Thursday, October 29, 2009

വാഗ്ദാനം

എന്നെ പ്രണയിക്കാമോ..?
പകരമായി
കടലൊളം സ്നേഹം
പകർന്നു തരാം.

എന്റെ ഹൃദയത്തിൽ നിനക്കൊരു
ഇരിപ്പിടമൊരുക്കാം.
ഈ നെഞ്ചിനുള്ളിൽ
നിനക്ക് ഞാനൊരു മഞ്ചൽ തിർക്കാം.

എന്റെ ആത്മാവിൽ നിനക്കായ്
ഒരു മലർവാടി പണിയാം.
സ്വപ്നങ്ങൾ കൊണ്ടൊരു
താജ്മഹൽ സമ്മാനിക്കാം
ആകാശത്തിലെ നക്ഷത്രങ്ങളെ
നിന്റെ കൈവെള്ളയിൽ കൊണ്ടുത്തരാം

എന്നാൽ
എന്റെ ക്രെഡിറ്റ് കാർഡും
ATM കാർഡും
ബാങ്ക് അക്കൌണ്ട് നമ്പരും
മാത്രം നീ ചോദിച്ചേക്കരുത്

Wednesday, October 7, 2009

കടലിനക്കരെ പോണോരേ... (ഏഴ്)


ഒരു കടലിന് ഇരുകരകളിലായി കുറേ ജന്‍‍മങ്ങള്‍. ആ ജനതകളുടെ സംസ്കാരത്തിലെന്ന പോലെ, ഭാഷയിലെന്ന പോലെ, ജീവിത രീതിയിലും, വസ്ത്രധാരണത്തിലുമെന്ന പോലെ അനുഭവങ്ങളിലും നിറയെ നിറയെ വൈവിദ്ധ്യങ്ങള്‍. അതില്‍ പോലും ആകാശത്തിലെ മേഘജാലങ്ങളെന്നപോലെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിതം. സര്‍വ്വശക്തന്‍റെ മായാജാലം!!!

ആരൊക്കെയോ കുറേപ്പേര്‍ മാഡത്തിനെ വിളിച്ചു സംസാരിച്ച ലക്ഷണം എനിക്ക് അനുഭവപ്പെട്ടു. കാരണം എന്തായാലും നീയിനി ഇന്‍ഡ്യ കാണണമെങ്കില്‍ ഞാന്‍ തീരുമാനിക്കുമെന്നു പറഞ്ഞ് തുള്ളി കലികയറി അവിടെ നിന്നും കാറോടിച്ചു പുറത്തു പോയ മാഡം പെട്ടെന്നു തിരിച്ചു വന്നു പറഞ്ഞു നിനക്കു ക്ലിയറന്‍സ് തന്നിരിക്കുന്നു എന്ന്. അയാള്‍ ആവശ്യപ്പെട്ട മുന്നൂറു റിയാല്‍ തിരിച്ചടച്ചെങ്കില്‍ മാത്രമേ അതുവരെ ഞാന്‍ ജോലിയില്‍ തുടര്‍ന്നിരുന്ന ദിവസങ്ങളിലെ ശമ്പളമായി എനിക്കു കിട്ടാനുണ്ടായിരുന്ന അന്‍പത്തിയെട്ടു റിയാല്‍ എനിക്കു നല്‍കൂ എന്ന് അയാള്‍ പറഞ്ഞു. അന്‍പത്തിയെട്ടു റിയാല്‍ കുറച്ചു കൊടുത്താല്‍ പോരത്രേ. ആദ്യം മുന്നൂറ് റിയാല്‍ നല്‍കണം. അതു കിട്ടിക്കഴിഞ്ഞാല്‍ അന്‍പത്തിയെട്ടു റിയാല്‍ എനിക്കു തിരിച്ചു തരും. അങ്ങനെയെങ്കില്‍ അങ്ങനെ. ആ പണമുണ്ടെങ്കില്‍ എന്തെങ്കിലും വാങ്ങി അമ്മക്കു കൊണ്ടു ചെന്നു കൊടുക്കാമെന്നു ഞാന്‍ കരുതി. നീണ്ട എട്ടു മാസത്തെ പ്രവാസജീവിതത്തിനു ശേഷം അമ്മയെ കാണാന്‍ ചെല്ലുന്നതല്ലേ.

പണം അവിടത്തെ മാനേജരെ ഏല്‍‍പ്പിച്ചു. ഞാന്‍ കാശുകൊടുത്തു വാങ്ങിയ ടിക്കറ്റും അവിടെ ഏല്‍‍പ്പിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൊടുത്ത പണത്തിനു വൌച്ചര്‍ ചോദിച്ചപ്പോള്‍ അതു തരാന്‍ പറ്റില്ല എന്നു പറഞ്ഞു. മാത്രവുമല്ല കമ്പനി എനിക്കു തരാനുള്ള പണം എല്ലാം തന്നു എന്ന്‌ എഴുതി ഒപ്പിട്ടു വാങ്ങുകയും ചേയ്തു. അതും കൂടാതെ രണ്ടു മൂന്നു ബ്ലാങ്ക് വൌച്ചറുകളിലും അവര്‍ ഒപ്പിട്ടു വാങ്ങി. ആ പണം പോയി. അതു കിട്ടിയില്ല എന്നയാള്‍ പിന്നീടു പറയുമെന്നാണു ഞന്‍ കരുതിയത് ഏതായാലും അതുണ്ടായില്ല. എനിക്കു കിട്ടാനുണ്ടായിരുന്ന അന്‍പത്തിയെട്ടു റിയാല്‍ കൊടുക്കണ്ട എന്ന് മുതലാളി പറഞ്ഞു എന്ന് പണം കൈപ്പറ്റിയ ശേഷം മാനേജര്‍ പറഞ്ഞു. ഒന്നേകാല്‍ ലക്ഷം റിയാലിന്‍റെ ദിവസവരുമാനമുള്ള മുതലാളിയുടെ മകളുടെ കല്യാണച്ചിലവിലേക്ക് എന്‍റെ വകയായി അന്‍പത്തിയെട്ടു റിയാല്‍. ബാക്കി മുന്നൂറു രൂപ കുഷ്ഠരോഗാശുപത്രിക്കു ദാനം കൊടുക്കുന്നതു പോലെ കരുതി തരുന്നതാണെന്നും നാളെ എന്‍റെ മുന്നൂറ്റിയന്‍പത്തിയെട്ടു റിയാല്‍ ഇല്ലായിരുന്നെങ്കില്‍ ഇക്കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല എന്നു ഞാന്‍ നാലു പേരോടു വിളിച്ചു കൂവുമെന്നും ഒരു മനസ്സമാധാനത്തിനു വേണ്ടി മാഡത്തിന്‍റെ മുഖത്തു നോക്കി പറഞ്ഞു. അവര്‍ നിന്നു ജ്വലിച്ചതല്ലാതെ മറുപടി പറയാന്‍ ധൈര്യപ്പെട്ടില്ല.

കമ്യൂണിസത്തിന്‍റെ ഉത്ഭവം അറിയാന്‍ മാനിഫെസ്റ്റോകള്‍ തിരയേണ്ടതില്ല. ആദ്യത്തെ കമ്യൂണിസ്റ്റ് എങ്ങനെ ഉണ്ടായി എന്നറിയാന്‍ ഇതുപോലെയൊരു കമ്പനിയില്‍ ജോലിക്കു ചേര്‍ന്നാല്‍ മതി. ഇതുപോലൊരു മുതലാളിയെ, ഇതുപോലൊരു മാഡത്തിനെ കിട്ടിയാല്‍ മാത്രം മതി.

ആ പണം കൂടി കൊടുത്തതോടെ എന്‍റെ കയ്യില്‍ ഒരു റിയാല്‍ പോലും അവശേഷിക്കാതെയായി. എന്നാല്‍ എന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇരുപതു റിയാല്‍ എനിക്കു തന്നു. അതുമായി തിരിക്കുമ്പോള്‍ എട്ടുമാസത്തെ പ്രവാസജീവിതം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പെറ്റമ്മക്കു കൊടുക്കാന്‍ കുറേ കണ്ണുനീര്‍ മാത്രമായിരുന്നു എന്‍റെ സമ്പാദ്യം. എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിംഗ് പാസ്സു കിട്ടുന്നതു വരെയും എനിക്കു വിശ്വാസമില്ലായിരുന്നു അവര്‍ ചതിക്കില്ല എന്ന്. എന്തായാലും അതുണ്ടായില്ല. വിമാനത്തില്‍ കയറിയ സമയം മാഡത്തിന്‍റെ ഫോണ്‍. എടുക്കണോ എന്നാലോചിച്ച ശേഷമാണെടുത്തത്. മാപ്പു പറയുന്നതുപോലെ അവര്‍ കുറേ പുലമ്പി. ഒരണു പോലും ആത്മാര്‍ത്ഥതയില്ലാത്ത അവരുടെ വാക്കുകള്‍ എന്നെ സ്പര്‍ശിച്ചതേയില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയം ഞാന്‍ അതിന്‍റെ കിളിവാതിലിലൂടെ പുറത്തേക്കു നോക്കി. പ്രകാശത്തില്‍ കുളിച്ച് സ്വര്‍ണ്ണവര്‍ണ്ണമായി സുല്‍ത്താന്‍ കാബൂസ്‌ ദേവാലയം!. എന്തിനെന്നറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മനസ്സ്‌ കനിവിന്‍റെ കടലായ അള്ളാഹുവിനോട് സ്വതന്ത്രമായി സം‌വദിച്ചു. നിശ്ശബ്ദമായി ഞാന്‍ പറഞ്ഞു ദൈവമേ എല്ലാ ദിവസവും നിന്നില്‍ ആശ്വാസം തിരഞ്ഞിരുന്ന ഞാനിതാ നിന്‍റെ മണ്ണു വിട്ട് പോകുന്നു. ഒരു ജീവിതം ഉണ്ടാക്കാന്‍ മാത്രം കൊതിച്ച് വന്നവനാണു ഞാന്‍. ഞാനിതാ മടങ്ങുന്നു. നിസ്വനായി, നിന്‍റെ മണ്ണില്‍ നിന്നും ക്ഷീണിതമായ ഉടലോടെയും, തകര്‍ന്നടിഞ്ഞ മനസ്സോടെയും ഇനി എന്തെന്നറിയാതെ യാത്രയാവുകയാണ് ഞാന്‍. പരിഭവങ്ങളൊന്നുമില്ലാതെ...

ഇനി ഒരിക്കല്‍ കൂടി തിരിച്ചു വരില്ലെന്നുറപ്പിച്ച ആ മടക്കയാത്രയില്‍, ഒരു പിന്‍‍വിളി വിളിക്കാന്‍ ആരുമില്ലാത്ത ആ യാത്രയില്‍ കണ്ണില്‍ നിന്നു മറയുവോളം ആ ദേവാലയം മാത്രം നോക്കി ഞാനിരുന്നു. ആ കാഴ്ച മനസ്സിന് അവാച്യമായ ഒരു ആശ്വാസം പകര്‍ന്നിരുന്നു.

നാട്ടിലെത്തിയെ എന്‍റെ കോലം കണ്ട്‌ അമ്മ ഒരുപാടു കരഞ്ഞു. ‘ഗള്‍ഫിലെ ഒന്നാംതരം ജോലി ഉപേക്ഷിച്ചു തിരിച്ചു വന്നവനെന്ന്‌‘ ജയകൃഷ്ണന്‍റെ ജീവിതത്തേക്കുറിച്ച് വല്ലാതെ കുണ്ഠിതപ്പെടുന്ന ചില ബന്ധുക്കളും ആക്ഷേപിച്ചു. വന്നിറങ്ങിയ പാടേ നേരേ മൂകാംബികയില്‍ പോയി സര്‍വ്വപാപങ്ങളും സൌപര്‍ണ്ണികയില്‍ കഴുകിക്കളഞ്ഞ് ആനന്ദരൂപിണിയായ വനദുര്‍ഗ്ഗയുടെ തിരുമുന്‍പില്‍ നിന്നും ആനന്ദസാരസ്വതം നുകര്‍ന്ന് എന്‍റെ ശനിദശാകാലത്തെ നരകാഗ്നിയില്‍ നിന്നുള്ള വ്രതത്തിന് പാരണ വീടി. നാട്ടിലെ ഒന്നുരണ്ടു ചെറിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് പാറശ്ശാല മഹാദേവക്ഷേത്രത്തില്‍ യജ്ഞം നടക്കുന്നത്. ജോലിയും ഉപേക്ഷിച്ച് അവിടെ കൂടി. എന്‍റെ ജീവിതത്തിലെ ഒത്തിരി നന്‍‍മകളുടെ തുടക്കം ആ തിരുമുന്‍പില്‍ വച്ചായിരുന്നു. ക്ഷേത്രത്തില്‍ കഴിയുന്ന സമയത്താണ് അവിടെ അടുത്തുള്ള ഒരു വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിക്കുന്നത്.

അനില്‍ ചേട്ടന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അതിനു പോയതു തന്നെ. എനിക്കാ ക്ഷേത്രാങ്കണം വിട്ട് എങ്ങോട്ടും പോകണമെന്നുണ്ടായിരുന്നില്ല. തൊഴുതു മടങ്ങുന്ന അവസരങ്ങളില്‍ പോകാനനുവദിക്കാതെ വീണ്ടും വീണ്ടും മാറോടുചേര്‍ത്ത് പുണരുന്ന ഒരു ഭഗവാനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്‍റെ പാറശ്ശാലേശ്വരന്‍റെ തിരുമുന്‍പില്‍ ചെന്നാല്‍ മതി. യജ്ഞസ്ഥലത്തുനിന്നും അനില്‍ ചേട്ടന്‍റെ ബുള്ളറ്റില്‍ കയറി സ്കൂളിലെത്തി. അവിടെ സന്നിഹിതരായിരുന്നവരെല്ലാം പരിചിതരെങ്കിലും അപരിചിതനേപ്പോലെ നില്‍ക്കാന്‍ എന്തുകൊണ്ടോ ഞാന്‍ ആഗ്രഹിച്ചു. ഉദ്ഘാടനത്തിനു സമയമായി. ആദ്യമായി ഈശ്വരപ്രാര്‍ത്ഥന എന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു. ആഡിറ്റോറിയത്തില്‍ കയറാതെ ഞാന്‍ വെളിയില്‍ നില്‍ക്കുകയായിരുന്നു. കുട്ടികള്‍ ഒന്നടങ്കമുള്ള സരസ്വതീസ്തുതി മൈക്കിലൂടെ ഒഴുകിയെത്തി....

യാകുന്ദേന്ദു തുഷാര ഹാര ധവളാ...
യാ ശുഭ്രവസ്ത്രാവൃതാ...

നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളുടെ സംശുദ്ധഭക്തിയിലുതിര്‍ന്ന ആ സ്വരസൌഭാഗ്യം ആ അന്തരീക്ഷത്തെ മുഴുവന്‍ അലിയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അതില്‍ ഞാനുമലിഞ്ഞു പോയി. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതിനെ എനിക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഏകദേശം ഇരുപത്തിയൊന്നു മിനിട്ട് സമയം നീണ്ടു നിന്നെ ആ പ്രാര്‍ത്ഥനയില്‍ എപ്പൊഴോ ഞാന്‍ ആഡിറ്റോറിയത്തിനുള്ളിലെത്തിയിരുന്നു. വീണാപുസ്തകധാരിണിയായ ഭഗവതി, വാഗ്ദേവതയായ അമ്മ സരസ്വതി ആ ഇളം മനസ്സുകളില്‍ നൃ്ത്തം ചെയ്യുന്നത് ഞാന്‍ കണ്ടു. എന്നില്‍ നിന്നും എന്നോ കൊഴിഞ്ഞു പോയ ബാല്യം എന്നില്‍ നഷ്ടബോധം തീര്‍ത്ത ആദ്യ നിമിഷമായിരുന്നു അത്.

ഞാന്‍ അനില്‍ ചേട്ടനോടു ചോദിച്ചു. എന്താണു ചേട്ടാ ഞാനീ കേള്‍ക്കുന്നത്. ഇത്ര ഭക്തിയോടെയും അച്ചടക്കത്തോടെയും നാമം ജപിക്കുന്ന കുട്ടികള്‍ ഇന്നുമുണ്ടോ? എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന്. അനില്‍ ചേട്ടന്‍ എന്‍റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു ഇതിവര്‍ എല്ലാ ദിവസവും ഇവിടെ ചൊല്ലുന്നതാണെന്ന്. എനിക്കീ സ്കൂളിലെ ഏതെങ്കിലുമൊരു ക്ലാസ്സില്‍ പഠിക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം വരുന്നു എന്നു ഞാന്‍ പറഞ്ഞു. പഠിക്കണ്ട, വേണമെങ്കില്‍ പഠിപ്പിച്ചോളാന്‍ അനില്‍ ചേട്ടന്‍ പറഞ്ഞു. അനില്‍ ചേട്ടന്‍ ആ സ്കൂളിന്‍റെ ജോയിന്‍ സെക്രട്ടറിയാണ്.

അങ്ങനെ ഞാന്‍ ആ സ്കൂളിലെ ഒരംഗമായി. യജ്ഞം കഴിഞ്ഞതു മുതല്‍ സ്കൂളിലായി ജീവിതം. കുട്ടികള്‍, എല്ലാ ദിവസവും കണ്ണുകളെ ഈറനണിയിക്കുന്ന അവരുടെ പ്രാര്‍ത്ഥന അങ്ങനെ എനിക്കു നഷ്ടമായ ബാല്യത്തില്‍ ഞാന്‍ വീണ്ടും തിരിച്ചെത്തി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞു കാണും എനിക്കു മസ്കറ്റില്‍ നിന്നും ഒരു ഫോണ്‍ വിളി. കൂട്ടുകാരനാണ്. നിനക്കു ഞാനിവിടെ ഒരു പരിപാടി ശരിയാക്കിയിട്ടുണ്ട്. എത്രയും വേഗം ഇങ്ങോട്ടു കയറിവരണമെന്ന്. ഞാന്‍ വരുന്നില്ലെന്നു പറഞ്ഞപ്പോള്‍ കൂട്ടുകാരന്‍ ചൂടായി. എന്‍റെ കയ്യില്‍ ഇപ്പോള്‍ അങ്ങോട്ടു വരാന്‍ കാശില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ കാശയച്ചു തരാമെന്നായി. ഞാന്‍ ഒന്നുമൊന്നും പറയാതെ ഒഴിഞ്ഞു കൊണ്ടിരുന്നു. ഫോണ്‍ വിളികള്‍ ആവര്‍ത്തിക്കപ്പെട്ടു. വിവരം സ്കൂളില്‍ അനില്‍ ചേട്ടനും, സ്കൂളിന്‍റെ സെക്രട്ടറിയുമൊക്കെ അറിഞ്ഞു. എല്ലാവരും പറഞ്ഞു ഈ പ്രായത്തിലേ അവസരങ്ങള്‍ തേടിവരൂ. അതുകൊണ്ട് നീ പോകണം എന്നവര്‍ പറഞ്ഞു. ഞാന്‍ മസ്കറ്റില്‍ നിന്നുള്ള കൂട്ടുകാരോടും, സ്കൂളിലുമെല്ലാം പറഞ്ഞു നോക്കി അവിടെ മരങ്ങളില്ല, കിളികളില്ല മനഃസ്സമാധാനമില്ല ഞാന്‍ വരുന്നില്ലെന്ന്. ഒരു രക്ഷയുമില്ല. ടിക്കറ്റ് വന്നു, വിസ വന്നു കാര്യങ്ങള്‍ ഞാനറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാസം കഴിഞ്ഞാല്‍ നിന്നെ ഇന്‍ഡ്യയില്‍ കണ്ടു പോകരുതെന്ന് അനില്‍ ചേട്ടന്‍ എന്നെ ഭീഷണിപ്പെടുത്തി. പല ആവര്‍ത്തി എന്നെ സ്നേഹം കൊണ്ട് തോല്‍‍പ്പിച്ച ആളാണ് അനില്‍ ചേട്ടന്‍. എന്‍റെ കവിതകളുടെ ഒരു വലിയ ശേഖരമുള്ളത് അനില്‍ ചേട്ടന്‍റെ കയ്യില്‍ മാത്രമാണ്. വീട്ടില്‍ വന്നാല്‍ ചവറുകൂനകളില്‍ വരെ പരതി വാരിവലിച്ചെഴുതി കളഞ്ഞ പൊട്ടത്തരങ്ങളെല്ലാം എടുത്തു കൊണ്ടു പോയി എന്തിനോ വേണ്ടി സൂക്ഷിക്കുന്നു.

അനില്‍ ചേട്ടന്‍ പറഞ്ഞു, ഇത് ഭഗവാന്‍റെ നിയോഗമാണ് നീ പോകണം. നിന്നെ അയക്കുന്നതു ഭഗവാനാണെന്നു കരുതി പോകണം. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയേപ്പോലെ ഞാന്‍ ഭയചകിതനായിരുന്നു. എങ്കിലും ഞാന്‍ തീരെ നിനച്ചിരിക്കാതെ വീണ്ടും കടല്‍ കടന്നു. എയര്‍പോര്‍ട്ടിലേക്ക് വിമാനം താഴ്ന്നു താഴ്ന്നു വന്നപ്പോള്‍ കണ്ണില്‍ വീണ്ടും സുല്‍ത്താന്‍ കാബൂസ് ദേവാലയം. അങ്ങു പാറശ്ശാലയിലും മയിലുകള്‍കപ്പുറം മസ്കറ്റിലും ഉണര്‍ന്നുജ്ജ്വലിക്കുന്നത് ഒരേയൊരു ചൈതന്യം. ഞെട്ടലോടെ ഉള്‍പ്പുളകത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു അന്ന് ഉയര്‍ന്നു പൊങ്ങിയ വിമാനത്തിലിരുന്നുകൊണ്ട് നഷ്ടങ്ങളില്‍ നിന്നും പറന്നുയര്‍ന്ന എന്നെ ആകാശങ്ങളുടെ അധിപനായ, സര്‍വ്വപ്രപഞ്ചങ്ങളുടെയും നാഥന്‍ തിരികെ വിളിച്ചിരിക്കുന്നു. ഇത് ആ പിന്‍‍വിളി മാത്രമാണ്.

എയര്‍പോര്‍ട്ടില്‍ നിറഞ്ഞ സ്നേഹത്തോടെ കൂട്ടുകാര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ എനിക്ക് പൂന്തോട്ടത്തിനു നടുവില്‍ ഒരു ഓഫീസ്‌ മുറി തന്നു. വേപ്പിന്മരങ്ങളുടെയും, ഞാവല്‍ മരങ്ങളുടെയും ഇടയില്‍ അവരെനിക്ക് താമസമൊരുക്കി. എല്ലാ ദിവസവും വിളിച്ച് സുഖമല്ലേയെന്നു തിരക്കി. ആ ഓരോ സുഹൃത്തുക്കളിലും വിടര്‍ന്നു നില്‍ക്കുന്നത് പരമകാരുണികനായ അള്ളാഹുവിന്‍റെ ചിരിയാണ്. ആ സ്നേഹം ദൈവത്തിന്‍റെ സ്നേഹമാണ്. ഇടക്കൊരു ദിവസം എന്നെ കണ്ട് മാഡം ഞെട്ടി. നീയെങ്ങനെ വീണ്ടും ഇവിടെയെത്തി എന്നു ചോദിച്ചു. ദൈവം കൊണ്ടുവന്നു എന്നു ഞാന്‍ മറുപടി പറഞ്ഞു.

ഇന്ന്‌ എന്‍റെ ദിനരാത്രങ്ങള്‍ ക്ലേശരഹിതമാണ്. ഭയമില്ലാത്തവയാണ്. കിളികളുടെ സംഗീതം കേട്ടാണ് ഞാന്‍ എന്നും ഉണരാറുള്ളത്. ഞാന്‍ നാട്ടില്‍ നിന്നു പറഞ്ഞ, കിളികളില്ല, മരങ്ങളില്ല എന്നു പറഞ്ഞ പരാതികളെല്ലാം കേട്ടത് എന്‍റെ ഈശ്വരനായിരുന്നു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു കീറപ്പഴന്തുണി പോലും പെറ്റമ്മക്കു വാങ്ങിക്കൊടുക്കാന്‍ കഴിയാതെ ഇവിടെനിന്നു പോയ എനിക്ക് വെറും ഒരു വര്‍ഷത്തിനുള്ളില്‍ അമ്മയെ ചോക്കളേറ്റില്‍ അഭിഷേകം ചെയ്യുവാന്‍ സാധിച്ചത് എന്‍റെ കണ്ണുനീര്‍ കണ്ട, യാതനകളില്‍ വാടി വീഴാതെ എന്നെ താങ്ങിയ സര്‍വ്വേശ്വരന്‍റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്.

ഇന്നും ഈ ദൈവത്തിന്‍റെ രാജ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വേദനയോടെ, സങ്കടത്തോടെ ഞാന്‍ കാണുന്നു തിളക്കുന്ന വെയിലില്‍ മനസ്സാക്ഷിയില്ലാത്തവരുടെ അടിമകളായി ഇരുമ്പിനോടും, കല്ലിനോടും പൊരുതി പണിയെടുക്കുന്ന നിരവധി നിര്‍മ്മാണത്തൊഴിലാളികളെ, ഭാരവും പേറി നിരത്തുകളില്‍ അലയുന്ന ടൈ കെട്ടിയ അടിമകളെ, അടച്ചു മൂടിയ എത്രയോ ഓഫീസുകളില്‍ വേദന ഭക്ഷിച്ചും, അവജ്ഞയും ആട്ടും തുപ്പും സഹിച്ചും കഴിയുന്ന ഞാന്‍ കണ്ടിട്ടില്ലാത്ത എത്രയോ സഹജീവികള്‍. ഒരു പക്ഷേ ദൈവത്തിന്‍റെ കൈപിടിച്ച് ഒരു തിരിച്ചുവരവിനുള്ള മുന്നൊരുക്കത്തിലാവാം അവര്‍ എന്നു കരുതി ആശ്വസിക്കുന്നു. ഇവരെ ദ്രോഹിച്ചും ചൂഷണം ചെയ്തും പണമുണ്ടാക്കുന്ന പലരും പണ്ടൊരിക്കല്‍ അവരേപ്പോലെ ഒരു ജീവിതമുണ്ടാക്കാന്‍ കടല്‍ കടന്നെത്തിയവരാണ്. ഞാന്‍ കണ്ടിട്ടുള്ള അറബികള്‍ നല്ലവരാണ്. ഞാന്‍ വന്നു പോയതിനു ശേഷവും നിരവധി പേര്‍ ആ കമ്പനിയില്‍ വന്ന് എന്നെപ്പോലെയും, എന്നെക്കാള്‍ പരിതാപകരമായും അവിടെ നിന്നും പോകുന്നു. ഈ കുറിപ്പുകള്‍ വായിക്കുന്ന ഓരോ പേരോടുമുള്ള അഭ്യര്‍ത്ഥനയാണിത്. കടല്‍ കടക്കുന്നതിനു മുന്‍പ് നന്നായി അന്വേഷിച്ചതിനു ശേഷം മാത്രം സ്വപ്നഭൂമിയിലേക്കു പറക്കുക.

അനുഭവത്തിന്‍റെ വെളിച്ചത്തില്‍ തീരെയും കലര്‍പ്പില്ലാതെ എഴുതിയ ഈ കുറിപ്പിനെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവരുണ്ടാവാം. അവര്‍ ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു വന്നിട്ടില്ലാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു.

യാ അള്ളാഹ് യാ റബ്

Monday, October 5, 2009

കടലിനക്കരെ പോണോരേ... (ആറ്)


എന്‍റെ ഗ്രാമമേ... എന്‍റെ പ്രണയമേ... നിന്നില്‍ നിന്നകന്നിട്ട് എട്ടുമാസങ്ങളായിരിക്കുന്നു. എട്ടു യുഗങ്ങളുടെ ദൈര്‍ഘ്യമുള്ള ഈ കാലയളവിലെല്ലാം ഞാന്‍ നിന്‍റെ ഓര്‍മ്മകളെ നെഞ്ചോടു ചേര്‍ത്തിരുന്നു. ഞാന്‍ നീന്തിക്കുളിച്ചിരുന്ന പൂക്കൈതയാറും, എന്‍റെ ചിന്തകള്‍ക്കു കൂട്ടിരുന്ന പാടവരമ്പുകളും, എന്‍റെ പ്രാര്‍ത്ഥനകളെ ധന്യമാക്കിയിരുന്ന ക്ഷേത്രാങ്കണവും വിട്ട് ഇവിടെ ഈ മരുഭൂമിയില്‍ ഞാനുരുകുന്നു. യാ അള്ളാഹ് നിന്‍റെ മണ്ണില്‍, രണ്ടു പതിറ്റാണ്ടുകള്‍ എന്‍റെ അച്ഛന്‍ പണിയെടുത്ത ഈ മണ്ണില്‍ ഇവനുമൊരു ജീവിതം നീ നിഷേധിക്കുകയാണോ? ഇവിടെയുള്ള ലക്ഷോപലക്ഷം പ്രവാസികളുടെ വേദനയില്‍ നിന്നുയര്‍ന്ന നിശ്വാസങ്ങളാണോ ഈ ഭൂമിയെ മരുഭൂമിയാക്കിയത്....?

ഇതിനിടയില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പുച്ഛവും, അന്നത്തെ അവസ്ഥയില്‍ കടുത്ത അമര്‍ഷവും എന്നാല്‍ പ്രതികരിക്കാന്‍ കഴിയാതെ പോയതുമായ ഒരു സംഭവമുണ്ടായി. ഓഫീസിന്‍റെ മുന്‍‍വശത്ത് ഏതാനും വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. കമ്പനി വക ഒരു കാര്‍, ഒരു വാന്‍ ഇവ കൂടാതെ മാഡത്തിന്‍റെ കാര്‍, മുതലാളി വന്നാല്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സ്ഥലം എന്നിങ്ങനെ നാലു വണ്ടികള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലമേ അവിട യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളൂ. പുറത്തു നിന്നാരും അങ്ങോട്ടു വരാറില്ല. എന്നാല്‍ അതിലധികം സ്ഥലം പാര്‍ക്കിങ്ങിനായി അവിടെ ലഭ്യവുമാണ്. അവിടെ മുകളിലത്തെ നിലയിലുള്ള ഓഫീസുകളിലുള്ളവരുടെ കാറുകള്‍ മിക്കവാറും പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.

ഒരു ദിവസം മാഡം പറഞ്ഞിട്ടു പോയി ഇവിടെ പാര്‍ക്ക് ചെയ്യുന്ന മറ്റു വണ്ടികളിലെല്ലാം നോ പാര്‍ക്കിംഗ് എന്ന് എഴുതി ഡ്രൈവര്‍ സീറ്റിന്‍റെ മുന്നിലെ ഗ്ലാസ്സില്‍ പശതേച്ച് ഒട്ടിച്ചു വയ്ക്കണമെന്ന്. ഞാന്‍ അപ്രകാരം ചെയ്ത് അവിടെ ക്ലീനിംഗിനു വരുന്ന പയ്യനെയും കൂട്ടി ഒട്ടിക്കാന്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്നവന്‍ വിലക്കി. അവന്‍ പറഞ്ഞു ഒട്ടിച്ചു വച്ചാല്‍ ഇളക്കിക്കളയാന്‍ പ്രയാസമായിരിക്കും. അവര്‍ പ്രശ്നമുണ്ടാക്കിയാല്‍ മാഡം കൈ കഴുകുമെന്ന് നിനക്കറിയാമല്ലോ. അതു കൊണ്ട് വൈപ്പറിന്‍റെ ഇടയില്‍ വച്ചാല്‍ മതിയെന്ന്‌. ഞാന്‍ അപ്രകാരം ചെയ്തു. മാഡം വന്ന്‌ എന്നോടു ചോദിച്ചു നീ ഒട്ടിച്ചോ എന്ന്. ഞാന്‍ പറഞ്ഞു ഒട്ടിച്ചില്ല മാഡം, വൈപ്പറിന്‍റെ ഇടയില്‍ അവര്‍ കാണത്തക്ക വിധം വച്ചു എന്ന്. അന്നവര്‍ ഞാനടക്കം ആ കമ്പനിയിലുണ്ടായിരുന്ന സര്‍വ്വരെയും പറഞ്ഞ ചീത്ത പരമ്പരകളായി തുടര്‍ന്നു വന്ന അവരുടെ തറവാടിന്‍റെ സംസ്കാരത്തെ വിളിച്ചോതുന്ന തരത്തിലുള്ളതായിരുന്നു. അന്നത്തെ അവരുടെ പെരുമാറ്റം ഒന്നു മാത്രം മതി ആ സ്ത്രീരത്നത്തിന്‍റെ മുഴുവന്‍ സ്വഭാവസവിശേഷതയും മനസ്സിലാക്കാന്‍. (‘ലണ്ടനിലെ‘ എം ബി എയുടെ മാഹാത്മ്യം!!!)

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും അവര്‍ ഇതുപോലെ കാറില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ആവശ്യപ്പെട്ടു. “ഇന്നാളത്തെപ്പോലെ വൈപ്പറിന്‍റെ ഇടയില്‍ തിരുകാനല്ല, ഒട്ടിക്കാനാണ് പറയുന്നത് മനസ്സിലായോ” എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടാണ് പോയത്. ഞങ്ങള്‍ അതുപോലെ ചെയ്തു. അത് മുകളിലെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു സായിപ്പിന്‍റെ കാര്‍ ആയിരുന്നു. ഞങ്ങളുടെ കമ്പനി പോലെയുള്ള കമ്പനിയല്ല അത്. കൊള്ളാവുന്ന മാനേജ്‌മെന്‍റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാംതരം ഒരു ബ്രിട്ടീഷ് കമ്പനി. ഇടക്കെപ്പൊഴോ സായിപ്പ് താഴെയിറങ്ങി വന്നപ്പോള്‍ അയാള്‍ ആ സ്റ്റിക്കര്‍ കണ്ടു. അയാള്‍ നേരേ ഓഫീസില്‍ കയറി വന്ന് മാഡത്തിനെ നല്ല ഒന്നാംതരം തെറി വിളിച്ചു. (അവര്‍ക്ക് കാര്യമായി ഒന്നും മനസ്സിലായെന്നു തോന്നുന്നില്ല) എന്നിട്ടയാള്‍ പറഞ്ഞു ഇന്നു വൈകുന്നേരത്തിനകം ആ സ്റ്റിക്കര്‍ ഇളക്കിക്കളഞ്ഞു കാര്‍ വൃത്തിയാക്കിയില്ലെങ്കില്‍ എല്ലാവരും വിവരം അറിയുമെന്ന്‌. അപ്പോള്‍ അയാളുടെ മുന്‍പില്‍ വച്ചു തന്നെ അവര്‍ ഞങ്ങളെ വിളിച്ചു. എന്നിട്ടു ചോദിച്ചു നിന്നോടൊക്കെ ആരു പറഞ്ഞു പശ തേച്ച് ഒട്ടിക്കാനെന്ന്!!!. ഞാന്‍ സായിപ്പിനു കൂടി മനസ്സിലായിക്കോട്ടെ എന്നു കരുതി ഇംഗ്ലീഷില്‍ തന്നെ പറഞ്ഞു, മാഡമല്ലേ നിര്‍ബന്ധപൂര്‍വ്വം പശ തേച്ച് ഒട്ടിക്കാന്‍ പറഞ്ഞിട്ടു പോയതെന്ന്. അവര്‍ക്കു ഹാലിളകി. അവര്‍ വായില്‍ വന്ന തെറിയെല്ലാം വിളിച്ചു കൂവി. ഇതിലും ഭേദം ചീഞ്ഞ മീന്‍ പച്ചക്കു ഭക്ഷിക്കുന്നതാണെന്ന് നിര്‍വികാരതയോടെ ഞാന്‍ ചിന്തിച്ചു. എന്നിട്ടവര്‍ കാര്‍ കഴുകിക്കൊടുക്കാന്‍ ആക്രോശിച്ചു. ഞാന്‍ തീര്‍ത്തു പറഞ്ഞു പറ്റില്ലെന്ന്. കാരണം അവര്‍ കാണിച്ച പ്രവൃത്തിക്ക് നമ്മുടെ നാട്ടില്‍ പറയുന്ന ഒരു വാക്കുണ്ട്. അതു പറയാന്‍ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെയെങ്കിലും പ്രതികരിക്കുക എന്നത് ഒരു ആണായി ജനിച്ച ഓരോരുത്തരുടെയും ജന്‍‍മാവകാശമാണ്.

അപ്പോള്‍ അതു ഞാന്‍ ഒറ്റക്കു കഴുകണമെന്നായി. മാഡം അങ്ങനെയൊരു കാര്യം വെറുതേ സ്വപ്നം കാണണ്ട എന്ന് ഞാനും. ഒടുവില്‍ ഇതു കേട്ടു കൊണ്ടു നിന്ന ക്ലീനര്‍ പയ്യന്‍ എന്‍റെയും മാഡത്തിന്‍റെയും എതിര്‍പ്പിനെ അവഗണിച്ച് പോയി അതു കഴുകിക്കൊടുത്തു. സായിപ്പിന് സമാധാനമായി.

അന്നു വൈകുന്നേരം എന്‍റെ മുന്‍പില്‍ ആറേഴു പേജുള്ള ഒരു എക്സല്‍ ഷീറ്റ് കൊണ്ടു തന്നിട്ട് മുതലാളിയും ബോസും കൂടി അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. കമ്പനിയില്‍ സ്റ്റോക്കുള്ള കോര്‍പ്പറേറ്റ് ഗിഫ്റ്റുകളുടെ സ്റ്റോക്ക് റജിസ്റ്റര്‍ ആയിരുന്നു അത്. ഒന്നു പരിശോധിക്കുക പോലും ചെയ്യാതെ അയാളുടെ ഹെഡോഫീസിലോ മറ്റോ വച്ചു ടൈപ്പ് ചെയ്ത ലിസ്റ്റ്!. ഏകദേശം ഒരു ലക്ഷത്തോളം റിയാല്‍ വിലവരുന്ന വസ്തുക്കള്‍ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി അത്രയും സാധനങ്ങള്‍ അവിടെ ഇല്ല എന്നുറപ്പുണ്ട്. രണ്ടാമതായി കള്ളം പറഞ്ഞു പിരിഞ്ഞു പോയ ഡ്രൈവറും, മാഡവുമടക്കം അവിടെനിന്നും കടത്തിയതും കട്ടു വിറ്റതുമായ സാധനങ്ങളുടെ കണക്ക് ആരു ബോധിപ്പിക്കും? ഇത് ഒന്നാംതരം ചതിയാണെന്ന് എനിക്കുറപ്പായി. അതില്‍ ഞാന്‍ ഒപ്പിട്ടാല്‍ ആയുഷ്കാലം എനിക്കാ കമ്പനിയില്‍ വേതനമില്ലാജോലിക്കാരനായി കൂടാനുള്ള വകുപ്പൊക്കും. ഞാന്‍ പറഞ്ഞു ഞാന്‍ ഒപ്പിടുന്നില്ല. കാരണം ഞാന്‍ ഈ കമ്പനിയിലെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന്.

രണ്ടു പേരുടെയും ഭാവം മാറി. എന്നിട്ട് അവര്‍ പറഞ്ഞു, നീ പിരിഞ്ഞു പോകാന്‍ തീരുമാനിച്ചിട്ടല്ലേ ഉള്ളൂ, പിരിഞ്ഞു പോയിട്ടില്ലല്ലോ. അപ്പോള്‍ നീ ഇവിടുത്തെ സ്റ്റാഫ് തന്നെ. അതു കൊണ്ട് ഒപ്പിടണം എന്ന്. ഞാന്‍ കണ്ടു ബോദ്ധ്യപ്പെട്ടിട്ടു പോലുമില്ലാത്ത ആ കടലാസ്സുകളില്‍ എന്തു തന്നെ ആയാലും ഞാന്‍ ഒപ്പിടില്ല എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പല തരത്തില്‍ അവര്‍ ഭീഷണിപ്പെടുത്തി നോക്കി. ഞാന്‍ വഴങ്ങിയില്ല. വഴങ്ങിയിരുന്നെങ്കില്‍ ഇന്നിതെഴുതാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് ഞാന്‍ ഇന്നും അവിടെ തുടര്‍ന്നേനെ. ഇല്ല... ഇതു വരെ ആത്മാഭിമാനം പണയപ്പെടുത്തി തുടരാന്‍ പൂര്‍വ്വികപരമ്പരകളിലെങ്ങും നട്ടെല്ലില്ലാതെ ആരും ജനിച്ചിട്ടില്ലാത്ത ഞാന്‍ ജീവിച്ചിരിക്കുമായിരുന്നില്ല. തുടര്‍ന്നു വന്ന ദിവസങ്ങളിലെല്ലാം അവരുടെ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

അവിടെ നിന്നും പോകണമെങ്കില്‍ അയാള്‍ക്ക് മുന്നൂറു റിയാല്‍ നല്‍കണമെന്നായി അയാള്‍. വിസ ലേബര്‍കാര്‍ഡ് തുടങ്ങിയവയ്ക്കായി എങ്ങനെ കൂട്ടിയാലും ഇരുനൂറ്റി ഇരുപതു റിയാലില്‍ കൂടുതല്‍ ഒരു കാരണവശാലും ചിലവു വരില്ല. ഒരു തൊഴിലാളി ജോലി ഉപേക്ഷിച്ചു പിരിഞ്ഞു പോവുകയാണെങ്കില്‍ ഒന്നുകില്‍ ഒരു മാസത്തെ നോട്ടീസ്‌, അതുമല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളം തിരികെ കമ്പനിക്കു നല്‍കണമെന്നതാണ് ഒമാനി ലേബര്‍ നിയമം. നേരത്തേ ലേബര്‍ കാര്‍ഡിനു ചിലവാക്കുന്ന പണം തിരികെ വാങ്ങാമെന്നു വ്യവസ്ഥയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അപ്പൊഴും എത്ര കാലം കമ്പനിയില്‍ ജോലി ചെയ്തോ അത്രയും കാലത്തെ പണം കുറച്ച് ബാക്കി മാത്രം നല്‍കിയാല്‍ മതി എന്നുള്ളതാണ് വ്യവസ്ഥ. ഇവിടെ ഏതു വകുപ്പിലാണ് അയാള്‍ക്ക് മുന്നൂറു റിയാല്‍ ആവശ്യമെന്നത് എനിക്കു മനസ്സിലായില്ല. എങ്കിലും എന്‍റെ ആത്മാഭിമാനത്തിന്‍റെ വിലയായി ഞാനതു നല്‍കാമെന്നു സമ്മതിച്ചു. ഒരാളെ ജോലിക്കു കൊണ്ടു വരുമ്പോള്‍ അയാളുടെ ടിക്കറ്റിന്‍റെ പണം അടക്കം സ്പോണ്‍സര്‍ വഹിക്കണം എന്നതാണ് ഒമാനിലെ നിയമം എന്നുള്ളതാണ് എന്‍റെ അറിവ്‌. തിരിച്ചു പോകാനും അങ്ങനെ തന്നെ. അവിടെയാണ് ഇങ്ങോട്ടു വന്നതും തിരിച്ചു പോകുന്നതും സ്വന്തം ചിലവില്‍!.

എന്‍റെ കയ്യില്‍ ആ സമയം ഒരു പൈസ പോലുമില്ല. മസ്കറ്റില്‍ ജോലി ചെയ്യുന്ന ഒരു അകന്ന ബന്ധുവിന്‍റെ അടുത്തു നിന്നും കുറച്ചു പണം കടം വാങ്ങി. എന്നെ ഇങ്ങോട്ടയച്ച ഏജന്‍റ് അന്നെടുത്ത റിട്ടേണ്‍ ടിക്കറ്റിന്‍റെ പണം കൊച്ചച്ചനു തിരികെ നല്‍കിയിരുന്നില്ല. അത് അദ്ദേഹത്തിന്‍റെ അച്ഛന് അറിയില്ല. പറയരുതെന്നു പറഞ്ഞിരുന്നു. എങ്കിലും അറുപതിനായിരം രൂപ കൊടുത്താണല്ലോ ഈ നരകത്തിലേക്കു ഞാന്‍ വിമാനം കയറിയത്. അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും കുറച്ചു പണം കടമായി വാങ്ങി. ഇതറിഞ്ഞ് ആ പണം അദ്ദേഹത്തെക്കൊണ്ട് തരുവിക്കാതിരിക്കാനായി അദ്ദേഹത്തിന്‍റെ മകനായ ഏജന്‍റ് പരമാവധി ശ്രമിച്ചു. അവിടെ വന്നിറങ്ങി ഇക്കണ്ട കാലമത്രയും ഒരു ഫോണ്‍ കോള്‍ പോലും ചെയ്യാതിരുന്ന അയാള്‍ എന്നെയും, നാട്ടില്‍ എന്‍റെ വീട്ടിലും വിളിച്ച് ഭീഷണിപ്പെടുത്തി. ഒന്നുമറിയാതിയിരുന്ന വീട്ടുകാരും ആശങ്കയിലായി. പക്ഷേ ഇതൊക്കെയായിട്ടും നല്ലവനായ അദ്ദേഹത്തിന്‍റെ അച്ഛന്‍ ആ പണം എനിക്കു തന്നു സഹായിക്കാമെന്നു സമ്മതിച്ചു. അദ്ദേഹത്തിന്‍റെ നന്‍‍മ എന്‍റെ ജീവിതത്തില്‍ ഞാനൊരിക്കലും മറക്കില്ല.

പണം തന്നാലും നിന്നെ വിടില്ല എന്നായി മാഡം. അവര്‍ ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്തു നോക്കി. എന്തുതന്നെയായാലും ഇത്രകാലം വന്നു പോയ സ്ഥിതിക്ക് ഗതികേടു കൊണ്ട് ഞാനിവിടെ തുടര്‍ന്നു. ഒരു പ്രൊഫഷണല്‍ എന്ന നിലക്കും, ഒരു പുരുഷന്‍ എന്ന നിലക്കും ഈ കമ്പനിയില്‍ ഞാന്‍ തുടരുന്നത് ആത്മഹത്യക്കു തുല്യമാണെന്നു ഞാന്‍ പറഞ്ഞു. ഈ വാക്കുകളെ ഞാന്‍ ആത്മഹത്യ ചെയ്യും എന്നു ഭീഷണിപ്പെടുത്തി എന്നു വ്യാഖ്യാനിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. അന്ന് ദിലീപിനെതിരെ സാക്ഷികളെ ഉണ്ടാക്കിയതു പോലെ എനിക്കെതിരെയും സാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ എന്തു ചെയ്താലും, ജയിലിലടച്ചാലും നിങ്ങളുടെ കൂടെ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നതിലും ഭേദമാകും അതെന്നു ഞാന്‍ പറഞ്ഞു. അവരെന്നെ നിയമക്കുരുക്കുകളില്‍ പെടുത്താന്‍ ശ്രമിക്കില്ല എന്നെനിക്കറിയാമായിരുന്നു. കാരണം അവരവിടെ ചെയ്തു കൂട്ടിയ തോന്നിവാസങ്ങള്‍ പലതിന്‍റെയും ദൃക്‌സാക്ഷിയായ എന്നെ അങ്ങനെ ഒരു വഴിയില്‍ ഉപദ്രവിക്കാന്‍ അവര്‍ക്കു ധൈര്യമുണ്ടാവില്ല എന്നെനിക്കറിയാമായിരുന്നു.

അപ്പൊഴും പണം നല്‍കിയാലും എന്നെ വിടില്ല എന്ന നിലപാടില്‍ തന്നെ അവര്‍ ഉറച്ചു നിന്നു. ഞാന്‍ നിയമവഴികളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. ഏജന്‍റിന്‍റെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. പൊതു പ്രവര്‍ത്തകനായ ഒരു വക്കീലിനെ കാണാനുള്ള വഴികളേക്കുറിച്ചും ആലോചിച്ചു.

ആദരാഞ്ജലികള്‍









ജ്യോ - നിനക്ക്  ആദരാഞ്ജലികൾAlign Center

വാക്കെരിഞ്ഞണയുന്നതിന്റേയുമപ്പുറ-
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!

കടലിനക്കരെ പോണോരേ... (അഞ്ച്)


അറബികള്‍ അള്ളാഹുവിനെ യാ അള്ളാ യാ റബ് എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ടോ? എത്ര ഭക്തിയോടെയാണവരതു വിളിക്കുന്നതെന്നറിയുമോ. അര്‍ത്ഥമറിയാതെ അനന്തതയിലേക്കു നോക്കി എത്രയോ പ്രാവശ്യം ഹൃദയവേദനയോടെ അവനെ ഞാന്‍ വിളിച്ചിരുന്നു യാ അള്ളാഹ് യാ റബ്ബ്... എനിക്കുറപ്പുണ്ട് എന്‍റെ ഓരോ വിളിയുമവന്‍ കേട്ടിരുന്നു. അപ്പോഴെല്ലാം ഞാനവന്‍റെ തലോടല്‍ അനുഭവിച്ചിരുന്നു, കരുണാര്‍ദ്രമായ അവന്‍റെ നോട്ടം എന്നില്‍ പതിഞ്ഞിരുന്നു. സത്യം. കാരണം അവനെന്നെ നോക്കാതിരിക്കാനാവില്ലായിരുന്നു...

അയാള്‍ അങ്ങനെയാണ്. വാക്കിലും പ്രവൃത്തിയിലുമെല്ലാം തന്‍റെ സര്‍വ്വാധിപത്യം പ്രകടമാക്കി മാത്രമേ സംസാരിക്കൂ. മാഡവും. സംസാരങ്ങളെല്ലാം ആജ്ഞാരൂപത്തില്‍ മാത്രം. ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങള്‍ക്കെല്ലാം അതൊരു ശീലമായിക്കഴിഞ്ഞിരുന്നു.

ഞങ്ങള്‍ എഴുന്നേറ്റു തിരിഞ്ഞു നിന്നു. അയാള്‍ അവിടെയുണ്ടായിരുന്ന വര്‍ക്ക് സ്റ്റേഷന്‍റെ മുകളില്‍ ചാരി നിന്നു. അടുത്തു തന്നെ മാഡവും. എന്നിട്ടയാള്‍ കയ്യിലുണ്ടായിരുന്ന പേപ്പര്‍ നിവര്‍ത്തി ഞങ്ങള്‍ക്കഭിമുഖമായി തിരിച്ചു പിടിച്ച് എന്നോടു ചോദിച്ചു. ഇതു നീയെഴുതിയതാണോ? അതേയെന്നു ഞാന്‍ പറഞ്ഞു. അടുത്തത് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകരോടായി ചോദിച്ചു, നിങ്ങളാരെങ്കിലും ഈ കത്തെഴുതാന്‍ ഇവനെ സഹായിക്കുകയോ ഐഡിയ പറഞ്ഞു കൊടുക്കുകയോ ചെയ്തോ? എല്ലാവരും പേടിയോടെ ഇല്ല എന്നു പറഞ്ഞു. അടുത്തതായി ഇതേ ചോദ്യം മാഡത്തിനോടും ആവര്‍ത്തിക്കപ്പെട്ടു. മാഡവും ഇല്ല എന്നു പറഞ്ഞു.

പ്രതീക്ഷിച്ചതില്‍ നിന്നും വിപരീതമായി അയാള്‍ പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു. നിനക്കു നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നു. എന്‍റെ മാനേജര്‍മാരും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. ഇന്നു മുതല്‍ ഞാന്‍ നിന്നെ ഇവിടുത്തെ മാര്‍ക്കറ്റിംഗ് സെക്ഷനിലേക്കു മാറ്റി നിയമിച്ചിരിക്കുന്നു. നീ ഇനിമുതല്‍ വിഷ്വലൈസര്‍പ്പണിയോടൊപ്പം മാര്‍ക്കറ്റിംഗ് ജോലികളും കൂടെ ചെയ്യണം.

അതൊരു കെണി തന്നെയായിരുന്നു. പുതുതായി ഒരു മാര്‍ക്കറ്റിംഗ് മാനേജരെ നിയമിച്ചാല്‍ അയാളുടെ വിസയുടെ ചിലവുകള്‍, ഉയര്‍ന്ന ശമ്പളം ഇതെല്ലാം കൊടുക്കണം. ഇതാകുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ലാഭം. ശമ്പളത്തിലോ അനുബന്ധ ഘടകങ്ങളിലോ യാതൊരു മാറ്റവുമില്ലാതെ ജോലി ഉപേക്ഷിച്ചു പോയ ഹിന്ദിക്കാരന്‍റെ പോസ്റ്റില്‍ ഫ്രീയായി ഇരിക്കാന്‍ ഒരുത്തനെ കിട്ടിയത് അയാള്‍ക്ക് ലാഭം. എന്നാല്‍ ഇതു കേട്ടതും മാഡത്തിന്‍റെ മുഖമിരുളുന്നതു ഞാന്‍ കണ്ടു. എനിക്കും തീരെ താല്പര്യമില്ലായിരുന്നു. പൊതുവേ തൊഴില്‍‍പരമായി പ്രൊഡക്ഷനില്‍ ജോലിചെയ്യുന്നവരുടെ വര്‍ഗ്ഗശത്രുക്കളാണ് മാര്‍ക്കറ്റിംഗിലുള്ളവര്‍. കാരണം മറ്റൊന്നുമല്ല പ്രൊഡക്ഷനിലുള്ളവരുടെ പ്രത്യേകിച്ചും ക്രിയേറ്റീവ് സെക്ഷനില്‍ ജോലിചെയ്യുന്നവരുടെ തല തിന്നലാണ് അവരുടെ പ്രധാന തൊഴില്‍ എന്നതു തന്നെ. മാര്‍ക്കറ്റിലെ ടെന്‍ഷനുകളും, കസ്റ്റമര്‍ വിളിക്കുന്ന ചീത്തയുടെ ഭാരവുമെല്ലാം അവര്‍ ഇറക്കി വയ്ക്കുന്നത് ഞങ്ങളുടെ തലയിലാണ്. എല്ലാ കമ്പനികളിലും ഇതാണവസ്ഥ. അവരെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ജോലിയുടെ വിശിഷ്യാ മീഡിയ ഇന്‍ഡസ്ട്രിയിലെ ജോലിയുടെ പ്രത്യേകതയാണിത്. ഇപ്പോള്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത രണ്ടു ജോലികള്‍ ഞാന്‍ ഒറ്റക്കു ചെയ്യേണ്ടിയിരിക്കുന്നു. എങ്കിലും പുറത്തിറങ്ങുകയും മനുഷ്യരോട് ഇടപഴകുകയും ചെയ്യാമല്ലോ എന്നൊരാശ്വാസം എനിക്കുണ്ടായി.

സ്വന്തമായി ഒരു പ്രോസ്പെക്ടസോ ബ്രൌഷറോ പോലുമില്ലാത്ത കമ്പനി. ഇല്ലെങ്കില്‍ വേണ്ട അന്തസ്സോടെ നാലുപേരോടു പറയാന്‍ കൊള്ളുന്ന ഒരു സേവനചരിത്രമെങ്കിലുമുണ്ടെങ്കില്‍ വേണ്ടില്ല. അതുമില്ല. ഈ കമ്പനിയുടെ മീഡിയ മാര്‍ക്കറ്റിംഗ് ആണ് ഞാന്‍ ചെയ്യേണ്ടത്. സ്വന്തമായി കുത്തിയിരുന്ന് കമ്പനിയുടെ ഇല്ലാത്ത ചരിത്രവും, ഭൂമിശാസ്ത്രവുമെല്ലാമെഴുതി ഒരു ബ്രൌഷര്‍ ഡിസൈന്‍ ചെയ്തെടുത്തു. വൈകുന്നേരങ്ങളില്‍ ഇങ്ക് ജെറ്റ് പ്രിന്‍ററില്‍ പ്രിന്‍റ് ചെയ്ത് പശ തേച്ച് ഒട്ടിച്ച ബ്രൌഷറുമായാണ് അന്തസ്സുള്ള കമ്പനികളുടെ വര്‍ക്ക് പിടിക്കാന്‍ ചെന്നു കയറുന്നത്. ഒരു പ്രൊഫഷണലിനെ സംബന്ധിച്ചിടത്തോളം ഉടുതുണിയില്ലാതെ ഒരു കല്യാണവീട്ടില്‍ പോകുന്നതിന് ഇതിലും അന്തസ്സുണ്ടാവും.

ഇനിയഥവാ പോയി ഒരു വര്‍ക്ക് എന്‍‍ക്വയറിയുമായി വന്നാല്‍ സ്വന്തം കമ്പനിയില്‍ നിന്നും ഏതെങ്കിലും അര്‍ത്ഥത്തില്‍ ഒരു സഹായം ചെയ്യണമല്ലോ. അതുമില്ല. കോസ്റ്റിംഗ് അറിയാവുന്ന ഏക വ്യക്തി മാഡം മാത്രം. ചോദിച്ചാല്‍ കൃത്യമായി പറയില്ല. അതുമല്ലെങ്കില്‍ സമയത്തിനു തരില്ല. ഇനി ഇതൊന്നുമല്ല കിട്ടിയാല്‍ തന്നെയും പ്രയോജനവും ഉണ്ടാകില്ല. കാരണം കൊണ്ടുവരുന്ന ജോലിക്ക് ലോകത്തെങ്ങുമില്ലാത്ത കോസ്റ്റിംഗ് ഇട്ടു തരും. ഒരു ഇടത്തരം ട്രേഡിംഗ് കമ്പനിയില്‍ നിന്നും ഞങ്ങളുമായുള്ള ബിസിനസ്സിന്‍റെ ട്രയല്‍ എന്ന നിലയില്‍ നൂറ്‌ വിസിറ്റിംഗ് കാര്‍ഡുകള്‍ സിങ്കിള്‍ കളറില്‍ അടിച്ചു കൊടുക്കുന്നതിന്‍റെ കൊട്ടേഷന്‍ ചോദിച്ചിടത്ത് മാഡം എന്നോടു പറഞ്ഞ തുക ഇരുപതു റിയാല്‍. എകദേശം രണ്ടായിരം രൂപയ്ക്കു മുകളില്‍!!!. ആ സ്ഥാപനത്തിന്‍റെ പര്‍ച്ചേസ്‌ മാനേജര്‍ എന്നെ തല്ലിയില്ലെന്നേയുള്ളൂ. വളരെയധികം മത്സരം നടക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ ഇത്തരത്തിലൊരു കൊട്ടേഷനുമായി ചെന്നാല്‍ എന്തു പ്രയോജനം? കാരണം മറ്റൊന്നുമല്ല, മാഡത്തിന്‍റെ പേരിലല്ലാതെ മറ്റൊരു ബിസിനസ്സ് അവിടെ ചെന്നു കയറാന്‍ പാടില്ല അത്ര തന്നെ. ആ കസേരയിലിരുന്ന എത്രയെത്ര ബിസിനസ്സ് ഡെവലപ്പ്‌മെന്‍റ് മാനേജര്‍മാര്‍, ഇവന്‍റ് മാനേജര്‍മാര്‍, മീഡിയ മാനേജര്‍മാര്‍... അവരുടെയെല്ലാം കണ്ണീരു വീണുണങ്ങിയ ആ കസേരയില്‍, അവരുടെ എത്രയോ ദീര്‍ഘനിശ്വാസങ്ങള്‍ പ്രതിധ്വനിച്ച ആ ചില്ലുകൂട്ടില്‍ ഞാനും. വെളിയില്‍ നിരനിരയായി നില്‍ക്കുന്ന ഈന്തപ്പനകളെയും, പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഗതിവേഗവും നോക്കി അനുനിമിഷം ഇടിഞ്ഞു കൊണ്ടിരിക്കുന്ന മനസ്സ് ഒരല്‍‍പ്പം ആശ്വാസത്തിനായി ദാഹിച്ചുകൊണ്ടിരുന്നു.

പാതയോരങ്ങളില്‍ നില്‍ക്കുന്ന ഈന്തപ്പനകളില്‍ നിന്നും എത്രവേണമെങ്കിലും പറിച്ചു തിന്നുവാന്‍ ഉദാരമതിയായ ഭരണാധികാരി പ്രജകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ കുലയോടെ വെട്ടുന്നത് നിയമവിരുദ്ധമാണ്. എത്രയോ തവണ ഈന്തപ്പനങ്കുല കട്ടു മുറിക്കുവാന്‍ മാഡം ഞങ്ങളെ ഉപയോഗിച്ചിരിക്കുന്നു. കുല കണക്കിന് ഈന്തപ്പഴം നാട്ടില്‍ കൊടുത്തയക്കാന്‍. ഒരിക്കല്‍ ഇങ്ങനെ കട്ടുമുറിക്കാന്‍ ചെന്ന് അവരുടെ കണ്ണില്‍ പനയോലയുടെ കൂര്‍ത്ത തുമ്പു കൊള്ളുകയും ചെയ്തതാണ്. എന്നാല്‍ ഇതൊന്നും കമ്പനിയില്‍ മുതലാളി അറിയാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു പക്ഷേ ടൈ കെട്ടിയ മോഷ്ടാവിനെ ഈ രാജ്യത്തിന് സമ്മാനിച്ച ആദ്യത്തെ വ്യക്തിയാവും അവര്‍. അപ്പോഴെല്ലാം ഭീഷണികള്‍ക്കു വഴങ്ങിയും, നിര്‍ബന്ധപൂര്‍വ്വവും ചെയ്യേണ്ടി വരുന്ന ആ പ്രവൃത്തിയുടെ പേരില്‍ മനസ്സു കൊണ്ട് ആ രാജ്യത്തെ നല്ലവനായ സുല്‍ത്താനോടും, നിഷ്കളങ്കരായ ഓരോ പ്രജകളോടും സര്‍വ്വോപരി എല്ലാത്തിനും സാക്ഷിയായി, എല്ലാമറിഞ്ഞു വിരാജിക്കുന്ന അള്ളാഹുവിനോടും ഇവന്‍ അനന്തമായി മാപ്പപേക്ഷിച്ചിരുന്നു.

പുതുതായി കിട്ടിയ ജോലി അനന്തമായ ദുരിതത്തിലേക്കാണ് എന്നെ നയിച്ചത്. ആ ദിവസങ്ങള്‍ ഇന്നും ഭീതിയുടേയും വേദനയുടേയും ഓര്‍മ്മകള്‍ മാത്രമാണ് മനസ്സില്‍ പകരുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത എന്നെ കമ്പനിയുടെ ഡ്രൈവര്‍ എല്ലാ ദിവസവും രാവിലെ ഓരോ ഇടങ്ങളില്‍ കൊണ്ടു ചെന്നിറക്കും. ജൂണ്‍ ജൂലായ് മാസങ്ങളിലെ തിളക്കുന്ന വെയില്‍ പകയോടെ മണ്ണിലേക്കു പതിക്കുന്നു. കയ്യില്‍ കോര്‍പ്പറേറ്റ് ഗിഫ്റ്റുകളുടെ ഭാരമുള്ള പെട്ടിയും തൂക്കി ഇവന്‍ പകലുകള്‍ മുഴുവന്‍ അലഞ്ഞു. പല പല കമ്പനികളില്‍ കയറിയിറങ്ങി. ചിലയിടങ്ങളില്‍ നിന്നും ലോകത്തെങ്ങുമില്ലാത്ത കൊട്ടേഷനുകള്‍ക്കെതിരെ പുച്ഛവും, പരിഹാസവും നിറഞ്ഞ പ്രതികരണങ്ങള്‍, ചിലയിടങ്ങളില്‍ നിസ്സഹായതയുടെ ചിരി, ഇനിയും ചിലയിടങ്ങളില്‍ അനുഭാവപൂര്‍വ്വമുള്ള അന്വേഷണങ്ങള്‍, മറ്റു ചിലയിടങ്ങളില്‍ മറ്റൊരു ദിവസത്തേക്കുള്ള അപ്പോയിന്‍‍മെന്‍റ് പല ദിവസങ്ങളിലും ഉച്ചയാകുമ്പോള്‍ റോഡരുകില്‍ എവിടെയെങ്കിലും തളര്‍ന്നു വീണ് എന്നെന്നേക്കുമായി ഈ ജീവിതം പൊലിഞ്ഞു പോകുമെന്നു തോന്നിയിട്ടുണ്ട്. കൈകാലുകള്‍ കഴച്ചു തളര്‍ന്ന്, തൊണ്ട വരണ്ട് നെഞ്ചിടിപ്പിന്‍റെ താളം മരണമണിയുടെ മുഴക്കത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കര്‍ണ്ണപുടങ്ങളില്‍ പടര്‍ന്ന്... മരണത്തെ ഒരു സഹയാത്രികനെന്നപോലെ ആ കാലങ്ങളില്‍ ഞാന്‍ സ്നേഹിച്ചുതുടങ്ങിയിരുന്നു. അപ്പോഴും ദൂരെ ദൂരെ നിന്നും ഈ ഏകപുത്രനായി നാമം ജപിക്കുന്ന ഇവന്‍റെ അമ്മയുടെ കണ്ണുനീര്‍തീര്‍ത്ഥത്തില്‍ പവിത്രീകൃതമായ വ്രതശുദ്ധിയോ, അതോ ആരുമില്ലാത്തവര്‍ക്ക് എല്ലാമായി വിരാജിക്കുന്ന പരമകാരുണികനായ അള്ളാഹുവിന്‍റെ, ഇല്ല എന്‍റെ മണ്ണില്‍ നിന്നെ ഞാന്‍ വീഴാതെ കാക്കുമെന്ന വാഗ്ദാനമോ എന്താണെന്നറിയില്ല എന്നെ താങ്ങി നടത്തിയിരുന്നു. മസ്കറ്റ് സിറ്റിയുടെ ഹൃദയഭാഗത്ത് ഇവന്‍ കാലുകള്‍കൊണ്ടളക്കാന്‍ ഒരു പക്ഷേ ഇനിയും സ്ഥലങ്ങള്‍ ബാക്കിയുണ്ടാവില്ല. ഇതിനിടയില്‍ ആരോരുമറിയാതെ ചിലയിടങ്ങളില്‍ ബയോഡാറ്റ കൊടുക്കാനും എനിക്കു സാധിച്ചു.

അന്നൊരു ദിവസം എന്നെ ഒമാനിലേക്കു കയറ്റി അയച്ച ഏജന്‍റിന്‍റെ അച്ഛന്‍ ജോലി ചെയ്യുന്ന കമ്പനി വഴിക്കായിരുന്നു എനിക്കു പോകേണ്ടിയിരുന്നത്. നടന്നു നടന്ന് ആ കമ്പനിയെത്തിയപ്പോഴേക്കും ഞാന്‍ നന്നേ തളര്‍ന്നിരുന്നു. കമ്പനിയെത്തിയപ്പോള്‍ വെറുതേ അദ്ദേഹത്തെ ഒന്നു കാണാമെന്നു കരുതി. അദ്ദേഹം എന്നെ കണ്ടപാടേ വളരെയധികം വിഷമത്തോടെ എന്നോടു പറഞ്ഞു. നിന്നെ ഈയവസ്ഥയില്‍ കാണാനല്ല തീര്‍ച്ചയായും ഞാന്‍ ആശിച്ചത്. ഇതിനല്ല നീയിവിടെ വന്നതും. അദ്ദേഹം എന്നെ കുറേ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. അധികസമയം എനിക്കവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. പുറത്തിറങ്ങി ഓരോ നിമിഷത്തിലും എവിടെയൊക്കെ, എന്തൊക്കെ ചെയ്തു എന്ന് എന്‍റെ കമ്പനിയില്‍ കണക്കു ബോധിപ്പിക്കേണ്ടതാണ്. അതുകൊണ്ട്‌ അവിടെ നിന്നും അപ്പോള്‍ തന്നെ മടങ്ങി. അദ്ദേഹം പലപ്രാവശ്യം എന്നെയും കൂട്ടി കടല്‍ക്കരയില്‍ പോവുകയും എനിക്കു ഭക്ഷണം വാങ്ങി തരികയും ചെയ്തു. എന്തോ വലിയ ഒരു ആശ്വാസമായി എനിക്കതനുഭവപ്പെട്ടു.

വ്യര്‍ത്ഥമായ ഈ സഞ്ചാരം മൂന്നുമാസങ്ങള്‍ക്കു ശേഷവും തുടര്‍ന്നു. പല ദിവസങ്ങളിലും ഉച്ച സമയങ്ങളില്‍ മൂക്കില്‍ നിന്നും രക്തമയം തുടച്ചെടുത്ത് ഇവന്‍ സമാധാനിക്കുകയാണുണ്ടായത്. കാരണം അതു കാണുമ്പോഴെങ്കിലും ഇവന്‍റെ ശരീരത്തില്‍ വെയില്‍ വറ്റിച്ചു കളയാതെ ഇനിയും രക്തം ബാക്കിനില്‍ക്കുന്നു എന്ന അറിവ്‌ ആശങ്കയല്ലായിരുന്നു പകരം ആശ്വാസമായിരുന്നു തന്നിരുന്നത്.

എന്നെയറിയുന്ന എന്‍റെ സുഹൃത്തുക്കളെല്ലാം എന്‍റെ ഈ ശോചനീയാവസ്ഥയില്‍ അത്യന്തം രോഷാകുലരും, ദുഃഖിതരുമായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒരു ചോദ്യം ഉന്നയിക്കാന്‍ പോലും കഴിയുന്നതിനുമപ്പുറം വളര്‍ന്നു നില്‍ക്കുന്ന ബിസിനസ്‌ ഭീമനായിരുന്നു ഞങ്ങളുടെ മുതലാളി. പണം കൊണ്ടും സ്വാധീനം കൊണ്ടും എംബസികളിലും, മറ്റ് ഉന്നതരുമായെല്ലാം അയാള്‍ ഉണ്ടാക്കിയിരുന്ന ബന്ധങ്ങളും അതിന്‍റെ ആഴവും ദൃഢതയും ഞങ്ങള്‍ക്ക് അറിവുള്ളതായിരുന്നില്ല. ഒരു പരാതിയുമായി എംബസ്സിയിലോ മറ്റോ പോകാമെന്നു വച്ചാല്‍ പോലും അതിന്‍റെ വാതില്‍ കടക്കുന്നതിനു മുന്‍പേ അയാള്‍ അറിയുമെന്ന് ഞങ്ങള്‍ ഭയപ്പെട്ടു. ഇനിയഥവാ അവിടെനിന്നും ഒരു തീരുമാനമുണ്ടായി വരുന്നതു വരെയുള്ള കാലതാമസം ഒരിക്കലും ഊരാന്‍ കഴിയാത്ത കുടുക്കുകളില്‍ കുരുക്കിയിടാന്‍ അയാളെ സംബന്ധിച്ചിടത്തോളം ധാരാളമായിരിക്കും. അതുകൊണ്ടു തന്നെ എംബസിയുടെ നേരേ ഒന്നു നോക്കാന്‍ പോലും പല പ്രാവശ്യം അതു വഴി കടന്നു പോയിട്ടും എനിക്കു ഭയമായിരുന്നു.

ദിവസങ്ങള്‍ കടന്നു പോയി. ഇതിനിടെ അവിടെയുണ്ടായിരുന്ന അക്കൌണ്ട്സ് മാനേജര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. സ്വന്തം ഭാര്യയുടെ തലയില്‍ ലിഫ്റ്റ് പൊട്ടി വീണു മരണാസന്നയായി കിടക്കുന്നു എന്നു പറഞ്ഞാണയാള്‍ എമര്‍ജന്‍സി ലീവിനു പോയത്. ആ അവസ്ഥയിലും അയാളുടെ കയ്യില്‍ നിന്നും വലിയ ഒരു തുക സെക്യൂരിറ്റിയായി വാങ്ങിയിട്ടാണ് അയാള്‍ വിട്ടയച്ചത്. ആ പണവും ഉപേക്ഷിച്ച് അയാള്‍ പോയി. പിന്നീടു കുറേയേറെ തിരിച്ചു വിളീച്ചിട്ടും അയാള്‍ വന്നില്ല. ഇതിനിടയില്‍ അവിടുത്തെ ഡ്രൈവര്‍ ഒരു പഞ്ചാബി ലീവിനു പോയിരുന്നവന്‍ തിരികെയെത്തി. എട്ടു വര്‍ഷം അതേ കമ്പനിയില്‍ തുടര്‍ച്ചയായി ജോലി ചെയ്തെങ്കില്‍ അവന്‍ എത്ര വലിയ കള്ളനായിരിക്കണം എന്ന് ഊഹിച്ചു നോക്കൂ. തിരിമുറിഞ്ഞ കള്ളന്‍ എന്ന വാക്കിനു കയ്യും കാലും വച്ചു പിടിപ്പിച്ച് ദൈവം തമ്പുരാന്‍ സൃഷ്ടിച്ച ഒരുവനായിരുന്നു അവന്‍. അവനെ മാഡത്തിനു പോലും പേടിയായിരുന്നു. അവന്‍ അവിടെ നിന്നും ഏതാനും മാസങ്ങള്‍ക്കുള്ളീല്‍ ജോലി ഉപേക്ഷിച്ചു പോവുകയുണ്ടായി. അവന്‍ പോയതാകട്ടെ അവന്‍റെ അമ്മ മരിച്ചു പോയെന്നു കള്ളം പറഞ്ഞ്‌. ഒന്നാലോചിച്ചു നോക്കൂ, ഈ ലോകത്തില്‍ ഏതെങ്കിലും ഒരു മനുഷ്യജീവിയുടെ നാവില്‍ വഴങ്ങുന്ന ഒരു കള്ളമാണോ അത്?.

ആ കമ്പനിക്ക് മറ്റൊരു കീഴ്വഴക്കമുണ്ട്. ലീവിനോ, ക്യാന്‍സല്‍ ചെയ്തോ നാട്ടില്‍ പോകുന്നവരെല്ലാം തങ്ങളുടെ ബാഗും സാധനങ്ങളുമായി കമ്പനി മെസ്സിലോ, അടുക്കളയിലോ ചെല്ലണം. അവിടത്തെ ഏതെങ്കിലും ഒരു ഹിന്ദിക്കാരന്‍ മാനേജര്‍ വന്ന് അടുക്കി വച്ചിരിക്കുന്ന ഈ ബാഗിലെ സാധനങ്ങളെല്ലാം നിലത്തു കുടഞ്ഞിട്ടു പരിശോധിക്കും. നാളീതുവരെയായിട്ടും ഈ പച്ചയായ മനുഷ്യാവകാശധ്വംസനത്തിനെതിരേ സ്വരമുയര്‍ത്താന്‍ ആരുമുണ്ടായിട്ടില്ല. (എന്നാല്‍ ഞാന്‍ നിശ്ശബ്ദമായതിനെ വെല്ലുവിളിച്ചു. അവര്‍ക്കെന്‍റെ ബാഗ് കുടഞ്ഞിട്ടു പരിശോധിക്കുവാന്‍ കഴിഞ്ഞില്ല. അതെങ്ങനെയെന്ന് ഞാന്‍ പിന്നീടു പറഞ്ഞു തരാം) അങ്ങനെ മരണത്തിന്‍റെ പേരും പറഞ്ഞ് നാട്ടില്‍ പോകാന്‍ ഇറങ്ങിയ അവന്‍റെ ബാഗു കുടഞ്ഞിട്ടു പരിശോധിച്ചപ്പോള്‍ അതില്‍ അന്നത്തെ ബില്ലില്‍ വാങ്ങിയ സ്വര്‍ണ്ണവും, പട്ടുസാരിയും മറ്റും. പക്ഷേ അപ്പോഴേക്കും അവന്‍റെ സെറ്റില്‍മെന്‍റുകളെല്ലാം തീര്‍ത്ത് പേപ്പറുകളെല്ലാം നീങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ അവര്‍ക്ക് അവനെ ഒന്നും ചെയ്യാനായില്ല.

അവസാനം നരകയാതന ഒറ്റക്കനുഭവിക്കേണ്ട അവസ്ഥയായി എനിക്ക്. എന്നെ എന്നെന്നേക്കുമായി അവിടെ പിടിച്ചു നിര്‍ത്തുവാനുള്ള പദ്ധതിയേക്കുറിച്ചായി അവരുടെ ആലോചന.

Sunday, October 4, 2009

ആദരാഞ്ജലി......



പ്രിയ കവിസുഹൃത്ത് ജ്യോനവന്‍ (നവീന്‍ ജോര്‍ജ്ജ്)
നമ്മെ വിട്ടു പോയി........
കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ് ജ്യോനവനടക്കം
നാലുപേരുടെ മരണത്തിനിടയാക്കിയഅത്യാഹിതം സംഭവിച്ചത്!

പ്രിയ സുഹൃത്തിന്റെ ഈ വേര്‍പാടില്‍ കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലി......
കുടും‌ബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു...

നവീന്‍ സുഖമായി ദൈവസന്നിധിയില്‍ തിരികെ എത്തി......
ഇനി മാലാഖമാരുടെ കൂട്ടത്തില്‍ ഒരു നക്ഷത്രമായി നീയും ഉണ്ടാവുമല്ലോ
ദൈവസന്നിധില്‍ വച്ചു വീണ്ടും കാണാം ....


പ്രാര്‍‌ത്ഥനയോടെ.........

കടലിനക്കരെ പോണോരേ (നാല്)


സ്നേഹത്തിന്‍റെ, പരിഭവങ്ങളുടെ, പച്ചപ്പിന്‍റെ, കായലുകളുടെയും, നെല്‍‍വയലുകളുടെയുമൊക്കെ തുരുത്തു വിട്ട് കാതങ്ങള്‍ താണ്ടി ഓരോ പ്രവാസിയും ഗള്‍ഫിലെത്തുന്നത് ഒരു ജീവിതം കെട്ടിപ്പടുക്കുവാനാണ്. തന്നെ സ്നേഹിക്കുന്നവര്‍ക്ക് താങ്ങും തണലുമാകുവാന്‍ എത്രയോ വലിയ ത്യാഗം ചെയ്യുന്നു ഓരോ പ്രവാസിയും. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ കുടിയേറിയ സ്വന്തം നാട്ടുകാരില്‍ നിന്നു തന്നെ ഏറ്റുവാങ്ങേണ്ടി വരുന്ന വേദന... ആ ഉഷ്ണഭൂമിയില്‍ ഏറ്റവുമധികം മനസ്സിനെ പൊള്ളിക്കുന്നത് അതാണ്. ഒരു നിമിഷം അവരൊന്നു തിരിഞ്ഞു ചിന്തിക്കുന്നില്ലല്ലോ പണ്ടൊരിക്കല്‍ ഞാനും ഇതുപോലെ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കൊതിച്ച് ഇവിടെയെത്തിയതാണെന്ന്. എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മരാണെന്ന് എത്രയോ തവണ സ്കൂള്‍ അസംബ്ലികളില്‍ ആവര്‍ത്തിച്ച അതേ നാവുകൊണ്ടാണല്ലോ ഈശ്വരാ ഇവര്‍ സ്വന്തം ജനതയെത്തന്നെ ദ്വേഷിക്കുന്നതും, പട്ടിയേപ്പോലെ നിന്ദിക്കുന്നതും...

വാസ്തവത്തില്‍ ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഞങ്ങളുടെ മുതലാളിയുടേതല്ല. അയാള്‍ അതിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്രമാണ്. എന്നിരുന്നാലും ഒരു സര്‍വ്വാധികാരിയുടെ ധാര്‍ഷ്ട്യത്തോടെ തനിക്കു കീഴില്‍ പണിയെടുക്കുന്ന സര്‍വ്വരേയും നികൃഷ്ടജീവികളോടെന്നപോലെ കാണുന്നതിനു പിന്നില്‍ എന്തു ചേതോവികാരമാണുള്ളതെന്ന് അറിയില്ല. ഒരു മുസ്ലീം രാജ്യമായ അവിടെ ഇത്രയധികം ഇസ്ലാം വിരോധം മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വ്യക്തിയെയും കണ്ടുകിട്ടാന്‍ കഴിയില്ല. കടല്‍ കടന്ന് ജീവിതമാര്‍ഗ്ഗം തേടി ഇവിടെയെത്തുന്ന ഓരോ ഇഡ്യക്കാരനോടും നിറഞ്ഞ സ്നേഹത്തോടെ പെരുമാറുന്ന ഒമാനികളെ മാത്രമേ ഞാന്‍ ആ രാജ്യത്തു കണ്ടിട്ടുള്ളൂ. ഒമാനൈസേഷന്‍ നിലവിലിരിക്കുന്ന, പുറത്തു നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നതിനും, വിസ അനുവദിക്കുന്നതിനും വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ നിലനില്‍ക്കുന്നതിനോടൊപ്പം തദ്ദേശീയരുടെ തൊഴിലുറപ്പിന് ആവശ്യമായ എല്ലാവിധ നിയമസം‍രക്ഷണവും നിലവിലുള്ള രാജ്യത്ത് നിന്നുകൊണ്ട് നോണ്‍ മുസ്ലീംസ്, നോണ്‍ മലയാളീസ് എന്നിങ്ങനെയുള്ള രണ്ട് രഹസ്യ സൂത്രവാക്യങ്ങളിലൂടെയാണ് അദ്ദേഹം തൊഴില്‍ നല്‍കാന്‍ തയ്യാറാകുന്നത്. അതിന്‍റെ പ്രധാന കാരണം മറ്റൊന്നുമല്ല മുസ്ലീങ്ങള്‍ക്ക് നിയമത്തിന്‍റെ സം‍രക്ഷണം എളുപ്പത്തില്‍ ലഭ്യമാകാനുള്ള സാദ്ധ്യതകളുണ്ട്. അവരെ പ്രാര്‍ത്ഥിക്കുവാനും മറ്റും പുറത്തു പോകുന്നതില്‍ നിന്നു വിലക്കിയാല്‍ വിവരമറിയും. എന്നിരുന്നാലും ചുരുക്കം ചില മുസ്ലീങ്ങളെ അയാള്‍ സര്‍ക്കാരിന്‍റെ കണ്ണില്‍ പൊടിയിടാന്‍ ജോലിക്കു നിയമിച്ചിട്ടുമുണ്ട്. എന്നാല്‍ ഞാന്‍ ജോലി ചെയ്തിരുന്ന പരസ്യക്കമ്പനി അയാളുടെ സ്വന്തമാണ്. അതുകൊണ്ടു തന്നെ അയാളുടെ കിരാതഭരണത്തിന്‍റെ കാഠിന്യം ഏറ്റവും കൂടിയ അളവില്‍ വന്നു പതിച്ചിരുന്നതും ഞങ്ങളുടെ മേല്‍ തന്നെയായിരുന്നു.

ഞാന്‍ വന്നതിന്‍റെ പിറ്റേ ദിവസം അവിടെ ജോലിക്കു വന്നു ചേര്‍ന്ന മറ്റൊരു ഹിന്ദിക്കാരനുണ്ടായിരുന്നു. അവിടത്തെ മീഡിയ മാനേജര്‍. അവന്‍ അവിടെ ജോയിന്‍ ചെയ്ത അന്നു മുതല്‍ മാഡത്തിന് ഭയമായി. ‘മാനേജര്‍‘ എന്ന പദവിയില്‍ ആരെയും ആ കമ്പനിയില്‍ അവര്‍ വാഴിക്കില്ല എന്നത് ആ സ്ഥാപനത്തിന്‍റെ ചരിത്രമാണ്. ആ ചെറുപ്പക്കാരന്‍ അയാള്‍ക്കു താങ്ങാവുന്നിടത്തോളമായിക്കഴിഞ്ഞപ്പോള്‍ ഞാനിതാ തിരിച്ചു പോകുന്നു എന്നു മുഖത്തു നോക്കി പറഞ്ഞു. യാതൊരു നിയമസാധുതയുമില്ലാതിരുന്നിട്ടും അവനു തിരികെ പോകാനുള്ള ടിക്കറ്റ്, അയാള്‍ക്ക് നഷ്ടപരിഹാരം എന്ന പേരില്‍ ഒരു വലിയ തുക എന്നിവയെല്ലാം അവനില്‍ നിന്നും പിടിച്ചു പറിച്ച് അവനെ കയറ്റി വിട്ടു. മാഡത്തിന്‍റെ സപ്പോര്‍ട്ട് കൂടിയുള്ളതു കൊണ്ട് അവന്‍റെ തിരിച്ചു പോക്ക് എളുപ്പമായി. ഒരു ദിവസം കൊണ്ട് സംഗതി സാധിച്ചു കിട്ടി.

ജീവിതത്തിന്‍റെ ശനിദശ അനുഭവിച്ചു തീര്‍ക്കാനെന്നതു പോലെ പറയുന്ന ജോലികളെല്ലാം അടിമയേപ്പോലെ ചെയ്തു തീര്‍ക്കുന്ന എന്നെ കണ്ടപ്പോള്‍ അയാള്‍ക്കൊരു പൂതി. ഇവനു കൊടുക്കുന്ന ശമ്പളം വെട്ടിക്കുറച്ചാലോ എന്ന്. പഞ്ചപുച്ഛമടക്കി ജീവിക്കുന്ന ഇവന്‍ ഇനി ശമ്പളമേ കൊടുത്തില്ലെങ്കിലും പ്രതികരിക്കാന്‍ പോകുന്നില്ല എന്നയാള്‍ക്കു തോന്നിക്കാണണം.

പിറ്റേദിവസം തന്നെ അയാള്‍ ഓഫീസില്‍ വന്ന് എന്നെ വിളിപ്പിച്ചു. നിനക്കു ജോലിയൊന്നും ചെയ്യാനറിയില്ല. അതുകൊണ്ട് നിനക്കിത്രയും ശമ്പളം തരുന്നത് എനിക്കു നഷ്ടമാണ്. അതുകൊണ്ട് അറുപത്തിയഞ്ചു റിയാലിന് ജോലിയില്‍ തുടര്‍ന്നുകൊള്ളാമെന്ന് എഴുതി എന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റിലെ അഡ്മിന്‍ മാനേജരെ ഏല്‍‍പ്പിക്കണം എന്ന് ഉത്തരവിട്ടു തിരിച്ചു പോയി. ആ കമ്പനി ഇങ്ങനെയാണ്, എല്ലാം വാക്കുകളിലൂടെയേ പറയൂ. ഒന്നും എഴുതിക്കൊടുക്കില്ല. എന്നാല്‍ നമ്മള്‍ എല്ലാം എഴുതിക്കൊടുക്കണം. ഈ നയത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊലച്ചതിയും കുതന്ത്രവും എഴുതിക്കൊടുത്തു കഴിയുമ്പോള്‍ അറിയാം. അതല്ലെങ്കില്‍ പുതുതായി ജോലി ചെയ്യാന്‍ വന്ന എന്നെക്കൊണ്ട്‌ എന്തിനായിരുന്നു നാലഞ്ചു വെള്ളക്കടലാസ്സുകളില്‍ ഒപ്പിട്ടു വാങ്ങിയത്?

ഞാന്‍ മാഡത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ എന്നെ നാട്ടില്‍ അയക്കണം എന്ന് തീര്‍ത്തു പറഞ്ഞു. അതു കേട്ടപ്പോള്‍ അവര്‍ക്കു ഭയമായി. ഞാന്‍ നാട്ടില്‍ പോയാല്‍, അവര്‍ ഷോപ്പിങ്ങിനു പോകുമ്പോള്‍ ആരു കൂട്ടു പോകും? ഔദ്യോഗികവും അനൌദ്യോഗികവുമായ യാത്രകളില്‍ പേഴണല്‍ മാനേജരേപ്പോലെ ടൈയ്യും കെട്ടി ആരെ കൂടെ നടത്തും? ആര് ലെറ്ററുകള്‍ ഡ്രാഫ്റ്റ് ചെയ്തു കൊടുക്കും? ആരെ ചീത്തവിളിക്കും? റോബോട്ടിനെപ്പോലെ ഒരുത്തനെ ഇനി എന്നു കിട്ടും? ഇതൊക്കെ കാരണം അവര്‍ എന്നെ പിന്നില്‍ നിന്നു പിന്തുണച്ചു.

ഞാന്‍ വൈകുന്നേരമായപ്പോള്‍ ഒരു കത്ത് ഡ്രാഫ്റ്റ് ചെയ്തെടുത്തു. രണ്ടു പേജോളം വരുന്ന ഒരു കത്ത്. ഇന്ന് ഇത്രമണിയായപ്പോള്‍ സാര്‍ എന്നോട് ഇപ്രകാരം പറഞ്ഞതിന്‍റെ മറുപടിയായി എന്നു പറഞ്ഞു കൊണ്ട് അയാള്‍ എനിക്ക് എഴുതിത്തരേണ്ടിയിരുന്നതും കൂടി എന്‍റെ കത്തില്‍ ഉള്‍പ്പെടുത്തി എഴുതി. അതില്‍, നിങ്ങള്‍ക്ക് എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ശമ്പളം തരാന്‍ കഴിയില്ലെങ്കില്‍ എന്നെ നാട്ടിലയക്കേണ്ട ബാദ്ധ്യതയുണ്ടെന്നും അപ്രകാരം ചെയ്യാതെ എന്നെ നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിക്കുകയാണെങ്കില്‍ അത് തൊഴിലാളിക്കും തൊഴില്‍ ദാതാവിനും ഒരുപോലെ സുരക്ഷയും, സം‍രക്ഷണവും ഉറപ്പുനല്‍കുന്ന ഈ പരിശുദ്ധ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ ചൂഷണം ചെയ്യലാണെന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. ഒപ്പം ഞാന്‍ എന്‍റെ പേഴ്സണല്‍ റഫറന്‍സിനായി മെയിന്‍റയിന്‍ ചെയ്തു പോന്നിരുന്ന എന്‍റെ മന്ത്‌ലി ആക്റ്റിവിറ്റി റിപ്പോര്‍ട്ടുകളുടെ ഒരു പകര്‍പ്പും അതിനോടൊപ്പം വച്ചു. ഞാന്‍ അവിടെ ഒരു പണിയും ചെയ്യുന്നില്ല എന്ന അവകാശവാദത്തിന് ഞാന്‍ അവിടെ ഇത്രയും കാലം എന്തൊക്കെ ചെയ്തു എന്ന് മറുപടി കൊടുക്കേണ്ടത് എന്‍റെ ബാദ്ധ്യതയാണല്ലോ. ഹൈപ്പര്‍മാര്‍ക്കറ്റില്‍ ട്രോളി വലിച്ചത്, മാഡത്തിന്‍റെ പേഴ്സണല്‍ ജോലികള്‍ തുടങ്ങിയവ കൂട്ടത്തില്‍ സൂചിപ്പിച്ചില്ല. എങ്കിലും സുല്‍ത്താന്‍ പ്രഘ്യാപിച്ച അവധി ദിവസങ്ങളില്‍ പോലും ഞങ്ങള്‍ ജോലി ചെയ്യുകയായിരുന്നുവെന്നു മാത്രം ഓര്‍മ്മിപ്പിച്ചു. അവസാനം ദൈവനാമത്തില്‍ ആ കത്ത് അവസാനിപ്പിക്കുകയും ചെയ്തു. അയാള്‍ വളരെ വലിയ അന്ധവിശ്വാസിയാണ്. കൂടോത്രം ചെയ്യുമെന്ന് അയാളോടൊന്നു പറഞ്ഞു നോക്കൂ. എന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞയാള്‍ കാലു പിടിക്കും. നിരന്തരം അനീതി മാത്രം പ്രവര്‍ത്തിക്കുന്നതു കൊണ്ടാവാം അയാള്‍ക്ക് ദൈവത്തെ പേടിയാണ്.

ഞാന്‍ അഡ്മിന്‍ മാനേജരുടെ കാബിനില്‍ കടന്നു. നല്ല സുന്ദരനായ ഒരു ചെറുപ്പക്കാരനാണ് അഡ്മിന്‍ മാനേജര്‍. അതീവ ഗൌരവത്തോടെ അയാള്‍ കത്തു വാങ്ങി. ഒന്നിരിക്കാന്‍ പോലും പറയാതെ വായിച്ചു തുടങ്ങി. ഞാനാണെങ്കില്‍ അടങ്ങാത്ത ആത്മരോഷം കടിച്ചൊതുക്കി ഒന്നും സംസാരിക്കാന്‍ ഇഷ്ടപ്പെടാതെ സ്വയം ശപിച്ചു നില്‍ക്കുകയാണ്. കത്ത് പകുതി വായിച്ചു കഴിഞ്ഞതിനു ശേഷമാണ് അയാള്‍ മുഖമുയര്‍ത്തി എന്നെ നോക്കുന്നത്. എന്നിട്ടയാളെന്‍റെ വിദ്യാഭ്യാസയോഗ്യത ചോദിച്ചു. ഇരിക്കാന്‍ പറഞ്ഞു. എന്താണു സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ കുന്തം വിഴുങ്ങിയതു മാതിരി അവിടെ തന്നെ ഇരുന്നു. എന്നിട്ടയാള്‍ ഫോണെടുത്ത് ആരെയോ വിളിച്ചു. ഒന്നു രണ്ടു മിനിറ്റിനുള്ളില്‍ അ ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ സോഹാര്‍ ബ്രാഞ്ചിന്‍റെ ഡിവിഷണല്‍ മാനേജര്‍ അകത്തു കയറി വന്നു. രണ്ടു പേരും കൂടി ഹിന്ദിയില്‍ എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. എന്തോ കുഴപ്പം സംഭവിക്കാന്‍ പോകുന്നു എന്നെനിക്കു തോന്നിത്തുടങ്ങി.

കുഴപ്പമൊന്നുമില്ലായിരുന്നു. അവര്‍ക്ക് ആ കത്ത് ഇഷ്ടമായി അത്രേയുള്ളൂ. അഡ്മിന്‍ മാനേജര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഐ ആം ഇമ്പ്രസ്സ്‌ഡ്. നീ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു. നിനക്ക് വേണമെങ്കില്‍ ഞാന്‍ ഭായിയോടു പറഞ്ഞ് ഇവിടെ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിലോട്ട് മാറ്റിത്തരാം. ഞാന്‍ പറഞ്ഞു എന്‍റെ പൊന്നു സാറേ അങ്ങേര് ദിവസത്തില്‍ ഒരു പ്രാവശ്യം വന്നു പോകുന്നതിന്‍റെ ദുരിതം എനിക്കു താങ്ങാന്‍ കഴിയുന്നില്ല. അപ്പോള്‍ അദ്ദേഹം സ്ഥിരമായിരിക്കുന്ന ഈ ഹെഡോഫീസില്‍ എന്നെ കൊണ്ടിരുത്തുന്നതില്‍ ഭേദം എന്നെയങ്ങു കൊന്നു കളയുന്നതായിരിക്കും. അവര്‍ രണ്ടു പേരും പൊട്ടിച്ചിരിച്ചു. കാരണം എല്ലാ ദിവസവും അവര്‍ അനുഭവിക്കുന്നതാണല്ലോ. രണ്ടു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇവിടെ ആരും നിന്നെ പിന്തുണച്ചില്ലെങ്കിലും ഞങ്ങള്‍ അയാളോടു പോയി സംസാരിക്കും. തീര്‍ച്ചയായും നിനക്കു നീതി ലഭിച്ചിരിക്കും. ധൈര്യമായി പൊയ്ക്കൊള്ളൂ എന്ന്. എന്നാല്‍ അന്നെനിക്കറിയില്ലായിരുന്നു അയാള്‍ ആ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ കേവലം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്രമാണെന്ന്. അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അങ്ങോട്ടേക്കു മാറിയേനേ. അവിടെ അയാള്‍ ഞങ്ങളുടെ കമ്പനിയില്‍ ചെയ്യുന്ന അത്രയും ക്രൂരതകള്‍ ചെയ്യാറില്ല എന്നാണ് അറിയുന്നത്. എങ്കിലും ചൂഷണം അവിടെയും നന്നായി തന്നെയുണ്ട്.

കത്തു കൊടുത്തതിന്‍റെ ഇമ്പാക്ട് എന്താകും എന്നത് ദുരൂഹമാണ്. കാരണം അറുപത്തിയഞ്ചു റിയാലിനു ജോലിചെയ്യാമെന്ന സമ്മത പത്രം ചോദിച്ചിടത്ത് അയാളെ ഉത്തരം മുട്ടിക്കുന്ന, അയാളുടെ ദുരുദ്ദേശ്യത്തിനു വ്യക്തമായും തുരങ്കം വയ്ക്കുന്ന വിസമ്മതപത്രവും ഒപ്പം രാജിക്കത്തുമാണ് കൊടുത്തിരിക്കുന്നത്. അതും പോരാഞ്ഞ് അയാള്‍ രാജ്യതാല്പര്യങ്ങളെയും, രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെയും ചൂഷണം ചെയ്യുന്നു എന്ന സത്യവും വിളിച്ചു പറഞ്ഞിരിക്കുന്നു. ഒരു പക്ഷേ അയാളുടെ ജീവിതത്തില്‍ അയാള്‍ക്കു കിട്ടിയിട്ടുള്ള ഇത്തരത്തിലുള്ള ഒരേയൊരു കത്തായിരുന്നിരിക്കും ഇത്. ഈ കത്തിന്‍റെ വിവരം മാനേജര്‍മാരുടെ ഇടയിലെല്ലാം സംസാരമായി. മരണം കാത്തു കിടക്കുന്നവനേ നോക്കുന്നതു പോലെ സഹതാപത്തോടെ എന്‍റെ സഹപ്രവര്‍ത്തകര്‍ എന്നെ നോക്കാനും, പെരുമാറാനും തുടങ്ങി. വേണ്ടിയിരുന്നില്ല എന്ന് എല്ലാവരും പറഞ്ഞു. നീ അതു ടൈപ്പ് ചെയ്തു കൊടുത്തതിനു വരെ, എന്‍റെ കാശു കൊടുത്തു ഞാന്‍ വാങ്ങി വച്ചിരിക്കുന്ന പേപ്പര്‍, എന്‍റെ പ്രിന്‍റര്‍ എന്നു പറഞ്ഞ് അയാള്‍ ശിക്ഷിക്കും എന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നിന്നു കൊണ്ട് എന്‍റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഞാന്‍ കുലുങ്ങിയില്ല. റെയില്‍ വേ പാളത്തില്‍ ചാകാന്‍ തലവച്ചു കിടക്കുന്നവന്‍ ചാറ്റല്‍മഴയത്തു പനിപിടിക്കുമെന്നു ഭയപ്പെടുമോ?

പിറ്റേദിവസം പകല്‍ ഉദ്വേഗത്തിന്‍റേതായിരുന്നു. എന്തായാലും ഇതിനോടകം അയാള്‍ ഓഫീസില്‍ എത്തിയിരിക്കും. കത്തു കിട്ടിയിരിക്കും. അയാളുടെ മനസ്സില്‍ എന്നെ അതി കഠിനമായി ശിക്ഷിക്കാനും എന്‍റെ വായ തുന്നിക്കെട്ടാനുമുള്ള തന്ത്രങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ടാകും. ദൈവമേ എന്തിനാണിനിയും നിന്‍റെ പരീക്ഷ...

സന്ധ്യയായി. കറുത്ത ബി എം ഡബ്ല്യു നിശ്ശബ്ദമായെത്തുന്ന മരണത്തേപ്പോലെ കമ്പനിയുടെ മുന്‍പില്‍ ഒടിഞ്ഞു വന്നു നിന്നു. കമ്പനിയുടെ ചില്ലുഭിത്തിയില്‍ അതിന്‍റെ ഹാലൊജന്‍പ്രകാശം മിന്നി മറഞ്ഞു. മനസ്സില്‍ ഭയത്തിന്‍റെ വെള്ളിടി വെട്ടി. എന്‍റെ മനസ്സില്‍ മാത്രമല്ല എന്‍റെ സഹപ്രവര്‍ത്തകരുടേയും. എല്ലായ്പ്പോഴും അയാളുടെ വരവ്‌ അങ്ങനെയാണ്. പലപ്പോഴും വാഹനം ദൂരെയെവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് കള്ളനേപ്പോലെ പതുങ്ങി വരും. ശബ്ദം കേള്‍പ്പിക്കാതെ വാതില്‍ തുറന്ന് പമ്മി വന്ന് പുറകില്‍ നില്‍ക്കും. എന്താണു ചെയ്യുന്നതെന്നു നോക്കാന്‍. പലപ്രാവശ്യത്തെ അനുഭവം ഞങ്ങളെയും ബുദ്ധിമാന്മാരാക്കി. ഞങ്ങള്‍ ഉപയോഗിച്ചിരുന്ന മാക്കിന്‍റോഷ് കമ്പ്യൂട്ടറിന്‍റെ കാബിനറ്റില്‍ കണ്ണാടി പോലെ ഒരു ഭാഗമുണ്ട്. മുഖം നോക്കാം. അത് ഞങ്ങള്‍ പിന്‍‍വാതിലിന് അഭിമുഖമായി തിരിച്ചു വച്ചു. അയാള്‍ പിന്നില്‍ നിന്നു വരുന്നത് തിരിച്ചറിഞ്ഞ് അറിയാത്ത ഭാവത്തില്‍ ഇരിക്കാന്‍ അതു ഞങ്ങളെ സഹായിച്ചു. മലയാളിക്ക് തല ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്നുള്ളതു മനസ്സിലാക്കാന്‍ മലയാളിക്കു മാത്രമേ സാധിക്കൂ.

അയാള്‍ ധൃതിയില്‍ കതകു തുറന്ന് നേരേ മുകളില്‍ മാഡത്തിന്‍റെ കാബിനിലേക്കു കയറിപ്പോയി. കണ്ണാടിയില്‍ നോക്കിയിരുന്ന എന്‍റെ സഹപ്രവര്‍ത്തകന്‍ അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ എന്നോടു പറഞ്ഞു, നീ കൊടുത്ത കടലാസ്സും കൊണ്ടാണയാള്‍ വന്നിരിക്കുന്നത്. അതേ ആ കടലാസ്സു തന്നെയാണു കയ്യില്‍. ഞാന്‍ വ്യക്തമായും കണ്ടു. ഇന്നയാള്‍ നിന്നെ മാത്രമല്ല എന്നെയും കൊല്ലാക്കൊല ചെയ്തിട്ടേ ഇവിടെ നിന്നു പോകൂ.

മനസ്സില്‍ ഭയം തണുത്തുറഞ്ഞിരുന്നുവെങ്കിലും ഞാന്‍ നിര്‍വ്വികാരനായിരുന്നു. എന്തും നേരിടാമെന്നുള്ള ഒരു ധൈര്യം. എന്നിരുന്നാലും അകാരണമായി അഞ്ചു വര്‍ഷം ഊണും ഉറക്കവുമുപേക്ഷിച്ചു പഠിച്ച് ഒന്നാം റാങ്കോടെ പാസ്സായ എന്‍റെ തൊഴില്‍, അഞ്ചു വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത എന്‍റെ പ്രവൃത്തി പരിചയം ഇവകള്‍ വ്യര്‍ത്ഥമെന്ന് അതും ഞാന്‍ ചെയ്യുന്ന തൊഴില്‍ കൊണ്ട് ലാഭമുണ്ടാക്കുന്ന ഒരുവന്‍ പറയുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കാന്‍ എനിക്കാവില്ലായിരുന്നു.

മാഡവും അയാളും കൂടി മുകളില്‍ നിന്നിറങ്ങി വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. കൊലമരത്തില്‍ മുഖത്തു കൂടി കറുത്ത തുണിയിട്ട ശേഷം തന്നെ തൂക്കാനുള്ള ലിവര്‍ പിടിച്ചു വലിക്കാനടുക്കുന്ന ആരാച്ചാരുടെ നീക്കം ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയുന്നവന്‍റെ മാനസികാവസ്ഥയിലൂടെയായിരുന്നിരിക്കാം ഒരു പക്ഷേ ആ നിമിഷം ഞാന്‍ കടന്നു പൊയ്ക്കോണ്ടിരുന്നത്.

അവര്‍ ഞങ്ങളുടെ അടുത്തു വന്നു. ഞങ്ങള്‍ തിരിഞ്ഞു നോക്കാതെ ഞങ്ങളുടെ ജോലികള്‍ തുടര്‍ന്നു. കുറച്ചു സമയം നിശ്ശബ്ദമായി നോക്കി നിന്നശേഷം പൊടുന്നനെ അയാള്‍ പറഞ്ഞു.

ആള്‍ ഓഫ് യൂ സ്റ്റാന്‍ഡ് അപ്പ്

Friday, October 2, 2009

കടലിനക്കരെ പോണോരേ... (മൂന്ന്)


സ്വപ്നങ്ങളുടെ വര്‍ണ്ണസമുദ്രം താണ്ടി അറബിപ്പൊന്നു തേടിപ്പോകുന്ന പലരും, നിറചിരിയോടെ, ഭ്രമിപ്പിക്കുന്ന സുഗന്ധം പരത്തി, തിളങ്ങുന്ന കുപ്പായമിട്ടു നാട്ടില്‍ തിരിച്ചെത്തുന്ന പലരും അക്കരെ നിലയില്ലാത്ത കണ്ണീര്‍ക്കടലിലാണ് കഴിയുന്നതെന്നത് പച്ചയായ സത്യമാണ്. എന്നാലോ ഇവിടെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന നിമിഷം മുതല്‍ തുടങ്ങും ചൂഷണം. കസ്റ്റംസുകാര്‍, പോലീസുകാര്‍ എന്തിന് മുപ്പത്തിയഞ്ചു രൂപയ്ക്ക് ഓടിയെത്താവുന്ന തിരുവനന്തപുരം എയര്‍പോര്‍ട്ട് തമ്പാനൂര്‍ റൂട്ടില്‍ പോലും ഇരുനൂറ്റിയന്‍പതു രൂപയാണ് അധികൃതരുടെ അറിവോടെ ഓട്ടോക്കാര്‍ വാങ്ങുന്നത്. അതേ പ്രവാസി ഒരു കറവപ്പശു മാത്രമാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും!

ദിലീപ് ദുബായില്‍ ഉണ്ടെന്നറിഞ്ഞ് ഏതു വിധേനയും അവനെ പിടി കൂടുവാനോ, കുരുക്കില്‍ പെടുത്തുവാനോ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു കൊണ്ട് മാഡവും, മുതലാളിയും പരിശ്രമിക്കുന്നു. ദുബായിലേക്കു പോകുന്ന ഡ്രൈവര്‍മാരെയും, ദുബായിലുള്ള മറ്റുള്ളവരേയും അതിനായി ചുമതലപ്പെടുത്തുന്നു. ഒപ്പം കമ്പനിയുടെ പുതിയ ഒരു സ്റ്റേജ്‌ ഷോ അടുത്തു വരുന്നു. ഞങ്ങളെല്ലാവരും രാപകല്‍ ഭേദമില്ലാതെ തിരക്കിലാണ്. പലപ്പോഴും ദിവസത്തില്‍ ഒരു നേരം മാത്രമാണ് ഭക്ഷണം. എല്ലാ മസവും ഭക്ഷണത്തിനെന്ന പേരില്‍ ഇരുപത്തിയഞ്ചു റിയാല്‍ വീതം ശമ്പളത്തില്‍ നിന്നും കട്ടാകുന്നുണ്ട്. സ്വന്തമാരോഗ്യത്തെയും, നഷ്ടപ്പെടുന്ന പണത്തിനെക്കാളും എല്ലാം ഉപരിയായി ആത്മാഭിമാനമുള്ള ഞങ്ങള്‍ക്ക് അയാളുടെ ചീത്തവിളി കേള്‍ക്കാന്‍ സാധിക്കാത്തതു കൊണ്ടും, ഒന്നര - രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലെ മെസ്സില്‍ പോയി ഭക്ഷണം കഴിച്ചു വരാന്‍ വണ്ടി ലഭ്യമല്ലാത്തതു കൊണ്ടും, വൈകുന്നേരങ്ങളില്‍ പലപ്പോഴും ഓഫീസ് പുറത്തു നിന്നും പൂട്ടിയിടുന്നതു കൊണ്ടും പലപ്പോഴും ഭക്ഷണം ഒരു നേരത്തേക്കും ചില ദിവസങ്ങളില്‍ അതുപോലുമില്ലാതെയും ചുരുങ്ങുകയായിരുന്നു. പ്രഭാതഭക്ഷണം പലപ്പോഴും കഠിനമായ വയറുവേദനയാണ് സമ്മാനിക്കുന്നത്. ഇരുപത്തിയഞ്ചു റിയാലിനു ലഭിക്കുന്ന ഭക്ഷണം ജിലേബി പൌഡറും പഞ്ചസാരയും ചേര്‍ത്ത് പുഴുങ്ങിയ സേമിയ, അല്ലെങ്കില്‍ ഉരുളക്കിഴങ്ങു വറുത്തത് തുടങ്ങിയവയാണ്. ഒരുപക്ഷേ ഹിന്ദിക്കാര്‍ക്ക് ഇതു പിടിക്കുമായിരിക്കും.

ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് കമ്പനിയുടെ ജോബ് വിസ അടിച്ചു കിട്ടി. അപ്പോഴാണറിയുന്നത് ഏജന്‍റുമായുണ്ടായിരുന്ന കരാര്‍, ഞാന്‍ അവര്‍ക്കു തൃപ്തികരമായി ജോലി ചെയ്യുന്നില്ലെങ്കില്‍ ഈ എക്സ്പ്രസ്സ് വിസയുടെ കാലാവധി കഴിയുമ്പോള്‍ എന്നെ നിരുപാധികം തിരികെ കയറ്റി അയക്കും. അതിനുവേണ്ടിയായിരുന്നു ആ വിസയില്‍ എന്നെ കൊണ്ടുവന്നത്. ( എന്‍റെ ജോലി അവര്‍ക്ക് തൃപ്തികരമായിരുന്നില്ലെങ്കില്‍ എന്‍റെ പണം പോകുമെന്നേയുണ്ടായിരുന്നുള്ളൂ. അവിടെ നിന്നും രക്ഷപ്പെടാമായിരുന്നു എന്നു കരുതിപ്പോയി) മീന്‍‍ചന്തയില്‍ പോലും കേള്‍ക്കാന്‍ കഴിയാത്ത സംസ്ക്കാരശൂന്യമായ അധിക്ഷേപങ്ങള്‍ മാത്രമേ അവിടെ ജോലി ചെയ്യുന്നവര്‍ക്ക് സമ്പാദ്യമായുണ്ടാവൂ.

പുതുതായി വരുന്ന ഇവന്‍റിനു വേണ്ടി 100 x 70 സൈസില്‍ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യേണ്ടിയിരുന്നു. ആരും കുറ്റം പറയാത്ത രീതിയില്‍ തന്നെ അതു ഞാന്‍ ചെയ്തെടുത്തു. ആ ഇവന്‍റിന്‍റെ മറ്റുള്ള സ്പോണ്‍സര്‍മാരും, സംഘാടകരുമെല്ലാം പ്രൂഫ് കണ്ട് പ്രശംസിച്ച ആ ഡിസൈന്‍ പ്രിന്‍റ് ചെയ്യാന്‍ കൊടുത്തത് വെളിയിലുള്ള ഒരു പ്രിന്‍റിംഗ് കമ്പനിയിലാണ്. അവരതു പ്രിന്‍റ് ചെയ്തു വന്നപ്പോള്‍ ഡിസൈനിന് പ്രകടമായ വ്യത്യാസം. ചില ഇമേജുകള്‍ക്ക് സ്ഥാനഭ്രംശം. ഇതു കണ്ടു പിടിച്ചതും ചൂണ്ടിക്കാട്ടിയതും ഞാനാണ്. എന്നാല്‍ അവരത് എന്‍റെ പുറത്തു വച്ചു കെട്ടി പ്രിന്‍റിങിനായി ചിലവഴിച്ച മുന്നൂറ്റിയന്‍പതു റിയാല്‍ എനിക്കു പിഴ ചുമത്താന്‍ ശ്രമിച്ചു. ഞങ്ങളെപ്പോലെയുള്ള ഒട്ടനവധി തൊഴിലാളികെളെ നിര്‍ദ്ദയം ചൂഷണം ചെയ്തും, ഒരു കൂട്ടം പാവങ്ങളെ പറ്റിച്ചും അന്യരുടെ വിയര്‍പ്പുകൊണ്ടു മാത്രം ഭക്ഷണം കഴിച്ചു ശീലിച്ച ആ മനുഷ്യന്‍ പ്രതിമാസം ഇരുപത്തിയഞ്ചു റിയാല്‍ വീതം ചിലവാക്കി ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കണക്കു പറയാന്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, പ്രിന്‍റിംഗ് കമ്പനിയിലേക്ക് കൊടുത്തയച്ച സി.ഡി തിരികെ വാങ്ങണം. ഞാന്‍ കൊടുത്തയച്ച ആ സി.ഡിയില്‍ അത്തരത്തില്‍ ഒരു തെറ്റുണ്ടെങ്കില്‍ പിന്നെ ഞാന്‍ ആ തൊഴില്‍ ചെയ്യാന്‍ പോലും യോഗ്യനല്ല. ആ സി.ഡിയില്‍ തെറ്റുണ്ടെങ്കില്‍ മുന്നൂറ്റിയന്‍പതു റിയാലല്ല, മൂവായിരത്തിയഞ്ഞൂറു റിയാല്‍ ഞാന്‍ തിരികെ നല്‍കാമെന്ന്. എവിടെനിന്നോ കിട്ടിയ ധൈര്യത്തിന്‍റെ പിന്‍‍ബലത്തിലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. മൂവായിരത്തിയഞ്ഞൂറ് റിയാല്‍ എന്നു കേട്ടപ്പോള്‍ മാഡത്തിനും മുതലാളിക്കും സന്തോഷമായി. ഉടന്‍ തന്നെ ആളെ വിട്ടു സി ഡി തിരികെ വാങ്ങി. ഞാന്‍ അതു കൈകൊണ്ടു തൊട്ടില്ല. മാഡത്തിന്‍റെ മുന്‍പില്‍ വച്ചു തന്നെ മറ്റൊരു സഹപ്രവര്‍ത്തകനോടു പറഞ്ഞു ആ സി.ഡി ചെക്ക് ചെയ്യാന്‍. അയാളതു തുറന്നു നോക്കി. അതില്‍ നിന്നും പ്രിന്‍റ് ചെയ്തു വന്ന പോസ്റ്ററിന് അജഗജാന്തരം!.

എന്നാല്‍ അകാരണമായി വിളിച്ച ചീത്തകളോ, കാശു കൊടുത്തു കഴിച്ചു പോയ ഭക്ഷണത്തിനു വരെ പറഞ്ഞ കണക്കോ ശൂന്യതയില്‍ പോയി. ഒരു നല്ല വാക്കു പറയാമായിരുന്നല്ലോ. അവരില്‍നിന്നും അതു പ്രതീക്ഷിക്കുന്നതാവും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടത്തരം.

പിന്നീട്‌ ആ പ്രിന്‍റിംഗ് കമ്പനിയിലുള്ള ഒരു സുഹൃത്ത് വഴി എന്താണു സംഭവിച്ചതെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞു. 100 x 70 ന്‍റെ പ്രിന്‍റ് പ്ലേറ്റ് ആ കമ്പനിയില്‍ ഇല്ലാത്തതിനാല്‍ അവര്‍ പല ലെയറുകളിലായി കിടന്നിരുന്ന ഫോട്ടോഷോപ്പ് ഇമേജ് വലിച്ചു ചെറുതാക്കി. അതോടൊപ്പം കൊടുത്തിരുന്ന മറ്റേതൊരു ഫോര്‍മാറ്റില്‍ ഈ വിക്രിയ നടത്തിയിരുന്നെങ്കിലും ഇതു സംഭവിക്കില്ലായിരുന്നു. കുറഞ്ഞപക്ഷം അതു ഡിസൈന്‍ ചെയ്തവനോടൊന്നു ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നു. അതുമല്ലെങ്കില്‍ പ്രിന്‍റ് ചെയ്ത ശേഷം അതൊന്നു നോക്കിയിരുന്നെങ്കില്‍ തന്നെ അതു മനസ്സിലകുമായിരുന്നു. കേവലം ഒരു സര്‍വ്വീസ് പ്രൊവൈഡറുടെ ഭാഗത്തുനിന്നുണ്ടായ കുഴപ്പത്തിന് ഒരു വ്യക്തിയെ അപമാനിക്കാവുന്നതിന്‍റെ പരമാവധി അപമാനിച്ചു. ഒരു പക്ഷേ മാഡത്തിനു പരിചയമുള്ള ആണുങ്ങള്‍ക്കൊക്കെ എന്തു കേട്ടാലും ഉളുപ്പുണ്ടാവില്ലായിരിക്കും. പക്ഷേ കൊള്ളാവുന്ന തറവാട്ടില്‍ പിറന്ന കാവാലത്തുകാരന്‍ പണിക്കരെ അതിനു കിട്ടില്ല.

അന്ന് ആ കമ്പനി വിടുവാന്‍ ഞാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ ഏകാന്തതയില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന എന്‍റെ ശീലത്തെ എന്തോ വലിയ അപരാധമായി ആരോ ചെന്നു മാഡത്തിനെ ധരിപ്പിച്ചു. പിന്നീട്‌ അതു പറഞ്ഞായി പരിഹാസം. തികഞ്ഞ പുച്ഛത്തോടെയും സഹതാപത്തോടെയും ഞാനതിനെ തള്ളിക്കളഞ്ഞതിന്‍റെ കാരണം അക്ഷരങ്ങളിലൂടെ പരിചയപ്പെട്ട, അക്ഷരങ്ങളിലൂടെ സം‌വദിക്കുന്ന, അക്ഷരങ്ങളിലൂടെ നിലനില്‍ക്കുന്ന, അക്ഷരങ്ങളെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഈ ബൂലോകത്തെ ഒരു ബ്ലോഗറെ പോലും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ. പട്ടിക്കു മുഴുവന്‍ തേങ്ങ കിട്ടിയതുപോലെ അക്ഷരങ്ങള്‍ കൊണ്ട്‌ ഇവര്‍ക്കൊക്കെ എന്തു കാര്യം?

തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും അവിടെ നിന്നും എങ്ങനെ പുറത്തു ചാടാം എന്നുള്ളതായി എന്‍റെ ചിന്ത. എന്നെ ഇങ്ങോട്ടേക്കയച്ച ഏജന്‍റിന്‍റെ അച്ഛന്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. ജീവിതത്തിന്‍റെ എല്ലാ വശങ്ങളും കണ്ട പക്വത വന്ന ഒരു മനുഷ്യന്‍. ഞാന്‍ അദ്ദേഹത്തെ കണ്ട്‌ കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചു. എന്തെങ്കിലും പോം‍വഴി നോക്കാമെന്ന് അദ്ദേഹവും എനിക്ക് ധൈര്യം തന്നു. ഇതിനോടകം ആത്മാര്‍ത്ഥതയുള്ള ഒരു കൂട്ടം കൂട്ടുകാര്‍ അവിടെ എനിക്കുണ്ടായി. യാതൊരു കാരണവശാലും കമ്പനിക്കു വെളിയിലുള്ള ആരോടും സംസാരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ വിലക്കപ്പെട്ടിരുന്നു. അറിഞ്ഞാല്‍ ഫൈന്‍ കിട്ടുമെന്നുള്ളത് ഉറപ്പാണ്. എന്നിട്ടും അവിടെയുള്ള വീര്‍പ്പുമുട്ടലില്‍ നിന്നും അല്പം ആശ്വാസത്തിനായി ഞങ്ങളെല്ലാവരും പുറം ലോകത്തേക്ക് കൊതിയോടെ നോക്കിയിരുന്നു. കമ്പനിയുടെ ഹൈപ്പര്‍മാര്‍ക്കറ്റ് കം ഹെഡ് ഓഫീസ് നില്‍ക്കുന്ന അല്‍ അസൈബ എന്ന സ്ഥലത്തു തന്നെ അല്പം മാറിയായിരുന്നു ഞങ്ങളുടെ താമസം. ആ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാല്‍ സുല്‍ത്താന്‍ കാബൂസ് ദേവാലയം കാണാം. എന്തെന്നറിയാത്ത ഒരു സമാധാനം വൈകിയ സായന്തനങ്ങളില്‍ ഏകനായി പ്രകാശപൂരിതമായ സ്വര്‍ണ്ണവര്‍ണ്ണമായി ജ്വലിക്കുന്ന ആ പരമകാരുണികന്‍റെ സവിധത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. ഒരു പക്ഷേ നരകയാതന അനുഭവിച്ചു പോന്ന ആ കാലങ്ങളില്‍ ഇവന്‍ അറിഞ്ഞിട്ടുള്ള ഒരേയൊരു ആനന്ദം. ജാതിമതവര്‍ണ്ണവര്‍ഗ്ഗങ്ങള്‍ക്കെല്ലാം അതീതനാണ് ഈശ്വരനെന്ന് തിരിച്ചറിയുന്ന ഇത്തരം നിമിഷങ്ങള്‍ ജീവിതത്തില്‍ ഏറ്റുവാങ്ങുന്നത് ഒരു ഭാഗ്യം തന്നെയെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. വിജനതയിലേക്കെന്നപോലെ ആ സ്വര്‍ണ്ണഗോപുരത്തിലേക്ക് നിര്‍വ്വികാരനായി നോക്കി നിന്നിട്ടുള്ള എത്രയോ നിമിഷങ്ങളില്‍ ഒരു ഇളംകാറ്റിന്‍റെ തലോടലായി ആ സ്നേഹം എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു. ഇന്നും ആ കനിവിന്‍റെ ദേവാലയത്തേക്കുറിച്ചുള്ള സ്മരണകള്‍ എന്‍റെ കണ്ണുകളെ സജലങ്ങളാക്കുന്നു.

എന്നാല്‍ മറ്റൊരു ജോലി തരപ്പെടുത്തി അവിടെനിന്നും പോകാനുള്ള എന്‍റെ പദ്ധതികളെ കീഴ്മേല്‍മറിച്ചുകൊണ്ടായിരുന്നു ‘ഗോനു’ എന്ന ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കു കടന്നു വന്നത്. കൊടുങ്കാറ്റ് ഉഗ്രതാണ്ഡവമാടിയ മൂന്നു ദിവസങ്ങളില്‍ ഏറ്റവും ശക്തിയേറിയ കാറ്റടിച്ച ഒരു ദിവസമൊഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളിലും അഡ്വര്‍ട്ടൈസിംഗ് കമ്പനി പൂട്ടിയിട്ട് ഞങ്ങളെ അയാളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സെയിത്സിനു നിര്‍ത്തി. ഒരുദിവസമെങ്കിലും അവധി തന്നത് റോയല്‍ ഒമാന്‍ പോലീസിനെയോ, റോയല്‍ ആര്‍മിയെയോ പേടിച്ചിട്ടാവണം. അഞ്ചുദിവസത്തെ ദേശീയ അവധി സുല്‍ത്താന്‍ പ്രഘ്യാപിച്ചിരിക്കുന്നിടത്താണ് അയാളിതു ചെയ്തത്. എന്നിട്ടൊരു ഉപദേശവും തന്നു, കാറ്റടിച്ച് എന്തെങ്കിലും ഇടിഞ്ഞു വീഴുകയാണെങ്കില്‍ വെളിയിലേക്ക് ഓടിയാല്‍ മതിയെന്ന്. ഇതും കഴിഞ്ഞ് മുതലാളിയും, മാഡവുമെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറി. ചുഴലിക്കൊടുങ്കാറ്റടിച്ചുകൊണ്ടിരുന്ന ആ സമയങ്ങളില്‍ തുറന്നിരുന്ന ഒരേയൊരു സ്ഥാപനം അതുമാത്രമായിരുന്നു.

രാജ്യം മുഴുവന്‍ ഭീതി നിറഞ്ഞു നില്‍ക്കുന്നു. അന്തരീക്ഷമാകെ സംഹാരതാണ്ഡവമാടുന്ന കാറ്റിന്‍റെ ഗര്‍ജ്ജനം. ആകാശം സുരക്ഷാപ്രവര്‍ത്തനത്തിനായി രാപ്പകല്‍ ഭേദമില്ലാതെ റോന്തു ചുറ്റുന്ന പട്ടാള ഹെലികോപ്റ്ററിന്‍റെ ശബ്ദത്താല്‍ മുഖരിതമായിരിക്കുന്നു. കാറ്റ് വന്ന് ഭിത്തിയില്‍ അടിക്കുന്ന ശബ്ദം കേട്ടാല്‍ വലിയ ഇരുമ്പു കൂടം കൊണ്ട് അടിക്കുന്നതു പോലെ തോന്നും. മരണം വന്നു മുട്ടുന്നതു പോലെ. ആ ദിവസങ്ങളില്‍, കണ്ണുനീരും പ്രാര്‍ത്ഥനയുമായി കടലിനക്കരെ കാത്തിരിക്കുന്ന എന്‍റെ അമ്മയുടെ മുഖം മനസ്സിലുണ്ടായിരുന്നിട്ടു പോലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു ആ കാറ്റിന്‍റെ കൈപ്പിടിയിലൊതുങ്ങി ഈ ജീവിതം പൊലിഞ്ഞിരുന്നെങ്കിലെന്ന്. അപരാധമാണ് വലിയ അപരാധമാണ് അങ്ങനെ ചിന്തിക്കുന്നതു പോലും. എങ്കിലും അവിടെ നിന്നും ഏറ്റുവാങ്ങുന്ന അപമാനവും, യാതൊരു പ്രയോജനവുമില്ലാതെ ചെയ്യുന്ന ജോലിയും തളര്‍ത്തിക്കളഞ്ഞ മനസ്സ് അറിയാതെ കൊതിച്ചു പോയതാണ്.

പലയിടങ്ങളിലും റോഡുകള്‍ രണ്ടായി പിളര്‍ന്നു, നിരവധി കെട്ടിടങ്ങള്‍ ഒലിച്ചു പോയി പോലീസ്, പട്ടാള ഉദ്യോഗസ്ഥരുടെ സ്തുത്യര്‍ഹമായ സേവനവും നല്ലവനായ സുല്‍ത്താന്‍റെ ഇച്ഛാശക്തിയും ഒന്നുകൊണ്ട് മാത്രമാണ് രാജ്യം വളരെ വേഗത്തില്‍ ആ പ്രകൃതിദുരന്തത്തില്‍ നിന്നും കരകയറിയത്. ആ ചുഴലിക്കൊടുങ്കാറ്റ് ലാഭമുണ്ടാക്കിക്കൊടുത്ത ഒരേയൊരു വ്യക്തി ആ ആജ്യത്ത് ഞങ്ങളുടെ മുതലാളി മാത്രമായിരുന്നു. എന്നാല്‍ ആ കൊടുങ്കാറ്റ് അവസാനിച്ച് അടുത്ത ദിവസം അയാള്‍ പുതിയ ഒരു ആശയവുമായിട്ടാണ് ഓഫീസിലെത്തിയത്. ഈ അവധിദിവസങ്ങളില്‍ പോലും അയാള്‍ക്കു വേണ്ടി പണിയെടുത്തതിന് പിന്നില്‍ നിന്നു കുത്തി പ്രതിഫലം നല്‍കാന്‍.

തുടര്‍ന്നു വായിക്കുക...

Thursday, October 1, 2009

ഗാന്ധി ജയന്തി

എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍

കടലിനക്കരെ പോണോരേ... (രണ്ട്)

ഭാഗം ഒന്ന് ഇവിടെ

മറക്കാതിരിക്കുക ഗള്‍ഫ് ഒരു മരീചികയാണ്... അടുത്തു വരും തോറും ശൂന്യത മാത്രം വെളിവാകുന്ന മരുഭൂമി. കരുതലോടെ മാത്രം പറന്നിറങ്ങുക... സമാശ്വസിപ്പിക്കാന്‍ പലപ്പോഴും സ്വന്തം നിഴല്‍ പോലും കാണില്ല. കാരണം ആ നിഴല്‍ പോലും നിങ്ങളുടെ തൊഴിലുടമയുടെ അടിമയായിരിക്കും. എങ്കിലും എടുത്തു പറയട്ടെ... എന്‍റെ അനുഭവത്തില്‍ വിദേശികളേക്കാള്‍ അവിടെയുള്ള അറബികള്‍ സ്നേഹമുള്ളവരാണ്.

പണ്ട്‌ സായിപ്പ് നമ്മള്‍ ഇന്‍ഡ്യക്കാരുടെ നെഞ്ചത്തു പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രമാണ് നൂറു ശതമാനവും തൊഴിലാളികളെ പീഡിപ്പിച്ച് ചൂഷണം ചെയ്യുന്ന ആ കമ്പനിയുടെ നയമെന്നത് മനസ്സിലാക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. കമ്പനിയിലെ ഇന്‍റേണല്‍ പൊളിറ്റിക്സിനെക്കുറിച്ച് അപലപിച്ച, അതില്‍ ചെന്നു ചാടരുതെന്ന് ഉപദേശിച്ച ബഹുമാന്യയായ തലശ്ശേരിക്കാരി മാഡം തന്നെയായിരുന്നു ആ കമ്പനിയിലെ പൊളിറ്റിക്സിന്‍റെ ഉപജ്ഞാതാവും, പ്രയോക്താവും.

പ്രസ്തുത മാഡം മുതലാളിയുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ സെയിത്സിനു വന്നതാണെന്നും, സ്വന്തം കഴിവുകൊണ്ടു മാത്രം ജനറല്‍ മാനേജരായതാണെന്നും, സ്വന്തമായി ലണ്ടനില്‍ നിന്നു വാങ്ങിയ എം ബി എ സര്‍ട്ടിഫിക്കറ്റുണ്ടെന്നുമൊക്കെ അവകാശവാദങ്ങള്‍ നിലനില്‍ക്കുമ്പൊഴും നാളിതുവരെ സ്വന്തമായി ഒരു ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്ത ചരിത്രമുണ്ടായിട്ടില്ല. അഡ്വര്‍ട്ടൈസിംഗ് ആന്‍ഡ് ഇവന്‍റ് മാനേജിംഗ് കമ്പനിയുടെ വിഷ്വലൈസര്‍ ആയി ജോലിക്കു ചെന്ന എനിക്ക് കിട്ടിക്കൊണ്ടിരുന്ന പണികള്‍ താഴെ പറയും പ്രകാരമാണ്.

കോര്‍പ്പറേറ്റ് ഗിഫ്റ്റുകള്‍ നിരത്തി വച്ചിരിക്കുന്ന അലമാര തുടക്കുക, മാഡത്തിന് ലെറ്ററുകള്‍ ഡ്രാഫ്റ്റ് ചെയ്തു കൊടുക്കുക, ഇടക്കിടക്ക് (എവിടെ നിന്ന്, ഏതു വകുപ്പില്‍ എന്നൊന്നും അറിയില്ല കേട്ടോ) കുറേ റിയാലുകള്‍ തരുന്നത് അവരുടെ ഭര്‍ത്താവിന്‍റെ പേരിലുള്ള ബാങ്ക് അക്കൌണ്ടില്‍ കൊണ്ടു നിക്ഷേപിക്കുക (മൂവായിരത്തി നാനൂറ് റിയാല്‍ വരെ ഞാന്‍ ഒറ്റത്തവണയായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട് - എന്നു വച്ചാല്‍ ഏകദേശം മൂന്നര ലക്ഷം രൂപയ്ക്കു മുകളില്‍), എട്ടു മണിക്കൂര്‍ ജോലി എന്നു കരുതി അവിടെ ചെന്നപ്പോഴാണറിയുന്നത് ആ കമ്പനിയുടെ പ്രവര്‍ത്തി സമയം പത്തു മണിക്കൂറാണ്. ഇതു നിയമാവലിയില്‍ മാത്രം. എല്ലാ ദിവസവും പന്തരണ്ടു മണിക്കൂറില്‍ കുറയാതെ അവിടെത്തന്നെ കാണും എല്ലാവരും. അതു കൂടാതെയാണ് അന്ന് ഒപ്പിട്ടു കൊടുത്ത ശമ്പളരഹിത ഓവര്‍ടൈം.

എന്നാല്‍ അപകടം ഇതൊന്നുമല്ല പ്രസ്തുത രാജ്യത്തെ സുല്‍ത്താന്‍റെ അക്കൌണ്ടുകള്‍ വരെ കൈകാര്യം ചെയ്യുന്ന പ്രശസ്തധനകാര്യസ്ഥാപനത്തിന്‍റെ ഔദ്യോഗിക രേഖകളില്‍ മോര്‍ഫിംഗ് ചെയ്യണം എന്നു പറഞ്ഞുള്ള ഭീഷണി. സംഭവം ഇത്രയേയുള്ളൂ; കമ്പനി ഈ മാഡത്തിന് കൊടുത്തിരിക്കുന്ന സാലറി സര്‍ട്ടിഫിക്കറ്റിലെ തുക അതില്‍ കൂടുതല്‍ കാണിക്കണം. അതിനനുസൃതമായി ബാങ്ക് സ്റ്റേറ്റ്മെന്‍റുകളിലും വ്യത്യാസം വരുത്തണം.

ഏതു കുത്തഴിഞ്ഞ ഭരണം നടക്കുന്ന രാജ്യത്തു പോലും അകത്തു കിടന്നു ഗോതമ്പുണ്ട തിന്നാന്‍ പര്യാപ്തമായ ഈ ക്രിമിനല്‍ കുറ്റം ആദര്‍ശശാലിയും, ഇന്നു ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ ഭരണാധികാരികളും വാഴ്ത്തുന്ന ഭരണവൈഭവവുമുള്ള സുല്‍ത്താന്‍റെ ഏകാധിപത്യരാജ്യത്തു ചെയ്താല്‍ എന്തായിരിക്കും ഗതി?

ഇതു പറയുമ്പോള്‍ പറയാതിരിക്കാനാവില്ല, അദ്ദേഹം ഭരണമേറ്റെടുക്കുന്ന സമയത്ത് കേവലം പത്തു കിലോമീറ്റര്‍ റോഡ് പോലുമില്ലാതിരുന്ന ഈ രാജ്യത്തെ ഇന്നു കാണുന്ന പ്രൌഢിയിലേക്കും, സമ്പന്നതയിലേക്കും ഉയര്‍ത്തിയത് കേവലം മുപ്പതു വര്‍ഷങ്ങള്‍ മാത്രം കൊണ്ടാണ്. ഭരണാധികാരിയുടെ കാര്‍ക്കശ്യവും, പ്രജാവാത്സല്യവും ഇതില്‍നിന്നു തന്നെ വെളിവാകുന്നതാണ്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെയുള്ളവര്‍ കഴുതപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നതെന്ന് പറഞ്ഞാല്‍ ഇന്ന് ആര്‍ക്കും അത് വിശ്വസിക്കാനാവില്ല. മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം ഈ രാജ്യത്ത് ആകെയുണ്ടായിരുന്നത് ഒരേയൊരു ആശുപത്രി മാത്രം. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളും, സ്വകാര്യ അശുപത്രികളും ധാരാളം. നല്ല വിദ്യാഭാസം നല്‍കുന്ന ധാരാളം സ്കൂളുകള്‍, കോളേജുകള്‍... വ്യവസായസ്ഥാപനങ്ങള്‍ നിരവധി.

ഇങ്ങനെയുള്ള ഒരു രാജ്യത്ത് നിന്നുകൊണ്ടാണ് നിയമലംഖനത്തിന് പ്രേരിപ്പിക്കുന്നത്. എനിക്കറിയില്ല എന്നു പറഞ്ഞു. പക്ഷേ മാഡം കൂടെയുള്ളവനെക്കൊണ്ട് അത് സാധിപ്പിച്ചു. അവനോട് ചോദിച്ച് ഈ വിദ്യ പഠിച്ചെടുക്കണമെന്നും ഉപദേശിച്ചു. ഇത് ഒരു പ്രാവശ്യമല്ല പല പ്രാവശ്യം മുതലാളി അറിയാതെ അവിടെ നടന്നിട്ടുണ്ട്‌. എന്‍റെ ഊഹം ശരിയാണെങ്കില്‍ തു ക കൂടുതല്‍ കാണിച്ച് ഇപ്രകാരം എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നമ്മുടെ നാട്ടിലേക്കാണെത്തുന്നത്. ഈ രേഖകള്‍ കാണിച്ച് അതിനനുസൃതമായ ഉയര്‍ന്ന തുക ലോണ്‍ എടുക്കുകയും, ഈ തുക റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിക്കുകയുമാണ് ഇവരുടെ പരിപാടി എന്ന് ന്യായമായും ഞാന്‍ സംശയിക്കുന്നു. (ഇന്നിപ്പോള്‍ അതു നടക്കുമെന്നു തോന്നുന്നില്ല. എംബസിയുടെ അറ്റസ്റ്റേഷന്‍ ഇല്ലാതെ നാട്ടില്‍ നിന്നും ലോണ്‍ കിട്ടുമെന്നു തോന്നുന്നില്ല)

വലിയ വലിയ സ്ഥാപനങ്ങളിലെ ഉന്നതാധികാരികളുമായുള്ള അടുപ്പം, കൈക്കൂലി കൊടുത്തും, അല്ലാതെയും സ്ഥാപിച്ചെടുക്കുന്ന സ്വാധീനം തുടങ്ങിയ എല്ലാ പഴുതുകളും ഉപയോഗിച്ചു കൊണ്ട് നൂറു ശതമാനം കറപ്റ്റഡ് ആയി ഒരു ബിസിനസ്സ് നടത്തിക്കൊണ്ടു പോകാം എന്നറിയണമെങ്കില്‍ ആ സ്ഥാപനത്തില്‍ പോയി ജോലി ചെയ്താല്‍ മതി.

ഉപ്പുചിരട്ടയില്‍ വെള്ളം കുടിച്ചു കഴിഞ്ഞിരുന്നവന്‍ ഒരു സുപ്രഭാതത്തില്‍ ഇക്കണ്ട സ്ഥാപനങ്ങളുടെയെല്ലാം മുതലാളിയായപ്പോള്‍ അയാളുടെ കാഴ്ച്ചപ്പാടിലുമുണ്ടായി ധാരാളം മാറ്റങ്ങള്‍. ബെന്‍സ്, പോര്‍ഷ്, ബി എം ഡബ്ല്യു, ലക്സസ് തുടങ്ങിയ വാഹനങ്ങളില്‍ മാറി മാറിയാണ് ആശാന്‍റെ യാത്ര. ഓരോ ദിവസത്തിനും ഇണങ്ങുന്ന നിറമുള്ള ഡ്രസ്സുകള്‍, മിനറല്‍ വാട്ടര്‍ ഇല്ലെങ്കില്‍ ആശാന്‍ കക്കൂസില്‍ പോകില്ല... സത്യത്തില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ മൂന്നു നാലു ജോലിക്കാരുണ്ട്. അവര്‍ക്കു കഴിക്കാനുള്ള ഭക്ഷണം ഒരു ചാക്കിന് അഞ്ചു റിയാല്‍ പോലുമില്ലാത്ത പാക്കിസ്ഥാനി റൈസ്. അവര്‍ മുതലാളിക്ക് പാകം ചെയ്തു കൊടുക്കേണ്ടുന്ന ഭക്ഷണം മുന്തിയ ഇനം അരിയും ഭക്ഷണപദാര്‍ത്ഥങ്ങളും. എങ്ങനെ കഴിയുന്നു സഹജീവികളും, ആശ്രിതരുമായ ആ പാവങ്ങളോട് ഇങ്ങനെ വിവേചനം കാണിക്കാനെന്ന് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.

കമ്പനിയിലെ രാത്രികാല ജോലിയെക്കുറിച്ചു പറഞ്ഞില്ലല്ലോ. മേല്‍‍പ്പറഞ്ഞ ശമ്പളരഹിത ഓവര്‍ടൈം എങ്ങനെയെന്നു വച്ചാല്‍, ഞങ്ങളെ അകത്തിട്ട് വെളിയില്‍ നിന്നു പൂട്ടും. ഏതെങ്കിലും ഹിന്ദിക്കാരനാണ് ആ ജോലി. (അയാള്‍ക്ക് ഹിന്ദിക്കാരെയല്ലാതെ വേറെ ആരെയും വിശ്വാസമില്ല) ജോലി എപ്പോള്‍ കഴിയുന്നോ അപ്പോള്‍ വിളിച്ചു പറഞ്ഞാല്‍ സൌകര്യം പോലെ വന്നു തുറന്നു വിടും. ഒരു ദിവസം ഒന്നൊന്നര ലക്ഷം റിയാലിന്‍റെ വരുമാനമുള്ള മുതലാളി, അകത്തിരുന്നു പണിയെടുക്കുന്ന തൊഴിലാളികള്‍ വെള്ളം കുടിക്കുന്നുണ്ടോ, ഉറക്കം തൂങ്ങുന്നുണ്ടോ എന്നറിയാന്‍ ചില്ലുഭിത്തികള്‍ മാത്രമുള്ള കമ്പനിയുടെ പിന്നാമ്പുറത്തു കൂടി കള്ളനേപ്പോലെ ഒളിഞ്ഞു നോക്കിയ സംഭവങ്ങള്‍ നിരവധി. ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരുവന്‍ ഒരിക്കല്‍ രാത്രി വിശപ്പും ദാഹവും സഹിക്കാതെ ഒരു കപ്പ് വെള്ളം കുടിച്ചതിന് പിറ്റേ ദിവസം പതിനഞ്ചു റിയാല്‍ (ആയിരത്തി അഞ്ഞൂറു രൂപയ്ക്കു മുകളില്‍ വരും) ഫൈന്‍ അടിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആ മനുഷ്യനെ നേരില്‍ അറിയുന്നവര്‍ ഇതല്ല ഇതിനപ്പുറവും വിശ്വസിക്കും.

ടൈ ചുളുങ്ങിയാല്‍ അഞ്ചു റിയാല്‍, ഇടവേളകളില്‍ അയാളുടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ട്രോളീ വലിക്കാന്‍ ചെല്ലണമെന്നാണു നിയമം അങ്ങനെ നടക്കുന്നതിനിടയില്‍ ഷൂവിലെ പോളീഷ് ഇളകിയാല്‍ അഞ്ചു റിയാല്‍, ഷര്‍ട്ട് ചുളുങ്ങിയാല്‍ അഞ്ചു റിയാല്‍, മലയാളികള്‍ മാത്രമുള്ള ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ മലയാളം പറഞ്ഞാല്‍ പത്തു റിയാല്‍ ഇങ്ങനെ പോകും വൌച്ചറില്ലാ ഫൈനിന്‍റെ ഗ്രാഫ്. ചുരുക്കിപ്പറഞ്ഞാല്‍ തരുന്ന ശമ്പളത്തിന്‍റെ പകുതിയിലേറെ ഇങ്ങനെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കട്ട് ചെയ്യും.

ഞാന്‍ ചെന്ന ദിവസം മുതല്‍ സഹപ്രവര്‍ത്തകരുടെ മുഖത്തുണ്ടായിരുന്ന ഭാവവ്യത്യാസത്തിന്‍റെ കാരണം വളരെ വൈകിയാണ് ഞാന്‍ അറിയുന്നത്. എന്നെ റിക്രൂട്ട് ചെയ്യുന്നത് അവരെയൊക്കെ പുകച്ചു പുറത്തു ചാടിക്കാനാണെന്ന് മാഡം അവരോട് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ കാലക്രമേണ അവരുടെ തട്ടിപ്പ് എല്ലാവര്‍ക്കും മനസ്സിലായി.

ദിലീപ് ഊര്‍ജ്ജ്വസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു. നല്ല പെരുമാറ്റവും, മര്യാദയും, നന്നായി ജോലിചെയ്യുകയും ചെയ്യുന്ന ഒരു പാവം പയ്യന്‍. ഒരു ദിവസം മാഡത്തിനും മുതലാളിക്കും ഭക്ഷണം വാങ്ങാന്‍ ദിലീപിനെ പറഞ്ഞു വിട്ടു. വാങ്ങേണ്ടിയിരുന്ന സാധനത്തിന്‍റെ മെനു എഴുതിക്കൊടുത്തത് അവന്‍റെ കൈ പിടിച്ചു തിരിച്ച് കൈവെള്ളയില്‍ !. (ലണ്ടനില്‍ നിന്നും എം ബി എ എടുത്തവര്‍ക്കൊക്കെ അങ്ങനെ ആകാമായിരിക്കും) എന്നാല്‍ ആത്മാഭിമാനമുള്ള മലയാളിക്ക് ഇത് അപമാനം തന്നെയാണ്. അവന്‍ വെളിയിലിറങ്ങി നിന്നിട്ട് ആരോടെന്നില്ലാതെ നാലു ചീത്ത പറഞ്ഞു. (അവന്‍ ചീത്തയല്ലേ പറഞ്ഞുള്ളൂ). എന്നാല്‍ അവിടെ തന്നെയുള്ള ഉപജാപകവൃന്ദങ്ങളില്‍ ഒരുവന്‍ ഇതു ചെന്നു മാഡത്തിന്‍റെ മുന്‍പില്‍ ഉണര്‍ത്തിച്ചു. ആ സ്ത്രീ ഇതു ചെന്നു മുതലാളിയോടു പറഞ്ഞെന്നു മാത്രമല്ല ഒന്നുമറിയാതെ നിന്ന ഞാന്‍ കൂടി അതിനു സാക്ഷിയാണെന്നും പറഞ്ഞു. മനസാ വാചാ അറിയാത്തവരെ പിടിച്ചു സാക്ഷിപ്പട്ടികയില്‍ ചേര്‍ക്കുന്നത് അവരുടെ സ്ഥിരം പരിപാടിയാണ്. ഒരു ഉളുപ്പുമില്ലാതെ സ്വന്തം നിലനില്‍‍പ്പിനു വേണ്ടി ഇങ്ങനെയും പച്ചക്കള്ളം പറയുന്ന ഒരു വ്യക്തിയെ ഞാന്‍ എന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇല്ല എന്ന് എതിര്‍ക്കുവാന്‍ കഴിയുന്ന സാഹചര്യമല്ല ആ കമ്പനിയില്‍. കാരണം ഞങ്ങളെല്ലാം ഗള്‍ഫിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവര്‍. ഒമാനി ലേബര്‍ ലോയെക്കുറിച്ചോ ഇവിടുത്തെ സ്വാതന്ത്ര്യങ്ങളെക്കുറിച്ചോ ഒന്നും യാതൊരു ധാരണയുമില്ലത്തവരായിരുന്നു ഞങ്ങളെല്ലാം. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നാണെങ്കില്‍ തീര്‍ച്ചയായും ഈ അനീതിയെ ഞാന്‍ എതിര്‍ക്കുമായിരുന്നു. അന്ന് ആ പാവം സുഹൃത്ത് - ഞാന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ആദ്യമായി എന്നെ നോക്കി ചിരിച്ച സഹപ്രവര്‍ത്തകന്‍- ബലിയാടാവുന്നതില്‍ എനിക്കും തള്ളിക്കളയാനാവാത്ത ഒരു പങ്കുണ്ട് എന്ന് കുറ്റബോധത്തോടെ ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ ഇതു പറഞ്ഞില്ലെങ്കില്‍ അതിന്‍റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നു പറഞ്ഞവര്‍ ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ ആ ചതിക്കു കൂട്ടു നില്‍ക്കേണ്ടി വന്നു. ദിലീപ് ഈ കുറിപ്പ് വായിക്കനിടയുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും അവന്‍ എന്നെ വെറുക്കാതിരിക്കട്ടെ. ഗള്‍ഫില്‍ കഴിയുന്ന ഓരോ നിമിഷവും ഞാന്‍ അവനെ ഓര്‍ക്കുന്നു.

അന്നുമുതല്‍ പരസ്യമായി അവന്‍ ഏറ്റുവാങ്ങിയിട്ടുള്ള അപമാനം ചില്ലറയല്ല. അവനെക്കൊണ്ട് പരസ്യമായി ആവര്‍ത്തിച്ചാവര്‍ത്തിച്ചു മാപ്പു പറയിപ്പിച്ചു. കഠിനമായ ജോലികള്‍ തുടര്‍ച്ചയായി നല്‍കി, കഷ്ടപ്പെടുത്താവുന്നതിന്‍റെ പരമാവധി കഷ്ടപ്പെടുത്തി. അവസാനം കിട്ടിയ അവസരത്തില്‍ അവനൊരു പണി തിരിച്ചു കൊടുത്തു. അവന്‍റെ വാര്‍ഷികാവധി വന്നു. മുതലാളിയെക്കൊണ്ട് വിസ പുതുക്കിപ്പിച്ച് അവന്‍ ലീവിനു നാട്ടില്‍ പോയി. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ നാട്ടിലേക്കു വിളിച്ചു. ആ സമയം അവന്‍ വേറെ നല്ല ജോലി കിട്ടി ദുബായില്‍ എത്തിയിരുന്നു. അവന്‍റെ വിസ എടുക്കാന്‍ കമ്പനി ചിലവാക്കിയ കാശ്‌ കമ്പനിക്ക്‌ നഷ്ടം. അങ്ങനെ ഞാന്‍ ചെന്ന് ഒരു മാസത്തിനകം ദിലീപ് സ്ഥലം കാലിയാക്കി. ഇപ്പോള്‍ കമ്പനിയില്‍ ആകെയുള്ളത് മൂന്നു വിഷ്വലൈസര്‍മാരും, ഒരു മീഡിയ മാനേജരും, ഒരു അക്കൌണ്ടന്‍റും, പിന്നെ മാഡവും ആകെ ആറു പേര്‍.

ഈ സമയത്താണ് ജീവിതത്തില്‍ ആദ്യമായി സ്വന്തം തൊഴിലിനെയും, അവനവനോടു തന്നെയും വെറുപ്പു തോന്നിപ്പോയ ഒരു സംഭവം ഉണ്ടാകുന്നത്.