Sunday, May 31, 2009

ഒരു മഴവില്‍ കിനാവ്‌ പോലെ അവള്‍; സൂറ







പ്രിയപ്പെട്ട നാട്ടുകാരെ, നാടക സ്നേഹികളെ,കാപ്പിലാന്‍ നാടക സമിതിയുടെ ഈ വര്‍ഷത്തെ ആദ്യ നാടകം ഇതാ നിങ്ങള്‍ക്കായി ഈ വാഴക്കോട് ഗ്രാമത്തില്‍ അവതരിപ്പിക്കുന്നു..നാടകം ആരംഭിക്കുന്നു..

ഒരു മഴവില്‍ കിനാവ്‌ പോലെ അവള്‍; സൂറ ജനിച്ചവരോ മരിച്ചവരോ ജനിക്കാനിരിക്കുന്നവരോ മരിക്കാനിരിക്കുന്നവരോ ആയ ആരുമായും ഈ കഥക്ക് സാമ്യമുണ്ടാവാം...അത് തികച്ചും യാദ്രിശ്ചികമല്ല..മനപ്പൂര്‍വം തന്നെയാണ്..

നാടകം തുടങ്ങട്ടെ.........

...........................................ട്രണീം............................

രംഗം 1
അരങ്ങത്ത്: സൂത്രന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട്

(വാഴക്കൊടന്റെ വീടിനു മുന്നിലോരുക്കിയ സ്റ്റേജ്..സ്റ്റേജില്‍ അരണ്ട വെളിച്ചം..ദു:ഖാര്‍ദ്രമായ സംഗീതം..ഒരു മൂലയില്‍ നിന്ന് നേര്‍ത്ത ഏങ്ങല്..വെളിച്ചം അങ്ങോട്ട ഫോക്കസ്‌ ചെയ്യുമ്പോള്‍, കാല്‍മുട്ടില്‍ തല താഴ്ത്തി ഇരിക്കുന്ന സൂത്രന്‍..കലങ്ങിയ കണ്ണുകള്‍..അവിടേക്ക്‌ പതിയെ നടന്നു വരുന്ന വെട്ടിക്കാട്ട്..വെട്ടിക്കാട്ട് സൂത്രന്റെ അരികിലിരിക്കുന്നു...)

സൂത്രന്‍: എന്‍റെ വെട്ടിക്കാട്ട് ചേട്ടാ..എല്ലാം പോയി..എന്‍റെ സൂറ...

വെട്ടിക്കാട്ട്: സൂത്രാ കരയാതെ മോനെ..കരയാതെ..(കണ്ണീര്‍ തുടച്ചു കൊണ്ട്) ഇതാണ് ജീവിതം...

സൂത്രന്‍: വെട്ടിക്കാട്ട് ചേട്ടാ, എന്നാലും ആ വാഴ എന്നോട്‌ ഈ ചതി ചെയ്തല്ലോ..നമ്മള് രണ്ടാളും കൂടി എന്തോരം കഷ്ടപ്പെട്ട്..തെരഞ്ഞെടുപ്പില്‍ വൊട്ട് തേടി ഈ ദോഹാ മണലാരണ്യത്തില്‍ നമ്മള്‍ രണ്ടാളും കൂടി അലഞ്ഞു നടന്നതല്ലേ.......കുബ്ബൂസും പച്ച വെള്ളവും കുടിച്ച്..

(വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ സൂത്രന്‍ ഏങ്ങലടിച്ചു കരയുന്നു..ആശ്വാസ വാക്കുകള്‍ കിട്ടാതെ വെട്ടിക്കാടന്‍ ദൂരേക്ക്‌ അന്തം വിട്ട് നോക്കി നില്കുന്നു)

വെട്ടിക്കാട്ട്: മോനെ, സൂത്രാ നീ അവളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ?

സൂത്രന്‍: വെട്ടിക്കാടാ ഇനിയും നിങ്ങളെന്നോട് ഇത് പോലോത്ത ചോദ്യം ചോദിക്കരുത്‌..എന്‍റെ സ്നേഹം അത് ആത്മാര്തമാണ്..ഉരകല്ലില്‍ ഇട്ട് ഉരച്ചാലും അതിന്‍റെ മാറ്റ് കൂടുകയേയുള്ളൂ.. പത്തരമാറ്റ് ശുദ്ധം..

(സൂത്രന്റെ കണ്ണിലെ തിളക്കം കണ്ട്, ആ പ്രതീക്ഷ കണ്ട് വെട്ടിക്കാട്ട് ഭയ ചകിതനാകുന്നു..

വെട്ടിക്കാട്ട്: (ഗദ് ഗദത്തോടെ) മോനെ സൂത്രു‌, എനിക്കൊരു മോളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിനക്ക് കെട്ടിച്ച് തന്നേനെ..നീ നല്ലവനാ..സ്നേഹിച്ച പെണ്ണിനെ പോന്നു പോലെ നോക്കും നീ..അതാണ്‌ സ്നേഹം...

(സൂത്രന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്ക്‌ നോക്കുന്നു..ആ കണ്ണുകള്‍ ആരെയോ തേടുന്നത് പോലെ..പെട്ടെന്ന് സൂത്രന്റെ തോളില്‍ ഒരു കൈ പതിക്കുന്നു..)

സൂത്രന്‍: എന്ടുമാ... (ഞെട്ടലോടെ) ആരാ ? എന്താ?

(ഇത് കണ്ട വെട്ടിക്കാടും ഞെട്ടുന്നു)

വെട്ടിക്കാട്ട്: (ഭയം പുറത്ത്‌ കാണിക്കാതെ) മോനെ, ഇത് ഞാനാടാ....

സൂത്രന്‍: നിങ്ങ ഞമ്മളെ പേടിപ്പിച്ചു കളഞ്ഞല്ലോ പഹയാ...

വെട്ടിക്കാട്ട്: (തെല്ലു ജാള്യതയോടെ) സൂത്രാ നീ എങ്ങനേ ആ സൂറാനെ വളച്ച്.. എവടന്നാ നിങ്ങള്‍ ആദ്യം കണ്ടത്‌?

(സൂത്രന്‍ തിരിഞ്ഞ നടക്കുന്നു..ഒരു നൂറായിരം ഭാവങ്ങള്‍ മുഖത്ത്‌ പ്രതിഫലിക്കുന്നു.. ലൈറ്റ്‌ ആ മുഖത്തെക്ക്‌ ഫോക്കസ്‌ ചെയ്യുന്നു..)

സൂത്രന്‍: വെട്ടിക്കാടാ അതൊരു കഥയാണ്..നീണ്ട പതിനാലു വര്‍ഷം..പതിനാലു വര്‍ഷം ഞങ്ങള്‍ പ്രേമിച്ചു..

(നേര്‍ത്ത സംഗീതം പതി‌െ മുഴങ്ങുന്നു)

സൂത്രന്‍: ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സൂറാനെ കാണുന്നത്..

വെട്ടിക്കാട്ട്; എപ്പോ? എവിടെ വെച്ച്?

സൂത്രന്‍: (നീരസത്തോടെ) റോമാന്റുമ്പോ ഇടയില്‍ കയറാതെ..ഞാനെല്ലാം പറയാം...

(സൂത്രന്‍ നാല് ചാല് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..ആകാംക്ഷയോടെ വെട്ടിക്കാട്ട്..പ്രതീക്ഷയോടെ കാണികള്‍..പതിയെ നടന്നു വന്നു കസേരയില്‍ വെട്ടിക്കാടിനു അഭിമുഖമായി ഇരിക്കുന്നു)

സൂത്രന്‍: ഞാന്‍ ഒത്തു പള്ളീല്‍ രണ്ടാം ക്ലാസ്സില്‍ പടിക്കുമ്പോഴാ സൂറ അവിടെ വന്നത്...ഒന്നാം ക്ലാസ്സില്‍ ചേരാന്‍..ഓള്‍ടെ ബാപ്പ കാപ്പുവും ഉമ്മ കുഞ്ഞീവിയും കൂടെ ഉണ്ടായിരുന്നു..തുള്ളിക്കളിച്ച് സദാ ചിരിക്കുന്ന ആ ചിരിക്കുടുക്ക അന്ന് മുതലേ എന്‍റെ മനസ്സില്‍ ഉടക്കിപ്പോയി..




(സൂത്രന്‍ വീണ്ടും കസേരയില്‍ നിന്നെഴുന്നേറ്റ് പുറത്തെക്ക്‌ നോക്കുന്നു..വെട്ടിക്കാട്ട് കഥ കേള്‍ക്കാനുള്ള പ്രതീക്ഷയോടെ സൂത്രന്റെ പുറകില്‍ ശല്യം ചെയ്യാതെ കാത്തു നില്‍ക്കുന്നു.. )

സൂത്രന്‍: (ചിരിക്കുന്നു) വെട്ടിക്കാടാ....

വെട്ടിക്കാടന്‍: ഓ........

സൂത്രന്‍: നിനക്കറിയോ ഞാനാദ്യമായി എന്നാണവളോട് സംസാരിച്ചതെന്ന്.. ഞാന്‍ ഒത്തു പള്ളീല്‍ ഒരു കള്ളനായിരുന്നു...ഒത്തു പള്ളി രാവിലെ ഏഴു മണിക്ക്‌ തുടങ്ങും..അത് കഴിഞ്ഞ സ്കൂളില്‍ പോകണം..അപ്പൊ പത്ത്‌ മണിക്ക്‌ കഴിക്കാനായി കുട്യോളൊക്കെ ഭക്ഷണം കൊണ്ട് വരും..

വെട്ടിക്കാട്ട്: എന്നിറ്റ്?

സൂത്രന്‍: ആ ഭക്ഷണം കട്ടെടുക്കലായിരുന്നു എന്‍റെ പണി..അങ്ങനെ ഒരു ദിവസം പാത്രം തുറന്നപ്പോ പുട്ടും കടലയും..അത് എന്‍റെ വീക്ക്നെസ്സാ....ഞാന്‍ പിന്നെയും പിന്നെയും ആ പാത്രം തേടിപ്പിടിച്ച് അടിച്ചെടുത്തു..

വെട്ടിക്കാട്ട്: എന്നിട്ട് നിനക്കവിടന്നു അടിയൊന്നും കിട്ടീല്ലേ?

സൂത്രന്‍: പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്നല്ലേ.. എന്നെയും അത് പോലെ പിടിച്ചു..അപ്പോഴാ ഞാനറിയണെ, ആ പാത്രം എന്‍റെ സൂറയുടെത് ആയിരുന്നെന്നു...

വെട്ടിക്കാട്ട്: എന്നിട്ട ഒളൊന്നും പറഞ്ഞില്ലേ?

സൂത്രന്‍: അതാണ്‌ രസം..അവളെന്തു പറയാന്‍....പാവം...ഓള്ക്കറിയായിരുന്നു എന്റെ പോരെലെ പട്ടിണി...അന്ന് മുതല്‍ അവള്‍ എനിക്കും കൂടി കൊണ്ട് വന്നു പുട്ടും കടലയും...

(പെട്ടെന്ന് സൂത്രന്റെ മൊബൈല്‍ റിംഗ് ചെയ്തു...അതിലെ ഡിസ്പ്ലേ കണ്ട് ഞെട്ടുന്ന സൂത്രന്‍....)

(ലൈറ്റ്‌ മങ്ങുന്നു)

കര്‍ട്ടന്‍ .....

(തുടരും)

Saturday, May 30, 2009

സൂത്രന് സൂറാന്റെ മറുപടി, വഴിയില്‍ കിടക്കാത്തത്!

ബായക്കോട് ,
30/05/2009.

എന്‍റെ സൂത്രനിക്കാ,

"എന്‍റെ" എന്ന് വിളിച്ചത് നിങ്ങള്‍ എന്റെതായതു കൊണ്ടല്ല. കത്തെഴുതുമ്പോള്‍ എഴുതി ശീലിച്ചതാ. നിങ്ങള്‍ നാസിനെക്കൊണ്ട് എഴുതിച്ച കത്ത് ഞാന്‍ വായിച്ചു.ബാര്‍ബര്‍ ഷാപ്പില് മുടി വെട്ടാന്‍ ഇരിക്കണ പോലെയുള്ള നിങ്ങടെ ആ പോട്ടം കണ്ട മുതല്‍ എനിക്കറിയായിരുന്നു ഒരു കത്തെങ്കിലും നിങ്ങള്‍ എഴുതാതിരിക്കില്ല എന്ന്.പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഡോക്ടര്‍ ആ കത്ത് പരസ്യം ചെയ്യാന്‍ നടക്കുന്നത് കൊണ്ട് ചോദിക്കട്ട, നാട്ടില്‍ ഇപ്പൊ ഡോക്ടര്‍മാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? ഡോക്ടറുടെ കൈപ്പുണ്യം!അല്ലാണ്ടെന്തു പറയാന്‍?

ഇനി നിങ്ങളുടെ കത്തിലേക്ക് കടക്കാം.

ഈ കത്ത് നിങ്ങള്‍ക്ക് കിട്ടുമ്പോള്‍ നിങ്ങള്‍ തീര്‍ത്തും ഒരു ഹൃദയമില്ലാത്തവനായിരിക്കും കാരണം നിങ്ങള്‍ എനിക്ക് അയച്ചു തന്ന ഹൃദയം ഞാന്‍ പിച്ചിച്ചീന്തി പശൂന്റെ കാടിയില്‍ ഇട്ടു.ആ കത്ത് തിന്നതും പശു കയറു പൊട്ടിച്ചു ഓടിയതാണ്.ഇത് വരെ ഒരു വിവരവും ഇല്ല. ഉമ്മ പശൂനെ തിരഞ്ഞു പോയ സമയത്താണ്‌ ഞാനീ കത്തെഴുതുന്നത്!

പിന്നെ നാട്ടില്‍ കോളറയും ഡെങ്കിപ്പനിയും പടര്‍ന്നു പിടിക്കുന്നതിനാല്‍ തുറന്നു വെച്ച ഒരു സാധനങ്ങളും നോക്കുക പോലും ചെയ്യരുത് എന്നാണു ഉമ്മ പറഞ്ഞെക്കനത്.അത് കൊണ്ട് നിങ്ങള്‍ എനിക്കായി തുറന്നു വെച്ച സ്നേഹം ഈച്ച പോതിയാണ്ട് എത്രയും വേഗം മൂടി വെക്കണം! വേറെ ആര്‍ക്കെങ്കിലുമൊക്കെ കൊടുക്കാലോ.നിങ്ങടെ കത്തില്‍ നിന്നും നിങ്ങളുടെ പേക്കൂത്തുകള്‍ വായിച്ചപ്പോള്‍ തന്നെ നിങ്ങളുടെ അസുഖം എന്താണെന്ന് എനിക്ക് മനസ്സിലായി. എന്നാലും ഞാന്‍ എന്‍റെ ഏറ്റവും വലിയ ഹൈലൈറ്റായി ഞാന്‍ കൊണ്ട് നടക്കുന്ന "ചുവന്നു തുടുത്ത എന്‍റെ കവിള്‍ തടങ്ങളോ ആകര്‍ഷകമായ എന്‍റെ ചുണ്ടുകളോ" കാണാതെ പോയ നിങ്ങള്‍ എന്‍റെ ഉമ്മ കയ്യാ വളരുന്നത് കാലാ വളരുന്നത് എന്ന് നോക്കി വളര്‍ത്തിയ എന്‍റെ അതിവേഗം വളര്‍ന്ന ഹൃദയ ഭാഗങ്ങളിലേക്ക് നോക്കി എന്‍റെ നിറകുടങ്ങളെ ഒരു ലജ്ഞയുമില്ലാതെ വര്‍ണ്ണിക്കാന്‍ ആക്രാന്തം കാട്ടിയ ഒരു ആഭാസനാണ് നിങ്ങള്‍ എന്ന് ഞാന്‍ വളരെ ദുഖത്തോടെ തിരിച്ചറിയുന്നു.

പിന്നെ കാല്‍ കാശിനു വിലയില്ലാത്ത നിങ്ങടെ സ്നേഹം ഒട്ടും ചിലവില്ലാതെ എനിക്ക് സമര്‍പ്പിച്ചു എന്നൊക്കെ എഴുതിയത് കൊണ്ട് ഞാന്‍ അതില്‍ വീഴും എന്നൊന്നും നിങ്ങള്‍ കരുതേണ്ട. എന്‍റെ വളര്‍ത്തച്ചനായ വാഴക്കൊടനെ കുറിച്ച് നിങ്ങള്‍ എന്താണ് കരുതിയിരിക്കുന്നത്? വാഴക്കോടന്‍ എനിക്ക് പിറക്കാതെ പോയ എന്‍റെ സ്വന്തം ബാപ്പയാണ്. ആ ബാപ്പാനെക്കുറിച്ചു നിങ്ങള്‍ക്കെന്തറിയാം?
ബിരിയാണിക്ക് പകരം നെയ്ചോറ് വാങ്ങിത്തന്ന് ആദ്യം എന്നെ തീറ്റിച്ചത് വാഴക്കോടന്‍.
നിറകൊണ്ട പാതിരക്ക് കുഞ്ഞീവി ഇല്ലാത്ത നേരത്ത് എന്‍റെ ഉറക്കറയില്‍ കയറി വിടന്‍ എന്ന പേര് കേള്‍പ്പിച്ചത് വാഴക്കോടന്‍.
ഐസ്ക്രീം പാര്‍ലറില്‍ കേറി മൂക്കറ്റം തിന്ന് കടക്കാര് കാശു ചോദിച്ചപ്പോള്‍ പേഴ്സ് എടുക്കാന്‍ മറന്നു പോയെന്ന് കളവു പറഞ്ഞവന്‍ വാഴക്കോടന്‍.
കുത്തുവിളക്കിന്റെ തണ്ട് കൊണ്ട് കുഞ്ഞീവിയുടെ കയ്യില്‍ നിന്നും തല്ലു വാങ്ങി നാട്ടുകാരുടെ കൂട്ടത്തിലേക്ക് എടുത്ത്‌ ചാടി രക്ഷപ്പെട്ടവന്‍ വാഴക്കോടന്‍.
വേറെ എന്തൊക്കെ തോന്നിവാസങ്ങള്‍ പാടി നടക്കുന്നുണ്ട് പാണന്‍ ബ്ലോഗേഴ്സ് നിങ്ങളുടെ നാട്ടില്‍? നിങ്ങള്‍ വാഴക്കോടനെ കുറിച്ച് കേട്ടതെല്ലാം നുണയാണ് എന്നാല്‍ സത്യവുമാണ്. അത് കൊണ്ട് വാഴക്കോടനെ കുറിച്ച് നിങ്ങള്‍ ഇല്ലാ വചനങ്ങള്‍ പറയരുത്.എനിക്കത് താങ്ങാന്‍ പറ്റില്ല.

പിന്നെ ജീവിതത്തില്‍ പലരും ഈ സൂറാനെ തോല്‍പ്പിച്ചവരുണ്ട് പലവട്ടം! പരസ്പരം തമ്മിലടിച്ചു കഴിയാന്‍ ഒരു കുഞ്ഞീവിയെ ഉമ്മയായി തന്നു ബാപ്പ എന്നെ തോല്‍പ്പിച്ചു. സ്നേഹം പങ്കു വെക്കാന്‍ തുടങ്ങുമ്പോഴേക്കും ഒരു ജീവിതം ഓഫര്‍ ചെയ്ത് കുവൈറ്റ്‌ അളിയന്‍ എന്നെ തോല്‍പ്പിച്ചു. ഇപ്പോള്‍ സ്നേഹം പിടിച്ചു വാങ്ങാന്‍ ഒരു പീറ കത്തെഴുതി നിങ്ങളും എന്നെ തോല്‍പ്പിച്ചു. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ഇനി എനിക്ക് മനസ്സില്ല. കാരണം എന്‍റെ കുവൈറ്റ്‌ പുയ്യാപ്ലാടെ അടുത്ത്‌ പൂത്ത ലതുണ്ട്, ലതെ പണം തന്നെ! അത് കൊണ്ട് നിങ്ങളും എന്‍റെ കൂടെ നടന്നു എനിക്ക് കല്യാണം ആലോചിക്കുന്ന ബ്രോക്കര്‍ നാസിനും ഞാന്‍ കുഞ്ഞീവിയോടു പറഞ്ഞു നല്ലൊരു പണി വാങ്ങിത്തരുന്നുണ്ട്.

പിന്നെ അബോധാവസ്ഥയില്‍ പോലും എന്‍റെ കുട്ടികള്‍ക്ക് ഞാന്‍ "നാസ്" എന്ന് പേരിടില്ല. അവര്‍ നല്ല നിലയില്‍ വളര്‍ന്നു വരുന്നത് കാണാന്‍ എനിക്ക് നല്ല മോഹമുണ്ട്.

പിന്നെ ഈ കത്ത് കിട്ടുമ്പോള്‍ നിങ്ങടെ മനസ്സില്‍ ഇനി എന്തെങ്കിലും സ്നേഹം അവശേഷിച്ചിരിക്കുന്നെങ്കില്‍ അത് നിങ്ങള്‍ ഒരു ബാങ്കിലിട്ടാല്‍ ചിലപ്പോള്‍ നല്ല ഇന്ടറസ്റ്റ് കിട്ടും. ആ ഇന്ടറസ്റ്റ് എടുത്ത്‌ എപ്പോഴെങ്കിലും ഒരു ഭാഗ്യ ദോഷിയെ കല്യാണം കഴിക്കുക. എന്‍റെ കാര്യം തീരുമാനമായത് അറിയാമല്ലോ! ഉമ്മാക്ക് അവാര്‍ഡ്‌ കിട്ടാന്‍ വേണ്ടി ആ കുവൈറ്റ്‌ അളിയനോട് വാക്ക് പറഞ്ഞു ഉറപ്പിച്ചു. അതുകൊണ്ട് ഞാന്‍ മാനസികമായും കായികമായും കുവൈറ്റ്‌ പുയ്യാപ്ലെടെ പുതിയ പെണ്ണ് ആകാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒരിക്കലും നിങ്ങള്‍ എന്നെയോര്‍ത്ത് മാനസ മെയിനെ വരൂ റീലോഡഢ് ഗാനം പാടി കടാപ്പുറത്ത്‌ പാടി നടക്കരുത്. ഹതഭാഗ്യയായ ഒരു പെണ്‍കുട്ടി നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. അവളെ നിരാശപ്പെടുത്തരുത്‌. ഇത്രമാത്രം, നിങ്ങള്‍ കരുതുന്ന പോലെയുള്ള സ്നേത്തോടെയല്ലാതെ,

സസ്നേഹം

കുഞ്ഞീവി മകള്‍ സൂറ

സൂറാക്ക് കിട്ടിയ കത്ത് ഇവിടെ ഞെക്കി വായിക്കുക!

Friday, May 29, 2009

വഴിയില്‍ നിന്ന് കിട്ടിയത്‌...




എന്‍റെ പ്രിയപ്പെട്ട സൂറക്ക്,
ഞാന്‍ ആരാണെന്ന് പറയണ്ടല്ലോ ..എന്നും നിന്നെ മാത്രം സ്നേഹിച്ച നിന്‍റെ മാത്രം സൂത്രന്‍ നിനക്കായി എഴുതുന്നത്...ഇതൊരു പ്രേമ ലേഖനമാണോന്ന് എനിക്ക് അറിയില്ല..എങ്കിലും ഇതെന്‍റെ ഹൃദയമാണ്..മുഴുവന്‍ വായിച്ചിട്ടേ ഇത് കീറി കളയാവൂ... വായിച്ചിട്ട് കീറി കളയുകയും വേണം..അല്ലേല്‍ ആ വഴക്കോടന്‍ എങ്ങാനും ഇത് കണ്ടാ മതി, പിന്നെ ഒരു ഒന്നൊന്നര പോസ്റ്റ്‌ ആയിരിക്കും..

സ്നേഹത്തിന്‍റെ നൊമ്പരങ്ങള്‍ മനുഷ്യന്‍റെ ഹൃദയ സ്പന്ദനമാണ്..ഓരോരുത്തരും സ്നേത്തിലധിഷ്ടിതമായ ജീവിതം സ്വപ്നം കാണുന്നു..എന്‍റെ സ്നേഹം ഞാനിവിടെ നിനക്കായി തുറന്നു വെക്കുകയാണ്..

പ്രയാന്‍ നിന്‍റെ പോട്ടം വരച്ച നാള്‍ മുതല്‍ ഹൃദയ കോണില്‍ നിന്‍റെ സ്ഥാനം ഉറച്ചു പോയി..അറിയില്ല... കൌമാരത്തിന്‍റെ ചാപല്യമോ അതോ യുവത്വത്തിന്റെ തമാശയോ..ഒന്നുമല്ല.. ഈ സ്നേഹം സത്യമാണ്..നിന്‍റെ സ്നേഹം, അതാണെന്റെ പ്രതീക്ഷ..

ഇതൊരു ഭ്രാന്തന്റെ പേ കൂത്തുകളല്ല..സ്നേഹത്തിന്‍റെ വാല്‍സല്യത്തിന്റെ പ്രണയത്തിന്‍റെ നിഗൂഡ അര്‍ത്ഥതലങ്ങള്‍ തേടിപ്പോകുന്ന ഒരു അന്യെഷകനാണ് ഞാന്‍..ആ വഴിയില്‍ എന്‍റെ എല്ലാ സ്വപ്നങ്ങളും ഞാന്‍ നിന്നില്‍ കാണുന്നു...

സൌന്ദര്യം ഒരിക്കലും എന്‍റെ മനസ്സ്‌ ആഗ്രഹിച്ചിട്ടില്ല..ചുവന്നു തുടുത്ത നിന്‍റെ കവിള്‍ തടങ്ങളോ ആകര്‍ഷകമായ നിന്‍റെ ചുണ്ടുകളോ ഒരിക്കലും എന്‍റെ ശ്രദ്ധ തിരിച്ചിട്ടില്ല..നിന്‍റെ ഹൃദയത്തിലെക്കാന് ഞാന്‍ നോക്കുന്നത്..ആത്മാര്‍തടയുടെ ആത്മ സമര്‍പ്പണത്തിന്റെ ഒരു നിറകുടമാണ് ഞാന്‍ നിന്നില്‍ കാണുന്നത്..

പ്രണയം...സ്നേഹം...സൗഹൃദം..നിന്‍റെ ആശയങ്ങള്‍ പങ്കു വെക്കാം..

ഈ പ്രേമ ലേഖനം :-) അതോ ഭ്രാന്തമായ ഈ കുറിപ്പോ ഒരിക്കലും സ്നേഹത്തിന്‍റെ തുടക്കമാവില്ലെന്നു എനിക്കറിയാം..സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല..മറിച്ച് സ്വയം തോന്നേണ്ടതാണ്...

പ്രിയേ, എന്‍റെ കുസുമമേ... സ്നേഹ ഗായികേ..എനിക്കൊരുപാട്‌ ഇഷ്ടമാണ്..നിന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിച്ചു പോയെന്റെ കൂട്ടുകാരി...എന്‍റെ മോളെ, ഈ ജീവിതം ഞാന്‍ നിനക്കായി സമര്‍പ്പിക്കട്ടെ...

മറുപടി നിന്റെതാണ്...നീ നിന്‍റെ അപ്പനായ മഹാ ഗവി കാപ്പിലാന്‍ മൂപ്പില്‍സിനോടും മറ്റുള്ളവരോടും അഭിപ്രായം ചോദിക്ക്‌... കുവൈറ്റ്‌ അളിയനുമായി നീ പ്രേമത്തിലാനെന്നാണ് ആ വാഴ പറയുന്നത്.. വെടക്കാകി തനിക്കാക്കാനുള്ള ഒരു വാഴ അടവ്‌ മാത്രമാണെന്നാണ് എന്‍റെ വിശ്വാസം...

നിനക്കും സ്വപ്നങ്ങളുണ്ടാവും...സൗന്ദര്യത്തിന്റെ അളവ് കോലില്‍ ഞാന്‍ പുറം തള്ളപ്പെട്ടെക്കാം..ആകര്‍ഷണീയതയുടെ മേല്‍വിലാസം എനിക്കില്ലായിരിക്കാം...എങ്കിലും ഞാന്‍ സൂത്രക്കാരനാണ്... മഹാ സൂത്രക്കാരന്‍...

നമ്മുടെ സ്നേഹത്തിനായി പരിശ്രമിച്ച ആ നാസിനോടുള്ള കടപ്പാട്‌ നമുക്കൊരിക്കലും മറക്കാന്‍ പറ്റില്ല...നമ്മുടെ കുട്ടികള്‍ക്ക്‌ നാസ് എന്ന പേരിടണം...

എങ്കിലും സൂറാ, ഇഷ്ടമല്ലെങ്കില്‍ നിനക്ക് എന്നോട്‌ തുറന്നു പറയാം...ഇനിയൊരിക്കലും നിന്‍റെ വഴിയില്‍ ഞാന്‍ ഒരു തടസ്സമായിരിക്കില്ല......

പ്രതീക്ഷയോടെ

നിന്‍റെ സ്വന്തം..

സൂത്രനിക്ക...

Tuesday, May 26, 2009

തൊടുപുഴ മീറ്റിന്റെ ബാക്കി പത്രങ്ങള്‍

തൊടുപുഴ മീറ്റ് ഒരു പ്രവാസിയുടെ കണ്ണിലൂടെ കാണുവാന്‍ ഉള്ള എന്റെ എളിയ ശ്രമമാണ് ഇത്. കടലുകള്‍ക്ക് അക്കരെ  എന്റെ കൊച്ചു കേരളത്തില്‍ ഇത്രയും നല്ല രീതിയില്‍ ഒരു മീറ്റ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ ഹരീഷ് തൊടുപുഴയ്ക്ക് ആദ്യമേ നന്ദി . തൊടുപുഴയുടെ ആഥിതേയ മര്യാദകള്‍ ,പ്രകൃതി സൌന്ദര്യം ഇവ ലോകത്തിന്റെ മുന്നില്‍ കാണിച്ചു കൊടുക്കുവാന്‍ ഹരീഷിനു കഴിഞ്ഞു എന്നതാണ് ഇതിലെ വിജയം .കേരളത്തിലെ നാനാ ഭാഗങ്ങളില്‍ ഉള്ള ബ്ലോഗര്‍മാരെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതും ഇതിന്റെ വിജയമാണ് .

ദുബായിലെ ബ്ലോഗ് മീറ്റിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഹരീഷ് ഇങ്ങനെ തീരുമാനം എടുത്തത്‌ എങ്കിലും ദുബായ്‌ പോലെ ഉള്ള ഒരു നഗരത്തില്‍ ഒരു പാര്‍ക്കില്‍ കൂടുന്നത് പോലെ ആയിരുന്നില്ല ഈ മീറ്റ് എന്ന് വേണം മനസിലാക്കുവാന്‍ .

വളരെ പ്രതീക്ഷകളോടെ ആയിരുന്നു കഴിഞ്ഞ വര്ഷം തിരുവനന്തപുരത്തെ ബ്ലോഗ് മീറ്റില്‍ , നാട്ടില്‍ ചെന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ എത്തിയത് . എന്നാല്‍ ആദ്യ പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ ആ മീറ്റിന്റെ ഏകദേശ രൂപം എനിക്ക് മനസിലാകുകയും ഞാന്‍ സ്ഥലം കാലിയാക്കുകയും ചെയ്തു .ശിവനെ വീണ്ടും പോകുന്നതിനു മുന്‍പ്‌ ഒന്നുകൂടി കാണണം എന്ന ആഗ്രഹം മൂലം ഞാന്‍ മൂന്നു മണി കഴിഞ്ഞപ്പോള്‍ അവിടെ വീണ്ടും എത്തി . അതുകൊണ്ട് തന്നെ ചിത്രകാരന്‍ , അങ്കിള്‍ ,ഫാര്‍മര്‍ , സജ്ജീവ് ,ചാണക്യന്‍ ,ശിവ തുടങ്ങിയവരെ കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞു എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു . എങ്കിലും ആ മീറ്റില്‍ ഞാന്‍ സന്തോഷവാനല്ല . ആ കാര്യം ഞാന്‍ മുന്‍പ്‌ സൂചിപ്പിച്ചിരുന്നു . അതിന്റെ ബാക്കിയായി വന്ന പടലപിണക്കങ്ങള്‍ നമ്മള്‍ കാണുകയും ,ബ്ലോഗിന്റെ ചരിത്രത്തില്‍ എന്നും ഉണ്ടാകുകയും ചെയ്യും .

ഇവിടെ ധനേഷിന്റെ ആദ്യ പോസ്റ്റ് വായിക്കുമ്പോള്‍ തന്നെ തൊടുപുഴ മീറ്റിന്റെ രൂപരേഖ നമുക്ക്മനസിലാകും . പാട്ടും , ഡാന്‍സും , കവിതകളും നിറഞ്ഞ ഒരു സൌഹൃതാന്തരീക്ഷം .ഒടുവില്‍ കാ‍ന്താരി ചമ്മന്തിയും ,കപ്പയും കഴിച്ചിട്ടല്ല എന്ന ഡിസ്ക്ലൈമര്‍ കൊണ്ടു മൂടി നിറകണ്ണുകളോടെ , ഇനി എന്ന് കാണും എന്ന ചോദ്യവുമായി പോകുന്ന ഒരു കൂട്ടം ബ്ലോഗര്‍മാര്‍ .ഇതാണ് ഇതിന്റെ വിജയം .ചിത്രങ്ങളില്‍ എനിക്കേറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് ഇനിയും കാണാം എന്ന പ്രതീക്ഷയുമായി തിരിഞ്ഞു നടക്കുന്ന ലതിചേച്ചിയുടെ ഒരു ഫോട്ടോ .(ആ ഫോട്ടോ എടുത്തത്‌ എഴുത്തുകാരിയുടെ മകള്‍ .) നന്നായിരിക്കുന്നു .ആ പ്രതീക്ഷകളോടെ കൂടുതല്‍ മീറ്റുകള്‍ , സൌഹൃത സമ്മേളനങ്ങള്‍ കേരളമെമ്പാടും നടക്കട്ടെ . ഇനിയും വരാന്‍ പോകുന്ന ബ്ലോഗ് മീറ്റുകളുടെ മാതാവ്‌ എന്ന പേരില്‍ തൊടുപുഴ മീറ്റ് അറിയപ്പെടട്ടെ .എന്റെ ആശംസകള്‍ .

അടുത്ത മീറ്റ് ചെറായി കടാപ്പുറത്ത്‌ വെച്ചായിരിക്കും എന്നാണ് അറിഞ്ഞത് .നിരക്ഷരന്‍ , ലതി ചേച്ചി , മണികണ്ടന്‍ എന്നിവരുടെ സ്ഥലത്ത് വെച്ച്. കഴിയുമെങ്കില്‍ എനിക്കും കാപ്പില്‍ /കായംകുളം ഈ ഭാഗത്ത്‌ ഒരു മീറ്റ് നടത്തണം . അതിന് ഇടയാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു . എല്ലാവര്ക്കും ഹാപ്പി ബ്ലോഗിങ്ങ്‌ .
ആശംസകള്‍ .ജയഹോ

Friday, May 15, 2009

പ്രധാനമന്ത്രി കളിക്കാം

കുറെ നാളായി ആല്‍ത്തറയില്‍ കയറി കൊച്ചുവര്‍ത്തമാനം പറഞ്ഞിട്ട് .എന്നാല്‍ പിന്നെ ഇന്നാകാം വലിയ വായിലെ ചെറിയ വര്‍ത്തമാനം എന്ന് കരുതി .ഇന്നാണല്ലോ നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കുരുക്കഴിച്ചു ജനങ്ങളുടെ കഴുത്തില്‍ കുരുക്കിടുന്ന ദിവസം .ആരാകും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി എന്നത് അടുത്ത നാളുകളില്‍ അറിയാം . നമ്മുടെ ജനപ്രധിനിധികള്‍ വരട്ടെ .

ഇന്നിവിടെ ചിന്തിക്കുന്ന വിഷയം നമ്മുടെ വീട്ടില്‍ ആരാണ് പ്രധാനമന്ത്രി എന്നതാണ് . എന്‍റെ വീട്ടില്‍ എന്‍റെ ഭാര്യയാണ് പ്രധാനമന്ത്രി .അതുകൊണ്ട് തന്നെ എനിക്ക് നന്നായി ബി.പി യും ഉണ്ടെന്നു കൂട്ടിക്കോളൂ .പക്ഷേ Readers Digest പതിനാറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പതിനൊന്ന് രാജ്യങ്ങളും കുടുംബത്തിലെ ബോസ് ആയി തിരഞ്ഞെടുത്തത്‌ അപ്പന്മാരെയാണ്‌. അപ്പോള്‍ തീര്‍ച്ചയായും ഇതൊരു പുരുഷ ലോകമായിരിക്കും അല്ലേ ?
എന്താണ് നിങ്ങളുടെ അഭിപ്രായം .

അമേരിക്ക ,കാനഡ ,ഇംഗ്ലണ്ട് ,നെതെര്‍ലാന്‍ഡ്‌, ആസ്ട്രലിയ എന്നീ രാജ്യങ്ങള്‍ ആയിരുന്നു അമ്മമാര്‍ക്ക് വോട്ടുകള്‍ കൊടുത്തത് .താഴെ ഓരോ രാജ്യങ്ങളും അവര്‍ക്ക് കിട്ടിയ വോട്ടുകളും ശതമാനക്കണക്കുകള്‍ പ്രകാരം കാണിച്ചിരിക്കുന്നു .


COUNTRIES WITH THE MOST VOTES FOR DAD

INDIA                                                   69%
BRAZIL                                                 67%
MALASIA                                             67%
FRANCE                                               64%
SINGAPORE                                        61%
CHINA                                                  56%
PHILIPPINES                                        55%
SPAIN                                                    55%
ITALY                                                    48%
RUSSIA                                                  48%
GERMANY                                             42%

COUNTRIES WITH THE MOST VOTES FOR MOM

USA                                                            52%
NETHERLANDS                                        52%
CANADA                                                   48%
UK                                                              47%
AUSTRALIA                                               46%

നിങ്ങളുടെ വീട്ടില്‍ ആരാണ് ബോസ് ?
അപ്പന്‍ ,അമ്മ ,കൂട്ടായ തീരുമാനം അതോ എപ്പോഴും അവസാന വാക്ക് അപ്പന്റെത് ഇങ്ങനെയാണോ ?
അല്പം കൊച്ചു വര്‍ത്തമാനം ആകാം അല്ലേ ?



Readers Digest June 2009


Tuesday, May 12, 2009

കടുവക്കൂട്ടില്‍ ഒരു പുലി


ഐ പി എല്ലില്‍ ഒരു ടീമിനെ ലേലം വിളിച്ച്‌ അതിന്‌ നൈറ്റ്‌ റൈഡേഴ്‌സ്‌ എന്ന്‌ പേരിട്ടപ്പോള്‍ ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്‍ കരുതിയിരിക്കില്ല സംഗതി അറം പറ്റുമെന്ന്‌. ഷാരൂഖ്‌ ഖാന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിനുള്ളിലെ രഹസ്യങ്ങള്‍ ബ്ലോഗിലൂടെ പുറത്തുവിടുന്ന അജ്‌ഞാതനുവേണ്‌ ടി അക്ഷമയോടെയുള്ള തിരച്ചിലും കാത്തിരിപ്പും തുടരുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അവസാന മല്‍സരം നടക്കുന്ന ദിവസം താന്‍ ആരെന്നു വെളിപ്പെടുത്തുമെന്നാണു ബ്ലോഗറുടെ വാക്കുകള്‍. മെയ്‌ ഇരുപതിനാണ്‌ കൊല്‍ക്കത്തയുടെ അവസാനമത്സരം.

ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ വായനക്കാരെടുക്കുന്ന തീരുമാനപ്രകാരം ആയിരിക്കും വെളിപ്പെടുത്തല്‍ എന്ന്‌ അജ്‌ഞാതന്‍ പ്രഖ്യാപിച്ചതോടെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ കുന്നുകൂടുകയാണ്‌. ഇന്ന്‌ വൈകുന്നേരം (12.05.2009) 4. 45 വരെ വാക്കു പാലിക്കാന്‍ ആവശ്യപ്പെട്ടവര്‍-26290. (അതായത്‌ 64 ശതമാനം), വെളിപ്പെടുത്തൂ, പണി കിട്ടുന്നതു കാണാമെന്ന്‌ കാത്തിരിക്കുന്നവര്‍ 1535.(3 ശതമാനം) രഹസ്യമായി ഇരുന്നോ മോനെ എന്നാണ്‌ 12 ശതമാനം ആളുകളുടെ അഭിപ്രായം. വേണ്‌ ട മോനെ മിണ്‌ ടണ്ട, പണി കിട്ടിയേക്കും എന്നാണ്‌ 5 ശതമാനം ആളുകളുടെ പ്രതികരണം. ഏഴ്‌ ശതമാനം ആളുകള്‍ക്ക്‌ ഇത്‌ എന്തായാലും വേണ്‌ടില്ല. ഇതാണ്‌ വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍.

ഈ അജ്ഞാത ബ്ലോഗര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊപ്പം യാത്ര തുടങ്ങിയിട്ടു ആഴ്‌ച മൂന്നുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ അന്തപ്പുരകഥകള്‍ ബ്ലോഗിലൂടെ പാട്ടാക്കിയാണ്‌ ഈ അജ്‌ഞാതന്‍ രംഗത്തെത്തിയത്‌. ഇത്‌ ടീമിനുള്ളിലെ ആളാണെന്നും ഗാംഗുലിതന്നെയാണെന്നും മറ്റും വാര്‍ത്ത പരന്നതോടെ ബ്ലോഗ്‌ അതിവേഗം സൂപ്പര്‍ഹിറ്റുമായി. ക്രിക്കറ്റ്‌ ലോകത്തെ മിക്കവാറും കളിക്കാര്‍ക്കും ടീമുടമയായ കിംഗ്‌ ഖാനും ഇരട്ടപ്പേരിട്ടാണ്‌ കഥ പറച്ചില്‍.

ടീം ഉടമ ഷാറുഖ്‌ ഖാന്‍ ദില്‍ഡോ എന്നും കോച്ച്‌ ജോണ്‍ ബുക്കാനന്‍ ബാഖാ നാന്‍ എന്നുമാണ്‌ അറിയപ്പെടുന്നത്‌. സൗരവ്‌ ഗാംഗുലിയെ ലോര്‍ഡി എന്നും ബ്രണ്‌ടന്‍ മക്കല്ലത്തെ ഇയാള്‍ സ്‌കിപ്പര്‍ എന്നും വിളിക്കും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലിറ്റില്‍ മോണ്‍സ്‌റ്ററാകുമ്പോള്‍ യുവരാജ്‌ സിങ്‌ പ്രിന്‍സ്‌ ചാള്‍സ്‌ ഓഫ്‌ പട്യാലയാണ്‌. ആകാശ്‌ ചോപ്രയും സഞ്‌ജയ്‌ ബംഗാറുമൊക്കെയാണ്‌ ഇതിനുപിന്നിലെന്ന ഊഹങ്ങള്‍ ശക്തമാകാന്‍ കാരണം ചോപ്രയെയും ബംഗാറിനെയും തിരിച്ചയച്ചതാണ്‌. ക്യാപ്‌റ്റന്‍ സ്ഥാനം പോയതിന്റെ കലിപ്പാണോ എന്ന സംശയമാണ്‌ വിരല്‍ ഗാംഗുലിക്ക്‌ നേരെ ചൂണ്‌ ടാന്‍ കാരണം.

അജ്‌ഞാത ബ്ലോഗിലേക്കുള്ള പൊതുവഴി ഇതിലേ...

ഇനി നമ്മളാരേലുമാണോ പുലികളെ ഇതിനുപിന്നില്‍???

Thursday, May 7, 2009

ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്‍!

കൊട്ടാരം പള്ളിക്കൂടത്തില്‍ നാലാം ക്ലാസ് വരെ പഠിച്ചെങ്കിലും എനിക്ക് ഒരിക്കലും ക്ലാസ് ലീഡര്‍(മോണിട്ടര്‍) ആകാന്‍ കഴിഞ്ഞിരുന്നില്ല. ചേപ്പാട് ‘ പി.എം.ഡി യു.പി. എസ്സില്‍’ (ഫിലിപ്പോസ് മാര്‍ ദിവന്നാസ്യോസ് യു.പി.സ്കൂളില്‍) ആണ് അഞ്ച്ചു മുതല്‍ പഠിച്ചത്.

സുന്ദരനും ഗായകനും ആയിരുന്ന ഉണ്ണികൃഷ്ണനാ‍യിരുന്നു അഞ്ചാം തരത്തില്‍ മോണിട്ടര്‍. പക്ഷേ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്നത് എനിക്കായതുകൊണ്ടാവണം ആറാം ക്ലാസില്‍ എന്നെ മോണിട്ടറാക്കി. അടുത്ത വര്‍ഷവും ആ സ്ഥാനം ഞാന്‍ നിലനിര്‍ത്തി.

റബേക്കമ്മ സാര്‍, ഗ്രേസിക്കുട്ടി സാര്‍, ലീലാമ്മ സാര്‍ എന്നിവരായിരുന്നു അഞ്ചു മുതല്‍ ഏഴു വരെ എന്റെ ക്ലാസ് ടീച്ചര്‍മാര്‍. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് എനിക്ക് ആ സ്കൂളില്‍ നിന്ന് ഒരിക്കലും അടി കിട്ടിയിട്ടില്ല. അതിന്റെയൊരു ജാഡയും ‘ഡമ്പും’ എനിക്കുണ്ടായിരുന്നു. മോണിട്ടര്‍ എന്ന നിലയില്‍ ശുഷ്കാന്തി കൂടാന്‍ അതു കാരണമായി.

ഒരു ക്ലാസ് ലീഡറൂടെ ജോലി വളരെ ഭാരമേറിയതാണ് എന്നുള്ളത് വളരെ പെട്ടെന്നു തന്നെ സഹപാഠികളെ ഞാന്‍ ബോധ്യപ്പെടുത്തി. എന്റെ നോട്ട് ബുക്കുകള്‍ കൂടാതെ ക്ലാസ്സ്സിലെ മുഴുവന്‍ കുട്ടികളുടെയും കോമ്പസിഷന്‍ ബുക്കുകള്‍ ഞാന്‍ തോളിലേറ്റി വീട്ടില്‍ കൊണ്ടുപോകുമായിരുന്നു. തിരിമറി നടത്തുന്നത് തടയാനാണ് ഈ ഭാരം ചുമക്കല്‍!

കൂടാതെ ക്ലാസില്‍ ഉത്തരം പറയുമ്പോഴും പദ്യം ചൊല്ലുമ്പോഴുമൊക്കെ ആരെങ്കിലും തെറ്റു വരുത്തുന്നുണ്ടോ എന്ന് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതും എന്നെയാണ്. സാറന്മാരുടെ ശ്രദ്ധയില്‍ പെടാതെ ആരെങ്കിലും തെറ്റു വരുത്തിയാല്‍ അവന് അടി വാങ്ങിച്ചുകൊടുക്കുക എന്നത് എന്റെ ജീവിതവ്രതമായിരുന്നു അന്ന്!

“സാര്‍ ഇവന്‍ തെറ്റിച്ചു!” എന്ന എന്റെ ഒച്ച കേട്ടാലുടന്‍ സാര്‍ തെറ്റിച്ച ഹതഭാഗ്യനെ വിളിക്കുകയായി “ഡാ! ഒന്നൂ‍ടെ ഒറച്ചു ചൊല്ലെടാ!”

തെറ്റിച്ചവന്‍ എങ്ങനെ ശരിയാക്കാന്‍.... അടി ഉറപ്പ് !

ഇതു കൂടാതെ സാറന്മാരില്ലാത്തപ്പോള്‍ ക്ലാസില്‍ വര്‍ത്തമാനം പറയുന്നവരുടെ പേരെഴുതി അവര്‍ക്കും അടി വാങ്ങിക്കൊടുക്കുക എന്നതും മോണിട്ടറുടെ ഭരണഘടനാപരമായ അവകാശമായിരുന്നു!

ഈവക കാര്യങ്ങളില്‍ എന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരുന്നു എന്റെ സാറന്മാര്‍! അവരോടുള്ള എന്റെ കടപ്പാട് നിസ്സീമമായിരുന്നു. അതു ഞാന്‍ പ്രകടിപ്പിച്ചിരുന്നത് കൊച്ചൂട്ടില്‍ കാവില്‍ നിന്നും വക്കീലിന്റെ കാവില്‍ നിന്നുമൊക്കെ വളരെ കഷ്ടപ്പെട്ട് വെട്ടിയെടുത്ത്, ചാണകത്തില്‍ വച്ചു പഴുപ്പിച്ച് നല്ല മഞ്ഞ നിറത്തിലാക്കിയെടുത്ത ഒന്നാന്തരം ചൂരല്‍ക്കമ്പുകള്‍ വഴിയായിരുന്നു. ഒരു ചൂരല്‍ ഒടിഞ്ഞാല്‍ അടുത്ത ചൂരല്‍ റെഡി!

ചൂരല്‍ ആവശ്യമില്ലാത്ത ഏക അധ്യാപകന്‍ മാധവന്‍ പിള്ള സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന വിനോദം ‘സൈക്കിള്‍ ചവിട്ടിക്കലാ‘യിരുന്നു. അതും ബഞ്ചില്‍ കയറ്റി നിര്‍ത്തി!

ശിക്ഷാര്‍ഹനായ ഹതഭാഗ്യന്‍ ബഞ്ചില്‍ കയറി നില്‍ക്കണം. അപ്പോള്‍ സാര്‍ വന്ന് അവന്റെ തുടയില്‍ തന്നെ നഖമിറക്കും. അതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് കുട്ടി കാല്‍ അറിയാതെ ഉയര്‍ത്തും. കാല്‍ പരമാവധി ഉയര്‍ന്നുകഴിയുമ്പോള്‍ സാര്‍ നഖം മെല്ലെ പിന്‍ വലിക്കും. അപ്പോള്‍ കുട്ടി കാല്‍ താഴ്ത്തും. അപ്പോള്‍ സാര്‍ അടുത്ത കാലില്‍ നുള്ളൂം. അതേ പ്രക്രിയ ആവര്‍ത്തിക്കും. അങ്ങനെ സൈക്കിള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടല്‍ പഠിക്കും!

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ സ്കൂളിനു മുന്നിലൂടെ പോകുന്ന നാഷണല്‍ ഹൈവേയുടെ ടാറിംഗ് നടക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഞങ്ങളൊക്കെ ടാര്‍ മിക്സ് ചെയ്യുന്നത് കണ്ടു നില്‍ക്കുമ്പോള്‍ കുറേപ്പേര്‍ ചേര്‍ന്ന് ഒരു ടാര്‍ വീപ്പയില്‍ നിന്ന് കുറച്ച് ടാര്‍ മോഷ്ടിച്ചു. എന്നിട്ട് അത് ഇലയില്‍ പൊതിഞ്ഞ് ക്ലാസില്‍ കൊണ്ടു വന്നു. ഏതോ ഒരു വിദ്വാന്‍ ക്ലാസ് ടീച്ചറുടെ കസേരയില്‍ അല്പം ടാര്‍ പതിച്ചു വച്ചു. ഗ്രേസിക്കുട്ടി സാര്‍ ഉച്ചയ്ക്ക് അറ്റെന്‍ഡന്‍സ് എടുക്കാന്‍ വന്നു. കസേരയില്‍ ഇരുന്നു. അറ്റെന്‍ഡന്‍സ് എടുത്തു. ഏഴുനേല്‍ക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല! മേശപ്പുറത്ത് കയ്യൂന്നി എണീക്കാന്‍ ശ്രമിച്ചു.... കസേരയും ഒപ്പം പൊങ്ങി!!

കുട്ടികള്‍ കൂട്ടച്ചിരി! ഒരു വിധത്തില്‍ അവര്‍ സാരി പറിച്ചെടുത്തു! സംഭവം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാധവന്‍ പിള്ള സാര്‍ അന്വേഷണക്കമ്മീഷന്‍! തെളിവെടുപ്പു തുടങ്ങി. ഷാജി, മോഹനന്‍ തുടങ്ങിയവര്‍ പിടിക്കപ്പെട്ടു.

അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു “ സാര്‍.. ജയനുമുണ്ടായിരുന്നു ഞങ്ങളോടൊപ്പം!"

സാര്‍ വിശ്വാസം വരാതെ എന്നെ നോക്കി.

“ആരെങ്കിലും കണ്ടോ ജയന്‍ ടാര്‍ വാരുന്നത്?“ സാര്‍ ചോദിച്ചു.

അവസരം നോക്കിയിരുന്നപോലെ വേണു എന്ന എന്റെ സഹപാഠി കശ്മലന്‍ എണീറ്റു പറഞ്ഞു.

“ഞാന്‍ കണ്ടു സാര്‍!”

എടാ കാലമാടാ! ക്ലാസില്‍ പേരെഴുതി ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളത് അവനാണ്! അതിന്റെ ചൊരുക്ക് അവന്‍ തീര്‍ത്തു!

മാധവന്‍ പിള്ള സാര്‍ ശിക്ഷ വിധിച്ചു. കസേരയില്‍ ടാര്‍ ഒട്ടിച്ചവര്‍ക്ക് എട്ട് അടി വീതം. ടാര്‍ വാരിയവന്മാരെ വരിയായി നിര്‍ത്തി. ഏറ്റവും മുന്‍പില്‍ ഞാന്‍!

എന്നിട്ട് സാര്‍ ഒരു കടലാസ് തന്നു എന്റെ കയ്യില്‍. അതില്‍ ഇങ്ങനെ എഴിതിയിരുന്നു.
“ഞങ്ങള്‍ ‘ടാര്‍സന്‍’മാര്‍!! ടാര്‍ എവിടെക്കണ്ടാലും വാരും....പി.ഡബ്ല്യു.ഡി സൂക്ഷിച്ചോ!”

“ഉം... നടന്നോ..! സ്കൂളിനു ചുറ്റും പത്തു പ്രാവശ്യം!”

സാര്‍ കല്‍പ്പിച്ചു!

തല കുനിച്ച് ഞാന്‍. എന്റെ പിന്നില്‍ നാലു പേര്‍... അവര്‍ക്ക് ഉള്ളില്‍ ചിരി... മുന്നില്‍ നില്‍ക്കുന്നത് ജയനല്ലേ!!

ഒടുവില്‍ എഴാം ക്ലാസ് പഠനം കഴിഞ്ഞു.

ഇനി പഠനം ചേപ്പാട് സി.കെ.എച്ച്.എസ്സ് (ക്രൈസ്റ്റ് കിംഗ് ഹൈ സ്കൂള്‍) എന്ന വിദ്യാലയത്തിലാണ്. എന്റെ അച്ഛനും കൊച്ചച്ഛനും ഒക്കെ പഠിച്ച സ്കൂള്‍. ബോയ്സ് ഹൈ സ്കൂളാണ് അത്.

എട്ടാം ക്ലാസില്‍ സ്കൂള്‍ തുറന്ന ആദ്യ ദിവസം തന്നെ പുക്കാര്‍ എന്നോടു പറഞ്ഞു

“ ഡാ ചെറുക്കാ.... ചേപ്പാട്ട് ഐസ്കൂളീ വന്ന് നീ വല്യ ആളാവാനൊന്നും നോക്കണ്ട.... അവടേ എല്ലിന്റെ എടേ കൈ കേറ്റുന്ന ആമ്പുള്ളാരൊണ്ട്! അവന്മാര് നിന്റെ കൂമ്പിടിച്ച് ചമ്മന്തിയാക്കും!”

അതു കേട്ടപ്പോ ഉള്ളോന്നു കാളിയെങ്കിലും പുറമേ കാട്ടിയില്ല. ധൈര്യം പിടിച്ച് ക്ലാസിലിരുന്നു. എന്റമ്മോ എന്തു വലിയ ചെറുക്കന്മാര്‍! മുണ്ടുടത്തവന്മാര്‍ ധാരാളം. എല്ലാം പിന്‍ ബെഞ്ചുകളില്‍ നിരന്നിരിപ്പാണ്. മിക്കവര്‍ക്കും മീശയുമുണ്ട്.

എട്ടാം ക്ലാസില്‍ ‘തേഡ് ഇയര്‍’ പഠിക്കുന്ന രണ്ടു പേരുണ്ട് - കണ്ണന്‍, മുരളീധരന്‍ നായര്‍....! ഒരാള്‍ എസ്.എഫ്.ഐ നേതാവ്. മറ്റെയാള്‍ കെ.എസ്.യുക്കാരന്‍.... ഇവരുടെയൊക്കെ നേതാക്കന്മാര്‍ ഒന്‍പതാം ക്ലാസിലും പത്താം ക്ലാസിലും! ഞാന്‍ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടികളിലൊരാള്‍.... നിക്കറിട്ട് ഫ്രണ്ട് ബെഞ്ചിലാണ് ഇരിപ്പ്.

ആദ്യ ദിനം തന്നെ ഒന്നു തീരുമാനിച്ചു. ഇവിടെ മോണിട്ടര്‍ പണി നടക്കില്ല! ഭാഗ്യവശാല്‍ ജയ്.എബി.ചെറിയാന്‍ എന്ന സുന്ദരനും സുശീലനുമായ പയ്യന്‍ മോണിട്ടറായി! സ്കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യത്തെ സമരം. വല്യ നേതാക്കന്മാരായ രമേശന്റെയും സതീശന്റെയും നേതൃത്വത്തില്‍. പ്രകടനം, മുദ്രാവാക്യം വിളി, ബെല്ലടിക്കുന്ന ചേങ്ങലയെടുത്ത് കിണറ്റിലേറ്..... സംഗതി തക തകര്‍പ്പന്‍!

എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ചെറിയാന്‍ സാര്‍ ആയിരുന്നു. ഇംഗ്ലീഷും, ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്ന അദ്ദേഹത്തെ കിഴങ്ങന്‍ എന്നായിരുന്നു കുട്ടികള്‍ വിളിച്ചിരുന്നത്. ചെറിയാന്‍ സാര്‍ എന്നല്ല ആ സ്കൂളില്‍ പഠിപ്പിച്ചിരുന്ന എല്ലാ ആണ്‍-പെണ്‍ സാറന്മാര്‍ക്കും ഇരട്ടപ്പേരുകള്‍ ഉണ്ടാ‍യിരുന്നു എന്നതാണ് സി.കെ.എച്ച്.എസ്സിന്റെ പ്രത്യേകത. ബ്രഹ്മാണി, പേപ്പട്ടി, ചെങ്കീരി, എല്ലിച്ചി, വെണ്മണിച്ചട്ടമ്പി, പുളുവന്‍, കിഴങ്ങന്‍,മാക്രിമണിയന്‍, ക്വിന്റല്‍..... ഇങ്ങനെ ഓരോരുത്തര്‍ക്കും! പഠിപ്പിസ്റ്റായിരുന്നതിനാല്‍ ഇവരെയൊന്നും ഈ പേരു വിളിക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.

എന്നാല്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയ ഇടിക്കുള സാറിന് മാത്രം ഇരട്ടപ്പേരൊന്നും ഉണ്ടായിരുന്നില്ല. (കുറഞ്ഞ പക്ഷം എന്റെ അറിവില്‍...) ടി.എം. ഇടിക്കുള എന്നാണ് മുഴുവന്‍ പേര്. കുട്ടികള്‍ ‘ഇഡിക്കള സാര്‍’ എന്നാണ് ആ പേര്‍ ഉച്ചരിച്ചിരുന്നത്. സാര്‍ ചൂരലും കൊണ്ട് ഇടനാഴിയിലേക്കൊന്നിറങ്ങിയാല്‍ ‘ഡ്രാക്കുള’യെ കണ്ട മാതിരി കുട്ടികള്‍ ഭയന്നോടും!

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം എന്റെ ഏറ്റവും ഇളയ അനിയന്‍ ‘മുത്ത്’‘ അമ്മയെ കാണാന്‍ ചേപ്പാട്ടു വന്നത്. അമ്മ പോസ്റ്റ് മാസ്റ്ററാണ്. ഞങ്ങളുടെ സ്കൂളിന്റെ നേര്‍ എതിര്‍ വശത്താണ് അമ്മ ജോലി ചെയ്യുന്ന പൊസ്റ്റ് ഓഫീസ്. മുത്തും ഞാനും സ്കൂളിനടുത്തുള്ള ബേബിയച്ചായന്റെ കടയില്‍ നിന്ന് എന്തോ സാധനം വാങ്ങാന്‍ പോയതായിരുന്നു. അപ്പോഴാണ് ഇടിക്കുള സാര്‍ തന്റെ ബജാജ് സ്കൂട്ടറില്‍ ആ വഴി വന്നത്. സാര്‍ സ്കൂട്ടര്‍ നിര്‍ത്തി കടയിലേക്കു കയറി.

ഞാന്‍ മുത്തിനോടു പറഞ്ഞു “ഡാ... ഞങ്ങടെ ഹെഡ്മാസ്ടറാ ആ വരുന്നത്... ഇഡിക്കള സാര്‍!”

“ഓ ഇതാണോ ഇഡിക്കള!”

അവന് യാതൊരു കൂസലുമില്ല. അവന്റെ സ്കൂളിലെ സാറല്ലല്ലോ!

സാര്‍ കടയില്‍ എന്ത് തെരയുകയായിരുന്നു. ഞങ്ങള്‍ സാധനം വാങ്ങി ഇറങ്ങി.

പെട്ടെന്നാണ് മുത്ത് വിളിച്ചത് “ ഡാ അടുക്കളേ!”

ഞാന്‍ അമ്പരന്നു നില്‍ക്കുന്നതിനിടയില്‍ അവന്‍ വീണ്ടും വിളിച്ചു “ അടുക്കളേ, അടുക്കളേ!”

എന്നിട്ട് ഒറ്റയോട്ടം!

ഒരു കുട്ടി എന്തോ പറഞ്ഞു എന്നല്ലാതെ സാറിന് ഒന്നും മനസ്സിലായില്ല....

പ്ലാസ്റ്റിക് സാധനങ്ങളുടെ പിന്നിലായതുകൊണ്ട് എന്റെ മുഖം സാറിന് കാണാന്‍ കഴിഞ്ഞുമില്ല.

നിലച്ച ഹൃദയവുമായി എങ്ങനെ എന്റെ കാലുകള്‍ പറന്നു എന്ന് ഒരു പിടിയുമില്ല! പോസ്റ്റ് ഓഫീസിനകത്തെത്തിയാണ് നിന്നത്...!

അടുത്ത വര്‍ഷം ഞാന്‍ ഒന്‍പതാം ക്ലാസില്‍ എത്തി. ക്ലാസ് ലീഡര്‍ ‘ജയ് എബി ചെറിയാന്‍’ തന്നെ.

പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നോക്കം പോയില്ല. മോണിട്ടര്‍ ആയില്ലെങ്കിലും എന്റെ പഠിപ്പിസ്റ്റ് - ചൊറിയന്‍ സ്വഭാവത്തിന് ഒരു മാറ്റവും വന്നിരുന്നുമില്ല!

പലപ്പോഴും പദ്യം ചൊല്ലല്‍ മോണിട്ടര്‍ ചെയ്തിരുന്നത് ഞാന്‍ തന്നെയായിരുന്നു. തെറ്റിക്കുന്നവര്‍ ഒക്കെ മലയാളം അധ്യാപകനായ ചാക്കോ സാറിന്റെയും, ഹിന്ദി മാഷായ ദാമോദരന്‍ പിള്ള സാറിന്റെയും ചൂരല്‍ച്ചൂടറിഞ്ഞു.

അങ്ങനെ ഒരു ദിവസം. അധ്യാപകനില്ലാത്ത ഒരു ക്ലാസ്.

സംസാരിച്ചാല്‍ പേരെഴുതും, അടികിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ട് മുന്‍ ബെഞ്ചില്‍ , ഡെസ്കിലേക്കു കമിഴ്ന്നു കിടക്കുകയായിരുന്നു ഞാന്‍. പയ്യന്മാര്‍ ചിലര്‍ മോണിട്ടറെ തൃണവല്‍ഗണിച്ച് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എബി എല്ലാവരുടെയും പേരുകള്‍ കൃത്യമായി എഴുതുകയും ചെയ്തു.

ഏതോ ഒരു നിമിഷം പിന്‍ നിരയില്‍ നിന്ന് വലിയൊരൊച്ചയും ബഹളവും കേട്ടു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പാറ്റ(കൂറ) പറന്ന് ആരുടെയോ മേല്‍ വീണതാണ്ബഹളത്തിനു കാരണമെന്നുമാത്രം മനസ്സിലായി. ബഹളം കേട്ടാവും ഇടിക്കുള സാര്‍ പാഞ്ഞെത്തി. എല്ലാവരും എണീറ്റു നിന്നു. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത.

ചൂരല്‍ നീട്ടി മുന്‍ നിരയിലുള്ള എന്നോടു ചോദിച്ചു “എന്താടാ ഇവിടെ സംഭവിച്ചത്?”

“ഞാനൊന്നും കണ്ടില്ല സാര്‍!”

എന്റെ മറുപടികേട്ടതും സാറിന്റെ ചൂരല്‍ വായുവില്‍ ഉയര്‍ന്നു.

“നീ ഒന്നും കണ്ടില്ല, അല്ലേ!?”

പിന്നെ സംഭവിച്ചത് ക്ലാസിന്റെ മുഴുവന്‍ ശ്വാസഗതി നിലയ്ക്കുന്ന ഒരു പ്രകടനമായിരുന്നു. തുരു തുരാ ചൂരല്‍ എന്റെ തുടയിലും പൃഷ്ഠത്തിലും ആഞ്ഞാഞ്ഞു പതിച്ചു.

കലിയടങ്ങി എന്തൊക്കെയോ പറഞ്ഞു കൊണ്ട് സാര്‍ ഇറങ്ങിപ്പോയി.

ഞാന്‍ തലചുറ്റി ബെഞ്ചില്‍ വീണു..... ചുറ്റും കുട്ടികള്‍ ഓടിക്കൂടുന്നതും, “പതിനെട്ടടി കിട്ടി “ എന്ന പുക്കാറിന്റെ ആഹ്ലാദ സ്വരവും “അല്ലടാ...! ഇരുപതിന് മേലെ കിട്ടി!” എന്ന അനിയുടെ തിരുത്തും ഒക്കെ അര്‍ദ്ധബോധാവസ്ഥയില്‍ കേട്ടുകൊണ്ട് ഞാന്‍ കിടന്നു.

ദൈവമേ! നീ ഇത്ര നീതിമാനാണോ! അവന്മാര്‍ക്ക് പലര്‍ക്കും ഒരു കൊല്ലം കൊണ്ടു കൊടുത്തത് നീ ഒരു ദിവസം കൊണ്ട് എനിക്കു തന്നല്ലോ!!

ഇന്നും ഇടിക്കുള സാര്‍ എന്നു കേട്ടാലുടന്‍ ഞാന്‍ ചന്തിയ്ക്ക് ഇടിവെട്ട്ഏറ്റവനെപ്പോലെ തടവി നോക്കും!


അടിക്കുറിപ്പ്: ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ സുഖമുള്ള നൊമ്പരങ്ങള്‍!ആ അടി കിട്ടിയില്ലായിരുന്നെങ്കില്‍... ഒരു പക്ഷേ ഒരിക്കലും എന്റെ സഹജീവികളുടെ വേദന ഞാന്‍ അറിയാതെ പോയേനെ!

.

Friday, May 1, 2009

ഗൂഗിള്‍ അമ്മച്ചി വായിക്കുവാന്‍ .

പരമ കാരുണ്യവതിയും ദയാനിധിയുമായ ഗൂഗിള്‍ അമ്മച്ചി വായിച്ചറിയുവാന്‍ ആശ്രമത്തിലെ സ്വാമി അറിയിക്കുന്ന അപേക്ഷ .

ബൂലോകത്തുള്ള മുഴുവന്‍ ജനങ്ങളെയും പണ്ടാരമടക്കുവാന്‍ വേണ്ടി ഒരു തോന്ന്യാസി കെട്ടിയ ആശ്രമവും അതിന്റെ വളര്‍ച്ചക്ക്‌ ആവശ്യമായി പിന്നീട് വന്ന കോളേജും അമ്മച്ചിക്ക് അറിവുള്ളതാണല്ലോ . കഴിഞ്ഞ ഒരു വര്‍ഷമായി ബൂലോകത്തുള്ള ഒട്ടുമുക്കാല്‍ ആളുകളുടെയും നല്ല വാക്കുകള്‍ കേട്ടു കേട്ടു കാത് തഴമ്പിച്ച ഒരു നിര്‍ഗുണ പരബ്രഹ്മ അഖിലാണ്ട സ്വാമി കാപ്പില്‍ ആനന്ദന്‍ ഭരിക്കുന്ന ആശ്രമത്തില്‍ കഴിഞ്ഞ പത്ത് ദിവസമായി ബൂലോക ക്രിക്കെറ്റ് നടക്കുന്ന കാര്യം അമ്മച്ചിയെ അറിയിച്ചതും അവിടെ നിന്നും അനുഗ്രഹം സ്വാമി വാങ്ങിയിട്ടുള്ളതുമാണ്.

ഇന്ന് ക്രിക്കറ്റ്‌ വിശ്രമ ദിനം .വിശ്രമ ദിനമായ ഇന്ന് ഗ്രൗണ്ടില്‍ പ്രാക്ടിസിനു വന്ന ബ്ലോഗേര്‍സ് സൂപ്പര്‍ കിന്ഗിലെ താരങ്ങള്‍ക്ക് തലപ്പന്ത്‌ കളിക്കാന്‍ പന്തുമായി ആശ്രമത്തില്‍ എത്തിയ സ്വാമിയെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് എതിരെറ്റത്. " പോടാ വീട്ടില്‍ പോടാ , ഇവിടെ പണിയണ്ട " എന്ന് പറയുവാന്‍ അമ്മച്ചി ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് .അറിയാതെയെങ്കിലും എന്തെങ്കിലും തെറ്റുകള്‍ അമ്മച്ചിയോട്‌ ചെയ്തിട്ടുണ്ടെങ്കില്‍ അമ്മച്ചി മാപ്പാക്കണം . അമ്മച്ചി എന്‍റെ ബ്ലോഗുകള്‍ തിരികെ തന്നാല്‍ എന്‍റെ ഷാപ്പന്നൂര്‍ ദേശത്ത് അമ്മച്ചിക്ക് വേണ്ടി ഒരുല്‍സവം തന്നെ നടത്താം .ആശ്രമത്തിലെ അന്തേവാസികളെയും ,കോളേജില്‍ പഠിക്കാന്‍ വരുന്ന കുട്ടികളെയും അമ്മച്ചി വഴിയാധാരം ആക്കരുത്‌ . സ്നേഹത്തോടെ അമ്മച്ചിയുടെ വിനീത ദാസന്‍

കാപ്പില്‍ ആനന്ദ സ്വാമികള്‍ .
 
 
sd/-