Wednesday, April 29, 2009

അളിയന്‍റെ തല തെറിച്ച രാത്രി....

ഞാനിപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു..എന്നായിരുന്നു ആ കാള രാത്രി...അതെ 27.04.2009 തിങ്കളാഴ്ച രാത്രിയിലെ ഒരു ചൂടുള്ള സമയം..അപ്പോള്‍ വാച്ചില്‍ സമയം പതിനൊന്നാവാറായിട്ടുണ്ടായിരുന്നു...

ബ്ലോഗ്‌ തോന്ന്യാശ്രമ പ്രീമിയര്‍ ലീഗിന്‍റെ കത്തിജ്വലിക്കുന്ന ഒരു രാത്രി...ലോകം ചുരുങ്ങി ചുരുങ്ങി ഒരു ഗ്ലോബല്‍ വില്ലേജ്‌ ആക്കി മാറ്റിയ ബൂലോകത്തെ ഏതോ ഒരു കാപ്പിലാന്‍റെ സാമ്രാജ്യം..അവിടെ ഒരു ഭരണ മാറ്റം (നാറ്റം) നടന്നുവത്രേ..ആ പുതിയ ഭരണ കര്‍ത്താക്കളുടെ ആദ്യ സ്പോണ്‍സെഡ് പ്രോഗ്രാമാണ് പ്രീമിയര്‍ ലീഗ്..

കളിയുടെ തുടക്കം മുതല്‍ക്കേ ആധിപത്യം ഉണ്ടായുരുന്നത്, പാവപ്പെട്ട നിഷ്കളങ്കനായ സര്‍വോപരി സ്നേഹ സമ്പന്നനായ ശ്രീമാന്‍ വാഴക്കോടന്‍ നയിക്കുന്ന പ്രതിപക്ഷ മുന്നണിക്കായിരുന്നു..അതിനും മുന്നേ ആശ്രമത്തില്‍ നടന്നുവെന്ന്‍ പറയപ്പെടുന്ന തിരഞ്ഞെടുപ്പില്‍,ബാലറ്റ് പേപ്പറിന്‍റെയോ വോട്ടിംഗ് യന്ത്രത്തിന്റെയോ പിഴവ് കൊണ്ട് (അതല്ല, കാപ്പിലാന്‍ കള്ള വോട്ട ചെയ്തതാണെന്നും പോള്‍ ചെയ്ത വോട്ടുകളെല്ലാം ആനന്ദന്റെ അക്കൌണ്ടിലെക്കാന് മാറിപ്പോയതെന്നും) പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടി വന്നവരാണ് ശ്രീമാന്‍ വാഴക്കൊടനും വാഴക്കൊടന്റെ അളിയന്‍ കുവൈറ്റ്‌ അളിയനും പിന്നെ വനിതകളുടെ കണ്ണിലെ കൃഷ്ണമണി (കരട്) യായ ഈ ഞാനും ....

തിരഞ്ഞെടുപ്പിന്‍റെ ആരവങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ പാടിയും നാടകം കളിച്ചും ബ്ലോഗര്‍ കോളേജില്‍ ക്ലാസുകള്‍ നടത്തിയും തട്ടിയും മുട്ടിയും ജീവിച്ചു പോകുന്നവരായിരുന്നു.... ആശ്രമത്തിന്റെ ഖജനാവിന്‍റെ അല്ലെങ്കില്‍ ഭാണ്ടാരത്തിന്റെ അതുമല്ലെങ്കില്‍ നേര്‍ച്ചപ്പെട്ടിയുടെ കനം അവരെ തിരഞ്ഞെടുപ്പിന്‍റെ തീ ചൂളയിലെക്ക് എടുത്തെറിഞ്ഞു..

തിരഞ്ഞെടുപ്പിന്‍റെ ആദ്യാന്ത്യം ആവേശത്തിന്റെ കൊടു മുടിയിലായിരുന്നു വാഴക്കൊടനും മറ്റുള്ളവരും... ( ഞാന്‍ മാത്രം ആവേശം കൊണ്ടില്ല..കാരണം എനിക്കറിയാമായിരുന്നു കാപ്പിലാന്‍ കള്ള വൊട്ട് ചെയ്യുമെന്ന്... ഞാനാരാ മോള്‍)... ആശ്രമ ഇന്ടലിജന്സില്‍ നിന്നും ആ കള്ളത്തരത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് ചാരന്മാര്‍ എനിക്ക് നല്‍കിയിരുന്നു..

അപ്പൊ, നമ്മളെവിടെയാണ്‌ പറഞ്ഞു നിറുത്തിയത്..അതെ, ആശ്രമം വക പ്രീമിയര്‍ ലീഗ്...ഞാനടക്കമുള്ള കളിക്കാര്‍ വാഴക്കൊടന്‍സില്‍ അണി നിരന്നു...എതിര്‍ വശത്ത്‌ രണ്ട് മുട്ടന്‍ ടീമുകളും...കാപ്പിലാന്‍ സ്പോന്‍സര്‍ ചെയ്ത (അതെപ്പോഴും അങ്ങനെയാണല്ലോ..പിന്‍ സീറ്റ് ഡ്രൈവിംഗ് അല്ലെ പുള്ളിയുടെ ഇഷ്ട വിനോദം) ജെയിംസ് ബ്രയ്റ്റ്‌ എന്ന വലിയ മനുഷ്യന്‍ നയിക്കുന്ന കിംഗ്സ് ഇലവന്‍ (ഈ മനുഷ്യന്‍ ഒരിക്കല്‍ നിഷ്പക്ഷ കമ്മീശ്നരായിരുന്നു.. പക്ഷെ ഭരണം മാറിയപ്പോ സഭാധ്യക്ഷനായി...അതാണ്‌ വോട്ടിങ്ങില്‍ കള്ളത്തരം നടത്തിയിട്ടുണ്ടോന്ന് പ്രതിപക്ഷം സംശയിക്കാനുള്ള പ്രധാന കാരണം).. അപ്പുറത്ത് ആനന്ദ സ്വാമികളുടെ പാവ പ്രധാന മന്ത്രിയായ ശ്രീമാന്‍ ചാണക്യന്‍ നയിക്കുന്ന പ്രസിഡണ്ട്‌ ഇലവനും...

ഈ രണ്ട് ടീമുകളും വെവ്വേറെയാണ് മത്സരിക്കുന്നതെങ്കിലും പലപ്പോഴും പ്രതിപക്ഷ മുന്നണിയെ ആക്രമിക്കുന്നതില്‍ ഒറ്റക്കെട്ടാണ്... (അതും ആനന്ദന്റെ ഒരു തന്ത്രമായിരിക്കും...) ചാണക്യ തന്ത്രമാവാന്‍ വഴിയില്ല...കാരണം ചാണക്യനു ആനന്ദന്റെ സമ്മതത്തോടെ മാത്രമേ ഒന്ന് കോട്ടു വായിടാന്‍ പോലും പറ്റൂ....

അപ്പോള്‍ നമുക്ക്‌ ആ സംഭവത്തിലെക്ക് വരാം....ഏപ്രില്‍ ഇരുപത്തിയെഴിനു രാത്രി എന്താണ് സംഭവിച്ചത്‌...വളരെ സമാധാനത്തോടെ അതിലുപരി ആവേശത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന വാഴക്കൊടന്‍സ്‌ ടീം..ഗ്രൗണ്ടില്‍ ഇറങ്ങുന്നതിനു മുന്പേ തന്നെ ഉത്തേജക പരിശോധനകളെല്ലാം കഴിഞ്ഞിട്ടാണ് ഞങ്ങള്‍ എത്തിയത്‌..( അതും ആനന്ദന്റെ മറ്റൊരു ബുദ്ധി.. മറ്റു ടീമുകള്‍ക്കൊന്നും ഇല്ലാത്ത ഉത്തേജക ടെസ്റ്റ്‌!!!!!!!!).. ആ സമയത്താണ് ബ്ലോഗര്‍ കോളേജില്‍ ആളില്ലാന്നും പറഞ്ഞ് പകലണ്ണന്‍ കുറച്ച കള്ളുകുപ്പികളുമായി ആ വഴിക്ക്‌ വരുന്നത്....മനുഷ്യരല്ലേ, അതും കളിച്ച് ക്ഷീണിച്ചവരുടെ മുന്നിലേക്ക്‌ ആ കുപ്പി നീട്ടിയാലുള്ള ആക്രാന്തം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെയുള്ളു...അതിനെക്കാളേറെ, ഓരോ ഉത്തേജക ടെസ്റ്റും ആറ് മണിക്കൂര്‍ മുംബ്‌ വരെ മാത്രമേ ഞങ്ങള്‍ ഭക്ഷണം കഴിക്കാറുള്ളൂ... കാരണം കാപ്പിലാനന്ദ സ്വാമികള്‍ നല്‍കുന്ന ഭക്ഷണമാണ് ഞങ്ങള്‍ കഴിക്കണത് ( വിശ്വസിക്കാന്‍ പറ്റില്ലാലോ)

ഈ സമയം തന്‍റെ ഓവര്‍ പൂര്‍ത്തിയാക്കി ഏകാന്തന്‍ അവിടെ ഒരു തൂണില്‍ ചാരി നില്പുണ്ടായിരുന്നു...എകാന്തനല്ലേ, എകനല്ലേ, ഫീലിങ്ങ്സ്‌ ഉള്ളതല്ലേ.... എകാന്തനും ഒരു കുപ്പിക്കായി മല്‍പിടുത്തം നടത്തി...ആ സമയം വാഴക്കൊടന്‍സിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ , ആനന്ദ സ്വാമികള്‍ പറഞ്ഞിട്ട് ചാണക്യ പ്രധാന മന്ത്രി അങ്ങോട്ട് വന്നു...കള്ളും കുപ്പി കണ്ടാല്‍ നമ്മുടെ ബൈജുവിനെക്കാളും തറയാകുന്ന ആളാണ്‌ ചാണക്യന്‍.. കുപ്പി കിട്ടാത്ത സങ്കടത്തില്‍ "ന്നാ ങ്ങളും കുടിക്കണ്ട, ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി " എന്നും പറഞ്ഞ എകാന്തന്റെ ടചിങ്ങ്സും കൊണ്ട് ചാണക്യന്‍ പുറത്തേക്ക് ഓടി....




എകാന്തനും വിട്ട് കൊടുത്തില്ല...ചാണക്യന്റെ പുറകെ ഓടി കോളറില്‍ തന്നെ പിടുത്തമിട്ടു..ഒന്നും രണ്ടും പിന്നെ മൂന്നും നാലും പറഞ്ഞ് വഴക്കായി...പക്ഷെ ആ നിമിഷം അവിടെ പ്രയാന്‍ പ്രത്യക്ഷപ്പെട്ടു...( ഇവിടെ മുതലാണ്‌ ഗൂഡാലോചനയുടെ തെളിവുകള്‍ കിട്ടുന്നത്).. വെള്ളമടിക്കാത്ത പ്രയാന്‍ എന്തിനവിടെ വന്നു....എങ്കിലും, പ്രയാന്റെ മട്ടും ഭാവവും കണ്ട വാഴക്കൊടന്റെ അളിയന്‍ (കുവൈറ്റ്‌ തന്നെ) അങ്ങോട്ട് മണത്ത് മണത്ത് ചെന്ന്...തന്നെ മുട്ടിയെന്നോ തട്ടിയെന്നോ മറ്റും പറഞ്ഞ് പ്രയാന്‍ എകാന്തന്റെ കയ്യിലെ കുപ്പിയെടുത്ത്‌ കുവൈറ്റ്‌ അളിയന്‍റെ തലക്കിട്ടടിച്ചു...ചോര ചീറ്റുന്നത് കണ്ടാണ്‌ ഞാനും വാഴക്കൊടനും അങ്ങോട്ട് ഓടി ചെന്നത്...അപ്പൊ കണ്ടത്‌ കയ്യില്‍ പൊട്ടിയ കുപ്പിയുമായി പ്രയാന്‍...അതില്‍ നിറയെ രക്തം...

എന്നിലെ ഡോക്ടര്‍ സടകുടഞ്ഞെഴുന്നേറ്റു...ഗൌണ്ടിനടുത്ത് തന്നെയാണ് എന്‍റെ നാസ് മള്‍ട്ടി സ്പെഷ്യാല്ടി ഹോസ്പിറല്‍... ( മള്‍ട്ടി എന്ന് പറഞ്ഞാല്‍ എല്ലാ ജോലിയും ഞാന്‍ തന്നെയാണ് ചെയ്യുക.... അമ്പട ഞാനേ)

അളിയനെ ആശ്രമം വക ആംബുലന്‍സില്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞ് ഞാന്‍ എന്‍റെ ബെന്‍സ്‌ കാറിലേക്ക് ഓടി...( ഞമ്മള്‍ കോപ്പ്‌ പോകും ആംബുലന്‍സില്‍... ബെന്സാണ് പഥൃം ..അവിടെ എന്‍റെ മേക്കപ്പ്‌ കിറ്റ് തുറന്ന്‍ ഒരു മിനുക്ക്‌ പണി നടത്തി...

ഞാന്‍ ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ഒരു ആള്‍കൂട്ടം കാത്തു നില്പുണ്ടായിരുന്നു...തലേന്ന് ഞാന്‍ രക്ഷിച്ച ഏതൊരു രോഗിയുടെ ബദ്ധുക്കള് സ്നേഹത്തോടെ നല്‍കിയ സ്വീകരണം...അതും കഴിഞ്ഞ ഞാനെത്തുമ്പോള്‍ അളിയനെ ഓപറേഷന്‍ തീയെറ്റരിലെക്ക് മാറ്റിയിരുന്നു...ഞാനാകെ കണ്ഫ്യൂഷനിലായി...എന്ത് ചെയ്യണം... അളിയനെ വടിയാക്കി ആ വിലാപത്തിന്റെ ബലത്തില്‍ വീണ്ടും അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി ശ്രമിക്കണോ അതോ ഞങ്ങളുടെ എല്ലാമെല്ലാമായ അളിയനെ രക്ഷിക്കണോ.... എന്നിലെ ഡോക്ടര്‍ വീണ്ടും ഉണര്‍ന്നു... (ഇതെപ്പോഴും ഇങ്ങനെ ഒറങ്ങി കെടക്കാ,,,അടി കൊള്ളും) അളിയനെ രക്ഷിക്കണം...എന്‍റെ മനസ്സ്‌ എന്നോട്‌ തന്നെ മന്ത്രിച്ചു... (വേറെ ആരോട് മന്ത്രിക്കാന്‍)

ഓപറേഷന്‍ ടേബിളില്‍ മലര്‍ന്നു കിടക്കുകയായിരുന്നു അളിയന്‍...അബോധാവസ്ഥയിലാനെങ്കിലും അളിയന് ബോധമുണ്ടായിരുന്നു...ഈശ്വരാ ഇനി ഈ കാലമാടനെ എങ്ങനെ ബോധം കെടുത്തും..അപ്പോഴാണ്‌ ആശ്രമത്തിലെ ആ നാറിയ തുണിക്കെട്ട് എനിക്ക് ഓര്‍മ വന്നത്..അത് വെഗമെത്തിച് ഞാന്‍ ഓപറേഷന്‍ തുടങ്ങി....(അതീവ രഹസ്യമായ ഒപരെഷന്റെ ഒരു പോട്ടം ഇതാ നിങ്ങള്‍ക്ക്)




മണിക്കൂറുകള്‍ നീണ്ട സര്‍ജറിക്ക് ശേഷം വിജയ ശ്രീലാളിതയായി ഞാന്‍ പുറത്തേക്ക് വന്നു...പകലണ്ണന്ടെ കാന്റീനില്‍ നിന്ന് ഒരു പകലാചാര്യ സ്പെഷലും ചായയും കഴിച്ച് വീണ്ടും അത്യാഹിത വിഭാഗത്തിലേക്ക് ചെന്നു....അളിയന് ബോധം തിരിച്ച് കിട്ടിയിരുന്നു...

ഡോക്ടറെ, എനിക്ക് ങ്ങളോട് കാര്യം പറയാനുണ്ട്...



എന്താ മി. കു.അളിയന്‍ ധൈര്യായിട്ട് പറഞ്ഞോളൂ....

ഡോക്ടറെ, ഇനി എനിക്ക് ആയുസ്സില്ലെങ്കിലോ!!!!!!ഇതെന്‍റെ മരണമൊഴിയായി കണക്കാക്കണം...ഞാന്‍ ആ പ്രയാനെ മുട്ടീട്ടൊന്നും ഇല്ല...അവര് ചുമ്മാ പറഞ്ഞതാ...നമ്മുടെ ടീമിനെ തോല്‍പിക്കാന്‍ അവന്മാര് കളിച്ച ഗൂഡാലോചന ആയിരുന്നു അത്... ഞാന്‍ മരിച്ചാല്‍ അതിന്‍റെ ഉത്തരവാദി ആ പ്രയാനായിരിക്കും... രണ്ടാം പ്രതി ആ ചാണക്യനും....

റിലാക്സ് മി.കു.അളിയന്‍...ഇപ്പൊ ഒന്നും ഓര്‍ക്കണ്ട.... നിങ്ങള് രക്ഷപ്പെടും....ഞാനല്ലേ ഓപറേഷന്‍ ചെയ്തത്‌,,,

അതാ എന്‍റെ പേടി..... കുവൈറ്റ്‌ അളിയന്‍റെ മറുപടി കേട്ട് ഒന്ന് ചമ്മിയെങ്കിലും ആരും കേട്ടില്ലാ എന്ന് ഉറപ്പു വരുത്തി ഞാന്‍ പുറത്തെക്ക്‌ നടന്നു...

അങ്ങനെ ഒരാളുടെ ജീവനും കൂടി രക്ഷപ്പെടുത്തിയ ചാരിതാര്‍ദ്യത്തോടെ ഞാന്‍ എന്‍റെ ബെന്‍സിലേക്ക്....

Tuesday, April 28, 2009

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”

ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം സഞ്ചരിക്കുമായിരുന്നു. ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”
അമ്പരന്നു നോക്കിയപ്പോള്‍ പഴയ ഒരു സഹപാഠി. ആളിന്റെ പേര് ശശി!
ഗോഡ്ഫാദര്‍ എന്ന സിനിമ ഇറങ്ങിയ കാലമാണ്. റേഡിയോയിലൂടെ പുതിയ സിനിമകളിലെ ഗാനങ്ങള്‍ തുടര്‍ച്ചയായി നാടുമുഴുവന്‍ കേള്‍ക്കാം.“പൂക്കാലം വന്നൂ പൂക്കാലം ...” എന്ന ഉണ്ണിമേനോന്‍ പാടിയ ഗാനം അന്ന് വളരെ പോപ്പുലറായിരുന്നു. അതാണ് നമ്മുടെ ശശി ഈ രീതിയില്‍ പരുവപ്പെടുത്തിയെടുത്തത്!
ആള്‍ വളരെമാറിയിരിക്കുന്നു. ആറടിയോളം പൊക്കം. ചെമ്പിച്ച മീശ... ഊശാന്താടി...!
എന്നെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു ശശി.
ഞാന്‍ ചോദിച്ചു “എന്തുണ്ട് വിശേഷം?”
“ഓ.... എന്തോന്നു വിശേഷം... ഇഞ്ഞനെക്കെയങ്ങു പൊകുന്ന്‌...”
അധികം സംസാരിക്കാന്‍ നില്‍ക്കാതെ ശശി സിമന്റ് ഗോഡൌണിനുള്ളിലേക്കു കയറിപ്പോയി. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടിലേക്കും....
* * * * * * *
എന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ആലപ്പുഴ - കൊല്ലം റൂട്ടില്‍ ചേപ്പാട് എന്ന സ്ഥലത്താണ് കൊട്ടാരം പള്ളിക്കൂടം. ഗവണ്മെന്റ് എല്‍.പി.ബി. സ്കൂള്‍ എന്നാണ് ഔദ്യോഗിക നാമമെങ്കിലും ഒരു നെയിം ബോര്‍ഡ് പോലുമില്ലാത്തതു കാരണം ആ പേര് നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. ആകെ നാലു ക്ലാസ് മുറികള്‍. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍. അദ്ധ്യാപകര്‍ അഞ്ച്. ക്ലാസ് ടീച്ചര്‍ മാര്‍ താഴെ പറയും പ്രകാരം.

ഒന്നാം ക്ലാസ് - അമ്മുക്കുട്ടിയമ്മ സാര്‍ (അവര്‍ തന്ന്നെ ഹെഡ്മിസ്ട്രസ്സും).
രണ്ടാം ക്ലാസ് - ഓമനയമ്മ സാര്‍
മൂന്നാം ക്ലാസ് - കാര്‍ത്ത്യായനിയമ്മ സാര്‍
നാലാം ക്ലാസ് - സരസ്വതിയമ്മ സാര്‍
ഇവരെ കൂടാതെ സ്കൂളിലെ ഏക ആണ്‍ സാറായി വാസുദേവനാശാരി സാറും ഉണ്ടായിരുന്നു. അദ്ദേഹത്തെ ചില കുട്ടികള്‍ “ആശാരിയമ്മ സാര്‍” എന്നു വിളിച്ചിരുന്നു!
ആണായതു കൊണ്ടോ എന്തോ അദ്ദേഹത്തിന് ക്ലാസ് ടീച്ചര്‍ സ്ഥാനം ഉണ്ടായിരുന്നില്ല. ക്ലാസ് ടീച്ചര്‍ എന്ന പദം അന്നു ഞങ്ങള്‍ കേട്ടിട്ടു കൂടിയില്ല. ഒന്നാം ക്ലാസിലെ സാര്‍, രണ്ടാം ക്ലാസിലെ സാര്‍ എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അധ്യാപികമാരെ പെണ്‍ സാര്‍ എന്നും അധ്യാപകരെ ആണ്‍ സാര്‍ എന്നുമാണ് അന്നും ഈയടുത്ത കാലം വരെയും കുട്ടികള്‍ വിളിച്ചിരുന്നത്. 1975 മുതല്‍ നാലു വര്‍ഷക്കാലമായിരുന്നു ഞാന്‍ അവിടെ പഠിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ അമ്മുക്കുട്ടിയമ്മ സാര്‍ എന്ന പേര്‍ കേട്ടാല്‍ തന്നെ മൂത്രമൊഴിച്ചു പോകുന്ന കാലമായിരുന്നു അത്. പുരുഷന്മാരുടെ പോലെയുള്ള ശബ്ദവും വലിയ തടിച്ച ശരീരവും കട്ടിക്കണ്ണടയും ഒക്കെയായി ഞങ്ങളുടെ ശ്വാസഗതി പോലും നിയന്ത്രിച്ചിരുന്നു സാര്‍!

ഒന്നാം ക്ലാസില്‍ ചേര്‍ന്ന ആദ്യ ദിനം ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. (അഡ്മിഷന് അച്ഛനാണ് സ്കൂളില്‍ കൊണ്ടുപോയതെങ്കിലും ക്ളാസ് തുടങ്ങിയത് വേറൊരു ദിവസമായിരുന്നു.)വീട്ടില്‍ നിന്നും ഒരു പെട്ടിയും പിടിച്ച്, പുക്കാര്‍, പുലുമാല്‍, അമ്പിളി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു യാത്ര. സ്കൂളിലെത്തിയപ്പോള്‍ മുതല്‍ അമ്പിളി എനിക്ക് നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. എന്നെക്കാള്‍ ആറു മാസം മൂത്തവളാണ് അമ്പിളി. അവളോടൊപ്പം വേണം എങ്ങോട്ടും പോകാന്‍ എന്നാണ് വീട്ടില്‍ നിന്നും കല്‍പ്പന. ക്ലാസ്തുടങ്ങാറായപ്പോള്‍ അമ്പിളി എന്നെ അവളിരുന്ന ബഞ്ചില്‍ പിടിച്ചിരുത്തി!

അമ്മുക്കുട്ടിയമ്മ സാര്‍ വന്നു ഹാജര്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ പിടി കൂടി.
“ഡാ..! പെമ്പിള്ളേരുടെ കൂടാണോ ആമ്പിള്ളേരിരിക്കുന്നത്? ദാ ഇവിടെ വാ!” മുന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ശ്വാസം പോലും വിടാതെ എന്റെ പുത്തന്‍ പെട്ടിയുമെടുത്ത് ഞാന്‍ മുന്‍ ബെഞ്ചില്‍ വന്നിരുന്നു. (അന്നൊന്നും സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല.. ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.പലരുടെയും കയ്യില്‍ മഷിത്തണ്ടും - വെറ്റമഷി, വെറ്റിലമഷി എന്നൊക്കെ നാടന്‍ ഭാഷ - ഉണ്ടാകും)

അങ്ങനെ ഞാന്‍ ഒന്നാം ക്ലാസില്‍ ചെരുമ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു നമ്മുടെ പൂക്കാലന്‍! ഞാന്‍ നാലാം ക്ലാസിലായപ്പോള്‍ അദ്ദേഹം നാലാം ക്ലാസില്‍ തേഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്. മൂന്നു വര്‍ഷം തുടര്‍ച്ചയായി നാലാം ക്ലാസില്‍ പഠിക്കുന്ന ആ മഹാനുഭാവന് ‘മൂവാണ്ടന്‍’ എന്ന പേരിട്ടത് ആശാരിയമ്മ സാര്‍ ആണെന്ന് എനിക്കു പറഞ്ഞ് തന്നത് പുലുമാല്‍ ആണ്.
സ്കൂളില്‍ സാധാരണകുട്ടികളുടെ മുന്നില്‍ ഒരു ചെറുഹീറോ ആയിരുന്നു ശശി. നല്ല ഉയരം അന്നേ ഉണ്ട്. ഓട്ടം, ചാട്ടം, കബഡികളി ഇവയില്‍ കേമന്‍. ഉച്ചയ്ക്ക് ഉപ്പുമാവുണ്ടാക്കുകയും, ക്ലാസ് തീരുമ്പോള്‍ മണിയടിക്കുകയും ഒക്കെ ചെയ്തിരുന്ന ജാനകിയമ്മയുടെ പ്രധാന സഹായി എന്നീ നിലകളില്‍ വിഹരിക്കുന്നവന്‍! വഴിയോരങ്ങളിലെ പറങ്കിമാവുകള്‍ കൊള്ളയടിച്ചു കിട്ടുന്ന പൈസയ്ക്ക് “ഡബ്ബര്‍ മുട്ടായി” യും കോലൈസും വാങ്ങി തിന്ന് ഞങ്ങളെ കൊതിപ്പിക്കുന്നവന്‍!
എല്ലാ ഒക്ടോബര്‍ മാസം വരുമ്പോഴും ഒരാഴ്ച സേവനവാരം ഉണ്ടാവും സ്കൂളില്‍. അപ്പോള്‍ പരിസരം വൃത്തിയാക്കുന്നവരില്‍ മുന്‍ പന്തിയിലുണ്ടാവും ശശി. ആണ്ടിലൊരിക്കല്‍ ഹെഡ് മിസ്ട്രസിന്റെ മുറിയിലെ ഒരു മീറ്റര്‍ നീളമുള്ള സ്കെയില്‍ ഉപയോഗിച്ച് സ്കൂള്‍ കോമ്പൌണ്ടിന്റെ നീളവും വീതിയും അളക്കുന്നതും ശശി തന്നെ. പക്ഷേ ആശാരി സാര്‍ കൂടെക്കാണും. സ്കെയില്‍ വച്ചു വച്ച്ചു പോവുകയേ ഉള്ളു ശശി. എണ്ണം ശരിയാകണമെങ്കില്‍ സാര്‍ എണ്ണിക്കോളണം!

ശശിയുടെ ഭാഷാപരിജ്ഞാനം വളരെ പ്രശസ്തമായിരുന്നു. ആദ്യം അതെനിക്ക് ബോധ്യപ്പെട്ടത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് സ്കൂളിലെ ഏക ഗായകനാണ് തോമസ് ഈപ്പന്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥി. ശശിയുടെ സഹപാഠി. സ്കൂള്‍ വാര്‍ഷികത്തിന്റെ ദിവസം തോമസ് ഈപ്പന്‍ ഒരു പാട്ടു പാടി. അതു തീര്‍ന്നപ്പോഴേക്കും ശശി വിളിച്ചു പറഞ്ഞു “ ഡാ ഈപ്പാ.... ആ പാട്ടപ്ലെയ്നിന്റെ പാട്ടു പാടെടാ..!!”

തോമസ് ഈപ്പന്‍ യാതൊരു ആശങ്കയുമില്ലാതെ പാട്ടു തുടങ്ങി.
“വന്നാട്ടേ ഓ മൈ ഡിയര്‍ ബട്ടര്‍ ഫ്ലൈ....!”
ജയച്ചന്ദ്രന്‍ പാടിയ അന്നത്തെ ഒരു ഹിറ്റ് ഗാനമാണ്!
തോമസ് ഈപ്പന്റെ ‘ശശിഭാഷാവിജ്ഞാനം’ എനിക്കില്ലാഞ്ഞതുകൊണ്ട് എന്റെ വായ് പിളര്‍ന്നു തന്നെ ഇരുന്നു!
പാട്ടപ്ലെയിന്‍ എന്നത് ബട്ടര്‍ ഫ്ലൈ ആയി കാതിലേക്കൊഴുകി.
പിന്നീടൊരു വെള്ളിയാഴ്ച്ച സ്കൂളിനു മുന്നിലൂടെ ഏവൂര്‍ ജയാ ടാക്കീസിലെ പുതിയ സിനിമയുടെ പരസ്യം വിളംബരം ചെയ്തു കൊണ്ട് ഒരു ഉന്തുവണ്ടിയും ചെണ്ടക്കാരനും പോകുമ്പോഴായിരുന്നു ശശിയുടെ ഭാഷാജ്ഞാനം വീണ്ടും എനിക്കു വെളിപ്പെട്ടത്. കുട്ടികള്‍ക്കായി വാരി വിതറിയ സിനിമാനോട്ടീസുകളിലൊന്ന് എടുത്ത് വായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു “കം ദിസീസെ കം നഹീ....!!”
ഞങ്ങള്‍ ചെറു കുട്ടികള്‍ അമ്പരന്നു നിന്നു.
come this is a come nahi !!
“ഹിന്ദി സില്‍മയാ..! അരിപ്പാട്ട് (ഹരിപ്പാട്ട്) ഉത്സവത്തിനു പോയപ്പ ഞാം കണ്ടതാ!”
ശശിയുടെ വക ക്ലാരിഫിക്കേഷന്‍!
ആ സിനിമയുടെ പേരു മനസ്സിലാക്കാന്‍ ഞാന്‍ കോളേജില്‍ എത്തേണ്ടി വന്നു.

ഹം കിസീ സെ കം നഹീ!

ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന കഴിവുകളുടെ കലവറയായ ശശി മഹാശയന്‍ എന്നാണ് നാലാം ക്ലാസ് പാസായത് എന്ന് എനിക്കു വലിയ പിടിയില്ല. ഞാന്‍ അഞ്ചാം ക്ലാസില്‍ വേറെ സ്കൂളില്‍ ചേര്‍ന്നതാണ് കാരണം.
പിന്നെ എപ്പോഴോ അതിയാന്‍ പഠിത്തം നിര്‍ത്തി പല പണികള്‍ ചെയ്ത് മേജര്‍ ആവുകയാണുണ്ടായത്!

* * * * * * *

“പൂക്കാലന്‍ വന്നു പൂക്കാലന്‍...” ശശി സൈക്കിള്‍ ‘സ്റ്റാര്‍ട്ട്’ ചെയ്യുന്നതിന്റെ മ്യൂസിക് ആണ്!
ശശിയുടെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയപ്പോഴേക്കും രണ്ടു ചാക്കു സിമന്റുമായി ‘പൂക്കാലന്‍’ പോയിക്കഴിഞ്ഞിരുന്നു!

വാല്‍ക്കഷണം: രണ്ടു കൊല്ലം മുന്‍പ് കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആയിരുന്നപ്പോള്‍ ദശദിന ക്യാമ്പ് നടത്തിയത് മുതിയലം(കോറോം) എന്ന സ്ഥലത്തായിരുന്നു. കാടുപിടിച്ചു കിടന്ന റോഡരികുകള്‍ വൃത്തിയാക്കുകയായിരുന്നു കുട്ടികളും ഞാനും. ഒരു വീടിന്റെ വേലിയില്‍ നിറയെ പൂത്തു നിന്നിരുന്ന ഒരു ചെമ്പരത്തിയുണ്ടായിരുന്നത്, റോഡിലേക്കു വീണു കിടക്കുകയായിരുന്നെങ്കിലും ഞങ്ങള്‍ വെട്ടിക്കളഞ്ഞില്ല. അത്രയ്ക്കു ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്. വെയിലില്‍ തളര്‍ന്ന കുട്ടികള്‍ വിശ്രമിക്കുമ്പോഴാണ് ഒരു കാഴ്ചകണ്ടത്. സ്ഥലത്തെ ഒരു ഇടത്തരം നേതാവും, ഞങ്ങളുടെ സ്വാഗതസംഘം ഭാരവാഹിയുമായ ഒരു മാന്യദേഹം കുട്ടികള്‍ നിലത്തു വച്ചിരുന്ന ഒരു ‘കത്താള്‍’ എടുത്ത് ആഞ്ഞു വീശി നടക്കുകയാണ്! സകല വേലിത്തലപ്പുകളിലും അദ്ദേഹത്തിന്റെ വക ഒരു വെട്ടിനിരത്തല്‍! ഞാനും ഒപ്പം ഉണ്ടായിരുന്ന ഒരു സഹാധ്യാപകനും ആശങ്കയോടെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ പൂത്തു നിറഞ്ഞു നില്‍ക്കുന്ന ആ ചെമ്പരത്തിയ്ക്കടുത്തെത്തി ക്കഴിഞ്ഞു....നിഷ്കരുണം കത്താള്‍ തലങ്ങും വിലങ്ങും ചീറി...! പൂക്കമ്പുകള്‍ ഒന്നായി വെട്ടേറ്റു വീണു.... ഒടുവില്‍ അത് ശരിക്കും ഒരു കുറ്റിച്ചെടിയായി മാറി...
എന്റെ ഒരു സുഹൃത്തിന് അരിശം സഹിക്കാന്‍ വയ്യാതെ ചോദിച്ചു “ഇവനെയൊക്കെ എന്താണ് വിളിക്കേണ്ടത്!?”
ശാന്തനായി ഞാന്‍ പറഞ്ഞു “പൂക്കാലന്‍!!”
ഇവനല്ലേ യഥാര്‍ത്ഥ പൂക്കാലന്‍!
പാവം ശശി !

* * * * * * *

Friday, April 24, 2009

ബൂലോക കവികളെ ഇതിലേ ഇതിലേ.....

കവിത എന്ന് പറയുന്നത് മനസിന്റെ അന്തരാളങ്ങളില്‍ നിന്നും അതിര്‍ കവിഞ്ഞ് ഒഴുകുന്ന എന്തിന്റിയോ ബഹിര്‍സ്ഫുരണമാണെന്ന് പണ്ടേതോ കവി പറഞ്ഞതായി എവിടെയോ കേട്ടിട്ടുണ്ട്....എന്തായാലും ബൂലോകത്തെ കവികളാരും തന്നെ അങ്ങനെ പറഞ്ഞിട്ടില്ലാന്ന് ഉറപ്പുണ്ട്...

വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നതായിരിക്കുന്നു ബൂലോകത്തെ കവികളുടെ അവസ്ഥ....

കവിത എന്നാലെന്ത് എന്നതിനെക്കുറിച്ച് ചില ‘അല്പന്മാരുടെ‘ നിര്‍വചനങ്ങള്‍ ഇങ്ങനെയാണ്..

ഡോക്ടര്‍ ജോണ്‍സന്‍ പറയുന്നു- “ കവിത വൃത്തനിബദ്ധമായ രചനയാണ്”

മെക്കാളെ പറയുന്നു- “ കവിത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭാവനയില്‍ ഒരു സങ്കല്പ ദര്‍ശനം ഉളവാക്കുമാറ് വാക്കുകള്‍ ഉപയോഗിക്കുകയാണ്”

കാര്‍ലൈല്‍ പറയുന്നു- “കവിതയെ നാം സംഗീതാത്മകമായ ചിന്ത എന്നു വിളിക്കും“

ഷെല്ലി പറയുന്നു- “സാമാന്യമായ അര്‍ത്ഥത്തില്‍ കവിതയെ ഭാവനയുടെ ആവിഷ്കാരം എന്ന് നിര്‍വചിക്കാം”

ഹാസ്ലിറ്റ് പറയുന്നു- “അത് ഭാവനയുടെ തീവ്രവികാരങ്ങളുടെ ഭാഷയാണ്”

കോള്‍‌റിഡ്ജിജ് പറയുന്നു- “കവിത, ശാസ്ത്രത്തിനു നേരെ വിരുദ്ധമാണ്; അതിന്റെ ഉടനടിയുള്ള ലക്ഷ്യം ആനന്ദമാണ് സത്യമല്ല”

മാത്യു ആര്‍നോള്‍ഡ് പറയുന്നു- “മനുഷ്യന്റെ ഭാഷണത്തിനു പ്രാപ്യമായ ഏറ്റവും നിര്‍വൃതികരവും ഊനമറ്റതും ആയ രൂപം ആണ് അത്”

നിര്‍വചനങ്ങളുടെ ഈ പട്ടിക പേജുകള്‍ നീട്ടാവുന്നതാണ്. എന്നാല്‍ മുകളില്‍ ഉദ്ധരിച്ച ഉദാഹരണങ്ങള്‍, കവിതയുടെ ജൈവചേതനയെ, യുക്തിഭദ്രമായ സൂത്രവാക്യങ്ങളുടെ കാരിരുമ്പ് കൂട്ടില്‍ ഒതുക്കുവാനുള്ള ഏതു പരിശ്രമത്തിന്റേയും വന്‍‌പ്രയാസത്തെ സൂചിപ്പിക്കുവാന്‍ പര്യാപ്തമാവും എന്നതില്‍ തര്‍ക്കമില്ല.

നിര്‍വചനങ്ങള്‍ക്ക് അതീതമായി കവിത എന്ന തര്‍ക്ക വസ്തുവിന് ബൂലോകത്തില്‍ ഇപ്പോള്‍ മുമ്പെങ്ങും ഇല്ലാത്ത ഒരു പ്രാധാന്യം കൈവന്നിട്ടുണ്ട്.

വരിമുറിച്ച കവിതകള്‍, വരിഉടച്ച കവിതകള്‍.....എന്നിങ്ങനെ പോവുന്നു പുതിയ കവിതാ വകഭേദങ്ങള്‍...

വൃത്തമില്ലാതെ എഴുതിയാല്‍ എഴുതുന്നത് കവിത ആവില്ല എന്ന അഭിപ്രായക്കാരും ബൂലോകത്ത് ഉണ്ട്...

അമ്മയെത്തല്ലിയാലും രണ്ട് പക്ഷം എന്ന കണക്കെ ബൂലോകത്തും ഈ കവിതാ തര്‍ക്കത്തിനു പക്ഷം പിടിക്കാന്‍ ആളുണ്ടായി....

എങ്ങനെ കവിത എഴുതാം എന്ന് കവിതാ ബ്ലോഗനയീറിംഗില്‍ ക്ലാസ്സും നടന്നു വരുന്നു...

നിസാരപ്രശ്നങ്ങളെ പര്‍വ്വതീകരിച്ച് അനാരോഗ്യ ചര്‍ച്ചകള്‍ക്ക് വഴിവെയ്പ്പിക്കുന്ന ബുദ്ധിജീവികള്‍ ഈ നാലുവരികള്‍ വായിച്ചുട്ടുണ്ടാവുമോ?

“റാകി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടൂ
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു“


ബൂലോകത്തെ കവികളുടെ കാഴ്ച്ചപ്പാടില്‍ ഇത് കവിതയാണോ എന്ന് അറിയില്ല!

ഇതിനു വൃത്തമുണ്ടോ? ഉണ്ടാവാം...

പക്ഷെ എന്റെ പ്രിയപ്പെട്ട ബൂലോക കവികളെ ഒരു സംശയം...

എന്താ ഈ റാകി പറക്കല്‍?

ചെമ്പരുന്ത് റാകി പറക്കുന്നു എന്നത് കൊണ്ട് ഈ വരികള്‍ എഴുതിയ ആള്‍ എന്താ‍ണ് ഉദ്ദേശിച്ചത്?

ബൂലോക കവികളേ ‘റാകി പറക്കല്‍’ എന്നതിന്റെ അര്‍ത്ഥമെന്ത്?

വരൂ ആരോഗ്യകരമായ ചര്‍ച്ചയാവാം...

കവിത എന്ത് എങ്ങനെ എന്ന് കൂലങ്കുഷമായി ചിന്തിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന മഹാകവികള്‍ പറയൂ...

റാകി പറക്കല്‍ എന്നതിന്റെ അര്‍ത്ഥമെന്ത്?

Monday, April 13, 2009

Y2K - ഒരു ഓര്‍മ്മക്കുറിപ്പ്.

രണ്ടായിരാമാണ്ട് (AD 2000) എന്നത് ലോകം അവസാനിക്കുന്ന വര്‍ഷമാണെന്ന് ആദ്യം കേട്ടത് ചേപ്പാട് പി.എം.ഡി. യു.പി.എസ്സില്‍ പഠിക്കുന്നകാലത്തായിരുന്നു.

എന്റെ കൂട്ടുകാരന്‍ സജി മാത്യുവും അവന്റ്റെ മൂന്നു സഹോദരിമാരും അതുറച്ചു വിശ്വസിച്ചിരുന്നു. “കാലം തികഞ്ഞിരിക്കുന്നു; ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് അച്ചടിച്ച ഒരു നോട്ടീസ് അവര്‍ തരികയും ചെയ്തു.

അതൊക്കെ വായിച്ച് ഞാന്‍ വളരെ ഭയപ്പെട്ടിരുന്നു. കാരണം രണ്ടായിരാമാണ്ടില്‍ എനിക്ക് വെറും മുപ്പതു വയസ്സു മാത്രമേ തികയൂ. ലോകം അവസാനിക്കുമ്പോള്‍ എല്ലാ മനുഷ്യരും പക്ഷിമൃഗാദികളും ഒപ്പം ചത്തൊടുങ്ങും എന്ന് സജി മാത്യൂ ഉറപ്പായി പറഞ്ഞ സ്ഥിതിയ്ക്ക് ഞാന്‍ മാത്രമായി ജീവിച്ചിരിക്കില്ലല്ലോ!

കൂട്ടുകാരനായ ഹരികുമാറിനോട് സങ്കോചത്തോടെ ഞാന്‍ ഇതെപ്പറ്റിചോദിച്ചു. അവന്‍ തന്റെ കൂര്‍ത്ത കണ്ണുകള്‍ എന്റെ മേല്‍ പായിച്ചു പറഞ്ഞു “ശരിയാ... അവര്ടെ ബൈബിളില്‍ പറഞ്ഞിട്ടൊണ്ട് ലോകാവസാനം രണ്ടായിരാമാണ്ടില്‍ തന്നെയാണെന്ന്!”

എനിക്ക് ആധിയേറി. വീട്ടിലെത്തി. അച്ഛന്‍ വന്നയുടന്‍ ഞാന്‍ പുതിയ വാര്‍ത്ത അറിയിച്ചു. അച്ഛാ... അറിഞ്ഞോ...? ലോകം അവസാനിക്കാന്‍ പോവ്വാ...! രണ്ടായിരാമാണ്ടില്‍ തീരും എല്ലാം!”

അച്ഛന്‍ ചോദിച്ചു “ ആരു പറഞ്ഞു നിന്നോടിത്?”

ഞാന്‍ സംഗതികളൊക്കെ പറഞ്ഞു. അച്ഛന്‍ ചിരിച്ചു. “ബൈബിളില്‍ അങ്ങനൊന്നും പറഞ്ഞിട്ടില്ലടാ മണ്ടാ!” എന്തോ ആലോചിച്ചു വീണ്ടും പറഞ്ഞു “പക്ഷേ ലോകം അത്ര നല്ല സ്ഥിതിയിലൊന്നുമാകാന്‍ വഴിയില്ല അന്ന്...!”

ബൈബിളില്‍ അങ്ങനെ പറഞ്ഞിട്ടൊന്നുമില്ല എന്ന അറിവ് എനിക്കാശ്വാസമായി. മണ്ടന്‍ ഹരികുമാറിനോട് ഇത് ആരു പറഞ്ഞൊ എന്തൊ!

ഹൈസ്കൂളില്‍ പഠിക്കുന്നക്കാലത്തും കേട്ടിരുന്നു ഇങ്ങനെയൊരു കിംവദന്തി. കാലം കടന്നു പോകെ എ.ഡി.2000 ത്തെക്കുറിച്ച് ഞാന്‍ മറന്നു.പ്രീഡിഗ്രി, ബി.എ.എം.എസ്, എം.ഡി... അങ്ങനെ പഠനം എന്നെ ഒരു വഴിക്കാക്കി. 1999 ല്‍ എം.ഡി പഠനം പൂര്‍ത്തിയാക്കി.

അപ്പോഴാണ് ലോകം മുഴുവന്‍ നടുക്കിക്കൊണ്ട് പുതിയ ഒരു പ്രശ്നം പൊന്തി വന്നത്. അതായിരുന്നു Y2K Problem. 2000 ആം ആണ്ടാകുന്നതോടെ ലോകമാസകലമുള്ള കമ്പ്യൂട്ടറുകള്‍ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നും ടെലിഫോണ്‍ ബൂത്തുകള്‍ മുതല്‍ ആണവറിയാക്ടറുകള്‍ വരെ കുഴപ്പത്തിലാകുമെന്നും, വിമാനസര്‍വീസുകള്‍ നിലയ്ക്കുമെന്നും മറ്റുമുള്ള ഭീതി എല്ലായിടത്തും പരന്നു. ആകാശവാണി ലോകാവസാനം തീമാക്കി ഒരു നാടകം സം പ്രേഷണംചെയ്തു.... ഹോ എന്തൊരു പുകിലായിരുന്നു!

സജി മാത്യുവും അവന്റെ മാലാഖമാരെപ്പോലെയുള്ള സഹോദരിമാരും പതിറ്റാണ്ടുകള്‍ക്കു ശേഷം, എന്റെ ഒരു നിശാസ്വപ്നത്തില്‍ പറന്നു വന്നു. സംഗതി സത്യമാകാന്‍ പോകുകയാണോ!

എനിക്കാണെങ്കില്‍ ഡബിള്‍ ടെന്‍ഷന്‍!

ഒന്നാമത് ജീവിതത്തില്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. രണ്ടാമത് വയസ്സ് 29!

കല്യാണം കഴിക്കണം എന്ന ചിന്ത എന്റെ മനസ്സിലും, എന്നെ കെട്ടിക്കണം എന്ന ചിന്ത എന്റെ 27 വയസ്സുള്ള ഇരട്ട അനിയന്മാരിലും ഒരേ സമയം അങ്കുരിച്ചു.

എനിക്ക് എന്നോടുള്ള സ്നേഹം നിങ്ങള്‍ക്കു മനസ്സിലാകും. എന്നാല്‍ എന്റെ ഹൃദയശൂന്യന്മാരായ അനിയന്മാര്‍ എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത് എന്നു തോന്നിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി!

അവന്മാര്‍ക്ക് ഹൃദയം ഉണ്ടായിട്ടുവേണ്ടേ എന്നെ സ്നേഹിക്കാന്‍!

ദ്രോഹികള്‍ രണ്ടും വിശാലമനസ്കന്മാരായതുകൊണ്ട് തങ്ങളുടെ ഹൃദയങ്ങള്‍ രണ്ടു സുന്ദരിമാര്‍ക്ക് ദാനം ചെയ്തു കഴിഞ്ഞിരുന്നു!!

ആ പെണ്‍കുട്ടികള്‍ക്കാവട്ടെ വിവാഹാലോചനകള്‍ വന്നുകൊണ്ടുമിരിക്കുന്നു. കണ്ണനും കിണ്ണനും ടെന്‍ഷന്‍!

മൂന്നു സഹോദരന്മാര്‍ക്ക് ഒരേസമയം ടെന്‍ഷന്‍ വന്നാല്‍ എന്തു സംഭവിക്കും!?

തലച്ചോറുകള്‍ പുകഞ്ഞു.... കണ്ണകിണ്‍ന്മാര്‍ ഒരു ദിവസം രാത്രി ഭക്ഷണസമയത്ത് വിഷയം അവതരിപ്പിച്ചു.

അമ്മയോടാണ് സംസാരം. ഏറ്റവും ഇളയ അനിയന്‍ എറണാകുളത്തു പോയിരിക്കുകയാണ്. വീട്ടിലെത്തിയിട്ടില്ല.

“ജയണ്ണന് അടുത്ത ഏപ്രിലില്‍ വയസ്സ് മുപ്പതാകും....” കണ്ണന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

അമ്മ മൂളി “ ഉം.... അതിന്...?”

“അല്ല ...മുപ്പതൊക്കെയായാല്‍ പിന്നെ പെമ്പിള്ളാരെ കിട്ടാന്‍ അത്ര എളുപ്പമാണോ...?”

“ആവോ...” അമ്മയൂടെ നിസ്സംഗമായ മറുപടി.

നാലാണ്മക്കളുള്ള, ഏകദേശം മെന്‍സ് ഹോസ്റ്റല്‍ പോലെയുള്ള വീട്ടിലെ ‘വാര്‍ഡന്‍’ ആയ അമ്മയുണ്ടോ കുലുങ്ങുന്നു!

കല്യാണം ഒരു മുപ്പത്തിരണ്ടു വയസ്സിനുള്ളിലായാലും മതി എന്നായിരുന്നു അമ്മയുടെ ചിന്താഗതി. അച്ഛനും, കൊച്ചച്ഛനും ഒക്കെ വിവാഹിതരായത് ആ പ്രായത്തിലാണ്.

“നമക്ക് പേപ്പറില്‍ കൊടുക്കാം...” കിണ്ണന്‍!

“ഉം... കൊടുത്തോ..” അമ്മ പറഞ്ഞു.

അനിയന്മാര്‍ രണ്ടുപേരും ഉത്സാഹത്തിലായി. ഊണു കഴിഞ്ഞ് അവര്‍ പദ്ധതി വിവരിച്ചു. നമുക്ക് മാട്രിമോണിയല്‍ പരസ്യം കൊടുക്കാം. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ എഡിഷനുകളില്‍ കൊടുത്താല്‍ മതി. ജയണ്ണന് തിരുവനന്തപുരത്ത് നല്ല പരിചയമല്ലേ. പത്രമോഫീസുകള്‍ ഒക്കെ പരിചയമുണ്ടല്ലോ...

അങ്ങനെ വിറയാർന്ന കരങ്ങളോടെ ഞാൻ തന്നെ എന്റെ വിവാഹപരസ്യം കൊടുത്തു! എന്റെ വിറ കണ്ട് മാട്രിമോണിയൽ സെക്ഷനിലിരുന്ന പെൺകുട്ടിക്കു ചിരി വന്നു.

“ആദ്യായിട്ട് പരസ്യം കൊടുക്കുന്നതു കൊണ്ടാ...” ജാള്യതയോടെ ഞാൻ മൊഴിഞ്ഞു.

അന്ന് കർണാടകയിലായിരുന്നു ജോലി ചെയ്തിരുന്നത്. അതു കൊണ്ട് പരസ്യം കൊടുത്ത ശേഷം ആകുലകുമാരനായി ജോലിസ്ഥലത്തേക്കു മടങ്ങി.

രണ്ടാഴ്ചയ്ക്കുള്ളില്‍ നാല്‍പ്പത്തഞ്ചൊ നാ‍ല്‍പ്പത്തെട്ടോ പ്രപ്പോസലുകള്‍ കിട്ടി. കണ്ണനും അമ്മയും കൂടിയിരുന്ന് പ്രപ്പോസലുകള്‍ വിശദമായി പരിശോധിച്ചു. ഏറ്റവും ജാതകപ്പൊരുത്തം ഉള്ളത് തെരഞ്ഞെടുക്കാന്‍ എല്ലാം കൂടി കുടുംബജ്യോത്സ്യന്‍ കൊച്ചുകണിയാരെ ഏല്‍പ്പിച്ചു. അതിയാന്‍ അതില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുത്തു. വിവരം എന്നെ അറിയിച്ചു.

ജാതകം നോക്കാതെയാണ് അച്ഛനുമമ്മയും വിവാഹിതരായത്. എന്നാല്‍ അച്ഛന്റെ അകാലത്തിലുണ്ടായ വേര്‍പാട് അമ്മയെ ജ്യോതിഷത്തിലേക്ക് അമിതമായി ആകര്‍ഷിച്ചിരിക്കുന്നു എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.

കണ്ണകിണ്ണന്മാര്‍ക്ക് ജാതകം നോക്കി വിവാഹം കഴിക്കാനാവില്ല.പെണ്‍കുട്ടികളുടെ നാളുകള്‍ ചേരില്ല എന്ന് രണ്ടാള്‍ക്കും അറിയാം. (അതൊക്കെ അവന്മാർ എന്നേ നോക്കിയിരിക്കുന്നു!)

ഏറ്റവും ഇളയ അനിയന് ജാതകം, വിശ്വാസങ്ങള്‍ എന്നിവയിലൊന്നും വലിയ താല്‍പ്പര്യവുമില്ല. ഈ സ്ഥിതിയില്‍ മൂത്ത പുത്രൻ എന്ന നിലയിൽ, അമ്മയുടെ ആഗ്രഹപ്രകാരം ജാതകം നോക്കിത്തന്നെ കല്യാണം കഴിക്കാം എന്ന് ഞാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.

നാട്ടിലെത്തി. രണ്ടു ദിവസങ്ങള്‍ കൊണ്ട് ജാതകം മാത്രം പൊരുത്തമുള്ള അഞ്ച് പെണ്‍കുട്ടികളെ കണ്ടു. ഒന്നും ശരിയായില്ല! എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍.

അങ്ങനെ പെണ്ണുകാണല്‍ മടുത്ത്, കര്‍ണാടകത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ബസ്സ്. അന്നു രാവിലെ അച്ഛന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയും ഭര്‍ത്താവും വീട്ടിലേക്കു വന്നു. ദാമോദരന്‍ സാറിന്റെ മൂത്തമകന് ഒരു വിവാഹാലോചനയുമായാണ് വരവ്.

“ഇന്നുച്ചയ്ക്ക് കര്‍ണാടകത്തിലേക്കു മടങ്ങുകയാണ്..” ഞാന്‍ പറഞ്ഞു.

“അതിനെന്താ.... ഒന്നു കണ്ടിട്ടുപോകാന്‍ രണ്ടു മണിക്കൂറല്ലേ വേണ്ടൂ? ”

വന്ന സ്ത്രീ അമ്മയുടെയും പരിചയക്കാരിയാണ്. സ്ഥിരം ഒരേ ബസ്സിൽ യാത്രചെയ്യുന്നവർ.

അമ്മ സമ്മതിച്ചു. പെട്ടെന്ന് തയ്യാറായി പുറപ്പെട്ടു. അഞ്ച് പെണ്ണുകാണലുകള്‍ എന്നെ ധൈര്യശാലിയാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്ണുകാണല്‍ നടന്നു. എന്നാല്‍ ഇനി അവര്‍ സംസാരിക്കട്ടെ എന്നാരോ പറഞ്ഞു.

എല്ലാവരും പൂമുഖത്തേക്കു മാറി. ഞാൻ ധൈര്യമായി അവളുടെ മുഖത്തേക്കു നോക്കി.ഒരു സാധാരണകുട്ടി.

പക്ഷെ ഭയങ്കര കത്തി! പിന്നെ അര മണിക്കൂര്‍ ആര് ആരെ തോല്‍പ്പിച്ചു എന്നു പറയാന്‍ പറ്റാത്തത്ര കിടിലന്‍ കത്തി!

ഞങ്ങൾ അകത്തെ മുറിയിലും, മറ്റെല്ലാവരും പുറത്തും.

രണ്ടാളുടെയും ബന്ധുക്കള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടു.

കുട്ടികള്‍ സംസാരിച്ചു തകര്‍ക്കുകയല്ലേ!

അര മണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങളുടെ സംസാരം തീരുന്നില്ലെന്നു കണ്ടപ്പോൾ എന്റെ കുഞ്ഞമ്മ അകത്തേക്കു വന്നു.പെണ്‍കുട്ടിയോടു ചോദിച്ചു “ഞങ്ങടെ ചെറുക്കനെ ഇഷ്ടപ്പെട്ടോ?”

അവള്‍ തലയാട്ടി!

ചടങ്ങു കഴിഞ്ഞു. ഉടന്‍ തന്നെ ഞാന്‍ കര്‍ണാടകത്തിലേക്കു പോയി. ഇരു വീടുകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു. സംഗതി ഏകദേശം തീരുമാനവുമായി! എനിക്കാണെങ്കില്‍ ആകെ കണ്‍ഫ്യൂഷന്‍... കാര്യം, കുറേ കത്തി വച്ചു എന്നതു ശരി തന്നെ.... പക്ഷേ ഞാന്‍ പറഞ്ഞ മിക്ക കാര്യങ്ങള്‍ക്കും കടകവിരുദ്ധമായാണ് അവള്‍ മറുപടി പറഞ്ഞത്. അടിച്ചുപിരിയുമോ....!

ഇതേ ആശങ്ക അവള്‍ക്കുമുണ്ടായിരുന്നു. കത്തിയൊക്കെ വച്ചെങ്കിലും, വന്ന ചെറുക്കന്റെ മുഖം അവള്‍ക്കങ്ങോട്ട് കൃത്യമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലത്രെ! രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഒരു കണ്ടുമുട്ടല്‍. സംഗതി വല്യ കുഴപ്പമൊന്നുമില്ല എന്ന് രണ്ടാള്‍ക്കും തോന്നി. അങ്ങനെ 2000 ഡിസംബറില്‍ കല്യാണനിശ്ചയം നടന്നു.

പിന്നെ എഴുത്തും കുത്തും! ദിവസം ഓരോ കത്തു വീതം!

പെണ്ണുകാണൽ ദിവസം ഞാൻ അവളുടെ എസ്.എസ്.എൽ.സി. മാർക്ക് ചോദിച്ചതെന്തിനാണെന്ന് അവൾക്കു ഭയങ്കര സംശയം!

നീട്ടി വളർത്തിയ എന്റെ മുടി വെട്ടിക്കളയാം എന്ന് ഞാൻ അവളുടെ അപ്പൂപ്പനു കൊടുത്ത വാക്കു പാലിക്കുമോ എന്ന് സംശയം!

പനി വന്നാൽ കഷായം കുടിപ്പിക്കുമോ എന്ന് സംശയം...!

കണ്ണകിണ്ണന്മാരെ  “അനിയാ...” എന്നു വിളിക്കണോ എന്നു സംശയം!
(അവന്മാർ അവളേക്കാൾ മൂന്നു വയസ് മൂത്തവരാ!)

അങ്ങനെ മൊത്തം മൂവായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്നേ പോയിന്റ് മൂന്ന് സംശയങ്ങൾ തീർത്തുകൊടുത്തപ്പോഴേക്കും മാസം ഏപ്രിൽ ആയി.പതിനാറാം തീയതി പറന്നെത്തി!

കല്യാണദിവസം പ്രതിശ്രുത അളിയന്‍ എന്നെ സ്വീകരിക്കുമ്പോള്‍ കൈകുലുക്കികൊണ്ടു പറഞ്ഞു “ മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ!!”

ഞാനൊന്നു നടുങ്ങി! ഇവന്‍ എന്തുദ്ദേശിച്ചാണിതു പറഞ്ഞത്!? വീണ്ടും വീണ്ടും കല്യാണ ദിനങ്ങള്‍ ഉണ്ടാ‍വട്ടെ എന്നോ!!?

എന്തായാലും തല എകദേശം ശൂന്യമാണ്. രാവിലെ മുതല്‍ വീഡിയോ മാമന്മാര്‍ പോസ് ചെയ്യിച്ച് ഒരു പരുവമാക്കി നിര്‍ത്തിയിരിക്കുകയാണ്. അതിഥികളെ നോക്കി ചിരിച്ചു ചിരിച്ച് വാ കഴച്ചു തുടങ്ങി. അളിയന്റെ “വിഷ്” നെക്കുറിച്ച് പിന്നെ ചിന്തിക്കാം.

താലികെട്ട്, സദ്യ, നവവധുവിന്റെ കരച്ചില്‍ എല്ലാം കഴിഞ്ഞു. വധുവിനെയും കൂട്ടി വീട്ടിലെത്തി.രാത്രി സങ്കോചത്തോടെയാണെങ്കിലും അളിയന്റെ ‘ആശംസ’യെക്കുറിച്ച് ഞാന്‍ ഭാര്യയോട് ചോദിച്ചു “അളിയന്‍ ഇംഗ്ലീഷില്‍ പിന്നോക്കമാണല്ലേ?”.

“അയ്യോ! ഇന്ന് ഏപ്രില്‍ പതിനാറല്ലേ? ചേട്ടന്റെ ബര്‍ത്ത് ഡേ ഇന്നല്ലേ!?”

ദൈവമേ! അതാണൊ സംഗതി! പിറന്നാള്‍ ആശംസയായിരുന്നോ!

ഞാന്‍ ജനിച്ചത് ഏപ്രില്‍ 16 നു തന്നെ. പക്ഷേ പൊതുവേ നാളുനോക്കിയായിരുന്നു അമ്മ ജന്മദിനം ആഘോഷിച്ചിരുന്നത്.. അതു തന്നെ നിലച്ചുപോയിട്ട് വര്‍ഷങ്ങളായതുകാരണം ഞാന്‍ എന്റെ ജന്മദിനം ഓര്‍ത്തുവയ്ക്കാറില്ലായിരുന്നു.

ജനിച്ച ദിവസം തന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു എന്നത് ഒരു യാദൃച്ഛികതയാണ്.

അതുപോലെ തന്നെയാണ് എന്റെ അമ്മയുടെയും ഭാര്യയുടെയും പേരുകള്‍. രണ്ടും ഒന്നു തന്നെ - ലക്ഷ്മി!

ഇത്തരം യാദൃച്ഛികതകള്‍ പലതുമുണ്ടായി പിന്നീട് ജീവിതത്തില്‍.

എന്തായാലും സജി മാത്യു പറഞ്ഞതൊന്നും സംഭവിച്ചില്ലെങ്കിലും രണ്ടായിരാമാണ്ടില്‍ എന്റെ അതു വരെയുള്ള ലോകം അവസാനിച്ചു! സ്വര്‍ഗരാജ്യം സമീപിക്കുകയും ചെയ്തു!!

വാല്‍ക്കഷണം:

കല്യാണപ്പിറ്റേന്ന് ഞാനും ഭാര്യലക്ഷ്മിയും അമ്മലക്ഷ്മിയും അനിയന്മാരും കൂടിയിരിക്കുമ്പോള്‍ കണ്ണന്‍ കുറേ കത്തുകെട്ടുകള്‍ എടുത്തുകൊണ്ടുവന്നു.

“കണ്ടോ ചേച്ചീ..... ഞങ്ങടെ ചേട്ടനു വന്ന പ്രപ്പോസല്‍സ്....!”

ലക്ഷ്മിയ്ക്ക് ഒരു ക്യൂരിയോസിറ്റി. അവള്‍ അതൊക്കെ വാങ്ങി വിശദമായി പരിശോധിച്ചു.

അല്പനിമിഷങ്ങള്‍ക്കുള്ളില്‍ “അയ്യോ..! ദേ...!” എന്നൊരു വിളി ലക്ഷ്മിയില്‍ നിന്നുയര്‍ന്നു.

“എന്തു പറ്റി?” അമ്മയും, ഞാനും അനിയന്മാരും ഞെട്ടി!

ആറില്‍ താഴെപൊരുത്തമുള്ള പ്രപ്പോസലുകള്‍ ആരാണെന്നുപോലും നോക്കാതെ അമ്മ മാറ്റി വച്ചതായിരുന്നു. അതിലൊന്നില്‍ ലക്ഷ്മിയുടെ അച്ഛന്‍ അയച്ച പ്രപ്പോസലും പെട്ടിരുന്നു!

തലയില്‍ വരച്ചതു മാറ്റാന്‍ അമ്മയ്ക്കും കഴിഞ്ഞില്ല, ജ്യോത്സ്യനും കഴിഞ്ഞില്ല! അവള്‍ എനിക്കുള്ളതും ഞാന്‍ അവള്‍ക്കുള്ളതും തന്നെ!!!

Saturday, April 11, 2009

എന്റെ മകളുടെ വിവാഹത്തിന്‌ വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്‌...

''രാമായണത്തിലെ സീത സ്വയംവരത്തിലൂടെയല്ലേ വരനെ കണ്ടെത്തിയത്‌? പിന്നെ എനിക്കെന്തുകൊണ്ട്‌ ആയിക്കൂടാ? -ചോദിക്കുന്നത്‌ മറ്റാരുമല്ല, രാഖിയാണ്‌, ബോളിവുഡിലെ സെക്‌സ്‌ബോംബ്‌ രാഖി സാവന്ത്‌. (ചെചെച്ചെയ്‌... തട്ടിയാലും മുട്ടിയാലും പൊട്ടണ സാധനങ്ങളുടെ പേരിട്ട്‌ പെണ്ണുങ്ങളെ വിളിക്കണത്‌ നിങ്ങള്‍ പുരുഷന്മാരുെട സ്റ്റുപിഡ്‌ കോംപ്ലക്‌സല്ലേ മാഷെ എന്നാരെങ്കിലും ചോദിച്ചാല്‍ സംഗതി സത്യമാണ്‌. എന്നാലും മിസ്‌. സാവന്തിന്റെ പെര്‍ഫോമന്‍സ്‌ വച്ച്‌ നോക്കുമ്പോ ഒരു ഗ്രനേഡ്‌ എന്നെങ്കിലും വിളിക്കാന്‍ നിങ്ങളെന്നെ അനുവദിക്കണം. മൂപ്പത്തിയുടെ മൂപ്പെത്തിയ പൂവമ്പന്‍ ചില്ലിയുടെ ചീള്‌ കൊണ്ട്‌ ചാരിത്രഭ്രംശം സംഭവിച്ച അവിവാഹിതരായ ചെറുപ്പക്കാരില്‍ ഒരാളെന്ന നിലക്കെങ്കിലും പ്ലീസ്‌....)

ക്ഷമിക്കണം ട്ടോ, കഥ പറഞ്ഞിരുന്ന്‌ പറയാന്‍ വന്ന കാര്യം വിട്ടു.. അപ്പോ നമ്മുടെ സാവന്ത്‌ കല്യാണത്തിനൊരുങ്ങുന്നു എന്നതാണ്‌ വാര്‍ത്ത. അതിലെന്താപ്പോ വാര്‍ത്ത... ആരൊക്കെ ഇത്‌ ചെയ്‌തിരിക്കണു.. ല്ലേ.. ? എന്നാ സംഗതി വേറെയാണ്‌. രാഖി ഒരുങ്ങുന്നത്‌, സ്വയം വരത്തിനാണ്‌. അതും എന്‍ ഡി ടി വി ഇമാജിന്‍ ചാനലില്‍ ലൈവ്‌ റിയാലിറ്റി ഷോയിലൂടെ ഒരു സൊയമ്പന്‍ സ്വയം വരം. റിയാലിറ്റി ഷോയാകുമ്പോ സംഗതി കിടുങ്ങും. നമ്മടെ നാട്ടിലാവുമ്പോ പരമാവധി ഒരു ഫ്‌ളാറ്റ്‌, അല്ലെങ്കിലൊരു വണ്ടി.... ഇതാവുമ്പോ.. 15 പേരെയാണത്രെ രാഖി സ്വയംവരടെസ്റ്റില്‍ സംഗതി പരീക്ഷിക്കുന്നത്‌. ആരാധകരാണ്‌ രാഖിക്ക്‌ എല്ലാം. അപ്പോപ്പിന്നെ ആരാധകരാറിയാതെ ഒരു വിവാഹമോ? അതാണ്‌ ആരാധകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത്‌ ഒരു ലൈവ്‌ റിയാലിറ്റി വിവാഹമാകാം എന്ന്‌ നിരീച്ചത്‌. ആരാധകര്‌ എസ്‌ എം എസിലൂടെ തീരുമാനിക്കട്ടെ മുഹൂര്‍ത്തം.

പണ്ടൊരിക്കല്‍ പിറന്നാളാഘോഷത്തിനിടെ ബലമായി ചുംബിച്ച മില്‍ക്കയെന്ന പഞ്ചാബി ഗായകന്റെ കരണത്ത്‌ ബലമായി അടിച്ചുകൊണ്ടാണ്‌ രാഖി സാവന്ത്‌ വിവാദങ്ങളിലേക്കും അതുവഴി പ്രശസ്‌തിയിലേക്കും നടന്നുകയറിയത്‌. പിന്നെ ചില ഐറ്റം ഡാന്‍സുകളിലും പതിവു ഗോസിപ്പുകളിലും രാഖി സജീവമായി. ഇടയ്‌ക്കൊരിക്കല്‍ നര്‍ത്തകനടനായ അവാസ്‌തി അഭിഷേകുമായി ഒരു പ്രണയകഥയിലും സാവന്തിന്റെ പേരു കേട്ടിരുന്നു.. പിന്നെ തിരശ്ശീലയ്‌ക്കപ്പുറത്തെ പതിവു തിരക്കഥയിലൊന്നായി അതും മറഞ്ഞു.
ഇപ്പോ എന്തായാലും രാഖിക്ക്‌ കാര്യം മനസിലായി. വിവാഹത്തിന്‌ സമയമായി. എങ്കില്‍ ഒരു ചെയ്‌ഞ്ച്‌ ആയിക്കോട്ടേന്നു വച്ചു. ചാനല്‍ നല്‍കുന്ന കോടി സ്‌ത്രീധനത്തിനും ഉപയോഗിക്കാലോ, ഒരു ചേയ്‌ഞ്ചൊക്കെ ആര്‍ക്കാണ്‌ ഇഷ്ടമില്ലാത്തത്‌ അല്ലേ മാഷേ? ചില്ലറ ഡിമാന്റ്‌സ്‌ മാത്രമേയുള്ളൂ സാവന്തിന്‌. അതാണ്‌ സംഭവത്തില്‍ ക്ഷ പിടിച്ചത്‌. സ്‌നേഹിക്കാനറിയണം(നമുക്കതല്ലേ അറിയൂ), സ്‌തീകളെ ബഹുമാനിക്കണം(പിന്നേ എന്താ നമ്മുടെ ഒരു ബഹുമാനം) കൃത്യനിഷ്‌ഠ ഉള്ളവനായിരിക്കണം(അതു പിന്നെ പറയ്യേം വേണ്ട) അപ്പോ ഇത്രയും ഉള്ളോര്‍ക്ക്‌ സ്വയംവര മണ്ഡലത്തിലേക്ക്‌ സോറി, മണ്ഡപത്തിലേക്ക്‌ ചവിട്ടാം, വില്ല്‌ കുലയ്‌ക്കാനും കിളിയെ പിടിക്കാനും അറിഞ്ഞാ അറിഞ്ഞവര്‍ക്ക് കൊള്ളാം. സീതയ്‌ക്കാവാമെങ്കില്‍, ദ്രൗപതിക്ക്‌ ആവാമെങ്കില്‍ എന്തുകൊണ്ട്‌ രാഖിക്കായിക്കൂടാ? രാഖിക്കാവാമെങ്കില്‍ എന്തുകൊണ്ട്‌ നമുക്കായിക്കൂടാ?

ക്രിക്കറ്റ്‌ കളിക്കാരും ചാനല്‍, സിനിമാതാരങ്ങളും ജാതകം കുറിക്കുന്ന നമ്മുടെ നാട്ടില്‍ നാളത്തെ വിവാഹക്ഷണക്കത്തുകള്‍ ഇങ്ങനെ അച്ചടിച്ചേക്കാം.. പ്രിയരേ, എന്‍റെ മകള്‍--- വിവാഹിതയാകുന്നു. --- ചാനലില്‍ --ദിവസം--മണിക്കാണ്‌ പ്രോഗ്രാം. ശുഭമുഹൂര്‍ത്തത്തില്‍ കുടുംബസമേതം എസ്‌ എം എസ്‌ ചെയ്യുമല്ലോ, എന്‍റെ മകളുടെ വിവാഹത്തിന്‌ വോട്ടുചെയ്യേണ്ട ഫോര്‍മാറ്റ്‌ --- .എന്‍.ബി: എസ്‌ എം എസാവട്ടെ സമ്മാനം.

ആല്‍ത്തറ റിയാലിറ്റിയില്‍ എന്‍റെ ആദ്യത്തെ പെര്‍ഫോമന്‍സാണിത്‌. എന്‍റെ പെര്‍ഫോമന്‍സ്‌ അത്രയ്‌ക്കൊന്നും ഇഷ്ടപ്പെട്ടില്ല എന്നറിയാം. എങ്കിലും എനിക്ക്‌ വോട്ടു ചെയ്യണം. നിങ്ങള്‍ക്ക്‌ നന്ദി. എന്നെ ഈ പരിപാടിയിലേക്ക്‌ വിളിച്ച കാപ്പുവിനും മാണിക്യേച്ചിക്കും പ്രത്യേകം നന്ദി. അപ്പോ എനിക്ക്‌ എസ്‌ എം എസ്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌....

വാല്‍: ചാരിനില്‍ക്കാന്‍ ഒരു സീതയുണ്ടായതോണ്ട്‌ രാഖിസാവന്ത്‌ ഓകെ, വില്ലും കുലച്ചുവരുന്ന അഭിനവരാമനെ പ്രേക്ഷകരു കാക്കട്ടെ....ജയ്‌ ശ്രീരാം.

Monday, April 6, 2009

ഒരു ചോദ്യം അതിനൊരു മുഖവുര.....

മറുനാടന്‍ മലയാളി -

അതായിരുന്നു ചില ദശാബ്ദങ്ങല്‍ക്ക് മുന്‍പേ നാടു വിട്ട മലയാളിയുടെ ചെല്ലപ്പേര് ,
പിന്നെ അതു മാറി പ്രവാസിയായി.. പ്രവാസിയുടെ ചിത്രം മുക്കാലും ഗള്‍ഫ് മേഖലയില്‍ ഒതുങ്ങി.
കേരളം വിട്ട് മറ്റൊരു കേരളം മനസ്സിലും ചുറ്റും വരച്ചു തീര്‍ക്കാനായി പിന്നെ വാരന്ത്യങ്ങളിലെ തത്രപ്പാ‍ട്....
മലയാള സമാജങ്ങള്‍ പലപേരിലും എല്ലായിടവും നടത്തുകയും ഓണവും വിഷുവും കേരളപിറവിയും സദ്യയും നൃത്തവും പാട്ടുമായി മലയാളത്തെ ജീവിപ്പിക്കുകയും ചെയ്യുമ്പോള്‍ ഓര്‍മ്മകളില്‍ നാം കേരളത്തിലെത്തുകയാണ്.

കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി ലോകത്തിന്റെ നാനാ വശത്തുമായി പരക്കുകയാണ് മലയാളി, ഗള്‍ഫ്‌ മേഖലയില്‍ ജനിക്കുകയും വളരുകയും അവിടെ പഠിക്കുകയും ചെയ്യുമ്പോള്‍
നാട്ടിലേക്ക് തിരികെ പോകും എന്ന് ഒരു ചിന്ത വച്ചു പുലര്‍ത്തുന്നുണ്ട്, ഒരു കാലത്തിനു ശേഷം മിക്കകുട്ടികളും നാട്ടില്‍ വിദ്യാഭ്യാസം തുടരുന്നുമുണ്ട്, എന്നാല്‍ പൌരത്വം ലഭിക്കുന്ന അമേരിക്ക ഇംഗ്ലണ്ട് പോലുള്ളിടത്തു വളരുന്ന കുട്ടികള്‍ എന്നെങ്കിലും മലയാളം പഠിക്കുമോ?
‘മലയാലം‘ ഇഷ്ടപ്പെടുമോ?
ഇല്ലെന്നാണുത്തരമെങ്കില്‍ അതു കുട്ടികളുടെ മനോഭാവമൊ അതോ മാതാപിതാക്കളുടെ ചിന്താഗതിയോ? ഇതാണെന്റെ ഒരു ചോദ്യം
മറുനാടന്‍ മലയാളികള്‍ മക്കളെ മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കുമോ?
“ഓ ! മലയാലം ഇറ്റ്സ് ബോറിങ്ങ്............”.എന്നാനുത്തരമെങ്കില്‍ എന്താ ചെയ്ക?

നാട്ടിലെ പുത്തന്‍ തലമുറമലയാളികളും ഇംഗ്ലീഷ് മീഡിയവും ആംഗലേയ സാഹിത്യവും ആയി നിങ്ങുന്നു, അവയെ വാഴ്ത്തുന്നു...
മലയാളത്തിന്റെ മാധുര്യം നന്മ അത് കെട്ടു പോകാതെ അടുത്ത തലമുറയും കൊണ്ടു പോകാന്‍ ഇന്നത്തെ മാതാപിതാക്കള്‍ അല്ലങ്കില്‍ മുതിര്‍ന്നവര്‍ എന്തു ചെയ്യും എന്തു ചെയ്യാന്‍ സാധിക്കും?
ഒരു തുറന്ന ചര്‍ച്ച ഇവിടെ ആരംഭിക്കാം.

എല്ലാവരും അഭിപ്രായം പറയുവാന്‍ അഭ്യര്‍ത്ഥിക്കുന്നു...............

Saturday, April 4, 2009

ആശ്രമ കോളേജ്

പ്രിയപ്പെട്ട ആല്‍ത്തറയില്‍ നിവാസികളെ ,ആശ്രമ വാസികളെ , ബൂവാസികളെ ,




വളരെ നാളുകള്‍ക്ക് ശേഷമാണ് ആല്‍ത്തറയില്‍ ഇങ്ങനെ ഒരു പ്രസംഗം നടത്തുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചത് .ബൂലോക തിരഞ്ഞെടുപ്പ് വളരെ വാശിയായി നടക്കുന്ന ഈ സമയം മറ്റുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ തീരെ സമയം കിട്ടുന്നില്ല എന്ന കാര്യം അറിയിക്കട്ടെ . ശിവന്‍ നടത്തിയ കവിതാ മല്‍സരത്തില്‍ പങ്കെടുത്ത എല്ലാ ബൂവാസികള്‍ക്കും നന്ദി അറിയിക്കുന്നു .അതിന്റെ റിസള്‍ട്ട് ഉടനെ തന്നെ അറിയിക്കാം .
 
എനിക്ക് ആല്തറ ,ആശ്രമം ഇവക്കും അപ്പുറമായി ഈ കൂട്ടായ്മയെ കുറിച്ച് വളരെ വലിയൊരു സ്വപനമുണ്ട് .കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബൂലോകത്ത് ഷാപ്പന്നൂര്‍ എന്നൊരു ഗ്രാമവും ,അതിലെ നിവാസികളും ,ആശ്രമവും ,ഷാപ്പന്നൂര്‍ ഗ്രാമത്തില്‍ ഒരു ആല്‍ത്തറയും ,ഒരു പോലീസ് സ്റ്റേഷന്‍ ഇവ ഉണ്ടാക്കി എടുക്കുക എന്നത് നമ്മുടെ എല്ലാം കൂട്ടായ ശ്രമ ഫലമാണ്.നമ്മുടെ ശത്രു രാജ്യങ്ങള്‍ പോലും സമ്മതിക്കുന്ന ഒരു വസ്തുതയാണിത് .നാട്ടില്‍ പോലും ആല്‍ത്തറയും മറ്റും അപ്രത്യഷമാകുന്ന ഈ വേളയില്‍ ഈ ബൂലോകത്ത് നമുക്കിങ്ങനെ ഒരു പ്രസ്ഥാനം തികച്ചും ആശ്വാസമായിരിക്കും എന്നാണ് എന്‍റെ ഒരു വിശ്വാസം .
 
പുതിയ പുതിയ അംഗങ്ങള്‍ ആല്‍ത്തറയില്‍ ,ആശ്രമത്തില്‍ എല്ലാം വരുന്നുണ്ട് .അവരെ ഞാന്‍ ഈ സമയം സ്വാഗതം ചെയ്യട്ടെ . ഇനിയും അനേകര്‍ വരാന്‍ ഉണ്ട് .അവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു . നമ്മുടെ ഈ കൂട്ടത്തില്‍ ശാസ്ത്രജ്ഞര്‍ ,ഡോക്ടര്‍മാര്‍ ,എഞ്ചിനീയര്‍ ,പത്രലേഖകര്‍ , അധ്യാപകര്‍ തുടങ്ങി എന്നെപ്പോലെയുള്ള സാധാരണക്കാരന്‍ വരെ ഇവിടെയുണ്ട് .
 
വളരെ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ പറഞ്ഞതാണ് ആശ്രമം വകയായി ബൂലോകത്ത് ഒരു കോളേജ് സ്ഥാപിക്കുന്ന വിവരം . ആശ്രമം ,ആല്തറ എന്നിവയില്‍ നിന്നും വിഭിന്നമായി ആയിരിക്കും അതിന്റെ പ്രവര്‍ത്തനം .ബ്ലോഗ് ഒരു മാധ്യമം എന്ന നിലയില്‍ വളരെ സീരിയസ് ആയി മാത്രം അത് കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .വിജ്ഞാനപ്രദമായ കാര്യങ്ങള്‍ മാത്രമേ അതില്‍ ഉണ്ടാകുകയുള്ളൂ . ഞാന്‍ ബൂലോകര്‍ക്ക് മുന്‍പാകെ വെയ്ക്കുന്ന എന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് മാത്രമാണത് . നമുക്ക് നഷ്ടപ്പെട്ട ആ കോളേജ് അന്തരീക്ഷം തിരികെ കിട്ടുവാന്‍ ബൂലോകര്‍ക്കായി നമ്മള്‍ ഒരുക്കുന്ന ഒരു സംഭാവന .
 
കാപ്പൂ എക്സ്പ്രസ് തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് ആശ്രമത്തില്‍ തിരിച്ചെത്തിയാല്‍ ഉടനെ സ്ഥലത്തെ പ്രധാന ദിവ്യനെ കൊണ്ട് ഷാപ്പന്നൂരില്‍ സ്ഥലം കണ്ടെത്തി ,കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും . എല്ലാ ബൂലോകരും കോളേജിന് ഉചിതമായ ഒരു പേര്‍ നല്‍കണം എന്ന് ഈ സമയം അഭ്യര്‍ത്ഥിക്കുന്നു .




ജയഹോ