Wednesday, September 30, 2009

കടലിനക്കരെ പോണോരേ... (സൂക്ഷിക്കുക... നിങ്ങള്‍ക്കും ഇതു സംഭവിക്കാം)

ഗള്‍ഫ് എന്ന സ്വപ്നഭൂമിയെ സ്വപ്നം കണ്ട് നാട്ടില്‍ കഴിയുന്നവര്‍,
ഗള്‍ഫിലേക്കു പോകുവാന്‍ തയ്യാറെടുക്കുന്നവര്‍,
ഗള്‍ഫില്‍ എത്തിച്ചേര്‍ന്നവര്‍... സാമൂഹിക സേവനതല്പരരായ പ്രവാസികള്‍, നിയമം കയ്യാളുന്ന അധികാരികള്‍, മാധ്യമങ്ങള്‍ ഇത്രയും ആളുകള്‍ ഈ കുറിപ്പ് വായിച്ചിരിക്കുന്നത് നന്നായിരിക്കും. എഴുതണോ വേണ്ടയോ എന്നു കുറേ ആലോചിച്ചതാണ്. എന്നാല്‍ ഈ കുറിപ്പ് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ അതൊരു നല്ല കാര്യമായിരിക്കും എന്നു കരുതുന്നു.



ബാംഗ്ലൂരിലെ സാമൂഹിക ചുറ്റുപാടുകളും, ഭക്ഷണം, താമസം തുടങ്ങി യാതൊന്നിനോടും താല്പര്യമില്ലാതെ ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്ന കാലം. (ആ ജോലിയും ശാരീരികമായി തളര്‍ത്തിയതല്ലാതെ സാമ്പത്തികമായി വളര്‍ത്തിയിട്ടില്ല) അങ്ങനെ തെണ്ടിത്തിരിഞ്ഞ് പൂനായിലെത്തുന്നു. ഒരേയൊരു ലക്ഷ്യം മാത്രം. എവിടെയെങ്കിലും ഒരു ജോലി. (ഒരു പ്രായം കഴിഞ്ഞാല്‍ അഭ്യസ്തവിദ്യരായ ആണുങ്ങള്‍ക്ക് ജോലി കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന ഒരു രോഗമാണിത്തെന്നത് പലരുടെയും അനുഭവം)

പൂനായിലെ തെണ്ടല്‍ ഏകദേശം ആറു മാസങ്ങള്‍ പിന്നിടുന്നു. അവിടെ പലചരക്കു വ്യാപാരം നടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞു ബാനര്‍ റോഡില്‍ ഒരു ഏജന്‍സിയുണ്ട് അവര്‍ വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നുവെന്നു കേള്‍ക്കുന്നു എന്ന്. എന്നാല്‍ അവരുടെ വിശ്വാസ്യതയെക്കുറിച്ച് യാതൊന്നും അറിവില്ലെന്നും, അത് നന്നായി അന്വേഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗള്‍ഫില്‍ പോകണമെന്ന് യാതൊരു ആഗ്രഹവുമില്ലാത്ത ഞാന്‍ പലരുടെയും ഉപദേശങ്ങള്‍ക്കു വഴങ്ങി അങ്ങനെ അന്വേഷിച്ചു പിടിച്ച് അവിടെയെത്തുന്നു. നല്ല ഒന്നാംതരം ഓഫീസ്‌, ഓഫീസില്‍ സുന്ദരിയായ റിസപ്ഷനിസ്റ്റ് തുടങ്ങി എല്ലാ സൌകര്യങ്ങളുമുണ്ട്. ഇരുപത്തിമൂന്നു വയസ്സു മാത്രം പ്രായമുള്ള എം ബി എക്കാരന്‍ മുതലാളി കം ഡയറക്ടര്‍ കം ചീഫ് ഓപ്പറേറ്റര്‍ കം ചീഫ് ഓര്‍ഗനൈസര്‍. നിലവിലുള്ള ഒരേയൊരു വേക്കന്‍സിയെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് നീട്ടി വലിച്ച് ഒരു പ്രൊഫൈല്‍ ഉണ്ടാക്കി കൊടുത്തു. സേവന വ്യവസ്ഥകള്‍ താഴെ പറയും പ്രകാരം.

1. സര്‍വ്വീസ് ചാര്‍ജ്ജ് ഇരുപതിനായിരം രൂപ (പുറത്തു പറയാവുന്നത് - ഞാന്‍ പോകുന്ന രാജ്യത്തു തന്നെ താമസിക്കുന്ന അദ്ദേഹത്തിന്‍റെ അച്ഛന്‍ ചോദിച്ചാലും ഈ തുക വേണം പറയാന്‍)

2. സര്‍വ്വീസ് ചാര്‍ജ്ജ് മറ്റൊരു ഇരുപതിനായിരം രൂപ ( പുറത്തു പറയാന്‍ പാടില്ലാത്തത്. പുറത്തു പറഞ്ഞാല്‍ എന്‍റെ പണിയും പോകും - അയാള്‍ക്കും കുഴപ്പം - എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണത്രേ ഗള്‍ഫിലേക്കു പറക്കുന്നത്)

3. ഇനിയൊരു പതിനായിരം രൂപ ടിക്കറ്റ് ചാര്‍ജ്ജ് (ഇതും പുറത്തു പറയാന്‍ പാടില്ല)

ആകെ അന്‍പതിനായിരം രൂപയല്ലേ അയാള്‍ ചോദിച്ചുള്ളൂ. നല്ല മനുഷ്യന്‍. സാധാരണ ഗള്‍ഫില്‍ പോകാന്‍ ഒന്നൊന്നര ലക്ഷം രൂപയോളം ചിലവുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. ഏതായാലും കൊള്ളാം. കയ്യോടെ ഇരുപതിനായിരത്തില്‍ പതിനായിരം കൊടുത്തു രസീതും വാങ്ങി.

വിസ വന്നു. വിസയുടെ കോപ്പി കണ്ട് രോമാഞ്ജമണിഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ എക്സ്പ്രസ്സ് വിസ എന്നൊരു കുണ്ടാമണ്ടി. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ ഏജന്‍റിന്‍റെ ധൈര്യപ്പെടുത്തല്‍. ജോലി വിസ ഇഷ്യൂ ആകാന്‍ എന്തൊക്കെയോ നിയമതടസ്സങ്ങള്‍. അതുകൊണ്ട് അവിടെ ചെന്നാല്‍ എളുപ്പത്തില്‍ ശരിയാക്കാം. തല്‍ക്കാലം ഈ വിസയില്‍ പോകാം. ഞാനല്ലേ ഇവിടെയുള്ളത്. ധൈര്യമായി പോയിട്ടു വാ. ശരിയാ അദ്ദേഹം അവിടെയുണ്ടല്ലോ ഒന്നുമില്ലെങ്കിലും സ്വന്തമായി ഫര്‍ണിഷ്‌ഡ്‌ ഓഫീസും, റിസപ്ഷനിസ്റ്റും ഒക്കെയുള്ള വലിയ മനുഷ്യനല്ലേ. എനിക്കും ധൈര്യമായി. അങ്ങനെ ബാക്കിയുണ്ടായിരുന്ന നാല്‍‍പ്പതിനായിരം രൂപയും കൊടുത്തു. പതിനായിരത്തിനു മാത്രം രസീതും കിട്ടി. (മറ്റേതു രഹസ്യമാണല്ലോ)

അപ്പോഴുണ്ട്‌ ആവശ്യം. എക്സ്പ്രസ്സ് വിസ എടുക്കുന്നവര്‍ തിരിച്ചു പോരാനുള്ള റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്നത് നിര്‍ബന്ധമാണത്രേ!. ഞാന്‍ തീര്‍ത്തു പറഞ്ഞു പറ്റില്ല എന്ന്. എന്നാല്‍ അവസാനം നേരത്തേ കൊടുത്തു പോയ അന്‍പതിനായിരം രൂപ കൂടി നഷ്ടമാകുമെന്ന അവസ്ഥ വന്നപ്പോള്‍ കൊടുത്തേക്കാമെന്നു കരുതി. പൂനായില്‍ തന്നെ താമസമുള്ള എന്‍റെ കൊച്ചച്ചന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി നല്‍കി. റിട്ടേണ്‍ ടിക്കറ്റ് അയാള്‍ തന്നെ ക്യാന്‍സല്‍ ചെയ്ത് പണം കൊച്ചച്ചനെ ഏല്‍‍പ്പിക്കാമെന്ന് വാക്കും തന്നു. പുറപ്പെടുന്നതിന്‍റെ തലേദിവസം മനസ്സില്ലാ മനസ്സോടെ എനിക്കൊരു ഫാക്സ് അയക്കേണ്ടി വന്നു. ശമ്പളമില്ലാതെ എത്ര മണിക്കൂര്‍ വേണമെങ്കിലും ഓവര്‍ ടൈം ചെയ്യാമെന്ന്. എട്ടു മണിക്കൂര്‍ പ്രവൃത്തിസമയമുള്ള കമ്പനിയില്‍ തിരക്കുള്ള അപൂര്‍വ്വം ചില അവസരങ്ങളില്‍ ഏറിയാല്‍ ഒരു നാലു മണിക്കൂര്‍ കൂടി ജോലി ചെയ്യേണ്ടി വരും. നാട്ടിലും അങ്ങനെ ഞാന്‍ ചെയ്തിട്ടുള്ളതാണ്. അതിനിപ്പോള്‍ അധികശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല എന്നു ഞാന്‍ കരുതിയെങ്കിലും എന്തുകൊണ്ടോ എന്‍റെ മനഃസ്സാക്ഷി എന്നെ വിലക്കിക്കൊണ്ടേയിരുന്നു.

അങ്ങനെ ഞാന്‍ സീബ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നു. ജീവിതത്തിലെ യാത്രകളെല്ലാം ഒറ്റക്കായിരുന്നതു കൊണ്ട് വലിയ പുതുമയൊന്നും തോന്നിയില്ല. മെയിന്‍ ഗേറ്റ് ഇറങ്ങി വെളിയില്‍ വന്നു. കുറേ നേരം കാത്തു നിന്നപ്പോള്‍ ടൈ കെട്ടി, നല്ല വേഷമൊക്കെ ധരിച്ച് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു ചോദിച്ചു,

ആര്‍ യൂ മിസ്റ്റര്‍ ജയകൃഷ്ണന്‍?

യെസ് അയാം, യൂ ആര്‍ റൈറ്റ്. ഞാന്‍ മറുപടി പറഞ്ഞു.

ചിരിച്ചു കൊണ്ടയാള്‍ എനിക്കു കൈ തന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവനും വ്യാപിച്ചു കിടക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ മാനേജ്‌മെന്‍റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പരസ്യക്കമ്പനിയിലേക്കായിരുന്നു ഞാന്‍ നിയമിതനായിരുന്നത്. ഞാനും ദിലീപും കൂടി കമ്പനിയിലെത്തി. ഏതോ ഒരു മാഡമാണ് അതിന്‍റെ ജനറല്‍ മാനേജര്‍ എന്നു മാത്രം എനിക്കറിയാം. ദിലീപ് എന്നെ ഓഫീസിലെത്തിച്ച് അപ്പോള്‍ തന്നെ തിരിച്ചു പോയി. മുകളില്‍ നിന്നും അവിടത്തെ അക്കൌണ്ട്സ് മാനേജരായ ഒരു ഹിന്ദിക്കാരന്‍ ഇറങ്ങി വന്നു. പരിചയപ്പെട്ടു, എന്‍റെ പാസ്സ്‌പോര്‍ട്ടും വാങ്ങി തിരിച്ചു കയറിപ്പോയി. പിന്നെ കൂട്ടായി കിട്ടിയത് എന്‍റെ കൂടെ തന്നെ ജോലി ചെയ്യേണ്ടുന്ന മറ്റൊരു മലയാളിയെ ആണ്. ചെന്ന പാടേ തന്നെ കമ്പനിയേക്കുറിച്ച് അയാള്‍ വാചാലനായി.

ഇതൊരു സിന്ധിയുടെ കമ്പനിയാണ്, അയാള്‍ക്ക് മലയാളികളെ കണ്ടു കൂട, ക്രിയേറ്റീവ് സെക്ഷനില്‍ നിവൃത്തിയില്ലാത്തതു കൊണ്ടു മാത്രമാണ് അയാള്‍ മലയാളികളെ നിയമിച്ചിരിക്കുന്നത്, എന്തു ജോലി ചെയ്താലും, എത്ര ആത്മാര്‍ത്ഥത കാണിച്ചാലും ഇവിടെ യാതൊരു വിലയുമില്ല, പണ്ട് ഇതേ കമ്പനിയില്‍ ജോലിക്കു വന്നതാണിയാള്‍, മുതലാളിയുടെ മകളെ പ്രേമിച്ചു കല്യാണം കഴിച്ച വകയിലാണ് ഇയാള്‍ മുതലാളിയായത്, എല്ലാവരും അയാളെ ‘ഭായി’ എന്നാണ് വിളിക്കുന്നത് എന്നു തുടങ്ങി ആ കമ്പനിയേക്കുറിച്ചൊരു പ്രബന്ധം തന്നെ അയാള്‍ എന്‍റെ മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ വളരെക്കുറച്ചു മാത്രം വിശ്വസിച്ചു, വളരെയധികം അവിശ്വസിച്ചു. സാധാരണ പുതുതായി വരുന്നവരെ നിരാശപ്പെടുത്തുക എന്നത് മലയാളിയുടെ സ്വഭാവമാണല്ലോ. ഇതും അങ്ങനെയെന്നേ കരുതിയുള്ളൂ.

കുറച്ചു സമയത്തിനകം ‘മാഡം’ വന്നു. കൂടെയുണ്ടായിരുന്നവന്‍ എന്നെ അവരുടെ മുന്‍പിലെത്തിച്ച് ഭക്ത്യാദരപൂര്‍വ്വം പിന്‍‍വാങ്ങി. “ഇവിടെ കുറേ പൊളിറ്റിക്സൊക്കെയുണ്ട്‌ അതുകൊണ്ട് അവരുടെ കൂട്ടത്തിലൊന്നും ചെന്നു പെടാതെ സൂക്ഷിച്ചോളാന്‍“ അവരെന്നെ ഉപദേശിച്ചു. അങ്ങനെയാകാമെന്നു ഞാനും സമ്മതിച്ചു.

ആദ്യ അസൈന്‍‍മെന്‍റ് ഒരു സ്റ്റേജ്‌ ഷോയ്ക്കു വേണ്ടിയുള്ളതായിരുന്നു. അത് മാഡത്തിനു നന്നേ ബോധിച്ചു. അപ്പോള്‍ തന്നെ മുതലാളിക്ക് ഫോണ്‍കോള്‍ പോയി. ഞങ്ങളുടെ ഓഫീസില്‍ നിന്നും ഏകദേശം ഒന്നര-രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള അയാളുടെ ഹൈപ്പര്‍മാര്‍ക്കറ്റിനു മുകളിലുള്ള ഹെഡ്‌ ഓഫീസില്‍ നിന്നും കറുത്ത നിറമുള്ള ബി എം ഡബ്ലിയുവില്‍ അയാള്‍ പറന്നെത്തി.

അയാള്‍ക്കും സംഭവം ഇഷ്ടമായി. അയാളുടേതായിട്ട് അതില്‍ കുറേ വെട്ടലുകളും തിരുത്തലുകളുമെല്ലാം നടത്തി അയാള്‍ തിരിച്ചു പോയി.

രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഗതികളുടെ കിടപ്പ് എനിക്കു മനസ്സിലായിത്തുടങ്ങി...

Monday, September 28, 2009

താഹിറാന്റെ പുതിയാപ്ല !!

താഹിറാക്കും താഹിറാന്റെ പുതിയാപ്ലക്കും അഭിനന്ദനങ്ങള്‍

ആല്‍ത്തറ ബ്ലോഗ് അംഗമായാ സുഹൈര്‍ എന്ന കുറ്റ്യാടിക്കാരന്‍
ഇന്ന് വിവാഹിതനാവുന്നു ...
സന്തോഷത്തോടെ ആയുരാരോഗ്യത്തോടെ സമ്പല്‍സമൃദ്ധിയില്‍
സന്താനസൗഭാഗ്യത്തോടേ ദീര്‍ഘകാലം ഒന്നായി ജീവിക്കുവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
താഹിറാക്കും കുറ്റ്യാടിക്കാരനും
ആല്‍ത്തറക്കൂട്ടത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും
അറിയിക്കുന്നു...

Sunday, September 20, 2009

നൂറ്റാണ്ടുകള്‍ ഉറങ്ങിയ ഗുഹാ വാസികള്‍

ഈ വര്‍ഷത്തെ വിശുദ്ധ റമളാന്റെ അവസാനത്തില്‍ ആല്‍ത്തറയില്‍ ഒരു പോസ്റ്റിടുക എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഖുര്‍‌ആന്‍ കഥകളില്‍ ഒരെണ്ണം പറയാനാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നത്. മരിച്ചവരെ ജീവിപ്പിയ്ക്കുന്നതിനും ജീവിച്ചിരിയ്ക്കുന്നവരില്‍ തെളിവു നിരത്തുന്നതിനും ദൈവത്തിനു പ്രയാസമൊന്നുമില്ലെന്നു സ്ഥാപിയ്ക്കുന്ന ഒരു ചെറിയ കഥ.

രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്.
ഏഷ്യാ മൈനറിന്റെ പടിഞ്ഞാറേ തീരത്തുള്ള അഫ്സോസ് നഗരം.
അക്കാലത്ത് വളരെ പ്രശസ്തിയുള്ള നഗരമായിരുന്നു.
മുന്നില്‍ കാണുന്നതെന്തിനെയും ആരാധിയ്ക്കുന്ന ഒരു ജനവിഭാഗമായിരുന്നു അവിടെ വസിച്ചിരുന്നത്.
നഗരത്തിന്റെ ഭരണാധികാരിയാകട്ടെ മഹാ ധിക്കാരിയും ദൈവ വിരോധിയുമായിരുന്നു.
ഒരുദിവസം രാജാവിനും തോന്നി ഒരുത്തരവിറക്കാന്‍!
“മേലില്‍ ഞാന്‍ പറയുന്ന ദേവന്മാരെ ആരാധിച്ചോളണം!
അല്ലാത്തവരെ കശാപ്പുചെയ്യും, അതുമല്ലെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും!”
ഇന്നുള്ള മന്ത്രിമാരാരെങ്കിലുമാണ് ഇതു പറഞ്ഞതെങ്കില്‍
പ്രജകള്‍ അയാളുടെ അടപ്പുവാഷര്‍ ഊരിയേനെ.
പക്ഷേ അഫ്സോസിലെ ജനസമൂഹം പക്കാ ഭീരുക്കളായിരുന്നു.
എല്ലാരുമെന്നു പറയാന്‍ വരട്ടെ
അവിടെ താമസിച്ചിരുന്നവരില്‍ ഏഴുപേര്‍ ഇതനുസരിയ്ക്കാന്‍ തയ്യാറായില്ല.
തങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നതും പരിപാലിയ്ക്കുന്നതും ഏകദൈവമാണെന്നും
അവനാണ് യഥാര്‍ത്ഥ ഉടമയെന്നും അവനെമാത്രമേ ആരാധിയ്ക്കൂ എന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
അവനെ മാത്രമേ ആരാധിയ്ക്കാവൂ എന്ന് അവര്‍ ആഹ്വാനം ചെയ്തു.
പക്ഷേ അവരുടെ വാക്കുകള്‍ ആരും മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറഞ്ഞില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജാവ് അവരെ സല്‍ക്കരിയ്ക്കാനും തീരുമാനിച്ചു.
രാജാവിന്റെ സല്‍ക്കാരത്തെ ഭയന്ന് അവര്‍ അടിയന്തിരമായി യോഗം ചേര്‍ന്നു.
ഏഴുപേരില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ ആട്ടിടയനും മറ്റു നാലുപേര്‍ നാട്ടുകാരും.
രാത്രിയില്‍ അവര്‍ നഗരത്തിനുപുറത്തുള്ള മലഞ്ചെരുവില്‍ ഒത്തുകൂടി ആട്ടിടയന്റെ നേതൃത്വത്തില്‍ അവിടെയുള്ള ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. അവരുടെ കാവലിന് ഒരു നായയുമുണ്ടായിരുന്നു. വിശപ്പും ക്ഷീണവും കാരണം അവര്‍ ഉറങ്ങിപ്പോയി, കൂടെ നായയും.
അതൊരു വല്ലാത്ത ഉറക്കമായിരുന്നു.എത്രകാലം അവര്‍ ഉറങ്ങിയെന്ന് ദൈവത്തിനു മാത്രമേ അറിയൂ..
അന്നപാനീയങ്ങള്‍ കഴിയ്ക്കാതെ കാലങ്ങളോളം നീണ്ട ഉറക്കം !
ഒരു ദീര്‍ഘനിദ്രയില്‍ അവര്‍ മരണപ്പെട്ടതുപോലെ കിടന്നു.
അന്നും പതിവുപോലെ നേരം വെളുത്തു,
നായ പതിയെ കണ്ണുതുറന്നു നോക്കി, അന്തം വിട്ടു ഒന്നൊന്നര കുരകുരച്ചു
ഗുഹാവാസികള്‍ കണ്ണൂം തിരുമ്മി എഴുന്നേറ്റു
അവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നുപോയി
അവരിടെ താടി മീശകള്‍ വല്ലാതെ വളര്‍ന്നിരിയ്ക്കുന്നു
തലമുടി നിലത്തു പട്ടുമെത്തപോലെ പരന്നുകിടക്കുന്നു
എത്രനേരം ഉറങ്ങിയെന്ന കണ്‍ഫ്യൂഷനായിരുന്നു അവരുടെ മുഖത്ത്.
“നമ്മള്‍ എത്രനേരം ഉറങ്ങിക്കാണും...”
“ഒരുദിവസം...” ‘രണ്ടു ദിവസം...”
അതില്‍ക്കൂടുതല്‍ അവര്‍ക്കു തോന്നിയതേയില്ല !
തല്‍ക്കാലം അവര്‍ തര്‍ക്കം നിര്‍ത്തി...
വിശപ്പുകാരണം കുടലു കരിഞ്ഞു നാറുന്നു.
ഒരാള്‍ ഭക്ഷണം വാങ്ങിവരാന്‍ നഗരത്തിലേയ്ക്കു പുറപ്പെട്ടു.ആരും തിരിച്ചറിയാതിരിയ്ക്കാന്‍ ശ്രദ്ധിച്ചാണ് അയാള്‍ മുന്നോട്ടു നീങ്ങിയത്.
പടയാളികളാരെങ്കിലും കണ്ടാല്‍ തലപോയതുതന്നെ
ആരെങ്കിലും കണ്ടാല്‍ കല്ലേറില്‍ തല പൊളിയുമെന്നുറപ്പ്
ഭക്ഷണം വാങ്ങാന്‍ പോയയാള്‍ അഫ്സോസ് നഗരംകണ്ട് വടി വിഴുങ്ങിയ മാതിരി നിന്നു!
പഴയ നഗരമേയല്ല, ആകെ മാറിയിരിയ്ക്കുന്നു.
നഗരവാസികളുടെ വസ്ത്രധാരണ രീതിയിലും ആകെ മാറ്റമുണ്ട്
ആരോ കാണിച്ചുകൊടുത്ത ഹോട്ടലില്‍ നിന്ന് അയാള്‍ ഭക്ഷണം വാങ്ങി സഞ്ചിയിലിട്ടു
പോക്കറ്റില്‍നിന്ന് അയാള്‍ ഒരു നാണയമെടുത്തു കാഷ്യറെ ഏല്‍പ്പിച്ചു
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൌരാണിക നാണയം കണ്ട കാഷ്യര്‍ വാപൊളിച്ചുനിന്നു
അത്രയും പഴക്കം ചെന്ന നാണയം ആരുടെയും കയ്യിലില്ലായിരുന്നു
കാല ബോധം നഷ്ടപ്പെട്ട ഇടയന്‍ വലിയവായില്‍ നിലവിളിതുടങ്ങി
“ഇതു പുരാതന നാണയമൊന്നുമല്ല എന്റെ നാണയമാ‍ണ്
ഞാന്‍ ഭക്ഷണം വാങ്ങാന്‍ കൊണ്ടു വന്നതാണ്..”
ഇടയന്റെ വാക്കുകള്‍ ആരു കണക്കിലെടുത്തില്ലെന്നു മാത്രമല്ല അയാളെ കോളറിനു തൂക്കിയെടുത്ത് രാജാവിന്റെ മുമ്പില്‍ ഹജരാക്കുകയും ചെയ്തു
ആ സമയം രാജാവു മറ്റൊരു തര്‍ക്കം തീര്‍ക്കുന്ന തിരക്കിലായിരുന്നു
മരിച്ചവരെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ജീവിപ്പിയ്ക്കുന്നതെങ്ങിനെ എന്നതായിരുന്നു ആ തര്‍ക്കം.
അപ്പോഴാണ് ദൈവത്തിന്റെ അതുത പ്രതിഭാസമായ ഇടയന്‍ ഹാജരാക്കപ്പെട്ടത്.
ഇടയന്റെ കഥകേട്ട രാജാവും പരിവാരങ്ങളും മറ്റ് ആറുപേരെയും കാണാന്‍ ഗുഹയിലേയ്ക്കു പുറപ്പെട്ടു
ഗുഹാവാസികളുടെ കഥ കേട്ട രാജാവ് അത്ഭുതപ്പെട്ടു. മുന്നൂറ്റിഒമ്പതു കൊല്ലം തങ്ങള്‍ ഗുഹയിലുറങ്ങിയെന്നറിഞ്ഞപ്പോള്‍ ഗുഹാ വാസികള്‍ക്ക് അമ്പരപ്പായി
പഴയ അഫ്സോസ് രാജാവിന്റെ അധ:പതനത്തെ അവരറിഞ്ഞു
ജനങ്ങള്‍ ഏകദൈവ വിശ്വാസികളായി മാറിയതില്‍ അവര്‍ സന്തോഷിച്ചു
നുറ്റാണ്ടുകള്‍ ഉറങ്ങിക്കിടന്നിട്ടും ഒന്നും സംഭവിയ്ക്കാതെ അവരെ സംരക്ഷിച്ച ദൈവത്തിന്റെ ശക്തി നേരില്‍ കണ്ടപ്പോള്‍ രാജസദസ്സിലുണ്ടായ തര്‍ക്കവും പരിഹരിയ്ക്കപ്പെട്ടു.

വിശ്വാസികള്‍ വിശ്വസിയ്ക്കുന്നവരാണെങ്കില്‍ അവര്‍ വിജയിയ്ക്കപ്പെടും അവരില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കും എന്നിട്ടും രക്ഷാമാര്‍ഗ്ഗമണഞ്ഞില്ലങ്കില്‍ ഉന്മൂല നാശം ചെയ്യും. ഗുഹാവാസികള്‍ ഇതിനു ദൃഷ്ടാന്തമാണ്. ദൈവത്തില്‍ വിശ്വസിയ്ക്കുക, നല്ലതുമാത്രം പ്രവര്‍ത്തിയ്ക്കുക, മറ്റുള്ളവര്‍ക്കു നന്മകള്‍ മാത്രം ചെയ്യുക, അവനെ അനുസരിച്ചു ജീവിയ്ക്കുക- അല്ലാത്തവന് നോമ്പെന്നല്ല എന്തു ചെയ്തിട്ടും കാര്യമില്ല. എല്ലാവര്‍ക്കും ചെറിയപെരുന്നാള്‍ ആശംസകള്‍...

Friday, September 18, 2009

മരുഭൂമിയിലെ പെരുന്നാളിനെക്കുറിച്ച്....


പ്രവാസികളുടെ പെരുന്നാളിനെക്കുറിച്ച് ചിലത് കുറിക്കുമ്പോള്‍ ഈ മരുഭൂമിയെപ്പറ്റിയും ചിലതു പറയാതെ വയ്യ. സ്വയം ഭരണപ്രദേശങ്ങളായി ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളൊന്നുചേര്‍ന്ന് ഐക്യത്തിന്റെ വിജയഗാഥ രചിച്ച് വികസനത്തിന്റെ കൊടുമുടിയിലേക്ക് രഥമുരുട്ടിയ ചരിത്രമാണ് യു എ ഇയുടേത്. അക്ഷരാര്‍ഥത്തില്‍ ഒരു തലമുറയുടെ ഉള്ളം ത്രസിപ്പിക്കുന്ന വീരചരിതം, ഇതിഹാസത്തിന്റെ അതിമനോഹര കാഴ്ചകള്‍!

എണ്ണയുടെ രൂപത്തില്‍ അവതരിച്ച അനുഗ്രഹവും ഭരണാധിപന്മാരുടെ ദീര്‍ഘദൃഷ്‌ടിയും ജനങ്ങളുടെ കൂട്ടായ്മയുമൊക്കെയാണ് യു എ ഇ നേടിയ ഉന്നതിയുടെ രസതന്ത്രം.

ഏഴാം നൂറ്റാണ്ടിലാണ് ഈ രാജ്യം ഇസ്‌ലാമിനു കീഴില്‍ വരുന്നത്. അറബിക്കടലിന്റെ അങ്ങേക്കരയില്‍ സ്വര്‍ണം വിളയുന്ന നാടുണ്ടെന്ന് കേട്ടറിഞ്ഞ് കാണാപ്പൊന്നിനായി കടല്‍ താണ്ടിയെത്തിയ തൊഴിലാളികള്‍ക്കാണ് യു എ ഇയുടെ ജനസംഖ്യാകണക്കില്‍ ഭൂരിപക്ഷം. നാല്പത്തൊന്ന് ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 20 ശതമാനം മാത്രമാണ് യു എ ഇ പൌരന്മാര്‍. ബാക്കി 80 ശതമാനവും, നെയ്‌തുകൂട്ടിയ സ്വപ്‌നങ്ങളുമായി നാട്ടിലെ പ്രിയപ്പെട്ടവരെ പോറ്റാന്‍ മാന്യമായ വരുമാനത്തിനായി കടല്‍ കടന്ന് വന്നവര്‍ തന്നെ. രാജ്യത്തെ തൊഴില്‍ സമൂഹത്തിന്റെ 95 ശതമാനവും അന്യരാജ്യങ്ങളില്‍ നിന്നെത്തിപ്പെട്ടവരാണ്. യു എ ഇയുടെ മണ്ണില്‍ നട്ട പ്രതീക്ഷകളില്‍ പച്ചപിടിച്ച് വളര്‍ന്നവരും മൈലുകള്‍ താണ്ടിയെത്തി ഇതേ മണ്ണില്‍ പുലിവാല് പിടിച്ചവരും ഏറെ.

ഇവിടെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തകള്‍ക്കൊപ്പം തന്നെ അകപ്പെട്ടുപോയ ദുരിതത്തിന്റെയും ചതിയുടെയും പീഢനങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. മൃഗങ്ങളെപ്പോലെ പണിയെടുപ്പിച്ച് ചണ്ടിപോലെ വലിച്ചെറിയപ്പെട്ട നിരവധി മലയാളി ജീവിതങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എങ്കിലും നാട്ടിലേക്കയക്കുന്ന ദിര്‍ഹമിന്റെ തുട്ടുകള്‍ വിനിമയ നിരക്കിലെ അക്കങ്ങള്‍ക്കനുസരിച്ച് പെരുകുന്ന മായാജാലത്തില്‍ പ്രവാസി തൊഴില്‍ സമൂഹം വേദനകള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.
ശവ്വാലിന്റെ പൊന്നമ്പിളിക്കീറ് തെളിയുന്നതോടെ പ്രവാസികളും ആഹ്ലാദത്തിമിര്‍പ്പിലാകും. പിറന്ന വീടും വളര്‍ന്ന നാടും കയ്യൊഴിഞ്ഞ് ബഹറിനിക്കരെ* ഗൃഹാതുരത്വത്തിന്റെ വിങ്ങലും വീര്‍പ്പുമുട്ടലുകളുമായി കഴിയുന്ന പ്രവാസികള്‍ക്ക് പെരുന്നാള്‍ മനസ്സിന് കുളിരു പകരുന്ന ഒരനുഭവം തന്നെയാണ്.

അറബി നാടുകളിലെ പെരുന്നാളാഘോഷത്തിന് ചരിത്രത്തിന്റെ അരികു ചേരുന്നതിന്റെ പ്രാധാന്യമുണ്ട്. എണ്ണ സമ്പന്നതയുടെ ഉന്നതിയില്‍ പഴമയിലെ ഇല്ലായ്മകള്‍ മറന്നുപോയ അറബ് നാടുകളിലായിരിക്കും പെരുന്നാള്‍ ഏറ്റവും ആഹ്ലാദത്തോടെ ആഘോഷിക്കുന്നത്. പെരുന്നാളിന്റെ പ്രഭാതത്തില്‍ ഇരു ഹറമുകളിലേക്കുമുള്ള** ജനപ്രവാഹം കണ്ടാല്‍, ലോകമൊന്നാകെ ഒഴുകിയെത്തുന്നതായി തോന്നും. കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും പണക്കാരനും പാവപ്പെട്ടവനും ഒരേ മന്ത്രധ്വനികളും ഒരേ ലക്ഷ്യവുമായി നീങ്ങുന്ന കാഴ്‌ച പെരുന്നാള്‍ നല്‍കുന്ന ധന്യതയുടെ ചിത്രങ്ങളിലൊന്നാണ്. ലോകം മുഴുവന്‍ ഈദ് ആഘോഷിക്കുമ്പോള്‍ ഗള്‍ഫ് നാടുകള്‍ ലോകത്തിന്റെ ഒരു പരിഛേദമാണോ എന്ന് വിസ്‌മയിച്ചു പോകും. പ്രവാസത്തിന്റെ വഴികളില്‍ പലതരക്കാരും ഇവിടെ ആഘോഷ ദിനത്തില്‍ ഒന്ന് ചേരുന്നു.
പ്രവാസികള്‍ക്ക് ഓരോ ഈദും ഓര്‍മപ്പെരുന്നാളുകളാണ്. അടുത്തിരിക്കുമ്പോഴല്ല അകലുമ്പോഴാണ് ഓരോന്നും തീവ്രമായ ഓര്‍മകളായി തിരിച്ചെത്തുന്നത്. ബാല്യത്തിലും കൌമാരത്തിലും കടന്നു പോയ നാട്ടിലെ പെരുന്നാള്‍ ദിനങ്ങള്‍ വീണ്ടും ഓര്‍മയില്‍ സജീവമാകുന്ന വേളയാണിത്. നിലയ്‌ക്കാത്ത യാന്ത്രികതയില്‍ ഓടിത്തളരുമ്പോള്‍ ഇത്തിരിയാശ്വാസമാകുന്നതും ഇത്തരം ഓര്‍മകളാണ്.

രണ്ടു പതിറ്റാണ്ടിനപ്പുറത്തെ മലയാളിയുടെ ജീവിതത്തിലെ പങ്കപ്പാടുകള്‍ക്കിടയിലെ മധുരവും വേദനയും നിറഞ്ഞ പെരുന്നാള്‍ ഓര്‍മകളാവും പലര്‍ക്കുമുള്ളത്. പെരുന്നാള്‍ പിറകാണാന്‍ കാത്തിരുന്നതും പിറകാണാതെ നിരാശരായി വീട്ടിലെത്തുമ്പോള്‍ പള്ളിയില്‍ നിന്ന് തക് ബീര്‍ധ്വനി ഒഴുകിവരുന്നതും മയിലാഞ്ചി മണക്കുന്ന ഇടവഴികളിലൂടെ ഇറച്ചി വാങ്ങാന്‍ പോയതുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതിരാവിലെ മുങ്ങിക്കുളിച്ചെത്തുമ്പോള്‍ പെട്ടിയില്‍ നിന്ന് ഉമ്മയെടുത്തുതരുന്ന കോടിയുടുപ്പിന്റെ മണം ഏത് ഫോറിനത്തറിനാണ് തരാന്‍ കഴിയുക? ഇല്ല, ഒരിക്കലുമില്ല. പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം ഉമ്മമാരേ... നിങ്ങളുടെ നിര്‍വചിക്കാനാവാത്ത മഹത്വം ഈ പെരുന്നാളില്‍ കൂടുതലായി ഞങ്ങളറിയുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഈറനണിയുന്നു.

ഈദ്ഗാഹില്‍ *** നിന്ന് മടങ്ങിയെത്തി നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുന്നതോടെ സാധാരണ പ്രവാസിയുടെ പെരുന്നാള്‍ വര്‍ത്തമാനങ്ങള്‍ അവസാനിക്കുകയായി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങളുമുണ്ട്. നാടിനേക്കാള്‍ ഊര്‍ജസ്വലതയോടെ പെരുന്നാളാഘോഷം ഒരുക്കുന്ന ചില മത സാംസ്കാരിക സംഘടനകളുടെ സാന്നിധ്യം വേറിട്ട കാഴ്‌ച തന്നെയാണ്. അത്തരം കേന്ദ്രങ്ങളിലും വിപുലമായ രീതിയില്‍ ഈദ്മീറ്റുകളും മറ്റും സംഘടിപ്പിക്കുന്നതിനാല്‍ അവിടങ്ങളിലും മിക്കവരും എത്തിച്ചേരുന്നു. നന്മകളുടെ സൌഹൃദവേദികളാകുന്ന ഇത്തരം ഹൃദ്യമാകുന്ന കാഴ്ചകള്‍ പ്രവാസ പെരുന്നാളിന്റെ മായാത്ത അനുഭവങ്ങളാകുന്നു.

അല്ലാഹു അക് ബര്‍............. വലില്ലാഹില്‍ ഹംദ്.
ഈദ് സ‌ഈദ്...



--
* ബഹര്‍ = കടല്‍
** ഹറമുകള്‍ = മക്കയിലെ ക‌അ്ബയും, മദീനയിലെ പ്രവാചകന്റെ പള്ളിയും
*** ഈദ്ഗാഹ് = പെരുന്നാള്‍ പ്രാര്‍ഥന നടത്തുന്ന തുറസ്സായ സ്ഥലം

ശശി തരൂര്‍ ഒരു സൂചിക മാത്രമാണ്....

ചിലവിടാന്‍ പോക്കറ്റില്‍ പണമുള്ളത് ഒരിയ്ക്കലും മറച്ച് വെച്ചില്ലെന്ന ശശി തരൂരിന്റെ സത്യന്ധത അംഗീകരിക്കേണ്ടതാണ്. ഇക്കോണമി ക്ലാസ്സിനെ കാറ്റ്ല്‍ ക്ലാസ്സായി കണക്കാക്കുന്നത് ഈ പോക്കറ്റിലെ കനത്തെക്കുറിച്ചുള്ള ഊറ്റം കൊണ്ടാണെങ്കിലും അതില്‍ തെറ്റ് പറയേണ്ടതുണ്ടെന്ന് തോന്നിയിട്ടല്ല. പാവങ്ങളുടെ ഭാഷ സംസാരിയ്ക്കുകയും തരം കിട്ടുമ്പോഴൊക്കെ, അവരുടെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരുകയും ചെയ്യുന്നവരാണ് ഇവിടത്തെ രാഷ്ട്രീയക്കാരില്‍ ഏറിയകൂറും. അവരെ ഹോളി കൗസ് എന്ന് ആക്ഷേപം അടങ്ങുന്ന പരാമര്‍ശത്താലല്ലാതെ വിളിച്ചതില്‍ തരൂരിനെ തെറ്റ് പറയേണ്ടതുണ്ടെന്നും അഭിപ്രായമില്ല. നിയമത്തിന്റെ സാധുതയ്ക്കും പരിരക്ഷ നല്‍കാനാകുമെങ്കിലും കേവല ധാര്‍മികതയുടെ പേരിലെങ്കിലും ഒരു പാര്‍ലമെന്റേറിയന്‍, ഒരു മന്ത്രി പാലിക്കേണ്ട ചിലതുണ്ട്. എന്നാല്‍ അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള ചവിട്ടുപടി എന്നതില്‍ക്കവിഞ്ഞ ഒരു പ്രാധാന്യം ശശി തരൂര്‍ എന്ന ഡിപ്ലോമാറ്റ് ശശി തരൂര്‍ എന്ന പാര്‍ലമെന്റംഗത്തിന് നല്‍കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ജനകീയതയ്ക്കായി നടത്തുന്ന മുഖംമറയ്ക്കലുകള്‍ക്ക് തയ്യാറാകാതെ പോളിറ്റിക്കല്‍ എക്‌സിക്യുട്ടിവായി. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങൊക്കെ ഏതാണ്ട് വിരസ കോമഡികളായി മാത്രമേ നമുക്ക് കാണാനാവുന്നുള്ളുവെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

എത്ര ശ്രമിച്ചാലും നടക്കാത്ത ഒന്നുണ്ട്. എത്രസൂക്ഷിച്ചാലും വാക്കുകളുടെ മേലുള്ള കടിഞ്ഞാണ്‍ ചിലപ്പോള്‍ നഷ്ടമാകുക തന്നെ ചെയ്യും. വാക്കുകളുടെ മേല്‍ വല്ലാതെ കരുതല്‍ സൂക്ഷിയ്ക്കുന്നവരാണ് ഡിപ്ലോമാറ്റുകള്‍. ഇവിടെ തരൂരാവട്ടെ ഇത്തരത്തില്‍ ഇന്ത്യയിലിന്നുള്ളവരില്‍ ഏറെ ഉയരത്തില്‍ വ്യാപരിക്കുന്ന ഒരാളും. നമ്മുടെ മിക്കവാറും എല്ലാ പ്രശ്‌നങ്ങളും ഭാഷയുടേത്, ഭാഷയിലേത്, ഭാഷയെക്കുറിച്ചുള്ളത് മാത്രമായി തീര്‍ത്തിരിയ്ക്കുന്നു. എല്ലാ കലാപങ്ങളും സമരങ്ങളും ഭാഷകൊണ്ട് നടത്തുന്നവ മാത്രമായി, ഭാഷയിലെ സമരങ്ങളും ഭാഷയിലെ വിജയങ്ങളും മാത്രമായി ഏതാണ്ട് പൂര്‍ണ്ണമായി തീര്‍ത്തിരിയ്ക്കുന്നു. ഇത്രമാത്രമേ ഈ വിഷയത്തിലും നടക്കുന്നുള്ളൂ. ഭാഷയ്ക്കപ്പുറത്തെ മാനങ്ങളിലേക്ക് ഇത് ചെന്നെത്തുകയുമില്ല.

ഇത് സംബന്ധിച്ച സംഭാഷണമദ്ധ്യേ ഒരു സുഹൃത്ത് മാധ്യമപ്രവര്‍ത്തകന്റെ നീതിബോധത്തെയും സാമാന്യബോധത്തെയും ചോദ്യം ചെയ്തതോര്‍ക്കുന്നു. ഭാഷയുടെ ചാരുതയും പ്രയോഗഭംഗികളും ആസ്വദിയ്ക്കാന്‍ അറിയാത്ത മടയന്മാരെക്കുറിച്ചോര്‍ത്തും വാര്‍ത്തകളെ സൃഷ്ടിയ്ക്കുന്നവരെയും കൊണ്ടാടുന്നവരെയും അവരുടെ മാനസിക തകരാറുകളെക്കുറിച്ചും അദ്ദേഹം വികാരാധീനനാകുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാര്‍ ഭരിച്ച് നശിപ്പിച്ച ഭാരതഭൂമിയെ രക്ഷിയ്ക്കാന്‍ ശശി തരൂരിനെപ്പോലുള്ളവരെ അനുവദിയ്ക്കുകയില്ലേ എന്നിടം വരെ ഒരുവേള ചോദ്യങ്ങള്‍ എത്തുകയും ചെയ്തു.

എന്നിട്ടും പ്രയോഗത്തിന്റെ തരക്കേടുകളെക്കുറിച്ച് എല്ലാവരും പറഞ്ഞു. ഒടുവില്‍ സാക്ഷാല്‍ ശശി തരൂര്‍ മാപ്പും പറഞ്ഞു. പ്രശ്‌നം പ്രയോഗത്തിന്റെ അനൗചിത്യം മാത്രമാണോ? ലൈബീരിയയില്‍ ഇരുന്നുകൊണ്ട് വെള്ളിയാഴ്്ച പുലര്‍ച്ചെ ട്വിറ്ററില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ട വാക്കുകള്‍ക്കിടയില്‍ തന്നെപ്പോലെ ഒരു ബുദ്ധിമാനെ മനസ്സിലാക്കാന്‍ ആവാത്ത എല്ലാവര്‍ക്കുമെതിരായ പരിഹാസമുണ്ട്. ഇല്ലേ? തന്റെ തമാശയ്ക്കും ഭാഷയ്ക്കുമൊപ്പമെത്താത്ത ശരാശരിക്കാരെക്കൊണ്ടു നിറഞ്ഞ രാജ്യത്ത് വന്നുപിറക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വേദനയുണ്ട്. മലയാളമെന്ന ഭാഷയുടെ പരിമിതിയെക്കുറിച്ചുള്ള ഒളിയമ്പുണ്ട്. നേരത്തെയത്ര തെളിച്ചല്ല അതൊക്കെ പറഞ്ഞിരിയ്ക്കുന്നതെന്ന് മാത്രമെന്നാണ് ഈയുള്ളവന് തോന്നിയത്. ഇതും പരിമിതിയാകണം. ആയിരക്കണക്കിന് വാര്‍ത്തകള്‍ വായിച്ച് കടന്നുപോയാലും ഒരു ഹോട്ട് ഡോഗിനെ മാത്രം (അത് ചെയ്തവനെ ന്യായീകരിക്കുകയല്ല) ഉദാഹരിക്കുമ്പോള്‍ ഇതെഴുതുന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യനാണെന്നും അവനും രാഷ്ട്രബോധമുണ്ടെന്നതും ഓര്‍ക്കേണ്ടതില്ലേ? (2009 sept.)


വാല്‍: തരൂരിനെതിരെ നടപടി എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു. എന്ത് നടപടി? അങ്ങനെയൊന്നിന് പാര്‍ട്ടി മുതിരുമെന്ന് പ്രധാനമന്ത്രിയുടെ ജോക് പ്രസ്താവം സൂചന തരുന്നില്ല. പാര്‍ട്ടി വക്താക്കളും ഗെലോട്ടും പറഞ്ഞത് അറിഞ്ഞതേയില്ലെന്നതാണ് ഇഫ്താര്‍ വിരുന്നിനിടെ മന്‍മോഹന്‍ നടത്തിയ പ്രസ്താവന തെളിയിക്കുന്നത്.

ചെറിയ പെരുന്നാള്‍ ആശംസകള്‍

ഒരു വൃതശുദ്ധിയുടെ ഒരു ചെറിയ കാലം ഇവിടെ പര്യവസാനിക്കുന്നു .മനസ്സും ശരീരവും സംസ്കരിക്കപ്പെടുവാന്‍ മനുഷ്യനിലെ വികാര, വിചാര ,ഭോഗാസക്തികളെ നിയന്ത്രണവിധേയമാക്കിയ ത്യാഗപൂര്‍ണമായ ഒരു മാസം വിടപറയുന്നു .ഭക്തിയുടെ നിലാവെളിച്ചം മനസിലേക്കാവേശിച്ചു നല്കിയ ഉണര്‍വിന്റെയും നന്മയിടെയും മേന്മയേറിയ ഒരു പുതു പുലരി ഇവിടെ പിറക്കുന്നു .ആല്‍ത്തറയിലുള്ള എല്ലാ സുമനസുകള്‍ക്കും ഹൃദയംഗമമായ ചെറിയ പെരുന്നാള്‍ ആശംസകള്‍

Saturday, September 12, 2009

ആല്‍ത്തറയും അണ്ണാന്‍കുഞ്ഞും


മുന്നൂറു വര്‍ഷം മുന്‍പ് അപരിചിതനായ ഒരു വിദേശി നമ്മുടെ ഭാഷയ്ക്ക് ആദ്യ നിഘണ്ടു നല്‍കി. ഇരുന്നൂറു വര്‍ഷം മുന്‍പ് വിജ്ഞാനദാഹിയായ ഒരു വിദേശി നമ്മുടെ ജൈവവൈവിധ്യത്തെ ആദ്യമായി അപഹരിച്ചു. പശ്ചിമഘട്ടത്തിന്റെ സുഗന്ധം തേടി വന്ന വിദേശികള്‍ നമ്മുടെ സംസ്ക്കാരത്തിന്റെ വൈവിദ്യതിലേക്ക് ലയിച്ചു. നമ്മുടെ ദേശത്തെയും, ഭാഷയെയും, സംസ്കാരത്തെയും സ്നേഹിക്കുന്ന അറുപതു ലക്ഷത്തോളം ഓരോ വര്‍ഷവും കേരളത്തിലെത്തുന്നു. ലോകം, ഇന്ന് കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മളോ ?

ആ കൊച്ചു കേരളത്തിലെ ബ്ലോഗുതരവാടിലോന്നായ " ആല്‍ത്തറയും " അതിനു തണലേകി കൊണ്ടു വളര്‍ന്നു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആല്‍മരത്തിന്റെ തണലില്‍ ഇരുന്നുകൊണ്ട്‌ നമുക്കും നമ്മുടെ കലാ, സാംസ്കാരിക, സംഗീതാതികള്‍ ഭാവനകള്‍ ചിറകു വിടര്‍ത്തി പറന്നാസ്വദിക്കാം ... ഈ ആല്‍ത്തറയുടെ ചുറ്റും ഒത്തിരി ഒത്തിരി ഇരിപ്പിടങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, അല്ല ആല്‍ത്തറ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നമുക്കു തണലേകി അരയാല്‍ മുത്തഛന്റെ ഇലകളുടെ മര്‍മ്മരങ്ങളും ഇളം കാറ്റും ഏറ്റുകൊണ്ട് നമുക്കു കുശലങ്ങള്‍ പറയാം .. അഭിപ്രായങ്ങള്‍ കൈമാറാം അടിപിടി കൂടാം .. നമ്മുടെ നാടിനെക്കുറിച്ച് അന്യ ദേശക്കാരെപ്പോലെ നമുക്കും അഭിമാനിക്കാം. ഈ അരയാലിനെ പോലെ കുടുംബവും വാനോളം വളരട്ടെ ! വളര്‍ന്നു പന്തലിക്കട്ടെ !!! ....

അതാ ഒരു അണ്ണാന്‍ കുഞ്ഞു ചില്‍ ... ചില്‍ ശബ്ദത്തോടെ അരയാലിന്‍ കൊമ്പില്‍ നിന്നും ഇറങ്ങി വരുന്നു. എന്നത്തേയും പോലെ ഇന്നും ആല്‍ത്തറക്കു ചുറ്റും തുള്ളിചാടുകയാണ് പുതിയ അതിഥികള്‍ ആരെങ്കിലും ഉണ്ടോ എന്നു നോക്കുവാനായിരിക്കും ... വര്‍ത്തമാനം ചോല്ലാനായിരിക്കും .. കുശലം പറയാനായിരിക്കും ... എന്നും ഈ അണ്ണാന്‍ കുഞ്ഞിനു പുതിയ പുതിയ സുഹൃത്തുക്കളെകാണട്ടെ ...
നമുക്കു ആല്‍ത്തറയിലേക്ക് നടക്കാം ... വരൂ .....

Friday, September 11, 2009

ഉഡായിപ്പന്‍ രാജസദസ്സ് ( ഓണം‘9 " വരവുചിലവുകള്‍ " )


(രംഗം) രാജാധിരാജന്‍ ഭൂലോക ബോറന്‍ ഉഡായിപ്പന്‍(RRBB) രാജസദസ്സ്.

രാജകിങ്കരന്മാര്‍ അവരവരുടെ കുന്തത്തിന്മേല്‍ തൂങ്ങി ഉറങ്ങുന്നു … പെട്ടെന്ന് ..

സദസ്സില്‍ അലമുറകള്‍ ഉയരുകയായി..

രാജാധിരാജന്‍ ഭൂലോക ബോറന്‍ ഉഡായിപ്പന്‍ തിരുമനസ്സ് എഴുന്നള്ളുന്നെ ….
തിരുമനസ്സ് തന്റെ ഒന്നൊന്നര കാലില്‍ ഒരു ഒന്നൊന്നര നടത്തം നടന്നു സദസ്സിലേക്കു പ്രവേശിക്കുന്നു ( മഹാഭാരതം സീരിയലിലെ ശകുനിയെ ഓര്‍മിപ്പിക്കും പോലെ)

ആരവിടെ... നമ്മുടെ മുഖ്യ മന്ത്രി പുംഗവന്‍ മര്‍ക്കട ശിരോമണി എവിടെ…
കഴിഞ്ഞ ഓണത്തിന്റെ, നമ്മുടെ ഖജനാവിലെത്തിയ പൊന്‍പണങ്ങളുടെ കണക്കു ബോധിപ്പിക്കാന്‍ നാം ഉത്തരവിടുന്നു …

മര്‍ക്കട ശിരോമണി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കുംഭയും തടവിക്കൊണ്ട് കണക്കു പുസ്തകത്തില്‍ കണ്ണും നട്ടും ഇടയ്ക്കിടെ
രാജാവിനെ ഒളികണ്ണിട്ടു നോക്കിയും സദസ്സിലേക്ക് പ്രവേശിക്കുന്നു.

തിരുമനസ്സ് നീണാള്‍ വാഴട്ടെ …. തിരുമനസ്സ് വിജയിക്കട്ടെ … ലോകം കീഴടക്കട്ടെ …

ഓ .. മതിമതി ദോ …ങാ ... കണക്കുപുസ്തകം തുറന്നു എല്ലാം വെട്ടിത്തുറന്നു അരുളിയാട്ടെ …( ദേഷ്യത്തോടുകൂടി)
നമ്മുടെ പ്രഥമ റാണിയെയും കൂട്ടി രാജ സദസ്സിലേക്കു വരുവാന്‍ കല്പ്പനയിടുന്നു.

ഒരു ഭടന്‍ പോയപോലെ തിരിച്ചുവന്നു പറഞ്ഞു, റാണി പതിനാറാമത് തിരുവയറോഴിയാന്‍ പോയിരിക്കയാണ്‌ തിരുമനസ്സേ …

ഓഹോ… എങ്കില്‍ ഇന്നെല്ലാവര്‍ക്കും പതിനാറുകൂട്ടം കറികളുമായി ഒരു ഗംഭീര സദ്യ പ്രജകള്‍ക്കു കൊടുക്കാന്‍ നാം ഉത്തരവിടുന്നു, അഞ്ചു കൂട്ടം പായസങ്ങളും ഉള്‍പ്പെടുത്താന്‍ വെപ്പുകാരനോടെ പ്രത്യേകം പറയണം…

( സദസ്സിനുള്ളില്‍ കുശുകുശുക്കല്‍ ) കേള്‍ക്കുന്നുണ്ടായിരുന്നു ഇരുപതു കൂട്ടം കറികള്‍ ഉള്ള സദ്യ എപ്പോഴാണാവോ കിട്ടുക … അതിനിടെ ഒരുവന്‍ മൊഴിഞ്ഞു,
എന്തിനു അന്തപ്പുരത്തില്‍ വേറെയും 'വേളികള്‍ ' കുറെ ഉണ്ടല്ലോ തിരുമനസ്സിനു, ചിലപ്പോള്‍ ഈ കൊല്ലം തന്നെ ഇരുപതു കൂട്ടം തികയ്ക്കാനും തിരുമനസ്സിനു സാദിക്കും , തിരുമനസ്സ് ആരാമോന്‍ അതെ അതെ ഒന്നിനും കൊള്ളില്ലെങ്കിലും അതിനെങ്കിലും മിടുക്കനല്ലേ ... ഹ ഹാ ... കൂട്ടച്ചിരികള്‍ ഉയര്‍ന്നു ...

ഉം കണക്കുകള്‍ കേള്‍ക്കട്ടെ …

തിരുമനസ്സേ ഈ ഓണത്തിന് കാര്യമായൊന്നും തടഞ്ഞിട്ടില്ല,
കൂടാതെ അധിക ചിലവു വേറെയും, മാവെലിയാനെങ്കില്‍ 'പന്നിപ്പനി' പിടിച്ചു തൃക്കേട്ട തിരുനാള്‍ ആശുപത്രീലാ .. ഇതും കൊണ്ടു പാതാളത്തിലേക്ക്‌ കാലു കുത്തിപ്പോകരുതെന്നാണ് പാതാളത്തില്‍ നിന്നുള്ള കല്‍‌പനാ, കൂടാതെ ആശുപത്രീലെ എല്ലാര്‍ക്കും അന്നുമുതല്‍ ഇന്നോളം എല്ലാ ദിവസവും ഓണ സദ്യ ആണ് കൊടുക്കുന്നത്, മാവെലികാനെങ്കില്‍ സാദാ ചോറും കറിയും ഒന്നും പിടിക്കുന്നല്ല. ഓണ സദ്യ കിട്ടിയേ അടങ്ങൂ എന്ന വാശിപോലെയാണ് …
പാതാളത്തില്‍ നിന്ന് വരുന്ന വഴി ഏതോ പ്രജ സമ്മാനിച്ചതാനത്രേ ഈ ഓണ സമ്മാനം, പന്നിപ്പനി

ആരവിടെ നമ്മുടെ ആനപ്പടയുടെ തലവനോട് പന്നിവേട്ടക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ ഉത്തരവിടുന്നൂ …

ങും … എവിടെ നമ്മുടെ മന്ത്രി പുംഗവന്മാര്‍ , ശകടനും ( ഗതാഗതം ) ശപ്പാടനും ( ഭക്ഷ്യം ) ദുട്ടും (ധനം ) നാട്ടിയും (കൃഷി ) എല്ലാവരെയും
എന്റെ മുന്നിലേക്ക് എഴുന്നല്ലാന്‍ പറയൂ .. കേള്‍ക്കട്ടെ പേക്കൂത്തുകള്‍ …

മര്‍ക്കടന്‍ പോയി തിരിച്ചുവന്നിട്ട്‌ രാജാവിനെ നോക്കിനിന്നു .

രാജാവ് ഉച്ചത്തില്‍ അലറിക്കൊണ്ട്‌, ... എവിടെ ആ കോന്തന്മാര്‍ ...
തിരുമനസ്സേ അവര്‍ വിഡ്ഢിപ്പെട്ടിയില്‍ പട്ടുക്രീടകള്‍ (സ്റ്റാര്‍ സിങ്ങര്‍ ) കണ്ടുകൊണ്ടിരിക്കായ ഒന്നു രണ്ടു SMS അയച്ചിട്ടു വരാമെന്ന് പറഞ്ഞു.
എന്ത്.. രാജാവ് ഒന്ന് അലറി,

പുംഗവന്മാര്‍ അലര്‍ച്ചകേട്ട് ഓടിവന്ന് അവരവരുടെ ഇരിപ്പിടത്തില്‍ ആസനസ്ഥനായി

എന്താണ് നിങ്ങള്‍ക്ക് ബോധിപ്പിക്കാനുള്ളത് … കേള്‍ക്കട്ടെ..

ഓണത്തിനു അഞ്ചു നാള്‍ മുന്‍പ് പോയ വണ്ടികളൊന്നും ഇതുവരെ തിരിച്ചു വന്നിട്ടില്ല , ബംഗ്ലോറില്‍ ചെന്ന വണ്ടികളെ തിരിച്ചു പോരുമ്പോള്‍ പിടിച്ചു വച്ചിരിക്കയാണ് വണ്ടിയിലുള്ള പച്ചക്കറി മുഴുവന്‍ കാറ്റില്‍ വച്ച് തിന്നു തീര്‍ത്തെന്നും രാവിലെ ദൂതന്‍ പറഞ്ഞു.

നമ്മുടെ നാട്ടി ക്കൂട്ടത്തിന്റെ (കാര്‍ഷിക ബോര്‍ഡ്‌ ) പച്ചക്കറിയും, പെണ്കൂട്ടത്തിന്റെ (കുടുംബശ്രീ ) യും , മാവെലിക്കൂട്ടതിന്റെയും ഉണ്ടായിരുന്നില്ലേ …

അപ്പോള്‍ രാജസദസ്സില്‍ നിന്നും ഒരുവന്‍ ഉച്ചത്തില്‍…

നാട്ടിക്കൂട്ടത്തിന്റെ കാര്യം പറയേണ്ട എഴുത്താശന്മാര്‍ (ഉദ്യോഗസ്ഥന്മാര്‍ ) ആണ് സാമാനങ്ങള്‍ എടുത്തു കൊടുത്തിരുന്നത്, മുച്ചക്രവണ്ടിയില്‍ (ഓട്ടോറിക്ഷ ) വീട്ടില്‍ എത്തിയപ്പോളാണ് പറഞ്ഞ സാധനങ്ങള്‍ ഒന്നുമല്ല കിട്ടിയത്, സാമ്പാറിനും, പുളിശേരിക്കും സാധനം വാങ്ങാന്‍ ചെന്നവര്‍ക്ക് വീട്ടില്‍ ചെന്ന് ' പച്ചടിയും ഓലനും ' ഉണ്ടാക്കെണ്ടിവന്നു. ചോദിച്ചപ്പോള്‍ വായമൂടികെട്ടി (മാസ്ക് ) യത് കൊണ്ടാണ് അവര്‍ക്ക് ചോദിക്കാന്‍ കഴിയാത്തതെന്ന്, കുറെ പരാതികള്‍ ഇതു പോലെ വന്നിട്ടുണ്ട് എന്തിനേറെ പറയുന്നു മാവേലി പോലും ആരോടും മിണ്ടീട്ടില്ലാ എന്നാ അറീന്നത് .

രാജാവു ദേഷ്യത്തോടെ .. അങ്ങോട്ടും ഇങ്ങോട്ടും തന്റെ ഒന്നരക്കാലും കൊണ്ട് .. തതര... തിതര … ഉലാത്തിക്കൊണ്ട് ..പെട്ടെന്ന്…

മദാമ്മമാരും സായിപ്പന്മാരും ഇത്തവണ നാട്ടില്‍ വന്നിട്ടില്ലേ അവരെല്ലാം സന്തോഷിച്ചോ ..

മര്‍ക്കടന്‍ ഊര്‍ജ്ജത്തോടെ … ഇത്തിരി ആശ്വാസത്തോടെ പ്രജകളെ കുറ്റം പറയാന്‍ കിട്ടിയ അവസരമല്ലേ ..

ദൈവത്തിന്റെ സ്വന്തം നാടാണ് പോലും, നാടു കാണാന്‍ വന്നവര്‍ക്ക് ജീവനും കൊണ്ട് ഓടേണ്ടിവന്നു ആക്രാന്തന്മാരായ പ്രജകളെ കൊണ്ട് തുലഞ്ഞുപോയി . ഇവന്മാരെ സ്വാഗതം ചെയ്തു കൂട്ടി കൊണ്ടുവരാന്‍ നമ്മളും ഓടിച്ചുവിടാന്‍ പ്രജാ കൂതരമാരും … ഹോ … മര്‍ക്കടന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു കൊണ്ട് പറഞ്ഞു നിര്‍ത്തി …

ആകെ തടഞ്ഞത് സോമരസം (ബിവരെജ് ) മാത്രമാ ... പ്രജകള്‍ക്കു അതില്ലാതെ ഓണം ഇല്ലല്ലോ !!!!

രാജാവു ഉടന്‍ ഉത്തരവിട്ടു ... എങ്കില്‍ ആയിരം സോമരസ കൂടാരം തുടങ്ങാന്‍ നാം ഉത്തരവിട്ടു കൊള്ളുന്നൂ ...

അപ്പോള്‍ അന്തപ്പുരതിനുള്ളില്‍ നിന്നും ഒരു തോഴി രാജാവിനെ മുഖം കാണിക്കാന്‍ വന്നു അരുളിച്ചെയ്തു ...

രാജ റാണിയുടെ പതിനാറാമത് തിരുവയര്‍ ഒഴിഞ്ഞു ...

രാജാവു സന്തോഷത്തോടെ … അതുവരെയുള്ള ദേഷ്യം പെട്ടെന്നു പമ്പ കടന്നു .

ഉറക്കെ അരുളിച്ചെയ്തു … ആരവിടെ പതിനാരുകൂട്ടം കറികളും ഒരുക്കി ഒരു സദ്യ കൊടുക്കുവാനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കൂ !!!

തിരുമനസ്സു നീണാള്‍ വാഴട്ടെ…. പതിനാരാമാനും നീണാള്‍ വാഴട്ടെ….. രാജറാണി നീണാള്‍ വാഴട്ടെ….

(രാജസദസ്സില്‍നിന്നും വിളികള്‍ വീണ്ടും വീണ്ടും ഉച്ചത്തില്‍ മുഴങ്ങി ...)

Saturday, September 5, 2009

തൃശ്ശൂരില്‍ പുലിക്കളി





തൃശ്ശൂരില്‍ ഇക്കൊല്ലം [സെപ്തംബര്‍ അഞ്ച് രണ്ടായിരത്തി ഒന്‍പത്] മഴയില്‍ കുതിര്‍ന്ന പുലിക്കളിയായിരുന്നു. തുടക്കത്തില്‍ ട്രാഫിക്ക് പോലീസിന്റെ സീബ്രകള്‍ ഇറങ്ങിയിരുന്നു.

പിന്നീട് പുലികള്‍ ഇറങ്ങിയപ്പോഴെക്കും മഴയായി. എന്നാലും ജനം മഴയില്‍ പുലികളെ വരവേറ്റു. പക്ഷെ പലരും ക്യാമറ പുറത്തെടുത്തില്ല. എനിക്ക് നല്ല ഫോട്ടോകളൊന്നും എടുക്കാനായില്ല. ഉള്ളത് ചിലത് ഇവിടെ പ്രദര്‍ശിപ്പിക്കാം.

എല്ലാവര്‍ക്കും പുലിക്കളി ആശംസകള്‍...... വൈകിയാണെങ്കിലും ഓണാശംസകളും

തൃശ്ശൂരില്‍ പുലിക്കളി

വികലാംഗം

വിളക്കേ നീയെന്താണെരിയാത്തതിനിയും?
തിരി ചോർന്നുവോ?
നിൻ പാദങ്ങളിലോട്ടവീണുവോ?

ഏറെച്ചെറുതാം നിനക്കീ വലിയിരുളിൽ ശോഭിക്കവയ്യതെന്നോ?

ശോകക്കാറ്റടിപ്പൂ ചുറ്റിനും
നിൻ കാഴ്ച്ച മങ്ങുന്നുവോ?

ഇല്ലയോ..
ആരുമിവിടയീ
വിള്ളൽപ്പഴുതടച്ചിടാനായ്‌?

പുതു ജീവൻ നൽകിടാനായ്‌
വിലയില്ലാത്തൊരീ വികലാംഗമായ്‌
പാഴിലേക്കാകുമോ..നീ..




ബിനു എം ദേവസ്യ

1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും
തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു.

കഠിനാധ്വാനം, ആത്മവിശ്വാസം, ആതമസർപ്പണം, അതിരുകളില്ലാത്ത സൗഹൃദങ്ങൾ ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറുകണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാസമാഹാരമാണ് 'സ്വപ്നങ്ങളിലേക്കുള്ള വഴികൾ'(അച്ചടിയിൽ). ബിനുവിന് 'ഇ-ലോകവുമായി'(e world) യാതൊരു ബന്ധവുമില്ല.

വിലാസം:

ബിനു എം ദേവസ്യ
c/o എം ഡി സെബാസ്റ്റ്യന്‍
മുല്ലയില്‍ ഹൗസ്‌
സുരഭിക്കവല
മുള്ളന്‍കൊല്ലി തപാല്‍
പുല്‍പ്പള്ളി
വയനാട്‌
പിന്‍ കോഡ്‌ : 673579
ഫോണ്‍: + 91 98465 86810
aksharamonline@gmail.com


വിശദാംശങ്ങൾ ചുവടെ..
http://www.binusdream.blogspot.com/
http://www.binuvinte-kavithakal.blogspot.com/

ബിനു എം ദേവസ്യയുടെ കവിത

Thursday, September 3, 2009

ഒരു റിയല്‍ ഓണം - ഓണം എങ്ങനെ ആഘോഷിച്ചു?

ഉത്രാടപാച്ചിലില്‍ ക്ഷീണിച്ച മലയാളി ടീവിക്ക് മുന്‍പില്‍ കുത്തിയിരുപ്പായി. ചാനല്‍കാര്‍ മത്സരത്തിലാണ്. ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ എന്ന് പറഞ്ഞപോലെ എല്ലാ ചാനലുകളും അവരരുടെ ഒപ്പം ഓണം ആഘോഷിക്കാന്‍ പ്രേക്ഷകരെ ക്ഷണിക്കുകയാണ്.

ഇന്ന് എന്തിനും ഏതിനും ഒരു റിയാലിറ്റി ടച്ച്‌ വേണം. കല്യാണമായാലും ഫസ്റ്റ് നൈറ്റ്‌ ആയാലും എന്തിനു ഒന്ന് മുള്ളുന്നത് വരെ റിയാലിറ്റിയായാല്‍ പ്രേക്ഷകര്‍ ധാരാളം.

ഈ വര്‍ഷത്തെ ഓണവും റിയല്‍ ആക്കാന്‍ ഒരു പ്രമുഖ ചാനല്‍ മുന്നോട്ടു വന്നിരിക്കുകയാണ്. "സ്റ്റാര്‍ ഓണം സീസണ്‍ 4 " എന്ന ഈ പ്രോഗ്രാം എന്തുകൊണ്ടും സൂപ്പര്‍ ഹിറ്റ് ആകും എന്നതിന് യാതൊരു സംശയവും ഇല്ല. പരിപാടിയുടെ ഇരട്ടി പരസ്യം അതിന്റെ ഒരു തെളിവായി ചാനല്‍ തന്നെ തുറന്നു പറയുന്നു.

"സ്റ്റാര്‍ ഓണം സീസണ്‍ 4 " ഇല്‍ വിധി കര്‍ത്താക്കളായി ജനങ്ങളെ പൊറുതി മുട്ടിക്കുന്നത്‌ ഓണത്തെ എങ്ങനെ വിറ്റു കാശാക്കാം എന്ന് പഠിച്ച "ദി പിന്നൈ സില്‍ക്സ്‌" ഓണര്‍ പട്ടാംബരവും ഗുണ്ട മാനേജ്മെന്റില്‍ ഡിപ്ലോമ നേടിയ നമ്മുടെ മന്ത്രി പൊടിയേരിയും പിന്നെ ചാനല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു റിയാലിറ്റി ഷോയില്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പാലേട്ടനും.

"സ്റ്റാര്‍ ഓണം സീസണ്‍ 4-ഇല്‍ " അവതാരകയായി എത്തുന്നത്‌ കെട്ടിപിടുത്തത്തില്‍ സമര്‍ത്ഥയായ മഞ്ഞിനിയും ചടുല നൃത്തചുവടുമായി മുകിലയുമാണ്.

വളരെ വാശിയേറിയ മത്സരം അതിന്റെ അവസാന റൌണ്ട് ആയ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. "സ്റ്റാര്‍ ഓണം സീസണ്‍ 4" വിജയിക്ക് മഹാബലി നേരിട്ട് പാതാളത്തിലേക്ക് ഒരു യാത്ര സ്പോണ്‍സര്‍ ചെയ്യും കൂടാതെ ഒരോണക്കോടിയും.

പന്ത്രണ്ടു മാസം പന്ത്രണ്ടു വിവിധ റൌണ്ട്കളില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചു പേരാണ് ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്തിയിരിക്കുന്നത്. ഒന്നാമത്തെ റൌണ്ട് ആയ "പൂക്കളം പൊളിവചനം" റൌണ്ടില്‍ പിണങ്ങാരായിയുടെ ഉഗ്രന്‍ പ്രകടനം പ്രേക്ഷകരെ കോരിത്തരിപ്പിച്ചു.

"മാനുഷരെല്ലാരും ഗുണ്ട പോലെ" റൌണ്ടില്‍ ഒരു പാട് നല്ല പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. രാജേഷിന്റെയും പ്രകാശിന്റെയും പ്രകടനം വിധികര്‍ത്താക്കളുടെ പ്രത്യോക പ്രശംസയ്ക്ക് കാരണമായെങ്കിലും ആ റൌണ്ടില്‍ ടോപ്‌ മാര്‍ക്ക് നേടിയത് സതീശനായിരുന്നു. എന്നാല്‍ "സംവിധായക മര്‍ദ്ദന" സംഗതി പ്രയോഗിച്ച ചെറുപ്പക്കാര്‍ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടവരായി.

"തുണിയില്ലാ" റൌണ്ടില്‍ കോണക ധാരിയായ മഹാത്മാവിനെ പിന്തള്ളി ഒരു പാട് മുന്‍ മലയാളി നായികമാര്‍ കൂടുതല്‍ മാര്‍ക്ക് നേടി.

"എഴുത്താണി" റൌണ്ടില്‍ പ്രശസ്ത തിരക്കഥ രചയിതാക്കളായ പോലീസുകാരെ പിന്തള്ളി മലയാള ബ്ലോഗ്ഗര്‍മാര്‍ ശക്തമായ തിരിച്ചു വരവ് നടത്തി. കാപ്പിലാനും നിരക്ഷരനും കറുത്തേടവും സൂപ്പര്‍ സ്റ്റാര്‍ പാലെട്ടന്റെ അടുത്ത പടത്തിന് തിരക്കഥ എഴുതും എന്ന് സൂപ്പര്‍സ്റ്റാര്‍ പാലേട്ടന്‍ പ്രഖ്യാപിച്ചു.അനൂപും പിള്ളേച്ചനും മാണിക്യവും പ്രിയദര്‍ശന്റെ പടത്തിന്റെ തിരക്കഥ രചനയില്‍ ആണെന്നും പാലേട്ടന്‍ പ്രേക്ഷകരെ അറിയിച്ചു.

"ചിരിപോലി" റൌണ്ടില്‍ അച്ചുമാമനും കൂട്ടരും തകര്‍ത്തു. ചുരളീധരന്റെ ടീം പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.

ഉത്രാട രാത്രിയില്‍ മലയാളികള്‍ അക്ഷമരായി കാത്തിരിക്കുന്ന ഗ്രാന്‍ഡ്‌ ഫിനാലെ അരങ്ങേറുകയാണ്. വിധി കര്‍ത്താക്കളായ സൂപ്പര്‍സ്റ്റാര്‍ പാലേട്ടനും പോടിയെരിക്കും പട്ടംബരത്തിനും പുറമേ ചിരിക്കുട്ടന്‍, പക്കീല, ലീഡര്‍ തുടങ്ങിയ പ്രഗല്‍ഭരും വിധി നിര്‍ണയത്തിനായി രംഗത്തുണ്ട്.

സുപ്രസിദ്ധ തെന്നിന്ത്യന്‍ മാദകറാണി നയനറാണിയുടെ അത്യുഗ്രന്‍ നഗ്ന നൃത്തം പ്രേക്ഷകരെ കോരി തരിപ്പിക്കുകയാണ്. അതിനു ശേഷം മഞ്ഞിനിയും മുകിലയും വാക്കുകളെ വികലമാക്കി അലങ്കോലമാക്കി കസറുകയാണ്.

എഴുത്തിനെ ആയുധമാക്കിയ മലയാള ബ്ലോഗ്ഗറുടെ പ്രതിനിധിയായ ബ്ലോഗരന്‍ തന്റെ ഒരുഗ്രന്‍ നമ്പരായ "വാക്ക് യുദ്ധം" നടത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ജാതി ഭേദം മത ദ്വേഷം മറന്നു എല്ലാചാനലുകളും ഇത് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. സമ്മാന ദാനത്തിനു സാക്ഷാല്‍ മാവേലിയെ കൊണ്ടുവരാനാണ് അണിയറ നീക്കം.

"ബോറുകാടിന്റെ" ഫില്ലര്‍ മാജിക്ക് കണ്ടു ജനം മടുത്തു എന്നത് അവരുടെ മുഖം കണ്ടാല്‍ അറിയാം. അടുത്ത് "S" ആകൃതി നമ്പരുമായി പിണങ്ങാരായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് പാര്‍ട്ടി എസ്സ് എം എസ്സ് സ്വന്തമായുള്ള അയാളുടെ ഗ്രാന്‍ഡ്‌ ഫിനാലെ പ്രവേശനം ജനം പ്രശ്നമാക്കിയതാണ്.

പിന്നീട് എത്തിയ "മുങ്ങല്‍" നമ്പരുമായി രാജേഷും കൂട്ടരും ആണ്. പ്രശസ്ത മാജിക്കുകാരെപ്പോലും ഞെട്ടിച്ചു അവര്‍ അത് പെര്‍ഫോം ചെയ്തു.

അതിനിടയില്‍ ഓണത്തിനിടക്ക് പുട്ട് കച്ചവടവുമായി ഒരു ബുക്ക്‌മായി എത്തിയിരിക്കുകയാണ് പസ്വാന്ത്‌ സിംഗ്. വിചാരിച്ചത്ര സ്വീകരണം ലഭിക്കാത്തതിനാല്‍ പാകിസ്ഥാനിലേക്ക് പോകാന്‍ അദ്ദേഹം ഒരുങ്ങുകയാണ്.

അടുത്ത പ്രകടനം ചുരളീധരന്റെയാണ് "നാണമില്ല"നമ്പരുമായി തറവാട്ടിലേക്ക് മടങ്ങുക എന്ന ഏക അംഗ നാടകം അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അത് കണ്ടു ബോറടിച്ച ജനം ആ സീരിയല്‍ നടി ആരെന്നുള്ള ചര്‍ച്ചയിലാണ്.

ആരെയും കൂസാത്ത ശാന്തനല്ലാത്ത ശാന്തന്റെ നൃത്തം നമ്പര്‍ വിധികര്‍ത്താക്കളെ കുഴക്കിയെന്നാണ് തോന്നുന്നത്.

റിയാലിറ്റി മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തില്‍ ഇരുന്ന പോയ ജനം ഉത്രാട രാത്രി കഴിയുന്നത്‌ അറിഞ്ഞില്ല. വിജയി ആരാകും എന്ന അവരുടെ ടെന്‍ഷന്‍ കൂടി കൂടി വരികയാണ്. എല്ലാവരും തുല്യമായി പ്രകടനം കാഴ്ച വച്ചിരിക്കുന്നു.

തിരുവോണ ദിവസം രാവിലെ 6 മണിയായി ഒരു വീട്ടിലും പൂക്കളം ഇട്ടിട്ടില്ല. ഓണത്തപ്പനെ വച്ചില്ല. എല്ലാവരും വിജയിയെ കാണാനും റിയല്‍ മാവേലിയെ കാണാനും ടീവിയുടെ മുന്‍പിലാണ്.

വിജയിയെ പ്രഖ്യാപിക്കാനുള്ള അവസാന നിമിഷം സമാഗതമായി. സമ്മാനദാനത്തിനു എല്ലാവരും അക്ഷമരായി പ്രമുഖ കോണക നിര്‍മ്മാതാക്കളുടെ എം ഡി യായ കോണകം കോപാലന്‍ വിജയിയെ പ്രഖ്യാപിച്ചു "ചുരളീധരന്‍" നാണമില്ലാത്ത നാടകം അവതരിപ്പിച്ചു പ്രേക്ഷകരെയും നാണം കെടുത്തിയ അദ്ധേഹത്തിനു സമ്മാനം നല്‍കാന്‍ മാവേലിയായി മേയ്ക്കപ്പ് വേഷമിട്ട "വയറന്‍ രാഘവന്‍ " ചുരളിയുടെ തലയ്ക്കു ചവിട്ടി ഒരു കോടി കോണകം സമ്മാനമായി നല്‍കി.

അങ്ങനെ ഒരു റിയാലിറ്റി ഓണം കൂടി കഴിഞ്ഞു.

കുറിപ്പ്: ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.

ആല്‍ത്തറകാവ്-6

മാണിക്യത്തറ മഠം
വിശാലമായ ഉദ്യാനം.അതിനെ ചുറ്റി ഉള്ളിലേയ്ക്ക് പ്രവേശിക്കുന്ന റോഡിലൂടെ ഗെയ്റ്റു കടന്ന് വരുന്ന പോലീസ് ജീപ്പ്.(പൂമുഖത്ത് നിന്നുമുള്ള ഷോട്ട്)
മഠത്തിന്റെ മുറ്റത്ത് ഇരമ്പലോടെ നിലക്കുന്ന പോലീസ് ജീപ്പിൽ ഇറങ്ങുന്ന എസ്.ഐ കൃഷ്. ഒന്ന് രണ്ട് പോലീസുകാർ,
പൂന്തോട്ടത്തിൽ ചെടി നനയ്ക്കുന്ന ഒന്നു രണ്ട് ജോലികാർ .
ഒരാൾ നടന്ന് പോലീസ് ജീപ്പിനരുകിലേയ്ക്ക് വരുന്നു.
എസ്.ഐ ക്രഷ് :“ഇവിടെ ആരുമില്ലേടാ?”
ജോലികാരൻ:“മദർ ഓഫീസിലുണ്ടാലുണ്ടാകും.”
കൃഷ്:“എവിടെയാ ഓഫീസ്?’
ജോലികാരൻ:“ദാ അവിടെയാ സാർ” (അല്പം ദൂരേയ്ക്ക് കൈചൂണ്ടി കൊണ്ട് )
കൃഷ്: ങാ,
മുന്നിലോട്ട് നടക്കുന്ന കൃഷ് (തിരിഞ്ഞ് നിന്നിട്ട്) ‘എന്താ നിന്റെ പേര്?
ജോലികാരൻ:ചാണുന്നാ സാർ.(കൈകൾ പിണച്ചുകെട്ടിട്ട് ഭവ്യതയോടെ)
കൂട്ടത്തിൽ ഒരു കോൺസ്റ്റബിൾ:എവിടെയാ നിന്റെ നാട്?ഇവിടെ എത്ര വർഷമായി.
ചാണു:രണ്ടു വർഷമായി ഞാനിവിടെയുണ്ട് .എന്റെ നാട് തൃശൂരാ.
പോലിസുകാരൻ എന്തോ ചോദിക്കാൻ തുടങ്ങുമ്പോൾ അല്പം ദൂരെയ്ക്ക് നടന്നു പോകുന്ന കൃഷ്: “വാടോ (തിരിഞ്ഞ് നിന്ന്)
പോലീസുകാരൻ:ഇടയ്ക്ക് നിന്റെ സഹായം ആവശ്യമായി വരും.വിളിയ്ക്കുമ്പോൾ
സേറ്റഷനിൽ നീ വരേണ്ടി വരും.
ചാണു:ങും।(സമ്മതത്തോടെ തലകുലുക്കുന്നു)


1A

കോണിങ്ങ് ബെല്ലിൽ അമരുന്ന കൈ (ക്ലോസപ്പ്)
ക്യാമറ കൃഷിന്റെ മുഖത്ത്.
പശ്ചാത്തലത്തിൽ അവർക്കു പിന്നിലായി പൂന്തോട്ടത്തിൽ ജോലി ചെയ്യുന്ന ജോലിക്കാർ.അവരുടെ അവ്യക്തമായ സംസാരം.
വീണ്ടും ബെല്ലിൽ കൈകൾ അമർത്തുമ്പോഴുള്ള ശബദം.
അവർക്കു മുന്നിലെ വാതിൽ തുറന്ന് വരുന്ന കന്യാസ്ത്രി (ക്ലോസപ്പ്)
(ചാരനിറത്തിലുള്ള വിശുദ്ധ വസ്ത്രം.
കാഴ്ച്ചയിൽ മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന മുഖം.)
സിസ്റ്റർ:“വരു“ (ചെറുപുഞ്ചിരിയോടെ)
അകത്തേയ്ക്ക് നടന്നു കയറുമ്പോൾ മഠത്തിനുള്ളിൽ അവർക്കു മുന്നിലായി ഒരു കപ്പേളയുടെ രൂപം.
ക്രിസ്തുവിന്റെ ക്രൂശിതരൂപം.
കൃഷിന്റെ കണ്ണൂകളിലൂടെ സഞ്ചരിക്കുന്ന ക്യാമറ മഠത്തിനുള്ളിലെ ദൃശ്യം.
കപ്പേളയ്ക്കു മുന്നിൽ പ്രാർത്ഥനയ്ക്കായി ഒരുക്കിയിട്ടിരിക്കുന്ന ചാരുബഞ്ചുകളിൽ ഒന്നു രണ്ടു കന്യാസ്ത്രികൾ.
കൊന്തയിൽ എണ്ണികൊണ്ട് പ്രാർത്ഥിക്കുന്ന കന്യാസ്ത്രികൾ.
ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിൽ ക്യാമറ (ക്ലോസപ്പ്).
ക്യാമറ കൃഷിന്റെ മുഖത്ത് (ക്ലോസപ്പ്)
പിന്നിൽ മുമ്പു കണ്ട കന്യാസ്ത്രി.അവരുടെ ശബ്ദം. “സാറിനെ മദർ വിളിക്കുന്നു.“

Tuesday, September 1, 2009

കായം മറന്ന കൊച്ചമ്മ.....

അന്നൊരു വര്‍ഷം ഓണം നാളില്‍
ഞാന്‍ സര്‍വ്വാഭരണ വിഭുഷിതയായി
അകതാരിലൊരു പൂക്കളം തീര്‍ത്ത്
കുട്ടികളെ എല്ലാം പാട്ടിലുമാക്കി

കണ്ടറിയാന്‍ ഇവിടില്ലൊരു ഓണം
അതിനാല്‍ ഉണ്ടറിയാനായ് കച്ചമുറുക്കി
പച്ചക്കറികള്‍ വെട്ടി നുറുക്കി
സദ്യ ഒരുക്കാന്‍ കത്തി എടുത്തു

പച്ചക്കറികള്‍ പലയിനം അങ്ങിനെ
പലവക നിറത്തില്‍ ഇളിച്ചു ചിരിച്ചു
ഒന്നിച്ചങ്ങിനെ ഞെളിഞ്ഞിരുന്ന്
വില്ലന്‍ ചമഞ്ഞെന്നെ വെല്ല് വിളിച്ചു

ചുമന്ന് തുടുത്തൊരു തക്കാളിയെ
ഞാന്‍ ഉണ്ട കണ്ണാല്‍ നോക്കി വിരട്ടി
ഉരുണ്ടൊളിക്കും ഉരുളക്കിഴങ്ങിനെ
ഞാന്‍ മുരിങ്ങാക്കോലും കാട്ടി വിരട്ടി

വില്ലന്‍ തടിയന്‍ ചേനത്തുണ്ട്
“കൈയേല്‍ കടിക്കും” ഭീഷണി മുഴക്കി
കത്തിയാലവനെ കുത്തി എടുത്ത്
വെട്ടി അരിഞ്ഞ് കലത്തില്‍ തള്ളി.

തൊണ്ട് കളഞ്ഞൊരു തേങ്ങയെടുത്ത്
ഞാന്‍ ഒറ്റ വെട്ടാലെ ഉടച്ചെടുത്തു
അത് കണ്ടിട്ടൊരു കൊട്ടത്തേങ്ങ
കൊട്ടയിലിരുന്നിട്ട് ആര്‍ത്ത് ചിരിച്ചു

അവിയല്‍ കഷണം കലത്തിലിരുന്നു
കാപാലികയെ എന്നലറി വിളിച്ചു
പപ്പടം കാച്ചാന്‍ വച്ചൊരു എണ്ണ
ദേഷ്യം മൂത്ത് തിളച്ച് മറിഞ്ഞു

പച്ചടി വയ്‌ക്കാന്‍ ഉള്ളൊരു വഴുതന
പൈനാപ്പിളിനെ ചൂണ്ടി മടുത്തു
പച്ചക്കറികള്‍ ഓരൊന്നായ് അങ്ങിനെ
കത്തിക്കടിയില്‍ അടിയറവ് പറഞ്ഞു

തേങ്ങ അരച്ച് അവിയലില്‍ ഇട്ടു
തേങ്ങ ചുരണ്ടി തോരനില്‍ ഇട്ടു.
മിച്ചം വന്ന തേങ്ങയെടുത്ത്
വറുത്ത് അരച്ച് തീയല്‍ വയ്‌ച്ചു.

പച്ചടി വയ്‌ച്ചു കിച്ചടി വയ്‌ച്ചു
സാമ്പാറവിയല്‍ തോരനും വയ്ച്ചു
ചില ചെറു കള്ളത്തരത്തില്‍ ഞാനാ
കാ‍ളനും ഓലനും ഒപ്പിച്ചെടുത്തു

അച്ചാറിട്ടത് കുപ്പിയിലാക്കി
ഇഞ്ചി കറിയത് വേറെ വയ്ച്ചു
നേന്ത്രക്കായത് ഉപ്പേരി വറുത്തു
അടയും കടലയും പ്രഥമന്‍ വയ്‌ച്ചു

കറികള്‍ പലത് താളിക്കും നേരം
കടുക്ക് പലവുരു പൊട്ടിത്തെറിച്ചു
കറിവേപ്പിലയോട് അടിപിടി കൂടി
ചിരട്ടത്തവി അവര്‍ക്ക് കുത്ത് കൊടുത്തു

കുത്തരി കൂട്ടി സദ്യയതുണ്ണാല്‍
കൊതി മൂത്തിട്ട് ഉള്ളം തുടിച്ചു
സദ്യ വിളമ്പും നേരം തവിയില്‍ ഒരു
കറിവേപ്പിലയത് പിണങ്ങിയിരുന്നു.

ഇഞ്ചി കറിയത് കൂട്ടും നേരം ഇഞ്ചി
കടിച്ചത് പോലായ് മുഖഭാവം
അത് വരെ അന്നം കാണാത്തതു പോല്‍
ഉരുളകള്‍ പലവുരു ഉരുട്ടി വിഴുങ്ങി

തുമ്പിലയിലാ സദ്യയും അടിച്ച്
മത്ത് പിടിച്ച് മയങ്ങും നേരം
കായം മറന്നൊരു സാമ്പാര്‍ ആരും
കണ്ടു പിടിച്ചില്ലെന്നത് ഓര്‍ത്തു ചിരിച്ചു.

പ്രിയ മാണിക്യം,
ആവശ്യപ്പെട്ടപ്രകാരം എന്തെങ്കിലും എഴുതണമെന്നുണ്ടായിരുന്നു.
അവസരോചിതമായി സമയം വിനിയോഗിക്കാന്‍ കഴിയാത്തത് നിമിതം അത് നടന്നില്ല.
പറഞ്ഞ വാക്ക് തെറ്റിക്കാതെയിരിക്കാന്‍ ഉത്രാടപ്പാച്ചിലിനിടയ്ക്ക് പഴയ ഒരെഴുത്ത് അയക്കുന്നു.
പൊന്നോണാശംസകള്‍...
സ്വസ്തി ഡോണ മയൂര