Monday, May 23, 2011

പുത്രത്വത്തിന്റെ നിറഭേദം


സായാഹ്നവെയിലില്‍ തിരക്കൊഴിഞ്ഞ സബര്‍ബന്‍ പാതയിലൂടെ കാറോടിച്ചുകൊണ്ടിരുന്നപ്പോള്‍ സ്റ്റീവ് പീറ്റേഴ്സണ്‍ എന്ന്‍ യുവനോവലിസ്റ്റ് സ്വയം പറഞ്ഞുപഠിപ്പിക്കുകയായിരുന്നു, ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാന്‍ പോകുന്നതുമായ കാര്യങ്ങള്‍ മനസ്സിനെ തെല്ലും ബാധിക്കില്ലെന്ന്.  എന്നിരുന്നാല്‍ തന്നെയും, അയാളുടെ ഹൃദയം പതിവിലും വേഗത്തില്‍ മിടിച്ചു.

എവിടെയായിരുന്നു ഈ യാത്രയുടെ തുടക്കം? അയാള്‍ ഓര്‍ത്തു.

പത്തുമണിക്കുള്ള പതിവ് കോഫി പകുതി കുടിച്ചിട്ട് എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ അടുത്ത അധ്യായത്തെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ഡേവിഡ് പീറ്റേഴ്സണ്‍ വിളിച്ചത്.

"സ്റ്റീവ്, ഇന്ന് നിന്നെ തിരക്കി ഒരു ചെറുപ്പക്കാരന്‍ ഇവിടെ വന്നിരുന്നു. ഒരു കെവിന്‍ വില്‍സ്മിത്ത്. അയാള്‍ പറഞ്ഞത്..."

ഒന്ന് നിര്‍ത്തിയിട്ട്  മുറിഞ്ഞ വാക്കുകളില്‍ പീറ്റേഴ്സണ്‍ പറഞ്ഞു,

"അയാള്‍....അയാള്‍ നിന്റെ... സഹോദരനാണെന്ന്"

സ്റ്റീവിന് ചിരിക്കാന്‍ തോന്നി. ഡേവിഡ് പീറ്റേഴ്സണിന്റെയും മേരി പീറ്റേഴ്സണിന്റെയും വളര്‍ത്തുമകന്‍ സ്റ്റീവ് പീറ്റേഴ്സണിന് അയാള്‍ അറിയാത്ത കെവിന്‍ വില്‍സ്മിത്ത് എന്ന  സഹോദരനോ?

"ഡാഡ്, ആര്‍ യൂ ജോക്കിങ്ങ്?"

"നോ, മൈ സണ്‍" ഡേവിഡ് പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു,

"അവന്‍ നിന്റെ പാതി സഹോദരനാണ്. മെറിവില്‍ ലോസണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന കെയ്റ്റ് വില്‍സ്മിത്ത് എന്ന നിന്റെ അമ്മയുടെ മകന്‍."

അവിചാരിതമായ ഒരു നിശ്ശബ്ദത ഉണ്ടായി.

എങ്കിലും വേണ്ടെന്ന് നിഷേധിക്കാന്‍ സ്റ്റീവിന് അധികമാലോചിക്കേണ്ടിവന്നില്ല. കാരണം, സാല്‍വേഷന്‍ ആര്‍മിയുടെ ഓര്‍ഫനേജില്‍ നിന്ന് ദത്തെടുത്ത് സ്നേഹവും വാല്‍സല്യവും ആവോളം കൊടുത്തുവളര്‍ത്തിയ ഡേവിഡും മേരിയുമല്ലാതെ ആരാണ് അയാളുടെ മാതാപിതാക്കള്‍? മനസ്സ് അനുവദിക്കാന്‍ കൂട്ടാക്കുന്നില്ല. 

പക്ഷെ, ഡാഡിയുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ദ്ദേശം തള്ളിക്കളയാന്‍ സ്റ്റീവിന് മനസ് വന്നില്ല. കാണാന്‍ വരുന്ന അര്‍ദ്ധസഹോദരനെ അധിക്ഷേപിച്ച് ഇറക്കിവിടരുതെന്ന് പറഞ്ഞ് ഡേവിഡ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. 

അവശേഷിച്ച തണുത്ത കോഫി മൊത്തിക്കുടിച്ചുകൊണ്ട് അയാള്‍ അപ്രതീക്ഷിതമായി കേട്ട കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിച്ചു. ഒരു നിമിഷം കൊണ്ട് ഒരു അമ്മ...സഹോദരന്‍!!  കണ്ണുചിമ്മുന്ന അത്രയും വേഗത്തില്‍ മാത്രമുണ്ടാകേണ്ട ബന്ധങ്ങളാണോ ഇത്? 

അല്ലെന്ന് സ്റ്റീവിനുറപ്പായിരുന്നു. അതാണല്ലോ ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഇരമ്പിയാര്‍ക്കേണ്ട സന്തോഷത്തിന് പകരം നിര്‍വികാരതയുടെ, നിസ്സംഗതയുടെ മരവിപ്പുണ്ടായത്.

കോളിംഗ് ബെല്‍ ശബ്ദിക്കുന്നതുകേട്ട് അയാള്‍ കതകുതുറന്നുനോക്കി. കണ്ണട വച്ച വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍. അത് കെവിന്‍ വില്‍സ്മിത്തായിരുന്നു. സ്റ്റീവ് ഒരുനിമിഷം കെവിനെ അടിമുടിയൊന്ന് നോക്കി. തന്റെ പാതിരക്തം... മനസ്സില്‍ എവിടെയോ ചൂട് പിടിക്കുന്നതുപോലെ! ഹൃദയം താളം തെറ്റി മിടിക്കുന്നുണ്ടോ?

സ്റ്റീവ് അയാളോട് അകത്തേയ്ക്ക് കയറിയിരിക്കാന്‍ പറഞ്ഞു. 

ലൌഞ്ചില്‍ ഇരിക്കുമ്പോള്‍ കെവിന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുകയായിരുന്നു. പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്ന സ്റ്റീവ് ഇടയ്ക്ക് ഏറുകണ്ണിട്ട് അയാളെ നോക്കി. സ്കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടപ്പുറത്തെ വീട്ടിലെ പയ്യന്‍ അവന്റെ അനിയനെയും കൈപിടിച്ചുനടത്തി സ്കൂളില്‍ പോകുന്ന രംഗം സ്റ്റീവിന്റെ കണ്ണുകളില്‍ തെളിഞ്ഞു. അന്നൊരുപാട് കൊതിച്ചിരുന്നു അങ്ങനൊരു അനിയന്റെ കൈപിടിച്ച്... അവന്റെ കുറുമ്പുകളും സഹിച്ച്....

കെവിന്‍ തലയുയര്‍ത്തിയപ്പോള്‍ അയാള്‍ പെട്ടെന്ന് കണ്ണുകള്‍ പിന്‍വലിച്ചു.  അവരുടെ ഇടയില്‍ പരന്ന നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് കെവിന്‍ പറഞ്ഞു,

"ഞാനെന്തുപറഞ്ഞാലും തിരികെ ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷെ, ഒന്നിന്നും എനിക്കുത്തരം ഉണ്ടാവില്ല. തീര്‍ച്ച."

ലൌഞ്ചിലേയ്ക്ക് ചാഞ്ഞിരുന്നുകൊണ്ട് സ്റ്റീവ് അയാളുടെ കണ്ണുകളില്‍ നോക്കി ചോദിച്ചു,

"എനിയ്ക്ക് ചോദിക്കാന്‍ ചോദ്യങ്ങള്‍ ഒന്നുമില്ലെങ്കിലോ?"

കെവിന്‍ ഒന്നുപുഞ്ചിരിച്ചിട്ടുപറഞ്ഞു,

"ആ പറഞ്ഞതിലുമുണ്ട് പറയാത്ത ആയിരം ചോദ്യങ്ങള്‍." വാസ്തവമായിരുന്നു കെവിന്‍ പറഞ്ഞത്.

രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് കെയ്റ്റ് കെവിനോട് അയാളുടെ അര്‍ദ്ധ സഹോദരനെക്കുറിച്ച് പറഞ്ഞതത്രെ. ദത്തെടുത്തവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന കാരണത്താല്‍ ഓര്‍ഫനേജ് അധികൃതര്‍ ആദ്യമൊക്കെ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചു. പിന്നെ, ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവരതിന് തയ്യാറായതെന്ന്.

"ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ മൂത്തസഹോദരനെ ഒന്ന് കാണണമെന്ന് തോന്നി. പിന്നെ...."

അയാള്‍ മുഴുമിപ്പിക്കാതെ നിര്‍ത്തിയപ്പോള്‍ ബാക്കി എന്താണെന്ന് ഊഹിക്കാന്‍ സ്റ്റീവിന് പ്രയാസമുണ്ടായില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസവക്കിടക്കയില്‍ ഉപേക്ഷിച്ചുപോയ മകനെ ഒരിക്കല്‍ക്കൂടി കാണണമെന്ന് അമ്മയ്ക്ക് മോഹം. 

സത്യം. കെവിന്‍ പിന്നീട് തുടര്‍ന്നുപറഞ്ഞതും ഇത് തന്നെയായിരുന്നു. 

അയാളോട് ഇറങ്ങിപ്പോകണം എന്നുപറയണമെന്നുണ്ടായിരുന്നു. പക്ഷെ, ഡാഡിയ്ക്ക് കൊടുത്ത വാക്ക് സ്റ്റീവ് ഓര്‍ത്തു. മറ്റെന്തെങ്കിലും പറയാനുണ്ടോ എന്നുചോദിച്ചപ്പോള്‍ ആ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കിയിട്ടാവണം കെവിന്‍ മെല്ലെ എഴുന്നേറ്റു.

"ഇനിയൊന്നും പറയാനില്ല."

അയാള്‍ യാത്ര പറഞ്ഞ് പുറത്തേയ്ക്ക് നടന്നു. വാതിലിനടുത്തെത്തിയപ്പോള്‍ ഒന്നുനിന്നിട്ട് കെവിന്‍ പറഞ്ഞു,

"കാണണം എന്ന് തോന്നുന്നെങ്കില്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ വരണം. അവിടെ ക്യാന്‍സര്‍ യൂണിറ്റിലുണ്ടാവും മമ്മ. നിങ്ങളെക്കാള്‍ മുമ്പേ മരണം കടന്നുവരാതിരുന്നാല്‍..."

കെവിന്‍ മുഴുമിപ്പിക്കാതെ ബാക്കി നിര്‍ത്തിയപ്പോള്‍ ഹൃദയത്തില്‍ എന്തോ കൊളുത്തിവലിയ്ക്കുന്നതുപോലെ സ്റ്റീവിന് തോന്നി. ഒരു തലോടലിന്റെ കടപ്പാട്  പോലും ആ സ്ത്രീയോടില്ല. എന്നിട്ടും ഉള്ളിലെവിടെയോ ഒരു പുകച്ചില്‍.... ഒരു അലയാഴിയുടെ ഇരമ്പല്‍...

വാതിലടഞ്ഞ ശബ്ദം കേട്ട് അയാള്‍ നോക്കി. കെവിന്‍ പോയിക്കഴിഞ്ഞിരുന്നു. അയാളോട് എന്തെങ്കിലും ചോദിക്കാന്‍ ബാക്കിയുണ്ടായിരുന്നോ?

ഇല്ല. ഒന്നുമില്ല. എല്ലാം തോന്നല്‍ മാത്രമാണ്. സ്റ്റീവ് സ്വയം പറഞ്ഞുവിശ്വസിപ്പിച്ചു. എങ്കിലും പിന്നെയും എന്തൊക്കെയോ പറയാന്‍ ബാക്കിവച്ചപോലെ...

അയാള്‍ ഒരു സിഗരറ്റ് കത്തിച്ച് ചുണ്ടത്ത് പിടിപ്പിച്ച് ബാല്‍ക്കണിയില്‍ പോയിനിന്നു. അവിടെ നിന്നാല്‍ സ്ട്രീറ്റിന്റെ അങ്ങേയറ്റം കാണം. അതിനുമപ്പുറം മൈതാനം. അവിടെ ആരൊക്കെയോ ഫുട്ബോള്‍ കളിക്കുന്നു. അപ്പോള്‍ അയാളുടെ മനസ്സില്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലും അതിലെ കഥാപാത്രങ്ങളുമായിരുന്നില്ല. ഒരു തരി ചൂട് പകരാന്‍ അരികെ അമ്മയില്ലാതെ തൊണ്ടകീറി കരയുന്ന ഒരു ചോരക്കുഞ്ഞിന്റെ വലിഞ്ഞുമുറുകിയ മുഖം... വലിച്ചെറിയപ്പെട്ടവന്റെ നിസ്സഹായത...  നിഷേധിക്കപ്പെട്ട മുലപ്പാല്‍ ചോരയായി ഹൃദയത്തിന്റെ ഭിത്തികളിലൂടെ വാര്‍ന്നിറങ്ങുന്നു....

സ്റ്റീവ് കണ്ണുകള്‍ മുറുക്കിയടച്ചു. പിന്നെ, വലിച്ചുകൊണ്ടിരുന്ന സിഗരറ്റ് താഴേക്ക് വലിച്ചെറിഞ്ഞ് കാലുകൊണ്ട് ചവുട്ടിയരച്ചു.

എവിടേക്കും പോകുന്നില്ല എന്നുറച്ചപ്പോള്‍ മേരി പീറ്റേഴ്സണ്‍ പറഞ്ഞു,

"എന്തൊക്കെ പറഞ്ഞാലും അവര്‍ നിന്റെ പെറ്റമ്മയാണ്. നീ പോയി അവരെ കാണണം."

മേരി പീറ്റേഴ്സണ്‍ സ്റ്റീവിന് പോറ്റമ്മയായിരുന്നില്ല. പെറ്റമ്മ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവരെ നിഷേധിക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. മാത്രമല്ല, എത്ര അമര്‍ത്തി തേയ്ച്ചുമായ്ച്ചുകളഞ്ഞാലും പിന്നേയും ഒരു നേര്‍ത്ത പോറലായി അവശേഷിക്കുന്ന ഇഴപിരിയുന്ന ഒരു ബന്ധത്തിന്റെ വേരുകള്‍ അയാളുടെ മനസ്സിന്റെ അഗാധതയില്‍ എവിടെയോ മണ്ണ് മൂടിക്കിടപ്പുണ്ടായിരുന്നു. അല്ലെങ്കില്‍, കെവിന്‍ വന്ന കാര്യം പറയാന്‍ മേരിയെ വിളിച്ചപ്പോള്‍ സ്റ്റീവിന്റെ  ശബ്ദം അത്രമേല്‍ ഇടറില്ലായിരുന്നല്ലോ.

അതായിരുന്നു ആ യാത്രയുടെ തുടക്കം. കെയ്റ്റ് വില്‍സ്മിത്ത് എന്ന ജൈവമാതാവിനെ കാണാനുള്ള യാത്രയുടെ തുടക്കം.

സ്റ്റീവ് മുഖമുയര്‍ത്തി ജി. പി. എസ്. നാവിഗേറ്ററില്‍ നോക്കി. ഇനി നാല് കിലോമീറ്റര്‍ കൂടി. കുറച്ചുദൂരംകൂടി ചെന്നപ്പോള്‍ ഹില്‍സൈഡ് ആശുപത്രിയുടെ കവാടം കാണാന്‍തുടങ്ങി.

വിസിറ്റേഴ്സ് പാര്‍ക്കിങ്ങില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് സ്റ്റീവ് അന്വേഷണവിഭാഗത്തിന്റെ  കൌണ്ടറില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചു.  അവരോട് നന്ദി പറഞ്ഞിട്ട് ക്യാന്‍സര്‍ യൂണിറ്റിലെ വാര്‍ഡിലേയ്ക്ക് നടക്കുമ്പോള്‍ ഹൃദയം വല്ലാതെ മിടിക്കുന്നത് അയാള്‍ അറിഞ്ഞു.

ചോരക്കുഞ്ഞിന്റെ പാട മൂടിയ കണ്ണുകള്‍ക്ക് മുന്നില്‍നിന്ന് അകന്നുമാറിയ അമ്മയെന്ന ആ അവ്യക്തരൂപത്തിന്റെ മുന്നിലേയ്ക്ക്  ഒരിക്കല്‍ക്കൂടി! എങ്ങനെ തുടങ്ങണം, എന്തു പറയണം എന്ന് നിശ്ചയമില്ല.മനസ്സില്‍ അണകെട്ടി നിര്‍ത്തിയിരിക്കുന്ന ഒരു മഹാസമുദ്രം എല്ലാം തകര്‍ത്ത് അലറിയാര്‍ത്ത് കൂലം കുത്തിയൊഴുകുമോ? വേണ്ടാ. ഒന്നും വേണ്ടാ. ഒന്നുകാണുന്നു. പിന്നെ, വന്നപോലെ തിരിച്ചുപോകുന്നു. അത്രമാത്രം. സ്റ്റീവ് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു.

പാതി ചാരിയ കതകില്‍ മെല്ലെ തട്ടിയിട്ട് അകത്തേയ്ക്ക് കയറിയ സ്റ്റീവ് കട്ടിലില്‍ കിടക്കുന്ന കെയ്റ്റ് വില്‍സ്മിത്തിനെ സൂക്ഷിച്ചുനോക്കി. അസ്ഥിക്കൂടത്തിന് മുകളില്‍ തൊലിചുറ്റിവച്ച പോലെ ഒരു രൂപം. മുറിയില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏതോ മരുന്നിന്റെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നു. കാല്‍പ്പെരുമാറ്റം കേട്ട് അവര്‍ നോക്കിയപ്പോഴാണ് സ്റ്റീവിനെ കണ്ടത്. അവര്‍ സംശയത്തോടെ അയാളെ നോക്കി.

"ആരാ?" തീരെ ചെറിയ ശബ്ദത്തില്‍ കെയ്റ്റ് ചോദിച്ചു.

സ്റ്റീവ് ഒരുനിമിഷം സംശയിച്ചു. പിന്നെ, അവരുടെ ചുളുങ്ങിയ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു,

"ഞാന്‍....സ്റ്റീവ്, സ്റ്റീവ് പീറ്റേഴ്സണ്‍"

സ്റ്റീവ്! കെയ്റ്റിന്റെ വരണ്ടചുണ്ടുകള്‍ മന്ത്രിച്ചു. ഞൊടിയിടകൊണ്ട് അവരുടെ കണ്ണുകളില്‍ ഒരു തിളക്കം മിന്നിമാഞ്ഞു. പിന്നെ, തല ചരിച്ച്, കണ്ണുകള്‍ അടച്ച് അവര്‍ ശബ്ദമുണ്ടാക്കാതെ വിങ്ങിപൊട്ടി. അയാള്‍ ഒരു ഭാവഭേദവുമില്ലാതെ അവരെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. തേങ്ങല്‍ ഒന്നടക്കിയിട്ട് അവര്‍ മുഖമുയര്‍ത്തി അയാളെ നോക്കി പറഞ്ഞു,

"നീ വരുമെന്ന് ഞാന്‍ വിചാരിച്ചില്ല. പാപിയായ ഞാന്‍ അത്രയും ആഗ്രഹിക്കാന്‍ പാടില്ലല്ലോ"

കെയ്റ്റിന്റെ ശബ്ദം വളരെ ദുര്‍ബ്ബലമായിരുന്നു. അവരുടെ കുഴിഞ്ഞകണ്ണുകളില്‍ നിന്ന് നീര്‍ച്ചാലുകള്‍ പോലെ കണ്ണീര്‍ ഒഴുകി, ചുളിഞ്ഞ കവിള്‍ത്തടങ്ങളില്‍ തട്ടി അടര്‍ന്ന് മെത്തയില്‍ വീണു.

സ്റ്റീവ് ജാലകത്തിലൂടെ പുറത്തേയ്ക്കേവിടെയോ നോക്കിനില്‍ക്കുകയായിരുന്നു. അങ്ങുദൂരെ, പോക്കുവെയില്‍ വീണ മലനിരകള്‍ കാണാമായിരുന്നു. മനസ്സ് ഒരു തരിശ് നിലം പോലെ ശൂന്യം. ഒരു വികാരവുമില്ലാതെ, നിര്‍ജ്ജീവമായി...

"മരിക്കുന്നതിന് മുമ്പ് നിന്നെ ഒന്നുകാണണമെന്ന് തോന്നി."

അയാള്‍ മുഖം തിരിച്ച് അവരെ നോക്കി.

"വേറൊന്നിനുമല്ല, എന്നോട്  ഒരിക്കലും പൊറുക്കരുതെന്ന് പറയാന്‍."

കുറ്റബോധം നിഴലിച്ച തളര്‍ന്ന വാക്കുകള്‍ക്ക് മുന്നില്‍ എന്തുപറയണമെന്നറിയാതെ സ്റ്റീവ് നിന്നു. മറുപടി പറയുവാന്‍ വാക്കുകള്‍ക്കായി പരതിയില്ല എന്നതായിരുന്നു സത്യം. അയാള്‍ മുന്നോട്ട് നടന്ന് കട്ടിലിന്റെ ക്രാസിയില്‍ പിടിച്ചുകൊണ്ട് അവരെ തന്നെ നോക്കി നിന്നു. പെട്ടെന്നൊരു വേദന പിടികൂടിയതുപോലെ കെയ്റ്റ് കണ്ണുകള്‍ ഇറുക്കിയടച്ച് ചുണ്ടുകള്‍ അകത്തേയ്ക്ക് കൂട്ടിപ്പിടിച്ചു. പിന്നെ, നിമിഷങ്ങള്‍ക്കകം സ്വയമടക്കി, ശാന്തയായി.

"എങ്കിലും മരിക്കുന്നതിന് മുമ്പ് എന്റെ തെറ്റുകള്‍ എനിക്കേറ്റ് പറയണം, നിന്റെ മുന്നില്‍. "

ഒരു ചെറിയ കിതപ്പോടെ അവര്‍ പറഞ്ഞു.

"ആഗ്രഹിച്ചുണ്ടായ കുഞ്ഞ് തന്നെയായിരുന്നു നീ. എന്നിട്ടും ഞാന്‍..."

തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി, കെയ്റ്റ് മുഴുമിപ്പിക്കാതെ നിര്‍ത്തി. അപ്പോള്‍ ഒന്ന് മുരടനക്കിയിട്ട് തികച്ചും അക്ഷോഭ്യനായി സ്റ്റീവ് പറഞ്ഞു,

"തിരിച്ചറിവായ നാള്‍ മുതല്‍ ഈ നിമിഷം വരെ എന്നെ വേട്ടയാടുന്നത് നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു എന്ന ചിന്തയല്ല, എന്തിനുപേക്ഷിച്ചു എന്ന ക്രൂരമായ കാരണമാണ്."

ആ വാക്കുകള്‍ കേട്ട് കെയ്റ്റ് ഞെട്ടിത്തരിച്ചു. അവരുടെ തളര്‍ന്ന കണ്ണുകളില്‍ അമ്പരപ്പ് നിഴലിച്ചു. കോട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു പഴയ പത്രക്കടലാസിന്റെ തുണ്ട് നിവര്‍ത്തിക്കാണിച്ചുകൊണ്ട് അയാള്‍ പറഞ്ഞു,

"അമ്മയ്ക്ക് ആഗ്രഹിച്ചുണ്ടായ സ്റ്റീവ് എന്ന ചോരക്കുഞ്ഞിനെ അമ്മ തന്നെ എങ്ങനെ അനാഥനാക്കിയെന്നുള്ള പത്രങ്ങളുടെ സാക്ഷ്യം."

കെയ്റ്റിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു അത്. തിളയ്ക്കുന്ന യൌവ്വനത്തിലെ ധാര്‍ഷ്ട്യത്തിന്റെ, മനുഷത്വരഹിതമായ മാതൃത്വത്തിന്റെ സാക്ഷിപ്പത്രം ഒരു കൂര്‍ത്ത കഠാര പോലെ അവരുടെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി.അവര്‍ തല പിന്നിലേയ്ക്ക് ചായിച്ച് കൈകള്‍ കൊണ്ട് മുഖം പൊത്തി ശബ്ദമുണ്ടാക്കാതെ വിങ്ങിക്കരഞ്ഞു.

അല്‍പ്പനിമിഷം കഴിഞ്ഞ് മെത്തയില്‍ ഏതോ ഭാരം അമര്‍ന്നതുപോലെ തോന്നിയപ്പോള്‍ അവര്‍ കണ്ണുതുറന്നുനോക്കി. മെത്തയില്‍ തന്റെ അരികിലായി സ്റ്റീവ് ഇരിക്കുന്നത് കണ്ട് കെയ്റ്റ് അവിശ്വസനീയതയോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അപ്പോഴാണ് അവര്‍ സ്റ്റീവിന്റെ മുഖം ശരിക്കുമൊന്ന് കാണുന്നത്. തന്റെ അതേ കണ്ണുകള്‍. കെയ്റ്റ് ഓര്‍ത്തു.

അവര്‍ കൈ ഉയര്‍ത്തി അയാളുടെ കവിളില്‍ മെല്ലെ തൊട്ടു. തണുത്തുറഞ്ഞ ഒരു കരസ്പര്‍ശം. സ്റ്റീവ് കണ്ണുകളടച്ചു. ഒരു ചോരക്കുഞ്ഞിന്റെ കരച്ചില്‍ ചെവികളില്‍ മുഴങ്ങുന്നതുപോലെ! അവന്റെ ചോരപൊടിയുന്ന കവിള്‍ത്തടങ്ങളില്‍ മൃദുവായി തലോടുന്ന ഒരമ്മയുടെ വിരല്‍ത്തുമ്പുകള്‍!

കണ്ണുകള്‍ തുറന്നിട്ട്, നേര്‍ത്തതെങ്കിലും വിറയാര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു,

"ഒരു തുള്ളി മുലപ്പാലിന്റെ പോലും ബന്ധം നമ്മള്‍ തമ്മിലില്ല. എന്നിട്ടും...."

ശരിയായിരുന്നു. വരണ്ടുണങ്ങിയ അയാളുടെ  മനസ്സിലെവിടെയോ നീര്‍ച്ചാലിന്റെ തണുപ്പ് പോലെ ഒരു നനുത്ത സ്പര്‍ശം. എവിടെയോ ഒന്ന് പോറിയതുപോലെ. എത്ര ഉറച്ചുപറഞ്ഞാലും നിഷേധിക്കാനാവാത്ത ഒരു ബന്ധത്തിന്റെ അദൃശ്യമായ അനുഭൂതി ഹൃദയത്തെ തൊടുന്നതുപോലെ!

സ്റ്റീവിന്റെ കണ്‍കോണില്‍ ഉരുണ്ടുകൂടി അടര്‍ന്നുവീണ  കണ്ണീരിന്റെ ചൂട് വിരലില്‍ അനുഭവപ്പെട്ടപ്പോള്‍ കെയ്റ്റ് കൈ പിന്‍വലിച്ചു. പിന്നെ നിറഞ്ഞത് അവരുടെ കണ്ണുകളായിരുന്നു.

"നീ പറഞ്ഞത് ശരിയാണ്. അതിന് പകരമായി,  നിനക്കായി ചുരത്താന്‍ മടിച്ച പാപിയായ എന്റെ മാറിടം ദൈവം ചൂഴ്ന്നെടുത്തു."

കെയ്റ്റിന്റെ ഇടറിയ വാക്കുകള്‍ക്ക് മുന്നില്‍ അയാള്‍ നിശ്ശബ്ദനായി നിന്നു. അവരുടെ ഇടയിലേയ്ക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുവന്ന മൌനത്തിന്റെ ഒടുവില്‍ സ്റ്റീവ് യാത്ര പറഞ്ഞുപോകാനിറങ്ങി.

"ഇനി എനിയ്ക്ക് സന്തോഷത്തോടെ മരിക്കാം." അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു,

"നീ വലിയ എഴുത്തുകാരനല്ലേ. സമയം കിട്ടുമ്പോള്‍ ഈ അമ്മയെപ്പറ്റിയും ഒരു കഥ എഴുതണം. പുത്രത്വത്തിന്റെ നിറഭേദം നോക്കിയ പാപിയായ അമ്മയെപ്പറ്റി."

യാത്രപറഞ്ഞ് മുറിയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ സ്റ്റീവ് ചുറ്റും നോക്കിയിട്ട് ആരും കാണാതെ കണ്ണുകള്‍ തുടച്ചു. അയാള്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്ന് ആ പഴയ പത്രത്താളെടുത്ത് ഒരിക്കല്‍ക്കൂടി നിവര്‍ത്തിനോക്കി.

വിവാഹം കഴിക്കാതെ, ലൈംഗിക ബന്ധം കൂടാതെ അമ്മയാകണം എന്നുള്ള ആഗ്രഹത്താല്‍ ബീജബാങ്കില്‍ നിന്ന് വെള്ളക്കാരന്റെ ബീജം വിലയ്ക്കെടുത്ത് ഗര്‍ഭം ധരിക്കുകയും പ്രസവശേഷം ജനിച്ച കുഞ്ഞ്  പ്രതീക്ഷയ്ക്ക് വിപരീതമായി നീഗ്രോ ആയതിനാല്‍ ആ ചോരക്കുഞ്ഞിനെ പ്രസവക്കിടക്കയില്‍ തന്നെ ഉപേക്ഷിച്ച്, അബദ്ധം പിണഞ്ഞ ആശുപത്രിയ്ക്കെതിരെ നിയമയുദ്ധം നടത്തുകയും ചെയ്ത കേയ്റ്റ് ഫെര്‍ഗൂസണ്‍ എന്ന വെള്ളക്കാരിയായ യുവതിയെയും അവള്‍ക്കെതിരെ പ്രതിഷേധിച്ച ആന്റി-റേസിസ്റ്റുകളെയും പറ്റിയുള്ള പ്രസിദ്ധമായ ഒരു ലേഖനമായിരുന്നു അത്. അതിന്റെ ഒടുവില്‍, പിന്നീട് വെള്ളക്കാരായ ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തിയ സ്റ്റീവ് പീറ്റേഴ്സണ്‍ എന്ന ആ ചോരക്കുഞ്ഞിനെയും കുറിച്ച് പറയുന്നുണ്ടായിരുന്നു.

ആ പത്രക്കടലാസ് ചുരുട്ടി ബിന്നിലിട്ട്, രണ്ടുകൈകളുംകൊണ്ട് കോട്ട് നേരെയാക്കി സ്റ്റീവ് പീറ്റേഴ്സണ്‍ പുറത്തേയ്ക്ക് നടന്നു.

Monday, May 16, 2011

മേനോന്‍ മാഷും ഒടുവില്‍ ഉണ്ണിക്കൃഷ്ണനും


തമാശകള്‍! ചെറുതും വലുതുമായ ഒരുപാട് തമാശകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ കേട്ടിട്ടുണ്ട്. ചിലതൊക്കെ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് കേള്‍ക്കാറുണ്ട്. ടിന്റു മോന്‍ ഫലിതങ്ങള്‍ പോലെ.  ചില തമാശകളില്‍ പ്രത്യക്ഷമായി ചിരിക്കാന്‍ ഒന്നുമുണ്ടാകില്ല. ആ തമാശകള്‍ കേട്ട് കഴിഞ്ഞ് ചില വിഷ്വലുകള്‍ മനസ്സില്‍ തെളിയുമ്പോള്‍ മാത്രമാണ് നമ്മള്‍ക്ക് ചിരി വരാറുള്ളത്. അത്തരം ഒരു നിങ്ങളോട് പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ മര്‍മ്മ ഭാഗം  ഒരു യഥാര്‍ത്ഥ സംഭവമാണ്. ബാക്കിയെല്ലാം എന്റെ ഭാവനാസൃഷ്ടിയും. എന്റെ ഒരു പഴയ സഹപ്രവര്‍ത്തകന്റെ കൂട്ടുകാരന്റെ അച്ഛനാണ് ഇതിലെ താരം. അദ്ദേഹത്തെ നമ്മള്‍ക്ക് മേനോന്‍ മാഷ്‌ എന്ന് വിളിക്കാം.

"രാത്രി ശുഭരാത്രി...ഇനി എന്നും ശിവരാത്രി..."

സന്തോഷ്‌  പണ്ഡിറ്റ് എന്ന ഭൂലോക പ്രാന്തന്റെ വിശ്വപ്രസിദ്ധമായ പാട്ടും മൂളി സൈക്കിളും ചവുട്ടി വരുമ്പോഴാണ് നളിനാക്ഷന്‍ കണ്ടത്, ലെവല്‍ ക്രോസ് അടച്ചിട്ടിരിക്കുന്നു! പണ്ടാരമടങ്ങാന്‍...!!! 

കഷ്ടപ്പെട്ട് കമ്പിത്തൂണുകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി, രണ്ട് വശത്തേക്കും നോക്കി,  വല്ല വിധേനയും അപ്പുറത്തെത്തി. അപ്പോഴാണ്‌, മേനോന്‍ മാഷ്‌ അവിടെ നില്‍ക്കുന്നത് കണ്ടത്. അടച്ചിട്ടിരിക്കുന്ന ഗേറ്റില്‍ പിടിച്ചുകൊണ്ട് ആരോടോ കത്തി വയ്ക്കുകയാണ്.

ഭാഗ്യം!! കണ്ടില്ലെന്നു തോന്നുന്നു. രണ്ടാഴ്ചയായി  മാഷ് പറയുകയാണ്‌, പറമ്പിലെ കാടും പടലുമൊക്കെ ഒന്ന് തെളിയിച്ചു തരാന്‍. ഇപ്പോള്‍ വരാം എന്ന് പറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. മുന്നില്‍ പെട്ടാന്‍, കൈയിലിരിക്കുന്ന കാലന്‍ കുടയ്ക്ക് അടിച്ചുകളയും. 

നളിനാക്ഷന്‍ ആരുടെയൊക്കെയോ മറവ് പറ്റി മാഷിന്റെ കണ്ണില്‍പ്പെടാതെ വലിഞ്ഞു. 

ഒരു അരമണിക്കൂര്‍ നേരത്തെ പരിപാടിക്ക് ശേഷം നളിനാക്ഷന്‍ അതുവഴി തന്നെ തിരിച്ചുവന്നു. ഇപ്പോള്‍ റെയില്‍വേ ഗേറ്റ് തുറന്നു കിടക്കുകയാണ്. പക്ഷെ, മേനോന്‍ മാഷ്‌ അവിടെ തന്നെ നില്‍പ്പുണ്ട്. ആരോടും വാചകമടിക്കാതെ, നീണ്ടു കിടക്കുന്ന പാളങ്ങളിലേയ്ക്ക് നോക്കി പ്രതിമ പോലെ നില്‍ക്കുകയാണ്.

ഇപ്രാവശ്യം ഒളിക്കാന്‍ സമയം കിട്ടിയില്ല. ചാടി ഇറങ്ങാന്‍ നോക്കിയ വെപ്രാളത്തിനിടയില്‍ വീല് തെന്നി നളിനാക്ഷന്‍ "എന്നെ അനുഗ്രഹിക്കൂ" എന്ന സ്റ്റൈലില്‍ മാഷിന്റെ കാല്‍ക്കലേയ്ക്ക് സാഷ്ടാംഗ പ്രണാമം ചെയ്തൊരു വീഴ്ച. ഭാഗ്യത്തിന് ശരീരത്തിലെ പെയിന്റ് പോയില്ല. പൊടി തട്ടി, ഒരു വിഡ്ഢിച്ചിരിയോടെ എഴുന്നേറ്റ അയാളോട് മാഷ്‌ പറഞ്ഞു,

"എടാ നളിനാക്ഷാ, എന്നെ പറ്റിക്കുന്നതിന് ദൈവം തന്ന ശിക്ഷയാ ഇത്"

"ഞാന്‍ പറ്റിക്കുകയോ!! അതും മാഷിനെ...ദൈവദോഷം പറയല്ലേ മാഷെ."

നളിനാക്ഷന്‍ തന്റെ അഭിനയപാടവം പുറത്തെടുക്കാന്‍ തുടങ്ങി.

"മാഷ്‌ വിശ്വസിക്കുമോന്നു എനിക്കറിയില്ല. നേരായിട്ടും ഞാന്‍ അങ്ങോട്ട്‌ വരികയായിരുന്നു."

ഇത്തരം എത്ര നട്ടാല്‍ കുരുക്കാത്ത കള്ളങ്ങള്‍ കേട്ടിരിക്കുന്നു എന്ന മട്ടില്‍ മേനോന്‍ മാഷ്‌ നില്‍ക്കുന്നത് കണ്ടപ്പോള്‍ നളിനാക്ഷന്‍ പറഞ്ഞു,

"എന്നെ വിശ്വാസമില്ലേല്‍ മാഷ്‌ നടക്ക്, ഞാന്‍ കൂടെ വരാം."

ഉടനെ മാഷിന്റെ മറുപടി വന്നു, "ഏതായാലും അടുത്ത ട്രെയിന്‍ വരട്ടെ."

ഇതുകേട്ട് നളിനാക്ഷന്‍ എന്തേയെന്ന മട്ടില്‍ മാഷിനെ സൂക്ഷിച്ച് നോക്കിയിട്ട് ഒന്നുകൂടി റെയില്‍വേ ഗേറ്റിലേയ്ക്ക് നോക്കി.

അത് തുറന്നുകിടക്കുവാണല്ലോ? പിന്നെ....?

"അല്ല മാഷേ, മാഷ്‌ വീട്ടില്‍ പോകുന്നതിനു ട്രെയിന്‍ വരുന്നതെന്തിനാ?"

"ട്രെയിന്‍ വരുമ്പോള്‍ എല്ലാ പ്രശ്നങ്ങളും തീരും."

മാഷ്‌ പൂര്‍ണ്ണ ഗൗരവത്തില്‍ മൊഴിഞ്ഞതുകേട്ട് നളിനാക്ഷന്റെ മനസ്സില്‍ അകാരണമായ ഒരു ഭീതി ഉടലെടുത്തു.

എന്തോ പ്രശ്നമുണ്ടല്ലോ. മാഷ്‌ എന്തോ തീരുമാനിച്ചുറച്ച പോലെ! എന്തേലും കടുംകൈ ചെയ്യാന്‍ തീരുമാനിച്ചതാണോ? ഈശ്വരാ!!!! പക്ഷെ, സാധാരണ ഇത്തരക്കാര്‍ റെയില്‍വേ പാളത്തിന്റെ തിരക്കൊഴിഞ്ഞ ഭാഗങ്ങളാവും ഇതിനുവേണ്ടി തെരഞ്ഞെടുക്കുക. പക്ഷെ, ഇതിപ്പോള്‍..?

നളിനാക്ഷന്റെ മനസ്സിലൂടെ ഇത്തരം പലതരം ചിന്തകള്‍ ലേസര്‍ രശ്മികള്‍ പോലെ തലങ്ങും വിലങ്ങും പായാന്‍ തുടങ്ങി.

ഏതായാലും മാഷിനെ ഒന്ന് പിന്തിരിപ്പിക്കാന്‍ നോക്കാം. ഈശ്വരാ, അതിനു കഴിഞ്ഞാല്‍ ഈ നാട്ടില്‍ തനിക്കുള്ള സ്ഥാനം!! അതോര്‍ത്തപ്പോള്‍ നളിനാക്ഷന് രോമം ഇല്ലാത്തതുകൊണ്ട് തൊലിമാഞ്ചം ഉണ്ടായി.

അയാള്‍ മെല്ലെ മാഷിന്റെ അടുത്തേയ്ക്ക് കുറച്ചുകൂടി നീങ്ങി നിന്നിട്ട് താഴ്ന്ന ശബ്ദത്തില്‍ ഒരു മദ്ധ്യസ്ഥന്റെ അനുനയസ്വരത്തില്‍  പറഞ്ഞു,

"മാഷേ, എന്ത് പ്രശ്നം ഉണ്ടേലും മാഷ്‌ തുറന്നുപറ. നമ്മള്‍ക്ക് പരിഹരിക്കാം. എന്താ മാഷിന്റെ പ്രശ്നം?"

മേനോന്‍ മാഷ്‌ അയാളെ ഒന്ന് സൂക്ഷിച്ചുനോക്കിയിട്ട് ചോദിച്ചു,

"എന്റെ പ്രശ്നമോ?" എന്നിട്ട് മുകളിലേയ്ക്ക് വിരല്‍ ചൂണ്ടി മാഷ്‌ തുടര്‍ന്നു,

"അതാണ്‌ എന്റെ പ്രശ്നം." 

മാഷിന്റെ വിരലിനൊപ്പം നളിനാക്ഷന്റെ കണ്ണുകളും ഉയര്‍ന്നു. അപ്പോഴാണ്‌ അയാള്‍ കണ്ടത്, ആകാശത്തേയ്ക്ക് ഒരു ചൂണ്ടുവിരല്‍ പോലെ നില്‍ക്കുന്ന റെയില്‍വേ ഗേറ്റും അതിന്റെ അറ്റത്ത്‌ തൂങ്ങിയാടുന്ന ഒരു കാലന്‍ കുടയും!!!!!

ഒന്നും മനസ്സിലാവാതെ വായുംപൊളിച്ചു നിന്ന നളിനാക്ഷന് വേണ്ടി കാര്യങ്ങളൊന്ന് റിവൈന്‍ഡ് ചെയ്യാം. 

റെയില്‍വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോള്‍ മേനോന്‍ മാഷ്‌ ഒരു പരിചയക്കാരനോട്‌ വാചകമടി തുടങ്ങി. കത്തിയില്‍ രസം കേറിയപ്പോള്‍ കൈയിലിരുന്ന കാലന്‍ കുട റെയില്‍വേ ഗേറ്റില്‍ കൊളുത്തിയിട്ടതും ട്രെയിന്‍ ഇരച്ചുപാഞ്ഞുപോയതും അതുകഴിഞ്ഞ് ഗേറ്റ് ഉയര്‍ന്നതും മാഷ്‌ അറിഞ്ഞില്ല.

"മാഷേ, മാഷിന്റെ കുട ദാ പോന്നേ..."   

ആരോ വിളിച്ചുകൂവുന്നത് കേട്ട് വാചകമടി നിര്‍ത്തി നോക്കിയപ്പോഴാണ് കണ്ടത്. തന്റെ സന്തതസഹചാരിയായ കാലന്‍ കുട റെയില്‍വേ ഗേറ്റ് എന്ന രഥത്തിലേറി ദാ പോകുന്നു ഉയരങ്ങളിലേയ്ക്ക്!! 

അപ്പോഴേക്കും കൈ എത്തുന്നതിനപ്പുറത്തേയ്ക്ക് കുട ഉയര്‍ന്നിരുന്നു. എങ്കിലും ശോഭയാത്രയിലെ ഉറിയടിക്കാരെ പോലെ മാഷ് രണ്ടുമൂന്ന് തവണ ഉയര്‍ന്നുചാടി. പക്ഷെ അവിടെ കിട്ടാന്‍! നടുവും തല്ലി വീഴാഞ്ഞത് ആരുടെയോ ഭാഗ്യം.

"മാഷേ, പേടിക്കണ്ടാ. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു ഗുഡ്സ് ഉണ്ട്." 

ഗേറ്റ് മാന്‍ ചെറുക്കന്റെ സാന്ത്വന സ്വരം!

അപ്പോഴാണ്‌ നളിനാക്ഷന് സംഗതിയുടെ കിടപ്പുവശം മനസ്സിലായത്. അയാള്‍ ഒന്നുകൂടി ആ കുടയിലേയ്ക്ക് നോക്കി. അപ്പോള്‍ സാംബശിവന്റെ കഥാപ്രസംഗത്തിലെ ഒരു ഗാനശകലം അയാളുടെ ചുണ്ടുകളിലേയ്ക്കു ഓടിവന്നു.

"തൂങ്ങിക്കിടന്നാടുന്നിതാ ചുറ്റും തേങ്ങിക്കരയുന്നു..."


ഈ തമാശ കേട്ട് കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേയ്ക്കോടിവന്നത് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ വിഷ്വല്‍ ആണ്. മേനോന്‍ മാഷ്‌ എന്ന വ്യക്തിയുടെ സ്ഥാനത്ത് ഞാന്‍ കണ്ടത് മണ്‍മറഞ്ഞുപോയ മഹാനടന്‍ ശ്രീ. ഒടുവില്‍ ഉണ്ണിക്കൃഷ്ണനെയും. ആ സങ്കല്‍പ്പം ഒരിക്കലും യാഥാര്‍ഥ്യമാകില്ല എന്ന വിഷമത്തോടെ ഇന്നും ഞാന്‍ ആ തമാശ ഓര്‍ക്കുന്നു.

Friday, May 6, 2011

ധ്രുവനക്ഷത്രം


കാര്‍ ഒരു വശത്തേക്ക് പാളിപ്പോകുന്നതുകണ്ടാണ് ഞാന്‍ കാര്‍ നിര്‍ത്തിയത്. കുറ്റാകൂരിരുട്ട്. ഹെഡ് ലൈറ്റ് ഓഫാക്കാതെ ഞാന്‍ മെല്ലെ ഡോര്‍ തുറന്ന് പുറത്തിറങ്ങി ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. മരംകോച്ചുന്ന തണുപ്പ്. ഒന്നും കാണാനും വയ്യ. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ പ്രദേശത്ത് വരുന്നത്. എങ്കിലും അതൊരു റബ്ബര്‍ തോട്ടമാണെന്നും അതിന്റെ നടുവിലൂടെയുള്ള പാതയിലാണ് കുടുങ്ങിപ്പോയതെന്നും ഞാന്‍ ഊഹിച്ചു.  ടയറുകളില്‍ കാല് ചവുട്ടി പരിശോധിച്ചപ്പോഴാണ് അതുകണ്ടത്. മുന്‍പിലെ ഇടത് ടയര്‍ പഞ്ചറായിരിക്കുന്നു! നാശം പിടിക്കാന്‍! ഞാന്‍ തലയില്‍ കൈവച്ച് പ്രാകി.

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഗള്‍ഫുകാരന്‍ അച്ചായന്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ അയാള്‍ ക്ഷണിച്ചിട്ട് ഇറങ്ങിപ്പുറപ്പെട്ടതാണ്. വരുന്ന വഴി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയ മറ്റൊരു സുഹൃത്തിനെ അവന്റെ പാളയത്തില്‍ കയറിക്കണ്ടു. അവനോടൊപ്പം ഒരു ചെറിയ കാടുകയറ്റം. അതുകഴിഞ്ഞപ്പോള്‍ നേരമിത്തിരി വൈകിഅതാണ് ഇവിടെയെത്താന്‍ ഇത്രയും വൈകിയത്. അടുത്തെവിടെയോ ആണ് ഗള്‍ഫുകാരന്റെ വീട്. പക്ഷേ, ഈ പാതിരാത്രിയില്‍ എവിടെ പോയി കണ്ടുപിടിക്കാന്‍? ഈ വൃത്തികെട്ട മൊബൈലിന്റെ റേഞ്ച് ആകട്ടെ മണിക്കൂറുകള്‍ക്ക് മുമ്പേ പോയിക്കഴിഞ്ഞിരിക്കുന്നു. ഇവിടുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലേ? ഏതായാലും ഗള്‍ഫുകാരന്‍ കാത്തിരുന്ന് മുഷിഞ്ഞിട്ട് ഉറങ്ങിയിട്ടുണ്ടാവുമിപ്പോള്‍ അല്ലെങ്കില്‍ പറഞ്ഞുപറ്റിച്ചെന്ന് വിചാരിച്ചിട്ടുണ്ടാവും. ഞാന്‍ കൈകള്‍ കൂട്ടിത്തിരുമ്മി ഒരു കോട്ടുവായിട്ടു.

 ഏതായാലും ഹൈറേഞ്ചിലേയ്ക്ക് പോകുവാണെന്ന് കരുതി നല്ലൊരു ജാക്കെറ്റ് എടുത്തത് ഭാഗ്യം! അല്ലെങ്കില്‍ ഇതിനകം ഒടിച്ചെടുക്കേണ്ടി വന്നേനെ. ഞാന്‍ ജാക്കെറ്റ് ഒന്നുകൂടി പിടിച്ചിട്ട് ചുറ്റുപാട് ഒരിക്കല്‍കൂടി വീക്ഷിച്ചു. ടയര്‍ മാറണമെങ്കില്‍ വെളിച്ചം വേണം. വെളിച്ചം വേണമെങ്കില്‍ ഒരു മനുഷ്യജീവിയെയെങ്കിലും കാണണം. പക്ഷേ, അടുത്തെങ്ങും ആള്‍ത്താമസം ഉള്ളതിന്റെ വിദൂരലക്ഷണം പോലും കാണുന്നില്ല. എന്നാലും വിശാലമായ റബ്ബര്‍ തോട്ടമുള്ള സ്ഥിതിയ്ക്ക് ഒരു എസ്റ്റേറ്റ് ബംഗ്ലാവെങ്കിലും കാണേണ്ടതല്ലേ? സിനിമയിലൊക്കെ അങ്ങനല്ലേ. ഞാന്‍ അല്‍പ്പം കൂടി മുന്നോട്ട് നീങ്ങി ഒന്നുകൂടി വിഹഗവീക്ഷണം നടത്തി. പെട്ടെന്ന് എന്തിലോ കണ്ണുടക്കിയതുപോലെ... ഞാന്‍ സൂക്ഷിച്ചുനോക്കി.

അത്....അത് വെളിച്ചത്തിന്റെ ഒരു തരിയല്ലേ? ശരിയായിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ അങ്ങുദൂരെ നിന്ന് ഏതോ ചുവന്ന വെളിച്ചത്തിന്റെ ഒരു ചെറിയ തരി! എന്റെ  ചുണ്ടുകളില്‍ ആശ്വാസത്തിന്റെ പുഞ്ചിരി വിടര്‍ന്നുഈശ്വരന് നന്ദി! പൂര്‍വ്വാധികം ഊര്‍ജ്ജസ്വലനായി ഞാന്‍ കാറില്‍ നിന്ന് ബാഗുമെടുത്ത് ആ വെളിച്ചത്തിലേയ്ക്ക് നടക്കാന്‍ തുടങ്ങി. നടക്കുമ്പോള്‍, നടക്കുന്നത് ഒരു പാതയിലൂടെയാണോ അല്ലെയോ എന്ന് ഞാന്‍ ആലോചിച്ചില്ല. നടക്കുന്നത് എതിലൂടെയോ, അത് തന്നെ പാത. റബ്ബര്‍ തോട്ടത്തിലെ കരിയിലമെത്തയ്ക്ക്  അടിയില്‍ നല്ല മൂത്തയിനം അണലികള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, അതൊന്നും എനിക്ക് വിഷയമായിരുന്നില്ല. ഒരു ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ വെളിച്ചത്തിന്റെ ഉറവിടത്തില്‍ എത്തണം.

മുന്നോട്ട് നടക്കുംതോറും ആ ചുവന്ന വെളിച്ചത്തിന്റെ തരി ഒരു ധ്രുവനക്ഷത്രംപോലെ എനിക്ക് തോന്നിത്തുടങ്ങി. കൂരിരുട്ടില്‍ വഴി അറിയാതെ ഉഴലുന്ന യാത്രികര്‍ക്ക് വഴികാട്ടുന്ന ധ്രുവനക്ഷത്രം പോലെ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ണിയേശുവിനെ കാണാന്‍ കിഴക്ക് നിന്ന് പുറപ്പെട്ട മൂന്ന് രാജാക്കന്‍മാര്‍ക്ക് വഴികാട്ടിയായി ഒരു ധ്രുവനക്ഷത്രം ഉണ്ടായിരുന്നു. അതുപോലെ തനിക്കും വഴികാട്ടിയായി ധ്രുവനക്ഷത്രം പോലെ ഒരു വെളിച്ചം. ക്രിസ്മസ്സിന് ഇനി ഒരാഴ്ച കൂടി മാത്രമേയുള്ളൂ എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. പെട്ടെന്ന് ഞാന്‍ നിന്നു. ജീവിതത്തില്‍ ആദ്യമായി കാണുന്ന ഈ സ്ഥലത്ത്, ഈ പാതിരാവില്‍ ഒരു ചുവന്ന വെളിച്ചത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ പിന്നില്‍ മറ്റേതെങ്കിലും നിയോഗം? എന്തേ പെട്ടെന്ന് അങ്ങനെ ചിന്തിച്ചത്? എന്റെ ഉള്ളില്‍ കാരണം അറിയാത്ത ഒരു നേര്‍ത്ത ഭയം അരിച്ചിറങ്ങി. മുന്നോട്ട് പോകണോ? അതോ, പിന്തിരിയണോ? പിന്തിരിഞ്ഞിട്ട് എന്തുചെയ്യാന്‍? മുന്നോട്ട് പോകുക തന്നെ.

ധൈര്യം സംഭരിച്ച് ഞാന്‍ മുന്നോട്ട് നടന്നു. ഇപ്പോള്‍, ആ ചുവന്ന വെളിച്ചത്തിന്റെ ഉറവിടം വ്യക്തമാണ്. അതൊരു ക്രിസ്മസ്സ് നക്ഷത്രമായിരുന്നു. ചുവന്ന കടലാസുകള്‍ കൊണ്ടുണ്ടാക്കി ഉള്ളില്‍ ഒരു വൈദ്യുത ബള്‍ബ് എരിയുന്ന ഭംഗിയുള്ള ഒരു ക്രിസ്മസ്സ് നക്ഷത്രം. അതേതോ വീടിന്റെ ഉമ്മറം ആണെന്നുള്ളത് തീര്‍ച്ച. ക്രിസ്മസ്സ് നക്ഷത്രം ഇട്ടെങ്കില്‍ അത് മനുഷ്യവാസമുള്ള വീട് തന്നെ. തീര്‍ച്ച. ആ ചിന്ത എന്നെ ചെറുതായൊന്ന് ആശ്വസിപ്പിച്ചു.

കുറച്ചുകൂടി നടന്നുകഴിഞ്ഞപ്പോള്‍ ഞാന്‍ ആ വീടിന്റെ മുന്നിലെത്തി. ഓലപ്പുളി കൊണ്ട് ഉണ്ടാക്കിയെടുത്ത മനോഹരമായ ആ ക്രിസ്മസ്സ് നക്ഷത്രത്തിലേക്ക് നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞുഈ കൂരിരുട്ടത്ത് എനിക്ക് വഴികാട്ടിയായ പ്രിയനക്ഷത്രമേ, നിനക്ക് നന്ദി! നക്ഷത്രത്തിന്റെ  അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആ വീടാകമാനം ഒന്നുനോക്കി. ചുവരുകളില്‍ സിമന്‍റ് പൂശിയിട്ടില്ലാത്ത ഒരു ചെറിയ വീട്. അടഞ്ഞുകിടന്ന ജാലകത്തിന്റെ വിടവിലൂടെ മങ്ങിയ വെളിച്ചം അരിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ വീട്ടുകാര്‍ ഉറങ്ങിയിട്ടില്ല. രണ്ടും കല്‍പ്പിച്ച് ഞാന്‍ വാതില്‍പ്പാളിയില്‍ ചെറുതായി ഒന്നുമുട്ടി. പെട്ടെന്ന്, ആ മുട്ട് കേള്‍ക്കാനിരുന്നത് പോലെ പാളികള്‍ മലര്‍ക്കെ തുറന്നു. സത്യത്തില്‍, ഇതുകണ്ട് ഞാനൊന്ന് ഞെട്ടി. വാതില്‍ തുറന്നത് ചട്ടയും മുണ്ടും ധരിച്ച, തലമുടി പഞ്ഞിപോലെ വെളുത്ത, ഐശ്വര്യമുള്ള ഒരു അമ്മച്ചിയായിരുന്നു. അവര്‍ ഒരു വടികുത്തിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

ഞാന്‍...എന്റെ കാര്‍... പുറത്തേക്ക് കൈചൂണ്ടി തുടരുന്നതിനുമുമ്പ് അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു,

 ഒന്നും പറയേണ്ടാ. പകല്‍ മുഴുവന്‍ മോനേ കാത്തിരുന്ന് മടുത്തു. ഞാന്‍ കരുതി ഇനി വരവുണ്ടാവില്ലെന്ന്. എന്തായിത്ര താമസിച്ചത്?”

ഇതുകേട്ട്, എന്റെ പാദങ്ങള്‍ക്കടിയിലൂടെ ഒരു തരിപ്പ് മുകളിലേയ്ക്ക് കയറി നട്ടെല്ലിലൂടെ തലച്ചോറിലെത്തി. ഈശ്വരാ! ഇതേതോ ദുര്‍മന്ത്രവാദിനി അല്ലെങ്കില്‍ പ്രേതം തന്നെ! അല്ലെങ്കില്‍ ഈ രാത്രിയില്‍ എനിക്ക് വേണ്ടി കാത്തിരുന്നതുപോലെ...?

 തണുപ്പത്ത്  നിക്കാതെ കേറി വാ മോനേ.

അവര്‍ സംശയിച്ചുവിറച്ച് നിന്ന എന്റെ  കൈയില്‍ പിടിച്ച്  അകത്തേക്ക് വലിച്ചു. ദുര്‍ബലമായ ആ കൈകള്‍ തൊട്ടപ്പോള്‍ ഐസില്‍ തൊടുന്നതുപോലെ എനിക്ക് തോന്നി. വിറച്ചുനിന്ന എന്നെ അകത്താക്കി അമ്മച്ചി കതകടച്ച് തണുപ്പിനെ പ്രാകിയിട്ട് ധൃതിയില്‍ വടിയും കുത്തി ഉള്ളിലേയ്ക്ക് പോയി.

എന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയിരുന്നു. ഞാന്‍ പേടിച്ചരണ്ട കണ്ണുകളോടെ ചുറ്റും കണ്ണോടിച്ചു. മുറിയുടെ ഒരു കോണില്‍ ഒരു പഴയ ചാരുകസേരയില്‍ അമ്മച്ചിയെക്കാള്‍ പ്രായമുള്ള ഒരു അപ്പച്ചന്‍ ഇരിപ്പുണ്ടായിരുന്നു. വാര്‍ദ്ധക്യം വിളിച്ചോതുന്ന ആ കണ്ണുകളില്‍ ഒരുതരം നിസ്സംഗതയും മരവിപ്പും വായിച്ചെടുക്കാമായിരുന്നു. അപ്പച്ചന്‍ കണ്ണടയ്ക്കാതെ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇനി ഇതും ഒരു പ്രേതമാണോ? ഞാന്‍ സംശയിച്ചു.

മെഴുക്ക് പുരണ്ട ഭിത്തികളില്‍ യേശുവിന്റെയും മാതാവിന്റെയും പുണ്യവാളന്‍മാരുടെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ഏതായാലും പ്രേതങ്ങളും മന്ത്രവാദികളൊന്നുമല്ല. സമാധാനം! 

അതുകണ്ടിട്ടാവണം, അപ്പച്ചന്‍ ഒരു പുഞ്ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു, 

മോന്‍ പേടിക്കേണ്ടാ. ഞങ്ങള്‍ പ്രേതാത്മാക്കളൊന്നുമല്ല. ആര്‍ക്കും വേണ്ടാത്ത രണ്ടു മനുഷ്യാത്മാക്കള്‍.

ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് മേശപ്പുറത്ത് തയ്യാറാക്കി വച്ചിരുന്ന ചോറും പലതരം കറികളും കാണുന്നത്.

രാവിലെ മുതല്‍ അവള്‍ പറയുകയാണ് നിങ്ങള്‍ ഇന്ന് വരുമെന്ന്. അതിനുള്ള ഒരുക്കങ്ങളാണ് ഈ കാണുന്നതൊക്കെ. ഈ വിഭവങ്ങളും പുറത്ത് തൂക്കിയിരിക്കുന്ന നക്ഷത്രവുമെല്ലാം.

 ഇതുകേട്ട് ഞാന്‍ അമ്പരന്നുപോയി. എന്നെ പ്രതീക്ഷിച്ചിരിക്കുകയോ?  ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞില്ല.

 അത് പറഞ്ഞിട്ട് വീടിന്റെ മച്ചിലേക്ക് നോക്കി അപ്പച്ചന്‍ എന്തോ ആലോചിച്ചുകിടന്നു.

എന്തോ ദുരൂഹതയുണ്ടല്ലോ ഇതില്‍? കെട്ടഴിക്കാന്‍ കഴിയാത്തവിധം കുരുക്കുള്ള ഒരു സമസ്യ! ഇതെങ്ങനെ അഴിക്കും?

 അടുക്കളയില്‍ എന്തോ ചൂടാക്കുകയും വറക്കുകയും ചെയ്യുന്ന കൊത്തിപിടിപ്പിക്കുന്ന മണവും ശബ്ദവും. അമ്മച്ചി വീണ്ടും എന്തൊക്കെയോ ഒരുക്കുകയാണ്.

 മോന്‍ ഇറച്ചിയും മീനുമൊക്കെ കഴിക്കുമല്ലോ. അല്ലേ?” അമ്മച്ചി കൈയില്‍ വറുത്ത ഇറച്ചികഷണങ്ങളുമായി മുറിയിലേയ്ക്ക് വന്നു.

ഞാന്‍ അതെയെന്ന് തലയാട്ടി. കഴിക്കാനായി ക്ഷണിച്ചപ്പോള്‍ ഞാന്‍ കൈകഴുകി ഉണ്ണാനിരുന്നു. സത്യത്തില്‍ ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. ഉച്ചയ്ക്ക് എന്തോ കഴിച്ചതാണ്. പിന്നെ, വൈകുന്നേരം  ചായയും ഒരു മുളക് ബജ്ജിയും. ഊണ് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനോര്‍ത്തു, ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും രുചിയുള്ള ഭക്ഷണം കഴിക്കുന്നത്. വറത്തരച്ച കോഴിക്കറി, പോത്തിറച്ചി ഉലര്‍ത്തിയത്, ഉണക്കചെമ്മീന്‍ പുളിയിട്ട് വറ്റിച്ചത്, കാച്ചിയ മോര്, വാഴക്കൂമ്പ് തോരന്‍, അവിയല്‍...ചിലതൊക്കെ തണുത്തിരുന്നെങ്കിലും രുചിയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

എല്ലാം മോന് വേണ്ടി ഉണ്ടാക്കിയതാ.”, അമ്മച്ചി മൂന്നാല് പ്രാവശ്യം ഈ വാചകം തന്നെ ആവര്‍ത്തിക്കുന്നത് കേട്ടു.

വേണ്ടെന്ന് പറഞ്ഞിട്ടും അമ്മച്ചി അടുത്തിരുന്ന് പിന്നെയും കോരിയിട്ട് തന്നുകൊണ്ടിരുന്നു. അപ്പോഴും സംശയത്തിന്റെ ചുഴിയില്‍ കിടന്ന് വട്ടം കറങ്ങുകയായിരുന്നു എന്റെ മനസ്സപ്പോഴും. ഒരുപക്ഷേ, മറ്റാരെയെങ്കിലും ഇവര്‍ പ്രതീക്ഷിച്ച് ഇരുന്നിട്ടുണ്ടാവും. ഇവര്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ആരെയോ. അയാള്‍ ആയിരിക്കുമെന്ന് കരുതിയാവും തന്നെ സല്‍ക്കരിക്കുന്നത്. ഇനി അയാള്‍ അല്ല താനെന്ന്‍  അറിയുമ്പോള്‍...?

ഊണ് കഴിഞ്ഞ് കൈകഴുകി ഞാന്‍ ഒരു കസേരയില്‍ വന്നിരുന്നു. അപ്പോഴാണ്‌ കാറിന്റെ ടയര്‍ പഞ്ചറായ കാര്യം അപ്പച്ചനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെ തന്നെ അത് ശരിയാക്കാമെന്ന് അപ്പച്ചന്‍ ഉറപ്പ് നല്‍കി. പാത്രമെല്ലാം തിരികെ അടുക്കളയില്‍ വച്ചിട്ട് അമ്മച്ചി വടിയും കുത്തി അരികില്‍ വന്നുനിന്നു. അവര്‍ക്ക് എന്തോ ചോദിക്കാനുണ്ട് എന്ന്‍ എനിക്ക് തോന്നി. എന്നാല്‍, ചോദ്യം ചുണ്ടുകളില്‍ ഉറഞ്ഞുകൂടുന്നതിന് മുമ്പ് ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. അവര്‍ ചുളിഞ്ഞ കണ്ണുകള്‍ ഒന്ന് ചിമ്മിയിട്ട് ചോദിച്ചു,

 എന്റെ ഫെലിക്സ്….അവന്‍...അവന്‍...സുഖമായി ഇരിക്കുന്നോ?”

ഞാന്‍ അമ്പരന്നുപോയി. ഫെലിക്സോ? അതാര്? ഞാന്‍ സംശയത്തോടെ സ്വയം ചോദിച്ചു.

 മോന് ഒരുപാട് കൂട്ടുകാര്‍ ഉണ്ടാവുമല്ലോ. അതുകൊണ്ടുചിലപ്പോള്‍ പെട്ടെന്ന് അവന്റെ പേര് ഓര്‍ക്കില്ലായിരിക്കും. എന്നാലും ഒന്നാലോചിച്ച് നോക്ക്. 

അമ്മച്ചിയുടെ തളര്‍ന്ന വാക്കുകള്‍ കേട്ട് ഞാന്‍ അവരുടെ പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളിലേയ്ക്ക് നോക്കി എന്തുപറയണമെന്നറിയാതെയിരുന്നു. അങ്ങനെ പേരുള്ള ഒരാള്‍...?

 ഫെലിക്സ് ഞങ്ങളുടെ ഒറ്റമോനായിരുന്നു. ചാരുകസേരയില്‍ തലയ്ക്ക് പിന്നില്‍ കൈകള്‍ പിണച്ചുവച്ച് മുകളിലേയ്ക്കെവിടെയോ നോക്കി അപ്പച്ചന്‍ പറഞ്ഞുതുടങ്ങി.

 എല്‍. പി. സ്കൂള്‍ അദ്ധ്യാപകന്‍ മാത്യൂസിനും ഭാര്യ മറിയാമ്മയ്ക്കും ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഗീവര്‍ഗീസ് പുണ്യാളന്‍ കൊടുത്ത കണ്ണിലുണ്ണി. ഫെലികുട്ടന്‍ എന്ന ഫെലിക്സ് മാത്യു. അപ്പന്‍ കാണിച്ചുകൊടുത്ത നേരിന്‍റെ വഴികളിലൂടെ അവന്‍ നടന്നു. മുതിര്‍ന്നപ്പോള്‍ എപ്പഴോ, ആ നേര് നടപ്പാക്കാന്‍ വാക്കിലും ചിന്തയിലും പൃവര്‍ത്തിയിലും  തീക്ഷ്ണമായ ചുവപ്പ് വേണമെന്ന് ആരോ അവനെ ഉപദേശിച്ചു. ആ നിമിഷം അവന്‍ വഴി മാറി ചിന്തിച്ചുതുടങ്ങി. അപ്പനും അമ്മയ്ക്കും മകനെ ആദ്യമായി നഷ്ടപ്പെട്ടത് അവിടെയാണ്. പിന്നെ, പള്ളിയില്‍ നിന്ന് കുടുബത്തിനൊട്ടാകെ വിലക്ക് ഭീഷണി നേരിട്ടപ്പോള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകാന്‍ മാത്യൂസിന്  അവനോട് പറയേണ്ടിവന്നു. 

ഒരു നശിച്ച നിമിഷത്തില്‍...ഞാനങ്ങനെ...

 അപ്പച്ചന്‍ മുഴുമിപ്പിക്കാതെ നിര്‍ത്തിയപ്പോള്‍ ചുളിഞ്ഞ കവിള്‍ത്തടത്തിലൂടെ കണ്ണീര്‍ ഉരുണ്ടുതാഴേക്ക് പൊഴിയുന്നത് ഞാന്‍ കണ്ടു. അമ്മച്ചി ഒന്നും മിണ്ടാതെ തലകുനിച്ച് എന്തോ ആലോചിക്കുകയായിരുന്നു. അവര്‍ മെല്ലെ എഴുന്നേറ്റ് പറഞ്ഞു,

 ഏതായാലും മോന്റെ കിടക്ക ഞാനൊന്നുകൂടി കുടഞ്ഞുവിരിച്ചിട്ട് വരാം.

അവര്‍ മെല്ലെ വടിയും കുത്തി ഉള്ളിലേയ്ക്ക് പോയി. അമ്മച്ചി അകത്തേക്ക് പോയെന്ന് ഉറപ്പായപ്പോള്‍ അപ്പച്ചന്‍ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു,

 ഇറക്കി വിട്ട എന്നോടുള്ള ദേഷ്യം അവന് കാണും. എന്നെ കാണണ്ടാ. ഞാന്‍ സഹിച്ചോളാം. പക്ഷേ…. അവള്‍... അവള്‍ എന്തുപിഴച്ചു? പെറ്റ തള്ളയല്ലേ? ഒന്ന് വന്ന് കണ്ടൂടെ അവന്?” 

ആ പാവം വൃദ്ധന്‍ കരയാറായപോലെ തോന്നി.

 അവന്‍ പോയ അന്നുമുതല്‍ ഓരോ രാത്രിയിലും അവന്റെ കിടക്ക വിരിച്ച്  ഇവള് കാത്തിരിക്കും, രാവേറെ ചെന്നാലും അവന്‍ വരുമെന്ന് പ്രതീക്ഷിച്ച്

അപ്പച്ചന്റെ വാക്കുകള്‍ ഒരു വേദനയോടാണ് ഞാന്‍ കേട്ടിരുന്നത്. ഈ തകര്‍ന്ന മനുഷ്യരോട് എന്താണ് പറയേണ്ടത്? അറിയില്ല.

 ഇന്ന് രാവിലെ എഴുന്നേറ്റത് മുതല്‍ അവള്‍ പറയുകയാണ്, ഫെലിക്സിനെ അറിയാവുന്ന ആരോ ഒരാള്‍ ഇന്നെത്തുമെന്ന്, ക്ഷണിക്കപ്പെടാത്ത അതിഥിയായി.”

എന്തുപറയണമെന്നാലോചിച്ച് വാക്കുകള്‍ പരതുമ്പോള്‍ ഒരു വിങ്ങലായി ആ വാക്കുകള്‍ വീണ്ടും കേട്ടു,

 ഇനി, അവളുടെ തോന്നലുകള്‍ പോലെ, മോനറിയാവുന്നവരില്‍ ആരെങ്കിലും ഉണ്ടോ ഫെലിക്സ് മാത്യു എന്ന പേരില്‍ ഒരു വിപ്ലവകാരി?”

വിപ്ലവകാരിയായ ഫെലിക്സ് മാത്യു. ഞാന്‍ സ്വയം പറഞ്ഞുനോക്കി. എവിടെയെങ്കിലും ഓര്‍മ്മകളില്‍ ഈ പേരുണ്ടോ? ഒരു ഫോട്ടോ കാണാന്‍ തരപ്പെടുമോ എന്നോര്‍ത്തുകൊണ്ട് ഞാന്‍ ചുറ്റും നോക്കി. ഭിത്തിയില്‍  ലാമിനേറ്റ് ചെയ്തുവച്ചിരിക്കുന്ന ഒരു പഴയ കളര്‍ ഫോട്ടോയിലേയ്ക്ക് എന്റെ നോട്ടം നീണ്ടുചെന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റുചെന്ന് ആ ഫോട്ടോയിലേയ്ക്ക് സൂക്ഷിച്ചുനോക്കി. ഇത്...?

പോകുന്നതിന് കുറച്ചുനാള്‍ മുമ്പ് അവന്‍ എടുത്ത ഫോട്ടോയാ, കൂട്ടുകാരന്റെ ക്യാമറയില്‍ അയാളുടെ സംശയത്തോടുള്ള നോട്ടം കണ്ട് അപ്പച്ചന്‍ പറഞ്ഞു.

എന്റെ ഓര്‍മ്മകളില്‍ വര്‍ഷങ്ങള്‍ക്കപ്പുറമുള്ള നഗരവാസം തെളിഞ്ഞുവന്നു. തലസ്ഥാനനഗരിയിലെ സ്വാമിയുടെ ലോഡ്ജില്‍ രണ്ടു മുറികള്‍ക്കപ്പുറമുള്ള ചെറിയ മുറിയില്‍, വാക്കിലും നോട്ടത്തിലും തീപ്പൊരി ചിതറുന്ന ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. അവനെ മറ്റുള്ളവര്‍ വിപ്ലവകാരി എന്ന് വിളിച്ചിരുന്നു. ചില സന്ധ്യകളില്‍ അവനോട് സംസാരിക്കുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ അവന്റെ വാക്കുകള്‍ കേട്ട് ഞാനും ഒരു വിപ്ലവകാരി ആയേക്കുമോയെന്ന് സംശയിച്ചിരുന്നു.

എനിക്കിപ്പോള്‍  ഓര്‍ക്കാന്‍ കഴിയുന്നുണ്ട്, അവന്റെ പേര് ഫെലിക്സ് എന്നായിരുന്നു. കൂട്ടുകാരുടെ സഖാവ് ഫെലിക്സ്.

തലസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ തനിനിറം തുറന്നുകാട്ടാന്‍ അവന്‍ നടത്തിയ ശ്രമങ്ങളുടെ ഇടയില്‍ ഒരു ദിവസം പെട്ടെന്ന് അവനെ കാണാതായി. ദിവസങ്ങള്‍ക്ക് ശേഷം പോലീസിലുള്ള ഒരു സുഹൃത്തില്‍ നിന്നും അതീവരഹസ്യമായ ഒരു കാര്യം അറിയാനിടെയായി. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഫെലിക്സ് കാണാതായതിന്റെ പിറ്റേന്ന്, തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ തിരിച്ചറിയാത്ത നിലയില്‍ കാണപ്പെട്ട, ആരും ഏറ്റെടുക്കാനില്ലാതെ പൊതുശ്മശാനത്തില്‍ സംസ്കരിച്ച  ഛിന്നഭിന്നമായ അനാഥപ്രേതം ഫെലിക്സ് മാത്യുവിന്റെതായിരുന്നുവെന്ന്. അതൊരു നടുക്കുന്ന സത്യമായിരുന്നു. പിന്നീട്, പലസ്ഥലങ്ങളില്‍ ഉള്ള വാസം. ക്രമേണ, ഓര്‍മ്മകളില്‍ നിന്ന് ആ പേരും സംഭവവും മാഞ്ഞുതുടങ്ങി. പിന്നീടൊരിക്കലും ഈ പേര് ഓര്‍ക്കേണ്ടിവന്നിട്ടില്ല, ഈ നിമിഷം അത് വീണ്ടും ഓര്‍മ്മകളില്‍ തെളിയുന്നതുവരെ.

ഫെലിക്സിന്റെ ഫോട്ടോയുടെ മുന്നില്‍ നിന്നപ്പോള്‍ ദേഹമാകെ കുളിര് കോരുന്നതുപോലെ എനിക്ക് തോന്നി. ആകെ ഒരു വിറയല്‍ ബാധിച്ചപോലെ.

 മോനറിയുമോ അവനെ?” കിടക്ക വിരിച്ചിട്ട് തിരികെ വന്ന അമ്മച്ചി ചോദിച്ചു.

 എന്താണ് പറയേണ്ടത്? ഞാന്‍ നിന്നുരുകുകയായിരുന്നു. എന്നെങ്കിലും വരുമെന്ന് കരുതി ഇവര്‍ കാത്തിരിക്കുന്ന ഇവരുടെ പൊന്നുമോന്‍ ഇനി ഒരിക്കലും തിരികെ വരില്ലെന്നോ? ഈശ്വരാ!! ഈ പരീക്ഷണത്തിന് എന്നെ തന്നെ നീ തെരഞ്ഞെടുത്തല്ലോ? പെട്ടെന്നും ഒരു ധൈര്യം സംഭരിച്ച് ഒരു ചിരി മുഖത്ത് വരുത്തി ഞാന്‍ തിരിഞ്ഞിട്ട് പറഞ്ഞു,

 പിന്നെ....നല്ല അസ്സലായി അറിയും. തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ എന്റെ  മുറിയുടെ തൊട്ടടുത്ത് തന്നെയായിരുന്നു അവന്റെയും മുറി. അവനവിടെ ഒരു ബുക്ക് സ്റ്റാളില്‍ ചെറിയ ജോലിയൊക്കെയുണ്ട്.

അമ്മച്ചിയുടെ മുഖം ബള്‍ബിട്ടപോലെ തെളിഞ്ഞു. അവര്‍ ആവേശത്തോടെ എന്റെ അടുത്ത വാക്കിനായി കാതോര്‍ത്തുനിന്നു.

 കുറച്ചുകഴിഞ്ഞ് ഞാന്‍ അവിടെ നിന്ന് സ്ഥലം മാറി പോയിരുന്നു. എന്നാലും ഇടയ്ക്കിടെ പോകുമ്പോഴെല്ലാം അവനെ കണ്ടിരുന്നുകഴിഞ്ഞ തവണ കണ്ടപ്പോഴും പറഞ്ഞിരുന്നു, ജോലി കുറച്ച് മെച്ചമായിട്ടുവേണം അപ്പനെയും അമ്മയെയും വന്ന് കാണാനെന്ന്. പിന്നെ....നിങ്ങളോട് അവന് ഒരു പിണക്കവുമില്ലെന്ന്.

ഇതുകേട്ട് അമ്മച്ചി ഭിത്തിയിലേയ്ക്ക് തല ചായിച്ച് തേങ്ങിക്കരഞ്ഞു. അവരുടെ കണ്ണീര്‍ എന്റെ ഹൃദയത്തില്‍ വീണുപൊള്ളി. ഈ മുഖംമൂടി അണിഞ്ഞ് അധികനേരം പിടിച്ചുനില്‍ക്കാനാവില്ല. ഞാന്‍ ക്ഷീണം ഉണ്ടെന്ന് പറഞ്ഞിട്ട്  ഉറങ്ങാനായി മുറിയിലേയ്ക്ക് നടന്നപ്പോള്‍ അമ്മച്ചി കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു,

 ഒരുപാട് നാളുകള്‍ക്ക് ശേഷം എനിക്കിന്ന് നല്ലതായി ഒന്നുറങ്ങണം, മനസ്സ് നിറയെ സന്തോഷത്തോടെ.

 ഞാന്‍ അതുകേട്ട് തിരിഞ്ഞുനോക്കാതെ നിന്നു. അതുകണ്ടിട്ടാവണം, അമ്മച്ചി പറഞ്ഞു,

 മോന്‍ പോയി കിടന്നോ. നാളെ പുലര്‍ച്ചെ കാണാം.

 മുറിയിലേയ്ക്ക് നടന്നപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു, ഫെലിക്സ്, നീ എന്നോടു പൊറുക്കണം. നിന്റെ അമ്മച്ചിയോട് എനിക്ക് കള്ളം പറയേണ്ടിവന്നു.

ബാഗ് വച്ച് കിടക്കയില്‍ വന്ന് വീഴുമ്പോള്‍ ഞാന്‍ ഓര്‍ത്തു. ഇതായിരുന്നോ എന്റെ നിയോഗം? കൂരിരുട്ട് നിറഞ്ഞ പാതയില്‍ നിന്ന് മരങ്ങള്‍ക്കിടയിലൂടെ ഫെലിക്സിന്റെ സാന്നിദ്ധ്യമുള്ള കൊച്ചുവീട്ടിലേയ്ക്ക് എന്നെ വലിച്ചിഴച്ച ആ ചുവന്ന വെളിച്ചം കേവലം ഒരു ക്രിസ്മസ്സ് നക്ഷത്രത്തിന്റെതായിരുന്നോ? അല്ലെന്ന് ഉറപ്പ്. ഫെലിക്സ് മാത്യുവിന്റെ ആത്മാവെന്ന ധ്രുവനക്ഷത്രം. അതായിരുന്നു ആ വെളിച്ചം. ഞാന്‍ കണ്ണുകള്‍ മെല്ലെ അടച്ചു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഈ നാടും, വീടും, ക്രിസ്മസ്സ് നക്ഷത്രവും, അപ്പച്ചനും അമ്മച്ചിയുമെല്ലാം...


ചില്ലുജാലകത്തിലെ മഞ്ഞുതുള്ളികളില്‍ വെയില്‍ തട്ടിയപ്പോള്‍ ഞാന്‍  ഞെട്ടി എഴുന്നേറ്റ് വാച്ചില്‍ നോക്കി. മണി ഏഴ് കഴിഞ്ഞിരിക്കുന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട്  ഉറങ്ങിപ്പോയതറിഞ്ഞില്ല.  ഞാന്‍ എഴുന്നേറ്റ് വെളിയിലേയ്ക്ക് ചെന്നു. ഇന്നലെ അപ്പച്ചന്‍ ഇരുന്നിരുന്ന ചാരുകസേരയില്‍ ഇപ്പോള്‍ അമ്മച്ചിയാണ് ചാരിക്കിടന്നുറങ്ങുന്നത്‌. അപ്പച്ചന്‍ നിലത്തിരുന്ന് അമ്മച്ചിയുടെ നീട്ടിയ കാലുകളില്‍ ചാരി ഇരിക്കുകയാണ്. തുറന്നിട്ട ജാലകത്തിലൂടെ ഒരു നേര്‍വരയായി എത്തിയ പുലര്‍വെയില്‍ അമ്മച്ചിയുടെ മുഖത്ത് പതിച്ചപ്പോള്‍ ആ മുഖം ഒന്നുകൂടി ഐശ്വര്യമേറിയ പോലെ അയാള്‍ക്ക് തോന്നി. ഒരു നേര്‍ത്ത പുഞ്ചിരിയുമുണ്ട്. എന്റെ കാല്‍പ്പെരുമാറ്റം കേട്ട് അപ്പച്ചന്‍ നിലത്തുനിന്ന് മെല്ലെ എഴുന്നേറ്റു.

ഇനി വൈകുന്നില്ല. ഞാന്‍ ഇറങ്ങുകയാണ്.

 അപ്പച്ചന്‍ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു. 

“എന്റെ സുഹൃത്ത് ഇവിടെ അടുത്തെവിടെയോ ആണ് താമസം. ഞാന്‍ അങ്ങോട്ട് പോകുകയാണ്. അമ്മച്ചി ഉണരുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞാല്‍ മതി.

 അപ്പച്ചനോട് യാത്ര ചോദിച്ച് ഞാന്‍ ബാഗും തൂക്കി പുറത്തേയ്ക്ക് നടന്നു.

 മോനേ, ഒരു നിമിഷം.

 ഞാന്‍ നിന്നപ്പോള്‍ അപ്പച്ചന്‍ അടുത്തുവന്ന് എന്റെ കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു, 

മോന്‍ ഇന്നലെ രാത്രി ഇവളോട് തീരെ ചെറിയ ഒരു കള്ളം പറഞ്ഞു. അല്ലേ?” 

ഞാന്‍  അത്ഭുതത്തോടെ ആ വൃദ്ധനെ നോക്കിനിന്നപ്പോള്‍ ഒരു പരാജിതനെപ്പോലെ അദ്ദേഹം പറഞ്ഞു,

 പക്ഷേ എന്റെ കുഞ്ഞ് ഈ ലോകത്തില്ലെന്ന സത്യം എനിക്കറിയാം."

ഒരു സ്ഫടികപാത്രം താഴെ വീണുടഞ്ഞുചിതറി, അതില്‍ ഒരു ചില്ല് കഷണം നെഞ്ചില്‍ വന്നുതറച്ചതുപോലെ എനിക്ക് തോന്നി. തൊണ്ടിമുതലോടൊപ്പം പിടിക്കപ്പെട്ട മോഷ്ടാവിനെ പോലെ തല കുനിച്ചുനിന്നപ്പോള്‍ അപ്പച്ചന്റെ തളര്‍ന്ന വാക്കുകള്‍ വീണ്ടും ഞാന്‍ കേട്ടു,

"എങ്കിലും അവന്‍ സുഖമായി ഇരിക്കുന്നു എന്ന സന്തോഷത്തോടെ അവള്‍....എന്റെ മറിയ....പോയി, എന്നെ തനിച്ചാക്കി.

ഞാന്‍ ഒരു ഞെട്ടലോടെ തലയുയര്‍ത്തി അപ്പച്ചനെ നോക്കി. പിന്നെ, ചാരുകസേരയില്‍ ശാന്തമായി ഉറങ്ങുന്ന അമ്മച്ചിയേയും. എന്റെ കൈയില്‍ നിന്ന് അറിയാതെ ബാഗ് താഴെ വീണു. ഞാന്‍ വേഗം ചെന്ന് അവരുടെ വാടിയ കൈത്തണ്ട ഉയര്‍ത്തി പള്‍സ് നോക്കി. പക്ഷേ, അവസാനത്തെ ശ്വാസവും ആ ഇളംചൂട് നിറഞ്ഞ  ശരീരത്തില്‍ നിന്നടര്‍ന്നുമാറി നൂലഴിച്ചുവിട്ട പട്ടം കണക്കെ മെല്ലെ പറന്നുയരുകയായിരുന്നു.

തല കുമ്പിട്ടുനിന്ന്‌ കണ്ണീര്‍ വാര്‍ക്കുന്ന അപ്പച്ചന്റെ  കൈകള്‍ കൂട്ടിപ്പിടിച്ച് കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു,

എന്നോട് പൊറുക്കണം. ഞാന്‍... എനിക്ക് മുഴുമിപ്പിക്കാനായില്ല. അപ്പച്ചന്‍ എന്റെ തോളത്ത് മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു,

 എയ്, സത്യത്തില്‍ ഞാന്‍ മോനോട് നന്ദി പറയുകയാണ്. എന്റെ മറിയക്ക് നഷ്ടപ്പെട്ടുപോയ ആ പഴയ സന്തോഷം തിരികെ കൊടുത്തതിന്."

ആ വൃദ്ധന്‍ കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.

ഏതായാലും ഇനി മോനിവിടെ നില്‍ക്കണ്ടാ. പൊയ്ക്കൊള്ളൂ. ഞാന്‍...ഞാന്‍ ഇവളുടെ കൂടെ....കുറച്ചുനേരം ഒറ്റയ്ക്കിരിക്കട്ടെ.

ഞാന്‍ ഒരിക്കല്‍ക്കൂടി ശാന്തമായി ഉറങ്ങുന്ന അമ്മച്ചിയുടെ മുഖത്തേയ്ക്ക് നോക്കി, ഒന്നും പറയാതെ തിരിഞ്ഞുനടന്നു. ഫേസ് ബുക്കിലെ സുഹൃത്തിനെ കാണാനായി ഇറങ്ങിത്തിരിച്ച എന്റെ ഒരു നിയോഗം ഇവിടെ പൂര്‍ത്തിയാകുന്നു. ഒരിക്കലും വന്നിട്ടില്ലാത്ത ഒരു നാട്ടില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു ജീവിതങ്ങളിലേയ്ക്ക് അവിചാരിതമായി എന്നെ നയിച്ച ആ ക്രിസ്മസ് നക്ഷത്രം ഒരു ധ്രുവനക്ഷത്രമായി എന്റെ ഉള്ളില്‍ കത്തിജ്ജ്വലിക്കുകയായിരുന്നു അപ്പോഴും.




അവലംബം: The Lodestar എന്ന ഇംഗ്ലീഷ് കവിത