Monday, September 13, 2010
‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’
Tuesday, September 7, 2010
പന്ത്രണ്ടാം നമ്പര്‍ മുറിയിലെ സുന്ദരി
റയില്‍വേസ്റ്റേഷനില്‍ ഞാന്‍ നില്ക്കുമ്പോള്‍ , പ്ലാറ്റ്ഫോമില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന വൃദ്ധന്‍ എഴുന്നേറ്റിരുന്നു തന്റെ കുപ്പിയില്‍ നിന്നും രണ്ടു കവിള്‍ വെള്ളം കുടിച്ചിട്ട് എങ്ങോ നോക്കി ആത്മഗതമെന്നോണം പറയുമ്പോള്‍ എനിക്കയാളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അയാളുടെ വാക്കുകളുടെ അര്‍ത്ഥങ്ങളിലേക്കും, അര്‍ദ്ധവിരാമങ്ങളിലേക്കും ഊളിയിട്ടിറങ്ങുവാന്‍ മറ്റൊരു ആധിയുമായി നിന്ന എനിക്ക് കഴിഞ്ഞില്ല. അല്ലെങ്കില്‍ എന്റെ മനസ്സ് എനിക്ക് ഒരു കൈവിട്ട കളിയായി മാറിയിരുന്നിരിക്കണം.
കാലം എത്ര പെട്ടന്നാണ് നമ്മില്‍ നിന്നും ചില ഓര്‍മകളെ പറിച്ചെറിയുന്നത്. പക്ഷേ ഇത് അങ്ങനെ എന്നെ വിട്ടുപോകുമെന്നു എനിക്ക് സമാധാനിക്കാന്‍ കഴിയുന്നില്ല. ചൂളം വിളിച്ചെത്തുന്ന തീവണ്ടിയെപ്പോലെ അവയെന്റെ മസ്തിഷ്കത്തെ ഞെരിച്ചുകൊണ്ടിരിക്കും. ശാന്തിതേടി വനാന്തരങ്ങളില്‍ അലഞ്ഞാലും, സ്വസ്ഥത തേടി വിജനമായ പാതയിലൂടെ നടന്നു നീങ്ങിയാലും അതെന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും ചിലപ്പോള്‍ അതെന്റെ അവസാനം കണ്ടേ മടങ്ങുകയുള്ളൂ . ഏതായാലും ഈ അസ്വസ്ഥത എന്റെ ഷെമിയില്‍ നിന്നും എനിക്ക് മറച്ചുപിടിച്ചേ മതിയാകൂ. അവളുടെ ഉദരത്തില്‍ കൈകാലിളക്കുന്ന എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഓര്‍ത്തെങ്കിലും.
ഞാന്‍ എല്ലാത്തവണയും ചെയ്യാറുള്ളതുപോലെ പ്ലാറ്റ്ഫോമിലെ ആളൊഴിഞ്ഞ മൂലയിലെ ബെഞ്ചില്‍ സ്ഥാനം പിടിച്ചു. പെട്ടന്ന് വന്ന കാറ്റ് പ്ലാറ്റ് ഫോമിലെയും ബെഞ്ചിനു പിന്നില്‍ അട്ടിയിട്ടിരിക്കുകയും ചെയ്തിരുന്ന പാര്സലുകളുടെ മുകളിലെയും പൊടിയെ മേല്‍പ്പോട്ടുയര്‍ത്തി. പിന്നെ കുറച്ചുനേരം അവിടമാകെ പൊടിയുടെ താണ്ഡവം. എനിക്കവിടെനിന്നും എഴുന്നേറ്റു പോകുവാന്‍ തോന്നിയില്ല. ആരോ പിടിച്ചിരുത്തിയപോലെ, അതല്ല ആരെങ്കിലും ആ ബെഞ്ചിനോട് എന്നെ ചെര്‍ത്തുകെട്ടിയിരിക്കുകയാണോ. കുറച്ചുനേരമെങ്കിലും ചലനമറ്റു ഞാനാവിടെത്തന്നെയിരുന്നു.
ഈശ്വരാ എന്റെ ഉണ്ണിയെ കാക്കണേ, എന്റെ ഉള്ളില്‍ വീണ്ടും ആധിയായി. അവനെ വീണ്ടും പോലീസ് കൊണ്ടുപോയികാണുമോ. ആദ്യത്തെതവണ ബാജി വക്കീലിനെയും കൂട്ടി അവനെ ജാമ്യത്തിലിറക്കാന്‍ ചെല്ലുമ്പോള്‍ ഇന്‍സ്പെക്ടര്‍ താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞിരുന്നു. വിളിക്കുമ്പോള്‍ വീണ്ടും വരണം, ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് വരുത്താനറിയാം. ഈശ്വര അവന്റെ ജീവിതമെന്തേ ഇങ്ങനെ പാളം തെറ്റി യോടുന്നത്. ജോലി സംബന്ധമായി അഭയാര്‍ത്ഥികളെപ്പോലെ നഗരത്തില്‍ വന്നടിയുന്ന എന്നെപ്പോലെയുള്ള സുഹൃത്തുക്കള്‍ക്ക് തുച്ഛമായ തുകയ്ക്ക് റൂം നല്‍കുന്നതാണോ അവന്‍ ചെയ്യുന്ന തെറ്റ്. സാമാന്യം ഭേദപ്പെട്ട ലോഡ്ജ്, തരക്കേടില്ലാത്ത നോര്‍ത്തിന്ത്യന്‍ ഭക്ഷണമുള്‍പ്പെടെയുള്ള മെസ്സ്. ഏതു നഗരത്തില്‍ചെന്നാലും ഉണ്ണിയെപ്പോലുള്ളവരെ കണ്ടുമുട്ടണേയെന്നാണ് എന്റെ പ്രാര്‍ത്ഥന.
പലപ്പോഴും എന്റെ വാത്സല്യം ഉണ്ണിയുടെ അച്ഛനെ ഒര്മയിലെത്തിക്കുമെന്നു ഉണ്ണി ഇടയ്ക്കിടെ പറയാറുണ്ട്. അപ്പോഴൊക്കെ അവനെ ഞാന്‍ എന്നോട് ചേര്‍ത്തുനിര്‍ത്തും. ഒരിക്കല്‍ ഉണ്ണിയുടെ മുടിയില്‍ തലോടി എന്റെ ഉണ്ണി എന്നെ എട്ടാന്നു വിളിക്കൂ മോനെ എന്ന് പറയുമ്പോള്‍, എന്റെ കണ്ണുകള്‍ പൊടുന്നനെ സജലങ്ങളായി. അതവന്‍ കണ്ടുവോ, കണ്ടിരിക്കണം, അതല്ലേ അവന്റെ കണ്ണുകളും സജലങ്ങളായത്.
റിസപ്ഷനില്‍ എന്നും കൊണ്ടുവൈക്കാറുള്ള പൂക്കളുടെ അതെ പ്രസന്നതയോടെയേ ഞാനവനെ എന്നും കണ്ടിട്ടുള്ളൂ. ലോബിയില്‍ റൂമിനായി വെയ്റ്റ് ചെയ്യുന്നവര്‍ ഉണ്ണി കസ്റ്റമേഴ്സിനെ സ്വീകരിക്കുന്ന രീതിയെ സാകൂതം നോക്കിയിരിക്കുന്നതിനെ ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതൊക്കെ ഉണ്ണിക്കു മാത്രമായുള്ള പ്ലസ് പോയിന്റുകളാണ്. ഒരുപക്ഷെ ഉണ്ണിയുടെ ജീവിതത്തിനു മാത്രം അവകാശപ്പെടാവുന്നവ. ചില അത്യാവശ്യ ഘട്ടങ്ങളില്‍ റിസപ്ഷന്‍ എന്നെ ഏല്‍പ്പിച്ചു ഉണ്ണി വീട്ടിലേക്കു പോകുമ്പോള്‍ അവന്‍ തിരികെ വരുന്നതുവരെ എനിക്ക് വിറയലാണ് .
എനിക്കിതൊന്നും പരിചിതമല്ലല്ലോ. നമ്മില്‍ നിന്നെന്തെങ്കിലും അപാകതകള്‍ സംഭവിച്ചാല്‍ അത് ഉണ്ണിയെ ബാധിക്കില്ലേ.
പക്ഷേ, പ്രതീക്ഷിക്കാതെ ചില ദുരന്തങ്ങള്‍ ഇഴഞ്ഞെത്തുകയാണ്. ഒച്ചിനെപ്പോലെ വളരെ മുന്പെങ്ങോ ഉണ്ണിയുടെ ജീവിതം നോക്കി ഇഴഞ്ഞു നീങ്ങിയതാവാം. അല്ലെങ്കില്‍ പെട്ടന്നു പാമ്പിനെപ്പോലെ കടന്നെത്തിയതാവാം.
മാസാന്ത്യത്തിലെ അവധി ദിവസങ്ങളില്‍ എന്റെ മകന്‍ അഭിയോടൊപ്പം മ്യൂസിയത്തിലെ നടപ്പാതയിലൂടെ നടന്നു നീങ്ങുമ്പോള്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തോടെ ഓര്‍മകളുടെ തള്ളിക്കയറ്റം എന്നിലുണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ അറിയാതെ അഭിയെ എന്റെ ഉണ്ണീ എന്ന് വിളിച്ച സന്ദര്‍ഭങ്ങളും ഉണ്ട്. ഒരു പഞ്ഞിക്കഷണം കാറ്റില്‍ പതിയെ പറന്നു നീങ്ങുന്നതുപോലെ ഞാനാ സ്വാതന്ത്ര്യം നുകരും. പക്ഷെ ഇപ്പോള്‍ ഒരു തീക്കാറ്റുപോലെയാണല്ലോ അവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നത്. ഇല്ല എന്റെ ഉണ്ണി ഒരു തെറ്റും ചെയ്തിട്ടില്ല. അവനാ ആത്മഹത്യയില്‍ യാതൊരു പങ്കുമില്ല. വെറും ഒരു സംശയത്തിന്റെ പേരിലാണല്ലോ പോലിസ് അവനെ വേട്ടയാടുന്നത്. ഇല്ല ഞാന്‍ കരുതുന്നത് തന്നെയാണ് ശരി എന്റെ ഉണ്ണിക്കു ആ പെണ്‍കുട്ടിയുമായി ഒരു ബന്ധവുമില്ല.
മുന്‍പുള്ള അവധിയാത്രയില്‍ വീട്ടില്‍ചെന്നു ഷെമിയുമായി പറഞ്ഞു ചിരിക്കാനായി ഉണ്ണിയെക്കുറിച്ചും , മെസ്സിലെ പാചകക്കാരന്‍ ഉസ്മാനെക്കുറിച്ചും ഞാന്‍ ചില തമാശകള്‍ മെനഞ്ഞുണ്ടാക്കാറുണ്ട്. ഇത്തവണയും പതിവുപോലെ അവള്‍ ചോദിക്കും ഉണ്ണിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍. ഞാനെന്താണവളോട് പറയേണ്ടത്. അവര്‍ക്ക് സുഖമാണന്നു ഒറ്റവാക്കിലൊതുക്കാമോ. പക്ഷേ അവള്‍ എന്റെ മുഖത്തുനിന്നും എല്ലാം വായിച്ചെടുക്കും. ഉണ്ണിക്കു സംഭവിച്ച ദുരന്തത്തെപ്പറ്റി എനിക്കവളോട് പറയേണ്ടി വരില്ലേ. ഇന്നെന്റെ ട്രെയിന്‍ വരാതിരുന്നെങ്കിലെന്നു ഞാന്‍ ചിന്തിച്ചുപോയി. അക്കാരണം പറഞ്ഞെങ്കിലും അവളോട് ഫോണ്‍ ചെയ്തു യാത്രമാറ്റിവച്ചു അവളില്‍ നിന്നും തത്കാലം രക്ഷപ്പെടാമല്ലോ. പക്ഷേ ട്രെയിന്‍ വന്നാലോ യാന്ത്രികമായിത്തന്നെ ഞാനതില്‍ കയറിപ്പറ്റും. ചിലപ്പോള്‍ നമ്മള്‍ എംബഡെഡ് സിസ്റ്റം പോലെയാണ്. ചില പ്രവൃത്തികള്‍ നേരത്തേ പറഞ്ഞു വച്ചതുപോലെ നമ്മില്‍ നിന്നും സംഭവിച്ചുകൊണ്ടിരിക്കും.
ഇലകള്‍ പൊഴിഞ്ഞുകൊണ്ടേയിരിക്കും അത് നമ്മില്‍ മൃതിഗന്ധം ഉണര്ത്തിയാലും ഇല്ലെങ്കിലും.
എന്നിലെതോ അശുഭ ചിന്തകള്‍ ഭൂതാവേശം പോലെ കടന്നു വരുന്നു. ആ ചിന്തകളുമായി ഉറക്കിത്തിലാഴുമ്പോള്‍, സ്വപ്നങ്ങളായി അവയെന്നെ വേട്ടയാടുന്നു. അതൊക്കെ എങ്ങനെ എന്റെ ഷെമിയെ പറഞ്ഞുമാനസ്സിലാക്കണമെന്നു എനിക്കറിയില്ല. കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോള്‍ രാത്രി ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്ന്നിരുന്നു. ഉണ്ണിയെ അനേകം ബൂട്ടിട്ട കാലുകള്‍ തറയിലിട്ടു ഞെരിക്കുന്നു. ഞാനവരെ തടയാന്‍ വൃഥാ ശ്രമിക്കുന്നുണ്ട്. അതാ ഒരുവന്‍ എന്റെ നെഞ്ചില്‍ തോക്കിന്റെ പാത്തികൊണ്ടിടിക്കുന്നു. നെഞ്ചിന്‍കൂട് ഞെരിയുന്ന ശബ്ദം, എന്റെ നിലവിളികള്‍ ആരുടേയും കാതുകളില്‍ വീഴുന്നില്ല. വര്‍ത്തമാനകാല കാലവര്‍ഷം പോലെ അവ വൃഥാ കടലില്‍ ഒഴുകി അവസാനിക്കുന്നു. ഷെമി വച്ചുനീട്ടിയ ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് ഞാന്‍ ആരോടെന്നില്ലാതെ പുലമ്പി, എനിക്ക് ജീവിക്കണം, ഉണ്ണിക്കും ജീവിക്കണം, പക്ഷെ ഉണ്ണിയില്ലാത്ത ഒരു ജീവിതചിത്രം എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. തൊട്ടടുത്തു കിടന്നുറങ്ങുന്ന എന്റെ മകന്റെ നെറുകയില്‍ തലോടി ഞാന്‍ പുലമ്പിക്കൊണ്ടിരുന്നു, മോനെ അഭീ, നിനക്കൊരു ഏട്ടനുണ്ട്, അങ്ങുദൂരെ . . . . .
ഏതെങ്കിലും തുടര്ച്ചകളിലെ അര്‍ദ്ധവിരാമാമാണോ ഓരോ മനുഷ്യജന്മവും. മുറിഞ്ഞും, തുടര്‍ന്നും, ഒഴുകിക്കൊണ്ടിരിക്കുന്ന ചെറു പുഴകള്‍ പോലെ ഓരോരോ ജന്മങ്ങള്‍. അടര്ന്നും വീണ്ടും തളിത്തും അവ നീങ്ങിക്കൊണ്ടെയിരിക്കുന്നു. ഇപ്പോള്‍ മനസ്സല്‍പ്പം ശാന്തമാണ്, ഉണ്ണിക്കു ആ സംഭവത്തില്‍ യാതൊരു പങ്കുമില്ല എന്ന് ഞാന്‍ സ്വയം സമാധാനിക്കുന്നത് കൊണ്ടാകാം അത്. ഇന്ന് തീവണ്ടി കടന്നു പോകുന്ന വഴികളിലെ മനോഹര ദൃശ്യങ്ങള്‍ എന്നെ ഉന്മത്തനാക്കില്ല. കടുത്ത മഞ്ഞുപടം പോലെ ചിന്തകള്‍ എന്റെ തലച്ചോറില്‍ പടര്‍ന്നു കയറിക്കൊണ്ടേയിരിക്കുന്നു. വീട്ടിലെത്തുന്നതിനു മുന്‍പേ ഒന്നുഷാറായേ പറ്റൂ. മകനോട് വിശേഷങ്ങള്‍ ചോദിക്കുന്നതുമുതല്‍ ഷെമിയോടുള്ള പെരുമാറ്റങ്ങളിലും വരെ അസ്വാഭിവികത കയറിവരരുത്. വന്നാല്‍ത്തന്നെ, തന്നെ അലട്ടുന്ന യാതൊരു പ്രശ്നവും ഇപ്പോള്‍ തന്നിലില്ല എന്ന് സ്വയം നടിക്കാനെങ്കിലും കഴിയണം. നാട്യങ്ങളുടെ മുഖംമൂടികള്‍ ഒന്നൊന്നായി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറു യന്ത്രമായി ഞാനിപ്പോള്‍ മാറിയേ മതിയാകൂ. അത് നിലനില്‍പ്പിന്റെ പ്രശ്നമാണ്, അല്ലെങ്കില്‍ അടുത്ത ലീവിനെത്തുന്നതുവരെ അവളുടെ മനസ്സ് നിറയെ ആധിയായിരിക്കും. ഇതുവരെ ഒരു പെറ്റിക്കേസുപോലും ആരോപിക്കപ്പെടാത്ത ഞാന്‍ ഉണ്ണിക്കുവേണ്ടി നിരന്തരം പോലീസ് സ്റ്റേഷനിലും കോടതിയിലും കയറിയിറങ്ങുന്നത് അവളെ സംബന്ധിച്ചിടത്തോളം അത്ര അഭിലഷണീയമല്ലാത്ത കാര്യമാണന്നു അവള്‍ സദാ ഓര്മപ്പെടുത്തികൊണ്ടിരിക്കും.
രണ്ടു ദിവസമായി ചെയ്തു തീര്‍ക്കേണ്ട പല ജോലികളും കുഴ മറിഞ്ഞു കിടക്കുകയാണ്. അക്കൌണ്ട്സ് ക്ലിയര്‍ ചെയ്യണം. റിപ്പോര്‍ട്ട് ഹെഡ് ആഫീസിലേക്ക് മെയില്‍ ചെയ്യണം. അങ്ങനെ ഒന്നിന് പിറകെ ഒന്നായി ജോലികളുടെ ബാഹുല്യം തന്നെയുണ്ട്. നല്ല ഉറക്ക ക്ഷീണമുണ്ട്, പക്ഷെ എങ്ങനെ ഉറക്കം വരും, സമാധാനമായി ഒരിറക്ക് വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഉറക്കത്തെക്കുറിച്ച് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. ഏതായാലും ട്രെയിനെത്തിയാല്‍ ഒന്നുറങ്ങാന്‍ ശ്രമിച്ചുനോക്കാം.
ഉണര്‍വിന്റെ നിമിഷങ്ങളില്‍ എപ്പോഴും ജാഗ്രത്തായിരുന്ന എന്റെ മനസ്സിപ്പോള്‍ വൈരുദ്ധ്യങ്ങള്‍ക്ക് നടുവിലാണ്. അത് തുഴ നഷ്ടപ്പെട്ട ചെറുവള്ളം പോലെ അലഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ചെറുകാറ്റിനു വേണമെങ്കില്‍ ഇപ്പോള്‍ എന്നെ തകര്‍ക്കാം. ഇപ്പോള്‍ മഴപെയ്യുമ്പോള്‍ ഉള്ളു കുളിര്‍ക്കാറില്ല, നിലാവുപോലും പേടിപ്പെടുത്തുന്ന പ്രകാശ പ്രളയമായി മാറിക്കൊണ്ടിരിക്കുന്നു. ഒടുവില്‍ ഇല മുഴുവനും കൊഴിഞ്ഞു ആരാലും തിരിച്ചറിയാന്‍ കഴിയാതെ അസ്ഥിത്വം നഷ്ടപ്പെട്ടു വീണ്ടും ഒരു പുനര്‍ ജന്മത്തിനായി കാത്തുനില്‍ക്കുന്ന മരം പോലെ . അല്ല വൃക്ഷങ്ങളില്‍ തന്നെ എത്ര ജന്മങ്ങള്‍ തന്നെ ഉടലെടുക്കുന്നു. പക്ഷികളായും, അറിയപ്പെടാത്ത മറ്റു ജന്മങ്ങളായും. ഇതാ ഇപ്പോള്‍ ഈ റയില്‍വേ സ്റ്റേഷനില്‍ ഞാന്‍ ഒറ്റക്കിരിക്കുന്നു. തീപിടിച്ച മനസ്സുമായി. ഉണ്ണിയുമായി ബന്ധപ്പെട്ട സംഭവങ്ങളിലേക്ക് മനസ്സിനെ മേയാന്‍ വിടുമ്പോഴും ചെന്നെത്തുന്നിടങ്ങളിലെല്ലാം വാതിലുകലടയുന്നു. ഉണ്ണിയേ തനിയെ വിടാന്‍ വയ്യ, അവനെ വീണ്ടെടുക്കണം, എന്റെ പഴയ ഉണ്ണിയായിത്തന്നെ.
ഇന്ന് ട്രെയിന്‍ കൃത്യസമയം പാലിക്കുകയാണെങ്കില്‍ രാത്രി പതിനൊന്നു മണിക്ക് മുന്നേ വീട് പറ്റാം. വീട്ടിലെത്തിയാലുടന്‍ അരമണിക്കൂര്‍ അവളുടെ പരാതികള്‍ കേള്‍ക്കാന്‍ നീക്കിവെയ്ക്കണം. അതെപ്പോഴും പതിവുള്ളതാണ്. ആ സമയത്ത് ഞാന്‍ അലസമായോ മറ്റോ ആണ് അത് കേള്‍ക്കുന്നതെങ്കില്‍, എനിക്ക് സ്നേഹം കുറഞ്ഞു വരുന്നു എന്നൊക്കെ പറഞ്ഞു മുഖം വീര്‍പ്പിക്കല്‍ പതിവ് വേറെ. പതിവുപോലെ മുകള്‍ നിലയില്‍ താമസിക്കുന്ന, മധ്യവയസ്കരായ ദമ്പതികളെക്കുറിച്ചാവും ആദ്യത്തെ പരാതി. അപ്പോള്‍ ഉറപ്പായും ഏതെങ്കിലും ലൈറ്റിനു പിറകില്‍ ഒളിച്ചിരുന്നു ഗൌളി ചിലച്ചിരിക്കും, അല്ലെങ്കില്‍ അന്ധകാരത്തില്‍ നിന്നും വിഷാദഗാനം പോലെ കൂമന്‍ മൂളിത്തുടങ്ങും. ഒന്നുമില്ലെങ്കില്‍ എന്റെ മൊബൈല്‍ ഫോണിലേക്കുള്ള എസ് എം എസ് ബെല്‍ മുഴങ്ങും. അപ്പോള്‍, കണ്ടോ കണ്ടോ ഞാന്‍ പറഞ്ഞത് പൂര്‍ണമായും സത്യമാണ്, എന്ന് പറഞ്ഞവള്‍ സ്വയം ന്യായീകരിക്കും.
ഞാനൊരു ശാന്തനായ കേള്‍വിക്കാരനാണന്നു വിവാഹത്തിന്റെ ആദ്യ നാളുകളില്‍ത്തന്നെ അവള്‍ക്കു ബോധ്യപ്പെട്ടതാണ്. അവളുടെ ധാരണയെ തിരുത്താന്‍ ഞാന്‍ മിനക്കെട്ടതുമില്ല. അല്ലെങ്കില്‍ത്തന്നെ സ്ത്രീകളോട് മസില് പിടിച്ചിട്ടു ഒരു കാര്യവുമില്ല. അത് അരക്കിട്ടുറപ്പിക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റവും. ചെറിയ ചില നിര്‍ബന്ധങ്ങളൊഴിച്ച് ഉള്ളില്‍ വെറും പാവമാണവള്‍. മുകള്‍ നിലയില്‍ താമസിക്കുന്ന ദമ്പതികള്‍ പരസ്പരം എപ്പോഴും വഴക്കാണത്രെ. അതും വളരെ ഉച്ചത്തില്‍. അവര്‍ വീടന്വേഷിച്ച് വരുമ്പോഴേ ഞാനവള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അവര്‍ ഒരു വായാടി സ്ത്രീയാണന്നു. എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഒരാളെ കിട്ടുന്നതില്‍ ഇക്കക്കെന്താ ഇത്ര ദെണ്ണം എന്നായിരുന്നു അതിനുള്ള അവളുടെ മറുപടി.
ഇപ്പോള്‍ ഞാന്‍ ചെന്നലുടന്‍ അവരെ ഒഴിപ്പിക്കണമെന്ന പരാതിയാണവള്‍ക്ക്. ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് പൂര്‍ത്തിയാവട്ടെ എന്ന് പറഞ്ഞു ഞാവളെ സമാധാനിപ്പിക്കും. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഓരോരുത്തര്‍ അവരവരുടെ ഹീന സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോള്‍, ഇവിടെ ഞങ്ങളുടെ ലോഡ്ജില്‍ ഒരു നിശബ്ദ ജീവിതം പെയ്തൊഴിഞ്ഞു കൂടൊഴിഞ്ഞു പോയ കാര്യം ഞാനവളെ എങ്ങനെ പറഞ്ഞു ബോധിപ്പിക്കും. ശബ്ദകോലാഹലങ്ങള്‍ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍, മൌനമായ നിലവിളികള്‍ ഭൂമിയുടെ അഗാധതയില്‍ ചവിട്ടി താഴ്ത്തപ്പെടുന്നു.
ലോഡ്ജില്‍ മുറിയെടുക്കാന്‍ ഗെയ്റ്റ് കടന്നു വരുമ്പോള്‍ ആ പെണ്‍കുട്ടി ഊമയാണന്നു ഞാനൊട്ടും പ്രതീക്ഷിച്ചില്ല, ഉണ്ണി വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. രജിസ്ടരില്‍ ഒപ്പുവാങ്ങി താക്കോല്‍ അവളെ ഏല്‍പ്പിക്കുമ്പോള്‍ അവള്‍ ആത്മഹത്യക്ക് മുതിരുമെന്ന് ഞാന്‍ കരുതിയതേയില്ല. ദൈവത്തിന്റെ ഇമ്മാതിരി കളികളെക്കുറിച്ച് ഞാന്‍ വിമര്‍ശനബുദ്ധിയോടെ ആലോചിച്ചുപോയി. നാലു ദിവസത്തോളം അവള്‍ ഇവിടെയുണ്ടായിരുന്നു. നമ്മുടെ വിചാര ലോകങ്ങള്‍ക്കപ്പുറത്ത് എന്തെല്ലാം സങ്കീര്‍ണതകളിലൂടെയാണ് മനുഷ്യമനസ്സു നിരന്തരം കടന്നുപോകുന്നത്. ഇനിയും അതിനെക്കുറിച്ച് ചിന്തിച്ചാല്‍ എനിക്ക് ഭ്രാന്ത് പിടിക്കുമെന്നായി. ഞാന്‍ യന്ത്രികമായിത്തന്നെ എന്റെ ലോഡ്ജിലെക്കുള്ള ഗേറ്റു കടന്നു ചെന്നു. റിസപ്ഷനില്‍ ഉണ്ണി തലകുമ്പിട്ടിരിക്കുന്നു. എന്നില്‍ വീണ്ടും അശുഭ ചിന്തകളുടെ തിരയിളക്കം. ഞാന്‍ അവന്റെ മുഖം മെല്ലെയുയര്‍ത്തി. കുറ്റബോധത്തോടെ അവന്‍ എന്നെ നോക്കി വാവിട്ടുകരഞ്ഞു. ഒരു കത്ത് എന്നെ എല്പ്പിച്ചശേഷം അവന്‍ വീണ്ടും എങ്ങോ നോക്കിയിരുന്നു.
വടിവൊത്ത അക്ഷരത്തില്‍ ജീവനുള്ള കുറെ അക്ഷരങ്ങള്‍. എന്റെ ഹൃദയത്തെ കീറിമുറിക്കാന്‍ പോന്നവ.
സ്നേഹത്തോടെ, പ്രണയത്തോടെ ഉണ്ണിക്ക്,
എന്നില്‍ നിന്നുള്ള ഈ ഒളിച്ചോട്ടം എന്തിനെന്നനിക്കറിയില്ല. എന്തായാലും ഞാനീ നഗരം വിടുകയാണ്, നമ്മള്‍ വളരെ നേരം സംസാരിച്ചിരുന്ന മരച്ചുവടുകളും, അവിടത്തെ ബഞ്ചും, എന്നെ വല്ലാതെ വേട്ടയാടുന്നു. അവസാനമായി ഉണ്ണിയെ കാണുവാനാണ് ഞാനിവിടെ മുറിയെടുത്തത്. ഉണ്ണിയില്‍ നിന്നും ഒരു ചുടു ചുംബനം ഞാന്‍ ആഗ്രഹിക്കുന്നു.
പക്ഷെ അതെങ്ങനെ ഉണ്ണിയെ പറഞ്ഞു മനസിലാക്കണമെന്നനിക്കറിയില്ല . ഉണ്ണീ എനിക്ക് വിട നല്‍കുക, നമ്മുടെ സ്വപ്നങ്ങള്‍ക്കും.
പ്രണയപൂര്‍വ്വം
റാണി റോബര്‍ട്ട് .
എന്റെ കൈകളിലൂടെ വിയര്‍പ്പോഴുകി കത്തിലെ അക്ഷരങ്ങള്‍ നനഞ്ഞു കുതിര്‍ന്നു. എന്റെ ഉണ്ണീ എന്ന ഉള്ളിലുറഞ്ഞുപോയ നിലവിളിയോടെ ഞാന്‍ സോഭയിലേക്ക് തളര്‍ന്നിരുന്നു.
കണ്ണ് തുറന്നു നോക്കുമ്പോള്‍ പതിവുപോലെ ഉസ്മാന്‍ ഞങ്ങള്‍ക്കുള്ള ചായയുമായി മൂളിപ്പാട്ടും പാടി കടന്നുവരുന്നു.
(പിന്കുറിപ്പ് :
എന്റെ അനുജന്‍ മുസമ്മില്‍ മുസ്ലിയാര്‍ ( ചെറിയച്ചന്റെ മകന്‍ ) നിസ്സാര കാരണങ്ങളാല്‍ അവന്റെ ഭാര്യയെ ഈയടുത്ത് മൊഴി ചൊല്ലി. സംഭവം കഴിഞ്ഞ ശേഷമാണ് ഞാനിക്കാര്യം അറിയുന്നത് തന്നെ, ആ പെണ്‍കുട്ടിയുടെ ദൈന്യത എന്നെ വല്ലാതെ വേട്ടയാടി, ആ മാനസിക സംഘര്‍ഷത്തില്‍ നിന്നാണ് ഇക്കഥ പിറന്നത്.)
തബാരക് റഹ്മാന്‍
Monday, September 6, 2010
പെയ്യാന്‍ പോകുന്ന 'നിലാവ് '
ഒരിടത് ഒരു നിലാവുണ്ടായിരുന്നു..മഞ്ഞിന്റെ മുകളില്‍ കൂടുകൂട്ടിയ നനുത്ത നിലാവ്..
രാത്രിയെ പുണര്‍ന്നു അതു അങ്ങനെ പടര്‍ന്നു പന്തലിച്ചു കിടന്നു..അതിനു കീഴെ അവള്‍ നിശബ്ദമായി തേങ്ങി, അവനും അതില്‍ കൂട് കൂട്ടാന്‍ കടല്‍ കടന്നു എത്തി.
പിന്നെ പെയ്തത് നിലാ മഴയായിരുന്നു അവര്‍ക്ക് ചുറ്റും..
ദൂരെ നിന്നു അടിതളര്‍ന്ന ഊഞ്ഞാലും ഓളങ്ങള്‍ നിലച്ച കുളവും അവര്‍ക്കിടെ എത്തി നോക്കി...
മറവിയുടെ ഇരുളില്‍ ചെമ്പകപ്പൂക്കളെ പോലെ അവര്‍ നടന്നു ..
Nilavu song : Lyrics: Ajith Nair | Music: Reji Gopinath | Playback : K.S. Chithra
ഇതു സ്വപ്നമാണോ? എന്ത് ശക്തിയാണിതില്‍...ഇങ്ങനെ വലിച്ചു മുറുക്കി ആ ഫ്രെയിമിലേക്ക് കൊണ്ടു പോകാന്‍ മാത്രം. മഴ, നിലാവ്, ഓളങ്ങള്‍ , ഊഞ്ഞാല്‍ ..നനുത്ത മഞ്ഞു ..ഇതൊക്കെ എങ്ങനെയാണു ഇതില്‍ ചാലിച്ചത് ? ഞാന്‍ എന്ത് കൊണ്ടു ഇങ്ങനെയൊന്നു ഇതു വരെ കണ്ടില്ല..എന്ത് കൊണ്ടു ആരും ഉണ്ടാക്കിയില്ല..നിലാവിന് മാത്രം അറിയാം അതു...
പാടം നനഞ്ഞു കിടന്നപ്പോള്‍ ഒരു പുല്നാമ്പായി ഞാന്‍ എന്തെ അവിടെ എത്തിയില്ല..വെറുതെ ആടുന്ന ഊഞ്ഞാലില്‍ കൃഷ്ണമണികള്‍ ആട്ടാന്‍ ഞാന്‍ എന്തെ അവിടെ എത്തിച്ചേര്‍ന്നില്ല? ആ നിലാവില്‍ എനിക്കെന്തേ ഒഴുകാന്‍ കഴിഞ്ഞില്ലാ ? ഇപ്പൊ ഈ മഴപ്പക്ഷിയുടെ കൂടെ കേള്‍ക്കാനായിരിക്കും, ചിലപ്പോ..മഴപക്ഷിയുടെ കൂടെ ആ ഫ്രെയിമിലേക്ക് ഊളിയിടാന്‍ ആയിരിക്കാം.
ഇലതുമ്പിലെ വെറുമൊരു തുള്ളിയായ ഞാന്‍...ഞാന്‍ എഴുതുന്നു, പെയ്യുന്ന ആ വലിയ മഴയെ പറ്റി..ഇനിയും തകര്‍ത്തു പെയ്യാനുള്ള ആ മഴയെപ്പറ്റി.
മധുനിറഞ്ഞ പൂവിലെ നന്വരിഞ്ഞാ ആ പൂവിതള്‍ മറവി നെയ്ത നൂലിഴകളില്‍ എന്തെ കുടുങ്ങി കിടന്നു...
സന്ധ്യ ഉണരുമ്പോള്‍...ലക്ഷ്മീ, ഇവിടെ എനിക്ക് നിന്നെ കാണാന്‍ കഴിയുന്നു.. നിന്റെ കണ്മഷികള്‍ ഞാന്‍ അടര്‍ത്തി എടുതോട്ടെ? കറുത്തൊരു പൊട്ടു കുത്താന്‍. നിന്റെ മൌനത്തില്‍ എന്നെപ്പോലെ അനേകം സ്ത്രീകള്‍ അലിഞ്ഞോട്ടെ ? നിന്റെ മനസ്സും ശരീരവും ഞങ്ങള്‍ ആവാഹിക്കട്ടേ ? മനസ്സിലെ ഓണത്തുംബികളെ ഞങ്ങള്‍ മാറോടനയ്ക്കട്ടെ..ലക്ഷീ , നീ എന്തെ ഇത്ര വൈകി ?
കടല്‍ക്കാറ്റിന്റെ തീഷ്ണമായ ചൂട് നിന്നെപ്പോലെ ഞങ്ങളും അറിയുന്നു. ഒരു മഴയിലും തണുപ്പിക്കാത്ത ആ തീഷ്ണത ഈ ചുവരുകള്‍ക്കിടയില്‍ ഞങ്ങളെ ദഹിപ്പിക്കുന്നു. നിനക്ക് ഒരു ദിവസം എങ്കിലും കിട്ടി. ഭാഗ്യമല്ലേ അതു? ഞങള്‍ക്ക് കിട്ടാന്‍ അങ്ങനെ ഒരു ദിവസം ഒരിക്കലും വരില്ല. നീ ഭാഗ്യവതിയാണ്.
നീ എന്തിനാണ് വൈകിയത് എന്ന് അവള്‍ ചോദിക്കുമ്പോള്‍ അവന്‍ എന്ത് പറയും ?
ഇടനെഞ്ചിലെ ഈണം നിനക്ക് വേണ്ടി ഒരുക്കുകയായിരുന്നു എന്നോ ?
വിളക്ക് വക്കുമ്പോള്‍ പൊള്ളിയ കൈകള്‍ അവനു വേണ്ടി എന്തോ മോഴിഞ്ഞോ?
ഒടുവില്‍ തിരിച്ചിറങ്ങുമ്പോള്‍ ഓണസ്വപ്നങ്ങളെ നീ കൈവിടുകയോ? അതോ എന്റെ മനസ്സാണോ നീ കൈ വിട്ടത് ...?
ഞാന്‍ നിന്നെ മനസ്സില്‍ തൊടുമ്പോള്‍ ഒരു തോട്ടവാടിയായ് നീ നാണിചതെന്തേ എന്ന് നിന്നോട് ചോദിച്ചാല്‍ ? പഴമയുടെ വചനങ്ങളില്‍ നിന്നു നിന്നെ പലതും കൈ പിടിച്ചു ഉയര്‍ത്തുമ്പോള്‍ നീ അറിയാതെ തന്നെ ആ നിലാമഞ്ഞിലേക്ക് ഓടുകയായിരുന്നില്ലേ ?
എല്ലാത്തിനും സാക്ഷി , നമുക്ക് മീതെ കൂട് കൂട്ടിയ നിലാവ് ..നീല നിലാവ് ...മഴയുടെ കൂടെ പെയ്തു ഇറങ്ങിയ നനുത്ത നിലാവ് ..
നിന്റെ കണ്ണുകളില്‍ ആയിരം നക്ഷത്രങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്ന് അവന്‍ പറഞ്ഞില്ലല്ലോ..വെറുതെ ഓര്‍ത്തു അവന്‍..നിന്റെ ചലനം ഒരു മഴയില പോലെ നനുത്തതായിരുന്നു എന്ന് അവനു പറയാന്‍ കഴിഞ്ഞില്ലല്ലോ..എന്തെ അങ്ങനെ...നിന്റെ നിശ്വാസങ്ങളില്‍ നീ അറിയാതെ തന്നെ അതില്‍ പുനര്‍ന്നിറങ്ങിയ അവനു അതും പറയാന്‍ കഴിഞ്ഞില്ലല്ലോ ..
മനസ്സ് പകുത്ത നീ എങ്ങോട്ടെക്കാണ് പോകുന്നത് ..നിനക്കറിയാം ആ നാലു ചുവരുകളിലെക്കല്ല നീ പോകേണ്ടത് എന്ന്..മറന്നു വച്ച പോലെ നീ നിന്റെ മനം എന്തിനാണ് അറിഞ്ഞു കൊണ്ടു അവിടെ ഉപേക്ഷിച്ചത് ? നിനക്ക് പറയാന്‍ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ഞങ്ങള്‍ക്ക് കഴിഞ്ഞേക്കും....!!!
ഉടനെ തന്നെ പെയ്യാന്‍ പോവുന്ന 'നിലാവ്' ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള സിനിമ ആണ്. ബൂലോകത്ത് നിന്ന് സ്മരണിക എന്ന ബ്ലോഗുടമ, വയനാട്ടുകാരനായ ബഹറിനിലുള്ള അജിത് നായരും കൂട്ടരും അണിയിച്ചൊരുക്കിയ ഈ ചിത്രം കേരളത്തില്‍ നിന്നും ഗള്‍ഫിലെത്തുന്ന ഗ്രാമീണ സ്ത്രീയുടെ ആത്മാവിനെ തൊട്ടറിയാന്‍ ശ്രമിക്കുന്നു. ഹൌസ് വൈഫ് ആയി ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി സ്ത്രീയുടെ ജീവിത സംഘര്‍ഷം ഇവിടെ അനാവരണം ചെയ്തിരിക്കുന്നു...
ഇനിയും ഇങ്ങനെയുള്ള നിലാവുകള്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു ഞാന്‍ ഈ പോസ്റ്റ് ഭൂലോകത്തിന് സമര്‍പ്പിക്കുന്നു.
ഹേമാംബിക
http://mirror-of-alice.blogspot.com/2010/09/blog-post_06.html