Monday, August 31, 2009

ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ...


Posted by Picasa



ഓണത്തോളം മലയാളിയെ നാടിനോടടൂപ്പിക്കുന്ന മറ്റൊരു ആഘോഷമില്ല..
ഇവിടെ ഈ ആല്‍‌‍‌ത്തറയില്‍ നാടിന്റെ മധുരസ്മരണ നെഞ്ചിലേറ്റുന്ന മലയാളി കൂട്ടം കൂടുകയാണ് ..
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ "
എന്നൊരു പക്തി തുടങ്ങുമ്പോള്‍ ഇത്ര വന്‍പിച്ച ഒരു വിജയം ആവുമെന്ന് കരുതിയില്ലന്നു മാത്രമല്ല നല്ല ഭയവും ഉണ്ടായിരുന്നു പക്ഷെ വളരെ നല്ല മനസ്സോടെ ബൂലോകം ആല്‍ത്തറയില്‍ ഓടിയെത്തി,കഥയും അനുഭവകുറിപ്പും നര്‍മ്മവും അടികുറിപ്പു മല്‍‌സരവും പാട്ടും ചോദ്യോത്തരവും ഒരുക്കാന്‍ അനേകം കൈകള്‍ പരിശ്രമിച്ചു ,

പേരെടുത്ത് പറയുന്നില്ല എങ്കിലും ഈ വാക്കുകള്‍ ലാലു അലക്സ് പറയും പോലെ വളരെ പേര്‍സണലായി ഒരോരുത്തരോടും ആയിട്ട് പറേവാന്ന് കരുതണേ... വാക്കുകൊണ്ട് പറഞ്ഞാല്‍ തീരില്ലാ നന്ദി എന്നാലും അറിയിക്കുന്നു സമയവും ആരോഗ്യവും ഒന്നും കണക്കിലെടുക്കാതെ ഈ സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി.. പങ്കെടുത്തീപരിപാടി വിജയിപ്പിച്ച ഒരോരുത്തരേയും ഈ അവസരത്തില്‍ സ്മരിക്കുന്നു ആല്‍‌ത്തറ ഭാരവാഹികളുടെ പേരിലും എന്റെ സ്വന്തം നിലയിലും നിങ്ങള്‍ക്ക് ഓരൊരുത്തര്‍ക്കും നന്ദി ...നന്ദി ....നന്ദി

വീണ്ടുമൊരോണക്കാലം..... വാമദേവന്‍
അടിക്കുറിപ്പു മത്സരം .... കിലുക്കാംപെട്ടി
മനപ്പൂര്‍വ്വം മറന്നവയില്‍ ചിലത് .... ചങ്കരന്‍
ചാന്ത് .....T.A.Sasi
ഉദ്ദേശ്ശ ശുദ്ധി മനസ്സിലാക്കുന്നു പക്ഷേ.... വിനയയുടെ ലോകം
കോര്‍പ്പറേറ്റ് ഓണമുണ്ട്... .... അരുണ്‍ ചുള്ളിക്കല്‍
പഴഞ്ചൊല്ലില്‍ പതിരുണ്ട്....... അരുണ്‍ കായംകുളം
ദേവുട്ടന്‍റെ പൊന്നോണം .... കറുത്തേടം
അങ്ങനെ ഒരു ഓണക്കാലത്തു ….. .... മനോവിഭ്രാന്തികള്‍
എന്റെ ബാല്യത്തിലെ ഓണം ഓണം. ജെ പി വെട്ടിയാട്ടില്‍
2009 ആല്‍ത്തറ ഓണം സ്പെഷ്യല്‍.... .... മാണിക്യം
മാനുഷരെല്ലാരും ഒന്നുപോലെ.... .... മുരളിക...
സീതയെ രാമന്‍ ഉപേക്ഷിച്ചതെന്തിന്‌...? ...., ജയന്‍ ദാമോദരന്‍
ഓണാഘോഷം ചോദ്യം1 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 2. .... ആല്‍ത്തറ
ഓണക്കോടി എടുക്കുമ്പോള്‍ ഈ സുന്ദരനും ഒരെണ്ണം.... കിലുക്കാംപെട്ടി
ഓണാഘോഷം ചോദ്യം3 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 4. .... ആല്‍ത്തറ
സന്ധ്യ ജയകൃഷ്ണന്‍ കാവാലം
ഞങ്ങളുടെ ഓണ സ്മരണകൾ ...കുമാരന്‍ kumaran
ഓണം സ്മൃതികള്‍ നീര്‍വിളാകന്‍
ഗീതേച്ചി നീര്‍വിളാകന്‍
പൊടിക്കാറ്റ് Faizal Kondotty
ഓണാഘോഷം ചോദ്യം 5 .... ആല്‍ത്തറ
ഓണാഘോഷം ചോദ്യം 6. .... ആല്‍ത്തറ
വെറുതേ ഒരു പാട്ട് .... ജയകൃഷ്ണന്‍ കാവാലം
അച്ചുവിന്‍റെ ഓണസമ്മാനം .... ജയകൃഷ്ണന്‍ കാവാലം
ഓണത്തിലേക്ക് ഒരു മടക്കം. .... നീര്‍വിളാകന്‍
തുമ്പയും മുക്കൂറ്റിയും പിന്നെ പൂവട്ടിയും ....ബിന്ദു കെ പി
"കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍...."ജയകൃഷ്ണന്‍ കാവാലം & ഇന്‍ഡ്യാഹെറിറ്റേജ്‌
ഓണാഘോഷം ചോദ്യം7 .... ആല്‍ത്തറ
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ.....ശങ്കരനാരായണ പണിക്കര്‍‌ -ഇന്‍ഡ്യാഹെറിറ്റേജ്‌
മിസ്സസ്സ് മഹാബലിയുടെ മിസ്സാവാന്‍ പാടില്ലാത്ത സ്വപ്നങ്ങള്‍... കിലുക്കാംപെട്ടി
“ ശിവരാമ മാമന്റെ “വള്ളികളസം” .... " എന്റെ കേരളം”
ഓണാഘോഷം ചോദ്യം 8. .... ആല്‍ത്തറ
ഓണപ്പാചകം: ശർക്കര‌ഉപ്പേരി ( ശർക്കരവരട്ടി) ബിന്ദു കെ പി
പൊന്നോണമായ്‌ കറുത്തേടം
ഓണാഘോഷം ചോദ്യം9 .... ആല്‍ത്തറ
നായര്‍ പുലിയുടെ ഇന്‍സ്റ്റന്റ് പുലിവാല്‍ രഘുനാഥന്‍
ഓണ രുചി .... നീര്‍വിളാകന്‍
♫ ഈ മരുഭൂവില്‍ പൂവുകളില്ല..♫....പൊറാടത്ത് & ഇന്‍ഡ്യാഹെറിറ്റേജ്‌
ഓണാഘോഷം ചോദ്യം 10. .... ആല്‍ത്തറ
പാല്‍പ്പായസം .... ഹരിയണ്ണന്‍@Hariyannan
ഓണത്തിന്റെ നഷ്ടം! ഓണത്തിന്റെ കഷ്ടം!!പോങ്ങുമ്മൂടന്‍
ഓണപാട്ടുകള്‍.... മുള്ളൂക്കാരന്‍‌
ചില ഭാഗവത ചിന്തകള്‍. ....നീര്‍വിളാകന്‍
ഇന്നത്തെ മാവേലി...... ആല്‍ത്തറ & മാണിക്യം
ബഹ്‌റൈന്‍ കേരളിയ സമാജം - ജാലകം അവാര്‍ഡ്‌ നട്ടപിരാന്തന്‍
തോരാതെ തോരാതെ പെയ്യൂ മഴമുകിലേ തോരാതെ പെയ്യൂ..' ഏറനാടന്‍
സ്നേഹം നിറഞ്ഞ പൊന്നോണാശംസകള്‍ ...നട്ടപിരാന്തന്‍
പൊന്നോണം വരവായി.. ഹരീഷ് തൊടുപുഴ
ഉറുമ്പുകൾക്കും ഉണ്ട് ഒരോണം .. പിള്ളേച്ചന്‍
മനുഷ്യരൊന്ന് ... മലയാ‍ളി
ആല്‍ത്തറക്കൂട്ടത്തിന്‍ പോന്നോണം .... കറുത്തേടം
ഓണത്തിനു മോഡേണ്‍ സദ്യ വേണ്ടേ വേണ്ട! .... വാഴക്കോടന്‍ ‍
വീണ്ടും ഒരോണം .....ലീല എം ചന്ദ്രന്‍..


"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ ..."സന്ദര്‍ശ്ശിച്ച എല്ലാവര്‍‌ക്കും
ഓരോ പോസ്റ്റിലും കമന്റിട്ട വായനക്കാര്‍‌ക്കും
'ഓണം With ഈണം'- ബ്ലോത്രം ,ഈ പത്രം, നമ്മുടെ ബൂലോകം, ബൂലോകം ഓണ്‍ലൈന്
എന്നിവര്‍ക്കും ഹൃദയംഗമായ നന്ദി
വിഭവസമൃദ്ധമായ ഈ വിരുന്നൊരുക്കാന്‍ അനുഗ്രഹിച്ച ഈശ്വരനെ
സ്മരിച്ചു കൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു ..

നമസ്ക്കരം

ഈ ബൂലോകം മനോഹരമാണ്..........


എല്ലാവര്‍ക്കും
സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും
സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെയുള്ള
ഒരോണം ആശംസിക്കുന്നു


Posted by Picasa

വീണ്ടും ഒരോണം

ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍ ‍സാന്ത്വനഗീതവുമായ്‌
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
‍പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
‍കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
‍കൂട്ടരോടൊത്തുതുള്ളാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
‍കോരനെ നീറ്റീടുമ്പോള്‍ ‍കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
പായ്ക്കറ്റിലാക്കീടുമ്പോള്‍
‍ഓണക്കളികള്‍ക്കായി
ജാക്സനെ കാത്തീടുമ്പോള്‍
‍ഓര്‍മ്മ്കള്‍ മങ്ങിയൊ-
രോണനിലാവിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്
‍എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
‍പൊന്‍ വയലേലകളില്‍
‍ചെന്നിണം വാര്‍ന്നീടുമ്പോള്‍
‍കോമരം തുള്ളും തെരുക്കൂത്ത്‌,
നര്‍ത്തനംകണ്ടു രസിച്ചീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...???

ഓണത്തിനു മോഡേണ്‍ സദ്യ വേണ്ടേ വേണ്ട!

ഈ കഥ നടക്കുന്നത് കേരളത്തിന്‍റെ വടക്കേ പടിഞ്ഞാറെ മൂലയില്‍ തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. ഗ്രാമമെന്ന് പറഞ്ഞാല്‍ ഒരു കുഗ്രാമം. ആ ഗ്രാമത്തിലെ പ്രമാണിയും സ്വന്തമായി ഒരു ബെന്‍സ്‌ കാളവണ്ടിയും രണ്ടു പുലിമാര്‍ക്ക് കാളകളുമുള്ള ഒരു കൊച്ചുമുതലാളിയാണ് ഗോവിന്ദചെട്ടിയാര്‍. ആ ചെട്ടിയാരുടെ പുഞ്ചകൃഷിയിലെ കന്നിക്കൊയ്ത്തില്‍ വിളവെടുത്തതാണ് ചെട്ടിയാരുടെ ഒരേയൊരു മകന്‍ അറുമുഖചെട്ടിയാര്‍. ഗോവിന്ദ ചെട്ടിയാരുടെ തിരു വടിയായ ഏക അപ്പന്‍ ചെട്ടിയാരുടെ ഒരു മെമ്മോറിയല്‍ ട്രോഫി കൂടിയുമായിരുന്നു അറുമുഖന്‍. അറ്മുഖന്റെ സൌന്ദര്യം കണക്കിലെടുത്ത് “കറുമുഖന്‍“ എന്നൊരു ഇരട്ടപ്പേരും നമ്മുടെ അറുമുഖന്‍ വഹിച്ച് പോന്നിരുന്നു. അറുമുഖനെ വിളവെടുപ്പ്‌ നടത്തിയതിന്റെ പത്താം നാള്‍ അറുമുഖന്റെ മമ്മി അതായത് തായ,ഗോവിന്ദ ചെട്ടിയാര്‍ ‘പോന്നുത്തായി‘ എന്നും അറുമുഖന്‍ ‘തങ്കത്തായീ‘ എന്നും വിളിക്കാന്‍ നേര്ച്ചയുണ്ടായിരുന്ന ആ തായ മുഖമടച്ച് കുളിമുറിയില്‍ വീണതിന്റെ വേദന മാറും മുന്പേ അറുമുഖനെയും ഗോവിന്ദചെട്ടിയാരെയും ഒരേ പോലെ കണ്ണീര്‍ കയത്തിലാക്കി ശ്വാസം വലി മതിയാക്കി ഈ ലോകത്തോട്‌ വിട പറഞ്ഞു. പിന്നീട് അറുമുഖനെ വളര്‍ത്തി വലുതാക്കിയതും ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് നല്‍കിയത്‌ പ്രൊഡ്യൂസറായ ഗോവിന്ദ ചെട്ടിയാര്‍ തന്നെയായിരുന്നു. ആ ഒരു ചോല്ലുവിളിയില്‍ അറുമുഖന്‍ വളര്‍ന്നത് പാതി അറുമുഖനായും പാതി അറുമുഖിയായും. ഒരു തരം രണ്ടും കെട്ട ജന്മം!മലയാള പദാവലിയിലെ പുതിയ പദപ്രകാരം “ചാന്ത്പൊട്ട്” എന്ന ആധുനിക നാമത്തിലും അറുമുഖന്‍ അറിയപ്പെടാന്‍ തുടങ്ങി.

കുട്ടിക്കാലം മുതല്‍ക്കെ അറുമുഖന്‍ തന്റെ ഇഷ്ട വിനോദമായ കല്ലുകളി, കൊച്ചന്‍ കുത്തിക്കളി, വട്ട് കളി തുടങ്ങി ആസ്ഥാന കളികളില്‍ ഏര്‍പ്പെടുമ്പോഴും സുപ്രസിദ്ധ ഭരതനാട്യ കുലപതി ശ്രീ കലാമണ്ഡലം ഗിരിജന്‍ മാഷിന്റെ ശിക്ഷണത്തില്‍ കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങീ കലകളും അഭ്യസിക്കാന്‍ തുടങ്ങി.അങ്ങിനെ നമ്മുടെ അറുമുഖനും വളര്‍ന്ന് പന്തലിച്ച് കല്യാണപ്പരുവത്തില്‍ എത്തി.

കല്യാണ കമ്പോളത്തില്‍ അറുമുഖന്റെ പ്ലസ് പോയന്റ് ആണായിട്ടും പെണ്ണായിട്ടും ഒരൊറ്റ സന്തതി, ഇഷ്ടം പോലെ സ്ഥാവര ജംഗമ വസ്തുക്കള്‍.പോരാത്തതിനു അമ്മായിയമ്മ നഹീ....
ഈ വിലയേറിയ കൊണകണങ്ങള്‍ അറുമുഖന്റെ അറുബോറന്‍ മോന്തയും, എഴാം തരത്തില്‍ നിന്നുള്ള ബിരുദവും നാട്യശ്രീ പട്ടവും എല്ലാം വിസ്മ്രുതിയിലാകുന്നത് ഒരു കൂണ്ഠിതത്തോടെ മാത്രമേ അറുമുഖന് കാണാന്‍ കഴിഞ്ഞുള്ളൂ. എങ്കിലും ഒരു പെണ്ണുകെട്ടിയാല്‍ പേന്‍ നോക്കിക്കൊടുക്കാന്‍ സ്വന്തമായി ഒരു പേന്‍ തല കിട്ടുമല്ലോ എന്ന സന്തോഷത്താല്‍ അറുമുഖന്‍ എല്ലാ വിഷമങ്ങളും മിണ്ങ്ങി മിണ്ങ്ങി കഴിച്ച് കൂട്ടി.അതു കൊണ്ട് നിറയെ പേനുള്ള തലയോട് കൂടിയ ഒരു ആണിനൊത്ത ശരീരമുള്ള ഒരു പെണ്ണ് വേണം എന്ന ഒരൊറ്റ നിര്‍ബന്ധം മാത്രമെ നമ്മുടെ അറുമുഖന് ഉണ്ടായിരുന്നുള്ളൂ.

പൊന്നുത്തായിയുടെ ആക്സിഡെന്റല്‍ ഡെത്തിനു ശേഷം,ഗോവിന്ദചെട്ടിയാര്‍ തികച്ചും ഒരു ക്രോണിക് ബാച്ചിലറെ പോലെ ജീവിച്ചത്, ആണായും പെണ്ണായും ജനിച്ച തന്റെ ഏക പുത്രനുവേണ്ടിയാണെന്ന് ഒരോ ചിന്ന വീട്ടിലേയും ലവളുമാര്‍ കല്യാണത്തിന് നിര്‍ബന്ധിച്ചാല്‍ ലവളുമാരുടെ തലയില്‍ തൊട്ട് സത്യം ചെയ്തു ചെയ്ത് ശിഷ്ട ജീവിതം തള്ളി നീക്കി മുന്നേറുകയായിരുന്നു. ഇനി തന്റെ അറുമുഖനെ ഒരു പെണ്ണു കെട്ടിച്ചാല്‍ തന്റെ ഈ അവതാര ലക്ഷ്യം പൂര്‍ത്തീകരണമാകും എന്ന് ചെട്ടിയാര്‍ ഉറച്ചു വിശ്വസിച്ചു. അതിന്റെ വെളിച്ചത്തില്‍ ബ്രോക്കര്‍ പളനി മുത്ത് തന്റെ കയ്യിലുള്ള ബ്ലാക്ക് & വൈറ്റ് പടങ്ങള്‍ മുതല്‍ കളര്‍ ഡിജിറ്റല്‍ പടങ്ങളില്‍ തരുണീ മണികള്‍ നാനാവിധ പോസുകളില്‍ നില്‍ക്കുന്ന ഒരു അമൂല്യ ശേഖരവുമായി ചെട്ടിയാരെ തേടിയെത്തി.
“ദോ യിത് പാര്‍, എന്നാ അളക് എന്നാ മൂക്ക്, എന്നാ കണ്ണ്! എല്ലാം നല്ലാറ്ക്ക് ആണാല്‍ ഒരു കാല്‍ കൊഞ്ചം നീളം കമ്മി. തേവയില്ലാത്ത കാല്‍ താനേ കമ്മി! അഡ്ജസ്റ്റ് പണ്ണലാമേ കണ്ണാ”

“ഡേയ് പളനീ അന്ത മാതിരി പൊണ്ണ് വേണ്ടാ, ഫുള്‍ ഫിറ്റിങ്ങ്സോട് കൂടി വല്ലതും ഉണ്ടെങ്കില്‍ സൊല്ലെടാ മുത്ത്”
അച്ഛന്‍ ചെട്ടിയാര്‍ തനിക്കു വേണ്ടതായ മോഡല്‍ പറഞ്ഞ് കൊടുക്കുന്നതു കേട്ട് അറുമുഖന്‍ കാല്‍ നഖം കൊണ്ട് നിലത്ത് കളം വരച്ചു.

“ദോ ഇതു പാര്‍, തങ്കമാന പൊണ്ണ്, അമേരിക്കാവില്‍ പെരിയ ഉദ്യോഗം, കല്യാണത്ത്ക്കപ്പുറം മാപ്ലയെ അമേരിക്കാവിലേക്ക് കൊണ്ട് പോറേംഗേ, പാര് കണ്ണാ നല്ലാ പാത്ത് സൊല്ല്”
പളനിമുത്ത് ഒരു പെണ്ണിന്റെ ഫോടൊ അറുമുഖന്റെ കയ്യില്‍ കൊടുത്തു. അറുമുഖന്റെ കണ്ണുകള്‍ തിളങ്ങി. അവളുടെ വലിയ തലയില്‍നിറയെ പേന്‍ ഉണ്ടാകുമെന്ന് അറുമുഖന്‍ സ്വപ്നം കണ്ടു. ഫോടോ അല്‍പ്പം നാണത്തോടെ തന്റെ പ്രൊഡ്യൂസര്‍ക്ക് നേരെ നീട്ടി. “പുന്നെല്ല് കണ്ട് ചിരിക്കുന്ന എലിയെ പോലെ’ ചിരിച്ച് നില്‍ക്കുന്ന അറുമുഖന്റെ സന്തോഷം കണ്ട് ഗോവിന്ദചെട്ടിയാര്‍ ആ കേസ് ഫോര്‍വാര്‍ഡ് ചെയ്യാന്‍ പളനിമുത്തുവിന് അഡ്വാന്‍സ് തുക സഹിതം കരാര്‍ ഉറപ്പിച്ചു. അറുമുഖന്‍ അമേരിക്കയിലേക്കു പോയാല്‍ നാട്ടില്‍ ഒരു കോഴിവിളയാട്ട് തന്നെ നടത്താം എന്ന് ക്രോണിക് ബാച്ചിലറായ ഗോവിന്ദചെട്ടിയാര്‍ സ്വപ്നം കണ്ടു. അങ്ങിനെ അറുമുഖന്റെ കല്യാണം അമേരിക്കന്‍ വധുവുമായി ഉറപ്പിച്ചു. കല്യാണത്തിനു രണ്ട് ദിവസം മുന്‍പ് വധു എത്തുമെന്നും കല്യാണവും തിരുവോണവും കഴിഞ്ഞ് നവവധു തിരിച്ച് പറക്കുമെന്നും, അറുമുഖന് പ്രസിഡന്റ് ഒബാമ ഒപ്പിട്ടു നല്‍കിയാല്‍ ഉടന്‍ വിസ അയക്കുമെന്നുമുള്ള കരാറിന്റെ വെളിച്ചത്തില്‍ കല്യാണം നടത്താന്‍ തീരുമാനിച്ചു. അറുമുഖനും ഇതൊക്കെ സമ്മതമായിരുന്നു, കാരണം അറുമുഖന്റെ കണക്കില്‍ അഞ്ചു രാത്രിയും ആറ് പകലും തന്റെ ഭാര്യയുടെ പേന്‍ നോക്കാന്‍ സമയം കിട്ടുമല്ലോ എന്ന് മാത്രമേ ആ മരത്തലയന്‍ ചിന്തിച്ചുള്ളൂ.

അങ്ങിനെ കല്യാണം അതി ഗംഭീരമായിത്തന്നെ കഴിഞ്ഞു. അന്ന് രാത്രിയില്‍ തന്നെ ശാന്തി മൂഹൂര്‍ത്തം ഉണ്ടെന്ന് അപ്പന്‍ ചെട്ടിയാരോട് പറയാന്‍ വേണ്ടി അറുമുഖന്‍ ജ്യോത്സ്യന് ഒരു കണ്ണി പുകയില കൈക്കൂലിയായി കൊടുത്തു. അതിന്‍ പ്രകാരം മണിയറയില്‍ നാണം കുണുങ്ങി ഇരിക്കുകയായിരുന്നു അറുമുഖന്‍. കല്യാണപ്പെണ്ണിന് നട്ടില്‍ വീടില്ലാത്തതിനാലും ഉള്ള വീട് അങ്ങ് അമേരിക്കാവിലായതിനാലും എല്ലാ ചടങ്ങുകളും ഗോവിന്ദചെട്ടിയാരുടെ വീട്ടില്‍ വെച്ച് തന്നെയാണ് നടത്തിയത്. സമയം ഒരു ഒന്‍പത് ഒന്‍പതര ഒന്‍പതേ മുക്കാല്‍ ആയപ്പോള്‍ അറുമുഖന്റെ ഡാന്‍സ് മേറ്റ്സ് എല്ലാവരും ചേര്‍ന്ന് നവവധുവിനെ കുരവയിട്ടു മണിയറയിലേക്ക് പതുക്കെ കടത്തി നിര്‍ത്തി വാതിലടച്ചു. തന്റെ മാത്രം സ്വന്തമായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അറുമുഖന് നാണകം വന്നു. കട്ടിലില്‍ അനന്ദശയനത്തില്‍ കിടന്ന അവന്‍ തന്റെ നവവധുവിനെ തന്റെ അടുത്തേക്ക് ക്ഷണിച്ചു. മന്ദം മന്ദം നടന്നു വരുന്ന തന്റെ വധുവിന്റെ നടത്തത്തില്‍ എന്തോ പന്തികേടുണ്ടെന്ന് അറുമുഖന് തോന്നി.അറുമുഖന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റ് നേരെ ‘പഞ്ചവര്‍ണ്ണ’ത്തിന്റെ അടുത്തേക്കു ചെന്നു,
“എന്നാ പഞ്ചവര്‍ണ്ണം എന്നാച്ച്? കാലില്‍ എന്നാച്ച്?’
പഞ്ചവര്‍ണ്ണം നാണത്താല്‍ മുഖം കുനിച്ച് കാല്‍ നഖം കൊണ്ട് നിലത്ത് വരച്ചു.എങ്കിലും ആ കാലുകളൊന്ന് കാണുവാന്‍ വേണ്ടി അറുമുഖന്‍ തന്റെ ജീവിതത്തിലെ ആദ്യ സാഹസം കാണിച്ചു. അവന്‍ പഞ്ചവര്‍ണ്ണത്തിന്റെ സാരി കാല്‍മുട്ടോളം പൊക്കി!
ആ കാഴ്ച്ച കണ്ട് അറുമുഖന്‍ ഞെട്ടി! തന്റെ എല്ലാമെല്ലാമായ പഞ്ചവര്‍ണ്ണത്തിന്റെ കാലുകളില്‍ രണ്ടിലും വലിയ രണ്ട് മന്തുകള്‍, മന്തെന്നു പറഞ്ഞാല്‍ പെരു മന്ത്, ഇത്രയും മുന്തിയ മന്തുകള്‍ ആ ദേശത്തൊന്നും അറുമുഖന്‍ കണ്ടിട്ടില്ല. കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്‍ക്കകള്‍,ചേമ്പിന്‍ വിത്തുകള്‍, ഹൊ എന്തൊരു മന്ത്! ഇത് ചതിയാണ്, ബ്രോക്കര്‍ പളനിമുത്തുവിന്റെ ചതി! അറുമുഖന്‍ ആകെ ബേജാറിലായി.എങ്കിലും പഞ്ചവര്‍ണ്ണത്തിന്റെ തലയില്‍ യാതൊരു വിധ മുഴകളും ഇല്ലാത്തതില്‍ അവന്‍ സന്തോഷിച്ചു. മാത്രമല്ല ഇക്കാര്യം പുറത്തു പറഞ്ഞാല്‍ അറുമുഖനെ അമേരിക്കയിലേക്ക് കൊണ്ട് പോകില്ലയെന്നു പഞ്ചവര്‍ണ്ണം ഭീഷണിപ്പെടുത്തി!
അങ്ങിനെ രണ്ട് മൂന്നു നാള്‍ അറുമുഖന്‍ പഞ്ചവര്‍ണ്ണത്തിന്റെ പേന്‍ മുട്ടി നാളുകള്‍ കഴിച്ചു.അങ്ങിനെ തിരുവോണം വന്നെത്തി.ഈ തിരുവോണത്തിന് മരുമകള്‍ വെച്ച് വിളമ്പണമെന്ന് ഗോവിന്ദചെട്ടിയാര്‍ ഉത്തരവിറക്കി. അതിന്‍ പ്രകാരം പഞ്ചവര്‍ണ്ണം അതി മാരകമായ ഒരു സദ്യയൊരുക്കി എല്ലാവരേയും ഉണ്ണാന്‍ ക്ഷണിച്ചു.

സദ്യ തിന്നാന്‍ തയ്യാറായി വന്ന അറുമുഖനും അപ്പന്‍ ഗോവിന്ദ ചെട്ടിയാരും ഒരോ വിഭവം വിളമ്പുമ്പോഴും ഞെട്ടിക്കോണ്ടിരുന്നു. കാരണം പഞ്ചവര്‍ണ്ണം ഉണ്ടാക്കിയത് ഒരു അമേരിക്കന്‍ സദ്യയായിരുന്നു. ബ്രെഡ് ടോസ്റ്റും,അമേരിക്കന്‍ ചോപ്സെയുമൊക്കെ ആ ഗ്രാമത്തില്‍ തന്നെ ആദ്യമായിരുന്നു.ബര്‍ഗ്ഗറും സാന്റ്വിച്ചുകളും കണ്ട് രണ്ട് ചെട്ടിയാന്മാരും അന്തം വിട്ടിരുന്നു. എങ്കിലും വിശക്കുന്ന വയറിനെ പട്ടിണിക്കിടരുതല്ലോ എന്നോര്‍ത്ത് രണ്ട് പേരും അതെല്ലാം കുശാലായി തട്ടിവിട്ടു. പായസത്തിന് പകരം കിട്ടിയ ഫ്രൂട്ട് സലാഡ് അവര്‍ ആര്‍ത്തിയോടെ അകത്താക്കി.അങ്ങിനെ ഒരു മോഡേണ്‍ ‍ഓണസദ്യ അവര്‍ വിശാലമായി ആസ്വദിച്ചു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗോവിന്ദചെട്ടിയാര്‍ക്ക് വിളി വന്നു. പ്രകൃതിയുടെ അതി മാരകമായ വിളി.അധികം വൈകാതെ അറുമുഖനും വിളിവന്നു. അവര്‍ മത്സരിച്ച് ഓട്ടപ്രദക്ഷിണം റൂമില്‍ നിന്നും കക്കൂസിലേക്കും, തിരിച്ചും നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ക്ഷീണിതനായ ഗോവിന്ദ ചെട്ടിയാര്‍ അറുമുഖനെ അടുത്ത് വിളിച്ച് കൊണ്ട് പറഞ്ഞു,

“മകനേ നല്ലോരു ഓണമായിട്ട് അപ്പന് അകെയുള്ള ഓണക്കോടിയായ ഈ ട്രൌസറൊന്ന് ഇടാന്‍ കൊതിയായെടാ!“

“ഞാന്‍ ആ മോഹം എപ്പൊഴെ ഉപേക്ഷിച്ചു അപ്പാ...”

ഗുണപാഠം: ഓണത്തിന് നാടന്‍ സദ്യ കഴിക്കുക, മോഡേണ്‍ സദ്യ വേണ്ട കാരണം ബാക്ടീരിയ അല്ല! ഒരു പക്ഷേ നിങ്ങളും ട്രൌസറിടാന്‍ കൊതിച്ചാലോ??

ഏല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു!

Sunday, August 30, 2009

ആല്‍ത്തറക്കൂട്ടത്തിന്‍ പോന്നോണം

ഓണം വന്നോണം വന്നോണം ഓണം വന്നേ
ആല്‍ത്തറക്കൂട്ടത്തിന്‍ ഓണം വന്നേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ...

ഭൂലോക ബ്ലോഗ്ഗരില്‍ മണിമുത്തായ
മലയാള ബ്ലോഗ്ഗര്‍തന്‍ ഓണം വന്നേ
പത്തവതാരത്തില്‍ അഞ്ചാമതാം
വാമന ദേവാ രക്ഷിക്കണേ..

അവതാരമൂര്‍ത്തിയാം പരശുരാമന്‍
മഴുവെറിഞ്ഞുണ്ടായ കേരളത്തില്‍
എഴുത്താണി ആയുധം കൊണ്ട് ബ്ലോഗ്ഗര്‍
തെരു തെരെ ചെയ്യുന്നു വാക്ക് യുദ്ധം.

നിരക്ഷരന്‍ കറുത്തേടം മാണിക്യവും
കാപ്പിലാന്‍ ചങ്കരന്‍ മുരളികയും
ചുള്ളിക്കല്‍ അരുണും തോന്ന്യാസിയും
ചേര്‍ന്നുള്ളോരോണം ഗംഭീരമായ്‌

പിള്ളേച്ചന്‍ ശ്രീവല്ലഭന്‍ മലയാളിയും
കാവാലം ജയകൃഷ്ണന്‍ രഘുനാഥനും
ഹരിയണ്ണന്‍ ഏറനാടന്‍ ചെറിയനാടനും
ആനന്ദത്തോടെല്ലാരും ഒത്തുചേര്‍ന്നു.

ഓണം വന്നോണം വന്നോണം ഓണം വന്നേ
ആല്‍ത്തറക്കൂട്ടത്തിന്‍ ഓണം വന്നേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ...

കറുത്തേടംകവിതകള്‍

മനുഷ്യരൊന്ന്



അശാന്തിയുടെ ദുരന്തകാലത്ത് ക്ഷോഭിക്കുന്ന പ്രകൃതിക്കും മനുഷ്യര്‍ക്കുമിടയില്‍ ആശ്വാസത്തിന്റെ പ്രസാദമുഖവുമായി കാലചക്രം പ്രത്യക്ഷപ്പെടുന്നു. ചിലപ്പോള്‍ തന്നിലേക്കു തന്നെ സ്വയം സമര്‍പ്പണം ചെയ്ത് പരാശക്തിയെ ഉപാസിച്ച് വിശുദ്ധിതേടുന്ന വ്രതാനുഷ്ഠാന ദിനങ്ങളായി....

ചിലപ്പോള്‍ വര്‍ണശബളമായ പ്രകൃതിയുടെ പശ്ചാതലത്തില്‍ നിറപറയും നിലവിളക്കുമൊരുക്കി ആഹ്ലാദജീവിതത്തെ വരവേല്‍ക്കുന്ന തിരുവോണ ദിനങ്ങളായി....

മാനവനൊന്നെന്ന് സങ്കല്പിക്കാനും കള്ളവും ചതിയുമില്ലാത്ത നാട് എന്ന് പാടിപ്പുകഴ്ത്താനും കഴിയുക കാല്പനികതയാവാം. എങ്കിലും ദാരുണമായ കാലത്തിന്റെ ചേതനയില്‍ കോരിനിറയ്ക്കുന്ന വിഷത്തിന്റെ കാഠിന്യം കുറയ്ക്കാന്‍, ഒരുമയുടെ പൂക്കാലം മനസ്സില്‍ നിറഞ്ഞേ പറ്റൂ.

സ്ഫോടനത്തിന്റെയും നിലവിളികളുടെയും പുലരികള്‍ മറന്ന് പൂക്കുടകളുമായി നമ്മുടെ കുട്ടികള്‍ പൂ തേടി നടക്കുന്നത് സ്വപ്നം കാണുക! മനുഷ്യ ജീവിതത്തിനുമേല്‍ കലാപച്ചോര പടര്‍ത്തുന്ന ദുരാഗ്രഹത്തിന്റെ കടന്നുകയറ്റങ്ങള്‍ക്കിടയില്‍, നിറനിലാവുകണ്ട്, ഊഞ്ഞാലാടാനാവുമെന്ന എന്റെ വ്യാമോഹത്തിന് മാപ്പുനല്‍കുക. എങ്കിലും എനിക്ക് ഓണം ഒളിമങ്ങാത്ത നൂറായിരം പൂക്കളാണ്. സ്നേഹമാണ്, വാത്സല്യമാണ്, സദ്യയാണ്, വിനോദമാണ്, ബന്ധമാണ്, ആനന്ദമാണ്, പ്രാര്‍ഥനയാണ്.... ഒത്തൊരുമയാണ്... ആവേശമാണ്.... ആത്മധൈര്യമാണ്...

എവിടെ മലയാളിയുണ്ടോ അവിടങ്ങളിലെല്ലാം പൂവിളിയും പൊലിവിളിയുമുണ്ട്. നമ്മുടെ സൌന്ദര്യ സങ്കല്പം മുതല്‍ രാഷ്ട്രീയദര്‍ശനം വരെ, സമന്വയിച്ചുരുത്തിരിയുന്ന കാര്‍ഷികസമൃദ്ധിയുടെ പ്രതീക്ഷകളാണ് ചിങ്ങത്തിരുവോണം കാഴ്ചവെയ്ക്കുന്നത്. കാലത്തിന്റെ പരിഷ്കാരഭേദമനുസരിച്ച് ആഘോഷരീതികള്‍ മാറാമെങ്കിലും ഓണത്തിന്റെ ആത്മവികാരങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

കമ്പോളത്തില്‍ നിന്നെങ്കിലും ഒരു പിടി പൂക്കള്‍ വാങ്ങി മുറ്റത്തോ, ഫ്ലാറ്റിന്റെ സിറ്റൌട്ടിലോ ഇതൊന്നുമില്ലെങ്കില്‍ മനസ്സിലോ കളമൊരുക്കുന്നു. കുളിച്ചു കുറിയിട്ടു പുത്തനണിയുന്നു. ഒരുമയോടെ സദ്യയുണ്ണുന്നു. അച്ഛനമ്മമാരുടെ ആഹ്ലാദവാത്സല്യങ്ങള്‍ കുഞ്ഞുമനസ്സുകള്‍ക്കു പകര്‍ന്നു കൊടുക്കുന്നു.

നാനാവര്‍ണങ്ങളില്‍ പൂക്കളൊരുക്കി അത്തക്കളമിട്ടു നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു നിമിഷം കവിയാവുക. വൈവിധ്യങ്ങളുടെ ചേതോഹരമായ പുഷ്പസംഗമം മര്‍തൃസംഗമമായി ഭാവന ചെയ്യുക. മണ്ണിന്റെ മാറില്‍ ചേര്‍ത്തുവെച്ച പ്രകൃതിയുടെ വരദലങ്ങളില്‍ നമ്മുടെ സാഹോദര്യവും സമത്വവുമുണ്ട്. ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്നത് ഓണപ്പാട്ടിന്റെ ശീലമല്ല. മനുഷ്യ ചിന്തയിലെ ഏറ്റവും മഹത്തായ ബോധോദയമാണ്. അതു പഠിപ്പിക്കാന്‍ ഒരു കഥ, കഥയില്‍ ഒരു ബലി. അന്തര്‍ധാനം ചെയ്തിട്ടും പുനരുത്ഥാനം ചെയ്യുന്ന സത്യത്തിന്റെ ധീരമായ മഹാബലി സ്മരണയില്‍ മുഴുകിയിരിക്കുമ്പോള്‍ ഇങ്ങനെ കുറിച്ചിടാന്‍ തോന്നുന്നു,

ശിരസ്സു കുനിച്ചതു
വാഗ്ദത്ത സത്യത്തിന്റെ
ബലിപീഠത്തില്‍ സ്വയം
നിര്‍ഭയം സമര്‍പ്പിക്കാന്‍.
മറഞ്ഞതു പോകില്ലേതു
പാതാളപ്രവേശവു-
മനന്ത സ്നേഹത്തിന്റെ
ഹൃദയം തുടിക്കുമ്പോള്‍.



എല്ലാ മലയാളികള്‍ക്കും
ഹൃദയം നിറഞ്ഞ
പൊന്നോണാശംസകള്‍..!!