Thursday, August 20, 2009

ഞങ്ങളുടെ ഓണ സ്മരണകൾ

ഓണത്തിനെപറ്റി എന്തേലും എഴുതി തരൂ എന്ന മാണിക്യം ചേച്ചിയുടെ അഭ്യർത്ഥന സമ്പന്നമായ ഓര്‍മ്മകൾ ഇല്ലാതിരുന്നതിനാൽ ഞാൻ വിട്ടതാണ്. ഇക്കാര്യം ചാറ്റ് ചെയ്യുമ്പോൾ കുറുപ്പിന്റെ കണക്കു പുസ്തകത്തിലെ http://www.rajeevkurup.blogspot.com/ കുറുപ്പിനോട് പറഞ്ഞു. അവനാണെങ്കിൽ ഒരു നൂറായിരം ഓണസ്മരണകളുണ്ട്. ഓണപ്പൂക്കളമുണ്ട്, ഓണക്കളികളുണ്ട്... കേട്ടിട്ട് എനിക്ക് തന്നെ അത്ഭുതമായി. ഞങ്ങളുടെ ചാറ്റ് അതേ പോലെ ഇങ്ങനെ ഒരു പോസ്റ്റാക്കി ഇടാമെന്നു വെച്ചു.

ഒരു വേള ഇതു തെക്കൻ കേരളത്തിന്റെയും, മധ്യകേരളത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെ ഒരു ലഘുചിത്രമാവാം

കുമാരൻ: ഓണമെന്നു കേള്‍ക്കുമ്പോൾ മനസ്സിൽ വരുന്നത് പൂവിറുക്കാൻ പോകുന്നതാണ്‌. ദിവസവും വൈകുന്നേരം കൂട്ടുകാരോടൊത്ത്‌ വയലുകളിലും പറമ്പുകളിലും കയറിയിറങ്ങി പരസ്പരം മല്‍സരിച്ച് പൂക്കൾ പറിക്കും. ജാതിമര(തേക്ക്)ത്തിന്റെ ഇല പറിച്ചെടുത്ത് ഇലയുടെ അഗ്രഭാഗം മടക്കി ഈര്‍ക്കിൽ കൊണ്ട് കുത്തി അതിലാണ് പൂക്കൾ ശേഖരിക്കുക.

കുറുപ്പ്: അതെയതെ... ഞങ്ങളും അതു പോലെ തന്നെ ആയിരുന്നു...

കുമാരൻ: പൂവിടുവാൻ പച്ചിലകളും ഉപയോഗിക്കും. കളർ ചെടികളുടെ ഇലകൾ പല വിധത്തിൽ മുറിച്ചെടുത്ത് പൂവിടാറുണ്ട്. വയലിലെ നെൽച്ചെടികള്‍ക്കിടയിൽ വളരുന്ന ചില കളകളുടെ കടുക് പോലെയുള്ള പച്ച നിറത്തിലുള്ള വിത്തുകളും പറിച്ചെടുത്ത് പൂവിടും..

കുറുപ്പ്: ഞങ്ങൾ ഉജാലയുടെ അടപ്പ് ഉപയോഗിച്ച് കളമിടാറുണ്ട് കേട്ടോ..

കുമാരൻ: അതെയോ.. ഞങ്ങള്‍ക്ക് വേറൊരു പരിപാടിയുണ്ട്. പച്ച കപ്പയുടെ തടിച്ച തണ്ട് കുറേയെണ്ണം ഓരോ അടി നീളത്തിൽ മുറിച്ചെടുത്ത് വേറൊരു ചെറിയ വടി കൊണ്ട് അതിന്റെയുള്ളിലെ പൊങ്ങ് തള്ളി പുറത്തെടുക്കും. പുട്ടു കുറ്റിയിൽ നിന്നും പുട്ട് പുറത്തേക്കെടുക്കുന്നത് പോലെ. എന്നിട്ട് ആ പൊങ്ങ്, ബ്ലേഡ് കൊണ്ട് ചെിയ ചെറിയ കഷണങ്ങളാക്കി മുറിക്കും. നിറം മങ്ങിയ കോട്ടൺ തുണികള്‍ക്ക് കളർ നല്‍കുന്ന ചെറിയ കളർപ്പൊടികൾ അന്നു കടകളിൽ കിട്ടുമായിരുന്നു. വസന്ത കളർ എന്നായിരുന്നു പേര്. അതിന്റെ പല പായ്ക്കറ്റുകൾ വാങ്ങി വെള്ളത്തിൽ കലക്കി ഈ പൊങ്ങു കഷണങ്ങൾ അതിലിട്ട് കലക്കി ഉണക്കാനിടും. ചുവപ്പ്, നീല, കറുപ്പ് എന്നിങ്ങനെ. കാറ്റടിച്ചാൽ പറന്നു പോകുന്നത് കൊണ്ട് ഇത് വീട്ടിന്നകത്തേ ഇടാൻ പറ്റൂ.

കുറുപ്പ്:- ഈ കപ്പ പരിപാടി ഞങ്ങളുടെ നാട്ടിലില്ലായിരുന്നു കേട്ടോ,, ഉപ്പ് ഇതേ പോലെ കളർ ചേർത്ത് ഞങ്ങളുപയോഗിക്കാറുണ്ട്.

കുമാരൻ: അന്ന് മൈതാനത്ത് വെച്ച് പൂവിറുക്കലിന്റെ ഇടവേളയിൽ കൊച്ചു കൊച്ചു കളികൾ കളിക്കാറുണ്ടായിരുന്നു. എല്ലാവരും രണ്ടു വരികളായി കൈകോർത്ത് പിടിച്ച്, "പൂപെറുക്കാൻ പോകുമോ... ആരെ നിങ്ങള്‍ക്കാവശ്യം.... ------നെ ഞങ്ങള്‍ക്കാവശ്യം..." എന്നൊക്കെ ആയിരുന്നു ആ കളിയുടെ പാട്ട്. മുഴുവനും ഓര്‍മ്മയില്ല കൈതപ്രം ദാമോദരൻ നമ്പൂതിരി ആ പാട്ടിന്റെ ചില ഭാഗങ്ങൾ കണ്ണകി എന്ന സിനിമയിൽ ഇട്ടിരുന്നു.

കുറുപ്പ്:- അതെയണ്ണാ.. ആ പാട്ട് സൂപ്പറായിരുന്നല്ലോ..

കുമാരൻ: ഈ പൂക്കൾ കലക്റ്റ് ചെയ്യൽ കുട്ടികൾ തമ്മിൽ മത്സരമായിരുന്നല്ലോ അന്ന്. ഒരിക്കലൊരു സംഭവമുണ്ടായി. ഒരു ഉത്രാടത്തിന് ഞാനും ചേച്ചിയും രാവിലെ തന്നെ പൂപെറുക്കാൻ പോയി. ദൂരെയുള്ള പൂക്കളൊക്കെയാണ് ആദ്യം ഇറുക്കുക. വീട്ടിലും പരിസരത്തുമുള്ള പൂക്കളൊക്കെ വൈകിട്ടോ തിരുവോണ ദിവസം രാവിലെയോ മാത്രമേ പറിക്കുകയുള്ളൂ. അതുകൊണ്ട് ഞങ്ങളുടെ വീട്ടിന്റെ അതിരിലുള്ള ഒരു അരിപ്പൂവിന്റെ വലിയ ചെടിയുടെ പൂക്കൾ ഞങ്ങൾ വൈകിട്ട് പറിക്കാമെന്നു കരുതി. പൂക്കളൊക്കെ പറിച്ചെടുത്ത് ഉച്ചയോടെ ഞങ്ങൾ വീട്ടിലെത്തി. അരിപ്പൂ പറിച്ചെടുക്കാനായി അവിടെയെത്തിയപ്പോള്‍ അതു മുഴുവൻ കാലിയായി ഇല പോലുമില്ലാതെ നില്‍ക്കുന്നു!! ഞങ്ങൾ ദൂരെ ഇറുക്കാൻ പോയപ്പോൾ വേറെ പിള്ളേർ വന്ന് അതു മുഴുവൻ പറിച്ചെടുത്ത് സ്ഥലം വിട്ടിരുന്നു…..

കുറുപ്പ്:- ഹ ഹ ഹ... കക്ഷത്തിലുള്ളത് പോവുകയും ചെയ്തു.. അല്ലേ....

കുമാരൻ:- അതന്നെ നിങ്ങളുടെ നാട്ടിലെ കളികളൊക്കെ ഒന്നു പറയ്... (ഇപ്പോഴത്തെയല്ല കേട്ടോ....)

കുറുപ്പ്: ഞങ്ങള്‍ക്ക് ഓണവുമായി ബന്ധപ്പെട്ടു കൂടുതലും കളികൾ ആണുള്ളത്. അത്ത പൂക്കളവും, പൂക്കൾ ശേഖരിക്കാൻ പോവലും എല്ലാം ഉണ്ടായിരുന്നെങ്കിലും, ഓണകളികൾക്കായിരുന്നു കൂടുതൽ പ്രാധാന്യം. അതിൽ ഏറ്റവും രസമുള്ള ഒന്നായിരുന്നു, തലപന്ത് കളി. ഒരു കുല വാഴപ്പഴം ഒക്കെ ആയിരിക്കും വിജയിക്കുന്ന ടീമിന് കിട്ടുക. അത്യന്തം വാശിയേറിയ ഒരു നാടൻ കളി മൈതാനത്തിന്റെ ഒരു സൈഡിൽ നാട്ടി നിര്‍ത്തിയ അധികം വീതി ഇല്ലാത്ത മുളയോ, തെങ്ങോല രാകി കളഞ്ഞു ഷേപ്പ് ഒപ്പിച്ച തോട്ടിയോ ആവും മൂളി വരുന്ന പന്തിന്റെ ഏറു കൊള്ളാൻ തയ്യാറായി നില്‍ക്കുക.

കുമാരൻ:- ഉം...

കുറുപ്പ്: ആദ്യം തലപന്ത് കളി. തലയ്ക്കു മുകളിൽകൂടി മൂന്ന് വട്ടം പന്ത് അടിച്ചു വിടണം, പന്ത് പിടിച്ചാൽ അയാൾ ഔട്ട്‌. അഥവാ പിടിച്ചില്ല എങ്കിൽ എതിർ ടീം ഈ കുത്തി നിര്‍ത്തിയ വടിയിൽ എറിഞ്ഞു കൊള്ളിക്കാൻ ശ്രമിക്കും, കൊണ്ടില്ല എങ്കിൽ അടുത്ത സെക്ഷൻ തുടങ്ങും, അടുത്തത് ഒറ്റ, പന്ത് മുകളിലേക്ക് ഇട്ടു ചെവികല്ലിനു അടിക്കുന്ന പോലെ ഒറ്റ പെട, അതും മൂന്ന് റൌണ്ട്, അതും വിജയിച്ചു കഴിഞ്ഞാൽ, അടുത്തത് കോരി, ഇടത്തെ കൈയിൽ പന്ത് പിടിച്ചു കോരി വിടും, അതും മൂന്നു റൌണ്ട് ഉണ്ട്, അത് കഴിഞ്ഞാൽ "പിടിച്ചാം കെട്ടു" ഒരു കൈ പുറകിൽ പിണച്ചു കെട്ടി ഒറ്റ കൈയിൽ പന്ത് പൊക്കി അടിച്ചു വിടണം , അത് കഴിഞ്ഞു "തൊടമ" പന്ത് പൊക്കി ഇട്ടു താഴോട്ടു വരുന്ന സമയം തുടയിൽ അടിച്ചു പന്തിനെ പറപ്പിക്കണം, പിന്നെ അല്‍പ്പം ബുദ്ധിമുട്ടുള്ള ഒന്നാണ് അടുത്ത സെക്ഷൻ "കാലം കീഴ്" ഒരു കാലിന്റെ അടിയിൽ കൂടി പന്ത് മേലോട്ട് ഇട്ടു അടിച്ചു വിടണം, അതിനു ശേഷം "ഓടി" പന്ത് കീഴോട്ടു ഇട്ടു പാദം കൊണ്ട് നീട്ടി അടിച്ചു വിടണം, അതും കഴിഞ്ഞാൽ കലശ കൊട്ട് "വട്ടം വച്ച് തലപന്ത്" ആദ്യം തുടങ്ങിയ പോലെ അവസാനിപ്പിക്കും, ഇതും പൂര്‍ത്തിയായാൽ ആ ടീം വിജയിക്കും

ഇതിനിടക്ക്‌ ടീം മെംബേര്‍സ് ഔട്ട്‌ ആവുന്ന അനുസരിച്ചിരിക്കും കളി. എല്ലാവരും ഔട്ട്‌ ആയാൽ എതിർ ടീം വീണ്ടും അവരുടെ കളി ആവര്‍ത്തിക്കും. ഏതു സെക്ഷനിൽ ആണോ കളി നിര്‍ത്തിയത്, അവിടെ നിന്നും അവരവരുടെ ആള്‍ക്കാര്‍ക്ക് കളി തുടങ്ങാം... കുറെ നേരം എടുക്കും ഈ കളി അവസാനിക്കാൻ, ഓരോ സെക്ഷൻ കഴിയും തോറും ആവേശം ഇരട്ടിച്ചു കൊണ്ടിരിക്കും, ഇന്ന് ആ സ്ഥാനം ക്രിക്കറ്റ്‌ കൈയടക്കി, ഇന്നത്തെ കുട്ടികള്‍ക്ക് തലപന്ത് എന്ന് പറഞ്ഞാൽ മനസിലാവുമോ!

കുമാരൻ: അതെയതേ.. അവര്‍ക്ക് ക്രിക്കറ്റ് അല്ലേങ്കിൽ ടി.വി. അത്രയല്ലേയുള്ളു..

കുറുപ്പ്: അമ്മായി തുമ്പ എന്നൊരു തുമ്പ ഉണ്ട് ഞങ്ങളുടെ നാട്ടിൽ, കടുക് മണി പോലുള്ള പച്ച അരികൾ ഉള്ള ചെടി, ഇത് പറിച്ചു നല്ല കനത്തിൽ വാഴ നാരു കൊ ണ്ട്‌ കെട്ടി തയ്യാറാക്കി വക്കും, എന്നിട്ട് മൈതാനത്തിന്റെ മധ്യത്തിൽ ഒരു വലിയ വൃത്തം വരച്ചു നടുവിൽ ഒരു കമ്പ്‌ കുത്തും. പെണ്ണുങ്ങളും ആണുങ്ങളും എല്ലാം മിക്സ്‌ ആയിട്ടാണ് കളിക്കുന്നെ

കുമാരൻ:- നിക്ക്, നിക്ക്.. പെണ്ണുങ്ങളുമുണ്ടാകുമോ...

കുറുപ്പ്: ആ ഉണ്ടാകും എന്തൊരു ആക്രാന്തമാ മനുഷ്യാ വട്ടത്തിനകത്ത് നില്‍ക്കുന്നവർ ഈ കമ്പ്‌ എതിർ ടീം എടുക്കാതെ നോക്കണം എടുക്കാൻ എതിർ ടീം വരുമ്പോൾ അവരെ ഈ അമ്മായി തുമ്പ കൊണ്ട് അടിച്ചോടിക്കണം, അവർ നമ്മളെ വലിച്ചു പുറത്തിടാൻ ശ്രമിക്കും, പുറത്തിട്ടാൽ ഔട്ട്‌. പിന്നെ എതിർ ടീമിന്റെ കൂടെ ചേര്‍ന്ന് കമ്പ്‌ എടുക്കാൻ കൂടണം. അടി കൊണ്ട് മുഖം, കഴുത്ത് ഒക്കെ തിണര്‍ക്കും ഞാൻ എത്ര അടി മേടിച്ചിട്ടുണ്ട് എന്നറിയാമോ, ചിലപ്പോൾ വലിച്ചു വരയ്ക്കു പുറത്തേക്കു ഇടുമ്പോൾ പഞ്ചാര മണലിൽ പുതഞ്ഞു കണ്ണിലും, മൂക്കിലും, വായിലും ഒക്കെ മണ്ണ് കേറി, ഹോ.. പിന്നെ ഇടിയിൽ ആണ് കലാശിക്കുന്നെ.., എന്ത് രസമായിരുന്നു അന്നൊക്കെ

കുമാരൻ: അതെയതെ..

കുറുപ്പ്:- മാവേലി ആയി വേഷം കെട്ടി ഓരോ വീട്ടിലും പോകുന്നതും, കുടുംബക്കാര്‍ എല്ലാരും കൂടി ഒരുമിച്ചു ഓണ സദ്യ ഉണ്ണുന്നതും എല്ലാം വെറുതെ ഇരുന്നു ഓര്‍ക്കാം അല്ലെ.. ഇന്ന് നാട്ടിൽ പോയാല്‍ എല്ലാവരും പൂക്കളം ഇടുന്നത്‌ ബിവറെജിന്റെ മുന്നിലാവും. പിന്നെ ഓണക്കളി വട്ടം കൂടിയിരുന്ന് അത് അകത്താക്കി കഴിഞ്ഞാണ്‌

കുമാരൻ: അതെ. പണ്ട് ക്ലബ്ബുകളുടെ ഓണപ്പൂക്കള മത്സരങ്ങൾ ഉണ്ടാകുമായിരുന്നു. ഇപ്പോഴൊന്നുമില്ല. പിള്ളേർക്കൊന്നും ഇപ്പോ പൂ പെറുക്കാൻ പോകണ്ടല്ലോ.. ഒക്കെ തമിഴ്നാട്ടിൽ നിന്നും വരുമല്ലോ... പിന്നെ, പൊതുവേ ഓണവും വിഷുവും തിരുവാതിരയും ഞാറ്റുവേലയുമൊന്നും കണ്ണൂരിലൊരു വിഷയമേയല്ല. ചോറു വേണോ ജാഥ വേണോ എന്നു ചോദിച്ചാൽ ജാഥ മതിയെന്നു പറയുന്നവരാണിന്നും ഇവിടെല്ല്. ഒരിക്കൽ നടൻ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് പൂക്കളമിട്ട് ഒരു കോഴിക്കറിയുമാക്കിയാൽ കണ്ണൂരിലെ ഓണമായി എന്നു

കുറുപ്പ്:- ഞങ്ങളുടെ നാടിനെ വെച്ച് നോക്കുമ്പോൾ കണ്ണൂര്‍ ഇത്തരം ആഘോഷങ്ങളൊന്നും ഇല്ലാത്തതെന്താണു കുമാരേട്ടാ..?

കുമാരൻ: അതു പിന്നെ.., ഞങ്ങൾ കണ്ണൂരുകാര്.. പൊതുവേ രാഷ്ട്രീയപരമായും സാമൂഹികമായും ഉന്നത ചിന്ത പുലര്‍ത്തുന്നവരാണല്ലോ... അദ്ധ്വാനിക്കുന്നവന് ഒരില ചോറ് അതാണല്ലോ.. ഞങ്ങളുടെ... മുദ്രാവാക്യം സാമൂഹിക... പുരോഗമനപര....മതേതര.

കുറുപ്പ്:- x@$#... x@$#... x@$# ………..

കുമാരൻ: (not connected………..)

കുമാരൻ: (not connected………..)

കുമാരൻ: (not connected………..)20 comments:

comiccola / കോമിക്കോള said...

നന്നായി........ആശംസകള്‍..

comiccola / കോമിക്കോള said...

നന്നായി........ആശംസകള്‍..

mini//മിനി said...

കണക്റ്റ് ചെയ്ത് ബാക്കി കൂടി എഴുതിയാല്‍ വളരെ നന്നായിരിക്കും.

അരുണ്‍ കരിമുട്ടം said...

സംഭവം കലക്കി.ആ നോട്ട് കണക്ടട് പാര്‍ട്ടാ എനിക്ക് അറിയേണ്ടത്:)
ഇനി കുറൂപ്പിനു പറയാനുള്ളത് കേട്ടിട്ട് പറയാം എന്താകുമെന്ന്..
ഹ..ഹ..ഹ

Faizal Kondotty said...

വളരെ വ്യത്യസ്തമായൊരു പോസ്റ്റ്‌ ..ഇഷ്ടപ്പെട്ടു .

ഓ.ടോ
സത്യം പറഞ്ഞാ ഇപ്പൊ ചാറ്റ് ചെയ്യാന്‍ പേടിയാ , പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം വല്ല ബൂലോക പത്രങ്ങളിലും വ്യാഖ്യാനങ്ങളോടെ പുറത്തു വന്നാലോ
ഏതായാലും ഈ പോസ്റ്റ്‌ പുതിയൊരു വായനാ സുഖം തന്നു ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കൊള്ളാമല്ലോ..വളരെ പുതുമയുള്ള ഒരു പോസ്റ്റ്..ഇത്ര മനോഹരമായ ഒരു ചാറ്റ് നടന്നു എന്നതു തന്നെ ഒരു നല്ല കാര്യമാണ്...!

നന്ദി ..ഓണാശംസകൾ!

Tomkid! said...

ഹ ഹ ..എനിക്കിഷ്ടപെട്ടു.

പണ്ട് സ്കൂളില്‍ പൂക്കള മത്സരത്തിന് അറക്കപൊടിയും(തടി അറക്കുന്നിടത്ത് കിട്ടും) കളറും ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത് എല്ലാ ടീമിനും ഒരു പോലെ വിതരണം ചെയ്യും.

മാണിക്യം said...

"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍"
എന്ന ആശയത്തിനു തന്ന വരവേല്‍പ്പിനു
ആദ്യം തന്നേ നന്ദി പറയുന്നു
തികഞ്ഞ വിത്യസ്തയോടെ ഒരു പോസ്റ്റ് രചിച്ചതിനു
കുമാരനും, കുറുപ്പിന്റെ കണക്കു പുസ്തകത്തിനും
പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.
ഓണക്കളികളുടെ,
പ്രത്യേകിച്ച് തലപന്ത് കളി വിവരണം അതിമനോഹരമായി

ആല്‍ത്തറയില്‍ ഓണം ആഘോഷിക്കാന്‍
എത്തിയതിനു നന്ദി
കുമാരനും കുറുപ്പിന്റെ കണക്കു പുസ്തകത്തിനും
പൊന്നോണാശംസകള്‍

Unknown said...

ഇപ്പോഴത്തെ കാലത്ത് ഓണത്തപ്പനെ വയ്ക്കുന്നത് കള്ള് ഷാപ്പിന്‍റെ മുമ്പില്‍ ആണല്ലോ, ബീവേരജിന്റെ മുമ്പില്‍ പൂക്കളമല്ല ഇടുന്നത് അതിനു പകരം അടിച്ചു പാമ്പായി വട്ടത്തില്‍ വാളു കൊണ്ടു കളം ഉണ്ടാക്കാന്‍ മല്സരിക്കുകയല്ലേ. എന്തായാലും നന്നായിട്ടുണ്ട്. പിന്നെ ദോസ്ത് ഇപ്രാവശ്യ്മെന്കിലും ബീവേരജിന്റെ മുമ്പില്‍ വാളു കളം ഉണ്ടാക്കാതെ വീടിന്റെ മുമ്പില്‍ ഒരു നല്ല പൂക്കളം ഉണ്ടാക്കാന്‍ ശ്രമിക്ക്യു. എന്ന് ദോസ്ത്. എല്ലാവര്ക്കും എന്റെ ഒനാംശസകള്‍

Unknown said...

ഇപ്പോഴത്തെ കാലത്ത് ഓണത്തപ്പനെ വയ്ക്കുന്നത് കള്ള് ഷാപ്പിന്‍റെ മുമ്പില്‍ ആണല്ലോ, ബീവേരജിന്റെ മുമ്പില്‍ പൂക്കളമല്ല ഇടുന്നത് അതിനു പകരം അടിച്ചു പാമ്പായി വട്ടത്തില്‍ വാളു കൊണ്ടു കളം ഉണ്ടാക്കാന്‍ മല്സരിക്കുകയല്ലേ. എന്തായാലും നന്നായിട്ടുണ്ട്. പിന്നെ ദോസ്ത് ഇപ്രാവശ്യ്മെന്കിലും ബീവേരജിന്റെ മുമ്പില്‍ വാളു കളം ഉണ്ടാക്കാതെ വീടിന്റെ മുമ്പില്‍ ഒരു നല്ല പൂക്കളം ഉണ്ടാക്കാന്‍ ശ്രമിക്ക്യു. എന്ന് ദോസ്ത്. എല്ലാവര്ക്കും എന്റെ ഒനാംശസകള്‍

PONNUS said...

വേഗം കനെക്റ്റ്‌ ചെയ്തു ബാക്കി കൂടി കേട്ടിട്ട് എഴുതു.
അവസാന ഭാഗം നന്നായി !!!!

PONNUS said...

ഓണാശംസ പറയാന്‍ മറന്നുപോയി
എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു !!!!!

വശംവദൻ said...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.

എല്ലാവര്ക്കും ഓണാശംസകള്‍ !!

രഘുനാഥന്‍ said...

നല്ല പോസ്റ്റ്‌ ആശംസകള്‍

പൊറാടത്ത് said...

“പൂ പറിക്കാന്‍ പോരണ്വോ.....”

കണ്ണകീലുള്ളത് ആ പാട്ടിന്റെ ഇത്രയും മാത്രമല്ലേ..?

നന്നായി ഈ ഓര്‍മ്മകളും.. ആശംസകള്‍..

Unknown said...

VEENDUM ENTE KUTTIKALATHEKKU ENNE KONDU POYA NINGALKKU ORAYIRAM POOCHENDUKAL.

Sureshkumar Punjhayil said...

Post kalakki... Njanum nattilokke onnu karangivannu.
Ellavarkkum njangaludeyum sneham niranja Onashamsakal...!!!!

Sukanya said...

ഇവിടെ ഓണത്തിന്റെ ശമ്പളവും ബോണസ് ഇത്യാദി തിരക്കും പിന്നെ നെറ്റ് കണക്ഷന്‍ എറര്‍ എല്ലാം കഴിഞ്ഞ് ഇന്നാണ് ഈ പോസ്റ്റ് കണ്ടത്‌. ഓണം സ്പെഷ്യല്‍ ചാറ്റ് ഞങ്ങളെയും സ്മരണകളിലേക്ക് കൊണ്ടുപോയി. ഒരു പുതിയ ആശയം. നന്നായി. അന്നൊക്കെ പൂ പറിച്ചു കളിച്ചു നടന്നപ്പോള്‍ നമ്മളൊക്കെ വിചാരിച്ചിരുന്നോ ഈ ബൂലോഗത്തില്‍ ഓണം ചാറ്റ് ആയി മാറുമെന്ന് ?

കൂട്ടുകാരൻ said...

അമ്മായി പുല്ലും, തലപ്പന്ത് കളിയും, കുറുപ്പേ, ഒന്നും മറന്നിട്ടില്ലല്ലേ. ഊഞ്ഞാലില്‍ ആട്ടവും,വാഴയില്‍ കയറ്റവും ഒക്കെ എന്ത് രസമായിരുന്നു. ഊഞ്ഞാലിന്റെ ചേട്ടന്‍ 'ആലാത്ത് ' എന്ന സംഭവം നാട്ടില്‍ ഇപ്പോള്‍ കാണാനേ ഇല്ല. എന്ത് രസമായിരുന്നു ആലാത്ത് ആടാന്‍.

the man to walk with said...

ishtaayi