Wednesday, December 31, 2008

2009




എല്ലാ ബൂലോകര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

എന്നും എല്ലാ‍യിടത്തും ശാന്തിയും സമാധാനവും വരും വര്‍ഷങ്ങളില്‍ നില നില്‍ക്കട്ടെ..!

ബ്ലോഗുകള്‍ വളര്‍ന്ന് വലുതായിട്ട്...വിണ്ടും, വീണ്ടും വലുതാകട്ടെ!

എല്ലാ ബ്ലോഗര്‍മാര്‍ക്കും എല്ലാവിധ ആയുരാരോഗ്യ സൌഖ്യങ്ങളും ഉണ്ടാകട്ടെ!

Tuesday, December 30, 2008

ഒരു യാത്രാമൊഴി

അനിവാര്യമായ ഒരു യാത്ര.....
ഇനി നിന്റെ ജീവിതത്തില്‍ ഞാനില്ല....
നിന്നെ ഉപേക്ഷിച്ച് ഞാന്‍ പോകുകയാണ്.....
നീ കരുകയാണോ ചിരിക്കുകയാണോ എന്ന് എനിക്കറിയില്ല.....
അഘോഷത്തോടെ നീ എന്നെ നിന്റെ ജീവിതത്തിലേക്ക് കൈപിടുച്ചു കൂട്ടികൊണ്ടുപോയി....
ഊണിലും ഉറക്കത്തിലും എപ്പോഴും നിന്നോടൊപ്പമായിരുന്നു ഞാന്‍....
എന്നാല്‍ നീയോ...എന്നെ വിസ്‌മ്യതിയിലേക്ക് തള്ളിവിടുകയായിരുന്നു.....
ഒരുപക്ഷേ നിനക്ക് ഞാന്‍ ഒരു ഭാരമായിരുന്നിരിക്കാം....
എന്നും നിനക്ക് കണ്ണീര്‍ മാത്രമേ സമ്മാനിച്ചിട്ടുണ്ടാകൂ....
നിന്നോടെനിക്ക് പരിഭവമില്ല....പിണക്കവുമില്ല....
പറന്നകന്ന പക്ഷിയായ്......
പൈയ്‌തൊഴിഞ്ഞ മഴനൂലായ്.....
ഇനി ഇല്ലാത്ത ഇന്നലയായ്....
ഇടവേളകളിലെ നൊമ്പരമായ്....
ഇന്നലത്തെ പൈയ്‌തൊഴിഞ്ഞ മഴയുടെ പ്രസക്തിയോടെ....
അവകാശ വാദങ്ങള്‍ ഇന്നയിക്കതെ...ആരവങ്ങളില്ലാതെ....
അവസാനത്തെ ഇലയും പൊഴിച്ച്....
മൗനമായ് ഒരു യാത്ര....
മടക്കമില്ലാത്ത യാത്ര....
ഒരു യാത്രാമൊഴിപോലും ഏറ്റുവാങ്ങാതെ വിടപറയുകയാണ്....
എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേര്‍ന്നുകൊണ്ട്....

ഒരുപാട് സ്‌നേഹത്തോടെ
നിന്റെ സ്വന്തം ഞാന്‍

Sunday, December 28, 2008

“പുരോഗതി”യിലേയ്ക്കു നീങ്ങുന്ന മലയാളി....

ക്രിസ്‌മസിനു കേരളത്തിൽ വിറ്റഴിഞ്ഞത് 55.08 കോടി രൂപയുടെ മദ്യം.മുൻ‌വർഷത്തേക്കാൾ 13.29 കോടിയുടെ വർധനവ്.കഴിഞ്ഞ വർഷം ഇതു 41.79 കോടിയായിരുന്നു.ഡിസംബർ 23,25,25 തീയതികളിലെ ബിവറേജസ് കോർ‌പ്പറേഷന്റെ മദ്യവിൽ‌പ്പനയുടെ കണക്കാണിത്.“( മാതൃഭൂമി ,ഡിസംബർ 27 ,ശനി)
**********************************************************
ഈയിടെ കണ്ട “വെറുതെ ഒരു ഭാര്യ” എന്ന സിനിമയിലെ ഒരു രംഗം:ഇലക്ട്രിസിറ്റി ഓഫീസിൽ പണമടയ്ക്കാൻ കാത്തു നിൽ‌ക്കുന്ന ജനങ്ങൾ.ഓഫീസ് തുറക്കുന്നതിനു മുൻ‌പേ വന്ന് തിക്കും തിരക്കും ഉണ്ടാക്കുന്നു.അപ്പോൾ അവിടെ എത്തി ചേർന്ന ലൈൻ‌മാനോട് ( സുരാജ് വെഞ്ഞാറമ്മൂട്) വെയിലത്തു നിൽ‌ക്കുന്ന ഒരു പ്രായം ചെന്ന മനുഷ്യൻ ചൂടായി പറയുന്നു:“എത്ര നേരമായി സാറേ ഞങ്ങളീ പൊരി വെയിലത്ത് നിൽ‌ക്കുന്നു.ഇപ്പോളാണോ വരുന്നത്?”

അപ്പോൾ ലൈൻ‌മാൻ പറയുന്നു:“ഇന്നലെ നിങ്ങളെ ബിവറേജസ് കോർ‌പ്പറേഷന്റെ മുന്നിൽ ക്യൂവിൽ ദിവസം മുഴുവൻ നിൽ‌ക്കുന്നത് കണ്ടല്ലോ?അപ്പോൾ ഈ ചൂട് കണ്ടില്ലല്ലോ?”

അപ്പോൾ ആ മനുഷ്യൻ : “അതു പിന്നെ ഒരു ആവശ്യത്തിനല്ലേ സാറേ..”

********************************************

2009 നെ വരവേൽ‌ക്കാൻ ഒരുങ്ങി നിൽ‌ക്കുന്ന മലയാളിയുടെ “പുരോഗതി”യുടെ രണ്ട് ചിത്രങ്ങളാണിവ.വെറും 3 ദിവസം കൊണ്ട് 55 കോടി രൂപയാണു നമ്മൾ കുടിച്ചു മുള്ളിയത്.കഴിഞ്ഞ ഓണക്കാലത്തു പുറത്തു വന്ന കണക്കുകളിൽ അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ 114 കോടിയാണ് കുടിച്ചു തീർ‌ത്തത്.നാലു പേർ മാത്രമുള്ള ഒരു ബസ്‌സ്റ്റോപ്പിൽ പോലും ബസിൽ കയറാൻ തിക്കും തിരക്കും കാണിയ്ക്കുന്ന നമ്മൾ ബിവറേജസ് കോർപ്പറേഷന്റെ മുന്നിലാകുമ്പോൾ ശാന്തശീലരായ കുഞ്ഞുങ്ങളെപ്പോലെ, തന്റെ ഊഴം വരുന്നതും കാത്ത് ക്യൂ പാലിയ്ക്കുന്നു, വേണമെങ്കിൽ ദിവസം മുഴുവനും.

ആഘോഷങ്ങൾ എന്നാൽ നമുക്കിപ്പോൾ മദ്യ ലഹരി എന്നായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.ഒത്തു ചേരലുകളുടെയും കൂട്ടായമയുടേയും ഉൽ‌സവങ്ങൾ നമുക്കിന്നു “രണ്ടു വീശാനുള്ള” ദിനങ്ങളായിരിയ്ക്കുന്നു.ഓണവും ക്രിസ്മസും മാത്രമല്ല , കേരളീയരുടെ ദേശീയോത്സവമായ “ഹർത്താലു”കളും നാമിപ്പോൾ ആഘോഷിയ്ക്കുകയാണ്.ഹർത്താൽ തലേന്നാണു ബിവറേജസ് കോർപ്പറേഷന്റെ റിക്കാർഡ് വിൽ‌പ്പന.രണ്ടു കുപ്പിയും,ചിക്കനും, കണ്ടു രസിയ്ക്കാൻ നീല സി.ഡികളുമായി തലേന്നു തന്നെ ഹർ‌ത്താലുകളെ സ്വീകരിയ്ക്കാൻ നാം ഒരുങ്ങുന്നു.

ആഗോള സാമ്പത്തിക പ്രതി സന്ധികളോ,പെരുകുന്ന ജീവിത ചെലവുകളോ ഒന്നും മദ്യ സേവയുടെ കാര്യത്തിൽ നമ്മളെ ബാധിച്ചിട്ടില്ല എന്നതാണു കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി കൂടി എന്നതിൽ നിന്നും മനസ്സിലാകേണ്ടത്.ജീവിതത്തിൽ നിന്നും , പ്രതിസന്ധികളിൽ നിന്നും എങ്ങനെയെങ്കിലുമൊക്കെ ഒളിച്ചോടുക എന്ന സ്വഭാവം നമ്മളിൽ വളർന്നു വരുന്നു .ഭാരതത്തിൽ ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്നതും കേരളത്തിലാണെന്നതു ഇതിനോടൊപ്പം കൂട്ടി വായിയ്ക്കേണ്ടതാണ്.ഇതൊരു വലിയ സാമൂഹിക വിപത്തായി മാറാൻ ഇനിയധികം കാത്തിരിയ്ക്കേണ്ടി വരില്ല.സ്നേഹവും മാനവികതയുമൊക്കെ ഈ മദ്യത്തോടൊപ്പം ഒഴുകിപ്പോകും.പകരം അരാജകത്വത്തിന്റെ ഒരു ലോകമായിരിയ്ക്കും ഉയർന്നുവരിക.സ്ത്രീകളും കുട്ടികളുമായിരിയ്ക്കും ഈ ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകൾ.സ്ത്രീകളുടെ ഇടയിൽ പോലും മദ്യപാനാസക്തി കേരളത്തിൽ വളർന്നു വരുന്നു.ഈ അടുത്തകാലത്ത് മദ്യപിച്ചു പാതിരാത്രിയിൽ കാറോടിച്ചതിനു ഒരു പ്രമുഖ സീരിയൽ നടി തിരുവനന്തപുരത്തു അറസ്റ്റിലായ വാർ‌ത്ത ഇത്തരുണത്തിൽ അനുസ്മരിയ്ക്കേണ്ടതാണ്.

സമ്പൂർ‌ണ്ണ മദ്യ നിരോധനം ഇതിനൊരു പ്രതിവിധിയല്ല.മറിച്ച് കേരളീയ സമൂഹം നേരിടുന്ന ഒരു വലിയ സ്വത്വപ്രതിസന്ധിയുണ്ട്.അതിന്റെ കാരണങ്ങളെ അന്വേഷിച്ചു കണ്ടെത്തി ചികിത്സിയ്ക്കുകയാണു വേണ്ടത്.ഒന്നിനോടും വിശ്വാസമില്ലാതെ, ആശ നശിച്ച ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരിയ്ക്കുന്നു.നിമിഷാർദ്ധങ്ങൾ മാത്രം നീണ്ടു നിൽ‌ക്കുന്ന സുഖങ്ങളിൽ അഭിരമിയ്കാനാണു നമുക്ക് താൽ‌പര്യം.എതു പ്രതി സന്ധികളെയും ധൈര്യപൂർവം നേരിട്ടിരുന്ന ഒരു തലമുറയായിരുന്നു നമുക്കുണ്ടായിരുന്നത്.തൂക്കുമരങ്ങളിൽ കയറുമ്പോളും മുദ്രാവാക്യം വിളിച്ച് കണ്ടു നിന്നവരിൽ ആവേശം ജനിപ്പിച്ച ധീരരായ മനുഷ്യരുണ്ടായിരുന്ന നാടാണിത്.നമുക്കെന്താണു സംഭവിച്ചത്, സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്?

ഏതാണ്ട് 25 ലക്ഷത്തോളം മലയാളികൾ കേരളത്തിനു വെളിയിലുണ്ടെന്നാണു എന്റെ അറിവ്.അതിൽ ഒരാളെ ചുറ്റിപ്പറ്റി 5 പേർ ഉണ്ടെന്ന് കരുതിയാൽ തന്നെ ഏകദേശം 1.25 കോടി ആൾക്കാർ പ്രവാസികളെ ചുറ്റിപ്പറ്റി നിൽക്കുന്നു.മൂന്ന് കോടിലുള്ള കേരളത്തിലെ ജനങ്ങളിൽ ഏറിയ പങ്കും പുരത്തു നിന്നു വരുന്ന കാശിനെ ആശ്രയിയ്ക്കുന്നവരാണ്.ഇതിൽ ഒരു വിഭാഗം അധ്വാനിയ്ക്കാതെ സുഖിയ്ക്കുന്നവരുമാണ്.ഈ വിഭാഗവും ഇത്തരം സുഖലോലുപതകളുടെ പിന്നാലെ പോകുന്നു.അതിനു സാധിയ്ക്കാത്തവരിൽ നിരാശ പടർന്ന് പന്തലിയ്ക്കുന്നു.അവരും മദ്യക്കുപ്പികളിൽ അഭയം തേടുന്നു.ഐ.റ്റി രംഗം സമൂഹത്തിലുണ്ടാക്കിയ സാമ്പത്തിക ചേരിതിരുവുകളും അതുമൂലം ഉയർന്നു വന്ന നവ സാമ്പത്തിക ശക്തികളുമൊക്കെ നമ്മുടെ അപചയത്തിനു ആക്കം കൂട്ടി.അയൽ‌‌ക്കാരനെപ്പോലെ ആകാനുള്ള ത്വരയിൽ എന്തും ചെയ്യാൻ മടിയ്ക്കാത്തവരായി നാം മാറി.ആശിച്ചതൊന്നും കിട്ടാതെയാകുമ്പോൾ അവസാനം ബാറുകളിലും, വ്യാജനിലുമൊക്കെ നാം ശാന്തി കണ്ടെത്തുന്നു.

ഒരു വൻ സാമൂഹിക മുന്നേറ്റം ഉണ്ടാകാത്തിടത്തോളം ഈ സ്ഥിതിയ്ക്കു മാറ്റമുണ്ടാകാൻ സാദ്ധ്യത കാണുന്നില്ല.

Tuesday, December 23, 2008

ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..

ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്‌.

മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും.

ഞങ്ങള്‍ അന്തേവാസികള്‍ നിരന്നുകിടന്ന് കൂലം‌കശമായി ചിന്തിച്ചു. വാട്ട് റ്റു ഡു? രാവിലെ നാരങ്ങാവെള്ളം കലക്കിക്കുടിച്ചത് 'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..

അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! ആവതും പിടിച്ചുനിറുത്താന്‍ നോക്കീട്ടും സമാധാനം വരുന്നില്ല. ഇന്ന് കേരളാപോലീസില്‍ 'തൊഴി-ല്‍' ചെയ്യുന്ന കുണ്ടറഷൈജു അന്നേ പോലീസ് ആകേണ്ടവന്‍ ആണെന്നത് ഞാന്‍ ഊചിച്ചത് കറക്റ്റായി.

സഹികെട്ട കുണ്ടറഷൈജു നേരെ ഫോണിനടുത്തേക്ക് കുതിച്ചുചെന്ന് സീനത്തോട്ടലില്‍ക്ക് നമ്പറ് ഞെക്കി. ഞങ്ങള്‍ അന്തം വിട്ട് എന്താണെന്നറിയാന്‍ നോക്കിക്കിടന്നു.

ദുബായിലുള്ള ഷൈജുവിന്റെ ഫാദര്‍ ഞങ്ങളറിയാതെ പൈസ അയച്ചുകൊടുത്തിട്ടുണ്ടോ എന്നും കരുതി. ആ പൈസകൊണ്ട് പാവം ഷൈജു സഹമുറിയന്മാരായ ഞങ്ങള്‍ക്ക് ദമ്മുബിരിയാണി ഓര്‍ഡറ് ചെയ്യാനാവും സീനത്തോട്ടലിക്ക് നമ്പറിറക്കുന്നത്! അവനെ അത്യുന്നതങ്ങളില്‍ ഇരുന്ന് ദൈവം രക്ഷിക്കുമാറകട്ടെ എന്ന് വിചാരിച്ചപ്പോഴോ...

'ഹലോ.. സീനത്തോട്ടലല്ലേ?'

'അതേ.'

(സ്പീക്കര്‍ ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു)

പല്ലിറുമ്മികൊണ്ട് ഷൈജു വീണ്ടും:

'ബിരിയാണി റെഡിയായോ?'

'ഉവ്വ്. ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ഒക്കെ റെഡിയാ സാര്‍. ഏതാ ഓര്‍ഡറെടുക്കേണ്ടത്? എവിടെ എത്തിക്കണം?'

'ഒക്കെ റെഡിയാണെങ്കില്‍ എന്നാത്തിനാടോ താന്‍ അവിടെ നോക്കിയിരിക്കുന്നത്? എല്ലാം എടുത്ത് കഴിക്കെടോ പുല്ലേ..!'

ഷൈജു കലിപ്പിറക്കി ഫോണ്‍ വെച്ച് തിരിച്ചുവന്ന് പ്ലാന്‍ ആവിഷ്കരിക്കാനിരുന്നു.
പാതിവിശപ്പ് ഇല്ലാതായപോലെ ഞങ്ങള്‍ ആഹ്ലാദിച്ചു.

'ഡായ് അബൂ, അന്തോണീ, ബാബൂ, എസ്കെ, നമ്മളിന്ന് രാത്രി ഒരു കരോള്‍ സംഘടിപ്പിച്ച് പിരിവിനിറങ്ങുന്നു. എന്തു പറയുന്നു?'

'ഗുഡ് ഐഡിയ. തടിയന്‍ ബാബു സാന്തോഅപ്പൂപ്പനാവുക. ഈ കോളനിമൊത്തം കരോളുമായി ഇറങ്ങി നല്ലോരു തുക പിരിക്കുക. പുട്ടടിക്കുക. എന്തേയ്'

അന്തോണി പിന്‍‌താങ്ങികൊണ്ട് അറിയിച്ചു.

'ബട്ട്, കരോളിനുള്ള കോപ്പുകള്‍ എങ്ങനെ ഒപ്പിക്കും?' - ചിന്താവിഷ്ടനായി ഞാന്‍ താടിയില്‍ കൈകുത്തിയിരുന്ന് പറഞ്ഞപ്പോള്‍ അബൂ എന്നെ തട്ടികൊണ്ട് അറിയിച്ചു.

'എടാ കോപ്പേ, നമ്മള്‍ കഴിഞ്ഞ ഫെസ്റ്റിവലിന്‌ കളിച്ച നാടകത്തിലെ വേഷഭൂഷാദികള്‍ തട്ടിന്‍‌പുറത്ത് തപ്പിയാല്‍ കിട്ടും. വാ നോക്കാം.'

അബു അതും പറഞ്ഞ് തട്ടിന്‍‌പുറത്ത് കയറാന്‍ പോയി. കൂടെ ഞങ്ങളും. ഗോവണി ചാരിയിട്ട് കയറിനോക്കിയപ്പോള്‍ പൊടിപിടിച്ചുകിടക്കുന്ന അപ്പൂപ്പന്‍ വേഷങ്ങളും മറ്റും താഴേക്കിറക്കി ക്ലീനാക്കിയെടുത്തു.

അന്നു രാത്രി ഒരു പത്തുമണിനേരം. കാര്‍ഡുബോര്‍ഡ് പെട്ടിയില്‍ കൊട്ടിയും അടുക്കളയിലെ ഇഡ്ഡലിപാത്രങ്ങള്‍ തമ്മിലടിച്ച് താളം വെച്ചും തട്ടിക്കൂട്ട് കരോള്‍ കോളനിയില്‍ പ്രത്യക്ഷപ്പെട്ടു.

ചൂടന്‍ ഷൈജു നീണ്ട വെള്ളജുബയില്‍ ശാന്തസ്വരൂപിയായ അച്ചനായിമാറി. കീറിയ സാന്താക്ലോസ് വേഷത്തില്‍ ബാബു വെള്ളപ്പഞ്ഞി ഒട്ടിച്ച താടിയുമായി നീങ്ങി. (ഈ വെള്ളപ്പഞ്ഞിക്കുവേണ്ടി ഒരു തലയിണ ബലികൊടുക്കേണ്ടിവന്നു)

സംഭാവന ചില്ലറത്തുട്ടുകളായി കിട്ടിത്തുടങ്ങി. പിരിവു മോശമില്ല. അഞ്ചുരൂപ, പത്തുരൂപാ നോട്ടുകള്‍ ചിലവ തടഞ്ഞു. ഏതാനും വീടുകളില്‍ കരോള്‍ കളിച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോളനിയുടെ ഒരു തിരിവില്‍ വെച്ചതാ ഒറിജിനല്‍ കരോള്‍ സംഘം വരുന്നു!

ഷൈജു പരുങ്ങി. സാന്താക്ലോസപ്പൂപ്പനും ഞങ്ങളും കൊട്ടും ആട്ടവും സ്റ്റോപ്പാക്കി ഒരു ഊടുവഴിപിടിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി അകത്തേക്ക് വാനിഷായി. നിമിഷങ്ങള്‍ കഴിഞ്ഞ് സാദാവേഷത്തില്‍ ഒന്നുമറിയാത്തപോലെ റോഡിലിറങ്ങി.

പിരിഞ്ഞുകിട്ടിയ സംഭാവന അബുവിന്റെ കീശയിലുണ്ട്. അതെത്രയെന്നറിയാന്‍ എല്ലാവരും പിടിവലിയായതും ആ കീശയിലെ പൈസ പല കീശയിലായി! എല്ലാവരും നേരെ സീനത്ത് ഹോട്ടലില്‍ ഒരു മേശയുടെ ചുറ്റും എത്തിയത് എത്രവേഗമായിരുന്നു.

അവിടെത്തെ സ്പെഷ്യലായ ചിക്കന്‍ കറിയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷൈജുവിനെ മാനേജര്‍ തുറിച്ചുനോക്കിയതില്‍ പന്തികേടുണ്ടോ.
അവന്റെ ശബ്‌ദം മാനേജര്‍ മുന്‍പ് കേട്ടത് ഓര്‍ക്കുമെന്ന് പിന്നെ ഞങ്ങള്‍ ചിന്തിച്ചപ്പോഴേക്കും ഷൈജു ഉച്ചത്തില്‍ ഭക്ഷണത്തിന്‌ ഓര്‍ഡറിട്ടിരുന്നു.

മാനേജര്‍ ഞങ്ങള്‍ക്കരികിലെത്തിയിട്ട് ഒന്ന് ആക്കിയിട്ട് ഒരു ചോദ്യം:

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

Monday, December 22, 2008

കോക്കനട്ട് ബര്‍ഫീ !



എനിക്ക് നേരം ഒട്ടുമില്ല പിള്ളരെല്ലാം വന്നും തുടങ്ങി മധുരം വേണമത്രേ
കോക്കനട്ട് ബര്‍ഫീ ! നാലുമണി ആയപ്പോള്‍ ഇരുട്ട് ആയി.
പുറത്ത് മൈനസ് 18 ഡിഗ്രിയും പിന്നെ കാറ്റും ഹഹഹാ,
പച്ചതേങ്ങാ വാങ്ങാന്‍ കടയില്‍ പോക്ക് നടക്കില്ല മക്കളേ .
എന്നാലും ആശിച്ചു ചോദിച്ചതല്ലേ ഉണ്ടാക്കാതിരിക്കുന്നതെങ്ങനെ?
ഞാന്‍ എന്റെ സാമ്രാജ്യത്തിലേക്ക് കടന്നു....

ആവശ്യമുള്ള സാധനങ്ങള്‍‌ .☆

1. ഡെസിക്കേറ്റഡ് കൊക്കനട്ട് 2 കപ്പ്
അതെ ആ ഉണങ്ങി കിട്ടുന്ന തെങ്ങാപൊടി തന്നെ,
2. പഞ്ചസാര ഒന്നര കപ്പ്
3. ഏലയ്ക്കാ 5 തൊലിനീക്കി പൊടിച്ചത്
4. വാനിലാ എസ്സന്‍സ് അരസ്‌പൂണ്‍
5. കശുവണ്ടി പരിപ്പ് ഒരു പിടി
പൊടിയായി മുറിക്കുക മുന്തിരിങ്ങയുടെ വലിപ്പം
6. ഉണങ്ങിയ മുന്തിരി ഒരു പിടി
അണ്ടിപരിപ്പ് മുന്തിരി നെയ്യില്‍ വറുത്ത് വയ്ക്കുക
7.. നിറം ചുവപ്പ് മഞ്ഞ ഒരോ സ്പൂണ്‍ പാലില്‍ ഒരു നുള്ള് നിറം വീതം വെവ്വേറെ കലര്‍ത്തുക
8.. നെയ്യ് [ ബട്ടറ് ആയാലും മതി]

പാചകരീതി

1) ഒരു ഗ്ലാസ്സ് ഡിഷില്‍ നെയ്യ് തൂത്ത് വയ്ക്കുക
2) ഫ്രൈങ്ങ് പാനില്‍ ചെറുതീയില്‍ തേങ്ങാ നല്ല ചൂടാക്കുക
ഇറക്കി മൂന്നായി പകുത്ത് വക്കുക..
3) അരക്കപ്പ് പഞ്ചസാര കാല്‍കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക അതില്‍ ഏലക്കപൊടി വാനില മൂന്നില്‍ ഒന്നു വീതം ചേര്‍ക്കുക പാലില്‍ ചാലിച്ച ചുവപ്പ് കളര്‍ ചേര്‍ക്കുക.{ വേഗ്ഗം വേണം പഞ്ചസാര പാനി കട്ടിയാവരുത് വറുത്ത തേങ്ങ ചേര്‍‌ക്കുക
ആകെ ഒന്നിളക്കി വേഗം ഡിഷില്‍ നിരത്തുക
4) അതിനു മുകളില്‍ അണ്ടിപരിപ്പ് മുന്തിരി വറുത്തത് കുറച്ച് വിതറുക
5) പാന്‍ ഒന്നു കഴുകി , അടുത്ത ഭാഗം പഞ്ചസാരാ ഏലക്കാ വാനില തേങ്ങ ചേര്‍ക്കുക,
ഡിഷില്‍ നിരത്തി -അതിനു മുകളില്‍ അണ്ടിപരിപ്പ് മുന്തിരി വറുത്തത് വീണ്ടും കുറച്ച് വിതറുക
6) പാന്‍ ഒന്നു കഴുകി , അടുത്ത ഭാഗം പഞ്ചസാരാ ഏലക്കാ വാനില മഞ്ഞകളര്‍ തേങ്ങ ചേര്‍ക്കുക ഡിഷിലേക്ക് മാറ്റുക മുകളില്‍ ബാക്കി അണ്ടിപരിപ്പ് മുന്തിരി വറുത്തത് വീണ്ടും വിതറുക
നെയ്യ് പുരട്ടിയ ഒരു സ്പൂണ്‍ കൊണ്ട് അമര്‍ത്തി വച്ച് തണുപ്പിക്കുക.. കത്തി കൊണ്ട് ചതുരത്തില്‍ മുറിക്കുകാ .. ഇത്രയും അരമണിക്കൂറിനുള്ളില്‍ ചെയ്യാം ...
മുറിച്ച കഷണം പാത്രത്തില്‍ വച്ചിട്ട് കൈ കഴുകി വരുമ്പോള്‍ പാത്രം ക്ലീന്‍ !!
എന്റെ ക്യാമറ കൊഞ്ഞനം കുത്തുന്നു പടം എടുക്കാന്‍ പറ്റീല്ല...

Friday, December 19, 2008

ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക്

☆☆☆☆☆☆ ക്രിസ്‌മസ്സ് ഫ്രൂട്ട് കേയ്ക്ക് ☆☆☆☆☆☆

1. ബട്ടര്‍ 500 ഗ്രാം
2 . പഞ്ചസാര 500 ഗ്രാം
3. മൈദ 500ഗ്രാം
4. ബേക്കിങ്ങ് പൌഡര്‍ 25 ഗ്രാ
5 കുരുവില്ലാത്ത കറുത്ത ഉണക്ക മുന്തിരി 500 ഗ്രാം
6. കുരു നീക്കിയ ഈന്തപ്പഴം 500 ഗ്രാം
7 ഓറഞ്ച് തൊലി 50 ഗ്രാം
8. ജാതിക്കായ് 2 ഗ്രാം
9. ഗ്രാമ്പ 8
10. ഏലക്കയ് 8
11 വാനിലാ എസ്സന്‍സ് 2 റ്റീസ്‌പൂണ്‍
12 പഞ്ചസാരാ കരിച്ചത് 100ഗ്രാം
13 വെള്ളം 1 കപ്പ്
14 വൈന്‍ 250 മില്ലി
15. മുട്ട .8..[ തൂക്കം എടുക്കാം 500ഗ്രാം]

☆☆☆☆☆☆പാചക രീതി ☆☆☆☆☆☆

1) മുന്തിരി ഈന്തപ്പഴം ഇവ വെവ്വേറെ വൈനില്‍ കുതിര്‍ക്കുക.[2ദിവസം]
{ഡ്രൈ ഫ്രൂട്ട്സ് വൈനില്‍ അല്ലങ്കില്‍ ആ‍പ്പിള്‍ ,ബ്ലൂബറി, ഓരഞ്ച് ജ്യൂസില്‍[1:1:1] കുതിര്‍ക്കാം
കേയ്ക്ക് ബേയ്ക്ക് ചെയ്തിട്ട് അതിനു മുകളില്‍ ഒരു ഔണ്‍‌സ് റം/ബ്രാണ്ടി ഒഴിക്കാം....
കെയ്ക്ക്& വൈന്‍ ആണ് വിളമ്പുക അപ്പോള്‍ ആല്‍ക്കഹോള്‍ കൂടി പോകും അതാ വൈന്‍ എടുക്കുന്നത് ...}
2) പഞ്ചസാരാ കരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് തണുപ്പിക്കുക.[ക്യാരമല്‍]
3) പഞ്ചസാരാ 500ഗ്രാം പൊടിക്കുക
4) മൈദയും ബേക്കിങ്ങ് പൌഡറും ചേര്‍ത്ത് അരിപ്പയില്‍ മൂന്ന് തവണ അരിച്ച് യോജിപ്പിക്കുക.
5) ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി യോജിപ്പിക്കുക പതഞ്ഞ് പൊങ്ങും വരെ ചെറിയ സ്പീടില്‍ ഇലക്‍ട്രിക് ബീറ്ററില്‍ അടിക്കാം
6) മുട്ട വെള്ളയും മഞ്ഞകരുവും വേറേ ആക്കി അടിക്കുക , മുട്ടയുടെ വെള്ള പതഞ്ഞു വരും.ആദ്യം മുട്ടയുടെ മഞ്ഞയും, പിന്നെ വെള്ളയും പഞ്ചസാരമിശ്രിതത്തില്‍ പതിയെ യോജിപ്പിക്കുക
7) ഇതില്‍ ഗ്രാമ്പു , ഏലക്കയ്, ജാതിക്കായ് പൊടിയും, മൈദ, ബേക്കിങ്ങ് പൌഡറും യോജിപ്പിച്ചതും കുറെശ്ശേ ആയി ചേര്‍ക്കുക , വാനില എസ്സന്‍സ്, ക്യാരമല്‍ മിശ്രിതവും യോജിപ്പിക്കുക.
8) കുതിര്‍ത്തു വച്ച പഴങ്ങള്‍ വൈന്‍ ഇല്ലാ‍തെ അരിച്ചെടുത്ത്അല്പം മൈദയില്‍ തട്ടിയെടുക്കുക
[ ഇങ്ങനെ ചെയ്താല്‍ ബെയ്ക്ക് ചെയ്യുമ്പോല്‍ ഫ്രൂട്ട്സ് താഴ്ന്ന് പോകില്ല]
9) ട്രേകള്‍ ബട്ടറ് പുരട്ടി മൈദ ഒരു ചെറിയസ്പൂണ്‍ ഇട്ട് തട്ടി എടുക്കുക.
തയാറാക്കിയ മിശ്രിതം ട്രേയിലേക്ക് പതിയെ ഒഴിക്കുകചൂടാക്കിയിട്ടിരിക്കുന്ന ഒവനില്‍ വച്ച് ബെയ്ക്ക് ചെയ്യുക.
10) ഒവനില്‍ നിന്ന് പുറത്തെടുത്ത ശേഷം പഴങ്ങല്‍ കുതിര്‍ത്ത വൈന്‍
കെയ്ക്കിന്റെ മീതെ പുരട്ടുകനന്നായി തണുത്ത ശേഷം മുറിച്ച് അടപ്പുള്ള പാത്രത്തില്‍ സൂക്ഷിക്കുക
heat:- 150 degree C [350 degree F]
Baking Time :- 1 hour 20 minutes

Thursday, December 18, 2008

സമയമാം രഥത്തില്‍ ഞാന്‍…..

1990ലാണു സംഭവം. ആ വര്‍ഷം പതിവിനു വിപരീതമായി കുറെ ആളുകള്‍ കരോളുമായി വന്നു. പത്ത്‌ രൂപയായിരുന്നു കരോളുകാര്‍ക്കുള്ള പടി. പക്ഷെ കരോളുകാരുടെ എണ്ണം കൂടിയപ്പോള്‍ അമ്മ ബഡ്‌ജറ്റ്‌ പത്തില്‍ നിന്ന് അഞ്ചാക്കി കുറച്ചു. ഏതായാലും ഒരു കൂട്ടര്‍ ഞങ്ങളുടെ കൊച്ചു പൊടിയാടിയില്‍, റ്റെമ്പോ വാനില്‍ അടി പൊളിയായി പുല്‍ക്കൂട്‌ ഒക്കെ വെച്ചൊരുക്കി, അതില്‍ ഒരു കന്യാമറിയമിനെയും,യോസേപ്പ്‌ പിതാവിനെയും, കുഞ്ഞിനെയും, നാല്‍ക്കാലികളെയെല്ലാം വെച്ച്‌ ഗംഭീര പാട്ടുമായി വീട്ടില്‍ യേശു കുഞ്ഞിന്റെ ജനനം അറിയിക്കാന്‍ കടന്നു വന്നു. പൊടിയാടിക്കാരായ ഞങ്ങള്‍ക്ക്‌ ഇത്‌ ഒരു വിസ്‌മയ കാഴ്ച്ച തന്നെയായിരുന്നു. പാട്ടും, കൂത്തും ഒക്കെയവസാനിച്ചപ്പോള്‍ കക്ഷത്തില്‍ രസീതും, ബാഗുമൊക്കെയായി വീട്ടിലേക്ക്‌ കയറി വന്നപ്പോള്‍ അമ്മ ആ വലിയ അഞ്ചിന്റെ നോട്ട്‌ നീട്ടിയപ്പോള്‍ ഞെട്ടിയത്‌ അയാള്‍ മാത്രമല്ല ഞങ്ങളും ഞെട്ടി. ഞെട്ടലോടെ അയാള്‍ ചോദിച്ചു, അഞ്ചോ.... ചേച്ചിീീീ....റ്റെമ്പോ, പാട്ട്‌, ആള്‍ക്കാര്‍, അറേഞ്ച്‌മെന്റ്സ്‌ എല്ലാത്തിനും ഒരുപാടായി. ചേച്ചീീീീ, അന്‍പത്‌ എഴുതട്ടെ. ചേട്ടന്റെ ഒപ്പം ഞങ്ങളും കൂടി. പക്ഷെ അമ്മ തന്റെ നിലപാടില്‍ ഉറച്ചു നിന്നൂവെന്ന് മാത്രമല്ല, അന്‍പതോ നൂറോ എഴുതിക്കോ...ഈ വീട്ടില്‍ നിന്ന് ഇത്രേമെ കിട്ടുകയുള്ളൂ.പിന്നെ റ്റെമ്പോയേല്‍ ഇതെല്ലാം വെച്ച്‌ കെട്ടി വരാന്‍ ഞങ്ങള്‍ ആരും പറഞ്ഞില്ലല്ലോ.... വാക്കു തര്‍ക്കത്തിനൊന്നും നില്‍ക്കാതെ, ആ അഞ്ചിന്റെ രൂപാ മേടിക്കാതെ ആ ചേട്ടന്‍ എന്തൊക്കെയോ പിറു പിറുത്ത്‌ വീട്ടില്‍ നിന്നിറങ്ങി വേഗം റ്റെമ്പോയില്‍ കയറി പോയി. അമ്മയുടെ ഈ കടുംപിടുത്തം ഞങ്ങള്‍ക്ക്‌ തീരെ പിടിച്ചില്ല. ശേ!!! നാണക്കേട്‌, അവര്‍ എന്ത്‌ വിചാരിച്ച്‌ കാണുമെന്ന് ചോദ്യത്തിനു അമ്മയുടെ തുറുപ്പിച്ച ഒരു നോട്ടം തന്നെ ധാരാളമായ കാരണം ഞാന്‍ പിന്നീട്‌ വായ അടച്ച മിണ്ടാതെയിരുന്നു.


പാതി രാത്രി കഴിഞ്ഞപ്പോള്‍..... ഏതോ ഒരു അടാപിടി ക്ലബിന്റെ ബോര്‍ഡും ഒക്കെ തല്ലി കൂട്ടി ഞങ്ങളുടെ അവിടുത്തെ ചെറു സെറ്റ്‌ കാരോളുമായി വീട്ടില്‍ വന്നു. അവരുടെ ക്രിസ്തുമസ്സ്‌ ഫാദര്‍ നല്ല ഒന്നാന്തരം 'വീശുകാരനായ' ബാബുക്കുട്ടി. ബാബുക്കുട്ടി താനാണു ക്രിസ്തുമസ്സ്‌ ഫാദറെന്ന് മുഖം മൂടി ഊരിക്കാട്ടി ഞങ്ങളെ അറിയിച്ചു. ബാബുക്കുട്ടിയല്ല സാക്ഷാല്‍ ജോസപ്പ്‌ പിതാവ്‌ ആണെന്ന് പറഞ്ഞാലും അമ്മ തന്റെ അഞ്ച്‌ രൂപാ തന്നെ കൊടുത്ത്‌ അവരെയും ഞെട്ടിച്ചു. അഞ്ച്‌ രൂപാ കണ്ട്‌, അമ്മാമ്മോ...അഞ്ചോ എന്ന് കോറസായി അവര്‍ ചോദിച്ചിട്ടും അമ്മ അഞ്ചും കൊടുത്ത്‌ കയറി പോന്നു. ഹും കുടിച്ച്‌ കൂത്താടാന്‍ ഓരോന്ന് ഇറങ്ങി കൊള്ളും. ഹോ ക്രിസ്തുമസ്സ്‌...ഇവന്‍ ഒക്കെ തണുപ്പത്ത്‌ പാട്ടും പാടി നടന്നില്ലായെങ്കില്‍ യേശു ജനിക്കുമോ? അമ്മ പിറുപിറുത്തു.

പിറ്റേന്ന് രാവിലെയാണു ഞങ്ങള്‍ രസകരമായ സംഭവങ്ങള്‍ കേട്ടത്‌.

വീട്ടില്‍ നിന്ന് ഇറങ്ങി ഇവര്‍ പല വീടുകളിലും കയറിയിറങ്ങി അവസാനം വാറ്റുകാരി ഓമനയുടെ വീട്ടിലും എത്തി. ഓമന ക്രിസ്തുവിന്റെ ജനന വിവരം അറിഞ്ഞ സന്തോഷത്തില്‍ [പൈസ ലാഭിക്കുകയും ചെയ്യാം, ക്വാളിറ്റിയും അറിയാം] സാക്ഷാല്‍ പുഷ്‌ പുള്ള്‌ വീശി. [പുഷ്‌ പുള്ള്‌ അടിച്ചാല്‍ ആരെങ്കിലും ഉന്തിയാലും, തള്ളിയാലും മാത്രമെ പോവുകയുള്ളു.]ഫാദറായ ബാബുക്കുട്ടിക്ക്‌ ഓമന തന്റെ സ്പെഷ്യല്‍ ഐറ്റമായ വടക്കു നോക്കിയും കൊടുത്തു. വടക്കു നോക്കിയും, പുഷ്‌ പുള്ളും കൂടിയായപ്പോള്‍ ബാബുക്കുട്ടി ഫോമിലായി. കരോളുകാരെയും നയിച്ച്‌ പോകുമ്പോള്‍, ദേ ഗോമതിയുടെ ഒക്കെ വീട്ടിലെ കുളിമുറിയില്‍ വെട്ടം. ഫാദര്‍ ബാബുക്കുട്ടി കരോളുകാരോടെ ഇടയില്‍ നിന്നും അതിവിദഗ്ദമായി മുങ്ങി ഗോമതിയുടെ കുളിമുറി ലക്ഷ്യമാക്കി പൊങ്ങി. വെന്റിലേഷനില്‍ എത്തി പിടിച്ചതും, ഗോമതിയുടെ വീട്ടിലെ പട്ടി, യേശു ജനിച്ച സന്തോഷ വിവരം അറിയിക്കാനാണു ഫാദറിന്റെ ഈ കഷ്ടപ്പാടുകളെന്ന് മനസ്സിലാകാതെ ഫാദറിന്റെ കാലില്‍ കടിച്ചു. ഫാദര്‍ കാലു കുടഞ്ഞതും, ഫാദറിന്റെ പാന്റ്‌ പട്ടിയുടെ വായിലായി. വരയന്‍ നിക്കറും, ചുമന്ന ഉടുപ്പും, തൊപ്പിയും, മിച്ചമായി പട്ടിയുടെ വായില്‍ നിന്ന് രക്ഷപ്പെടാന്‍ ആ വെന്റിലേഷനില്‍ പിടിമുറുക്കിയപ്പോള്‍ കുളിമുറിയിലുണ്ടായിരുന്ന സ്ത്രീ രത്നം ഫാദറിനെ കണ്ട്‌ ശബ്ദം ഉണ്ടാക്കി. അതോടെ ഫാദര്‍ അവിടുന്ന് പിടിവിട്ട്‌ നേരെ പട്ടിയുടെ വായില്‍ ചാടി. എന്നാലും പാന്റില്ലാത്തതിനാല്‍ ഫാദര്‍ ഫ്രീ വിസായില്‍ തന്നെ ഓടി. വടക്കു നോക്കിയും, പുഷ്‌ പുള്ളും അടിച്ച കാരണം ഫാദറിനു അധികം ഓടാനായില്ല. റോഡരുകില്‍ പഞ്ചായത്ത്‌ പൈപ്പും ചുവട്ടില്‍ കാല്‍ തട്ടി വീണു.

ഈ സംഭവങ്ങള്‍ അറിയാതെ കരോളുകാര്‍ അടുത്ത വീട്ടില്‍ ചെന്ന് പാട്ട്‌ പാടി. അപ്പോളാണു കൂട്ടത്തില്‍ ബോധമുള്ള ഒരുത്തനു 'ഫാദര്‍ ഇല്ലായെന്ന്' മനസ്സിലായത്‌. അവര്‍ പിന്നീട്‌ കൈയില്ലുള്ള പെട്രോള്‍ മാക്സും ഒക്കെ പിടിച്ച്‌ ഫാദറിനെ അന്വേഷിച്ച്‌ നടന്നു. ഏതായാലും അധികം അന്വേഷിക്കേണ്ടി വന്നില്ല. പൈപ്പിന്‍ ചുവട്ടില്‍ ഫാദറിന്റെ കുപ്പായം മാത്രമിട്ട്‌ ഷക്കീലെയെക്കാട്ടിലും വള്‍ഗറായി കിടക്കുന്ന ഫാദറിനെയും പൊക്കി അവര്‍ യാത്രയായി- സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നൂവെന്ന പാട്ടുമായി ......

Tuesday, December 16, 2008

ഓര്‍മ്മയിലെ ഒരു ക്രിസ്തുമസ്സ് കരോള്‍


ബംഗ്ലാദേശുകാര്‍ പാകിസ്ഥാന്‍കാരെ തെറി പറഞ്ഞു!
അതും...ഒരു ക്രിസ്തുമസ്സ് കാലത്ത്..!

കോളേജില്‍ വച്ചു നടന്ന ഒരു സംഭവമാണ് ഞാനിവിടെ പറയുന്നത്. കറക്ടായി പറഞ്ഞാല്‍ ക്രിസ്തുമസ്സിന്റെ അവധി തുടങ്ങുന്നതിന്റെ തൊട്ടു മുമ്പുത്തെ ദിവസം.

കാര്യങ്ങളുടെ കിടപ്പ് ശരിക്കും മനസ്സിലാകണമെങ്കില്‍ കോളേജിനെയും ഹോസ്റ്റലിനെയും പറ്റി അല്പം വിവരണം ഇവിടെ ആവശ്യമാണ്.

ഇതു നടക്കുന്നത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചാണ്.
ആണ്‍കുട്ടികള്‍ക്ക് രണ്ടു ഹോസ്റ്റലുകളാണ് അന്നവിടെ ഉണ്ടായിരുന്നത്(ഇന്നും അങ്ങിനെയാണെന്നു തോന്നുന്നു),പാകിസ്ഥാനും ബംഗ്ലാദേശും.
ഞങ്ങള്‍ താമസിച്ചിരുന്നത് പാകിസ്ഥാനിലായിരുന്നു. ഞങ്ങളുടെ ഹോസ്റ്റല്‍ വളരെ വലുതും നിയന്ത്രണാതീതവും അതെല്ലാം പോരാഞ്ഞ് പലതരം ‘ജീവി‘കളുടെ ആവാസകേന്ദവുമായിരുന്നു അന്ന്!
അച്ചടക്കം നന്നേ കുറവായിരുന്നെന്നു മാത്രമല്ല കോളേജിലെ എല്ലാവിധ കോമാളിത്തരങ്ങളുടെയും ഉടമസ്ഥാവകാശവും ഞങ്ങള്‍ക്കു സ്വന്തമായിരുന്നു.

ബംഗ്ലാദേശുകാരകട്ടെ നല്ലവരും പെണ്‍കുട്ടികളുടെയെല്ലാം ഉത്തമോദഹാരണങ്ങളായി ജീ‍വിക്കുന്നവരും ആയിരുന്നു. അവര്‍ ദിവസവും നല്ലകാര്യങ്ങള്‍ മാത്രം ചെയ്ത് ജീവിച്ചു പോയി.
“നിങ്ങള്‍ക്കെന്താ അവരെപ്പോലെയാകാന്‍ മേലേ..?”
ചില പെണ്‍കുട്ടികള്‍ അവരുടെ സൊഫ്റ്റ് കോര്‍ണറുകളോട് ചോദിച്ചു!

പെണ്‍കുട്ടികള്‍ക്ക് പ്രധാനമായും മൂന്ന് ഹോസ്റ്റലുകളായിരുന്നു നിലവില്‍.
അമ്പലം, പള്ളി, കുളം എന്നീ പേരുകളില്‍ അവ അറിയപ്പെട്ടു.

ഇനി സംഭവത്തിലേക്ക് മടങ്ങി വരാം.

അന്ന്, അതായത് ക്രിസ്തുമസ്സിന്റെ അവധിയുടെ തലേ ദിവസം ഏതാണ്ട് ആറരമണി ആയിക്കാണും.
ഞാനും റെജി ചെറിയാനും മറ്റും വോളീബോള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.
(റെജി ഇന്നു നമ്മോടൊപ്പം ഇല്ല.അകാലത്തില്‍ അവന്‍ എല്ലാവരെയും വിട്ടു പോയി.
അവനിന്നൊരു വേദനിക്കുന്ന ഓര്‍മ്മയാണ്. അതിനെപ്പറ്റി പിന്നൊരിക്കല്‍ പറയാം.)

കുഞ്ഞറഷഫ് ഓടിവന്നു പറഞ്ഞു.
“എടാ..എല്ലാവന്മാരും കളിച്ചതൊക്കെ മതി. വേഗം വന്നോ..നമുക്ക് ക്രിസ്തുമസ്സ് കരോളിനു പോകണം...!”
കുഞ്ഞറഷഫ് ഒരു കുഞ്ഞനായിരിക്കാം..എന്നിരുന്നാലും അവനെ ഒരിക്കലും അവഗണിക്കുവാന്‍ പറ്റുമായിരുന്നില്ല..കാരണം അവനെല്ലാ സീനിയറുമാരുടെയും വക്താവായിരുന്നു. എന്തെങ്കിലും അപരാധം അവന്റെ കണ്ണില്‍പ്പെട്ടാല്‍പ്പിന്നെ ഞങ്ങളുടെ പണി കഴിഞ്ഞതു തന്നെ!
“കരോളോ..മനസ്സിലായില്ല..!”
റെജി പറഞ്ഞു.
ഞാനൊന്നും മിണ്ടിയില്ല. ഇനി വല്ലതും പറഞ്ഞു അഷറഫിനെ വിഷമിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി ഞാനാലോചിച്ചു.
‌“എല്ലാവനും വേഗം ഹോസ്റ്റലില്‍ വരണം..”
അഷറഫ് മിന്നിമറഞ്ഞു.

കളി കഴിഞ്ഞ് വിയര്‍ത്ത് കുളിച്ചു നിന്ന ഞങ്ങള്‍ ഹോസ്റ്റലില്‍ ചെന്നു.
ബൈജു മാത്യു എന്ന സുന്ദരനായ സീനിയര്‍, ക്രിസ്തുമസ്സ് കരോളിനെപ്പറ്റി അവിടെ നിന്നു പറയുന്നതു ഞാന്‍ കണ്ടു.
അതു കേള്‍ക്കന്‍ നില്‍ക്കാതെ ഞാന്‍ മുറിയിലേക്കു പാഞ്ഞു.
“വേഗം റെഡിയായി വരണം..ഇതെന്തൊരു കരോളാണു കര്‍ത്താവേ..ഇതു ഞാന്‍ അറിഞ്ഞതേയില്ലല്ലോ..”
മനസ്സില്‍ ചിന്തകള്‍ അനവധി!
കുളിക്കുവാനുള്ള ഗ്യാപ്പൊന്നും എനിക്കു കിട്ടിയില്ല.
ഞാന്‍ ഹോസ്റ്റലിനു മുമ്പില്‍ വന്നപ്പോഴേക്കും ഒരു ക്രിസ്തുമസ്സ് കരോള്‍ ഗ്രൂപ്പ് അവിടെ തയ്യാറായിരുന്നു.

ബക്കറ്റുകളില്‍ മെഴുകുതികള്‍ കത്തിച്ചു വച്ച് ഒരു ക്രിസ്തുമസ്സ് വര്‍ണ്ണപ്രപഞ്ചം തന്നെ അവിടെ കാണാമായിരുന്നു.
പച്ച, മഞ്ഞ, ചുവപ്പ് എന്നി കളറുകളിലെ ബക്കറ്റുകളില്‍ മെഴുകുതിരികള്‍ കത്തിച്ചു വച്ചാല്‍ അവയെ രാത്രിയില്‍ കാണുന്നത്
വളരെ അത്ഭുതകരമായ കാഴ്ച തന്നെയാണ്.
ബൈജു മാത്യുവിന്റെ മുഖം വര്‍ണ്ണങ്ങളില്‍ ഒരു സൂപ്പര്‍സ്റ്റാറിനെ മുഖം പോലെ എനിക്കു തോന്നി!

ഒരു പ്രശ്നം...ഏതു പാട്ടുകളാണു ഞങ്ങള്‍ പാടുവാന്‍ പോകുന്നത്?
എനിക്കാണെങ്കില്‍ ഒരു പാട്ടും ഓര്‍മ്മയില്‍ വരുന്നതും ഇല്ല.

ബൈജു മാത്യു എന്തൊക്കെയോ ഇംഗ്ലീഷ് പാട്ടുകള്‍ റിഹേഴ്സല്‍ ചെയ്യുന്നുണ്ട്. മലയാളം മീഡിയത്തില്‍ നിന്നും വന്ന എനിക്ക് അവരു പാടിയതൊന്നും മനസ്സിലായതും ഇല്ല. ഇനി ഇത്ര പെട്ടെന്നെങ്ങിനെയാണീ ഇംഗ്ലീഷ് പാട്ടുകള്‍ പാടുക..? ഞാനൊരു വിഷമകരമായ സ്ഥിതിയിലകപ്പെട്ടു!
ജെ.പി എന്ന ഒരു സീനിയര്‍ അവിടെ വേറൊരു കോച്ചിംഗ് ക്യാമ്പ് നടത്തുണ്ടായിരുന്നു.അവിടെ ആര്‍ക്കും ചെല്ലാം..ഏതു പാട്ടും പാടാം. ഒരേയൊരു മുദ്രാവാക്യം..കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനുമറിഞ്ഞിരിക്കണം! അവിടുത്തെ കോച്ചിംഗിനൊന്നും സത്യത്തില്‍ എനിക്കു സമയം കിട്ടിയില്ല.

പിന്നെ എന്റെയോര്‍മ്മ ഞങ്ങളെല്ലാ ലേഡീസ് ഹോസ്റ്റലുകളിലും പോയി ക്രിസ്സ്തുമസ്സ് കരോളു നടത്തുന്നതാണ്.

എല്ലാ ഹോസ്റ്റലുകളിലും പെണ്‍കുട്ടികല്‍ മലയാളി മങ്കമാരെപ്പോലെ അണിഞ്ഞൊരുങ്ങി നിന്ന് ഞങ്ങളെ സ്വീകരിച്ചു!
നിലവിളക്കുകള്‍ കൊളുത്തി സെറ്റുസാരികളുമണിഞ്ഞുനിന്ന അവരില്‍, ഞങ്ങളില്‍ പലരുടെയും സ്വപ്നങ്ങള്‍ സ്വായൂജ്യമണഞ്ഞു.!
അറുബോറന്‍ പാട്ടുകളായിരുന്നു ഞങ്ങള്‍ പാടിയത്!
ബക്കറ്റുകളില്‍ കാറ്റാടിയുടെ കമ്പുകളടിച്ച് ആരൊക്കെയോ, എന്തൊക്കെയോ പാട്ടുകള്‍ പാടി!
ഏതു പാട്ടാണ് ഞങ്ങള്‍ പാടിയിരുന്നതെന്ന് എനിക്കൊരോര്‍മ്മയും ഇല്ല.
പിറകില്‍ നിന്നവരെരെല്ലാം തെറിപ്പാട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന താളത്തിലുള്ള എന്തോ ആയിരുന്നു പാടിയിരുന്നത്!
അത് തെറിപ്പാട്ടണെന്നു കരുതി ചിലര്‍ അതും പാടി!

അരിയുണ്ട, ഉപ്പേരി, ഹലുവ, പിന്നെ ഒരുപ്പാടു മധുരപലഹാരങ്ങള്‍ തുടങ്ങിയവ ഞങ്ങള്‍ എല്ലാ ലേഡീസ് ഹോസ്റ്റലുകളില്‍ നിന്നും വയറുനിറയെ കഴിച്ചു.ഇങ്ങിനെയുള്ള ക്രിസ്തുമസ്സുകള്‍ വരേണമേയെന്ന് എല്ലാവരും മനസ്സില്‍ കര്‍ത്താവിനോടപേക്ഷിച്ചു!

പിന്നെ ഞങ്ങളെല്ലാം ഹോസ്റ്റലിന്റെ മുമ്പില്‍ വന്നു വിശ്രമിക്കുമ്പോള്‍ക്കണ്ട കാഴ്ച ഇന്നും എന്റെ മന്നസ്സില്‍ നിന്നും മായുന്നില്ല!

ഒരു ക്രിസ്തുമസ്സ് രഥം അതാ ഉരുണ്ടു വരുന്നു!
ക്രിസ്തുമസ്സ് ഫാദറും പിന്നെ കുളിച്ചു സുന്ദരന്മാരായ കുറെ പയ്യന്മാരും. മനോഹരമായ ക്രിസ്തുമസ്സ് ഗാനങ്ങള്‍ രഥത്തില്‍ നിന്നും കേള്‍ക്കാം. ഒരു മൊബൈല്‍ ക്രിസ്തുമസ്സ് ട്രീയും അതിനോടൊപ്പം ഉണ്ടായിരുന്നു!ബംഗ്ലാദേശുകാരുടെ ക്രിസ്തുമസ്സ് കരോളായിരുന്നു അത്!

ഈ സന്നാഹങ്ങളുമായി ലേഡീസ് ഹോസ്റ്റലുകളില്‍ അവര്‍ കയറിയിയിറങ്ങുന്നത് ഞങ്ങള്‍ നോക്കി നിന്നു.

കുറെ നേരം കഴിഞ്ഞപ്പോള്‍ അതേ ബംഗ്ലാദേശി ടീം ഞങ്ങളുടെ ഹോസ്റ്റലിന്റെ മുമ്പില്‍ വന്നു നിന്ന് ഞങ്ങളെ പൂരത്തെറി വിളിക്കുവാന്‍ തുടങ്ങി!
അവരുടെ ക്രിസ്തുമസ്സ് ഫാദര്‍ ചാക്കോ ആ കോസ്റ്റ്യൂമെല്ലാം അഴിച്ചുകളഞ്ഞ് തന്റെ തനി സ്വരൂപത്തിലായി മാറിക്കഴിഞ്ഞിരുന്നു!

എന്താണാവോ ഇതിന്റെ കാര്യം..?
എനിക്കൊന്നും മനസ്സിലായില്ല.
ഞങ്ങളും അവന്മാരെ തിരിച്ചു തെറി വിളിച്ചു.

ആ തെറി വിളികള്‍ പൂരപ്പാട്ടുകളുടെ അതിര്‍ത്തികളും അന്നു രാത്രിയില്‍ ലംഘിച്ചു.!


എന്തിനാണു ബംഗ്ലാദേശുകാര്‍ ഞങ്ങളെ തെറിവിളിച്ചത്..?
ഉത്തരം ഇതായിരുന്നു.
പിന്നീടു ഞങ്ങള്‍ മനസ്സിലാക്കിയതാണു കേട്ടോ.!

ബംഗ്ലാദേശുകാര്‍ ക്രിസ്തുമസ്സ് കരോളുമായി വരുന്നെന്ന് എല്ലാ ലേഡീസ് ഹോസ്റ്റലുകളിലും ലെറ്റര്‍ മുഖാന്തിരം അറിയിച്ചിരുന്നു.!

അവര്‍ക്കു വേണ്ടിയായിരുന്നു മലയാളി മങ്കമാര്‍ ഒരുങ്ങിയിരുന്നത്!

ഞങ്ങളുടെ കരോള് മുമ്പേ ചെന്നതിനാല്‍ അവര്‍ ഞങ്ങളെ ബംഗ്ലാദേശുകാരായി തെറ്റിദ്ധരിച്ചു.

അവര്‍ ഒരുക്കിയ വിഭവങ്ങളെല്ലാം ഞങ്ങള്‍ തിന്നു തീര്‍ത്തു!

ഞങ്ങളുടെ സീനിയറന്മാര്‍ പാര പണിയുവാന്‍ കേമന്മാരായിരുന്നു.!

അതായിരുന്നു ബംഗ്ലാദേശ് പാകിസ്ഥാനെ ചീത്ത വിളിക്കുവാനുണ്ടായ കാരണം!

Saturday, December 13, 2008

ക്രിസ്തുമസ്സ് സ്മരണകള്‍



‍ക്രിസ്തുമസ്സ്‌ വന്നണയുകയായി, അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം എന്ന, ഭക്തിയുടേയും സ്നേഹത്തിന്റേയും നന്മയുടേയും സന്ദേശവുമായി. ക്രിസ്തുമസ്സ്‌ മാസമായ ഡിസംബര്‍ പിറക്കുമ്പോള്‍ തന്നെ മഹത്തരമായ ഈ സന്ദേശവും മനസ്സിലേക്ക്‌ ഓടിയെത്തുകയായി. ഡിസംബറിലെ കുളിരു പെയ്യുന്ന രാവുകള്‍ക്ക്‌ അതീവ ചാരുതയും സൗമ്യതയുമാണ്‌. ആകാശത്തും ഭൂമിയിലും ഒരുപോലെ നക്ഷത്രങ്ങള്‍ ചിരിക്കുന്ന കാലം.

ക്രിസ്തുമസ്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയണയുന്ന ഓര്‍മ്മകള്‍ ക്രിസ്തുമസ്സ്‌ കരോളുകളെ കുറിച്ചാണ്‌. മധുരം പകരുന്ന ഒരു ബാല്യകാല സ്മരണയായി ഇന്നും അതെന്റെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്ത്‌, ക്രിസ്തുമസ്സ്‌ ദിനങ്ങളില്‍ സന്ധ്യ കഴിഞ്ഞാല്‍ കരോള്‍ ഗായക സംഘങ്ങള്‍ വീടു വീടാന്തരം കയറി ഇറങ്ങി കരോള്‍ ഗാനങ്ങള്‍ പാടുക പതിവായിരുന്നു. ക്രിസ്തുമസ്സ്‌ പരീക്ഷ കഴിഞ്ഞ്‌ സ്കൂള്‍ പൂട്ടിയാല്‍ പിന്നെ കരോളുകാരുടെ വരവും കാത്തിരിക്കും ഞങ്ങള്‍ കുട്ടികള്‍. അന്ന് അടുത്തുള്ളൊരു പള്ളിയിലെ ഗായക സംഘമാണ്‌ വരുന്നത്‌. എല്ലാം പാവപ്പെട്ട ആള്‍ക്കാര്‍. കരോള്‍ സംഘത്തിലെ മിക്കവരും പാടത്ത്‌ പണിയെടുത്ത്‌ ഒക്കെ ജീവിക്കുന്നവര്‍. അവരെ പകല്‍ കാണാന്‍ കഴിയുക, ചേറിന്റെ നിറമുള്ള കുറിമുണ്ടുടുത്ത്‌, പാടത്തോ പറമ്പിലോ ഒക്കെ പണിയെടുത്തു കൊണ്ടിരിക്കുന്നതായിട്ടാണ്‌. ഈ പണിക്കാരില്‍ പലരും ഒന്നാംതരം ഗായകര്‍. അവരില്‍ രണ്ടു പേര്‍ ഇന്നും എന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്നു. ലാസറും ജോര്‍ജ്ജും.

വളരെ പരോപകാരിയും എപ്പോഴും ഭവ്യതയോടെ മാത്രം പെരുമാറുകയും ചെയ്യുന്ന ഒരാളായിരുന്നു ലാസര്‍. എനിക്കു ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ഒരിക്കല്‍ സുഖമില്ലാതായി. വീട്ടില്‍ അഛനോ അമ്മാവനോ ഇല്ല. അപ്പോള്‍ ഈ ലാസറങ്കിളാണ്‌ എന്നെ തോളിലിട്ടു ആശുപത്രിയിലേക്ക്‌ കൊണ്ടു പോയത്‌. അന്ന് അദ്ദേഹത്തിന്റെ വെളുത്ത ഷര്‍ട്ടിലൂടെ ഞാന്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. ഉടനേ അമ്മ എന്നെ കൈയില്‍ വാങ്ങിക്കാന്‍ തുനിഞ്ഞെങ്കിലും ലാസറങ്കിള്‍ സമ്മതിച്ചില്ല. ആശുപത്രിവരേയും എന്നെ ചുമന്നു.

ലാസറങ്കിള്‍ അന്ന്‌ പാടത്ത്‌ പണിയെടുക്കുന്ന ആളായിരുന്നെങ്കിലും, പില്‍ക്കാലത്ത്‌ നല്ല ധനസ്ഥിതിയിലൊക്കെ ആയി. മക്കള്‍ ഒക്കെ നല്ല വിദ്യാഭ്യാസം നേടി നല്ല നിലയിലായി. ഒക്കെ കണ്ട്‌ നിറമനസ്സോടെ തന്നെയാണ്‌ അദ്ദേഹം ഈ ഭൂമി വിട്ടു പോയത്‌.

രണ്ടാമത്തെ ആള്‍ ജോര്‍ജ്ജ്‌. ഈ ജോര്‍ജ്ജിന്റെ പ്രധാന പണി എന്തെന്നാല്‍ കളിപറഞ്ഞ്‌ എന്നെ വിഷമിപ്പിക്കുകയും ഞാന്‍ സങ്കടപ്പെടുന്നതോ കരയുന്നതോ കണ്ട്‌ ചിരിക്കയും. അങ്ങനെ ചിരിക്കുന്ന ആ മുഖം ഇപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌. ഇങ്ങനെ കളിപറഞ്ഞ്‌ കരയിക്കുന്ന വിദ്യ എന്നോട്‌ മാത്രമേ ഫലിക്കൂ. എന്റെ അനിയത്തിയും അമ്മാവന്റെ മക്കളും ഒക്കെ തറുതല പറഞ്ഞു നില്‍ക്കുന്നതു കണ്ടിട്ടുണ്ട്‌. ഞാനാണെങ്കില്‍ അയാളു പറയുന്നതൊക്കെ അപ്പടി വിശ്വസിച്ചിട്ട്‌ വിഷമിക്കാന്‍ തുടങ്ങും.

'ഇന്ന് വൈകുന്നേരം കുഞ്ഞിന്റെ അമ്മാവന്‍ വരുമ്പോള്‍ നല്ല തല്ലു കിട്ടും കേട്ടോ'
ഞാന്‍ ഞെട്ടി ചോദിക്കും.
'എന്തിന്‌?'
'കുഞ്ഞ്‌ ഒരു കുറ്റം ചെയ്തില്ലേ?'

ഞാന്‍ ഏതു കുറ്റമാണ്‌ ചെയ്തതെന്ന് തലപുകഞ്ഞ്‌ ആലോചിക്കാന്‍ തുടങ്ങും. എന്റെ ഭീതി നിറഞ്ഞ മുഖം കാണുമ്പോള്‍ അയാള്‍ക്ക്‌ ചിരി. അതു കണ്ടാലും മന്ദബുദ്ധിയായ എനിക്ക്‌ അയാള്‍ കളിപറയുകയാണ്‌ എന്നൊന്നും തോന്നുകില്ല. പകരം ഞാന്‍ ചെയ്തുപോയ ഏതെങ്കിലുമൊരു കാര്യം ഓര്‍മ്മയില്‍ വരും. എന്നിട്ട്‌ അതാണ്‌ കുറ്റമെന്ന് സ്വയം വിശ്വസിക്കും. വൈകുന്നേരം കിട്ടാന്‍ പോകുന്ന അടിയെ കുറിച്ചോര്‍ത്ത്‌ മനസ്സില്‍ തീയാളാന്‍ തുടങ്ങും. അന്നത്തെ ദിവസം പോയി കിട്ടി എന്നുപറഞ്ഞാല്‍ മതിയല്ലോ. ഒരിക്കല്‍ ഞാന്‍ ചെയ്ത കുറ്റം മഷിക്കുപ്പി കൈ തട്ടി ചരിഞ്ഞു ഇത്തിരി മഷി കളഞ്ഞു പോയി എന്നതാണ്‌. പേന ഉപയോഗിക്കാറാവാത്ത നീയെന്തിനു മഷിക്കുപ്പി എടുത്തു എന്നു അമ്മാവന്‍ ചോദിച്ചാല്‍ ഉത്തരമില്ല. യഥാര്‍ത്ഥത്തില്‍ ഇതൊന്നും കണ്ടിട്ടോ അറിഞ്ഞിട്ടോ അല്ല ജോര്‍ജ്ജ്‌ ഈ ഭീഷണിയൊക്കെ മുഴക്കുന്നത്‌. ചുമ്മാ ഒരു നംബര്‍ എന്നെ പേടിപ്പിക്കാന്‍. കഷ്ടകാലത്തിന്‌ അന്നു തന്നെ എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകള്‍ ഞാനും ഒപ്പിച്ചിട്ടുണ്ടായിരുന്നിരിക്കും. ഇനി അഥവാ അങ്ങനെ ഒന്നുമില്ലെങ്കില്‍ പോലും എനിക്കു പേടിക്കാതിരിക്കാന്‍ കഴിയില്ല. പക്ഷേ ഈ വക അടവുകളൊന്നും എന്റെ അനിയത്തിയുടെ നേരെ തീരെ ഫലിക്കുമായിരുന്നില്ല. അവളോടും ജോര്‍ജ്ജ്‌ ഇങ്ങനൊക്കെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. പക്ഷേ അവള്‍ക്കു യാതൊരു കുലുക്കവുമില്ല എന്നു മാത്രവുമല്ല അവള്‍ ജോര്‍ജ്ജിനോട്‌ തര്‍ക്കിക്കുക കൂടി ചെയ്യും അങ്ങനെ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പറഞ്ഞ്‌.

ഇത് ഒരു സാമ്പിള്‍. പിന്നെ എന്നെ ഇളിഭ്യയാക്കലാണ് ജോര്‍ജ്ജിന്റെ മറ്റൊരു പണി. ഒരിക്കല്‍ ഒരു പേപ്പര്‍ പൊതി കൊണ്ടുവന്നു തന്നിട്ട് പറഞ്ഞു.

‘ദേ കുഞ്ഞിനു വേണ്ടി അമ്മാവന്‍ വാങ്ങി തന്നയച്ചതാ. മുട്ടായി.’

ഞാന്‍ വളരെ സന്തോഷത്തോടെ പൊതി തുറന്നു നോക്കി. അതിനകത്ത് ഉണങ്ങിയ ഒരു മാങ്ങയണ്ടി!

എനിക്കുണ്ടായ നിരാശയും സങ്കടവും പറയാനുണ്ടോ. ഞാനാ പൊതിയും പിടിച്ച് നിന്ന് അന്നും കരഞ്ഞുപോയി. ജോര്‍ജ്ജ് ചിരിക്കയും. ഇതൊക്കെയാണ് ജോര്‍ജ്ജിന്റെ പണികള്‍.

മുറ്റത്തു ചാഞ്ഞു നിന്നിരുന്ന തെങ്ങില്‍ ചാരിനിന്ന്‌ ചിരിക്കുന്ന ആ ദുഷ്ടന്‍ ജോര്‍ജ്ജിനെ ഒരു നിമിഷം ഒന്നോര്‍ത്തോട്ടെ മനസ്സു നിറഞ്ഞ സ്നേഹത്തോടെ തന്നെ.

ഈ ജോര്‍ജ്ജും ഒന്നാംതരമൊരു പാട്ടുകാരന്‍ ആയിരുന്നു. ലാസറും ജോര്‍ജ്ജും - രണ്ടുപേരും പാടത്തെ പണിക്കാര്‍. രണ്ടു പേരും കരോള്‍ ഗായകരും. ക്രിസ്തുമസ്‌ അടുത്തുവരുന്ന ദിവസങ്ങളില്‍ അവര്‍ നേരത്തെ പണി ഒക്കെ തീര്‍ത്ത്‌ പോകുന്നതു കാണാം. പിന്നെ, കുളിച്ച്‌ പൗഡറിട്ടു മിനുക്കിയ മുഖവും തൂവെള്ളവസ്ത്രങ്ങളുമായി കരോള്‍ ഗായകരുടെ രൂപത്തില്‍ അന്നു രാത്രി വീണ്ടും നമുക്കവരെ കാണാം.

ഞങ്ങള്‍ കുട്ടികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്‌ ഈ കരോള്‍ ഗായകരുടെ വരവ്‌. കരോള്‍ സംഘം വരിക, പാടത്തിന്റെ നടുവിലൂടൊഴുകുന്ന തോട്ടിന്റെ കരയിലൂടെ, നാലഞ്ചു ഹറിക്കെയിന്‍ വിളക്കുകളും പിടിച്ച്‌ ബാന്‍ഡുമേളമൊക്കെ മുഴക്കിക്കൊണ്ടായിരിക്കും. അവര്‍ കാഴ്ചവെട്ടത്തെത്തും മുന്‍പ്‌ തന്നെ ഡും ഡും ശബ്ദം കേള്‍ക്കാനാവും. അതിനു വേണ്ടി കാതോര്‍ത്തിരിക്കുന്ന ഞാന്‍ തന്നെയാവും ആ ശബ്ദം ആദ്യം കേള്‍ക്കുക. ഉടനെ അമ്മയെയും എല്ലാം വിളിച്ച്‌ മുറ്റത്തിറങ്ങി നില്‍ക്കും. (രാത്രിയില്‍ തനിച്ചു മുറ്റത്തിറങ്ങാന്‍ പേടിയാണേ). ഇത്തിരി കഴിയുമ്പോള്‍ വിളക്കിന്റെ വെളിച്ചവും കാണാറാകും.

ചിലപ്പോള്‍ കരോള്‍ സംഘം ആദ്യം അക്കരെ കരയിലുള്ള വീടുകളിലാകും പോകുക. വെളിച്ചം കണ്ടു കഴിഞ്ഞാല്‍ പിന്നെ അത്‌ ഇങ്ങോട്ടാണോ അതോ അക്കരക്കു പോകയാണോന്നുള്ളതാവും അടുത്ത ആകാംക്ഷ. വെളിച്ചവും ബാന്‍ഡു മേളവും അകന്നു പോകയാണെങ്കില്‍ നേരിയ ഒരു നിരാശ തോന്നും. പക്ഷേ എത്ര താമസിച്ചാലും അവര്‍ ഇക്കരെ വരാതിരിക്കില്ല. കുറച്ചു വൈകും എന്നു മാത്രം. ഉറങ്ങാതെ കാത്തിരിക്കും ഞാന്‍. എന്നിട്ടും ഉറങ്ങിപ്പോയാല്‍ അമ്മ വിളിച്ചുണര്‍ത്തും ഗായകസംഘം വീട്ടു മുറ്റത്തെത്തുമ്പോള്‍.

തോട്ടു വരമ്പിലൂടെ വരുന്ന വെളിച്ചം ഇങ്ങോട്ടു തിരിയുന്നതു കണ്ടാല്‍ പിന്നെ ആഹ്ലാദമായി. അടുത്തടുത്തു വരുന്ന ആ വെളിച്ചവും ആ ബാന്‍ഡുമേളവും പകര്‍ന്നു തന്നിരുന്ന ആ ഒരു ഹരം! അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. എന്റെ മക്കള്‍ക്കൊന്നും കിട്ടാതെ പോയ ചില നാട്ടിന്‍പുറനന്മകള്‍.

കരോള്‍ സംഘം നാലഞ്ചു നീണ്ട ഗാനങ്ങള്‍ ആലപിക്കും. ലാസറിന്റെ ശബ്ദം എനിക്കു വേറിട്ടറിയാന്‍ പറ്റും. അദ്ദേഹം പാടുകയും ചിങ്കി അടിക്കുകയും ചെയ്യും. ജോര്‍ജ്ജ്‌ പാട്ടു മാത്രം. ഏറ്റവും ഇഷ്ടം ആ ബാന്‍ഡിന്റെ ശബ്ദം ആണ്‌. പാട്ടെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ ചെറിയ വിഷമം തോന്നുമെങ്കിലും ഇനി അടുത്ത ദിവസം വീണ്ടും വരുമല്ലോ എന്ന പ്രതീക്ഷ. ക്രിസ്തുമസ്‌ ദിവസത്തിനു മുന്‍പ്‌ 3, 4 വട്ടം വരും കരോള്‍. നാലോ അഞ്ചോ പാട്ടുകള്‍ പാടിക്കഴിഞ്ഞ്‌ എന്തോ ഒരു പ്രാര്‍ത്ഥന പോലെ ചൊല്ലുന്നതു കേള്‍ക്കാം ഈ ലാസറും മറ്റു രണ്ടുപേരും കൂടി ചേര്‍ന്ന്. അതു കേള്‍ക്കുമ്പോള്‍ മനസ്സിലാകും ഇന്നത്തെ പാട്ട്‌ അവസാനിച്ചു എന്ന്. അമ്മ ലാസറിന്റെ കൈയില്‍ കാശു വച്ചു കൊടുക്കും. പിന്നെ അവര്‍ വിളക്കുകളുമെടുത്ത്‌ ബാന്‍ഡ്‌ കൊട്ടി യാത്രയാവുകയായി അടുത്ത വീട്ടിലേക്ക്‌.....

പിറ്റേന്നു പകലും ഈ ലാസറും ജോര്‍ജ്ജും ഒക്കെ പണിക്കു വരും. അടുത്തടുത്ത ദിവസങ്ങളില്‍ കരോള്‍ വരില്ല. ഇടവിട്ടുള്ള ദിവസങ്ങളിലായിരിക്കും വരുന്നത്‌. അവസാനം വരുന്നതെന്നാണെന്ന് അമ്മ ചോദിച്ചു വയ്ക്കും. അന്ന് കരോളുകാര്‍ക്ക്‌ നമ്മുടെ വീട്ടില്‍ അത്താഴമൊരുക്കും. അത്താഴത്തിന്‌ ഊണും കറികളുമല്ല. പകരം ഇഡ്ഡലി, സാംബാര്‍, ചട്ട്‌ണി അല്ലെങ്കില്‍ പുട്ട്‌, പയറ്‌, പപ്പടം. അന്ന് വീട്ടിലുള്ളവര്‍ക്കും ഇതേ വിഭവം തന്നെ അത്താഴത്തിന്‌. മൂന്നു നേരവും പലഹാരം മതിയെന്നുള്ള ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അന്ന് ഉത്സവം തന്നെ. കരോള്‍ സംഘം വരുന്നതിന്റെ മാത്രമല്ല, ഇഷ്ട ഭക്ഷണം കിട്ടുന്നതിന്റെ കൂടെ സന്തോഷം. അവസാന ദിവസം കൂടുതല്‍ ഗാനങ്ങള്‍ പാടും അവര്‍. അതു കഴിഞ്ഞ്‌ എല്ലാവരും കൈ കഴുകിവന്ന് ഇല വിരിച്ച്‌ ഭക്ഷണം കഴിക്കാനിരിക്കും. വിളമ്പാനൊക്കെ മുതിര്‍ന്നവര്‍ക്കൊപ്പം കൂടാന്‍ ഞങ്ങള്‍ക്ക്‌ എന്തുത്സാഹമായിരുന്നു. എല്ലാം കഴിഞ്ഞ്‌ വിളക്കുകളുമെടുത്ത്‌ ബാന്‍ഡ്‌ കൊട്ടി അവര്‍ മടങ്ങുമ്പോള്‍ സന്തോഷമാണോ സങ്കടമാണോ മനസ്സില്‍ മുന്നിട്ടു നില്‍ക്കുകയെന്നറിഞ്ഞുകൂട. അടുത്ത വര്‍ഷവും ക്രിസ്തുമസ്സ്‌ വരുമല്ലോ എന്ന ശുഭപ്രതീക്ഷയുമായിട്ടാവും ഉറങ്ങാന്‍ പോവുക...

ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗില്‍ സെര്‍ച്ച്

Tuesday, December 9, 2008

പുല്‍ക്കൂട്ടിലെ പ്രതിമകള്‍

യല്‍‌വാസിയായ പത്രോച്ചേട്ടന് മക്കള്‍ 7 പേരാണ്. 2 ആണും 5 പെണ്ണും. അതില്‍ മൂന്ന് പേര്‍ എന്നേക്കാള്‍ മുതിര്‍ന്നവര്‍. സമപ്രായക്കാരന്‍ ശ്യാം പഠിക്കുന്നത് എന്റെ സ്കൂളില്‍ത്തന്നെയാണ്.ഞങ്ങളുടെ വീട്ടില്‍ ഞാനും മുതിര്‍ന്നവര്‍ രണ്ട് ചേച്ചിമാരും. എനിക്ക് പ്രായം 8 വയസ്സ്.

സ്കൂള്‍ വിട്ടുവന്നാല്‍ കുറേ നേരം വടക്കേപ്പറമിലെ അവരുടെ വീട്ടിലോ എന്റെ വീട്ടിലോ ഞങ്ങളെല്ലാ‍വരും ചേര്‍ന്നുള്ള കളിയും ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ടാകും. പക്ഷെ ക്രിസ്തുമസ് വരാനാകുമ്പോഴേക്കും അവരെയാരേയും കളിക്കാന്‍ കൂട്ടിന് കിട്ടാതാകും. അവരപ്പോള്‍ പുല്‍ക്കൂട് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. അതിനാവശ്യമുള്ള വൈക്കോല് കൊണ്ടുപോകുന്നത് എന്റെ വീട്ടീന്നായതുകൊണ്ട് അവര് പുല്‍ക്കൂടിന്റെ പണി തുടങ്ങുമ്പോഴേ ഞങ്ങള്‍ക്ക് കാര്യം മനസ്സിലാകും. ഇനിയുള്ള രണ്ടാഴ്ച്ച അവരെയാരേയ്യും കളിക്കാന്‍ കിട്ടില്ല.

അവര്‍ ഏഴുപേര്‍ക്കിടയില്‍ അന്യരെപ്പോലെ കുറേ നേരം പുല്‍ക്കൂട് ഉണ്ടാക്കുന്നതൊക്കെ നോക്കിനിന്ന് നെടുവീര്‍പ്പിട്ട് ഞങ്ങള്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങും.

വൈക്കോ‍ല് വെട്ടിയൊതുക്കി തെങ്ങോല വെട്ടുമ്പോള്‍ അവശേഷിപ്പിക്കപ്പെടുന്ന നേര്‍ത്ത ചീളുകളില്‍ (ഞങ്ങളതിന്റെ അളി എന്ന് പറയും) ചേര്‍ത്തുവെച്ച് പുല്‍ക്കൂടിന്റെ മേല്‍ക്കൂരയും, ചുമരുകളുമൊക്കെയുണ്ടാക്കി, തറയില്‍ മണ്ണ് വിരിച്ച്, നെല്ല് വെള്ളത്തിലിട്ട് മുളപ്പിച്ച് പുല്‍ക്കൂട്ടില്‍ അവിടവിടെയായി പറിച്ച് നടാന്‍ പാകത്തിന് തയ്യാറാക്കി, അലങ്കാര ബള്‍ബുകളും തോരണങ്ങളുമൊക്കെ തൂക്കി, പുല്‍ക്കൂട് വളരെ നേരത്തേ തന്നെ തയ്യാറായിട്ടുണ്ടാകും.

കൃസ്തുമസ്സിന്റെ തൊട്ടടുത്ത ദിവസങ്ങളാകുമ്പോഴേക്കും പുല്‍ക്കൂട്ടില്‍ കന്യാമാതാവിന്റേയും, ജോസപ്പിന്റേയും, ആട്, പശു എന്നിങ്ങനെയുള്ള ചില കൊച്ചു കൊച്ചു പ്രതിമകള്‍ സ്ഥാനം പിടിച്ചുതുടങ്ങും.

ഡിസംബര്‍ 24ന് രാത്രിയാകുമ്പോഴേക്കും ഉണ്ണിയേശുവിന്റെ പ്രതിമയും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുടേയും, അവരുടെ ഒട്ടകങ്ങളുടേയും പ്രതിമകള്‍ക്ക് പുറമേ പുല്‍ക്കൂടിന്റെ മുകളില്‍ നിന്ന് ഒരു മാലാഖയുടെ പ്രതിമയും തൂങ്ങിയാടാന്‍ തുടങ്ങും. കുട്ടികള്‍ക്ക് രാത്രി നേരത്തേ കിടന്നുറങ്ങാനുള്ളതുകൊണ്ട് വൈകീട്ട് 7 മണിയോടെ തന്നെ ആ പുല്‍ക്കൂട്ടില്‍ തിരുപ്പിറവി കഴിഞ്ഞിരിക്കും.

പുല്‍ക്കൂടൊരുക്കി കൃസ്തൂമസ്സാഘോഷിക്കുന്ന ആ അവസരത്തില്‍ വേണ്ടവണ്ണം പങ്കുചേരാന്‍ പറ്റാത്തതിന്റെ വിഷമവുമായി ഇതെല്ലാം കണ്ടുകൊണ്ട് ഞങ്ങളവിടെ ചുറ്റിപ്പറ്റി നില്‍ക്കും. ഓണത്തിനും വിഷുവിനുമൊക്കെ കളമിടുന്നതും പടക്കം പൊട്ടിക്കുന്നതുമൊക്കെ ഞങ്ങളൊരുമിച്ചാണെങ്കിലും പുല്‍ക്കൂട് ഉണ്ടാക്കുന്ന കാര്യം വരുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ പങ്കാളിത്തമൊന്നും കിട്ടാത്തതില്‍ എന്റെ കൊച്ചുമനസ്സ് എന്നും വേദനിച്ചിട്ടുണ്ട്. അവരുടെ വീട്ടിലെ 7 പേര്‍ക്കുതന്നെ കയ്യിട്ട് പോഷിപ്പിക്കാനുള്ള സംഭവം ആ പുല്‍ക്കൂട്ട് ഉണ്ടാക്കുന്നിടത്തില്ല, പിന്നല്ലേ അയല്‍ക്കാരായ ഞങ്ങള്‍ക്ക്.

അതിന്റെ വിഷമം തീര്‍ക്കാന്‍ ഞങ്ങളൊരു വിദ്യകണ്ടുപിടിച്ചു. ഞങ്ങളുടെ വീട്ടിലും ഒരു പുല്‍ക്കൂടുണ്ടാക്കുക. പത്രോച്ചേട്ടന്റെ വീട്ടിലെ പുല്‍ക്കൂടിനേക്കാള്‍ കേമമായതുതന്നെ ഒരെണ്ണം.

നെല്ല് മുളപ്പിക്കാനിട്ടു. വൈക്കോലിനും, അളിക്കുമൊന്നും ഒരു പഞ്ഞവുമില്ല. അത്യാവശ്യം കളറ് പേപ്പറുകളൊക്കെ വെട്ടിയെടുത്ത് തോരണങ്ങളുമുണ്ടാക്കി. ക്രിസ്തുമസ്സിന് നക്ഷത്രം തൂക്കുന്ന എര്‍പ്പാട് വീട്ടില്‍ പണ്ടുമുതലേയുള്ളതാണ്. ആ നക്ഷത്രത്തിനെ പുല്‍ക്കൂടിനരുകിലേക്ക് മാറ്റി സ്ഥാപിച്ചു.

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാകുന്നുണ്ടെന്നറിഞ്ഞ് പത്രോച്ചേട്ടന്റെ മക്കളെല്ലാം വന്ന് നോക്കി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ തന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വല്ല്യ സന്തോഷമായി. പക്ഷെ അതിനോടൊപ്പം ഒരു വലിയ സങ്കടം കൂടെ ബാക്കിനിന്നു. ഇതിപ്പോള്‍ ഒരു പുല്‍ക്കൂട് മാത്രമല്ലേ ആയിട്ടുള്ളൂ. അതില് വെക്കാന്നുള്ള പ്രതിമകള്‍ ഞങ്ങള്‍ക്കില്ലല്ലോ ? അതിനി എങ്ങനെ ഒപ്പിക്കും ? കടകളില്‍ ഒരിടത്തും ഈ പ്രതിമകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നതും കണ്ടിട്ടില്ല. അല്ലെങ്കില്‍ ഒരു ഉണ്ണിയേശുവിന്റെ പ്രതിമ മാത്രം എങ്ങനെയും സംഘടിപ്പിച്ച് പുല്‍ക്കൂട് പൂര്‍ണ്ണമാക്കാമായിരുന്നു.

അങ്ങനൊരു ദിവസം പതിവുപോലെ സൈക്കിളുമെടുത്ത് കറങ്ങുന്നതിനിടയില്‍ ഞാനതുകണ്ടു. അങ്ങാടിയില്‍ കോയാസ്സന്റെ കടയില്‍ ഒരു പുല്‍ക്കൂടിന്റെ മുഴുവന്‍ സെറ്റ് പ്രതിമകളും ഇരിപ്പുണ്ട്. പതുക്കെ ചെന്ന് വില ചോദിച്ചു. മെസിഡീസിന്റേയോ, ബി.എം.ഡ‌ബ്ല്യൂവിന്റേയോ ഷോ‍റൂമില്‍ കൈലിയുടുത്ത് ഒരുത്തന്‍ ചെന്ന് കാറിന്റെ വില ചോദിച്ചാലുള്ളതുപോലായിരുന്നു അനുഭവം. കോയാസ്സന്‍ കേട്ട ഭാവം കാണിക്കുന്നില്ല. മകനെ നിന്നെക്കൊണ്ട് താങ്ങാനാവില്ല എന്ന് കിറിക്കോണില്‍ എഴുതിവെച്ചിട്ടുള്ള ഒരു ചിരിമാത്രമായിരുന്നു മറുപടി. ഒരിക്കല്‍ക്കൂടെ ആ പ്രതിമകളില്‍ സൂക്ഷിച്ച് നോക്കി അവയൊക്കെ ഞങ്ങളുടെ പുല്‍ക്കൂടില്‍ വന്ന് കയറിയാലുള്ള ചിത്രം മനസ്സില്‍ സങ്കല്‍പ്പിച്ച് വളരെ വിഷമത്തോടെ വീട്ടിലെത്തി.

ഇനിയാ പ്രതിമകള്‍ കിട്ടാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ. അച്ഛനോട് പറഞ്ഞ് നോക്കാം. വലിയ വിലയുള്ള പ്രതിമകളായിരിക്കും. അച്ഛന്റെ സര്‍ക്കാര്‍ ശമ്പളത്തില്‍ ഒതുങ്ങാന്‍ സാദ്ധ്യതയില്ല. എന്നാലും പറഞ്ഞ് നോക്കുക തന്നെ.

അച്ഛന്‍ നല്ല മൂഡിലിരിക്കുമ്പോള്‍ പതുക്കെ ചെന്ന് കാര്യം തന്ത്രപരമായി അവതരിപ്പിച്ചു. ഞങ്ങള്‍ ഓണക്കളമിടുന്നതും , വിഷൂന് പടക്കം പൊട്ടിക്കുന്നതുമൊക്കെ വടക്കേക്കാരുടെ ഒപ്പമല്ലേ ? പിന്നിപ്പോ കൃസ്തുമസ്സ് വന്നപ്പോള്‍ മാത്രം ഞങ്ങള്‍ക്ക് അവരെപ്പോലെ ആഘോഷിക്കാന്‍ പറ്റാത്തത് കഷ്ടമല്ലേ ? ആ ലൈനിലൊന്ന് പിടിച്ച് നോക്കി.

എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും‍ അച്ഛന് കോയാസ്സന്റെ അത്രയും പോലും മൈന്‍ഡില്ല. കേട്ടഭാവം ഇല്ലെന്ന് മാത്രമല്ല, കോയാസ്സന്റെ കിറിക്കോണില്‍ ഉണ്ടായിരുന്ന ചിരിയുടെ നൂറിലൊന്ന് പോലും അച്ഛന്റെ മുഖത്തില്ല. സംഗതി ചീറ്റിപ്പോയെന്ന് മൂന്നരത്തരം.

നാളെ കൃസ്തുമസ്സാണ്. ഇന്ന് വൈകീട്ടാകുമ്പോഴേക്കെങ്കിലും പ്രതിമകള്‍ കിട്ടിയില്ലെങ്കില്‍ പുല്‍ക്കൂടുണ്ടാക്കാന്‍ പാടുപെട്ടതെല്ലാം വെറുതെയാകും. കരച്ചിലിന്റെ വക്കത്തെത്തിയ നിമിഷങ്ങള്‍.

രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഉണ്ണിയേശു പിറക്കാതെ അനാഥമാകാന്‍ പോകുന്ന ആ പുല്‍ക്കൂ‍ട് ഒരിക്കല്‍ക്കൂടെ ഞാനൊന്ന് പോയി നോക്കി. തൊട്ടടുത്ത് കത്തിക്കൊണ്ടിരുന്ന കടലാസ് നക്ഷത്രത്തിന്റെ മടക്കുകളിലും അരുകുകളിലുമുള്ള ചെറിയ ദ്വാരങ്ങളിലൂടെ അരിച്ചരിച്ച് മുഖത്തുവീണ മങ്ങിയ വെളിച്ചത്തില്‍, എന്റെ കവിളിലൂടൊലിച്ചിറങ്ങിയ കണ്ണുനീര്‍ ആരും കണ്ടുകാണാ‍ന്‍ വഴിയില്ല.

വലിയ സന്തോഷമൊന്നുമില്ലാതെ കൃസ്തുമസ്സ് ദിവസം പുലര്‍ന്നു. രാവിലെ ഉമ്മറത്തെ പടിയില്‍ വന്നിരുന്ന് വൈക്കോല്‍ക്കൂനയില്‍ കോഴികള്‍ ചികയുന്നത് നോക്കിയിരുന്നപ്പോള്‍ പുല്‍ക്കൂടിന്റെ ഭാഗത്തേക്ക് നോക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

എത്ര ശ്രമിച്ചിട്ടും എന്റെ കൊച്ചുമനസ്സിനെ നിയന്ത്രിക്കാ‍നെനിക്കായില്ല. ഇടങ്കണ്ണിട്ട് ഒരുപ്രാവശ്യമേ ഞാനാ ഭാഗത്തേക്ക് നോക്കിയുള്ളൂ.

ഞെട്ടിപ്പോയി!!
ഇന്നലെ രാത്രി കണ്ടതുപോലെയല്ല പുല്‍ക്കൂടിപ്പോള്‍. ആകെ മാറിമറിഞ്ഞിരിക്കുന്നു!

കോയാസ്സന്റെ കടയില്‍ ഞാന്‍ കണ്ട പ്രതിമകളിപ്പോള്‍ ആ പുല്‍ക്കൂട്ടിലുണ്ട്. ഉണ്ണിയേശുവും, കന്യാമറിയവും, മാലാഖയും, ആടുകളും, പശുക്കളും, കിഴക്കുനിന്നെത്തിയ രാജാക്കന്മാരുമെല്ലാം ഞാന്‍ മനസ്സില്‍ക്കണ്ട അതേ സ്ഥാനത്തുണ്ട്. അതിനൊക്കെ പുറമെ കുറെ ബലൂണുകളും, അലങ്കാരദീപത്തിന്റെ ഒരു മാലയും പുല്‍ക്കൂടിനെ മോടി പിടിപ്പിച്ച് നില്‍ക്കുന്നുണ്ട്.ദൈവപുത്രന്‍ അങ്ങനെ ഞങ്ങളുടെ പുല്‍ക്കൂട്ടിലും പിറന്നിരിക്കുന്നു.

ആര്‍ത്തുവിളിക്കണമെന്ന് തോന്നി. എങ്ങനിത് സംഭവിച്ചു ? എനിക്കൊരു പിടിയും കിട്ടിയില്ല. ചേച്ചിമാരെ വിവരമരിയിക്കാന്‍ അകത്തേക്കോടാന്‍ ഒരുങ്ങിയപ്പോഴാണ് വരാന്തയുടെ പടിഞ്ഞാറെ അറ്റത്ത് അച്ഛനിരിക്കുന്നത് കണ്ടത്. വളരെ ഗൌരവത്തോടെ പത്രത്തില്‍ കണ്ണും നട്ടിരിക്കുന്ന അച്ഛന്റെ ചുണ്ടിന്റെ കോണില്‍ ഞാനപ്പോള്‍ വ്യക്തമായി തെളിഞ്ഞുകണ്ടു. ഒരു ചെറുപുഞ്ചിരി, ഒരു കള്ളച്ചിരി.

അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

എല്ലാവര്‍ക്കും കൃസ്തുമസ്സ് ആശംസകള്‍.

Sunday, December 7, 2008

ഗാന്ധര്‍വ്വം


courtesy: http://farm1.static.flickr.com/42/112047884_6578a15274.jpg
ചുടലഭദ്രകാളി നടയിറയിങ്ങിയാല്‌, ഒന്നുകില്‍ കിഴക്കേമ്പാട്ടെ മന വരെ. അല്ലെങ്കില്‍ പോറ്റിവല്യച്ഛന്‍റെ പടിഞ്ഞാറേപ്പുറം വരെ. അതാണു കണക്ക്‌.

കിഴക്കേമ്പാട്ട്‌ സര്‍വ്വശക്തയായ ദേവി കുടിയിരിക്കുന്നുണ്ട്‌. ദേവിയെ കടന്നു പോകാന്‍ പറ്റില്ല കാളിക്ക്‌. പിന്നെ പടിഞ്ഞാറേയ്ക്കൊന്നു പിടിച്ചു നോക്കും. ഇടവഴിയും കടന്ന്‌ ഒറ്റവരമ്പിലൂടെ പോയി കൈത്തോടു ചാടിക്കടന്നാല്‍ പിന്നെ പോറ്റിവല്യച്ഛന്‍റെ തൊടിയായി. എന്തൊക്കെയോ മന്ത്രങ്ങള്‌ കോഴിച്ചോരയില്‍ കുതിര്‍ത്ത ചരടില്‍ ജപിച്ചുകെട്ടി തൊടിയുടെ നാലുമൂലയ്ക്കും കുഴിച്ചിട്ടിട്ടുണ്ട്‌ വല്യച്ഛന്‍. കാളി ഒന്നു വിറയ്ക്കും അതു കടന്നു പോകാന്‍.

കൊല്ലത്തിലൊരിക്കല്‍ കിട്ടണതാണ്‌ കാളിയ്ക്ക്‌ ഈ പരോള്‌. ഉല്‍സവത്തിന്‌ നടതുറക്കുമ്പോള്‍ കാളി തനിക്കു നിശ്ചയിച്ചു തന്നിരിക്കണ അതിരുകള്‌ കടന്ന്‌ പുറത്തുപോകാന്‍ ശ്രമിക്കുമത്രെ. അതോണ്ട്‌ പൂരത്തിന്‌ ഒരാഴ്ചമുന്പേ തന്നെ പോറ്റി വല്യച്ഛന്‍ ചരടു പുതുക്കും.

മഹാമാന്ത്രികനാണു വല്യച്ഛന്‍. വല്യച്ഛന്‍റെ മുന്നിലൊന്നും പെടാതെ ശ്രദ്ധിച്ചാണു ഞങ്ങള്‌ കുട്ടികള്‍ എപ്പോഴും നടന്നിരുന്നത്‌. അമ്മയ്ക്കു പോലും പേടിയായിരുന്നു വല്യച്ഛനെ.

ഉപ്പന്‍റെ പോലെ ചോരച്ച കണ്ണുകള്‍. വല്യച്ഛനൊന്നു നിവര്‍ന്നു നിന്നാല്‍ തല ഉത്തരത്തില്‍ തൊടും. മുടി നീട്ടിയത്‌ തോളില്‍ നിന്നും താഴേയ്ക്കു തൂങ്ങുന്നുണ്ടാവും. കൊല്ലത്തിലൊരിക്കലേ മുടി വെട്ടൂ. അതും ഉല്‍സവസമയത്ത്‌. ചരടു പുതുക്കണ സമയത്ത്‌ ഒരു പൂവന്‍ കോഴിയെ കൊല്ലും. മൂര്‍ച്ചയില്ലാത്ത അരിവാളുകൊണ്ട്‌ അറത്തറത്താണ്‌ അതിനെ കൊല്ലുക. ചോര നന്നായിട്ടു ചീറ്റാനാണത്രെ. കുപ്പിയില്‍ നിന്നു വെള്ളം പകരുന്നതു പോലെ അതിന്‍റെ മുറിഞ്ഞ കഴുത്ത്‌ കിണ്ണത്തിലേയ്ക്കു നീട്ടിപ്പിടിക്കും. മുറിഞ്ഞു വീണ കോഴിത്തല താഴെ നാക്കിലയില്‍ കിടന്ന്‌ വല്യച്ഛന്‍ എന്താണു തന്നെ ചെയ്യുന്നതെന്നു നോക്കിക്കൊണ്ടിരിക്കണ കാണാം.

കിണ്ണം നിറഞ്ഞു കഴിഞ്ഞാല്‍ വല്യച്ഛന്‍ കെട്ടിവച്ചിരിക്കുന്ന മുടിയഴിച്ചിടും. പപ്പിയമ്മായിയേക്കാളും മുടിയുണ്ട്‌ വല്യച്ഛന്‌. പനങ്കൊലാന്നൊക്കെ പറയണ പോലെ. കോഴിക്കഴുത്ത്‌ അഴിച്ചിട്ട മുടിയിലേയ്ക്കു നീട്ടിപ്പിടിച്ച്‌ മുടിയില്‌ മുഴുവന്‍ ചോരയാക്കും. എന്നിട്ട്‌ മുടി കൂട്ടിപ്പിടിച്ച്‌ അതേ അരിവാളുകൊണ്ടു തന്നെ അറത്തുകളയും. വല്യച്ഛന്‍റെ മുടിയെങ്ങാന്‍ കാളിയുടെ കയ്യിലെത്ത്യാല്‍ പിന്നെ തീര്‍ന്നൂത്രേ കഥ! മുടിയും പറമ്പിലൊരിടത്ത്‌ പൂവും ചന്ദനവും ചേര്‍ത്തു കുഴിച്ചിടും.

കുരുതി കഴിച്ച കോഴിയെ മുറ്റത്തൊരു അടുപ്പുപൂട്ടി വല്യച്ചന്‍ തന്നെ കൂട്ടാനാക്കും. കൊല്ലത്തിലൊരിക്കല്‌ കിട്ടിയിരുന്ന ഇറച്ചിക്കൂട്ടാനായിരുന്നു ഉല്‍സവം കൂടലിനേക്കാളും മോഹിപ്പിച്ചിരുന്നത്‌.

രണ്ടു കല്യാണം കഴിച്ചിട്ടുണ്ടായിരുന്നു വല്യച്ഛന്‍. ആദ്യത്തെ വല്യമ്മ പ്രസവത്തോടെ മരിച്ചു പോയി. അതിലുണ്ടായതാണ്‌ നാടുവിട്ടുപോയ പ്രദീപേട്ടന്‍. പപ്പ്യമ്മായിയെ കല്യാണം കഴിച്ച്‌ വീട്ടിലേയ്ക്കു കൊണ്ടന്ന ദിവസം നാടുവിട്ടതാണ്‌ പ്രദീപേട്ടന്‍. ആളെവിടെയാണെന്ന്‌ പിന്നെ ഒരു വിവരവുമില്ല.

വല്യമ്മയെ എന്തിനാണ്‌ അമ്മായിയെന്നു വിളിക്കുന്നതെന്നു ഒരിക്കലും മനസ്സിലായിരുന്നില്ല. അമ്മയേക്കാള്‍ ഇളയതായിരുന്നു പപ്പ്യമ്മായി. കണ്ടാല്‍ ഒന്നു തൊട്ടുനോക്കാന്‍ തോന്നും. തുടുത്ത വെളുപ്പ്‌. കവിളൊക്കെ ചുവപ്പു ചെമ്പകത്തിന്‍റെ നിറത്തില്‌. വാല്യക്കാരത്തി അങ്ങാടീന്ന്‌ വാങ്ങിക്കൊണ്ടോരണ ഒരേ ഒരു രാധാസ്‌ സോപ്പ്‌ പപ്പ്യമ്മായിക്കുള്ളതാണ്‌.

പപ്പ്യമ്മായിയുടെ കുളികഴിഞ്ഞാല്‌ ഞങ്ങള്‌ കുട്ടികള്‌ ഉടനേ കുളത്തിലേക്കോടും. അലക്കുകല്ലില്‌ സോപ്പു വച്ചിടത്ത്‌ ഇത്തിരി പത ബാക്കിയുണ്ടാവും. മൂക്കിനു ചുറ്റുമാണതെടുത്തു തേയ്ക്കുക. എപ്പോഴും മണക്കാമല്ലോ. പയറുപൊടിയിട്ട്‌ അമ്മ മേലൊക്കെ തിരുമ്മുമ്പോഴേയ്ക്ക്‌ അതിന്‍റെ മണമൊക്കെ പോകും.

എന്നെ വല്യ ഇഷ്ടമായിരുന്നു പപ്പ്യമ്മായിക്ക്‌. പപ്പ്യമ്മായിയുടെ മുറിയില്‌ കയറാന്‍ എനിക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. രാധാസിന്‍റെ മണമായിരുന്നു മുറിക്കും. പപ്പ്യമ്മായി കാണാത്തപ്പോള്‍ വേഷ്ടിയുടെ തുമ്പു പിടിച്ചു മണത്തുനോക്കും. ശ്വാസം ആവുന്നിടത്തോളം പിടിച്ചു വെയ്ക്കും. മണം പോകാണ്ടിരിക്കാന്‍.

ആയിടയ്ക്കാണ്‌ പപ്പ്യമ്മായിക്ക്‌ വല്ലാത്തൊരു ദൈന്യഭാവം കാണാന്‍ തുടങ്ങിയത്‌. അടുക്കളയില്‌ അമ്മയും ചെറിയമ്മമാരും കുശുകുശുക്കുന്നിടത്തെങ്ങാന്‍ എത്തി നോക്ക്യാല്‍ ചീത്ത പറഞ്ഞോടിക്കും.
മുറിഞ്ഞു വീണുകിട്ടിയതൊക്കെ പെറുക്കിക്കൂട്ടിയപ്പോള്‍ ഒരു കാര്യം പിടി കിട്ടി. പപ്പ്യമ്മായിയെ ഏതോ ഗന്ധര്‍വ്വന്‍ ബാധിച്ചിരിക്കുന്നു. വല്യച്ഛന്‍ വലിയ കോപത്തിലാണ്‌. കൊല്ലത്തിലൊരിക്കലുള്ള ചരടുപുതുക്കല്‌ ഇത്തവണ നേരത്തേ നടത്തിയേക്കും. കാളിയെ വിറപ്പിക്കുന്ന വല്യച്ഛനോടാ ഒരു പാവം ഗന്ധര്‍വ്വന്‍റെ കളി! ഏതോ അതിരില്‌ ചരടു മുറിഞ്ഞിട്ടുണ്ടത്രെ. അങ്ങനെയാണ്‌ ഗന്ധര്‍വ്വന്‌ അകത്തു കയറാന്‍ പറ്റിയത്‌. തെങ്ങിനു തടമെടുക്കുമ്പോഴോ മറ്റോ ജോലിക്കാരു്‌ അറിയാതെ ചരടു കുഴിച്ചിട്ടതില്‌ കിളച്ചു പോയിരിക്കണം എന്നാണു പറേണെ..

പിന്നൊരു ദിവസം പപ്പ്യമ്മ മുറീയിലേക്കു വിളിപ്പിച്ചു. കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരിക്കുന്നു. കുളിയൊന്നും കഴിച്ചിട്ടില്ല. മുറിയില്‌ രാധാസിന്‍റെ മണമായിരുന്നില്ല. പകരം കര്‍പ്പൂരം കത്തിച്ചതിന്‍റെ മണമായിരുന്നു.
കുറച്ചു വെണ്ണ ഒരു കിണ്ണത്തിലെടുത്തുതന്നിട്ട്‌ കാലില്‌ പുരട്ടിക്കൊടുക്കാന്‍ പറഞ്ഞു. കട്ടിലില്‌ കിടന്ന്‌ ഒന്നരമുണ്ട്‌ ഇത്തിരി തെറുത്തു വച്ചു. കണങ്കാലിനുമുകളിലെ വെളുവെളുപ്പിനു കുറുകെ ചുവന്ന വരകള്‍. ചോര കല്ലിച്ചപാടുകള്‌. പടിഞ്ഞാറ്റയിലെ ഇറയില്‌ തിരുകിയിരിക്കണ ചൂരല്‌ ഓര്‍മ്മവന്നു.

വെണ്ണയിട്ട്‌ പതുക്കെ തടവിയപ്പോള്‍ പപ്പ്യമ്മായി ഞരങ്ങി. മൂക്കു ചീറ്റിത്തുടച്ചു.

ഗന്ധര്‍വ്വനെക്കുറിച്ച്‌ ഒത്തിരി ചോദിക്കണം ന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. ഇടയ്ക്കുയര്‍ന്ന് വന്ന ഏങ്ങലടികള്‌ പല്ലുകടിച്ചമര്‍ത്തുന്നതു കണ്ടു.

രണ്ടു കാലിലും പുരട്ടിക്കൊടുത്തു കഴിഞ്ഞപ്പോള്‍ പൊയ്ക്കോളാന്‍ പറഞ്ഞു. മടിച്ചു മടിച്ചു നിന്ന ചോദ്യം സമയം കഴിയുന്നെന്ന വിങ്ങലില്‌ പുറത്തു ചാടി.

"ഗന്ധര്‍വ്വനെ കണ്ടോ പപ്പ്യമ്മായ്‌യേ.."

മുഖത്തേക്കു വീണുകിടന്ന മുടിയിഴകള്‍ക്കിടയിലൂടെ ഒരു ഏങ്ങലടി നിയന്ത്രണം ലംഘിച്ചു പുറത്തിറങ്ങി വന്നു.

"ന്‍റെ കുട്ട്യേ.. " പപ്പ്യമ്മായി തലയിണയില്‌ മുഖമമര്‍ത്തി കരയാന്‍ തുടങ്ങിയപ്പോള്‍ ഒറ്റ ഓട്ടം വെച്ചു കൊടുത്തു.

പിറ്റേദിവസം നിനച്ചിരിക്കാതെ കോഴിക്കൂട്ടാന്‍ കൂട്ടാന്‍ പറ്റി. കിണ്ണത്തിലെ അവസാനത്തെ തരിയും നക്കിത്തുടച്ചെടുത്ത്‌ ഏമ്പക്കവും വിട്ട്‌ കൈകഴുകാന്‍ പുറത്തിറങ്ങിയപ്പോഴുണ്ട്‌ നാലു പണിക്കാരു്‌ പറമ്പിലൂടെ ഓടി വരണു. കോലായിലെ ചാരുകസേരയില്‍ മുറുക്കാന്‍ ചവച്ചോണ്ടിരുന്ന പോറ്റിവല്യച്ഛന്‍ അകത്തേയ്ക്കോടിപ്പോകുന്നതും കണ്ടു. പിന്നെ അതേ വേഗത്തില്‌ പുറത്തേക്കിറങ്ങി വരുന്നതും.
പറമ്പു മുറിച്ചു കടന്ന്‌ കൈത്തോടും ചാടിക്കട്ന്ന്‌ വരമ്പിലൂടെ പാഞ്ഞു. ചുമലില്‌ വേഷ്ടിമുണ്ടും ഉണ്ടായിരുന്നില്ല, കയ്യില്‌ വടിയും.

വൈകിട്ടായപ്പൊഴാണ്‌ വിവരമറിഞ്ഞത്‌. പപ്പ്യമ്മായീനെ കാണാനില്യാത്രെ. ഉച്ചയ്ക്കൂണിന്‌ വിളിക്കാന്‍ ചെന്നപ്പൊഴാണത്രെ ആളവിടെ ഇല്ലാന്നു മനസ്സിലായത്‌.

രണ്ടുമൂന്നു ദിവസം ആകെപ്പാടെ ബഹളമായിരുന്നു. വീട്ടില്‌ എല്ലാരും ഹാലിളകി നടക്കണു. എന്തു ചെറിയ കാര്യത്തിനും അമ്മ വഴക്കു പറഞ്ഞു. ചെറ്യമ്മേടെ അടുത്തൂന്നു വരെ കിട്ടി ചീത്ത. തറവാടു വിറപ്പിച്ചു നടന്നിരുന്ന വല്യച്ഛന്‍ പെട്ടെന്നു വയസ്സനായി. കാര്യഭരണമൊക്കെ വിട്ട്‌ ചാരുകസേരയില്‌ ഒതുങ്ങിക്കൂടി.

ഇടയ്ക്ക്‌ ഓരോരുത്തരു വന്നു പറയും അമ്മായീനെ കൊണ്ടോട്ടീല്‌ വെച്ചു കണ്ടു, പാലക്കാട്ടു വച്ചു കണ്ടൂന്നൊക്കെ. ആദ്യമൊക്കെ പണിക്കാരെ ആരെയെങ്കിലുമൊക്കെ അന്വേഷിക്കാന്‍ അയയ്ക്കുമായിരുന്നു ചെറ്യച്ഛന്‍.

പിന്നെപ്പിന്നെ ഒന്നും കേള്‍ക്കാതായി. പപ്പ്യമ്മായി ഗന്ധര്‍വ്വന്‍റെ കൂടെ സുഖായിട്ടു ജീവിക്കണുണ്ടാവും ന്നു സമാധാനിച്ചു. ഒന്നുല്യെങ്കിലും വല്യച്ഛനെ പേടിക്കണ്ടല്ലോ.

ഉല്‍സവം ഇങ്ങടുക്കാറായിട്ടും ചരടുപുതുക്കലിന്‍റെ ഒരു ഒരുക്കവും കണ്ടില്ല. കോഴിക്കൂട്ടാന്‍റെ മണം മനസ്സില്‍ കണ്ട്‌ ഞങ്ങള്‌ കുട്ടികള്‌ എന്നും പരസ്പരം കൈ മണപ്പിച്ചു നോക്കി വ്യസനിച്ചു.

ചരടുപുതുക്കലിനല്ലാതെ അഴിച്ചു കണ്ടിട്ടില്ലാത്ത വല്യച്ഛന്‍റെ മുടി ചാരുകസേരയുടെ പുറകിലേയ്ക്കു എപ്പോഴും ഞാന്നു കിടന്നു. ഉല്‍സവം അടുത്തെന്നു ഓര്‍മ്മിപ്പിക്കാന്‍ ചെന്ന ചെറ്യച്ഛനെ ചീത്ത പറഞ്ഞോടിച്ചത്രെ.

ഇത്തവണ ചുടലഭദ്രകാളി പറമ്പിന്‍റെ അതിര്‍ത്തികടന്ന്‌ തറവാട്ടിലേയ്ക്കു കയറി വരുമെന്ന്‌ എല്ലാരും പേടിച്ചു. അമ്മ എന്നും കിടക്കുന്നതിനു മുന്നെ ദേവീമാഹാത്മ്യം വായിക്കാന്‍ തുടങ്ങി. ഞങ്ങള്‌ കുട്ടികള്‍ കിടക്കുന്നതിനു മുന്നെയും എണീക്കുമ്പോഴും ദേവീമാഹാത്മ്യം തൊട്ടു വണങ്ങി.

ഉല്‍സവത്തിനു കുട്ടികളെ ആരെയും കൊണ്ടുപോയില്ല. ചെറ്യമ്മമാരെയും. അമ്മയും ചെറ്യച്ചന്‍മാരും മാത്രം പോയി തൊഴുതു പോന്നു. കഞ്ഞികുടിച്ച്‌ എല്ലാരും നേരത്തേ കിടന്നു. ബാലന്‍ ചെറ്യച്ഛന്‍ ടോര്‍ച്ചും മിന്നിച്ച്‌ എല്ലാ വാതിലുകളും പൂട്ടിയില്ലേന്നു പരിശോധിച്ചു നടന്നു.

ഉറങ്ങണ വരെ കോലായിലെ ചാരുകസേര ചുമച്ചു കുലുങ്ങുന്നതും കഫം മുറ്റത്തേയ്ക്കു മുറ്റത്തേയ്ക്കു "ഝോ" ന്നു വീഴുന്നതും കേട്ടോണ്ടിരുന്നു.

പുലര്‍ച്ചെ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. ഉമ്മറത്ത്‌ ചാരു കസേര മറിഞ്ഞു കിടക്കുന്നു. വല്യച്ഛന്‍ എപ്പോഴും തോളത്തു തൂക്കാറുണ്ടായിരുന്ന വേഷ്ടിമുണ്ടില്‌ തൂങ്ങിയാടുന്നു. പനങ്കുലപോലത്തെ മുടിയഴിച്ചിട്ടത്‌‌ മുഖവും മറച്ച്‌ നെഞ്ചിലേയ്ക്കു വീണു കിടന്നു. കോലായിലാകെ അപ്പിയും മൂത്രവും. വല്യച്ഛനു വയറിളകിപ്പോയതു പോലെ.

കാളി വല്യച്ഛനോടു പ്രതികാരം ചെയ്താതാകണണം. കൊല്ലങ്ങളോളം തന്നെ തടഞ്ഞു വച്ചതിന്‌.

വല്യച്ഛന്‍ പറയാനുണ്ടായിരുന്നപോലെ കാളി തറവാട്ടില്‍ കയറി ആരെയും ഉപദ്രവിക്കാനൊന്നും വന്നില്ല. വല്യച്ഛന്‍റെ ജീവന്‍ കൊണ്ടു തന്നെ കലിയടങ്ങിക്കാണണം.

Thursday, December 4, 2008

ഭൂമിഗീതം

എന്റെതും നിന്റെതും
എന്റെ ,നിന്റെതല്ല

ഭൂമി തിളയ്ക്കുന്നു
നക്ഷത്രങ്ങള്‍ വിളങ്ങുന്നു

പഴയ കടലിന്റെ ഓളങ്ങളില്‍ നക്ഷത്രം തിളങ്ങുന്നു
ഭൂമിയും നക്ഷത്രവും എല്ലാം പഴയത്
കടല്‍ക്കരകള്‍ പഴയതായി
കാണുന്നതും കണ്ടതുമെല്ലാം പഴയത്
പക്ഷേ
പഴയ ആളുകള്‍ എവിടെപ്പോയി ?
നിത്യവും കണ്ടിരുന്നവര്‍
പിന്നെ ഒരിക്കലും കാണാതെ എവിടെപ്പോയി ?

കോടതിയും കേസുകളുമായി ഓടിയിരിക്കണം

കറുത്ത കോട്ടിട്ട വക്കീലന്മാരുമായി പോയിരിക്കണം
തീര്‍ച്ചയായും ഓടിയിരിക്കണം
തലമുതല്‍ മുടിവരെയും
തിരിച്ചും മറിച്ചും പരിശോധിച്ച്
തീര്‍പ്പ് കല്‍പ്പിക്കാത്ത വിധിയുമായി
തോല്‍ക്കാത്ത മനസുമായി
തീര്‍ച്ചയായും ഓടിയിരിക്കണം .

ഇവിടെയാണ്‌ ഭൂമി കിടന്നത്
തണല്‍ മരങ്ങളുടെ നിഴലുകള്‍ വീണ

ഈ തടാകത്തിനരികിലായി
നിശ്ചലമായാണ് ആ പഴയ ഭൂമി കിടന്നത്
ഈ മലനിരകളും ,തടാകങ്ങളും എല്ലാം പഴയത്
പുതിയതായി ,പുതിയതായി ഒന്നും കാണുന്നില്ല
മലയും ,കുന്നും ,വെള്ളപ്പൊക്കങ്ങളും ,സുനാമിയും
ഭൂകമ്പവും , ആണവ യുദ്ധങ്ങളും എല്ലാം
പുതിയ പിന്‍ഗാമികളെ തേടുകയാവാം

മലവെള്ളത്തില്‍ ഒലിച്ചിറങ്ങിയ
പഴയ ഒരു പാഴ്തടി പോലെ

വക്കീലും നിയമവും സാമ്രാജ്യങ്ങളും പ്രഭുക്കന്മാരും
ഇവിടെ ഒലിച്ചിറങ്ങി

താഴ്വാരങ്ങളില്‍ എങ്ങോ പോയേക്കാം
ഈ താഴ്വരകളില്‍ അവരുടെ നിലവിളികള്‍
ഇപ്പോഴും മുഴങ്ങുന്നു
അവര്‍ വിളിച്ചു പറയുകയാണ്‌
നിങ്ങള്‍ ,നിങ്ങള്‍ ,നിങ്ങളാണ് ഞങ്ങളെ നശിപ്പിച്ചത്‌


ഞാനും നിങ്ങളുമായി എന്ത് ബന്ധം ?

എന്റെതെല്ലാം എന്റെതു മാത്രം
എനിക്ക് മാത്രം അവകാശപ്പെട്ടത്
എനിക്കിവിടെ നില നില്‍ക്കണം
അതാ ....
ദൂരെ കാണുന്ന ആ വലിയ പഴയ മരം പോലെ
എനിക്ക് വലുതാകണം .
നിങ്ങള്‍ക്കെന്നെ താങ്ങുവാന്‍ കഴിയില്ലെങ്കില്‍
ഞാന്‍ എന്തിന് നിങ്ങളെ താങ്ങണം ?

ഭൂമിഗീതം ഞാന്‍ കേള്‍ക്കുകയാണ്
ഭൂമി കരയുകയാണോ
അതോ
സന്തോഷങ്ങള്‍ അടക്കി വെയ്ക്കാന്‍ ആകാതെ
പൊട്ടി പൊട്ടി ചിരിക്കുകയോ ?
എന്തോ ഞാന്‍ ഒരു വലിയ ശബ്ദം കേള്‍ക്കുന്നു
ഒരുകൂട്ടം വലിയ തിരമാലകള്‍ തീരത്തേക്ക്
അലച്ചു കയറുന്നത് പോലെ
ഭൂമി കരയുകയാവണം .

എന്റെ ധൈര്യം ഒലിച്ചിറങ്ങി
എനിക്കിനി ധൈര്യവാനാകാന്‍ കഴിയില്ല
ഞാന്‍ എന്നെ തിരിച്ചറിയുകയാണ്
പഴയ ശവപറമ്പിലെ
ചിതലെരിക്കാത്ത ശവപ്പെട്ടിക്കുള്ളിലെ
ഒരിക്കലും മരിക്കാത്ത തണുത്ത ആത്മാവ്
തേങ്ങുന്നതുപോലെ ഞാന്‍ തേങ്ങുകയാണ് .