Saturday, June 26, 2010

നിഴലായ് മറഞ്ഞൊരു പെണ്‍കുട്ടി

തെല്ലൊരു ആകാംക്ഷയോടെയാണ് അന്നും മെയില്‍ ബോക്സ് തുറന്നത്, ഒപ്പം പ്രതീക്ഷയും; അമ്മുവിന്റെ ഒരു വരിയെങ്കിലും മെസ്സേജായി ഉണ്ടാവാതിരിക്കില്ല. ഇല്ല, പതിവ് കുസൃതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അവള്‍ വാക്ക് പാലിച്ചിരിക്കുന്നു!

വെറുതെ പഴയ ബ്ലോഗുകളിലൂടെ കണ്ണോടിച്ചു. ‘സ്വര്‍ണമത്സ്യം’ എന്ന എന്റെ ബ്ലോഗില്‍ കണ്ണുകളുടക്കിയപ്പോള്‍ ആദ്യമായി അമ്മുവിനെ പരിചയപ്പെട്ടത് മനസ്സിലെത്തി. അന്ന് ആ കവിതക്ക് പലരും എഴുതിയ പതിവ് കമന്റുകള്‍ക്കിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്നതിനിടയിലാണ് വേറിട്ട ഒരു കമന്റ് ശ്രദ്ധയില്‍ പെട്ടത്.

‘സുഹൃത്തെ, ഞാനും ഒരു സ്വര്‍ണമത്സ്യം തന്നെ ... അലങ്കാര ചില്ലുകൂട്ടില്‍ പ്രദര്‍ശന വസ്തുവായി മാത്രം കഴിയാന്‍ വിധിക്കപ്പെട്ടൊരു സ്വര്‍ണമത്സ്യം”.

കമന്റെഴുതിയ ആളിനെപ്പറ്റി കൂടുതല്‍ അറിയാനുള്ള ശ്രമം പ്രൊഫൈലിലെ വിവരങ്ങളുടെ അഭാവത്തില്‍ വൃഥാ ആയി. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മെസ്സേജ്:

‘ഞാന്‍, ‘സ്വര്‍ണമത്സ്യം’ ... ഇടക്കൊക്കെ ഒന്ന് ശല്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാനെടുത്തോട്ടേ?

ഈ തുറന്ന പെരുമാറ്റം മെയില്‍ ചെയ്ത ആളോട് എന്തോ ഒരടുപ്പം തോന്നിച്ചു. മറുപടിയില്‍ എന്റെ ഇ-മെയില്‍ വിലാസം കൊടുക്കുമ്പോള്‍ അതൊരു ആത്മബന്ധത്തിന്റെ തുടക്കമാകും എന്നറിഞ്ഞില്ല.

പിന്നെ ഇ-മെയിലുകളിലൂടെ സൌഹൃദം പങ്ക് വെക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പരസ്പരം അറിയാന്‍ തുടങ്ങി. ആദ്യമെയിലുകളില്‍ ഒന്നില്‍ അവള്‍ പറഞ്ഞു,

‘നന്ദൂ, ഒരു പേരില്‍ എന്തിരിക്കുന്നു, എങ്കിലും നിനക്ക് വിളിക്കാന്‍ മാത്രം ഞാനൊരു പേരു തരാം, അമ്മു‘.

അങ്ങനെ അവളെനിക്ക് അമ്മുവായി.

ഒരിക്കല്‍ അവളെനിക്ക് എഴുതി;

‘നന്ദൂ, നമ്മള്‍ ഒരിക്കലും നേരിട്ട് കാണില്ല ... ഇങ്ങനെ കാണാമറയത്ത് ഏറ്റവും പ്രിയപ്പെട്ട രണ്ട് കൂട്ടുകാര്‍, മനസ്സുകള്‍ കൊണ്ട് തൊട്ടറിയാനാവുന്ന രണ്ട് കൂട്ടുകാര്‍ ... അങ്ങനെ മതി, അല്ലേടാ?’

പിന്നെ വന്ന ദിവസങ്ങളിലെ മെയിലുകളിലൂടെ ഞങ്ങള്‍ പര‍സ്പരം അറിഞ്ഞു. സംഭവബഹുലമായ ഒരു പ്രേമത്തിന്റെ വിജയകരമായ അന്ത്യത്തില്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പം മണല്‍നഗരത്തിലെത്തിയതാ‍ണവള്‍. എങ്കിലും അമ്മുവിന്റെ വാക്കുകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന നെടുവീര്‍പ്പുകള്‍ ചിലപ്പോഴെങ്കിലും അസ്വസ്ഥത ഉണ്ടാക്കാതിരുന്നില്ല.

“നന്ദൂ, ഇപ്പോള്‍ രാത്രി ഏറെയായിരിക്കുന്നു. നാലാം നിലയിലെ എന്റെയീ കിടപ്പുമറിയുടെ ജന്നലരികില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ആകാശത്തെ തൊട്ട് നോക്കാം. പക്ഷെ എനിക്കീ ആകാശത്തോട് വെറുപ്പാണ്, നര‍ച്ച ഈ മേലാപ്പ് എന്റെ ആകാശത്തിന്റെ വര്‍ണവും, തിളങ്ങുന്ന നക്ഷത്രങ്ങളേയും എനിക്ക് നഷ്ടമാക്കുന്നു. നക്ഷത്രങ്ങളെപ്പോലും നമുക്ക് നിഷേധിക്കുന്ന ഈ നാടിനോട് നിനക്ക് വെറുപ്പ് തോന്നുന്നില്ലേ നന്ദൂ?’

ഓരോ മെയിലിലും അമ്മുവിന്റെ വ്യത്യസ്തമായ മുഖങ്ങള്‍ ഞാന്‍ കണ്ടു. ചിലപ്പോഴൊക്കെ അമര്‍ത്തിയ ചില തേങ്ങലുകള്‍, പൊട്ടിച്ചിരികള്‍, കുസൃതികള്‍ ...

പാട്ടും, കവിതയും ഒക്കെ എഴുതുമായിരുന്ന, ചിരിക്കുകയും ചിരിപ്പിക്കയും ഒക്കെ ചെയ്യുന്ന, കുസൃതി കാട്ടുന്ന വീട്ടുകാരുടെയും കൂട്ടുകാരുടേയും ഒക്കെ ഓമനയായിരുന്നത്രെ അമ്മു.

ഒരു പകലില്‍ അവള്‍ എഴുതി,

‘നന്ദൂ, എന്റെ ജന്നലിനു പുറത്ത് ഇപ്പോള്‍ തകര്‍ത്ത് പെയ്യുന്ന മഴ. ജന്നല്‍ച്ചില്ലുകളില്‍ വീണ് തകരുന്ന ആലിപ്പഴങ്ങള്‍. ഈ മണല്‍ നഗരത്തിലും മഴ! എനിക്കൊന്ന് മഴ നനയാന്‍, ഇരു കൈകളും ഉയര്‍ത്തി ഒന്ന് ഓടിക്കളിക്കാന്‍ കൊതി. പക്ഷെ ഈ നാ‍ലാം നിലയിലെ ഫ്ലാറ്റിന് മുറ്റമില്ലല്ലോടാ!’

പലപ്പോഴും അമ്മുവിന്റെ മെയിലുകള്‍ ഉത്തരം കിട്ടാത്ത സമസ്യകളുടേത് ആയിരുന്നു.

‘നന്ദൂ, ഇപ്പോള്‍ രാവേറെയായിരിക്കുന്നു. എന്റെ ടേബിള്‍ ലാമ്പിന് എന്ത് വെളിച്ചമാണെന്നോ. പക്ഷെ, ഈ വെളിച്ചത്തിലേക്ക് ഓടിയണയാന്‍, പിന്നെ വീണ് പിടഞ്ഞൊടുങ്ങാന്‍ ഇവിടെ ഇയ്യാമ്പാറ്റകള്‍ ഇല്ലല്ലൊ. പക്ഷെ ഇപ്പോള്‍ എന്റെ മാറിലെ നഖപ്പാടുകളില്‍ വേളിച്ചം വീഴുമ്പോള്‍ എനിക്ക് തോന്നുന്നു ഞാനും ഒരു ഇയ്യാം‌പാറ്റ അല്ലേ എന്ന്!’

വല്ലാത്ത ഇഴയടുപ്പമുള്ള ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വന്നു. പ്രിയമുള്ളൊരാള്‍ അടുത്തുണ്ടെന്ന തോന്നല്‍ ഇരുവര്‍ക്കും. കാത്തിരിക്കുവാന്‍ ആത്മസ്പര്‍ശമുള്ള മെയിലുകള്‍.

മറ്റൊരു മെയിലില്‍ അമ്മു ഏറെ വികാരവിക്ഷോഭത്തോടെ മനസ്സ് തുറന്നു:

‘നന്ദൂ, നീ ഇപ്പോള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ച് പോകുന്നു, ഒന്നിനുമല്ല വെറുതെ ഒന്ന് പൊട്ടിക്കരയാന്‍. ഈ രാവില്‍ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഈ പ്രണയം എന്നൊക്കെ പറയുന്നത് വെറുമൊരു കാപട്യമാണെന്ന്. നിനക്കറിയുമോ, അടുത്ത് എന്റെ ഭര്‍ത്താവ് സുഖമായുറങ്ങുന്നു ... എന്റെയീ ശരീരം ഉഴുതു മറിച്ച വികാരപൂര്‍ണതയുടെ ആലസ്യത്തില്‍. ഏത് ഷവറിന് കീഴില്‍ നിന്നാലാണിനി എന്റെ മന‍സ്സിന്റെ പോറലുകള്‍ക്ക് ആശ്വാസമാവുക?’

പിന്നെയുള്ള നാളുകളില്‍ അമ്മുവിനെ ഏറെ അറിഞ്ഞു. സ്വന്തം കഴിവുകള്‍ കൊണ്ട്, നല്ല പെരുമാറ്റം കൊണ്ട് ഏത് സദസ്സിലും പെട്ടെന്ന് തന്നെ ശ്രദ്ധാകേന്ദ്രമാകാന്‍ അമ്മുവിന് കഴിയുമായിരുന്നു. മറ്റുള്ളവര്‍ അമ്മുവിനോട് അടുപ്പം കാട്ടുന്നത് ഏറെ കോംമ്പ്ലക്സുകള്‍ ഉള്ള അവളുടെ ഭര്‍ത്താവിന് ദുസ്സഹമായിരുന്നു. സുഹൃത് സന്ദര്‍ശനങ്ങള്‍ പോലും അയാള്‍ ഒഴിവാക്കി. എഴുത്തും, വായനയും പോലും അയാളുടെ അപ്രീതിക്ക് പാത്രമായി. സുഹൃത്തുക്കള്‍ക്കുള്ള ടെലഫോണ്‍ വിളികള്‍‍ പോലും ചോദ്യച്ചിഹ്നങ്ങളായപ്പോള്‍ അമ്മു അതും നിര്‍ത്തി.

ഏതാനം ദിവസങ്ങള്‍ക്ക് ശേഷമാണ് അവളുടെ ഒരു മെയില്‍ വന്നത്.

‘നന്ദൂ, ഇതൊരു യാത്ര പറച്ചിലാണ്. ഞാന്‍ മടങ്ങിപ്പോകുന്നു, എന്റെ മുറ്റത്തേക്ക് ... എന്റെ തുളസിത്തറയിലേക്ക് ... എന്നിലേക്ക്! നിന്നോട് മാത്രം എങ്ങനെ യാത്ര പറയണം എന്നെനിക്കറിയില്ല. കഴിഞ്ഞ കുറെ നാളുകളില്‍ ഞാന്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവാണ് നിന്നെക്കുറിച്ചുള്ള, നമ്മുടെ കൂട്ടുകെട്ടിനെ കുറിച്ചുള്ള ഈ ഓര്‍മ്മകള്‍. നീ എനിക്കാരായിരുന്നു എന്നെനിക്കറിയില്ല, പക്ഷെ നിന്നെക്കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ ഞാന്‍ എന്നോടൊപ്പം കൊണ്ടുപോകുന്നു. ഒരിക്കല്‍ നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, പക്ഷെ ഒരു വക്കു പോലും മിണ്ടാതെ, ഒരു നോക്ക് കാണാതെ ഇങ്ങനെയൊരു ബന്ധം ... അതിന് വല്ലാത്തൊരു സുഖമുണ്ടല്ലേ? ഒരു പക്ഷെ ഇനിയൊരിക്കലും ഞാന്‍ നിനക്കെഴുതി എന്ന് വരില്ല.

പിന്നെ, ഇപ്പോള്‍ നിന്നോട് പറയാന്‍ എനിക്കൊരു പ്രധാന വിശേഷം കൂടി ഉണ്ട്. എല്ലാ പൊരുത്തക്കേടുകള്‍ക്കും വിട ചൊല്ലി അവസാനം ഞങ്ങള്‍ വേര്‍‌പിരിയാന്‍ തീരുമാനിച്ചു, ഉഭയസമ്മതപ്രകാരമുള്ള ഒരു വിവാഹ മോചനം!’

Thursday, June 17, 2010

ഊന്നുവടികള്‍ (ചെറുകഥ)

 ഊന്നുവടികള്‍.
 
രാവിലെ തന്നെ മുറ്റത്തേക്കിറങ്ങി ... ഇന്നലെ സന്ധ്യക്ക് മഞ്ഞ റോസയില്‍ ഒരു മൊട്ട് വിരിയാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴത് വിടര്‍ന്ന് പുലര്‍മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നുണ്ടാവണം. പിന്നെ മുറ്റത്തിന്റെ അതിരിലെ ഒട്ടുമാവില്‍ നിറയെ മുല്ലപ്പൂക്കളും വിരിഞ്ഞ് നില്‍ക്കുന്നുണ്ടാവണം. ഇന്നലെ നട്ട ആ ശംഖുപുഷ്പം വാടിപ്പോയിട്ടുണ്ടാവുമോ എന്തോ?

പണ്ട് മുതലേയുള്ള ശീലമാണ് അതിരാവിലെ തന്നെ ഉണരുക എന്നുള്ളത്. ഇപ്പോള്‍ പെന്‍ഷന്‍ ആയി വര്‍ഷങ്ങള്‍ ആയെങ്കിലും അതിന് മാറ്റമില്ല.

അപ്പോഴേക്കും ചന്ദ്ര ചായയുമായി എത്തി. നെറ്റിയില്‍ പതിവുള്ള ഭസ്മക്കുറി. രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു. പെന്‍ഷനായെങ്കിലും അവളും പഴയ ടീച്ചറുടെ കൃത്യനിഷ്ടകള്‍ തുടരുന്നു. മുറ്റത്തിറങ്ങി ഈറന്‍ മാറാത്ത, അവിടവിടെ നര കയറിയ, അറ്റം കെട്ടിയ മുടിത്തുമ്പില്‍ അവള്‍ രണ്ട് തുളസിയിലകള്‍ പൊട്ടിച്ച് തിരുകി വച്ചു.

പെന്‍ഷനായതില്‍ പിന്നെ രണ്ടാളും സമയം കളയാന്‍ കണ്ടുപിടിച്ച വഴിയാണ് പൂന്തോട്ട നിര്‍മാണവും പരിപാലനവും. വിശാലമായ മുറ്റത്തും, കല്‍പ്പടവുകള്‍ക്കരികിലും നിറയെ പല‍തരം ചെടികള്‍. പൂക്കളോടും ചെടികളോടും ഒപ്പം എത്ര നേരം     ചിലവഴിക്കുന്നതും രണ്ട് പേര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. നിശാഗന്ധി വിരിയുന്നത് കാണാനായി മാത്രം പാതിരാവ് വരെ ഉണര്‍ന്നിരുന്ന എത്ര ദിവസങ്ങള്‍!

പെട്ടെന്ന് സന്തോഷത്തോടെ ചന്ദ്ര വിളിച്ചു, ‘ദേ നോക്കിയെ ഈ കിളിക്കുട്ടിലിരുന്ന മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു’

ചെമ്പരത്തിച്ചില്ലകള്‍ക്കിടയിലെ കൂട്ടില്‍ കുഞ്ഞിച്ചുണ്ട് പിളര്‍ത്തി കരയുന്ന കുഞ്ഞുങ്ങള്‍.

രണ്ടാളേയും ഒന്നിച്ച് കണ്ടതോടെ മുറ്റത്തിന്റെ മൂലക്കുള്ള കൂട്ടില്‍ നിന്നും ലവ് ബേര്‍ഡ്സ് കലപില കൂട്ടാന്‍ തുടങ്ങി. അവക്ക് തീറ്റ കൊടുത്ത് കഴിഞ്ഞതോടെ അടുത്ത കൂട്ടില്‍ നിന്നും തത്തമ്മയും വിളി‍ തുടങ്ങി. അപ്പോഴേക്കും പടിക്കെട്ടിന് താഴെ നിന്നും പത്രക്കാരന്റെ സൈക്കിള്‍ ബെല്‍... മുറ്റത്തേക്ക് വന്ന് വീണ പത്രങ്ങളുമെടുത്ത് സിറ്റൌട്ടിലെ ഈസിചെയറിലേക്ക് കിടന്നു. ഒരു വാരികയും തുറന്ന് ചന്ദ്രയും അടുത്ത് ഒരു കസേരയിലിരുന്നു.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് താഴെ ഇടവഴിയില്‍ കൂടി കലപില കൂട്ടി സ്കൂളില്‍ പോകുന്ന കുട്ടികളുടെ ബഹളം.

‘സാറമ്മേ, സാറച്ഛാ ... റ്റാ .. റ്റാ ...’ അടുത്ത വീട്ടിലെ കുട്ടിയാണ്.

തിരിച്ച് കൈ വീശി ആ കുട്ടികളേയും നോക്കിയിരുന്ന‍പ്പോള്‍ മനസ്സ് ഒരുപാട് പിന്നിലേക്ക് പോയി.

ഒറ്റ മകനായിരുന്നു കുട്ടന്‍. രാവിലെ മൂന്ന് പേരും കൂടിയാണ് വീട്ടില്‍ നിന്നിറങ്ങുക. കുട്ടന്‍ ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്നു. അമ്പലക്കുളത്തിനടുത്തെത്തി വഴി പിരിയാന്‍ തുടങ്ങുമ്പോള്‍ ചന്ദ്ര ഓര്‍മ്മിപ്പിക്കും,

‘അച്ഛനും മോനും കൂടി കിന്നാരം പറഞ്ഞ് പറഞ്ഞ് സ്കൂളില്‍ എത്താന്‍ വൈകണ്ട കേട്ടോ’

പിന്നെ ഒരു കയ്യില്‍ മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച്, കക്ഷത്തില്‍ ബാഗും മറ്റേ കൈവിരല്‍ തുമ്പില്‍ കുട്ടനേയും പിടിച്ച് നടക്കുമ്പോള്‍ അവന് ഒരായിരം സംശയങ്ങളാണ്. വഴിയില്‍ കാണുന്ന പരിചയക്കാരോടൊക്കെ കുശലം പറഞ്ഞ് ഞാന്‍ നില്‍ക്കുമ്പോള്‍ കുട്ടന്‍ മരക്കൊമ്പത്ത് ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാരോട് കുശലം പറയുകയാകും. പിന്നെ കാവിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കുയിലിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ അവന്‍ ചോദിക്കും,

‘അച്ഛാ, ഞാനും കൂവട്ടേ?’

 
കുയിലിനൊപ്പം കുട്ടന്‍ മറുപാട്ട് പാടുമ്പോള്‍ അടുത്തെങ്ങും ആരുമില്ലെങ്കില്‍ ഞാനും അവന്റെ കൂടെ കൂടും!

രാവിലേയും വൈകുന്നേരവും ഉളള നടത്തത്തിനിടയിലാണ് ഞാന്‍ കുട്ടന് കഥകളും കവിതയും ഒക്കെ പറഞ്ഞ് കൊടുക്കുക.

കുട്ടന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും സന്തോഷത്തോടെയാണ് ഞങ്ങള്‍ കണ്ട് നിന്നത്. പഠിത്തത്തിലും, കളിയിലും, സാഹിത്യത്തിലും ഒക്കെ മികവ് കാട്ടിയ അവന്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും സ്‌നേഹിക്കുന്നതിലും മുന്നിലായിരുന്നു. കോളേജ് ക്ലാസ്സുകളിലെത്തി ഹോസ്റ്റലുകളിലൊക്കെ താമസിക്കേണ്ടി വന്നപ്പോഴും അവന്‍ എല്ലാ വിശേഷങ്ങളും പറഞ്ഞ് തുടര്‍ച്ചയായി കത്തുകള്‍ എഴുതുമായിരുന്നു. അവധിക്ക് വീട്ടിലെത്തുമ്പോഴൊക്കെ അടുക്കളയിലെത്തി അവിടെയുള്ള ‘അരിപ്പെട്ടിയുടെ’ മുകളിലിരുന്ന് അമ്മയോട് എല്ലാ വിശേഷങ്ങളും ഒരു കൊച്ച് കുട്ടിയേ പോലെ അവന്‍ പറയുമായിരുന്നു. ജോലി ചെയ്യുന്നതിനിടയില്‍ ചന്ദ്ര എല്ലാം മൂളിക്കേള്‍ക്കും.

പിന്നെ കാമ്പസ് സെലക്ഷന്‍ കിട്ടി സ്കോളാര്‍ഷിപ്പോടെ അവന്‍ വിദേശത്ത് പോയപ്പോള്‍ അവന്റെ ഉയര്‍ച്ചയില്‍ സന്തോഷത്തെക്കാളേറെ അഭിമാനമായിരുന്നു. അവന്റെ പുതിയ പുതിയ സ്ഥാനലബ്ധികള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷം തന്നു. പക്ഷെ അതോടെ കുട്ടന്റെ കത്തുകളുടെ എണ്ണം കുറയാന്‍ തുടങ്ങി, പിന്നെ അവ ഫോണ്‍കോളുകളായി. പലപ്പോഴും അവന്റെ തിരക്കുകള്‍ക്കിടയില്‍ അതിന്റെ എണ്ണവും കുറഞ്ഞു വന്നു.

കുട്ടന്റെ വിവാഹം; ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം. നല്ലൊരു പെണ്‍കുട്ടി അവന്റെ ഭാര്യയായി വന്നപ്പോള്‍ ഞങ്ങള്‍ക്ക് അവള്‍ മരുമകളല്ല, മോളായി. പക്ഷെ, സ്നേഹിച്ച് കൊതി തീരും മുമ്പ് അവള്‍ അവനോടൊപ്പം പോയപ്പോഴും‍ ഞങ്ങള്‍ ആശ്വസിച്ചു; അവര്‍ ഒന്നിച്ചാണല്ലോ കഴിയേണ്ടത്.

പിന്നെ ഞങ്ങളുടെ സ്വപ്നങ്ങള്‍ കൊച്ചുമക്കളെ ചുറ്റിപ്പറ്റിയായി. കുട്ടന്‍ ഓടിക്കളിച്ച, മണ്ണപ്പം ചുട്ട് കളിച്ച, ഊഞ്ഞാലാടിയ, തുമ്പികളുടെ പിന്നാലെ ഓടിയ ഈ വീട്ടുമുറ്റത്ത് ഓടിക്കളിക്കാന്‍, ഞങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു നടക്കാന്‍, അമ്പിളിമാമനെ കാട്ടിക്കൊടുക്കാനും, കഥ പറഞ്ഞ് ഉരുള ഉരുട്ടിക്കൊടുക്കാനുമൊക്കെ ഞങ്ങളുടെ കുഞ്ഞുമക്കള്‍, കുട്ടന്റെ മക്കള്‍.

കൊച്ചുമക്കള്‍ അപ്പുവും, അമ്മുവും വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രം വന്ന്, കണ്ട് കൊതിതീരും മുമ്പെ തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ സ്വപ്നങ്ങളുടെ നിറം മങ്ങുന്നത് ഞങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി.

കഴിഞ്ഞ തവണ വന്ന് മടങ്ങിപ്പോകുമ്പോള്‍ അപ്പു കെട്ടിപ്പിടിച്ച് നിലവിളിച്ചു,

‘അപ്പൂപ്പാ ഞാന്‍ പോകുന്നില്ല, എനിക്കിവിടെ മതി ... അമ്മുമ്മേ ഞങ്ങളെ വിടണ്ടാ ...‘

ഒന്നും പറയനാവാതെ നിറകണ്ണുകളോടെ അവര്‍ പോകുന്നത് നോക്കി നിന്നപ്പോള്‍ നിറയുന്ന കുട്ടന്റെ കണ്ണുകളും‍ കണ്ടില്ല എന്ന് നടിച്ചു.

ഞങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു; മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് അവരുടെ ജീവിതം ആയി. എന്നും അച്ഛനമ്മമാരോടൊപ്പം അവര്‍ ഉണ്ടാകണം എന്ന് ശഠിക്കരുതല്ലോ. പുതിയ ഉയരങ്ങള്‍ തേടി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ പറക്കട്ടെ.

ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഫോണ്‍ ശബ്ദിച്ചു. ചന്ദ്രയാണ് ഫോണ്‍ ഏടുത്തത്. തിരിച്ച് വരുമ്പോള്‍ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് അവള്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നു!

‘കുട്ടനാണ്, ഇത്തവണ സ്‌കൂളടക്കുമ്പോള്‍ അവര്‍ക്ക് വരാന്‍ കഴിയില്ല എന്ന്’‘

കുഞ്ഞുമക്കള്‍ വരുന്ന ദിവസവും കണക്കു കൂട്ടിയിരുന്ന എനിക്കു അത് അമ്പരപ്പോടെ കേട്ടിരിക്കാനേ കഴിഞ്ഞൊള്ളു.

‘ഇപ്പോഴത്തെ അവസ്ഥയില്‍ അവന് ലീവ് കൊടുക്കില്ലെന്ന്. പിന്നെ മക്കള്‍ക്ക് വെക്കേഷന്‍ ക്ലാസ്സ് ഉണ്ടത്രെ’.

‘ഉം’

വെറുതെ മൂളാനേ എനിക്ക് കഴിഞ്ഞുള്ളൂ. കൊച്ചുമക്കള്‍ക്ക് കൊടുക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പവും അവലോസുണ്ടയും ഒക്കെ ഉണ്ടാക്കി കാത്തിരിക്കുന്ന, കുട്ടന് ഇഷ്ടമുള്ള കാച്ചിലും, ചേമ്പും ഒക്കെ സൂക്ഷിച്ച് വച്ച് കാത്തിരിക്കുന്ന അവളോട് വേറെ എന്ത് പറയാന്‍!

കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കാലൊന്ന് ഇടറി. വീഴാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്ര പെട്ടെന്നു പിടിച്ചു.

‘എന്ത് പറ്റി, കുട്ടികളെ ഓര്‍ത്തു, അല്ലേ?’

അവളുടെ തോളില്‍ പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചന്ദ്രയുടെ മനസ്സ് മന്ത്രിക്കുന്നത് പോലെ തൊന്നി,

‘എന്തിനാ വിഷമിക്കുന്നത്, ഇനിയീ അവസാനയാത്രയില്‍ പര‍സ്പരം ഊന്നുവടികളായി നമ്മളില്ലേ?’

Tuesday, June 1, 2010

നിഴലുകള്‍ എന്നെ പിന്തുടരുന്നു....

ഫോണിലൂടെ അറിഞ്ഞ വാർത്ത കേട്ടപ്പോൾ മരിച്ചു കിടക്കുന്ന വലിയച്ഛനു പകരം, തുറിച്ച കണ്ണൂമയി തൂങ്ങിനിൽക്കുന്ന അച്ഛന്റെ മുഖമാണു മനസ്സിലൂടെ ആദ്യം കടന്നു പോയത്‌. ഒരു നിമിഷം...കണ്മുന്നിൽ ഒത്തിരി കാര്യങ്ങൾ അഭ്രപാളിയിലെന്നപോലെ തെളിഞ്ഞു..

എന്താടാ വിശേഷിച്ച്‌...അടുത്തു നിന്നിരുന്ന അനി ചോദിച്ചത്‌ കേട്ടില്ലെന്നു നടിച്ചു പച്ചകറി അരിയാൻ തുടങ്ങി. വീണ്ടും വീണ്ടുമുള്ള അവന്റെ ചോദ്യം സഹിക്കാൻ വയ്യാതായപ്പോൾ കാര്യം പറഞ്ഞു. അവന്റെ മുഖം വിളറി.

വിഷമിക്കാതെടാ , നിന്റെ വലിയച്ഛനു അത്രയും ആയുസ്സേ ദൈവം വിധിച്ചിട്ടുള്ളായിരിക്കും. അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

" ആട്ടെ, നീ എപ്പോളാ പോകുന്നത്‌?"

" ഓ, ഞാൻ പോകുന്നില്ല."

" ഛെ, നീയെന്താണീ പറയുന്നത്‌.. നിന്റെ കൈയിൽ പണമില്ലേ?സാരമില്ലെടാ, കുറച്ചു പണം എന്റെ പക്കലുണ്ട്‌."

" അതല്ല, ഞാൻ പോകുന്നില്ല...എല്ലാം നിനക്കറിയാല്ലോ?" "അതൊക്കെ വിട്ടുകളയടാ, അല്ലെങ്കിലും ഇപ്പോളാണോ അതൊക്കെ.. ങാ, നീ പോകാൻ നോക്കു.."

എന്നിൽ നിന്നും പ്രതികരണം ഒന്നും കാണതാവണം അവൻ തന്നെ ബാഗിൽ എന്റെ രണ്ടു ജോഡി വസ്ത്രം കുത്തിതിരുകി. എല്ലാം നോക്കി ഒന്നും മിണ്ടാതിരുന്നു.

"എടാ, പെട്ടെന്നു ചെല്ലാൻ നോക്ക്‌. വ്വൈകിയാൽ..."

ഉം..പോകണം...എനിക്കത്‌ കാണണം...മനസ്സ്‌ പിറുപിറുത്തു. അനിയുടെ കൈയിൽ നിന്നും ബാഗ്‌ കടന്നെടുത്ത്‌, മേശയിൽ നിന്നും കുറച്ച്‌ പണം എടുത്ത്‌ ജീൻസിന്റെ പോക്കറ്റിൽ തിരുകി. അവനെ ഒന്നു നോക്കുകകൂടി ചെയ്യാതെ പടിയിറങ്ങി.

നാട്ടിലേക്കുള്ള ബസ്സിൽ പുറകോട്ടോടുന്ന നഗരകാഴ്ചക്കൊപ്പം മനസ്സ്‌ വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. കഷ്ടതകൾ നിറഞ്ഞ തന്റെ ബാല്യകാലം... ഊമയായ അച്ഛന്റെ തണലിൽ കഴിച്ചുകൂട്ടിയ നാളുകൾ...

മിണ്ടാനാവില്ലെങ്കിലും അംഗചലനങ്ങളിലൂടെ തർക്കിച്ചും, വിലപേശിയും മീൻ വിറ്റ്‌ കുടുംബം പുലർത്തിയിരുന്ന അച്ഛൻ. നാലുപേരടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം അച്ഛനയിരുന്നു. വീട്ടിലെ ചെലവ്‌ കഴിച്ച്‌, എന്നും ഒരു തുക അച്ഛൻ വലിയച്ഛന്റെ കൈയിൽ ഏൽപ്പിക്കുമയിരുന്നു. തന്റെ മകളുടെ വിവാഹാവശ്യത്തിനു വേണ്ടി.... ഒടുവിൽ... പൊന്നുമൊളുടെ വിവാഹമുറപ്പിച്ച്‌, പണം ചോദിക്കാൻ വലിയച്ഛന്റെ അടുക്കൽ ചെന്ന അച്ഛന്റെ മുഖം ഇന്നും കണ്മുന്നിലുണ്ട്‌. അന്ന് പത്ത്‌ വയസ്സ്‌ പ്രായമേ ഉണ്ടായിരുന്നുള്ളൂ.... മിണ്ടാൻ കഴിയാതെ, ആംഗ്യത്തിലൂടെ യാചിക്കുന്ന അച്ഛൻ... പൊട്ടിച്ചിരിക്കുന്ന വലിയച്ഛൻ... വലിയച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന വലിയമ്മ... ക്രൂരതയോടെ എല്ലാം കണ്ടുരസിക്കുന്ന വലിയച്ഛന്റെ പെണ്മക്കൾ... തലക്ക്‌ കൈതാങ്ങി നിലത്തിരിക്കുന്ന അച്ഛൻ... പകച്ചിരിക്കുന്ന ഞാൻ... വലിയച്ഛനെ ശപിച്ചുകൊണ്ട്‌, എന്നെയും വലിച്ചിഴച്ച്‌ പടിയിറങ്ങുന്ന അമ്മ.... കളികൂട്ടുകാരനെ നഷ്ടപ്പെട്ടു ഏങ്ങിക്കരയുന്ന ഗോപിയേട്ടൻ... മനസ്സിലെ വെള്ളിത്തിരയിൽ ഇന്നും മങ്ങാതെ നിൽക്കൂന്ന ചിത്രം!! അവസാനം... അവസാനം... മുടങ്ങിപ്പോയ വിവാഹദിവസം... ആദ്യരാത്രിയുടെ ഊഷ്മളതയിലേക്ക്‌ പ്രവേശിക്കേണ്ട യാമങ്ങളിൽ... നിദ്രയെ ഭോഗിച്ച്‌, ആ ഭോഗത്തിന്റെ മാസ്മരലഹരിയിൽ ഇക്കിളിപ്പെട്ടും, പുളഞ്ഞും... ഒരു സീൽക്കാരത്തോടെ എന്നെന്നേക്കുമായി നിദ്രയെ മാറോടണച്ച തന്റെ പൊന്നു പെങ്ങൾ... തുറിച്ച കണ്ണുകളുമായി തൂങ്ങിയാടുന്ന അച്ഛൻ... അലമുറയിടുന്ന അമ്മ...-അതേ സമയം- അച്ഛനെ ചിതയിലേക്കെടുത്ത അതേസമയം-ശരീരം തളർന്ന് കിടന്നുപോയ ക്രൂരനായ വലിയച്ഛൻ... എന്റെ വലിയച്ഛൻ!!!

ചുണ്ടിൽ ഉപ്പു രസം തോന്നിയപ്പോളാണു താൻ കരയുകയാണെന്ന് മനസ്സിലായത്‌. ഇല്ല, ഞാൻ കരയാൻ പാടില്ല. ഉണ്ണിക്ക്‌ കരയാൻ കഴിയില്ല... കണ്ണുകൾ അമർത്തിതുടച്ചു. അപ്പോഴേക്കും ബസ്സ്‌ നട്ടിലെത്തി. വരമ്പ്‌ മുറിച്ചുകടന്ന് വീടെത്താറയപ്പോൾ തന്നെ ആളുകളുടെ അടക്കിപിടിച്ച സംസാരം കാതുകളിൽ വന്നലച്ചു. ഒന്നിനും ചെവികൊടുക്കാതെ , നിസ്സംഗതയൊടെ നടന്നു.

ഒടുവിൽ... വർഷങ്ങൾക്ക്‌ ശേഷം ആ പടിപ്പുരയിൽ ഞാൻ എത്തിയിരിക്കുന്നു. ഒന്ന് ശങ്കിച്ചു നിന്നു. വീട്ടിനകത്തു നിന്നും പതം പറച്ചിലുകൾ കേൾക്കാം.

വലിയമ്മയുടെ ഏങ്ങലടികൾ...

നാട്ടുകരുടെ കുശുകുശുപ്പ്‌...

ആരോ അകത്തേക്ക്‌ പിടിച്ചു കയറ്റി. വർഷങ്ങൾക്ക്‌ ശേഷം ഈ പടിചവിട്ടുകയാണു. മുറ്റത്ത്‌ ഗോപിയേട്ടനോടൊപ്പം കൊത്തങ്കല്ല് കളിച്ചിരിക്കെയാണു അമ്മ തന്നെ വലിച്ചിഴച്ച്‌ ഈ പടിയിറങ്ങിയത്‌. അതിനു ശേഷം ഇപ്പോൾ...

"എത്ര കാലം ഈ കെടപ്പു കെടന്നതാ! ഒരു കണക്കിനിതു നന്നായി..." ആരൊക്കെയോ തമ്മിൽ പറഞ്ഞു.

"താൻ പുഴുത്തു ചാവത്തൊള്ളടോ" മനസ്സിൽ അമ്മയുടെ ശാപവാക്കുകൾ തെകട്ടി വന്നു. ഒരു പാട്‌ വട്ടം... കൂടിനിന്നവരിൽ ചിലരും അത്‌ അയവിറക്കുന്നുണ്ടായിരുന്നു.

ഉണ്ണീ, പെട്ടന്ന് കുളിച്ചുവന്നോളൂ, കർമ്മങ്ങൽ തുടങ്ങണ്ടേ - ഏതോ ഒരു കാരണവർ അരികിൽ വന്ന് മന്ത്രിച്ചു. വലിയച്ഛനുമായി തെറ്റിപ്പിരിഞ്ഞ്‌ ഗോപിയേട്ടൻ നാടുവിട്ടത്‌ ആ നേരം വരെ ഓർത്തില്ല. വരേണ്ടിയിരുന്നില്ലെന്ന് തോന്നി.

"മോനേ, വലിയമ്മക്ക്‌ നീ മാത്രമുള്ളെടാ" ആ ഏങ്ങലടിക്കുമുമ്പിൽ മനസ്സ്‌ പതറിപ്പോയി. പെട്ടന്നു കുളിച്ചുവന്നു. കർമ്മങ്ങൾക്കായി ഇരുന്നു. ഒരു മാത്ര... ആ മുഖം വീണ്ടും കണ്ടു. മരണം തഴുകിയിട്ടും ക്രൂരത ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത മുഖം ! ഒന്നേ നോക്കിയുള്ളൂ. മനസ്സിൽ എന്തൊക്കെയോ തെകട്ടി വന്നു. കുനിഞ്ഞിരുന്ന് കർമ്മങ്ങൾ മുഴുമിപ്പിച്ചു.

ശവം ചിതയിലേക്കെടുതു. കത്തിച്ച വിറകുകൊള്ളിയുമായി ചിതയെ വലംവയ്ക്കുമ്പോൾ... ശവം പൊതിഞ്ഞ തുണിയിൽ രക്തം കിനിയുന്നുവോ...?

വിഷം കലർന്ന രക്തം!!

അത്‌...അതെന്റെ ചേച്ചിയുടേതല്ലേ !!

ചിതയുടെ അരികിൽ നിൽക്കുന്ന പൂച്ചയുടെ തുറിച്ചകണ്ണുകൾ !!...

ഇല്ല, എന്റെ തോന്നലയിരിക്കും...

വയ്യ...എനിക്കൊന്നിനും വയ്യല്ലോ...

കത്തിയ വിറകുകൊള്ളി നിലത്തേക്കിട്ട്‌ ഞാൻ പിന്തിരിഞ്ഞ് നടന്നു. പിറകിൽ നാട്ടുകാരുടെ മുറുമുറുപ്പുകൾ.. ആരൊക്കെയോ മാടിവിളിക്കുന്നു.

പക്ഷെ...എനിക്കതിനു കഴിയുന്നില്ലല്ലോ..

എനിക്കു പിന്നിൽ വിഷം കലർന്ന രക്തം ഒഴുകി വരുന്നു...

ത്തൂങ്ങിയാടുന്ന രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു!...

ഞാൻ വേഗം നടന്നു.. രക്തം പുഴയായി എന്റെ പിന്നാലെ ഒഴുകി...

പിച്ചിപ്പറിക്കാൻ മാംസമില്ലാതെ വീർപ്പുമുട്ടുന്ന നഖങ്ങൾ എന്നിൽ നിന്നും മാംസം കരണ്ടെടുത്തു!!

പിന്നിൽ വലിയമ്മയുടെ ദീനരോദനം...

"കൊള്ളിവയ്ക്കാൻ ആളില്ലാതെ... ഗതിപിടിക്കാതെ താനലയും" - അമ്മയുടെ ശാപവാക്കുകൾ.

ആർക്കാണു ഞാൻ മോക്ഷം നൽകേണ്ടത്. ആരോടാണു ഞാൻ കടമ നിറവേറ്റേണ്ടത്‌... എനിക്ക്‌ ഒന്നിനും കഴിയുന്നില്ലല്ലോ...

തുറിച്ച കണ്ണുകൾ എന്നെ മാടിവിളിക്കുന്നു... രക്തപുഴ എന്നെ ആശ്ലേഷിക്കാൻ... വരണ്ട നഖങ്ങൽ ക്ഷതമേൽപ്പിക്കാൻ.... ഞാൻ ഓടി.. എന്റെ പിന്നിൽ ആരാണു?

ആരാണെന്നെ പിടിച്ചു വലിക്കുന്നത്‌?

വലിയമ്മയോ... തുറിച്ച കണ്ണുകളോ... വലിയച്ഛന്റെ ശവമോ... വിഷം കലർന്ന രക്തമോ... അതോ...