Wednesday, September 30, 2009

കടലിനക്കരെ പോണോരേ... (സൂക്ഷിക്കുക... നിങ്ങള്‍ക്കും ഇതു സംഭവിക്കാം)

ഗള്‍ഫ് എന്ന സ്വപ്നഭൂമിയെ സ്വപ്നം കണ്ട് നാട്ടില്‍ കഴിയുന്നവര്‍,
ഗള്‍ഫിലേക്കു പോകുവാന്‍ തയ്യാറെടുക്കുന്നവര്‍,
ഗള്‍ഫില്‍ എത്തിച്ചേര്‍ന്നവര്‍... സാമൂഹിക സേവനതല്പരരായ പ്രവാസികള്‍, നിയമം കയ്യാളുന്ന അധികാരികള്‍, മാധ്യമങ്ങള്‍ ഇത്രയും ആളുകള്‍ ഈ കുറിപ്പ് വായിച്ചിരിക്കുന്നത് നന്നായിരിക്കും. എഴുതണോ വേണ്ടയോ എന്നു കുറേ ആലോചിച്ചതാണ്. എന്നാല്‍ ഈ കുറിപ്പ് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ അതൊരു നല്ല കാര്യമായിരിക്കും എന്നു കരുതുന്നു.



ബാംഗ്ലൂരിലെ സാമൂഹിക ചുറ്റുപാടുകളും, ഭക്ഷണം, താമസം തുടങ്ങി യാതൊന്നിനോടും താല്പര്യമില്ലാതെ ഉണ്ടായിരുന്ന ജോലിയും കളഞ്ഞു തെണ്ടി നടക്കുന്ന കാലം. (ആ ജോലിയും ശാരീരികമായി തളര്‍ത്തിയതല്ലാതെ സാമ്പത്തികമായി വളര്‍ത്തിയിട്ടില്ല) അങ്ങനെ തെണ്ടിത്തിരിഞ്ഞ് പൂനായിലെത്തുന്നു. ഒരേയൊരു ലക്ഷ്യം മാത്രം. എവിടെയെങ്കിലും ഒരു ജോലി. (ഒരു പ്രായം കഴിഞ്ഞാല്‍ അഭ്യസ്തവിദ്യരായ ആണുങ്ങള്‍ക്ക് ജോലി കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന ഒരു രോഗമാണിത്തെന്നത് പലരുടെയും അനുഭവം)

പൂനായിലെ തെണ്ടല്‍ ഏകദേശം ആറു മാസങ്ങള്‍ പിന്നിടുന്നു. അവിടെ പലചരക്കു വ്യാപാരം നടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞു ബാനര്‍ റോഡില്‍ ഒരു ഏജന്‍സിയുണ്ട് അവര്‍ വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നുവെന്നു കേള്‍ക്കുന്നു എന്ന്. എന്നാല്‍ അവരുടെ വിശ്വാസ്യതയെക്കുറിച്ച് യാതൊന്നും അറിവില്ലെന്നും, അത് നന്നായി അന്വേഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗള്‍ഫില്‍ പോകണമെന്ന് യാതൊരു ആഗ്രഹവുമില്ലാത്ത ഞാന്‍ പലരുടെയും ഉപദേശങ്ങള്‍ക്കു വഴങ്ങി അങ്ങനെ അന്വേഷിച്ചു പിടിച്ച് അവിടെയെത്തുന്നു. നല്ല ഒന്നാംതരം ഓഫീസ്‌, ഓഫീസില്‍ സുന്ദരിയായ റിസപ്ഷനിസ്റ്റ് തുടങ്ങി എല്ലാ സൌകര്യങ്ങളുമുണ്ട്. ഇരുപത്തിമൂന്നു വയസ്സു മാത്രം പ്രായമുള്ള എം ബി എക്കാരന്‍ മുതലാളി കം ഡയറക്ടര്‍ കം ചീഫ് ഓപ്പറേറ്റര്‍ കം ചീഫ് ഓര്‍ഗനൈസര്‍. നിലവിലുള്ള ഒരേയൊരു വേക്കന്‍സിയെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് നീട്ടി വലിച്ച് ഒരു പ്രൊഫൈല്‍ ഉണ്ടാക്കി കൊടുത്തു. സേവന വ്യവസ്ഥകള്‍ താഴെ പറയും പ്രകാരം.

1. സര്‍വ്വീസ് ചാര്‍ജ്ജ് ഇരുപതിനായിരം രൂപ (പുറത്തു പറയാവുന്നത് - ഞാന്‍ പോകുന്ന രാജ്യത്തു തന്നെ താമസിക്കുന്ന അദ്ദേഹത്തിന്‍റെ അച്ഛന്‍ ചോദിച്ചാലും ഈ തുക വേണം പറയാന്‍)

2. സര്‍വ്വീസ് ചാര്‍ജ്ജ് മറ്റൊരു ഇരുപതിനായിരം രൂപ ( പുറത്തു പറയാന്‍ പാടില്ലാത്തത്. പുറത്തു പറഞ്ഞാല്‍ എന്‍റെ പണിയും പോകും - അയാള്‍ക്കും കുഴപ്പം - എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണത്രേ ഗള്‍ഫിലേക്കു പറക്കുന്നത്)

3. ഇനിയൊരു പതിനായിരം രൂപ ടിക്കറ്റ് ചാര്‍ജ്ജ് (ഇതും പുറത്തു പറയാന്‍ പാടില്ല)

ആകെ അന്‍പതിനായിരം രൂപയല്ലേ അയാള്‍ ചോദിച്ചുള്ളൂ. നല്ല മനുഷ്യന്‍. സാധാരണ ഗള്‍ഫില്‍ പോകാന്‍ ഒന്നൊന്നര ലക്ഷം രൂപയോളം ചിലവുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. ഏതായാലും കൊള്ളാം. കയ്യോടെ ഇരുപതിനായിരത്തില്‍ പതിനായിരം കൊടുത്തു രസീതും വാങ്ങി.

വിസ വന്നു. വിസയുടെ കോപ്പി കണ്ട് രോമാഞ്ജമണിഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ എക്സ്പ്രസ്സ് വിസ എന്നൊരു കുണ്ടാമണ്ടി. ഇതെന്താണെന്നു ചോദിച്ചപ്പോള്‍ ഏജന്‍റിന്‍റെ ധൈര്യപ്പെടുത്തല്‍. ജോലി വിസ ഇഷ്യൂ ആകാന്‍ എന്തൊക്കെയോ നിയമതടസ്സങ്ങള്‍. അതുകൊണ്ട് അവിടെ ചെന്നാല്‍ എളുപ്പത്തില്‍ ശരിയാക്കാം. തല്‍ക്കാലം ഈ വിസയില്‍ പോകാം. ഞാനല്ലേ ഇവിടെയുള്ളത്. ധൈര്യമായി പോയിട്ടു വാ. ശരിയാ അദ്ദേഹം അവിടെയുണ്ടല്ലോ ഒന്നുമില്ലെങ്കിലും സ്വന്തമായി ഫര്‍ണിഷ്‌ഡ്‌ ഓഫീസും, റിസപ്ഷനിസ്റ്റും ഒക്കെയുള്ള വലിയ മനുഷ്യനല്ലേ. എനിക്കും ധൈര്യമായി. അങ്ങനെ ബാക്കിയുണ്ടായിരുന്ന നാല്‍‍പ്പതിനായിരം രൂപയും കൊടുത്തു. പതിനായിരത്തിനു മാത്രം രസീതും കിട്ടി. (മറ്റേതു രഹസ്യമാണല്ലോ)

അപ്പോഴുണ്ട്‌ ആവശ്യം. എക്സ്പ്രസ്സ് വിസ എടുക്കുന്നവര്‍ തിരിച്ചു പോരാനുള്ള റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്നത് നിര്‍ബന്ധമാണത്രേ!. ഞാന്‍ തീര്‍ത്തു പറഞ്ഞു പറ്റില്ല എന്ന്. എന്നാല്‍ അവസാനം നേരത്തേ കൊടുത്തു പോയ അന്‍പതിനായിരം രൂപ കൂടി നഷ്ടമാകുമെന്ന അവസ്ഥ വന്നപ്പോള്‍ കൊടുത്തേക്കാമെന്നു കരുതി. പൂനായില്‍ തന്നെ താമസമുള്ള എന്‍റെ കൊച്ചച്ചന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി നല്‍കി. റിട്ടേണ്‍ ടിക്കറ്റ് അയാള്‍ തന്നെ ക്യാന്‍സല്‍ ചെയ്ത് പണം കൊച്ചച്ചനെ ഏല്‍‍പ്പിക്കാമെന്ന് വാക്കും തന്നു. പുറപ്പെടുന്നതിന്‍റെ തലേദിവസം മനസ്സില്ലാ മനസ്സോടെ എനിക്കൊരു ഫാക്സ് അയക്കേണ്ടി വന്നു. ശമ്പളമില്ലാതെ എത്ര മണിക്കൂര്‍ വേണമെങ്കിലും ഓവര്‍ ടൈം ചെയ്യാമെന്ന്. എട്ടു മണിക്കൂര്‍ പ്രവൃത്തിസമയമുള്ള കമ്പനിയില്‍ തിരക്കുള്ള അപൂര്‍വ്വം ചില അവസരങ്ങളില്‍ ഏറിയാല്‍ ഒരു നാലു മണിക്കൂര്‍ കൂടി ജോലി ചെയ്യേണ്ടി വരും. നാട്ടിലും അങ്ങനെ ഞാന്‍ ചെയ്തിട്ടുള്ളതാണ്. അതിനിപ്പോള്‍ അധികശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല എന്നു ഞാന്‍ കരുതിയെങ്കിലും എന്തുകൊണ്ടോ എന്‍റെ മനഃസ്സാക്ഷി എന്നെ വിലക്കിക്കൊണ്ടേയിരുന്നു.

അങ്ങനെ ഞാന്‍ സീബ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നു. ജീവിതത്തിലെ യാത്രകളെല്ലാം ഒറ്റക്കായിരുന്നതു കൊണ്ട് വലിയ പുതുമയൊന്നും തോന്നിയില്ല. മെയിന്‍ ഗേറ്റ് ഇറങ്ങി വെളിയില്‍ വന്നു. കുറേ നേരം കാത്തു നിന്നപ്പോള്‍ ടൈ കെട്ടി, നല്ല വേഷമൊക്കെ ധരിച്ച് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു ചോദിച്ചു,

ആര്‍ യൂ മിസ്റ്റര്‍ ജയകൃഷ്ണന്‍?

യെസ് അയാം, യൂ ആര്‍ റൈറ്റ്. ഞാന്‍ മറുപടി പറഞ്ഞു.

ചിരിച്ചു കൊണ്ടയാള്‍ എനിക്കു കൈ തന്നു. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവനും വ്യാപിച്ചു കിടക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ മാനേജ്‌മെന്‍റിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു പരസ്യക്കമ്പനിയിലേക്കായിരുന്നു ഞാന്‍ നിയമിതനായിരുന്നത്. ഞാനും ദിലീപും കൂടി കമ്പനിയിലെത്തി. ഏതോ ഒരു മാഡമാണ് അതിന്‍റെ ജനറല്‍ മാനേജര്‍ എന്നു മാത്രം എനിക്കറിയാം. ദിലീപ് എന്നെ ഓഫീസിലെത്തിച്ച് അപ്പോള്‍ തന്നെ തിരിച്ചു പോയി. മുകളില്‍ നിന്നും അവിടത്തെ അക്കൌണ്ട്സ് മാനേജരായ ഒരു ഹിന്ദിക്കാരന്‍ ഇറങ്ങി വന്നു. പരിചയപ്പെട്ടു, എന്‍റെ പാസ്സ്‌പോര്‍ട്ടും വാങ്ങി തിരിച്ചു കയറിപ്പോയി. പിന്നെ കൂട്ടായി കിട്ടിയത് എന്‍റെ കൂടെ തന്നെ ജോലി ചെയ്യേണ്ടുന്ന മറ്റൊരു മലയാളിയെ ആണ്. ചെന്ന പാടേ തന്നെ കമ്പനിയേക്കുറിച്ച് അയാള്‍ വാചാലനായി.

ഇതൊരു സിന്ധിയുടെ കമ്പനിയാണ്, അയാള്‍ക്ക് മലയാളികളെ കണ്ടു കൂട, ക്രിയേറ്റീവ് സെക്ഷനില്‍ നിവൃത്തിയില്ലാത്തതു കൊണ്ടു മാത്രമാണ് അയാള്‍ മലയാളികളെ നിയമിച്ചിരിക്കുന്നത്, എന്തു ജോലി ചെയ്താലും, എത്ര ആത്മാര്‍ത്ഥത കാണിച്ചാലും ഇവിടെ യാതൊരു വിലയുമില്ല, പണ്ട് ഇതേ കമ്പനിയില്‍ ജോലിക്കു വന്നതാണിയാള്‍, മുതലാളിയുടെ മകളെ പ്രേമിച്ചു കല്യാണം കഴിച്ച വകയിലാണ് ഇയാള്‍ മുതലാളിയായത്, എല്ലാവരും അയാളെ ‘ഭായി’ എന്നാണ് വിളിക്കുന്നത് എന്നു തുടങ്ങി ആ കമ്പനിയേക്കുറിച്ചൊരു പ്രബന്ധം തന്നെ അയാള്‍ എന്‍റെ മുന്‍പില്‍ അവതരിപ്പിച്ചു. ഞാന്‍ വളരെക്കുറച്ചു മാത്രം വിശ്വസിച്ചു, വളരെയധികം അവിശ്വസിച്ചു. സാധാരണ പുതുതായി വരുന്നവരെ നിരാശപ്പെടുത്തുക എന്നത് മലയാളിയുടെ സ്വഭാവമാണല്ലോ. ഇതും അങ്ങനെയെന്നേ കരുതിയുള്ളൂ.

കുറച്ചു സമയത്തിനകം ‘മാഡം’ വന്നു. കൂടെയുണ്ടായിരുന്നവന്‍ എന്നെ അവരുടെ മുന്‍പിലെത്തിച്ച് ഭക്ത്യാദരപൂര്‍വ്വം പിന്‍‍വാങ്ങി. “ഇവിടെ കുറേ പൊളിറ്റിക്സൊക്കെയുണ്ട്‌ അതുകൊണ്ട് അവരുടെ കൂട്ടത്തിലൊന്നും ചെന്നു പെടാതെ സൂക്ഷിച്ചോളാന്‍“ അവരെന്നെ ഉപദേശിച്ചു. അങ്ങനെയാകാമെന്നു ഞാനും സമ്മതിച്ചു.

ആദ്യ അസൈന്‍‍മെന്‍റ് ഒരു സ്റ്റേജ്‌ ഷോയ്ക്കു വേണ്ടിയുള്ളതായിരുന്നു. അത് മാഡത്തിനു നന്നേ ബോധിച്ചു. അപ്പോള്‍ തന്നെ മുതലാളിക്ക് ഫോണ്‍കോള്‍ പോയി. ഞങ്ങളുടെ ഓഫീസില്‍ നിന്നും ഏകദേശം ഒന്നര-രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള അയാളുടെ ഹൈപ്പര്‍മാര്‍ക്കറ്റിനു മുകളിലുള്ള ഹെഡ്‌ ഓഫീസില്‍ നിന്നും കറുത്ത നിറമുള്ള ബി എം ഡബ്ലിയുവില്‍ അയാള്‍ പറന്നെത്തി.

അയാള്‍ക്കും സംഭവം ഇഷ്ടമായി. അയാളുടേതായിട്ട് അതില്‍ കുറേ വെട്ടലുകളും തിരുത്തലുകളുമെല്ലാം നടത്തി അയാള്‍ തിരിച്ചു പോയി.

രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഗതികളുടെ കിടപ്പ് എനിക്കു മനസ്സിലായിത്തുടങ്ങി...

Monday, September 28, 2009

താഹിറാന്റെ പുതിയാപ്ല !!

താഹിറാക്കും താഹിറാന്റെ പുതിയാപ്ലക്കും അഭിനന്ദനങ്ങള്‍

ആല്‍ത്തറ ബ്ലോഗ് അംഗമായാ സുഹൈര്‍ എന്ന കുറ്റ്യാടിക്കാരന്‍
ഇന്ന് വിവാഹിതനാവുന്നു ...
സന്തോഷത്തോടെ ആയുരാരോഗ്യത്തോടെ സമ്പല്‍സമൃദ്ധിയില്‍
സന്താനസൗഭാഗ്യത്തോടേ ദീര്‍ഘകാലം ഒന്നായി ജീവിക്കുവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
താഹിറാക്കും കുറ്റ്യാടിക്കാരനും
ആല്‍ത്തറക്കൂട്ടത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും
അറിയിക്കുന്നു...

Sunday, September 20, 2009

നൂറ്റാണ്ടുകള്‍ ഉറങ്ങിയ ഗുഹാ വാസികള്‍

ഈ വര്‍ഷത്തെ വിശുദ്ധ റമളാന്റെ അവസാനത്തില്‍ ആല്‍ത്തറയില്‍ ഒരു പോസ്റ്റിടുക എന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഖുര്‍‌ആന്‍ കഥകളില്‍ ഒരെണ്ണം പറയാനാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നത്. മരിച്ചവരെ ജീവിപ്പിയ്ക്കുന്നതിനും ജീവിച്ചിരിയ്ക്കുന്നവരില്‍ തെളിവു നിരത്തുന്നതിനും ദൈവത്തിനു പ്രയാസമൊന്നുമില്ലെന്നു സ്ഥാപിയ്ക്കുന്ന ഒരു ചെറിയ കഥ.

രണ്ടാം നൂറ്റാണ്ടില്‍ നടന്ന കഥയാണ്.
ഏഷ്യാ മൈനറിന്റെ പടിഞ്ഞാറേ തീരത്തുള്ള അഫ്സോസ് നഗരം.
അക്കാലത്ത് വളരെ പ്രശസ്തിയുള്ള നഗരമായിരുന്നു.
മുന്നില്‍ കാണുന്നതെന്തിനെയും ആരാധിയ്ക്കുന്ന ഒരു ജനവിഭാഗമായിരുന്നു അവിടെ വസിച്ചിരുന്നത്.
നഗരത്തിന്റെ ഭരണാധികാരിയാകട്ടെ മഹാ ധിക്കാരിയും ദൈവ വിരോധിയുമായിരുന്നു.
ഒരുദിവസം രാജാവിനും തോന്നി ഒരുത്തരവിറക്കാന്‍!
“മേലില്‍ ഞാന്‍ പറയുന്ന ദേവന്മാരെ ആരാധിച്ചോളണം!
അല്ലാത്തവരെ കശാപ്പുചെയ്യും, അതുമല്ലെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും!”
ഇന്നുള്ള മന്ത്രിമാരാരെങ്കിലുമാണ് ഇതു പറഞ്ഞതെങ്കില്‍
പ്രജകള്‍ അയാളുടെ അടപ്പുവാഷര്‍ ഊരിയേനെ.
പക്ഷേ അഫ്സോസിലെ ജനസമൂഹം പക്കാ ഭീരുക്കളായിരുന്നു.
എല്ലാരുമെന്നു പറയാന്‍ വരട്ടെ
അവിടെ താമസിച്ചിരുന്നവരില്‍ ഏഴുപേര്‍ ഇതനുസരിയ്ക്കാന്‍ തയ്യാറായില്ല.
തങ്ങളെ സൃഷ്ടിച്ചിരിയ്ക്കുന്നതും പരിപാലിയ്ക്കുന്നതും ഏകദൈവമാണെന്നും
അവനാണ് യഥാര്‍ത്ഥ ഉടമയെന്നും അവനെമാത്രമേ ആരാധിയ്ക്കൂ എന്നും അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
അവനെ മാത്രമേ ആരാധിയ്ക്കാവൂ എന്ന് അവര്‍ ആഹ്വാനം ചെയ്തു.
പക്ഷേ അവരുടെ വാക്കുകള്‍ ആരും മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറഞ്ഞില്ലെങ്കില്‍ വിവരമറിയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാജാവ് അവരെ സല്‍ക്കരിയ്ക്കാനും തീരുമാനിച്ചു.
രാജാവിന്റെ സല്‍ക്കാരത്തെ ഭയന്ന് അവര്‍ അടിയന്തിരമായി യോഗം ചേര്‍ന്നു.
ഏഴുപേരില്‍ രണ്ടുപേര്‍ മന്ത്രിമാരും ഒരാള്‍ ആട്ടിടയനും മറ്റു നാലുപേര്‍ നാട്ടുകാരും.
രാത്രിയില്‍ അവര്‍ നഗരത്തിനുപുറത്തുള്ള മലഞ്ചെരുവില്‍ ഒത്തുകൂടി ആട്ടിടയന്റെ നേതൃത്വത്തില്‍ അവിടെയുള്ള ഒരു ഗുഹയില്‍ ഒളിച്ചിരുന്നു. അവരുടെ കാവലിന് ഒരു നായയുമുണ്ടായിരുന്നു. വിശപ്പും ക്ഷീണവും കാരണം അവര്‍ ഉറങ്ങിപ്പോയി, കൂടെ നായയും.
അതൊരു വല്ലാത്ത ഉറക്കമായിരുന്നു.എത്രകാലം അവര്‍ ഉറങ്ങിയെന്ന് ദൈവത്തിനു മാത്രമേ അറിയൂ..
അന്നപാനീയങ്ങള്‍ കഴിയ്ക്കാതെ കാലങ്ങളോളം നീണ്ട ഉറക്കം !
ഒരു ദീര്‍ഘനിദ്രയില്‍ അവര്‍ മരണപ്പെട്ടതുപോലെ കിടന്നു.
അന്നും പതിവുപോലെ നേരം വെളുത്തു,
നായ പതിയെ കണ്ണുതുറന്നു നോക്കി, അന്തം വിട്ടു ഒന്നൊന്നര കുരകുരച്ചു
ഗുഹാവാസികള്‍ കണ്ണൂം തിരുമ്മി എഴുന്നേറ്റു
അവര്‍ അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നുപോയി
അവരിടെ താടി മീശകള്‍ വല്ലാതെ വളര്‍ന്നിരിയ്ക്കുന്നു
തലമുടി നിലത്തു പട്ടുമെത്തപോലെ പരന്നുകിടക്കുന്നു
എത്രനേരം ഉറങ്ങിയെന്ന കണ്‍ഫ്യൂഷനായിരുന്നു അവരുടെ മുഖത്ത്.
“നമ്മള്‍ എത്രനേരം ഉറങ്ങിക്കാണും...”
“ഒരുദിവസം...” ‘രണ്ടു ദിവസം...”
അതില്‍ക്കൂടുതല്‍ അവര്‍ക്കു തോന്നിയതേയില്ല !
തല്‍ക്കാലം അവര്‍ തര്‍ക്കം നിര്‍ത്തി...
വിശപ്പുകാരണം കുടലു കരിഞ്ഞു നാറുന്നു.
ഒരാള്‍ ഭക്ഷണം വാങ്ങിവരാന്‍ നഗരത്തിലേയ്ക്കു പുറപ്പെട്ടു.ആരും തിരിച്ചറിയാതിരിയ്ക്കാന്‍ ശ്രദ്ധിച്ചാണ് അയാള്‍ മുന്നോട്ടു നീങ്ങിയത്.
പടയാളികളാരെങ്കിലും കണ്ടാല്‍ തലപോയതുതന്നെ
ആരെങ്കിലും കണ്ടാല്‍ കല്ലേറില്‍ തല പൊളിയുമെന്നുറപ്പ്
ഭക്ഷണം വാങ്ങാന്‍ പോയയാള്‍ അഫ്സോസ് നഗരംകണ്ട് വടി വിഴുങ്ങിയ മാതിരി നിന്നു!
പഴയ നഗരമേയല്ല, ആകെ മാറിയിരിയ്ക്കുന്നു.
നഗരവാസികളുടെ വസ്ത്രധാരണ രീതിയിലും ആകെ മാറ്റമുണ്ട്
ആരോ കാണിച്ചുകൊടുത്ത ഹോട്ടലില്‍ നിന്ന് അയാള്‍ ഭക്ഷണം വാങ്ങി സഞ്ചിയിലിട്ടു
പോക്കറ്റില്‍നിന്ന് അയാള്‍ ഒരു നാണയമെടുത്തു കാഷ്യറെ ഏല്‍പ്പിച്ചു
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൌരാണിക നാണയം കണ്ട കാഷ്യര്‍ വാപൊളിച്ചുനിന്നു
അത്രയും പഴക്കം ചെന്ന നാണയം ആരുടെയും കയ്യിലില്ലായിരുന്നു
കാല ബോധം നഷ്ടപ്പെട്ട ഇടയന്‍ വലിയവായില്‍ നിലവിളിതുടങ്ങി
“ഇതു പുരാതന നാണയമൊന്നുമല്ല എന്റെ നാണയമാ‍ണ്
ഞാന്‍ ഭക്ഷണം വാങ്ങാന്‍ കൊണ്ടു വന്നതാണ്..”
ഇടയന്റെ വാക്കുകള്‍ ആരു കണക്കിലെടുത്തില്ലെന്നു മാത്രമല്ല അയാളെ കോളറിനു തൂക്കിയെടുത്ത് രാജാവിന്റെ മുമ്പില്‍ ഹജരാക്കുകയും ചെയ്തു
ആ സമയം രാജാവു മറ്റൊരു തര്‍ക്കം തീര്‍ക്കുന്ന തിരക്കിലായിരുന്നു
മരിച്ചവരെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ദൈവം ജീവിപ്പിയ്ക്കുന്നതെങ്ങിനെ എന്നതായിരുന്നു ആ തര്‍ക്കം.
അപ്പോഴാണ് ദൈവത്തിന്റെ അതുത പ്രതിഭാസമായ ഇടയന്‍ ഹാജരാക്കപ്പെട്ടത്.
ഇടയന്റെ കഥകേട്ട രാജാവും പരിവാരങ്ങളും മറ്റ് ആറുപേരെയും കാണാന്‍ ഗുഹയിലേയ്ക്കു പുറപ്പെട്ടു
ഗുഹാവാസികളുടെ കഥ കേട്ട രാജാവ് അത്ഭുതപ്പെട്ടു. മുന്നൂറ്റിഒമ്പതു കൊല്ലം തങ്ങള്‍ ഗുഹയിലുറങ്ങിയെന്നറിഞ്ഞപ്പോള്‍ ഗുഹാ വാസികള്‍ക്ക് അമ്പരപ്പായി
പഴയ അഫ്സോസ് രാജാവിന്റെ അധ:പതനത്തെ അവരറിഞ്ഞു
ജനങ്ങള്‍ ഏകദൈവ വിശ്വാസികളായി മാറിയതില്‍ അവര്‍ സന്തോഷിച്ചു
നുറ്റാണ്ടുകള്‍ ഉറങ്ങിക്കിടന്നിട്ടും ഒന്നും സംഭവിയ്ക്കാതെ അവരെ സംരക്ഷിച്ച ദൈവത്തിന്റെ ശക്തി നേരില്‍ കണ്ടപ്പോള്‍ രാജസദസ്സിലുണ്ടായ തര്‍ക്കവും പരിഹരിയ്ക്കപ്പെട്ടു.

വിശ്വാസികള്‍ വിശ്വസിയ്ക്കുന്നവരാണെങ്കില്‍ അവര്‍ വിജയിയ്ക്കപ്പെടും അവരില്‍നിന്നു ചിലരെ തെരഞ്ഞെടുത്ത് മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയാക്കും എന്നിട്ടും രക്ഷാമാര്‍ഗ്ഗമണഞ്ഞില്ലങ്കില്‍ ഉന്മൂല നാശം ചെയ്യും. ഗുഹാവാസികള്‍ ഇതിനു ദൃഷ്ടാന്തമാണ്. ദൈവത്തില്‍ വിശ്വസിയ്ക്കുക, നല്ലതുമാത്രം പ്രവര്‍ത്തിയ്ക്കുക, മറ്റുള്ളവര്‍ക്കു നന്മകള്‍ മാത്രം ചെയ്യുക, അവനെ അനുസരിച്ചു ജീവിയ്ക്കുക- അല്ലാത്തവന് നോമ്പെന്നല്ല എന്തു ചെയ്തിട്ടും കാര്യമില്ല. എല്ലാവര്‍ക്കും ചെറിയപെരുന്നാള്‍ ആശംസകള്‍...

Friday, September 18, 2009

മരുഭൂമിയിലെ പെരുന്നാളിനെക്കുറിച്ച്....


പ്രവാസികളുടെ പെരുന്നാളിനെക്കുറിച്ച് ചിലത് കുറിക്കുമ്പോള്‍ ഈ മരുഭൂമിയെപ്പറ്റിയും ചിലതു പറയാതെ വയ്യ. സ്വയം ഭരണപ്രദേശങ്ങളായി ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളൊന്നുചേര്‍ന്ന് ഐക്യത്തിന്റെ വിജയഗാഥ രചിച്ച് വികസനത്തിന്റെ കൊടുമുടിയിലേക്ക് രഥമുരുട്ടിയ ചരിത്രമാണ് യു എ ഇയുടേത്. അക്ഷരാര്‍ഥത്തില്‍ ഒരു തലമുറയുടെ ഉള്ളം ത്രസിപ്പിക്കുന്ന വീരചരിതം, ഇതിഹാസത്തിന്റെ അതിമനോഹര കാഴ്ചകള്‍!

എണ്ണയുടെ രൂപത്തില്‍ അവതരിച്ച അനുഗ്രഹവും ഭരണാധിപന്മാരുടെ ദീര്‍ഘദൃഷ്‌ടിയും ജനങ്ങളുടെ കൂട്ടായ്മയുമൊക്കെയാണ് യു എ ഇ നേടിയ ഉന്നതിയുടെ രസതന്ത്രം.

ഏഴാം നൂറ്റാണ്ടിലാണ് ഈ രാജ്യം ഇസ്‌ലാമിനു കീഴില്‍ വരുന്നത്. അറബിക്കടലിന്റെ അങ്ങേക്കരയില്‍ സ്വര്‍ണം വിളയുന്ന നാടുണ്ടെന്ന് കേട്ടറിഞ്ഞ് കാണാപ്പൊന്നിനായി കടല്‍ താണ്ടിയെത്തിയ തൊഴിലാളികള്‍ക്കാണ് യു എ ഇയുടെ ജനസംഖ്യാകണക്കില്‍ ഭൂരിപക്ഷം. നാല്പത്തൊന്ന് ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 20 ശതമാനം മാത്രമാണ് യു എ ഇ പൌരന്മാര്‍. ബാക്കി 80 ശതമാനവും, നെയ്‌തുകൂട്ടിയ സ്വപ്‌നങ്ങളുമായി നാട്ടിലെ പ്രിയപ്പെട്ടവരെ പോറ്റാന്‍ മാന്യമായ വരുമാനത്തിനായി കടല്‍ കടന്ന് വന്നവര്‍ തന്നെ. രാജ്യത്തെ തൊഴില്‍ സമൂഹത്തിന്റെ 95 ശതമാനവും അന്യരാജ്യങ്ങളില്‍ നിന്നെത്തിപ്പെട്ടവരാണ്. യു എ ഇയുടെ മണ്ണില്‍ നട്ട പ്രതീക്ഷകളില്‍ പച്ചപിടിച്ച് വളര്‍ന്നവരും മൈലുകള്‍ താണ്ടിയെത്തി ഇതേ മണ്ണില്‍ പുലിവാല് പിടിച്ചവരും ഏറെ.

ഇവിടെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തകള്‍ക്കൊപ്പം തന്നെ അകപ്പെട്ടുപോയ ദുരിതത്തിന്റെയും ചതിയുടെയും പീഢനങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. മൃഗങ്ങളെപ്പോലെ പണിയെടുപ്പിച്ച് ചണ്ടിപോലെ വലിച്ചെറിയപ്പെട്ട നിരവധി മലയാളി ജീവിതങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എങ്കിലും നാട്ടിലേക്കയക്കുന്ന ദിര്‍ഹമിന്റെ തുട്ടുകള്‍ വിനിമയ നിരക്കിലെ അക്കങ്ങള്‍ക്കനുസരിച്ച് പെരുകുന്ന മായാജാലത്തില്‍ പ്രവാസി തൊഴില്‍ സമൂഹം വേദനകള്‍ മറക്കാന്‍ ശ്രമിക്കുകയാണ്.
ശവ്വാലിന്റെ പൊന്നമ്പിളിക്കീറ് തെളിയുന്നതോടെ പ്രവാസികളും ആഹ്ലാദത്തിമിര്‍പ്പിലാകും. പിറന്ന വീടും വളര്‍ന്ന നാടും കയ്യൊഴിഞ്ഞ് ബഹറിനിക്കരെ* ഗൃഹാതുരത്വത്തിന്റെ വിങ്ങലും വീര്‍പ്പുമുട്ടലുകളുമായി കഴിയുന്ന പ്രവാസികള്‍ക്ക് പെരുന്നാള്‍ മനസ്സിന് കുളിരു പകരുന്ന ഒരനുഭവം തന്നെയാണ്.

അറബി നാടുകളിലെ പെരുന്നാളാഘോഷത്തിന് ചരിത്രത്തിന്റെ അരികു ചേരുന്നതിന്റെ പ്രാധാന്യമുണ്ട്. എണ്ണ സമ്പന്നതയുടെ ഉന്നതിയില്‍ പഴമയിലെ ഇല്ലായ്മകള്‍ മറന്നുപോയ അറബ് നാടുകളിലായിരിക്കും പെരുന്നാള്‍ ഏറ്റവും ആഹ്ലാദത്തോടെ ആഘോഷിക്കുന്നത്. പെരുന്നാളിന്റെ പ്രഭാതത്തില്‍ ഇരു ഹറമുകളിലേക്കുമുള്ള** ജനപ്രവാഹം കണ്ടാല്‍, ലോകമൊന്നാകെ ഒഴുകിയെത്തുന്നതായി തോന്നും. കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും പണക്കാരനും പാവപ്പെട്ടവനും ഒരേ മന്ത്രധ്വനികളും ഒരേ ലക്ഷ്യവുമായി നീങ്ങുന്ന കാഴ്‌ച പെരുന്നാള്‍ നല്‍കുന്ന ധന്യതയുടെ ചിത്രങ്ങളിലൊന്നാണ്. ലോകം മുഴുവന്‍ ഈദ് ആഘോഷിക്കുമ്പോള്‍ ഗള്‍ഫ് നാടുകള്‍ ലോകത്തിന്റെ ഒരു പരിഛേദമാണോ എന്ന് വിസ്‌മയിച്ചു പോകും. പ്രവാസത്തിന്റെ വഴികളില്‍ പലതരക്കാരും ഇവിടെ ആഘോഷ ദിനത്തില്‍ ഒന്ന് ചേരുന്നു.
പ്രവാസികള്‍ക്ക് ഓരോ ഈദും ഓര്‍മപ്പെരുന്നാളുകളാണ്. അടുത്തിരിക്കുമ്പോഴല്ല അകലുമ്പോഴാണ് ഓരോന്നും തീവ്രമായ ഓര്‍മകളായി തിരിച്ചെത്തുന്നത്. ബാല്യത്തിലും കൌമാരത്തിലും കടന്നു പോയ നാട്ടിലെ പെരുന്നാള്‍ ദിനങ്ങള്‍ വീണ്ടും ഓര്‍മയില്‍ സജീവമാകുന്ന വേളയാണിത്. നിലയ്‌ക്കാത്ത യാന്ത്രികതയില്‍ ഓടിത്തളരുമ്പോള്‍ ഇത്തിരിയാശ്വാസമാകുന്നതും ഇത്തരം ഓര്‍മകളാണ്.

രണ്ടു പതിറ്റാണ്ടിനപ്പുറത്തെ മലയാളിയുടെ ജീവിതത്തിലെ പങ്കപ്പാടുകള്‍ക്കിടയിലെ മധുരവും വേദനയും നിറഞ്ഞ പെരുന്നാള്‍ ഓര്‍മകളാവും പലര്‍ക്കുമുള്ളത്. പെരുന്നാള്‍ പിറകാണാന്‍ കാത്തിരുന്നതും പിറകാണാതെ നിരാശരായി വീട്ടിലെത്തുമ്പോള്‍ പള്ളിയില്‍ നിന്ന് തക് ബീര്‍ധ്വനി ഒഴുകിവരുന്നതും മയിലാഞ്ചി മണക്കുന്ന ഇടവഴികളിലൂടെ ഇറച്ചി വാങ്ങാന്‍ പോയതുമൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതിരാവിലെ മുങ്ങിക്കുളിച്ചെത്തുമ്പോള്‍ പെട്ടിയില്‍ നിന്ന് ഉമ്മയെടുത്തുതരുന്ന കോടിയുടുപ്പിന്റെ മണം ഏത് ഫോറിനത്തറിനാണ് തരാന്‍ കഴിയുക? ഇല്ല, ഒരിക്കലുമില്ല. പ്രിയപ്പെട്ട ഞങ്ങളുടെ സ്വന്തം ഉമ്മമാരേ... നിങ്ങളുടെ നിര്‍വചിക്കാനാവാത്ത മഹത്വം ഈ പെരുന്നാളില്‍ കൂടുതലായി ഞങ്ങളറിയുന്നു. ഞങ്ങളുടെ കണ്ണുകള്‍ ഈറനണിയുന്നു.

ഈദ്ഗാഹില്‍ *** നിന്ന് മടങ്ങിയെത്തി നാട്ടിലേക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുന്നതോടെ സാധാരണ പ്രവാസിയുടെ പെരുന്നാള്‍ വര്‍ത്തമാനങ്ങള്‍ അവസാനിക്കുകയായി. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങളുമുണ്ട്. നാടിനേക്കാള്‍ ഊര്‍ജസ്വലതയോടെ പെരുന്നാളാഘോഷം ഒരുക്കുന്ന ചില മത സാംസ്കാരിക സംഘടനകളുടെ സാന്നിധ്യം വേറിട്ട കാഴ്‌ച തന്നെയാണ്. അത്തരം കേന്ദ്രങ്ങളിലും വിപുലമായ രീതിയില്‍ ഈദ്മീറ്റുകളും മറ്റും സംഘടിപ്പിക്കുന്നതിനാല്‍ അവിടങ്ങളിലും മിക്കവരും എത്തിച്ചേരുന്നു. നന്മകളുടെ സൌഹൃദവേദികളാകുന്ന ഇത്തരം ഹൃദ്യമാകുന്ന കാഴ്ചകള്‍ പ്രവാസ പെരുന്നാളിന്റെ മായാത്ത അനുഭവങ്ങളാകുന്നു.

അല്ലാഹു അക് ബര്‍............. വലില്ലാഹില്‍ ഹംദ്.
ഈദ് സ‌ഈദ്...



--
* ബഹര്‍ = കടല്‍
** ഹറമുകള്‍ = മക്കയിലെ ക‌അ്ബയും, മദീനയിലെ പ്രവാചകന്റെ പള്ളിയും
*** ഈദ്ഗാഹ് = പെരുന്നാള്‍ പ്രാര്‍ഥന നടത്തുന്ന തുറസ്സായ സ്ഥലം

ശശി തരൂര്‍ ഒരു സൂചിക മാത്രമാണ്....

ചിലവിടാന്‍ പോക്കറ്റില്‍ പണമുള്ളത് ഒരിയ്ക്കലും മറച്ച് വെച്ചില്ലെന്ന ശശി തരൂരിന്റെ സത്യന്ധത അംഗീകരിക്കേണ്ടതാണ്. ഇക്കോണമി ക്ലാസ്സിനെ കാറ്റ്ല്‍ ക്ലാസ്സായി കണക്കാക്കുന്നത് ഈ പോക്കറ്റിലെ കനത്തെക്കുറിച്ചുള്ള ഊറ്റം കൊണ്ടാണെങ്കിലും അതില്‍ തെറ്റ് പറയേണ്ടതുണ്ടെന്ന് തോന്നിയിട്ടല്ല. പാവങ്ങളുടെ ഭാഷ സംസാരിയ്ക്കുകയും തരം കിട്ടുമ്പോഴൊക്കെ, അവരുടെ പിച്ച ചട്ടിയില്‍ കയ്യിട്ട് വാരുകയും ചെയ്യുന്നവരാണ് ഇവിടത്തെ രാഷ്ട്രീയക്കാരില്‍ ഏറിയകൂറും. അവരെ ഹോളി കൗസ് എന്ന് ആക്ഷേപം അടങ്ങുന്ന പരാമര്‍ശത്താലല്ലാതെ വിളിച്ചതില്‍ തരൂരിനെ തെറ്റ് പറയേണ്ടതുണ്ടെന്നും അഭിപ്രായമില്ല. നിയമത്തിന്റെ സാധുതയ്ക്കും പരിരക്ഷ നല്‍കാനാകുമെങ്കിലും കേവല ധാര്‍മികതയുടെ പേരിലെങ്കിലും ഒരു പാര്‍ലമെന്റേറിയന്‍, ഒരു മന്ത്രി പാലിക്കേണ്ട ചിലതുണ്ട്. എന്നാല്‍ അധികാരത്തിന്റെ ഇടനാഴിയിലേക്കുള്ള ചവിട്ടുപടി എന്നതില്‍ക്കവിഞ്ഞ ഒരു പ്രാധാന്യം ശശി തരൂര്‍ എന്ന ഡിപ്ലോമാറ്റ് ശശി തരൂര്‍ എന്ന പാര്‍ലമെന്റംഗത്തിന് നല്‍കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ജനകീയതയ്ക്കായി നടത്തുന്ന മുഖംമറയ്ക്കലുകള്‍ക്ക് തയ്യാറാകാതെ പോളിറ്റിക്കല്‍ എക്‌സിക്യുട്ടിവായി. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങൊക്കെ ഏതാണ്ട് വിരസ കോമഡികളായി മാത്രമേ നമുക്ക് കാണാനാവുന്നുള്ളുവെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

എത്ര ശ്രമിച്ചാലും നടക്കാത്ത ഒന്നുണ്ട്. എത്രസൂക്ഷിച്ചാലും വാക്കുകളുടെ മേലുള്ള കടിഞ്ഞാണ്‍ ചിലപ്പോള്‍ നഷ്ടമാകുക തന്നെ ചെയ്യും. വാക്കുകളുടെ മേല്‍ വല്ലാതെ കരുതല്‍ സൂക്ഷിയ്ക്കുന്നവരാണ് ഡിപ്ലോമാറ്റുകള്‍. ഇവിടെ തരൂരാവട്ടെ ഇത്തരത്തില്‍ ഇന്ത്യയിലിന്നുള്ളവരില്‍ ഏറെ ഉയരത്തില്‍ വ്യാപരിക്കുന്ന ഒരാളും. നമ്മുടെ മിക്കവാറും എല്ലാ പ്രശ്‌നങ്ങളും ഭാഷയുടേത്, ഭാഷയിലേത്, ഭാഷയെക്കുറിച്ചുള്ളത് മാത്രമായി തീര്‍ത്തിരിയ്ക്കുന്നു. എല്ലാ കലാപങ്ങളും സമരങ്ങളും ഭാഷകൊണ്ട് നടത്തുന്നവ മാത്രമായി, ഭാഷയിലെ സമരങ്ങളും ഭാഷയിലെ വിജയങ്ങളും മാത്രമായി ഏതാണ്ട് പൂര്‍ണ്ണമായി തീര്‍ത്തിരിയ്ക്കുന്നു. ഇത്രമാത്രമേ ഈ വിഷയത്തിലും നടക്കുന്നുള്ളൂ. ഭാഷയ്ക്കപ്പുറത്തെ മാനങ്ങളിലേക്ക് ഇത് ചെന്നെത്തുകയുമില്ല.

ഇത് സംബന്ധിച്ച സംഭാഷണമദ്ധ്യേ ഒരു സുഹൃത്ത് മാധ്യമപ്രവര്‍ത്തകന്റെ നീതിബോധത്തെയും സാമാന്യബോധത്തെയും ചോദ്യം ചെയ്തതോര്‍ക്കുന്നു. ഭാഷയുടെ ചാരുതയും പ്രയോഗഭംഗികളും ആസ്വദിയ്ക്കാന്‍ അറിയാത്ത മടയന്മാരെക്കുറിച്ചോര്‍ത്തും വാര്‍ത്തകളെ സൃഷ്ടിയ്ക്കുന്നവരെയും കൊണ്ടാടുന്നവരെയും അവരുടെ മാനസിക തകരാറുകളെക്കുറിച്ചും അദ്ദേഹം വികാരാധീനനാകുകയും ചെയ്തിരുന്നു. രാഷ്ട്രീയക്കാര്‍ ഭരിച്ച് നശിപ്പിച്ച ഭാരതഭൂമിയെ രക്ഷിയ്ക്കാന്‍ ശശി തരൂരിനെപ്പോലുള്ളവരെ അനുവദിയ്ക്കുകയില്ലേ എന്നിടം വരെ ഒരുവേള ചോദ്യങ്ങള്‍ എത്തുകയും ചെയ്തു.

എന്നിട്ടും പ്രയോഗത്തിന്റെ തരക്കേടുകളെക്കുറിച്ച് എല്ലാവരും പറഞ്ഞു. ഒടുവില്‍ സാക്ഷാല്‍ ശശി തരൂര്‍ മാപ്പും പറഞ്ഞു. പ്രശ്‌നം പ്രയോഗത്തിന്റെ അനൗചിത്യം മാത്രമാണോ? ലൈബീരിയയില്‍ ഇരുന്നുകൊണ്ട് വെള്ളിയാഴ്്ച പുലര്‍ച്ചെ ട്വിറ്ററില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ട വാക്കുകള്‍ക്കിടയില്‍ തന്നെപ്പോലെ ഒരു ബുദ്ധിമാനെ മനസ്സിലാക്കാന്‍ ആവാത്ത എല്ലാവര്‍ക്കുമെതിരായ പരിഹാസമുണ്ട്. ഇല്ലേ? തന്റെ തമാശയ്ക്കും ഭാഷയ്ക്കുമൊപ്പമെത്താത്ത ശരാശരിക്കാരെക്കൊണ്ടു നിറഞ്ഞ രാജ്യത്ത് വന്നുപിറക്കേണ്ടി വന്നതിനെക്കുറിച്ചുള്ള വേദനയുണ്ട്. മലയാളമെന്ന ഭാഷയുടെ പരിമിതിയെക്കുറിച്ചുള്ള ഒളിയമ്പുണ്ട്. നേരത്തെയത്ര തെളിച്ചല്ല അതൊക്കെ പറഞ്ഞിരിയ്ക്കുന്നതെന്ന് മാത്രമെന്നാണ് ഈയുള്ളവന് തോന്നിയത്. ഇതും പരിമിതിയാകണം. ആയിരക്കണക്കിന് വാര്‍ത്തകള്‍ വായിച്ച് കടന്നുപോയാലും ഒരു ഹോട്ട് ഡോഗിനെ മാത്രം (അത് ചെയ്തവനെ ന്യായീകരിക്കുകയല്ല) ഉദാഹരിക്കുമ്പോള്‍ ഇതെഴുതുന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യനാണെന്നും അവനും രാഷ്ട്രബോധമുണ്ടെന്നതും ഓര്‍ക്കേണ്ടതില്ലേ? (2009 sept.)


വാല്‍: തരൂരിനെതിരെ നടപടി എന്നൊക്കെ പറഞ്ഞുകേള്‍ക്കുന്നു. എന്ത് നടപടി? അങ്ങനെയൊന്നിന് പാര്‍ട്ടി മുതിരുമെന്ന് പ്രധാനമന്ത്രിയുടെ ജോക് പ്രസ്താവം സൂചന തരുന്നില്ല. പാര്‍ട്ടി വക്താക്കളും ഗെലോട്ടും പറഞ്ഞത് അറിഞ്ഞതേയില്ലെന്നതാണ് ഇഫ്താര്‍ വിരുന്നിനിടെ മന്‍മോഹന്‍ നടത്തിയ പ്രസ്താവന തെളിയിക്കുന്നത്.