Saturday, December 26, 2009

നന്മ വരട്ടെ

അയല്പക്കത്തൊന്നും കളിക്കാൻ പോകാനോ ,കഥാപുസ്തകങ്ങളോടു കൂട്ടുകൂടാനോ അനുവാദമില്ലായിരുന്ന ആ പെൺകുട്ടിക്ക് സ്വന്തമായുണ്ടായിരുന്നത് പിൻ‌വശത്തെ ജാലകത്തിലൂടെ കിട്ടുന്ന ഇത്തിരി മഴക്കാഴ്ചകളും,സ്കൂളിലും കോളേജിലും പോകുന്ന വഴിക്കു കണ്ടിരുന്ന പതിവുകാഴ്ചകളും, അപൂർവ്വമായിമാത്രം പുറത്തുപോകുമ്പോൾ കിട്ടിയിരുന്ന അത്ഭുതക്കാഴ്ചകളും മാത്രമായിരുന്നു എന്നും .ജാലകം തരുന്ന ഇട്ടാവട്ടക്ക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുന്ന മനസ്സ് അതിന്റെയപ്പുറത്തെ മായക്കാഴ്ചകളിലേക്കൊന്നിറങ്ങിനോക്കും.നട്ടുച്ചക്കു പോലും വെയിലിനെ കടത്തിവിടാതിരിക്കാൻ മൂടൽമഞ്ഞിനെയോമനിച്ചു വളർത്തുന്ന കരിം‌പച്ച വൃക്ഷത്തലപ്പുകൾ മറച്ചുപിടിച്ചിരിക്കുന്ന സ്വർഗ്ഗത്തിലേക്കൊരിക്കൽ നീണ്ടവെള്ളുടുപ്പിന്റെ ഞൊറിവുകൾ വിടർത്തി പതിയെ നടന്നു പോകുമെന്ന് മനസ്സിലുറപ്പിക്കും.ആരുമറിയാതെ സംഘടിപ്പിച്ച് ഒളിപ്പിച്ചുവച്ച് വായിക്കുന്ന ചിത്രപുസ്തകങ്ങളിൽ നിന്നുമൊപ്പിയെടുക്കുന്ന സ്വപ്നങ്ങളിൽ മഞ്ചാടിമണികൾക്കും,അപ്പൂപ്പൻ‌താടിക്കും ഇല്ലാനിറങ്ങൾ നൽകിയോമനിക്കും.ഭ്രാന്തിപ്പെണ്ണെന്ന വിളിക്ക് പുല്ലുവിലകൽ‌പ്പിക്കും.

അക്ഷരങ്ങൾ മനസ്സിലും,സ്വപ്നത്തിലും കോറിയിട്ടതിനേക്കാൾ അനേകമായിരമിരട്ടി കാഴ്ചകളായിരുന്നു പ്രിയതമൻ കൈപിടിച്ചുകൊണ്ടുപോയ ആ നാട്ടിൽ.അനേകായിരം സൌരയൂധങ്ങളും,ഇന്ദ്രധനുസ്സുകളും നിലത്തിറങ്ങിക്കിടക്കുന്നെന്നു തോന്നി.അതാവാം ആ കൌമാരക്കാരി ജനിച്ചുവീണ മണ്ണിനേക്കാൾ ആ മണൽക്കാടിനെസ്നേഹിച്ചുപോയത്.
അവിടുത്തെ പുലരികൾക്ക് സന്ധ്യകൾക്ക്, മഞ്ഞിന് ,വെയിലിന്, കാറ്റിന് ,കടലിന് ,മാനത്തിന് എല്ലാമെല്ലാം പണ്ടവളുടെ സ്വപ്നങ്ങൾ കൽ‌പിച്ചുകൂട്ടിയ ഇല്ലാനിറങ്ങളും,ഭ്രമാത്മകങ്ങളായ ഛായക്കൂട്ടുകളുമുണ്ടായിരുന്നു.
ഞാൻ വർണ്ണം നൽകിയ അപ്പൂപ്പൻ താടികളും,മഞ്ചാടിമണികളും എല്ലായിടത്തും ചില്ലലമാരികളിൽ നിറഞ്ഞിരുന്ന് എന്നോട് കിന്നാരം പറയുന്നു.ഞാൻ വരച്ചിട്ട പൂക്കൾ വഴിനീളെ നിന്നു ചിരിക്കുന്നു.എല്ലാമെല്ലാം സ്വന്തമാക്കാൻ എനിക്കാകപ്പാടെ രണ്ടുകണ്ണുകളും,സ്വപ്നലോകത്തിന് ഇട്ടാവട്ടവുമല്ലേ ഉള്ളു എന്നുമാത്രമായിരുന്നു സങ്കടം.
വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോഴൊക്കെ നാടെനിക്ക് അന്യമാകുന്നത് പതിയെ തിരിച്ചറിഞ്ഞു.പണ്ടത്തെ ഭ്രാന്തിക്കുട്ടിയുടെ കാഴ്ചകളെ മറച്ചുപിടിച്ചിരുന്ന മരമുത്തശ്ശികൾ കൊലപ്പെട്ടപ്പോഴാണ് ഇപ്പുറത്തെന്നപോലെ അപ്പുറത്തുമവ കാത്തുസൂക്ഷിച്ചിരുന്നത് ശൂന്യതമാത്രമെന്ന് തിരിച്ചറിഞ്ഞത്.പിന്നെന്നോ വിവാഹിതരാകുന്ന പെൺകുട്ടികൾക്കും,പ്രവാസികൾക്കും അനിവാര്യമായ ആ വിധി തന്നെ എനിക്കും വന്നുപെട്ടു.ആ നാട്ടിൽനിന്നും എനിക്കെന്നേക്കുമായി പോരേണ്ടിവന്നു.

പിന്നെ പതിയെപ്പതിയെ മണൽക്കാഴ്ചകളുമൊന്നൊന്നായെനിക്കന്യം വന്നു.ഒറ്റജാലകത്തിനപ്പുറം ചായമടർന്ന മതിലും,പൂഴിനിറഞ്ഞ ഇടവഴിയും വല്ലപ്പോഴുമുള്ള ഒച്ചയനക്കങ്ങളും മാത്രമായവ ഒതുങ്ങിപ്പോയി.ശൂന്യത പതിയെയെന്നിൽ പടർത്തിക്കൊണ്ടിരിക്കുന്ന വിഷാദരോഗം എന്റെ കുഞ്ഞുങ്ങളിലേക്ക് പടരുമോ എന്നെന്നിലെയമ്മ വ്യാകുലപ്പെടാൻ തുടങ്ങി.
നാട്ടിലെ മഴയെയും പ്രകൃതിയെയും നാട്ടുവഴികളെയും ഞാൻ പ്രണയിച്ചുതുടങ്ങി.എന്റെ മക്കളുടെ ബാല്യത്തിൽ നിന്ന് മഴയിറുത്തുമാറ്റാൻ ഞങ്ങൾക്കവകാശമില്ലെന്ന് മനസ്സുപറഞ്ഞു.മനസ്സില്ലാമനസ്സോടെ പ്രിയനോടും മണൽ‌പ്പാടത്തോടും വിടപറഞ്ഞ് ഞാൻ പ്രവാസം അവസാനിപ്പിച്ചു.
ആവാൻ കഴിയാഞ്ഞതെല്ലാം മക്കളെ ആക്കുക എന്ന സ്വാർത്ഥത എല്ലാ മാതാപിതാക്കൾക്കുമെന്നപോലെ എനിക്കുമുണ്ട്.സ്വപ്നം കാണാനവർക്ക് ഒരുതടസ്സവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.എവിടെയെങ്കിലും വയൽക്കരയിലോ കുളക്കരയിലോ ആകാം വീടെന്ന് ഞാൻ പറഞ്ഞതിനു പുല്ലുവിലകിട്ടി.കൊള്ളാവുന്ന സ്ഥലത്തെ ഇപ്പോഴത്തെ “തറവില” അനുസരിച്ച് ഇടത്തരക്കാരായ ഞങ്ങൾക്ക് സ്വന്തമാക്കാനായത് വെറും പതിനഞ്ച് സെന്റ് ഭൂമി.തരിശുഭൂമിക്കു നടുവിൽ തലയുയർത്തി നിൽക്കുന്ന വീടുകണ്ട് നിരാശപ്പെടാൻ പോയില്ല.

മഴവീണുകുതിർന്ന മണ്ണിൽ അജ്ജിയുടെ പേരുചൊല്ലി ഇലഞ്ഞിയും,കണിക്കൊന്നയും വെൺചെമ്പകവും നട്ടു.ഓണത്തിനു പൂക്കളമൊരുക്കാൻ എന്റേം അടുത്ത വീട്ടിലേം ഉണ്ണികൾക്കു മുഴുവനും പൂകിട്ടാൻ നിലത്തും,മതിലിലും മുഴുവn തെച്ചിയും,മുല്ലയും,ജമന്തിയും,വാടാർമല്ലിയും,വാടാർമല്ലിയും,അരളിയും ,കുങ്കുമവും,ശംഖുപുഷ്പവും,കോളാമ്പിയും.നാലുമണിപ്പൂവും ,പവിഴമല്ലിയും,മഞ്ഞമന്ദാരവും,ഡാലിയയും,ഓർക്കിഡും പടർത്തി .(അടുത്ത ഓണത്തിന് ആൽത്തറയിൽ കളമിടാൻ പൂവപ്പിടി എന്റെ മുറ്റത്തുനിന്ന്.)അടുക്കളപ്പുറത്ത് പേരയും,ചാമ്പയും,വാഴയും.മാവും,റം‌പ്യൂട്ടാനും,അരിനെല്ലിയും,ലൂവിക്കയും,നാരകവും,മുരിങ്ങയും
തെങ്ങും,മങ്കോസ്റ്റിനും കൈകോർത്തു നിൽക്കുന്നുണ്ട്.കീഴാർനെല്ലിയും,ഉഴിഞ്ഞയും,തുളസിയും,കറുകയും,മുയൽച്ചെവിയും,മുക്കുറ്റിയും,നിലപ്പനയും,തഴുതാമയും,വെറ്റിലക്കൊടിയും,തുമ്പയും,ബ്രഹ്മിയും,കഞ്ഞുണ്ണിയും ഒപ്പം കൂട്ടിനുണ്ട്.നിറയെ പൂമ്പാറ്റകളും,അണ്ണാർക്കണ്ണന്മാരും,കിളികളുമുണ്ട്.

ഇതിനിടയിലെങ്ങോട്ടാണെന്റെ സ്വപ്നങ്ങളൊന്നോടെ പടിയിറങ്ങിപ്പോയത്?മനസ്സിലെ വർണ്ണങ്ങളപ്പാടെയടർന്നത്?
എന്തിനാണു ഞാനിന്നും പിടഞ്ഞുകൊണ്ടിരിക്കുന്നത്..

നുറുങ്ങുകളായി ചിതറിയ എന്റെയാത്മാവിന്റെയൊരു ശകലം ആ മണൽക്കാട്ടിലെയേതോ മുൾപ്പടർപ്പിലിന്നും അടർന്നുപോരാനാകാതെ കുരുങ്ങിക്കിടപ്പുണ്ടാകണം.മനുഷ്യനെന്നും അക്കരപ്പച്ചകൾ മാത്രമാണു സ്വന്തം അല്ലേ?

എല്ലാ ആൽത്തറനിവാസികൾക്കും പുതുവത്സരാശംസകൾ!ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ.പ്രളയങ്ങളുടെ,കൊടുങ്കാറ്റുകളുടെ,യുദ്ധങ്ങളുടെ,മതവർഗ്ഗീയ ലഹളകളുടെ,പട്ടിണിയുടെ,സ്ഫോടനങ്ങളുടെ മറ്റുദുരന്തങ്ങളുടെ ഒക്കെ ജീവിച്ചിരിക്കുന്ന ഇരകൾക്കായി പ്രാർത്ഥനയുടെ ഒരു തിരിനാളം.

Thursday, December 24, 2009

ദേവ ഗീതം

അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ആള്‍ത്താരയില്‍ ഞങ്ങള്‍ നിത്യം
നിന്‍ തിരു സന്നിധി പൂകാന്‍
വന്നു നമിക്കുന്നു നാഥാ..


ആശ്രയം നീയേ പിതാവേ
പാപങ്ങളൊക്കെയും നീക്കി
നന്മ നിറഞ്ഞവരാക്കി
ഞങ്ങള്‍ തന്നുള്ളം കഴുകാന്‍
നീയല്ലാതാരുണ്ട് രാജാ


മുള്‍ക്കിരീടം നീയണിഞ്ഞു ഞങ്ങള്‍
പാപ വിമുക്തരായി തീരാന്‍
വേദനയില്‍ പോലും ദേവാ
നീ ഞങ്ങള്‍ക്കായ് മന്ദഹസിച്ചു

തോളില്‍ കുരിശേന്തി നീങ്ങി
പീഢനങ്ങളതേറ്റു വാങ്ങി
നിന്നെ പരിഹസിച്ചോര്‍‌ക്കും
നന്മകള്‍ മാത്രം നീ നേര്‍ന്നു


ഗാഗുല്‍ത്താ മല കണ്ണീര്‍ വാര്‍ത്തു
സ്തബ്ദമായ് സപ്ത പ്രപഞ്ചം
കാരിരുമ്പാണികളേറ്റു
നിന്റെ പാവന ദേഹം പിടച്ചനേരം



(ഒരു പഴയ പോസ്റ്റ്.. ഈ സന്തോഷനാളില്‍ ആല്‍‌ത്തറയിലെ സുഹൃത്തുക്കള്‍ക്കായ് വീണ്ടും ..)

Wednesday, December 23, 2009

ഭൂമിയും വാനവും പൂക്കും ഡിസംബര്‍


ആകാശത്തായിരം നക്ഷത്രക്കുഞ്ഞുങ്ങള്‍
പൂത്തിരി കത്തിച്ച രാത്രിയൊന്നില്‍
ഭൂമിയില്‍ സ്നേഹത്തിന്‍ പാലൊളി തൂകുവാന്‍
ഭൂജാതനായ ശ്രീ യേശുനാഥാ

രാജാധിരാജന്‍ നീയെങ്കിലും പാരിതില്‍
വന്നു പിറന്നതോ പുല്‍ത്തൊഴുത്തില്‍
സത്യമാം ദൈവത്തിന്‍ പുത്രാ ഒരിക്കലെന്‍
ഹൃത്തില്‍ വെളിച്ചമായ് വന്നുദിക്കൂ

ജീവിത വീഥിയില്‍ ഘോരാന്ധകാരത്തില്‍
പ്രാരാബ്ട മുള്‍മുടി ചൂടി ഞാന്‍ നീങ്ങുമ്പോള്‍
പാപക്കുരിശിന്റെ ഭാരം വഹിക്കവാന്‍
നാഥാ എനിയ്ക്ക് നീ ശക്തി നല്‍കൂ

ഭൂമിയും വാനവും പൂക്കും ഡിസംബറില്‍
മാലാഖമാര്‍ ദിവ്യ ഗാനം പൊഴിക്കുമ്പോള്‍
ദേവാധിദേവനാം നാഥന്‍ ജനിക്കുന്നു
വാഴ്ത്തുക വാഴ്ത്തുക ദിവ്യ നാമം.




(സ്നേഹരൂപനായ യേശുനാഥന്റെ തിരുമുന്‍പില്‍ എന്റെ എളിയ കവിത സമര്‍പ്പിക്കുന്നു)
എല്ലാവര്‍ക്കും ക്രസ്തുമസ്
നവവത്സര ആശംസകളോടെ : രഘുനാഥന്‍

ഡിസംബര്‍

എല്ലാവരും ഡിസംബറിന്‍റെ പുറകേയാണ്. എന്നാല്‍ പിന്നെ ഞാനും...

(ആചാര്യന്‍റെ പണിയാണ് എന്നെക്കൊണ്ടീ കടും കൈ ചെയ്യിച്ചത്. പിന്നെ മാണിക്യം ചേച്ചി കേക്ക് മേടിച്ചു തരുമെന്നുള്ള പ്രതീക്ഷയുമുണ്ട്)

ഡിസംബര്‍

ഓ ഡിസംബര്‍ മധുവര്‍ഷ മാസമേ നിന്നില്‍ പൂത്ത
പൂക്കളിലെന്‍ കണ്ണീര്‍ മധുവായി നിറയവേ
ആര്‍ദ്രമാനസങ്ങളില്‍ തേങ്ങലായ് നിറയുന്ന
ഓര്‍മ്മകള്‍ ഹൃദയത്തില്‍ വേദന പുരട്ടവേ

ഓ ഡിസംബര്‍ നിന്‍റെ ശ്യാമാംബരങ്ങളില്‍
ശ്രീയേശു നാഥന്നായ് താരകള്‍ തെളിയവേ
നിര്‍മ്മമമെങ്കിലും ചിന്തയില്‍ പരതുന്നു
ഒന്നെങ്കിലും സുഖമേകിയൊരോര്‍മ്മയെ

ഇല്ല ഡിസംബര്‍, മധുമാരി പെയ്കിലും
പുതുവര്‍ഷ കന്യക വാതില്‍ക്കല്‍ നില്‍ക്കിലും
പുണ്യമാസം എന്ന പുകള്‍ നീ ധരിക്കിലും
എന്നുമെന്നും നീയെനിക്കൊരു ദുഃഖ കന്യക

ഓ ഡിസംബര്‍ നിന്‍റെ നോവുന്നൊരോര്‍മ്മയില്‍
കരയാത്ത രാവുകളില്ലെനിക്കെങ്കിലും
കരിവള കിലുക്കിയെന്നരികില്‍ നീയണയുമ്പോള്‍
കരയുന്ന കണ്‍കള്‍ കലങ്ങിയിട്ടെങ്കിലും

ഒരു സ്നേഹവായ്പോടെ നോക്കെട്ടെ നിന്നെ ഞാന്‍
ഒരു കാമുകനായി തഴുകട്ടെ നിന്നെ ഞാന്‍...

© ജയകൃഷ്ണന്‍ കാവാലം

Tuesday, December 22, 2009

മോളിയില്ലാത്ത ക്രിസ്മസ്

ക്രിസ്മസ്നു നാളുകളെ ബാക്കിയുള്ളൂ. മഞ്ഞുമൂടിയ മരച്ചില്ലകളിലും പാതയോരങ്ങളും വര്‍ണ്ണ ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരവിപ്പിക്കുന്ന തണുപ്പിലും സന്തോഷത്തിന്റെ ചൂട് ഒട്ടും ആറിയിട്ടില്ല. എങ്ങും തെളിയുന്ന ദീപങ്ങള്‍ മഞ്ഞില്‍ കൂടുതല്‍ ഭംഗിയുള്ളതായി.

കഴിഞ്ഞ ക്രിസ്മസ്നു പുല്‍ക്കൂട്‌ ഒരുക്കിയതും ക്രിസ്മസ് കേക്ക് അലങ്കരിച്ചതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ. വെളുത്ത ക്രിസ്മസില്‍ വര്‍ണ്ണ അലങ്കാരങ്ങളും ദീപങ്ങളും ആഘോഷത്തിനു മാറ്റ് കൂട്ടി. മോളിയും തോമാസും അയല്‍ വീട്ടുകാരായ നാരായണനെയും സുരേഷിനെയും വിളിച്ചിരുന്നു. എല്ലാരും ചേര്‍ന്നൊരു മേളം തന്നെയായിരുന്നു. നാട്ടില്‍ പോയില്ലെങ്കിലും എല്ലാരും അടുത്തുള്ള മാതിരി ഒരു പ്രതീതിയായിരുന്നു അന്ന്. വീഡിയോ ചാറ്റ് വഴി അപ്പനെയും സഹോദരങ്ങളെയും കാണുകയും വിഷ് ചെയ്യുകയും എല്ലാം ഓര്‍മയില്‍ ഓടി മറയുന്നു.

കുഞ്ഞും നാളില്‍ ക്രിസ്മസ് കാരോള്‍ എന്നും പറഞ്ഞു അയല്‍ വീടുകളില്‍ പോയി പണം പിരിവു നടത്തിയതും. മോഹന്‍ലാലിന്‍റെ ക്രിസ്മസ് പടം കാണാന്‍ കൂട്ടുകാരോടൊപ്പം പോയതും എല്ലാം ക്രിസ്മസ് ഓര്‍മ്മകള്‍. ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്ന് പാടി മോളിയെ സ്വപ്നം കണ്ടു നടന്ന കാലം.

സ്കൂളില്‍ പോകുന്ന കാലം മുതലേ മോളിയെ അറിയാം. ജോസഫ്‌ മാഷിന്റെ മോള്‍. എന്നാല്‍ കോളേജില്‍ പോയി തുടങ്ങിയപ്പോഴാണ് മോളിയെ പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സ്നേഹ ബന്ധം കല്യാണവും പിന്നെ കുട്ടികളിലുമെത്തി.

നാട്ടില്‍ സര്‍ക്കാര്‍ ഗുമസ്ത പണിയിലാണ് തോമസിന്റെ ജോലി ആരംഭിക്കുന്നത്. പിന്നെ മോളിയെ മിന്നു കെട്ടി കോഴിക്കോട്ടേക്ക് താമസം മാറ്റി. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മോളിയുടെ അന്നത്തെ സേവനം. സേവനം എന്ന് വച്ചാല്‍ മോളി അവിടെ നേഴ്സ് ആയിട്ടായിരുന്നു ജോലി നോക്കിയിരുന്നത്. കോഴിക്കോടിന്റെ നിഷ്കളങ്കതയും സേവന മനസ്കതയും എല്ലാം ഒരു രസമായിരുന്നു.

ആയിടക്കു അമേരിക്കയിലുള്ള കറിയാച്ചന്‍ ഒരു വിസയുടെ കാര്യവും അങ്ങനെ മോളിക്ക് ജോലിയും തരപ്പെടുത്തി. നാട്ടിലെ നഴ്സിംഗ് പഠനവും ജോലിയും ഉപകാരമായെങ്കിലും ഇവിടെ വന്നിട്ട് ഒരുപാട് ടെസ്റ്റുകള്‍ പാസ്സകേണ്ടി വന്നു നേഴ്സ് ആയി ജോലി കിട്ടാന്‍. ഡിസംബര്‍ മാസത്തില്‍ വന്നതും കൊടും ശൈത്യത്തില്‍ ജീവിച്ചു തുടങ്ങിയതും ഒരു രസമായിരുന്നു.

അമേരിക്കയില്‍ വന്നെങ്കിലും തോമസിന് ജോലി ഇല്ലായിരുന്നു. മോളിയുടെ വിസ പോരായിരുന്നു തോമസിന് ജോലി കിട്ടാന്‍. അങ്ങിനെ ഗ്രീന്‍ കാര്‍ഡിനെ പറ്റി ചിന്തയും എല്ലാം ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. മരവിക്കുന്ന തണുപ്പത്ത് വെറുതെ ഇരുത്തം ഒരു തരം ഭ്രാന്തു രൂപത്തിലായി. പിന്നെ മദ്യവും ഇറച്ചിയും ചായയെക്കള്‍ വില കുറഞ്ഞു കിട്ടിയത് ഭാഗ്യം. ഒരു ടൈം പാസ്‌.

കറിയാച്ചന്റെ ബന്ധുവിന് പലചരക്ക് കട ഉണ്ടായിരുന്നു. അങ്ങേരുടെ ശുപാര്‍ശ ഒരു ജോലി തരപ്പെടുത്തി. ഗുമസ്ത പണിയില്‍ നിന്നും ബിസിനസ്‌ലേക്കുള്ള കാല്‍വെപ്പ്‌ എന്ന് വേണം അതിനെ കരുതാന്‍. അധികം താമസിയാതെ ജോയ് സന്താനമായി പിറന്നു. പിന്നെ ജീവിതം പച്ച പിടിച്ചു തുടങ്ങി. കുറച്ചു വര്‍ഷത്തെ പലചരക്ക് കട നടത്തിപ്പ് പരിചയം ഒരു കട തുടങ്ങുന്നതില്‍ എത്തിച്ചു. ആ സംരഭം ഇന്ന് മധ്യ അമേരിക്കയില്‍ ഒരു വന്‍ ബിസിനസ്‌ ആയി വളര്‍ന്നു. തോമസ്‌ മുതലാളിയായി. പിന്നെ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി. നാട്ടില്‍ നിന്നും നടീ നടന്മാരെ കൊണ്ട് വന്നു പ്രോഗ്രമ്മുകള്‍ അങ്ങിനെ തോമസിന്റെ കൂടെ മദ്യസേവ ചെയ്യാത്ത നടന്മാര്‍ ഇല്ലെന്ന സ്ഥിതിയായി.

കഴിഞ്ഞ മെയ്‌ മാസം മോളി ജോയ്ക്കൊപ്പം നാട്ടിലേക്കു പോയി. മോളിയുടെ അപ്പന് സുഖമില്ലായിരുന്നു. തോമസ്സും പോകാനിരുന്നതാണ്. ബിസിനസ്‌ ഏല്‍പ്പിക്കാന്‍ ആളില്ലാത്ത കാരണം പോയില്ല. കോഴിക്കോട്ടെ സ്വകാര്യ നഴ്സിംഗ് ഹോം മോളിയെ അവരുടെ വാര്‍ഷിക ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നു. ജോയ്ക്ക് അതിലൊന്നും താല്‍പ്പര്യമില്ലാത്തതിനാല്‍ മോളി തനിച്ചാണ് പോയത്.

കാറില്‍ പോയിക്കൊണ്ടിരിക്കുന്ന തോമസ്സിന്റെ മനസ്സിലേക്ക് കുറെ ഓര്‍മ്മകള്‍. ഈ വര്‍ഷം തോമസ്സ്നു ക്രിസ്മസ് ആഘോഷമില്ല. ജോയ് കൂടുകാരുടെ വീട്ടില്‍ പോകും.

പിന്നെയും മോളി തോമസ്സിന്റെ മനസ്സിലേക്ക്. കോഴിക്കോട്ടെ സ്ഫോടനത്തില്‍ മോളിയും ചെറു കഷണങ്ങള്‍ ആയി.

വെന്തിപ്പൂക്കള്‍ മണക്കുന്ന ഡിസംബര്‍.....

ലീല എം ചന്ദ്രന്‍

ഓര്‍മ്മകള്‍ എന്നെ കാലങ്ങള്‍ക്കു പിന്നിലേയ്ക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു.
ഗ്രാമത്തിലെ കുന്നിന്‍ മുകളിലെ കൊച്ചു പള്ളി.
ഇന്നത്തെ ഏതൊരു കൂറ്റന്‍ പള്ളിയേക്കാളും ഭംഗിയും പ്രൗഡിയും അന്നതിനുണ്ടായിരുന്നു.
ശാന്തിയുടെ സങ്കേതം ആയിരുന്നു അത്‌.
വെള്ള ഉടുപ്പിട്ട പാതിരിയും കന്യാസ്ത്രിമാരും
കാവല്‍ മാലാഖമാരെപ്പോലെ ഞങ്ങളെ നയിച്ചു.
പൂക്കളും ബലൂണും വര്‍ണ്ണക്കടലാസ്സുകളും കൊണ്ട്‌ ഞങ്ങള്‍
മത്സരിച്ചൊരുക്കിയ പുല്‍ക്കൂട്ടിനരികില്‍,
മെഴുകു തിരികളും കത്തിച്ച്‌
ഉണ്ണി ഈശോയുടെ പിറവിയും കാത്തിരുന്ന
ഡിസംബറിലെ തണുപ്പേറിയ രാത്രികള്‍ ....!!!
കൂട്ട മണികള്‍ അകമ്പടി ആകുന്ന ആ ദിവ്യ നിമിഷങ്ങളില്‍
പ്രാര്‍ഥനാ ഗീതങ്ങളുമായി
വികാരിയച്ചന്‍ പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കിടത്തുന്നതു കാണാന്‍,
ആ കുഞ്ഞിക്കാലുകളില്‍ സ്നേഹ ചുംബനങ്ങള്‍ അര്‍പ്പിക്കാന്‍
എന്തൊരാവേശമായിരുന്നു.
കരോള്‍ സംഘത്തോടൊപ്പം പെട്രോമാക്സിന്റെ വെളിച്ചത്തില്‍
വീടുകള്‍ തോറും കയറിയിറങ്ങാനും
അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി...
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കു സമാധാനം ...
എന്നുറക്കെപ്പാടാനും എന്തൊരുത്സാഹമായിരുന്നു
ക്രിസ്മസ്‌ അപ്പൂപ്പന്റെ കയ്യില്‍ നിന്നും കിട്ടുന്ന മിട്ടായിക്കു പോലും
ഇന്നത്തേക്കാള്‍ സ്വാദായിരുന്നു....!!
ഒക്കെ പഴങ്കഥകള്‍.....!!!!
എങ്കിലും,
ചെവിയില്‍ ഒരു ബാന്റു മേളം ഇപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്‌
മെഴുകുതിരികളില്‍ നിന്നും ഉരുകി വീഴുന്ന ചുടു തുള്ളികള്‍
സുഖമുള്ളൊരോര്‍മ്മയായി
മനസ്സില്‍ നിറയുന്നുണ്ട്‌.
അതെ, എനിക്ക്‌ നിശ്ചയമായും അറിയാം
എന്റെ ഉണ്ണി ഈശോയ്ക്ക്‌ *വെന്തിപ്പൂവിന്റെ മണം ആയിരുന്നു
*ചെണ്ടുമല്ലിപ്പൂ.

Sunday, December 20, 2009

ഒരു ക്രിസ്മസ് ദിനത്തില്‍ ...

അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്. അന്ന് രാവിലെ ഇറങ്ങാന്‍ നേരം ഭാര്യ പ്രത്യേകം പറഞ്ഞത് അയാള്‍ ഓര്‍ത്തു "

എന്നത്തേതും പോലെ ഇന്നും വൈകരുത് നാളെ ക്രിസ്തുമസാണ് ...ട്ടോ !!!" കഴിഞ്ഞ മൂന്ന് പ്രാവശ്യവും കുട്ടികളേയുമൊരുക്കി ഞാനുമൊരുങ്ങി കാത്തുകെട്ടി നിര്‍ത്തി, പിന്നെ പലതും പറഞ്ഞു അവര്‍ ഉറങ്ങുകയും ചെയ്യും, ഇന്നെങ്കിലും അവരെ നിരാശപ്പെടുത്തരുത്‌ കേട്ടോ...

ഓരോന്നോര്‍ത്തു കൊണ്ടു ഒരു സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നപോലെ ഒരു നിമിഷം. അയാള്‍ ധൃതിയില്‍ ഓഫീസില്‍ നിന്നിറങ്ങി സ്കൂട്ടര്‍ വീടിനെ ലകഷ്യമാക്കി വിട്ടു. ചിന്ത മുഴുവന്‍ ഭാര്യയേയും കുട്ടികളേയും കുറിച്ചായിരുന്നു. പെട്ടന്നായിരുന്നു അത് സംഭവിച്ചത് തന്‍റെ മുന്നിലൂടെ പോകുകയായിരുന്ന കാറും മുന്നില്‍ നിന്നും വരുന്ന ജീപ്പും ഭയാനക ശബ്ദത്തോടെ കൂട്ടിയിടിച്ചത്, അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി. ഒരു നിമിഷം അയാള്‍ തരിച്ചു നിന്നുപോയി. മുന്നിലും പിറകിലും നോക്കി ആരേയും കാണാനില്ല സ്കൂട്ടര്‍ റോഡിനു ഒരുവശത്തൂടെ ചേര്‍ന്ന് ഓടിച്ചുപോയി. ആ സമയം അയാള്‍ക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമവും വിറയലും അനുഭവപ്പെട്ടു. സ്വന്തം മനസ്സാക്ഷിയോട്‌ തെറ്റുചെയ്യുന്നപോലെ കൈയ്യൊക്കെ വിറയ്ക്കുന്നപോലെ തോന്നി.

ഭാര്യയേയും കുട്ടികളേയും കൂട്ടി തിരിച്ചുവരുമ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഒരു ആംബുലന്‍സ് സംഭവ സ്ഥലത്ത് നിന്നും ചീറിപ്പാഞ്ഞു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ പറയുന്നത് അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു " ആ സമയത്ത് ആരെങ്കിലും കണ്ടിരുന്നെങ്കില്‍ മൂന്നു നാല് പേരുടെയെങ്കിലും ജീവന്‍ രക്ഷപെട്ടേനെ... വിധിയുടെ കോപ്രായം അല്ലാതെന്തു പറയാന്‍ "....

സ്ക്രീനില്‍ നായികാനായകന്മാരുടെ പലതരം ഗോഷ്ടികളും ചേഷ്ടകളും കണ്ടു കാണികളും കൂടെ ഭാര്യയും കുട്ടികളും ചിരിച്ചാസ്വദിക്കുമ്പോഴും അയാളുടെ മനസ്സില്‍ നേരില്‍ കണ്ട ആ ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങള്‍ മാറിമാറി വന്നു കൊണ്ടിരുന്നു. കൂടെ കുറ്റബോധവും. ഒരു വിധം സിനിമ കണ്ടു തീര്‍ത്തു തിരിച്ചുവരുമ്പോള്‍ കണ്ടാസ്വദിച്ച തമാശകളേയും രംഗങ്ങളെയും കുറിച്ചായിരുന്നു ഭാര്യയും, കുട്ടികളും അവരുടെ ചോദ്യങ്ങളെ ഓരോ മൂളലിലൂടെ അവസാനിപ്പിച്ചു.

പിറ്റേന്നു രാവിലെ പെട്ടെന്ന് എത്താമെന്ന് പറഞ്ഞ് അടുത്ത ആശുപത്രീലേക്ക് സ്കൂട്ടറില്‍ വിട്ടു . അന്വേഷകൌണ്ടറില്‍ ചെന്ന് തിരക്കിയപ്പോള്‍ അവരെ അവിടെ തന്നെയാണ് അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം വാര്‍ഡില്‍ ചെന്ന് അപകടം സംഭാവിച്ചവരേയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും അവരുടെ കൂടെ നിന്ന് കൊണ്ട് അവരുടെ കാര്യങ്ങളില്‍ വ്യാപൃതനായി. സമയം തീരെ വൈകി. മൊബൈലില്‍ നോക്കിയപ്പോഴാണ് ഭാര്യയുടെ പത്തുപന്ത്രണ്ടു മിസ്സ്ഡ് കോള്‍സ് ഉണ്ടായിരുന്നു . തിരക്കിനിടെ അറിഞ്ഞതേയില്ല അയാള്‍ ....

തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും വളരെ വൈകിയിരുന്നു. ഭാര്യയും മക്കളും അച്ഛനെ കാത്തു വഴിയേ നോക്കിയിരിക്കുന്നു. ഭാര്യയുടെ മുഖം ചുകന്നു തക്കാളി പോലിരിക്കുന്നു. അയാള്‍ ഭാര്യയെ വിളിച്ചു വീട്ടിനുള്ളില്‍ കയറി കഴിഞ്ഞ സംഭവങ്ങള്‍ എല്ലാം പറഞ്ഞു. അത് കേട്ടപ്പോള്‍ ഭാര്യയുടെ അതുവരെയുള്ള ദേഷ്യം പറന്നകന്നു. കൂടെ ഭര്‍ത്താവിനോട്‌ എന്തെന്നില്ലാത്ത ഭാഹുമാനവും തോന്നി. അയാള്‍ക്ക്‌ അതുവരെ കൊണ്ട് നടന്നിരുന്ന സങ്കടങ്ങളും, വിഷമങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതായ, കൂടെ തനിക്കു ഇത്ര യൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന മനസ്സന്തോഷവും.

ഭാര്യയോടും കുട്ടികളോടുമൊപ്പം ഉണ്ണിയേശുവിന്‍റെ പുല്‍ക്കൂടാരവും ഒരുകൂട്ടം നക്ഷത്രങ്ങളും ഒരുക്കി. ക്രിസ്തുമസ് ട്രീയില്‍ വൈദ്യുത അലങ്കാരങ്ങള്‍ പല വര്‍ണ്ണങ്ങളുള്ള പ്രഭാപൂര്‍ണ്ണമായ വെളിച്ചങ്ങളും കൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സന്തോഷത്തോടെ... അപ്പോഴേക്കും ദൂരെ നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു കൂടെ സംഗീതവും ....




കുരിശിന്‍ പിന്നാലെ ഈശ്വരാ ...രാജാധി രാജനു കര്‍ത്താവേ നീ പരിശുദ്ധന്‍
അല്ലെല്ലുയാ ...... അല്ലെല്ലുയാ ..... അല്ലെല്ലുയാ

ക്രിസ്മസ് നേരമ്പോക്ക്:

"ക്രിസ്മസ്, ഓണം, ഭക്രീദ് തുടങ്ങിയ കാലങ്ങളിലാണല്ലോ മാംസപ്രേമം കൊടുമ്പിരിക്കൊള്ളുന്നത്. ഈ ദിവസങ്ങളില്‍ എത്ര കോഴികളെയും മറ്റുമാണ് നാം സാപ്പിടുന്നത്. വീട്ടില്‍ വിരുന്നുകാര്‍ വരുന്നെങ്കില്‍ കോഴീടെ പിറകേയായിരിക്കും, അല്ലെങ്കില്‍ അവര്‍ക്കും തൃപ്തി ആവില്ല!! കോഴീടെ കാര്യം 'കട്ടപ്പുക' തന്നെ. ചിലപ്പോള്‍ അവരായിരിക്കും ഈ ദിനങ്ങളെ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നത് അല്ലേ!!! ചിന്തകള്‍ കാടുകേറിപ്പോകുന്നോ..? ഓ.. ഇപ്പോഴാ ഓര്‍ത്തത്‌ അക്കാര്യം മറന്നുപോയി ... എടാ.. (കസിന്‍) നീ ടൌണിലെക്കാണോ രണ്ടു കിലോ ചിക്കന്‍ വാങ്ങിച്ചോ ട്ടോ... വരുമ്പോള്‍ ബീവറെജമ്മാവനെ കണ്ടു ആശംസകളും വാങ്ങിച്ചോ.. മറക്കല്ലേ .... ക്രിസ്മസല്ലേ !!!"

അവരൊക്കെയില്ലാതെ നമുക്കെന്താഘോഷം... അന്നും, ഇന്നും, എന്നും ....


*** ക്രിസ്മസ് ത്സരാശംള്‍ ***




ചിത്രം കടപ്പാട്:ഗൂഗിള്‍ ഇമേജസ്