Sunday, August 22, 2010

ആനേങ്ങാട്ടെ ഓണം!

കുട്ട്യേ.. ആ രേവി വന്നാല്‍ ..ദാ ഇവിടെ തറ ണ്ടാക്കാന്‍ പറയണം.. ഇത്രയും ഉയരം വച്ചാ മതി.. പറയ്ണ കേക്കുണുണ്ടോ യ്യ്..  അച്ചമ്മ ചെങ്കല്ല് കൊണ്ട് മുറ്റത്ത് ഒരു വട്ടം വരച്ചു..
മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം... ന്നാ പൂവിടുമ്പോള്‍ നടു തെറ്റില്ല...
ഞാനിത്തിരി ചാണകം കിട്ട്വോ നോക്കട്ടേ.. തറ മെഴുകാനുള്ളതെങ്കിലും കിട്ട്യാ മതിയായിരുന്നു...
അത്തം പടിക്കലെത്തി... ഒരു പണ്യൂം ആയിട്ടില്ല... ഇനിപ്പൊ ഓരോരുത്തര് വരാനും തൊടങ്ങ്വല്ലൊ... അച്ചമ്മ ഒരു കൊട്ടയുമെടുത്ത് പടി കടന്ന് പോയി...

ഓണത്തിന് എല്ലാവരും വരും.. അച്ഛമ്മയുടെ എല്ലാ മക്കളും... പേരക്കുട്ടികളും... എല്ലാരും കൂടെ നല്ല രസമായിരിക്കും.. ഒച്ചയും ബഹളവും... കളികളും....
അത്തത്തിന് അച്ചമ്മയാണ് പൂവിടുക... തറയില്‍ നല്ലോണം ചാണകം മെഴുകി... ആ കറുത്ത തറയില്‍ .. തൂവെള്ള തുമ്പപ്പൂവിട്ടാല്‍ .. കാണാന്‍ തന്നെ എന്തു രസമാണ്..
പിറ്റെ ദിവസം മുതല്‍ പൂവിടല്‍ എന്റെ പണിയാണ്..

അവിടെയുള്ള കുട്ട്യോളൊക്കെ കൊട്ടയെടുത്ത് നടക്കും പൂ പറിക്കാന്‍.. പക്ഷെ അച്ചമ്മ എന്നെ വിടില്ല...
"നമ്മടെ തൊടീലെ പൂക്കള്‍ തന്നെ മതി ...അതെന്നെ കൊറേ ണ്ടല്ലൊ"
ശരിയാണ്.. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെട്ടിരുന്ന വെല്യാന്റി.. ഓരോ പ്രാവശ്യം വരുമ്പോഴും.. ഓരോ ചെടി വയ്ക്കും... അതുകൊണ്ട് ഞങ്ങടെ മുറ്റത്തും തൊടിയിലും തന്നെ ധാരാളം പൂക്കള്‍ ഉണ്ടായിരുന്നു..
നടൂല് വക്കാന്‍ എപ്പൊഴും അടുക്ക് ചെമ്പരുത്തി.. അല്ലെങ്കില്‍ കുമ്പളപ്പൂ.. പിന്നെ അതിനു ചുറ്റും ഓരോ പൂക്കളൊ ഇതളുകളോ വട്ടത്തില്‍ ഇട്ട് വരും തറ നിറയും വരെ.. പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍... എല്ലാം തലേന്ന് തന്നെ പൂമൊട്ടായി പറിച്ച് ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വയ്ക്കും .. രാത്രി അതെടുത്ത് മുല്ലത്തറയിലെ മുല്ലച്ചെടികള്‍ക്കിടയില്‍ വയ്ക്കും.. രാവിലെ പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവും.. രണ്ടു കുംബിള്‍ ഉണ്ടാവും.. ഒന്ന് വീട്ടിലേക്ക് ..ഒന്ന് സ്കൂളിലേക്ക്..  തലേ ദിവസത്തെ പൂക്കള്‍ മാറ്റി... ഒട്ടിപ്പിടിച്ചു കിടക്കുന്ന കാശിത്തുമ്പയൊക്കെ ചുരണ്ടിക്കളഞ്ഞു പുതുതായി ചാണകം മെഴുകി പുതിയ പൂക്കളം ദിവസവും തീര്‍ക്കും..
അവസാനത്തെ മൂന്നു ദിവസം പൂക്കളത്തിനെക്കാള്‍ പ്രാധാന്യം മാക്കോലത്തിനാണ്.. പച്ചരിയും കാവത്തിന്റെ വള്ളിയും ചേര്‍ത്ത് അരച്ചാണ് ഈ മാവുണ്‍ടാക്കുക.. അത് ഒരു നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഒറ്റ ഒഴുക്കിന് തറയ്ക്ക് ചുറ്റും കോലം വരയ്ക്കണം.. തറയ്ക്ക് നടുവില്‍ ഓര്‍ പീഠം വയ്ച്ച് അതിനു മുകളില്‍ ഒരു നാക്കില കഷണം വയ്ക്കും.. പിന്നെ അതിനു മുകളില്‍ മാതേര് വയ്ക്കും.. പശിമയുള്ള കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന മൂന്നു രൂപങ്ങള്‍ .. നടുവിലത്തേത്തിനു കുറച്ചു നീളം കൂടുതല്‍.. വെല്യാന്റി ബാക്കിയുള്ള കളിമണ്ണ് ഞങ്ങള്‍ക്കൊക്കെ തരും.. ഞങ്ങളത് കൊണ്ട് ചെറിയ കലങ്ങളും, പച്ചക്കറികളും, പാവകളും, അപ്പോള്‍ തോന്നുന്നതൊക്കെ ഉണ്ടാക്കി മാതേരിനു ചുറ്റും വയ്ക്കും .. ചെറിയ ഈര്‍ക്കിലി കഷണങ്ങളില്‍ പൂക്കള്‍ കോര്‍ത്തു മാതേരില്‍ കുത്തി വയ്ക്കും .. മാവ് കൊണ്ടു അലങ്കരിക്കും .. ഒരു കാലുള്ള ഓലക്കുട മാതേരിനു മറയായി വയ്ക്കും...  
ഉത്രാടം കുട്ട്യോള്‍ടെ ഓണമാണ്.. അന്നാണ് ഞങ്ങളൊക്കെ ആദ്യത്തെ കോടിയുടുക്കുക...  അന്ന് വൈകുന്നേരമാണ് വീട്ടിലേക്ക് "ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" എന്ന പാട്ടൊക്കെ പാടി ആളുകള്‍ വരുന്നതും .. പാട്ട് പോലെ ഉത്രാടത്തിന് പാടും .. ദക്ഷിണ വാങ്ങില്ല .. തിരുവോണത്തിന്‍ നാള്‍ രാവിലെ വന്നു ദക്ഷിണ വാങ്ങും..

വിഭവ സമൃദ്ധമായ സദ്യ തുടങ്ങുന്നതും ഉത്രാടത്തിനാണ്... ആദ്യം എല്ലാ വിഭവങ്ങളും ഒരിലയില്‍ വിളമ്പി ഈ മാതേരിനു നിവേദിച്ചിട്ടേ.. എല്ലാവര്‍ക്കും സദ്യ വിളമ്ബൂ..  ആദ്യം ഉപ്പ്, പിന്നെ കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, വടുകപ്പുളി നാരങ്ങ, പുളിയിഞ്ചി, ഓലന്‍, കാളന്‍, എരിശ്ശേരി, അവിയല്‍, മെഴുക്കു പുരട്ടി അല്ലെങ്കില്‍ ഉപ്പേരി,  ചേന വറുത്തത്, പഴം, പപ്പടം.. ഇത്രയും ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.. പിന്നെ ചോറ്, സാമ്പാര്‍ ഒക്കെ കൂട്ടി ഒരു ഊണ് ... അപ്പോഴേയ്ക്കും പായസം വിളമ്പി തുടങ്ങും.. അരിയും, ശര്‍ക്കരയും, തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കിയ  ചൂടുള്ള പായസം വാഴയിലയില്‍ വിളമ്പുമ്പോള്‍ തന്നെ ഒരു സുഖിപ്പിക്കുന്ന മണമാണ് ...അതില്‍ പഴവും പപ്പടവും കുഴച്ചു കൂട്ടി കഴിച്ചാലോ ..ഹോ!

സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും കോലായില്‍ ഒത്തു ചേരും .. ഓരോ നാട്ടിലെ വിശേഷങ്ങളും, പഴയ കഥകളും ... അധികവും ആ സമയത്താണ് പടിക്കലില്‍ ഒരു കൂക്കിവിളിയുണ്ടാവുക.. നായടിയാണ് ... അച്ഛമ്മ ഒരിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി പടിക്കല്‍ വയ്ക്കും ... കുറച്ചു കഴിഞ്ഞ് അവിടെ ചെന്ന് നോക്കിയാല്‍ ഇല വച്ചിടത്ത്‌ ഒരു ഉറി ഉണ്ടാവും.. വീട്ടുകാര്‍ വീണ്ടും നാട്ടു വര്‍ത്തമാന ങ്ങളിലേക്ക് ..
ഞങ്ങള്‍ കുട്ടികള്‍ പടിഞ്ഞാറെ പുളിയില്‍ കെട്ടിയ ഊഞ്ഞാലിലേക്കും ...

ഓണത്തിന് ഒരു ആഹ്വാനം...

നന്മയുടെയും, സമൃദ്ധിയുടേയും പ്രതീകമായി എല്ലാ വര്‍ഷത്തെയും പോലെ വീണ്ടും ഓണം വന്നെത്തി. എല്ലാവര്‍ക്കും ഓണാശംസകള്‍ അറിയിച്ചുകൊണ്ട് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

കാണം വിറ്റും ഓണമുണ്ണണമെന്ന ചിന്തയില്‍ നിര്‍ലോഭം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവരാണ് മലയാളികള്‍. ഒരു കാര്യവുമില്ലാതെ ബിവറേജസ് ഷോപ്പുകളില്‍ ക്യൂ നിന്ന് വിഷം വാങ്ങിക്കുടിക്കുന്ന കാര്യത്തിലും മലയാളി തന്നെ മുന്നില്‍! എന്നാല്‍ നമ്മുടെ സമൂഹത്തില്‍ തന്നെ, ഒരു നേരത്തെ ആഹാരത്തിനു മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്നവര്‍, മക്കള്‍ സമൃദ്ധമായി ഓണം ഉണ്ണുമ്പോള്‍ അവരാല്‍ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ കഴിയുന്ന, അവരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍, അച്ഛനാരെന്നോ അമ്മയാരെന്നോ അറിയാതെ അനാഥാലയങ്ങളില്‍ കഴിയുന്ന ദൈവത്തിന്‍റെ മക്കള്‍ ഇങ്ങനെ എത്രയോ സഹജീവികള്‍ നമുക്കു ചുറ്റുമുണ്ട്. ഒരു നേരം നമുക്ക് അവരോടൊത്തു ചിലവഴിച്ചു കൂടേ? പണം കൊടുത്ത് കടന്നു പോവുകയല്ല മറിച്ച് അവരോടൊപ്പമിരുന്ന് ഒരു നേരത്തെ ഭക്ഷണം പങ്കിട്ടാല്‍ ഈ ഓണക്കാലത്തു ചെയ്യുന്ന ഏറ്റവും വലിയ പുണ്യമാവും അത്. അവരുടെ സന്തോഷവും സംതൃപ്തിയും ഈശ്വരന്‍ കാണാതിരിക്കില്ല. ആ സന്തോഷം നമ്മില്‍ അനുഗ്രഹമായി വന്നു ചേരും. ഈശ്വരന്‍ നമുക്കായി ഒരുക്കിവച്ച സൌഭാഗ്യം എത്ര വലുതാണെന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും. ഇതു വായിക്കുന്ന ഓരോ പേരോടുമുള്ള അപേക്ഷയാണിത്. ഇതില്‍ ഒരാളെങ്കിലും അത്തരമൊരു സദ്പ്രവൃത്തി ചെയ്യാന്‍ സന്നദ്ധത കാട്ടിയാല്‍ ഈ വാക്കുകള്‍ കൃതാര്‍ത്ഥമായി...

ഓണം ഒരു ഓര്‍മ്മ..

(കടപ്പാട്: തണല്‍ ഹൈദ്രാബാദ് ഫോട്ടോ - യാഹൂ തന്നത്)

ഓണം മനസ്സില്‍ കൊണ്ട് നിറക്കുന്നത് സുന്ദര നിമിഷങ്ങളെയാണ് എന്ന് മനോജ്‌ ഗള്‍ഫിലെ ലേബര്‍ക്യാമ്പിലെ പത്ത്‌ ആളുകള്‍ താമസിക്കുന്ന മുറിയില്‍ ഇരുന്ന് ആലോചിച്ചു. ഏസിയുടെ ശബ്ദം അയാളുടെ ചിന്തയെ അലോസരപ്പെടുത്തി എങ്കിലും തന്റെ ഭാര്യയുടെ ഈമെയിലിന് മറുപടി ടൈപ്പ് ചെയ്യുന്നതില്‍ അയാള്‍ വ്യാപൃതനായിരുന്നു. എല്ലാവരും കൂടി പൈസ പങ്കിട്ട് മേടിച്ച കമ്പ്യൂട്ടറും നെറ്റ് കണക്ഷനുമാണ്. അധികനേരം ഇങ്ങനെ ഇരുന്ന് സ്വപ്നം കാണാന്‍ പറ്റില്ല എന്നത് മനോജിന് അറിയാം. സുഹൃത്തുക്കളും അവരുടെ ഊഴം കാത്തിരിപ്പാണ്.

തൊട്ടപ്പുറത്തെ മയങ്ങിക്കിടക്കുന്ന സുഹൃത്തിന്റെ റേഡിയോ ഓണ്‍ ആയിത്തന്നെ കിടപ്പുണ്ട്. ഇഷ്ടഗാനങ്ങള്‍ പരിപാടി ആലോസരമില്ലാതെ നടക്കുന്നുണ്ട്. ആരോ അയാളുടെ പ്രിയതമയ്ക്ക് വേണ്ടി ആവശ്യപ്പെട്ട ഗാനം അലയടിച്ചു വരുന്നു.. "പൂവിളി പൂവിളി പോന്നോണമായീ.. നീ വരൂ നീ വരൂ പൊന്നോണ തുമ്പീ.."

ഭാര്യയുടെ ഈമെയില്‍ പലയാവര്‍ത്തി വായിച്ച് മനോജിന് കൊതി തീരുന്നില്ല, അയാള്‍ ചിരിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസം തികച്ച് നിന്നിട്ടില്ല. ഇത് അവരുടെ ആദ്യഓണം ആണ്. മൃദുല, മനോജിന്റെ ഭാര്യ, പേര് പോലെ ഇപ്പോഴും കുട്ടികളുടെ സ്വഭാവമാണ്. പറഞ്ഞിട്ടെന്താ, അത്രയല്ലേ ഉള്ളൂ പ്രായവും. മനോജിനെക്കാളും പതിമൂന്ന്‍ വയസ്സ് കുറയും. ഡിഗ്രി ഫസ്റ്റ് ഇയര്‍ ആയതേയുള്ളൂ.

മൃദുല എഴുതിയിരിക്കുകയാണ്. അയല്‍പക്കത്തെ കുട്ടികളോടൊപ്പം തൊടി മുഴുവന്‍ ഓടിനടന്ന് പൂക്കള്‍ പറിച്ചതും, ഓണത്തപ്പനെ കളിമണ്ണ്‍ കൊണ്ട് ഉണ്ടാക്കിയതും, അത്തപ്പൂക്കളം തീര്‍ത്തതും എല്ലാം വിശദമായി മനോജിനെ മെയില്‍ വഴി അറിയിച്ചിരിക്കുന്നു. ഓണക്കോടി വാങ്ങാന്‍ എത്ര പണം അയക്കും എന്നും അവള്‍ ചോദിച്ചു. അയക്കുകയാണെങ്കില്‍ എന്ന് എങ്ങനെ അവള്‍ക്ക് കിട്ടും. ബാങ്ക് എക്കൌണ്ട് ഇതുവരെ അവള്‍ക്കില്ല എന്നും മനോജിനെ അവള്‍ അറിയിക്കുന്നു. ഒന്നും അറിയാത്ത മണ്ടിപ്പെണ്ണ്‍. മനോജ്‌ ചുറ്റും നോക്കി സ്വയം പറഞ്ഞു ചിരിച്ചു.

എന്റെ ഭാര്യേ.. നീ അവിടെ പൂ ഇറുത്ത്‌ പൂക്കളമിട്ട് ഊഞ്ഞാലാടി തിമിര്‍ത്ത്‌ നടന്നോളൂ. ഒരു വിഷമവും വേണ്ട. നിനക്കും അനിയനും പിന്നെ നമ്മുടെ എല്ലാവര്ക്കും വേണ്ടുന്ന ഓണവസ്ത്രങ്ങള്‍ എടുക്കാനുള്ളതും മറ്റു ചിലവുകല്‍ക്കുള്ള പണം നാളെത്തന്നെ നിന്റെ കൈയ്യില്‍ കിട്ടും. ഇത് നിന്റെ ഓണംകേറാമൂല ഒന്നും അല്ല. നാളെ ഞാന്‍ വിളിക്കാം. ഒരു കോഡ് നമ്പര്‍ തരും. അതുമായി അനിയനോടൊപ്പം നീ തന്നെ പോയി നമ്മുടെ വിശ്വേട്ടന്റെ എസ് ടി.ഡി ബൂത്തില്‍ ചെന്ന് പറഞ്ഞാല്‍ പണം കിട്ടും. അല്ലാതെ പണ്ടത്തെ പോലെ അയച്ചപൈസ മേടിക്കാന്‍ പോസ്റ്റ്‌മാന്‍ വരുന്നതും കാത്ത്‌ മാസങ്ങളോളം പടിവാതില്‍ക്കല്‍ നില്‍ക്കേണ്ട ആവശ്യമില്ല. അതൊക്കെ നമ്മുടെ മുന്‍ തലമുറക്കാരുടെ കാലം.

‘ഹലോ.. മതി. എനിക്ക് നെറ്റ്ഫോണ്‍ വിളിക്കേണ്ട നേരമായി. ഭാര്യ ഇപ്പോള്‍ അവിടെ കാത്ത്‌ ഇരിപ്പാവും.’

മുറിയിലെ സ്നേഹിതന്‍ പിന്നില്‍ വന്ന് പറഞ്ഞപ്പോള്‍ മനോജ്‌ മറുപടി ടൈപ്പ്‌ ചെയ്യുന്നത് നിറുത്തി നോക്കി ചിരിച്ചു. എന്നിട്ട് ഒന്നൂടെ വായിച്ച് അല്പം കറക്ഷന്‍ ഒക്കെ വരുത്തി ഈമെയില്‍ അയച്ചു നിശ്വസിച്ചു എഴുന്നെറ്റു.

തന്റെ ഡ്യൂട്ടി ഷിഫ്റ്റ്‌ സമയമായിരിക്കുന്നു. അരമണിക്കൂര്‍ കഴിയുമ്പോള്‍ സൈറ്റില്‍ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസ്സ്‌ വരും. അപ്പോഴേക്കും റെഡി ആവണം. നാട്ടിലെ നല്ല ഓണക്കാലവും ഓണവിഭവവും കഴിച്ച നല്ലനാളുകള്‍ ഓര്‍ത്ത്‌ തന്റെ വിവാഹശേഷമുള്ള ആദ്യഓണം വരാറായ ദിവസം മൃദുലയെ മനസ്സില്‍ വിചാരിച്ച് മനോജ്‌ വീണ്ടും കത്തിക്കാളുന്ന വെയിലില്‍ കെട്ടിടനിര്‍മ്മാണ സൈറ്റിലേക്ക് പോകുന്ന ബസ്സില്‍ സൈഡ് സീറ്റില്‍ ഇരുന്ന് പകല്‍കിനാവ്‌ കണ്ടു.

Saturday, August 21, 2010

വാമനനും പാതാളത്തിലേയ്ക്ക് .......

പതിവുപോലെ  നിറഞ്ഞ മനസ്സുമായി തന്റെ പ്രജകളെക്കാണാന്‍ അദ്ദേഹം ആദ്യം ടിയെത്തിയത് തലസ്ഥാനനഗരിയിലേയ്ക്ക് തന്നെ.  അവിടെക്കണ്ട ആള്‍ത്തിരക്കും ഉത്സവപ്രതീതിയും ആ മനസ്സുനിറച്ചു; ഒപ്പം കണ്ണുകളും... സന്തോഷത്താല്‍ ‍.
പെട്ടെന്ന്, "വേഗം വാ, സമയം ആയി", എന്നു പറഞ്ഞ് ആ ആള്‍ത്തിരക്കിലേയ്ക്ക് ആരോ കൈയില്‍ പിടിച്ചതും വലിച്ചതും മാത്രം ഒരു ഓ
ര്‍മ്മ.  കണ്ണുതുറന്ന് ചുറ്റിലും നോക്കിയപ്പോള്‍ കണ്ട കാഴ്ച, "ഹൊ! എത്ര മനോഹരം....എന്തായിത്? ലോകരാജാക്കന്മാരുടെ സമ്മേളനമോ? നമ്മളായിരിക്കും, അതിന്റെ അദ്ധ്യക്ഷന്‍...".. കൈയ്യില്‍ പിടിച്ചു വലിച്ചുകൊണ്ടു വന്ന ആള്‍ പറഞ്ഞു, "എന്ത് അദ്ധ്യക്ഷന്‍?   ഇത് മഹാബലിമാരുടെ മത്സരം ആണ്”.

“മഹാബലിമാരുടെ മത്സരമോ??എന്തു മത്സരം?നമുക്കു ഒന്നും മനസ്സിലായില്ലാല്ലോ?”


“അയ്യേ നിങ്ങള്‍ എവിടുത്തുകാരന്‍ കൂവാ? കഷ്ടംതന്നെ. ഈ മത്സരം എന്താന്നുവച്ചാ...  മഹാബലിമാരെ ക്കൊണ്ട് ലോകം നിറഞ്ഞു.  അവരെ തട്ടിമുട്ടി നടക്കാന്‍ വയ്യ. അപ്പോള്‍ നമ്മുടെ മുഖ്യന്‍, ജനങ്ങളുടെ സമാധാനത്തിനു വേണ്ടി ഇവറ്റകള്‍ക്കും ഒരു 'റിയാലിറ്റി ഷോ' (അതാണല്ലോ ഇന്നത്തെ കേരളം) നടത്തുന്നുവെന്ന് അറിയിച്ചു.  അതു കേട്ടതും, ലോകമെമ്പാടുമുള്ള മഹാബലികള്‍ വന്ന്  കേരളം നിറഞ്ഞു നില്ക്കുവാ....റിയാലിറ്റി ഷോയുടെ സെലക്ഷന്‍ റൌണ്ടാണ് ഇവിടെ നടക്കുന്നത്."
ഒന്നും മനസ്സിലാവാതെ, ആ പാവം ഒറിജിനലും കൂട്ടത്തില്‍ നിന്നു.  സെലക്ഷന്‍ റൌണ്ടില്‍ ആദ്യം പുറത്തായതും ഒറിജിനലദ്യേം തന്നെ.  ഒരുവിധം തിക്കിലും തിരക്കിലും നിന്നുമാറി ഒരു മരച്ചുവട്ടിലിരുന്നു ഒറിജിനല്‍ . 


ഔട്ടായി വന്ന വേറേ കുറെ മഹാബലിമാരും പലസ്ഥലത്തും താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.  ക്യാമറയും മൈക്കുമായി ഉടനെതന്നെ എത്തിയല്ലോ കുറെ കത്തികള്‍ ‍...
രോ മഹാബലിമാരോടും എന്തൊക്കെയോ ചോദിച്ച് ചോദിച്ച് അവര്‍ ഒറിജിനലിന്റെ അടുത്തെത്തി.  ചോദ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിച്ചു.

      കത്തി: "നമസ്കാരം, അങ്ങ് എത് കമ്പനിയെ അല്ലെങ്കില്‍ ഫീസിനെ, അതുമല്ലെങ്കില്‍ എന്തിന്റെ പ്രതിനിധിയായിട്ടാണ്  ഈ മാഹാബലി വേഷംകെട്ടി വന്നത്? ആരാണ് അങ്ങയുടെ സ്പോണ്‍സേഴ്സ്?"

ഒറിജിനല്‍ മഹാബലിയ്ക്ക് ചോദ്യം മനസ്സിലായില്ല.  ചെറിയ (വളിച്ച) ഒരു ചിരിയോടെ ചോദിച്ച ആളെ നോക്കി പറഞ്ഞു, "നമ്മള്‍ ഈ നാടിന്റെ പ്രതിനിധി, സ്പോണ്‍സേഴ്സ് ഇല്ല".


കത്തി പൊട്ടിച്ചിരിച്ചു, "നാടിന്റെ പ്രതിനിധിയോ?"


മഹാബലി, "അതെ, കേട്ടിട്ടില്ലേ? ആ പഴയ കഥ.. ..മാവേലി...വാമനന്‍....പാതാളം...
ണം...ആ കഥ..."

  ഇത്തവണ കത്തി വളിച്ച ചിരിയോടെ പറഞ്ഞു, "ക്ഷമിക്കണം, അതെല്ലാം പഴഞ്ചന്‍ കഥയല്ലേ മാഷേ?  കണ്ടില്ലേ ഇന്നത്തെ ഓണം? മഹാബലികളുടെ തിരക്ക്?"


    മഹാബലി: "അപ്പോള്‍
ണം?"

    കത്തി: "ഇന്നിപ്പോള്‍ ഇതൊക്കെത്തന്നെ
ണം, മനസ്സിലായില്ലേ?"

    മഹാബലി: "മനസ്സിലായി, മനസ്സിലായി,  നല്ലപോലെ മനസ്സിലായി... വേഷം കെട്ടലുകളും, കോപ്രായങ്ങളും, റിയാലിറ്റി ഷോകളും മാത്രമായി
ണം...എന്ന്."

ഇനിയും ചോദ്യങ്ങളെ നേരിടാന്‍ വയ്യാത്തകൊണ്ട് മഹാബലി അവിടെനിന്ന് പതുക്കെ നടന്നു.  പുറകില്‍ ‍, "ബെസ്റ്റ് മഹാബലിയെ" തിരഞ്ഞെടുക്കുന്ന തകര്‍പ്പന്‍ ബഹളവും കേട്ടുകൊണ്ട്...  പെട്ടെന്ന്, തണുത്ത സുഖമുള്ള ഒരു സ്പര്‍ശനം പുറകില്‍ ‍...തിരിഞ്ഞു നോക്കിയപ്പോള്‍ സുന്ദരചിരിയുമായി ആ കള്ളച്ചെറുക്കന്‍, വാമനന്‍, ബലിയുടെ കൈയ്യില്‍ പിടിച്ചു, "വരൂ, നമുക്കു നടക്കാം",
വാമനന്‍: "വിഷമമായി, അങ്ങേയ്ക്ക്, അല്ലേ? 
മഹാബലി: "എന്തിനു?"
വാമനന്‍: "സെലക്ഷനില്‍ ഒറിജിനലായ അങ്ങ് ഔട്ടായതില്‍ ‍"
മഹാബലി, "വിഷമം ഇല്ല എന്നു പറയാന്‍ പറ്റില്ല... അത് ഔട്ടായതിനല്ല...ഇന്ന് കേരളം, ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍ വയ്യാത്ത ഒരു അവസ്ഥയില്‍ ആയല്ലോ എന്നുള്ള ഒരു ദുഃഖം".


മഹാബലിയെ സമാധാനിപ്പിച്ചുകൊണ്ട് വാമനന്‍ പറഞ്ഞു, "അങ്ങ് വിഷമിക്കാതെ,ഞാന്‍ ഒരു സൂത്രം പറയാം, തൊട്ടപ്പുറത്ത് ഇത്രേം തന്നെ വാമനന്മാരും ഉണ്ട്.  അവിടെ ആദ്യം ഔട്ടായതേ, (ഒരു കള്ളച്ചിരിയോടെ) ഈ വാമനന്‍ ഒറിജിനലാണു കേട്ടോ.."


    "സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദുഃഖഭാരങ്ങളും പങ്കു വയ്ക്കാം..." എന്ന പാട്ട് പശ്ചാത്തലത്തില്‍ കേട്ടുകൊണ്ട് രണ്ടാളും നടക്കവേ വാമനന്‍ ബലിയോട് ചോദിച്ചു, "എന്തേ മഹാരാജന്‍, ഇപ്പോഴും കണ്ണുകളില്‍  ഒരു വിഷാദം? സാരമില്ലെന്നേ, അടുത്ത തവണ നമുക്കു നേരത്തേ എത്താം... നല്ല സ്പോണ്‍സേഴ്സിനെ കണ്ടെത്തി, അവരുടെ പരസ്യമോഡലുകളായി, നല്ല നല്ല ഷൂസും, കുടയും ആടയാഭരണങ്ങളും ഒക്കെയായി വന്ന് മത്സരിച്ചു ജയിക്കാം.  അങ്ങ് കേട്ടിട്ടില്ലേ, പരാജയം ജയത്തിന്റെ മുന്നോടിയെന്നൊക്കെ" വാമനന്‍ സമാധാനിപ്പിച്ചു.


മഹാബലി:"കിട്ടിയ അവസരത്തില്‍ കളിയാക്കിയ്ക്കോ, കളിയാക്കിയ്ക്കോ...കള്ളക്കുട്ടാ.... പണ്ടേ നീയെനിക്കിട്ട് പണിഞ്ഞവനല്ലേ...ങൂം? എന്റെ വിഷമം അതൊന്നും അല്ല മോനേ... ഇനി പത്ത് ദിവസം കഴിയാതെ പാതാളത്തിലേയ്ക്ക് പോകാന്‍ കഴിയില്ല." മഹാബലി നെടുവീര്‍പ്പിട്ടു.


    "അയ്യോ, അതെന്താ?"  വാമനനു ആകാംഷയായി.


  മഹാബലി, "അതേ, നമ്മള്‍ അവിടെയില്ലാത്ത പത്തുദിവസമാണ് അവിടെ അന്തപ്പുരശുചീകരണ ആഘോഷം... ആദിവസങ്ങളില്‍ ഒരു അണുവിനുപോലും ആ കെട്ടിടത്തിലേയ്ക്ക് പ്രവേശനമില്ല... അറിയില്ലേ വിന്ധ്യാവലിയുടെ സ്വഭാവം... വൃത്തി സമം വിന്ധ്യാവലി എന്നാണ് നമ്മള്‍ മനസ്സിലാക്കിയിട്ടുള്ളത്..."

    "സാരമില്ല, പത്തുദിവസം നമുക്ക് മഹാബലി റിയാലൊറ്റിഷോ ക്യാമ്പില്‍ പോയി അദൃശ്യരായി നിന്ന്, അവിടെ നടക്കുന്ന കോപ്രായങ്ങളൊക്കെ കണ്ട് പഠിക്കാം", വാമനന്‍ പറഞ്ഞു


   "അതെന്ത് പഠിക്കാനാ?" മഹാബലിക്ക് കൌതുകമായി..
    "ഉണ്ടല്ലോ... സെലക്ഷന്‍ കിട്ടിയവരെ കൊണ്ട്,   വിഷയത്തെക്കുറിച്ച് ഒരുധാരണയുമില്ലാത്ത കുറെ വിധികര്‍ത്താക്കള്‍   (എല്ലാപേരും അല്ല) ക്ഷ...ണ്ണ...ക്രാ...ക്രീ...വരപ്പിക്കുന്നത് കണ്ടുപഠിക്കാം... അല്ലെങ്കില്‍ ചിരിച്ച് ചിരിച്ച് നമുക്ക് ആയുസ്സുകൂട്ടാം... പിന്നെ ഒരിക്കല്‍ സെലക്ഷന്‍ കിട്ടിയവര്‍ ആ വഴി വരാത്തവണ്ണം അവരെ അവിടെയിരിക്കുന്ന കക്ഷികള്‍
ടിക്കുന്നതും കാണാം.  അപ്പോള്‍ സെലക്ഷന്‍ കിട്ടാത്തതില്‍ നമ്മള്‍ക്കും ഒരു ആശ്വാസം ഉണ്ടാവും."വാമനന്‍ പറഞ്ഞു ..

    "വേണ്ട വാമനാ...എനിക്ക് തിരികെ പോകണം, നമുക്ക് മത്സരമൊന്നും വയ്യ... എന്റെ സുന്ദര കേരളം, ദൈവത്തിന്റെ സ്വന്തം നാട്...മഹാബലിമാരെക്കൊണ്ടും വാമനന്മാരെക്കൊണ്ടും റിയാലിറ്റി ഷോകളേക്കൊണ്ടും മത്സരങ്ങളേക്കൊണ്ടും... കള്ളവും ചതിയും പൊള്ളത്തരങ്ങളേക്കൊണ്ടും.... എല്ലാം സഹിക്കവയ്യാതെ നട്ടംതിരിയുന്നതു... നമുക്ക് കാണാന്‍വയ്യ...പോകണം തിരികെ ഇപ്പോള്‍തന്നെ" മഹാബലി പറഞ്ഞു.
    വാമനന്‍, "അപ്പോള്‍ വിന്ധ്യാവലി?"


    "സാരമില്ല, പത്തുദിവസം അല്ലേ? പാതാളം എല്ലാം കറങ്ങി നടന്നന്നൊന്നു കണ്ടേക്കാം...ഇത്തവണത്തെ എന്റെ
ണം അവിടെ പാതാളത്തിലാവട്ടേ..." മഹാബലി തീരുമാനിച്ചുറച്ച് പറഞ്ഞു .

    "എന്നാല്‍ ഇത്തവണ ഞാനും കൂടി വരാം പാതാളത്തിലേയ്ക്ക്", വാമനന്‍ ഉത്സാഹിയായി...


    ഒരു സുന്ദര കേരളം സ്വപ്നം കണ്ട് മഹാബലി, വാമനന്റെ കൈയില്‍ പിടിച്ചു സന്തോഷത്തോടെ പാതാ
ളത്തിലേക്ക് നടന്നു...

ബാല്യത്തിലെ എന്റെ ഓണം – ഒരു ഓര്‍മ്മ.


എനിക്കന്ന് 10 വയസ്സ്. ഞാന്‍ വടുതല സ്കൂളിലും ഹേമയും ഉമയും രാധമോനും ഞമനേങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ആണ് പഠിച്ചിരുന്നത്. കാലത്ത് ഞങ്ങള്‍ ചേച്ചിയുടെ കൂടെ ഇറങ്ങിയാല്‍ അര നാഴിക ദൂരെയുള്ള കണ്ടമ്പുള്ളി സ്കൂളിലേക്ക് അവരൊക്കെ കയറുമ്പോള്‍ ഞാന്‍ ചേച്ചിയെ ചീത്ത വിളിക്കും. അവിടെ നിന്നും വടുതല സ്കൂളിലേക്ക് ഇനിയും രണ്ടര നാഴിക നടക്കണം. അതും ചളിയും ചേറും നിറഞ്ഞ തോട്ടില്‍ കൂടി.

ഞമനേങ്ങാട്ടെ തറവാട്ടില്‍ ഞങ്ങളെ കൂടാതെ സമപ്രായക്കാരായ എടക്കഴിയൂരില്‍ നിന്ന് പാറോതി അമ്മായിയുടെ മകന്‍ രാമകൃഷ്ണനും, മാങ്കയം അമ്മായിയുടെ മകള്‍ ഭാനുവും, പിന്നെ നൊട്ട്യമ്മായിയുടെ മകള്‍ ലക്ഷ്മിയും ഓണത്തിന് വിരുന്ന് വന്നിട്ടുണ്ട്. പിന്നെ കളിക്ക്കൂട്ടുകാരായ വാളംകാട്ടെ മോഹനനും, പുഷ്പയും പിന്നെ തെക്കേലെ ഫാത്തിമയും സൈനാബിയും ഒക്കെ ഉണ്ട്.

തറവാട്ടിലെ മൂത്ത സന്തതിയായ കുട്ടാപ്പുട്ടിയെന്ന കൃഷ്ണന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്തതിയായ എനിക്കാണ് കാരണവര്‍ സ്ഥാനം. എന്റെ പിതാവ് വര്‍ഷത്തിലൊരിക്കലാണ് സിലോണില്‍ നിന്ന് വരിക. പിന്നെ പാപ്പനാണ്. മൂപ്പര്‍ വരിക അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ പിന്നെ ചെറിയമ്മ ഒന്നുംകൂടി പെറും. എന്നിട്ട് കുട്ടിയെ നല്ലവണ്ണം ലാളിച്ച് കൊതി തീ‍ര്‍ന്നേ തിരിച്ച് പോകുകയുള്ളൂ..

ബാല്യത്തിലൊക്കെ ഓണമെന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ഓണ്‍ക്കോടിയാണ്. പിന്നെ നേന്ത്രപ്പഴവും. അത്തം മുതല്‍ ഓണം വരെയും അത് കഴിഞ്ഞ് നാലോണം വരെയും വിഭവസമൃദ്ധമായ സദ്യ തന്നെ.

ഹേമ, ഉമ, രാധമോന്‍ എന്നിവര്‍ അമ്മായിയുടെ മക്കളാണ്. അവരുടെ വീട് മുല്ലശ്ശേരിയിലാണെങ്കിലും അവര്‍ ചെറുപ്പകാലം ജീവിച്ചിരുന്നത് അവരുടെ അമ്മവീടായ എന്റെ തറവാട്ടിലായിരുന്നു. അതിനാല്‍ അവരെ കളിക്കൂട്ടുകാരായിത്തന്നെ കണ്ട് പോന്നു. എന്റ് അഛമ്മ്ക്ക് എന്നേക്കാളും വാത്സല്യം അവരോടായിരുന്നു.

പിന്നെ എന്റെ ചെറുപ്പത്തില്‍ ആ വീട്ടില്‍ പാരനും ദാസേട്ടനും ഉണ്ടായിരുന്നു. അവരും അമ്മായിമാരുടെ കുട്ട്യോളായിരുന്നു. അവര്‍ മുതിര്‍ന്ന് ഏട്ടന്മാരായിരുന്നു. അവര്‍ ചിലപ്പോള്‍ എന്നെ തോളിലേന്തി പാടത്തും തോട്ടിലും കൂടി എടുത്ത് കൊണ്ടുപോകുമായിരുന്നു ഞാന്‍ മൂന്ന് നാല്‍ വയസ്സ് ആകുന്നത് വരെ.

ഓണത്തിനുമുന്‍പായി പല ആചാരങ്ങളുണ്ടെങ്കിലും എനിക്ക് ഓര്‍മ്മ വരുന്നത് തിരുവോണത്തിന് ഏതാനും ദിവസം മുന്‍പ് പണിക്കരുടെ വീട്ടില്‍ നിന്ന് പണിക്കരുടെ അമ്മയും പിന്നെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും കൂടി ഓണത്തിന്റെ ഓല കൊണ്ട് വന്ന് അഛമ്മയുടെ കയ്യില്‍ കൊടുക്കും. അഛമ്മക്ക് എഴുത്തും വായനയും കാര്യമായി അറിയാത്ത കാരണം കൊണ്ടുവന്ന ഓല അവരെക്കൊണ്ട് തന്നെ വായിപ്പിക്കും.

കൊണ്ട് വന്ന ഓല വായിച്ച് അവര്‍ പറയും ഇന്ന ദിവസം ഉത്രാടം, തിരുവോണം എന്നൊക്കെ. പിന്നെ മംഗളകരമായ മറ്റു കാര്യങ്ങള്‍ ചിങ്ങമാസത്തില്‍ ചെയ്യാന്‍ പറ്റിയ ദിവസങ്ങളും മറ്റും. പണിക്കര്‍ കുടുംബത്തിന്‍ അഛമ്മ ഓണക്കോടിയും പണവും നല്‍കും.

ഇല്ലം നിറയോട് കൂടിയാണെന്ന് തോന്നുന്നു ഓണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക ഞാന്‍ പിറന്ന വെട്ടിയാട്ടില്‍ തറവാ‍ട്ടില്‍. ഞങ്ങളെ തറയില്‍ എന്ന വിളിപ്പേരിലാണ് അധികം അറിയപ്പെടുക. തറേലെ കാളി അമ്മായി എന്ന് പറഞ്ഞാല്‍ എന്റെ അഛന്റെ അമ്മയാണ്. ആ നാട് മുഴുവന്‍ ഭരിക്കാന്‍ കെല്പുള്ള സ്ത്ര്രീയായിരുന്നു കാള്യമ്മായി. മുസ്ലീങ്ങള്‍ കാളിത്തള്ള എന്ന് വിളിക്കും.

ഇരുപ്പൂ പണിയുന്ന പാടത്തിന്റെ നടുവില്‍ വളരെ വിസ്തൃതിയില്‍ കിടക്കുന്ന ഒരു തറയിലായിരുന്നു എന്റെ തറവാട്. അവിടെ കളരി തറയും ഉണ്ടായിരുന്നു. എന്റെ പിതാമഹന്‍ [അഛന്റെ അഛന്‍] കടത്തനാട്ടെ വീരപോരാളിയായിരുന്നു. തണ്ടാന്‍ സ്ഥാനം കൊടുത്ത് ഈ നാട്ടില്‍ വാഴിക്കപ്പെട്ടതാണ്. ഞങ്ങളുടെ മൂല കുടുംബം കടത്തനാട്ടാണാണെന്ന് പഴമക്കാര്‍ പറയുന്നു.

ഞങ്ങളുടെ തറവാട് ആ നാട്ടില്‍ വെച്ച് ഏറ്റവും വലുതായിരുന്നു. കളിമണ്ണുകൊണ്ട് പണിത ചുമരുകളും ഓല മേഞ്ഞതുമായിരുന്നു. ആ നാട്ടില്‍ എല്ലാം ഓലപ്പുരകളായിരുന്നു. ചുറ്റും ഉമ്മറവും, വടക്ക് ഭാഗത്ത് ഒരു തളത്തോട് കൂടി അല്പം മാറിയുള്ള അടുക്കളയും, പിന്നെ മൂന്ന് നിലകളും ഉണ്ടായിരുന്നു.

തറവാട്ടിന്റെ മുഖം കിഴക്കോട്ടാണെങ്കിലും അഛമ്മ എപ്പോഴും ഇരിക്കുക വടക്കോറത്താണ്. അവിടെ തളത്തില്‍ അഛമ്മക്ക് കിടക്കാന്‍ ഒരു കട്ടിലും അതിന്നടുത്ത് ചെല്ലപ്പെട്ടിയും, മുറുക്കിത്തുപ്പാനുള്ള കോളാമ്പിയും കാണും എപ്പോഴും. ഈ തളവും അടുക്കളയും പ്രധാന പുരയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. തളത്തില്‍ നിന്ന് ഒരു ഇടനാഴികയില്‍ കൂടി പ്രധാന പുരയിലേക്ക് പ്രവേശിക്കാം. ആദ്യം കാണുന്നത് വലത്ത് ഭാഗത്തുള്ള മച്ചാണ്. പിന്നെ നേരെ പോയാല്‍ വലത്ത് ഭാഗത്ത് അറ ആണ്. അവിടെ പത്താഴത്തിന്‍ പകരം കൂറ്റന്‍ നെല്ല് സംഭരണി ഉണ്ട്. അതിന്റെ മുന്നില്‍ ചെമ്പും ചരക്കും വെക്കും.

ഞങ്ങളുടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ചെമ്പും ചരക്കും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് കൊണ്ട് പോകുക. വാടക വാങ്ങിക്കുന്ന പതിവില്ല. ചിലര്‍ ഒരു കെട്ട് പപ്പടം കൊണ്ട് വന്ന് തരും. വലിയൊരു സദ്യക്കുള്ള എല്ലാ പാത്രങ്ങളും ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു.


അങ്ങിനെ ആദ്യം വരുന്ന ഇല്ലം നിറയാണ് എന്റെ മനസ്സില്‍ വരുന്നത്. ഞാന്‍ തെക്കേ കുളത്തില്‍ പോയി കുളിച്ച് ഈറനോടെ വന്ന് കിഴക്കേ മുറ്റത്ത് നിന്നാല്‍ അഛമ്മ വടക്കേ പാടത്ത് പോയി ഒരു കറ്റ നെല്ല് കൊയ്ത് കെട്ടിക്കോണ്ട് വരും. ആ കറ്റ എന്റെ തലയില്‍ വെച്ച് തരും. പിന്നെ എന്നെ വീട്ടിന്‍ ചുറ്റും നടത്തു. നടക്കുമ്പോള്‍ “ ഇല്ലം നിറ, വട്ടി നിറ പത്തായം നിറ” എന്ന് പറയിപ്പിക്കും.

പിന്നെ ഒരു പിടി നെല്‍ക്കതില്‍ ചാണകം കൊണ്ട് കൂട്ടിപ്പിടിച്ച് പ്രധാന വാതിലിന്റെ കട്ടിളയില്‍ വെച്ച് പിടിപ്പിക്കും. അരിമാവില്‍ മുക്കിയ കൈപ്പത്തി വാതിലിന്മേല്‍ ഒപ്പുന്നതും കാണാം. അത് ഇല്ലം നിറക്കാണോ എന്ന് എനിക്കോര്‍മ്മ വരുന്നില്ല.

പിന്നെ കിഴക്കെ മുറ്റത്ത് ചാണം മെഴുകിയ കളത്തില്‍ തൃക്കാക്കര അപ്പനെ വെച്ച് പൂജിക്കും നിത്യവും കാലത്ത്. തൊട്ടടുത്ത് തന്നെ പൂക്കളമിടാന്‍ കോച്ചു എളേമ ശേഷിച്ച മുറ്റം മുഴുവന്‍ ചാണകം മെഴുകി തരും.

ഞങ്ങള്‍ വട്ടികളെടുത്ത് പൂ പറിക്കാനുള്ള തിരക്കിലായി പിന്നെ. തോട്ടത്തിലുള്ള മന്ദാരം, നന്ദ്യാര്‍വട്ടം, ചെമ്പരത്തി, ചെത്തി, കോളാമ്പി മുതലായ പൂക്കളറുത്ത ശേഷം തൊടിയില്‍ നിന്ന് തുമ്പപ്പൂവും മുക്കുറ്റിയും ശേഖരിക്കും. അത് കഴിഞ്ഞ് പാടത്തേക്ക് ഒറ്റ ഓട്ടമാണ്.

പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.

പക്ഷെ തൃക്കാക്കരപ്പനെ പൂജിച്ച്തിന് ശേഷം ആറപ്പ് വിളിച്ച് കഴിഞ്ഞാണ് ഞങ്ങള്‍ അകത്തേക്ക് വരിക. അപ്പോള്‍ അടുക്കളത്തളത്തില്‍ ചായയും പലഹാരവും തയ്യാറായിട്ടുണ്ടാകും. എല്ലാവരും നിരന്നിരിക്കും. ആദ്യത്തെ പന്തിയില്‍ ഞങ്ങള്‍ കുട്ടികളിരിക്കും, പിന്നെ വീട്ടുകാര്‍ അവസാനം പണിക്കാര്‍. എല്ലാവരും ഭക്ഷണം കഴിക്കുന്നത് ഒരിടത്ത് തന്നെ.

വിശേഷങ്ങള്‍ക്ക് എല്ലാരും ഒത്ത് കൂടി ഭക്ഷണം കഴിക്കുന്നതും, കുളത്തില്‍ കുളിക്കാന്‍ പോകുന്നതും രസകരമാണ്. രാത്രി ഉറക്കവും ഒന്നിച്ച് തന്നെ. ചേച്ചി എന്ന് തട്ടിന്‍ മോളിലെ മുറിയിലാണ് ഉറക്കുക. ചേച്ചിയും അവിടെ തന്നെ ഉറക്കം. പക്ഷെ ഓണം പോലെയുള്ള ആഘോഷങ്ങളില്‍ ഞാന്‍ എല്ലാരുടേയും കൂടെ തളത്തിലാണ് ഉറക്കം.

അത്തം പത്ത് ഓണമെന്നല്ലേ ചൊല്ല്. അങ്ങിനെ ഉത്രാടമെത്തിയാല്‍ കുടിയാന്മാരും അയലത്തുകാരും, നായാടി, പാണന്‍, പറയന്‍ മുതലായവര്‍ കാഴ്ചദ്രവ്യങ്ങളുമായി വരും. ചിലര്‍ നേന്ത്രക്കായ, ചിലര്‍ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക മുതലായവയും, മറ്റുള്ളവര്‍ വട്ടി, കലം, മുറം, കൊട്ട തുടങ്ങിയ സാധനങ്ങളും, നായാടിമാര്‍ കന്നുകാലിക്ക് കഴുത്തില്‍ കെട്ടാനുള്ള വട്ടക്കയറും മറ്റുമായി മുറ്റം നിറയെ വരിവരിയായി നില്‍ക്കും.

അച്ചമ്മ അവര്‍ക്ക് ഓണപ്പുടവയും അരിയും മറ്റു ഓണവിഭവങ്ങളും നല്‍കും. നായാടിമാര്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കും. സന്തോഷത്തോടെ കാഴ്ചവെക്കുന്ന എന്തുവിഭവങ്ങളും ഞങ്ങളുടെ തറവാട്ടുകാര്‍ സ്വീകരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ഓണത്തിന് എന്തെങ്കിലും കൈപറ്റുവാന്‍ പലര്‍ക്കും ഇഷ്ടമാണ് എന്നാണ് പറഞ്ഞ് കേള്‍ക്കാറ്.

അങ്ങിനെ ഉത്രാടനാളില്‍ ചെറിയമ്മയുടെ വീട്ടില്‍ നിന്ന് ഒരു വാല്യക്കാരന്‍ കാവിന്മേല്‍ രണ്ട് വലിയ കാഴ്ചക്കുല കൊണ്ട് വന്ന് തെക്കേ ഉമ്മറത്ത് കെട്ടും. അത് കൊല്ലാ‍ കൊല്ലം നടക്കുന്ന ഒരാചാരമായിരുന്നു. ഞങ്ങളുടെ പറമ്പില്‍ നേന്ത്രക്കായ ധാരാ‍ളം വിളയുമെങ്കിലും ചെറിയമ്മയുടെ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന നേന്ത്രക്കുല കാഴ്ചയിലും രുചിയിലും മുന്‍പന്തിയിലായിരുന്നു.

തിരുവോണനാളില്‍ പരദേവതകള്‍ക്കും മരിച്ചുപോയ കാരണവന്മാര്‍ക്കും വീത് വിളമ്പിയതിന് ശേഷമേ കുടുംബത്തില്‍ ആരും ഭക്ഷിക്കൂ. ഞാന്‍ ആയിരികും വീത് വിളമ്പിക്കൊടുക്കുന്നത്. മച്ചിന്റകത്ത് പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്തായിരിക്കും വീത് വെക്കുക. അച്ചമ്മ പറയും മണ്മറഞ്ഞ കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് വീത് വിളമ്പണമെന്ന്. കുട്ടിയായ എനിക്ക് അതൊക്കെ ഒരു അനുഭവമായിരുന്നു.

ചെറിയ പൂജയോടെ വീത് വിളമ്പി വെച്ചിരിക്കുന്ന മച്ച് അടച്ച്, കുറച്ച് നേരം പുറത്തിരിക്കും. എന്നിട്ട് വാതില്‍ തുറന്ന് വിളമ്പിയ വിഭവങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കുന്നു. അവിടെ നിന്ന് പിന്നീട് തിരുവോണ സദ്യ ആരംഭിക്കുകയായി.


സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില്‍ തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില്‍ നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന്‍ ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില്‍ തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.


കായ വറുക്കലെല്ലാം ചേച്ചി തന്നെയാണ് ചെയ്യുക. കുറച്ച് എടുത്ത് വെക്കും. അഛന്‍ കൊളമ്പില്‍ നിന്ന് വരുമ്പോള്‍ കൊടുക്കും. വിശേഷപ്പെട്ടതും സൂക്ഷിച്ചുവെക്കാവുന്നതെന്തും ചേച്ചി അഛന്‍ വേണ്ടി എടുത്ത് വെക്കാറുണ്ട്. ചേച്ചിക്ക് അഛനെ വലിയ സ്നേഹമായിരുന്നു. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിച്ച് പോന്നത്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വന്നത്.

ഓണമുണ്ട് എല്ലാരും വട്ടന്‍ പാടത്തെ പീടിക മുറ്റത്തും, തേക്കെ പറമ്പിലും ആളുകള്‍ പകിട കളിക്കുന്നതും മറ്റും കാ‍ണാന്‍ പോകും ചിലപ്പോള്‍. പിന്നെ പടിഞ്ഞാറെ മുറ്റത്ത് പുളിമരത്തിലും, മയില്പിരിയന്‍ മാവിലും കെട്ടിയിട്ടുള്ള ഊഞ്ഞാലില്‍ ആടിക്കളിക്കും. പാപ്പനുണ്‍ടെങ്കില്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിന്മേലും ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരും.

എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഓര്‍മ്മിക്കാന്‍ ഒട്ടനവധി കാര്യങ്ങളുമായി അത്തരമൊരു ഓണം ഞാന്‍ പിന്നീട് ആസ്വദിച്ചിട്ടില്ല.


അക്ഷരത്തെറ്റുകളുണ്ട്. പെട്ടെന്ന് തന്നെ ശരിപ്പെടുത്താം.




Wednesday, August 18, 2010

മാവേലി കണ്ട ആൽത്തറ.

രംഗം ഒന്ന് :..
(യവനിക ഉയരുമ്പോള്‍ ബ്ലോഗർ..കുമാരന് ..ഒരു വിളംബരം അറിയിക്കുന്നു)
വള്ളി ട്രൌസറും പുള്ളിക്കുപ്പായവും വേഷം ....കഴുത്തിൽ തൂക്കിയിട്ട ഒരു വലിയ തകിൽ

കുമാരന്: ഡും... ഡും.... ഡും.... മാന്യ മഹാ ജനങ്ങളെ. (പിന്നണിയിൽ വേണമെങ്കിൽ വിനീത് ശ്രീനിവാസന്റെ മലർവാടിക്കൂട്ടത്തിലെ പാട്ടും കേറ്റാം) ബൂലോകത്തിലെ ആശയ ദാരിദ്ര നാരായണന്മാരെ, മിനിറ്റിനു മിനിറ്റിനു പോസ്റ്റിടുന്ന കുത്തക മുതലാളിമാരെ, പെൺ പോരാളികളെ, കവിതാ പ്രാന്തമ്മാരെ, പ്രാന്തികളേ,
അനോണികളെ, സനോണികളെ, കുടുംബം കലക്കികളേ.. ഒരു സന്തോഷ വാർത്ത. ബൂലോകത്തിലും ഓണം വരുന്നു ..
(ഇതിനിടയിൽ മൂക്കിൽ നിന്നൊലിപ്പിച്ച് ഒരു പയ്യൻ കടന്നു വരുന്നു കൂതറ ഹാഷിം .)
ഹാഷിം: അണ്ണാ...ഈ ഓണം വരുന്നത് ട്രൈനേലോ അതോ വിമാനത്തിലോ..
കുമാരന്: പോടെ പോടെ ....കൊല്ലക്കുടീൽ സൂചി വിൽക്കാൻ വരുന്നോ ..കണ്ട ചളി കോമഡീം കൊണ്ട് വന്നിരിക്കുവാ...പൊയേ പോയെ...
ഹാഷിം: അല്ല കുമാരണ്ണാ....ഇനി..ഈ ഓണം വന്നാൽ നമ്മക്ക് കമ്മന്റിടാൻ പറ്റൂല്ലെ അണ്ണാ..?
കുമാരന്: കമന്റൊക്കെ മാവേലി സ്റ്റോറു വഴി ഇട്ടോടെ ..നിനക്കും, ശ്രീക്കും, കോനു മഠത്തിനും ഒക്കെ തീറെഴുതി തന്നെക്കുവല്ലെ ബൂലോകത്തിലെ പൊതു കമന്റ് വിതരണ സമ്പ്രദായം . ചെറിയവിലയ്ക്ക് ഓണത്തിനു കമന്റു എഴുതിക്കോണം ....സമയം മെനക്കെടുത്തല്ലെ നാളെ കാലത്ത് ബൂലോക മാവേലി എഴുന്നള്ളുകയാ..അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യണം ..ബൂലോക തറവാട്ടിലെ ആൽത്തറ കുടുംബത്തിലാ ആദ്യ സന്ദർശ്ശനം.
ഹാഷിം: അതു ശരി ...അപ്പൊ മാണിക്ക്യാമ്മ ഉണ്ണിയപ്പവും സദ്യയും ഒക്കെ ഒരുക്കി വച്ചിട്ടൂണ്ടാകുമല്ലോ അല്ലെ എന്നാപ്പിന്നെ ഇന്നവിടേക്കു തന്നെ ...എനിക്കു വയ്യ ...ഒന്നു ഇരുന്നു തൂറി വയറൂ കാലിയാക്കണം .എന്നിട്ടു വേണം വയറു .നിറച്ചും കഴിക്കാൻ.
കുമാരന്: എന്നാൽ വേഗം പോകാൻ നോക്ക് അവിടെ വല്ല സഹായത്തിനും ആളു വേണ്ടി വരും പിന്നെ പോകുമ്പൊ ഒരു ചാക്ക് കമന്റ് കൊണ്ടുപോയ്ക്കോ മാവേലിക്ക് കമന്റ് പുഴുങ്ങീയതു നല്ല ഇഷ്ടമാണെന്നു പറയുന്ന കേട്ടിരുന്നു.
ഹാഷിം : എന്നാപ്പിന്നെ ഒന്നല്ല രണ്ടൂ ചാക്ക് കമന്റെടുക്കുന്നുണ്ട് അവയിലും പുഴുക്കും ഒക്കെ കമന്റു കൊണ്ടൂ തന്നെ ഉണ്ടാക്കാം...(കൂതറ ഓടിപ്പോകുന്നു)
കുമാരന്: നീ അധികം നെഗളിക്കേണ്ട കമന്റുകൾ നീ വേണ്ടാത്തെടുത്തു ഉപയോഗിക്കുന്നുണ്ടെന്നും അഴിമതി കാണിക്കുന്നുണ്ട് എന്നും ഉള്ള പരാതികൾ മാവേലിക്കു കീട്ടീയിട്ടൂണ്ട്.
കുമാരന്: ഡൂം ...ഡൂം ..ഡും....മാന്യമഹാജനങ്ങളെ ബൂലോകത്ത് മാവേലി എഴുന്നള്ളൂന്നേ...(ഇട വഴിയിൽ ക്കൂടി കുമാരൻ നടന്നു നീങ്ങൂമ്പോൾ ...വാഴക്കൂട്ടത്തിലൊരനക്കം...കുമാരൻ ഒരു നിമിഷം നിൽക്കുന്നു .. എങ്ങുനിന്നോ ഒരു കഥകളി പദം ഉയർന്നു വരുന്നു
ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം
ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം
വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം
വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം
(വാഴക്കൂട്ടത്തിൽ നിന്നും കേളി കഴിഞ്ഞ് ചെറിയനാടൻ കഥകളി വേഷത്തിൽ മുന്നിൽ ചാടി....കുമാരൻ അതേ സ്പോട്ടിൽ പിന്നിലേക്കു മറിഞ്ഞു വീണു.)
കുമാരന്: എന്തോന്നാടെ ഇത് ...
ചെറിയനാടൻ: ഹ അല്ല ഇതാരു കുമാരനോ
കുമാരന്: അല്ല നിന്റെ അമ്മൂമ്മേടെ നായര്..പോടെ മനുഷ്യനെ പേടിപ്പിച്ചിട്ടൂ കുശലം ചോദിക്കുകയാ
ചെറിയനാടൻ: അതു ഞാൻ കഥകളിയുടെ ഒരു സ്റ്റപ്പ് ഏടുത്തതല്ലെ...മാഷേ...
കുമാരന്: പിന്നെ വാഴക്കൂട്ടത്തിലല്ലെ നിന്റെ കഥകളി
ചെറിയനാടൻ : അതൊന്നും പറയേണ്ടെന്റെ കുമാരാ..ആ ബിന്ദു കെ പി യുടെ അടുക്കളയിൽ ഒന്നു കേറിയതാ...
കുമാരന്: അയ്യേ....നീ എന്തിനാ ഈ വൃത്തികെട്ട ഏർപ്പാടിനൊക്കെ പോയേ..
ചെറിയനാടൻ: അല്ലെടേ... അടുക്കളത്തളം എന്ന ബ്ലോഗിൽ കേറിയ സംഗതിയാ ഞാൻ പറഞ്ഞേ
കുമാരന്: കോപ്പ് ഒരു പോസ്റ്റിന്റെ വകുപ്പു കളഞ്ഞൂ.എന്നിട്ട് പറ
ചെറിയനാടൻ: എടാ... പുളിയിഞ്ചി ഒന്നു പരീക്ഷിച്ചതാ...കക്കൂസ് നിറഞ്ഞു അതാ കഥകളി വാഴത്തോട്ടത്തിലേകു മാറ്റിയേ...
കുമാരന്: എന്തായാലും നാളെയാ ബൂലോകമാവേലി ആൽത്തറ കുടുംബത്തിലേക്ക് വരുന്നത്..നാളേ കാലത്തെ എത്തിക്കോളണം..
ചെറിയനാടൻ:...എത്താമേ... അയ്യോ...വീണ്ടും ശങ്ക തുടങ്ങി....കുമാരാ അപ്പൊ പറഞ്ഞ പോലെ അടുത്ത കേളി കൊട്ടിനു നേരമായി ....(ചെറിയനാടൻ വയറൂം തടവി കഥകളി പദം ചൊല്ലി വാഴത്തോട്ടത്തിലോട്ടു മറഞ്ഞൂ)
ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം
ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം
വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം
വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം
കുമാരന്: അതേ ..കളി നിന്നില്ലെങ്കിൽ സ്നഗ്ഗി വാങ്ങി കെട്ടീട്ടൂ വന്നാൽ മതി നാളെ വെറുതെ നാറ്റിക്കരുത്...
കുമാരൻ പാടവരമ്പിലൂടെ അകലുന്നു.ഈ സ്മയം അകലെ നിന്നും ഒരാക്രിക്കാരന്റെ വിളി പോലെ ഒരു ശബ്ദം ഉയർന്നു വരുന്നു

ലൈവ് സ്ട്രീമിംഗ് നടത്താനുണ്ടോ ലൈവ് സ്റ്റ്ട്രീമിംഗ്... ലൈവ് സ്ട്രീമിംഗ് നടത്താനുണ്ടോ ലൈവ് സ്റ്റ്ട്രീമിംഗ്.....
കയ്യിലൊരു ലാപ് ടോപ്പും വെബ് ക്യാമറയുമായി ഒരു കണ്ണില്ലാത്ത ഒരു രൂപം വരമ്പത്തൂടെ നടന്നു വരുന്നു ...കുമാരൻ ഇതു കണ്ട് പേടിച്ചു തിരിഞ്ഞോടുന്നു.. ഇതു കണ്ട രൂപം ...പിന്നാലെ ഓടുന്നു
കുമാരന്: എന്റമ്മേ....പ്രേതം വരുന്നേ പ്രേത്രം ....പ്രേതമെ എന്നെ ഒന്നും ചെയ്യല്ലേ,,,,ഞാനിനി ബ്ലോഗ്ഗിൽ കോമഡി എഴുതില്ലേ.....(ഓട്ടത്തിനിടയിൽ കുമാരൻ ഒരു കല്ലു തട്ടി വീഴുന്നു). ഇതിനിടെ ആ രൂപം കുമാരനെ കേറിപ്പിടിക്കുന്നു ...കമാരന്‍ അവസ്മാരം കേറിയ പോലെ നിന്നു വിറയ്കുന്നു
കുമാരൻ: ആരാ..?
രൂപം മെല്ലെ മുന്നിലേക്കിട്ട മുടി അന്യൻ സ്റ്റൈലിൽ കോതി പിന്നോട്ടെടുത്തു...ഇതു ഞാനാടെ മുള്ളൂക്കാരന്...നീ എന്തിനാ ഓടിയെ..?

കുമാരന്: നിനക്കീ മുടിയും താടിയും ഒന്നു വടിച്ചൂടെ ...ഇന്നാരെയാണാവോ കണികണ്ടത് പേടിച്ചു പേടിച്ചു മനുഷ്യൻ ഇല്ല്ലാതായി ..കോപ്പ്. അല്ല നീ എന്താ...ഈ ലാപും ക്യാമറയുമൊക്കെയായി ..?
മുള്ളൂക്കാരന്.: അതു ഞാൻ വല്ല ലൈവ് സ്ട്രീമിങും ഒപ്പിക്കാൻ പറ്റുമോന്ന് നോക്കുകയാ...
നിന്നെ കാണാനാ ഞാൻ നിൽക്കുന്നെ...നിന്റെ ബ്ലോഗിലെ മാച്ച് ഫിക്സിങ്ങ്
എന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നില്ലെ അതു പോലെ വല്ല മാച്ച് ഫിക്സിംഗും ഉണ്ടെങ്കിൽ പറയണേ... ലൈവായി ബ്ലോഗിൽ കാണിക്കാനാ...
കുമാരന്: പിന്നെ എനിക്കതല്ലെ പണി .അതു പോട്ടേ .അതെന്താ നിന്റെ ബ്ലോന്ത ഇങ്ങനെ ചളുങ്ങിയിരിക്കുന്നേ..?.
മുള്ളൂക്കാരന്.: കഴിഞ്ഞ മീറ്റിനു പോയതിന്റെ തലേന്ന് അപ്പുറത്തെ വീട്ടിൽ ഒരു പ്രാക്റ്റീസിനു ലൈവു സ്റ്റ്ട്രീമിങ്ങ് നടത്തിയതാ...
ഒടുക്കം നാട്ടുകാരു പിടിച്ചു ..ആ സ്ട്രീമിങാ ഇത് ...
കുമാരന്:: ഏതായലും നീ ഒരു കാര്യം ചെയ്യൂ....നാളെ രാവിലെ ഈ കുന്തോം കുടച്ക്രവും ഒക്കെയായി ആൽത്തറയിലോട്ടു വാ..അവിടെ നാളെ മാവേലി വരുന്നുണ്ട്...അതു നീ സ്ട്രീമിക്കോ....
മുള്ളൂക്കാരന്.: ഹൊയ്യാ..ഹൊയ് ഹാ ...ഹൊയ്യാ ഹൊയ് ഹാ...
കുമാരന്:.. ഡെ...എന്തോന്നാടെ ഇത്.. മതിയടെ മതി ..നിർത്ത് ..നിർത്ത് ...എത്രയായാലും വന്ന വഴി മറക്കൂല്ല അല്ലെ നീ ...കണ്ണൂരു കാരെ പറയിപ്പിക്കാൻ ...ഡെ ,ഈ ഹൊയ്യാരെ ഹൊയ്യാ ഒക്കെ അങ്ങ് നിന്റെ കുടീലു മതി കെട്ടോ മൂപ്പന്റെ അടുത്തു. .ഇവിടെ വേണ്ടാ.. കഴിഞ്ഞ മീറ്റിലെപ്പോലെ ഇതെങ്ങാൻ വർക്കാവാണ്ടിരുന്നാൽ എല്ലാം കൂടി വലിച്ചു പറിച്ചു ഞാൻ തോട്ടീക്കളയും പറഞ്ഞേക്കാം...
ആ..
മുള്ളൂക്കാരന്.: ഉത്തരവ്..എന്നാ അടിയൻ പോയ്ക്കോട്ടേ...
കുമാരന്: എന്നാൽ പറഞ്ഞതു പോലെ . ഒകെ.
മുള്ളൂക്കാരന്.: ഒകെ ..പോകുമ്പോൾ കുമാരനെ തിരിഞ്ഞൂ നിന്ന് കൊഞ്ഞണം കുത്തുന്നു.

കുമാരന്: പാടവരമ്പിലൂടെ നടന്നു നീങ്ങുന്നു ...ഈ സമയത്താണ്. പാടവരമ്പിൽ തനിച്ചിരുന്നു ഒരു പുല്ലു പറിച്ച് വായിലിട്ടൂ ചവച്ച് ഓർമ്മക്കൾ അയവിറക്കുന്ന ഡോണ മയൂരയെ കണ്ടത് ..
കുമാരന്: ഹായ് ഡോണ..(ലേഡീസ് പണ്ടേ വീക്ക്നസ്സായ കുമാരൻ പഞ്ചാരയൊലിപ്പിച്ചു അടുത്തു ചെന്നു )
അറിഞ്ഞില്ലെ വിശേഷം...നാളെ മാവേലി വരുന്നു ആൽത്തറയിൽ
ഡോണ: (മുഖത്ത് യാതൊരു വികാരവും ഇല്ലാതെ)
ഓണം
മാവേലി
ആൽത്തറ
കുമാരൻ
ബൂലോകം ..

കുമാരന്: ഇതെന്താ കൊച്ചേ നീ ഈ പച്ചക്കറി ലിസ്റ്റു പോലെ ഓരോന്നു പറയുന്നേ...?
ഡോണ: പച്ചക്കറി
പച്ച
കറി
തക്കാളി
വെണ്ടക്ക
മത്തൻ
കുമ്പളം
പടവലം..
ഇതു കണ്ട കുമാരൻ അലറീക്കൊണ്ടോടുന്നു
കുമാരന്: എന്റമ്മോ.......ഇതിനു വട്ടായേ…….

രംഗം രണ്ട്....
ആൽത്തറ കടുംബം
മുറ്റമടിക്കുന്ന മാണിക്യം...
മാണിക്യം: (അകത്തേക്ക് നോക്കി ) ബിന്ദൂ...ആ പരിപ്പു വേകാറായാൽ സാമ്പാറിനുള്ള കഷ്ണങ്ങൾ ഇട്ടോളൂട്ടോ....പിന്നെ കറിവെയ്ക്കുമ്പോൾ നിന്റെ ബ്ലോഗു പൂട്ടാൻ മറക്കേണ്ട ചെറിയനാടൻന്റെ കഥകളി വേഷം നാടുമുഴുവൻ പാട്ടായിട്ടുണ്ട്.
(അകത്തു നിന്നും )
ബിന്ദു: അതിനു എന്റെ ലാപ് ടോപ്പ് ആ വാഴക്കോടന് // vazhakodan എടുത്തോണ്ടു പോയി അതു തരേണ്ടെ.... അവനിപ്പൊ അതിന്റെ പുറത്തു മാപ്പിള പ്പാട്ടിന്റെ താളം പിടീക്കുകയാ മാവേലിയെ പാടിക്കേൾപ്പിക്കാൻ ..ഈ ബ്ലോഗ് മീറ്റിനില്ലാതെ പോയതിന്റെ സങ്കടം തീർക്കണ്ടേ...അതിനാ..
മാണിക്യം: ആ കുഞ്ഞൂസിനോടെന്റെ കസവൊക്കെ ഇസ്തിരി ഇട്ടു വെയ്ക്കാൻ പറ .കെട്ടോ..
കുഞ്ഞൂസ് : ഇട്ടോണ്ടിരിക്കുകയാ അമ്മെ ...
ഈ സമയത്ത് ചാണ്ടി കുഞ്ഞിനെ ആഗ്നേയ തീക്കൊള്ളിയുമായി ഓടിക്കുന്നു ഇതു കണ്ട മാണിക്യം
മാണിക്യം: എന്താടാ ചാണ്ടിക്കുഞ്ഞേ..പ്രോബ്ലം...
ചാണ്ടി: ഏയ് ഒന്നൂല്ലമ്മേ...നെയ്യപ്പം ചുട്ടപ്പൊ ഒരു പ്രോബ്ലം...
മാണിക്യം: എന്താടീ..ആഗ്നേയേ..ആ ചെറുക്കനെ നീ വെറുതെ....
ആഗ്നേയ: അതമ്മേ...ഇവൻ നെയ്യപ്പം ചുടുന്നത് വൃത്തത്തിലല്ല പലതും നീളത്തിലും കൂറിയതും ഒക്കെയാ സന്ദിയും സമാസവും ഒന്നും ശരിക്കും ചേർന്നിട്ടില്ല
ഞാൻ ചെയ്തോളാം എന്നു പറഞ്ഞിട്ടു അവൻ കേൾക്കുന്നില്ല
മാണിക്യം: നിന്നെപ്പോലെ വൃത്തത്തിലും പ്രാസത്തിലും അപ്പം ചുടാൻ അവനെക്കൊണ്ടു പറ്റുമോ അവനവനു കഴിയും പോലെ ചുടട്ടെ ...
ചാണ്ടികുഞ്ഞിനെ നോക്കി അല്ലെലും നിനക്കിത്തിരി വിളച്ചിലധികമാ...കുമാരനെ കൊണ്ടു പോയി ഷിറി (ഷിവാസ് റീഗൾ) കൊടുത്ത കാര്യമൊക്കെ ഞാൻ അറിഞ്ഞു നിനക്കന്നേ ഞാൻ കരുതി വച്ചതാ..പോയിരുന്നു ആ ഗ്ലാസ്സൊക്കെ വടിച്ചു വെയ്ക്കടാ..
(ചാണ്ടികുഞ്ഞ് അനുസരണയോടെ പോകുന്നു.
ഈ സമയത്ത് പാടത്തൂടെ ഒരാൾക്കൂട്ടം വരുന്നു ..ആനവാലിനു വേണ്ടി പിള്ളേരു കൂടും പോലെ സജ്ജീവേട്ടന്റെ കൂടെ കൂറെ ബ്ലോഗ്ഗു പിള്ളേർ..ഒരു പടം വരച്ചുതാ.... ഒരു പടം .സജ്ജീവേട്ടൻ ഒരു വടിയെടുത്ത് കോഴിയെ തെളിക്കും പോലെ പിള്ളേരെ ആട്ടി നിർത്തുന്നുണ്ടായിരുന്നു.)
മാണിക്യം: ഇതെന്താ സജ്ജീവെ ഇന്നിവിടെ പറയെടുപ്പൊന്നും ഇല്ലല്ലോ...
ചെ പടം വരപ്പൊന്നും ഇല്ലല്ലോ..ഒന്നും വിചാരിക്കരുതു കെട്ടോ ..നാക്കുളുക്കിയതാ..
സജ്ജിവ്: ചേച്ചി ഫൂഡ് ഉണ്ടെന്നു കേട്ടു അതാ..ഒന്നു വന്നു പോയെക്കാമെന്ന് കരുതിയത് ..
മാണിക്യം: അയ്യോ ഞങ്ങൾ പത്തഞ്ഞൂറു പേരുടെ ഭക്ഷണമേ കരുതിയുള്ളൂ...
സജ്ജീവ് : പേടിക്കേണ്ട എനിക്കത്രയൊന്നും വേണ്ട...ഒരു നാന്നൂറു പേരുടെ മതി ...
മാണിക്യം: അകത്തേക്കു നോക്കി ഹരീഷേ...ഒരു അമ്പതു സേറരി കൂടെ അളന്നിട്ടോ...കൂടുതൽ...
(പെട്ടന്ന് അകത്തു നിന്നും ബിന്ദൂന്റെ ഒരു നിലവിളി
ബിന്ദു. ഓടിവായോ ...ഹരീഷേട്ടൻ പോയെ....ഹരീഷേട്ടൻ പോയെ...
(എല്ലാവരും കൂടി ഓടി അടുക്കളപ്പുറത്തെക്കു പോയി അവിടെ അടൂപ്പിനടുത്ത് വീണു കിടക്കുന്ന ഹരീഷിനെ പിടിച്ചെഴുന്നേൽ‌പ്പിക്കുന്നു ..
ഒരു നിമിഷം ശ്മ്ശാന മൂകത...എല്ലാവരും മുഖത്തോടു മുഖം നോക്കിയിരിക്കുന്നു
ഹരീഷ് വളിച്ചമോന്തയുമായി ചിരിക്കുന്നു. )
മാണിക്യം: എന്തോന്നാടാ നീ ഈ കാണിച്ചെ..
ഹരീഷ്: അത് അമ്മേ...അരിയളന്നപ്പോ അരിയിൽ നിന്നൊരു പ്രാണി താഴെ പ്പോയി അതിന്റെ പടമെടുക്കാൻ ഞാൻ ഒരു പോസ്സ് നോക്കിയതല്ലെ ..അതിനാ ഇവള് ഈ ബിന്ദു .(അവിടെ കൂട്ടപ്പൊട്ടിച്ചിരി ഉയരുന്നു)
ഈ സമയത്ത് കുമാരന്റെ ഡ്രം ബീറ്റിന്റെ താളം ഉയർന്നു കേൾക്കുന്നു ബൂലോക മാവേലി സാക്ഷാൽ പൊങ്ങൂം മൂടൻ തിരുവടികൾ ഇതാ എഴുന്നള്ളുന്നേ.......
ഹോ ഹൊയ് ഹോ ഹൊയ് ഹോഹ്യ്
എന്ന പല്ലക്കു ചുമട്ടു കാരുടെ അടിസ്ഥാന മുദ്രാവക്യം ഉയരുനു .
മാണിക്യം: ആഗ്നെയ വേഗം വിളക്ക് കൊളുത്തൂ....വേഗം നിന്നു തിരിയാതെ എല്ലാവരും വേഗം ഏൽ‌പ്പിച്ച ജോലിയെടുക്ക്
പാടവരമ്പത്തൂടെ വരുന്ന മാവേലിയുടെ പിന്നിൽ നിരക്ഷരനെ കണ്ട് ..സജ്ജീവ്
സജ്ജീവ് : അതു ശരി ഇക്കൊല്ലം മാവേലിയുടെ ഡ്യൂപ്പ് നിരക്ഷരനാണോ എന്നാൽ ഭംഗിയായി എല്ലാരെ കുറിച്ചും ശരിക്കും മാവേലിയോടു പറഞ്ഞു കൊടുത്തിട്ടൂണ്ടാകും ..
(പൊങ്ങും മൂടൻ മാവേലി ഇതാ എഴുന്നള്ളൂകയായി കുമാരന്റെ അനൌൺസ് മെന്റ് തകൃതിയായി നടക്കുന്നു ) തിരുമേനി പല്ലക്കിൽ നിന്നിറങ്ങിയതും അൽത്തറമുറ്റത്ത് ബേ....(വാളൂവെയ്ക്കുന്നു).
.മാണിക്യം: എന്താടെ ഇത് ...
നിരക്ഷരൻ : അതു മാണിക്യാമ്മ ക്ഷമിക്കണം..വരുന്ന വഴിക്കു നന്ദന്റെ ഫ്ലാറ്റിൽ ഒന്നു കേറി .അതാ..
മാണിക്യം: ഇന്നു നല്ലോരോണമായിട്ട് ആ നന്ദനിങ്ങു വരട്ടെ അവനു ഞാൻ വച്ചിട്ടൂണ്ട്.
മാവേലി : എവിടെ വള്ളം കളി...എവിടെ പുലിക്കളി ...
നിരക്ഷരൻ :“ വേഗ്ഗം ഇതൊന്നും ഇല്ലെ ഇവിടെ ...വള്ളം കളിയില്ലെങ്കിൽ പോട്ട് പുലിക്കളിയെങ്കിലും പ്രതീക്ഷിച്ചു ....
സജ്ജീവേട്ടൻ: പേടിക്കേണ്ട ഒരു മിനിട്ട്..(സജ്ജീവേട്ടൻ ഹരീഷേട്ടനെയും വിളീച്ചു കൊണ്ട് വീടീനു പിന്നാമ്പുറത്തേക്കോടുന്നു...അതാ പുലിക്കളി റെഡീ എന്തോ പൈയിന്റൊക്കെ കുത്തിവരഞ്ഞ് സജ്ജീവേട്ടനും ഹരീഷേട്ടനും പുലിയായിരിക്കുന്നു രണ്ടു പേരും ഷഡ്ഡിയിലാണ്ണ്...വാഴക്കോടൻ വേട്ടകാരനായി വരുന്നു വാഴക്കോടന്റെ പിന്നിലാരാ..എല്ലാവരും ആകാം ഷയോടെ നോക്കുന്നു)
മാണിക്യം: അതു നമ്മടെ നട്ടപ്പിരാന്തനല്ലെ ..(നട്ട്സ് .പുലിക്കളിയുടെ രണ്ടു സ്റ്റപ്പെടുത്തപോൾ മാണിക്യം കുഞ്ഞൂസിന്റെ കണ്ണു പൊത്തി പിന്നെ സ്ത്രീജനങ്ങൾ എല്ലാം അകത്തേക്ക് ഓടി..നട്ട്സിന്റെ പിന്നിൽ വസ്ത്രശൂന്യമായിരുന്നു തലയും ചന്തിയും ഒരു പോലെ തിളങ്ങൂന്നു സജ്ജീവേട്ടൻ പെയിന്റു ചെയ്ത് ആ ചന്തി അതി മനോഹരമാക്കിയിരിക്കുന്നു. അവിടെയാണു പുലിയുടെ മുഖം വരഞ്ഞത് സജ്ജീവേട്ടന്റെ വര ചരിത്രത്തിൽ ഇത്രയും മനോഹരമായി ഒരു പുലി മുഖം ഇതു വരെ വരഞ്ഞിട്ടില്ല പോലും .)
മാവേലി : സഭാഷ് ..സഭാഷ്.
വാഴക്കോടൻ : അതിനു കെ ആർ സുഭാഷ് വന്നിട്ടില്ല എത്തുമെന്നാ പറഞ്ഞത്
മാവേലി: നിന്നെ വെറുതെയല്ല ആളുകൾ വാഴക്കോടൻ എന്നു വിളിക്കുന്നത് ..പോഴത്തരമല്ലാണ്ട് പറയില്ലല്ലോ ...മാവേലി നിന്ന നിൽ‌പ്പിൽ ആടി കുഴഞ്ഞു ആൽത്തറയുടെ അരികിലായി വാളൂവെയ്ക്കുന്നു
നിരക്ഷരൻ: ബിന്ദൂ വേഗം അല്പം മോരിങ്ങെടുക്കൂ...
ബിന്ദു: എന്റെ പുളിയിഞ്ചിയുണ്ട്. എടുക്കട്ടെ
നിരക്ഷരൻ : എന്തെങ്കിലും കൊണ്ടൂ വാ...
(ബിന്ദു പുളിയിഞ്ചിയുമായി വരുന്നു )
ഈ സ്മയത്ത് പാടവരമ്പത്തൂടെ ഒരു കഥകളി രൂപം ഓടി യോടി വരുന്നു )
കഥകളി രൂപം : കൊടൂക്കല്ലെ കൊടൂക്കല്ലേ പുളീയിഞ്ചി കൊടുക്കല്ലെ....എന്റെ ഗതി വരുമേ
മാവേലിക്ക് പാതാളത്തിൽ വാഴത്തോട്ടം ഉണ്ടാവില്ലേ...ഇതും പറഞ്ഞ് ...വന്ന സ്പീടിൽ കഥകളി രൂപം തിരിച്ചോടുനു അത് ചെറിയനാടനായിരുന്നു )
കുമാരൻ : അതു നമ്മടെ ചെറിയനാടനാ... പുളിയിഞ്ചി കൂട്ടി ഒടൂക്കം കഥ കളി ഡ്രസ്സിടേണ്ടി വന്നു
നിരക്ഷരൻ: പുളിയിഞ്ചിയും കഥകളി ഡ്രസ്സും തമ്മിൽ എന്തു ബന്ധം..?
കുമാരൻ: അതോ കഥകളിയുടെ ഡ്രസ്സാകുമ്പോൾ കാര്യം സാധിക്കാൻ അടിക്കടി അണ്ടർ വെയർ ഊരണ്ടാല്ലോ...നിന്നിട്ടൂം വേണേൽ കാര്യം സാധിക്കാം...
ഇതിനിടെ മനോരാജ് എവിടുന്നോ കുറച്ച് മോരു കൊണ്ടു വന്നു മാവേലിക്കു കൊടൂത്തു .
ഉമ്മറത്തിരുന്ന മാവേലി സാവധാനത്തിൽ നോർമ്മലാകുന്നു ( ഈ സമയത്ത്
പാട വരമ്പത്തൂടെ ഒരു ഭിക്ഷക്കാരൻ പോകുന്നത് മാവേലിയുടെ കണ്ണിൽ‌പ്പെടുന്നു
മാവേലി: ആരാ അത് നമ്മുടെ സാന്നിദ്ധ്യത്തിൽ ഒരു ഭിക്ഷക്കാരനോ. ?
മാണിക്യം: അതു നമ്മുടെ പാവപ്പെട്ടവനല്ലെ…ഷർട്ടെല്ലാം കീറിപ്പറഞ്ഞിട്ടുണ്ടല്ലോ ആരോ നന്നായി പെരുമാറിയിട്ടൂണ്ട്.അതു തീർച്ച.
മാണീക്യം: കൂയ് പാവപ്പെട്ടവനേ..ഇങ്ങോട്ടു കേറീയേച്ചും പോ ഇന്നോണമല്ലെ അൽ‌പ്പ് പായസം കുടീച്ചിട്ടൂ പോകാം .
പാവപ്പെട്ടവൻ മെല്ലെ വരുന്നു .
മാവേലി: എന്തു പറ്റി പാവപ്പെട്ടവൻ
പാവപ്പെട്ടവൻ: മാവേലിയുടെ കാലിൽ വീണ്ണ്: ഇനി മേലാൽ ഞാൻ ബ്ലോഗു മീറ്റു നടത്തില്ലേ…സെലിബ്രിറ്റിയെ കൊണ്ടു വരില്ലേ…ഇത്തവണത്തേക്കു മാപ്പ് അങ്ങുന്നെ…
മാണിക്യം: ഇതെന്താ ഈ ഷർട്ടൊക്കെ ഇങ്ങനെ കീറി പറഞ്ഞെ…
പാവപ്പെട്ടവൻ : അതാ ചിത്രകാരനും കൂട്ടരും പെരുമാറിയതാ..
മാവേലി : പോട്ടെ അതൊക്കെ നമുക്കു ശരിയാക്കാം ..മാണീക്യം പാവപ്പെട്ടവനെ അകത്തിരുത്തി പായസം കൊടുക്കു
ഈ സമയം കുമാരൻ : നിൽക്കവിടെ മീറ്റിനു വന്നപ്പോൾ തരാമെന്നു പറഞ്ഞ വോട്ക്കയും കൊണ്ട് ഈ പടി ചവിട്ടിയാൽ മതി
മാണിക്യം: പോടാ..അവിടുന്നു അവന്റെ ഒരു വോട്ക്ക..(മാണിക്യം പാവപ്പെട്ടവനെയും കൊണ്ട് അകത്തേക്കു പോകുന്നു )
അടുത്തത് ലക്ഷ്മി ലച്ചു അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയാണ്
മുറ്റത്ത് ലക്ഷ്മിയും ട്രൂപ്പിന്റെയും കൈകൊട്ടിക്കളി അരങ്ങേറൂന്ന്നു
മാവേലി: ഭേഷ് ഭേഷ്.
തുടർന്ന് ഗംഭീര ഭക്ഷണം..തന്നെ നടന്നു..എല്ലാം കഴിഞ്ഞു ഏമ്പക്കം വിട്ടൂ ഉമ്മറത്തിരുന്ന
മാവേലി: മാണിക്യം എന്തായാലും ആൽത്തറയിലെ ഓണം ഇക്കുറി ഗംഭീരമായി ...വിഭവ സമൃദമായി ഉണ്ടൂ ഇനി എന്തെങ്കിലും കാര്യം നമ്മോടുണർത്തിക്കാനുണ്ടോ..
മാണിക്യം: അതെ തിരുമേനി നമ്മുടെ ഈ ബൂലോകം ആകെ മലീമസമായിക്കൊണ്ടിരിക്കുകയാണ്.. അടിക്കടി ..വർഗ്ഗീയതയും ,പാരവെയ്പ്പും ,കൊള്ളിവെയ്പ്പുമായി. അനോണി ഗുണ്ടകൾ കേറി നിരങ്ങുകയാണ്..
കേരളത്തിന്റെ സാമൂഹ്യരംഗം ആകെ വഷളായി വരികയാണ് ..ആളുകൾ മതപരമായി സംഘടിച്ചിരിക്കുന്നു..തൊട്ടതിനും പിടിച്ചതിനും സമരവും പ്രതിഷേധവുമാണ്. രാഷ്ട്രീയക്കാരും ഗുണ്ടകളും കൈകോർത്തിരിക്കുന്നു. സാധാരണക്കാരനു വേണ്ടി പോരാടേണ്ട ബൂലോകർ പോലും മതത്തിന്റെ പേരിൽ തമ്മിലടിക്കുന്നു മതപ്രചാരണത്തിനുള്ള വേദിയായി ബൂലോകത്തെ അവർ മാറ്റിയിരിക്കുന്നു..മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം എന്നു പറഞ്ഞ ആ മഹാന്റെ വാക്കുകൾക്ക് ഇവിടെ യാതൊരു വിലയും ഇല്ലാതായിരിക്കുന്നു മനുഷ്യൻ എന്ന വാക്കിനു ഒരു പുൽക്കൊടിയുടെ വിലപോലും കൽ‌പ്പിക്കാത്ത ഒരു ജനത.വളർന്നു വന്നുകൊണ്ടിരിക്കുന്നു .തീവ്രവാദികളുടെ സംഘകേന്ദ്രമായി മാറിയിരിക്കുന്നു കേരളം ...ഇനി ഇതിൽ നിന്നൊരു മോചനം നമുക്കുണ്ടാകുമോ മാവേലി ..മണ്ണ്, മനുഷ്യൻ , വെള്ളം, വായു , ആഹാരം , എന്നീ വാക്കുകൾക്ക് ഇവിടെ വല്ല വിലയും ഉണ്ടാകുമോ മാവേലീ....(മാണിക്യം കരയുന്നു )
മാവേലി : മകളേ നിന്റെ രോദനം നാം കേൾക്കുന്നു ഇതിനെല്ലാം പരിഹാരം ചെയ്യാൻ കളികൾ നമ്മുടെ കോർട്ടിൽ നിന്നും അകന്നു പോയിരിക്കുന്നു . നാം ഇവിടെ നിസ്സഹായനാണ് ഇതിനെല്ലാം എതിരെ പ്രതികരിക്കാൻ ഒരു കൂട്ടർക്കുമാത്രമെ സാധ്യമാവൂ..
എല്ലാവരും: അതാർക്കാണു മാവേലീ...
മാവേലി: മറ്റാർക്കും അല്ല ഈ നിൽക്കുന്ന നിങ്ങൾക്കു തന്നെ ...നിങ്ങൾ ഒറ്റക്കെട്ടായി നിന്നു പോരാടണം സാമൂഹ്യ പ്രതിബദ്ധതയോടെ പൌരബോധത്തോടെ .നാളേ വളർന്നു വരുന്ന കിടാങ്ങൾക്ക് മാതൃകയായി...സമൂഹത്തിലെ തിന്മകളോടു പ്രതികരിക്കു...കീപാഡും കീമാനും ആയുധമാക്കി നിങ്ങൾ പോരാടൂ..മക്കളെ വിജയം സുനിശ്ച്ചിതം...
എലാവരും ആൽത്തറ തറവാട്ടിന്റെ മുറ്റത്തിരുന്നു..പോട്ടം പിടിക്കാൻ പോസ് ചെയ്യുന്നു മാവേലിയുമായി ഒരു ഗ്രൂപ്പ് പോട്ടം ..ഹരീഷും അപ്പുവും ശ്രീലാലും ഹേമാബികയും, മിനിടീച്ചറും ഒക്കെ പല പോസിലും പല ആംഗിളിലും പോട്ടം പിടീച്ചു...
എല്ലാവരും ഒരു മിച്ച് രംഗ മധ്യത്തിൽ വന്നു നിന്ന്
മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെ
കള്ളവു മില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം.
യവനിക മെല്ലെ താഴുന്നു.
എല്ലാവർക്കും നാടകക്കാരന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

Tuesday, August 17, 2010

Onam With Eenam

Onam With Eenam !

Please click on the picture to reach eeNam or visit www.onam.eenam.com

എന്റെ മനസ്സിലെ ഓണം..

ഓണം എന്നും മലയാളിക്ക് സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ഉത്സവക്കാലമാണ്. പണ്ട് കാലം മുതല്‍ തന്നെ മലയാളികള്‍ ആവേശത്തോടെ കൊണ്ടാടുന്ന സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല കുറച്ച് ദിനങ്ങള്‍. മഹാബലിയെ വരവേല്‍ക്കാന്‍ കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒരുമയോടെ , ഒത്തുചേരുന്ന നല്ല നാളുകള്‍..

പക്ഷെ ഇന്ന് ഓണം അത്രത്തോളം നമുക്ക് പ്രിയങ്കരമാകുന്നുണ്ടോ? ഇന്നത്തെ കുട്ടികള്‍ക്ക് ഓണം മറ്റു ആഘോഷങ്ങള്‍ പോലെ തന്നെ ടെലിവിഷന്റെ മുന്നില്‍ ചടഞ്ഞിരിക്കാനും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്‍സ്റ്റന്റ് സദ്യ കഴിക്കാനും ഒക്കെ മാത്രമാകുന്നു. പരിതാപകരമാണ് ഈ അവസ്ഥ. ഇന്ന് അല്പമെങ്കിലും ഓണം ഒരു നൊസ്റ്റാള്‍ജിയ പോലെ കൊണ്ടാടുന്നത് നമ്മുടെ പ്രവാസികള്‍ മാത്രമാണെന്നതും ഖേദകരം തന്നെ. അത് കൊണ്ട് തന്നെ പ്രശസ്തമായ ഹോട്ടലുകാരുടെ ഓണക്കിറ്റിലും പ്ലാസ്റ്റിക് പുവുകള്‍ കൊണ്ട് നിരത്തിയ പൂക്കളത്തിലും ചാനല്‍ പ്രോഗ്രാമുകളുടെ ബഹളവും മാത്രമായ ഇന്നിന്റെ ഓണത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒത്തിരി ആഗ്രഹമില്ല. പ്രകൃതിയില്‍ ലയിച്ച്, പൂ പറിച്ച്, വീട്ടുകാരെല്ലാം ഒത്തുകൂടി, തുമ്പി തുള്ളി, കണ്ണാരം പൊത്തി കളിച്ച്, കിളി കളിച്ച്, അങ്ങിനെ അങ്ങിനെ നടന്ന പഴയ ഓണക്കാലത്തെക്കുറിച്ച് പറയാന്‍ തന്നെ എനിക്കേറെ ഇഷ്ടം.

എന്റെയൊക്കെ കുട്ടിക്കാലത്ത് ഓണം ഞങ്ങള്‍ കുട്ടികള്‍ക്ക് പൂക്കളുടെ ആഘോഷമായിരുന്നു. ഞാനൊക്കെ മടികൂടാതെ രാവിലെ എഴുന്നേറ്റിരുന്നത് ഓണനാളുകളില്‍ മാത്രമായിരുന്നു. എന്റെ കൂടെ എന്റെ പ്രായക്കാരിയായ എന്റെ കളിക്കൂട്ടുകാരിയും അവളുടെ ചേച്ചിയും പിന്നെ വേറെ ഒന്ന് രണ്ട് ചേച്ചിമാരും ഒരു ചേട്ടനും അതായിരുന്നു അക്കാലത്തെ ഞങ്ങളുടെ ഓണം ടീം. ഓണക്കാലത്ത് രാവിലെ ഉണര്‍ന്നാല്‍ ആദ്യം ഓടുന്നത് അപ്പുറത്തെ ചേച്ചിയുടെ വീട്ടിലേക്കാണ്. അവിടെയാണ് ഞങ്ങളുടെ എല്ലാവരുടേയും കൂടി ശ്രമഫലമായി എല്ലാ ദിവസവും അണിയിച്ചൊരുക്കന്ന പൂക്കളം.. അതിനായി രാവിലെ തന്നെ എല്ലാവരും കൂടെ പൂക്കൂടയും ഒക്കെയെടുത്ത് ഇറങ്ങും. അതൊരു മത്സരം കൂടിയാണ് ഞങ്ങള്‍ക്ക്. കാരണം അത്തം മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളിലെ ഞങ്ങളുടെ എല്ലാവരുടെയും പ്രഭാത ഭക്ഷണം ആ വീട്ടില്‍ നിന്നുമായിരുന്നു. കൂടുതല്‍ പൂവ് പറിക്കുന്ന ആള്‍ക്ക് അവിടത്തെ വലിയമ്മയുടെ വകയായി സ്പെഷല്‍ ഐറ്റം എന്തെങ്കിലും കിട്ടും. അത് തിന്നാനുള്ള വെമ്പലിനേക്കാള്‍ അത് മറ്റാര്‍ക്കും കിട്ടാതിരിക്കാന്‍ വേണ്ടിയുള്ള കൊച്ച് മനസ്സിന്റെ അസൂയയായിരുന്നു കാരണം. എന്റെ കളിക്കൂട്ടുകാരിക്ക് എന്നോടുണ്ടായിരുന്ന ചെറിയ സോഫ്റ്റ് കോര്‍ണര്‍ ഞാന്‍ ഈ ആവശ്യത്തിലേക്കായി മുതലെടുക്കുകയും ചെയ്തിരുന്നു. അവള്‍ മറ്റാരും അറിയാതെ അവള്‍ പറിക്കുന്ന പൂക്കളില്‍ നിന്നും ഒരു വിഹിതം എന്റെ പൂക്കൂടയിലേക്ക് നിക്ഷേപിക്കുകയും മറ്റും ചെയ്യുന്നതൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിയാ വരുന്നത്.

പൂക്കള്‍ പറിച്ച് കൊണ്ട് വന്നാല്‍ പിന്നെ കളം വരക്കലാണ്. അത് ആ വീട്ടിലെ വലിയമ്മയുടെ പണിയാണ്. അത്തം മുതല്‍ തിരുവോണം വരെയുള്ള ഓരോ ദിവസത്തിനും പ്രത്യേകം പ്രത്യേകം കളങ്ങളാണ് വരക്കുക. ചാണകം മെഴുകി , നിലവിളക്ക് കത്തിച്ച് വച്ച് കളം വരച്ചതിന് ശേഷം അതില്‍ ആദ്യ പൂവ് വക്കുന്നത് വരെ ഞങ്ങളെല്ലാവരും ആകാംഷയോടെ നില്‍ക്കും. അത് കഴിഞ്ഞാല്‍ പിന്നെ പൂക്കള്‍ നിരത്താനുള്ള ഉത്സാഹമാണ്. കൂട്ടത്തിലെ രണ്ട് ആണ്‍‌തരികളില്‍ ചെറുത് ഞാനായതിനാല്‍ എനിക്ക് പരിഗണന കൂടുതല്‍ കിട്ടാറുണ്ട്. ഒടുവില്‍ പൂക്കളം ഒക്കെ ഒരുക്കിയതിന് ശേഷം , വലിയമ്മ തരുന്ന ചായയും പലഹാരവും ഒക്കെ കഴിച്ച് (മിക്കപ്പോഴും കൂടുതല്‍ പു പറിച്ചതിനുള്ള സ്പെഷല്‍ പലഹാരം കിട്ടുന്നത് എനിക്ക് തന്നെ. പാവം എനിക്ക് വേണ്ടി എന്നും പൂക്കള്‍ തരുന്നതിനാല്‍ അവള്‍ക്കാവും എന്നും ഏറ്റവും കുറവ് പൂവ്. അവള്‍ എനിക്ക് തരുന്ന കൂടുതല്‍ പൂക്കള്‍ക്ക് പകരമായി , അതുകൊണ്ട് തന്നെ എനിക്ക് കിട്ടുന്നതില്‍ നിന്നും ഒരു ചെറിയ പങ്ക്, അതും വളരെ ചെറിയ പങ്ക് ഞാന്‍ അവള്‍ക്ക് കൊടുക്കുമായിരുന്നട്ടോ. ഞാന്‍ എന്തൊരു വിശാലമനസ്കന്‍ അല്ലേ? ) അതു കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ ചില എതിരാളികളുടെ വീട്ടിലെ പൂക്കളങ്ങള്‍ കാണാനുള്ള പുറപ്പെടലാണ്. അവിടെ ചെന്ന് അവരോട് അവരുടെ കളത്തെ കുറേ കുറ്റങ്ങള്‍ പറഞ്ഞ്, ഞങ്ങളുടെ കളമാണ് കേമം എന്നൊക്കെ വീമ്പിളക്കുന്നതും അവരുടേ പൂക്കളത്തില്‍ കണ്ട മനോഹരമായ പല പൂക്കളും ഉള്ള സ്ഥലങ്ങള്‍ തേടിപിടിച്ച് പിറ്റേന്ന് ആദ്യും അവിടേക്ക് പോകുന്നതും എല്ലാം കൊച്ചുമനസ്സുകളുടെ കുശുമ്പാണെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു .

ഇതൊക്കെ കഴിഞ്ഞ് തിരുവോണനാളില്‍ വെളുപ്പിനേ മൂന്നരയോടെ എല്ലാവരെയും വന്ന് വിളിച്ചെഴുന്നേല്‍പ്പിക്കുന്ന ജോലി ആ വീട്ടിലെ വലിയമ്മക്കാണ്. എല്ലാവരും കൂടി തലേ ദിവസം തന്നെ പറിച്ച് വച്ചിരിക്കുന്ന തുമ്പയും തുമ്പക്കുടവും മുക്കൂറ്റിയും വാടാമല്ലിയും തൊട്ടാവാടിയും ചതാവേരിയുടെ ഇലയും എല്ലാം കൂട്ടി ഒരു കൊച്ച് കളവും വീടിന്റെ പടിവരെ തുമ്പക്കുടം തൂവി മാവേലിക്ക് വഴി കാട്ടിക്കൊടുക്കുന്നതും തൃക്കാക്കരയപ്പന്റെ കളിമണ്‍‌പ്രതിമ ഉണ്ടാക്കി വച്ചിരിക്കുന്നത് പൊട്ടാതെ ഇഷ്ടിക ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ മൂന്ന് നില കളത്തില്‍ ഓരോ ദിക്കിലായി വയ്ക്കുന്നതും എല്ലാം സുഖദമായ ഓര്‍മ്മകള്‍ ആണ്. അതിന് ശേഷം തണുത്ത് ഐസുപോലെ കിടക്കുന്ന ആ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ ഒരു ഒറ്റതോര്‍ത്തുമുടുത്ത് വിറങ്ങലിച്ച ഒരു കുളി.. ഹോ ഇപ്പോഴും ആ തണുപ്പ് ശരീരത്തില്‍ പതഞ്ഞ് പൊങ്ങുന്നു. പിന്നീടാണ് മാവേലിക്ക് വേണ്ടിയുണ്ടാക്കിയ അടയും നെയ്യപ്പവും ഒരു ചെറിയ ഉരുളിയില്‍ ആക്കി പൂക്കളത്തിന്റെ അരികില്‍ വക്കുന്നത്. എന്നിട്ട് ഞങ്ങളുടെ എതിരാളികളായ കുട്ടികളുടെ ആര്‍പ്പ് വിളികാതോര്‍ത്ത് അക്ഷമയോടെ ഒരു ഇരിപ്പുണ്ട് .. അവര്‍ വിളിക്കുന്നതിലും ഉച്ചത്തില്‍ വിളിക്കണമെന്നത് ഞങ്ങള്‍ക്ക് വാശിയായിരുന്നു. ഒടുവില്‍ വലിയമ്മയുടെ നേതൃത്വത്തില്‍ ആര്‍പ്പു വിളി..

തൃക്കാക്കരയപ്പോ.. എന്റെ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണ്മാനും വായോ
അതേതൊ... അതെന്തൊ.. പൂയ്യ്‌യ്യ്‌യ്യ്‌യ്യ്...

ഇങ്ങിനെ നീട്ടി മൂന്ന് വട്ടം വിളിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടത്തെ വലിയമ്മയുടെ വകയായി ഞങ്ങള്‍ക്കെല്ലാം അടയും നെയ്യപ്പവും.. ആ അടയുടെ സ്വാദൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇന്നിപ്പോള്‍ അന്നത്തെ ഞങ്ങള്‍ എല്ലാവരും വളര്‍ന്നു. നാട്ടില്‍ തന്നെയുണ്ടേങ്കിലും ഞങ്ങളില്‍ പലരും ഇപ്പോള്‍ കാണുന്നത് തന്നെ അപൂര്‍വ്വം. മാത്രമല്ല. പഴയ ആ കൂട്ടായ്മകള്‍ ഒക്കെ ഇന്ന് നഷ്ടപ്പെട്ട് കഴിഞ്ഞു. ആ വലിയമ്മയാണെങ്കില്‍ കിടപ്പിലായിട്ട് വര്‍ഷം കുറച്ചായി. ഐശ്വര്യം മാത്രം ദര്‍ശിച്ചിരുന്ന ആ മുഖം വിറളിയത് കാണാനുള്ള മന:പ്രയാസം കാരണം രണ്ട് വീട് അപ്പുറമായിട്ടും ഇന്നും ഞാന്‍ എന്തോ അങ്ങോട്ട് പോകാറില്ല. എങ്കിലും പഴയ ആ നല്ല ഓണക്കാലങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്നും മായില്ല തന്നെ.

പിന്നീട് അച്ഛന്‍ വാങ്ങി തന്ന പുത്തന്‍ ഉടുപ്പുമിട്ട് അത് മറ്റുള്ളവരെ കാട്ടാനുള്ള ഒരോട്ടമാണ്. അയല്‍‌പക്കത്തെ എല്ലാ വീടുകളില്‍ ചെന്നും പുത്തന്‍ ഉടുപ്പ് കാട്ടി ... എല്ലാ അടുക്കളകളിലേയും പായസത്തിന്റെ രുചി നുകര്‍ന്ന്.. കിളി കളിയും, കണ്ണാരം പൊത്തി കളിയും , ഊഞ്ഞാലാട്ടവും, പിന്നേറും, എല്ലാം.. ഓര്‍ക്കുമ്പോള്‍ നഷ്ടബോധം വരുന്നു..

വൈകുന്നേരമാകുന്നതോടെ നാട്ടിലെ ചേട്ടന്മാര്‍ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ കൈകൊട്ടികളി നടത്താറുണ്ട്. എല്ലാവരും കൂടി അത് കാണാന്‍ അവിടെ വളരെ നേരത്തെ തന്നെ നിരന്നിരിക്കും..

അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം...
കണ്ണേ, കരളേ, കരളിന്‍ പൊരുളേ പൂങ്കാവനമല്ലേ...
അത് ഹൃദയേശ്വരിയുടെ വരവും കാത്തവന്‍ ജീവിച്ചിരിക്കുന്നു...
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം..
അത് തിത്തിത്തരികിട തിമൃദതരികിട തിത്താന്തരികിട തോം...

കൈകൊട്ടികളിയിലെ പാട്ടിന്റെ വരികള്‍ ഇങ്ങിനെയാണെന്ന് തന്നെ എന്റെ ഓര്‍മ്മ. (വരികള്‍ കറക്റ്റായി അറിയുന്നവര്‍ ഉണ്ടേങ്കില്‍ തിരുത്തണം കേട്ടോ.. പഴയ ഒരു ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണ്) ഇതിനൊപ്പിച്ചുള്ള അവരുടെ ചുവടുകളും ഒപ്പം പ്രായമായ സ്ത്രീകളുടെ കുരവയും എല്ലാം.. എല്ലാം.. ഇന്ന് നഷ്ടമായി കഴിഞ്ഞു.

ഇന്നത്തെ കുട്ടികള്‍ക്ക് പൂക്കളം ഒക്കെ ഇടാന്‍ എവിടെ നേരം. അവര്‍ ഓണം വരുന്നത് അറിയുന്നത് തന്നെ ടി.വിയിലെ പരിപാടികളുടെ ലിസ്റ്റ് കാണുമ്പോഴാണ്. ടിവിയിലെ സിനിമകളും ഇന്‍സ്റ്റന്റായി വാങ്ങുന്ന പാക്കറ്റ് സദ്യയും ഉണ്ട് വീണ്ടും ജാക്ക് ആന്‍ഡ് ജില്‍.. വെന്‍ഡ് അപ് ദ ഹില്ലും , ഹംടി ഡംടി സാറ്റ് ഓണ്‍ എ വാളും പാടുന്ന നമ്മുടെ കുട്ടികള്‍ അറിയുന്നില്ല ഓണക്കാലത്തിന്റെ നൈര്‍മല്യം. അവരില്‍ നിന്നും നമ്മള്‍ എല്ലാം ചേര്‍ന്ന് നഷ്ടമാക്കുന്ന ആ മാനുഷരെല്ലാരും ഒന്ന് പോലെ വാഴുന്ന നല്ല നാളുകള്‍ തിരികെ കൊടുക്കാന്‍ നമുക്ക് ശ്രമിക്കേണ്ടിയിരിക്കുന്നു. അതിന് വേണ്ടിയെങ്കിലും... നമ്മുടെ കുട്ടികളിലെ നൈര്‍മല്യം നഷ്ടപ്പെടാതിരിക്കാനെങ്കിലും.... നമുക്ക് ഓണം ആഘോഷിക്കാം.. ഓണമായി തന്നെ.. !!!

Sunday, August 15, 2010

ഓണസ്മൃതി

ഇതാ,

മറ്റൊരു ഓണക്കാലം കൂടി പടിവാതില്‍ക്കല്‍ അറച്ചു നില്‍ക്കുന്നു;. കാരണമുണ്ട് , പ്രവാസകഷ്ടകാണ്ഡത്തിന്റെ ചൂടില്‍ കാലു കുത്താന്‍ മാവേലിക്ക് എന്തോയൊരു വൈക്ളവ്യം . അതു കൊണ്ടു തന്നെ ഈ വിരസയാമത്തില്‍ ഞാനെന്റെ മനസിനെ ഭൂതകാലത്തിലേക്ക് പറഞ്ഞു വിട്ടു. ആര്യാട് എന്ന കൊച്ചു ഗ്രാമത്തിലേക്ക് ...
ഹരിതകോടിയണീഞ്ഞ് നില്‍ക്കുന്നന്‍ വിവിധ ച്വെടികളൂം, വൃക്ഷങ്ങളും ഓണ ലഹരിയിലാണ്. കൊളാമ്പി പൂവാകട്ടെ മഞ്ഞപട്ടു പാവാടയണിഞ്ഞ് വേലികളിലാകെ താലം പിടിച്ചു നില്‍ക്കുന്നു, മഞ്ഞസാരിയണീഞ്ഞ് പറന്നു നടക്കുന്ന ഓണപക്കികള്‍ , തുമ്പ ചെടി പതിവില്‍ കവിഞ്ഞ് കൊച്ചരി പല്ലു കാട്ടി ചിരിക്കുന്നു.കുയിലിന്റെ ഓണപ്പാട്ട് കിഴക്കേതിലെ ആഞിലി മരത്തില്‍നിന്ന് ഒഴുകിയെത്തുന്നു. വടക്കേപുറത്തെബ് അടുക്കളവാതിലിനു്‌ മുന്നിലായ് തെങ്ങിന്‍ ചുവട്ടില്‍ തിരുവാതിര കളിക്കുന്ന കാക്കകള്‍...അച്ഛനെ അടക്കിയ വടക്കേപറമ്പിലെ മൂലക്കുള്ള കുളത്തിലേക്ക് കുളം വെട്ടാന്‍ഇറങ്ങുന്ന താറാവിന്‍ കൂട്ടങ്ങള്‍...എന്തിനു, പ്രകൃതിപോലും സന്തോഷ തിമിര്‍പ്പിലാണ്..പടിഞ്ഞാറെ ജംഗ്ഷനിലെ വായനശാലയില്‍ നിന്നും വരുന്ന ഓണപ്പാട്ട് പശ്ചത്തലത്തില്‍ കേള്‍ക്കാം .

'എടാ ഒണക്ക നമ്പൂതിരി..'
ശബ്ദം അടുക്കളയില്‍ നിന്നാണ്. മറ്റാരുമല്ല, എന്റെ കൂട്ടുകാരിയും മാതാവും ആയ ശ്രീമതി വിജയമ്മയാണ്.(പച്ചക്കറി മാത്രം കൂട്ടുന്നത്കൊണ്ട് അച്ഛന്‍ ഇട്ട പേരാണ്. അദ്ദേഹം കാലയവനികക്കുള്ളീല്‍ മറഞ്ഞപ്പോള്‍ അമ്മക്ക് നല്‍കിപോയതാണ്)


എന്താമ്മേ ! ഞാന്‍ ചോദിച്ചു .

നീ വല്ലതും കഴിച്ചിട്ട് അനുപമവായശാലയിലോട്ട് ചെല്ലൂ..പരിപാടികള്‍ തുടങ്ങാന്‍ പോകുന്നു..നിന്റെ കൂട്ടുകാര്‍ എപ്പോഴെ തിരക്കുന്നു നിന്നെ. വീട്ടില്‍ അടയിരിക്കാതെ പോകാന്‍ നോക്ക് .പുട്ടും, കടലയും കഴിച്ചെന്ന് വരുത്തി .പിന്നെ , ഓണക്കോടിയുടുത്ത് വായനശാലയിലേക്ക് ഓരോട്ടമായിരുന്നു..
വിവിധ പരിപാടികളാല്‍ അലംകൃതമായ അനുപമ അങ്കണം ആകെ ഹര്‍ഷോന്‍മാദ ലഹരിയിലാണു്‌ ആളുകള്‍... എംജി ശ്രീകുമാറിന്റെ ശബ്ദത്തില്‍ ഓണപ്പാട്ട് നല്ല ബാസ്സില്‍ കേള്‍ക്കാം .ഒരു ഭാഗത്ത് സുന്ദരിക്ക് പൊട്ടു തൊടല്‍ മല്‍സരം തകൃതിയായി നടക്കുന്നു.

ഇതിനിടയില്‍ അനൌണ്‍സ്മെന്റ് ഊളിയിട്ട് ഞങ്ങള്‍ക്കിടയിലൂടെ പോകുന്നു..
'കാക്ക പറ പറ ' - മല്‍സരത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറിയെ കണ്ട് രസീത് മുറിക്കേണ്ടതാണ്...


പലരും പല വിധ ചര്‍ച്ചകളിലാണ്..ചിലര്‍ ഷെയര്‍ ഇട്ട് ബൈക്കുമെടുത്ത് കലവൂര്‍ സിവില്‍ സപ്ളൈസ്സ് ലക്ഷ്യമാക്കി മറഞ്ഞകന്നു എന്നില്‍ നിന്നും ...കണ്ണനും , രഞ്ചിത്തും അടുത്തെത്തി , എടാ സോണാപ്പി നീ ഇങ്ങോട്ട് വന്നേ ' എന്താടാ ' ഞാന്‍ ചോദിച്ചു .


3 KF ഉണ്ട് .
KFഓ ? അതെന്താ...?

പൊട്ടന്‍ ! ഈ ഒണക്ക നമ്പൂതിരിക്ക് അറിയില്ല..എടാ K F എന്നാല്‍ King fisher ബീര്‍ ആണ്. ഇനി ബീര്‍ എന്താണെന്ന് ചോദിക്കരുത്..ദൈവത്തെയോര്‍ത്ത്...കണ്ണന്‍ ദേഷ്യത്തിലാണ്...രഞ്ചിത്ത് ചിരിക്കുണ്ടായിരുന്നു.


എന്നാല്‍, 'നമുക്ക് പോകാം ' രഞ്ചിത്തിനു്‌ ധൃതിയായി...

ഉം' ഞാനും മൂളി..


സ്ഥലം വായനശാലയുടെ പടിഞ്ഞാറെ കപ്പക്കാട് ആണ്. കപ്പക്കാടിനു ചുറ്റും ഇരുട്ട് കറുത്ത കാവി ചുറ്റി നില്‍ക്കുന്നു.ഞങ്ങള്‍ ഇരുന്ന് കഴിക്കാന്‍ തുടങ്ങി.

എന്തൊരു കയ്പ്പാ ' ഈ KF -നു ഞാന്‍ പറഞ്ഞു നിര്‍ത്തി . വായിട്ടലക്കാതെ തീര്‍ക്കെടാ !! രണ്ടുപേരും ഒരേ താളത്തില്‍ മൊഴിഞ്ഞു .എന്തോ ഒരു ഊര്‍ജ്ജം ഉള്ളില്‍ നിന്നു്‌ തലച്ചോറു്‌ ലക്ഷ്യമാക്കി നീങ്ങുന്നതറിഞ്ഞു ..


കൊള്ളാം രസമുണ്ട് മനസ്സില്‍ പറഞ്ഞു ഞാന്‍ .
ഇരുട്ട് കനക്കുകയാണ്.. ചീവിടിന്റെ ഡിജിറ്റല്‍ സംവിധാനം ഏതോ മരത്തില്‍ നിന്നു്‌ വരുന്നുണ്ടായിരുന്നു..
അപ്പോള്‍ കിഴക്കേ റോഡില്‍ നിന്നു്‌ ഓണപ്പാട്ട് ഉയര്‍ന്നു കേള്‍ക്കുന്നു..ശിവാനന്ദന്‍ ചേട്ടനാണ്..താളത്തില്‍ എല്ലാരും അത് കേട്ടു കൈകൊട്ടി പാടുന്നു..


''ഓണ കാലം വന്നല്ലോ .....
ഓണപ്പൂവു്‌ വിരിഞ്ഞല്ലോ....

......................
..........................
........................

മിന്നുന്നൊരു മാണിക്യം :)

മാനത്ത് വിരിഞ്ഞല്ലോ .......''

ഞങ്ങള്‍ അതില്‍ ഭാഗഭാക്കായി എന്റെ ഒച്ചയും കൈയ്യടീയും അതില്‍ മുഴങ്ങി കേള്‍ക്കുവാന്‍ ഞാന്‍ യത്നിഞ്ഞു കൊണ്ടിരുന്നു..KF പതഞ്ഞു ചിരിക്കുന്നു ഉള്ളില്‍ )
******* # ***************# ***********
ടിങ്.ടോങ്............!

ഭൂതകാലം ബെല്ലടി കേട്ട് ആമ തല വലിക്കും പോ
ലെ എന്നില്‍ നിന്ന്(ഗ്രാമവും പാട്ടും ) ഉള്‍വലിഞ്ഞു മടങ്ങി .
ഞാന്‍ മുറിയില്‍ നിന്നു്‌ എഴുനേറ്റ് ചെന്നു വാതില്‍ തുറന്നു നോക്കി .റൂം മേറ്റ് ഇസ്മയില്‍ ആണ്.

എന്തുവാടാ നീ ഓഫിസില്‍ പോയില്ലേ..?
ഇല്ലെടാ ! ഓണം ആയതു കൊണ്ട് ഞാന്‍ അവധിയെടുത്തു.
ഓ ! അവധിയെടുത്ത് ഒറ്റക്കിരുന്നിട്ട് എന്തു കിട്ടാനാടാ .......? ഇസ്മയില്‍ സ്നേഹത്തില്‍ ചോദ്യച്ചു നിര്‍ത്തി .ഒരു മനസമധാനം അത്ര തന്നെ അല്സമായി ഞാന്‍ മിഴി വിദൂരതയില്‍ നട്ടു പറഞ്ഞു .ങാ! അതൊക്കെ പോട്ടേ നീ വന്നേ ...ഞങ്ങള്‍ ഫ്ളാറ്റിന്റെവരാന്തയിലേക്ക് വന്നു .പുറം കാഴ്ചകാണാന്‍ ...


ഇസ്മയില്‍ ഒരു Rothman's-നു്‌ തീ കൊടുത്തു . ഒറ്റ കത്തിക്കലില്‍ തന്നെ തീ പറ്റിയിരുന്നു അതില്‍ . ഒന്ന് എനിക്കും നീട്ടി .എന്തോ ആ ഒരു മൂഡില്‍ ഞാനും തീ പറ്റിച്ചു അതില്‍ .ലഹരി മേഘങ്ങള്‍ ഊതി താഴേക്ക് നോക്കി.നീല നിശീധിനിയില്‍ കുളിച്ചു നില്‍ക്കുന്ന അല്‍നാഹ്ദ പാര്‍ക്ക് ശാന്തമായി കിടക്കുന്നു .വീണ്ടും ആഞ്ഞു വലിച്ചു ലഹരി മേഘം ദൂരേക്ക് പറത്തി ഞാന്‍ നോക്കി നിന്നു..അകന്നു പോകുന്ന ലഹരി മേഘങ്ങള്‍ പോലെ അകലുകയാണോ ഓണ സ്മൃതികളൂം ....
.

.

പഴയൊരു ഉത്രാട നാൾ....

അന്നൊക്കെ ഓണക്കളി മുഴുവൻ ആരൂർ വടക്കേപ്പുറത്തായിരുന്നു. ചെറിയൊരു മൈതാനം അവിടെ ഉണ്ടായിരുന്നു. ചെറുപ്പക്കാർ തോൽ‌പ്പന്ത്(കാൽ‌പ്പന്ത്) കളിക്കുന്നതും, കുട്ടികൾ കുട്ടിയുംകോലും കളിക്കുന്നതും, തലപ്പന്തു കളിക്കുന്നതും, ഉച്ചതിരിഞ്ഞാൽ സ്ത്രീകൾ കൈകൊട്ടിക്കളി, തുമ്പിതുള്ളൽ മുതലായവ നടത്തുന്നതും അവിടെയായിരുന്നു. തിരുവോണദിവസം മിക്കവാറും പെണ്ണുങ്ങൾ മൈതാനം കയ്യടക്കും. മറ്റു ദിവസങ്ങളിൽ കബഡികളിയും, കിളിത്തട്ടുകളിയും ഉണ്ടാകും, വൈകുന്നേരങ്ങളിൽ.

ഊഞ്ഞാൽ കെട്ടിയിരുന്നത് ആരൂരെ അയ്യത്ത് (അയ്യം = പറമ്പ്) തന്നെയായിരുന്നു. ആരൂരെ ഉമയക്കച്ചിയാണ് അന്ന് നാട്ടിലെ എറ്റവും പെരുകേട്ട തയ്യൽക്കാരി. അവിടെ തയ്യൽ പഠിക്കാൻ നാലഞ്ച് പെൺകുട്ടികൾ ഒപ്പം കാണും, എപ്പോഴും.

പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു. ഇന്ന് പലപ്പൊഴും ആ ഡിസൈനുകൾ കാണുന്നത് ബെഡ് ഷീറ്റുകളിലും, കർട്ടൻ തുണികളിലുമാണ്‌ !കാലം എന്റെ സങ്കല്പങ്ങൾ മാറ്റിയെങ്കിലും ആ വർണവിസ്മയം ഇനും കൺ മുന്നിൽ തുള്ളിത്തുളുമ്പുന്നു.

അത്തം പിറന്നാൽ പിന്നെ കുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞികുടിക്കുന്നു (അതെ.... അന്ന് എല്ലാ വീടുകളിലും രാവിലെ കഞ്ഞിയായിരുന്നു ഭക്ഷണം - പാവപ്പെട്ടവരായാലും, പണക്കാരായാലും), ഒരു വള്ളി നിക്കറും ചിലപ്പോൾ ഒരു ഷർട്ടും ധരിച്ച് വീട്ടിൽ നിന്നിറങ്ങുന്നു. ഉച്ചയാവുമ്പോൾ വീട്ടിലെത്തുന്നു. ഊണു കഴിക്കുന്നു. വീണ്ടും കളികളിലേക്ക് മടങ്ങുന്നു!

സ്വതവേ മെലിഞ്ഞ ശരീരപ്രകൃതിയും, മറ്റുള്ളവരേക്കാൾ ആരോഗ്യം കുറഞ്ഞവനുമായിരുന്നു ഞാൻ. അനിയന്മാരും അങ്ങനെ തന്നെ. എങ്കിലും കണ്ണകിണ്ണന്മാർ അന്നേ പുലിക്കുട്ടികളായിരുന്നു. കളികളിലും, ഊഞ്ഞാലാട്ടത്തിലും, മരം കയറ്റത്തിലും, നീന്തലിലും ഒക്കെ മിടുക്കന്മാർ. രണ്ടുവയസ്സിന്റെ മൂപ്പുകൊണ്ട് കളികളിൽ ഞാൻ അവർക്കൊപ്പം പിടിച്ചുനിന്നിരുന്നു. എന്നാൽ ഉയരത്തിൽ ഊഞ്ഞാലാടാൻ എനിക്ക് ഭയമായിരുന്നു. അതേ സമയം ഊഞ്ഞാലിലിരിക്കാൻ വലിയ കൊതിയും!

ആരുമില്ലാത്തപ്പോൾ ഞാൻ ഒറ്റയ്ക്ക് ഊഞ്ഞാലിൽ കയറിയിരുന്ന് മെല്ലെ ആടും. ഏറിയാൽ രണ്ടടി പൊക്കം നിലത്തു നിന്നുയരും അത്ര തന്നെ!

കണ്ണനും കിണ്ണനുമാണെങ്കിൽ നാലാൾ പൊക്കത്തിൽ വരെ ഊഞ്ഞാലാടും! പിന്നെ ചില്ലാട്ടത്തിലും അവന്മാർ മിടുക്കന്മാരാണ്. രണ്ടു പേർ ഊഞ്ഞാലിൽ അഭിമുഖമായി എണീറ്റുനിന്നാണ് ചില്ലാട്ടം. തൊട്ടു മുന്നിലുള്ള മാവിൻ തൽ‌പ്പുവരെ അവർ ഉയർന്നുപൊങ്ങും!

അതൊക്കെ നോക്കി ഞാൻ അരികിലെവിടെയെങ്കിലും നിൽക്കും.

എന്നാൽ കുട്ടിയും കോലും കളിയിൽ ഞാൻ മിടുക്കനായിരുന്നു. അതിൽ മിക്കവാറും ജയിക്കും. അതു പോലെ ഞൊണ്ടികളി. ഇതിനൊക്കെ ആളെക്കൂട്ടി കളി സംഘടിപ്പിക്കുക എന്നതായിരുന്നു എന്റെ രീതി.

ഒരു ഉത്രാട ദിവസം രാവിലെ ആരുമില്ലാത്ത ദിവസം ഒറ്റയ്ക്ക് ഊഞ്ഞാലാടുകയായിരുന്നു ഞാൻ. പെട്ടെന്ന് അവിടേയ്ക്ക് പുക്കാറും പുലുമാലും എത്തി! പക്കാ കില്ലാഡികളാണ് അവർ. ഭയപ്പെട്ടതുപോലെ തന്നെ അവന്മാർ അടുത്തു വന്നു. ഊഞ്ഞാലാടണം എന്നാവശ്യപ്പെട്ടു.

“ഞാനിങ്ങോട്ടു വന്നതേ ഉള്ളു....“ ഞാൻ പറഞ്ഞു.

“ഓ! അതിനെന്തുവാ.... ഇയാക്ക് പത്തുണ്ട ഇട്ടുതരാം. എനിട്ട് ഞങ്ങളാടാം!” പുലുമാൽ പറഞ്ഞു.

(ഉണ്ട എന്നാൽ പിന്നിൽ നിന്നും ഊഞ്ഞാലിൽ ആഞ്ഞു തള്ളി വിടൽ)

അപ്പോഴേക്കും പുക്കാർ എന്റെ പിന്നിലെത്തിക്കഴിഞ്ഞു.

“ഉണ്ടയിടാൻ പോവാ.... ഒന്നേ....”

പുക്കാർ എന്നെ ഊഞ്ഞാലോടെ പിന്നിലേക്കു വലിച്ച് മുന്നോട്ട് ആഞ്ഞു തള്ളി. റോക്കറ്റ് വേഗത്തിൽ ഞാൻ മുന്നോട്ട്. കാലുകൾ വിറയ്ക്കാൻ തുടങ്ങി.

“അയ്യോ! ഇത്രേം വല്ല്യ ഉണ്ട വേണ്ട....” ഞാൻ നിലവിളിച്ചു.

ആരുകേൾക്കാൻ!

പത്തുണ്ട ഇട്ടു തന്നിട്ടുവേണം അവന്മാർക്ക് ചില്ലാട്ടമാടാൻ!

രണ്ടാമത്തെ ഉണ്ടയിൽ ഞാൻ കൂടുതൽ ഉയർന്നു. അരികിൽ നിന്നിരുന്ന വാഴയുടെ പൊക്കത്തിൽ....

എന്റെ ശബ്ദം നഷ്ടപ്പെട്ടു!

മൂന്നാമത്തെ ഉണ്ടയിൽ ഉയർന്നുപൊങ്ങിയതോർമ്മയുണ്ട്..... പിന്നെ ഓർക്കുന്നത് വാഴത്തടത്തിൽ കിടക്കുന്നതാണ്. ഊഞ്ഞാൽ ആളില്ലാതെ ആടുന്നു!

ഞാൻ വീണതുകണ്ട് പുക്കാറും പുലുമാലും ഓടിയൊളിച്ചു.

രാവിലെ ഏഴരയേ ആയുള്ളു എന്നതുകൊണ്ട് അവിടെ വേറാരും ഉണ്ടായിരുന്നില്ല.

ഒരു മിനിറ്റ് ആ വാഴത്തടത്തിൽ കിടന്ന് ആരും കണ്ടില്ല എന്നുറപ്പായപ്പോൾ ഞാനെണീറ്റു. ചന്തി തടവി മെല്ലെ വീട്ടിലേക്കു മടങ്ങി.

ഒൻപതുമണിയോടെ ചെണ്ടമേളം കേട്ടുതുടങ്ങി. കടുവാകളി ആരംഭിക്കുകയാണ്. (പുലികളി ഏവൂരിൽ കടുവാകളിയാണ്).

അതുകേട്ടതോടെ ഞങ്ങൾ കുട്ടികൾ കിഴക്കോട്ടോടി. ‘മീശ‘ എന്നറിയപ്പെടുന്ന കൃഷ്ണൻ ആണ് സ്ഥിരം കടുവ. പ്രൊഫഷണൽ തവളപിടുത്തക്കാരനാണ് ആൾ. രാത്രി പെട്രോമാക്സുമായി കൃഷ്ണനും കൂട്ടുകാരനും കൂടി വയലുകൾ തോറും നടന്ന് തവള പിടിക്കും. പുലർച്ചെ അവയൊക്കെ സഞ്ചിയിൽ നിന്നെടുത്ത് തവളക്കാലുകൾ കൃത്യമായി മുറിച്ച് കൊണ്ടുപോയി വിൽക്കും. ഏറ്റവും വലിയ തവളകളെ ‘ജംബോ’ എന്നാണ് അവർ വിളിക്കുക. ഇരുകയ്യിലും ഒതുങ്ങാത്തത്ര വലിപ്പമുണ്ടാവും, അവയ്ക്ക്!

എന്നാൽ ഓണക്കാലമായാൽ തവളപിടുത്തത്തിന് ഓഫ് കൊടുത്ത് ‘മീശ‘ കടുവാത്തലയുണ്ടാക്കും. മോൾഡ് ചെയുന്നതും, ചായം പൂശുന്നതും ഒക്കെ മീശ തന്നെ!

ഉത്രാടം തിരുവോണം ദിവസങ്ങളിലാണ് കടുവാ ഇറങ്ങുന്നത്.

ഒരു വീക്കുചെണ്ട, ഒരു ഉരുട്ടുചെണ്ട, ഒരു ചിഞ്ചില്ലം (ഇലത്താളം) ഇവയാണ് മേളക്കൂട്ടം.

പിന്നെ ഒരു സായിപ്പുണ്ടാകും. അയാളാണ് വേട്ടക്കാരൻ. കാക്കിപ്പാന്റും, ഷർട്ടും ധരിച്ച് തലയിൽ ഒരു വട്ടത്തൊപ്പിയും വച്ച് വരച്ചു വച്ച ‘റ’ പോലുള്ള മീശയുമായി ഒരു കറുകറുത്ത നാടൻ സായിപ്പ്!

ഒരു കാക്കിപ്പാന്റും ഷർട്ടും സംഘടിപ്പിക്കുക എന്നതായിരുന്നു അന്ന് മീശ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.

കാരണം മറ്റൊന്നുമല്ല. പാന്റിടുന്ന ആരും നാട്ടിലില്ല!

പോലീസുകാർ പോലും നിക്കർ ഇട്ടിരുന്ന കാലം. പിന്നെയുള്ളത് ഒരു പൊസ്റ്റ്മാൻ. അയാൾ കാക്കിഷർട്ടും പിന്നെ മുണ്ടുമാണ് ധരിച്ചിരുന്നത്. മറ്റൊരാൾ ലൈൻ മാൻ. ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിൽ നീന്തുന്ന അയാൾക്ക് ആകെ ഒരു കാക്കിപ്പാന്റേ ഉള്ളത്രെ!പക്ഷെ അതിട്ട് ഞങ്ങളാരും ആളെക്കണ്ടിട്ടും ഇല്ല!

എങ്കിലും മീശ പോയി ആളെ കുപ്പിയിലാക്കി ആ പാന്റ് സംഘടിപ്പിച്ചു! പിഞ്ചിക്കീറാറായ ഒരു കക്കിപ്പാന്റ്.

(ഈ കഥകളൊക്കെ ഓണം കഴിഞ്ഞ് കുറ്റിയിലെ പ്ലാവിന്റെ കീഴിൽ മീശ നടത്തുന്ന സദിരുകളിൽ നിന്നാണ് എനിക്കു കിട്ടിയത്! )

എന്തായാലും ഉത്രാടരാവിലെ കടുവാകളി റെഡിയായി.

ടണ്ടം ടണ്ടം ടം
ടണ്ടം ടണ്ടം ടം!

ഇതാണ് വീക്കു ചെണ്ട!


ടടട്ടണ്ടം ടടട്ടണ്ടം
ടടട്ടണ്ടം ടടട്ടണ്ടം!

ഇത് ഉരുട്ടു ചെണ്ട!

ഝില്ലം ഝില്ലം ഝിൽ
ഝില്ലം ഝില്ലം ഝിൽ!

ഇത് ചിഞ്ചില്ലം!

മൂന്നും കൂടെ ഭേരിയായി ഉയരുമ്പോൾ കടുവ ചുവടുവയ്ക്കും..... സാ‍യിപ്പ് കടുവയെ വെടിവച്ചുവീഴ്ത്താൻ ചുറ്റിയടിക്കും - അതും താളത്തിൽ തന്നെ!

മറ്റു കാര്യങ്ങളിലൊക്കെ ജഗജില്ലിയാണെങ്കിലും പുലുമാലിന് സായിപ്പിനെ പേടിയാണ്! പുക്കാറിന് അങ്ങനെ പേടിയൊന്നുമില്ല.

സായിപ്പായി വേഷം കെട്ടുന്നത് മീശയുടെ തന്നെ ഒരു ബന്ധുവായ സുകുമാരനാണ്. ജനത്തെ ആകർഷിക്കാൻ പല നമ്പരുകളും ഇടും ആശാൻ!

അങ്ങനെ കടുവാസംഘം വീടുകൾ കയറാൻ തുടങ്ങി. ഞങ്ങൾ കുട്ടികൾ പിന്നാലെ. പുക്കാറും ഒരല്പം അകലെയായി പുലുമാലും ഒപ്പമുണ്ട്.

ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ കളി അല്പം നീണ്ടു. നല്ല വിശാലമായമുറ്റമുണ്ടെന്നതാണ് കാരണം.

കടുവ താളത്തിൽ ചുവടു വച്ചു. സായിപ്പ് പിന്നാലെ ചുറ്റിയടിച്ചു. ജനം വട്ടത്തിൽ കൂടിനിൽക്കുകയാണ്. അതിനു നടുവിലാണ് കളി.

പെട്ടെന്ന് സായിപ്പ് ആൾക്കൂട്ടത്തിനു പുറത്തേക്കു പാഞ്ഞുപോയി. സ്ത്രീകളുടെ ഇടയിലൂടെ പാഞ്ഞ് വീണ്ടും നടുത്തളത്തിലേക്ക്. വീണ്ടും പുറത്തേക്ക്....

സായിപ്പിന്റെ ഈ കൊപ്രായങ്ങൾ കണ്ട് ജനം ഒന്നമ്പരന്നു. അതിൽ മയങ്ങി നിൽക്കുകയായിരുന്ന പുലുമാലിനു നേരേ അതാ സായിപ്പ് പാഞ്ഞു വരുന്നു. കടുവ തൊട്ടു മുന്നിൽ!

പുലുമാലിനെ മറയാക്കി കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ് സായിപ്പ്. സായിപ്പിനെ കണ്ടതും പുലുമാൽ നിലവിളിക്കാൻ തുടങ്ങി. സ്ത്രീകളടക്കം ജനം ഇളകി മറിഞ്ഞു. പുലുമാലിന്റെ നിലവിളി കണ്ട് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു പുക്കാർ.

പെട്ടെന്ന് പുലുമാലിനെ പിടിവിട്ട് പുക്കാറിന്റെ കാലുകൾക്കിടയിലൂടെ സായിപ്പ് തൊക്ക് നീട്ടി!

പുക്കാർ നിന്നു വിറച്ചു.

ഇരുകാലുകളും കവച്ച് ‘റ’ പോലെവളച്ചു നിന്നു!

ചെണ്ടമേളം ഉച്ചസ്ഥായിയിൽ.

സായിപ്പ് പുക്കാറിനു പിന്നിൽ നിലത്ത് കിടന്ന് പട്ടാളക്കാർ അതിർത്തിയിൽ കിടന്നു വെടിവയ്ക്കുന്നതുപോലെ കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ്.

പുക്കാറും പുലുമാലും നിലവിളി!

വീക്കുചെണ്ടയും ഉരുട്ടുചെണ്ടയും ഉച്ചസ്ഥായിൽ തിമിർക്കെ പെട്ടെന്ന് വെടിപൊട്ടി!

പുക്കാറിന്റെ വള്ളിനിക്കർ നനഞ്ഞു!

ആർപ്പു വിളി... മേളം....!

കടുവ ചത്തുമലച്ചു വീണു!


ഓണവാൽ:മീശയും സായിപ്പും ഇത് നേരത്തെ പ്ലാൻ ചെയ്തു വച്ചതായിരുന്നത്രെ. തൊട്ടു മുൻപത്തെ ആഴ്ച അവർ പിടിച്ച്കൊണ്ടു വന്ന രണ്ടു ജംബോ തവളകളെ പുക്കാറും അനിയനും അടിച്ചു മാറ്റിയതിന് ഒരു ചെറിയ പണികൊടുത്തതാണു പോലും!എന്തായാലും രാവിലെ കണ്ണീരിൽ തുടങ്ങിയ എന്റെ ഉത്രാടം അന്ന് പൂത്തിരിയിൽ അവസാനിച്ചു!

മീശ ഇന്നില്ല. ഒരു ഗ്രാമത്തെ മുഴുവൻ രസിപ്പിച്ചിരുന്ന ആ കലാകാരന് എന്റെ ഓർമ്മപ്പൂക്കൾ!

Friday, August 13, 2010

സ്വാതന്ത്ര്യ ദിന ആശംസകള്‍

എല്ലാവര്ക്കും ആല്‍ത്തറയില്‍ നിന്നും
സ്വാതന്ത്ര്യദിന ആശംസകള്‍






Tuesday, August 10, 2010

ഓണം ... പൊന്നോണം!!!


ഭിത്തിയിലെ മലയാളം കലണ്ടര്‍ ഏ. സി. യുടെ ചെറുകാറ്റില്‍ മെല്ലെ ഇളകി. കണ്ണുകള്‍ ചുവന്ന അക്കങ്ങളില്‍ പതിഞ്ഞു, ആഗസ്റ്റ് 23 ... പിന്നേയും ഒരോണം!

മനസ്സിലേക്ക് കഴിഞ്ഞ വര്‍ഷത്തെ ഓണം കടന്ന് വന്നു; ആര്‍പ്പും കുരവയുമില്ലാതെ, പ്രിയപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അമ്മയുടെയും ഭാര്യയുടെയും സ്‌നേഹസ്പര്‍ശമുള്ള ഓണസദ്യയില്ലാതെ, കുഞ്ഞുമോന്റെ കുസൃതികളില്ല്ലാതെ, കൂട്ടുകാരുടെ വെടിവട്ടങ്ങളില്ലാതെ കഴിഞ്ഞ് പോയ മറ്റൊരു ഓണം!

കമ്പിനി മനേജ്‌മെന്റിന്റെ ഔദാര്യം കൊണ്ട് വീണുകിട്ടിയ ഒരവധി. രാവിലെ തന്നെ ബന്ധുക്കളെയൊക്കെ ഫോണ്‍ ചെയ്ത് ആശംസകളറിയിച്ചു. പലര്‍ക്കും ഓണക്കാലത്തെ മഴ പോലെ തണുത്ത പ്രതികരണം. അച്ഛന്റെയും അമ്മയുടെയും വാക്കുകളില്‍ നനവ് ... ഭാര്യയുടെ അമര്‍ത്തിയ ഒരു ദീര്‍ഘനിശ്വാസം!

‘ഇന്ന് മുറിയില്‍ തന്നെ തനിയെ കഴിയാം, എവിടെയും പോകുന്നില്ല’ തന്നോട് തന്നെ ഒരു വാശി!

ടി. വി. യില്‍ മടുപ്പിക്കുന്ന ഓണപ്പരിപാടികള്‍ ... ബോറന്‍ സിനിമകള്‍. താരങ്ങളുടെ ഗീര്‍വാണങ്ങള്‍. റെസ്റ്റോറണ്ടില്‍ വിളിച്ച് ഓണപ്പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു, 7 ദിര്‍ഹംസ് വിലയുള്ള ഊണിന് ഓണത്തിന് 40 ദിര്‍ഹംസ്! അതിനിടയില്‍ ഫോണിലൂടെ SMS സന്ദേശങ്ങള്‍ ... അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് എന്തൊക്കെയൊ കുറെ കസര്‍ത്തുകള്‍!

വല്ലാതെ ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ ബഷീറിന്റെ സമ്പൂര്‍ണ കൃതികള്‍ തുറന്നു, ആദ്യം കണ്ടത് ‘ആനപ്പൂട’. പലയാവര്‍ത്തി വായിച്ചാതാണെങ്കിലും വീണ്ടും രസം പിടിച്ച് വന്നപ്പോഴാണ് ഡോര്‍ബെല്‍ ശബ്ദിച്ചത്. ഓണപ്പാര്‍സലുമായി ഡെലിവറി ബോയ്, കയ്യില്‍ പല പ്ലാസ്റ്റിക് ബാഗുകള്‍. ഒരെണ്ണത്തില്‍ തുമ്പൊക്കെ കീറിയ ഒരു വാഴയിലയും! പാഴ്സല്‍ വാങ്ങി മേശപ്പുറത്ത് വെച്ച് വീണ്ടും വായന തുടര്‍ന്നു, എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിഞ്ഞില്ല.

നിര്‍ത്താതെയുള്ള ഫോണ്‍ബെല്‍ കേട്ടാണ് കണ്ണ് തുറന്നത്. കണ്ണ് തുറക്കുമ്പോള്‍ മുറിയില്‍ നല്ല ഇരുട്ട്!

‘എന്താ ഉറക്കമാണോ?’ ഫോണില്‍ ഭാര്യയുടെ ശബ്ദം.

‘ഉം’ ഉറക്കച്ചടവിലാണ് മറുപടി പറഞ്ഞത്.

‘ഊണൊക്കെ കഴിച്ചോ?’

പെട്ടെന്നാണ് ഊണിന്റെ കാര്യം ഓര്‍ത്തത്. മേശപ്പുറത്തേക്ക് നോക്കി, പ്ലാസ്റ്റിക്ക് കവറുകള്‍ അങ്ങനെ തന്നെ ഇരിക്കുന്നു. തുമ്പ് കീറിയ വാഴയില ഏ. സി.യുടെ കാറ്റില്‍ മെല്ലെ ശബ്ദം ഉണ്ടാ‍ക്കിക്കൊണ്ടിരുന്നു.

‘ഊണ് കഴിച്ചിട്ടുണ്ടാവില്ല, എനിക്കറിയാം’ അങ്ങേത്തലക്കല്‍ ഭാര്യയുടെ തേങ്ങലോളമെത്തിയ ശബ്ദം!

പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ മനസ്സ് എന്ത് കൊണ്ടോ ശൂന്യമായിരുന്നു.

കുളിയൊക്കെ കഴിഞ്ഞ് വന്ന് നോക്കുമ്പോള്‍ ചോറും കറികളും ഒക്കെ തണുത്ത് കഴിഞ്ഞിരുന്നു. കുറച്ച് പായസവും, പഴവും കഴിച്ച് പുറത്തേക്കിറങ്ങി. സെപ്‌റ്റംബര്‍ തുടങ്ങിയിട്ടും എന്തൊരു ചൂട്! സന്ധ്യയായിട്ടും ഉഷ്ണത്തിനും പുകച്ചിലിനും ഒരു കുറവുമില്ല!

അവസാനം നടന്ന് ചെന്നെത്തിയത് പതിവായി ഇരിക്കാറുള്ള പാര്‍ക്കിലെ, മരങ്ങള്‍ കൂടി നില്‍ക്കുന്ന കോണിലെ ബെഞ്ചില്‍. ഉഷ്ണവും, നോയമ്പും ഒക്കെക്കാരണം പാര്‍ക്കില്‍ ആള്‍ക്കാര്‍ വളരെ കുറവ്.

‘സാര്‍, ഞാന്‍ ഇവിടെ ഇരുന്നോട്ടേ?’

ഒരു ചെറുപ്പക്കാരന്‍. ഷേവ് ചെയ്യാത്ത മുഖവും, ഇസ്തിരിയിടാത്ത വേഷവും ഒക്കെയായി അസ്വസ്ഥത അനുഭവിക്കുന്നത് പോലെ തോന്നുന്ന ഒരാള്‍.

‘ഇരുന്നോളൂ’

കുറച്ച് കഴിഞ്ഞ് അയാളൊന്ന് മുരടനക്കി, ഒരു സംസാരത്തിന് ശ്രമിക്കുന്നത് പൊലെ. ദിവസം മുഴുവന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നത് കൊണ്ട് വല്ലാത്തൊരു ഈര്‍ഷ്യയാണ് തോന്നിയത്.

‘സാറിനെ ഞാന്‍ ശല്യപ്പെടുത്തുകയാണോ?’

‘പറയൂ’ കഴിയുന്നത്ര അലോസരം മുഖത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചു.

‘സാറിന്റെ പേരെന്താ?’

‘സാറിന് പാട്ടിഷ്ടമാണോ?’

പിന്നെ, പാട്ട് ആസ്വദിക്കാന്‍ പറ്റിയ ഒരു മാനസികാവസ്ഥ - മനസ്സില്‍ പറഞ്ഞു!

‘സാര്‍, ഞാന്‍ ഒന്ന് രണ്ട് പാട്ടുകള്‍ക്ക് ട്രാക് പാടിയിട്ടുണ്ട്. സാറിന് താല്പര്യമുണ്ടെങ്കില്‍ ഒരു പാട്ടു പാടാം’.

അയാളുടെ മുഖത്തെ ദയനീയത കണ്ടപ്പോള്‍ ഒന്നും പറയാന്‍ തോന്നിയില്ല. മൌനം സമ്മതം എന്ന് തോന്നിയത് കൊണ്ടാവും അയാള്‍ ഒരു പാട്ട് പാടാന്‍ തുടങ്ങി.

‘തൊഴുതു മടങ്ങും സന്ധ്യയുമേതോ ...’ എന്ന് തുടങ്ങുന്ന എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഗാനം ഇമ്പമാര്‍ന്ന സ്വരത്തിലയാള്‍ പാടാന്‍ തുടങ്ങി. പാട്ട് തീര്‍ന്നതോടെ അയാളോട് അറിയാതെ ഒരിഷ്ടം തൊന്നി. ഒപ്പം എന്റെ മനസ്സും ശാന്തമായത് പോലെ.

‘നിങ്ങളുടെ പേരെന്താ, എന്ത് ചെയ്യുന്നു?’

പേര് പറഞ്ഞിട്ട് അയാള്‍ തന്റെ കഥ പറയാന്‍ തുടങ്ങി. മറ്റൊരു പതിവു പ്രവാസ കഥ തന്നെ! ഉള്ളതെല്ലാം പണയപ്പെടുത്തി, ഒരുപാട് ഉത്തരവാദിത്വങ്ങളും തലയിലേറ്റി, എങ്ങനെയോ ഒരു വിസ സംഘടിപ്പിച്ച് വന്നതാണ്. പലയീടത്തും ചെറിയ ചെറിയ ജോലികള്‍ ചെയ്തു. നിയമങ്ങള്‍ കര്‍ശനമായതോടൊപ്പം സാമ്പത്തികമാന്ദ്യം കൂടി ആയപ്പോള്‍ ഇപ്പോള്‍ ജോലിയൊന്നുമില്ല. കുറെ പാവം ബാച്ചിലേഴ്സിന്റെ കാരുണ്യത്തില്‍ അവരുടെ ഔദാര്യം പറ്റി കഴിയുന്നു.

‘നിങ്ങള്‍ക്ക് നാട്ടില്‍ തിരിച്ച് പോയി അവിടെ എന്തെങ്കിലും ചെയ്തു കൂടേ?’

‘കിട്ടാവുന്നിടത്തൊക്കെ നിന്നും കടവും, പലിശയും ഒക്കെ വാങ്ങിയാണ് ഇങ്ങോട്ട് പൊന്നത് ... പ്രായമായ അച്ഛനും അമ്മയും മകന്‍ ഒരുനാള്‍ പണക്കാരനായി തിരിച്ചു വരും എന്ന പ്രതീക്ഷയിലെങ്കിലും കഴിഞ്ഞോട്ടെ സാര്‍.’

‘ഓണമായിട്ട് ഇന്ന് ഊണൊക്കെ കഴിച്ചോ?’

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് എന്ത് ഓണം സാര്‍?’

ആ കണ്ണുകളിലെ ദൈന്യത മനസ്സിലെവിടെയൊ കൊണ്ടു.

‘വരൂ, നമുക്ക് എന്തെങ്കിലും കഴിച്ചു കൊണ്ടിരുന്നു സംസാരിക്കാം’

പാര്‍ക്കിനെ മറുവശത്തുള്ള സാമാന്യം ഭേദപ്പെട്ട റെസ്റ്റോറണ്ടിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മെല്ലെ പറഞ്ഞു,

‘സാര്‍, ക്ഷമിക്കണം ... ഈ ഒരു നേരത്തെ പൈസ ഉണ്ടെങ്കില്‍ എനിക്കു കുറെ ദിവസമെങ്കിലും മറ്റാരുടേയും ഔദാര്യത്തിലല്ലാതെ കഴിയാമായിരുന്നു!‘

അയാളുടെ മുഖം വിങ്ങിപ്പൊട്ടാന്‍ പോകുന്നതു പോലെ ഉണ്ടായിരുന്നു!

പേഴ്സ് എടുത്തു നോക്കി, വല്ലാത്ത കനക്കുറവ്, ശമ്പളം കിട്ടിയിട്ടില്ല. ഉണ്ടായിരുന്ന തുക അങ്ങനെ തന്നെ എടുത്ത്, അയ്യാളുടെ കൈക്കുള്ളില്‍ വച്ചു കൊടുക്കുമ്പോള്‍ ആ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വരുന്നുണ്ടായിരുന്നു!

എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് അയാള്‍ പറഞ്ഞു,

‘സാര്‍, എനിക്കിപ്പോള്‍ വേണ്ടത് ഒരു ജോലിയാണ് ... എന്തായാലും മതി ... എന്നെ, എന്നെ ഒന്ന് സഹായിക്കാന്‍ സാറിന് കഴിയുമോ?’

ശ്രമിച്ചു നോക്കാം എന്നു പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പറായാനാവില്ലല്ലോ എന്നൊര്‍ത്തു വിഷമിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞൂ,

‘സാരമില്ല സാര്‍, എനിക്കറിയാം ബുദ്ധിമുട്ടാ‍ണെന്ന്!’

കയ്യില്‍ ഒന്നമര്‍ത്തി, തല കുമ്പിട്ട് അയാള്‍ നടന്നകന്നു.




(Pic courtesy: Google Images)