്‍ നന്ദു തന്നെ. കുട്ടിത്തം വിട്ടകലാന്‍ തുടങ്ങുന്ന അവന്റെ ശബ്ദം ആദ്യം ഒരു അമ്പരപ്പാണ് ഉണ്ടാക്കിയത്.

‘നന്ദുവിന് സുഖമല്ലേ മോനെ?’

‘ഉം’ ഒരു മൂളലില്‍‍ ഒതുങ്ങുന്ന ഉത്തരം!

‘നന്നായി പഠിക്കുന്നില്ലെ മോന്‍?’

‘ഉം’ ..വീണ്ടും!

‘സ്‌കൂളില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?’

‘ഒന്നൂല്ലാ’

‘അഛാ ഞാന്‍ അമ്മക്ക് ഫോണ്‍ കൊടുക്കട്ടെ?’ ... നന്ദുവിന് ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു! അമ്മയേ വിളിച്ച് ഫോണ്‍ ഏല്‍പ്പിച്ചിട്ട് അവന്‍ എങ്ങോട്ടോ ഓടിപ്പോയി!

പൊന്നുമോന്റെ കുസൃതികള്‍ കേള്‍ക്കാന്‍, കളിയും ചിരിയും തമാശകളും കേള്‍ക്കാന്‍, സ്കൂളിലെ വിശേഷങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തയ്യാറായി നിന്ന എന്റെ മനസ്സില്‍ എന്തൊക്കെയോ വീണുടയുന്നത് പോലെ!

നന്ദു വളര്‍ന്നിരിക്കുന്നു!

എന്റെ വിരല്‍തുമ്പില്‍ തൂങ്ങി നിര്‍ത്താതെ സംശയങ്ങള്‍ ചോദിക്കുകയും, അവന്റെ ലോകത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ഓഫീസ്സില്‍ നിന്നും വരുന്നതും കാത്തിരിക്കുകയും, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥ പറഞ്ഞ് കൊടുക്കാന്‍ നിര്‍ബന്ധിക്കുകയും ഒക്കെ ചെയ്തിരുന്ന എന്റെ പൊന്നുമോന്‍ പെട്ടെന്ന് വളര്‍ന്നത് പോലെ ... അവന്‍ എനിക്ക് അന്യനായത് പോലെ!

എപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു അകലം ഉണ്ടായത്? എപ്പോഴാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയില്‍ ഒരല്പം നഷ്ടം ഉണ്ടാകാന്‍ തുടങ്ങിയത്?!

ഒരു കുട്ടിക്ക് അവന്റെ അച്ഛനമ്മമാരോട് ഏറ്റവും ഊഷ്മളമായ അടുപ്പമുണ്ടാകുന്നതും, ബന്ധത്തിന്റെ ഇഴയടുപ്പം എറ്റവും കൂടുന്നതും അച്ഛനമ്മമാരും മക്കളും ഒന്നിച്ച് കഴിയുന്ന ബാല്യത്തിലാണ്. പിന്നെ കൌമാരത്തിലെ വളര്‍ച്ചയുടെ പടവുകളില്‍ അവര്‍ക്ക് അഛനമ്മമാരുമായി നല്ല സുഹൃത്തുക്കളാകാന്‍ കഴിയുന്നു.

പക്ഷെ വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയായി വീട്ടിലെത്തുന്ന പ്രവാസിയായ അച്ഛന്മാര്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളാണ്. മനസ്സു തുറക്കാത്ത മക്കള്‍, ചേര്‍ത്ത് നിര്‍ത്തി ഒന്ന് തലോടാനും, ലാളിക്കാനും ഒക്കെ കഴിയാതെ പോകുന്ന നിസ്സഹായത ... ഒരു മാസത്തെ അടുപ്പം അപരിചതത്വത്തിന്റെ മഞ്ഞ് ഉരുക്കുമ്പോഴേക്കും അടുത്ത തിരിച്ച് പോക്ക്! പിന്നേയും കൂടുതല്‍ അകന്നു പോകുന്ന മക്കള്‍!

അല്ലെങ്കില്‍ തന്നെ നാമൊക്കെ മന‍സ്സില്‍‍ സൂക്ഷിക്കുന്ന ഒരു മധുരമുള്ള ബാല്ല്യം നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടോ? അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി തൊടിയിലും പറമ്പിലും നടന്നതും, അച്ഛന്‍ ഓലപ്പമ്പരവും, കാറ്റാടിയും ഉണ്ടാക്കിത്തന്നതും, തൂക്കണാംകുരുവിയുടെ കൂട് കാട്ടിത്തന്നതും, കഥകള്‍ പറഞ്ഞ് തന്നതും, പുഴയിലെ മുട്ടോളം വെള്ളത്തില്‍ നഗ്നനാക്കി നിര്‍ത്തി മേല് തേച്ച് കുളിപ്പിച്ചതും ... ഇത്തരം ഒരു ബാല്യം നമ്മുടെ കുഞ്ഞൂങ്ങള്‍ക്ക് നല്‍കാന്‍ നമുക്കും കഴിയാറില്ല്ലല്ലൊ!

മക്കളുടെ സ്വഭാവ രൂപീകരണത്തിന്, സ്‌നേഹവും സഹിഷ്ണുതയും ഒക്കെയുള്ള നല്ല മനുഷ്യരായി വളരുന്നതിന്, നല്ല സമൂഹജീവികളാകുന്നതിന് ഒക്കെ അച്ഛന്റേയും അമ്മയുടേയും ഒന്നിച്ചുള്ള സ്‌നേഹവും, സംരക്ഷണവും, പ്രോത്സാഹനങ്ങളും ഒക്കെ വേണം, പക്ഷെ ....!

ഇനി, പ്രവാസജീവിതത്തിന്റെ അവസാനം ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ഒതുങ്ങുമ്പോള്‍ യുവാവായ മകന്റെ തിരക്കുകള്‍ക്കിടയില്‍ ഇടക്ക് അവന്‍ ചോദിച്ചേക്കാം, ‘അച്ഛന് സുഖമാണല്ലോ അല്ലേ?’.

പിന്നെ, ജീവിച്ചു തീര്‍ക്കാന്‍ പലതും ബാക്കിവച്ച് ഒരുനാള്‍ ഈ ഭൂമിയില്‍ നിന്ന് യാത്രയാകുമ്പൊള്‍, നിറം മങ്ങിയ ചുവരിലെ ചിത്രത്തില്‍ ചൂണ്ടി ഒരുനാള്‍ അവന്‍ തന്റെ മകനോട് പറയുമായിരിക്കും ‘ഇതാണ് മോന്റെ മുത്തച്ഛന്‍, എന്റെ അച്ഛന്‍!’.

15 comments:

mini//മിനി said...

കാലം മാറുമ്പോൾ മനുഷ്യനും മാറുന്നു.

Unknown said...

ഇനി, പ്രവാസജീവിതത്തിന്റെ അവസാനം ഉമ്മറക്കോലായിലെ ചാരുകസേരയില്‍ ഒതുങ്ങുമ്പോള്‍ യുവാവായ മകന്റെ തിരക്കുകള്‍ക്കിടയില്‍ ഇടക്ക് അവന്‍ ചോദിച്ചേക്കാം, ‘അച്ഛന് സുഖമാണല്ലോ അല്ലേ?’.

വാസ്തവം, അത്രതന്നെ ചോദിച്ചാലായി! അതും കൊലായിയില്‍നിന്നും സ്ഥലം മാറ്റിയില്ലെങ്കില്‍!

ബഷീർ said...

>>വര്‍ഷത്തിലൊരിക്കല്‍ ഒരു അതിഥിയായി വീട്ടിലെത്തുന്ന പ്രവാസിയായ അച്ഛന്മാര്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ ഈ സൌഭാഗ്യങ്ങളാണ്. മനസ്സു തുറക്കാത്ത മക്കള്‍, ചേര്‍ത്ത് നിര്‍ത്തി ഒന്ന് തലോടാനും, ലാളിക്കാനും ഒക്കെ കഴിയാതെ പോകുന്ന നിസ്സഹായത <<


മിക്ക പ്രവാസി അച്ഛന്മാരും അനുഭവിക്കുന്നത് തന്നെ. ഇന്ന് പക്ഷെ ഇന്റർനെറ്റും ടെലിഫോൺ സൌകര്യവും കൊണ്ട് കുറെയൊക്കെ ആ വിള്ളലുകൾ ഇല്ല്ലാതാക്കാനും മനസ് തുറന്ന് സംവദിക്കാനും (ബിൽ കൂ‍ടുമോ എന്ന ചങ്കിടിപ്പില്ലാതെ) കുറെപേർക്കെങ്കിലും കഴിയുന്നുവെന്നത് ആശ്വാ‍സം തന്നെ

പ്രേമന്‍ മാഷ്‌ said...

നാട്ടിലുള്ളതും ഇല്ലാത്തതും മാത്രമല്ല പ്രശ്നം. തീര്‍ച്ചയായും അനിലിനെപ്പോലുള്ളവര്‍ക്ക് അതൊരു വല്ലാത്ത പ്രയാസമാണ്. പക്ഷെ നാട്ടിലുള്ള പിതാക്കളും ഇത് ഭീകരമായി അനുഭവിക്കുന്നുണ്ട്. അവരെ കൈപിടിച്ച് നടത്താന്‍ ഇന്നുള്ളത് പത്തു വയസ്സാകുമ്പോഴേക്കും അവരെ മുതിര്‍ന്നവരായി മാറ്റിത്തീര്‍ക്കുന്ന നവ മാധ്യമങ്ങള്‍ ആണ്.

മൻസൂർ അബ്ദു ചെറുവാടി said...

പ്രസക്തമായൊരു കുറിപ്പ്.
മിക്ക കുട്ടികളും അമ്മയുടെ കയ്യില്‍ ഒതുങ്ങുന്നതിനും പരിതിയുണ്ട്. അതും വീട്ടിനകത്തെ സാധ്യമാകൂ. ശ്രദ്ധിക്കാന്‍ ആളില്ലെന്ന ബോധം കുട്ടികളില്‍ മറ്റു രീതിയില്‍ സ്വാധീനം ചെലുത്തും.

അനില്‍കുമാര്‍ . സി. പി. said...

വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.

Rajesh Nair said...

TOUCHING STORY

മാണിക്യം said...

അനില്‍ ഒരച്ഛന്റെ വികാര വിചാരങ്ങള്‍
അക്ഷരങ്ങളാക്കാനെങ്കിലും അനിലിനു കഴിയുന്നു
എഴുതി പിടിപ്പിക്കാന്‍ സാധിക്കാത്തവരേറെയുണ്ട്...
" മോനെ അച്ഛന്‍ വിളിച്ചിരുന്നു.."
"പണമയക്കുന്ന കാര്യം വല്ലതും പറഞ്ഞോ?"
എന്ന് ഒരു മറുചോദ്യം
അച്ഛന്‍ = പണം എന്ന് മക്കള്‍ കരുതിയാലൊ?
ഇത് ഈ കഥയുടെ രണ്ടാം ഭാഗം..
ഈ കഥ വായിച്ചപ്പോള്‍ മുതല്‍
അകവും പുറവും ഒരേ പോലെ പൊള്ളുന്നു.....
അതെ പ്രവാസിയുടെ ദുര്യോഗങ്ങള്‍....

NinethSense said...

ഒരു പ്രവാസിയാകാന്‍ ഭയം തോന്നുന്നു...

yousufpa said...

കുഞ്ഞുങ്ങൾക്ക് സ്നേഹം നിറയെ നല്കൂ,അവരുമായി ആത്മഭാഷണം നടത്തു. അവർ ഭാവിയിലും നമ്മുടെ നല്ല മക്കളായി ലഭിച്ചേക്കാം.മറിച്ചാണെങ്കിൽ ഏതെങ്കിലും മനസ്സിനിണങ്ങിയ ഒരു വൃദ്ധസദനത്തിൽ സീറ്റു ബുക്ക് ചെയ്തോളൂ.(നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ കണ്ടിടത്ത് കൊണ്ടു പോയി തള്ളും.

Pranavam Ravikumar said...

പോസ്റ്റിനുള്ള കമന്റ്‌ ഞാന്‍ താഴെ പറയുന്ന ബ്ലോഗില്‍ ഇട്ടിടുണ്ട്.... സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ?


http://enikkuthonniyathuitha.blogspot.com/


ആശംസകളോടെ

കൊച്ചുരവി

സൂത്രന്‍..!! said...

കാലചക്രം തിരയുമ്പോള്‍ നമുക്കും തിരിയാം ഒരുമിചു

അനില്‍കുമാര്‍ . സി. പി. said...

വായിക്കുകയും, അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഒരുവട്ടം കൂടി നന്ദി.

കാവാലം ജയകൃഷ്ണന്‍ said...

മനസ്സൊന്നു നൊന്തു... എനിക്കു മനസ്സിലാകും ഈ വികാരം... അച്ഛന്‍റേയും, മകന്‍റേയും...

അതിരുകള്‍/പുളിക്കല്‍ said...

മരുഭൂമിയില്‍ രാവും പകലുമില്ലാതെ ചോര വിയര്‍പ്പാക്കി.....നാട്ടിലേക്ക് ട്രാഫ്റ്റും ചെക്കുകളും മുറതെറ്റാതെ എത്തുമ്പോള്‍..ഒരു നിമിഷമെങ്കിലും ആ പ്രവാസിയെ കുറിച്ച് ഓര്‍ക്കാന്‍ പോലും സമയമില്ല....ജീവിതം മുഴുവന്‍ മരുഭൂമിലുപേക്ഷിച്ച് നാട്ടില്‍ വന്നാല്‍. തന്റെ ദൗര്‍ഭാഗ്യത്തിന്റെ നാറ്റമകറ്റാന്‍ കൂടെ കൊണ്ടുവന്ന പെര്‍ഫ്യൂമുകള്‍ മതിയാകാതെ നട്ടം തിരിയുകയവും......പാവം ഈ പ്രവാസികളുടെ ഒരു വിധിയെ